Thoughts & Arts
Image

ഒരുങ്ങാം, പൂക്കാലത്തെ വരവേൽക്കാൻ ..

16-03-2022

Web Design

15 Comments






പരിശുദ്ധ റമദാൻ മാസം വീണ്ടും കടന്നുവരികയാണ്. അല്ലാഹു തന്റെ അടിമകൾക്കുമുമ്പിൽ ഉദാരതയുടെ കവാടങ്ങൾ മലർക്കെ തുറന്നിടുന്ന മാസമാണ് റമദാൻ. മനുഷ്യന്റെ അകവും പുറവും ഒരേ പോലെ റമദാൻ കഴുകിയെടുക്കുന്നു. ഗതകാലത്ത് ഭവിച്ചു പോയ എല്ലാ തിൻമകളും മായ്ച്ചുകളയുവാനും അവിടം മുഴുവൻ പ്രതിഫലം നിറക്കുവാനും അല്ലാഹു അവർക്കു മുമ്പിൽ അവസരം തുറന്നിടുന്നു. കോപം, ക്രോധം, വിദ്വേഷം, വിരോധം തുടങ്ങി എല്ലാ മാനസിക അസുഖങ്ങളെയും മാറ്റി അവിടം സ്നേഹം, വിധേയത്വം, സഹനം, സമഭാവം തുടങ്ങിയ മഹാഗുണങ്ങൾ നിറക്കുന്നു. ഇങ്ങനെയാണ് റമദാൻ വിശ്വാസിയുടെ ജീവിതത്തിന്റെ ഏറ്റവും വലിയ സൗഭാഗ്യമായി ത്തീരുന്നത്. ഈ സൗഭാഗ്യ മുഹൂർത്തത്തിനു വേണ്ടി നാം ചെയ്യേണ്ട ഒരുക്കങ്ങളാണ് നമ്മുടെ ചർച്ചാ വിഷയം. എത്ര വലിയ സൗഭാഗ്യമാകിലും അതിന് നിയതമായ സമയ ക്രമമുണ്ടല്ലോ, ആ സമയം എത്തുമ്പോൾ അതു ചെയ്യുക എന്നതല്ലേ നമ്മുടെ ബാധ്യത എന്നിരിക്കേ ഒരു മുന്നൊരുക്കത്തിന്റെ സാംഗത്യമെന്താണ് എന്ന് ചോദിക്കുന്നവരുണ്ടാകും. പ്രഥമദൃഷ്ട്യാ ഈ വാദം ശരിയാണെന്ന് തോന്നുമെങ്കിലും അല്ലാഹുവിന്റെ ഈ മഹാകടാക്ഷത്തോട് പുലർത്തേണ്ട സമീപനത്തിന്റെ കാര്യത്തിൽ അതു ശരിയല്ല. വേണ്ടവിധം ഒരുങ്ങിയും ഒരുക്കിയും ഈ സുവർണ്ണാവസരത്തെ വരവേൽക്കുമ്പോൾ രണ്ട് ഗുണങ്ങൾ അതു വഴി ലഭ്യമാകുന്നു. ഒന്നാമത്തേത് ഈ സുവർണ്ണ സൗഭാഗ്യത്തിന് നാം പ്രത്യേക പരിഗണനയും വിലയും കൽപ്പിക്കുന്നതായി അതു പ്രദാനം ചെയ്ത സൃഷ്ടാവിന് ബോധ്യപ്പെടും. രണ്ടാമതായി അത് വന്നണയുമ്പോൾ ഒരു വലിയ പുണ്യ പ്രതീക്ഷയിൽ ത്രസിക്കുന്ന മനസ്സോടെ അതിനെ അനുഷ്ടിക്കുവാനും ആചരിക്കുവാനുമാകും.



ഇതു കൊണ്ട് തന്നെയാണ് മഹാൻമാർ റമദാനിനു വേണ്ടി ദീർഘമായ കാത്തിരിപ്പും ഒരുക്കങ്ങളും നടത്തിയിരുന്നത്. റജബും ശഅബാനും രണ്ടു മാസങ്ങൾ അവർക്ക് റമദാൻ ഒരുക്കങ്ങളുടെ കാലമായി അവർ കണ്ടിരുന്നു. റജബിൽ ശരീരവും ശഅബാനിൽ മനസ്സും ശുദ്ധികരിച്ച് പുണ്യങ്ങുടെ പൂക്കാലത്തിലേക്ക് ആത്മീയ ഉമേഷത്തോടെ കടക്കുമായിരുന്നു അവർ. അതിനാൽ റമളാനിനു വേണ്ടി ഒരുങ്ങേണ്ട, ഒരുക്കേണ്ട കാര്യങ്ങൾ ഈ ദിവസങ്ങളിൽ പ്രധാനമാണ്. ഇസ്ലാമിൽ ശഅ്ബാൻ മാസത്തിന്റെ ഏറ്റവും വലിയ പ്രത്യേകത തന്നെ അത് പരിശുദ്ധ റമളാൻ മാസത്തിനെ സ്വീകരിക്കുവാനുള്ള അവസാന ഒരുക്കങ്ങളുടെ മാസമാണ് എന്നതാണ്. ഇത് ഏറെ പ്രകടമായിരുന്നു നബി(സ്വ) യുടെ ജീവിതത്തിൽ. ഈ മാസത്തെ നബി തങ്ങൾ ഉപയോഗപ്പെടുത്തിയിരുന്നത് ശരീരത്തെയും മനസ്സിനെയും റമളാനിനു വേണ്ടി ഒരുക്കുവാൻ വേണ്ടിയായിരുന്നു. അതിന്നായി നബി തങ്ങൾ ചെയ്തിരുന്ന മാർഗ്ഗം സുന്നത്ത് നോമ്പായിരുന്നു. നബി(സ) ഏറ്റവുമധികം സുന്നത്ത് നോമ്പനുഷ്ഠിച്ചിരുന്നത് ശഅ്ബാനിലായിരുന്നു എന്ന് ആയിഷ(റ) പറയുന്നു. (ബുഖാരി). തുടർച്ചയായി ദിവസങ്ങളോളം നോമ്പനുഷ്ടിക്കുന്ന പതിവായിരുന്നു നബിയുടേത്. നോമ്പ് തുടങ്ങിയാൽ ഇനി ഈ മാസം മുഴുവനും നോമ്പ് നോൽക്കുകയായിരിക്കാം എന്ന് തോന്നിപ്പോകുന്ന അത്രക്കും അത് തുടരുമായിരുന്നു എന്ന് ആയിഷ(റ) തന്നെ പറയുന്നു.



ഇമാം അഹ്മദ്(റ) ഉസാമ ബിൻ സൈദ്(റ)യിൽ നിന്നും ഉദ്ധരിക്കുന്ന ഒരു ഹദീസിൽ അദ്ദേഹം നബി തങ്ങളോട് നേരിട്ട് ചോദിക്കുന്നുണ്ട്, എന്താണ് നബിയേ, താങ്കൾ ഈ മാസത്തിൽ ഇത്രയധികം നോമ്പ് നോൽക്കുന്നത് എന്ന്. അതിന് മറുപടിയായി നബി തങ്ങൾ പറഞ്ഞു: അത് പൊതുവെ റജബിനും റമളാനിനുമിടയിൽ ജനങ്ങൾ ശ്രദ്ധിക്കാതെ പോകുന്ന മാസമാണ്. എന്നാൽ ഇത് മനുഷ്യന്റെ കർമ്മങ്ങൾ ഒക്കെയും അല്ലാഹുവിലേക്ക് ഉയർത്തപ്പെടുന്ന മാസമാണ്. നോമ്പുകാരനായിരിക്കെ എന്റെ കർമ്മങ്ങൾ ഉയർത്തപ്പെടണമെന്നാണ് ഞാൻ ആഗ്രഹിക്കുന്നത്. മനസ്സിനെയും ശരീരത്തെയും ഇത്രമേൽ മെരുക്കിയെടുക്കുവാൻ കഴിയുന്ന ആരാധന മറ്റൊന്നുമില്ലല്ലോ. അതിനാൽ വിശ്വാസികൾക്ക് ഈ മാസത്തിന്റെ കാര്യത്തിൽ നബിതിരുമേനി നൽകിയ ഏറ്റവും വലിയ സന്ദേശവും സുന്നത്തു നോമ്പുകൾ അധികരിപ്പിക്കുക എന്നതാണ്. ഇതോടൊപ്പം ഈ മാസത്തിന് മറ്റൊരു സവിശേഷത കൂടി ഉണ്ട്. അത് ശഅ്ബാൻ പതിനഞ്ചിന്റെ രാവാണ്. ബറാഅത്ത് രാവ് എന്ന് പൊതുവെ വ്യവഹരിക്കപ്പെടുന്ന ഈ രാവ് ഏറെ സവിശേഷമാണ്. അല്ലാഹു വളരെ താൽപര്യത്തോടെ തന്റെ അടിമകളിലേക്ക് തന്റെ കാര്യണ്യവുമായി ഇറങ്ങിവരുന്ന രാവാണിത്. എന്നിട്ട് അതീവ ഗുരുതരങ്ങളല്ലാത്ത എല്ലാ പാപങ്ങളും പൊറുത്ത് കൊടുക്കുന്നു. ഈ കാര്യത്തിൽ നിരവധി സ്വഹീഹായ ഹദീസുകൾ നമുക്കു കാണാം. മുശ്രിക്കോ മറ്റുള്ളവരുമായി മാനസ പ്പൊരുത്തമില്ലാത്തവരോ ആയ എല്ലാവർക്കും അല്ലാഹു അവരുടെ പാപങ്ങൾ പൊറുത്തു കൊടുക്കും എന്നതിൽ ഈ ഹദീസുകൾ ഏക കണ്ഠമാണ്.



ഈ പ്രപഞ്ചത്തിൽ അല്ലാഹു തന്റെ അടിമയോട് കാണിക്കുന്ന ഏറ്റവും വലിയ കാരുണ്യവും ദയയും ആ അടിമ തന്നോട് ചെയ്യുന്ന നിന്ദയും പാപവും പൊറുക്കുക എന്നത് തന്നെയാണ്. അതു പൊറുക്കപ്പെടുന്നതോടെ അടിമ അല്ലാഹുവിന്റെ സാമീപ്യം നേടുന്നു. പിന്നീട് മുമ്പിലുള്ള ജീവിത ഘട്ടങ്ങളിലെല്ലാം അവൻ അല്ലാഹുവിന്റെ അനുഗ്രഹത്തിന്റെ തണലിലായിരിക്കും. ഇത് കൊണ്ടാണ് ബറാഅത്ത് രാവ് ഒരു വിശ്വാസിയുടെ ഏറ്റവും വലിയ നേട്ടമാണ് എന്ന് പറയുന്നത്. ഇത്രയും വലിയ ഒരു ഔതാര്യത്തെ അടിമ സ്വീകരിക്കേണ്ടത് വിനയാന്വിതനായും നന്ദിയുള്ളവനായുമാണ്. അങ്ങനെ വിനയവും വിധേയത്വവും കാണിക്കുവാൻ ഏറ്റവും തീവ്രതയുള്ള ഒരു ആരാധന തന്നെ ചെയ്യേണ്ടതുണ്ട്. അതിന് ഏറെ അനുഗുണവും അനുയോജ്യവുമാണ് നോമ്പ്. കാരണം നോമ്പ് ഒരു സമർപ്പണമാണ്. അതിൽ സൃഷ്ടി സൃഷ്ടാവിൽ വിലയം പ്രാപിക്കുകയാണ് ചെയ്യുന്നത്. അങ്ങനെയാണ് ബറാഅത്ത് നോമ്പ് എന്ന സമ്പ്രദായം വന്നത്. ഇത് പണ്ടുമുതലേ മഹാൻമാർ കണിശതയോടെ നിർവഹിച്ചിരുന്നതായി കാണാം. അവർ അങ്ങനെ ചെയ്തത് അവരുടെ സച്ചരിതരായ മുൻഗാമികളിൽ നിന്നല്ലാതെ മറ്റാരിൽ നിന്നും കണ്ടതുകൊണ്ടായിരിക്കില്ല. അങ്ങനെ ആ ശ്രേണി സ്വഹാബത്തിലും നബിയിലുമെല്ലാം എത്തിച്ചേരുന്നു. ഇതു കാരണത്താലാണ് ഇമാം നവവി, ഇമാം റംലി തുടങ്ങിയ മഹാൻമാർ തങ്ങളുടെ കർമ്മശാസ്ത്ര ഗ്രന്ഥങ്ങളിൽ ഈ നോമ്പ് സുന്നത്താണ് എന്ന് രേഖപ്പെടുത്തിയത്. ഇന്നും മുസ്ലിം ലോകത്തെ മഹാഭൂരിപക്ഷം ഈ നോമ്പ് ഭക്തിയാദരം നിർവ്വഹിച്ചുവരുന്നുണ്ട്. ഇത് ശഅ്ബാൻ മാസത്തിന്റെ ഒരു സവിശേഷതയാണ്.



റമദാനു വേണ്ടിയുളള മുന്നൊരുക്കത്തിന്റെ ആദ്യ പടി റമദാന്‍ മാസത്തെ കുറിച്ച് നന്നായി പഠിക്കുകയും മനസ്സിനെ ബോധ്യപ്പെടുത്തുകയും ചെയ്യുക എന്നതാണ്. അങ്ങനെ ഗ്രഹിക്കുന്നവരുടെ ശഅബാനാണ് മേൽ പറഞ്ഞവിധം തിരക്കിട്ട ഒരുക്കങ്ങളിൽ വ്യാപൃതമാവുക. ഖുര്‍ആനിക സൂക്തങ്ങളുടെയും പ്രവാചക വചനങ്ങളുടെയും അടിസ്ഥാനത്തിൽ അതു മനസ്സിൽ ഉറപ്പിക്കുകയാണ് വേണ്ടത്. അപ്പോഴാണ് അതിനു വേണ്ടി മനസ്സും ശരീരവും ശരിക്കും തയ്യാറെടുക്കൂ. ഇവ്വിധം ഒരു തയ്യാറെടുപ്പ് ഉണ്ടായിരിക്കുവാൻ വേണ്ടിയാണ് ഒരു ശഅ്ബാന്‍ മാസത്തിലെ അവസാന ദിവസം പ്രവാചക തിരുമേനി(സ) അനുചരന്‍മാരെ വിളിച്ച് ഇങ്ങനെ പറഞ്ഞത്: അല്ലയോ ജനങ്ങളേ, ഒരു മഹത്തായ മാസം നിങ്ങള്‍ക്കുമേല്‍ തണല്‍ വിരിച്ചിരിക്കുന്നു. അനുഗ്രഹീത മാസമാണത്. ആയിരം മാസങ്ങളെക്കാള്‍ ശ്രേഷ്ടതയുളള ഒരു രാത്രിയുണ്ട് ആ മാസത്തില്‍. വ്രതാനുഷ്ടാനം (അല്ലാഹു) നിങ്ങള്‍ക്ക് നിര്‍ബന്ധമാക്കിയ മാസമാണത് തുടങ്ങിയ നീണ്ട ആ പ്രഭാക്ഷണം. സല്‍കര്‍മ്മങ്ങളില്‍ മുന്നേറുകയും അവ ശരീരത്തെയും മനസ്സിനെയും ശീലിപ്പിക്കുകയും ചെയ്യുകയാണ് മറ്റൊന്ന്.
റമദാന്‍ മാസത്തിലെ സല്‍കര്‍മ്മങ്ങളെക്കുറിച്ചും നിഷ്‌കളങ്കമായി ദൈവ പ്രീതി പ്രതീക്ഷിച്ചു കൊണ്ട് കര്‍മ്മങ്ങള്‍ ചെയ്യുന്നതിനെ കുറിച്ചും പ്രവാചക വചനങ്ങളില്‍ നിരവധി പരാമര്‍ശങ്ങളുണ്ട്. എന്നാല്‍ റമദാന്‍ മാസത്തിന് മുമ്പേ തന്നെ അത്തരം സല്‍കര്‍മ്മങ്ങള്‍, നമ്മുടെ പതിവു ശീലത്തിന്റെ ഭാഗമാക്കിത്തീര്‍ക്കേണ്ടതുണ്ട്. സല്‍കര്‍മ്മങ്ങളില്‍ ഒരാള്‍ എത്രകണ്ട് വ്യാപൃതനാകുന്നുവോ അത്രകണ്ട് അല്ലാഹു അവനെ നേര്‍മാഗത്തിലേക്ക് നയിക്കും.
റമദാന്‍ മാസത്തില്‍ വിശ്വാസികളുടെ സല്‍കര്‍മ്മങ്ങളിലുളള മുന്നേറ്റം കണ്ട് അല്ലാഹു മലക്കുകളോട് മനുഷ്യരെ കുറിച്ച് പുകഴ്ത്തി പറയും എന്ന് ഹദീസുകളിൽ കാണാം. ഈ മാസത്തിലെ പൊതുവായ പുണ്യങ്ങള്‍ വിശ്വാസികളുടെ നിഷ്‌കളങ്കതയും ആത്മ വിശ്വാസവും ഇച്ഛാശക്തിയും പതിന്‍മടങ്ങ് വര്‍ധിപ്പിക്കുകയും ദൈവ പ്രീതി നേടാന്‍ കൂടുതല്‍ പ്രാപ്തനാക്കുകയും ചെയ്യും.



റമദാൻ ഉദാരതയുടെ മാസമാണ്. മനുഷ്യന്റെ വേദനയും വിശപ്പും ഓരോ വിശ്വാസിയും അനുഭവിച്ചറിയുന്ന മാസം. പാവപ്പെട്ടവൻ അനുഭവിക്കുന്ന പ്രയാസങ്ങൾ മനസ്സിലാക്കി അവരോട് ഉദാരത കാണിച്ച് പുണ്യങ്ങൾ നേടുവാനുള്ള മാസമാണിത്. ദാന ധർമ്മങ്ങൾ തുടങ്ങിയവക്ക് ഈ മാസത്തിൽ പ്രത്യേക പരിഗണനയും പ്രതിഫലവും വാഗ്ദാനം ചെയ്യപ്പെട്ടിരിക്കുന്നത് അത് കൊണ്ടാണ്. ഈ മാസത്തിൽ പ്രവാചകൻ തിരുമേനി ഏറെ ഉദാരനായിരുന്നു. ഹദീസിൽ കാണാം, ജനങ്ങളില്‍ ഏറ്റവും ഉദാരന്‍ പ്രവാചകനായിരുന്നു. റമദാന്‍ മാസത്തില്‍ റസൂല്‍ (സ) യുടെ ഉദാരത ഉന്നതിയിലെത്തിയിരുന്നു. പ്രവാചകന്റെ ഔദാര്യം അടിച്ചു വീശുന്ന കാറ്റു പോലെയായിരുന്നു എന്ന് (ബുഖാരി).
സന്നദ്ധ സേവന പ്രവര്‍ത്തനങ്ങള്‍ക്ക് ഏറ്റവും അനുയോജ്യമായ സമയമാണ് റമദാന്‍ മാസം. ഇത് സാന്ത്വനത്തിന്റെ മാസമാണ് എന്ന് ഉപരിസൂചിത ഹദീസിൽ തന്നെ നബി(സ) പറയുന്നുണ്ട്. ദാന ധര്‍മ്മങ്ങള്‍ മനുഷ്യന്റെ തെറ്റുകളെ കഴുകിക്കളയുകയും ഹൃദയത്തിലെ അഹങ്കാരത്തിന്റെ തോത് കുറച്ച് കൊണ്ട് വരികയും ചെയ്യും. റമദാന്‍ ആഗതമാവുന്നതിന് മുമ്പ് തന്നെ ദാന ധര്‍മ്മങ്ങളില്‍ ഏര്‍പ്പെടുന്നത് റമദാനില്‍ അങ്ങനെ ചെയ്യുവാൻ സഹായകമാകും.



റമദാൻ ഒരുക്കങ്ങളിൽ ഏറ്റവും പ്രധാനപ്പെട്ടതാണ് തൗബ എന്ന പശ്ചാതാപം. നിലവിലുള്ള എല്ലാ പാപക്കറയും കഴുകിക്കളഞ്ഞ് തെളിഞ്ഞ മാനസവുമായി റമദാനിലേക്ക് കടക്കുമ്പോൾ അത് ആത്മീയ സമ്പാദനത്തിന് വലിയ സഹായമാകും. കാരണം, സ്വര്‍ഗ്ഗ കവാടങ്ങള്‍ സല്‍കര്‍മ്മികള്‍ക്കായി തുറക്കപ്പെടുന്ന സന്ദര്‍ഭത്തില്‍ ഹൃദയത്തെ ശുദ്ധീകരിച്ചവര്‍ക്കായിരിക്കും ദൈവാനുഗ്രഹങ്ങള്‍ അധികമായി സ്വരുക്കൂടാനാവുക. റമദാന്‍ വരുന്നതിന് മുമ്പു തന്നെ, പാപങ്ങളില്‍ നിന്ന് പശ്ചാത്തപിച്ച് മടങ്ങി ഹൃദത്തെ ശുദ്ധീകരിച്ചവന് പരിശുദ്ധ റമദാനെ കൂടുതല്‍ അര്‍ത്ഥവത്തായി ഉപയോഗപ്പെടുത്തുവാന്‍ കഴിയും. പശ്ചാത്താപത്തിനുളള അവസരവും അതിന്റെ ഫലവും മറ്റു മാസങ്ങളേക്കാള്‍ അതിൽ ശ്രേഷ്ടവുമാണെന്നിരിക്കെ വിശേഷിച്ചും. നബി (സ) പറഞ്ഞു: വിശ്വാസത്തോടും പ്രതിഫലേച്ഛയോടും കൂടി റമദാനില്‍ നിന്ന് നമസ്‌കരിക്കുന്നവര്‍ക്ക് അല്ലാഹു മുഴുവന്‍ പാപങ്ങളും പൊറുത്തു കൊടുക്കും.



വിശുദ്ധ റമദാനിന്റെ ഏറ്റവും വലിയ പ്രത്യേകത അത് ഖുർആനിന്റെ മാസമാണ് എന്നതാണല്ലോ. ഒരർഥത്തിൽ അനുഗ്രഹീതമായ ഖുർആൻ തന്നതിനുള്ള നന്ദി കൂടിയാണ് റമളാൻ വ്രതം. അതിനാൽ റമദാൻ മുഴുവൻ ഖുർആനിനു വേണ്ടി സമർപ്പിക്കുവാൻ ബാദ്ധ്യസ്ഥനാണ് സത്യവിശ്വാസി. ഇതിനു വേണ്ട പരിശീലനം തുടങ്ങേണ്ടത് ഈ ഒരുക്കങ്ങളിൽ പെടുന്നു.
ഖുര്‍ആന്‍ പാരായണം നമ്മെ സ്വന്തത്തിലേക്ക് തിരിയാനും ദൈവം നമ്മെ ഭൂമിയലേക്കയച്ചതിന്റെ ലക്ഷ്യം മനസ്സിലാക്കാനും സഹായിക്കും. കുറഞ്ഞത് ഒരു പേജെങ്കിലും നിത്യേന ഓതാന്‍ ശീലിക്കണം. റമദാന്‍ മാസമാകുമ്പോള്‍ കൂടുതല്‍ സമയം ഖുര്‍ആന്‍ പാരായണത്തിന് വേണ്ടി നീക്കി വെക്കാന്‍ അതുവഴി നമുക്ക് കഴിയും. വിശ്വാസിക്ക് ആത്മീയ ആനന്ദം പകരുന്ന മാസമാണ് റമദാന്‍. ഈ മാസത്തിന് വേണ്ടി മുന്നൊരുക്കം നടത്തുകയെന്നത് ഏതൊരു വിശ്വാസിയുടെയും കടമയാണ്. അതിന് വേണ്ടി വരുന്ന പരിശ്രമം വളരെ ചെറുതാണ്. എന്നാല്‍ അതുവഴി ലഭിക്കുന്ന പാരത്രിക നേട്ടങ്ങള്‍ വളരെ വലുതാണ്.



റമദാൻ മുന്നൊരുക്ക പ്രവര്‍ത്തനങ്ങള്‍ മൂന്ന് വിധത്തില്‍ നടത്താമെന്നാണ് പണ്ഡിതാഭിപ്രായം. ഒന്ന് മാനസികമായ തീരുമാനം, രണ്ട് ശാരീരികമായ ഒരുക്കം, മൂന്ന് കര്‍മപരമായ മുന്നൊരുക്കം. ആരോഗ്യത്തോടെയും ആത്മീയ ചൈതന്യത്തോടെയും റമളാനിനെ സ്വീകരിക്കാനും ആരാധനാ നിരതമാകാനുമുള്ള രണ്ട് മാസം നീണ്ടുനില്‍ക്കുന്ന പ്രാര്‍ഥന മാനസിക മുന്നൊരുക്കത്തിന്റെ ഭാഗമാണ്.
വളരെ പ്രധാനപ്പെട്ടത് മാനസികമായ തീരുമാനങ്ങളാണ്. ഇത്തവണത്തെ റമളാന്‍ എങ്ങനെയാവണം, എവിടെയാകണം എന്ന് ഓരോ വിശ്വാസിയും നേരത്തെ ആസൂത്രണം ചെയ്യേണ്ടതുണ്ട്. യാന്ത്രികമായി നോമ്പെടുത്തും വല്ലപ്പോഴും തറാവീഹ് നിര്‍വഹിച്ചും ആള്‍ക്കൂട്ടത്തിനനുസരിച്ച് ആരാധനകളില്‍ പങ്ക് ചേര്‍ന്നുമുള്ള വഴിപാട് പരിപാടികള്‍ക്ക് പകരം റജബ് മാസം മുതല്‍ നന്നായി മുന്നൊരുക്കം നടത്തി റമളാനെ വരവേല്‍ക്കാന്‍ കഴിഞ്ഞാല്‍ റമളാന്‍ മാസത്തെ കര്‍മങ്ങള്‍കൊണ്ട് അലങ്കരിക്കാം. ഇതിന്റെ അഭാവമാണ് പലര്‍ക്കും റമളാന്‍ ഭാരമായി അനുഭവപ്പെടുന്നത്.
റമളാനില്‍ കര്‍മരംഗത്ത് സജീവമാകണമെന്ന് നേരത്തെ തീരുമാനമെടുക്കുകയും അതിനനുസരിച്ച് നമ്മുടെ ജോലിയെയും ജീവിതത്തെയും ക്രമീകരിക്കുകയും വേണം. ദുര്‍ബലമായ അഭിപ്രായങ്ങള്‍ക്ക് ഒന്നും ചെയ്യാന്‍ സാധിക്കുകയില്ല. ശക്തമായ തീരുമാനങ്ങള്‍ക്ക് വലിയ മാറ്റങ്ങള്‍ സൃഷ്ടിക്കാന്‍ കഴിയും. അല്ലാഹുവേ, റജബിലും ശഅ്ബാനിലും നീ ഞങ്ങള്‍ക്ക് ബറകത്ത് ചെയ്യേണമേ എന്ന മസ്ജിദിലെ ഇമാമിന്റെ പ്രാർഥനക്ക് ആമീന്‍ പറയുക മാത്രമായി നമ്മുടെ മുന്നൊരുക്ക പ്രവര്‍ത്തനങ്ങള്‍ ചുരുങ്ങിപ്പോവുന്നോ?
മാനസികമായ മുന്നൊരുക്കത്തിലൂടെ റമളാനില്‍ എന്തൊക്കെ, എത്രയൊക്കെ ചെയ്യണമെന്ന് ഉറച്ച നിലപാടിലെത്താന്‍ വിശ്വാസിക്ക് കഴിയുന്നതാണ്. അല്ലാഹു ഖുദ്‌സിയ്യായ ഹദീസില്‍ പറയുന്നു: എന്റെ അടിമ ഒരു നല്ല കാര്യം ചെയ്യാന്‍ കരുതിയാല്‍ തന്നെ ഞാനവന് അതിന്റെ പ്രതിഫലം രേഖപ്പെടുത്തിക്കഴിഞ്ഞു.
ഇമാം അഹ്മദ്‌(റ) ഉദ്ധരിക്കുന്ന ഒരു തിരുവചനം കാണാം: ശഅ്ബാന്‍ സമാഗതമായാല്‍ നിങ്ങള്‍ ഹൃദയം ശുദ്ധിയാക്കുകയും നിയ്യത്ത് നന്നാക്കുകയും ചെയ്യണം. പുണ്യങ്ങളുടെ പൂക്കാലമായ റമളാനിന്റെ മുന്നൊരുക്കത്തിനുള്ള പ്രേരണയാണിത്.



രണ്ടാമത്തേത്, ശാരീരികമായ മുന്നൊരുക്കമാണ്. പതിനൊന്ന് മാസം പകലന്തിയോളം വയര്‍ നിറച്ച് ആഹാരം കഴിച്ച് ശീലിച്ച മനുഷ്യശരീരത്തെ പകല്‍ സമയം പൂര്‍ണമായും പട്ടിണിക്കിടാനും നോമ്പ് മുറിയുന്ന മുഴുവന്‍ സംഗതികളില്‍നിന്ന് വിട്ടുനില്‍ക്കാനുമുതകുന്നവിധത്തില്‍ പാകപ്പെടുത്തേണ്ടതുണ്ട്. റജബിലെയും ശഅ്ബാനിലെയും കുറച്ച് ദിനങ്ങള്‍ സുന്നത്ത് നോമ്പ് അനുഷ്ഠിക്കുന്നതിലൂടെ ഒരുമാസം മുഴുവന്‍ പട്ടിണി കിടക്കാനും നോമ്പെടുക്കാനും സത്യവിശ്വാസി പരിശീലിക്കുന്നു. വിശപ്പും ദാഹവും സഹിക്കാനും പട്ടണിപ്പാവങ്ങളുടെ പ്രയാസങ്ങളറിയാനും നോമ്പിന്റെ പരമമായ ലക്ഷ്യം നേടിയെടുക്കാനും സത്യവിശ്വാസിക്ക് സാധ്യമാകുന്നു. ശാരീരിക മുന്നൊരുക്കത്തിന്റെ ഭാഗമായിട്ടുള്ള സുന്നത്ത് നോമ്പിലൂടെ ഏത് പ്രതിസന്ധിഘട്ടത്തിലും റമളാന്‍ നോമ്പനുഷ്ഠിക്കാന്‍ പരിശീലനം നേടുന്നു. റമളാന്‍ പ്രമാണിച്ച് നനച്ചുകുളി എന്ന പേരില്‍ നടക്കുന്ന കഴുകി വൃത്തിയാക്കൽ സമ്പ്രദായം പഴയകാലം മുതല്‍ നമ്മുടെ നാട്ടില്‍ നിലനില്‍ക്കുന്നതും ഇന്നും തുടര്‍ന്നു വരുന്നതുമാണ്. റമളാനോടടുത്ത സമയത്താണ് നനച്ചുകുളി നടത്താറുള്ളത്. നോമ്പിന്റെ മുന്നോടിയായി വീടും പള്ളിയും മദ്‌റസകളുമെല്ലാം ക്ലീന്‍ ചെയ്യുന്നതും പെയിന്റിങ്‌ നടത്തുന്നതും സാര്‍വത്രികമാണ്. വിശുദ്ധ റമളാനോടുള്ള ആദരസൂചകമായാണ് ഇത്തരം മുന്നൊരുക്ക പ്രവര്‍ത്തനങ്ങളെല്ലാം നടത്തുന്നത്. പുണ്യങ്ങള്‍ക്ക് ഇരട്ടി പ്രതിഫലം ലഭിക്കുന്ന മാസമാണ് റമളാന്‍.



മൂന്നാമത്തേത് കര്‍മപരമായ മുന്നൊരുക്കമാണ്. ഏതൊരു വിശ്വാസിയും ജാഗ്രതയോടെ ആരാധനാ നിരതനാകുന്ന സന്ദര്‍ഭമാണ് റമളാന്‍. നോമ്പും നിസ്‌കാരവും ഖുര്‍ആനോത്തും ഇഅ്തികാഫും ധര്‍മം ചെയ്യലും നോമ്പുതുറ സൽകാരവും.. അങ്ങനെയങ്ങനെ എണ്ണിയാലൊടുങ്ങാത്ത പുണ്യ കര്‍മങ്ങള്‍. നേരത്തെയുള്ള ആസൂത്രണങ്ങളോടെയും മുന്നൊരുക്കത്തോടെയും നിര്‍വഹിക്കപ്പെടുന്ന ആരാധനകള്‍ ആനന്ദകരമാകും.
പുണ്യമാസത്തെ വരവേല്‍ക്കുന്നതിന്റെ ഭാഗമായി അല്ലാഹുവിലേക്ക് ഖേദിച്ചുമടങ്ങാനും പാപമോചനം നടത്താനും കടങ്ങളും ബാധ്യതകളും വീട്ടിത്തീര്‍ക്കാനും പ്രവാചകര്‍(സ്വ) കല്‍പിക്കുമായിരുന്നു. പിണങ്ങിക്കഴിയുന്നവരെ ഇണക്കാനും കലഹങ്ങളില്‍നിന്ന് വിട്ടുനില്‍ക്കാനും പരസ്പര വിട്ടുവീഴ്ചയോടെ ജീവിക്കാനും സ്വഹാബികളെ ഉപദേശിക്കുമായിരുന്നു.
ഭക്ഷണങ്ങള്‍ ക്രമീകരിച്ചും റമളാനിന് വേണ്ടി ഒരുങ്ങേണ്ടതുണ്ട്. നോമ്പുതുറ മുതല്‍ അത്താഴം വരെയുള്ള ഭക്ഷണമഹാമഹം ഒഴിവാക്കാനും പരിശീലനം ആവശ്യമാണ്. അതും റജബിലും ശഅ്ബാനിലും നേടിയെടുക്കേണ്ടതാണ്.









0 Comments

No comments yet.

Leave a Comment

© www.thdarimi.in. All Rights Reserved. Designed by zainso