Thoughts & Arts
Image

ആർഭാടവും കടവും കപട ആത്മരതിയും

14-12-2022






സെക്കണ്ടറി സ്കൂളിലെ ഒരു ഉയർന്ന ക്ലാസിൽ പഠിപ്പിക്കുന്ന മലയാളം പാഠാവലിയില്‍ സമുദായങ്ങള്‍ക്ക് ചിലത് ചെയ്യുവാനുണ്ട് എന്ന പേരിൽ ഒരു പാഠമുണ്ട്. എം.എന്‍.വിജയന്‍ മാഷ് എഴുതിയ ഈ പാഠത്തിന്റെ ആശയം കേരളീയന്‍റെ വര്‍ദ്ധിച്ചുവരുന്ന ഉപഭോഗ സംസ്‌കാരം എന്നതാണ്. അതിൽ ഒരു പ്രയോഗം ഇങ്ങനെയാണ്: ആര്‍ഭാടമായി ജീവിക്കണം എന്ന കൊതി മനുഷ്യനെ ഉന്മാദത്തിലേക്ക് നയിക്കുന്നു, ഇല്ലാത്തവന്‍ കടംവാങ്ങി, ചെലവാക്കി മുടിയുന്നു. ശരിക്കും ആഴത്തിലേക്ക് ചിന്തയുമായി ഊളിയിടുവാൻ കഴിയുന്ന ഒരാൾക്ക് ഇത് നമ്മുടെ പച്ചയായ സാമൂഹ്യ പരിസരത്തുനിന്നും പറിച്ചെടുത്തതാണ് എന്നു കണ്ടെത്തുക പ്രയാസമുള്ള കാര്യമല്ല. ഈ ലേഖനത്തിന്റെ ആശയം വലംവെക്കുന്ന കേന്ദ്ര ആശയങ്ങൾ രണ്ടാണ്. ഒന്ന്, ആർഭാടം. രണ്ട് കടവും. ഇവ രണ്ടിനെയും തമ്മിൽ ബന്ധിപ്പി/ക്കുന്ന തുല്യ പ്രാധാന്യമുളള മറ്റൊരു വാക്കു കൂടിയുണ്ട്. അതാണ് ഉൻമാദം. ഇവ മൂന്നും ഒരു ശ്രേണിയിൽ ചേർത്ത് വെച്ച് കോർത്തു കെട്ടിയാൽ നമുക്ക് ഇവിടെ ചെയ്യാനുളള ചർച്ചയുടെ മുഴുവൻ ആശയമായി മാറും അത്. മനുഷ്യർ വലിയ ആർഭാടത്തിൽ ജീവിക്കുന്നതിൽ ഏതോ ആനന്ദം കണ്ടെത്തുന്നു. അവന്റെ ആ മോഹവും അവന്റെ പോക്കറ്റും ഒത്തുപോകാതിരിക്കുന്നു. അപ്പോഴും തന്റെ മോഹത്തിൽ വിട്ടുവീഴ്ച ചെയ്യുവാൻ അവൻ തയ്യാറല്ല. മറിച്ച്, അവൻ ഏതു വിധേനയും തന്റെ മോഹം നിവൃത്തി ചെയ്യുവാനുളള വഴിയെ കുറിച്ച് ചിന്തിക്കുന്നു. ആർഭാടത്തിൽ അനുരക്തനാകുന്ന സ്വഭാവക്കാരനാണ് എന്നതിൽ നിന്നും ഈ കക്ഷി ചിന്തക്കും വിവേകത്തിനുമല്ല, വികാരത്തിന് മാത്രം വില കൽപിക്കുന്ന ആളാണ് എന്ന് മനസ്സിലാക്കാം. അതിനാൽ അവൻ കച്ചവടം ചെയ്തോ അധ്വാനിച്ചോ തന്റെ മോഹം സാക്ഷാൽക്കരിക്കുവാനുള്ള വഴിയൊന്നും ചിന്തിക്കില്ല. മറിച്ച് തൽക്കാലം കാര്യം കടന്നു കിട്ടാനുളള വഴിയിലേക്കേ അവൻ പോകൂ. അത് കടം വാങ്ങലാണ്. അതിന് ഏത് വലിയ ഉപാധിയും അവൻ അംഗീകരിച്ചേക്കും. എത്ര പലിശ കൊടുക്കേണ്ടി വന്നാലും അത് കൊടുക്കുവാൻ അവൻ തയ്യാറായിരിക്കും. കൊടുത്തില്ലെങ്കിൽ തന്റെ വീടും പറമ്പും ആസ്തികളും ഒക്കെ പോകും എന്നു പറഞ്ഞാലും അത്തരം ഭീഷണിയൊന്നും അവൻ കാര്യമാക്കില്ല.



ഈ പ്രകൃതത്തിൽ കടം വാങ്ങുന്ന ഒരാളും രക്ഷപ്പെട്ട അനുഭവം നമ്മുടെ സമൂഹത്തിനില്ല. ഇത്ര തീർത്തു പറയാൻ കഴിയുന്ന കാര്യം ആണോ ഇത് എന്ന് ചിലരെങ്കിലും ചോദിച്ചേക്കാം. സത്യത്തിൽ വസ്തുത അതാണ്. സൂക്ഷ്മമായി നിരീക്ഷിച്ചാൽ ഇതു സത്യമാണെന്ന് നാം അംഗീകരിക്കേണ്ടിവരും. അതേ സമയം ഒന്നുമില്ലാത്ത ദരിദ്രൻമാരുടെ മുമ്പിൽ കടം ഒരു അവശ്യ സംഗതിയല്ലേ എന്ന് ചോദിക്കുന്നവരും ഉണ്ടാകും. ഇവിടെ ഈ കേസിൽ കടത്തെ കുറിച്ച് പറയും മുമ്പ് ആർഭാടത്തെയും ദരിദ്രനെയും വിലയിരുത്തണം. സമൂഹത്തില്‍ ജീവിക്കുന്ന ഒരു വ്യക്തിക്ക് തന്റെ സാമൂഹ്യപരിസരവുമായി ഇണങ്ങുന്ന ജീവിതാവശ്യങ്ങള്‍ ഒരിക്കലും ആര്‍ഭാടമാവുന്നില്ല. ജീവിതാവശ്യങ്ങൾക്കുവേണ്ടി ഒരാൾ കടം വാങ്ങുന്നത് കുറ്റപ്പെടുത്തപ്പെടാവുന്നതല്ല. ദരിദ്രൻ രണ്ടു തരത്തിലുണ്ട്. ഒന്ന് തന്റെ ദാരിദ്രത്തെ കുറിച്ചുളള ബോധവും ബോധ്യവും ഉള്ളവൻ. അവൻ കടം വാങ്ങുകയാണെങ്കിൽ തന്നെ അതിനൊരു നിയന്ത്രണം ഉണ്ടാകും. കണ്ടതുപോലെയും കിട്ടിയതുപോലെയുമെല്ലാം അവൻ കടം വാങ്ങിക്കില്ല. അതിനാൽ ഇത്തരം ദരിദ്രരും നിരൂപിക്കപ്പെടുന്നില്ല. മറ്റൊരു തരം ദരിദ്രരുണ്ട്. അഹങ്കാരിയും ഗർവ്വുള്ളവനുമായ ദരിദ്രൻ. തന്റെ നിലയും അവസ്ഥയും ഒന്നും ഒരിക്കലും അവൻ അംഗീകരിക്കില്ല. വലിയ പണക്കാരെ പോലെ അറ്റമില്ലാതെ അവൻ ആഗ്രഹിക്കുകയും അതിനു വേണ്ടി എത്ര വേണമെങ്കിലും കടം വാങ്ങിക്കൂട്ടുകയും ചെയ്യും. ഇത്തരം ദരിദ്രൻമാർ നമ്മൾ ആദ്യം പറഞ്ഞ പക്വതയും വിവേകതയുമില്ലാത്ത മോഹക്കാരുടെ പട്ടികയിൽ പെടുന്നവരാണ്. അവരുടെ കാര്യത്തിൽ നാം ഒരു അനുതാപവും കാണിക്കേണ്ടതില്ല. അത്തരക്കാരെ തങ്ങളുടെ ചെയ്തികളുടെ ദുരന്തഫലങ്ങൾ അനുഭവിക്കാൻ വിടുകയേ മാർഗ്ഗമുളളൂ.



ആർഭാടം തലക്കു പിടിക്കുമ്പോഴാണ് അത് ഉന്മാദമായിത്തീരുന്നത്. ഇത് ശാസ്ത്രീയമായി പറഞ്ഞാൽ ഒരു രോഗമാണ്. ചികിത്സ ആവശ്യമുള്ള ഒരു മാനസിക രോഗം. നമുക്ക് പെട്ടെന്ന് തിരിച്ചറിയാൻ ബുദ്ധിമുട്ടുള്ള ഒരു രോഗാവസ്ഥയാണ് ഉന്മാദം അഥവാ മാനിയ (Mania). മാനിയ എന്നാൽ അസാധാരണമായി ഉയർന്നതോ പ്രകോപിപ്പിക്കുന്നതോ ആയ മാനസികാവസ്ഥ, തീവ്രമായ ഊർജം, അമിതമായ ചിന്തകൾ, മറ്റ് തീവ്രവും അതിശയോക്തിപരവുമായ പെരുമാറ്റങ്ങൾ, സാഹചര്യങ്ങളെ പരിഗണിക്കാത്ത മോഹങ്ങൾ എന്നിവ കാരണം ഉണ്ടാകുന്ന ഒരു ഒരു മാനസിക അവസ്ഥയാണ്. അതുണ്ടായിക്കഴിഞ്ഞാൽ പിന്നെ അതിന്റെ അളവിനനുസരിച്ച് ഒരാളുടെ ബുദ്ധിയുടെ പ്രവർത്തനം മന്ദീഭവിക്കുന്നു. അതിനാലാണ് ഉൻമാദ ഹേതുകമായ വിഷയത്തിന്റെ വരുംവരായ്കകളെ കുറിച്ച് ചിന്തിക്കുവാൻ ഒരാൾക്ക് കഴിയാതെ പോകുന്നത്. അപ്പോൾ ആർഭാട ചിന്ത ഉന്മാദം എന്ന രോഗമായി വളരുന്നതോടെ മൂന്നാമത്തെ ഘട്ടത്തിലേക്ക് കടക്കുന്നു. അതാണ് കടം വാങ്ങൽ. കടം എന്നത് എത്ര ന്യായമായിരുന്നു എന്ന് നാം സമർഥിച്ചാലും അത് ഏത് ഉന്മാദത്തിനോ ആർഭാടത്തിനോ വേണ്ടി വാങ്ങിച്ചുവോ അതുവഴി വന്നുചേരുന്ന ലക്ഷ്വറിക്കുള്ള ആനന്ദത്തിനുള്ള വിലയായി മാറും എന്നത് ഉറപ്പാണ്. ഇല്ലാത്തവര്‍ ഉള്ളവരില്‍ നിന്ന് കടം വാങ്ങുന്നത് സ്വാഭാവികമാണ്. വ്യക്തികളും രാജ്യങ്ങളും കടം വാങ്ങും. കടം വാങ്ങുന്നത് ബഹുഭൂരിപക്ഷവും ജീവിതത്തിന്റെ പ്രാഥമികാവശ്യങ്ങള്‍ക്കാണു താനും. കുട്ടികളുടെ വിദ്യാഭ്യാസം, വീട്, കുട്ടികളുടെ വിവാഹം, കൃഷി, വ്യാപാരം, വ്യവസായം, ചികിത്സ എന്നിങ്ങനെയുള്ള സംഗതികള്‍ക്കാണ് കടം വാങ്ങുന്നത്. സാമൂഹ്യജീവിതത്തില്‍ ഇതൊന്നും അനാവശ്യങ്ങളല്ല; ആര്‍ഭാടങ്ങളല്ല.



പക്ഷെ, എങ്കിൽ തന്നെയും അത് അതിവേഗം ഒരു തലവേദനയായി പരിണമിക്കും. കടം വാങ്ങി ഒരു വര്‍ഷം കഴിയുമ്പോഴേക്കും കാര്യങ്ങള്‍ മാറിമറിയുന്നു. ഒന്നുകിൽ കടം തന്നവൻ കടത്തിന്റെ ഉപാധികൾ കടുപ്പിക്കും. നേരെ ച്ചൊവ്വെ തിരിച്ചടവ് മന്ദീഭവിക്കുന്നത് അനുഭവപ്പെടുമ്പോൾ പ്രത്യേകിച്ചും തന്റെ പണം നഷ്ടമില്ലാതെ തിരിച്ചു പിടിക്കാൻ കൊടുത്തവൻ വ്യഗ്രത കാണിച്ചേക്കും. അല്ലെങ്കിൽ രാജ്യത്തിന്റെ സാമ്പത്തികാവസ്ഥ മാറിയേക്കും. അല്ലെങ്കിൽ സാമ്പത്തിക നയങ്ങള്‍ മാറും. വ്യക്തിയുടെയോ കുടുംബത്തിന്റെയോ സാമ്പത്തിക അവസ്ഥകള്‍ മാറിയെന്നും വരാം. പുതിയ ആവശ്യങ്ങള്‍ ഉണ്ടാകുന്നു, വിലക്കയറ്റവും വിലക്കുറവും ഉണ്ടാവുന്നു തുടങ്ങിയവയും പ്രതീക്ഷിതമാണ്. ഇങ്ങനെയൊക്കെ ഉണ്ടാവുന്നതില്‍ കടംവാങ്ങിയ വ്യക്തിയുടെ സ്വാധീനം വളരെ വളരെ ചെറുതുമാണ്. വ്യക്തിക്ക് നിയന്ത്രിക്കാനാവാത്തവയാണ് ഇവയെല്ലാം എന്നു കാണാം. എന്നാല്‍ കടക്കാരന്‍ വ്യക്തിയായി നില്ക്കുകയും കടാവസ്ഥ സാമൂഹികമായി സ്ഥലകാലങ്ങള്‍ക്കൊത്ത് മാറുകയും ചെയ്യുന്നു. ഇതൊരു വല്ലാത്ത പ്രതിസന്ധി ഉണ്ടാക്കുന്നു. വ്യക്തിയും സമൂഹവും തമ്മിലുള്ള പാരസ്പര്യം അറ്റുപോകുന്നു. ഇതെല്ലാം നേരിട്ട് അസ്വസ്ഥമാക്കുന്നത് ആർഭാട മോഹം ഒരുക്കിപ്പിടിക്കുവാൻ കഴിയാതെ കടം വാങ്ങിയവനെയാണ്. അതുകൊണ്ടാണ് അമിതമായ ആർഭാട ഭ്രമം, അനാവശ്യമായ കടം തുടങ്ങിയവയൊക്കെ വളരെ കരുതലോടെ മാത്രം ചെയ്യേണ്ട കാര്യങ്ങളാണ് എന്നത്.



നാം പറഞ്ഞ ധാർമ്മികമായ കാര്യകാരണങ്ങൾ ഒന്നും ഇല്ലെന്നുവന്നാൽ തന്നെ വളരെ കരുതൽ വേണ്ട കാര്യമാണ് കടം എന്നത്. അത് വ്യക്തിയെ അസ്വസ്ഥനാക്കുന്നതുപോലെ രാഷ്ട്രങ്ങളെ പോലും പിടിച്ചുലച്ചേക്കാം. 2005 - 2015 കാലത്തുണ്ടായ രണ്ടാം വലിയ സാമ്പത്തിക മാന്ദ്യത്തിന്റെ കാരണങ്ങൾ ഒരു ഉദാഹരണമായി എടുക്കാം. അന്ന് അമേരിക്കൻ ഐക്യനാടുകളിൽ മാന്ദ്യത്തിന് ആക്കം കൂട്ടിയത് കടമായിരുന്നു. ചെറിയ വരുമാനക്കാർക്ക് ബോണ്ടുകളോ ഈടുകളോ ഇല്ലാതെയും തിരിച്ചടവിന്റെ സാധ്യത പരിശോധിക്കാതെയും കേന്ദ്ര ബാങ്ക് കടം അനുവദിച്ചു. പ്രതീക്ഷിച്ചതു പോലെ അത് തിരിച്ചടവിന് ഭംഗം നേരിട്ടു. ഇതോടെ വെപ്രാളത്തിലായ ബാങ്ക് ദുസൂചനകൾ ലഭിച്ചതും കടങ്ങൾ വലിയ തുകക്ക് ഇൻഷ്വർ ചെയ്തു. ഇതോടെ രാജ്യത്തിന്റെ ബാധ്യത ഇരട്ടിക്കുകയും സാമ്പത്തിക അടിയന്തിരാവസ്ഥ സംജാതമാവുകയും ചെയ്യുകയായിരുന്നു. ഇത്രയും ഗുരുതരമായ ഒന്നായതിനാൽ തന്നെയാണ് ഇസ്ലാം കടത്തിന്റെ കാര്യം ഒരു വലിയ വിഷയമായിട്ടെടുത്തിരിക്കുന്നത്. ജീവിതത്തില്‍ കടം വാങ്ങുകയോ കൊടുക്കുകയോ ചെയ്യാത്തവര്‍ വിരളമായിരിക്കും. ജീവിത ചെലവുകളുടെ ബാഹുല്യവും വരുമാനത്തിന്റെ അപര്യാപ്തതയുമാണ് ജനങ്ങളെ കടം വാങ്ങാന്‍ പ്രേരിപ്പിക്കാറുളളത്. ഒരു വ്യക്തിക്ക് തന്റെ കുടുംബത്തിലും സമൂഹത്തിലും നിര്‍വഹിക്കേണ്ട ചുമതലകളും ഉത്തരവാദിത്തങ്ങളും ഭംഗിയായി നിര്‍വഹിക്കണമെങ്കില്‍ ചിലപ്പോള്‍ കടം വാങ്ങല്‍ അത്യന്താപേക്ഷിതമാകും.



ഒരു സത്യവിശ്വാസി കടം വാങ്ങുമ്പോഴും കൊടുക്കുമ്പോഴും ചില നിയമങ്ങളും നിര്‍ദ്ദേശങ്ങളും പാലിക്കേണ്ടതുണ്ട് എന്ന് ഇസ്ലാം പറയുന്നു. കടമിടപാട് നടത്തുന്നവര്‍ക്ക് ദുന്‍യാവിലെ കലഹങ്ങളില്‍ നിന്നും പരലോകത്തെ ശിക്ഷകളില്‍ നിന്നും രക്ഷപ്പെടാനുതകുന്ന മാര്‍ഗനിര്‍ദ്ദേശങ്ങളാണ് ഇസ്ലാം അനുശാസിക്കുന്നത്. ഇതിന്റെ തുടക്കം
കടം വാങ്ങുന്നത് ഇസ്ലാമില്‍ അനുവദനീയമായ ഒരു കാര്യമാണ് എന്നതില്‍ നിന്നാണ്. ഖുര്‍ആന്‍ പറയുന്നു: സത്യ വിശ്വാസികളേ, ഒരു നിശ്ചിത അവധിവെച്ച് കൊണ്ട് നിങ്ങളന്യോന്യം വല്ല കടമിടപാടും നടത്തിയാല്‍ നിങ്ങള്‍ അത് എഴുതി വെക്കേണ്ടതാണ്. (2:282). നബി(സ) കടം വാങ്ങുകയും നല്ല നിലയില്‍ അത് തിരിച്ച് നല്‍കുകയും ചെയ്തതായി കാണാനാകും.
അത്യാവശ്യമുളളവര്‍ക്ക് കടം വാങ്ങുന്നത് അനുവദനീയമാണെങ്കിലും തിരിച്ച് നല്‍കാന്‍ കഴിയാത്തവര്‍ക്ക് അത് അനഭിലഷണീയമാ (കറാഹത്താ)ണ്. ആഡംബരത്തിനും പൊങ്ങച്ചത്തിനും വേണ്ടി കടം വാങ്ങുന്നത് ഒരിക്കലും നീതീകരിക്കാനാവില്ല. കടമായി പണം ലഭിക്കാനിടയുണ്ട് എന്നത് കൊണ്ട് മാത്രം ഒരാള്‍ പണം കടമായി വാങ്ങിക്കൊള്ളണമെന്നില്ല. തന്നെയുമല്ല മറ്റു വല്ല മാര്‍ഗവുമുണ്ടെങ്കില്‍ കടം വാങ്ങാതിരിക്കുന്നതാണ് ഉത്തമം. ഒരാള്‍ തന്റെ അത്യാവശ്യത്തിന് വേണ്ടി തിരികെ കൊടുക്കാം എന്ന ഉദ്ദേശ്യത്തോടുകൂടി വല്ലതും വായ്പ വാങ്ങിയാല്‍ അത് വീട്ടാന്‍ അല്ലാഹു അവനെ സഹായിക്കും, ഇനി അവന് അത് വീട്ടാന്‍ കഴിഞ്ഞിട്ടില്ലെങ്കിലും അവന്‍ കുറ്റക്കാരനാകുകയില്ല. നബി(സ) പറഞ്ഞു: ആരെങ്കിലും ജനങ്ങളുടെ ധനം, അത് വീട്ടാന്‍ ഉദ്ദേശിച്ച് കൊണ്ട് വാങ്ങിയാല്‍, അല്ലാഹു അത് അവന് വീട്ടി കൊടുക്കും, ആരെങ്കിലും ധനം നശിപ്പിക്കാന്‍ ഉദ്ദേശിച്ച് കൊണ്ട് വാങ്ങിയാല്‍ അല്ലാഹു അത് നശിപ്പിക്കും (ബുഖാരി).



ആത്മാര്‍ഥതയുളള ഒരു വിശ്വാസിയെ സംബന്ധിച്ചേടത്തോളം കടം വാങ്ങുക എന്നത് അവന്റെ മനസ്സിന്റെ സ്വസ്ഥത നഷ്ടപ്പെടുത്തുന്ന കാര്യമാണ്. മാത്രമല്ല അവന്റെ സാംസ്കാരിക വിശുദ്ധിയെ അത് ഹനിക്കുകയും ചെയ്യും. നബി(സ) പറഞ്ഞു: നിങ്ങള്‍ നിര്‍ഭയമായ അവസ്ഥക്ക് ശേഷം സ്വമേധയാ ഭയത്തിലകപ്പെടരുത്. അതു കേട്ട സ്വഹാബികള്‍ ചോദിച്ചു: അല്ലാഹുവിന്റെ ദൂതരേ, എന്താണത്? നബി(സ) പറഞ്ഞു: കടം (അഹ്മദ്). കടബാധ്യത തീര്‍ക്കാന്‍ കഴിയാത്തവന്‍ കളവ് പറയാന്‍ നിര്‍ബന്ധിതനാകും. നബി(സ) നമസ്കാരത്തില്‍ പാപങ്ങളില്‍ നിന്നും കടബാധ്യതകളില്‍ നിന്നും അല്ലാഹുവിനോട് രക്ഷ ചോദിച്ചിരുന്നു. ഇത് കേട്ട ഒരാള്‍ ചോദിച്ചു: അല്ലാഹുവിന്റെ ദൂതരേ, എന്തിനാണ് താങ്കള്‍ കടബാധ്യതയില്‍ നിന്ന് ഇത്രയധികം രക്ഷതേടുന്നത്? അപ്പോള്‍ നബി(സ) പറഞ്ഞു: ഒരാള്‍ കടത്തിലകപ്പെട്ടാല്‍ അവന്‍ സംസാരിക്കുമ്പോള്‍ കളവ് പറയുകയും വാഗ്ദത്തം ചെയ്താല്‍ ലംഘിക്കുകയും ചെയ്യും (ബുഖാരി). അല്ലാഹുവിന്റെ മാര്‍ഗത്തില്‍ രക്തസാക്ഷിയായ ഒരാള്‍ സ്വര്‍ഗത്തിലാണെന്ന കാര്യത്തില്‍ സംശയമില്ല. എന്നാല്‍ കടബാധ്യത അദ്ദേഹത്തിന് പോലും പൊറുക്കപ്പെടാത്തതാണ്. നബി(സ) പറഞ്ഞു: രക്തസാക്ഷിയുടെ എല്ലാ പാപവും പൊറുക്കപ്പെടും, കടം ഒഴികെ. (മുസ്ലിം)
കടം തിരിച്ചു കൊടുക്കുന്നതിൽ അമാന്തം കാണിക്കുന്നതിനെ അക്രമമായിട്ടാണ് ഇസ്ലാം കാണുന്നത്. നബി(സ) പറഞ്ഞു: പണക്കാരന്റെ അവധി നീട്ടിപ്പറയല്‍ അക്രമമാണ് (ബുഖാരി, മുസ്ലിം). മറ്റൊരു ഹദീസിൽ നബി(സ) പറഞ്ഞു: നിങ്ങളില്‍ ഏറ്റവും ഉത്തമന്‍ എറ്റവും നന്നായി കടം വീട്ടുന്നവനാണ് (ബുഖാരി).



കടം എഴുതി വെക്കുവാനുള്ള വിശുദ്ധ ഖുർആനിന്റെ കൽപ്പന അത്ര ഗൗരവമായി എടുക്കാറില്ല പലരും. അല്ലാഹു പറയുന്നു: ഇടപാട് ചെറുതായാലും വലുതായാലും അതിന്റെ അവധി കാണിച്ച് അത് രേഖപ്പെടുത്തിവെക്കാന്‍ നിങ്ങള്‍ മടിക്കരുത്. അതാണ് അല്ലാഹുവിങ്കല്‍ ഏറ്റവും നീതിപൂര്‍വകമായതും സാക്ഷ്യത്തിന് കൂടുതല്‍ ബലം നല്‍കുന്നതും. നിങ്ങള്‍ക്ക് സംശയം ജനിക്കാതിരിക്കാന്‍ കൂടുതല്‍ അനുയോജ്യമായിട്ടുളളതും (2:282). കടമിടപാടുകളും വസിയ്യത്തും രണ്ടുദിവസത്തേക്കാണെങ്കിലും എഴുതിവെക്കണമെന്നാണ് ഹദീസുകള്‍ വ്യക്തമാക്കുന്നത്. ഇസ്ലാം രണ്ടു കാര്യങ്ങളിൽ ശ്രദ്ധിക്കുന്നുണ്ട്. ഭൗതിക ജീവിതത്തിൽ കലഹവും കലാപവും അപകടവും പറ്റാതെ മനുഷ്യനെ കൈപിടിച്ച് കൊണ്ടുപോകണം. രണ്ടാമതായി പരമമായ പരലോക ജീവിതത്തിൽ അവൻ വിജയിക്കുകയും വേണം. കടം എഴുതി വെക്കുന്ന കാര്യത്തിലും ഈ രണ്ട് ശ്രദ്ധകൾ ഉണ്ട്. ഭൗതികമായ അതിന്റെ ഗുണം ഉത്തമർണ്ണനും അധമർണ്ണനും തമ്മിൽ കലഹം ഉണ്ടാവാതിരിക്കുക എന്നതാണ്. സാധാരണ രണ്ടാൾക്കിടയിൽ ഉണ്ടാകുന്നതിനേക്കാൾ ഗുരുതരമായിരിക്കും കാക്കാർക്കിടയിൽ ഉണ്ടാകുന്നത്. കാരണം, അതിലൊരാൾ മറ്റൊരാളെ ദുരന്തത്തിൽ പിന്തുണച്ചവനാണ്. അത് ഉണർത്തിയും ഓർമ്മിപ്പിച്ചും അവൻ ശകാരിക്കുന്ന സാഹചര്യം ഏറെ ദയനീയമായിരിക്കും. നേരത്തെ പറഞ്ഞ ഇസ്ലാമിന്റെ ഓരോ നിർദ്ദേശത്തിലും സത്യത്തിൽ ഇത്തരം ദുൻയവിയും ഉഖ്റവിയുമായ നേട്ടങ്ങൾ ഒളിഞ്ഞിരിപ്പുണ്ട്. കടമിടപാടുകളും വസിയ്യത്തും രണ്ടുദിവസത്തേക്കാണെങ്കിലും എഴുതിവെക്കണമെന്നാണ് ഹദീസുകള്‍ വ്യക്തമാക്കുന്നത്.



അവസാനമായി ഒന്നു കൂടി ഇവിടെ ചേർക്കുവാനുണ്ട്. കടം വാങ്ങുന്നത് പ്രോത്സാഹജനകമല്ലെങ്കിലും കടം കൊടുക്കുക എന്നത് ഇസ്ലാമില്‍ വളരെ പ്രതിഫലാര്‍ഹമായ ഒരു സല്‍കര്‍മമാണ് എന്നതാണത്. നബി(സ) പറഞ്ഞു: ഒരു മുസ്ലിം മറ്റൊരു മുസ്ലിമിന് രണ്ട് പ്രാവശ്യം കടം കൊടുത്താല്‍ അതില്‍ ഒന്ന് സദഖയായി പരിഗണിക്കും (ഇബ്നുമാജ). കടം വീട്ടാൻ പ്രയാസപ്പെടുന്ന സാഹചര്യത്തിൽ സമയം നീട്ടിക്കൊടുക്കുക, ഭാഗികമായോ മുഴുവനായോ ഇളവു ചെയ്തു കൊടുക്കുക തുടങ്ങിയതെല്ലാം പുണ്യപ്രവൃത്തികളായി ഇസ്ലാം പരിഗണിക്കുന്നു. ബുഖാരി റിപ്പോര്‍ട്ട് ചെയ്ത മറ്റൊരു ഹദീസിന്റെ ആശയം ഇപ്രകാരമാണ്: നിങ്ങള്‍ക്ക് മുമ്പുണ്ടായിരുന്നവരില്‍ ഒരാളുടെ ആത്മാവിനെ മലക്കുകള്‍ പിടികൂടുകയും വല്ല നന്മയും ചെയ്തിട്ടുണ്ടോ എന്ന് അന്വേഷിക്കുകയും ചെയ്തു. അദ്ദേഹം പറഞ്ഞു: ഞാന്‍ എന്റെ ചെറുപ്പക്കാരോട് പ്രയാസപ്പെടുന്നവന് വിട്ട് വീഴ്ച നല്‍കാനും ഇട നല്‍കാനും കല്‍പിച്ചിരുന്നു. അത് അദ്ദേഹത്തിന്റെ വിമോചനത്തിന് കാരണമായിത്തീര്‍ന്നു. കടം കൊടുക്കുന്നത് ദാനം ചെയ്യുന്നത് പോലെ അല്ലെങ്കില്‍ അതിലേറെ പുണ്യമുളള കാര്യമാണ്. നബി(സ) പറഞ്ഞു: ആകാശാരോഹണത്തിന്റെ രാത്രിയില്‍ ഞാന്‍ സ്വര്‍ഗ വാതിലില്‍ ഇപ്രകാരം എഴുതി വെച്ചതായി കണ്ടു. ദാനധര്‍മത്തിന് പത്തിരട്ടിയുണ്ട്, കടം കൊടുക്കുന്നതിന് പതിനെട്ട് ഇരട്ടിയുമുണ്ട്. ഞാന്‍ ചോദിച്ചു: അല്ലയോ ജിബ്രീല്‍, കടം എന്ത് കൊണ്ടാണ് ദാനത്തേക്കാള്‍ ഉല്‍കൃഷ്ടമായത്.? ജിബ്രീല്‍ പറഞ്ഞു: ദാനം ചിലപ്പോള്‍ സാമ്പത്തികമായി കഴിവുളളവനും ലഭിച്ചെന്ന് വരാം. എന്നാല്‍ കടം ചോദിക്കുന്നവന്‍ ആവശ്യമുണ്ടാകുമ്പോഴല്ലാതെ കടം ചോദിക്കുകയില്ല (ശിഅ്ബുല്‍ ഈമാന്‍).
o



0 Comments

No comments yet.

Leave a Comment

© www.thdarimi.in. All Rights Reserved. Designed by zainso