
.jpeg)
മാസവിശേഷം / ശഅ്ബാൻ
27-04-2022
Web Design
15 Comments
ഒരുക്കങ്ങളുടെ ശഅ്ബാൻ
ഹിജ്റ കാലക്രമത്തിലെ എട്ടാമത്തെ മാസമാണ് ശഅ്ബാൻ. പരന്നിറങ്ങുന്ന മാസം എന്നാണ് ശഅ്ബാൻ എന്ന അറബി ശബ്ദത്തിന്റെ അർഥം. ഈ മാസത്തിനും ഈ പേരു വന്നതിനു പിന്നിൽ ജാഹിലീ അറബികളുടെ ഒരു സ്വഭാവമാണ് എന്നാണ് ചരിത്രം. അതായത് റജബ് അവർക്ക് സമാധാനത്തിന്റെ മാസമായിരുന്നുവല്ലോ. റജബിൽ അവർ പൊതുവെ അവർ വീടുകളിൽ ചടഞ്ഞുകൂടുകയായിരുന്നു പതിവ്. അത് കഴിഞ്ഞാൽ ഉടൻ കെട്ടുപൊട്ടിയ പോലെ അവർ നാലുപാടും ചിതറിയിറങ്ങുമായിരുന്നു. വിവിധ ഗോത്രങ്ങൾ വിവിധ ആവശ്യങ്ങൾക്കായി വിവിധ ദിക്കുകളിലേക്ക് ഇറങ്ങുന്നതു കാരണമാണ് ഈ മാസത്തിന് ഈ പേര് സിദ്ധിച്ചത് എന്നാണ് ഐതിഹ്യം. ഇസ്ലാമിക സംസ്കാരം സ്ഥാപിതമായതോടെ ഈ മാസത്തിന്റെ സവിശേഷതക്ക് മതപരമായ ആത്മീയ പരിവേഷം കൈവന്നു. ഇസ്ലാമിൽ ശഅ്ബാൻ മാസത്തിന്റെ പ്രത്യേകത അത് പരിശുദ്ധ റമളാൻ മാസത്തിനെ സ്വീകരിക്കുവാനുള്ള അവസാന ഒരുക്കങ്ങളുടെ മാസമാണ്. ഇത് ഏറെ പ്രകടമായിരുന്നു നബി(സ്വ) യുടെ ജീവിതത്തിൽ. ഈ മാസത്തെ നബി തങ്ങൾ ഉപയോഗപ്പെടുത്തിയിരുന്നത് ശരീരത്തെയും മനസ്സിനെയും റമളാനിനു വേണ്ടി ഒരുക്കുവാൻ വേണ്ടിയായിരുന്നു. അതിന്നായി നബി തങ്ങൾ ചെയ്തിരുന്ന മാർഗ്ഗം സുന്നത്ത് നോമ്പായിരുന്നു. നബി(സ) ഏറ്റവുമധികം സുന്നത്ത് നോമ്പനുഷ്ഠിച്ചിരുന്നത് ശഅ്ബാനിലായിരുന്നു എന്ന് ആയിഷ(റ) പറയുന്നു. (ബുഖാരി). തുടർച്ചയായി ദിവസങ്ങളോളം നോമ്പനുഷ്ടിക്കുന്ന പതിവായിരുന്നു നബിയുടേത്. നോമ്പ് തുടങ്ങിയാൽ ഇനി ഈ മാസം മുഴുവനും നോമ്പ് നോൽക്കുകയായിരിക്കാം എന്ന് തോന്നിപ്പോകുന്ന അത്രക്കും അത് തുടരുമായിരുന്നു എന്ന് ആയിഷ(റ) തന്നെ പറയുന്നു.
ഇമാം അഹ്മദ്(റ) ഉസാമ ബിൻ സൈദ്(റ)യിൽ നിന്നും ഉദ്ധരിക്കുന്ന ഒരു ഹദീസിൽ അദ്ദേഹം നബി തങ്ങളോട് നേരിട്ട് ചോദിക്കുന്നുണ്ട്, എന്താണ് നബിയേ, താങ്കൾ ഈ മാസത്തിൽ ഇത്രയധികം നോമ്പ് നോൽക്കുന്നത് എന്ന്. അതിന് മറുപടിയായി നബി തങ്ങൾ പറഞ്ഞു: അത് പൊതുവെ റജബിനും റമളാനിനുമിടയിൽ ജനങ്ങൾ ശ്രദ്ധിക്കാതെ പോകുന്ന മാസമാണ്. എന്നാൽ ഇത് മനുഷ്യന്റെ കർമ്മങ്ങൾ ഒക്കെയും അല്ലാഹുവിലേക്ക് ഉയർത്തപ്പെടുന്ന മാസമാണ്. നോമ്പുകാരനായിരിക്കെ എന്റെ കർമ്മങ്ങൾ ഉയർത്തപ്പെടണമെന്നാണ് ഞാൻ ആഗ്രഹിക്കുന്നത്. മനസ്സിനെയും ശരീരത്തെയും ഇത്രമേൽ മെരുക്കിയെടുക്കുവാൻ കഴിയുന്ന ആരാധന മറ്റൊന്നുമില്ലല്ലോ. അതിനാൽ വിശ്വാസികൾക്ക് ഈ മാസത്തിന്റെ കാര്യത്തിൽ നബിതിരുമേനി നൽകിയ ഏറ്റവും വലിയ സന്ദേശവും സുന്നത്തു നോമ്പുകൾ അധികരിപ്പിക്കുക എന്നതാണ്. ഇതോടൊപ്പം ഈ മാസത്തിന് മറ്റൊരു സവിശേഷത കൂടി ഉണ്ട്. അത് ശഅ്ബാൻ പതിനഞ്ചിന്റെ രാവാണ്. ബറാഅത്ത് രാവ് എന്ന് പൊതുവെ വ്യവഹരിക്കപ്പെടുന്ന ഈ രാവ് ഏറെ സവിശേഷമാണ്. അല്ലാഹു വളരെ താൽപര്യത്തോടെ തന്റെ അടിമകളിലേക്ക് തന്റെ കാര്യണ്യവുമായി ഇറങ്ങിവരുന്ന രാവാണിത്. എന്നിട്ട് അതീവ ഗുരുതരങ്ങളല്ലാത്ത എല്ലാ പാപങ്ങളും പൊറുത്ത് കൊടുക്കുന്നു. ഈ കാര്യത്തിൽ നിരവധി സ്വഹീഹായ ഹദീസുകൾ നമുക്കു കാണാം. മുശ്രിക്കോ മറ്റുള്ളവരുമായി മാനസ പ്പൊരുത്തമില്ലാത്തവരോ ആയ എല്ലാവർക്കും അല്ലാഹു അവരുടെ പാപങ്ങൾ പൊറുത്തു കൊടുക്കും എന്നതിൽ ഈ ഹദീസുകൾ ഏക കണ്ഠമാണ്.
ഈ പ്രപഞ്ചത്തിൽ അല്ലാഹു തന്റെ അടിമയോട് കാണിക്കുന്ന ഏറ്റവും വലിയ കാരുണ്യവും ദയയും ആ അടിമ തന്നോട് ചെയ്യുന്ന നിന്ദയും പാപവും പൊറുക്കുക എന്നത് തന്നെയാണ്. അതു പൊറുക്കപ്പെടുന്നതോടെ അടിമ അല്ലാഹുവിന്റെ സാമീപ്യം നേടുന്നു. പിന്നീട് മുമ്പിലുള്ള ജീവിത ഘട്ടങ്ങളിലെല്ലാം അവൻ അല്ലാഹുവിന്റെ അനുഗ്രഹത്തിന്റെ തണലിലായിരിക്കും. ഇത് കൊണ്ടാണ് ബറാഅത്ത് രാവ് ഒരു വിശ്വാസിയുടെ ഏറ്റവും വലിയ നേട്ടമാണ് എന്ന് പറയുന്നത്. ഇത്രയും വലിയ ഒരു ഔതാര്യത്തെ അടിമ സ്വീകരിക്കേണ്ടത് വിനയാന്വിതനായും നന്ദിയുള്ളവനായുമാണ്. അങ്ങനെ വിനയവും വിധേയത്വവും കാണിക്കുവാൻ ഏറ്റവും തീവ്രതയുള്ള ഒരു ആരാധന തന്നെ ചെയ്യേണ്ടതുണ്ട്. അതിന് ഏറെ അനുഗുണവും അനുയോജ്യവുമാണ് നോമ്പ്. കാരണം നോമ്പ് ഒരു സമർപ്പണമാണ്. അതിൽ സൃഷ്ടി സൃഷ്ടാവിൽ വിലയം പ്രാപിക്കുകയാണ് ചെയ്യുന്നത്. അങ്ങനെയാണ് ബറാഅത്ത് നോമ്പ് എന്ന സമ്പ്രദായം വന്നത്. ഇത് പണ്ടുമുതലേ മഹാൻമാർ കണിശതയോടെ നിർവഹിച്ചിരുന്നതായി കാണാം. അവർ അങ്ങനെ ചെയ്തത് അവരുടെ സച്ചരിതരായ മുൻഗാമികളിൽ നിന്നല്ലാതെ മറ്റാരിൽ നിന്നും കണ്ടതുകൊണ്ടായിരിക്കില്ല. അങ്ങനെ ആ ശ്രേണി സ്വഹാബത്തിലും നബിയിലുമെല്ലാം എത്തിച്ചേരുന്നു. ഇതു കാരണത്താലാണ് ഇമാം നവവി, ഇമാം റംലി തുടങ്ങിയ മഹാൻമാർ തങ്ങളുടെ കർമ്മശാസ്ത്ര ഗ്രന്ഥങ്ങളിൽ ഈ നോമ്പ് സുന്നത്താണ് എന്ന് രേഖപ്പെടുത്തിയത്. ഇന്നും മുസ്ലിം ലോകത്തെ മഹാഭൂരിപക്ഷം ഈ നോമ്പ് ഭക്തിയാദരം നിർവ്വഹിച്ചുവരുന്നുണ്ട്. ഇത് ശഅ്ബാൻ മാസത്തിന്റെ ഒരു സവിശേഷതയാണ്. എന്നാൽ പൊതുവെ ശ്രേഷ്ഠതകളെയൊക്കെ തളളിക്കളയുന്ന ചിലർ ഈ നോമ്പിനെ അടിസ്ഥാനമില്ലാത്തത് എന്ന് വിമർശിക്കാറുണ്ട്. പൊതുവെ എല്ലാ മാസങ്ങളിലും 13, 14, 15 തിയ്യതികൾ നോമ്പ് സുന്നത്താണ് എന്നതും ഏതായാലും ആ ഗണത്തിൽ അതു പെടുമല്ലോ എന്നു പോലും അവർ കരുതുന്നില്ല എന്നതിൽ നിന്നും അവരുടെ ജൽപ്പനം ഒരു അന്ധമായ വിരോധത്തിൽ നിന്ന് ഉണ്ടാകുന്നതാണ് എന്ന് മനസ്സിലാക്കാം.
ആയിരത്തി നാന്നൂറ് വർഷങ്ങളുടെ പഴക്കമുള്ള ഇസ്ലാമിക സംസ്കൃതിയിൽ ശഅ്ബാൻ മാസവും മറ്റേതു മാസവും പോലെ നിരവധി ചരിത്രങ്ങൾക്ക് സാക്ഷ്യം വഹിച്ചിട്ടുണ്ട്. അവയിൽ പലതും നമ്മുടെ വിശ്വാസ ലോകവുമായി ബന്ധമുള്ളവയാണ്. അവയിൽ പ്രധാനപ്പെട്ട ഒന്നാണ് ഹിജ്റ 2 ശഅ് ബാനിൽ നടന്ന ഖിബ്ല മാറ്റം. മദീനയിലെത്തിയ നബിയോടും സ്വഹാബിമാരോടും കൽപ്പിക്കപ്പെട്ടത് ബൈത്തുൽ മുഖദ്ദസിലേക്ക് തിരിഞ്ഞു നിന്ന് നിസ്കരിക്കുവാനായിരുന്നു. വടക്കുള്ള ബൈത്തുൽ മുഖദ്ദസിലേക്ക് തിരിയുമ്പോൾ അവർക്ക് മദീനയുടെ കൃത്യം തെക്കുള്ള കഅ്ബാലയത്തിന് പിന്നിടേണ്ടതുണ്ടായിരുന്നു. എന്നു മാത്രമല്ല, ഇബ്റാഹിം നബിയുടെയും ഇസ്മാഈൽ നബിയുടെയും ഓർമ്മകൾ പറ്റിപ്പിടിച്ചു നിൽക്കുന്ന കഅ്ബാലയത്തോട് അവർക്ക് അടക്കാനാവാത്ത വൈകാരിക ബന്ധം ഉണ്ടായിരുന്നുതാനും. അതിനാൽ ഖിബ് ല മക്കയിലേക്ക് തന്നെ മാറണം എന്ന ഒരു ഉൽക്കടമായ ആഗ്രഹം അവർക്കുണ്ടായിരുന്നു. അവരുടെ ആ താൽപര്യം വായിച്ച അല്ലാഹു 16 മാസങ്ങൾക്കുശേഷം ഖിബ് ല കഅ്ബ തന്നെയായി മാറ്റുകയായിരുന്നു. ഈ സംഭവങ്ങൾ സൂറത്തുൽ ബഖറ സൂചിപ്പിക്കുന്നുണ്ട്. ഈ സംഭവം വിശ്വാസ ലോകത്ത് ചില ചലനങ്ങൾ ഉണ്ടാക്കി. തങ്ങളുടെ ഖിബ് ലയെ ഉപേക്ഷിച്ചത് ജൂത - ക്രൈസ്തവ ജനതകൾക്ക് ഈർഷ്യത ഉണ്ടാക്കിയപ്പോൾ മുശ്രിക്കുകളായ അറബികൾ ഇസ്ലാം തങ്ങളിലേക്ക് അടുക്കുന്നതായി അതിനെ വ്യാഖ്യാനിച്ചു. കപട വിശ്വാസികളാവട്ടെ, ഇടക്കിടെ ഖിബ് ല മാറുന്നതിനെ ഒരു കളിയായി വ്യാഖ്യാനിച്ചു. എന്നാൽ സത്യവിശ്വാസികൾ അല്ലാഹുവോടും നബിയോടുമുള്ള വിധേയത്വത്തിനാണ് പ്രാധാന്യമെന്നും അവർ പറയുന്നത് ഏത് സാഹചര്യത്തിലും തങ്ങൾ അനുസരിക്കുമെന്നും പ്രഖ്യാപിച്ച് ഈമാനിന്റെ നിറവും ഗുണവും പ്രകടിപ്പിച്ചു.
ഹിജ്റ 5 ൽ (6-ലാണെന്നും അഭിപ്രായമുണ്ട്) നടന്ന ബനൂ മുസ്ത്വലഖ് (മുറൈസീഅ്) യുദ്ധമാണ് ഈ മാസം നബിയുഗം സാക്ഷ്യം വഹിച്ച മറ്റൊരു സംഭവം. ബനൂ മുസ്തലഖ് കുടുംബം ഇസ്ലാമിനെതിരെ പടപ്പുറപ്പാടിലാണ് എന്ന വിവരം കിട്ടിയ നബിയും അനുയായികളും പുറപ്പെടുകയായിരുന്നു. വഴിക്കുവെച്ച് അവരുടെ ഒരു ചാരൻ മുസ്ലിംകളുടെ പിടിയിലായതോടെയും അയാൾ വധിക്കപ്പെട്ടതോടെയും യുദ്ധം തൽക്കാലം നടന്നില്ല. ഈ സംഘത്തിൽ ധാരാളം കപടവിശ്വാസികൾ നബിയുടെ കൂടെ കൂടിയിരുന്നു. അവർ വഴിയിൽ വെച്ച് പല കുഴപ്പങ്ങളും ഉണ്ടാക്കി. ആയിഷാ ബീവിക്കെതിരെയുണ്ടാക്കിയ ആരോപണം അവയിലൊന്നായിരുന്നു. അതിനാൽ വിശ്വാസപരമായ പല പാഠങ്ങളും ഉൾക്കൊള്ളുന്ന ചരിത്രമാണ് ഇതും. ആദ്യമായി മുഹാജിറുകൾക്ക് ഒരു കുഞ്ഞ് ജനിച്ചതും അതിനെ എടുത്ത് അവർ നഗര പ്രദക്ഷിണം ചെയ്തതിന്റെയും ചരിത്രവും പറയാനുണ്ട് ഈ മാസത്തിന്. മദീനയിൽ ജൂതൻമാർ തങ്ങൾ മുസ്ലിം കൾക്കെതിരെ ശക്തമായ സിഹ്റ് ചെയ്തിട്ടുണ്ടെന്നും അതിനാൽ അവർക്കിനി കുട്ടികൾ ജനിക്കില്ലെന്നും ഈ തലമുറയോടെ അവർ വംശനാശത്തിനു വിധേയരാകുമെന്നും പ്രചരിപ്പിച്ചിരുന്നു. അവർക്ക് മറുപടിയായിരുന്നു അബ്ദുല്ലാ ബിൻ സുബൈർ(റ) വിന്റെ ജനനം. അബൂബക്കർ(റ) വിന്റെ മകൾ അസ്മാ ബീവിയായിരുന്നു ആ കുട്ടിയുടെ ഉമ്മ. വിശ്വാസികൾ അവിശ്വാസികളെ പരാജയപ്പെടുത്തിയ അനുഭവം ഈ സംഭവവും ഉൾക്കൊള്ളുന്നു.
ഹിജ്റ നാലാം വർഷത്തിലെ ശഅ്ബാനിൽ മൂന്നാം തിയ്യതിയായിരുന്നു ഫാത്വിമ ബീവിയുടെയും അലി(റ)യുടെയും രണ്ടാമത്തെ മകൻ ഇമാം ഹുസൈൻ(റ) വിന്റെ ജനനം. നബി(സ്വ) യുടെ കൺമണിയായിരുന്നു അദ്ദേഹം. ഇമാം ഹസനെപ്പോലെത്തന്നെ തിരുദൂതര്‍ പേരിട്ടു വിളിക്കുകയും ലാളിച്ചുവളര്‍ത്തുകയും ചെയ്ത, പേരക്കിടാവാണ് ഹുസൈന്‍(റ). ഹുസൈന്‍ എന്നില്‍ നിന്നുള്ളവനാണ്. ഞാന്‍ ഹുസൈനില്‍ നിന്നുള്ളവനും. അല്ലാഹുവേ, ഹുസൈനെ ആര് ഇഷ്ടപ്പെടുന്നുവോ അവനെ നീയും ഇഷ്ടപ്പെടേണമേ എന്ന് നബി(സ്വ) ഒരിക്കല്‍ ഹുസൈനെ കൈയിലെടുത്തുകൊണ്ടു പറഞ്ഞു. (ഫദാഇലുസ്സ്വഹാബ 1361). സമാധാനപ്രിയനും ഐക്യത്തിന്നായി അധികാരം ത്യജിക്കുന്നവനുമായ സഹോദരന്‍ ഹസന്റെ(റ) നിലപാടിനോട് ഹുസൈന്(റ) പൂര്‍ണമായ യോജിപ്പില്ലായിരുന്നു. അതുകൊണ്ടുതന്നെ മുആവിയ(റ)യുടെ മരണാനന്തരം അധികാരമേറ്റ മകന്‍ യസീദിനെ ഹുസൈന്‍ അംഗീകരിച്ചില്ല. ഹുസൈന്റെ(റ) കൂടെ അബ്ദുല്ലാഹിബ്‌നു സുബൈറും(റ) ചേര്‍ന്നു. ഇവരെ രണ്ടുപേരെയും സൂക്ഷിക്കണമെന്ന് മരണവേളയില്‍ മുആവിയ(റ) യസീദിന് മുന്നറിയിപ്പും നല്‍കിയിരുന്നു. യസീദിന് ബൈഅത്ത് ചെയ്യാതെ മദീനയില്‍ നിന്ന് മക്കയിലെത്തിയ ഹുസൈന്(റ) കൂഫയിലേക്ക് ക്ഷണം ലഭിച്ചു. കൂഫയിലേക്ക് തിരിച്ചുവരണമെന്നും ഖിലാഫത്ത് ഏറ്റെടുക്കണമെന്നുമായിരുന്നു കത്തിലുണ്ടായിരുന്നത്. നിജസ്ഥിതിയറിയാന്‍ മുസ്‌ലിമുബ്‌നുഅഖീലിനെ ഹുസൈന്‍ കൂഫയിലേ ക്കയച്ചു. അവസ്ഥ അനുകൂലമാണെന്ന് മുസ്‌ലിമും സ്ഥിരീകരിച്ചു. എന്നാല്‍ ഇബ്‌നുഅബ്ബാസ് ഉള്‍പ്പെടെയുള്ള സ്വഹാബി വര്യന്മാര്‍ ഹുസൈനെ പിന്തിരിപ്പിക്കാന്‍ ശ്രമിച്ചു. ഇതൊന്നും വകവെക്കാതെ ഹുസൈന്‍(റ) ഇറാഖിലെ കൂഫയിലേക്ക് കുടുംബസമേതം പോവുകയായിരുന്നു. ഇതിനിടെ കൂഫയിലെ അവസ്ഥ മാറി. പുതിയ ഗവര്‍ണറായി ചുമതലയേറ്റ ഉബൈദുല്ലാഹിബ്‌നു സിയാദ് ഹുസൈന്റെ അനുയായികളെ വധിക്കുകയും അദ്ദേഹത്തിനും സംഘത്തിനുമെതിരെ സൈന്യത്തെ അയക്കുകയും ചെയ്തു. ഹിജ്‌റ 61 മുഹര്‍റം 10ന് കര്‍ബലയിലെത്തിയ ഹുസൈനെ(റ)യും സംഘത്തിലെ പുരുഷന്‍ മാരെയും സൈന്യം നിഷ്ഠൂരമായി വധിച്ചു. സ്ത്രീകളെയും ഹുസൈന്റെ(റ) മകന്‍ സൈനുല്‍ ആബിദീനെയും വെറുതെ വിടുകയും ചെയ്തു.
മുഹാജിറുകളിൽ ആദ്യമായി ഉണ്ടായ വേർപാടിന്റെ ചരിത്രവും ഈ മാസത്തിന് പറയാനുണ്ട്. അത് ഉസ്മാൻ ബിൻ മദ്ഗൂൻ (റ) വിന്റെ മരണമായിരുന്നു. നബി(സ) ഏറെ സങ്കടപ്പെട്ട ഒരു വിയോഗമായിരുന്നു അത്. ഇമാം ഹാഫിള് ഇബ്നു കതീർ(റ) തുടങ്ങി പല ഇമാമുമാരുടെയും വിയോഗം ഈ മാസത്തിൽ ഉണ്ടായിട്ടുണ്ട്. റമളാൻ വ്രതവും ഫിത്വർ സക്കാത്തും നിർബന്ധമാക്കപ്പെട്ടത് ഹിജ്റ 2 - ലെ ശഅ്ബാൻ മാസത്തിലായിരുന്നു. ഹിജ്റ 492 ശഅ്ബാൻ 23 ന് എഴുപതിനായിരം മുസ്ലിംകളെ കൂട്ടക്കശാപ്പ് ചെയ്ത് വിശുദ്ധ ഖുദ്സ് നഗരം കുരിശുപട കയ്യടക്കിയ ദുഖവും തന്റെ പടയോട്ടങ്ങളുടെ വിജയത്തിന്റെ നാന്ദിയായി ഹിജ്റ 559 ലെ ശഅ്ബാൻ മാസത്തിൽ 21 - ന് ഹിംസ് നഗരം അബൂ അയ്യൂബുൽ അൻസ്വാരി തിരിച്ചു പിടിച്ചതിന്റെ സന്തോഷവുമെല്ലാം ഈ മാസത്തിന് പറയാനുണ്ട്. കൂട്ടത്തിൽ ആത്മീയ പ്രാധാന്യമൊന്നും ഇല്ലെങ്കിലും നമ്മുടെ പാനിപ്പത്ത് യുദ്ധവും ഉണ്ട്. 1526 ഏപ്രിൽ 21 ന് (ഹി. 932 ശഅബാൻ 9 ) ദില്ലിയിലെ സുൽത്താൻ ഇബ്രാഹിം ലോധിയും മുഗൾ വംശ സ്ഥാപകൻ സഹീറുദ്ദീൻ ബാബറും തമ്മിലാണ് ആദ്യത്തെ പാനിപ്പത്ത് യുദ്ധം നടന്നത്. ഒരു ലക്ഷത്തിലധികം സൈനികരുടെ ഇബ്രാഹീമിന്റെ വലിയ ശക്തിയെ ബാബറിന്റെ സൈന്യം പരാജയപ്പെടുത്തി. പാനിപ്പത്തിലെ ഈ ആദ്യ യുദ്ധം ഇന്ത്യയിൽ ‘ലോഡി ഭരണം’ അവസാനിപ്പിക്കുകയും ഇന്ത്യയിൽ മുഗൾ സാമ്രാജ്യത്തിന്റെ സ്ഥാപനത്തിന് കാരണമാവുകയും ചെയ്തു.
കേരള മുസ്ലിം ചരിത്രത്തിലുമുണ്ട് കുറേ വിയോഗങ്ങൾ ഓർക്കുവാൻ. പാണക്കാട് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങളുടെ വിയോഗം ഈ മാസത്തിന്റെ ഓർമകളിൽ പെടുന്നു. പൂക്കോയതങ്ങള്‍ - ആഇശ ചെറുകുഞ്ഞി ബീവി ദമ്പതികളുടെ സീമന്ത പുത്രനായി 1936 ലാണ് പാണക്കാട് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങളുടെ ജനനം. പ്രവാചക പരമ്പരയിലെ നാല്‍പതാമത്തെ പൗത്രനാണ് അദ്ദേഹം. 1953 ല്‍ കോഴിക്കോട് എം.എം.ഹൈസ്‌കൂളില്‍ നിന്ന് പഠനം പൂര്‍ത്തിയാക്കിയ അദ്ദേഹം തിരൂരിനടുത്ത തലക്കടത്തൂരും തുടര്‍ന്ന് തോഴന്നൂരിലും കാനാഞ്ചേരിയിലും ദറസ് പഠനം നടത്തി. കാനഞ്ചേരിയിലെ ദര്‍സ് പഠനം പൂര്‍ത്തീകരിച്ച് 1958 ലാണ് അദ്ദേഹം ഉപരിപഠനത്തിനായി ഈജിപ്തിലെ വിശ്വപ്രസിദ്ധമായ അല്‍അസ്ഹര്‍ സര്‍വകലാശാലയിലേക്ക് യാത്ര തിരിച്ചത്. 1958 മുതല്‍ 1961 വരെ അല്‍അസ്ഹര്‍ സര്‍വകലാശാലയിലും തുടര്‍ന്ന് 1966 വരെ കൈറോ സര്‍വകലാശാലയിലും അദ്ദേഹം തുടര്‍പഠനം നടത്തുകയുണ്ടായി. ഡോ.ഇസ്സുദ്ദീന്‍ ഫരീദ്, യൂസുഫ് ഖുലൈഫ്, ഡോ.ബഹി, ശൗഖി ളൈഫ് മുതലായവരായിരുന്നു തങ്ങളുടെ അധ്യാപകന്‍മാര്‍. ഈജിപ്തിലെ പഠനം പൂര്‍ത്തിയാക്കി 1966 ലാണ് അദ്ദേഹം പാണക്കാട്ട് തിരിച്ചെത്തിയത്. പിതാവ് പൂക്കോയത്തങ്ങളുടെ നിര്യാണത്തെ തുടര്‍ന്ന് 1975 മുതല്‍ അദ്ദേഹം ഇന്ത്യന്‍ യൂണിയന്‍ മുസ്‌ലിം ലീഗിന്റെ സംസ്ഥാന പ്രസിഡണ്ടായി സ്ഥാനമേല്‍ക്കുകയും ദേഹവിയോഗം വരെ അത് തുടര്‍ന്നു വരികയും ചെയ്തു.
തങ്ങളുടെ ഭാര്യ സയ്യിദ ശരീഫാ ഫാത്വിമയാണ്. സുഹ്‌റ ബീവി, സയ്യിദ് ബഷീറലി ശിഹാബ് തങ്ങള്‍, ഫൈറൂസ ബീവി, സമീറ ബീവി, സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ എന്നിവരാണ് അദ്ദേഹത്തിന്റെ സന്താനങ്ങള്‍.
സമസ്തയുടെ സ്ഥാപകൻ വരക്കൽ മുല്ലക്കോയ തങ്ങളുടെ വിയോഗവും ഈ മാസത്തിലായിരുന്നു. യമനിലെ ഹളര്‍മൗതില്‍ നിന്ന് ഇസ്‌ലാമിക പ്രചരണത്തിനായി വന്ന പണ്ഡിതനും സ്വൂഫിവര്യനുമായ സയ്യിദ് ഹാമിദ് അലിക്ക് ശേഷം മൂന്നാം തലമുറയിലെ സയ്യിദ് മുഹമ്മദ് ബാ അലവിയുടെയും മരക്കാരകത്ത് ശരീഫ ചെറിയ ബീവിയുടെയും പുത്രനായി സയ്യിദ് അബ്ദുറഹ്മാന്‍ ബിന്‍ മുഹമ്മദ് ബിന്‍ അഹമ്മദ് ബിന്‍ അലവി മുല്ലക്കോയ തങ്ങള്‍ 1840 ല്‍ പുതിയങ്ങാടി വലിയ മാളിയക്കല്‍ ജനിച്ചു. മഹാനവർകൾക്ക് സന്താനങ്ങളുണ്ടായിരുന്നില്ല. പ്രസിദ്ധനായ മുസ്‌ലിം സാമൂഹ്യ പരിഷ്‌കര്‍ത്താവ് സയ്യിദ് അബ്ദുറഹ്മാന്‍ ബാഫഖി തങ്ങള്‍, വരക്കല്‍ തങ്ങളുടെ സഹോദരീ പുത്രനായിരുന്നു. ഹിജ്‌റ വര്‍ഷം 1352 (എ.ഡി.1932) ശഅബാന്‍ 17 ന് തൊണ്ണൂറ്റി രണ്ടാം വയസ്സില്‍ പുതിയങ്ങാടിയില്‍ വെച്ച് ആ മഹാനുഭാവന്‍ ഇഹലോകവാസം വെടിഞ്ഞു. സമസ്തയുടെ നേതാക്കളിൽ ടി കെ എം ബാവ മുസ്ലിയാർ, കെ കെ സ്വദഖത്തുല്ല മുസ്ലിയാർ, സയ്യിദ് ഉമർ ബാഫഖി തങ്ങൾ, ടി പി ഇപ്പ മുസ്ലിയാർ, സി കെ എം സ്വാദിഖ് മുസ്ലിയാർ, പി പി മുഹമ്മദ് ഫൈസി മുതലായവരുടെയെല്ലാം വിയോഗത്തിന്റെ നൊമ്പരവും പേറുന്നുണ്ട് ഈ മാസം.
0 Comments
No comments yet.
Leave a Comment
© www.thdarimi.in. All Rights Reserved. Designed by zainso