

തിഹാമയിലെ രാക്കുളിർ 2
20-12-2022
Web Design
15 Comments
തിഹാമയിലെ രാക്കുളിർ 2
4 ഉമ്മയാണ് ഉദാഹരണം
ദിവ്യബോധനത്തിന്റെ തുടക്കത്തില്‍, കാര്യമെന്തെന്നറിയാതെ അസ്വസ്ഥനായി നബി തിരുമേനി(സ) ഹിറാ ഗുഹയില്‍ നിന്ന് ഓടി വന്നത് പ്രിയതമ ഖദീജ(റ)യുടെ ചാരത്തേക്കായിരുന്നു. വരുമ്പോൾ തന്നെ നബി(സ) പുതപ്പ് ചോദിക്കുന്നുണ്ടായിരുന്നു. പുതപ്പ് പുതപ്പിച്ച് ഭര്‍ത്താവിന്റെ അടുത്തിരുന്ന് അദ്ദേഹത്തെ ആശ്വസിപ്പിക്കുമ്പോള്‍ ഭാര്യ പറഞ്ഞ വാക്കുകള്‍ അക്ഷരാര്‍ഥത്തില്‍ പ്രവാചകന് ആശ്വാസത്തിന്റെ കുളിര്‍മഴയായി അനുഭവപ്പെടുകയും ചെയ്തു. താങ്കള്‍ സന്തോഷവാനായിരിക്കുക. സത്യമായും അല്ലാഹു താങ്കളെ ഒരിക്കലും നിന്ദ്യനാക്കുകയില്ല. താങ്കള്‍ കുടുംബ ബന്ധം ചേര്‍ക്കുന്നു. സത്യം മാത്രം പറയുന്നു, ഭാരം വഹിക്കുന്നു, പ്രയാസപ്പെടുന്നവരെ സഹായിക്കുന്നു. ഈ വാക്കും ഇതിനുള്ള സൻമനസ്സുമാണ് ഒരു ഭർത്താവിന് ഭർത്താവാകാനും ഭാര്യക്ക് ഭാര്യയാകുവാനും വേണ്ടത്. നേരത്തെ പറഞ്ഞ സ്നേഹവും കാരുണ്യവും കിനിയുന്ന ഈ വാക്കുകൾ ശാന്തിയും സമാധാനവുമായി മാറുകയായിരുന്നു മക്കയിലെ അബൂ ഖുബൈസ് പർവ്വതത്തിന്റെ ചുവട്ടിലെ ആ വലിയ വീടിന്റെ കട്ടിലിൽ. ഭര്‍ത്താവിനെ സന്ദര്‍ഭത്തിന്നനുസരിച്ചുയര്‍ന്ന് ആശ്വസിപ്പിച്ചെങ്കിലും എന്താണ് അദ്ദേഹത്തില്‍ സംഭവിച്ചതെന്നറിയാതെ ഖദീജ(റ)യുടെ ഉള്ളകം പിടക്കുന്നുണ്ടായിരുന്നു. അത് പക്ഷെ, പുറത്ത് കാണിക്കേണ്ട സമയമല്ലല്ലോ അത്. പ്രിയതമനെ ആശ്വസിപ്പിക്കുക എന്ന ദൗത്യത്തിനാണ് മഹതി ആ സമയത്ത് പ്രാമുഖ്യം കൊടുത്തത്. അധികം വൈകാതെ അവര്‍ ഭര്‍ത്താവിനെയും കൂട്ടി തന്റെ ബന്ധുവായ വറഖത്ത് ബിൻ നൗഫൽ എന്ന വേദ പണ്ഡിതന്റെ അടുത്തേക്ക് പോകുന്നു.
വേദ ഗ്രന്ഥങ്ങളില്‍ അവഗാഹമുള്ള വറഖയോട് നബി(സ) തന്റെ അനുഭവങ്ങള്‍ വിശദീകരിച്ചപ്പോള്‍ അദ്ദേഹം പറഞ്ഞു: അത് മൂസാ നബിയുടെ അടുത്ത് വരാറുണ്ടായിരുന്ന നാമൂസ് (ജിബ്‌രീല്‍) ആണ് ഖദീജാ നിന്റെ പ്രിയതമന്റെ അടുത്ത് വന്നത്. നിങ്ങളുടെ ജനത നിങ്ങളെ നാട്ടില്‍ നിന്ന് പുറത്താക്കുന്ന സന്ദര്‍ഭം! അന്ന് ഞാന്‍ ആരോഗ്യ ദൃഢഗാത്രനായ യുവാവായിരുന്നെങ്കില്‍ എത്ര നന്നായേനെ.. ; വറഖ വിദൂരതയിൽ കണ്ണുനട്ട് പറഞ്ഞു. അവിടെ വെച്ച് തന്നെ സ്‌നേഹാദരവോടെ അല്‍ അമീന്‍ എന്ന് വിളിക്കുന്നവര്‍ നാട്ടിൽ നിന്ന് പുറത്താക്കുമെന്ന് കേട്ടപ്പോള്‍ നബി(സ)ക്ക് അവിശ്വസനീയമായി തോന്നി . നബി(സ) ചോദിച്ചു: അവരെന്നെ പുറത്താക്കുമോ? വറഖ പറഞ്ഞു: അതെ, താങ്കള്‍ കൊണ്ടു വന്നതുപോലുള്ള കാര്യം ആരു കൊണ്ടുവന്നാലും ജനങ്ങൾ ശത്രുത കാണിക്കാതിരിക്കില്ല. (ബുഖാരി) ഭർത്താവുമായി അവിടെ നിന്ന് തിരിച്ചിറങ്ങുമ്പോൾ ആ ജീവിത പങ്കാളിയുടെ മനസ്സിൽ ചില തീരുമാനങ്ങൾ രൂപപ്പെട്ടിരുന്നു. തന്റെ പ്രിയതമന്റെ ജീവിതത്തിൽ മാത്രമല്ല, വികാരങ്ങളിലും പങ്കാളിയാവണം. പിന്നെ അദ്ദേഹത്തിന് വേണ്ടി ജീവിക്കണം. അവരുടെ മനസ്സിന് ആനന്ദവും ജീവിതത്തിന് താങ്ങും തണലുമാവണം. ഖദീജത്തുൽ കുബ്റായുടെ ജീവിതം മുഴുവനും അതിനു വേണ്ടിയുള്ളതായിരുന്നു.
അല്ലാഹുവിന്റെ തീരുമാനമായിരുന്നു ആ ബന്ധം. നമുക്കത് പക്ഷെ തികച്ചും യാദൃഛികവും അൽഭുതകരവുമാണ്.
ഖുവൈലിദ് ബിന്‍ അസദിന്റെയും ഫാത്വിമ ബിന്‍ത് സയിദിന്റെയും മകളായിക്കൊണ്ടാണ് ഖുറൈശി തറവാട്ടില്‍ ഖദീജ(റ) പിറന്നുവീഴു ന്നത്. മക്കയില്‍തന്നെ ഏറ്റവും മാന്യയും ശ്രേഷ്ഠയുമായിക്കൊണ്ടാണ് അവര്‍ വളര്‍ന്നത്. ജനങ്ങള്‍ മുഴുവനും അവരെ ആദരിക്കുകയും ബഹുമാനിക്കുകയും ചെയ്തിരുന്നു. ജനങ്ങള്‍ക്കിടയിലുണ്ടായിരുന്ന പ്രയാസങ്ങള്‍ ദൂരീകരിക്കുന്നതിനായി അവര്‍ക്കുണ്ടായിരുന്ന താല്പര്യം കളങ്കരഹിതമായിരുന്നു. അവർ ഒരു കച്ചവടക്കാരിയായി മാറിയതിനു പിന്നിൽ തന്നെ അത്തരമൊരു കാര്യണ്യത്തിന്റെ സ്പർശമുണ്ട്. പിതാവിന്റെയും ആദ്യ ഭർത്താക്കൻമാരുടെയും മരണാനന്തരം വന്നു ചേർന്ന സമ്പത്ത് അവർ കച്ചവടത്തിനായ ഉപയോഗപ്പെടുത്തുകയായിരുന്നു. അതിലൂടെ അവർ കണ്ട ഒരു ലക്ഷ്യം മക്കയിലെ തൊഴിൽ രഹിതരായ ചെറുപ്പക്കാരെ സഹായിക്കുക എന്നതു കൂടിയായിരുന്നു. അങ്ങനെയാണല്ലോ നബി(സ) തന്നെ ആ ജീവിതത്തിലേക്ക് ചെന്നു കയറുന്നത്. കച്ചവടം അവരെ മക്കയിലെ പ്രധാനപ്പെട്ട കാര്യണ്യവതിയായ ധനികയാക്കി മാറ്റി. അവരെ ആദ്യമായി വിവാഹം ചെയ്തത് അബൂഹാലയായിരുന്നു. ആ ബന്ധത്തിലൂടെ ഹിന്ദ്, ഹാരിസ് എന്ന രണ്ട് കുട്ടികൾ അവര്‍ക്ക് ഉണ്ടായി. അബൂഹാല രോഗബാധിതനായി മരണപ്പെട്ടതിനെ തുടര്‍ന്ന് അത്വീഖ്ബ്‌നു ആബിദ് അവരെ വിവാഹം ചെയ്തു. അതില്‍ ഹിന്ദ് എന്നുപേരുള്ള ഒരു പെണ്‍കുട്ടി ജനിച്ചു. താമസിയാതെ തന്നെ ഉണ്ടായ ഒരു ഗോത്രയുദ്ധത്തില്‍ അത്വീഖ് മരണപ്പെട്ടു. അതിനുശേഷമാണ് വിധവയും മാതാവുമായ ഖദീജ(റ)യെ നബി(സ) വിവാഹം ചെയ്യുന്നത്.
മക്കയിലെ കോടീശ്വരിയും സുന്ദരിയുമായിരുന്ന ഖദീജ(റ)യെ അത്വീഖ്ബ്‌നു ആബിദിന്റെ മരണശേഷം പലരും പുനര്‍വിവാഹത്തിനായി അന്വേഷണം നടത്തിയിരുന്നു. എന്നാല്‍ അവര്‍ അതെല്ലാം നിരസിക്കുകയായിരുന്നു ചെയ്തത്. മക്കയില്‍ നിന്ന് വിദൂരദിക്കുകളില്‍ പോയി കച്ചവടം ചെയ്യാന്‍ വിശ്വസ്തരായ ഏതെങ്കിലും പുരുഷന്‍മാരെ പറഞ്ഞയക്കലായിരുന്നു അവരുടെ ശീലം. കൂടെ അവരുടെ പ്രിയ അടിമ വേലക്കാരൻ മൈസറയുമുണ്ടാകും. ക്രയവിക്രയങ്ങള്‍ക്കിടയില്‍ എന്തെങ്കിലും പൊരുത്തമില്ലായ്മ കാണിച്ചാല്‍ അത് അതേപടി ഖദീജ(റ)യെ അറിയിക്കേണ്ട ഉത്തരവാദിത്തം മൈസറക്കായിരുന്നു ഉണ്ടായിരുന്നത്. മൈസറ അത് ഭംഗിയായി നിര്‍വഹിച്ചുപോരുകയും ചെയ്തു. വിശ്വസ്തത, സത്യസന്ധത തുടങ്ങിയ ഉന്നതമായ മാനുഷിക ഗുണങ്ങളോടുള്ള അവരുടെ പ്രതിപത്തി ഇതിൽ നിന്നും വായിക്കാം. ആയിടക്കാണ് മുഹമ്മദ് എന്ന ചെറുപ്പക്കാരനെക്കുറിച്ച് ഖദീജബീവി കേള്‍ക്കാനിടയായത്. വിശ്വസ്തനും സത്യസന്ധനും ധാര്‍മികമായ അച്ചടക്കമുള്ളവനുമായ ഈ യുവാവിനെക്കുറിച്ച്. മക്കക്കാര്‍ അദ്ദേഹത്തെ ‘അല്‍ അമീന്‍’ എന്നാണ് വിളിക്കുന്നത്. അധാര്‍മിക പ്രവര്‍ത്തനങ്ങളുടെ വിവിധ രൂപങ്ങള്‍ സജീവമായി നിലനിന്നിരുന്ന ആ സമയത്ത് ഒരു തരത്തിലുമുള്ള നീചപ്രവണതകളും അദ്ദേഹത്തെ ബാധിച്ചിട്ടി ല്ലെന്നത് വലിയ സവിശേഷതയാണ് എന്ന് ഖദീജ(റ) കണ്ടു. തീര്‍ച്ചയായും തന്റെ കച്ചവടത്തെ ലാഭകരമാക്കുവാന്‍ വിശ്വസ്തനായ ഈ ചെറുപ്പക്കാരനെക്കൊണ്ട് സാധിക്കുമെന്ന് അവര്‍ ഉറച്ചുവിശ്വസിച്ചു. അങ്ങനെയാണ് മുഹമ്മദി(സ)നെ ആദ്യമായി സിറിയയിലേക്ക് അയക്കുവാന്‍ ഖദീജ (റ) തീരുമാനിക്കുന്നത്.
നബി(സ)യുടെ നേതൃത്വത്തിലുള്ള ആ യാത്ര തിരിച്ചെത്തിയത് വലിയ ലാഭവുമായിട്ടായിരുന്നു. മുഹമ്മദ്(സ) ഖദീജ(റ)യുമായി നേരത്തെ ഉറപ്പിച്ചതനുസരിച്ചുള്ള പണവും വാങ്ങി അദ്ദേഹം അവിടെനിന്നും യാത്രയായി. അതിശയകരവും മാതൃകാപരവുമായ ആ യാത്രയെ സംബന്ധിച്ച് മൈസറ ഖദീജ(റ)ക്ക് വിശദീകരിച്ചുകൊടുക്കുകയാണ്. മുഹമ്മദിന്റെ (സ) കച്ചവടം പൂര്‍ണമായും സത്യസന്ധ മായിട്ടായിരുന്നു. അദ്ദേഹം കച്ചവടവസ്തുക്കളുടെ ന്യൂനതകള്‍ മറച്ചുവെച്ചിരുന്നില്ല. അവ ഓരോന്നും എടുത്തുപറഞ്ഞിട്ടു പോലും ആളുകള്‍ അദ്ദേഹത്തില്‍ നിന്നും വസ്തുക്കള്‍ വാങ്ങുവാന്‍ തുടങ്ങി. അത്ഭുതകരമായ മറ്റൊരു സംഭവം യാത്രക്കിടയിലുണ്ടായതും മൈസറ പറഞ്ഞു: മുഹമ്മദ്(സ) ഒരു ജൂതപുരോഹിതന്റെ കൂടാരത്തിനടുത്തുള്ള ഒരു മരത്തണലില്‍ വിശ്രമിക്കുകയായിരുന്നു. ആ സമയത്ത് ജൂത പുരോഹിതന്‍ മൈസറയോട് മുഹമ്മദി(സ)നെക്കുറിച്ചു ചോദിച്ചു. ആരാണ് ആ മരച്ചുവട്ടിലിരിക്കുന്ന വ്യക്തി? മൈസറ പറഞ്ഞു: അദ്ദേഹം കഅബയുടെ സംരക്ഷണച്ചുമതലയുള്ള ഖുറൈശികളില്‍ പെട്ടവനാണ്. അപ്പോള്‍ അയാള്‍ പ്രതിവചിച്ചു, ആ മരച്ചുവട്ടിലുള്ള വ്യക്തി പ്രവാചകനല്ലാതെ മറ്റാരുമല്ല.
നബി(സ)യുടെ സ്വഭാവത്തിലും പെരുമാറ്റത്തിലും ആകൃഷ്ടയായ ഖദീജ(റ) അദ്ദേഹത്തെ ഭര്‍ത്താവായി ലഭിക്കുവാന്‍ ആഗ്രഹിക്കുകയും അതിനുവേണ്ടിയുള്ള ആലോചനകള്‍ നടത്തുകയും ചെയ്തു. അതിന്റെ അടിസ്ഥാനത്തില്‍ ഖദീജ(റ)യുടെ പിതൃവ്യന്‍ അംറുബ്‌നു അസദും നബി(സ) യുടെ പിതൃവ്യന്‍ അബൂത്വാലിബും ഈ വിവാഹം നടത്താന്‍ തീരുമാനിക്കുകയും അംറുബ്‌നു അസദ് അത് നിര്‍വഹിച്ചുകൊടുക്കുകയും ചെയ്തു. നബി(സ)യും ഖദീജ(റ)യും തമ്മിലുള്ള വിവാഹം നടക്കുമ്പോള്‍ നബി(സ)യുടെ പ്രായം ഇരുപത്തിയഞ്ചും ഖദീജ(റ)യുടെ പ്രായം നാല്‍പതുമായിരുന്നു.
ഒരു ഭാര്യ എന്ന നിലയില്‍ ഖദീജ(റ)യുടെ ജീവിതം പൂര്‍ണ്ണ വിജയമായിരുന്നുവെന്ന് ചരിത്രം പരിശോധിക്കുന്ന ആര്‍ക്കും മനസ്സിലാക്കുവാന്‍ സാധിക്കുന്നതാണ്. വിവാഹം കഴിഞ്ഞയുടനെതന്നെ ധനികനല്ലാത്ത മുഹമ്മദി(സ)നെ വിവാഹം ചെയ്തത് മോശമായിപ്പോയെന്ന രൂപത്തില്‍ സംസാരിച്ച പ്രമാണിമാര്‍ക്ക് അവര്‍ മറുപടി നല്‍കിയത് ഏറെ ശ്രദ്ധേയമായിരുന്നു. അവരെയെല്ലാവരെയും ഒരു സഭയിലേക്ക് വിളിച്ചുവരുത്തുകയും തന്റെ സമ്പത്തെല്ലാം പ്രിയതമന് നല്‍കിയെന്നും അതിനാല്‍ ഇനി ഞാനാണ് സമ്പത്തില്ലാത്തവളെന്ന് പറയുക കൂടി ചെയ്തപ്പോള്‍ അക്ഷരാര്‍ഥത്തില്‍ വിമര്‍ശകരുടെ നാവിറങ്ങിപ്പോവുകയായിരുന്നു. പക്വമായ കുടുംബജീവിതമായിരുന്നു അവരുടേത്. പണത്തിന്റെയും പ്രതാപത്തിന്റെയും ഉന്നതിയില്‍ നില്‍ക്കുമ്പോഴും വിനയാന്വിതയായി ഒരു ഭാര്യ എന്ന നിലയില്‍ തന്റെ ഭര്‍ത്താവിനെ പരിചരിക്കുവാന്‍ അവര്‍ ശ്രദ്ധിച്ചിരുന്നു. ഭർത്താവിന്റെ മനസ്സിൽ വിരിയുന്ന സന്തോഷപ്പൂക്കൾ മാത്രമായിരുന്നു ഖദീജാബീവിയെ തരളിതയാക്കിയിരുന്നത്. പ്രവാചകത്വലബ്ദിക്ക് മുമ്പുതന്നെ മുഹമ്മദ് (സ) ഹിറാ ഗുഹയില്‍ ചെന്നിരിക്കല്‍ പതിവായിരുന്നുവല്ലോ. അവിടെ ചിന്തകളിൽ ലയിച്ചിരിക്കുമ്പോള്‍ ചില ദിവസങ്ങളില്‍ വീട്ടിലേക്ക് പോകുവാന്‍ തന്നെ അദ്ദേഹത്തിന് കഴിയുമായിരുന്നില്ല. അത്തരം ഘട്ടങ്ങളില്‍ ഭക്ഷണസാധനങ്ങളുമായി അറുപത്തഞ്ച് വയസ്സ് തികഞ്ഞ ഖദീജ(റ) ആ മലമുകളിലേക്ക് കയറിച്ചെല്ലാറുണ്ട് എന്നു പറയുമ്പോൾ ആ മനസ്സിന്റെ സ്നേഹം നമുക്ക് അളന്നെടുക്കാം. ഒരാളെ പോലും കൂടെകൂട്ടാതെ തന്റെ ഭര്‍ത്താവിന് ഭക്ഷണം നല്‍കുവാനായി ശാരീരികമായ പ്രയാസം അനുഭവിക്കുകയാണെങ്കില്‍ പോലും അത് ദാമ്പത്യജീവിതത്തിന്റെ മധുരസ്മരണകളായിട്ടാണ് അവര്‍ കണക്കാക്കിയത്.
പട്ടിണിയുടെ കഷ്‌ടകാലത്തിലേക്ക് എത്തിപ്പെടുമെന്ന് ഉറച്ചുകൊണ്ടു തന്നെ അവർ അല്‍അമീനായ മുഹമ്മദിന്റെ(സ) ജീവിതസഖിയായി. പ്രവാചകത്വത്തിന്റെ വിഹ്വലതകളില്‍ അവർ ആശ്വാസത്തിന്റെ മടിത്തട്ടായി. പ്രതിസന്ധികളിൽ തലോടുന്ന കുളിരായി. സമാധാനത്തിന്റെ പുതുമഴയായി.
കഷ്‌ടപ്പാടിന്റെ കണ്ണീരില്‍ ഒറ്റപ്പുഞ്ചിരി കൊണ്ട് പ്രകാശം പരത്തി ഖദിജ(റ). ശിഅബു അബീത്വാലിബ് എന്ന മക്കയിലെ കുന്നിന്‍ ചരുവില്‍ ഒറ്റപ്പെട്ടു സാമൂഹ്യ ഉപരോധത്തിൽ കഴിഞ്ഞപ്പോള്‍ തിരുനബിക്കും കൂടെയുള്ളവര്‍ക്കും പച്ചിലയും വെള്ളവും മാത്രമായിരുന്നു ഭക്ഷണം. അപ്പോഴും മക്കയിലെ ആ പഴയ രാജകുമാരി പ്രിയതമനൊപ്പമുണ്ടായിരുന്നു. തിരുനബി (സ) യുടെ കൈപിടിച്ച് ഖദീജ(റ) എന്ന പ്രിയതമയുടെ സ്‌നേഹമുണ്ടായിരുന്നു എപ്പോഴും..! വളരെ സന്തോഷം നിറഞ്ഞ ദാമ്പത്യ ജീവിതത്തിൽ, പക്വമതിയായ ഖദീജ (റ) നബിതിരുമേനിക്ക് ആറു മക്കളെ നൽകി. ഖാസിം, സൈനബ്, റുഖിയ്യ, ഫാത്വിമ, ഉമ്മു കുൽസൂം, അബ്ദുല്ലാഹ് എന്നിവർ. പ്രബോധനത്തിന്റെ പ്രാരംഭഘട്ടത്തിൽ ശത്രു സമൂഹം അഴിച്ചുവിട്ട പീഡനങ്ങളിൽ മനംതളരാതിരിക്കാൻ, സ്‌നേഹമസൃണമായ പെരുമാറ്റവും സന്തോഷദായകമായ സാമീപ്യവും കൊണ്ട് കരുത്തു നൽകിയ ആ സ്നേഹത്തെ നബി(സ) ഇങ്ങനെ ശ്ലാഖിക്കുന്നു: ഖദീജ ബീവിയെ(റ)യേക്കാൾ ഉത്തമമായ മറ്റൊന്നും അല്ലാഹു എനിക്ക് പകരം നൽകിയിട്ടില്ല; ജനങ്ങൾ എന്നെ അവിശ്വസിച്ചപ്പോൾ അവൾ എന്നെ വിശ്വസിച്ചു. ജനങ്ങൾ എന്നെ കളവാക്കിയപ്പോൾ അവൾ എന്നെ സത്യമാക്കി, ജനങ്ങൾ എനിക്ക് തടഞ്ഞുവെച്ചപ്പോൾ അവൾ എന്നെ സമ്പത്തു നൽകി സമാശ്വസിപ്പിച്ചു. എനിക്ക് മറ്റു ഭാര്യമാരിൽ മക്കളെ തരാതിരുന്ന അല്ലാഹു അവരിലൂടെ മക്കളെ നൽകി (അഹ്മദ്).
ഖദീജ(റ)യും നബി(സ)യും ഇരുപത്തഞ്ച് വർഷം ഒരുമിച്ചു ജീവിച്ചു. പതിനഞ്ച് വർഷം നുബുവ്വത്തിന്റെ മുമ്പും പത്തു വർഷം നുബുവ്വത്തിന്റെ ശേഷവും. ഇക്കാലയളവിൽ നബി(സ) മറ്റാരെയും ഭാര്യയായി സ്വീകരിച്ചില്ല. ദാമ്പത്യത്തിന്റെ മധുര പ്രായത്തിൽ, യുവത്വത്തിന്റെ പ്രസരിപ്പിൽ അമ്പതു വരെ ഏക പത്‌നീവ്രതമനുഷ്ഠിച്ചു നബി തിരുമേനി (സ). അവർ പകർന്ന സ്നേഹം തന്റെ ജീവിതത്തിന്റെ എല്ലാമെല്ലാമായിരുന്നതു കൊണ്ടാണത്. മരണത്തിനു പോലും ആ സ്നേഹത്തെ മണ്ണിട്ടു മൂടാൻ കഴിഞ്ഞില്ല. അവർ മരണപ്പെട്ട വർഷം മുഴവനും ദുഖ: വർഷമായിരുന്നു നബി തങ്ങൾക്ക്. പിൽക്കാലത്ത് ഖദീജ(റ)യെ നബി(സ) വല്ലാതെ ഓർത്തിരുന്നു. അവരുടെ മാഹാത്മ്യങ്ങളും പുണ്യകർമങ്ങളും എല്ലാവരോടും എടുത്തുപറയുമായിരുന്നു. ഖദീജ(റ)വിന്റെ പേരിൽ ദാനധർമങ്ങൾ ചെയ്യുമായിരുന്നു. ആടിനെ അറുത്ത് ഖദീജ (റ)വിന്റെ കൂട്ടുകാരികൾക്ക് കൊടുത്തുവിടുമായിരുന്നു. അനസ് (റ) പറയുന്നു: നബി(സ്വ)ക്ക് വല്ലതും കൊണ്ടുകൊടുത്താൽ അവിടുന്ന് പറയും: ഇത് ഇന്നാലിന്നവൾക്ക് എത്തിക്കൂ. അവൾ ഖദീജ (റ)യുടെ കൂട്ടുകാരിയാണ്. ഇത് ഇന്ന പെണ്ണിന് കൊടുക്കൂ. അവൾ ഖദീജയെ ഇഷ്ടപ്പെടുന്നവളാണ് (ഹാകിം). പ്രവാചക പത്നി ആയിഷ(റ) പറയുമായിരുന്നു: ഖദീജ (റ)യെ ഞാൻ കണ്ടിട്ടില്ല. എന്നാലും അവരോളം എനിക്ക് അസൂയ തോന്നിയ മറ്റൊരു പത്നിയും നബിക്ക് ഉണ്ടായിട്ടില്ല എന്ന്.
5 വസ്ത്രം പോലെ..
ഇമാം ഗസ്സാലി(റ) പറയുന്ന നാലാമത്തെ ലക്ഷ്യം ഉത്തരവാദിത്വ വികേന്ദ്രീകരണമാണ്.
കുടുംബ സംവിധാനത്തിലും നടത്തിപ്പിലും ദമ്പതിമാര്‍ക്കിടയില്‍ ഉത്തരവാദിത്വ വികേന്ദ്രീകരണം നടത്തുന്നതുകൊണ്ട് ഇരുവര്‍ക്കും ജീവിത മണ്ഡലങ്ങൾ കൂടുതല്‍ വ്യാപരിക്കാന്‍ കഴിയുന്നു. സദ്‌വൃത്തരായ ഭാര്യയും ഭര്‍ത്താവും ഈ അര്‍ഥത്തില്‍ പരസ്പരം സഹായികളാകുന്നു. മതപരവും ഭൗതികവുമായ ജീവിതത്തിനും പാരത്രിക വിജയത്തിനും സദ്‌വൃത്തരായ ഭാര്യയും ഭര്‍ത്താവും പരസ്പര സഹകാരികളാകുന്നു. ഈ ആശയം വിശുദ്ധ ഖുർആൻ വളരെ മനോഹരമായി അവതരിപ്പിക്കുന്നുണ്ട്. അല്ലാഹു പറയുന്നു: അവര്‍ നിങ്ങള്‍ക്കും നിങ്ങള്‍ അവര്‍ക്കും വസ്ത്രങ്ങളാകുന്നു (അല്‍ബഖറ: 187). ദമ്പതികള്‍ തമ്മിലുള്ള ഇണ ജീവിതത്തിന്റെ മനോഹാരിതയെയും സുദൃഢതയെയും സൂചിപ്പിക്കാന്‍ വിശുദ്ധ ഖുര്‍ആന്‍ ഉപയോഗിച്ച ഉപമയാണ് ഏറെ ശ്രദ്ധേയം. അഞ്ച് മനോഹര തത്വങ്ങള്‍ ഈ ഉപമാലങ്കാരത്തില്‍ ഉള്‍ചേരുന്നുണ്ട്. ഒന്ന്, വസ്ത്രം ശരീരത്തിന് ചേര്‍ന്നതും യോജിച്ചതുമായിരിക്കണം. ഇതു പോലെ ദമ്പതികള്‍ക്ക് പരസ്പരം ആദര്‍ശപ്പൊരുത്തമുണ്ടായിരിക്കണം. ഉദാഹരണമായി ഒരാള്‍ ഏകദൈവവിശ്വാസിയും മറ്റെയാള്‍ ബഹുദൈവവിശ്വാസിയുമാണെങ്കില്‍ അത് ചേര്‍ച്ചയില്ലാത്ത വസ്ത്രം പോലെയിരിക്കും. രണ്ട്, വസ്ത്രം ചൂടില്‍ നിന്നും തണുപ്പില്‍ നിന്നും അതു ധരിക്കുന്നവന് രക്ഷയേകണം. ദമ്പതികള്‍ പരസ്പരം ചൂടകറ്റുന്നവരും തണുപ്പകറ്റുന്നവരുമായി ജീവിക്കണം. മൂന്ന്, വസ്ത്രം നഗ്‌നത മറയ്ക്കാന്‍ സഹായകമാകണം. ദമ്പതികള്‍ പരസ്പരം ന്യൂനതകള്‍ പറയുന്നവരാകാതെ ന്യൂനതകള്‍ മറ്റുള്ളവരില്‍ നിന്ന് മറയ്ക്കുന്നവരായി അന്തസ്സോടെ ജീവിക്കാന്‍ ശ്രമിക്കണം. നാല്, വസ്ത്രം അഴകും വ്യക്തിത്വവും നിര്‍ണ്ണയിക്കുന്നു. ദമ്പതികള്‍ പരസ്പരം നന്മകള്‍ പ്രകാശിപ്പിച്ച് ഇരുവരുടെയും ജീവിതം ആനന്ദകരമാക്കാന്‍ ശ്രമിക്കണം. അഞ്ച്, വസ്ത്രത്തില്‍ അഴുക്കായാല്‍ വസ്ത്രം മാറ്റുകയല്ല, വൃത്തിയാക്കി വീണ്ടും ധരിക്കുകയാണ് ചെയ്യുക. ഇത് പോലെ ദമ്പതികളില്‍ ഇഷ്ടക്കേട്, പൊരുത്തക്കേട് തുടങ്ങിയ അഴുക്കുകള്‍ ശ്രദ്ധയില്‍ പെട്ടാല്‍ നയപരമായും ഗുണപരമായും ഇടപെട്ട് ആ അഴുക്ക് വൃത്തിയാക്കി ഇണയെ തന്റെ ജീവിതത്തോട് ചേര്‍ത്തു നിര്‍ത്തണം.
അഞ്ചാമത്തേത് ഉത്തരവാദിത്വ നിര്‍വഹണവും അവകാശം നല്‍കലുമാണ്.
ഉത്തരവാദിത്വങ്ങള്‍ ഏറ്റെടുക്കാനും ഇതരരുടെ അവകാശങ്ങള്‍ വകവെച്ചുകൊടുക്കാനും മനുഷ്യനെ പാകപ്പെടുത്തിയെടുക്കാന്‍ വിവാഹത്തിലൂടെ സാധിക്കുന്നു. പ്രഥമമായി ഇണകളോടും തുടര്‍ന്ന് സന്താനങ്ങളോടുമുള്ള നിയതമായ ഉത്തരവാദിത്വങ്ങള്‍ യഥാവിധി നിര്‍വഹിക്കാന്‍ മനസ്സിനെ പാകപ്പെടുത്തിയെടുക്കുന്നതില്‍ വിവാഹത്തിന് അനല്‍പമായ പങ്കുണ്ട്. ഇണകളോടുള്ള ബാധ്യതകള്‍ നിര്‍വഹിക്കുക, അവരുടെ അവകാശങ്ങള്‍ വകവെച്ചുകൊടുക്കുക, അവരില്‍നിന്നുണ്ടാകുന്ന പിഴവുകള്‍ സഹിക്കുകയും ക്ഷമിക്കുകയും ചെയ്യുക, അവരുടെ സംസ്‌കരണത്തിന് പരിശ്രമിക്കുക, അവരെ മതപരമായ ചിട്ടയില്‍ വളര്‍ത്താന്‍ യത്‌നിക്കുക, അവര്‍ക്കു വേണ്ടി അനുവദനീയമായ ധനം സമ്പാദിക്കുക, സന്താനപരിപാലനം ശരിയായ രീതിയില്‍ നിര്‍വഹിക്കുക എന്നിവയെല്ലാം വിവാഹത്തിലൂടെ നിര്‍വഹിക്കപ്പെടുന്ന മഹിതമായ കര്‍മങ്ങളാകുന്നു. കുറെ കാലം പ്രണയിച്ചും പ്രേമിച്ചും ഒന്നിച്ച് ജീവിച്ച് പിന്നീട് വിവാഹം എന്ന രീതിയല്ല ഇസ്ലാം അനുവദിച്ചത്. വിവാഹാനാന്തരം പ്രണയിച്ച് ജീവിക്കാനാണ് ഇസ്ലാം നിര്‍ദേശിക്കുന്നത്. ഇതില്‍ ആശങ്കയുടെ ആവശ്യമില്ല. കാരണം വിവാഹാനന്തരം ഇണ ജീവിതത്തില്‍ സ്‌നേഹം, സമാധാനം, കാരുണ്യം എന്നീ ചേരുവകള്‍ ചേര്‍ത്ത് അത് സുദൃഢമാക്കുന്നത് ദൈവിക ദൃഷ്ടാന്തമാണ് എന്ന യാഥാര്‍ഥ്യം തന്നെയാണ് ഭൂരിഭാഗം വിവാഹങ്ങളിലും പുലരുന്നത്. കാരണം അത് അല്ലാഹുവിന്റെ ഒരു വാഗ്ദാനവുമാകുന്നു.
6 വിവാഹം ഇസ്‌ലാമില്‍
കുടുംബ സംവിധാനത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് അല്ലാഹു പറയുന്നു: മനുഷ്യരേ, നിങ്ങളെ ഒരേ ആത്മാവില്‍നിന്ന് സൃഷ്ടിക്കുകയും അതില്‍നിന്നു തന്നെ അതിന്റെ ഇണയെയും സൃഷ്ടിക്കുകയും അവര്‍ ഇരുവരില്‍നിന്നുമായി ധാരാളം പുരുഷന്മാരെയും സ്ത്രീകളെയും വ്യാപിപ്പിക്കുകയും ചെയ്തവനായ നിങ്ങളുടെ രക്ഷിതാവിനെ നിങ്ങള്‍ സൂക്ഷിക്കുവിന്‍. ഏതൊരു അല്ലാഹുവിന്റെ പേരില്‍ നിങ്ങള്‍ അന്യോന്യം ചോദിച്ചുകൊണ്ടിരിക്കുന്നുവോ, അവനെ നിങ്ങള്‍ സൂക്ഷിക്കുക. കുടുംബ ബന്ധങ്ങളെയും (നിങ്ങള്‍ സൂക്ഷിക്കുക). തീര്‍ച്ചയായും അല്ലാഹു നിങ്ങളെ നിരീക്ഷിച്ചുകൊണ്ടിരിക്കുന്നവനാണ് (നിസാഅ്-1). പ്രവാചകന്‍(സ) അരുള്‍ ചെയ്തു: യുവസമൂഹമേ, നിങ്ങളില്‍ ശേഷിയുള്ളവര്‍ വിവാഹം കഴിക്കുക. ശേഷിയില്ലാത്തവര്‍ വ്രതമനുഷ്ഠിച്ചുകൊള്ളുക. അതവന് വികാരശമനത്തിനുള്ള ഉപാധിയാകുന്നു (ബുഖാരി). ശേഷിയുളളവര്‍ എന്നതുകൊണ്ട് അര്‍ഥമാക്കുന്നത് വൈവാഹിക ജീവിതം നയിക്കാന്‍ ശാരീരികവും മാനസികവും സാമ്പത്തികവുമായ കഴിവും പക്വതയുമാണ്. വീണ്ടും പ്രവാചകന്‍(സ) അരുളി: വിവാഹം എന്റെ ചര്യയാകുന്നു. എന്റെ ചര്യയനുസരിച്ച് പ്രവര്‍ത്തിക്കാത്തവന്‍ എന്നില്‍പെട്ടവനല്ല (ഇബ്‌നു മാജ). അസാന്മാര്‍ഗിക ജീവിതത്തില്‍നിന്നും അപഥസഞ്ചാരത്തില്‍നിന്നും വ്യക്തികളെ സംരക്ഷിച്ചുനിര്‍ത്തുന്ന ഘടകമാണ് വിവാഹം. വ്യക്തികളുടെ മാനസികവും ശാരീരികവും വൈകാരികവുമായ വളര്‍ച്ചക്കും വികാസത്തിനും വിവാഹം അത്യന്താപേക്ഷിതമാണ്. സദാചാരം നിലനിര്‍ത്തുന്നതിനും ചാരിത്ര്യസംരക്ഷണത്തിനും വ്യക്തികളെ സഹായിക്കുന്ന ശക്തമായ സംവിധാനമാണ് വിവാഹ ജീവിതം. മനുഷ്യവംശത്തിന്റെ വര്‍ധനവിനും സമൂഹത്തിന്റെ സാംസ്‌കാരിക അഭിവൃദ്ധിക്കും വ്യക്തികളുടെ സന്തുലിത വികാസത്തിനും വിവാഹം അനുപേക്ഷണീയമായി ഇസ്‌ലാം കണക്കാക്കുന്നു.
വിവാഹത്തിന് മുമ്പുള്ള പ്രണയ കേളികളുടെയും വിവാഹത്തിന് ശേഷവും തുടരുന്ന ബാഹ്യ ബന്ധങ്ങളുടെയും പുതിയ സാഹചര്യങ്ങൾ വളർന്നുകൊണ്ടിരിക്കുന്ന ഇന്നത്തെ സാഹചര്യത്തില്‍ വിവാഹ ജീവിതത്തെ അല്‌പം ഗൗരവപൂര്‍വം ചര്‍ച്ച ചെയ്യേണ്ടതുണ്ട്. വിവാഹം ഇന്ന് വലിയ മാമാങ്കമാണെങ്കിലും വിവാഹേതര ബന്ധങ്ങളോട് പുതു യുവതക്ക് വല്ലാത്തൊരു താൽപര്യമാണ്. അതിന് പ്രത്യക്ഷത്തിൽ തന്നെ പല കാരണങ്ങളുമുണ്ട്. ഒന്നാമതായി ബാധ്യതയില്ല എന്നതാണ്. വിവാഹം വഴി ലൈംഗികത അനുഭവിക്കുമ്പോൾ അതിന് ഔദ്യോഗികതയുണ്ട്. ആ ഔദ്യോഗത പല ചെലവുകളും ബാധ്യതപ്പെടുത്തുന്നതാണ്. കുട്ടികൾ, കുടുംബ ചെലവുകൾ തുടങ്ങി പലതും അതിന്റെ ഭാഗമായി ഉണ്ടാകുന്നു. രണ്ടാമത്തേത് ആവർത്തന വിരസതയോ തദ്വാരാ ഉണ്ടാകുന്ന മടുപ്പോ ഒന്നും ഇല്ലാതെ സുഖം മാറി മാറി അനുഭവിക്കാൻ കഴിയുന്നു. അതിനാൽ വിവാഹത്തെ കുറിച്ച് ഒന്നു കൂടി പഠിക്കേണ്ടതുണ്ട്. അതിന് ഏറ്റവും നല്ലത് ഇസ്ലാമിക വൈവാഹിക ദർശനം പഠിക്കലും പറയലുമാണ്. പ്രായപൂര്‍ത്തിയായ, വിവേകമതികളായ യുവതീയുവാക്കളെ വിവാഹജീവിതത്തിലേക്ക് നയിക്കുക എന്നത് സമൂഹത്തിന്റെ കൂടി ബാധ്യതയായിട്ടാണ് വിശുദ്ധ ഖുര്‍ആനിന്റെ അധ്യാപനം. നിങ്ങളില്‍ നിന്നുള്ള അവിവാഹിതര്‍ക്ക് നിങ്ങള്‍ വിവാഹം ചെയ്‌തുകൊടുക്കുക (24:32). അടിമ സമ്പ്രദായം നിലനിന്നിരുന്ന കാലത്തായിരുന്നല്ലോ പ്രവാചക നിയോഗം. അടിമകളായ സ്‌ത്രീപുരുഷന്മാര്‍ക്കും വിവാഹജീവിതത്തിന് അവസരമൊരുക്കണമെന്നാണ് ഉപരിസൂചിത ഖുര്‍ആന്‍ വചനം തുടര്‍ന്നുപറഞ്ഞത്. (24:32)
യുവ സമൂഹമേ നിങ്ങള്‍ക്ക് കഴിവും പ്രാപ്‌തിയുമെത്തിയാല്‍ നിങ്ങള്‍ വിവാഹം ചെയ്യുവിന്‍ എന്ന് പ്രവാചകന്‍ നിഷ്‌കര്‍ഷിച്ചു. എന്നാല്‍ പെണ്‍കുട്ടികള്‍ സ്വന്തം നിലയ്‌ക്ക് വിവാഹം ചെയ്യാനല്ല ഇസ്‌ലാമിന്റെ അനുശാസനം. പെണ്ണിന്റെ രക്ഷിതാവ് ഉത്തരവാദിത്തത്തോടെ വിവാഹം ചെയ്‌തുകൊടുക്കുകയാണ് വേണ്ടത്. നബി(സ) രക്ഷിതാക്കളോടു പറയുന്നു: മതനിഷ്‌ഠയും സദ്‌സ്വഭാവവുമുള്ള ചെറുപ്പക്കാര്‍ നിങ്ങളുടെ പെണ്‍മക്കള്‍ക്ക് വിവാഹാലോചനയുമായി വന്നാല്‍ വിവാഹം ചെയ്‌തുകൊടുക്കുക. ഇല്ലെങ്കില്‍ നാട്ടില്‍ കുഴപ്പങ്ങളും വ്യാപകമായ നാശവും സംഭവിച്ചേക്കാം. വിവാഹത്തിന്റെ ഇസ്‌ലാമിക കാഴ്‌ചപ്പാടിന്റെ ചുരുക്കം ഇതാണ്.
ഇത് വ്യക്തമായി രൂപപ്പെടുന്ന കാഴ്ചപ്പാടിന്റെ അടിസ്ഥാനത്തിൽ ഉണ്ടാകുന്ന ഒരു സാമൂഹ്യ ഉടമ്പടിയാണ്. മാതാപിതാക്കളും കുടുംബക്കാരും യുവതീ യുവാക്കള്‍ക്കുവേണ്ടി വിവാഹം ആലോചിക്കുകയും വിവാഹബന്ധം നടക്കുന്നതിനു മുന്‍പായി ഇരു കുടുംബങ്ങളെപ്പറ്റിയും പരസ്‌പരം അന്വേഷിച്ചറിയുകയും ചെയ്യുന്നു. അതിലെവിടെയും അടിച്ചമര്‍ത്തലോ നിര്‍ബന്ധിക്കലോ ഇല്ല, പാടുമില്ല. ഇങ്ങനെ അന്വേഷിച്ച്, ആലോചിച്ച്, പരസ്‌പരം കണ്ടറിഞ്ഞ് തീരുമാനിക്കുന്ന വിവാഹത്തിന് ഇപ്പോള്‍ പറഞ്ഞുകേള്‍ക്കുന്ന പേരാണ് അറേന്‍ജ്‌ഡ് മാര്യേജ് എന്ന്. ഇത് പുതിയ തലമുറക്ക് പഴഞ്ചനായി മാറിയിരിക്കുന്നു, സഹസ്രാബ്‌ദങ്ങളായി, അല്ല, മനുഷ്യനോളം പഴക്കമുള്ളതായി സമൂഹത്തില്‍ നടന്നുവരുന്ന ഈ സമ്പ്രദായം എല്ലാ ജാതി-മത വര്‍ഗ സമൂഹങ്ങളും കാലദേശ ഭേദമന്യേ അംഗീകരിച്ചുപോരുന്നതാണ്. അതു തന്നെയാണ് മനുഷ്യ പ്രകൃതിയും. ഇസ്‌ലാം അംഗീകരിച്ച രീതിയും ഇതുതന്നെ.
വിവാഹരീതികളും ചടങ്ങുകളും ഓരോ മതവിഭാഗത്തിനിടയിലും വ്യത്യസ്‌ത സമൂഹങ്ങള്‍ക്കിടയിലും വ്യതിരിക്തമാണ്. ഇസ്‌ലാമില്‍ വിവാഹമെന്ന കര്‍മം അതീവ ലളിതവും സുതാര്യവുമാണ്. അത് ആചാരബദ്ധമോ പുരോഹിത പ്രധാനമോ അല്ല. വരന്‍, വധു, വധൂപിതാവ്, വിവാഹമൂല്യം (മഹ്‌ര്‍), സാക്ഷികള്‍ ഇതാണ് വിവാഹത്തിന്റെ ഘടകങ്ങള്‍. ശക്തമായ കരാര്‍ എന്നാണ് വിവാഹബന്ധത്തെ ഖുര്‍ആന്‍ വിശേഷിപ്പിച്ചത്. സ്വകാര്യമായി വിവാഹം നടത്തിക്കൂടാ. അത് പരസ്യപ്പെടുത്തണമെന്ന് പ്രവാചകന്‍ നിര്‍ദേശിച്ചു. രണ്ടു വ്യക്തികളുടെ സ്വകാര്യ ജീവിതമാണെങ്കിലും ഒരു കുടുംബ സംവിധാനത്തിന്റെ ആരംഭമായ സാമൂഹിക പ്രക്രിയ കൂടിയാണ് വിവാഹം. വിവാഹിതരായ സ്‌ത്രീ-പുരുഷന്മാര്‍ (ദമ്പതികള്‍) തമ്മില്‍ മാത്രമേ ലൈംഗിക ബന്ധം പാടുള്ളൂ എന്നതാണ് ഇസ്‌ലാമിക നിയമം. എല്ലാ മതങ്ങളും മതേതര സമൂഹങ്ങളും ഇതംഗീകരിക്കുന്നു. വിവാഹ ബാഹ്യമായ എല്ലാവിധ ലൈംഗിക ബന്ധങ്ങളും വ്യഭിചാരമെന്ന പാപമായി മതങ്ങള്‍ കാണുന്നു. അത് സാമൂഹ്യജീര്‍ണതയാണ് എന്നാണ് എല്ലാവരുടെയും പക്ഷം. ഭൗതികമായി മാരകമായ ദുരന്തങ്ങള്‍ക്കും അത് വഴിവയ്‌ക്കുന്നു. ഇത് മനുഷ്യന്റെ മാത്രം പ്രത്യേകതയാണ്. അവനെ മാത്രമാണല്ലോ അല്ലാഹു അമാനത്ത് ഏൽപ്പിച്ചത്. അല്ലാഹുവിന്റെ പ്രതിനിധി അവനാണ്. അവന്റെ അഭീഷ്ടങ്ങൾ നടപ്പിലാവേണ്ടത് അവനിലാണ്. പക്ഷിമൃഗാദികള്‍ക്ക് ദാമ്പത്യമോ കുടുംബബന്ധമോ ഇല്ല. അതിനാല്‍ വിവാഹം കഴിക്കേണ്ടതില്ല. അതുകൊണ്ടായിരിക്കാം, അവര്‍ക്കിടയില്‍ ലൈംഗികാരാജകത്വമോ ലൈംഗിക വൈകൃതങ്ങളോ ലൈംഗിക രോഗങ്ങളോ ഇല്ല. ഈ പ്രകൃതി നിയമത്തില്‍ ബുദ്ധിശാലികള്‍ക്കും വിവേകമതികള്‍ക്കും ചിന്തിക്കാനേറെയാുണ്ട്. ഇങ്ങനെ കേവലം ഒരു ബന്ധം സൃഷ്ടിക്കപ്പെട്ടാൽ മാത്രം പോരാ. മറിച്ച് ദമ്പതികൾ പരസ്പരം ഇഴുകിച്ചേർന്നുകൊണ്ടുള്ള ഒരു ജീവിതം നയിക്കണം. അതിന് അറേഞ്ച്ഡ് മാര്യേജിന്റെ കീഴ്‌വഴക്കങ്ങളും നടപടിക്രമങ്ങളും മാത്രം പോരാ. മറിച്ച് മറ്റു പലതും ശ്രദ്ധിക്കേണ്ടതുണ്ട്. അതും ഫലപ്രദമായി വിശുദ്ധ ഖുർആൻ പറഞ്ഞിട്ടുണ്ട്. ആ വഴിക്കല്ലാതെ കുടുംബത്തിൽ സമാധാനം ഉണ്ടാവില്ല.
7 പൊട്ടിപ്പോകുന്ന താലിമാലകൾ
ചിലർ കരുതും, സമ്പത്തുണ്ടായാൽ സുന്ദരമായ കുടുംബ ജീവിതം നയിക്കാമെന്ന്. ഈ ധാരണ മൗഢ്യമാണ് എന്നതിന് എത്രയോ ഉദാഹരണങ്ങൾ നമ്മുടെ മുമ്പിലുണ്ട്. നമ്മുടെ ലോകത്തെ ഏറ്റവും വലിയ പണക്കാരൻ ആമസോണിന്റെ ഉടമ ജെഫ് ബെസോസിന്റെ കുടുംബ ജീവിതാനുഭവം അതിന് മികച്ച ഉദാഹരണമാണ്. ആമസോൺ എന്ന ഇ-കൊമേഴ്സ് ഭീമന്റെ സ്ഥാപകനാണ് ജെഫ് ബെസോസ്. ദീർഘകാലം ലോകത്തെ അതിസമ്പന്നരുടെ നിരയിൽ ഒന്നാമനായിരുന്നു. 124 ബില്യൺ ഡോളറിന്റെ, എന്നുവെച്ചാൽ പത്ത് ലക്ഷം കോടി രൂപയിലേറെ ആസ്തിയുള്ള ധനികൻ. ആമസോണിന്റെ സി ഇ ഒ സ്ഥാനത്ത് നിന്ന് 2021 ലാണ് ബെസോസ് ഒഴിഞ്ഞത്. ഇപ്പോഴും കമ്പനിയിൽ പത്ത് ശതമാനം ഓഹരി ബെസോസിനുണ്ട്. ആഗോള തലത്തിൽ കേൾവികേട്ട മാധ്യമസ്ഥാപനം വാഷിങ്ടൺ പോസ്റ്റും സ്പേസ് ടൂറിസം കമ്പനിയായ ബ്ലൂ ഒറിജിനും ഇദ്ദേഹത്തിന്റേതാണ്. ആമസോണിൽ നിന്നും വിരമിച്ചതിനു ശേഷം അദ്ദേഹത്തിന്റെ സാമ്പത്തിക ഗ്രാഫ് ഒന്ന് ഇറങ്ങിയെങ്കിലും 19120 കോടി ഡോളർ ആസ്തിയുമായി ഈ സ്ഥാനം ജെഫ് ബെസോസ് വീണ്ടും തിരികെ പിടിക്കുകയുണ്ടായി. അത് കച്ചവടത്തിലുള്ള അദ്ദേഹത്തിന്റെ സാമർഥ്യത്തെ കാണിക്കുന്നു.
1993-ലായിരുന്നു ബെസോസിന്റെ വിവാഹം. ഒരു ഡി. ഇ. ഷോയിൽ വച്ച് കണ്ടുമുട്ടിയ മക്കെൻസി ടട്ടിലിനെയാണ് ബെസോസ് വിവാഹം കഴിച്ചത്. പ്രധാനമായും ഒരു എഴുത്തുകാരിയാണ് മക്കെൻസി. 2006 ൽ അവരുടെ ഒരു നോവൽ അമേരിക്കൻ ബുക്ക് അവാർഡ് നേടിയിട്ടുണ്ട്.
0 Comments
No comments yet.
Leave a Comment
© www.thdarimi.in. All Rights Reserved. Designed by zainso