Thoughts & Arts
Image

ഖുർആൻ പഠനം /അൽ ഹശ്‌ർ 6

02-12-2022

Web Design

15 Comments





ബാലൻസ് പരിശോധിച്ചു കൊണ്ടിരിക്കണം



15 അവര്‍ക്കു മുമ്പ് സമീപകാലത്ത് കഴിഞ്ഞുപോയവരുടെ (ബദ്‌റ്-ബനൂഖൈനുഖാഉകാരുടെ) അവസ്ഥ തന്നെ. തങ്ങളുടെ ചെയ്തികളുടെ നാശം അവര്‍ രുചിച്ചു കഴിഞ്ഞു; ഇനി വേദനയുറ്റ പാരത്രിക ശിക്ഷയും അവര്‍ക്കുണ്ട്.



ജൂതൻമാരെ തുറന്നുകാട്ടുന്ന ഖണ്ഡികയുടെ അവസാന ഭാഗമാണിത്. കഴിഞ്ഞ ആയത്ത് പറഞ്ഞു വെക്കുന്നത് അവരുടെ മാനസിക ദൗർബല്യമാണ്. നേരിട്ട് നേരിടാൻ മാത്രം അവർക്ക് മനക്കരുത്തില്ല എന്നും എന്നാൽ അവർക്ക് സംഘബലമുണ്ടോ, അതുമില്ല, കാഴ്ചയിൽ അവർ ഒന്നാണ് എന്ന് നിങ്ങൾക്ക് തോന്നിപ്പോയേക്കാമെങ്കിലും അവരുടെ മനസ്സുകൾ സത്യത്തിൽ ഒന്നല്ല എന്നെല്ലാമാണ് അല്ലാഹു പറഞ്ഞത്. തുടർന്ന് അവരുടെ ഈ ദൗർബല്യം വ്യക്തമായും വെളിച്ചത്തായ ചില രംഗങ്ങളുടെ പരാജയം ചൂണ്ടിക്കാണിക്കുകയാണ്. അവർക്ക് മുമ്പ് എന്നും സമീപകാലത്ത് എന്നും സ്പഷ്ടമായി പറയുന്നതിനാൽ മക്കക്കാർക്ക് ഈ സൂക്തം അവതരിക്കുന്നതിന്റെ അധികം വൈകിയല്ലാത്ത ഒരു കാലത്ത് നടന്ന സംഭവങ്ങളായിരിക്കും ഇവിടെ പരാമർശിക്കപ്പെടുന്നത്. അങ്ങനെയാണെങ്കിൽ അത് ഒന്ന് ബദർ യുദ്ധവും മറ്റൊന്ന് ബനൂ നളീർ, ബനൂ ഖുറൈള എന്നീ ജൂത കുടുംബങ്ങൾക്ക് വന്ന ദുരന്തവുമായിരിക്കും ഉദ്ദേശിക്കുന്നത്. ഇതിൽ ബദറിലെ അനുഭവം ചരിത്രത്തിൽ ഏറെ വ്യക്തതയുളള ഒരു ഉദാഹരണമാണ്. കാരണം അന്ന് അവർ എണ്ണത്തിലും ആയുധ ശക്തിയിലുമെല്ലാം മുസ്ലിം സേനയേക്കാൾ ഏറെ മുന്നിലായിരുന്നു. സർവ്വ സന്നാഹങ്ങളുമായി അവർ ആയിരം പേർ ഉണ്ടായിരുന്നു. മുസ്ലിം പക്ഷത്താവട്ടെ ഏതാണ്ട് മുന്നൂറ് പേരാണ് ഉണ്ടായിരുന്നത്.



പക്ഷെ, അവർക്ക് മനക്കരുത്ത് തുടക്കത്തിലേ നഷ്ടപ്പെട്ടു. അതിനാൽ അബൂ ജഹലിന്റെയും മറ്റും നിർബന്ധത്തിന് വഴങ്ങി അവർ ഒരേ അണിയിൽ നിന്നു എങ്കിലും അവരുടെ മനസുകൾ മേൽ ആയത്ത് പറയുന്നതു പോലെ ഒന്നായിരുന്നില്ല. അവർക്കിടയിൽ ആദ്യ വിള്ളൽ വീണത് അബൂ സുഫ്‌യാനും സംഘവും വഴിമാറി നടന്ന് സുരക്ഷിതരായി മക്കയുടെ അതിർത്തിയിൽ എത്തിച്ചേർന്നു എന്ന വാർത്ത ലഭിച്ചപ്പോഴായിരുന്നു. അപ്പോൾ തന്നെ പലരും എന്നല്ല ഭൂരിപക്ഷം പേരും എങ്കിൽ ഇനി മടങ്ങാം എന്ന് പറഞ്ഞിരുന്നതാണ്. ബനൂ സുഹ്റക്കാർ മടങ്ങുകയും ചെയ്തു. മറ്റുളളവർ പലരും അബൂ ജഹലിന്റെ പിടിവാശി കാരണമായിട്ടായി രുന്നു യാത്ര തുടരേണ്ടി വന്നത്. ഇങ്ങനെ പഞ്ചല മാനസരായി യുദ്ധക്കളത്തിൽ എത്തിയ അവർ ഏറ്റ ആദ്യത്തെ ആഘാതം ദ്വന്ദയുദ്ധത്തിൽ അവരുടെ വളരെ പ്രധാനപ്പെട്ട നായകൻമാർ ഒന്നിനു പുറകെ ഒന്നായി വീണതായിരുന്നു. ഉത്ബത്ത്, ശൈബത്ത്, വലീദ് എന്നവർ മൂന്നു പേരും അവരുടെ നായകൻമാരായിരുന്നു. യുദ്ധം പിന്നെ മുറുകിയില്ല. അതുകൊണ്ടാണ് അവരിൽ എഴുപതു പേർ കൊല്ലപ്പെടുകയും എഴുപതു പേർ തടവിലാക്കപ്പെടുകയും ചെയ്തത്. പട്ടാപ്പകൽ മക്കയിലേക്ക് കടക്കുവാൻ പോലും കഴിയാത്ത മാനസികാവസ്ഥയിലായി അവർ. ബനൂ നളീർ, ബനൂ ഖുറൈള എന്നീ ജൂത കുടുംബങ്ങളുടെ അവസ്ഥയും മറിച്ചായിരുന്നില്ല. മദീനയിൽ വലിയ അറിവുള്ളവരായി അറിയപ്പെടുകയും സമ്പന്നൻമാരും നിർമ്മാതാക്കളും കർഷകരും ഒക്കെയായിരുന്ന അവർക്ക് തലയും താഴ്തി നാടുവിടേണ്ട ദുർഗതിയാണ് വന്നു ഭവിച്ചത്. ഇതെല്ലാം അവരെ, ഏറ്റവും കുറഞ്ഞത് അവരിൽ നിന്ന് ചിന്തിക്കുന്നവരെ ഉള്ളുലച്ചു കഴിഞ്ഞ കാര്യങ്ങളായിരുന്നു. അവിശ്വാസികൾ പരമമായ പാരത്രിക ശിക്ഷക്ക് മുമ്പ് ദുനിയാവിൽ നിന്നു തന്നെ അനുഭവിക്കേണ്ടി വരുന്ന ശിക്ഷയായിട്ടാണ് ഇതൊക്കെ പരിഗണിക്കപ്പുന്നത്.



16 പിശാചിന്റെയവസ്ഥയും തഥൈവ-നീ സത്യനിഷേധിയാകൂ എന്ന് മനുഷ്യനോടവന്‍ ശാസിച്ച സന്ദര്‍ഭം! അങ്ങനെ അയാള്‍ അവിശ്വാസിയായിക്കഴിഞ്ഞപ്പോള്‍ പിശാച് പറഞ്ഞു: നിന്നില്‍ നിന്ന് ഞാന്‍ വിമുക്തന്‍ തന്നെയാണ്; പ്രപഞ്ച നാഥനായ അല്ലാഹുവിനെ ഞാന്‍ ഭയപ്പെടുന്നു.



കപട വിശ്വാസികളായ മുനാഫിഖുകൾ ജൂതരെ മുസ്ലിംകൾക്കെതിരെ യുദ്ധം ചെയ്യാൻ പ്രേരിപ്പിക്കുമായിരുന്നു. മുനാഫിഖുകൾ കൊടും പാപികളാണ് എങ്കിലും അവർ ന്യൂനപക്ഷമായിരുന്നു. സംഘടിതമായി മുസ്ലിംകൾക്കെതിരെ പരസ്യമായി നീങ്ങാൻ അവർക്ക് കഴിയുമായിരുന്നില്ല. മാത്രമല്ല, അവർ മുസ്ലിംകളുടെ മുമ്പിൽ അവരുടെ ആൾക്കാരായി അഭിനയിക്കുന്ന കാരണത്താൽ അവർക്കതിന് കഴിയുകയും ഇല്ലായിരുന്നു. അതിനാൽ അവർ ജൂതൻമാരെ രഹസ്യമായി ചെന്നുകണ്ട് നിങ്ങൾ മുസ്ലിംകൾക്കെതിരെ യുദ്ധം ചെയ്യുന്ന പക്ഷം ഞങ്ങൾ നിങ്ങളെ സഹായിക്കും എന്ന് പറയുമായിരുന്നു. എന്നാൽ ജൂതൻമാർ മുസ്ലിംകൾക്കെതിരെ അണിനിരന്നപ്പോൾ ഇവരുടെ പൊടിപോലും കണ്ടില്ല. ഇപ്രകാരം തന്നെയാണ് പിശാചും ചെയ്യുക എന്നാണ് ഈ ആയത്തിൽ പറയുന്നത്. പിശാചിന്റെ പണിയും ഇതാണ്. അവൻ മനുഷ്യനെ കൊണ്ട് കുഫ്റ് എന്ന അവിശ്വാസം ചെയ്യിക്കും. എന്നിട്ട് പിന്നെ ശിക്ഷയുടെയും വിചാരണയുടെയും മുമ്പിലെത്തുമ്പോൾ അവൻ തടിതപ്പുകയും ചെയ്യും. ഞാനൊന്നും അറിയില്ലെന്ന് പറഞ്ഞ് അവൻ കൈമലർത്തുക മാത്രമല്ല, എനിക്ക് അല്ലാഹുവിന്റെ ശിക്ഷയെ ഭയമാണ് എന്നവൻ പറഞ്ഞ് ഒഴിയും.



17 അങ്ങനെ അവര്‍ രണ്ടുപേരുടെയും പരിണതി ശാശ്വതവാസം വിധിക്കപ്പെട്ട് നരകത്തിലാവുക എന്നതായി! അതിക്രമകാരികളുടെ പ്രതിഫലം അതാകുന്നു.



അവർ രണ്ടു പേരുടെയും എന്നത് കൊണ്ട് ഉദ്ദേശിക്കുന്നത് തെറ്റ് ചെയ്യാൻ കൽപ്പിക്കുന്നവന്റെയും അതു കേട്ട് തെറ്റ് ചെയ്യുന്നവന്റെയും എന്നാണ്. ബദറിൽ മക്കയിലെ മുശ്രിക്കകൾക്കും ബനൂ ഖൈനുഖാഇനും ഏറ്റുവാങ്ങേണ്ടി വന്ന അതേ ശിക്ഷയും മാനഹാനിയുമാണ് ബന്നുന്നളീറിന്ന് ഇപ്പോൾ ഏറ്റുവാങ്ങേണ്ടി വന്നിരിക്കുന്നത് എന്നാണ് കേന്ദ്ര പ്രമേയം. അതിന് ഹീനമായ ശിക്ഷ ഏറ്റുവാങ്ങേണ്ടിവന്നതിന്റെ ഉപമയായി ക്കൊണ്ടാണ് ഖുറൈശിനും മറ്റൊരു ജൂതഗോത്രമായ ബനൂഖൈനുഖാഇനുമുണ്ടായ ദുരന്തം ഓർമ്മിപ്പിക്കുന്നത്. നബി(സ്വ)യോട് തീക്ഷ്ണവിദ്വേഷവും രൂക്ഷ ശാത്രവവും വെച്ചു പുലര്‍ത്തിയ ഖുറൈശ് ബദ്‌റില്‍ അമ്പേ പരാജയപ്പെട്ടു. മദീനാ നിവാസികളായ ബനൂഖൈനുഖാഅ് നബി(സ്വ)യോട് യുദ്ധഭീഷണി മുഴക്കുകയും ഒരു മുസ്‌ലിം സ്ത്രീയെ അവഹേളിക്കുകയും ചെയ്തു. നബിയുടെ ഉപരോധമുണ്ടായി ഗത്യന്തരമില്ലാതെ ഹിജ്‌റ മൂന്ന് ശവ്വാലില്‍ അവര്‍ ശാമിലേക്ക് പോയി. പിശാചും അങ്ങനെ തന്നെ: മനുഷ്യനെ ദുര്‍മാര്‍ഗത്തിലേക്ക് ക്ഷണിക്കും, കെണിയില്‍ വീണുകഴിഞ്ഞ ശേഷം അവൻ പാലം വലിക്കും.



18 സത്യവിശ്വാസികളേ നിങ്ങള്‍ അല്ലാഹുവിനെ സൂക്ഷിക്കുകയും നാളെക്കുവേണ്ടി എന്തു സന്നാഹമാണ് താന്‍ ചെയ്തിട്ടുള്ളതെന്ന് ഓരോ വ്യക്തിയും ആത്മപരിശോധന നടത്തുകയും ചെയ്യട്ടെ. നിങ്ങള്‍ അല്ലാഹുവിനോട് ഭയപ്പാടുള്ളവരാകണം നിങ്ങളുടെ പ്രവൃത്തികളെ കുറിച്ച സൂക്ഷ്മജ്ഞാനിയാണവന്‍.



മനുഷ്യന്റെ ഐഹിക ജീവിതത്തിന്റെ നേരായ രേഖയും മനുഷ്യന്റെ ശരിയായ ദൗത്യവും വരച്ചു തരികയാണ് അല്ലാഹു ഈ ആയത്തിലൂടെ. അല്ലാഹുവിന്റെ വിധിയും വിലക്കുകളും പാലിച്ചും അവനെ ഭയന്നും ജീവിക്കുക, നാളേക്ക് വേണ്ടി ചെയ്യാനുളെതെല്ലാം ഉത്തമ ബോധ്യത്തിലൂടെയും പരിശോധനയിലൂടെയും ഉറപ്പു വരുത്തുക എന്നിവയാണവ. ഇത്ര പറഞ്ഞാൽ തന്നെ ബാക്കിയുള്ള എല്ലാം അതിനുള്ളിൽ ഒതുങ്ങും. ഈ ആയത്തിൽ പറയുന്നതിന്റെ മർമ്മഭാഗം ആത്മ പരിശോധനയാണ്. ഇത് വളരെ പ്രധാനപ്പെട്ട ഒരു സംഗതിയാണ്. കാരണം പലരും ഗൗനിക്കാതെയും ശ്രദ്ധിക്കാതെയും പോകുന്ന കാര്യമാണിത്. ഈ ദുനിയാവിലെ ജീവിതം പരിമിതമാണ്. മരണാനന്തരം അറ്റമില്ലാത്ത ജീവിതമാണ് നാം നയിക്കാന്‍ പോകുന്നത്. മരണാനന്തര ജീവിതത്തെ സംബന്ധിച്ച് ആഴത്തില്‍ ചിന്തിച്ച് തന്റെ ജീവിതം വിലയിരുത്തുന്നവര്‍ വളരെ വിരളമാണ്. അധികപേരും തന്റെ വൈകല്യങ്ങളെ സംബന്ധിച്ചും പോരായ്മകളെക്കുറിച്ചും ചിന്തിക്കാതെ മറ്റുള്ളവരുടെ തെറ്റുകുറ്റങ്ങള്‍ അളന്നു തിട്ടപ്പെടുത്തുന്ന കാര്യത്തി ല്‍ മിടുക്കന്മാരാണ്. ഫലത്തില്‍ അത്തരം ദുഷിച്ച പ്രവര്‍ത്തനങ്ങള്‍ മൂലം അവര്‍ പ്രവര്‍ത്തിച്ച സല്‍ക്കര്‍മങ്ങള്‍ പോലും അവര്‍ക്ക് നഷ്ടപ്പെടാന്‍ ഇടവരുത്തും എന്നതാണ് വസ്തുത. അല്ലാഹു കല്പിക്കുന്നത്, അന്യരുടെ കര്‍മങ്ങള്‍ തൂക്കി കണക്കു നോക്കാനല്ല. മറിച്ച് തന്റെ പ്രവര്‍ത്തനങ്ങളെ സംബന്ധിച്ച് വിലയിരുത്താനും ചിന്തിക്കാനുമാണ്. അല്ലാഹു പറയുന്നു: സത്യവിശ്വാസികളേ, നിങ്ങള്‍ അല്ലാഹുവെ സൂക്ഷിക്കുക. ഓരോ വ്യക്തിയും താന്‍ നാളേക്കുവേണ്ടി എന്തൊരു മുന്നൊരുക്കമാണ് ചെയ്തുവച്ചിട്ടുള്ളതെന്ന് നോക്കിക്കൊള്ളട്ടെ (ഹശ്ര്‍ 18).
ദുനിയാവില്‍ വെച്ച് ചെയ്തതും പറഞ്ഞതുമായ കാര്യങ്ങള്‍ അണുത്തൂക്കം വ്യത്യാസമില്ലാതെ അ ല്ലാഹു രേഖാമൂലം നമ്മുടെ മുന്നി ല്‍ ഹാജരാക്കുകയും നമ്മെ ചോദ്യം ചെയ്യുകയും ചെയ്യും. ഒരു നബിവചനം ശ്രദ്ധിക്കുക: അഞ്ച് കാര്യങ്ങളെ സംബന്ധിച്ച് ചോദിക്കപ്പെടാതെ, അന്ത്യദിനത്തില്‍ ആദമിന്റെ പുത്രന്റെ കാല്‍പാദങ്ങള്‍ മുന്നോട്ടു നീങ്ങുന്നതല്ല. തന്റെ ആയുസ് എന്തിനു ചെലവഴിച്ചു? തന്റെ യുവത്വം എന്തിനു വിനിയോഗിച്ചു? തന്റെ ധനം എങ്ങനെ സമ്പാദിച്ചു, ഏതു വിധം ചെലവഴിച്ചു? തന്റെ വിജ്ഞാനത്തിന്റെ അടിസ്ഥാനത്തില്‍ എന്തൊക്കെ പ്രവര്‍ത്തിച്ചു? എന്നിവയെ കുറിച്ച്. (തിര്‍മിദി).



ഈ ആയത്തിന്റെ പശ്ചാതലമുപയോഗപ്പെടുത്തി നബി(സ) ചെയ്ത ഒരു ഉപദേശം സ്വഹീഹ് മുസ്ലിം നിവേദനം ചെയ്യുന്നുണ്ട്. ഈ ആയത്തിന്റെ വ്യാഖ്യാനത്തിൽ പ്രമുഖ മുഫസ്സിറുകളെല്ലാം ഈ സംഭവം ഉദ്ധരിക്കുന്നുണ്ട്. മുൻദിർ ബിൻ ജരീറ്(റ) തന്റെ പിതാവിൽ നിന്നും നിവേദനം ചെയ്യുന്ന ഈ ഹദീസിൽ അദ്ദേഹം പറയുന്നു: ഒരു ദിനം ഞങ്ങൾ തിരുനബി(സ)യോടൊപ്പം ഇരിക്കുകയായിരുന്നു. അപ്പോൾ അവിടുത്തെ ചാരത്തേക്ക് മുളറ് ഗോത്രക്കാരായ കുറച്ചാളുകൾ വന്നു. അവർ നഗ്നപാദരും, ഉടുതുണിക്ക് മറുതുണിയില്ലാത്ത, കമ്പിളി വസ്ത്രം മാത്രം കഴുത്തിലൂടെ ധരിച്ചവരുമായിരുന്നു. ഇവരുടെ ദാരിദ്ര്യ അവസ്ഥ കണ്ട മാത്രയില്‍ പ്രവാചകര്‍(സ) യുടെ മുഖം വിവര്‍ണമായി. സഹാനുഭൂതി നാമ്പിട്ട ഹൃദയത്തോടെ അവിടുന്ന് പള്ളിയിലൂടെ അങ്ങുമിങ്ങും നടന്നുകൊണ്ടിരുന്നു. പിന്നെ നബി(സ്വ) ബിലാല്‍(റ)വിനോട് ബാങ്ക് കൊടുക്കാന്‍ പറഞ്ഞു. തുടർന്ന് നിസ്കാരം നടന്നു. നിസ്കാരം കഴിഞ്ഞയുടനെ റസൂല്‍(സ) ഒരു പ്രഭാഷണം നടത്തി. അതിൽ നബി തങ്ങൾ ഈ ആയത്ത് പാരായണം ചെയ്തു: മനുഷ്യരേ, നിങ്ങളെ ഒരു ശരീരത്തില്‍ നിന്ന് സൃഷ്ടിക്കുകയും അതില്‍ നിന്നു തന്നെ അതിന്‍റെ ഇണയെ സൃഷ്ടിക്കുകയും ആ രണ്ടു പേരില്‍ നിന്ന് അനേകം സ്ത്രീ പുരുഷന്മാരെ വ്യാപിപ്പിക്കുകയും ചെയ്ത നാഥനെ സൂക്ഷിക്കുവീന്‍. ഏതൊരാളെ മുന്‍നിര്‍ത്തി നിങ്ങള്‍ അന്യോന്യം ചോദിക്കുന്നുണ്ടോ, ആ അല്ലാഹുവിനെയും രക്തബന്ധത്തെയും സൂക്ഷിക്കുവീന്‍. തീര്‍ച്ചയായും അല്ലാഹു നിങ്ങളെ നിരീക്ഷിച്ചുകൊണ്ടിരിക്കുന്നു.(സൂറത്തുന്നിസാഅ്) തുടർന്ന് നമ്മൾ പറഞ്ഞു കൊണ്ടിരിക്കുന്ന ഈ ആയത്തും നബി തങ്ങൾ പാരായണം ചെയ്തു: സത്യവിശ്വാസികളേ നിങ്ങള്‍ അല്ലാഹുവിനെ സൂക്ഷിക്കുകയും നാളെക്കുവേണ്ടി എന്തു സന്നാഹമാണ് താന്‍ ചെയ്തിട്ടുള്ളതെന്ന് ഓരോ വ്യക്തിയും ആത്മപരിശോധന നടത്തുകയും ചെയ്യട്ടെ. നിങ്ങള്‍ അല്ലാഹുവിനോട് ഭയപ്പാടുള്ളവരാകണം നിങ്ങളുടെ പ്രവൃത്തികളെ കുറിച്ച സൂക്ഷ്മജ്ഞാനിയാണവന്‍. (സൂറത്തുൽ ഹശ്റ്).



തുടർന്ന് സദസ്സിൽ വന്ന ദരിദ്രരായ മുളറ് ഗോത്രക്കാരെ സഹായിക്കുവാൻ നബി തങ്ങൾ അഭ്യർഥിച്ചു. ഓരോരുത്തരും അവരവരുടെ കൈവശമുള്ള ദീനാര്‍, ദിര്‍ഹം, വസ്ത്രം, ഗോതമ്പ്, ഈത്തപ്പഴം എന്നിവ ധര്‍മ്മം ചെയ്യണം. ഒരു ചുള കാരക്കയുടെ കഷ്ണമാണുള്ളതെങ്കില്‍ അതെങ്കിലും കൊണ്ടുവരണം; നബി(സ) അഭ്യർഥിച്ചു. പ്രവാചകാഹ്വാനം ആവേശത്തോടെ ഏറ്റെടുത്ത അനുചരന്മാരിൽ ആദ്യമായി ഒരു അൻസ്വാരി സഞ്ചി നിറയെ സാധനങ്ങളുമായി തിരുസവിധത്തിലേക്ക് വന്നു. സഞ്ചിയുടെ ഭാരം അദ്ദേഹത്തിന്റെ കൈകളെ തളർത്തിയിരുന്നു. പിന്നീട് മറ്റു സ്വഹാബികളും അവരുടെ കൈവശമുള്ളത് കൊണ്ടുവരാൻ തുടങ്ങി. വിഭവസമാഹരണം രണ്ട് കൂമ്പാരങ്ങളായി. ഒന്ന് ഭക്ഷണം, മറ്റൊന്ന് വസ്ത്രം. അപ്പോൾ നബി(സ)യുടെ വദനം കനകം പോലെ തിളങ്ങുന്നുണ്ടായിരുന്നു. സങ്കടം നീങ്ങി. സന്തോഷം തളിരിട്ട ആ സമയത്ത് നബി തങ്ങൾ പറഞ്ഞു: ഇത്തരം നല്ലചര്യ ആര് തുടങ്ങിയോ അവര്‍ക്ക് അതിന്‍റെ പ്രതിഫലവും അത് അനുധാവനം ചെയ്തവരുടെ പ്രതിഫലവും ലഭിക്കും. ഒരു ചീത്ത നടപടി ആര് തുടങ്ങുന്നുവോ അതിന്‍റെ കുറ്റം അവന്‍ പേറുന്നതിന് പുറമെ അത് പ്രവര്‍ത്തിച്ചവരുടെ ശിക്ഷാവിഹിതവും അവന് ലഭിക്കുന്നതാണ്. (സ്വഹീഹ് മുസ്‌ലിം) ഓരോ മനുഷ്യനും തന്റെ സ്വന്തം ഭാവി ഭാസുരമാക്കേണ്ടതിനായി ഖുര്‍ആന്‍ സമര്‍പിക്കുന്ന അതീവ ഗൗരവമായ നിര്‍ദേശമാണ് ഈ കണക്കു നോട്ടം.



o

0 Comments

No comments yet.

Leave a Comment

© www.thdarimi.in. All Rights Reserved. Designed by zainso