Thoughts & Arts
Image

സുമയ്യാ ബീവി

18-05-2022

Web Design

15 Comments

7
സുമയ്യാ ഉമ്മു അമ്മാർ(റ)



യാസിറിന്റെ സഹോദരനെ കാണാനില്ല. അടുത്തയിടങ്ങളിലെല്ലാം തെരഞ്ഞു. അറിയുന്നവരോടെല്ലാം അന്വേഷിച്ചു. പക്ഷെ, നിരാശയായിരുന്നു ഫലം. കക്ഷി നാടുവിട്ടു എന്ന് ഉറപ്പായപ്പോൾ അതെങ്ങോട്ടായിരിക്കും എന്നതായി ആലോചന. തൊട്ടടുത്ത പ്രധാന നഗരം ത്വാഇഫും മക്കയുമെല്ലാമാണ്. തന്റെ മറ്റു രണ്ടു സഹോദരൻമാരെയും - ഹാരിസിനെയും മാലിക്കിനെയും - കൂട്ടി യാസിർ പുറപ്പെട്ടു. വഴിയിലൊക്കെ പരതിപ്പരതി അവർ മക്കാ നഗരത്തിലെത്തി. മക്കയിലും അവർ അരിച്ചു പെറുക്കി. പക്ഷെ ഫലം നിരാശ മാത്രമായിരുന്നു. അവർക്ക് എല്ലാവർക്കും വേണ്ടപ്പെട്ട സഹോദരനായിരുന്നു. പ്രത്യേകിച്ച് സഹോദരവത്സലനായ യാസിറിന്. തെരഞ്ഞ് കുഴങ്ങി അവർ ഒരിടത്തിരുന്നു. ക്ഷീണവും വിശപ്പും ദാഹവുമെല്ലാമുണ്ട്. കയ്യിലുള്ളതും കരുതിയിരുന്നതുമെല്ലാം തീർന്നും പോയി. ആരുടെയെങ്കിലും കാരുണ്യം കിട്ടും എന്ന് കരുതി ഇരിക്കുന്നതിനിടയിൽ ഹുദൈഫ ബിൻ മുഗീറ അവരെ കണ്ടു.



മക്കയിലെ ആഢ്യൻമാരിൽ ഒരാളാണ് ഹുദൈഫ. അബൂജഹലിന്റെ പിതൃവ്യനാണ്. ആളൊരു സൽക്കാരപ്രിയനുമാണ്. അതദ്ദേഹത്തിന്റെ ഔതാര്യ മനസ്സ് കാരണമാണ് എന്നൊന്നും പറഞ്ഞു കൂടാ. മക്കയിൽ അങ്ങനെ ചിലരുണ്ട്. ഒരു തീർഥാടന നഗരമായതിനാൽ എപ്പോഴും വിദേശികൾ അവിടെയുണ്ടാകും. അവരെ സൽക്കരിക്കുകയാണ് ഇവരുടെ ഒരു ജോലി. അതുവഴി പുറംലോകത്ത് താനൊരു ഉദാരമതിയാണ് എന്ന് വരുത്തുവാൻ വേണ്ടി മാത്രം. ഹുദൈഫ അവരെ ഒന്നുകൂടി നോക്കി. യാത്രികരാണെന്നും വിദേശികളാണെന്നും മനസ്സിലായപ്പോൾ അവരെ തന്റെ വീട്ടിലേക്ക് ക്ഷണിച്ചു. അവർ അദ്ദേഹത്തോടൊപ്പം ചെന്നു. അത്തരമൊരു അവസരം കാത്തിരിക്കുകയായിരുന്നുവല്ലോ അവരും. അതിഥികളെ സൽക്കരിക്കാനും പരിചരിക്കാനുമായി മാത്രം അബൂ ഹുദൈഫയുടെ വീട്ടിൽ ഒരു അടിമപ്പെണ്ണുണ്ട്. അൽപം കറുത്തിട്ടാണെങ്കിലും യവ്വനയുക്തയാണ് അവൾ. കാണാൻ ഒരു പ്രത്യേക അഴകുണ്ട്. അവളുടെ സംസാരത്തിന് ഒരു പ്രത്യേക വശ്യതയുണ്ട്.



യാസിർ സൽക്കാരത്തിനിടെ അവളെ ശ്രദ്ധിച്ചു. അയാളുടെ മനസ്സിൽ അവളോട് എന്തോ ഒരു താൽപര്യം ജനിച്ചു. കിട്ടുന്ന അവസരങ്ങളിലൊക്കെയും ഉദ്ദേശപൂർവ്വവും അല്ലാതെയും അയാൾ അവളെ നോക്കി. അങ്ങനെ രണ്ട് അന്യർ തമ്മിൽ കാണുന്നതും വർത്തമാനം പറയുന്നതും ഒന്നും വിലക്കുന്ന ഒരു ധർമ്മശാസ്ത്രവും അക്കാലത്ത് മക്കയിലുണ്ടായിരുന്നില്ല. ഓരോരുത്തർക്കും തന്റെ ഇംഗിതം മാത്രമായിരുന്നു മതം. ആ സമാഗമത്തിൽ അതിനപ്പുറത്തേക്ക് ഒന്നും കടന്നില്ല. എങ്കിലും അവളെ യാസിർ മനസ്സിൽ കുറിച്ചിട്ടു. എല്ലാം നല്ല ഉദ്ദേശത്തോടെ മാത്രം. ആഥിതേയത്വം കഴിഞ്ഞ് അഥിതികൾ നന്ദി പറഞ്ഞിറങ്ങി. ഇറങ്ങുമ്പോഴും യാസിറിന്റെ മനസ്സിൽ ആ അടിമപ്പെണ്ണ് പുഞ്ചിരിച്ച് നിൽക്കുന്നുണ്ടായിരുന്നു. സുമയ്യ. സുമയ്യ ബിൻതു ഖയ്യാത്വ്. (ഖബ്ബാത്വ് എന്നും ചരിത്ര ലിഖിതങ്ങളിൽ കാണാം)



അവർക്ക് തങ്ങളുടെ നാടായ യമനിലേക്ക് മടങ്ങാൻ നേരമായി. അപ്പോൾ യാസിർ സഹോദരങ്ങളോട് പറഞ്ഞു, നിങ്ങൾ മടങ്ങിക്കൊള്ളൂ, ഞാൻ പിന്നെ വരാം. അങ്ങനെ സഹോദരങ്ങൾ യമനിലേക്ക് മടങ്ങി. യാസിറാവട്ടെ, പുതിയ ഓർമ്മകളുടെ മധുരവും നുണഞ്ഞ് മക്കയിൽ തന്നെ തമ്പടിച്ചു. സമർഥനായിരുന്നു യാസിർ. തന്റെ വയറിനു വേണ്ട അന്നത്തിനായി അദ്ദേഹം രാവും പകലുമില്ലാതെ അദ്ധ്വാനിച്ചു. ഒരു വിധം പിടിച്ചു നിൽക്കാമെന്നായപ്പോൾ യാസിർ തന്റെ ആഗ്രഹം അബൂ ഹുദൈഫയോട് തുറന്നു പറഞ്ഞു. കഠിനാധ്വാനം ചെയ്താണെങ്കിലും നിത്യവൃത്തി തേടിയ യാസിറിന് അബൂഹുദൈഫ സുമയ്യയെ വിവാഹം ചെയ്തുകൊടുത്തു. സുമയ്യയുടെ വിധേയത്വത്തിനും യാസിറിന്റെ സാമർഥ്യത്തിനും പകരമെന്നോണം അബൂ ഹുദൈഫ ഒരു പ്രത്യേക സഹായം കൂടി അവർക്ക് ചെയ്തു കൊടുത്തു. അവള്‍ക്ക് ജനിക്കുന്ന കുട്ടികള്‍ സ്വതന്ത്രരാണെന്ന വ്യവസ്ഥയായിരുന്നു അത്. അടിമകളുടെ കുട്ടികൾ സ്വാഭാവികമായും അടിമകളാകും. അതായിരുന്നു അടിമത്വത്തിന്റെ ഏറ്റവും നിരാശാത്മകമായ വശം.



അബൂഹുദൈഫയുമായി സംരക്ഷണ കരാറുണ്ടാക്കി അവര്‍ പുതിയ വീടുവെച്ച് വേറെ താമസിച്ചുതുടങ്ങി. അധികം വൈകാതെ അവരുടെ ദാമ്പത്യവല്ലരിയിൽ സൂനങ്ങൾ വിരിഞ്ഞു. അവർക്ക് മൂന്ന് മിടുക്കരായ ആൺകുട്ടികൾ ജനിച്ചു. അബ്ദുല്ലയും ഹുറൈതും അമ്മാറും. മാതാപിതാക്കളെ പോലെ മക്കളും അദ്ധ്വാനശീലരായിരുന്നു. മാതാപിതാക്കളെ ബഹുമാനിക്കുകയും സ്നേഹിക്കുകയും ചെയ്യുന്ന മക്കൾ. അവർ അദ്ധ്വാനിച്ച് ഉമ്മയെയും ഉപ്പയെയും നോക്കി സംരക്ഷിക്കുമായിരുന്നു. കാലം വേഗം മുന്നോട്ട് നീങ്ങി. യാസിറിനും സുമയ്യക്കും വയസ്സായി. അബൂഹുദൈഫ മരിച്ചു. മക്കളുടെ സംരക്ഷണത്തിൽ സന്തോഷത്തോടെ അവർ ജീവിച്ചു. ആനക്കലഹ സംഭവത്തിന്റെ രണ്ടോ മൂന്നോ വര്‍ഷങ്ങള്‍ക്ക് മുമ്പാണ് ഇതെല്ലാം.



ഇസ്ലാമിന്റെ തണലിലേക്ക്



മുഹമ്മദ് നബി(സ)യിലൂടെ അല്ലാഹു ലോകത്തെ അനുഗ്രഹിച്ചു. അടിച്ചമർത്തപ്പെട്ടവർക്കും ദുർബലർക്കും ലഭിച്ച ആശ്വാസമായിരുന്നു ഇസ്ലാം. ഉച്ചനീചത്വങ്ങളെയും വിവേചനങ്ങളെയും ഉൻമൂലനം ചെയ്ത മനുഷ്യരെ ഏകോദര സഹോദരരാക്കുകയും അതേ സമയം വ്യതിരിക്തതയുടെയും മൂപ്പിളമയുടെയും മാനദണ്ഡം ദൈവഭയവും വിധേയത്വവും മാത്രമാണ് എന്ന് ഉൽഘോഷിക്കുകയായിരുന്നു ഇസ്ലാം. അതിനാൽ അതിലേക്ക് ആദ്യം ആകർഷിക്കപ്പെട്ടത് ദുർബലരായിരുന്നു. അടിമകളും അവശരും ഇസ്ലാമിലൂടെ മോചനം സ്വപ്നം കണ്ടു. ഒരു മനുഷ്യജീവിയായി പോലും അംഗീകരിക്കപ്പെടാതെ ഉടമയുടെ താൽപര്യങ്ങൾക്കും സുഖസന്തോഷങ്ങൾക്കും വേണ്ടി മാത്രം ജീവിക്കേണ്ടി വന്നവരായിരുന്നു അടിമകൾ. ദുർബലരുടെയും അവശരുടെയും ഇസ്ലാമിലേക്കുള്ള ആ ഒഴുക്കിൽ ആ കുടുംബവുമുണ്ടായിരുന്നു. പിതാവ് യാസിറും മാതാവ് സുമയ്യയും മകൻ അമ്മാറും. ആദ്യം സ്വീകരിച്ചത് മകന്‍ അമ്മാറും അതിന് ശേഷം യാസിറും സുമയ്യയും. ഇസ്‌ലാമിന്റെ പ്രാരംഭത്തില്‍ തന്നെ ഇസ്‌ലാം ആശ്ലേഷിക്കുകയും അത് രഹസ്യമായി പ്രഖ്യാപിക്കുകയും ചെയ്ത അബൂബക്കര്‍, ബിലാല്‍, ഖബ്ബാബ്, സുഹൈബ്, അമ്മാര്‍ തുടങ്ങിയ പ്രഗത്ഭരായ ഏഴ് പേരില്‍ ഒരാളാണ് സുമയ്യ(റ).



മക്കയിൽ ഇസ്ലാം പരസ്യമായി പ്രഖ്യാപിക്കപ്പെട്ടതോടെ മക്കയുടെ നേതൃത്വം പകച്ചു. നിലവിലുള്ള വ്യവസ്ഥിതിക്കെതിരെ ഉയരുന്ന ഒരു വിപ്ലവമായാണ് അവർ ഇസ്ലാമിനെ കണ്ടതും കേട്ടതും. അതിനാൽ അവർക്കത് ഉൾക്കൊള്ളാൻ കഴിയുമായിരുന്നില്ല. അതിന്റെ കാരണം അവരുടെ മതമോ വിശ്വാസങ്ങളോ ആചാരങ്ങളോ അവയോടുള്ള പ്രതിപത്തിയോ ഒന്നും ആയിരുന്നില്ല. മറിച്ച് പുതിയ മതം തങ്ങൾ ഇപ്പോൾ അനുഭവിച്ചുവരുന്ന സ്വാതന്ത്ര്യത്തെയും തന്നിഷ്ടത്തെയും മേൽക്കോയ്മയെയുമെല്ലാം തകർത്തുകളയുമെന്ന ഭീതിയായിരുന്നു. മുഹമ്മദോ ഒപ്പമുള്ള ഏതാനും ദുർബലരോ തകർക്കും എന്നല്ല, വ്യവസ്ഥാപിതമായ ഒരു ആദർശ ലോകം സ്ഥാപിക്കപ്പെട്ടാൽ തങ്ങുടെ എല്ലാം സ്വയം തകർന്നുപോകുമെന്ന് അവരുടെ ഉള്ളങ്ങൾ പറയുന്നുണ്ടായിരുന്നു. ഇപ്പോഴുളള ദൈവങ്ങളും അവയെ ചുറ്റിപ്പറ്റിയുളള വിശ്വാസങ്ങളും ഒരുതരം അപകടവും വാശിയും ഉള്ളതല്ല. അവയെ മുമ്പിൽ വെച്ച് അവർക്ക് വേണ്ടതെല്ലാം ചെയ്യാം. അവയെ സുരക്ഷിതമായ ഒരു മറയായി ഉപയോഗിക്കുകയും ചെയ്യാം. മുഹമ്മദിനെ പോലെ സത്യസന്ധനായ ഒരു പ്രവാചകനും ആദർശവുമൊക്കെ സ്ഥാപിക്കപ്പെട്ടാൽ അതെല്ലാം അപകടത്തിലാകും. അതിനാൽ അവർ ശക്തിയുക്തം ഇസ്ലാമിനു നേരെ കയർത്തു ചാടി. ഇസ്ലാമിനു നേരെ എന്നാൽ ഇസ്ലാം സ്വീകരിച്ചവർക്കു നേരെ.



അവരില്‍ അബൂബക്കർ(റ)വിനു നേരെ കയ്യുയർത്തുവാനോ കയ്യോങ്ങുവാനോ ആരും ധൈര്യപ്പെട്ടില്ല. അദ്ദേഹത്തിന്റെ കുലമഹിമയും സ്ഥാനമാനവും അത്ര ഉയർന്നതാണ്. ഖുറൈശിലെ ബനൂ തൈം കുടുംബത്തിലെ അതിപ്രധാനിയായ ഒരു വ്യക്തിത്വമാണ് അദ്ദേഹം. സമ്പന്നനായ ഒരു വസ്ത്ര വ്യാപാരിയുമാണ്. അതെല്ലാം പരിഗണിച്ച് ഖുറൈശികള്‍ അദ്ദേഹത്തെ വെറുതെവിട്ടു. എന്നാല്‍ മറ്റുള്ളവര്‍ അങ്ങനെ ആയിരുന്നില്ല. പറയപ്പെടാവുന്ന സാമൂഹ്യ സ്ഥാനങ്ങൾ ഒന്നും അവർക്കുണ്ടായിരുന്നില്ല. ദുർബ്ബലരെ പീഢിപ്പിച്ച് മക്കയിലെ ജനങ്ങൾക്ക് കൃത്യമായ സന്ദേശം നൽകുക എന്നത് അവരുടെ ഒരു പദ്ധതിയുടെ ഭാഗമായിരുന്നു. അവർ ഖുറൈശികളുടെ ക്രൂരമായ മര്‍ദ്ദനത്തിന് വിധേയമായി. സുമയ്യ, മകന്‍ അമ്മാര്‍, ഭര്‍ത്താവ് യാസിര്‍ എന്നിവരെ ഖുറൈശികള്‍ കഠിനമായി പീഡിപ്പിച്ചുകൊണ്ടിരുന്നു. ഉമയ്യത്ത് ഇബ്‌നു ഖലഫ്, അബൂജഹൽ തുടങ്ങിയ ഖുറൈശി പ്രമുഖരായിരുന്നു മുമ്പിൽ. പാവങ്ങളെ മര്‍ദ്ദിച്ചുകൊണ്ടിരുന്നപ്പോള്‍ മറ്റുള്ളവര്‍ കൈയും കെട്ടി കാണികളായി നോക്കി നില്‍ക്കുകയായിരുന്നു. അന്നത്തെ സാമൂഹ്യ അവസ്ഥയനുസരിച്ച് അതിനേ കഴിയുമായിരുന്നുള്ളു.



പീഢനങ്ങളുടെ ചങ്ങലകളിൽ



വിവിധങ്ങളായ പീഢനങ്ങളായിരുന്നു അവർ ചെയ്തത്. ഒരു പ്രത്യേക രീതിയോ മാർഗ്ഗമോ അവലംബിക്കുന്ന വിധം ആസൂത്രിതമെന്നുമായിരുന്നില്ല അവരുടെ നീക്കങ്ങൾ. കോപവും വാശിയും അവരെ അന്ധരാക്കിയിരിക്കുകയായിരുന്നു. അന്ധമായ വികാരത്തിനടിമപ്പെടുന്ന ആൾക്ക് ചിന്തിക്കാനുള്ള ശേഷി ഉണ്ടാവില്ല. അബൂജഹലും ഒരു സംഘം ചെറുപ്പക്കാരും ചേര്‍ന്ന് അമ്മാറിനെയും മാതാപിതാക്കളെയും വീടിനുളളിൽ ചങ്ങലക്കിടുകയായിരുന്നു ആദ്യം. പിന്നെ അവരെ പുറത്തിറക്കി അവരുടെ വീടിന് തീവെക്കുകയും ചെയ്തു. തുടർന്ന് കിങ്കരന്മാർ വന്ന് സുമയ്യയെയും കുടുംബത്തെയും കൂട്ടിക്കൊണ്ടുപോയി. അവരുടെ കാലുകൾ ബലിഷ്ഠമായ ഇരുമ്പുചങ്ങലകളാൽ ബന്ധിപ്പിക്കപ്പെട്ടിരുന്നു. ഇരുമ്പുചങ്ങലയില്‍ ബന്ധിതരായതിനാൽ നടക്കുവാൻ പ്രയാസമായിരുന്നു അവർക്ക്. ധൃതിയില്‍ നടക്കാന്‍ നിർബന്ധിച്ച് ആ ദുഷ്ടന്മാര്‍ പിന്നില്‍നിന്ന് കുന്തം കൊണ്ടും കഠാരകൊണ്ടും കുത്തി രക്തം ഒഴുക്കി. അതിൽ പിടയുമ്പോൾ അത് കണ്ട് അവർ പൊട്ടിച്ചിരിച്ചു. കുട്ടികള്‍ സുമയ്യയുടെ തലമുടിയും യാസിറിന്റെയും അമ്മാറിന്റെയും താടിയും പിടിച്ചുവലിച്ചു. മണലില്‍ കിടത്തി ഇരുമ്പ് പഴുപ്പിച്ച് നെഞ്ചിലും പാര്‍ശ്വങ്ങളിലും തീപൊള്ളിക്കാന്‍ അബൂജഹൽ തന്റെ കിങ്കരന്മാര്‍ക്ക് ആജ്ഞ നല്‍കി. നെഞ്ചത്ത് ഭാരിച്ച കല്ലുവെച്ച് ചുട്ടുപഴുത്ത മണലിലൂടെ അ വരെ വലിച്ചിഴച്ചു. പൊള്ളലേറ്റ് അബോധാവസ്ഥയിലായപ്പോള്‍ വെള്ളം കൊണ്ടുവന്ന് മുഖത്ത് ഒഴിക്കാനും മര്‍ദ്ദനം തുടരാനും അയാള്‍ നിര്‍ദേശിച്ചു. അബോധാവസ്ഥയിൽ പീഡിപ്പിച്ചാൽ അതിന്റെ വേദന ഇരകൾക്ക് അനുഭവപ്പെടില്ലല്ലോ.



അക്കാലം കണ്ട ഏറ്റവും ഭീകരമായ കാഴ്ചകളായിരുന്നു അതെല്ലാം. ഉടമകൾ അടിമകളെ പീഡിപ്പിക്കുന്നത് പതിവായിരുന്നു. പക്ഷെ, അത് ഇത്ര നീളുകയില്ല. കാരണം ഉടമയുടെ പീഡനത്തിന് വിധേയരാകുന്ന അടിമകൾ പൊതുവെ വേഗം ശാന്തരായിത്തീരും. ഇനി വല്ല എതിർപ്പും പ്രകടിപ്പിച്ചാൽ തന്നെ അത് ഒറ്റവെട്ടിന് ഉടമ തീർപ്പാക്കും. അല്ലെങ്കിൽ അനുസരണയില്ലാത്ത അടിമയെ വിറ്റുകളയും. ഇവിടെ പക്ഷെ, വിഷയം വ്യത്യസ്ഥമാണ്. പീഡനത്തിന്റെ രീതിയും വ്യത്യസ്ഥമാണ്. അതുകൊണ്ടുതന്നെ ഇരയുടെ പ്രതികരണവും വ്യത്യസ്ഥമാണ്. ഇരകളായ സ്വഹാബിമാർ കഠിനമായ ശിക്ഷകൾ ഏൽക്കുമ്പോഴെല്ലാം ഒരു കൂസലുമില്ലാതെ നിൽക്കുക മാത്രമായിരുന്നു. പൊതുവെ ഇര ശിക്ഷ ഏറ്റുവാങ്ങുമ്പോൾ ഇങ്ങനെ സഹനമോ ക്ഷമയോ അവലംബിച്ചു നിൽക്കുകയാണ് എങ്കിൽ അത് ശിക്ഷിക്കുന്നവനെ അതിവേഗം പ്രകോപിതനാകും. ഇതേ അവസ്ഥയാണ് അവിടെയുണ്ടായത്. യാസിർ കുടുംബത്തിന്റെ കാര്യത്തിൽ മാത്രമല്ല, ബിലാലിന്റെയും മറ്റും അനുഭവങ്ങളിലും ഇതു തന്നെയാണ് ഉണ്ടായത്. വലിയ ശക്തിയോടെ അവർ ശിക്ഷിക്കപ്പെട്ടപ്പോൾ അവർ കൂസലില്ലാതെ നിന്നത് ശത്രുക്കളെ പ്രകോപിപ്പിച്ചു. അതിനെ തുടർന്ന് അവർ ചരിത്രത്തിൽ കേട്ടുകേൾവിയില്ലാത്ത വിധം വേട്ടയാടപ്പെട്ടു. യാസിർ കുടുംബം ചരിത്രത്തിൽ തുല്യതയില്ലാത്ത വിധം പീഡനങ്ങൾക്കു വിധേയരായി.



വിശ്വാസത്തിന്റെ ശക്തി



മുഹമ്മദിന്റെ മതം ഉപേക്ഷിച്ചില്ലെങ്കില്‍ നിങ്ങള്‍ പുലര്‍ക്കാലം കാണില്ലെന്ന് അബൂ ജഹൽ ആക്രോശിച്ചു. ഓരോ ശിക്ഷാമുറകള്‍ കഴിയുമ്പോഴും അബൂജഹൽ കൂടുതല്‍ ക്രുദ്ധനാവുകയായിരുന്നു. എഴുപത് വയസ്സ് പിന്നിട്ട വൃദ്ധയായ സുമയ്യ(റ)ക്ക് താങ്ങാവുന്നതിലും അപ്പുറമായിരുന്നു ഈ ശിക്ഷാമുറകള്‍. എന്നിട്ടും ആ ധീര വനിത സധൈര്യം സഹിക്കുകയും ക്ഷമിക്കുകയും ചെയ്തു. അവരുടെ അചഞ്ചലമായ ഈമാന്‍ കൂടുതല്‍ സഹിക്കാനും ക്ഷമിക്കാനും അവര്‍ക്ക് കഴിവ് പകര്‍ന്നു. ശരിയായ വിശ്വാസം അങ്ങനെയാണ്. അത് മനസ്സിന് ധൈര്യവും സ്ഥൈര്യവും നൽകും. ഏതു പീഡനവും സരളമായി തോന്നും. ഇബ്റാഹിം നബി(അ), ഫറോവയുടെ ഭാര്യ ആസിയ(റ) തുടങ്ങി നിരവധി മഹത് ജീവിതങ്ങൾ അത് തെളിയിച്ചിട്ടുള്ളതാണ്. അറിവ് തിരിച്ചറിവ് എന്ന ഘട്ടത്തിലേക്ക് കടക്കുമ്പോഴാണ് ഇത്തരം ദൃഢമായ വിശ്വാസം ഉണ്ടാവുന്നത്. അതുകൊണ്ട് തന്നെ പരീക്ഷണങ്ങൾക്ക് മുമ്പിലാണ് യഥാർഥ വിശ്വാസത്തെ തിരിച്ചറിയുവാനും കഴിയുക. പരീക്ഷണങ്ങൾക്കുമുമ്പിൽ എത്തിപ്പെടുമ്പോൾ ഒരാൾ ചഞ്ചലനാവുന്നുണ്ട് എങ്കിൽ അവന്റെ വിശ്വാസം വെറുമൊരു അവകാശവാദം മാത്രമായിത്തീരുന്നു. പ്രവാചകൻമാരടക്കം സച്ചരിതരായ ആൾക്കാരാണ് ഏറ്റവും വലിയ പരീക്ഷണങ്ങൾക്ക് വിധേയരാവുക എന്ന നബി വചനം ഇവിടെ സ്മര്യമാണ്. അവരുടെ ഈമാൻ മതിയായ ബലമുള്ളതാണോ എന്നു പരീക്ഷിക്കുവാൻ വേണ്ടിയാണ് അവർക്ക് കൂടുതൽ പരീക്ഷണങ്ങൾ നൽകുന്നത്.



യാസിർ കുടുംബത്തിന്റെ ദൃഢചിത്തതക്ക് മുന്നില്‍ തോറ്റത് അബൂജഹ്‌ലും കൂട്ടരുമായിരുന്നു. തങ്ങളുടെ ശിക്ഷകൾ ഏൽക്കുന്നില്ല എന്നു കണ്ടതും അവർ കൂടുതൽ കോപാകുലരായി. ശിക്ഷ ഇരട്ടിപ്പിക്കുകയല്ലാതെ മറ്റൊരു മാര്‍ഗവും അവര്‍ക്ക് മുന്നിലുണ്ടായിരുന്നില്ല. ഇങ്ങനെ നാനാവിധം ശിക്ഷാമുറകള്‍ പ്രയോഗിക്കുമ്പോഴാണ് വിവരമറിഞ്ഞ് ആ വഴിയെ പ്രാചകന്‍(സ) കടന്നുചെന്നത്. ശത്രുക്കള്‍ മൂവരെയും കൈകാലുകള്‍ ബന്ധിച്ച് മണലില്‍ കിടത്തി നെഞ്ചത്ത് കനത്ത പാറക്കഷ്ണങ്ങള്‍ വെച്ചിട്ടുണ്ട്. ഇരുമ്പ് പഴുപ്പിച്ച് വെക്കുകയും വടികൊണ്ടും കുന്തം കൊണ്ടും കുത്തുകയും ചെയ്യുന്നുണ്ട്. നബി(സ)യുടെ കണ്ണുകള്‍ നിറഞ്ഞു. നബി(സ) നിസ്സഹായനാണ്. ആശ്വസിപ്പിക്കാനല്ലാതെ മറ്റൊന്നും ചെയ്യാന്‍ കഴിയുമായിരുന്നില്ല. തിരുമേനി അറിയിച്ചു: യാസിര്‍ കുടുംബമേ, ക്ഷമിക്കുക. നിങ്ങളുടെ വാഗ്ദത്ത ഭവനം സ്വര്‍ഗമാണ്. അന്നേരം സുമയ്യ പറഞ്ഞു: അങ്ങ് അല്ലാഹുവിന്റെ ദൂതനാണ്. താങ്കളുടെ വാഗ്ദാനം സത്യമാണ്. യാസിര്‍(റ) പ്രാചകനോട് ചോദിച്ചു: പ്രവാചകരേ, ഏതുവരെയാണ് ഈ പരീക്ഷണങ്ങള്‍? അതിന് മറുപടിയായി പ്രവാചകന്‍ പറഞ്ഞു: ക്ഷമിക്കുക. പ്രവാചകന്‍ പ്രാര്‍ഥിച്ചു. അല്ലാഹുവേ, യാസിറിന്റെ കുടുംബത്തിന് പാപമോചനം നല്‍കേണമേ..



പരാജയബോധം അബൂജഹ്‌ലിനെ രാക്ഷസനാക്കിത്തീര്‍ത്തു. ഖുറൈശികളില്‍ ഉഗ്രപ്രതാപിയായ താന്‍ ഒരു അടിമപ്പെണ്ണിനോടു തോറ്റുകൂടാ. അബൂജഹൽ സുമയ്യ(റ)യുടെ നാഭിക്ക് ചവിട്ടി.
നീയും നിന്റെ ദൈവങ്ങളും തുലയട്ടെ എന്നേ അപ്പോഴും അവള്‍ പറഞ്ഞുള്ളൂ. തല്‍സമയം ആ രാക്ഷസന്‍ തന്റെ ഇരുതല മൂര്‍ച്ചയുള്ള കഠാരകൊണ്ട് സുമയ്യയെ ആഞ്ഞുകുത്തി. ആ കുത്തേറ്റ് കലിമ ചൊല്ലുന്നതിനിടയില്‍ സുമയ്യയുടെ ദേഹം നിശ്ചലമായി. അങ്ങനെ അവര്‍ ഇസ്‌ലാമിലെ പ്രഥമ രക്തസാക്ഷി എന്ന പദവി അലങ്കരിക്കുകയും ചെയ്തു. പ്രവാചക ലബ്ധിയുടെ ഏഴാം വര്‍ഷമാണ് ഈ സംഭവം.



അല്ലാഹുവിന്റെ പ്രതികാരം



അംറ് ബിൻ ഹിശാം എന്ന അബൂ ജഹൽ ഇസ്ലാമിനോടും സ്ലിംകളോടും ചെയ്തു കൂട്ടിയ തെമ്മാടിത്തരങ്ങൾക്ക് കയ്യും കണക്കുമില്ല. അതിന് അല്ലാഹു ദുനിയാവിൽ വെച്ചുതന്നെ ശിക്ഷ നൽകി. ഹിജ്റ രണ്ടാം വർഷം നടന്ന ബദർ യുദ്ധത്തിലായിരുന്നു അത്. ആ യുദ്ധം തന്നെ അബൂജഹൽ വരുത്തി വെച്ചതായിരുന്നു. യുദ്ധം തന്നെ വേണം എന്ന വാശി അയാൾക്കാണുണ്ടായിരുന്നത്. നേതാക്കളിൽ തന്നെ പലരും ഈ യുദ്ധം വേണ്ട എന്ന് തുറന്നു പറഞ്ഞതായിരുന്നു. പ്രത്യേകിച്ചും അബൂ സുഫ്‌യാനും കച്ചവടസംഘവും രക്ഷപ്പെട്ടു എന്നറിഞ്ഞപ്പോൾ. മക്കയിലെ അധീശാധികാരിയായിരുന്നതിനാൽ അയാൾ ഇടിച്ചുകയറി നേതൃസ്ഥാനത്ത് സ്വയം അവരോധിക്കുമായിരുന്നു. വിളിച്ചു വരുത്തിയ യുദ്ധം തുടങ്ങിയതും അവരുടെ നിരകള്‍ക്കിടയില്‍ വിള്ളലുകള്‍ പ്രത്യക്ഷപ്പെട്ടു തുടങ്ങിയപ്പോള്‍ ജനങ്ങൾക്ക് നിരാശ വന്നു. പക്ഷെ, അബൂജഹല്‍ അവരെ സമാശ്വസിപ്പിക്കുകയും അവരുടെ ദേവതകളായ ലാത്തയേയും ഉസ്സയേയും സത്യം ചെയ്തുകൊണ്ട് അവരെ ആവേശഭരിതരാക്കുകയും ചെയ്തുകൊണ്ടിരുന്നു. പക്ഷെ, മുസ്ലിംസൈന്യത്തിന്റെ കുതിച്ചുകയറ്റം എല്ലാ നിരകളേയും ഭേദിച്ചു അബൂജഹലിന്റെ സമീപത്തുമെത്തി. മുശ്രിക്കുകള്‍ അബൂജഹലിന് ചുറ്റും കുന്തവും വാളും നിരത്തി. ഒരു മതില്‍ കെട്ടുതന്നെ തീര്‍ത്തു. പക്ഷെ, കൊടുങ്കാറ്റു കണക്കെ ആഞ്ഞുവീശിയ മുസ്ലിം മുന്നേറ്റം അവയെല്ലാം പിഴുതെറിഞ്ഞു. അഹങ്കാരത്തോടെ തലയുയർത്തി യുദ്ധക്കളത്തിലൂടെ അഹങ്കരിച്ച് നടക്കുമ്പോൾ അയാൾ അറിഞ്ഞില്ല, തന്റെ രക്തത്തിന് ദാഹിച്ചുകൊണ്ട് രണ്ടു അന്‍സാരി യുവാക്കള്‍ വാളുമേന്തിനില്ക്കുന്നുണ്ട് എന്ന്.



ഈ ധിക്കാരിയുടെ ദയനീയ പതനത്തിന് ദൃക്സാക്ഷിയായ അബ്ദുര്‍റഹ്മാന്‍ ബിന്‍ ഔഫ്(റ) പറയുന്നു: ഞാന്‍ ബദര്‍ യുദ്ധദിവസം യുദ്ധമുന്നണിയില്‍ നില്ക്കുമ്പോള്‍ എന്റെ ഇടതും വലതും വശങ്ങളില്‍ രണ്ടു യുവാക്കള്‍ സ്ഥാനമുറപ്പിച്ചിരുന്നു. അതില്‍ ഒരുവന്‍ അപരന്‍ കേള്‍ക്കാതെ എന്നോട് ചോദിക്കുന്നു. എവിടെയാണ് അബൂജഹല്‍? ഞാന്‍ ചോദിച്ചു: അവനെ കണ്ടിട്ടു നീയെന്തുചെയ്യാനാണ്?. അവന്‍ അല്ലാഹുവിന്റെ ദൂതരെ അധിക്ഷേപിച്ചിട്ടുണ്ടെന്ന് ഞാന്‍ കേട്ടിട്ടുണ്ട്. അവനെ കണ്ടാല്‍ അവന്റെ കഥ ഞാന്‍ കഴിക്കുകതന്നെ ചെയ്യും. ഇതുകേട്ട ഞാന്‍ അത്ഭുതപ്പെട്ടു. ഉടനെ മറുവശത്ത് നിന്ന് എന്നെ തോണ്ടി, ഇതേ കാര്യംതന്നെ അവിടെ നിൽക്കുന്നവനും പറഞ്ഞു. അബുജഹലിനെ ഞാനവര്‍ക്ക് കാണിച്ചുകൊടുത്തു. അയാളെ കാണേണ്ട താമസം രണ്ടുപേരും ഒറ്റക്കുതിപ്പിന് അവന്റെയടുക്കലെത്തി അവന്റെ കഥ കഴിച്ചു. എന്നിട്ട് റസൂല്‍(സ)യെ സമീപിച്ചു. ഓരോരുത്തരും താനാണ് വധിച്ചതെന്ന് അവകാശപ്പെട്ടു. റസൂല്‍(സ) അവരുടെ വാളിലെ രക്തം പരിശോധിച്ചു രണ്ടുപേരും ചേര്‍ന്നാണ് വധിച്ചതെന്ന് വിധിച്ചു.



യുദ്ധത്തിന് ശേഷം അബൂജഹലിന്റെ ശരീരത്തിലുണ്ടായിരുന്ന സാധനങ്ങള്‍ മുആദ്ബിന്‍ അംറ് ബിന്‍ അല്‍ ജൂമൂഹിന് നല്കാന്‍ വിധിച്ചു. ഈ രണ്ടു യുവാക്കള്‍ മുആദും മുഅവ്വിദ് ബിന്‍ അഫ്റാഉമായിരുന്നു. ഇതില്‍ ഒരാള്‍ക്ക് മാത്രം നല്കാന്‍ കാരണം അപരന്‍ ഈ യുദ്ധത്തില്‍ തന്നെ രക്തസാക്ഷിയായതുകൊണ്ടായിരുന്നു. യുദ്ധാനന്തരം അബൂജഹലിനെ കണ്ടുപിടിക്കാന്‍ റസൂല്‍(സ) നിര്‍ദേശിച്ചു. ചക്രശ്വാസം വലിക്കുന്ന അവസ്ഥയില്‍ ഇബ്നു മസ്ഊദ് അവനെ കണ്ടെത്തി. തന്റെ കാല്‍ പിരടിയില്‍ ചവിട്ടി താടിപിടിച്ച് വലിച്ചുകൊണ്ട് ഇബ്നുമസ്ഊദ്(റ) ചോദിച്ചു: അല്ലാഹുവിന്റെ ശത്രുവേ! അല്ലാഹു നിന്നെയിപ്പോള്‍ നിന്ദിതനാക്കിയില്ലേ?. അപ്പോഴും അവന്‍ ആക്രോശിച്ചു. എനിക്ക് എന്ത് നിന്ദ്യത? എന്റെ സ്വന്തം ജനത എന്നെ യുദ്ധത്തില്‍ വധിച്ചുവെന്ന് മാത്രം! അതിന് ശേഷം ഇബ്നു മസ്ഊദ്(റ) അവന്റെ ശിരസ്സറുത്ത് റസൂല്‍(സ)യെ കാണിച്ചു. ഇതാ ദൈവദൂതരെ അല്ലാഹുവിന്റെ ശത്രുവിന്റെ ശിരസ് ഇബ്നുമസ്ഊദ് പറഞ്ഞു. ഇതുകണ്ട റസൂല്‍(സ) പ്രഖ്യാപിച്ചു: ഇതാണ് ഈ സമുദായത്തിന്റെ ഫിര്‍ഔന്‍! ഈ സാഹചര്യത്തിൽ പ്രവാചകന്‍(സ) അമ്മാർ(റ)വിനെ വിളിച്ച് പറഞ്ഞു: നിന്റെ ഉമ്മയുടെ ഘാതകന്‍ അബൂജഹൽ വധിക്കപ്പെട്ടു. അങ്ങനെ സുമയ്യ(റ)യുടെ രക്തസാക്ഷിത്വത്തിന്റെ എതാണ്ട് എട്ട് വര്‍ഷങ്ങള്‍ക്ക് ശേഷം അമ്മാറിന്റെ പ്രതികാര വാഞ്ജ തീരുകയും മനസ്സ് പ്രശാന്തമാവുകയും ചെയ്തു.



മകന്റെ സൗഭാഗ്യങ്ങൾ



കൊടിയ പീഡനങ്ങളിൽ യാസിർ(റ) രക്തസാക്ഷിയായി. ഉമ്മയും. സ്വന്തം മാതാപിതാക്കളുടെ ദൈന്യതയാർന്ന വിയോഗം ആ മകന്റെ മനസ്സിൽ കെടാത്ത ദുഖമാണ് കത്തിച്ചുവെച്ചത്. ഹിജ്റക്കുശേഷം അടിത്തറ പാകിയ പുതിയ സമൂഹത്തില്‍ അമ്മാര്‍(റ)ന്‍റെ കുടുംബത്തിന് ഉന്നത പദവിയായിരുന്നു ലഭിച്ചത്. അവര്‍ക്ക് ഇഷ്ടമില്ലാത്തത് പറയാനോ വേദനിപ്പിക്കാനോ അവരോട് കോപിക്കാനോ ആരും മിനക്കെട്ടിരുന്നില്ല. ഒരിക്കല്‍ ഖാലിദുബ്നുല്‍ വലീദ്(റ) അമ്മാര്‍(റ)നോട് എന്തിനെയോ ചൊല്ലി ഉടക്കി. അമ്മാറിന്‍റെ മുഖത്ത് ദുഃഖം നിഴലിട്ടപ്പോള്‍ റസൂല്‍(സ) ഓര്‍മപ്പെടുത്തി: അമ്മാറിനോട് ആരും പിണങ്ങരുത്. പിണങ്ങിയവരോട് അല്ലാഹു പിണങ്ങും. അമ്മാറിനോട് കോപിച്ചവരോട് അല്ലാഹു കോപിക്കും.
ഇത് കേട്ടപാടെ ഖാലിദ്(റ) ഓടിവന്നു പറഞ്ഞു: പൊന്നുസുഹൃത്തേ, ക്ഷമിക്കണം, മാപ്പാക്കണം.
നല്ല പൊക്കവും വിരിഞ്ഞമാറിടവും നീലക്കണ്ണുകളുമുള്ള മിതഭാഷിയായിരുന്നു അമ്മാര്‍(റ). തിരുജീവിതത്തിന്‍റെ എല്ലാ രംഗങ്ങളിലും അദ്ദേഹം റസൂലിനൊപ്പം നിന്നു. ബദ്ര്‍, ഉഹ്ദ് തുടങ്ങിയവയിലും തിരുദൂതര്‍ക്ക് ശേഷം റോമ, പേര്‍ഷ്യന്‍, യമാമ യുദ്ധങ്ങളിലും അദ്ദേഹം സജീവമായി പങ്കുകൊണ്ടു. സദാകര്‍മനിരതനായ അമ്മാറിനോട് റസൂല്‍(സ) ഒരാത്മബന്ധം സൂക്ഷിച്ചിരുന്നു, അദ്ദേഹം തിരിച്ചും.



കള്ള പ്രവാചകൻ മുസൈലിമക്കെതിരെയുള്ള യമാമയിലെ മുസ്‌ലിം സൈനികര്‍ ഭൂരിഭാഗവും നവാഗതരായിരുന്നു. ശത്രുമുന്നേറ്റം പ്രതിരോധിക്കാന്‍ കഴിയാതെ അവരില്‍ ചിലര്‍ ചിതറിയ ഘട്ടത്തില്‍ അമ്മാറിനെ പോലുള്ളവര്‍ക്ക് കടുത്ത യാതനകള്‍ സഹിക്കേണ്ടിവന്നു. എങ്കിലും അമ്മാര്‍ ശത്രുനിരയില്‍ നഷ്ടം വരുത്തിക്കൊണ്ടിരുന്നു. ഇബ്നു ഉമര്‍(റ)ന്‍റെ ദൃക്സാക്ഷി വിവരണം കേള്‍ക്കുക:
യമാമ യുദ്ധ ദിവസം അമ്മാര്‍(റ) ഒരു പാറക്കല്ലില്‍ കയറിനിന്ന് ഇങ്ങനെ പറയുന്നതു ഞാന്‍ കേട്ടു; മുസ്‌ലിം സമൂഹമേ, സ്വര്‍ഗത്തില്‍ നിന്നാണ് നിങ്ങള്‍ പിന്തിരിഞ്ഞുപോകുന്നത്. ഞാനിതാ അമ്മാറുബ്നു യാസിര്‍… വരിക, വരിക. അപ്പോള്‍ അദ്ദേഹത്തിന്‍റെ ഒരു ചെവി അറ്റുതൂങ്ങുകയും രക്തം ധാരയായി ചുമലിലൂടെ ഒഴുകുന്നുമുണ്ടായിരുന്നു. കൂഫയിലെ ഗര്‍ണറായി ഖലീഫ ഉമര്‍(റ) അമ്മാറിനെ നിയമിച്ചുകൊണ്ട് അന്നാട്ടുകാര്‍ക്കെഴുതി: അമ്മാറിനെ ഗവര്‍ണറായും ഇബ്നു മസ്ഊദിനെ മുഅല്ലിമുമായി നിശ്ചയിച്ച് ഇതാ അയക്കുന്നു. അവരിരുവരും ബദ്രീങ്ങളും തിരുശിഷ്യരില്‍ പ്രശസ്തരുമാണ്. പദവിയും അധികാരവും ചിലരെ അഹങ്കാരികളും ധിക്കാരത്തിന്‍റെ കുന്തമുന ഉയര്‍ത്തുന്നവരുമാക്കുമെങ്കില്‍ അമ്മാര്‍(റ)നെ ഗവര്‍ണര്‍ പദവി കൂടുതല്‍ ഭക്തനും വിനയാന്വിതനുമാക്കി. ഒരാളുടെ വിവരണം ഇങ്ങനെ: കൂഫ മാര്‍ക്കറ്റില്‍ ഗവര്‍ണര്‍ അമ്മാര്‍(റ) വന്നു. ചില പച്ചക്കറികള്‍ വാങ്ങി കയറുകൊണ്ട് വരിഞ്ഞുകെട്ടി ചുമലിലേറ്റി നടന്നു പോകുകയായിരുന്നു. ചെവിമുറിയാ…, ഒരാള്‍ ഗവര്‍ണറെ നീട്ടിവിളിച്ചു പരിഹസിച്ചു. ഗവര്‍ണര്‍ അടുത്തുചെന്നു പറഞ്ഞു: എന്‍റെ മേനിയിലെ ഒരുത്തമ അംഗത്തെയാണ് നീ പരിഹസിക്കുന്നത്. ഇതെങ്ങനെയാണ് മുറിഞ്ഞതെന്നറിയുമോ? യമാമയില്‍ വെച്ച് റബ്ബിന്‍റെ മാര്‍ഗത്തില്‍ മുറിഞ്ഞു പോയതയാണ്….



നബി(സ) ഒരിക്കൽ പ്രവചിച്ചു: എന്‍റെ അമ്മാറേ, താങ്കളെ എന്‍റെ ഈ ആളുകള്‍ വധിക്കില്ല. ഒരു താന്തോന്നി സംഘത്തിന്‍റെ കരങ്ങളാലാവും താങ്കള്‍ മരണം വരിക്കുക.
മറ്റൊരു സംഭവത്തിൽ ഇങ്ങനെ കാണാം. തന്നെക്കാള്‍ ഉയരമുള്ള ഒരു ഭിത്തിക്കടുത്ത് നിന്ന് ജോലി ചെയ്യവെ അത് തകര്‍ന്നു അമ്മാറിന്‍റെ മേല്‍ പതിച്ചു. അമ്മാറിന് ജീവഹാനി പറ്റിക്കാണുമോ എന്നാശങ്കിച്ച് ഓടിവന്നവരോട് പ്രവാചകര്‍(സ്വ) പറഞ്ഞു: ഇല്ല, അമ്മാറിന്‍റെ ജീവന്നൊന്നും പിണഞ്ഞുകാണില്ല. ഒരക്രമി സംഘത്തിന്‍റെ കൈകളാലാവും അമ്മാറിന്‍റെ അന്ത്യം. മതില്‍ തകര്‍ന്നുള്ള അപകടത്തില്‍ അമ്മാറിനൊന്നും പറ്റിയിരുന്നില്ല. കാലചക്രം കറങ്ങി. നാലാം ഖലീഫ അലി(റ)യുടെ ഭരണകാലം. മുആവിയ(റ)യും അദ്ദേഹവും തമ്മില്‍ നടന്ന സ്വിഫ്ഫീന്‍ യുദ്ധത്തില്‍ അലി(റ)ന്‍റെ പക്ഷത്തായിരുന്നു അമ്മാര്‍(റ). അപ്പോൾ 93 വയസ്സുണ്ടായിരുന്ന അദ്ദേഹം മുപ്പതുകാരനെപ്പോലെ പടപൊരുതവെ എല്ലാവരെയും ഞെട്ടിച്ചു കൊണ്ട് പറഞ്ഞു: ഇന്ന് ഞാന്‍ എന്‍റെ പ്രിയപ്പെട്ട റസൂലിനെയും അനുചരന്മാരെയും കണ്ടുമുട്ടും…
അമ്മാറിന്‍റെ കൊലയാളി താനാവരുതെന്നു കരുതി മുആവിയ പക്ഷക്കാരില്‍ പലരും അദ്ദേഹത്തോട് ഏറ്റുമുട്ടാതെ മാറിനിന്നു. കാരണം ഈ വന്ദ്യ സ്വഹാബിയെ കൊല്ലുന്നവർ ദുർമ്മാർഗ്ഗിയായിരിക്കും എന്ന റസൂൽ(സ) യുടെ പ്രവചനം നിലനിൽക്കുന്നുണ്ടല്ലോ. എങ്കിലും അവരുടെ വാളാല്‍ തന്നെ അമ്മാര്‍(റ) ആ യുദ്ധത്തിൽ രക്തസാക്ഷിയായി. ഇത് മുസ്‌ലിംകള്‍ക്കിടയില്‍ വിവാദമുണ്ടാക്കി. തിരുദൂതരുടെ പ്രവചനം അവരുടെ ഓര്‍മയില്‍ ഓടിയെത്തി. അമ്മാറിന്‍റെ ഘാതകര്‍ അക്രമികളും സത്യത്തില്‍ നിന്നു വ്യതിചലിച്ചവരുമാണെന്ന് അവര്‍ വിലയിരുത്തി.



വിശ്വാസദൃഢതയും വേണ്ടത്ര പക്വതയും കൈവരിച്ചിട്ടില്ലാത്ത അതിര്‍ത്തി പ്രദേശക്കാരായിരുന്നു മുആവിയ പക്ഷത്തിലധികവും. അവരിലാരോ ആണ് ആ കടുംകൈ ചെയ്തത്. അമ്മാര്‍(റ)നെ രണാങ്കണത്തിലിറക്കിയവരാണ് യഥാര്‍ത്ഥത്തില്‍ ഘാതകരെന്ന് മറുപക്ഷവും നിലപാടെടുത്തു.
സ്വിഫ്ഫീന്‍ പടക്കളത്തില്‍ രക്തത്തില്‍ കുളിച്ചുകിടക്കുന്ന അമ്മാറുബ്നു യാസിര്‍(റ)ന്‍റെ മൃതശരീരം അലി(റ) കോരിയെടുത്തു മാറോടണച്ചു. രക്തം പുരണ്ട വസ്ത്രത്തില്‍ തന്നെ പൊതിഞ്ഞു മറവുചെയ്തു. (ശറഹുമുസ്‌ലിം, അല്‍ ഇസ്വാബ, സുവറുന്‍ മിന്‍ ഹയാതിസ്വഹാബ എന്നിവയിൽ നിന്ന്)



0 Comments

No comments yet.

Leave a Comment

© www.thdarimi.in. All Rights Reserved. Designed by zainso