ആഴമുള്ള വേരും സംസ്കാരത്തഴമ്പുമൊക്കെയുള്ള നമ്മുടെ രാജ്യം വഷളാവുന്ന കാഴ്ച ഒരു ഇന്ത്യക്കാരനും സഹിക്കാൻ കഴിയുന്നതല്ല. ഒട്ടിയ വയറുമായി, കാലിയായ ഖജനാവുമായി അസ്തമിക്കാത്ത എന്നു കരുതി സൂര്യനെയും കയ്യിൽ പിടിച്ച് ലോകമാസകലം ചുറ്റിക്കറങ്ങിയ ബ്രിട്ടീഷ് സാമ്രാജ്യത്തിൽ നിന്ന് ഏറ്റുവാങ്ങി ലോകത്തെ മുഴുവനും ഞെട്ടിച്ച് എല്ലാ അവശതകളെയും മറികടന്ന രാജ്യം. ഒരു റിപ്പബ്ളിക്കായി എത്ര കാലം നിലനിൽക്കാൻ കഴിയുമെന്ന് ഉറ്റുനോക്കിയിരുന്ന എല്ലാവരെയും നിരാശരാക്കി കുതിച്ച രാജ്യം. ഇവിടെ മതേതരത്വം ഒരു തമാശയാണ് എന്നു കരുതി കുലുങ്ങിച്ചിരിച്ചവരെ തിരുത്തിത്തുരത്തിയ ഇന്ത്യാ മഹാരാജ്യം. പക്ഷെ, എന്തു പറഞ്ഞിട്ടെന്താ എല്ലാം തകർന്നില്ലേ. ഇനി എല്ലാവരും നമ്മെ അങ്ങനെയല്ലേ നോക്കൂ..!
സൗദി അറേബ്യ, യു എ ഇ, ബഹ്റൈൻ, ഖത്തർ, കുവൈറ്റ് ഈ രാജ്യങ്ങളൊക്കെ നമുക്ക് അന്നം തരുന്നവരാണ്. നമ്മുടെ സുഖങ്ങളിലും ദുഃഖങ്ങളിലും കൂടെ നിൽക്കുന്നവർ. അവരിൽ ചിലരൊക്കെ നമ്മുടെ ആൾക്കാർക്ക് മാത്രമല്ല, ദൈവങ്ങൾക്കു വരെ ഇരിപ്പിടം നൽകി. അവരൊക്കെയും നമ്മുടെ മുഖത്തു നോക്കി ഷെയിം വിളിച്ചു. നമ്മുടെ നയതന്ത്രജ്ഞരെ വിളിച്ചുവരുത്തി പ്രതീഷേധവും സങ്കടവും അറിയിച്ചു. രാഷ്ട്രീയ മീമാംസയിൽ അറ്റകൈ പ്രയോഗങ്ങളാണ് ഇതൊക്കെ.
ഈജിപ്ത്, ഇറാൻ, ഇറാഖ്, ഇറാൻ, മലേഷ്യ, ലബനോൻ, തുർക്കി ഈ രാജ്യങ്ങളൊക്കെ കനത്ത പ്രതിഷേധമാണ് രേഖപ്പടുത്തിയത്. ഇറാഖ് പാര്‍ലിമെന്റ് പ്രമേയത്തിലൂടെയാണ് ബി ജെ പി നേതാവിന്റെ പരാമര്‍ശത്തെ അപലിച്ചത്. അധിക്ഷേപകരമായ പരാമർശങ്ങളെ ശക്തമായി അപലപിക്കുന്നുവെന്നായിരുന്നു ലിബിയൻ വിദേശകാര്യ മന്ത്രാലയത്തിന്‍റെ പ്രതികരണം. സംഭവത്തെ ശക്തമായി വിമർശിച്ച മലേഷ്യ ഇസ്‌ലാമോഫോബിയ അവസാനിപ്പിക്കാനും സമാധാനത്തിന് ഒരുമിച്ച് നിൽക്കാനും ഇന്ത്യയോട് ആവശ്യപ്പെട്ടു. തുർക്കിയിൽ ഭരണകക്ഷിയായ ജസ്റ്റിസ് ആൻഡ് ഡെവലപ്‌മെന്‍റ് പാർട്ടി വക്താവ് ഒമർ സെലിക് പ്രസ്‌താവനയെ അപമാനകരമെന്നാണ് വിശേഷിപ്പിച്ചത്. സംഭവത്തിൽ ഇന്ത്യൻ അംബാസിഡറെ വിളിച്ചു വരുത്തി തുർക്കി പ്രതിഷേധം അറിയിച്ചു.
ജി സി സി, ഒ ഐ സി തുടങ്ങിയ ലോക വേദികൾ ആദ്യദിനം തന്നെ വിഷയത്തിൽ കടുത്ത അസ്വസ്ഥത രേഖപ്പെത്തി. വർത്തമാന കാല രാഷ്ട്ര സമൂഹങ്ങളുടെ വേദിയായ യു എന്നും പ്രതികരിച്ചു. എല്ലാ മതങ്ങളോടും സഹിഷ്ണുതയും ബഹുമാനവും വേണമെന്ന് യു എന്‍ സെക്രട്ടറി ജനറല്‍ ആന്റോണിയോ ഗുട്ടറസിന്റെ വക്താവ് സ്റ്റിഫാന്‍ ഡുജാറിക് ഇന്ത്യയെ ഉപദേശിച്ചു. അതിനു പുറമെയാണ് കടകൾ പ്രതിഷേധ സൂചകമായി ഇന്ത്യൻ ഉൽപ്പന്നങ്ങൾ തുണിയിട്ട് മൂടിയതും സോഷ്യൽ പ്ലാറ്റ് ഫോമുകളിൽ ഹാഷ്ടാഗ് വിപ്ലവം നടന്നതും.
സമീപകാലം കണ്ടിട്ടില്ലാത്ത ഇത്രയും വലിയ പ്രതികരണത്തിന്റെ കാരണമല്ലേ ബഹുരസം. ബി ജെ പി യുടെ ഒരു വക്താവിന് ചാനൽ ചർച്ചക്കിടെ കുരു പൊട്ടിയാതാണ് വിഷയം. അങ്ങ് ഡൽഹിയിൽ ഒരാൾ പരസ്യമായി വക്താവിനെ സപ്പോർട്ട് ചെയ്തു. ഇങ്ങ് കേരളത്തിൽ ഒരു ഗവർണ്ണർക്കും സംഗതി ഇഷ്ടപ്പെട്ടു. ഇത്ര മാത്രം. ഇതിന് ഈ രാജ്യം നൽകിയ വിലയാണ് നാം പറഞ്ഞത്. കേന്ദ്ര സർക്കാറും നയതന്ത്രജ്ഞരും എത്ര വെള്ളമൊഴിച്ചിട്ടും സംഗതി കെടുന്നില്ല.
ഏതായാലും ലോകത്തിന്റെ കാരുണ്യം ഒരിക്കൽ കൂടി താരമായി. മുഹമ്മദ് റസൂലുള്ള ആരാണ് എന്നും ആ പൂമേനിയെ തൊട്ടാൽ എന്താകുമെന്നും വീണ്ടും എല്ലാർക്കും മനസ്സിലായി. ഒന്നേ പറയാനുള്ളൂ. അതൊരിക്കലും മുഹമ്മദ് നബിയെ അപകീർത്തിപ്പെടുത്തരുത് എന്ന് മാത്രമല്ല, ജനങ്ങളുടെ വിശ്വാസത്തോട് ചേർന്ന് നിൽക്കുന്ന പുണ്യ പുരുഷൻമാർക്കു നേരെ ഏത് ഒരുത്തനും ഒരുത്തിയും വിരൽ ചൂണ്ടുന്നത് അപകടമാണ് എന്ന്. അത് ഇന്ത്യയുടെയും ലോകത്തിന്റെയും പ്രത്യേകിച്ച് മതവിശ്വാസികളുടെയും സംസ്കാരം അതിനനുവദിക്കില്ല.
ഇല്ലാ റസൂലല്ലാഹ്..
പറഞ്ഞത് തന്നെ പറഞ്ഞു കൊണ്ടിരിക്കുക എന്നത് വിഢികളുടെയും അന്ധത ബാധിച്ചവരുടെയും ഒരു പ്രത്യകതയാണ്. താൻ പുലമ്പുന്നത് എന്താണെന്നോ അതിനെ കുറിച്ച് ആരെങ്കിലും എന്തെങ്കിലും പറയുന്നുണ്ടോ, അതിൽ വല്ല കഴമ്പുമുണ്ടോ എന്ന് ഇത്തരക്കാർ ഒരിക്കലും നോക്കില്ല. പഠിഞ്ഞ, പതിഞ്ഞ പാട്ടങ്ങനെ പാടി നടക്കും. ഏതെങ്കിലും ഒരാൾ ആ വഷളത്തരം കണ്ട് അന്തമില്ലാതെ ഒന്ന് ഇളിച്ചാൽ അതു വലിയ ലൈക്കായി വരവുവെക്കുകയും ചെയ്യും. അതിന് എത്രയോ ഉദാഹരണങ്ങൾ കണ്ടിട്ടുണ്ട് നാം. അത് പഴകിയെങ്കിൽ ഇപ്പോൾ ഇതാ ഒന്നുകൂടി ഒരിക്കൽ കൂടി വിളമ്പിയിരിക്കുന്നു.
നബി(സ്വ)യുടെ മൂന്നാമത്തെ ഭാര്യയുടെ പ്രായമാണ് ഇവരെ ചൊറിയുന്ന വിഷയം. മൂന്നാമത്തെ ഭാര്യ, അവരുടെ മാതാപിതാക്കൾ, അവരുടെ കാലം, ശത്രുക്കൾ, അനുയായികൾ, അന്നത്തെ ലോകം ആരും ഇതൊരു പ്രശ്നമാക്കിയിട്ടില്ല. എന്തെങ്കിലുമൊരു ചെറിയ പിടിവള്ളി കിട്ടാൻ പെടാപ്പാട് പെടുകയായിരുന്ന ശത്രുക്കൾ പോലും അതിലൊരു പന്തികേടും കണ്ടില്ല. അതിനാൽ ഈ ഭാര്യക്ക് ഒരു ആരോഗ്യപ്രശ്നമോ സാമൂഹ്യ അപമാനമോ ഒന്നും ഉണ്ടായിട്ടുമില്ല. എന്നിട്ടും ചൊറിയുകയാണ്. ഇത് മാറുന്ന ചൊറിയല്ല. ചൊറിത്തവളയെ പോലെ ചൊറിഞ്ഞ് ചൊറിഞ്ഞ് അങ്ങവസാനിക്കുകയേയുള്ളൂ.
1998 ൽ യു എന്നിന്റെ കീഴിൽ യൂണിസെഫ് ഇന്ത്യയിൽ നടത്തിയ സർവ്വേയിൽ കണ്ടെത്തിയത് 47 ശതമാനം വിവാഹങ്ങളും ബാല വിവാഹം ആയിരുന്നു എന്നതായിരുന്നു, അത് വിഷയമല്ല. ഇസ്ഹാഖ് റബേക്കയെ മൂന്നാം വയസിൽ വിവാഹം ചെയ്തായി ബൈബിൾ ഉൽപത്തി പുസ്തകം പറയുന്നു, അതും പ്രശ്നമല്ല. സാക്ഷാൽ ശ്രീരാമൻ മുതൽ ശ്രീരാമപരമഹംസൻ വരേയും എ കെ ജി മുതൽ ഗാന്ധിജി വരെയും ഉളളവരുടെ പങ്കാളികളുടെ വിവാഹ സമയത്തെ വയസ്സിലുമുണ്ട് ഈ വക ചേർച്ചക്കുറവ്.
ഇന്ത്യ കണ്ട ഏറ്റവും പ്രഗൽഭ ഗണിതശാസ്ത്രജ്ഞനായ ശ്രീനിവാസ രാമാനുജൻ തന്റെ ഇരുപത്തിരണ്ടാം വയസ്സിൽ വിവാഹം കഴിക്കുമ്പോൾ ഭാര്യ ജാനകിയമ്മാൾക്ക് 10 വയസ്സായിരുന്നു പ്രായം. ഇന്ത്യയിലെ ഏറ്റവും പ്രഗൽഭനായ ഭൗതികശാസ്ത്രജ്ഞൻ ആയിരുന്ന സത്യേന്ദ്രനാഥ് ബോസ് തൻറെ ഇരുപതാം വയസ്സിൽ 11 വയസുകാരിയായ ഉഷാപതിയെ വിവാഹം കഴിച്ചു. ഇവർക്ക് 9 മക്കൾ ജനിച്ചു. തമിഴ്നാട്ടിലെ ദ്രാവിഡ മുന്നേറ്റ പ്രസ്ഥാനങ്ങളുടെ എല്ലാം ഉപജ്ഞാതാവായ വലിയ സാമൂഹിക പരിഷ്കർത്താവായ തന്തൈ പെരിയാർ എന്നറിയപ്പെടുന്ന പെരിയാർ ഇ വി രാമസ്വാമി 13 വയസ്സുകാരിയായ നാഗമ്മയെ ആണു വിവാഹം ചെയ്തത്. പെരിയാർ നാസ്തികനും യുക്തിവാദിയും സ്വതന്ത്ര ചിന്തകനും ആയിരുന്നു എന്നത് സ്മരണീയമാണ്.
തിരുവിതാംകൂർ രാജ്ഞിയായിരുന്ന പാർവതീഭായി (സ്വാതി തിരുനാൾ മഹാരാജാവിന്റെ ഇളയമ്മ) യെ അവളുടെ പന്ത്രണ്ടാം വയസ്സിൽ കിളിമാനൂർ രാഘവവർമ്മ കോയിത്തമ്പുരാൻ വിവാഹം ചെയ്തു, പതിമൂന്നാം വയസ്സിൽ അവൾ രാജ്യാഭാരം എല്ക്കുകയും ചെയ്തു. മഹാകവി കുമാരനാശാൻ തന്‍റെ നാല്പത്തഞ്ചാം വയസ്സില്‍ ബാലികയായിരുന്ന ഭാനുമതിയെ വിവാഹം ചെയ്തു.
കോൺഗ്രസ് നേതാവുമായിരുന്ന കേശവമേനോൻ ആദ്യ വിവാഹം ചെയ്യുന്നത്, നാലാം ക്ലാസ്സിൽ പഠിക്കുകയായിരുന്ന ബാലികയെയായിരുന്നു.
അതൊന്നും ഒട്ടും പ്രശ്നമല്ല. ആരു ചെയ്താലും ശരി മുഹമ്മദ് ചെയ്തതേ തെറ്റും ലമ്പടത്വവുമാകൂ എന്നാണ് നിലപാടെങ്കിൽ അതു സമ്മതിച്ചു തരാൻ മനസ്സില്ല എന്നാണ് മറുപടി.
ഒരു ഭാര്യയുടെ പ്രായത്തിന്റെ കുറവ് എടുത്തു കാണിക്കുന്നവർ മറ്റു വിവാഹങ്ങളുടെ പ്രായം പരിശോധിക്കുകയാണ് വേണ്ടത്. പ്രായക്കൂടുതലോ കുറവോ ഒട്ടും പരിഗണിക്കാത്തതായിരുന്നു ആ വിവാഹങ്ങളെല്ലാം. വിവാഹം നടക്കുമ്പോൾ ആദ്യ ഭാര്യയുടേത് നാൽപതും രണ്ടാമത്തെ ഭാര്യയുടേത് അറുപതിനു മുകളിലുമായിരുന്നു. അഞ്ചാമത്തെ വിവാഹം അന്ന് ശത്രുവായിരുന്ന അബൂ സുഫ്യാന്റെ മകളെയായിരുന്നു. ഭാര്യമാരിൽ ഒരാളല്ലാത്ത എല്ലാവരും വിധവകളോ വിവാഹ മോചിതരോ ആയിരുന്നു എന്നത് മറ്റൊന്ന്.
ഈ പറയുന്ന കന്യക ഭാര്യയെ വിവാഹം ചെയ്തതിനു ശേഷം വീണ്ടും നബി വിവാഹം ചെയ്യുന്നത് ഹഫ്സ്വ(റ)യെയാണ്. ഹിജ്റ കഴിഞ്ഞ് 30-ാം മാസമായ ശഅബാനിലായിരുന്നു ഈ വിവാഹം. ലക്ഷണമൊത്ത ഒരു കൗമാരക്കാരി ജീവിത പങ്കാളിയായി ഉണ്ടായിട്ടും വേറെ ഒരു 35 - കാരി വിധവയെ വിവാഹം കഴിക്കുന്നത് എന്തുകൊണ്ട് ഇവർക്ക് ചൊറിച്ചിലുണ്ടാക്കുന്നില്ല എന്നത് അൽഭുതമാണ്. ഇതെല്ലാം സൂചിപ്പിക്കുന്നത് നബിയുടെ കല്യാണങ്ങളുടെ ലക്ഷ്യങ്ങൾ വെറും കാമമായിരുന്നില്ല എന്നാണ്.
ഇവിടെ അതൊന്നുമല്ല അടിസ്ഥാന പ്രശ്നം. അവരുടെ ഏതോ ബുദ്ധികേന്ദ്രങ്ങൾ ഓതിക്കൊടുക്കുന്ന മറ്റൊന്നാണ്. അതെന്തെന്നാൽ മറ്റു മതങ്ങളും മതക്കാരുമൊക്കെ അഡ്ജസ്റ്റ്മെന്റിന് പാകമാണ്, വിട്ടുവീഴ്ച ചെയ്യാത്ത മതവും മതക്കാരും ഇസ്ലാമും മുസ്ലിംകളും മാത്രമാണ്, അവരെ തകർത്താലേ ദുർബലമായ മോഹങ്ങൾ നടത്തുകയും രാഷ്ട്രീയമായി നേടുകയും ചെയ്യുവാൻ കഴിയൂ എന്ന്. അതല്ലാതെ മുസ്ലിംകളെ ഇങ്ങനെ വേട്ടയാടുന്നത് അവർ ഒരു നാൾ ഇന്ത്യയുടെ ഇന്ദ്രപ്രസ്ഥത്തിന്റെ ചക്രം തിരിക്കുന്നവരാകുമെന്നോ അവരിൽ നിന്ന് ഇനിയും ഔറംഗസേബും ഷാജഹാനും അക്ബറുമൊക്കെ വന്നേക്കാമെന്നോ ഉള്ള രാഷ്ട്രീയ ഭയം കൊണ്ടൊന്നുമല്ല.
പക്ഷെ, ഒരു കാര്യം മനസ്സിലാക്കുക. വിട്ടുവീഴ്ച ചെയ്യാൻ കഴിയാത്ത വിധം കുതബ് മിനാറിന്റെ ഔന്നത്യവും താജ് മഹലിന്റെ സൗകുമാര്യവും ചെങ്കോട്ടയുടെ കരുത്തമുളള ഈ സാംസ്കാരികാസ്തിത്വം സൃഷ്ടാവിൽ നിന്ന് ഞങ്ങക്കെത്തിച്ചു തന്ന ദൂതനാണ് ഞങ്ങൾക്ക് മുഹമ്മദ് നബി(സ്വ). ആ വ്യക്തിത്വത്തെ കല്ലെറിയാൻ ഞങ്ങൾ അനുവദിക്കില്ല. അതുകൊണ്ട്, ഇല്ലാ റസൂലല്ലാഹ്..
Thoughts & Arts
ഷെയിം ! ഷെയിം !!
11-06-2022
0 Comments
No comments yet.
Leave a Comment
© www.thdarimi.in. All Rights Reserved. Designed by zainso