

പാണക്കാട് തങ്ങൻമാർ വിരിച്ച തണലും നിലാവും
09-07-2022
Web Design
15 Comments
പാണക്കാട് തങ്ങൾ എന്ന പ്രയോഗം ഒരു നാമവിശേഷണമാണ് എന്നേ ആരും പറയൂ. പക്ഷെ, സത്യത്തിൽ അതൊരു സ്ഥാനമാണ് എന്നതാണ് നമ്മുടെ അറിവും അനുഭവവും. പാണക്കാട് പുതിയ മാളിയക്കൽ തങ്ങൾ കുടുംബത്തിലെ മൂത്ത ആൾക്ക് മുസ്ലിം കേരളം മാത്രമല്ല, സാംസ്കാരിക കേരളം തന്നെ പതിറ്റാണ്ടുകളായി പതിച്ചു നൽകിയ സ്ഥാനം. അവർ പല സ്ഥാനങ്ങളും വഹിക്കുന്നു എങ്കിലും ഈ സ്ഥാനം അവരിൽ ചാർത്തുന്നതോടെ അവർ കേരളത്തിന്റെ നേതൃസ്ഥാനത്തേക്ക് ഉയരുന്നു. അവർ ബഹുമാനത്തിന്റെ പരമ ശ്രേഷ്ഠത പുൽകുന്നു. പിന്നെ അവർ മനസ്സുകളിലേക്കും മനസ്സുകൾ അവരിലേക്കും പരസ്പരം കുടിയേറുന്നു. ഒന്നര നൂറ്റാണ്ടിലേറെയായി ഇപ്പേരില്‍ ഒരാള്‍ എന്നും അറിയപ്പെട്ടുവരുന്നുണ്ട്. കഴിഞ്ഞ ഒന്നര ദശാബ്ദക്കാലമായി ബഹു. ഹൈദരലി ശിഹാബ് തങ്ങളായാരുന്നു പാണക്കാടു തങ്ങള്‍. അതിനു മുമ്പ് മൂന്ന് ദശാബ്ദത്തിലധികം സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങളായിരുന്നു ഈ വിശിഷ്ഠ സിംഹാസനത്തിൽ. അതിനുമുമ്പ് ദശാബ്ദങ്ങളോളം അവർ രണ്ട് പേരുടെയും പിതാവ് പി.എം.എസ്.എ.പൂക്കോയ തങ്ങളായിരുന്നു ഈ സ്ഥാനത്ത്. അതിനുമുമ്പ് അദ്ദേഹത്തിന്റെ പിതൃവ്യനും വളര്‍ത്തു പിതാവുമായിരുന്ന സയ്യിദ് അലി പൂക്കോയ തങ്ങളായിരുന്നു. അവര്‍ക്കു മുമ്പ് അവരുടെ ജ്യേഷ്ഠസഹോദരന്‍ സയ്യിദ് കോയഞ്ഞിക്കോയ തങ്ങള്‍. അതിനും മുമ്പ് തന്റെ പിതാവ് ഹുസൈന്‍ ശിഹാബ് ആറ്റക്കോയ തങ്ങള്‍. ഇപ്പോൾ ആ സ്ഥാനം ബഹു. സയ്യിദ് സ്വാദിഖലി ശിഹാബ് തങ്ങളിലാണ് എത്തിച്ചേർന്നിരിക്കുന്നത്. ഏതെങ്കിലും കമ്മിറ്റിയോ സഭയോ തെരഞ്ഞെടുത്തല്ല ഈ പദവിയുണ്ടാകുന്നത്. അല്ലാഹു തെരഞ്ഞെടുത്തു നിയോഗിക്കുന്ന ഒരു മഹത്തായ പദവിയാണിത്.
അല്ലെങ്കിലും കേരളത്തില്‍ നേതൃപരമായ പദവിയാണു തങ്ങന്മാരുടേത്. മുസ്ലിംകളഉടെ അദ്ധ്യാത്മികവും ഭൗതികവുമായ മണ്ഡലങ്ങളില്‍ അവര്‍ക്ക് വ്യക്തമായ മേധാവിത്വം എന്നുമുണ്ടായിരുന്നു. ഇത് ആരുടെയും നിര്‍ബന്ധം കൊണ്ടുണ്ടായതല്ല. അവര്‍ സമുദായത്തെ സ്‌നേഹിച്ചു അതിനുവേണ്ടി ധാരാളം ത്യാഗം ചെയ്തു. സമുദായം തിരിച്ച് അവരെ ആദരിക്കുകയും അനുസരിക്കുകയും ചെയ്തു. ഒന്നുകൂടി അപ്പുറത്തു നിന്ന് തുടങ്ങിയാൽ നേതൃത്വ ഗുണം അവരുടെ സിരകളിൽ അലിഞ്ഞുചേർന്നതാണ്. നബി(സ) സ്വന്തം പേരമകൻ ഹസൻ(റ)വിനെ ചാരത്തിരുത്തി എന്റെ ഈ മകൻ സയ്യിദാണ് എന്ന് ശ്ലാഘിച്ചതിൽ നിന്നും ഹസൻ, ഹുസൈൻ എന്നിവരെ പ്രതി ഇവർ രണ്ടു പേരും സ്വർഗ്ഗത്തിലെ യുവാക്കളുടെ നേതാവായിരിക്കും എന്ന് പ്രവചിച്ചതുമെല്ലാം അടിസ്ഥാനപരമായി അവർ നേതൃഗുണമുള്ളവരാണ് എന്ന് സൂചിപ്പിക്കുന്നു. കേരളത്തിൽ വന്ന തങ്ങൻമാരെല്ലാം പൊതുവെ ഹുസൈനികളാണ്. അവര്‍ക്കിടയില്‍ ധാരാളം സാംസ്‌കാരിക നായകര്‍ ജന്മമെടുത്തിട്ടുണ്ട്. കേരളത്തിലെ സുന്നിപ്രസ്ഥാനത്തിനു മാത്രമല്ല പുരോഗമന ചിന്താഗതിക്കാര്‍ക്കു വരെ നേതൃത്വം കൊടുത്തത് തങ്ങൻമാരാണെന്നതു കൗതുകരമാണ്. ഐക്യ സംഘത്തിന്റെ പ്രചോദന കേന്ദ്രമായിരുന്ന ഹമദാനി തങ്ങളും ഹമദാനി തങ്ങള്‍ക്ക് മുമ്പ് ജീവിച്ച ഏകദേശം നാല്‍പത് ഗ്രന്ഥങ്ങളുടെ കര്‍ത്താവായ വെളിയങ്കോട് സ്വദേശി സയ്യിദ് സനാഉല്ല മക്തി തങ്ങളും ഇതിന് ഉദാഹരണങ്ങളാണ്.
വിവിധ സാംസ്കാരിക മേഖലകളിൽ സാന്നിദ്ധ്യമറിയിക്കുകയും അവിടെ നേതൃസ്ഥാനത്തേക്ക് ഉയർന്നുവന്നതുമായ അനുഭവം അതിനുദാഹരണങ്ങളാണ്. അവരിൽ പ്രഗത്ഭരായ എഴുത്തുകാർ ജൻമമെടുത്തു. കേരളത്തിലെ തങ്ങന്മാര്‍ക്കിടയിലെ ആദ്യത്തെ ഗ്രന്ഥകര്‍ത്താവ് കോഴിക്കോട് സയ്യിദ് ശൈഖ് ജിഫ്രി (ഹിജ്‌റ 1139-1222) യാണ്. തരീമില്‍ നിന്ന് കേരളത്തില്‍ കുടിയേറിപ്പാര്‍ത്ത ആദ്യത്തെ ജിഫ്രി വംശജന്‍ കൂടിയാണദ്ദേഹം. അറബി ഭാഷയില്‍ കന്‍സൂല്‍ ബറാഹീന്‍ പോലെയുള്ള അനേകം പുസ്തകങ്ങള്‍ അദ്ദേഹം രചിച്ചു. മമ്പുറത്തെ സെയ്തലവി തങ്ങളുടെ പ്രസിദ്ധ ഗ്രന്ഥമാണ് അസ്സൈഫുല്‍ ബത്താര്‍. അദ്ദേഹം സാമ്രാജ്യത്വത്തിനും ജന്മിത്വത്തിനുമെതിരെ പോരാടിയപ്പോഴും സാംസ്‌കാരിക പ്രവര്‍ത്തനം സജ്ജീവമായി തുടര്‍ന്നുകൊണ്ടിരുന്നു. അദ്ദേഹത്തിന്റെ പുത്രന്‍ ഫസല്‍ പൂക്കോയ തങ്ങള്‍ കേരളം വിട്ട ശേഷം തുര്‍ക്കി സുല്‍ത്താന്‍ അബ്ദുല്‍ ഹമീദ് ഖാന്റെ ഉപദേഷ്ടാവായും യമനില്‍ അദ്ദേഹത്തിന്റെ ഗവര്‍ണ്ണറായും പ്രവര്‍ത്തിച്ചു. എഴുത്തും പ്രസംഗവും മുഖേന അദ്ദേഹം തന്റെ ലോകത്ത് മുഴുവനും സാമ്രാജ്യ വിരുദ്ധ ചിന്താഗതി പരിപോഷിപ്പിച്ചു. അറബി ലോകത്ത് സയ്യിദ് ഫസല്‍ പാഷാ മലൈബാരിയെന്ന പേരിലാണ് അദ്ദേഹം അറിയപ്പെടുന്നത്.
കൊച്ചിയിലെ ചെമ്പിട്ട പള്ളിയുടെ നിര്‍മാതാവായ സയ്യിദ് മൗലാ ബുഖാരി (ഹി.1144-1207) ഊര്‍ജ്ജ്വസ്വലനായ മറ്റൊരു സാംസ്‌കാരിക നായകനാണ്. പാടൂര്‍ കോയക്കുട്ടി തങ്ങൾ മറ്റൊരു സാഹിത്യകാരനാണ്. അദ്ദേഹത്തിന്റെ ബൈതുല്യം അഥവാ സത്യമാര്‍ഗ്ഗം കേരളീയരെ സ്വാധീനിച്ച ഒരു അറബി മലയാള കൃതിയാണ്. പൊന്നാനി കോടമ്പിയകത്തു കുഞ്ഞി സീതി തങ്ങള്‍ (ഹി.1274-1339)വിശ്രുതനായൊരു കവിയാണ്. ചരിത്ര സംഭവങ്ങളും വിവിധ മതപ്രശ്‌നങ്ങളും അദ്ദേഹത്തിന്റെ കവിതക്കു വിഷയമായങ്ങളായിട്ടുണ്ട്. പൊന്നാനി മഊനത്തുല്‍ ഇസ്ലാം സഭയുടെ സ്ഥാപനത്തില്‍ പങ്കുവഹിച്ച സയ്യിദ് അബ്ദുര്‍റഹ്മാന്‍ ഹൈദ്രോസ് പൊന്നാനി, ഫാറൂഖ് കോളജിന്റെ സ്ഥാപക വൈസ് പ്രസിഡന്റും മഊനത്തുല്‍ ഇസ്ലാം ഹൈസ്‌കൂളിന്റെ സ്ഥാപനത്തിന് നേതൃത്വം കൊടുത്ത വ്യക്തിയുമായ കോഴിക്കോട് പി.എം ആറ്റക്കോയ തങ്ങള്‍, ഫാറൂഖ് കോളേജ് മാനേജിംഗ് കമ്മറ്റി സെക്രട്ടറിയും വ്യവസായ പ്രമുഖനുമായിരുന്ന എസ്.എ. ജിഫ്രി തങ്ങൾ, മലപ്പുറം ഖാസിയായിരുന്ന ഖാന്‍ ബഹദൂര്‍ മുത്തുക്കോയ തങ്ങള്‍ തുടങ്ങിയവര്‍ സാംസ്‌കാരിക രംഗത്തു വിരാജിച്ച ചില പ്രഗത്ഭ സയ്യിദന്മാരാണ്.
സയ്യിദ് അബ്ദുറഹ്മാന്‍ ബാഫഖി തങ്ങള്‍ പട്ടിക്കാട് ജാമിഅ നൂരിയ്യയുടെ സ്ഥാപനത്തിലൂടെ മാത്രമല്ല വിശ്രുതനായത്. നൂറുകണക്കിന് ചെറുതും വലുതുമായ വ്യദ്യാഭ്യാസ സ്ഥാപനങ്ങളുടെ ആവിര്‍ഭാവത്തിന് നതൃത്വം കൊടുത്ത രാഷ്ട്രീയ പ്രസ്ഥാനത്തിന്റെ അമരക്കാരന്‍ എന്ന നിലയില്‍ അദ്ദേഹത്തിന്റെ സംഭാവനകള്‍ വിലയിരുത്തേണ്ടതുണ്ട്. സാഹിത്യകാരൻ കൂടിയായിരുന്ന കോഴിക്കോട് വലിയ ഖാസി ശിഹാബുദ്ദീന്‍ ഇമ്പിച്ചിക്കോയ തങ്ങൾ ലക്ഷണമൊത്ത ഒരു സാംസ്കാരിക നായകനാണ്. ജ്ഞാനവൃദ്ധനായ സയ്യിദ് അബ്ദുറഹ്മാന്‍ അസ്ഹരി തങ്ങള്‍ ഈ ശ്രേണിയിലെ ഒരനുപമ വ്യക്തിത്വത്തിന്റെ ഉടമയാണ്. ഒരേ സമയം ബാഖവിയും (വെല്ലൂര്‍) ഖാസിമിയും (ദയൂബന്ത്) അസ്ഹരിയും (കൈറോ) ആകാനുള്ള ഭാഗ്യം സിദ്ധിച്ച കേരളത്തിലെ ഏക പണ്ഡിതനാണദ്ദേഹം. ഗ്രന്ഥകാരനായ അദ്ദേഹം രചിച്ച അല്‍ അറബു വല്‍ അറബിയ്യ ( അറബികളും അറബി ഭാഷയും) എന്ന പുസ്തകം നാലു പതിറ്റാണ്ടുകള്‍ക്ക് മുമ്പ് കൈറോവില്‍ പ്രസിദ്ധീകരിക്കപ്പെട്ടത് കേരളത്തിലെ സാദാത്തുക്കൾക്ക് മുഴുവനും അഭിമാനമാണ്.
ലോകമുസ്ലിം പണ്ഡിത സമൂഹവുമായി ബന്ധപ്പെടുവാനും സംവദിക്കാനുമുള്ള അദ്ദേഹത്തിന്റെ കഴിവ് അദ്ദേഹം പ്രസിഡന്റായ സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമയുടെ വീക്ഷണവും പ്രവര്‍ത്തനവും വിപുലമാക്കാന്‍ വരെ സഹായിച്ചിട്ടുണ്ട്. സമസ്തയുടെ പ്രസിഡന്റ് സ്ഥാനം അലങ്കരിക്കുന്ന രണ്ടാമത്തെ സയ്യിദാണദ്ദേഹം. വരക്കല്‍ മുല്ലക്കോയ തങ്ങള്‍ അതിന്റെ സ്ഥാപക പ്രസിഡന്റാണ്. ഇപ്പോൾ സമസ്തക്ക് നേതൃത്വം നൽകുന്നത് സയ്യിദുൽ ഉലമാ മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങളാണ്. കേരളത്തിലെ പൊതു മുസ്ലിം സമൂഹത്തിൽ ഏറ്റവും അധികം കരുത്തുറ്റ അടിത്തറയും വ്യാപകമായ അംഗീകാരവും ഉള്ള സമസ്ത കേരള ജംഇയ്യത്തുൽ ഉലമായുടെ നേതൃത്വവും കടിഞ്ഞാണും എക്കാലത്തും സാദാത്തീങ്ങളുടെ കരങ്ങളിലായിരുന്നു എന്നതു മാത്രം മതി കേരളത്തിലെ സാദാത്തുക്കളുടെ നേതൃഗുണം അളക്കാനും വിവരിക്കുവാനും.
കേരളത്തിലെ സയ്യിദുമാര്‍ രണ്ട് വിഭാഗങ്ങളാണ്. ഹള്‌റമികളും ബുഖാരികളും. യമനിലെ ഹളര്‍ മൗതില്‍ നിന്നും ഇവിടെ കുടിയേറിപ്പാര്‍ത്തവരാണ് ഹള്‌റമികള്‍. അവരിലെ പ്രധാന കുടുംബങ്ങളില്‍ ചിലതാണ് ഹൈദ്രൂസ്, ബാഫഖീഹ്, ഇബ്‌നു ശിഹാബ്, മുഖ്ളാര്‍, ജിഫ്രി, സഖാഫ്, അത്താസ്, അഹ്ദല്‍, ജമലുല്ലൈലി, ഐദിദ്, മശ്ഹൂര്‍, ബാഅലവി, ഹിബ്ശി, ഹദ്ദാദ്, മൗലദ്ദവീല തുടങ്ങിയ ഖബീലകൾ. മമ്പുറത്തെ സയ്യിദ് അലവി തങ്ങള്‍ മൗലദ്ദവീലി കുടുംബാംഗമാണ്. അദ്ദേഹത്തിന്റെ ഏക പുത്രന്‍ സയ്യിദ് ഫസല്‍ പൂക്കോയ തങ്ങള്‍ 1852ല്‍ അറേബ്യയിലേക്കു മാറിത്താമസിച്ചതോടെ പിന്നെ ആ കുടുംബതാവഴി ഇവിടെ അവശേഷിച്ചില്ല. ബുഖാറയില്‍ നിന്ന് ലാഹോറിലും ഡല്‍ഹിയിലും അവിടെ നിന്ന് കേരളത്തിലുമെത്തിയവരാണ് ബുഖാറ തങ്ങന്മാര്‍. അവരുടെ ആദ്യത്തെ ആവാസകേന്ദ്രം വളപട്ടണമാണ്. അവിടെ നിന്നാണു കരുവന്‍ തിരുത്തി, പാടൂര്‍ തുടങ്ങിയ സ്ഥലങ്ങളിലേക്ക് അവർ വ്യാപിച്ചത്. രണ്ടുവിഭാഗവും ഹുസൈനികളാണ്. അലി(റ)ന്റെ നാലാമത്തെ പിന്മുറക്കാരന്‍ ഇമാം ജഅഫര്‍ സ്വാദിഖിന്റെ വംശപരമ്പരയില്‍പ്പെട്ട അഹമദുബിന്‍ ഈസ അല്‍ മുഹാജിര്‍ ബിന്‍ മുഹമ്മദുബിന്‍ അലി അല്‍ഇര്‍രീഫി ബിന്‍ ജഅഫര്‍ സ്വാദിഖ് എന്നവർ ഹി.317 ല്‍ ബസ്വറയില്‍ നിന്ന് ഹളര്‍ മൗതിലെത്തി. പതിനാല് ഒട്ടകങ്ങളിലായിട്ടായിരുന്നു അദ്ദേഹവും കുടുംബാംഗങ്ങളും ഹളര്‍മൗത്തില്‍ എത്തിയതും അവിടെ താമസിക്കാന്‍ തീരുമാനിച്ചതും. അവിടെ നിന്നാണ് ഹള്റമി തങ്ങൻമാരുടെ ചരിത്രം വ്യക്തത നേടിത്തുടങ്ങുന്നത്.
ഹളര്‍ മൗതിലെ മുകല്ല തുറമുഖത്തിന്നടുത്ത തരീം എന്ന സ്ഥലം അവരുടെ ആവാസകേന്ദ്രമായി. ഹള്‌റമികള്‍ പ്രാചീന കാലം മുതല്‍ക്കെ സമുദ്രവ്യാപാരത്തില്‍ പ്രസിദ്ധിനേടിയവരാണ്. അവരുടെ രാജ്യം മരുഭൂമിയായതുകൊണ്ട് ഉപജീവനത്തിന് വ്യാപാരമല്ലാതെ മറ്റു മാര്‍ഗ്ഗമുണ്ടായിരുന്നില്ല. അവരുടെ രാജ്യം കിഴക്കും പടിഞ്ഞാറും തമ്മിലുള്ള വാണിജ്യ മാര്‍ഗത്തിന്റെ മധ്യത്തിലായത് അവര്‍ക്കൊരു അനുകൂലഘടകവുമായി. ക്രിസ്ത്വാബ്ദം എട്ടാം നൂറ്റാണ്ടു മുതല്‍ക്ക് ഹള്‌റമികള്‍ ഇന്ത്യയുമായി പ്രത്യേകിച്ചും ദക്ഷിണേന്ത്യയുമായി വ്യാപാര ബന്ധം പുലര്‍ത്തിയിരുന്നതായി പ്രാചീന ചരിത്രരേഖകളിൽ കാണുന്നുണ്ട്.
കതീര്‍, യാഫീ എന്നീ കുടുംബങ്ങളാണു ആദ്യകാലവര്‍ത്തക പ്രമുഖര്‍. ഇവര്‍ ശ്രദ്ധകേന്ദ്രീകരിച്ചത് വ്യാപാരത്തിലാണെങ്കിലും ധാരാളം തദ്ദേശീയര്‍ ഇവരുടെ ജീവിത രീതിയില്‍ ആകൃഷ്ടരായി ഇസ്ലാം മതം സ്വീകരിച്ചു. പുതുവിശ്വാസികളുടെ എണ്ണം വര്‍ദ്ധിച്ചപ്പോള്‍ അവര്‍ക്ക വിദ്യാഭ്യാസവും ശിക്ഷണവും നേതൃത്വവും നല്‍കല്‍ ഒരു പ്രശ്‌നമായിത്തീര്‍ന്നു. അറിവുളളവരുടെ അഭാവമായിരുന്നു പ്രധാന കാരണം. ഈ ശൂന്യത നികത്തിയത് തരീമിലെ തങ്ങന്മാരാണ്. അവര്‍ ദക്ഷിണപൂര്‍വ്വേഷ്യയിലേക്ക് വന്‍തോതില്‍ പ്രവഹിച്ചു. ചിലര്‍ മതകാര്യങ്ങളില്‍ മാത്രം ശ്രദ്ധിച്ചു. വേറെ ചിലര്‍ ബിസിനസ്സും മതപ്രവര്‍ത്തനങ്ങളും ഒരേ സമയത്ത് നടത്തി. എ.ഡി പതിനാലാം നൂറ്റാണ്ട് മുതല്‍ക്കാണ് ഹളറമീ സാദാത്തുക്കളുടെ പ്രയാണം ശക്തി പ്രാപിച്ചത്. കേരളത്തിലും അതിനെക്കാളധികം ഇന്ത്യോനേഷ്യയിലും മലേഷ്യയിലും ഇവരുടെ സാന്നിദ്ധ്യം വര്‍ദ്ധിച്ചതോതില്‍ അനുഭവപ്പെട്ടു. മതഭൗതികരംഗങ്ങളില്‍ ഇവര്‍ സമുദായത്തിന് നേതൃത്വം നല്‍കി. ഇന്തോനേഷ്യന്‍ സാമൂഹ്യ ജീവിതത്തില്‍ സമുന്നതമായ സ്ഥാനമാണ് ഹള്‌റമികള്‍ ഇപ്പോഴും അലങ്കരിക്കുന്നത്. അവിടത്തെ മുന്‍പ്രസിഡന്റ് അബ്ദുറഹിമാന്‍ വാഹിദും, വിദേശ കാര്യമന്ത്രിയായിരുന്ന അലവി ശിഹാബും ഹള്‌റമികളാണ്. മുന്‍ പ്രസിഡന്റ് സുക്കാര്‍ണോവിന്റെ കാലത്ത് ഇന്തോനേഷ്യയിലെ മൂന്ന് പ്രമുഖ പാര്‍ട്ടികളില്‍ ഒന്നായ നഹ്ദത്തുല്‍ ഉലമ ഹള്‌റമികളുടെ നിയന്ത്രണത്തിലുള്ളതായിരുന്നു.
കേരളത്തിലെയും ദക്ഷിണേഷ്യയിലെയും മുസ്ലിംകള്‍ ഹൃദ്യമായ സ്വീകരണമാണ് ഇവര്‍ക്ക് നല്‍കിയത്. അതിനു പ്രധാന കാരണം അവരുടെ അഖീദയും മദ്ഹബും ആയിരുന്നു. പ്രാചീന കാലം മുതൽ തന്നെ അഹ്‌ലുസ്സുന്നത്തി വൽ ജമാഅത്തിന്റെ പാതയാകാത്ത മറ്റൊരു പാതയും പരിചയമില്ലാത്ത ജനവിഭാഗമാണ് കേരളക്കാർ. തങ്ങളുടെ നാട്ടിലേക്ക് വന്ന ഹള്റമീ തങ്ങൻമാർ ഇതേ പാത പിന്തുടരുന്നവരായിരുന്നു എന്നത് മാത്രം മതിയായിരുന്നു അവർ പരസ്പരം ആകർഷിക്കപ്പെടാൻ. അതോടൊപ്പം കേരളത്തിലെ മുസ്ലിം കൾക്ക് പരമ്പരാഗതമായി ലഭിച്ച ഒന്നായിരുന്നു ത്വരീഖത്തുകൾ. അറിയപ്പെടാത്ത പ്രാചീന കാലം മുതൽക്കു തന്നെ വിവിധ ത്വരീഖത്തുകൾ ഇവിടത്തുകാർ പിന്തുടർന്നിരുന്നു. ഇവിടെ വന്ന ഹള്റമീ തങ്ങൻമാർ ത്വരീഖത്തിന്റെ വാഹകർ കൂടിയാണ് എന്ന് കണ്ടപ്പോൾ അത് അവരുടെ മതിപ്പിനെ വർദ്ധിപ്പിക്കുകയായിരുന്നു.
ബുഖാരി തങ്ങൻമാരുടെ പൂർവ്വപിതാക്കൾ അലവികൾ എന്നാണ് ചരിത്രത്തിൽ അറിയപ്പെടുന്നത്. അലവികൾ എന്നാൽ അലി പക്ഷക്കാർ എന്നേ അതിനർഥമുള്ളൂ. അമവീ, അബ്ബാസീ, ഖിലാഫത്തുകള്‍ക്കെതിരായി അവർ നിരവധി സമരങ്ങള്‍ നടത്തിയിട്ടുണ്ട്. ഈ രാഷ്ട്രീയ വികാരം പുലർത്തിയിരുന്നവർ ശിയാ പക്ഷക്കാരാണ്. ശീഇസം പിൽക്കാലത്ത് ഒരു മദ്ഹബായി വളർന്നു എങ്കിലും അടിസ്ഥാനപരമായി അത് ഒരു മതപക്ഷ രാഷ്ട്രീയം മാത്രമാണ്. എന്നാല്‍ ഹളറമീ സാദാത്തുക്കള്‍ എല്ലാ അർഥത്തിലും സുന്നികളാണ്. ഇമാം ജഅഫര്‍ സ്വാദിഖിന്റെ സന്താന പരമ്പരക്കാരായ ഇവർ രാഷ്ട്രീയത്തില്‍ നിന്ന് അകന്നു നിന്ന് ദീനി രംഗത്തും വൈജ്ഞാനിക രംഗത്തും ശ്രദ്ധകേന്ദ്രീകരിച്ചു. അവര്‍ കേരളീയരപ്പോലെ വിശ്വാസപരമായി അശ്അരികളും കര്‍മസരണിയില്‍ ശാഫികളുമാണ്. ഈ വിശ്വാസ ഇഴയടുപ്പം കേരളത്തിൽ ഹള്റമീ തങ്ങൻമാർക്ക് പ്രത്യേക ഇരിപ്പിടം നൽകി എന്നതാണ് വാസ്തവം.
ശിഹാബുദ്ദീൻ തങ്ങൻമാർ
ഇമാം ഹുസൈൻ(റ)വിന്റെ സന്തതി പരമ്പരയിൽ ബാ അലവി ബബിലയിൽ പെട്ട ഒരു താവഴിയാണ് സഖാഫ് കുടുംബം. ഈ കുടുംബത്തിലെ ആദ്യത്തെ കണ്ണിയായ അബ്ദു റഹ്മാൻ സഖാഫ് വലിയ കറാമത്തുകളുടെ ഉടമയായിരുന്നു. ഹിജ്റ 819 ശഅ്ബാൻ ഏഴിന് വെള്ളിയാഴ്ച അവർ മരണപ്പെട്ടു. ഈ കുടുംബത്തിൽ നിന്നാണ് ശിഹാബുദ്ദീൻ, അയ്ദറൂസ്, അത്വാസ്, ഹാദി, ബൈത്തി, ബാ ഉഖൈൽ തൂടങ്ങിയ ഖബീലകൾ ഉണ്ടായത്. അബ്ദുറഹ്മാൻ സഖാഫിന്റെ മൂന്നാമത്തെ മകൻ അബൂബക്കർ സക്റാന് (മരണം. ഹി. 821) ശൈഖ് അലി എന്ന ഒരു മകൻ ഉണ്ടായിരുന്നു. അദ്ദേഹമാണ് ശിഹാബുദ്ദീൻ തങ്ങൻമാരുടെ പ്രപിതാവ്. അദ്ദേഹത്തിന്റെ മകൻ ശൈഖ് അലി(മരണം. ഹി. 840), അവരുടെ മകൻ സയ്യിദ് അബ്ദുറഹ്മാൻ (മരണം, ഹി. 923) എന്നിവർ പിന്നിട്ട് സയ്യിദ് അബ്ദുറഹ്മാൻ എന്നവരുടെ മകൻ സയ്യിദ് അഹ്മദ് ശിഹാബുദ്ദീൻ എന്നിവരിൽ എത്തിച്ചേരുന്നതോടെയാണ് ശിഹാബുദ്ദീൻ ഖബീല രൂപപ്പെടുന്നത്.
ഈ ഖബീലയിൽ സയ്യിദ് ഉമർ, സയ്യിദ് ശിഹാബുദ്ദീൻ, സയ്യിദ് ഉമർ മഹ്ജൂബ്, സയ്യിദ് അലി, സയ്യിദ് അഹ്മദ്ദ് എന്നിവർക്കു ശേഷം സയ്യിദ് അഹ്മദ് എന്നവരുടെ മകൻ സയ്യിദ് അലി എന്നവർ തങ്ങളുടെ നാടായ തരീമിൽ നിന്ന് പതിനെട്ടാം ശതകത്തിൽ പ്രമുഖ മുസ്ലിം കേന്ദ്രമായ വളപട്ടണത്ത് എത്തിച്ചേർന്നതോടെയാണ് ശിഹാബുദ്ദീൻ സാദാത്തുക്കളുടെ കേരളത്തിലെ ചരിത്രം തുടക്കുന്നത്. സൂക്ഷ്മമായ ചരിത്രമനുസരിച്ച് 1181 ലാണ് അദ്ദേഹം കേരളത്തിലെത്തുന്നത്. ഈ വംശത്തിലെ പല മക്കളും പല കേന്ദ്രങ്ങളിൽ കേന്ദ്രീകരിച്ചപ്പോൾ ഇവരിലെ സയ്യിദ് മുഹ്ളാർ ശിഹാബുദ്ദീൻ തങ്ങൾ (1212-1258) പാണക്കാട് താമസമാക്കി. ഇതോടെ പാണക്കാട്ടെ തങ്ങൻമാരുടെ ചരിത്രം ആരംഭിക്കുന്നു. ഈ സയ്യിദ് മുഹ്ളാർ തങ്ങൾ മലപ്പുറത്തായിരുന്നു തന്റെ സഹോദരിയോടൊപ്പം താമസിച്ചിരുന്നത്. പിന്നെ ഇവർ പാണക്കാട് എന്ന സ്ഥലത്ത് എത്തിയത് എങ്ങനെ എന്നതിനു പിന്നിൽ ഒരു കഥ പ്രചാരത്തിലുണ്ട്. അത് ഇങ്ങനെയാണ്.
പാണക്കാട്ടെ ഒരു പുരാതന കുടുംബമായ ഒളകര തറവാട്ടിലെ ഒരു മാന്യന്‍ അവിടെ കുന്നത്തൊടിക വീട്ടില്‍ താമസിച്ചിരുന്നു. ഒരുദിനം നേരംപുലര്‍ന്നു നോക്കുമ്പോള്‍ ആ വീട്ടില്‍ ഒരു ഭീകരാവസ്ഥ. ആ വീട്ടിലെ മുഴുവന്‍ അംഗങ്ങളും അങ്ങിങ്ങായി ബോധം കെട്ടു കിടക്കുന്ന നിലയില്‍ കാണപ്പെട്ടു. വീടിന്റെ പലഭാഗങ്ങളിലും മൃതശരീരങ്ങള്‍ പോലെ വീട്ടുകാർ ചിതറിക്കിടക്കുന്ന കാഴ്ച! സംഭവമറിഞ്ഞ് ഓടിയെത്തിയ നാട്ടുകാര്‍ രംഗം കണ്ടു പരിഭ്രാന്തരായി. ഇതെങ്ങനെ സംഭവിച്ചു എന്നു പരസ്പരം ചോദിച്ചു നിൽക്കാനല്ലാതെ അവർക്കൊന്നും കഴിയുമായിരുന്നില്ല. അപ്പോഴാണ് അവർ മലപ്പുറത്തു താമസിക്കുന്ന സയ്യിദ് മുഹ്ളാര്‍ ശിഹാബുദ്ദീന്‍ തങ്ങളെ കുറിച്ച് ആലോചിച്ചത്. തഖ്‌വയിലും മതഭക്തിയിലും അത്യുന്നതിയിലായിരുന്ന തങ്ങള്‍ നിരവധി അത്ഭുത കൃത്യങ്ങള്‍ കൊണ്ടു അക്കാലത്ത് പ്രസിദ്ധനായിരുന്നു. മലപ്പുറത്തെ സഹോദരീഗൃഹത്തില്‍ താമസിച്ചിരുന്ന തങ്ങളുടെ അസാധാരണ വ്യക്തിത്വം കണ്ടറിഞ്ഞ പ്രദേശത്തുള്ളവരും അയല്‍ നാട്ടുകാരും ഇത്തരം പ്രശ്നങ്ങള്‍ക്ക് ഓടിയെത്തുന്നത് തങ്ങളുടെ സവിധത്തിലാണ്.
ഉത്കണ്ഠാകുലരായ പാണക്കാട്ടുകാര്‍ കുന്നത്തൊടിക വീട്ടിലെ സംഭവം തങ്ങളുടെ സന്നിധിയില്‍ അവതരിപ്പിച്ചു. തത്സമയം സമീപത്തുണ്ടായിരുന്ന തന്റെ ഏക പുത്രന്‍ സയ്യിദ് ഹുസൈന്‍ ആറ്റക്കോയ തങ്ങളെ സയ്യിദ് മുഹ്ളാര്‍ തങ്ങള്‍ പാണക്കാട്ടുകാരോടൊപ്പം വിട്ടു. ഒരു ചൂരല്‍വടിയും മകന്റെ കൈയില്‍ കൊടുത്തു. അന്നു മറ്റത്തൂര്‍ ദര്‍സിലെ വിദ്യാര്‍ത്ഥിയാണ് ആറ്റക്കോയ തങ്ങള്‍. സംഭവസ്ഥലത്തെത്തിയ ആറ്റക്കോയ തങ്ങള്‍ പിതാവു നൽകിയ ചൂരല്‍ വടികൊണ്ടു മൃതപ്രാണരായി കിടക്കുന്നവരില്‍ ഒരാളെ അടിച്ചു. അത്ഭുതം, അടിയേറ്റയാള്‍ തല്‍ക്ഷണം എഴുന്നേറ്റു നിന്നു. തുടര്‍ന്നു കുന്നത്തൊടിക വീട്ടില്‍ വീണു കിടക്കുന്ന ഓരോരുത്തരേയും തങ്ങള്‍ ആ വടികൊണ്ടടിച്ചു. അവര്‍ക്കെല്ലാം നവജീവന്‍ കൈവന്ന പ്രതീതി. നാട്ടുകാര്‍ ആഹ്ളാദഭരിതരായി. അകം നിറഞ്ഞ നന്ദിയോടെ വീട്ടുടമ കുന്നത്തൊടിക വീടുതന്നെ ബഹു.ആറ്റക്കോയ തങ്ങള്‍ക്കു സമ്മാനമായി നല്‍കി. അയാള്‍ കുടുംബസമേതം മറ്റൊരു വീട്ടിലേക്കു താമസം മാറ്റി. ഈ വീട്ടിലാണു പിന്നീട് ബഹു. ആറ്റക്കോയ തങ്ങള്‍ പാണക്കാട്ടു താമസമാക്കിയത്. ഇങ്ങനെയാണു പ്രഥമ പാണക്കാടു തങ്ങള്‍ പിറവികൊള്ളുന്നത്.
സയ്യിദ് ഹുസൈന്‍ ശിഹാബുദ്ദീന്‍ ആറ്റക്കോയ തങ്ങൾ
സയ്യിദ് ഹുസൈന്‍ ശിഹാബുദ്ദീന്‍ ആറ്റക്കോയ തങ്ങളുടെ ആഗമനത്തോടെ പാണക്കാട്ടെ കുന്നത്തൊടിക വീട് സജീവമായി. നാടിന്റെ നാനാഭാഗങ്ങളില്‍ നിന്നും ജാതി-മത ഭേദമന്യേ ജനങ്ങള്‍ ആ വീട്ടിലേക്കൊഴുകി. ജനങ്ങള്‍ക്ക് ആലംബവും അവലംബവുമായി മാറി ആ പാണക്കാട്ടെ തങ്ങള്‍. അധികം വൈകാതെ പിതാവ് സയ്യിദ് മുഹ്ളാര്‍ തങ്ങള്‍ മലപ്പുറത്തു വെച്ചു വഫാതാവുകയും അവിടെ വലിയപള്ളി മഖ്ബറയിൽ ഖബറടക്കപ്പെടുകയും ചെയ്തതോടെ അവരുടെ ഏക പുത്രനായിരുന്ന ആറ്റക്കോയ തങ്ങൾ ജനങ്ങളുടെ ഏക ആശാകേന്ദ്രമായി മാറി. മമ്പുറംതങ്ങള്‍ക്കുശേഷം മലബാറിലെ ജനലക്ഷങ്ങള്‍ക്കു പാണക്കാടു തങ്ങള്‍ എന്നൊരു പുതിയ പദവി അല്ലാഹു കനിഞ്ഞേകുകയായിരുന്നു, ബഹു.ആറ്റക്കോയ തങ്ങളിലൂടെ. ജനങ്ങളുടെ വ്യക്തിപരവും കുടുംബപരവും പ്രാദേശികവും സ്വത്തുപരവുമായ പ്രശ്നങ്ങളില്‍ മാത്രമല്ല, രാഷ്ട്രീയവും സാമൂഹികവുമായ വിഷയങ്ങളിലും പാണക്കാടു തങ്ങളായിരുന്നു അന്നേ അവസാനവാക്ക്. അങ്ങനെയിരിക്കെയാണ് ബഹു.ആറ്റക്കോയ തങ്ങളെ സര്‍ക്കാര്‍ വിരുദ്ധ പ്രവര്‍ത്തനം എന്ന കുറ്റം ചുമത്തി ബ്രിട്ടീഷ് ഗവണ്‍മെന്റ് വെല്ലൂരിലേക്കു നാടുകടത്തിയത്.
ഹുസൈൻ ആറ്റക്കോയ തങ്ങളെ നാടുകടത്തിയതിന് പിന്നിലെ കാരണം എ.ഡി.1882-ല്‍ തൃക്കളൂരില്‍ വച്ചു ബ്രിട്ടീഷുപട്ടാളവും ചില പ്രാദേശിക മുസ്ലിം സേനാനികളും തമ്മില്‍ ഉണ്ടായ ഒരു ഏറ്റുമുട്ടലാണ്. കൊളക്കാടന്‍ കുട്ടി ഹസ്സന്റെ നേതൃത്വത്തില്‍ നടന്ന ഏറ്റുമുട്ടലിൽ മുസ്ലിംകളെല്ലാം കൊല്ലപ്പെട്ടു. ഒരു മുസ്ലിം മാത്രം യാതൊരു പരിക്കുമേല്‍ക്കാതെ രക്ഷപ്പെട്ടു. ബ്രിട്ടീഷു പട്ടാളക്കാരുടെ തോക്കിന്‍ കുഴലുകളില്‍ നിന്നുവരുന്ന തിരകളൊന്നും ഇയാളുടെ ശരീരത്തിലേല്‍ക്കുന്നില്ല! ഇതില്‍ എന്തോ രഹസ്യമുണ്ടെന്ന നിഗമനത്തിലെത്തിയ പട്ടാളക്കാര്‍ ഇയാളെ പിടിച്ചു തടവിലാക്കി. നിറത്തോക്കൊഴിച്ചിട്ടും ഏല്‍ക്കാത്തതിന്റെ രഹസ്യം അവര്‍ ചോദ്യം ചെയ്തു. ഗതിമുട്ടിയപ്പോള്‍ അയാള്‍ രഹസ്യം വെളിപ്പെടുത്തി, തന്റെ ശരീരത്തിലുള്ള ഒരു ഉറുക്കാണ് ഇതിനു കാരണമെന്ന്. ആ ഉറുക്ക് ആരു തന്നുവെന്ന ചോദ്യത്തിനു പാണക്കാടു തങ്ങള്‍ എന്ന് അയാള്‍ ഉത്തരം നൽകി. ഇതിനെത്തുടര്‍ന്ന് ബ്രിട്ടീഷുപട്ടാളത്തിനെതിരെ ഉറുക്കുകൊടുത്തു മുസ്ലിം സേനാനികളെ വിട്ടു എന്ന കുറ്റത്തിന്റെ പേരില്‍ തങ്ങള്‍ക്കെതിരെ അറസ്റു വാറന്റു പുറപ്പെടുവിച്ചു.
പക്ഷേ, തങ്ങളെ ആര് അറസ്റുചെയ്തു കൊണ്ടുപോകും? ഉതൊരു പ്രശ്നമായി. തങ്ങളെക്കുറിച്ചു കേട്ടുകേള്‍വിയെങ്കിലുമുള്ള ഉദ്യോഗസ്ഥരാരും അതിനു തയ്യാറാവുകയില്ല. തങ്ങളുടെ സിദ്ധി നന്നായറിയുന്ന പല പോലീസ് പ്രധാനികളും തങ്ങളോട് ആരോപണം നിഷേധിക്കാൻ സമ്മർദ്ദം ചെലുത്തുകയുണ്ടായി. പക്ഷേ, കളവു പറയല്‍ ഒരു നീചകൃത്യമാണ്, ഗവണ്‍മെന്റിന്റെ ശിക്ഷ ഭയന്ന് ഞാനതിന് തയ്യാറല്ല, ആ ഉറുക്ക് ഞാനെഴുതിക്കൊടുത്തതുതന്നെയാണ് എന്നായിരുന്നു തങ്ങളുടെ മറുപടി. അതോടെ തങ്ങളെ അറസ്റു ചെയ്യേണ്ടിവരുമെന്നു തീര്‍ച്ചപ്പെട്ടു. അവസാനം ബ്രിട്ടീഷ് പട്ടാളം തങ്ങളവര്‍കളെ അറസ്റു ചെയ്യുകയും വെല്ലൂരിലേക്കു നാടുകടത്തുകയും ചെയ്തു. വെല്ലൂരിലേക്കു കൊണ്ടുപോകുന്ന വഴിക്ക് നമസ്കാരത്തിനു സമയമായപ്പോള്‍ തങ്ങള്‍ വണ്ടിനിറുത്താന്‍ ആവശ്യപ്പെടുകയും അതവഗണിച്ചുകൊണ്ട് വണ്ടിചീറിപ്പാഞ്ഞപ്പോള്‍ തങ്ങള്‍ വണ്ടിയില്‍ അടിച്ചു വണ്ടിയോടു നില്‍ക്കാന്‍ ആവശ്യപ്പെടുകയും വണ്ടി സ്വയം നിന്നശേഷം തങ്ങള്‍ ഇറങ്ങി വുളൂവെടുത്തു നമസ്കരിച്ചു വണ്ടിയില്‍ കയറിയ ശേഷം മാത്രം വണ്ടി ഇളകുകയും ചെയ്തത് പ്രസിദ്ധ സംഭവമാണ്. ഇന്നു വാളയാര്‍ സ്റേഷന്‍ സ്ഥിതിചെയ്യുന്ന സ്ഥലത്താണത്രെ അന്നു വണ്ടി നിന്നത്. വെല്ലൂരില്‍ വെച്ചാണ് ഹിജ്‌റ 1302 ശവ്വാല്‍ പത്തിന് ആറ്റക്കോയതങ്ങള്‍ വഫാതായത്. അവിടെ ടൗണ്‍ പള്ളിയങ്കണത്തിലാണ് തങ്ങളുടെ ഖബ്ര്‍.
ആറ്റക്കോയ തങ്ങള്‍ നാടുകടത്തപ്പെട്ടശേഷം തങ്ങളുടെ പുത്രന്‍ സയ്യിദ് മുഹമ്മദ് കോയഞ്ഞിക്കോയ തങ്ങള്‍ ആ സ്ഥാനത്ത് അവരോധിക്കപ്പെട്ടു. കോയഞ്ഞിക്കോയ തങ്ങളുടെ കാലത്തും പാണക്കാട് ഗ്രാമം ജനങ്ങളുടെ ആശാ കേന്ദ്രമായിരുന്നു. നിരവധി കറാമത്തുകളുടെ ഉടമയായിരുന്നു അദ്ദേഹം. പരമ ദരിദ്രനായിരുന്ന തങ്ങളുടെ വീട്ടില്‍ ഭക്ഷണത്തിന് അരിയില്ലെന്നു വീട്ടുകാര്‍ ഉണര്‍ത്തിയാല്‍ വെള്ളം അടുപ്പത്തു വെക്കാന്‍ തങ്ങള്‍ പറയുമായിരുന്നുവത്രെ. ആ വെള്ളം തിളക്കുമ്പോഴേക്ക് അരിവട്ടിയുമായി ആരെങ്കിലും വന്നണയുക സര്‍വ്വസാധാരണമായിരുന്നു. പാകമായ ആ ഭക്ഷണം തങ്ങളും ദര്‍ബാറിലുള്ള ജനങ്ങളും കൂടിയിരുന്ന് തിന്നലായിരുന്നു പതിവ്. മറ്റൊരിക്കല്‍ ഒരാളെ കാണാതായി. പോലീസും കുടുംബവും അന്വേഷിച്ചിട്ടും ഒരെത്തും പിടിയും കിട്ടിയില്ല. തങ്ങളവര്‍കള്‍ തന്റെ ദര്‍ബാറിലിരുന്ന് ഒരു പ്രധാന വിഷയം ഒരാളുമായി സംസാരിക്കുന്ന വേളയിലാണ് അപ്രത്യക്ഷനായ വ്യക്തിയുടെ കുടുംബം വന്നു തങ്ങളോടു ഈ സങ്കടം പറഞ്ഞത്. ഉടനെ തങ്ങള്‍ പ്രതികരിച്ചുവത്രെ. പനമ്പുഴക്കലെ ഒരു ഇല്ലിക്കൂട്ടത്തില്‍ മൃതദേഹം തങ്ങിനില്ക്കുന്നുണ്ട് എന്ന്. ബന്ധുക്കൾ ചെന്നു നോക്കുമ്പോള്‍ കാണാതായ വ്യക്തിയുടെ മൃതദേഹം ലഭിക്കുകയും ചെയ്തു. പാണക്കാട്ടെ പുത്തന്‍പുരക്കല്‍ എന്നറിയപ്പെടുന്ന വീട്ടില്‍വെച്ചാണ് കോയഞ്ഞിക്കോയതങ്ങള്‍ വഫാതായത്. അതിന്റെ മുന്‍വശത്തു തന്നെയാണു അവരുടെ മഖ്ബറ.
കൊടപ്പനക്കൽ തറവാട്
കോയഞ്ഞിക്കോയതങ്ങളുടെ വിയോഗാനന്തരം സഹോദരന്‍ സയ്യിദ് അലി പൂക്കോയ തങ്ങളാണ് പാണക്കാടിന്റെ ആശാകേന്ദ്രമായി ഉയർന്നത്. അദ്ദേഹം താമസിച്ചിരുന്ന വീടാണ് കൊടപ്പനക്കല്‍ തറവാട്. അന്ധനായിരുന്ന അദ്ദേഹത്തിനു സന്താനങ്ങളുമുണ്ടായിരുന്നില്ല. അതിനാൽ അദ്ദേഹം ജ്യേഷ്ഠന്‍ കോയഞ്ഞിക്കോയ തങ്ങളുടെ പുത്രന്‍ സയ്യിദ് അഹ്മദ് പൂക്കോയ തങ്ങളെ വളര്‍ത്തുപുത്രനായി സ്വീകരിച്ചു. ഈ വളര്‍ത്തു പുത്രനാണു പിന്നീട് പി. എം. എസ്. എ. പൂക്കോയ തങ്ങള്‍ എന്ന പേരില്‍ പ്രസിദ്ധനായത്. സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങൾ മുതൽ അബ്ബാസലി ശിഹാബ് തങ്ങൾ വരെയുളളവരുടെ പിതാവായ പൂക്കോയ തങ്ങൾ. കൊടപ്പനക്കല്‍ ഭവനം ജനങ്ങളുടെ അഭയകേന്ദ്രമായതു ബഹു. അലി പൂക്കോയ തങ്ങളുടെ കാലം മുതൽക്കാണ്. ഇദ്ദേഹം ജ്യേഷ്ഠന്‍ കോയഞ്ഞിക്കോയ തങ്ങളെപ്പോലെ ദരിദ്രനായിരുന്നില്ല. അദ്ദേഹത്തിന്റെയും ഭാര്യയുടെയും ധനങ്ങളെല്ലാം വളര്‍ത്തു പുത്രന്‍ പി. എം. എസ്. എ. പൂക്കോയ തങ്ങള്‍ക്കു നല്കുകയാണുണ്ടായത്. കണ്ണിനു കാഴ്ചയില്ലാഞ്ഞിട്ടും കൊടപ്പനക്കല്‍ വീട്ടിലെത്തുന്ന നൂറുക്കണക്കിനു സാധാരണക്കാരുടെ പ്രശ്നങ്ങള്‍ക്കു കാതോര്‍ത്തും പരിഹാരം നിര്‍ദ്ദേശിച്ചും ജപിച്ചു ബഹു. അലി പൂക്കോയ തങ്ങള്‍. ജനങ്ങള്‍ക്കു വേണ്ടി വിശ്രമമില്ലാതെ അദ്ദേഹവും കര്‍മ്മനിരതനായി. തന്റെ നിയോഗം പൂര്‍ത്തിയാക്കി അദ്ദേഹവും 1932 - ൽ വഫാതായി. പാണക്കാടു ജുമുഅത്തുപള്ളിയുടെ പടിഞ്ഞാറുവശത്താണ് അദ്ദേഹം അന്ത്യവിശ്രമം കൊള്ളുന്നത്.
കൊടപ്പനക്കലെ വീടിന്റെ പുതിയ അവകാശിയായ വളര്‍ത്തു പുത്രന്‍ പി.എം.എസ്.എ.പൂക്കോയ തങ്ങള്‍ വെറും 15 വയസ്സുള്ള ചെറിയ പ്രായക്കാരനായിരുന്നതിനാൽ കോയ ഞ്ഞിക്കോയ തങ്ങളുടെ മരണാനന്തരം കുറച്ചുകാലം കൊടപ്പനക്കല്‍ വീടു വിജനമായിരുന്നു. ഇതിനിടയിൽ പാണക്കാട്ടെ പുതിയ തങ്ങൾക്ക് രംഗപ്രവേശനം നടത്തുവാനുള്ള ഒരു രംഗം ഒരുങ്ങി. ആ സംഭവം ഇങ്ങനെയായിരുന്നു. ഒരാള്‍ മറ്റൊരാളില്‍ നിന്നു ഒരു സ്വർണ്ണമാല പണയം നൽകി നൂറുറുപ്പിക കടം മേടിച്ചു. സംഖ്യ തിരിച്ചേല്‍പിച്ചു മാല മടക്കി വാങ്ങിയപ്പോള്‍ അതില്‍ അഞ്ചോ ആറോ മുത്തുകളോ മറ്റോ കുറവ് കണ്ടു. ഇതേ ചൊല്ലി രണ്ടു പേരും തമ്മില്‍ തര്‍ക്കമായി. ഇത്തരം പ്രശ്നങ്ങള്‍ക്കു പരിഹാരത്തിനായി സാധാരണയായി ജനങ്ങൾ കൊടപ്പനക്കല്‍ വീട്ടിലെ സയ്യിദ് അലി പൂക്കോയ തങ്ങളെയാണ് അക്കാലത്ത് സമീപിക്കാറുണ്ടായിരുന്നത്. അദ്ദേഹം മരണപ്പെട്ടിട്ടുണ്ടെങ്കിലും പോറ്റു മകന്‍ പൂക്കോയയുണ്ടല്ലോ ആ വീട്ടിലെന്നോര്‍ത്തു മാലയുടെ ഉടമ ചെറുപ്രായക്കാരനായ പി.എം.എസ്.എ.പൂക്കോയ തങ്ങളെ സമീപിച്ചു. പിതൃവ്യന്‍ സയ്യിദ് അലി പൂക്കോയ തങ്ങള്‍ ചെയ്തിരുന്നപോലെ അദ്ദേഹം പണയം വാങ്ങിയ ആളെ വരുത്താന്‍ കത്തുകൊടുത്ത് ആളെ പറഞ്ഞയച്ചു. അയാളുടെ ധാര്‍ഷ്ട്യം കലര്‍ന്ന മറുപടി, കാലിന്മേല്‍ ചുകപ്പുമാറാത്ത പൂക്കോയക്കുട്ടിയുടെ അടുക്കലേക്ക് ഞാനില്ല. ഈ പ്രശ്നം പരിഹരിക്കാന്‍ ആ കുട്ടിക്ക് സാധ്യവുമല്ല എന്നായിരുന്നു. വിവരമറിയാന്‍ മാലയുടെ ഉടമസ്ഥന്‍ വന്നപ്പോള്‍ തങ്ങൾ, അയാൾ വരില്ല എന്നും നിങ്ങൾ കോടതിയെ സമീപിക്കുകയാണ് നല്ലത് എന്നും പറഞ്ഞു. അങ്ങനെ കേസ് കോടതിയിലെത്തി.
വാശിയോടുകൂടി ഇരുപക്ഷവും പെരിന്തൽമണ്ണ മുൻസിഫ് കോടതിയിൽ കേസുനടത്തി. ഒടുവില്‍ ഈ കേസ് കോടതിയില്‍ തീര്‍ച്ചപ്പെടുത്താന്‍ സാധ്യമല്ല, മാധ്യസ്ഥപ്രകാരം തീര്‍ച്ചപ്പെടുത്തടുത്തുകയാണ് വേണ്ടത് എന്ന് മൻസിഫ് പറഞ്ഞു. ഇരുകക്ഷികള്‍ക്കും സ്വീകാര്യനായ ഒരാളുണ്ടെങ്കില്‍ അയാളുടെയോ ഇല്ലെങ്കില്‍ ഓരോ കക്ഷിയും തങ്ങള്‍ക്കു സ്വീകാര്യനായ ആളുകളുടെയോ പേരു നിര്‍ദ്ദേശിക്കുവാൻ കോടതി ആവശ്യപ്പെട്ടു. മാലയുടമ പൂക്കോയ തങ്ങളുടെ പേരു നിര്‍ദ്ദേശിച്ചപ്പോള്‍ പണയം വാങ്ങിയയാള്‍ മലപ്പുറത്തെ ഖാന്‍ ബഹദൂര്‍ ഒ. പി. എം. മുത്തുകോയ തങ്ങളുടെ പേരു നിര്‍ദ്ദേശിച്ചു. മുന്‍സിഫ് ഇവര്‍ രണ്ടുപേരെയും മദ്ധ്യസ്ഥന്മാരായി നിര്‍ദ്ദേശിക്കുകയും കേസുവിചാരണ ചെയ്തു തീര്‍ച്ചപ്പെടുത്താന്‍ രണ്ടുപേര്‍ക്കും ഓര്‍ഡര്‍ നല്കുകയും കേസിന്റെ റിക്കാര്‍ഡുകള്‍ പൂക്കോയ തങ്ങള്‍ക്ക് അയച്ചുകൊടുക്കുകയും ചെയ്തു. ഇരുകക്ഷികളെയും വിചാരണ ചെയ്ത ശേഷം കേസില്‍ അന്തിമവിധി പറയാന്‍ മുത്തുകോയ തങ്ങള്‍ പൂക്കോയ തങ്ങളോട് ആവശ്യപ്പെട്ടു. അങ്ങനെ വെറും പതിനഞ്ചുകാരനായ പൂക്കോയകുട്ടി തന്നെ ഈ കേസില്‍ വിധി പറയുകയും ചെയ്തു. പണയം വാങ്ങിയയാള്‍ കട്ടെടുത്ത ഭാഗത്തിന്റെ വില മാലയുടമക്കു നൽകാനായിരുന്നു തീരുമാനം. ഈ തീരുമാനം സഹിതം കേസിന്റെ റിക്കാര്‍ഡുകള്‍ മുന്‍സിഫിന് അയച്ചുകൊടുത്തു. മുന്‍സിഫ് അപ്രകാരം തന്നെ വിധി കല്പിക്കുകയും ചെയ്തു. പാണക്കാട്ടെ പുതിയ തങ്ങളായി പി എം എസ് എ പൂക്കോയ തങ്ങൾ കൊടപ്പനക്കലെ സിംഹാസനത്തിൽ അവരോധിതനാകുന്നത് ഈ സംഭവത്തോടെയാണ്.
മറ്റത്തൂരിലെ പുത്തന്‍ മാളിയേക്കല്‍ ത്വാഹാ പൂക്കോയ തങ്ങളുടെ മകള്‍ ഉമ്മു ഹാനിഅ് ബിവിയെ വിവാഹം ചെയ്ത കോയഞ്ഞിക്കോയ തങ്ങള്‍ക്ക് അവരില്‍ ജനിച്ച കുഞ്ഞാണ് പാണക്കാട് പി.എം.എസ്.എ പൂക്കോയ തങ്ങള്‍. പാവങ്ങള്‍ക്ക് അത്താണിയും രോഗികള്‍ക്ക് ആശുപത്രിയും അശരണര്‍ക്ക് ആശാകേന്ദ്രവും പ്രശ്‌നങ്ങളിലകപ്പെട്ടവര്‍ക്ക് കോടതിയും മഹല്ലുകള്‍ക്ക് ഖാസിയും സമസ്തയെന്ന പണ്ഡിത സഭക്ക് സമുന്നത നേതാവുമായിരുന്ന പുതിയമാളിയേക്കല്‍ സയ്യിദ് അഹ്മദ് പൂക്കോയ തങ്ങള്‍. 1917ലാണ് സയ്യിദ് കൊയഞ്ഞിക്കോയ തങ്ങളുടെ മകനായി ജനിക്കുന്നത്. പിതാവ് ചെറുപ്പത്തിലേ മരിച്ചു പോയതിനാല്‍ പിതൃസഹോദരന്‍ അലി പൂക്കോയ തങ്ങളാണ് അവരെ പോറ്റിയത്. സൂഫിയായിരുന്ന അദ്ധേഹത്തില്‍ നിന്നാണ് പൂക്കോയതങ്ങള്‍ ചികിത്സാരീതികള്‍ പഠിച്ചത്. മലബാര്‍ സമര കാലത്ത് ഏറനാട്ടിലെ മുസ്‌ലിംകളെ കൈകാല്‍ ചങ്ങലക്കിട്ട് കൊണ്ടു പോകുന്ന രംഗം കണ്ട് വേദനിച്ച അദ്ധേഹം റബ്ബേ, ഈ കാഴ്ച എനിക്ക് കണ്ട് കൂടാ എന്ന് പ്രാര്‍ത്ഥിച്ചതിന്റെ ഫലമായി കണ്ണിന്റെ കാഴ്ച നഷ്ടപ്പെടുകയും പിന്നീട് കണ്ണില്ലാത്ത തങ്ങളുപ്പാപ്പ എന്ന പേരിലറിയപ്പെടുകയും ചെയ്തു എന്നാണ് ചരിത്രം. 1932 ല്‍ അദ്ധേഹം മരണപ്പെടുകയുണ്ടായി. മക്കളില്ലാത്തത് കൊണ്ട് വീടും സമ്പത്തുമൊക്കെ വളര്‍ത്തുമകന് ലഭിച്ചു. അങ്ങിനെയാണ് പൂക്കോയതങ്ങള്‍ കൊടപ്പനക്കല്‍ തറവാടിന്റെ അധിപനായി മാറുന്നത്.
1936 കാലം ഇന്ത്യൻ നാഷണൽ കോൺഗ്രസ് ദേശീയ തലത്തിൽ സജീവമായ ഒരു കാലഘട്ടമായിരുന്നു. കോൺഗ്രസിൻറെ പ്രവർത്തനം ഇന്ത്യയൊട്ടാകെ വ്യാപിച്ചപ്പോൾ കേരളത്തിലും ആ പ്രസ്ഥാനത്തിന് വേരോട്ടമുണ്ടായി. മുഹമ്മദ് അബ്ദുറഹിമാൻ സാഹിബ്, മൊയ്തു മൗലവി തുടങ്ങിയ നേതാക്കളുൾപെടുന്നവർ ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ മുന്നണി പോരാളികൾ ആയിരുന്നു. ദേശീയ തലത്തിൽ തന്നെ ശ്രദ്ധിക്കപ്പെട്ട പാർട്ടി എന്ന നിലയിൽ പൂക്കോയ തങ്ങളും അതിൽ അംഗമായി. ഏറനാടും വള്ളുവനാടും അടങ്ങുന്ന മലബാർ ജില്ലാ മുസ്ലിം നിയോജകമണ്ഡലത്തിൽനിന്ന് 1936 ൽ മദ്രാസ് നിയമസഭയിലേക്ക് നടന്ന തെരഞ്ഞെടുപ്പിൽ കോൺഗ്രസ് സ്ഥാനാർഥിയായിരുന്നത് ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ അക്കാലത്തെ പ്രമുഖ നേതാവായിരുന്ന മുഹമ്മദ് അബ്ദുറഹ്മാൻ സാഹിബായിരുന്നു. അദ്ദേഹത്തിന് വേണ്ടിയായിരുന്നു തങ്ങൾ ആദ്യമായി രാഷ്ട്രീയ രംഗത്തേക്ക് ചുവട് വെക്കുന്നത്. എതിർ സ്ഥാനാർത്ഥിയായി അക്കാലത്ത് മലബാറിലെ സമ്പന്നനും പ്രമാണിയുമായിരുന്ന ഖാൻ ബഹദൂർ കല്ലടി ഉണ്ണിക്കമ്മു സാഹിബ് (മണ്ണാർക്കാട്), ചേക്കു (പെരിന്തൽമണ്ണ കിഴിശ്ശേരി)എന്നിവർ ആയിരുന്നു.
ഈ തെരഞ്ഞെടുപ്പിൽ ബ്രിട്ടീഷ് കോളനിവാഴ്ച അനുകൂലിക്കുന്നവർ കല്ലടി ഉണ്ണിക്കമ്മു വിനോടോപ്പവും മലബാറിലെ മുസ്ലിം ലീഗ് പ്രവർത്തകരും അനുഭാവികളും ചേക്കു സാഹിബിനെയും അനുകൂലിച്ചു. അവസാനം വിജയം കോൺഗ്രസ് സ്ഥാനാർഥിയായിരുന്ന മുഹമ്മദ് അബ്ദുറഹ്മാൻ സാഹിബിന് ആയിരുന്നു. ബഹു ഭൂരിപക്ഷത്തോടെ വിജയിക്കാനുള്ള കാരണം യുവാവായിരുന്ന പാണക്കാട് പൂക്കോയ തങ്ങളുടെ ഊർജ്ജസ്വലമായ പ്രവർത്തനവും പിന്തുണയുമായിരുന്നു. 1936-ലെ തെരഞ്ഞെടുപ്പിൽ കോൺഗ്രസ്സിന് വേണ്ടി പ്രവർത്തിച്ച പൂക്കോയതങ്ങൾ പിന്നീട് ആ പാർട്ടിയോട് വിട പറഞ്ഞു. മുസ്ലിം സമുദായത്തിന്റെ ഉന്നമനത്തിനും പരിപോഷണത്തിനും ഉതകുന്ന ഒരു രാഷ്ട്രീയ പ്രസ്ഥാനം മലബാറിൽ അനിവാര്യമാണെന്ന് തോന്നിയപ്പോൾ പൂക്കോയ തങ്ങൾ മുസ്ലിം ലീഗിൽ ചേർന്നു. മലബാർ ജില്ലാ മുസ്ലിംലീഗ് പ്രസിഡണ്ടായിരുന്ന ഹാജി അബ്ദുസത്താർ സേട്ടുമായുള്ള പരിചയവും സയ്യിദ് അബ്ദുർറഹ്മാൻ ബാഫഖി തങ്ങളുമായുള്ള സമ്പർക്കവുമാണ് പൂക്കോയ തങ്ങളെ മുസ്ലിംലീഗിൽ എത്തിച്ചത്. ബാഫഖി തങ്ങൾ മുസ്ലിംലീഗിൽ അംഗമായ 1937-ൽ ആയിരുന്നു പൂക്കോയതങ്ങളും ലീഗിൽ അംഗമായത്. മുസ്ലിംലീഗിലേക്കുള്ള തങ്ങളുടെ ആഗമനം മലബാറിൽ മുസ്ലിംലീഗ് പ്രസ്ഥാനത്തിന് ഒരു പുത്തനുണർവ്വ് നല്കി. ഏറനാട് താലൂക്ക് മുസ്ലിം ലീഗ് പ്രസിഡണ്ടായിരുന്ന പൂക്കോയ തങ്ങൾ, ആ പ്രസ്ഥാനത്തിന്റെ പ്രഭ ഏറനാട്ടിലും പരിസരഭാഗങ്ങളിലും പരത്താൻ ത്യാഗോജ്ജ്വലമായ സേവനങ്ങളാണ് കാഴ്ചവെച്ചത്.
1948-ൽ ബാഫഖി തങ്ങൾ മലബാർ ജില്ലാ മുസ്ലിംലീഗിന്റെ അദ്ധ്യക്ഷസ്ഥാനം ഏറ്റെടുത്തപ്പോൾ സുപ്രധാന ഘട്ടങ്ങളിലെല്ലാം പൂക്കോയതങ്ങളുടെ ഉപദേശം ആരായുക പതിവായിരുന്നു. ഇതുപോലെ തന്നെയായിരുന്നു മറ്റു നേതാക്കളും. ബാഫഖി തങ്ങളും പൂക്കോയ തങ്ങളും ഇരുമെയ്യാണെങ്കിലും ഒരു മനസ്സോടെ അവർ മുസ്ലിംലീഗ് പ്രസ്ഥാനത്തെ വളർത്തി ഉയരങ്ങളിൽ എത്തിച്ചു. 1973-ൽ സയ്യിദ് അബ്ദുറഹിമാൻ ബാഖഫി തങ്ങളുടെ മരണത്തെ തുടർന്ന് തങ്ങൾ കേരള സംസ്ഥാന മുസ്ലിം ലീഗിന്റെ പ്രസിഡൻറായി. ചന്ദ്രിക ദിനപത്രത്തിന്റെ മനേജിംഗ് ഡയറക്ടറായും അദ്ദേഹം സേവനമാനുഷ്ടിച്ചിട്ടുണ്ട്.
ഹൈദരാബാദ് ആക്ഷനെ തുടര്‍ന്ന് പൂക്കോയ തങ്ങളെ അറസ്റ്റു ചെയ്തു ജയിലിലടച്ചു. ലീഗില്‍ നിന്ന് രാജി വെച്ചാല്‍ മോചനം ഉറപ്പായിരുന്നു. പക്ഷെ ബ്രിട്ടീഷ് ഭരണത്തിനെതിരെ പോരാടിയ പിതാമഹനായ സയ്യിദ് ഹുസൈന്‍ തങ്ങളുടെ ധീരതയും ശൗര്യവും പൂക്കോയ തങ്ങള്‍ പ്രകടിപ്പിച്ച നാളുകളായിരുന്നു അത്. ഇന്ത്യ സ്വാതന്ത്ര്യം നേടുമ്പോൾ ഉണ്ടായിരുന്ന ചില നാട്ടുരാജ്യങ്ങളിൽ ഒന്നായിരുന്നു നൈസാമിന്റെ ഹൈദരാബാദ്. ഇന്ത്യൻ യൂണിയനിൽ ചേരാൻ നൈസാം വിസമ്മതിച്ചതോടെയാണ് സ്വതന്ത്ര ഇന്ത്യയിലെ ആദ്യത്തെ സൈനിക നീക്കത്തിന് കളമൊരുങ്ങിയത്. നൈസാമിന്റെ ഉദ്യമത്തെ പിന്തുണച്ചവർക്കെതിരെ ഇന്ത്യാ ഗവൺമെന്റ് നടത്തിയ ആക്ഷനാണ് ഹൈദരാബാദ് ആക്ഷൻ. സത്യത്തിൽ മുസ്ലിംലീഗ് ദേശീയ അധ്യക്ഷന്‍ ഖാഇദെമില്ലത്ത് മുഹമ്മദ് ഇസ്മായില്‍ സാഹിബ് അന്നു പറഞ്ഞത്, ഹൈദരാബാദ് ഇന്ത്യന്‍ യൂണിയന്റെ അഭിഭാജ്യഘടകമാണ് എന്നു തന്നെയാണ്. മദ്രാസും ബോംബെയും ഏതുപോലെ ഇന്ത്യയുടെ ഭാഗമാണോ അതുപോലെ ഇന്ത്യയുടെ ഭാഗമാണ് ഹൈദരാബാദ് എന്ന് അദ്ദേഹം പരസ്യമായി പ്രഖ്യാപിച്ചു. പക്ഷെ, മുസ്ലിംലീഗ് വിരോധം തലക്കുപിടിച്ച ചിലര്‍ സംഘടനയെ നശിപ്പിക്കാനും ഇല്ലാതാക്കാനും ഔദ്യോഗിക തലത്തില്‍ നീക്കം നടത്തുകയായിരുന്നു. മുസ്ലിംലീഗിനെ നിരോധനത്തിന്റെ മറയില്‍ നിര്‍ത്തി പ്രധാന നേതാക്കളെയെല്ലാം ജയിലിലടച്ചു. ഭയം മൂലം ഒട്ടേറെ പേര്‍ അന്ന് മുസ്ലിംലീഗില്‍ നിന്ന് രാജിവെച്ചു. മുസ്ലിംലീഗ് വിട്ടതായി പത്രങ്ങളില്‍ പരസ്യം ചെയ്തവരും ഉണ്ടായിരുന്നു.
അവസാനം കൊടപ്പനക്കല്‍ തറവാടിന്റെ മുറ്റത്തും പൊലീസിന്റെ വണ്ടി എത്തി. അപ്പോള്‍ അചഞ്ചലനായി പി. എം. എസ്. എ പൂക്കോയ തങ്ങള്‍ പുഞ്ചിരിച്ചുനിൽക്കുക മാത്രമായിരുന്നു. പൊലീസ് പറഞ്ഞു, ഉപ പ്രധാനമന്ത്രി വല്ലഭായ് പട്ടേലിന്റെയും മദിരാശി സംസ്ഥാന ആഭ്യന്തര മന്ത്രി സുബ്ബരായന്റെയും നിര്‍ദേശം അനുസരിച്ച് താങ്കളെ അറസ്റ്റ് ചെയ്യാനെത്തിയതാണ് ഞങ്ങള്‍ എന്ന്. വിവരമറിഞ്ഞ് നൂറുക്കണക്കിന് നാട്ടുകാര്‍ തടിച്ചുകൂടിയതിനാല്‍ എളുപ്പത്തില്‍ പൂക്കോയ തങ്ങളെയുമായി പോകാന്‍ കഴിയില്ലെന്ന് മനസ്സിലാക്കിയ പൊലീസ് മുസ്ലിംലീഗില്‍ നിന്ന് രാജിവെച്ചതായി എഴുതിത്തന്നാല്‍ അറസ്റ്റും ജയില്‍ വാസവും ഒഴിവാക്കാമെന്ന് അദ്ദേഹത്തെ അറിയിച്ചു.
ബ്രിട്ടീഷ് സാമ്രാജ്യത്വം സ്വത്തും സ്വാധീനവുമുളള കുടുംബങ്ങള്‍ക്ക് ഖാന്‍ ബഹദൂറും റാവു ബഹദൂരും ഉള്‍പ്പെടെയുള്ള പട്ടങ്ങള്‍ കൊടുക്കുമ്പോള്‍ അതില്‍ ആദ്യം ഇടം പിടിക്കാനുള്ള എല്ലാ യോഗ്യതകളുമുണ്ടായിരുന്നിട്ടും പാണക്കാട്ടെ സയ്യിദ് കുടുംബം അത് ഒരിക്കല്‍ പോലും സ്വീകരിച്ചവരല്ല. ബ്രിട്ടീഷുകാര്‍ക്കെതിരെ സമരത്തിന് പ്രേരിപ്പിക്കുകയും പോരാളികള്‍ക്കായി പ്രാര്‍ത്ഥിക്കുകയുമായിരുന്നു അവര്‍ ചെയതത്. പൂക്കോയ തങ്ങളുടെ പിതാമഹന്‍ സയ്യിദ് ഹുസൈന്‍ ആറ്റക്കോയ തങ്ങളെ ബ്രിട്ടീഷുകാര്‍ പിടികൂടി നാടുകടത്തയത് അതിന്റെ പേരിലായിരുന്നു. പരപ്പനങ്ങാടി വരെ നടത്തിയും അവിടെ നിന്ന് ട്രെയിനിലുമായി വെല്ലൂരിലേക്ക് കൊണ്ടുപോയി ജയിലിലടക്കപ്പെട്ട് മരണം വരിക്കുകയായിരുന്നു സയ്യിദ് ആറ്റക്കോയ തങ്ങള്‍. ആ മഹത്തായ പാരമ്പര്യം മുറുകെ പിടിക്കുന്ന പേരമകന്‍ പൂക്കോയ തങ്ങള്‍ മാപ്പ് ഹര്‍ജിക്കായി പൊലീസ് വെച്ചു നീട്ടി കടലാസ് ചുരുട്ടി ചവറ്റു കൊട്ടയിലേക്ക് എറിഞ്ഞു. പൊലീസിനോടായി പറഞ്ഞു, മുസ്ലിംലീഗ് ആയതിന്റെ പേരില്‍ ജയിലറയാണെങ്കില്‍ അതു സ്വീകരിക്കാന്‍ എനിക്ക് മടിയില്ല. എന്റെ മാര്‍ഗം സത്യസന്ധവും വ്യവസ്ഥാപിതവുമാണ്. അതുകൊണ്ട് അല്ലാഹു എന്നെ സഹായിക്കും. തടിച്ചു കൂടിയ അനുയായികളോട് ആത്മസംയമനത്തിന് ആഹ്വാനം ചെയ്തു. അപ്പോൾ അസുഖബാധിതയായിരുന്നു തങ്ങളുടെ ഭാര്യ. മൂത്ത മകന്‍ സയ്യിദ് മുഹമ്മദലി ശിഹാബിന് അന്ന് വെറും 13 വയസ്സാണ് പ്രായം. രണ്ടാമത്തെ മകന്‍ സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ക്ക് മൂന്ന് വയസ്സ് തികഞ്ഞിട്ടില്ല.
പറക്കമുറ്റാത്ത മക്കളെ വീട്ടില്‍ തനിച്ചാക്കി, ഒരു ജനതയുടെ ആത്മാഭിമാനം സംരക്ഷിക്കാന്‍ പ്രതാപവും സുഖസൗകര്യവും ത്യജിച്ച് രണ്ട് റക്അത്ത് സുന്നത്ത് നിസ്‌കരിച്ച ശേഷം മന്ദസ്മിതം തൂകി പൊലീസിന്റെ ഇടിവണ്ടിയിലേക്ക് പൂക്കോയ തങ്ങള്‍ കയറിയിരുന്നു. ഹസ്സന്‍കുട്ടി കുരിക്കള്‍, ഇ. എസ്. എം ഹനീഫ ഹാജി, എ. എം കോയ, പേരൂല്‍ അഹമ്മദ് സാഹിബ്, അരീക്കോട്ടെ എന്‍.വി അബുസ്സലാം മൗലവി, ചീക്കോട്ടെ പുലത്തില്‍ മമ്മദ്കുട്ടി ഹാജി, മമ്പാട്ടെ സെക്രട്ടറി അബ്ദുള്ളാക്കയും പി.എ കുട്ടിയും തൃക്കലങ്ങോട്ടെ ചാത്തോലി ബീരാന്‍കുട്ടി ഹാജി, വലിയ പറമ്പിലെ കുടുക്കന്‍ മൊയ്തീന്‍കുട്ടി ഹാജി തുടങ്ങിയവരൊക്കെ അറസ്റ്റിലായി.
അറസ്റ്റിലായവരെ ആദ്യം മഞ്ചേരി സബ് ജയിലിലേക്കും പിറ്റേന്ന് പല സംഘങ്ങളാക്കി കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലേക്കും കോഴിക്കോട് പുതിയറ സബ് ജയിലിലേക്കുമായി മാറ്റി. ലോക ചരിത്രത്തില്‍ ആദ്യമായി നികുതി നിഷേധ സമരത്തിന് നേതൃത്വം നല്‍കിയ വെളിയങ്കോട് ഉമര്‍ ഖാസിയെ ബ്രിട്ടീഷുകാര്‍ തടങ്കലിലിട്ട പുതിയറ സബ് ജയിലിലാണ് പൂക്കോയ തങ്ങളെ അടച്ചത്. ഹൈദരാബാദ് ആക്ഷന്റെ മറപിടിച്ച് ഒരു ബന്ധവുമില്ലാത്ത മുസ്ലിംലീഗിനെ ഉന്മൂലനം ചെയ്യാന്‍ ശ്രമിച്ചതിന് കാലം മറുപടി നല്‍കി. എല്ലാ വെല്ലുവിളികളെയും അതിജയിച്ച് മുസ്ലിം ലീഗ് ഇന്ത്യയുടെ ഭരണത്തിൽ വരെ പങ്കാളിത്തം വഹിച്ചു.
പൂക്കോയതങ്ങള്‍ക്ക് സമസ്തയുമായുള്ള ബന്ധം വിവരണാതീതമാണ്. സമസ്തയുടേയും കീഴ്ഘടകങ്ങളുടേയും പ്രവര്‍ത്തനങ്ങളില്‍ തങ്ങളുടെ സജീവ ഇടപെടല്‍ ഉണ്ടായിരുന്നു. മാത്രമല്ല, തങ്ങളുടെ സാന്നിധ്യം ഈ സംഘടനകളെ ജനകീയമാക്കുന്നതില്‍ വലിയ പങ്ക് വഹിച്ചിട്ടുമുണ്ട്. സമസ്തയുടെ മുശാവറ അംഗവും സുന്നി യുവജന സംഘത്തിന്റെ സംസ്ഥാന സാരഥിയുമായിരുന്ന തങ്ങള്‍ ആദര്‍ശ രംഗത്ത് വിട്ടുവീഴ്ചയില്ലാത്ത വ്യക്തിത്വമായിരുന്നു. ആദര്‍ശത്തില്‍ കാരിരുമ്പിന്‍ കരുത്തുമായി ഉറച്ചു നിന്ന തങ്ങള്‍ വ്യക്തി പെരുമാറ്റത്തില്‍ പനിനീര്‍പൂവിന്റെ നൈര്‍മല്യം കാത്ത് സൂക്ഷിച്ചു. സമസ്തയുടെ നിലനില്‍പ് ചോദ്യം ചെയ്തുവന്ന മുഴുവന്‍ ശക്തികളെയും അടിയറവ് പറയിപ്പിച്ചത് തങ്ങളുടെ ആദര്‍ശബോധവും ചടുലതയുമായിരുന്നു. 1966 ല്‍ സമസ്തക്ക് സമാന്തരമായി അഖില കേരള ജംഇയ്യത്തുല്‍ ഉലമ കടന്നു വന്നപ്പോള്‍ സമസ്ത വിളിച്ചു ചേര്‍ത്ത നയവിശദീകരണ യോഗത്തില്‍ അദ്ധ്യക്ഷ ഭാഷണമദ്ധ്യേ തങ്ങള്‍ നടത്തിയ പ്രഖ്യാപനം ചരിത്രപ്രസിദ്ധമാണ്. ചുവന്നുതുടുത്ത മുഖവുമായി അസാധാരണ ശബ്ദത്തില്‍ തങ്ങള്‍ ഇങ്ങനെ പ്രഖ്യാപിച്ചു, ഇവിടെ സമസ്ത മതി, അഖിലയും കൊഖിലയും വേണ്ടാ എന്ന്. പിരിച്ച് വിടാന്‍ പോലും ആളുകളില്ലാതെ ഈ സംഘടന നാമാവശേഷമാകാന്‍ ഈ പ്രഖ്യാപനം കാരണമായി.
സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ അറബിക് കോളേജ് കമ്മിറ്റി രൂപീകരിക്കപ്പെട്ടപ്പോള്‍ വൈസ് പ്രസിഡന്റായിരുന്ന പൂക്കോയ തങ്ങള്‍ തന്നെയാണ് ജാമിഅയുടെ പ്രിന്‍സിപ്പള്‍ സാരഥ്യം ശംസുല്‍ ഉലമ ഏറ്റെടുത്തപ്പോള്‍ ഒഴിവ് വന്ന ജനറല്‍ സെക്രട്ടറി സ്ഥാനത്തേക്ക് നിയോഗിക്കപ്പെട്ടത്. പൊന്നാനി മഊനത്തുല്‍ ഇസ്ലാം സഭയുടെ സാരഥ്യം വഹിച്ചിരുന്നതും പൂക്കോയതങ്ങള്‍ തന്നെയായിരുന്നു. സുന്നി യുവജനസംഘത്തിന്റ നേതൃ സ്ഥാനത്ത് മുബാറകായ ഒരു വ്യക്തി വേണമെന്ന കോട്ടുമല ഉസ്താദിന്റെ നിര്‍ദേശാനുസരണം പ്രസിഡന്റ് സ്ഥാനത്തേക്ക് തിരഞ്ഞെടുക്കപ്പെട്ടത് പൂക്കോയ തങ്ങളാണ്. 1968 ആഗസ്ത് 25ന് തങ്ങള്‍ ആ സ്ഥാനത്തേക്ക് നിയോഗിക്കപ്പെട്ടത് മുതല്‍ സമസ്തക്ക് കീഴിലെ ബഹുജന പ്രസ്ഥാനമായി എസ്.വൈ.എസ് വളരുകയായിരുന്നു. അതിന് ശേഷം നിരവധി സ്ഥാപനങ്ങളും യതീം ഖാനകളും ആ സംഘടനക്ക് കീഴില്‍ ഉയര്‍ന്നുവരികയുണ്ടായി. സമസ്തയുമായുളള തങ്ങളുടെ ഈ ആത്മ ബന്ധം തന്റെ മക്കളെ മുഴുവനും സ്വാധീനിച്ചു എന്നത് കേരളത്തിലെ സുന്നീ ലോകത്തിന്റെ അനുഭവമാണ്. അതിന്റെ സാക്ഷ്യമാണ്, പാണക്കാട് പൂക്കോയ തങ്ങള്‍ക്ക് വേണമെങ്കില്‍ സ്വന്തം മക്കളെ ഭൗതികമായി വലിയ സ്ഥാനങ്ങളിലേക്കു ഉയര്‍ത്താമായിരുന്നു, പക്ഷെ, എല്ലാവരെയും സമസ്തയുടെയും സമൂഹത്തിന്റെയും നന്‍മക്ക് വേണ്ടി അദ്ദേഹം മാറ്റി വെച്ചു എന്ന ശംസുല്‍ ഉലമയുടെ വാക്ക്. 1975 ഏപ്രില്‍ 27ന് തീയ്യതി ബാംഗ്ലൂര്‍ക്കു പോകുമ്പോഴാണ് തങ്ങള്‍ക്ക് ആദ്യമായി രോഗലക്ഷണം കണ്ടത്. തുടര്‍ന്ന് കോഴിക്കോട്ടും, ബോംബൈയിലും, അദ്ദേഹത്തിന് ആധുനിക രീതിയിലുള്ള ചികിത്സ നല്‍കിയെങ്കിലും അപ്പോഴേക്കും തന്റെ ജനസേവനം നിര്‍ത്തി തിരിച്ചുപോകേണ്ട സമയമായിക്കഴിഞ്ഞിരുന്നു. മുഴുസമയം ദീനീ സേവകനായിരുന്ന മഹാനുഭാവന്‍ 1975 ജൂലൈ 6 ന് (ജമാദുല്‍ ഉഖ്‌റാ 26) വഫാത്തായി. പാണക്കാട് ജുമാമസ്ജിദിനു സമീപം അന്ത്യവിശ്രമം കൊള്ളുന്നു. പാണക്കാട് കുടുംബം എന്ന് പൊതുവെ പറയപ്പെടുന്നത് പൂക്കോയ തങ്ങളുടെ മക്കളെയും അവരുടെ സന്താനങ്ങളെയും കുറിച്ചാണ്.
മുഹമ്മദലി ശിഹാബ് തങ്ങൾ
പാണക്കാട്ടെ തങ്ങൾ എന്ന സ്ഥാനത്ത് പിന്നീട് അവരോധിതനായ വ്യക്തിത്വം സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങൾ ആയിരുന്നു. കേരളത്തിന്റെ എല്ലാ ആദരവും ബഹുമാനവും ലഭിച്ച സാമൂഹ്യ നേതാവായിരുന്നു അദ്ദേഹം. അദ്ദേഹത്തെ സ്വന്തം പുത്രൻ സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങൾ പരിചയപ്പെടുത്തുന്നത് ഇങ്ങനെ: കുടുംബത്തിന്റെ താഴ് വേര് എത്തി നിൽക്കുന്ന അഹ്മദ് ശിഹാബുദ്ദീൻ എന്നവരുടെ എട്ടാം തലമുറയില്‍ പിറന്ന സയ്യിദ് ശിഹാബുദ്ദീന്‍ അലിയ്യുല്‍ ഹള്‌റമിയാണ് കേരളത്തിലെത്തിയ ശിഹാബുദ്ദീന്‍ ഖബീലയിലെ പ്രഥമ വ്യക്തി. ഹിജ്‌റ 1159 ല്‍ കോഴിക്കോട്ടാണ് അദ്ദേഹം കപ്പലിറങ്ങിയത്. കോഴിക്കോട്ടുനിന്നു കണ്ണൂരിലെ വളപട്ടണത്തേക്ക് അദ്ദേഹം നീങ്ങി. ഹിജ്‌റ 1212 ലാണ് അദ്ദേഹത്തിന്റെ ദേഹവിയോഗം. സയ്യിദ് ശിഹാബുദ്ദീന്‍ അലിയ്യുല്‍ ഹള്‌റമിയുടെ പൗത്രപുത്രന്‍ സയ്യിദ് മുഹ്ളാര്‍ ശിഹാബുദ്ദീന്‍ തങ്ങളുടെ മകനാണ് പ്രസിദ്ധനായ പാണക്കാട് സയ്യിദ് ഹുസൈന്‍ ആറ്റക്കോയ തങ്ങള്‍ ശിഹാബുദ്ദീന്‍. കര്‍മശാസ്ത്ര പണ്ഡിതന്‍, കവി, സ്വാതന്ത്ര്യസമര നായകന്‍ എന്നീ നിലകളില്‍ പേരുകേട്ട അദ്ദേഹമാണ് മമ്പുറം സയ്യിദ് ഫദല്‍ പൂക്കോയത്തങ്ങളെ നാടുകത്തിയതിനുശേഷം ബ്രിട്ടീഷ് ഭരണകൂടത്തിനെതിരെയുള്ള മലബാറിലെ പോരാട്ടങ്ങള്‍ക്ക് ഊര്‍ജ്ജംപകര്‍ന്നത്. ബ്രിട്ടീഷുകാരെ നമ്മുടെ നാട്ടില്‍ നിന്നു തുരത്തണമെന്നു നിര്‍ദേശിക്കുന്ന നിരവധി ഫത്‌വകള്‍ അദ്ദേഹം പുറപ്പെടുവിക്കുകയുണ്ടായി. ജിഹാദിനു പ്രേരിപ്പിച്ചു എന്ന കുറ്റം ചുമത്തി ആറ്റക്കോയതങ്ങളെ പിടികൂടി ബ്രിട്ടീഷുകാര്‍ തമിഴ്‌നാട്ടിലെ വെല്ലൂരിലേക്ക് നാടുകടത്തുകയുണ്ടായി.
സയ്യിദ് ഹുസൈന്‍ ആറ്റക്കോയതങ്ങളുടെ പൗത്രന്‍ പി. എം. എസ്. എ പൂക്കോയതങ്ങളായിരുന്നു മുഹമ്മദലി ശിഹാബ് തങ്ങളുടെ പിതാവ്. കേരളത്തിലെ മത-രാഷ്ട്രീയ രംഗങ്ങളില്‍ ജ്വലിച്ചു നിന്ന പൂക്കോയ തങ്ങള്‍ പിതാവ് സയ്യിദ് മുഹമ്മദ് കുഞ്ഞിക്കോയ തങ്ങളുടെ വിയോഗത്തെത്തുടര്‍ന്ന് പിതൃസഹോദരന്‍ സയ്യിദ് അലി പൂക്കോയത്തങ്ങളുടെ സംരക്ഷണയിലാണ് വളര്‍ന്നത്. അദ്ദേഹത്തോടുള്ള സ്‌നേഹാദരവുകള്‍ കാരണമാണ് തന്റെ മക്കള്‍ക്ക് പൂക്കോയതങ്ങള്‍ അലി എന്ന് ചേര്‍ത്ത് പേരു വിളിച്ചത്. പൂക്കോയതങ്ങള്‍ - ആഇശ ചെറുകുഞ്ഞി ബീവി ദമ്പതികളുടെ സീമന്ത പുത്രനായി 1936 ലാണ് പാണക്കാട് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങളുടെ ജനനം. പ്രവാചക പരമ്പരയിലെ നാല്‍പതാമത്തെ പൗത്രനാണ് അദ്ദേഹം. 1953 ല്‍ കോഴിക്കോട് എം.എം.ഹൈസ്‌കൂളില്‍ നിന്ന് പഠനം പൂര്‍ത്തിയാക്കിയ അദ്ദേഹം തിരൂരിനടുത്ത തലക്കടത്തൂരും തുടര്‍ന്ന് തോഴന്നൂരിലും കാനാഞ്ചേരിയിലും ദറസ് പഠനം നടത്തി. കാനഞ്ചേരിയിലെ ദര്‍സ് പഠനം പൂര്‍ത്തീകരിച്ച് 1958 ലാണ് അദ്ദേഹം ഉപരിപഠനത്തിനായി ഈജിപ്തിലെ വിശ്വപ്രസിദ്ധമായ അല്‍അസ്ഹര്‍ സര്‍വകലാശാലയിലേക്ക് യാത്ര തിരിച്ചത്. 1958 മുതല്‍ 1961 വരെ അല്‍അസ്ഹര്‍ സര്‍വകലാശാലയിലും തുടര്‍ന്ന് 1966 വരെ കൈറോ സര്‍വകലാശാലയിലും അദ്ദേഹം തുടര്‍പഠനം നടത്തുകയുണ്ടായി. ഡോ.ഇസ്സുദ്ദീന്‍ ഫരീദ്, യൂസുഫ് ഖുലൈഫ്, ഡോ. ബഹി, ശൗഖി ളൈഫ് മുതലായവരായിരുന്നു തങ്ങളുടെ അധ്യാപകന്‍മാര്‍.
ഈജിപ്തിലെ പഠനം പൂര്‍ത്തിയാക്കി 1966 ലാണ് അദ്ദേഹം പാണക്കാട്ട് തിരിച്ചെത്തിയത്. പിതാവ് പൂക്കോയത്തങ്ങളുടെ നിര്യാണത്തെ തുടര്‍ന്ന് 1975 മുതല്‍ അദ്ദേഹം ഇന്ത്യന്‍ യൂണിയന്‍ മുസ്‌ലിം ലീഗിന്റെ സംസ്ഥാന പ്രസിഡണ്ടായി സ്ഥാനമേല്‍ക്കുകയും ദേഹവിയോഗം വരെ അത് തുടര്‍ന്നു വരികയും ചെയ്തു. തങ്ങളുടെ ഭാര്യ സയ്യിദ ശരീഫാ ഫാത്വിമയാണ്. സുഹ്‌റ ബീവി, സയ്യിദ് ബഷീറലി ശിഹാബ് തങ്ങള്‍, ഫൈറൂസ ബീവി, സമീറ ബീവി, സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ എന്നിവരാണ് അദ്ദേഹത്തിന്റെ സന്താനങ്ങള്‍.
പാരമ്പര്യമായി ലഭിച്ച നേതൃപാടവം, ഉന്നതമായ സര്‍വകലാശാലകളിലെ വിദ്യാഭ്യാസം, വിവേകപൂര്‍ണമായ തീരുമാനമെടുപ്പ്, സൗമ്യവും ദീപ്തവുമായ ഇടപെടലുകള്‍ എന്നിവയിലൂടെ പൂര്‍ണരൂപം പ്രാപിച്ച നേതൃസ്വരൂപത്തിന്റെ പേരിലായിരിക്കും സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങളെ രാഷ്ട്രീയചരിത്രം ഓര്‍ക്കുക. ഇന്ത്യ പോലൊരു ബഹുമത-ബഹുസ്വര സമൂഹത്തില്‍ മുസ്‌ലിം സമൂഹം ആര്‍ജിക്കേണ്ട രാഷ്ട്രീയ സാക്ഷരത തലമുറകള്‍ തങ്ങളില്‍ നിന്നു പഠിക്കണം. സമ്രാജ്യത്വ അധിനിവേശത്തിന്റെ കാലത്ത് രാജിയാകാത്ത പോരാട്ടങ്ങള്‍ കൊണ്ട് തന്റെ കാലത്തെ ചടുലമാക്കിയ ഹുസൈന്‍ ആറ്റക്കോയത്തങ്ങളെപ്പോലെയുള്ള പോരാളികളുടെ അനുഭവം തങ്ങള്‍ക്കുണ്ട്. എന്നാല്‍ സ്വാതന്ത്ര്യാനന്തരം ഒരു ജനാധിപത്യസമൂഹത്തിലെടുക്കേണ്ട നയം എന്താണെന്ന് അദ്ദേഹം പിതാവ് പൂക്കോയത്തങ്ങളില്‍ നിന്നാവണം പകര്‍ത്തിയത്. ആരും വൈകാരികാവേശത്തിനു അടിപ്പെട്ടു പോകാവുന്ന ദുര്‍ബല നിമിഷങ്ങളില്‍ സമചിത്തതയുടെ നിലപാടെടുത്ത് അദ്ദേഹം വേറിട്ടുനിന്നു. അദ്ദേഹത്തിന്റെ ലഘു പ്രഭാഷണങ്ങളിലും സംഭാഷണങ്ങളിലും എഴുത്തുകളിലും എല്ലാം ആ സൗമ്യത ചിറകു വിരിയിച്ചു. കാഴ്ചപ്പാടുകളിലും പ്രവര്‍ത്തനങ്ങളിലും എതിര്‍ചേരിയില്‍ നില്‍ക്കുന്നവര്‍ക്ക് പോലും അടുക്കാവുന്ന തരത്തില്‍ തങ്ങള്‍ അടുത്തുണ്ടെന്നു തോന്നിയത് ഈ ലാളിത്യം കൊണ്ടാണ്. പതുക്കെ നമ്മുടെ രാഷ്ട്രീയ-സാമൂഹിക ജീവിത പരിസരങ്ങളില്‍ അത്തരം സംസ്‌കാരം അന്യം നിന്നു പോവുകയാണ്. അതുകൊണ്ടാണ് മുസ്‌ലിം ലീഗ് എന്ന രാഷ്ട്രീയ പാര്‍ട്ടിയുടെ സംസ്ഥാന അധ്യക്ഷനായിരിക്കുമ്പോഴും കേരളത്തിന്റെ പൊതു നേതാവായി അദ്ദേഹം മാറിയത്. അങ്ങനെ നിര്‍ണായകമായ ചരിത്രമുഹൂര്‍ത്തങ്ങളില്‍ കാലം ആവശ്യപ്പെടുന്ന കനമേറിയ കടമ നിര്‍വഹിച്ച നേതാവായി തങ്ങള്‍ മാറി. പിന്നണിയിലുള്ളവരുടെ വികാരം കൊണ്ട് നയിക്കപ്പെടുന്നവനല്ല, വിവേകം കൊണ്ട് പന്‍നിരയിലുള്ളവരെ മുന്നോട്ട് നയിക്കുന്നവനാണ് നേതാവ് എന്ന ലളിത പാഠം പ്രായോഗികമായി കാണിക്കുകയായിരുന്നു തങ്ങള്‍.
തലയെടുപ്പ് കൊണ്ട് വ്യതിരിക്തനായിരുന്നെങ്കിലും ആള്‍ക്കുട്ടത്തിലൊരാളായി അതിവേഗം അലിഞ്ഞു ചേര്‍ന്നു അദ്ദേഹം. തങ്ങളുടെ വ്യക്തിത്വത്തിന്റെ പ്രഭാവലയത്തില്‍ അടുത്തുചെന്നവരൊക്കെ ഭ്രമണപഥത്തിലെന്ന പോലെ ചുറ്റിക്കൊണ്ടിരുന്നു. പുഞ്ചിരി തൂകിയും മിതമായും മാത്രമെ അദ്ദേഹം സംസാരിക്കുമായിരുന്നുള്ളൂ. ആവശ്യത്തിനു മാത്രം സംസാരിച്ചും ഇടപെട്ടും അദ്ദേഹം നിലകൊണ്ടു. കൊടപ്പനക്കല്‍ തറവാട്ടിലെത്തുന്ന പരശ്ശതം ജനങ്ങള്‍ക്കിടയില്‍ ജനകീയ പ്രശ്‌നങ്ങള്‍ -രാഷ്ട്രീയവും സാമ്പത്തികവും സാമൂഹികവും ആരോഗ്യസംബന്ധവും ആയവ- പരിഹരിച്ച് ജനകീയ നേതാവായി അദ്ദേഹം.
ഇത് വലിയൊരു പൈതൃകത്തിന്റെ ഈടുവെയ്പാണ്. പ്രവാചകപുത്രിയോളം ചെന്നെത്തുന്ന ആ ചാര്‍ച്ചയുടെ ശക്തി ആ പരമ്പരകളിലുടനീളം ദൃശ്യമാകുന്നു. തലമുറകള്‍ കൈമാറി വന്ന നീതിബോധത്തിന്റെയും ചുമതലാനിര്‍വഹണത്തിന്റെയും ദൈവഭക്തിയുടെയുമൊക്കെ പ്രവാചകപൈതൃകം ലോകത്തിന്റെ പ്രതീക്ഷയാണ്. (മുസ്ലിം ഹെരിറ്റേജ് )
മുഹമ്മദലി ശിഹാബ് തങ്ങളുടെ വ്യക്തിത്വം അനാവരണം ചെയ്ത സാംസ്കാരിക നായകൻമാരിൽ വ്യതിരിക്തനാണ് കഥാകാരൻ ആലങ്കോട് ലീലാകൃഷ്ണന്‍. അദ്ദേഹം തങ്ങൾ എന്ന സൗഭഗത്തെ ഒപ്പിയെടുക്കുന്നത് ഇങ്ങനെ: പാണക്കാട് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങള്‍ ഒരു രാഷ്ട്രീയ നേതാവോ, സമുദായ നേതാവോ, ആത്മീയാചാര്യനോ മാത്രമായിരുന്നില്ല. ഒരു കാലഘട്ടത്തിലെ കേരള ജനതയെ മുഴുവന്‍ എല്ലാവിധ വിഭാഗീയതകള്‍ക്കുമതീതമായി സ്വാധീനിച്ച വിശ്വവശ്യമായ ഒരു സ്‌നേഹാനുഭവമായിരുന്നു. ഒരിക്കല്‍ പരിചയിക്കാനിടവന്ന ഒരാള്‍ക്കും മരണംവരെ തങ്ങള്‍ എന്ന അനുഭവം മറക്കാന്‍ കഴിഞ്ഞിരുന്നില്ല. തങ്ങള്‍ ഇടപഴകുന്ന സ്ഥലങ്ങളിലെല്ലാം അദ്ദേഹത്തെക്കവിഞ്ഞ് നിരുപാധികമായ ഒരു സ്‌നേഹചൈതന്യം പ്രസരിച്ചിരുന്നു. ഒരുപക്ഷേ അത് അദ്ദേഹം പ്രതിനിധാനം ചെയ്ത സയ്യിദുമാരുടെ ആത്മീയ പാരമ്പര്യമായിരുന്നിരിക്കാം.
അന്ത്യപ്രവാചകനായ മുഹമ്മദ് നബി തിരുമേനിയുടെ സന്താനപരമ്പരയിലെ ഒരു കണ്ണിയായിട്ടാണ് സത്യവിശ്വാസികള്‍ പാണക്കാട് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങളെ കണ്ടത്. ഹുസൈന്‍ ശിഹാബ് ആറ്റക്കോയ തങ്ങള്‍, സയ്യിദ് കോയഞ്ഞിക്കോയ തങ്ങള്‍, സയ്യിദ് അലി പൂക്കോയ തങ്ങള്‍, പി. എം. എസ്. എ പൂക്കോയ തങ്ങള്‍ എന്നിങ്ങനെ കേള്‍വിപ്പെട്ട പാണക്കാട് തങ്ങള്‍ പരമ്പരയിലാണ് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങളുടെ ജനനം. മൂന്നര ദശാബ്ദത്തിലേറെക്കാലം ‘പാണക്കാട് തങ്ങള്‍’ എന്ന വിശുദ്ധമായ പദവി അദ്ദേഹം പരിപാവനമായിത്തന്നെ നിലനിര്‍ത്തി.
പാണക്കാട്ടെ കൊടപ്പനക്കല്‍ തറവാട്ടില്‍ പ്രഭാതം മുതല്‍ പ്രദോഷം വരെ തങ്ങളെ ഒരുനോക്ക് കാണാനും തൊടാനും ഒരാത്മീയ സാന്ത്വനം നേടാനും വേണ്ടി ദിവസവും ആയിരക്കണക്കിന് മനുഷ്യര്‍ വന്നു കാത്തുനില്‍ക്കുന്നത് കണ്ടിട്ടുണ്ട്. അവര്‍ക്ക് വേണ്ടിയിരുന്നത് ജീവിത ദുഃഖങ്ങള്‍ക്കൊരു സമാധാനമായി പാണക്കാട് തങ്ങളുടെ ആത്മീയ പരിചരണമായിരുന്നു. ഒരുനാളും വാടിക്കണ്ടിട്ടില്ലാത്ത വിശുദ്ധവശ്യമായൊരു പുഞ്ചിരിയോടെ അതദ്ദേഹം ആവോളം നല്‍കി. സമൂഹത്തിലെ തര്‍ക്കങ്ങളും വിരോധങ്ങളും ഇല്ലാതാക്കാനും ആധികളും ഉത്കണ്ഠകളും ആവലാതികളും പരിഹരിക്കാനും കഴിയുന്നൊരു നീതിയുടെ ആസ്ഥാനമായി കൊടപ്പനക്കല്‍ ഭവനത്തെ ആധുനികകാലത്തും നിലനിര്‍ത്താന്‍ മുഹമ്മദലി ശിഹാബ് തങ്ങള്‍ക്ക് കഴിഞ്ഞു. ചെറിയ ചരിത്രസേവനമായിരുന്നില്ല അത്. പാണക്കാട് തങ്ങള്‍ എന്ന നിലയില്‍ എണ്ണമറ്റ മഹല്ലുകളുടെ ഖാസിയായും എത്രയെത്രയോ സ്ഥാപനങ്ങളുടെ മേധാവിയായും, യാതൊരാക്ഷേപത്തിനും ഇട നല്‍കാത്തവിധം മുഹമ്മദലി ശിഹാബ് തങ്ങള്‍ സമുദായ രംഗത്തും പ്രവര്‍ത്തിച്ചു. മുസ്‌ലിംലീഗിന്റെ അധ്യക്ഷന്‍ എന്ന രാഷ്ട്രീയ പദവിയിലിരുന്നപ്പോഴും തന്റെ വെളുത്ത വസ്ത്രത്തില്‍ ഒരിറ്റു കറുത്ത ചെളിപോലും തെറിച്ചുവീഴാത്ത വിധത്തില്‍ ദശാബ്ദങ്ങള്‍ അദ്ദേഹം നേതൃത്വശേഷി തെളിയിച്ചു. മുസ്‌ലിം സമൂഹത്തിനു മാത്രമല്ല കേരളത്തിലെ എല്ലാവിധ ജനവിഭാഗങ്ങള്‍ക്കും ആദരണീയനായി ആയുഷ്‌കാലമത്രയും വിശ്വാസ്യമായ പൊതുജീവിതം നയിച്ചു. എല്ലാ അര്‍ത്ഥത്തിലും ഒരു മഹാവിസ്മയമായിരുന്നു ആ ജീവിതം.
കഴിഞ്ഞ നൂറ്റാണ്ടില്‍ കേരളം കണ്ട മഹാപുരുഷന്മാരിലൊരാളായിരുന്നു പാണക്കാട് മുഹമ്മദലി ശിഹാബ് തങ്ങള്‍ എന്നു നിസ്സംശയം പറയാം.
അദ്ദേഹവുമായി അടുത്തിടപഴകുവാന്‍ എനിക്ക് പലപ്പോഴും അവസരം ലഭിച്ചിട്ടുണ്ട്. മിക്കവാറും മലബാറിലെ ചില മതസൗഹാര്‍ദ്ദ വേദികളിലായിരുന്നു. മുസ്‌ലിംലീഗ് മുന്‍കയ്യെടുത്ത് സംഘടിപ്പിച്ച ചില സാംസ്‌കാരിക വേദികളിലും അദ്ദേഹത്തോടൊപ്പം പങ്കെടുക്കാന്‍ കഴിഞ്ഞിട്ടുണ്ട്. അദ്ദേഹത്തെപ്പോലൊരാള്‍ അത്ര ഗൗരവത്തില്‍ പരിഗണിക്കേണ്ടതില്ലാത്ത എന്നെപ്പോലുള്ള ഒരെളിയ സാംസ്‌കാരിക പ്രവര്‍ത്തകന്റെ പ്രസംഗം കേള്‍ക്കാന്‍ അദ്ദേഹം ഇരുന്നുതന്നിട്ടുള്ള സന്ദര്‍ഭങ്ങളും ഓര്‍ത്തുപോവുന്നു. എന്റെ ജീവിതത്തില്‍ കൈവന്ന ഏറ്റവും വലിയ അംഗീകാരത്തിന്റെ നിമിഷങ്ങളായി അതൊക്കെ ഇപ്പോഴും മനസ്സില്‍ മായാതെ കിടക്കുന്നു.
ഒരിക്കല്‍ മലപ്പുറത്തൊരു പരിപാടി കഴിഞ്ഞ് കൊണ്ടോട്ടി മോയിന്‍കുട്ടി വൈദ്യര്‍ സ്മാരകത്തിലും ഞങ്ങള്‍ക്കൊന്നിച്ച് ഒരു പരിപാടിയില്‍ സംബന്ധിക്കേണ്ടതുണ്ടായിരുന്നു. വഴിയില്‍ തങ്ങളുടെ വാഹനം മറ്റേതോ വഴിക്കു തിരിഞ്ഞുപോയി. വഴി തെറ്റിപ്പോയതാണോ എന്നു ഞാന്‍ സംശയിച്ചപ്പോള്‍ കൂടെയുള്ള സുഹൃത്ത് പറഞ്ഞു: അല്ലല്ല. തങ്ങള്‍ വരും. രാവിലെ ഒരു സ്വര്‍ണക്കടയുടെ ഉദ്ഘാടനത്തിന് പോയപ്പോള്‍ തങ്ങള്‍ക്കെന്തോ സമ്മാനം കിട്ടിയിട്ടുണ്ട്. അത് ഏതോ യത്തീമിന്റെ കല്യാണവീട്ടില്‍ കൊടുക്കാന്‍ പോയതാണ്. അതെനിക്കൊരു പുതിയ അറിവായിരുന്നു. പിന്നീട് പലരും പറഞ്ഞു. തങ്ങള്‍ക്ക് ആര് എന്തുകൊടുത്താലും ഏതെങ്കിലും അഗതിക്കോ അനാഥക്കോ അത് കിട്ടും. കാരുണ്യവും ദയയും സ്‌നേഹവും സമൂഹത്തില്‍ വിതരണം ചെയ്യുവാനുള്ള വിശ്വാസ്യതയുള്ള ഒരു മഹാമാനുഷികതയുടെ പാലമായി മാത്രമാണ് തങ്ങള്‍ പ്രവര്‍ത്തിച്ചത്. അദ്ദേഹത്തിന് ഒന്നും വേണ്ടായിരുന്നു. പണമോ, പ്രശസ്തിയോ, പദവിയോ, പുരസ്‌കാരമോ ഒന്നും. അതുതന്നെയായിരുന്നു അദ്ദേഹത്തെ തേടിയെത്തിയ എല്ലാ പദവികളുടെയും ബഹുമതികളുടെയും രഹസ്യം. സ്വയം പൂജ്യമായിത്തീരാന്‍ കഴിയുന്ന ബലവത്തായ വിനയം എവിടെയും പൂജ്യ (ആദരണീയം) മായിത്തീരുമെന്നാണ് മഹാത്മജി പറഞ്ഞത്. പാണക്കാട് മുഹമ്മദലി ശിഹാബ് തങ്ങളെ സംബന്ധിച്ച് അത് അക്ഷരംപ്രതി അന്വര്‍ത്ഥമായിരുന്നു. അധികാരം ചോദിക്കുന്നവര്‍ക്കും ആഗ്രഹിക്കുന്നവര്‍ക്കും അധികാരം നല്‍കരുതെന്ന നബിവചനവും മുഹമ്മദലി ശിഹാബ് തങ്ങളെ സംബന്ധിച്ച് അര്‍ത്ഥവത്തായിരുന്നു. ഒന്നും ആഗ്രഹിക്കാത്തതു കൊണ്ടാണ് അദ്ദേഹത്തിന് എല്ലാം ലഭിച്ചത്. അതൊക്കെയും പരിപൂര്‍ണ നീതിബോധത്തോടുകൂടി എല്ലാവര്‍ക്കും പ്രയോജനപ്പെടുമാറുപയോഗപ്പെടുത്തിക്കൊണ്ട് നിഷ്‌കാമകര്‍മ്മ ജീവിതം നയിച്ച് നിസ്വനായി അദ്ദേഹം തിരിച്ചുപോയി.
വിശുദ്ധ ഖുര്‍ആന്‍ കല്‍പ്പിച്ചതുപോലെ ദൈവത്തിന്റെ ഖലീഫയായി ജീവിച്ചുതീര്‍ത്ത ഒരു മഹല്‍ മാതൃകയായിരുന്നു മുഹമ്മദലി ശിഹാബ് തങ്ങളുടെ ജന്മം. ഒരു മനുഷ്യന്റെ സല്‍ക്കര്‍മ്മങ്ങളും സന്തതിപരമ്പരകളും മാത്രമേ അവനുശേഷം ഭൂമുഖത്ത് ബാക്കിയാവുകയുള്ളൂ എന്ന ഇസ്‌ലാമിക വീക്ഷണത്തിന്റെ പ്രത്യക്ഷോദാഹരണമാണ് തങ്ങളുടെ ജീവിതം. ജന്മനിയോഗം പൂര്‍ത്തിയാക്കി മറഞ്ഞുപോയെങ്കിലും ആ മഹാത്മാവ് നമുക്കിടയില്‍ പ്രക്ഷേപിച്ച നന്മകളുടെ വെളിച്ചം ഇനിയും തലമുറകള്‍ക്ക് വഴി കാണിക്കും. അത്രമാത്രം ബലവത്തായിരുന്നു ആ സല്‍ക്കര്‍മ്മങ്ങള്‍. പാണക്കാട് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങളുടെ ഏറ്റവും മഹത്തായ രാഷ്ട്രസേവനം ബാബരി മസ്ജിദ് തകര്‍ക്കപ്പെട്ട കാലത്ത് അദ്ദേഹം തന്റെ സമുദായത്തിന് നല്‍കിയ സംയമനത്തിന്റെയും ക്ഷമയുടെയും സഹിഷ്ണുതയുടെയും സന്ദേശമാണ്. ഇന്ത്യ കണ്ട ഏറ്റവും വലിയ ദേശീയ ദുരന്തങ്ങളിലൊന്നായിരുന്നു ബാബരി മസ്ജിദിന്റെ തകര്‍ച്ച. സഹസ്രാബ്ദങ്ങളായി നിലനിന്ന ഇന്ത്യന്‍ മതേതര മഹാ പൈതൃകത്തിന്റെയും സാഹോദര്യത്തിന്റെയും സ്‌നേഹത്തിന്റെയും അത്യുന്നത ഗോപുരങ്ങളാണ് ബാബരി മസ്ജിദിന്റെ മിനാരങ്ങളോടൊപ്പം തകര്‍ന്നുവീണത്. അതില്‍ ഹൃദയം നൊന്തു മുറിഞ്ഞെഴുന്നേറ്റ ഒരു വലിയ സമുദായത്തിന്റെ അമര്‍ഷം ഒരുപക്ഷേ വലിയ രക്തച്ചൊരിച്ചിലുകളായും കലാപങ്ങളായും ഇന്ത്യയെയൊന്നാകെ ചുടലക്കളമാക്കി മാറ്റിയേനെ. അവിടെയാണ് ആര്‍ത്തിരമ്പിവരുന്ന സമുദ്രങ്ങളെ മഹാസ്‌നേഹം കൊണ്ട് തടയുന്ന വിശിഷ്ട സാഹോദര്യത്തിന്റെ കുലപര്‍വ്വതം പോലെ ശിഹാബ് തങ്ങള്‍ നിന്നത്. പ്രവാചകനായി അംഗീകരിക്കില്ലെന്നു ശഠിച്ച ദുഷ്ടശക്തികള്‍ക്ക് മുന്നില്‍ ആമിനാബീവി മകന്‍ മുഹമ്മദ് എന്നെഴുതി സന്ധി ചെയ്ത അന്ത്യപ്രവാചകന്റെ വിശുദ്ധ സഹിഷ്ണുതയുടെ പാഠമാണ് മുഹമ്മദലി ശിഹാബ് തങ്ങള്‍ ആധുനിക കാലത്തിന് കാണിച്ചുതന്നത്. അതൊരു ചെറിയ മാതൃകയല്ല. അത്ര മഹാന്മാര്‍ക്കേ മനുഷ്യ സ്‌നേഹത്തില്‍ നിന്നും ദൈവവിശ്വാസത്തില്‍ നിന്നും ഇത്ര വലിയ ചരിത്ര മാതൃകകള്‍ സ്വജീവിതം കൊണ്ട് സൃഷ്ടിക്കുവാന്‍ സാധിക്കൂ.
വിശ്വാസത്തിന്റെയും മതത്തിന്റെയും പേരില്‍ ആളുകളെ വികാരം കൊള്ളിച്ചിളക്കിവിടാന്‍ ആര്‍ക്കും സാധിക്കും. പക്ഷേ, മുറിവേറ്റിളകിവരുന്ന വിശ്വാസ രോഷത്തിന്റെ കടലുകളെ ഒരു ശാന്തിദൂതനെപ്പോലെ, കാരുണ്യത്താലാര്‍ദ്രമായ കടാക്ഷം കൊണ്ട് തടഞ്ഞുനിര്‍ത്തുവാന്‍ മുഹമ്മദലി ശിഹാബ് തങ്ങളെപ്പോലുള്ള ഒരു ക്ഷമാമൂര്‍ത്തിക്കേ കഴിയൂ. അത്രമാത്രം നീതിമാനും അല്‍ അമീനും ആയതുകൊണ്ടാണ് ഒരു സമുദായം ആ സംയമനത്തിന്റെ സന്ദേശം അനുസരിച്ചുപോയത്. പാണക്കാട് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങള്‍ വിടപറഞ്ഞ് എട്ടാണ്ടുകള്‍ പിന്നിട്ട ഈ സന്ദര്‍ഭത്തില്‍ ഇന്ത്യയുടെ കലുഷമായ വര്‍ത്തമാനത്തിലേക്ക് നോക്കുമ്പോള്‍ അത്രമേല്‍ തണലും സ്‌നേഹവും തന്ന മഹാവൃക്ഷങ്ങളൊന്നും മുന്നിലില്ലല്ലോ എന്ന ശൂന്യത മനസ്സിനെ വിഹ്വലമാക്കുന്നു. എങ്കിലും, മഹാനായ സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങള്‍, അങ്ങു മറഞ്ഞാലും മറയുന്നില്ലല്ലോ അങ്ങയുടെ മുഖത്തെ ആ തൂമന്ദഹാസം. കളങ്കമറ്റ ആ നിത്യസ്‌നേഹത്തിന്റെ പുഞ്ചിരി തലമുറകള്‍ക്ക് പ്രത്യാശയും നാടിന് നന്മയും നല്‍കാതിരിക്കില്ല എന്നു സമാധാനിക്കട്ടെ! (ചന്ദ്രിക ദിനപത്രം)
സയ്യിദ് ഉമറലി ശിഹാബ് തങ്ങൾ
മുഹമ്മദലി ശിഹാബ് തങ്ങൾ സമുദായത്തിന്റെ നേതൃസ്ഥാനത്തിരിക്കുമ്പോൾ തന്നെ പാണക്കാട്ടെ രണ്ടാം സ്ഥാനീയനായിരുന്നു സയ്യിദ് ഉമറലി ശിഹാബ് തങ്ങൾ.
മുസ്ലിം കൈരളിയുടെ സാന്ത്വനത്തിന്റെ പൂമരത്തണലായിരുന്ന പാണക്കാട് കൊടപ്പനക്കല്‍ തറവാട്ടിലെ പുതിയ മാളിയേക്കല്‍ സയ്യിദ് അഹ്മദ് (പി.എം.എസ്.എ) പൂക്കോയ തങ്ങളുടെയും സയ്യിദ് ഹാമിദ് കുഞ്ഞി സീതിക്കോയ തങ്ങളുടെ മകളായ സയ്യിദ ആഇശ ചെറുകുഞ്ഞി ബീവിയുടെയും രണ്ടാത്തെ മകനായി 1941 നവംബര്‍ 28 ഹി. 1360 ദുല്‍ഖഅദഃ 8 വെള്ളിയാഴ്ച രാവിലെ ഒൻപത് മണിക്ക് ഉമറലി തങ്ങൾ ജനിച്ചു. പാണക്കാട് ദേവധാര്‍ എല്‍.പി സ്‌കൂളില്‍ പ്രാഥമിക പഠനം പൂര്‍ത്തിയാക്കിയ ഉമറലി ശിഹാബ് തങ്ങള്‍ കോഴിക്കോട് എം.എം ഹൈസ്‌കൂളില്‍ വെച്ച് 1959 ല്‍ എസ്.എസ്.എല്‍.സി പഠനം പൂര്‍ത്തിയാക്കി. തുടര്‍ന്ന് കാനഞ്ചേരി, അച്ചിപ്പുറം, ഒറവംപുറം എന്നിവടങ്ങളില്‍ അഞ്ച് വര്‍ഷത്തെ ദര്‍സ് പഠനം പൂര്‍ത്തിയാക്കി. പിന്നീട് 1964 ല്‍ പട്ടിക്കാട് ജാമിഅഃ നൂരിയ്യഃ അറബിക്കോളേജില്‍ ചേരുകയും 1968 ല്‍ മൗലവി ഫാസില്‍ ഫൈസി ബിരുദം കരസ്ഥമാക്കുകയും ചെയ്തു. പിതാവ് പി.എം.എസ്.എ പൂക്കോയ തങ്ങളുടെ കയ്യില്‍ നിന്നായിരുന്ന സനദ് ഏറ്റുവാങ്ങിയത്. പൊന്മള പുവാടന്‍ മൊയ്തീന്‍ മുസ്‌ലിയാര്‍, ശംസുല്‍ ഇ.കെ അബൂബക്കര്‍ മുസ്‌ലിയാര്‍, കോട്ടുമല ടി. അബൂബക്കര്‍ മുസ്‌ലിയാര്‍, കെ.സി ജമാലുദ്ധീന്‍ മുസ്‌ലിയാര്‍, താഴെക്കോട് കുഞ്ഞലവി മുസ്‌ലിയാര്‍ എന്നിവര്‍ പ്രധാന ഗുരുനാഥന്മാരാണ്. 1968 ഏപ്രില്‍ 28 ന് സയ്യിദ് ശിഹാബുദ്ധീന്‍ ഇമ്പിച്ചിക്കോയ തങ്ങളുടെ പുത്രി സയ്യിദ ഖദീജ മുല്ല ബീവിയുമായിട്ടായിരുന്നു ഉമറലി തങ്ങളുടെ വിവാഹം.
സമസ്ത വൈസ് പ്രസിഡണ്ട്, സുന്നി യുവജന സംഘം സംസ്ഥാന പ്രസിഡണ്ട്, കേരള വഖ്ഫ് ബോര്‍ഡ് ചെയര്‍മാന്‍, വയനാട് ജില്ലാ ഖാസി, ജംഇയ്യത്തുല്‍ ഖുളാത്തി വല്‍ മഹല്ലാത്ത് ചെയര്‍മാന്‍, അലീഗഡ് മുസ്‌ലിം യൂണിവേഴ്‌സിറ്റി കോര്‍ട്ട് അംഗം, സെന്‍ട്രല്‍ വഖ്ഫ് കൗണ്‍സില്‍ മെമ്പര്‍, കേന്ദ്ര ഹജ്ജ് കമ്മിറ്റി അംഗം, കേരളാ ഹജ്ജ് കമ്മിറ്റി എക്‌സ് ഒഫീഷ്യോ അംഗം, സുന്നി അഫ്കാര്‍ വാരിക മാനേജിംഗ് ഡയറക്ടര്‍, 1970 മുതല്‍ പാണക്കാട് മഅ്ദനുല്‍ ഉലൂം ജനറല്‍ സെക്രട്ടറി, പാണക്കാട് വാര്‍ഡ് മുസ്‌ലിം ലീഗ് പ്രസിഡണ്ട്, പാണക്കാട് ദാറുല്‍ ഉലൂം ഹൈസ്കൂള്‍ മാനേജര്‍, 2006 ല്‍ മുസ്‌ലിം ലീഗിന്റെ പാര്‍ലമെന്റെറി ബോര്‍ഡ് ചെയര്‍മാന്‍ എന്നീ സ്ഥാനങ്ങള്‍ വഹിച്ച സയ്യിദ് ഉമറലി ശിഹാബ് തങ്ങള്‍ ദാറുല്‍ ഹുദാ ഇസ്‌ലാമിക് അക്കാദമി പ്രസിഡണ്ട്, പട്ടിക്കാട് ജാമിഅഃ നൂരിയ്യഃ മാനേജിംഗ് കമ്മിറ്റി അംഗം, താനൂര്‍ ഇസ്‌ലാഹുല്‍ ഉലൂം അറബിക് കോളേജ്, കുണ്ടൂര്‍ മര്‍ക്കസുസ്സഖാഫതുല്‍ ഇസ്‌ലാമിയ്യഃ, പൂക്കോട്ടൂര്‍ ഖിലാഫത്ത് മെമ്മോറിയല്‍ യതീം ഖാനഃ, ആക്കോട് ഇസ്‌ലാമിക് സെന്റര്‍, വയനാട് വെങ്ങപ്പള്ളി ശംസുല്‍ ഉലമ അക്കാദമി, എളേറ്റില്‍ വാദി ഹുസ്‌ന, കൊടിഞ്ഞി സുന്നി എഡ്യുക്കേഷണല്‍ സെന്റര്‍, ഒളവട്ടൂര്‍ യതീംഖാന, മുണ്ടുപറമ്പ് യതീംഖാന, മൈത്ര യതീംഖാന, വട്ടത്തൂര്‍ യതീംഖാന, മേല്‍മുറി എം.ടി.സി ബി.എഡ് കോളേജ് തുടങ്ങിയ സ്ഥാപനങ്ങളിൽ സാരഥ്യമരുളി.
സ്വന്തമായ ജീവിത നിഷ്ഠകളും കര്‍മ്മ രീതികള്‍ കൊണ്ടും വേറിട്ടു നിന്ന മഹാനുഭാവനായിരുന്നു ഉമറലി ശിഹാബ് തങ്ങള്‍. വ്യത്യസ്തമായ കര്‍മ്മ മേഖലകളില്‍ മുഴുകുമ്പോഴും അധികാരങ്ങളും നേതൃത്വവും ആലങ്കാരികതക്കപ്പുറം ഉത്തരവാദിത്തമാണെന്ന ഉത്തമ ബോധ്യത്തോടെ പ്രവര്‍ത്തിച്ച നായകന്‍ കൂടിയായിരുന്നു ഉമറലി തങ്ങള്‍. അചഞ്ചലമായ തീരുമാനങ്ങളും സ്വീകാര്യമായ പരിഹാരങ്ങളും തങ്ങളുടെ രീതിയായിരുന്നു. അദ്ദേഹത്തെ പ്രമുഖ എഴുത്തുകാരനും ചന്ദ്രിക മുൻ പത്രാധിപരുമായ സി പി സെയ്തലവി ഇങ്ങനെ സ്മരിക്കുന്നു:
ലോകത്തിലെ ഏറ്റവും ചെലവേറിയ വീട് നിര്‍മിച്ചിരിക്കുന്നത് ഇന്ത്യാ രാജ്യത്തെ പരമദരിദ്രമായ ഒരു ജനതയുടെ ആത്മീയാവശ്യങ്ങള്‍ നിറവേറ്റുന്നതിന് പൂര്‍വികര്‍ ദാനം ചെയ്തിട്ടുള്ള വഖഫ് ഭൂമിയിലാണ്. സ്വത്ത് ദാതാവിന്റെയും ഉറ്റവരുടെയും പരലോകഗുണത്തിന് എന്നാണ് വഖഫിന്റെ ഒരു രീതി. പക്ഷേ പതിമൂവായിരം കോടിയോളം രൂപ ചെലവിട്ട് ആന്റിലിയ എന്ന ആകാശ മാളിക പണിയാന്‍ മുകേഷ് അംബാനിക്ക് ദക്ഷിണ മുംബൈയുടെ നഗരഹൃദയത്തില്‍ കിട്ടിയ 4532 ചതുരശ്രമീറ്റര്‍ ഭൂമിയുടെ കാര്യത്തില്‍ മേപ്പടി നിയ്യത്തിന്റെ പ്രതിഫലനം എത്രത്തോളമുണ്ടെന്ന് ഗണിക്കാനാവും. തനിക്കും ഭാര്യക്കും മൂന്നു മക്കള്‍ക്കും താമസിക്കാന്‍ നാല്‍പത് നില കെട്ടിടത്തിന്റെ ഉയരത്തില്‍ 27 നിലയും മുകള്‍ നിലയില്‍ മൂന്നു ഹെലിപാഡുകളും 600 പരിചാരകരും നീന്തല്‍കുളങ്ങളും തീയറ്ററും ക്ഷേത്രവും പൂന്തോട്ടങ്ങളുമെല്ലാമുള്ള വീട് അംബാനിയുടെ വ്യക്തിപ്രഭാവത്തിന് തിളക്കമേറ്റുന്നുണ്ട്. പക്ഷേ കരീംഭായ് ഇബ്രാഹിം ഭായ് ഖാജ അനാഥാലയചാരിറ്റബിള്‍ ട്രസ്റ്റിന്റെ അഞ്ഞൂറു കോടി രൂപയോളം വിലമതിക്കുന്ന ഈ ഭൂമി അംബാനിയുടെ ആന്റിലിയ കമേഴ്‌സ്യല്‍ പ്രൈവറ്റ് ലിമിറ്റഡിന് 2002 ജൂലൈയില്‍ കൈമാറി കിട്ടിയത് 21.52 കോടിക്കാണ്. മഹാരാഷ്ട്ര വഖഫ് ബോര്‍ഡിന്റെതാണ് ഭൂമിയെങ്കിലും ഇക്കച്ചവടത്തില്‍ ബോര്‍ഡിന്റെ അനുമതിയുണ്ടായില്ല. മുംബൈ മഹാനഗരത്തിലെ യതീമുകളുടെ പള്ളക്കടിക്കുന്ന ഏര്‍പ്പാടിന് ബോര്‍ഡിലെ ദൈവഭയവും മനുഷ്യപ്പറ്റുമുള്ളവര്‍ കൂട്ടുനിന്നില്ല എന്നര്‍ഥം.
റിലയന്‍സ് അധിപനായ അംബാനിയുടെ കുടിയിരിപ്പിന് വഖഫിന്റെ അടിയാധാരമുണ്ടാക്കാന്‍ ഉത്തരവാദപ്പെട്ട പലരും ഓടി നടന്നപ്പോള്‍ മഹാരാഷ്ട്ര വഖഫ് ബോര്‍ഡ് മെമ്പര്‍ അഹമ്മദ്ഖാന്‍ രണ്ടുംകല്‍പ്പിച്ച് പരാതി അയച്ചു. ഇതോടെ ആന്റിലിയ ഉയരുന്നത് വഖഫ് സ്വത്തിലാണെന്ന് പുറത്തുവന്നു. അന്നത്തെ കേന്ദ്ര ന്യൂനപക്ഷ ക്ഷേമ മന്ത്രാലയം ഡയരക്ടര്‍ ആദര്‍ശ് ജോഷി വിജിലന്‍സ് അന്വേഷണത്തിന് അരങ്ങൊരുക്കി ഒരു രാജ്യസ്‌നേഹിയുടെ ജീവിതാദര്‍ശം ഉയര്‍ത്തിപ്പിടിച്ചു. കേസ് സി.ബി.ഐക്ക് വിടണമെന്ന ആവശ്യം കോടതിയിലെത്തി. ഇന്ത്യയിലെ രണ്ടാം താജ്മഹല്‍ എന്ന് അംബാനി കുടുംബം അരുമയോടെ വിളിക്കുന്ന ആന്റിലിയയുടെ കഥയാണിത്.
മഹാരാഷ്ട്രയില്‍ 37330.97 ഹെക്ടര്‍ ഭൂമി രേഖപ്രകാരം വഖഫ് ബോര്‍ഡിനുണ്ടെങ്കിലും 60 ശതമാനത്തിനും ഉടമക്കാര്‍ വേറെയാണ്. യു.പിയിലും ബംഗാളിലും ബീഹാറിലും മറ്റു മിക്ക സംസ്ഥാനങ്ങളിലും വഖഫ് ഭൂമി കയ്യേറ്റം സമ്പന്ന-മാഫിയ ഗ്രൂപ്പിന് അനായാസം സാധ്യമാകുന്നു. പശ്ചിമബംഗാളില്‍ വഖഫ് ഭൂമിയില്‍ മദ്യകമ്പനികള്‍പോലും പ്രവര്‍ത്തിക്കുന്നത് വാര്‍ത്തയായതാണ്.
*4
വിവിധ ജീവിത നിലവാരത്തില്‍ കഴിയുന്ന ലക്ഷക്കണക്കിനു ജനങ്ങളുടെ വിശ്വാസപരവും സാമൂഹികവുമായ ഉന്നമനത്തിനുവേണ്ടി സമൂഹത്തിലെ ഉദാരമതികള്‍ മതപരമായ ബാധ്യതയായി കണ്ട് ദാനം ചെയ്ത കോടികള്‍ വിലമതിക്കുന്ന സ്വത്തുക്കള്‍ ഇതര സംസ്ഥാനങ്ങളിലെപോലെ സ്വകാര്യവ്യക്തികളോ സംഘങ്ങളോ കൈപ്പിടിയിലൊതുക്കുന്നതൊഴിവാക്കാന്‍ കേരളത്തിലെ വഖഫ് ബോര്‍ഡ് കാണിക്കുന്ന ജാഗ്രത ശ്രദ്ധേയമാണ്. ആ നിതാന്ത ജാഗ്രതയെയും പൊതുമുതലിന്റെ കാര്യത്തിലെ കാര്‍ക്കശ്യത്തെയും കേരള വഖഫ് ബോര്‍ഡിന്റെ മുഖമുദ്രയാക്കി മാറ്റി എന്നത് പാണക്കാട് സയ്യിദ് ഉമറലി ശിഹാബ് തങ്ങള്‍ കേരളത്തിന്റെ പൊതുജീവിതത്തിനു നല്‍കിയ സമ്മാനമാണ്.
2008 ജൂലൈ 3ന് സയ്യിദ് ഉമറലി ശിഹാബ് തങ്ങളുടെ വേര്‍പാടിലൂടെ നഷ്ടമായത് മത, രാഷ്ട്രീയ, സാമൂഹിക രംഗങ്ങളിലെല്ലാം അചഞ്ചലമായ നിലപാടുകള്‍കൊണ്ടും പ്രതിസന്ധികളിലെ ധീരമായ നേതൃത്വം കൊണ്ടും വ്യക്തിമുദ്ര ചാര്‍ത്തിയ പ്രതിഭാധനനായ നേതാവിനെയായിരുന്നു. മതരംഗത്ത് സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമയുടെയും രാഷ്ട്രീയത്തില്‍ മുസ്‌ലിംലീഗിന്റെയും സംഘടനാതലത്തിലും ഖാസി പദവികളിലൂടെയും മറ്റു സ്ഥാനങ്ങളിലൂടെയും കേരളത്തിലെ മുസ്‌ലിം സാമുദായിക രംഗത്തും പാണക്കാട് മേഖലയിലെ കുടുംബപരിസരങ്ങളിലും സയ്യിദ് ഉമറലി ശിഹാബ് തങ്ങളുടെ സാന്നിധ്യം തര്‍ക്കങ്ങള്‍ക്കും വാഗ്വാദങ്ങള്‍ക്കും പൂര്‍ണവിരാമംകുറിക്കുന്ന അച്ചടക്കത്തിന്റെ മെതിയടിശബ്ദമായിരുന്നു. സങ്കീര്‍ണമായ എല്ലാ സന്ദര്‍ഭങ്ങളിലും അവസാന തീര്‍പ്പിന്റെ കേന്ദ്രസ്ഥാനത്ത് ഉമറലി ശിഹാബ് തങ്ങളുണ്ടായിരുന്നു.
ജാമിഅഃ നൂരിയ്യയില്‍ നിന്ന് ഫൈസി ബിരുദം നേടി പുറത്തുവന്നയുടന്‍ 1969ല്‍ പാണക്കാട് ശാഖാ മുസ്‌ലിംലീഗ് പ്രസിഡണ്ടായി തെരഞ്ഞെടുക്കപ്പെട്ട തങ്ങള്‍ പൊതുജീവിതത്തിലെ ആ പ്രഥമപദവി അന്ത്യംവരെയും തുടര്‍ന്നു. പിതാവ് പാണക്കാട് പൂക്കോയ തങ്ങളും സഹോദരന്‍ സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങളും മുസ്‌ലിംലീഗ് സംസ്ഥാന പ്രസിഡണ്ട് പദവി വഹിക്കുമ്പോഴും പാണക്കാട്ടെ ആഭ്യന്തര പ്രസിഡണ്ട് ഉമറലി തങ്ങള്‍ തന്നെ. അതുകൊണ്ട് പാണക്കാട്ടുകാര്‍ എപ്പോഴും ഞങ്ങളുടെ പ്രസിഡണ്ട് എന്ന് വിളിച്ചു.
ബാല്യം നല്‍കിയ ജീവിതാനുഭവ പാഠങ്ങളില്‍നിന്നു രൂപപ്പെട്ടതായിരുന്നു മെയ്ക്കരുത്തും മനക്കരുത്തുമുള്ള ആ വ്യക്തിത്വം. പ്രതിസന്ധികളെ അതിജീവിക്കാന്‍ ഉറച്ച മനസ്സും ഉറച്ച പേശികളും ഉപകാരപ്പെടുമെന്നത് ഉമറലി ശിഹാബ് തങ്ങളുടെ നിലപാട് തന്നെയായിരുന്നു.
കടലുണ്ടിപ്പുഴയോരത്തെ വൈദ്യുതിയും വഴിവെളിച്ചവുമില്ലാത്ത പാണക്കാടിന്റെ ഗ്രാമ്യപ്രകൃതിയില്‍ കൊടപ്പനക്കല്‍ വീടിന്റെ ചുറ്റിലും ഭയംകലര്‍ന്ന ഒരനാഥത്വം കുറഞ്ഞ കാലത്തേക്കാണെങ്കിലും അനുഭവിച്ചറിഞ്ഞ ഒരു കുട്ടിക്കാലമുണ്ടായിരുന്നു. 1948ലെ ഹൈദരാബാദ് ആക്ഷന്‍. പിതാവ് പാണക്കാട് പൂക്കോയ തങ്ങള്‍ അപ്രതീക്ഷിതമായി അറസ്റ്റ് ചെയ്യപ്പെട്ട് രാഷ്ട്രീയ തടവുകാരനായി ജയിലില്‍. ആറാംതരം വിദ്യാര്‍ഥിയായ ജ്യേഷ്ഠന്‍ സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങള്‍ പഠനത്തിനായി കോഴിക്കോട്ട്. വീട്ടില്‍ ക്ഷയരോഗത്തിന്റെ മൂര്‍ധന്യതയില്‍ ഉമ്മ. അനിയന്‍ സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ക്ക് ഒരു വയസ്സ്. ഇടയില്‍ രണ്ടു പെങ്ങന്മാര്‍. ജ്യേഷ്ഠന്‍ വാരാന്ത്യത്തില്‍ വരുന്നതുവരെ വീട്ടിലെ മുതിര്‍ന്ന ആളായി എല്ലാവര്‍ക്കും ധൈര്യംകൊടുക്കാനുള്ളത് ഉമറലി ശിഹാബ് എന്ന ആറു വയസ്സുകാരന്‍. ഒന്നാംതരത്തിലെ വിദ്യാര്‍ഥി. ബാപ്പ എന്നു ജയില്‍മോചിതനാകുമെന്നുപോലും അറിയാത്ത അനിശ്ചിതത്വത്തിന്റെ നാളുകള്‍. സ്‌കൂളില്‍ കൂട്ടുകാര്‍ പറയുന്ന പേടിപ്പെടുത്തുന്ന വര്‍ത്തമാനങ്ങള്‍. മഴയും കാറ്റും വെള്ളപ്പൊക്കവും. വീട്ടില്‍ ഉമ്മയുടെ രോഗം കലശല്‍. ബന്ധുക്കളെ വിളിക്കണമെങ്കില്‍പോലും ചൂട്ടുംമിന്നിച്ച് പുറത്തുപോകാനുള്ളത് ‘മുത്തുമോന്‍’ എന്ന ഈ കൊച്ചുകുട്ടി മാത്രം.ആ ഒറ്റപ്പെടലില്‍ നിന്നുറവയെടുക്കുന്ന ഒരു ആത്മധൈര്യമുണ്ട്.
മറുകരപറ്റാന്‍ ഒറ്റക്കു തുഴയേണ്ടിവരുമെന്ന് തിരിച്ചറിഞ്ഞ ആറു വയസ്സുകാരന്റെ അന്തിമനിശ്ചയം. ആ കൂസലില്ലായ്മയാണ് തനിക്കു അഭിമുഖം നില്‍ക്കേണ്ടിവന്ന സര്‍വപ്രശ്‌നങ്ങളോടും ഉമറലി തങ്ങള്‍ കൈക്കൊണ്ട സുനിശ്ചിത തീരുമാനങ്ങളുടെ അകക്കാമ്പ്. ശങ്കിച്ചു നില്‍ക്കുകയല്ല; ചുവടുറച്ചു മുന്നോട്ടു പോവുകയേ തരമുള്ളൂ എന്ന ദൃഢനിശ്ചയം.
മതസംഘടനാരംഗത്ത് സമുന്നത പദവികള്‍ വഹിക്കുമ്പോഴും രാഷ്ട്രീയം ഉമറലി ശിഹാബ് തങ്ങളുടെ താല്‍പര്യ രംഗമായിരുന്നു. കോഴിക്കോട് എം.എം ഹൈസ്‌കൂളില്‍ പഠിക്കുന്ന കാലത്ത് സി.എച്ചിന്റെ കന്നി മത്സരം പരപ്പില്‍ വാര്‍ഡില്‍ നടക്കുമ്പോള്‍ ആ ആരവത്തിനു പിന്നാലെ ഒഴുകിയതില്‍ തുടങ്ങുന്നു തങ്ങളുടെ മുസ്‌ലിംലീഗ് ആവേശം. അന്ന് എതിരാളികള്‍ എറിഞ്ഞ കല്ലുകൊണ്ടു ബാഫഖിതങ്ങളുടെ കാല്‍വിരലില്‍ മുറിവ് പറ്റിയതും തലയില്‍കെട്ടിയ തോര്‍ത്തഴിച്ച് ഒരാള്‍ ചോരയൊപ്പിക്കൊടുത്തതും ഞാനെന്റെ കണ്ണുകൊണ്ട് കണ്ടതാണ് എന്നു പറഞ്ഞ് പതിറ്റാണ്ടുകള്‍ക്കിപ്പുറം ഒരു പ്രസംഗമധ്യേ നേതാവിനോടുള്ള സ്‌നേഹാതിരേകത്താല്‍ കരഞ്ഞുപോയ ഉമറലി തങ്ങളുടെ ആര്‍ദ്രമനസ്സും കുട്ടിക്കാലത്തിനൊപ്പം കൂടെ കൂട്ടിയതാണ്.
പാണക്കാട്ടെ പട്ടാളം എന്നത് അക്ഷരാര്‍ഥത്തില്‍ നടപ്പാക്കി ഉമറലി തങ്ങള്‍ എന്ന സംഘാടകന്‍. 1969ല്‍ ശാഖാ മുസ്‌ലിംലീഗ് പ്രസിഡണ്ടായ ആദ്യഘട്ടം തന്നെ ആവിഷ്‌കരിച്ച പദ്ധതി പാണക്കാട് മേഖലാ മുസ്‌ലിംലീഗ് വളണ്ടിയര്‍ കോര്‍ ആയിരുന്നു. പാണക്കാട് വില്ലേജ് മേഖലയും ഊരകം കാരാത്തോട് പ്രദേശവും ഉള്‍ക്കൊള്ളുന്ന ഒരു വളണ്ടിയര്‍ ട്രൂപ്പ്. സമ്മേളനങ്ങളടുക്കുമ്പോള്‍ സംഘടിപ്പിക്കുന്ന താല്‍ക്കാലിക സേനയല്ല. ചിട്ടയാര്‍ന്ന കായിക പരിശീലനവും മത, രാഷ്ട്രീയ, സാംസ്‌കാരിക പഠനവും യൂണിഫോമും എല്ലാമുള്ള സ്ഥിരസംവിധാനം. ആരംഭശൂരത്വമില്ലാതെ പത്തുവര്‍ഷത്തോളം ഇത് മുടങ്ങാതെ നിലനിര്‍ത്തി. സൈന്യത്തിന്റെ കമാന്ററായി സയ്യിദ് ഉമറലി ശിഹാബ് തങ്ങളും കോ-ഓര്‍ഡിനേറ്ററായി ആത്മമിത്രം പാണ്ടിക്കടവത്ത് ഹൈദ്രു ഹാജിയും. പാലക്കാട്ടും കോഴിക്കോട്ടുമെല്ലാം ഈ വളണ്ടിയര്‍ ട്രൂപ്പിനെ കൊണ്ടുപോയി. പലപ്രദേശങ്ങളിലും സമ്മേളനങ്ങള്‍ക്ക് വളണ്ടിയര്‍മാരെ ആവശ്യപ്പെട്ട് പാണക്കാട്ട് വരുന്നവരെ നിരാശരാക്കാതെ ഉമറലി തങ്ങളും ഹൈദ്രു ഹാജിയും മിക്കയിടത്തും ട്രൂപ്പിനെ നയിച്ചുചെന്നു. ദീര്‍ഘമായ മാര്‍ച്ച് പാസ്റ്റുകളില്‍ നിര്‍ദേശങ്ങള്‍ നല്‍കി ഒരു കളരിയഭ്യാസിയുടെ ഉറച്ച ചുവടുവെപ്പുകളോടെ തങ്ങളും കൂടെനടന്നു.
തെരഞ്ഞെടുപ്പുകാലത്ത് കുന്നും താഴ്ചയുമായി നീണ്ടുപരന്നുകിടക്കുന്ന പാണക്കാട് വാര്‍ഡില്‍ എല്ലാ വീടുകളിലും തങ്ങള്‍ വോട്ടഭ്യര്‍ഥിച്ച് എത്തും. മലപ്പുറം നഗരസഭയിലെ മുസ്‌ലിംലീഗ് സ്ഥാനാര്‍ഥി നിര്‍ണയം എന്നും എല്ലാവരും മുത്തുമോനു വിടും. തെരഞ്ഞെടുപ്പു ദിവസം പോളിങ് തുടങ്ങുന്നത് മുതല്‍ അവസാനം വരെ വോട്ടര്‍പട്ടിക നോക്കിയും വോട്ടര്‍മാരെ കൊണ്ടുവരുന്നതിനുള്ള നിര്‍ദേശങ്ങള്‍ നല്‍കിയും ബൂത്ത് പരിസരത്ത് തങ്ങള്‍ നിലയുറപ്പിക്കുന്നതിനാല്‍ മുങ്ങാന്‍ കരുതിയവനും സ്ഥലം വിടാന്‍ പറ്റില്ല. പിടികൂടും. ഖാഇദേമില്ലത്ത്, സീതി സാഹിബ്, ബാഫഖി തങ്ങള്‍, പോക്കര്‍ സാഹിബ്, ഉപ്പി സാഹിബ്, സി.എച്ച് തുടങ്ങിയ മഹാരഥന്മാരുമായി ബാല്യംതൊട്ട് ഇടപഴകി.
കൊടപ്പനക്കല്‍ അതിഥികളായി തങ്ങുന്ന നേതാക്കള്‍ക്കെല്ലാം പരിചരണത്തിനു കൂടെനിന്നു. ശിഹാബ് തങ്ങള്‍ ഈജിപ്ത് പഠനത്തിലായതിനാല്‍ പിതാവിന്റെ പ്രതിനിധിയായി ചെറുപ്പംതൊട്ടേ പല ചടങ്ങുകള്‍ക്കും ഉമറലി തങ്ങള്‍ നിയുക്തനായി. ബാപ്പയുള്ളപ്പോഴും പില്‍ക്കാലവും അന്ത്യംവരെ കൊടപ്പനക്കല്‍ കുടുംബത്തിലെ ആഭ്യന്തരവും ധനകാര്യവും മുത്തുകോയാക്ക എന്ന് ഇളയവര്‍ വിളിക്കുന്ന ഉമറലി തങ്ങള്‍ നിര്‍വഹിച്ചു. ഹജ്ജിനും മറ്റുമായി സഹോദരന്മാര്‍ കുടുംബസമേതം ദീര്‍ഘയാത്ര പോയി വരുമ്പോള്‍ വീടും ഭക്ഷണവുമൊരുക്കി കുടുംബനാഥനായി അദ്ദേഹം കാത്തുനിന്നു. സയ്യിദ് ഹൈദരലി ശിഹാബ് തങ്ങളും സയ്യിദ് സാദിഖലി ശിഹാബ് തങ്ങളും സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങളും സന്തതി പരമ്പരയുമെല്ലാം ആ തണല്‍മരത്തിന്റെ അഭയമറിഞ്ഞവരാണ്. അതില്ലാത്ത ദുഃഖവും. ഗൗരവപ്രകൃതത്തിനുള്ളിലെ ആ അഗാധ സ്‌നേഹത്തിന്റെ ഓര്‍മകള്‍ പ്രാര്‍ത്ഥനകളാക്കി നൂര്‍മഹലിന്റെ അകത്തളങ്ങളില്‍ മുല്ലബീവിയുണ്ട്. മുന്‍ വഖഫ് ബോര്‍ഡ് ചെയര്‍മാന്‍ കോഴിക്കോട് വലിയ ഖാസി സയ്യിദ് ശിഹാബുദ്ദീന്‍ ഇമ്പിച്ചിക്കോയ തങ്ങളുടെ പുത്രി. ഇന്നത്തെ വഖഫ് ബോര്‍ഡ് ചെയര്‍മാന്‍ സയ്യിദ് റഷീദലി ശിഹാബ് തങ്ങളുടെയും എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന പ്രസിഡണ്ട് സയ്യിദ് ഹമീദലി ശിഹാബ് തങ്ങളുടെയും ഉമ്മ. വരുന്നവര്‍ക്കെല്ലാം താങ്ങായിരുന്ന ഭര്‍ത്താവിന്റെ ചിട്ടകള്‍ തെറ്റിക്കാതെ വീട്ടിലെത്തുന്നവരിലാരെയും എന്തെങ്കിലുമൊന്ന് കഴിക്കാതെ തിരിച്ചയക്കരുതെന്ന ആ സ്‌നേഹകല്‍പ്പന മുറപോലെ കൊണ്ടുനടന്ന് നൂര്‍മഹലിലെ സ്‌നേഹം വിളമ്പുന്ന പാത്രങ്ങള്‍ക്കരികെ മുല്ലബീവിത്താത്തയുണ്ട്.
ബാബരി മസ്ജിദ് വിഷയം കത്തിനില്‍ക്കെ 1990ന്റെ ആദ്യം സുന്നി യുവജനസംഘത്തിന്റെ ആഭിമുഖ്യത്തില്‍ കാസര്‍കോട് നിന്ന് തിരുവനന്തപുരം വരെ പ്രസിഡണ്ട് സയ്യിദ് ഉമറലി ശിഹാബ് തങ്ങള്‍ നയിച്ച ശാന്തി യാത്ര കേരളത്തിന്റെ സാംസ്‌കാരിക ചരിത്രത്തിലെ ഒരു സവിശേഷ അധ്യായമാണ്. ഓരോ കേന്ദ്രത്തിലും തങ്ങള്‍ ചെയ്ത പ്രസംഗം മലയാളത്തിലെ പ്രബുദ്ധ മനസ്സ് എങ്ങനെ പ്രതികരിക്കുന്നു എന്നതിന്റെ പ്രതിഫലനമായിരുന്നു.
1973ല്‍ ഉമറലി തങ്ങള്‍ ഏറനാട് താലൂക്ക് എസ്.വൈ.എസ് പ്രസിഡണ്ടായിരിക്കെ മത, ഭൗതിക പഠനത്തിനായി നിര്‍ധനരായ രണ്ടുപേര്‍ക്ക് വിദ്യാഭ്യാസ കാലം മുഴുവന്‍ സ്‌കോളര്‍ഷിപ്പ് നല്‍കാന്‍ കമ്മിറ്റി തീരുമാനിച്ചു. സംഘടനയുടെ അക്കാലത്തെ സാമ്പത്തിക സ്ഥിതി പദ്ധതി തുടര്‍ന്നുപോകുന്നതിനു തടസ്സമായി. കുട്ടികളുടെ ഭാഗത്തുനിന്നും പിന്നീട് ആവശ്യങ്ങളുണ്ടാവാത്തതിനാല്‍ അതങ്ങനെ മറവിയിലേക്ക് പോയി. വര്‍ഷങ്ങള്‍ക്ക് ശേഷം ഒരാള്‍ ഫൈസി ബിരുദവും മറ്റൊരാള്‍ അലീഗഡില്‍നിന്ന് പി.ജിയും കഴിഞ്ഞു പുറത്തിറങ്ങി. നന്ദി പറയാന്‍ ഓഫീസിലെത്തിയപ്പോഴാണറിയുന്നത് ഒരിക്കലും മുടക്കം വരാതെ മുഴുവന്‍ തുകയും കുട്ടികള്‍ക്ക് ഉമറലി ശിഹാബ് തങ്ങള്‍ അയച്ചുകൊടുത്തുകൊണ്ടിരുന്നു എന്ന്. അതായിരുന്നു ആ കാവലും സ്‌നേഹവും. (ചന്ദ്രിക)
2008 ജൂലൈ 3 റജബ് മാസം ഒന്നിന് വ്യാഴാഴ്ച രാത്രി 10.10 ന് ഉമറലി തങ്ങൾ നമ്മോട് വിട പറഞ്ഞു.
സയ്യിദ് ഹൈദരലി ശിഹാബ് തങ്ങൾ
സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങൾക്കു ശേഷം മുസ്ലിം കേരളത്തിന്റെ ആചാര്യ പതവിയിൽ അവരോധിതനായത് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങൾ ആണ്. പി എം എസ് എ പൂക്കോയ തങ്ങളുടെ മൂന്നാമത്തെ മകനായി ഹൈദരലി തങ്ങൾ 1947 ജൂൺ 15 പാണക്കാടാണ് ജനിച്ചത്. ഇസ്‍ലാമിക പണ്ഡിതനും സംസ്ഥാനത്തെ അനേകം മഹല്ലുകളുടെ ഖാസിയുമായിരുന്നു. 2008 ല്‍ സമസ്ത മുശാവറ അംഗമായി തെരഞ്ഞെടുക്കപ്പെട്ട തങ്ങളെ 2010 ഒക്ടോബര്‍ രണ്ടിന് വൈസ് പ്രസിഡന്റായി തെരഞ്ഞെടുത്തു. 18 വർഷത്തോളം മുസ്‍ലിംലീഗ് ജില്ലാ പ്രസിഡന്റായിരുന്നു. മുഹമ്മദലി ശിഹാബ് തങ്ങളുടെ മരണത്തെത്തുടർന്ന് 2009 ഓഗസ്റ്റ് ഒന്നിന് മുസ്‌ലിം ലീഗിന്റെ സംസ്ഥാന പ്രസിഡന്റായി.
പിതാവ് പൂക്കോയ തങ്ങളും സഹോദരൻ മുഹമ്മദലി ശിഹാബ് തങ്ങളും തുറന്നിട്ട വഴിയില്‍ കാലത്തിനൊപ്പം ഹൈദരലി ശിഹാബ് തങ്ങളും തന്റെ ദാറുന്ന ഈം എന്ന വീടും ചലിച്ചു. രാഷ്ട്രീയവും മതപരവുമായ ചര്‍ച്ചകള്‍ക്ക് വേദിയായി. കുടുംബ പ്രശ്നങ്ങളും സ്വത്തുതര്‍ക്കവും പരിഹരിക്കുന്ന കോടതിയായി. ഉറച്ച തിരുമാനങ്ങള്‍ക്ക് സാക്ഷിയായി. ചിലര്‍ക്ക് ആശ്വാസവും മറ്റു ചിലര്‍ക്ക് വിശ്വാസവുമായി. മായാത്ത പുഞ്ചിരിയും പ്രസന്നതയും, സൌമ്യഭാവം, പതിഞ്ഞ ശബ്ദം, ഹ്രസ്വമായ പ്രാര്‍ഥനയും പ്രസംഗവും, ആര്‍ക്കു മുന്നിലും അടച്ചിടാത്ത ഹൃദയവാതില്‍, ഏതു സാധാരണക്കാരനു വേണ്ടിയും സ്വന്തം സമയം വീതിച്ചുനല്‍കുന്ന നേതാവ്.. ഇതാണ് പാണക്കാട് സയ്യിദ് ഹൈദറലി ശിഹാബ് തങ്ങള്‍. സമൂഹത്തിന് ആത്മീയ രംഗത്തും രാഷ്ട്രീയ രംഗത്തും ഒരേ സമയം നേതൃത്വം നല്‍കാന്‍ ഭാഗ്യം സിദ്ധിച്ച അപൂര്‍വം പേരിലൊരാളാണ് പാണക്കാട് ശിഹാബ് തങ്ങള്‍.
വയനാട് ജില്ലയുടെ ഖാസി, എസ് വൈ എസ് പ്രസിഡന്റ്, സുന്നി മഹല്ല് ഫെഡറേഷൻ സെക്രട്ടറി, ഇസ്‌ലാംമത വിദ്യാഭ്യാസ ബോർഡിന്റെ ട്രഷറർ, ജാമിഅ നൂരിയ്യ അറബിക് കോളജ് ജനറൽ സെക്രട്ടറി, ചെമ്മാട് ദാറുൽഹുദാ ഇസ്‌ലാമിക് അക്കാദമി പ്രസിഡന്റ്, താനൂർ വരക്കൽ മുല്ലക്കോയ തങ്ങൾ സ്‌മാരക യതീംഖാന പ്രസിഡന്റ് തുടങ്ങിയ സ്‌ഥാനങ്ങൾ വഹിച്ചിരുന്നു. മുപ്പതാം വയസ്സിൽ പൂക്കൊളത്തൂർ മഹല്ല് പള്ളി, മദ്രസ എന്നിവയുടെ പ്രസിഡന്റായതാണ് ആദ്യ സ്‌ഥാനം. രണ്ടു വർഷത്തിനകം കരുവാരകുണ്ട് ദാറുന്നജാത്ത് അറബിക് കോളജ് പ്രസിഡന്റായി. നെടിയിരിപ്പ് പഞ്ചായത്തിലെ പോത്തുവെട്ടിപ്പാറയിലാണ് ആദ്യമായി ഖാസിയാകുന്നത്. സുന്നി വിദ്യാർഥി സംഘടനയുടെ സ്‌ഥാപക പ്രസിഡന്റാണ്.
കോഴിക്കോട് എംഎം ഹൈസ്‌കൂളിൽനിന്ന് എസ്‌എസ്‌എൽസി പാസായി. കാന്നല്ലൂർ, പട്ടർനടക്കാവ്, പൊന്നാനി മഊനത്തുൽ ഇസ്‌ലാം എന്നിവിടങ്ങളിൽ മതപഠനത്തിനു ശേഷം പട്ടിക്കാട് ജാമിഅ നൂരിയ്യ അറബിക് കോളജിൽനിന്ന് 1975ൽ ഫൈസി ബിരുദം നേടി.
കർക്കശ നിലപാടുകൾക്ക് പ്രസിദ്ധനായിരുന്നു ഹൈദരലി ശിഹാബ് തങ്ങൾ. മുസ്‌ലിം ലീഗിനെ നിർണായകമായ ഘട്ടങ്ങളിൽ നയിക്കുന്നതിൽ ശ്രദ്ധിച്ചു. പാർട്ടിയുടെ നേതൃസ്ഥാനം ഏറ്റെടുക്കുമ്പോൾ പാർട്ടി പല പ്രശ്നങ്ങളിലും പെട്ട് ഉഴലുന്ന സമയമായിരുന്നു. പാർട്ടിയുടെ നിയമസഭാ സാമാജികരുടെ എണ്ണം ഏഴായി ചുരുങ്ങി. പ്രമുഖ നേതാക്കൾ പോലും തെരഞ്ഞെടുപ്പിൽ പരാജയമറിഞ്ഞു. അവിടെ നിന്ന് 20 നിയമസഭാ സാമാജികരിലേക്കും ചരിത്രത്തിലാദ്യമായി 5 മന്ത്രിമാരിലേക്കും 4 പാർലമെന്റംഗങ്ങളിലേക്കും പാർട്ടിയെ വളർത്തിയതും വഹിച്ചതും തങ്ങളായിരുന്നു. 12 വർഷമായിരുന്നു പാർട്ടി അദ്ധ്യക്ഷനായിക്കൊണ്ടുളള തങ്ങളുടെ പാർട്ടി നേതൃത്വം. സുന്നി സംഘടനകളുടെ നേതൃസ്‌ഥാനവും മുസ്‌ലിം ലീഗിന്റെ അധ്യക്ഷ സ്‌ഥാനവും ഒരുമിച്ചു കൊണ്ടുപോകാൻ ഹൈദരലി തങ്ങൾക്കു സാധിച്ചു. കൊയിലാണ്ടിയിലെ അബ്‌ദുല്ല ബാഫഖി തങ്ങളുടെ മകൾ ശരീഫ ഫാത്തിമ സുഹ്‌റയാണു ഭാര്യ. സാജിദ, ഷാഹിദ, നഈം അലി ശിഹാബ്, മുഈൻ അലി ശിഹാബ് എന്നിവരാണു മക്കൾ. സാജിദയും ഷാഹിദയും ഇരട്ടകളാണ്. ഇളയ മകൻ മുഈനലി. മരുമക്കൾ: സയ്യിദ് നിയാസ് ജിഫ്രി തങ്ങൾ, സയ്യിദ് ഹസീബ് സഖാഫ് തങ്ങൾ.
0 Comments
No comments yet.
Leave a Comment
© www.thdarimi.in. All Rights Reserved. Designed by zainso