Thoughts & Arts
Image

ലിംഗനീതിയും ലിംഗ സമത്വവും

10-11-2022

Web Design

15 Comments





ദേശീയ വിദ്യാഭ്യാസ നയം ആവിഷ്കരിക്കുന്നതിന്റെ ഭാഗമയി പാഠ്യപദ്ധതി പരിഷ്കരണത്തിനു വേണ്ടിയുള്ള ചർച്ചകൾ സമൂഹത്തിന്റെ വിവിധ തട്ടുകളിൽ നടക്കുകകയാണ്. കുടുംബശ്രീ പ്രവർത്തകരുടെയും സ്കൂൾ രക്ഷാകർത്താക്കളുടെയും ചർച്ചകൾ പൂർത്തീകരിച്ച് ഇപ്പോൾ ചർച്ച ഗ്രാമ പഞ്ചായത്തിലെത്തിയിരിക്കുന്നു. പൊതുവെ ചർച്ചകളിൽ പുതിയ സമൂഹത്തിന് താൽപര്യം കുറവാണ്. കാരണം അത് പലപ്പോഴും ഒരു പ്രഹസനമായി മാറുകയാണ്. ചർച്ച ഒരു ഭാഗത്ത് ചെയ്യിക്കുന്നതോടൊപ്പം ഭരണകക്ഷി ഉദ്ദേശിച്ച കാര്യങ്ങൾ ഉദ്ദേശിച്ചതു പോലെ നടത്തുകയാണ് ഇപ്പോൾ പതിവ്. ഇത് അങ്ങനെയാവില്ല എന്ന് ബന്ധപ്പെട്ടവരിൽ ചിലർ തീർത്തു പറയുന്നൊക്കെയുണ്ട് എന്നതും വളരെ വ്യവസ്ഥാപിതമാണ് എന്ന് തോന്നിക്കുന്ന വിധത്തിലാണ് ഇതിന്റെ ചർച്ചകൾ നടക്കുന്നത് എന്നതും മാത്രമാണ് കുറച്ചെങ്കിലും പ്രതീക്ഷ നൽകുന്നത്. ഏതായാലും കാലത്തിനും ലോകത്തിനും അനുസൃതമായ പരിഷ്കരണങ്ങൾ പൊതുവെ സ്വാഗതാർഹമാണ്. കാരണം മനുഷ്യന്റെ എത് ജീവിത ഒഴുക്കും കുറേയങ്ങ് ഒഴുകുമ്പോൾ മാത്രമാണ് അതിന്റെ കുറവും ബോധ്യമാവുക. അപ്പോൾ അതുവരെയുളള എല്ലാ പ്രശ്നങ്ങളും സ്വരുക്കൂട്ടി പരിഹരിച്ച് പരിഷ്കരിച്ച് മുന്നോട്ടു പോകുകതന്നെയായിരിക്കും അഭികാമ്യം. മാത്രമല്ല, ലോകം അതിവേഗം മാറുകയാണ്. അതിനനുസരിച്ച് പരിഷ്കരിച്ച് വികസിച്ചില്ലെങ്കിൽ നാം മാത്രമല്ല, നമ്മുടെ രാജ്യവും പിന്തള്ളപ്പെടും. പക്ഷെ, ചർച്ചക്കു വേണ്ടി ഗവൺമെന്റ് അടിച്ചിറക്കി വിതരണം ചെയ്ത ചർച്ചാ കുറിപ്പുകളടങ്ങിയ പുസ്തകത്തിന്റെ ഉള്ളടക്കം കാണുമ്പോൾ ഗുരുതരമായ ചില ആശങ്കകൾ അതിൽ ഉണ്ട് എന്നു പറയാതെ വയ്യ. അതിൽ ഏറ്റവും പ്രധാനപ്പെട്ട ഒന്നാണ് ലിംഗ സമത്വം എന്ന പ്രയോഗം ഫോക്കസ് ഏരിയ വിഷയങ്ങളിൽ വ്യാപകമായി കാണുന്നത്. അതു മാറ്റി ലിംഗ നീതി എന്നാക്കി മാറ്റുമെന്ന് മുഖ്യമന്ത്രി പറഞ്ഞിരുന്നു എങ്കിലും ഇതുവരെ അത് വേണ്ടവിധം തിരുത്തപ്പെട്ടിട്ടില്ല. ഇതിന്റെ പിന്നിൽ പ്രവർത്തിക്കുന്ന ആരുടെയൊക്കെയോ ലക്ഷ്യവും ഉദ്ദേശവും അതായതു കൊണ്ടായിരിക്കുമോ അത് തേച്ചിട്ടും മായ്ച്ചിട്ടും പോകാത്തത് എന്ന സംശയം ഇപ്പോൾ ബലപ്പെട്ടിരിക്കുകയാണ്.



ലിംഗനീതിയും ലിംഗസമത്വവും രണ്ടാണ്. പുരുഷൻ പുരുഷനായതിന്റെ പേരിലോ സ്ത്രീ സത്രീയായതിന്റെ പേരിലോ അവരർഹിക്കുന്ന ഒരു അവകാശവും നഷ്ടപ്പെടാതിരിക്കുവാനുള്ള ജാഗ്രതയാണ് ലിംഗനീതിയിൽ പുലർത്തുന്നത്. അതേ സമയം ലിംഗ സമത്വം എന്നത് ലിംഗ വൈവിദ്ധ്യത്തെ പാടെ നിരാകരിക്കുകയും ലിംഗവ്യത്യാസമില്ലാതെ രണ്ട് പേർക്കും എല്ലാം തുറന്നിട്ടുകയാണ്. ഇത് പക്ഷെ ചലർക്കൊന്നും മനസ്സിലാകുന്നില്ല. അവർ എങ്ങനെയെങ്കിലും എവിടെയെങ്കിലും രംഗത്തെത്തുമ്പോൾ തങ്ങളുടെ വിഢിത്തം പരസ്യമായി വിളിച്ചു പറയുകയും അതിലേക്ക് ആളെ കൂട്ടാൻ ശ്രമിക്കുകയുമാണ് ചെയ്യുന്നത്. അവർ പിന്നെ എത്ര മനസ്സിലായാലും തങ്ങളുടെ വാദത്തിൽ നിന്ന് പിന്നോട്ട് പോരില്ല. അങ്ങനെയാണ് അപ്രായോഗികമായ ഇത്തരം സാമൂഹ്യ ബാലിശങ്ങൾ സമൂഹത്തിൽ നിലനിന്നതും പലപ്പോഴും ചിന്താ ശല്യങ്ങൾ ഉയർത്തുന്നതും. കഴിഞ്ഞ നൂറ്റാണ്ടിൽ അത്തരം ചില വ്യക്തിത്വങ്ങൾ വരികയുണ്ടായി. സൂക്ഷ്മമായി നിരീക്ഷിച്ചാൽ അവരാണ് ഇന്ന് നിലനിൽക്കുന്ന ഇത്തരം വാദങ്ങളുടെ പിന്നിൽ. ഇവരുടെ ഈ ബാലിശ വാദങ്ങളെ സിദ്ധാന്തങ്ങൾ എന്നാണ് വിളിക്കപ്പെട്ടു വരുന്നത്. ഇതു തന്നെ വലിയ തെറ്റാണ്. കാരണം ആ പ്രയോഗം അവർക്കും അവരുടെ കാഴ്ചപ്പാടുകൾക്കും ആവശ്യമില്ലാത്ത പ്രാധാന്യം നൽകി. ചാൾസ് ഡാര്‍വിന്റെ (1809-1882) പരിണാമവാദങ്ങളും കാള്‍ മാര്‍ക്‌സിന്റെ (1818-1883) സാമൂഹിക സാമ്പത്തിക കാഴ്ചപ്പാടുകളും സിഗ്മണ്ട് ഫ്രോയിഡിന്റെ (1856-1939) ലൈംഗിക വീക്ഷണങ്ങളുമാണ് അവ. ഒന്നാമത്തേത് എല്ലാം നിരാകരിക്കുന്ന യുക്തിവാദവും രണ്ടാമത്തേത് അപ്രായോഗിക രാഷ്ട്രീയ സോഷ്യലിസവും മൂന്നാമത്തേത് കുത്തഴിഞ്ഞ ലൈംഗികതയും ആണ് നൽകിയത്.



ലിംഗഭേതത്തിന്റെ രഹസ്യവും സംഗത്യവും മനസ്സിലാക്കിയേടത്ത് വരുന്ന പിശകാണ് സത്യത്തിൽ ഇത്തരം ആശയ പ്രശ്നങ്ങളുടെ അടിസ്ഥാന കാരണം. ഇവിടെ യാഥാർഥ്യം മനസ്സിലാക്കാൻ രണ്ട് ആമുഖങ്ങൾ ആദ്യം ഗ്രഹിക്കേണ്ടതുണ്ട്. ഒന്നാമതായി, ദ്വന്ദത എന്നത് പ്രപഞ്ചത്തിന്റെ ഏറ്റവും വലിയ സൃഷ്ടി രഹസ്യമാണ്. അതായത് എല്ലാം ഇണകളായിട്ടാണ് സൃഷ്ടിക്കപ്പെട്ടിരിക്കുന്നത്. അതായത് ഋണ-ധന ശക്തികൾ ഉള്ള രണ്ട് ഘടകങ്ങളെ സംയോജിപ്പിച്ചു കൊണ്ടാണ് എല്ലാം നിലനിൽക്കുന്നത്. അതില്ലാതെ ഒരു വസ്തുവും പ്രപഞ്ചത്തിൽ നിലനിൽക്കില്ല. ആണിന്റെയും പെണ്ണിന്റെയും ബീജം കൂടിച്ചേരാതെ ഒരു കുഞ്ഞ് ജനിക്കില്ല. ആൺ പരാഗവും പെൺ പരാഗവും ചേരാതെ ഒരു പൂ വിരിയില്ല. ഈ വസ്തുത മനുഷ്യൻ ശാസ്ത്രത്തിന്റെ മേശപ്പുറത്ത് എത്തുന്നതിന്റെ എത്രയോ മുമ്പ് തന്നെ അല്ലാഹുവിന്റെ ഖുർആൻ പറഞ്ഞതാണ്. അല്ലാഹു പറയുന്നു: എല്ലാ വസ്തുക്കളില്‍ നിന്നും ഈരണ്ട് ഇണകളെ നാം സൃഷ്ടിച്ചിരിക്കുന്നു. നിങ്ങള്‍ ആലോചിച്ച് മനസ്സിലാക്കുവാന്‍ വേണ്ടി. (51:49) എല്ലാ വസ്തുക്കളിലും ഇണകളുണ്ട് എന്ന വചനത്തെ ബാഹ്യമായി അപഗ്രഥിച്ചാല്‍ ജീവിവര്‍ഗങ്ങളിലും സസ്യജാലങ്ങളിലും പെട്ട ഇണകളെ കുറിച്ചാകാം ഇതെന്ന് ആര്‍ക്കും മനസ്സിലാവും. മനുഷ്യരിലും സസ്യവര്‍ഗങ്ങളിലും എല്ലാം പെട്ട ഇണകളെകുറിച്ച് ഖുര്‍ആന്‍ പ്രത്യേകം എടുത്ത് പറയുന്നുമുണ്ട്. വീണ്ടും അല്ലാഹു പറയുന്നു: നിങ്ങള്‍ക്ക് വേണ്ടി ഭൂമിയെ തൊട്ടിലാക്കുകയും, നിങ്ങള്‍ക്ക് അതില്‍ വഴികള്‍ ഏര്‍പെടുത്തിത്തരികയും, ആകാശത്ത് നിന്ന് വെള്ളം ഇറക്കിത്തരികയും ചെയ്തവനത്രെ അവന്‍. അങ്ങനെ അത് വഴി വ്യത്യസ്ത തരത്തിലുള്ള സസ്യങ്ങളുടെ ഇണകൾ നാം (അല്ലാഹു) ഉല്‍പാദിപ്പിക്കുകയും ചെയ്തിരിക്കുന്നു. (20:53) മറ്റൊരു സൂക്തം ഇങ്ങനെയാണ്. നിങ്ങള്‍ക്ക് സമാധാനപൂര്‍വ്വം ഒത്തുചേരേണ്ടതിനായി നിങ്ങളില്‍ നിന്ന് തന്നെ നിങ്ങള്‍ക്ക് ഇണകളെ സൃഷ്ടിക്കുകയും, നിങ്ങള്‍ക്കിടയില്‍ സ്‌നേഹവും കാരുണ്യവും ഉണ്ടാക്കുകയും ചെയ്തതും അവന്റെ ദൃഷ്ടാന്തങ്ങളില്‍ പെട്ടതത്രെ. തീര്‍ച്ചയായും അതില്‍ ചിന്തിക്കുന്ന ജനങ്ങള്‍ക്ക് ദൃഷ്ടാന്തങ്ങളുണ്ട്. (30:21)



എന്നാൽ ഈ പറഞ്ഞതിനോ നാം അനുഭവത്തിലൂടെ തിരിച്ചറിയുന്ന ഈ സത്യത്തിനോ രണ്ട് തുല്യമായ ഘടകങ്ങൾ തമ്മിൽ ചേർന്നാണ് എല്ലാം ഉണ്ടാകുന്നത് എന്ന് അർഥമില്ല. അങ്ങനെയായാൽ അവ പരസ്പരം ചേരില്ല എന്നത് ഊർജ്ജതന്ത്രത്തിലെ പ്രാഥമിക അറിവുകളിൽ പെട്ടതാണ്. ചെറിയ ഒരു ഉദാഹരണം വഴി ഇതു മനസ്സിലാക്കാം. ഒരു ബൾബ് കത്താൻ രണ്ട് സർക്യൂട്ടുകൾ കൂടിയേ തീരൂ. ഇതു രണ്ടും ഒരേ ശക്തിയിലുള്ളതായാൽ രണ്ടും തമ്മിൽ ചേരില്ല, അല്ലെങ്കിൽ ശക്തി ഉൽപ്പാദിപ്പിക്കില്ല. അതറിയുവാൻ ഒരു ബൾബിലേക്ക് നീളുന്ന രണ്ട് വയറുകളിൽ ഒന്ന് മുറിച്ച് തൊട്ടു നോക്കിയാൽ മാത്രം മതി. രണ്ടിലും ചാർജ്ജ് ഉണ്ടായിരിക്കും. പക്ഷെ, ഒന്നിലെ ചാർജ്ജ് പോസിറ്റീവും മറ്റേതിലേത് നെഗറ്റീവും ആയിരിക്കും. ഒന്നിൽ തൊട്ടാൽ തെറിക്കും. മറ്റേതിൽ അങ്ങനെ തെറിക്കില്ല. ഈ സരളമായ ഉദാഹരണം വ്യക്തമാക്കുന്നത് പ്രപഞ്ചത്തിലെ എല്ലാം ഉണ്ടാകുന്നത് ഇങ്ങനെ രണ്ട് ഘടകങ്ങൾ ചേർന്നാണ് എന്നാണ്. സമൂഹം, കുടുംബം, കുലം തുടങ്ങിയ അർഥങ്ങൾ സ്ഥാപിതമാകുവാൻ അവശ്യം വേണ്ട രണ്ട് ഘടകങ്ങളാണ് ആണും പെണ്ണും. ആണും പെണ്ണും ചേർന്ന് സമൂഹം ഉണ്ടാകുവാൻ അവർ രണ്ടും സമജ്ജസമായി ചേരണം. അതിന് ചില ഏറ്റവിത്യാസങ്ങൾ അനിവര്യമാണ്. ഈ അനിവാര്യതകൾ പരിഗണിക്കുകയാണ് ലിംഗനീതി എന്ന പ്രയോഗത്തിലൂടെ. അതേസമയം അത് ലിംഗ സമത്വം എന്ന അർഥത്തിലേക്ക് വരുമ്പോൾ പലതരം ചേരായ്മകളും വരും. എന്നു വെച്ചാൽ അതിനർഥം പെണ്ണിനെ അടിച്ചമർത്തുന്നു എന്നോ തരം താഴ്ത്തി നിറുത്തുന്നു എന്നോ അവളെ വെറും അടിമയായി കാണുന്നു എന്നോ ഒന്നും അർഥമില്ല. ഇത് പ്രത്യേക മതമോ രാഷ്ട്രീയ വിഭാഗമോ പറയുന്നതോ വാശിപിടിക്കുന്നതോ ഒന്നുമല്ല. മറിച്ച് ഇത് വെറും ജൈവപരമായ ഒരു വസ്തുതയാണ്. ആണിന് കരുത്തുളള ശരീരവും മനസ്സും നൽകപ്പെട്ടിരിക്കുന്നു. അത് സ്ത്രീയെ അവൾക്കു വേണ്ടതെല്ലാം ചെയ്തു കൊടുത്ത് സംരക്ഷിക്കുവാനാണ്. അല്ലാഹു പറയുന്നു: പുരുഷന്മാര്‍ സ്ത്രീകളുടെമേല്‍ നിയന്ത്രണാവകാശമുള്ളവരാണ്. ചിലരെ മറ്റുചിലരെക്കാള്‍ അല്ലാഹു ശ്രേഷ്ഠരാക്കിയതു കൊണ്ടും ആണുങ്ങള്‍ സമ്പത്തു ചെലവഴിക്കുന്നതിനാലുമാണത്. (4:34)



പ്രകൃതിയിലെ മറ്റു ജീവികളിലും സ്ത്രീപുരുഷ വ്യത്യാസങ്ങൾ പ്രകടമാണ്. പശുവിനെക്കാളേറെ കരുത്തും ശക്തിയും കാള പ്രകടിപ്പിക്കുന്നുണ്ട് എന്നത് സത്യമാണല്ലോ. കന്നുപൂട്ടിന് പശുവിനെ ഉപയോഗിക്കുന്നതിനു പകരം കാളയെയാണ് ഉപയോഗിക്കാറുള്ളത്. പ്രാണികളിലെ മിന്നാമിനുങ്ങളിൽ കൂടുതൽ പ്രകാശം പൊഴിക്കുന്നത് പുരുഷനാണ്. അത് ഇണയെ ആകർഷിക്കാനാണ് ചെയ്യുന്നത് എന്ന് പറയാറുണ്ട്. പിൻഭാഗം പരസ്പരം ഒട്ടിച്ച് മറ്റൊന്നിനെ വലിച്ച് കൊണ്ട് പോവുന്ന ഒട്ടി പ്രാണിയിൽ സ്ത്രീയെ വഹിച്ചു കൊണ്ടു പോവുന്നത് പുരുഷനാണ്. പക്ഷികളിലെ വവ്വാലുകളിൽ കുഞ്ഞുങ്ങളെ മുലയൂട്ടുന്നതും സ്വയപ്രാപ്തിയെത്തും വരെ ചിറകിനടിയിൽ സംരക്ഷിക്കുന്നതും പെൺ വവ്വാലുകളാണ്. വിശ്രമ സമയത്ത് പെൺ വവ്വാലിനെയും കുഞ്ഞുങ്ങളെയും അക്രമിക്കാൻ വരുന്ന ശത്രുക്കൾക്കെതിരെ കാവലിരിക്കുന്നതും അവരെ തുരത്തി ഓടിക്കുന്നതും ആൺ വവ്വാലുകളുമാണ്. ലോക പ്രശസ്ത പക്ഷിശാസ്ത്രജ്ഞൻ ഡോ. സാലിം അലി തന്റെ വീട്ടുമുറ്റത്തെ തൊഴുത്തിൽ ഒരു പെൺകുരുവി മുട്ടയിട്ട് അടയിരിക്കുന്നതും അവൾക്കായി ഒരു ആൺപക്ഷി കാവലിരിക്കുന്നതും കണ്ടെത്തുകയുണ്ടായി. അദ്ദേഹം ആ ആൺ കിളിയെ വെടിവെച്ചു. ഉടനെ പെൺകുരുവി പറന്നുപോയി. തന്റെ നിരീക്ഷണത്തിന്റെ ഭാഗമായി മറ്റൊരു ആൺപക്ഷിയെ തൽസ്ഥാനത്ത് പകരം നിർത്തി സാലിം അതിനേയും വെടിവെച്ചിട്ടു. ഇങ്ങനെ ഇത് ഒമ്പതു പ്രാവശ്യം തുടർന്നെങ്കിലും ഒമ്പതു തവണയും പെൺകുരുവി കാവലിനായി കണ്ടെത്തിയത് ആൺ പക്ഷിയെ തന്നെയായിരുന്നു (ശാസ്ത്ര കേരളം 1996 ഒക്ടോബർ). പെൺ ഡോൾഫിനുകൾ കുഞ്ഞുങ്ങളുമായി സഞ്ചരിക്കുന്നത് ധാരാളം ആൺ ഡോൾഫിനുകളുടെ സംരക്ഷണത്തിലാണ് എന്നും നീലതിമിംഗലവും ഇതേ സ്വഭാവക്കാരാണെന്നാണ് എന്നുമാണ് നിരീക്ഷകരുടെ അഭിപ്രായം. ഇതെല്ലാം തെളിയിക്കുന്നത് ആണിന്റെ ആധിപത്യ സ്വഭാവവും പെണ്ണിന്റെ വിധേയത്വ സ്വഭാവവും തികച്ചും ജനിതകമാണ് എന്നതാണ്.



പുരുഷനും സ്ത്രീയും തമ്മിലുള്ള വ്യത്യാസം വസ്ത്രവുമായി ബന്ധപ്പെട്ടതല്ല, ഉടലുമായും ഉണ്മയുമായും ബന്ധപ്പെട്ടതാണ്. അവർക്കിടയിൽ സമത്വവാദം ജന്തുശാസ്ത്രമോ നരവംശ ശാസ്ത്രമോ അംഗീകരിക്കുന്നില്ല. ശാസ്ത്രീയമായി തന്നെ കേവല യുക്തിക്കും അറിവുകള്‍ക്കും അനുഭവങ്ങള്‍ക്കും നിരക്കുന്നതല്ല ലിംഗസമത്വം എന്ന ആശയം. രാവും പകലും, കരയും കടലും, ഉദയവും അസ്തമയവും, ഗിരിയും ഗര്‍ത്തവും, ന്യൂട്രോണും പ്രോട്ടോണും പ്ലസും മൈനസും, തുടങ്ങി ഒരു ബെനറി ചെയിന്‍ സത്യമാണ്. കമ്പ്യൂട്ടര്‍ ഇന്‍പുട്ടുകള്‍ പോലും പൂജ്യം ഒന്ന്, ഒന്ന് പൂജ്യം എന്ന തോതിലാണ് പ്രവര്‍ത്തിക്കുന്നത്. അതിന്റെ ഏറ്റവും പരമമായ ഘടകമാണ് പൗരുഷവും സ്ത്രീത്വവും. ഇവ രണ്ടും സമമാവണമെന്ന ചിന്ത പ്രാപഞ്ചിക വിരുദ്ധമാണ്. രണ്ടിനും രണ്ടു ധര്‍മങ്ങളാണുള്ളത്. അവ പരസ്പരം ഏറ്റുമുട്ടുമ്പോള്‍ ശക്തിയാര്‍ക്ക് എന്ന അന്വേഷണം അര്‍ഥരഹിതമാണ്.
സ്ത്രീയെ സാമ്പത്തികോപകരണം മാത്രമാക്കി 1850-കളില്‍ യൂറോപ്പില്‍ ഉടലെടുത്ത ഇടതുപക്ഷ ചിന്തയാണ് ഫെമിനിസം. പുരുഷന്റെ തൊഴില്‍വേതനം സ്ത്രീക്കും നല്‍കണമെന്നതില്‍നിന്നാണ് അതിന്റെ പ്രത്യയശാസ്ത്രം ആരംഭിക്കുന്നത്. പക്ഷേ അതൊന്നും വിജയിപ്പിച്ചെടുക്കാന്‍ സാധിച്ചിട്ടില്ല. യൂറോപ്പില്‍പ്പോലും വേജ് ഗ്യാപ് ഇന്നും നിലനില്‍ക്കുന്നു.
ശാരീരികമായി സ്ത്രീക്ക് പുരുഷന്റെ ഉയരമോ ഭാരമോ ഇല്ല. ഹീമോഗ്ലോബിന്‍ മുതല്‍ ശാരീരിക സ്രവങ്ങളിലെ ഹോര്‍മോണുകള്‍ വരെ അവർക്ക് കുറവാണ്. ഇതൊന്നും വെച്ച് സ്ത്രീ പുരുഷനോട് കലഹിക്കുന്നതിൽ അർഥമില്ല. സത്യത്തിൽ അവളെ പുരുഷൻമാർ അവഗണിക്കുകയോ തരം താഴ്ത്തുകയോ ചെയ്യുന്നുണ്ട് എന്നത് മേൽപ്പറഞ്ഞ പത്തൊമ്പതാം നൂറ്റാണ്ടിലെ ആ പറഞ്ഞവർ കെട്ടിച്ചമച്ചുണ്ടാക്കിയ ഒരു കളളമാണ്. സത്യത്തിൽ പെണ്ണിനാണ് ആണിന്റെ മനസ്സിൽ ഏറ്റവും വില. ഒരു പെണ്ണിന് വേണ്ടി ആണ് എന്തും ചെയ്യും എന്നതാണ് അനുഭവം എന്നിരിക്കെ പുരുഷനെ കുറിച്ച് ഈ ഇല്ലാ വചനങ്ങൾ പറയുന്നതിനെ കളളം എന്നല്ലാതെ എന്താണ് പറയുക ?.



എന്തൊക്കെയോ തട്ടിക്കൂട്ടാനുള്ള ചട്ടക്കൂടുകൾ എന്ന കൈപ്പുസ്തകത്തിൽ പ്രധാന വിഷയമായി പരിഗണിക്കുന്നത് തന്നെ ലിംഗനീതി, ജെൻഡർ ഓഡിറ്റിംഗ്, മിശ്ര ഇരുത്തം, യുക്തി ചിന്തയുടെ പരിപോഷണം തുടങ്ങിയ കാര്യങ്ങളാണ്. കുട്ടികളിൽ നല്ല വിദ്യാഭ്യാസം എത്തിക്കാനുള്ളതിനേക്കാൾ ഏതോ ആശയങ്ങൾ പുരോഗമനമെന്ന പേരിൽ ചുട്ടെടുക്കാനുള്ള നീക്കം വ്യക്തമാണ്. കാര്യങ്ങളൊക്കെ ഇങ്ങനെയൊക്കെയാണ് ഇനി പോകുക എന്നതും ഇതൊന്നും ഇനി വലിയ തോതിൽ തിരുത്തുവാൻ കഴിയില്ല എന്നതുമെല്ലാം വസ്തുതയാണെങ്കിലും പറയാനുളളത് പറയേണ്ട ഇടത്തിലും സമയത്തിലും പറയുക എന്നത് നമ്മുടെ കടമയാണ്.








0 Comments

No comments yet.

Leave a Comment

© www.thdarimi.in. All Rights Reserved. Designed by zainso