Thoughts & Arts
Image

പരീക്ഷണമാകരുത് പരീക്ഷകൾ

27-04-2022

Web Design

15 Comments






വീണ്ടുമൊരു പരീക്ഷക്കാലം. ഏതാണ്ടെല്ലാ വിദ്യാഭ്യാസ പ്രക്രിയകളും പരീക്ഷയുടെ ചൂടിലെത്തുകയോ എത്തിക്കൊണ്ടിരിക്കുകയോ ചെയ്യുകയാണ്. പരീക്ഷകൾ സത്യത്തിൽ വിദ്യാർഥിയുടെ മിടുക്കറിയാനും യോഗ്യത സ്ഥാപിക്കാനുമുള്ളതാണ്. പഠനനിലവാരം അറിയാനും തുടര്‍പഠനത്തിനു പ്രചോദനമേകാനും പരീക്ഷകള്‍ സഹായിക്കുന്നു. അതത്രയും സന്തോഷകരവും സ്വാഗതാർഹവുമാണ്. കാരണം, ഒരു അദ്ധ്യയന വർഷം നീണ്ട പഠന പ്രക്രിയകൾ വഴി ക്രമാനുഗതമായി ഗ്രഹിച്ചു പഠിച്ച കാര്യങ്ങളെല്ലാം അവതരിപ്പിച്ച് തന്നെത്തന്നെയും, പഠിപ്പിച്ച ഗുരുനാഥർ, മാതാപിതാക്കൾ തുടങ്ങി എല്ലാവരെയും സന്തോഷിപ്പിക്കുവാനുള്ള അവസരമാണിത് വിദ്യാർഥിക്ക്. മാതാപിതാക്കൾക്കും തഥൈവ. പരീക്ഷയുടെ ഗോദയിൽ തന്റെ മകനും മകളും വിജയശ്രീലാളിതരായി കയറിവരുന്ന രംഗം കാണാനും കാണിക്കാനും അങ്ങനെ ആത്മാഭിമാനം അനുഭവിക്കാനുമുള്ള അവസരം. അതിനാൽ വിദ്യാർഥിക്കും രക്ഷാകർത്താക്കൾക്കും പരീക്ഷ വരുന്നത് സന്തോഷം പകരേണ്ടതാണ്. പക്ഷെ, ഇന്നത്തെ അനുഭവം മറിച്ചാണ്. ടെൻഷനുകളുടെയും ആധിയുടെയും ആശങ്കയുടേയുമെല്ലാം കാലമായി പരീക്ഷാക്കാലം മാറിയിരിക്കുന്നു വിദ്യാർഥികൾക്കും രക്ഷിതാക്കൾക്കും. ഇതെങ്ങനെ ഇവ്വിധം ശീർഷാസനത്തിലായി എന്നത് സാമൂഹ്യ ചിന്തയുളള ഓരോരുത്തർക്കും ഒരു ചിന്താവിഷയമാണ്. ഇതിന് പൊതുവായി പറയുവാനുളള ഒരു കാരണം ഏതു കാര്യവും അതിന്റെ ലക്ഷ്യത്തിൽ നിന്നു തെറ്റുകയോ പഥം മാറുകയാ ചെയ്യുമ്പോൾ ലക്ഷ്യമെന്ന കേന്ദ്ര ആശയം അപ്രസക്തമാവുകയും പകരം അവിടം നേരെ വിരുദ്ധമായ ആശയങ്ങൾ ലക്ഷ്യമായിത്തീരുകയും ചെയ്യും എന്നതാണ്.



വിദ്യ നേടുക എന്നതിൽ നിന്ന് അവകാശം സ്ഥാപിക്കുക എന്നതിലേക്ക് വിദ്യാഭ്യാസം മാറിയിരിക്കുന്നു. ഓരോ പരീക്ഷകളും ഒരു മഹായുദ്ധത്തെ നേരിടുന്നതുപോലെയാണ് വിദ്യാർഥികൾക്ക്. പാഠ്യപദ്ധതികളും പഠനബോധനരീതികളും മുല്യനിര്‍ണയ സമ്പ്രദായങ്ങളുമൊക്കെ കാലോചിതമായി പരിഷ്‌കരിക്കപ്പെട്ടുകൊണ്ടിരിക്കുന്നു എന്ന് നാം പറഞ്ഞുകൊണ്ടിരിക്കുമ്പോഴും പഠനവും പരീക്ഷയും കുട്ടികള്‍ക്ക് പരീക്ഷണവും പീഡനവുമാവുകയാണോ എന്ന് ചിന്തിച്ചുപോകുന്ന സ്ഥിതിവിശേഷമാണുള്ളത്. വിദ്യാഭ്യാസത്തിന്റെ ലക്ഷ്യം പരീക്ഷാവിജയവും ഉയര്‍ന്ന സ്‌കോറിങും ഗ്രേഡിങും നേടുക എന്നിടത്തേക്ക് കാര്യങ്ങള്‍ വഴിവിട്ടുപോയിരിക്കുന്നു. ഇതിന്റെ ഒരു പ്രകടമായ ഭാവം കലോത്സവ വേദികളിൽ കാണാം. അപ്പീലുകൾ എന്ന അനാരോഗ്യകരമായ തിക്കും തിരക്കുമാണ് അവിടെ അനുഭവപ്പെടുന്നത്. പതിനാല് ജില്ലകളില്‍നിന്നായി പതിനാല് കുട്ടികള്‍ പങ്കെടുക്കേണ്ട സ്ഥാനത്ത് അന്‍പത്തൊന്ന് കുട്ടികള്‍ വരെ പങ്കെടുക്കുന്ന മത്സരങ്ങൾ. മേക്കപ്പ് ചെയ്ത വേഷത്തോടെയും ഉറക്കമിളച്ചതിന്റെ ക്ഷീണത്തോടെയും ദീര്‍ഘനേരം കാത്തിരിക്കേണ്ടിവന്നതിനാല്‍ മത്സരം നടന്നുകൊണ്ടിരിക്കെ കുട്ടികള്‍ കുഴഞ്ഞുവീഴുന്ന രംഗങ്ങൾ. ഒന്നാം സ്ഥാനം നേടാനുള്ള മത്സരവീറില്‍ ശരീരത്തില്‍ മുറിവുകളേറ്റ് ചോരയൊലിക്കുന്നതു വേറെ. അവിടെയും ട്രാക്ക് മാറ്റമാണ് അനുഭവപ്പെടുന്നത്. ഏറ്റവും മിടുക്കനെ കണ്ടെത്തുവാനും അവനെ ആദരവോടെ ഒന്നാം സ്ഥാനത്തേക്ക് ആനയിച്ച് ഇരുത്തുവാനുമാണ് മത്സരങ്ങൾ. മുമ്പിലെത്തിയവനെ ആ ആദരത്തിലേക്ക് നയിക്കേണ്ടത് തൊട്ടു പിന്നിലെ സ്ഥാനക്കാരനാവേണ്ടേതുണ്ട്. അപ്പോഴാണ് കല അതിന്റെ വിശുദ്ധി നേടുന്നതും. അതിനു പകരം പകയും അസൂയയും പൊങ്ങച്ചവും കോഴയും വാതുവെപ്പും ആരോപണവുമെല്ലാം പരിശീലിക്കുന്ന വേദികളായി ആ വേദികൾ മാറിയിരിക്കുന്നു എന്നത് സങ്കടകരമാണ്.



ചുരുക്കത്തില്‍ വിദ്യാഭ്യാസത്തിന്റെയും പഠനത്തിന്റെയും കേന്ദ്രബിന്ദു പരീക്ഷയായി മാറിയിരിക്കുന്നു. അല്ലെങ്കില്‍ പരീക്ഷയാക്കി നാമെല്ലാവരും വിദ്യാഭ്യാസത്തെ മാറ്റിത്തീര്‍ത്തിരിക്കുന്നു. അങ്ങനെ കുട്ടികള്‍ പരീക്ഷക്കുവേണ്ടി പഠിക്കുന്നവരും അധ്യാപകര്‍ പരീക്ഷക്കുവേണ്ടി കുട്ടികളെ പരിശീലിപ്പിക്കുന്നവരും രക്ഷിതാക്കള്‍ കുട്ടികളോടൊപ്പം മത്സരിക്കുന്നവരുമായിത്തീര്‍ന്നിരിക്കുന്നു. പരീക്ഷയില്‍ ഉയര്‍ന്ന മാര്‍ക്കും ഗ്രേഡും റാങ്കും ലക്ഷ്യമായതോടെ പഠനമെന്നത് വിദ്യാര്‍ഥികള്‍ക്ക് മാനസിക പിരിമുറുക്കവും ഭയപ്പാടും സൃഷ്ടിക്കുന്ന സങ്കീര്‍ണമായൊരു പ്രക്രിയയായി രൂപാന്തരപ്പെട്ടിരിക്കുന്നു. പഠനത്തില്‍ ശരാശരിക്ക് മുകളിലുള്ളവര്‍ മാര്‍ക്ക് കുറഞ്ഞുപോകുമോ എന്ന ഭീതിയിലാണുള്ളത്. ഇതിന്റെ ഫലമായി കുട്ടികള്‍ക്കിടയില്‍ ആത്മഹത്യാ പ്രവണത വരെ റിപ്പോര്‍ട്ട് ചെയ്യാറുണ്ട്. വിദ്യാർഥികൾ, അധ്യാപകർ, രക്ഷിതാക്കൾ, പി ടി എ കമ്മറ്റികൾ, സ്ഥാപന ഭാരവാഹികൾ, എല്ലാവരുടെയും ഒരു കൂട്ടമത്സരമായി മാറിയതിന്റെ താണ് സത്യത്തിൽ ഈ ടെൻഷൻ എന്നു പറയുകയാണ്.



ഇനി വേണ്ടത് പറയാം. വിദ്യാഭ്യാസത്തിന്റെ മഹത്വം, ഭാവിയുമായി അതിനുള്ള സ്വാധീനം, തുടങ്ങിയവ ഈ പറഞ്ഞ എല്ലാവരും ഗ്രഹിക്കുകയും അതേ ട്രാക്കിൽ ഉറച്ചു നിന്ന് ലക്ഷ്യത്തിലേക്ക് നീങ്ങുകയും വേണം. വലിയ ഒരു വീറും മത്സരവുമൊന്നും താങ്ങുവാൻ മാനസികമായും ശാരീരികമായും ദുർബലരാണ് വിദ്യാർഥികൾ എന്നതിനാൽ അവരെ ആയാസത്തോടും ആശ്വാസത്തോടും കൂടി പഠിപ്പിക്കണം. പരീക്ഷ എന്നത് ഈ പ്രക്രിയയുടെ ഏറ്റവും ആസ്വാദ്യകരമായ ഒരു ഘട്ടം മാത്രമാണെന്നും പഠന ഭാഗങ്ങളിൽ നിന്ന് മനസ്സ് മറ്റൊരു വികാരത്തിലേക്കും മാറരുത്, മാറിയാൽ നിങ്ങളുടെ അകത്തുള്ളത് പുറത്തെടുക്കാൻ കഴിയാതെവരുമെന്നും കുട്ടികളെ ആത്മാർഥമായി ബോധിപ്പിക്കണം. എങ്കിൽ ടെൻഷനില്ലാത്ത ഒരു പരീക്ഷ നടത്തുവാനും വാശിയും വീറും വിരോധവും ഇല്ലാത്ത ഒരു നല്ല തലമുറയെ സൃഷ്ടിക്കാൻ നമുക്ക് കഴിയും. ടെൻഷനില്ലാതെ തന്നെ നൂറു മേനി, എ പ്ലസ് തുടങ്ങിയവയൊക്ക നേടാനും കഴിയും. നൂറുമേനി എന്ന ജ്വരമാണല്ലോ പൊതുവെ തലക്കുപിടിച്ചിട്ടുള്ളത്. നൂറുമേനിയുടെ പേരില്‍ നിരവധികുട്ടികളെ പൊതുപരീക്ഷ എഴുതിക്കാതെ മാറ്റി നിര്‍ത്തുന്നതും പരീക്ഷ എഴുതുന്ന കുട്ടികളെ പരീക്ഷ തീരുന്നതുവരെ പഠിപ്പിച്ച് പഠിപ്പിച്ച് പതംവരുത്തുന്നതുമായ കൗതുകവിശേഷങ്ങളുമുണ്ട്. പരീക്ഷ കഴിയുന്ന ദിവസങ്ങളില്‍ കുട്ടികള്‍ പടക്കം പൊട്ടിച്ച് ആഹ്ലാദിക്കുന്നതും പായസം കുടിച്ച് നൃത്തംചെയ്യുന്നതും കാണുമ്പോള്‍ നമുക്ക് ബോധ്യമാകും പരീക്ഷകളില്‍നിന്ന് സ്വാതന്ത്ര്യം കിട്ടുമ്പോള്‍ കുട്ടികളനുഭവിക്കുന്ന സുഖാനന്ദത്തിന്റെ ആഴം.



ഇത്രയും പറഞ്ഞത് പരീക്ഷകളെ വിലകുറച്ച് കാണാനോ അതിന്റെ ഗൗരവം നിരാകരിക്കാനോ അല്ല. പഠനമുണ്ടെങ്കില്‍ പരീക്ഷയുമുണ്ടാവും, ഉണ്ടാകണം. പഠനം എന്ന ബൗദ്ധിക പ്രവര്‍ത്തനത്തെ ചിട്ടപ്പെടുത്താനും ശാസ്ത്രീയമാക്കാനും ലക്ഷ്യബോധത്തോടെ അതിനെ സമീപിക്കാനും പഠിതാവിന്റെ മുന്നില്‍ പരീക്ഷ എന്ന പ്രക്രിയ ആവശ്യമാണ്. അറിവുകളെ സ്വയം പരിശോധിക്കാനും കഴിവുകളെ സ്വന്തമായി മൂല്യനിര്‍ണയം നടത്താനും പഠനനേട്ടങ്ങളെ കൃത്യമായി നിര്‍ണയിക്കാനും പരീക്ഷ എന്ന സംവിധാനം സഹായകരമാണ്. പക്ഷെ, അതൊന്നും മൂല്യങ്ങളെ നിരാകരിക്കുവാൻ മതിയായ കാരണങ്ങളല്ല. യഥാര്‍ഥത്തില്‍ വിദ്യാഭ്യാസത്തിന് പഠനത്തിനും പരീക്ഷകള്‍ക്കുമപ്പുറം ഉദാത്ത ലക്ഷ്യങ്ങളുണ്ട്. പഠിതാവിനെ ഭാവിജീവിതത്തിനുവേണ്ടി സജ്ജമാക്കാനുള്ളതാണ് വിദ്യാഭ്യാസം എന്ന നിരീക്ഷണത്തെ മുന്നില്‍വെച്ചുവേണം നമുക്കീ ലക്ഷ്യങ്ങളെ വിശകലനം ചെയ്യാന്‍. പുതിയ അറിവുകളും ആശയങ്ങളും നിര്‍മിച്ചെടുക്കാനും ആര്‍ജ്ജിച്ചെടുത്ത അറിവുകളുടെയും അനുഭവങ്ങളുടെയും അടിസ്ഥാനത്തില്‍ കര്‍മങ്ങളാവിഷ്‌കരിക്കാനും ജീവിച്ചിരിക്കുന്ന സാമൂഹികഘടനക്കകത്ത് ഒരു വ്യക്തി എന്ന നിലയില്‍ ഉത്തരവാദിത്വ ബോധത്തോടും പ്രതിബദ്ധതയോടും അന്തസ്സോടും ആത്മാഭിമാനത്തോടും കൂടി ജീവിക്കാനുള്ള കഴിവ് നേടിയെടുക്കാനും മറ്റുള്ളവരില്‍നിന്ന് തന്റേതായ വ്യക്തിസവിശേഷതകളെയും വ്യതിരിക്തകളെയും തിരിച്ചറിഞ്ഞ് സ്വത്വ സാക്ഷാത്കാരം നേടാനും പഠിതാവിനെ പ്രാപ്തമാക്കാനായിരിക്കണം വിദ്യാഭ്യാസം. ഇത്തരം ലക്ഷ്യങ്ങളിൽ വളർന്നു വരുന്ന ഒരു തലമുറക്കേ കുടുംബത്തിനും സമുദായത്തിനും സമൂഹത്തിനും രാഷ്ട്രത്തിനും മഹാദാനങ്ങൾ നടത്തുവാൻ കഴിയൂ. ഈ നിഷ്കളങ്കമായ ചവിട്ടുപടികൾ കയറി മാത്രമേ ഉന്നതങ്ങളിൽ എത്തിയവരെക്കെയും എത്തിയിട്ടുള്ളൂ എന്നത് ഏറെ പഴക്കമുള്ള നമ്മുടെ ഇന്ത്യൻ സംസ്കാര പാരമ്പര്യം കൊണ്ട് തന്നെ നമുക്ക് തെളിയിക്കാൻ കഴിയും.



വീണ്ടും ഒരു പരീക്ഷാ കാലത്തിലെത്തിക്കഴിഞ്ഞ നിലക്ക് ഇപ്പോൾ ഇനി ചെയ്യാവുന്നത് കൂടി പറയാം. വിദ്യാർഥികളുടെ ടെൻഷനും ആധിയും സമ്മർദ്ദവും പരമാവധി കുറക്കുവാൻ ശ്രമിക്കുക എന്നതാണ് മൊത്തത്തിൽ വേണ്ടത്. കാരണം അവയാണ് അവരുടെ മുമ്പിലെ ഏക വെല്ലുവിളി. ചെറിയ ഒരു ഉദാഹരണം വഴി അത് മനസ്സിലാക്കാം. ഒരു വിദ്യാർഥിയുടെ കയ്യിൽ ഓരോ ദിവസവും അധ്യാപകൻ അവനു വേണ്ട കാര്യങ്ങൾ നൽകുകയാണ് ചെയ്യുന്നത്. അവനോടത് അലമാരയിൽ ഭദ്രമായി സൂക്ഷിച്ചു വെക്കുവാനും ഞാൻ ചോദിക്കുമ്പോൾ കൃത്യസമയത്ത് കൃത്യമായി എടുത്തു തരേണ്ടി വരും എന്ന് ഒപ്പം പറയുകയും ചെയ്യുന്നു. ഇത്രയുമാണ് പഠനം എന്ന ഭാഗം. പരീക്ഷയിൽ നാം അവനോട് അലമാരയിൽ നിന്ന് നേരത്തെ തന്നത് എടുത്തു കൊണ്ടു വരുവാൻ പറയുന്നു. അതിനു കൃത്യ സമയവും നിശ്ചയിക്കുന്നു. ഈ സമയത്തിനുളളിൽ അവനത് കൃത്യമായി എടുത്തു തന്നാൽ അവൻ പരീക്ഷയിൽ വിജയിക്കുന്നു. ഇങ്ങനെ കൃത്യമായി എടുത്തു തരാൻ കഴിയണമെങ്കിൽ അവൻ കിട്ടിയതെല്ലാം കൃത്യമായും വൃത്തിയായും അടുക്കി വെച്ചിരിക്കണം. ഓരോന്നും എവിടെയാണ് ഇരിക്കുന്നത് എന്ന് ഗ്രഹിച്ചു മനസ്സിലാക്കിയിരിക്കണം. ഇതാണ് കൃത്യമായ പഠനത്തിന്റെ ഗുണത്തിന് ഉദാഹരണം. ഓരോ ദിവസവും പഠിക്കുന്ന കാര്യങ്ങൾ ശരിയായ ബോധ്യത്തോടെ കൃത്യമായി മനസ്സെന്ന അലമാരയിൽ അടുക്കി വെച്ച വിദ്യാർഥിക്ക് ഈ പരീക്ഷയിൽ വിജയിക്കുക പ്രയാസമുള്ള കാര്യമല്ല. കൃത്യമായി അതു ചെയ്തിട്ടില്ലാത്തവനാകട്ടെ ചോദ്യം വരുമ്പോഴേക്കും പെപ്രാളപ്പെടും. പിന്നെ എളുപ്പത്തിൽ കയ്യിൽ തടയാവുന്നതു പോലും കിട്ടില്ല. അതിനാൽ മാനസിക സമ്മർദ്ദങ്ങൾ ഒഴിവാക്കിയും അവനു തന്നെ അവന്റെ മൂല്യനിർണ്ണയം നടത്തുവാനുള്ള താൽപര്യവും ത്വരയും സൃഷ്ടിച്ചും അവനെ ശാന്തമായ ഒരു അവസ്ഥയിലേക്ക് നയിക്കുകയാണ് ഇപ്പോൾ വേണ്ടത്.



കുട്ടികൾ അല്ലാഹു നൽകുന്ന അമാനത്തുകളാണ്. അത് വേണ്ട വിധമല്ല കൈകാര്യം ചെയ്യുന്നത് എങ്കിൽ അതിന്റെ കുറ്റം രക്ഷിതാക്കൾക്കാണ്. അവർ ഭൗതികമായും പാരത്രികമായും അതിനു വിലയൊടുക്കേണ്ടിവരും. അതിനാൽ ശ്രദ്ധിക്കേണ്ടത് രക്ഷിതാക്കൾ തന്നെയാണ്. വ്യവഹാര സ്വാതന്ത്ര്യമുള്ളവരല്ല കുട്ടികൾ. ഇപ്പോൾ സങ്കടകരമെന്നു പറയട്ടെ, കുട്ടികളുടെ നൈസര്‍ഗിക ചോദനകളല്ല മുതിര്‍ന്നവരുടെ വരണ്ട ശാഠ്യങ്ങളാണ് പലപ്പോഴും വിദ്യാഭ്യാസ ലക്ഷ്യങ്ങളെ പിറകോട്ട് വലിക്കുന്നത്. അങ്ങനെ വരുമ്പോള്‍ പഠനവും പരീക്ഷയും കുട്ടികള്‍ക്ക് പീഡനമായിത്തീരുന്നു. നിങ്ങളുടെ അതേ സ്വഭാവവും ശൈലിയും നിങ്ങളുടെ കുട്ടികളില്‍ നിങ്ങള്‍ അടിച്ചേല്‍പിക്കരുത്. കാരണം , നിങ്ങളുടേതല്ലാത്ത ഒരു കാലത്ത് ജീവിക്കേണ്ടവരാണ് നിങ്ങളുടെ കുട്ടികള്‍ എന്ന് അലി ബിൻ അബീത്വാലിബ്.


0 Comments

No comments yet.

Leave a Comment

© www.thdarimi.in. All Rights Reserved. Designed by zainso