
.jpeg)
ഖുർആൻ പഠനം / സൂറത്തുൽ ഹശ്‌ർ 4
06-08-2022
Web Design
15 Comments
ധനവാൻമാരെ മാത്രം വലംവെക്കുന്ന ധനം
6 അവരിൽ നിന്ന് തന്റെ റസൂലിന് അല്ലാഹു കൈവരുത്തിക്കൊടുത്തതെന്തോ അതിനു വേണ്ടി നിങ്ങൾ കുതിരകളേയോ ഒട്ടകങ്ങളെയോ ഓടിച്ചിട്ടില്ല. പക്ഷേ, താനുദ്ദേശിക്കുന്നവരുടെ മേൽ തന്റെ ദൂതൻമാരെ അവൻ അധികാരപ്പെടുത്തുന്നു. അല്ലാഹു എല്ലാ കാര്യത്തിനും കഴിവുളളവനാകുന്നു.
ബനൂ നളീർ ജൂത കുടുംബം നാടുവിടേണ്ടിവന്നപ്പോൾ അവരെ കൊണ്ടു പോകുവാൻ അനുവദിച്ചതും അവർക്ക് എടുക്കാൻ കഴിയുന്നതുമായ മുതലുകൾ, വസ്തുവകകൾ എന്നിവ എന്തു ചെയ്യണം എന്നതിനെ കുറിച്ചാണ് ഈ ആയത്ത് പറയുന്നത്. ഇതിന്റെ ആമുഖമായി ശത്രുക്കളുടെ ഭാഗത്തു നിന്നും വന്നുചേരുന്ന മുതലുകളെ കുറിച്ചുള്ള ഒരു ചെറിയ ഒരു ആമുഖം നാം ഗ്രഹിക്കേണ്ടതുണ്ട്. അത്തരം മുതലുകൾ രണ്ടാണ്. ഒന്ന്, യുദ്ധത്തിൽ വിജയിക്കുമ്പോൾ ശത്രുക്കളുടേതായി അധീനപ്പെടുന്ന സ്വത്തുക്കൾ. ഇവ ഗനീമത്ത് സ്വത്തുക്കൾ എന്നറിയപ്പെടുന്നു. രണ്ടാമത്തേത് ഈ സൂറത്തിൽ പറഞ്ഞതുപോലെ ശത്രുക്കൾ ഉപേക്ഷിച്ചു പോയ മുതലുകളാണ്. ഇതിന് ഫൈഅ് സ്വത്തുക്കൾ എന്ന് പറയുന്നു. ഈ രണ്ട് ഇനം മുതലുകളും ഇസ്ലാം നിർദ്ദേശിക്കുന്ന വിധം നിർദ്ദേശിക്കുന്നവർക്ക് ഉള്ളതാണ്. അത് അവർക്കിടയിൽ ഓഹരി ചെയ്യപ്പെടണം. ഇത്തരം മുതലുകൾ കിട്ടിയവർ എടുക്കുക എന്നോ ബലമായി നേടിയവൻ സ്വന്തമാക്കുക എന്നോ ഉള്ള സാഹചര്യം വന്നാൽ അത് വലിയ അരാചകത്വം ഉണ്ടാക്കും. മാത്രമല്ല, ഇത് ഒരു ലക്ഷ്യമായോ വരുമാന മാർഗ്ഗമായോ കാണുന്ന സാഹചര്യം സംജാതമാവുകയും ചെയ്യും. ഇതോടെ പവിത്രമായിരിക്കേണ്ട സത്യവിശ്വാസിയുടെ മനസ്സിന്റെ ദിശ തെറ്റും. അതിനാൽ ഇത്തരം സ്വത്തുക്കളുടെ അവകാശികളെ ഇസ്ലാം കൃത്യമായി നിർണ്ണയിച്ചിട്ടുണ്ട്. ഇവയിൽ ഗനീമത്ത് സ്വത്തിന്റെ അവകാശികളെ വിവരിച്ചിരിക്കുന്നത് അൽ അൻഫാൽ സൂറത്തിലെ 41ാം സൂക്തത്തിലാണ്. ആ സൂക്തത്തെ ആധാരമാക്കി ഫിഖ്ഹ് പണ്ഡിതൻമാർ അത് വിവരിച്ചിട്ടുമുണ്ട്.
ഇവിടെ ഈ ആയത്തിൽ ഫൈഅ് സ്വത്ത് ആർക്കെല്ലാം വിഭജിച്ചു നൽകണം എന്ന് പറയുകയാണ്. ഇതും ഗനീമത്ത് സ്വത്തും ഒരുപോലെയല്ല ഓഹരി വെക്കേണ്ടത്. രണ്ടിന്റെയും അവകാശികൾക്കിടയിൽ വ്യത്യാസമുണ്ട്. അതിനാൽ ചെറിയ ഒരു ആമുഖം ഈ ആയത്തിൽ അല്ലാഹു പറയുന്നു. ഗനീമത്ത് സ്വത്ത് പടയാളികളുടെ ശ്രമവും അദ്ധ്വാനവും മൂലം ഉണ്ടാകുന്നതാണ്. അതിനാൽ അതിന്റെ ഓഹരിയിൽ ആ അധ്വാനങ്ങളെ പരിഗണിക്കുന്നുണ്ട്. എന്നാൽ ഇതിന്റെ കാര്യത്തിൽ അങ്ങനെ പരിഗണിക്കുന്നില്ല, കാരണം, നിങ്ങളുടെ അദ്ധ്വാനമോ ശ്രമമോ കാരണം ലഭിക്കുന്നതല്ല, അത് കേവലം അല്ലാഹുവിന്റെ തൗഫീഖിനാൽ ഉണ്ടാകുന്നതാണ് എന്നാണ് ആ ആമുഖം. ഈ വസ്തുത വക്തമാക്കുക എന്നതിനപ്പുറം മറ്റൊരു ലക്ഷ്യം കൂടി ഇത്തരം ആമുഖങ്ങൾക്കും വിശദീകരണങ്ങൾക്കുമുണ്ട്. അത് ഇസ്ലാമിക നിയമങ്ങൾ യുക്തിഭദ്രമാണ് എന്ന് തെളിയിക്കുക എന്നതാണ്.
7 അല്ലാഹു അവന്റെ റസൂലിന് നാട്ടുകാരിൽ നിന്ന് കൈവരുത്തിക്കൊടുത്തതെന്തോ, അത് അല്ലാഹുവിനും അവന്റെ റസൂലിനും (റസൂലിന്റെ) അടുത്ത കുടുംബങ്ങൾക്കും അനാഥ കുട്ടികൾക്കും അഗതികൾക്കും വഴിയാത്രക്കാർക്കും ഉളളതാകുന്നു. ആ ധനം നിങ്ങളിലുള്ള ധനികൻമാർക്കിടയിൽ മാത്രം കൈമാറ്റപ്പെടുന്നതാവാതിരിക്കുവാനായിട്ടാണ് (അങ്ങനെ വിതരണം ചെയ്യുവാൻ കൽപ്പിച്ചത്). റസൂൽ നിങ്ങൾക്ക് നൽകിയതെന്തോ അത് സ്വീകരിച്ചു കൊളളുക. അദ്ദേഹം നിങ്ങളോട് വിരോധിച്ചതെന്തോ അതിൽ നിന്ന് അകന്ന് നിൽക്കുക, അല്ലാഹുവിനെ സൂക്ഷിക്കുകയും ചെയ്യുക. നിശ്ചയമായും അല്ലാഹു കഠിനമായി ശിക്ഷിക്കുന്നവനാകുന്നു.
ഫൈഅ് സ്വത്തിന്റെ അവകാശികളെ ഈ ആയത്തിൽ അല്ലാഹു പറയുന്നു. അല്ലാഹു, അവന്റെ റസൂൽ, റസൂലിന്റെ കുടുംബം, അനാഥകൾ, അഗതികൾ, വഴിയിൽ കുടുങ്ങിയ യാത്രക്കാർ എന്നിവരാണ് അവർ. ഇവരിൽ അല്ലാഹുവിന് എന്ന് പറയുന്നത് മാറ്റി വെക്കേണ്ട ഒരു ഓഹരിയല്ല. അല്ലാഹുവിന് എന്ന നിയ്യത്തോടെ താഴെ പറയുന്നവർക്ക് കൊടുക്കണം എന്നു മാത്രമാണ് അത് അർഥിക്കുന്നത് എന്ന് മുഫസ്സിറുകൾ പറയുന്നു. ഫൈഅ് സ്വത്തിന്റെ അവകാശികളുടെ പട്ടിക പരിശോധിച്ചാൽ ഇസ്ലാമിക സാമ്പത്തിക ശാസ്ത്രത്തിന്റെ ശാസ്ത്രീയതയും കാര്യക്ഷമതയും ആർക്കും ബോധ്യപ്പെടും. കാരണം, ഇവിടെ പറഞ്ഞിരിക്കുന്ന അവകാശികളെല്ലാം സാമ്പത്തികമായി ദുർബലർ മാത്രമാണ്. ഇതിൽ ഒന്നാമത്തെ അവകാശി റസൂലാണ്. പ്രബോധന ദൗത്യത്തിൽ മുഴുസമയം ഏർപ്പെടുന്നതിനാൽ റസൂലിന് ജീവിതസന്ധാരണ മാർഗ്ഗങ്ങൾ ഒന്നുമില്ല. അതിനാൽ റസൂൽ അത് തികച്ചും അർഹിക്കുന്നു. പിന്നെ പറയുന്നത് നബി കുടുംബമാണ്. നബി കുടുംബത്തിന് സക്കാത്ത് തുടങ്ങിയ ലഭിക്കില്ല. അവർ അത് വാങ്ങുന്നത് നിയമം മൂലം നിരോധിക്കപ്പെട്ടിട്ടുണ്ട്. അതിനു പകരമെന്നോണം അവർക്ക് ഒരു പ്രത്യേക പരിഗണ ഇവിടെ കൽപ്പിക്കപ്പെടുകയാണ്.
പിന്നെ അനാഥർ, അഗതികൾ, വഴിയിൽ കുടുങ്ങിപ്പോയ യാത്രികർ എന്നിവരാണ്. അവർ സാമ്പത്തികമായി അധസ്ഥിതരാണ് എന്ന് പ്രത്യേകം പറയേണ്ടതില്ല. ഇത്തരം ഒരു വിശദാംശം അടങ്ങുന്ന ഈ പട്ടിക പ്രഖ്യാപിച്ചതിനു ശേഷം അല്ലാഹു അതിന്റെ വലിയ തത്വം വ്യക്തമായി സൂചിപ്പിക്കുന്നു. ആ ധനം നിങ്ങളിലുള്ള ധനികൻമാർക്കിടയിൽ മാത്രം കൈമാറ്റപ്പെടുന്നതാവാതിരിക്കുവാനായിട്ടാണ് അങ്ങനെ വിതരണം ചെയ്യുവാൻ കൽപ്പിച്ചത് എന്നാണ് ആ തത്വം. അതായത് അല്ലാഹുവിന്റെ വ്യവസ്ഥിതിയിൽ പണക്കാരും ശേഷിയുള്ളവരും മാത്രം ആയിക്കൂടാ ധനം കയ്യാളുന്നവർ. സമൂഹത്തിലെ ദുർബ്ബലർക്കും പാവപ്പെട്ടവർക്കും കൂടി ധനം ലഭിക്കാനും കൈകാര്യം ചെയ്യാനുള്ള അവസരം ഉണ്ടാകണം. ഇതാണ് സത്യത്തിൽ ശരിയായ സോഷ്യലിസം. തൊഴിലാളികളുടെ വിമോചനത്തിനായി എന്നും പറഞ്ഞ് കുറേ കാലമായി പ്രവർത്തിച്ചു വരുന്ന കപട സോഷ്യലിസത്തിന് കുറേ പുതിയ ബൂർഷ്വകളെ സൃഷ്ടിക്കാനേ കഴിഞ്ഞുള്ളൂ എന്നത് നമ്മുടെ അനുഭവമാണ്. കാരണം, പണക്കാരിൽ നിന്ന് അവരുടെ ധനം ബലമായി പിടിച്ചെടുത്തും അല്ലെങ്കിൽ അവരുടെ സാമ്പത്തിക വളർച്ചയെ തടഞ്ഞും അവരോട് വെറുപ്പിന്റെ മനസ്ഥിതി ഉണ്ടാക്കിയുമൊക്കെയാണ് ഈ സോഷ്യലിസം അതിന്റെ സ്വപ്നലോകം അവതരിപ്പിച്ചത്. അതുകൊണ്ട് തന്നെ അത് തകരുകയും ചെയ്തു.
ഇസ്ലാമിന്റെ സാമ്പത്തിക വീക്ഷണം പാവപ്പെട്ടവർ ഉണ്ടാവില്ല എന്നോ ഉണ്ടാകരുത് എന്നോ ആഗ്രഹിക്കുന്നില്ല. ഒരാൾ സമ്പന്നനാകുന്നതും അല്ലാതാകുന്നതും അല്ലാഹുവിന്റെ നിശ്ചയത്തെ മാത്രം ആശ്രയിച്ചാണ്. ഇതനുസരിച്ച് ഒരാൾ പാവപ്പെട്ടനായിപ്പോയി എന്നു വെച്ച് അവന് ഒരു മാർഗ്ഗവുമില്ലാത്ത സാഹചര്യമുണ്ടായിക്കൂടാ. അവനെ അത്തരം സാഹചര്യത്തിൽ സഹായിക്കാൻ വേണ്ടി സകാത്ത്, ഫൈഅ്, ഗനീമത്ത്, സ്വദഖ, പ്രായശ്ചിത്തങ്ങൾ തുടങ്ങി പല മാർഗ്ഗങ്ങൾ ഇസ്ലാം തുറന്നിട്ടിരിക്കുന്നു. അതോടൊപ്പം ചൂഷണങ്ങൾ, പലിശ എന്നിവ ഇസ്ലാം നിരോധിക്കുക കൂടി ചെയ്തതോടെ ഏറ്റ വ്യത്യാസത്തോടെയാണെങ്കിലും സാമ്പത്തികമായ അധസ്ഥിതർക്കും ജീവിതത്തിൽ പിടിച്ചു നിൽക്കുവാനുള്ള അവസരം ഇസ്ലാം തുറക്കുന്നു. ചുരുക്കത്തിൽ, ധനം ധനവാൻമാരെ മാത്രം വലം വെക്കുന്നതായിരിക്കരുത്, അത് പാവപ്പെട്ടവരിലേക്കും എത്താൻ വഴിയുണ്ടാവണം എന്നാണ് ഇസ്ലാമിന്റെ താൽപര്യം.
തിരുനബി(സ്വ) അവതരിപ്പിച്ച മതാധ്യാപനങ്ങളും സിദ്ധാന്തങ്ങളും ആശയങ്ങളും ദര്‍ശനങ്ങളും ആരാധനാരീതികളും സദാചാര ശീലങ്ങളും മറ്റും എന്തൊക്കെയാണോ അത് മുസ്‌ലിംകള്‍ അംഗീകരിക്കണം; അവിടന്ന് നിരോധിച്ചത് അവര്‍ ജീവിതത്തില്‍ നിന്ന് ദൂരീകരിക്കുകയും വേണം എന്നും ഈ ആയത്തിന്റെ അവസാനത്തിൽ പറയുന്നു. ഈ പൊതു തത്വം ഫൈഇന്റെ പശ്ചാത്തലത്തിലാണിത് വന്നിട്ടുള്ളതെങ്കിലും സത്യവിശ്വാസികളുടെ സര്‍വകാര്യങ്ങളിലും ഇത് ബാധകമാണെന്നത് മുസ്‌ലിം പണ്ഡിത ലോകത്തിന്റെ ഏകകണ്ഠമായ അഭിപ്രായമാണ്.
8 തങ്ങളുടെ വാസസ്ഥലങ്ങളിലും സ്വത്തുക്കളിലും നിന്ന് പുറത്താക്കപ്പെട്ട മുഹാജിറുകളായ ദരിദ്രർക്കുള്ളതാണ് (ആ ധനം). അവർ അല്ലാഹുവിൽ നിന്നുള്ള അനുഗ്രഹവും സംതൃപ്തിയും തേടുന്നവരും അല്ലാഹുവിനെയും അവന്റെ റസൂലിനെയും സഹായിക്കുന്നവരും ആയ സ്ഥിതിയിലാണ് (അവർ പുറത്താക്കപ്പെട്ടത്). അവർ തന്നെയാണ് സത്യവാൻമാർ.
മക്കയില്‍ നിന്ന് വീടും സമ്പത്തുകളുമൊക്കെ ഇട്ടെറിഞ്ഞ് മദീനയിലെത്തിച്ചേര്‍ന്ന മുഹാജിറുകള്‍ നിര്‍ധനരായിരുന്നു. അവരാണ് ബനുന്നളീര്‍ ഫൈഇന്റെ പ്രഥമ പരിഗണനയര്‍ഹിക്കുന്നവര്‍ എന്നാണ് ഈ ആയത്തിന്റെ വിവക്ഷ. കാരണം, എല്ലാറ്റിലുമുപരി അല്ലാഹുവിനെയും റസൂലിനെയും ദീനിനെയും ആത്മാര്‍ത്ഥമായി സ്‌നേഹിച്ച് മുന്‍ഗണന നല്‍കിയവരാണ് അവര്‍. അതുകൊണ്ടാണല്ലോ അവർ തങ്ങളുടെ സമ്പത്തെല്ലാം അവിടെ ഉപക്ഷിച്ച് പോന്നത്. അവരിൽ അധികപേരും ഹിജ്റ ഇറങ്ങിയത് തന്നെ രഹസ്യമായിട്ടായിരുന്നു. അപ്പോൾ തങ്ങളുടെ വസ്തുതകൾ കാര്യമായൊന്നും എടുക്കാൻ അവർക്ക് കഴിയുമായിരുന്നില്ല. മുഹാജിറുകൾ മക്കയിൽ ഉപക്ഷിച്ച് പോന്ന ഈ മുതലുകൾ എടുത്തായിരുന്നു അബൂ സുഫിയാൻ കച്ചവടത്തിനിറങ്ങിയത്. അതുകൊണ്ട് തന്നെയായിരുന്നു ഹിജ്റ രണ്ടിൽ അബൂ സുഫ്‌യാന്റെ കച്ചവട സംഘത്തെ തടയുവാൻ നബി(സ)യും അനുയായികളും ഇറങ്ങിയതും.
9 എന്നാല്‍ നേരത്തെ തന്നെ വീടും വിശ്വാസവും സജ്ജീകരിച്ച അന്‍സ്വാറുകളാകട്ടെ സ്വദേശം പരിത്യജിച്ചെത്തുന്ന മുഹാജിറുകളെ സ്‌നേഹിക്കുന്നവരും അവര്‍ക്കു കിട്ടിയ സമ്പത്ത് സംബന്ധിച്ച് തങ്ങളുടെ മനസ്സില്‍ ഒരാഗ്രഹവും ഇല്ലാതിരിക്കുന്നവരുമാകുന്നു; തങ്ങള്‍ക്ക് ദാരിദ്ര്യമുണ്ടെങ്കില്‍ പോലും മുഹാജിറുകള്‍ക്കാണവര്‍ മുന്‍ഗണന കൊടുക്കുക. സ്വശരീരത്തിന്റെ പിശുക്കില്‍ നിന്ന് ആര് സുരക്ഷിതരായോ അവര്‍ തന്നെയാണ് ജേതാക്കള്‍.
ഫൈഅ് സ്വത്തിന്റെ അവകാശികൾ നേരത്തെ പറഞ്ഞ സാമ്പത്തിക പരാധീനത അനുഭവിക്കുന്നവരാണ്. അവരിൽ മുഹാജിറുകൾക്ക് പ്രാമുഖ്യം നൽകണമെന്നും അതിന്റെ ന്യായം എന്താണെന്നും പിന്നീട് പറഞ്ഞു. അതിനു ശേഷം അപ്രകാരം തന്നെ അൻസ്വാറുകളിലെ പാവപ്പെട്ടവർക്കും നൽകണം എന്നാണ് ഈ ആയത്ത് പറയുന്നത്. എല്ലാവർക്കും എന്നു പറയുന്നതിനു പകരം അന്നത്തെ സാഹചര്യത്തിൽ ഏറ്റവുമധികം അതിനർഹതയുണ്ടായിരുന്ന രണ്ട് വിഭാഗങ്ങളെയും ക്രമപ്രകാരം പറഞ്ഞതായാണ് ഈ ആയത്തുകളിൽ നിന്ന് മനസ്സിലാക്കേണ്ടത്. മുഹാജിറുകളെ കഴിഞ്ഞ ആയത്തിൽ പ്രകീർത്തിച്ചതു പോലെ അൻസ്വാറുകളെ ഈ ആയത്തിലും പ്രകീർത്തിക്കുന്നു. അവരെ പ്രകീർത്തിക്കുമ്പോൾ അവരുടെ ത്യാഗമനസ്ഥിതി, അവർ ഒരുക്കിയ സുരക്ഷ, അവരുടെ മാനസിക വിശുദ്ധി എന്നിവയെല്ലാം എടുത്തു പറയുന്നുണ്ട് ഇവിടെ. അന്‍സ്വാറുകള്‍ക്കുള്ള മഹത്തായ ഒരു അംഗീകാരമാണ് ഈ സൂക്തം.
നേരത്തെ തന്നെ വീടും വിശ്വാസവും ഒരുക്കിയ എന്ന വചനത്തിൽ അവരുടെ ഏറ്റവും വലിയ സവിശേഷത അടക ങ്ങുന്നു. അവർ തിരുനബി(സ്വ)യെ അദ്ദേഹം ജീവിക്കുന്ന നാട്ടിലേക്ക് അങ്ങോട്ട് ചെന്ന് ഇസ്‌ലാം സ്വീകരിക്കുകയായിരുന്നു. എല്ലാ അതിരും മാന്യതയും സഭ്യതയും മറികടന്ന് മക്കയിലെ ശത്രുക്കൾ നബി(സ്വ)ക്കും സ്വഹാബികള്‍ക്കും ഒരിക്കലും നാട്ടിൽ പിടിച്ചുനിൽക്കാൻ കഴിയാത്ത ദുര്‍ഘടഘട്ടം വന്നപ്പോള്‍ അവർ നബിയെയും അനുയായികളെയും തങ്ങളുടെ നാട്ടിലേക്ക് ക്ഷണിക്കുകയും അഭയം വാഗ്ദാനം ചെയ്തു. അവസാനത്തെ അഖബാ ഉടമ്പടിയിലായിരുന്നു അവർ ഈ വാഗ്ദാനം നടത്തിയത്. ആ വാഗ്ദാനം അവർ പാലിക്കുകയും ചെയ്തു. ഈ അഭയത്തിന്റെ പ്രതിപാദ്യ സംഭവമായ ബനൂ നളീർ സംഭവത്തിന് മുമ്പ് ബദറിലും ഉഹദിലും അവർ അത് തെളിയിക്കുകയും ചെയ്തു. ബനുന്നളീറില്‍ നിന്ന് ലഭിച്ച ഫൈഇല്‍ നിന്ന് യാതൊന്നും അന്‍സ്വാറുകള്‍ക്ക് നല്‍കിയില്ലെന്നതില്‍ ഒരുവിധ അസ്വസ്ഥതയും അവര്‍ക്കുണ്ടായില്ല എന്നു മാത്രമല്ല, പിന്നെയും കൂടുതല്‍ സഹായസഹകരണങ്ങള്‍ മുഹാജിറുകള്‍ക്ക് നല്‍കുകയാണവര്‍ ചെയ്തത്. ലോക ചരിത്രത്തിലെങ്ങും കാണാത്ത ആത്മാര്‍ത്ഥമായ സൗഹൃദവും സ്‌നേഹവും സഹകരണവും ത്യാഗമനസ്‌കതയും കാണിച്ചവരാണ് അൻസ്വാറുകൾ.
0 Comments
No comments yet.
Leave a Comment
© www.thdarimi.in. All Rights Reserved. Designed by zainso