
.jpeg)
നാവുകളെ ഭയപ്പെടുന്ന ഭരണാധികാരികൾ
28-07-2022
Web Design
15 Comments
ഖലീഫാ ഉമര്‍(റ) നഗരത്തിലൂടെ റോന്തുചുറ്റുകയാണ്. പെട്ടെന്ന് അദ്ദേഹത്തിന്റെ ശ്രദ്ധ വഴിയരികില്‍ ഇരിക്കുന്ന ഒരാളില്‍ ചെന്നുടക്കി. വഴിയരികില്‍ ഇരുന്ന് യാചിക്കുകയാണ് ഒരു വൃദ്ധന്‍. അടുത്തു ചെന്ന് നോക്കുമ്പോള്‍ അതൊരു ജൂതനാണ്. ഖലീഫയുടെ തീ പാറുന്ന കണ്ണിന്‍ മുമ്പില്‍ വൃദ്ധന്‍ വിറച്ചുനിന്നു. അയാള്‍ക്കറിയാം, താന്‍ ചെയ്യുന്നത് തെറ്റാണെന്ന്. മദീനയില്‍ ഭിക്ഷാടനം നിരോധിക്കപ്പെട്ട കാര്യമാണ്. അന്നത്തിനു വകയില്ലാത്തവര്‍ക്കെല്ലാം അതെത്തിക്കാനുള്ള സംവിധാനങ്ങള്‍ ഉമര്‍(റ)വിന്റെ ഭരണ കൂടം ഏര്‍പ്പെടുത്തിയിട്ടുണ്ട്. അല്ലെങ്കിലും സമൂഹം മാന്യമാണെങ്കില്‍ ആ സമൂഹത്തില്‍ യാചന വേണ്ടിവരില്ല. യാചന മനുഷ്യത്വത്തിന്റെ വില കളയുന്നു. അതിനാല്‍ അതു നിരോധിക്കപ്പെട്ടിരിക്കുകയാണ് ഖലീഫാ ഉമറിന്റെ നാട്ടില്‍.
പക്ഷെ നിവൃത്തികേടുകൊണ്ടാണ് ഈ വൃദ്ധന്‍ തെണ്ടാനിറങ്ങിയിരിക്കുന്നത്. അതദ്ദേഹം ഉമര്‍(റ)വിനോട് പറഞ്ഞു: ‘ഖലീഫാ, ജിസ്‌യ ഒടുക്കാന്‍ മറ്റൊരു മാര്‍ഗവുമില്ലാത്തതുകൊണ്ടാണ്..’. അതുകേട്ടതും ഉമര്‍(റ) വിന്റെ തല താണു. വേദനയുള്ള ഒരു ചിന്ത അദ്ദേഹത്തിന്റെ മനസ്സിലേക്ക് അടിച്ചുകയറി. മുസ്‌ലിംകളല്ലാത്തവര്‍ ജിസ്‌യ ഒടുക്കണം. അത് അവരുടെ ശരീരവും സ്വത്തും സംരക്ഷിക്കുന്നതിനു പകരമെന്നോണമാണ്. നിര്‍ബന്ധ സൈനിക സേവനമടക്കം പലതില്‍ നിന്നും അതുകൊണ്ടു തന്നെ അവര്‍ക്ക് ഒഴിവുമുണ്ട്. അതിനേക്കാളേറെ അത് ഭരണാധികാരിയോടും ഭരണകൂടത്തോടുമുള്ള വിധേയത്വം സ്ഥാപിക്കുന്ന ഘടകവുമാണ്. ആ ജിസ്‌യ അടക്കാന്‍ വേണ്ടി മറ്റൊരു മാര്‍ഗവുമില്ലാത്തതിനാല്‍ തെണ്ടാനിറങ്ങിയിരിക്കുകയാണ് വൃദ്ധന്‍. വേദനയും വിഷമവും തോന്നി ഖലീഫാ ഉമറി(റ)ന്. അപ്പോള്‍ അവിടെനിന്ന് നടന്നുപോയ ഉമര്‍(റ) അധികം വൈകാതെ ഒരു തീരുമാനമെടുത്തു. വൃദ്ധ ജനങ്ങള്‍ ജിസ്‌യ അടക്കേണ്ടതില്ല എന്നായിരുന്നു അത്. ജിസ്‌യ എന്നതിന്റെ സാംഗത്യങ്ങളൊക്കെ ഉണ്ടെങ്കിലും ഭരണീയരുടെ കഷ്ടപ്പാടുകള്‍ പ്രധാനമാണെന്നും അതു ഏതു വിധേനയും പരിഹരിക്കപ്പെടേണ്ടതാണെന്നും ഖലീഫാ ഉമറിനെ തന്റെ നീതി ബോധം ഉപദേശിക്കുകയായിരുന്നു. ഒരു ജൂത വൃദ്ധനുവേണ്ടി രാജ്യത്തിന്റെ നിയമത്തില്‍ വിട്ടുവീഴ്ച ചെയ്യുന്ന ഖലീഫാ ഉമറില്‍ ലോകം കാണുന്നതും കേള്‍ക്കുന്നതും ഭരണീയരെ കഷ്ടപ്പെടുത്താത്ത ഒരു ഉത്തമ ഭരണാധികാരിയെയാണ്.
ഇവിടെ ഈ വഴിവക്ക് വലിയ ഒരു രാഷ്ട്രീയ സത്യത്തിന് സാക്ഷ്യം വഹിക്കുകയാണ്. ഒരു വിലയും പ്രത്യക്ഷത്തിൽ അർഹിക്കുന്നില്ലാത്ത ഒരു പ്രജ തന്റെ ഭരണാധികാരിയോട് സംസാരിക്കുകയാണ്. ഇതിന്റെ ആശയ ലോകത്തെത്തുന്നതിന് മുമ്പ് രംഗത്ത് കാണുന്ന രണ്ടു പേരെയും ഭരണാധികാരിയെയും പ്രജയെയും കൃത്യമായി വിലയിരുത്തേണ്ടതുണ്ട്. പ്രജ ഒരു ജൂതനാണ്. മുസ്ലിംകളെ സംബന്ധിച്ചിടത്തോളം വ്യക്തമായ ശത്രു. കണ്ണിരിനു പിന്നിൽ പോലും കളളത്തരം ഒളിപ്പിക്കുന്ന പ്രകൃതക്കാരൻ. ഗത്യന്തരമില്ലാതെ തെണ്ടാനിറങ്ങിയിരിക്കുകയാണ് അയാൾ. ഈ പ്രായത്തിൽ ഇരക്കേണ്ടി വന്നത് അയാളുടെ ദുർഗതിയാണ് എന്ന് പറയാം. പക്ഷെ, ഒരർഥത്തിൽ പറഞ്ഞാൽ അത് അയാൾ കൂടി വിളിച്ചു വരുത്തിയതാണ്. അയാളുടെ കണ്ണിന്റെയും മനസ്സിന്റെയും മുമ്പിലാണ് ഏതാനും വർഷങ്ങൾക്ക് മുമ്പ് അല്ലാഹുവിന്റെ ദീൻ സ്ഥാപിതമായത്. യാതൊരു പ്രയാസവുമില്ലാതെ അദ്ദേഹത്തിന് ആ ദീനിൽ പ്രവേശിക്കാമായിരുന്നു. എങ്കിൽ ഇപ്പോൾ ജിസ് യ തന്നെ കൊടുക്കേണ്ടിയിരുന്നില്ല.
ഇപ്പുറത്താവട്ടെ ഖലീഫാ ഉമർ ആണ്. നീതിയുടെ കാര്യത്തിൽ അണു അളവിന്റെ മാറ്റം അനുവദിക്കാത്ത ആൾ. തന്റെ നിയമങ്ങൾ നടപ്പിലാക്കുന്നതിൽ അദ്ദേഹം ഒന്നിനെയും ഒരാളെയും ഒട്ടും ഭയപ്പെടില്ല. തന്റെ നിയമങ്ങൾ സത്യത്തിൽ തന്റേതല്ല, തന്റെ റബ്ബിന്റേതാണ്. അതിനാൽ തന്നെയാണ് വിട്ടുവീഴ്ചയില്ലാത്തതും. അദ്ദേഹത്തിന്റെ മുഖത്തുനോക്കി പക്ഷെ, ഒരു ജൂതൻ ഒരു കാര്യം പറയുമ്പോൾ അത് കേൾക്കാൻ ഖലീഫ തയ്യാറാകുന്നു. എന്നു മാത്രമല്ല, താൻ നിയമം ലംഘിക്കുകയാണ് എങ്കിൽ പോലും തന്റെ ന്യായം കേൾക്കാൻ ഈ ഭരണാധികാരി തയ്യാറാകും എന്ന് ഈ ദുർബലനായ പ്രജക്കറിയാം. അങ്ങനെ ഒരു കാലമുണ്ടായിരുന്നു. ദീർഘമായ ഒരു സംസ്കൃതിയുടെ കാലം. അവിടെ ഭരണാധികാരിയും ഭരണീയരും മനോഹരമായ പട്ടുനൂലുകളാൽ പരസ്പരം ബന്ധിതരായിരുന്നു.
അത് പുതിയ തലമുറക്ക് അവിശ്വസനീയമായിരിക്കും. കാരണം അവർ അനുഭവിക്കുന്ന രാജാക്കൻമാരും ഭരണാധികാരികളും അങ്ങനെ അല്ല. തനിക്കെതിരെ, തങ്ങൾക്കെതിരെ വല്ലതും മിണ്ടിയാൽ അവരുടെ നാവരിയുന്ന ഭരണാധികാരികൾ. ഭരണകൂട ഭീകരക്കെതിരെ പേനയെടുത്തതിന്റെ പേരിൽ അറുകൊല ചെയ്യപ്പെട്ട ജമാൽ ഖഷോഗി മുതൽ കൽബുറാഗി വരെയുള്ളവരുടെ പുതിയ ലോകം. അവരിൽ ജീവിച്ചിരിക്കുന്നവരാണെങ്കിൽ സിദ്ദീഖ് കാപ്പൻ മുതൽ മുഹമ്മദ് സുബൈർ വരെയുള്ളവരെ പോലെ കാരാഗ്രഹത്തിലായിരിക്കും. അതിലേക്ക് കൂട്ടിവായിക്കേണ്ട ഒന്നുകൂടി പുതിയ കാലത്ത് വന്നിരിക്കുന്നു. അത് ചില വാക്കുകളൊന്നും ഇനി പാർലമെന്റിൽ പാർലമെന്റംഗങ്ങൾക്ക് പോലും പറഞ്ഞു കൂടാ എന്ന തിട്ടൂരമാണ്. അനീതിയെയും അധർമ്മത്തെയും കെടുകാര്യസ്ഥതയെയും ഒക്കെ കുറിക്കുന്ന പരമാവധി വാക്കുകളുടെ ഒരു വലിയ പട്ടിക തന്നെ നിരോധിക്കപ്പെട്ട വാക്കുകളിൽ പെടും.
ചില പ്രത്യേക വാക്കുകൾ നിരോധിക്കുന്നു എന്നതിന്റെ അർഥം എന്താണ് എന്നത് വ്യക്തമാണ്. നിരോധിത വാക്കുകളുടെ പട്ടികയും ഒരു ശരാശരി പാർലമെന്റംഗത്തിന് ഇന്നത്തെ സാഹചര്യത്തിൽ പറയേണ്ടിവരുന്ന വാക്കുകളും തമ്മിൽ ഒത്തുനോക്കിയാൽ തന്നെ ഇത് ഏറെ വ്യക്തമാകും. അധികാരം എന്ന സംജ്ഞ തന്നെ അതിന്റെ നിയത പഥം തെറ്റുന്ന സാഹചര്യമാണ് ഇവിടെ സംജാതമാകുന്നത്. ഇരുമ്പു മറക്കു പിന്നിലിരുന്നു ഭരിക്കേണ്ട സാഹചര്യം എന്ന് ഇതിനെ വിശേഷിപ്പിക്കാം. ഇവിടെ മറ്റൊരു കാര്യം കൂടി നമ്മുടെ നിരീക്ഷണത്തിൽ പതിയുന്നുണ്ട്. അതെന്തെന്നാൽ, ഇത്തരം ഭരണീയരെ ഭയന്നും അവരെ പരമാവധി വേട്ടയാടിയും ഭരിക്കുന്ന രാജ്യങ്ങൾക്കൊന്നും ഒരു വികസനവും പുരോഗതിയും പ്രാപിക്കാൻ കഴിയുന്നില്ല എന്നതാണത്. അവർ ഇത്തരം അധികാര വാഴ്ച നടത്തിത്തുടങ്ങിയ കാലം മുതൽ ഇവരുടെ വളർച്ച താഴോട്ടാണ്. താഴോട്ട് മുതലക്കൂപ്പുകുത്തി അവസാനം ജീവനും കൊണ്ട് നാടുവിടേണ്ടുന്ന ദുർഗ്ഗതിയും നമ്മൾ കണ്ടു.
ഇസ്ലാമിക രാഷ്ട്രമീമാംസ പറയുന്നത് ഭരണാധികാരികളും പ്രജകളുമായുള്ള ബന്ധം എപ്പോഴും സുശക്തമായിരിക്കേണ്ടതുണ്ട് എന്നാണ്. ഇതിന് ഭരണാധികാരിയില്‍ ഉണ്ടായിരിക്കേണ്ട സ്വഭാവ ഗുണങ്ങളെ പറ്റി ഖുര്‍ആന്‍ പറയുന്നു: (നബിയേ,) അല്ലാഹുവില്‍ നിന്നുള്ള കാരുണ്യം കൊണ്ടാണ് നിങ്ങൾ അവരോട് സൗമ്യമായി പെരുമാറിയത്. നിങ്ങൾ ഒരു പരുഷസ്വഭാവിയും കഠിന ഹൃദയനുമായിരുന്നെങ്കില്‍ നിന്റെ ചുറ്റില്‍ നിന്നും അവര്‍ വേര്‍പിരിഞ്ഞു പോയിക്കളയുമായിരുന്നു. ആകയാല്‍ നീ അവര്‍ക്ക് മാപ്പ് കൊടുക്കുകയും അവര്‍ക്കു വേണ്ടി പാപമോചനം തേടുകയും ചെയ്യുക. കാര്യങ്ങളില്‍ അവരോട് കൂടി ആലോചിക്കുകയും ചെയ്യുക. അങ്ങനെ ഒരു തീരുമാനം എടുത്തുകഴിഞ്ഞാല്‍ അല്ലാഹുവില്‍ ഭരമേല്‌പിക്കുക. തന്നില്‍ ഭരമേല്‌പിക്കുന്നവരെ തീര്‍ച്ചയായും അല്ലാഹു ഇഷ്‌ടപ്പെടുന്നതാണ്. (3:159)
ഏതൊരു പ്രജയും ഭരണാധികാരിയില്‍ നിന്ന് കാരുണ്യവും സ്‌നേഹവും നീതിയും ആഗ്രഹിക്കുന്നു. ഇത് ഭരണാധികാരികള്‍ ജനങ്ങള്‍ക്ക് നല്‌കിയാല്‍ അവരെ ഭരണാധികാരിക്ക് അനുകൂലമാക്കിയെടുക്കാന്‍ സാധിക്കുന്നതാണ്. അവരില്‍ നിന്ന് പ്രതീക്ഷക്ക് വിപരീതമായി തെറ്റുകള്‍ ഉണ്ടായാല്‍ പോലും മാപ്പ് കൊടുക്കണമെന്നാണ് വിശുദ്ധ ഖുര്‍ആനിന്റെ നിര്‍ദേശം. ഭരണാധികാരിയുടെ നയങ്ങളില്‍ ചിലപ്പോള്‍ തെറ്റുകള്‍ പറ്റാം. അങ്ങനെ തെറ്റു പറ്റിയാല്‍ ഭരണാധികാരി ഒറ്റപ്പെടാതിരിക്കാന്‍ ഏതൊരു കാര്യവും തന്റെ പ്രജകളില്‍ നിന്ന് തെരഞ്ഞെടുക്കപ്പെട്ടവരുമായി കൂടിയാലോചിക്കണമെന്നും ഖുര്‍ആന്‍ നിര്‍ദേശിക്കുന്നു. ഈ ബന്ധം സുശക്തമായി നിലനില്‌ക്കാന്‍ ഭരണാധികാരികളും പ്രജകളും താഴെ പറയുന്ന കാര്യങ്ങള്‍ പാലിക്കേണ്ടതാണെന്ന് ഖുര്‍ആന്‍ പറയുന്നു.
ഭരണാധികാരികള്‍ എപ്പോഴും നീതി പാലിക്കണം. നീതി പാലനം തനിക്കും തന്റെ കുടുംബത്തിനും എതിരായിരുന്നാല്‍ പോലും നീതി മാത്രമേ ചെയ്യാവൂ. അല്ലാഹു പറയുന്നു: സത്യവിശ്വാസികളേ, നിങ്ങള്‍ അല്ലാഹുവിനു വേണ്ടി സാക്ഷ്യം വഹിക്കുന്നവരെന്ന നിലക്ക് കണിശമായി നീതി നിലനിര്‍ത്തുന്നവരായിരിക്കണം. അത് നിങ്ങള്‍ക്ക് തന്നെയോ, നിങ്ങളുടെ മാതാപിതാക്കള്‍, അടുത്ത ബന്ധുക്കള്‍ എന്നിവര്‍ക്ക് പ്രതികൂലമായിരുന്നാല്‍ പോലും. (കക്ഷി) ധനികനോ ദരിദ്രനോ ആകെട്ടെ, ആ രണ്ടു വിഭാഗത്തോടും കൂടുതല്‍ ബന്ധപ്പെട്ടവന്‍ അല്ലാഹുവാകുന്നു. അതിനാല്‍ നിങ്ങള്‍ നീതി പാലിക്കാതെ, തന്നിഷ്‌ടങ്ങളെ പിന്‍പറ്റരുത്. നിങ്ങള്‍ വളച്ചൊടിക്കുകയോ ഒഴിഞ്ഞുമാറുകയോ ചെയ്യുന്ന പക്ഷം തീര്‍ച്ചയായും നിങ്ങള്‍ പ്രവര്‍ത്തിക്കുന്നതിനെ പറ്റിയെല്ലാം അല്ലാഹു സൂക്ഷ്‌മമായി അറിയുന്നവനാകുന്നു. (4:135)
ഭരണാധികാരികള്‍ തന്നിഷ്‌ടം പ്രവര്‍ത്തിക്കുന്നവരാവരുത്. അതിനാല്‍ എല്ലാ കാര്യങ്ങളും മറ്റുള്ളവരുമായി കൂടിയാലോചിച്ചു മാത്രമേ പ്രവര്‍ത്തിക്കാവൂ. എല്ലാവരുമായി കൂടിയാലോചിക്കാന്‍ ഓരോ ഭരണാധികാരിയും ഒരു കൂടിയാലോചനാ സമിതി ഉണ്ടാക്കേണ്ടതാണ്. ഖുര്‍ആന്‍ പറയുന്നു: (ഭരണ) കാര്യങ്ങളില്‍ താങ്കൾ അവരോട് കൂടിയാലോചിക്കുക. അങ്ങനെ ഒരു തീരുമാനമെടുത്തു കഴിഞ്ഞാല്‍ അല്ലാഹുവില്‍ ഭരമേൽപിക്കുക. തന്നില്‍ ഭരമേൽപിക്കുന്നവരെ തീര്‍ച്ചയായും അല്ലാഹു ഇഷ്‌ടപ്പെടുന്നു. (3:159) തങ്ങളുടെ രക്ഷിതാവിന്റെ ആഹ്വാനം സ്വീകരിക്കുകയും നമസ്‌കാരം മുറപോലെ നിര്‍വഹിക്കുകയും തങ്ങളുടെ (ഭരണ) കാര്യങ്ങള്‍ തീരുമാനിക്കുന്നത് അന്യോന്യമുള്ള കൂടിയാലോചനയിലൂടെ ആയിരിക്കുകയും നാം നല്‍കിയിട്ടുള്ളതില്‍ നിന്ന് ചെലവഴിക്കുകയും ചെയ്യുന്നവരാരോ അവര്‍ക്കും (അവകാശപ്പെട്ടതാണ് അല്ലാഹുവിന്റെ പക്കലുള്ള അനുഗ്രഹം). (42:38) കൂടിയാലോചനയാണ് ഈ സൂക്തങ്ങളിലെ ഉദ്ബോധനം. ഭരണീയരുമായി കൂടിയാലോചിക്കുവാൻ ഒരു ഭരണാധികാരി തയ്യാറാകുക എന്നാൽ തന്നെ അതിനർഥം അഹങ്കാരം എടുത്തു വെക്കുക എന്നാണല്ലോ.
എപ്പോഴും പൊതുനന്മ ലക്ഷ്യമാക്കി പ്രവര്‍ത്തിക്കുക എന്നത് ഒരു ഭരണാധികാരിയുടെ സ്വഭാവവും ശീലവുമായിരിക്കണം. തന്റെ ഭരണം ജനങ്ങള്‍ക്ക് നന്മ വരുത്താന്‍ വേണ്ടിയാണെന്ന് ജനങ്ങള്‍ക്ക് ബോധ്യപ്പെടുകയും വേണം. അതിനാല്‍ ഒരു ഭരണാധികാരി നീതി ചെയ്‌താല്‍ മാത്രം പോരാ, താന്‍ ചെയ്‌തത് നീതിയാണെന്ന് ജനങ്ങളെ ബോധ്യപ്പെടുത്തുകയും വേണം. ഒരിക്കല്‍ ഖലീഫ ഉമറുല്‍ ഫാറൂഖ് പ്രസംഗിച്ചുകൊണ്ടിരുന്നപ്പോള്‍, ജനങ്ങളേ, ഞാന്‍ പറയുന്നത് നിങ്ങള്‍ കേള്‍ക്കുകയും അനുസരിക്കുകയും ചെയ്യുക എന്ന് പറഞ്ഞു. ഇതുകേട്ട് സദസ്സില്‍ നിന്ന് ഒരാള്‍, ഖലീഫാ , താങ്കൾ പറയുന്നത് ഞങ്ങള്‍ കേള്‍ക്കുകയുമില്ല, അനുസരിക്കുകയുമില്ല എന്നു പറഞ്ഞു. ഉമര്‍(റ) ചോദിച്ചു: എന്തുകൊണ്ട്? അപരന്‍: താങ്കള്‍ വഞ്ചന കാണിച്ചു, അതുതന്നെ കാരണം. ഉമര്‍: എന്താണ് ഞാന്‍ കാണിച്ച വഞ്ചന? അപരന്‍: യമനില്‍ നിന്ന് ബൈതുല്‍മാലിലേക്ക് വസ്‌ത്രങ്ങള്‍ വന്നപ്പോള്‍ താങ്കള്‍ ഞങ്ങള്‍ക്കെല്ലാം ഓരോ കഷ്‌ണം തുണി തന്നു. താങ്കള്‍ ഇപ്പോള്‍ ധരിച്ചിരിക്കുന്ന കുപ്പായം രണ്ടു കഷ്‌ണം തുണികൊണ്ട് തുന്നിയതാണ്. എവിടുന്ന് കിട്ടി താങ്കള്‍ക്ക് രണ്ടു കഷ്‌ണം? ഇതു വഞ്ചനയല്ലേ?
ഉമര്‍(റ) മിന്‍ബറില്‍ നിന്നുകൊണ്ട് ഇതിന് മറുപടി എന്റെ മകന്‍ അബ്‌ദുല്ല പറയും എന്ന് പറഞ്ഞു. ഉടനെ അബ്‌ദുല്ലാഹിബ്‌നു ഉമര്‍ എഴുന്നേറ്റ് നിന്നു പറഞ്ഞു: ജനങ്ങളേ, എന്റെ ഉപ്പാക്ക് കണ്ടംവെച്ച ഒരു കുപ്പായം മാത്രമേയുള്ളൂ. അതലക്കിയാല്‍ ഉണങ്ങുന്നതുവരെ എന്റെ ഉപ്പ പുറത്തിറങ്ങാറില്ല. ഈ ദയനീയാവസ്ഥ കണ്ടപ്പോള്‍, ഞാന്‍ എന്റെ ഓഹരി അദ്ദേഹത്തിന് കൊടുത്തു. അങ്ങനെയാണ് രണ്ടു കഷ്‌ണം കൊണ്ടുള്ള കുപ്പായം തുന്നിച്ചത്. ഇതുകേട്ട് ജനങ്ങള്‍ ഒരേ സ്വരത്തില്‍ പറഞ്ഞു: ഉമര്‍, താങ്കള്‍ നീതിമാനാണ്. പറഞ്ഞോളൂ. ഞങ്ങള്‍ കേള്‍ക്കാം, കല്‌പിച്ചോളൂ ഞങ്ങള്‍ അനുസരിക്കാം. താന്‍ ചെയ്‌തത് നീതിയാണെന്ന് ജനങ്ങളെ ബോധ്യപ്പെടുത്തിയ ഉമറിന് അവരുടെ ഹൃദയങ്ങളില്‍ വളരെ വലിയ സ്ഥാനമാണ് നേടാന്‍ കഴിഞ്ഞത്. ദീർഘമായ പന്ത്രണ്ട് വർഷം കൊണ്ട് എക്കാലത്തിനും മാതൃകയായി ഓമനിക്കുവാൻ കഴിയുന്ന ഒരു ഐശ്വര്യ പൂർണ്ണമായ ഭരണം കാഴ്ചവെക്കുവാൻ അദ്ദേഹത്തിന് കഴിയുകയും ചെയ്തു.
ഭരണാധികാരികളും പ്രജകളും പരസ്‌പരം സഹകരിച്ചാല്‍ മാത്രമേ നാട്ടില്‍ ശരിയായ നീതിയും സമാധാനവും ശാന്തിയും നിലനില്‌ക്കുകയുള്ളൂ. ഇതിന് പുറമെ ജനങ്ങള്‍ ജാതിമത ഭേദമില്ലാതെ നാടിന്റെ പൊതു നന്മയില്‍ സഹകരിക്കുകയും വേണം. ഇതിന്റെ കൊടുക്കൽ വാങ്ങലുകൾക്ക് ഹൃദയ വിശാലത പകരുന്ന ഒരു ഊഷ്മള ബന്ധം ഭരണാധികാരികളും ഭരണീയരും തമ്മിൽ ഉണ്ടായിരിക്കണം. ഈ സഹകരണം നാടിന്റെ മൊത്തത്തിലുള്ള അഭിവൃദ്ധിക്ക് കാരണമായിത്തീരുമെന്നതില്‍ സംശയമില്ല. അങ്ങനെ ജനങ്ങള്‍ എല്ലാവരും നന്മയില്‍ സഹകരിക്കുകയും തിന്മയെ ഒറ്റക്കെട്ടായി പ്രതിരോധിക്കുകയും ചെയ്‌താല്‍ സ്വര്‍ഗീയാനുഭൂതി ഈ ലോകത്ത് വെച്ചുതന്നെ മനുഷ്യര്‍ക്ക് ആസ്വദിക്കാന്‍ കഴിയുന്നതാണ്.
ഭരണാധികാരം ദൈവ ദത്തമായി ലഭിക്കുന്ന ഒരു അമാനത്താണ്. അത് ഭരണീയരുടെ ക്ഷേമത്തിനും സന്തോഷത്തിനും വേണ്ടി നിര്‍വഹിക്കപ്പെടേണ്ടതാണ്. അങ്ങനെ നിര്‍വഹിക്കുമ്പോള്‍ നാട്ടില്‍ ഐശ്വര്യമുണ്ടാകും. കാരണം ജനങ്ങളില്‍ സന്തോഷവും സംതൃപ്തിയും ഉണ്ടാകും. സന്തോഷവും സംതൃപ്തിയും നിലനില്‍ക്കുന്നതാണ് യഥാര്‍ത്ഥ ഐശ്വര്യം. എപ്പോഴും വിലാപങ്ങളും പരാതികളും മാത്രം ഉയര്‍ന്നു കേള്‍ക്കുന്ന ഒരിടത്തും ഐശ്വര്യമുണ്ടാവില്ല. ഈ അടിസ്ഥാനത്തില്‍ നിന്നുകൊണ്ടാണ് അധികാരങ്ങള്‍ കയ്യാളുന്ന ഏതൊരാളും നീതിമാനായിരിക്കണം എന്ന് ഇസ്‌ലാം പറയുന്നത്.
നീതിമാനായ ഭരണാധികാരിക്ക് മഹ്ശറയില്‍ അര്‍ശ് എന്ന സിംഹാസനത്തിന്റെ തണല്‍ ലഭിക്കും എന്ന് ബുഖാരി, മുസ്‌ലിം എന്നിവര്‍ നിവേദനം ചെയ്യുന്ന ഹദീസില്‍ വന്നിട്ടുണ്ട്. അത്തരം ഭരണാധികാരികള്‍ അന്ത്യനാളില്‍ പ്രകാശത്തിന്റെ സിംഹാസനങ്ങളില്‍ ഉപവിഷ്ടരായിരിക്കും എന്നും ഹദീസില്‍ വന്നിട്ടുണ്ട്. അന്ത്യനാളില്‍ അല്ലാഹുവിന്റെ ഇഷ്ടത്തിനും സാമീപ്യത്തിനും വിധേയരാകുന്നവര്‍ നീതിമാനായ ഭരണാധികാരികളായിരിക്കും എന്ന് ഇമാം അഹ്മദ്(റ) ഉദ്ധരിച്ച ഹദീസിലും വന്നിട്ടുണ്ട്.
എന്നാല്‍ ഭരണാധികാരി അക്രമിയും അനീതിമാനും അസഹിഷ്ണുവും ആയാല്‍ അത് വലിയ സാമൂഹ്യ ദുരന്തമായി ഭവിക്കും. അത്തരക്കാരുടെ ഭരണം വഴി നാട് അസംതൃപ്തിയിലേക്കും അതുവഴി കലാപങ്ങളിലേക്കും എത്തിപ്പെടും. അവയുണ്ടാക്കുന്ന അനന്തര ഫലങ്ങള്‍ തലമുറകളോളം നീണ്ടു നില്‍ക്കും. സ്വഭാവ ശുദ്ധിയുടെ അഭാവമായിരിക്കും ഇത്തരം ഭരണാധികാരികളെ സൃഷ്ടിക്കുക. പിടിവാശി, പക്ഷപാതിത്വം, സ്വജനപക്ഷപാതം, വിഭാഗീയ താല്‍പര്യങ്ങള്‍, സ്വാര്‍ഥത തുടങ്ങി പല സ്വഭാവങ്ങളും ഇത്തരക്കാര്‍ക്കുണ്ടാകും. ഈ സ്വഭാവങ്ങളുടെയെല്ലാം ഒരു പ്രത്യേകത, അവ ഒരുതരം ഏറ്റുമുട്ടലിന്റെയും വാശിതീര്‍ക്കലിന്റെയും വികാരം ഭരണം കയ്യാളുന്നവനില്‍ ഉണ്ടാക്കും എന്നതാണ്. അക്കാര്യത്തില്‍ ആരെങ്കിലും തിരുത്താന്‍ ശ്രമിച്ചാല്‍ പോലും അയാള്‍ കുരച്ചുചാടുകയായിരിക്കും ചെയ്യുക. അതിനാല്‍ അത്തരക്കാരുടെ ഭരണം ഒരു നന്മയും കാണിക്കില്ല എന്നു മാത്രമല്ല ആകെ നാശമാക്കുന്നതിലേ അതു കലാശിക്കൂ.
അക്രമിയായ ഭരണാധികാരിയെ തിരുവചനങ്ങള്‍ കണക്കറ്റ് വിമര്‍ശിക്കുന്നുണ്ട്. അബൂ യഅ്‌ലാ മഅ്ഖല്‍ ബിന്‍ യസാര്‍(റ)ല്‍ നിന്നുദ്ധരിക്കുന്ന ഹദീസില്‍ നബി (സ) പറഞ്ഞതായി അദ്ദേഹം കേള്‍ക്കുകയുണ്ടായി എന്നു പറയുന്നുണ്ട്. നബി (സ) പറഞ്ഞു: ‘ഒരാള്‍ക്ക് അല്ലാഹു ഒരു അധികാര സ്ഥാനം നല്‍കുകയും എന്നിട്ട് ജനങ്ങളെ ദ്രോഹിച്ചുകൊണ്ട് അയാള്‍ മരിക്കാന്‍ ഇടയാവുകയും ചെയ്താല്‍ അല്ലാഹു സ്വര്‍ഗം അവനു ഹറാമാക്കും (ബുഖാരി, മുസ്‌ലിം). മറ്റൊരു ഹദീസ് അല്‍പം കൂടി വിശദമായി ഇക്കാര്യം പറയുന്നുണ്ട്. നബി(സ) പറഞ്ഞു: നിങ്ങളുടെ ഭരണാധികാരികളില്‍ ഉത്തമന്‍മാര്‍ നിങ്ങള്‍ അവരേയും അവര്‍ നിങ്ങളേയും ഇഷ്ടപ്പെടുന്നവരും നിങ്ങള്‍ അവര്‍ക്കു വേണ്ടിയും അവര്‍ നിങ്ങള്‍ക്കുവേണ്ടിയും പ്രാര്‍ത്ഥിക്കുന്നവരും ആണ്. നിങ്ങളുടെ ഭരണാധികാരികളില്‍ ഏറ്റവും മോശമായവര്‍ നിങ്ങള്‍ അവരോടും അവര്‍ നിങ്ങളോടും കോപിക്കുന്നവരും നിങ്ങള്‍ അവരെയും അവര്‍ നിങ്ങളെയും ശപിക്കുന്നവരുമാണ് (മുസ്‌ലിം). ഭരണാധികാരികളും ഭരണീയരും തമ്മിലുണ്ടാവേണ്ട ഹൃദയപരമായ ബന്ധമാണ് ഈ ഹദീസ് പറഞ്ഞുതരുന്നത്. അല്ലാഹുവിന് ഏറ്റവും വെറുപ്പുള്ളവരും അവനില്‍ നിന്നും വിദൂരസ്ഥരായവരും അക്രമിയായ ഭരണാധികാരിയാണ് എന്ന് ഇമാം അഹ്മദ്(റ) ഉദ്ധരിക്കുന്ന മറ്റൊരു ഹദീസില്‍ വന്നിട്ടുണ്ട്.
ഉദ്ധൃത പഠനത്തില്‍ ഭരണാധികാരി എന്നതിന്റെ വിവക്ഷ വിശാലമാണ്. ഒരു രാജ്യമാകുമ്പോള്‍ അത് രാജ്യം ഭരിക്കുന്നയാളായിരിക്കും. എന്നാല്‍ അതൊരു സമുദായമാകുമ്പോള്‍ അതിലെ ഉത്തരവാദപ്പെട്ടവരും കുടുംബമാവുമ്പോള്‍ കാരണവന്‍മാരും വീടാകുമ്പോള്‍ ഗൃഹനാഥന്‍മാരും സ്ഥാപനമാകുമ്പോള്‍ സ്ഥാപന മേധാവികളും എല്ലാമായി മാറും. ഒരു പ്രത്യേക വിഭാഗത്തിന്റെ കാര്യങ്ങള്‍ പൊതുവായി കയ്യാളുന്ന ആള്‍ എന്നതാണ് ഭരണാധികാരി എന്നതിന്റെ നിര്‍വചനം. ഇത്തരത്തില്‍ നിര്‍വചിക്കപ്പെടുമ്പോള്‍ മാത്രമേ അധികാരം സമൂഹത്തെ ആകെ ഗ്രസിക്കുന്ന ഒന്നായി മാറൂ.
നീതിയുടെ നിദര്‍ശനങ്ങളായ ഭരണാധികാരികളുടെ പുകള്‍ ഏറെ പറയാനുള്ളത് ഇസ്‌ലാമിനാണ്. ഇസ്‌ലാം എന്ന വികാരം അവരില്‍ ചെലുത്തുന്ന സ്വാധീനമാണ് ഇതിനു കാരണം. എല്ലാ നാവുകളും പുകഴ്ത്തുന്ന ഖലീഫാ ഉമറും രണ്ടാം ഉമറായിരുന്ന ഉമര്‍ ബിന്‍ അബ്ദില്‍ അസീസുമെല്ലാം ചരിത്രത്തില്‍ സുവര്‍ണ ലിപികളാല്‍ ഉല്ലേഖിതരായത് അങ്ങനെയാണ്. ചരിത്രം ഏറെ താലോലിച്ച ഈ രണ്ടു ഭരണാധികാരികളും ഭരണത്തിന്റെ കാര്യക്ഷമതയും വിട്ടുവീഴ്ചയില്ലാത്ത നീതിയും ഭരണീയരുടെ സംതൃപ്തിയിലുള്ള ആത്മാര്‍ഥതയും കൊണ്ട് വേറിട്ടുനില്‍ക്കുന്നവരാണ്. സൂക്ഷ്മമായ പഠനങ്ങള്‍ ഈ രണ്ടു ഭരണാധികാരികള്‍ക്കും ചില പൊതുവായ ഗുണങ്ങളുണ്ടായിരുന്നതായി തെളിവുകളുടെ പിന്‍ബലത്തില്‍ സമര്‍ഥിക്കുന്നുണ്ട്. പൊതുമുതലിനും തങ്ങളുടെ സമയത്തിനും അതിന്റേതായ മൂല്യം കല്‍പ്പിച്ചു, ചുവപ്പുനാടകളില്‍ വെറുതെ കുടുക്കിയിടാതെ വേണ്ട കാര്യങ്ങള്‍ അതിവേഗം ഭരണീയര്‍ക്ക് ചെയ്തുകൊടുത്തു, ചീത്ത ഉദ്യോഗസ്ഥരെയും സുഹൃത്തുക്കളെയും അകറ്റിനിര്‍ത്തി, സത്യമെന്നും ന്യായമെന്നും കണ്ടെത്തിയ കാര്യങ്ങള്‍ ധൈര്യസമേതം നടപ്പില്‍ വരുത്തി, വേണ്ട ചര്‍ച്ചകളിലൂടെയും പഠനങ്ങളിലൂടെയും കാര്യങ്ങള്‍ ആവിഷ്‌കരിച്ചു, പ്രതിയോഗികളോടും ശത്രുക്കളോടും വേണ്ടതുപോലെ മാന്യത പുലര്‍ത്തി എന്നിവയാണവ. ഈ ഗുണങ്ങളാണ് ഈ രണ്ടു ഭരണാധികാരികളേയും വലിയ വിജയത്തിലേക്കു നയിച്ചത്.
--
0 Comments
No comments yet.
Leave a Comment
© www.thdarimi.in. All Rights Reserved. Designed by zainso