
.jpeg)
മതങ്ങളെ കടന്നാക്രമിക്കും മുമ്പ്..
01-06-2022
Web Design
15 Comments
മതങ്ങളെ - പ്രത്യേകിച്ച് ഇസ്ലാമിനെ - കടന്നാക്രമിക്കുന്നതിലുള്ള ലഹരിക്ക് മൂപ്പും ഊക്കും കൂടിവരികയാണ്. ഓരോ ദിവസവും പുറത്തിറക്കാൻ പുതിയ വിഷയങ്ങൾ ഉറക്കൊഴിച്ച് പരതുകയാണ് പലരും. എന്തെങ്കിലുമൊന്ന് കയ്യിൽ തടഞ്ഞാൽ അത് പൊടി തട്ടിയെടുത്ത് പെട്ടന്ന് അൽപ്പം എരിവും പുളിയും മസാലയും ചേർത്തിളക്കി സോഷ്യൽ മീഡിയയിലേക്ക് ഛർദ്ദിക്കും. അവിടെ കുറേ നവ സാംസ്കാരിക അൽപ്പൻമാർ ചടഞ്ഞിരിക്കുന്നുണ്ട്. അവരത് ചാടിപ്പിടിച്ച് ആസ്വദിക്കും. ലൈക്കിന്റെയും ഷെയറിന്റെയും പൊങ്കാലയായിരിക്കും പിന്നെ. ഇതോടെ സംഗതി വിജയിച്ചതായി കരുതി എടുത്തിട്ട വൻ ആത്മരതി ആസ്വദിക്കും. ആകെ ഇത്തരക്കാർക്ക് ഇന്നത്തെ കാലത്ത് വേണ്ടത് അതാണല്ലോ. രണ്ട് സൗകര്യങ്ങളാണ് ഇതിങ്ങനെ വളരുവാൻ പ്രധാന കാരണം. ഒന്നാമതായി ഇന്റർനെറ്റ് തുറന്നിട്ട വിശാലമായ ലോകമാണ്. ആർക്കും ഒരു നിയന്ത്രണവുമില്ലാതെ അത് ഉപയോഗിക്കാം. ചെയ്യുന്നതും പറയുന്നതും സ്വകാര്യമായിട്ടാണ്. ആരെങ്കിലും കാണുമോ എന്നൊന്നും നാണിക്കേണ്ട. എന്തും വാരിയിടാനും അബദ്ധമായിപ്പോയി എന്നു തോന്നിയാൽ പിൻവലിക്കാനും ആരെയും നിരൂപിക്കാനും ചോദ്യം ചെയ്യാനുമെല്ലാം വിശാലമായ സ്വാതന്ത്രമുണ്ട്. അതിനാൽ എല്ലാവരും സാംസ്കാരിക നായകരും പത്ര പ്രവർത്തകരും കുറ്റാന്വേഷകരും വിമർശകരും എല്ലാമാണിപ്പോൾ.
രണ്ടാമത്തേത് പുതുതായി ആവിഷ്കരിക്കപ്പെട്ട ട്രോൾ സംസ്കാരമാണ്. അത് വളരെ ഏറെ വളർന്നിരിക്കുന്നു. ഏതെങ്കിലും ഒരു ചിത്രമോ ഹാസ്യമോ ചേർത്ത് ആരെയും എന്തിനെയും ട്രോളാൻ കഴിയുന്ന കാലമാണിത്. ഒരു ഫേസ്ബുക്ക് അക്കൗണ്ടും അല്‍പ്പം നര്‍മ്മബോധവും കുറച്ച് കോമണ്‍സെന്‍സും സമകാലിക സംഭവങ്ങളുടെ കുറച്ച് അരികും തെല്ലും അറിഞ്ഞിരുന്നാല്‍ ആര്‍ക്കും ട്രോളനാകാം.സമയംകൊല്ലികളായ തമാശകള്‍ക്കും പരിഹാസങ്ങള്‍ക്കും അപ്പുറം ഏതു ധർമ്മത്തെയും ശരിയെയും കൈകാര്യം ചെയ്യാം. ഏതു നൻമയെയും കളിയാക്കാം. ഏത് മാന്യനെയും താറടിക്കാം. ആടിനെ പട്ടിയും പട്ടിയെ ആടുമാക്കാം. ആക്ഷേപ ഹാസ്യമാണിത്. പക്ഷെ, പണ്ട് ഇതിന് ഇതിന്റെതായ വേദികൾ ഉണ്ടായിരുന്നു. ഇപ്പോൾ വേദി വലുതായിയിരിക്കയാണ്. ഇങ്ങനെയാണ് ഈ ത്വര വളരുന്നത്. ഫലമോ, മനുഷ്യകുലത്തിന്റെ ഏതു നൻമയും നിരൂപിക്കപ്പെടുന്ന സാഹചര്യം വന്നിരിക്കുന്നു. ഇങ്ങനെയാണ് മത തത്വങ്ങൾ വഷളാക്കപ്പെട്ടുവരുന്നതും പരിഹസിക്കപ്പെട്ടുവരുന്നതും.
ഇതുണ്ടാക്കുന്ന സങ്കടം ശരിക്കും ബോധ്യപ്പെടുക ഈ പ്രവണത ലോകത്തിന്റെ എല്ലാ പ്രശ്നങ്ങളുടെയും തിൻമയുടെയും യഥാർഥ ഉറവിടം മതമാണ് എന്ന അർഥത്തിലേക്ക് കാര്യങ്ങൾ വളരുമ്പോഴാണ്. ഇവിടെ തീവ്രവാദമുണ്ടാക്കുന്നതും വൈകാരിക ഭ്രാന്തുകൾ ഉണ്ടാക്കുന്നതും ജനങ്ങളെ പരസ്പരം അകറ്റുന്നതും അന്ന വിശ്വാസങ്ങളിലേക്ക് മനുഷ്യരെ തള്ളിവിടുന്നതും മതങ്ങളാണ് എന്ന് സ്ഥാപിക്കാനാണ് ഈ ദോഷൈകദൃക്കുകൾ ശ്രമിക്കുന്നത്. ഇതൊക്കെ വിശ്വാസത്തിന്റെയും മനസ്സിന്റെയും കാര്യം. മറ്റു ജീവിത മേഖലകളെയും ഇപ്രകാരം ഇവർ കൈകാര്യം ചെയ്യുന്നുണ്ട്. സാമ്പത്തിക മുരടിപ്പ്, ഭക്ഷ്യ സ്വാതന്ത്ര്യത്തെ ഹനിക്കൽ, ആസ്വാദനങ്ങളുടെ നിഷേധം തുടങ്ങി മനുഷ്യനെ ഓരോ ചുവടിലും മതം പിന്നോട്ടുവലിക്കുകയാണ് എന്ന് സ്ഥാപിക്കാനുള്ള വെമ്പൽ ഈ രംഗത്ത് ഏറെ പ്രകടമാണിന്ന്.
എന്നാൽ സത്യം നേരെ മറിച്ചാണ്. ഈ ലോകത്ത് നിലനിൽക്കുന്ന നന്മകളെല്ലാം സ്ഥാപിച്ചതും അവയെ സംരക്ഷിച്ചുനിറുത്തുനതും പ്രചോദിപ്പിക്കുന്നതും മതമാണ്. സ്നേഹവും കാരുണ്യവും മതം പഠിപ്പിച്ചതാണ്. വിട്ടുവീഴ്ച്ചയും സമഭാവനയും മതം പഠിപ്പിച്ചതാണ്. പാവപ്പെട്ടവരോടുള്ള അനുകമ്പയും ജീവജാലങ്ങളോടുള കരുണയും ഭൂമിയോടുള്ള സ്നേഹവും മതം പഠിപ്പിച്ചതാണ്. മതത്തിൽ നിന്ന് ഉൽഭൂതമായതല്ലാത്ത ഒരു നൻമയും മനുഷ്യലോകത്തിന് മുമ്പിൽ പിടിച്ചു നിന്നിട്ടില്ല എന്നത് ഒരു വസ്തുതയാണ്. മനുഷ്യൻ മനുഷ്യനു വേണ്ടി ഉണ്ടാക്കിയ പ്രത്യക്ഷത്തിൽ നല്ലതെന്നു തോന്നുന്ന നൻമകൾക്കു പോലും ദീർഘകാലം പിടിച്ചു നിൽക്കുവാൻ കഴിഞ്ഞില്ല എന്നത് ഒരു വസ്തുതയാണ്. തൊഴിലാളി വർഗ്ഗ ആധിപത്യത്തിനു ശ്രമിച്ച കമ്യൂണിസവും ലോകത്തെ കൊള്ളക്കൊടുക്കകളുടെ മാർക്കറ്റാക്കാൻ ശ്രമിച്ച മുതലാളിത്തവും അതിന് മികച്ച ഉദാഹരണമാണ്. വളരെ കൊട്ടിഘോഷിച്ചു കടന്നു വന്ന അവ കുറച്ചു കാലം പിടിച്ചു നിൽക്കാൻ ശ്രമിക്കുകയും തത്വത്തിൽ പരാജയപ്പെടുകയും ചെയ്യുകയായിരുന്നുവല്ലോ. പരാജയപ്പെട്ടില്ല എന്ന് വാദിക്കുന്നവർക്ക് വെറുതെ വാദിക്കാനല്ലാതെ അത് സ്ഥാപിക്കാൻ കഴിയില്ല.
മതങ്ങളുടെ കൂട്ടത്തിൽ പരമമായ നൻമകൾ മനുഷ്യകുലത്തിൽ സ്ഥാപിച്ചത് ഇസ്ലാമാണ്. ചെറുതും വലുതുമായ നന്മകളെല്ലാം ഇസ്‌ലാം പഠിപ്പിക്കുന്നുണ്ട്. എന്നല്ല അല്ലാഹു തന്നെ നിങ്ങൾക്ക് സമ്പൂർണ്ണമാക്കിത്തന്നിരിക്കുന്നു എന്ന് പ്രസ്താവിച്ചതിൽ നിന്നും ലോകത്ത് നിലനിൽക്കുവാനും അതിജീവനത്തിനും സാധ്യമാകുന്ന എല്ലാ നൻമകളും ഇസ്ലാം പകർന്നിട്ടുണ്ട് എന്നും ആ നൻമകൾ സത്യത്തിൽ നൻമകളുടെ നർമകളാണെന്നും ചിന്തിക്കാൻ തയാറുള്ള ആർക്കും മനസ്സിലാക്കും. ആ നന്മകള്‍ സ്വജീവിതത്തില്‍ പകര്‍ത്തല്‍ അനിവാര്യമാണെന്ന് ഇസ്‌ലാം അറിയിക്കുന്നു. മുഹമ്മദ് നബി(സ) സംഭവബഹുലമായ തന്റെ ജീവിതത്തിലൂടെ അവയെല്ലാം പ്രാവര്‍ത്തികമാക്കി കാണിക്കുകയും ചെയ്തു. മനുഷ്യനോട്, സമൂഹത്തില്‍ നിന്നുമകന്ന് ആരുമായും യാതൊരു ബന്ധവും പുലര്‍ത്താതെ ആരെയും യാതൊരുനിലയ്ക്കും സഹായിക്കാതെ ആരാധനകളില്‍ നിരതനായി ഒറ്റപ്പെട്ടു ജീവിക്കുവാനല്ല ഇസ്‌ലാം ആഹ്വാനം ചെയ്യുന്നത്. അവന്‍ സാമൂഹ്യ ജീവിയാണ്. അതുകൊണ്ടുതന്നെ സമൂഹത്തില്‍ അവനുള്ള റോളുകളില്‍നിന്ന് അവന്‍ ഒളിച്ചോടുവാന്‍ പാടില്ല. മാതാപിതാക്കളോട്, മക്കളോട്, ഭാര്യയോട്, ഭര്‍ത്താവിനോട്, സഹോദരീ സഹോദരന്മാരോട്, കുടുംബക്കാരോട്, അയല്‍വാസികളോട്, അഗതികളോട്, അനാഥരോട്, ജീവജാലങ്ങളോട്.... അങ്ങനെ എല്ലാവരോടും എല്ലാറ്റിനോടും നന്മയില്‍ വര്‍ത്തിക്കുവാന്‍ ഇസ്‌ലാം ആവശ്യപ്പെടുന്നു.
സത്യസന്ധത, കാരുണ്യം, ദയ, വിശ്വസ്തത, വിട്ടുവീഴ്ച, ക്ഷമ, വിനയം, നന്മയില്‍ സഹകരിക്കല്‍ തുടങ്ങിയ, മനുഷ്യബന്ധങ്ങളെ ജ്വലിപ്പിച്ചു നിറുത്തുന്ന മുഴുവന്‍ ഗുണങ്ങളും ഉള്‍ക്കൊള്ളുവാനും കളവ്, വഞ്ചന, അഹങ്കാരം, പാരുഷ്യം, കോപം, അസൂയ തുടങ്ങിയ എല്ലാ ദുര്‍ഗുണങ്ങളും വെടിയുവാനും പലിശ, ലഹരി, ചൂതാട്ടം, വ്യഭിചാരം, കൊല, കൊള്ള തുടങ്ങിയ മുഴുവന്‍ ദുശ്‌ചെയ്തികളും വര്‍ജിക്കുവാനും ഒരു മുസ്‌ലിം പ്രതിജ്ഞാബദ്ധനാണ്. അത് പഠിപ്പിക്കാനായി മാത്രം അല്ലാഹു ഒന്നേകാൽ ലക്ഷം ദൂതൻമാരെ നിയോഗിച്ചു. അല്ലാഹുവിന്റെ നൻമകളെ സ്ഥാപിക്കാനുള്ള സന്ദേശം ജനങ്ങള്‍ക്ക് എത്തിച്ചുകൊടുക്കുവാന്‍ ദൈവത്താല്‍ നിയുക്തരായിരുന്ന ദൈവദൂതന്മാര്‍ ഈ നർമകൾ സത്യസന്ധമായിട്ടായിരുന്നു ജനങ്ങളെ പഠിപ്പിച്ചത്. അവർ നന്മകളില്‍ ധൃതികാണിക്കുന്നവരായിരുന്നു. അല്ലാഹു പറയുന്നു: തീര്‍ച്ചയായും അവര്‍ (പ്രവാചകന്മാര്‍) നന്മകളിലേക്ക് ധൃതികാണിക്കുകയും ആശിച്ചുകൊണ്ടും പേടിച്ചുകൊണ്ടും നമ്മോട് പ്രാര്‍ഥിക്കുകയും ചെയ്യുന്നവരായിരുന്നു. അവര്‍ നമ്മോട് താഴ്മ കാണിക്കുന്നവരുമായിരുന്നു (21:90).
നൻമയെ ഒരു മനുഷ്യന്റെ ഏറ്റവും വലിയ വികാരമാക്കി മാറ്റുകയായിരുന്നു ഇസ്ലാമിന്റെ ലക്ഷ്യം. അബൂദര്‍റ് എന്ന ജുന്‍ദുബിബ്‌നു ജുനാദ(റ)യില്‍നിന്ന് നിവേദനം. നബി(സ) എന്നോട് പറഞ്ഞു: നന്മയില്‍ യാതൊന്നിനെയും നീ നിസ്സാരമാക്കരുത്; നിന്റെ സഹോദരനെ പ്രസന്നവദനനായി കണ്ടുമുട്ടുന്നതുപോലും (മുസ്‌ലിം). നിസ്സാരമായ ഒരു പുഞ്ചിരി എന്ന നന്മയ്ക്കുപോലും ഇസ്‌ലാം നല്‍കുന്ന സ്ഥാനം ഈ നബിവചനത്തില്‍നിന്നു തന്നെ വ്യക്തമാണ്. നല്ലതായ ഒരു കാര്യവും ഒരു മുസ്‌ലിം നിസ്സാരമായി ഗണിക്കേണ്ടതില്ല. സ്രഷ്ടാവിന്റെ പ്രതിഫലം ആഗ്രഹിച്ചുകൊണ്ട് അവന്‍ ചെയ്യുന്ന ഏതൊരു നല്ല കാര്യവും അല്ലാഹു സ്വീകരിക്കും. പുഞ്ചിരിയോടെ ഒരാളെ അഭിമുഖീകരിക്കുക എന്നതുപോലും അവഗണിക്കാവുന്നതല്ല. മനസ്സില്‍ പകയും വിദ്വേഷവും ഇല്ലാത്തവര്‍ക്കേ അതിനു സാധിക്കുകയുള്ളൂ. ചില്ലറ പിണക്കം പോലും ഒരു പുഞ്ചിരിയില്‍ മാഞ്ഞുപോകുമെന്നതാണ് യാഥാര്‍ഥ്യം. സ്രഷ്ടാവിനോടുള്ള കടമകളും സൃഷ്ടികളോടുള്ള കടമകളും എന്തെല്ലാമെന്ന് പഠിക്കുകയും അത് ജീവിതത്തില്‍ പകര്‍ത്തുകയും ചെയ്യല്‍ സത്യവിശ്വാസിയുെട കടമയാണ്. വിശുദ്ധ ഖുര്‍ആന്‍ പറയുന്നു: വല്ലവനും ഒരു നന്മ കൊണ്ടുവന്നാല്‍ അവന്ന് അതിന്റെ പതിന്മടങ്ങ് ലഭിക്കുന്നതാണ്. വല്ലവനും ഒരു തിന്മ കൊണ്ടുവന്നാല്‍ അതിനു തുല്യമായ പ്രതിഫലം മാത്രമെ അവന്ന് നല്‍കപ്പെടുകയുള്ളൂ. അവരോട് യാതൊരനീതിയും കാണിക്കപ്പെടുകയില്ല (6:161). നൻമ നിലനിറുത്തുവാൻ വേണ്ടിയുള്ള ഇസ്ലാമിന്റെ പ്രചോദനം ഈ ആയത്തിൽ വ്യക്തമാണ്.
മതത്തിന്റെ സാന്നിദ്ധ്യം അത്ര ലളിതമായി നിരാകരിക്കാൻ ശരിയായ ചിന്താശേഷിയുള്ള മനുഷ്യന് സാധിക്കില്ല. പരമ്പരാഗതമായി വിശ്വാസികളായി ജീവിക്കുന്നവരാണ് നാം. പാരമ്പര്യത്തെക്കാള്‍ ഏറെ വിശ്വാസമാണ് നമ്മുടെ ജീവിതത്തിന് തിളക്കം നല്‍കുന്നത്. മതം മാത്രമാണ് മനുഷ്യന് പൊതുജീവന്‍ നല്‍കുന്നത്. കേവല ജീവന്‍ എന്നതല്ല ഇവിടെ ഉദ്ദേശ്യം. മൃഗങ്ങള്‍ക്കും പക്ഷികള്‍ക്കുമെന്ന പോലെ മനുഷ്യനും അത്തരത്തിലുള്ള ഒരു ജീവന്‍ ശരീരത്തില്‍ പ്രവര്‍ത്തിക്കുന്നു. ശരീരത്തിന്റെ ജൈവപരമായ ദൗത്യം അതിലൂടെയാണ് നിര്‍വഹിക്കപ്പെടുന്നത്. വിശ്വാസിക്കും അവിശ്വാസിക്കും ദൈവനിഷേധിക്കുമെല്ലാം ഒരുപോലെ ഈ ജീവന്‍ കൊണ്ടുള്ള ജൈവപരമായ പ്രയോജനങ്ങള്‍ ശരീരത്തില്‍ അനുഭവിക്കാനും കഴിയും. അത്തരം പ്രവര്‍ത്തനങ്ങള്‍ക്ക് എന്തെങ്കിലും ന്യൂനതകള്‍ സംഭവിക്കുമ്പോള്‍ രോഗം വരുന്നതും എല്ലാവര്‍ക്കുമാണ്. ഇവിടെയും വിശ്വാസി, വിശ്വാസിയല്ലാത്തവന്‍ എന്ന വേര്‍തിരിവില്ല. നാം പറയുന്നത് പൊതുജീവൻ എന്ന സാമൂഹ്യതയാണ്.
മേല്‍പറഞ്ഞ കേവല ജീവന് അതീതമായി ആത്മാവ് എന്ന തലത്തില്‍ നമുക്ക് ലഭിച്ചിരിക്കുന്ന ജീവന്‍ പ്രവര്‍ത്തനക്ഷമമാക്കുക എന്നതാണ് അത് ലക്ഷ്യമാക്കുന്നത്. നന്മയും തിന്മയും തിരിച്ചറിയാന്‍, നീതിയും അനീതിയും ബോധ്യപ്പെടാന്‍, ധര്‍മവും അധര്‍മവും സ്വയം ഉള്‍ക്കൊളളാന്‍ നമ്മെ പ്രചോദിപ്പിക്കുന്ന ഒരു വികാരമാണ് ആത്മാവ്. അതിനെ മനസ്സ് എന്നോ മനസ്സാക്ഷി എന്നോ വിശദീകരിക്കാം. ഒരു കുറ്റകൃത്യം ചെയ്യുമ്പോള്‍ മനുഷ്യനുണ്ടാകുന്ന മനസ്സാക്ഷിക്കുത്ത് ഈ ആത്മാവിന്റെ പ്രവര്‍ത്തന ഫലമായിട്ടാണ് സംഭവിക്കുന്നത്. ഇവ്വിധം തന്നെയാണ് ഒരു നൻമ ചെയ്യുമ്പോൾ ഉണ്ടാകുന്ന ആത്മീയാനന്ദവും. ഈ ആത്മാവിനെ ഉണർത്തിയും പ്രചോദിപ്പിച്ചുമാണ് മതം അതിന്റെ നൻമ പ്രഘോഷണം ചെയ്യുന്നത്. അതല്ലാതെ കേവലം പ്രസ്താവിച്ചും ഉപദേശിച്ചും കൽപ്പിച്ചും ഒന്നുമല്ല. അതുകൊണ്ടു തന്നെയാണ് മതത്തിന്റെ നൻമ നിലനിൽക്കുന്നതും. അങ്ങനെ കൂട്ടിവായിക്കുമ്പോൾ യാഥാർഥ മനുഷ്യന്റെ ജീവനാണ് മതം എന്ന് നമുക്ക് പറയാനാകും.
മതം ജീവനാകുന്നു എന്നു പറയുമ്പോള്‍, മതം എന്തെല്ലാം കല്‍പിക്കുന്നുണ്ടോ അവയെല്ലാം മനുഷ്യന് വ്യക്തിതലത്തിലും സാമൂഹികമായും ഈ ജീവന്റെ ചൈതന്യം അനുഭവിക്കാന്‍ കഴിയുന്നു എന്നാണ് അതിനർഥം. വര്‍ത്തമാനലോകത്ത് ശാസ്ത്രീയ, സാങ്കേതിക രംഗത്ത് അത്യപൂര്‍വമായ നേട്ടങ്ങള്‍ സ്വന്തമാക്കിയ മനുഷ്യരില്‍ ചിലരെങ്കിലും ഒരു ദുരഭിമാനത്തിന്റെ നെറുകയിലാകുന്നു ജീവിക്കുന്നത്. താനും തന്റെ ശാസ്ത്ര സാങ്കേതികതയും മതി എന്തിനുമേതിനും എന്ന ദുരഭിമാനം. ഇതാണ് ദൈവ നിരാസത്തിലേക്ക് ചിലരെ തങ്ങളിവിടുന്നത്. ഈ കാര്യങ്ങളെയെല്ലാം ആവാഹിച്ചുകൊണ്ട് ഖുര്‍ആന്‍ മാനവതയെ പഠിപ്പിക്കുന്ന ഒരു സന്ദേശമുണ്ട്: വിശ്വാസികളേ, നിങ്ങള്‍ക്ക് ജീവന്‍ നല്‍കുന്ന ഒരു കാര്യത്തിലേക്ക് അല്ലാഹുവും റസൂലും നിങ്ങളെ ക്ഷണിക്കുമ്പോള്‍ നിങ്ങള്‍ അവര്‍ക്ക് പ്രത്യുത്തരും നല്‍കുകയും ആ ക്ഷണം സ്വീകരിച്ച് ജീവന്‍ സ്വന്തമാക്കാനുള്ള പ്രവര്‍ത്തനങ്ങളില്‍ നിങ്ങള്‍ മുഴുകുകയും ചെയ്യുക. (8:24) വിശ്വാസവും സല്‍പ്രവര്‍ത്തനവുമായി ഒരാള്‍ ജീവിക്കുകയാണെങ്കില്‍, ധര്‍മവും നീതിയും നിത്യശീലങ്ങളാക്കി അവന്‍ ജീവിതം മുന്നോട്ടു കൊണ്ടുപോകുകയാണെങ്കില്‍ അത്തരക്കാര്‍ക്ക് സന്തുഷ്ടകരമായ ജീവിതം ദൈവം നല്‍കും എന്നു ഖുര്‍ആന്‍ (16:97) പറയുന്നുണ്ട്.
ബുദ്ധി തന്നെയാകുന്നു മതം, മതം തന്നെയാകുന്നു ബുദ്ധി എന്ന തിരിച്ചറിവിലേക്കാണ് ഈ ചിന്ത നമ്മെ നമിക്കുന്നത്. നമ്മുടെ ചിന്തകള്‍ക്കും ആലോചനകള്‍ക്കും കൂടുതല്‍ ദിശാബോധം ലഭിക്കുന്നത് ഈയൊരു ആത്മാവ് കയ്യിലേന്തിക്കൊണ്ടുള്ള പ്രയാണത്തില്‍ മാത്രമാണ്. ഈ ആത്മാവ് നമ്മുടെ ചിന്തകളില്‍ നിന്നും പഠനങ്ങളില്‍ നിന്നും ജീവിത വ്യവഹാരങ്ങളില്‍ നിന്നും നഷ്ടപ്പെടുകയാണെങ്കില്‍ അതിന് വലിയ വില നല്‍കേണ്ടി വരും. സത്യത്തിൽ ലോകത്തിനും രാജ്യത്തിനും നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്ന, സമൂഹത്തിന് അന്യമായിക്കൊണ്ടിരിക്കുന്ന കുടുംബങ്ങളില്‍ നിന്ന് അകന്നുകൊണ്ടിരിക്കുന്ന, വ്യക്തികള്‍ക്ക് കൈമോശം വന്നുകൊണ്ടിരിക്കുന്ന ഈ ജീവനെ തിരിച്ചുപിടിക്കലാണ് എല്ലാ വിധ പ്രതിസന്ധികള്‍ക്കും പരിഹാരമായിട്ടുള്ളത്.
മതം മനുഷ്യന് നല്‍കുന്ന എല്ലാ സന്ദേശങ്ങളും ജീവന്‍ തുടിക്കുന്നവയും പകരം വെക്കാനില്ലാത്തവയുമാണ്. വിലക്കപ്പെട്ട ഒരുപാട് കാര്യങ്ങളുണ്ട് അവയിൽ. മദ്യപിക്കാന്‍ പാടില്ല. പലിശയില്‍ അധിഷ്ഠിതമായ വിനിമയങ്ങള്‍ പാടില്ല. ഇതിന്റെ ഗുണങ്ങള്‍ കേവലം മതവിശ്വാസിക്ക് മാത്രമല്ല. വിശ്വാസിയാവട്ടെ അല്ലാതിരിക്കട്ടെ ഒരു മനുഷ്യന്‍ മദ്യപിക്കാതിരിക്കുകയാണെങ്കില്‍ അതുകൊണ്ടുള്ള ആരോഗ്യപരമായ പ്രയോജനം അയാള്‍ക്കുണ്ടാകുന്നു. പലിശരഹിതമായ വിനിമയങ്ങളില്‍ ഏര്‍പ്പെടുകയാണെങ്കില്‍ അതിന്റെ പുണ്യവും നേട്ടവും അയാള്‍ക്കുണ്ടാകുന്നു. അയാള്‍ വിശ്വാസിയാണെങ്കിലും അല്ലെങ്കിലും. സത്യം പറയുക, സ്‌നേഹം കൈമാറുക, ബഹുമാനിക്കുക തുടങ്ങി മാനുഷിക ഗുണങ്ങളായി മതം പഠിപ്പിക്കുന്ന നൂറു കണക്കിന് കാര്യങ്ങളുണ്ട്. ഇവ ആരാണോ ആചരിക്കുന്നത്, അവര്‍ക്കെല്ലാം അതിന്റെ ഗുണം ഈ ലോകത്തു വെച്ചു തന്നെ ലഭിക്കും. മതം അതിന്റെ ആചാര അനുഷ്ഠാനങ്ങളിലൂടെയും വിധിവിലക്കുകളിലൂടെയും നല്‍കുന്ന ഈ നവജീവന്‍ നമുക്ക് ജീവിതം സുരക്ഷിതമാക്കാനാണ്. പ്രയാസങ്ങളില്ലാതെ ജീവിക്കാന്‍ വേണ്ടിയാണ്. പ്രയാസങ്ങളുണ്ടാകുമ്പോഴും അതിനപ്പുറത്ത് തനിക്കൊരു തുറസ്സ് ദൈവം ഒരുക്കിയിട്ടുണ്ടാവും എന്ന ശുഭാപ്തി വിശ്വാസം നല്‍കുന്നതും ഈ ആത്മാവിന്റെ ബലത്തില്‍ മാത്രമാണ്. ഈ ജീവന്‍ നഷ്ടപ്പെടുമ്പോള്‍, ലോകം മുഴുക്കെ നമ്മുടെ കൈക്കുമ്പിളില്‍ സ്വന്തമാക്കാന്‍ കഴിഞ്ഞാലും ഈ ജീവന്റെ ആത്മാവിന്റെ അഭാവത്തില്‍ എല്ലാം പരാജയമായിരിക്കും. ജീവിതം മൊത്തം ദുരന്തമായിരിക്കും. അതുകൊണ്ട് കാടടച്ചു വെടിവെക്കും മുമ്പ് ചിന്തിച്ചാൽ നന്നു.
0 Comments
No comments yet.
Leave a Comment
© www.thdarimi.in. All Rights Reserved. Designed by zainso