Thoughts & Arts
Image

സരളമായതിനെ സങ്കീർണ്ണമാക്കരുത്

23-05-2022

Web Design

15 Comments






വിശ്വാസികൾ ഏറ്റവും അധികം ആവർത്തിക്കുന്ന പ്രാർഥന സൂറത്തുൽ ഫാത്തിഹയിലെ നീ ഞങ്ങളെ നേരായ മർഗ്ഗത്തിലേക്ക് നയിക്കേണമേ എന്ന പ്രാർഥനയാണ്. എല്ലാ നിസ്കാരങ്ങളിലും ഓരോ റക്അത്തിലും അവർ ഇത് ആവർത്തിക്കുന്നു. സ്വിറാത്തൽ മുസ്തഖീം എന്നത് വിവക്ഷിക്കുന്നത് വളവും തിരിവും കയറ്റവും ഇറക്കവുമില്ലാത്ത, അനായാസം ഒഴുകിപ്പോകാവുന്ന ഋജുവായ മാർഗ്ഗമാണ്. അതുന്നെയാണ് ഇസ്ലാം. പ്രയാസവും ഭാരവും ക്ലേശവുമൊന്നുമില്ലാതെ സരളമായി അനുധാവനം ചെയ്യാവുന്ന ഒരു ജീവിത മാർഗ്ഗമാണത്. എന്നാൽ ഇങ്ങനെ ആവർത്തിച്ച് പ്രാർഥിക്കുന്നത് മനുഷ്യർ തങ്ങളുടെ അജ്ഞത കാരണം കാര്യങ്ങൾ ആവശ്യമില്ലാതെ തീവ്രമാക്കുകയും മതം എന്നത് ഒരു പാട് കഷ്ടപ്പെട്ടും ക്ലേശിച്ചും ബലം പിടിച്ചും ചെയ്യേണ്ടതാണ് എന്ന ധരിച്ചു വശാകുകയും ചെയ്യാനുളള സാധ്യത കൂടുതലുള്ളതുകൊണ്ടാണ്. അത്തരം നിലപാടുകളിലേക്ക് നയിക്കുന്നത് സത്യത്തിൽ പിശാചാണ്. ആ ക്ലേശങ്ങൾ വിശ്വാസിയിൽ പ്രയാസമുണ്ടാക്കും. മറ്റുള്ളവരെ അകറ്റി നിറുത്തും. ഇസ്ലാം ഭാരമാണ് എന്നു വരുത്തി മനുഷ്യരെ അതിൽ നിന്നും അകറ്റേണ്ടത് പിശാചിന്റെ ആവശ്യവും ദൗത്യവുമാണല്ലോ. മതത്തെ കുറിച്ചുള്ള ശരിയായ അറിവും ധാരണയും ഇല്ലാത്തതാണ് ഇത്തരം അമിതത്വങ്ങളിലേക്ക് നയിക്കുന്നത്. മതപരമായ അറിവില്ലാത്തവരിലാണല്ലോ ഇതെല്ലാം കൂടുതലായി കാണപ്പെടുന്നത്.



അബ്ദുല്ലാഹിബ്‌നു അബ്ബാസ്(റ) പറയുന്നു: (മിനായില്‍ എറിയാന്‍) കല്ല് ശേഖരിക്കുന്ന ദിവസം നബി(സ) എന്നോട് പറഞ്ഞു: വരൂ. എനിക്ക് ചെറിയ കല്ലുകള്‍ പെറുക്കിക്കൊണ്ടു വരൂ. ഞാന്‍ കുറച്ചു കല്ലുകള്‍ പെറുക്കിക്കൊണ്ടുകൊടുത്തു. അവ തന്റെ കൈവെള്ളയില്‍ വെച്ച് ശ്രദ്ധിച്ച് നോക്കിക്കൊണ്ട് നബി(സ) പറഞ്ഞു: അതേ, ഇതുപോലുള്ള കല്ലുകളാണ് ഞാന്‍ ഉദ്ദേശിച്ചത്. മതത്തില്‍ അതിരുകവിയുന്നത് നിങ്ങള്‍ സൂക്ഷിക്കണം. മതത്തിലെ അതിരുകവിയലാണ് നിങ്ങളുടെ മുമ്പുള്ളവര്‍ക്ക് നാശനിമിത്തമായത് (ഇബ്‌നുമാജ). നാം പറഞ്ഞു വരുന്ന ആശയത്തിന്റെ എല്ലാ അർഥവും ഉൾക്കൊളളുന്നതാണ് ഈ ഹദീസ്. മിനായിൽ ജംറകളിലേക്കുള്ള കല്ലേറുമായി ബന്ധപ്പെട്ടാണ് ഈ ഹദീസിന്റെ പശ്ചാത്തലം. അവിടെ തീർഥാടകർ എറിയുന്നത് പിശാചിനെ ആണെന്നും ജംറകൾ അടയാളപ്പെടുത്തിയ സ്തൂപങ്ങൾ പിശാചിന്റെ പ്രതിരൂപങ്ങളാണെന്നും ധരിക്കുന്ന ചില വിശ്വാസികൾ ഇപ്പോഴും പിന്തുടരുന്ന ഒരു സമീപനമാണിത്. പിശാചിനെ എറിയാന്‍ ചെറിയ കല്ലുകളേക്കാള്‍ വലിയ കല്ലുകളാണ് വേണ്ടത് എന്നും അത് പരമാവധി ഗൗരവത്തിലും ഈർഷ്യതയിലും തന്നെ ചെയ്യണ് മെന്നുമുളള ഒരു തോന്നൽ ഉണ്ടാകുകയാണ് ഈ പറഞ്ഞ ചിലർക്ക്. അവരാണ് വലിയ കല്ലുകൾ കൊണ്ടും ചെരുപ്പുകൾ തുടങ്ങിയ വസ്തുക്കൾ കൊണ്ടുമെല്ലാം എറിയുന്നത്. അതോടെ ആ കർമ്മത്തിന്റെ ലക്ഷ്യം തെറ്റിപ്പോകുന്നു. അത് കേവലം പ്രതീകാത്മകമായ ഒരു ആരാധനയാണ്. അത് നിർവഹിക്കുമ്പോൾ അല്ലാഹുവിന്റെ കൽപ്പന പാലിക്കുന്നു എന്നും റസൂലിനെ പിന്തുടരുന്നു എന്നു മുള്ള മനസ്ഥിതിയാണ് ഉണ്ടാവേണ്ടത്. ഇബ്രാഹിം നബി(അ) പിശാചിനെ എറിഞ്ഞാട്ടിയത് നമ്മളും ചെയ്യുകയല്ല.



നബി (സ) പറഞ്ഞു: നിങ്ങള്‍ കാര്‍ക്കശ്യം കൈക്കൊള്ളരുത്. അങ്ങനെ സംഭവിച്ചാല്‍ നിങ്ങളുടെ കാര്യത്തില്‍ അല്ലാഹുവും കാര്‍ക്കശ്യം കൈക്കൊള്ളും. ഒരു വിഭാഗം ഇങ്ങനെ തങ്ങളുടെ കാര്യത്തില്‍ കര്‍ക്കശ നിലപാടുകള്‍ സ്വയം സ്വീകരിച്ചപ്പോള്‍ അല്ലാഹു അവരോടും കര്‍ക്കശ നയം കൈക്കൊണ്ടു. അതാ അവരുടെ അവശേഷിപ്പുകള്‍ ആരാധനാ മഠങ്ങളിലും പര്‍ണശാലകളിലും (അബൂദാവൂദ്). ഇവിടെ കാർക്കശ്യം എന്നത് കൊണ്ട് വിവക്ഷിക്കുന്നത് സ്വന്തം നിലപാടുകൾ കടുപ്പിക്കുന്ന തീവ്രതയാണ്. ഈ ഹദീസിൽ സൂചിപ്പിക്കുന്ന വിഭാഗം മുൻ സമുദായങ്ങളാണ്. അവരുടെ കാര്യം അല്ലാഹു ഖുർആനിൽ ഇങ്ങനെ വിവരിക്കുന്നു: വേദക്കാരേ, സ്വമതത്തില്‍ അതിരു കവിയാതിരിക്കുവിന്‍. സത്യമല്ലാത്തതൊന്നും അല്ലാഹുവിന്റെ പേരില്‍ ആരോപിക്കാതിരിക്കുവിന്‍ (അന്നിസാഅ് 71). ഈ സൂക്തത്തിന്റെ വിശദീകരണത്തില്‍ ഇമാം ത്വബരി(റ) പറയുന്നു: നിങ്ങളുടെ മതത്തില്‍ നിങ്ങള്‍ അതിരുകള്‍ ലംഘിക്കരുത്. മതത്തിന്റെ സത്യസീമ മറികടക്കുന്നത് തീവ്രതയില്‍ ചാടിക്കും. ഓരോന്നിനും നിര്‍ണയിക്കപ്പെട്ട അതിര്‍ത്തികള്‍ ലംഘിക്കുകയാണ് ആയത്തിൽ പ്രയോഗിച്ചിരിക്കുന്ന ഗുലുവ്വ് എന്ന അറബീ പദത്തിന്റെ അര്‍ഥം. ഉദാഹരണമായി ഈസാ നബി(അ)യുടെ വിഷയത്തില്‍ അവര്‍ അതിരുകള്‍ ലംഘിച്ചു. അല്ലാഹു നല്‍കിയ സ്ഥാനവും കവിഞ്ഞ് അവര്‍ അദ്ദേഹത്തെ ഉയര്‍ത്തിവെച്ചു. പ്രവാചകത്വപദവിയില്‍നിന്നുയര്‍ത്തി അദ്ദേഹത്തെ അവര്‍ ആരാധിക്കപ്പെടേണ്ട ദൈവിക പദവിയിലേക്കുയര്‍ത്തി.



ഈസാ നബിയുടെ സരണിയിലാണെന്ന് അവകാശപ്പെട്ട അനുയായിവൃന്ദത്തിന്റെ വിഷയത്തിലും ഈ അതിരുവിടൽ ഉണ്ടായി. അവരില്‍ അപ്രമാദിത്വം ആരോപിക്കുകയും അവര്‍ പറയുന്നതൊക്കെ പിന്തുടരുകയും ചെയ്തു. അവ സത്യമാണോ അസത്യമാണോ, സന്മാര്‍ഗമാണോ ദുര്‍മാര്‍ഗമാണോ എന്നൊന്നും ഒരു നോട്ടവുമുണ്ടായില്ല അവര്‍ക്ക്. ക്രിസ്തുമതത്തിൽ പൗരോഹിത്യം ഇങ്ങനെ വന്നു കയറിയതാണ്. തങ്ങളിലെ പണ്ഡിതന്മാരെയും പുരോഹിതന്മാരെയും അല്ലാഹുവിനെ കൂടാതെയുള്ള റബ്ബുകളാക്കിവെച്ചു അവര്‍ എന്ന് അത്തൗബ അധ്യയം 31-ാം വചനത്തിൽ അല്ലാഹു പറയുന്നു.



ഇത്തരം അതിവാദത്തിന് മറ്റൊരു ഉദാഹരണം സൂറത്തുല്‍ ഹദീദില്‍ കാണാം: അവക്കെല്ലാം ശേഷമായി മര്‍യമിന്റെ മകന്‍ ഈസായെ നാം നിയോഗിച്ചു. അദ്ദേഹത്തിന് ഇഞ്ചീല്‍ നല്‍കി. അദ്ദേഹത്തെ പിന്‍പറ്റിയവരുടെ ഹൃദയങ്ങളില്‍ നാം കനിവും കാരുണ്യവും നിക്ഷേപിക്കുകയും ചെയ്തു. അവര്‍ ആവിഷ്‌കരിച്ച സന്യാസം, അത് നാം അവര്‍ക്ക് വിധിച്ചിട്ടുണ്ടായിരുന്നില്ല. അല്ലാഹുവിന്റെ പ്രീതി കാംക്ഷിച്ചുകൊണ്ട് അവര്‍തന്നെ ഇങ്ങനെയൊരു പുതുചര്യയുണ്ടാക്കി. എന്നിട്ടോ അവര്‍ അത് പാലിക്കേണ്ടവിധം പാലിച്ചതുമില്ല (ഹദീദ്: 27). അല്ലാഹു നിര്‍ബന്ധമാക്കിയിട്ടില്ലാത്ത കാര്യങ്ങള്‍ നിര്‍ബന്ധാനുഷ്ഠനമെന്നോണം തന്റെയും മറ്റുള്ളവരുടെയും മേല്‍ അടിച്ചേല്‍പ്പിക്കുക. അല്ലാഹു അനുവദിച്ച ആഹാരങ്ങളും ജീവിത സൗകര്യങ്ങളും പുണ്യം തേടിയും പ്രതിഫലം കാംക്ഷിച്ചും സ്വയം നിഷേധിക്കുകയും എല്ലാം ഉപേക്ഷിച്ച് കാലം കഴിക്കുകയും ചെയ്യുക. തന്റെ ആശയധാരക്കു പുറത്തുള്ളവർക്ക് യാതൊരു മാന്യതയും പരിഗണനയും കൽപ്പിക്കാതിരിക്കുക തുടങ്ങി ഈ മനോനിലയുടെ ലക്ഷണങ്ങൾ നിരവധിയാണ്.



അല്ലാഹു നിങ്ങള്‍ക്ക് എളുപ്പമാണുദ്ദേശിക്കുന്നത്, ക്ലേശമുദ്ദേശിക്കുന്നില്ല.(2 : 185). അല്ലാഹു നിങ്ങളുടെ ജീവിതം ക്ലേശകരമാക്കാനുദ്ദേശിക്കുന്നില്ല. പ്രത്യുത, അവന്‍ നിങ്ങളെ ശുദ്ധീകരിക്കുവാനും അവന്റെ അനുഗ്രഹം പൂര്‍ത്തീകരിച്ചു തരുവാനുമാണ് ഉദ്ദേശിക്കുന്നത്.(5 : 6) ദീനില്‍ നിങ്ങളുടെ മേല്‍ യാതൊരു കഷ്ടതയുമുണ്ടാക്കിവെച്ചിട്ടില്ല. നിങ്ങളുടെ പിതാവായ ഇബ്‌റാഹീമിന്റെമതത്തില്‍ നിലകൊള്ളുന്നവരാകുവിന്‍. (22 : 78). അല്ലാഹു നിങ്ങളുടെ ഭാരങ്ങള്‍  ലഘൂകരിക്കാനുദ്ദേശിക്കുന്നു.എന്തെന്നാല്‍ മനുഷ്യന്‍ ദുര്‍ബലനായാണ് സൃഷ്ടിക്കപ്പെട്ടിട്ടുള്ളത്. (4 : 28). തുടങ്ങി ധാരാളം സൂക്തങ്ങളിലൂടെ അല്ലാഹു മനുഷ്യനെ ഈ തത്വം പഠിപ്പിക്കുന്നുണ്ട്. ഇസ്ലാം ലോകത്തിന് എത്തിച്ചു തന്ന നബി(സ)യെ വിശുദ്ധഖുര്‍ആന്‍ പരിചയപ്പെടുത്തുന്നതിലും ഈ ആശയം കാണാം. അല്ലാഹു ആ പ്രവാചകനെ പരിജയപ്പെടുത്തുന്നു: നന്മ കല്‍പ്പിക്കുകയും തിന്‍മ വിരോധിക്കുകയും അവര്‍ക്ക് നല്ലവസ്തുക്കള്‍ അനുവദനീയമാക്കുകയും ചീത്തയായ കാര്യങ്ങള്‍ നിഷിദ്ധമാക്കുകയും അവരെ വരിഞ്ഞു മുറുക്കിയ ചങ്ങലകള്‍ പൊട്ടിച്ചെറിയുകയും അവരുടെ ഭാരങ്ങള്‍ ഇറക്കിവക്കുകയും ചെയ്യുന്ന പ്രവാചകന്‍.(അഅ്‌റാഫ്. 158). മനുഷ്യരെ മതത്തിന്റെ പേരിൽ ചങ്ങലക്കിടുന്ന, മനുഷ്യന്റെ തലയിൽ ഭാരം കയറ്റിവെക്കുന്ന പ്രവാചകനല്ല, പ്രത്യുത അവ അഴിച്ചിട്ടുകയും ഇറക്കിവെക്കുകയും ചെയ്യുന്ന പ്രവാചകനെയാണ് അല്ലാഹു ദൂതുമായി നിയോഗിച്ചിട്ടുളത്. വിവിധ മത ദൗത്യങ്ങൾക്കായി പ്രതിനിധി സംഘങ്ങളെ അയക്കുമ്പോള്‍ അവക്കെല്ലാം നബി (സ) നല്‍കിയിരുന്ന ഉപദേശം നിങ്ങള്‍ ജനങ്ങള്‍ക്ക് എളുപ്പം നല്‍കുന്നവരാണ്, നിങ്ങളവര്‍ക്ക് ക്ലേശം ഉണ്ടാക്കരുത്. നിങ്ങള്‍ ജനങ്ങള്‍ക്ക് സന്തോഷം പകരണം, അവര്‍ക്ക് വെറുപ്പ് പകരരുത് എന്നൊക്കെയാണ്.



അനസ്(റ) നിവേദനം: റസൂല്‍ (സ) ഒരിക്കല്‍ പള്ളിയില്‍ പ്രവേശിച്ചു. അപ്പോള്‍ പള്ളിയില്‍ രണ്ട് തൂണുകള്‍ക്കിടയില്‍ ബന്ധിച്ച ഒരു കയര്‍ കണ്ടു. അപ്പോള്‍ നബി(സ) ചോദിച്ചു. എന്താണിത്..? അവര്‍ പറഞ്ഞു. സൈനബിന് വേണ്ടിയുള്ളതാണ്. അവര്‍ (അവിടെ) നിസ്‌കരിക്കും, അവര്‍ക്ക് ക്ഷീണവും മടുപ്പും ഉണ്ടാകുമ്പോള്‍ ആ കയറില്‍ പിടിച്ച് നിസ്‌കരിക്കും. അപ്പോള്‍ നബി(സ)പറഞ്ഞു: അത് അഴിച്ചുമാറ്റുക, ക്ഷീണവും മടുപ്പുമുണ്ടാവുമ്പോള്‍ ഇരിക്കുക. ശരീരത്തിനെ ക്ഷീണിപ്പിച്ച് കൊണ്ടുള്ള ആരാധനകള്‍ അതിരു കവിയാതിരിക്കാന്‍ നബി(സ) നിര്‍ദേശിക്കുകയായിരുന്നു.
മുആദ് ബിന്‍ ജബല്‍ (റ) ഇമാമായി നമസ്‌കരിക്കുമ്പോള്‍ ദീര്‍ഘമായി ഖുര്‍ആന്‍ പാരായണം ചെയ്തിരുന്നു. ഇങ്ങനെ ദീര്‍ഘമായി പാരായണം ചെയ്യുന്നത് രോഗികള്‍ക്കും കുട്ടികള്‍ക്കുമെല്ലാം ബുദ്ധിമുട്ടുണ്ടാക്കുന്നുവെന്ന് ജനങ്ങള്‍ നബി(സ)യോട് ആവലാതിപ്പെട്ടു. ഇത് കേട്ട തിരുമേനിയുടെ(സ) മുഖം കോപത്താല്‍ ചുവന്നു എന്നാണ് ഹദീസുകള്‍ വിവരിക്കുന്നത്. മുആദ് (റ) യെ വിളിച്ചു വരുത്തി നബി(സ) ചോദിച്ചു : അല്ലാഹുവിന്റെ ദീനില്‍ ഫിത്‌നയുണ്ടാക്കുകയാണോ താങ്കള്‍..?



ആവശ്യമില്ലാത്ത അമിതത്വം പല നിലക്കും മതവിരുദ്ധമാണ്. ഒന്നാമതായി അത് പിന്നീട് തെറ്റായ കീഴ്‌വഴക്കങ്ങളായി മാറും. അപ്പോൾ അവ അനുഷ്ടിക്കുന്നതിൽ നിന്ന് വിശ്വാസികൾ തന്നെ ശ്രമിക്കും. മറ്റൊന്ന് സങ്കീർണ്ണത ഇസ്ലാമിന്റെ മുഖഛായയെ വിരൂപമാക്കും. ഇസ്ലാമെന്നാൽ ഒരു സാധാരണക്കാരന്റെ ജീവിതത്തിൽ കൊണ്ടു നടക്കാവുന്ന കാര്യമല്ല, അത് പർണ്ണശാലകളിൽ കഴിയുന്ന പരിത്യാഗികൾക്ക് മാത്രമേ കൊണ്ടു നടക്കാൻ കഴിയൂ എന്നൊക്കെയുള്ള വ്യാഖ്യാനങ്ങൾക്ക് അതു വഴി തുറന്നിടും. ഈ പറഞ്ഞ സാരള്യത ആരാധനകളിൽ മാത്രമല്ല, ജീവിതത്തിന്റെ എല്ലാ മേഖലകളിലും ഇസ്ലാമിന്റെ താൽപര്യമാണ്. ഭക്ഷണം, പാർപ്പിടം, വസ്ത്രം, ഇടപാടുകൾ, ബന്ധങ്ങൾ തുടങ്ങി എല്ലാ മേഖലകളിലും. അതിരുകവിയാതെ മത ശാസനകള്‍ അംഗീകരിക്കാനാണ് ഇസ്‌ലാമിന്റെ കല്‍പന. ചിലര്‍ ഇത്തരം ഇസ്‌ലാമിക മൂല്യങ്ങള്‍ അംഗീകരിക്കാതെ മതം സങ്കീര്‍ണമാക്കുകയാണ്. ഇത്തരം നിലപാടുകളെ കുറിച്ച് നാം ജാഗ്രതപാലിക്കണം.


0 Comments

No comments yet.

Leave a Comment

© www.thdarimi.in. All Rights Reserved. Designed by zainso