Thoughts & Arts
Image

പഠനം: ഇമാം നവവി(റ) 6

20-01-2023

Web Design

15 Comments


----
പത്ത്:
കറാമത്തുകള്‍



അല്ലാഹുവിന്‍റെ ഔലിയാക്കള്‍ക്കുണ്ടാകുന്ന അമാനുഷിക കഴിവുകളാണ് കറാമത്ത്. ഇത് ഖുര്‍ആനിന്‍റെയും സുന്നത്തിന്‍റെയും അടിസ്ഥാനത്തില്‍ സ്ഥിരപ്പെട്ടതാണ്. കറാമത്തിന്‍റെ സ്ഥിരീകരണം ഖണ്ഡിതമായ പ്രമാണങ്ങള്‍ വഴിയായതിനാല്‍ അതിനെ നിഷേധിക്കാന്‍ ആർക്കും കഴിയില്ല. ദുര്‍ബുദ്ധികളുടെയും നവീനവാദങ്ങളുടെയും വക്താക്കള്‍ക്കേ അതിനെ നിഷേധിക്കാന്‍ സാധിക്കുകയുള്ളൂ. സ്വാലിഹീങ്ങൾ അല്ലാഹുവിന്‍റെ മാര്‍ഗത്തില്‍ മാത്രം സഞ്ചരിച്ച് അവനുമായി പ്രത്യേക ബന്ധം സ്ഥാപിച്ചവരും അല്ലാഹു അവരുമായി ഇങ്ങോട്ടും പ്രത്യേക ബന്ധം സ്ഥാപിച്ചവരുമാണ്. അവര്‍ക്ക് അല്ലാഹു പ്രത്യേക സ്ഥാനം കല്‍പിച്ചിട്ടുണ്ട്. അവരാണ് വലിയ്യുകൾ. ഒരു ഖുദ്സിയ്യായ ഹദീസില്‍ അല്ലാഹു പറയുന്നു: ആരെങ്കിലും എന്‍റെ വലിയ്യിനെ ബുദ്ധിമുട്ടിച്ചാല്‍ തീര്‍ച്ചയായും അവന്‍ എന്നോട് യുദ്ധം ചെയ്തു. അല്ലാഹുവിന്‍റെ ഔലിയാക്കളെ ബുദ്ധിമുട്ടിക്കല്‍ അല്ലാഹുവിനോട് യുദ്ധം ചെയ്യലാണ്. മറ്റൊരു ഖുദ്സിയ്യായ ഹദീസില്‍ പറയുന്നു: ഒരു അടിമ ഞാന്‍ അവനെ ഇഷ്ടപ്പെടുന്നത് വരെ സുന്നത്തുകളെ കൊണ്ട് അടുത്ത് കൊണ്ടിരിക്കും. ഞാനവനെ ഇഷ്ടപ്പെട്ടാല്‍ അവന്‍ കേള്‍ക്കുന്ന കേള്‍വിയും കാഴ്ചയും നാവും ഹൃദയവും കൈയും കാലും ഞാനാകും. ഇത്രയും വലിയ സ്ഥാനം അല്ലാഹു അവര്‍ക്ക് നല്‍കിയെങ്കില്‍ അവരുദ്ദേശിക്കുന്ന ഏതൊരു കാര്യവും അവന്‍ സാധിപ്പിച്ചു കൊടുക്കുമെന്ന് ഏത് ചെറിയ ബുദ്ധിക്കും ഗ്രാഹ്യമാവുന്നതാണ്. ഇമാം നവവിയുടെ ജീവിതം നാം പരിശോധിച്ചാൽ അല്ലാഹുവിൽ നിന്ന് തിരിഞ്ഞു നിൽക്കുകയോ അവന്റെ മാർഗത്തിൽ നിന്ന് വ്യതിചലിക്കുകയോ ചെയ്തതായി കണ്ടെത്താൻ കഴിയുകയില്ല. അതുകൊണ്ടുതന്നെ അദ്ദേഹം സ്വാലിഹായ ഒരു വലിയ്യാണ് എന്നതിൽ സന്ദേഹമില്ല. അദ്ദേഹത്തിന്റെ ജീവിതത്തിൽ പലപ്പോഴുമായി ഇത് തെളിയിക്കുന്ന സംഭവങ്ങൾ ഉണ്ടായിട്ടുണ്ട്. അതിൽ നിന്ന് അദ്ദേഹം അല്ലാഹുവിന്റെ ഒരു ഇഷ്ടദാസനായിരുന്നു എന്ന് നമുക്ക് ഗ്രഹിക്കാം. അത്തരം ചില പ്രധാന സംഭവങ്ങളാണ് ചുവടെ.



ഏഴു വയസ്സുള്ള സമയത്ത് പിതാവിനോടൊത്ത് രാത്രി ഉറങ്ങുകയായിരുന്നു കുട്ടിയായ യഹ് യ ബിൻ ശറഫ് നവവി(റ). അര്‍ധ രാത്രിയായപ്പോള്‍ പിതാവിനെ വിളിച്ചുണര്‍ത്തി കുട്ടി ചോദിച്ചു: ഉപ്പാ, എന്താണീ വീട്ടിലാകെ ഒരു പ്രകാശം കാണുന്നത്? ശേഷം വീട്ടുകാരെയെല്ലാം യഹ്‌യ വിളിച്ചുണര്‍ത്തി. പക്ഷേ അവരാരും തന്നെ പ്രകാശം കണ്ടില്ല. റമളാന്‍ 27-ാം രാവിലായിരുന്നു ഈ സംഭവം. പിതാവ് ശറഫ് അനുസ്മരിക്കുന്നു: ലൈലത്തുല്‍ ഖദ്‌റിന്റെ ഒളിവാണ് മകന്‍ കണ്ടത്. പുത്രന് നല്ല ഭാവിയുണ്ടെന്ന് ഗ്രഹിക്കാന്‍ പിതാവിന് ഇതും സഹായകമായി. അതു കൊണ്ടു തന്നെയാണ് കച്ചവടക്കാരനായ പിതാവ് തന്റെ മകനെ ഇൽമിന്റെ വെളിച്ചത്തിലേക്ക് നയിച്ചത്. തന്റെ മകൻ ആ വെളിച്ചത്തിൽ നിന്ന് പറന്നെടുത്തും അതിലേക്ക് തന്നെ ദാനം ചെയ്തും ചരിത്രത്തിൽ ഇടം പിടിച്ചത് പിതാവിന്റെ പ്രതീക്ഷയെ പുലർത്തുകയും ചെയ്തു. (1)



നവവി ഇമാമിന്റെ പ്രധാന ശിഷ്യനായ ഇബ്‌നു അത്വാര്‍(റ) രേഖപ്പെടുത്തുന്നു: അബുല്‍ ഹസന്‍(റ) എന്നോട് പറഞ്ഞു: ഒരിക്കല്‍ എന്റെ കാലിന് സന്ധിവാതം പിടിപെട്ട് ഞാന്‍ കിടപ്പിലായി. ഇതറിഞ്ഞ ശൈഖ് മുഹ്‌യുദ്ധീന്‍ എന്നവര്‍ (നവവി ഇമാം) എന്നെ സന്ദര്‍ശിക്കുകയും ക്ഷമയെ കുറിച്ചും ക്ഷമിച്ചാലുണ്ടാകുന്ന പരിണിതഫലങ്ങളെ കുറിച്ചും ഓര്‍മ്മപ്പെടുത്തുകയും ചെയ്തു. ഇതിനിടയില്‍ അവരുടെ മഹനീയ സാന്നിധ്യം കാരണം എന്റെ രോഗം പൂര്‍ണമായും സുഖപ്പെട്ടു. (2) ഇമാം ഖല്‍യൂബി(റ) പറയുന്നു: ഒരിക്കല്‍ മഹാനവര്‍കള്‍ ഗ്രന്ഥ രചനയിലേര്‍പ്പെടുന്നതിനിടയില്‍ വിളക്ക് കെട്ടു. തദവസരം കൈ പ്രകാശിക്കുകയും ഗ്രന്ഥരചന പൂര്‍ത്തികരിക്കുകയും ചെയ്തു. (3)



ഇമാം ശഅ്‌റാനി (റ) പറയുന്നു: ഒരിക്കല്‍ അവിടുന്ന് റാഫിഈ(റ)വിന്റെ ശറഹുല്‍ കബീര്‍ സംഗ്രഹിച്ച് എഴുതുവാൻ വേണ്ടി ഖുതുബ്ഖാനയിലേക്ക് പ്രവേശിച്ചു. ഗ്രന്ഥം പുറത്തു കൊണ്ടുപോകാന്‍ അനുവാദമില്ലാത്തതിനാല്‍ വെളിച്ചം കിട്ടാന്‍ വാതില്‍പടിയില്‍ ചാരിയിരുന്നായിരുന്നു ഗ്രന്ഥരചന നടത്തിയിരുന്നത്. പക്ഷെ, ശക്തമായ കാറ്റു മൂലം വാതിലടയുന്നത് മഹാനവര്‍കളെ അലോസരപ്പെടുത്തി. വാതിലടയുന്നത് തടഞ്ഞുനിര്‍ത്താന്‍ ചുറ്റുഭാഗങ്ങളിലും പരതി നോക്കിയപ്പോള്‍ ഒരു കത്തി മാത്രമേ അവിടുത്തേക്ക് ലഭിച്ചിരുന്നുള്ളൂ. അതെടുത്ത് മൂർച്ചയുള്ള അഗ്രഭാഗം തന്റെ മുട്ടു കാലിലേക്കും പിടിയുടെ ഭാഗം വാതിലുമായും ബന്ധിപ്പിക്കുകയും ചെയ്തു. എങ്കിലും ഇടക്കിടക്കുള്ള ശക്തമായ കാറ്റില്‍ തന്റെ തുണികീറുകയും കത്തി കുത്തി ക്കയറി ശരീരത്തില്‍ മുറിവുണ്ടാകുകയും ചെയ്തു. ഇത് കണ്ട ശിഷ്യന്‍ ഇബ്‌നുല്‍ അത്വാര്‍(റ) ശൈഖവര്‍കളോട് ചോദിച്ചു: ഉസ്താദേ കത്തി തിരിച്ചു വെച്ചൂകൂടായിരുന്നോ ?. മഹാനവര്‍കള്‍ പറഞ്ഞു വാതിലില്‍ അടയാളമുണ്ടാവുന്നതിനേക്കാളും നല്ലത് എന്റെ മേല്‍ മുറിവാകുന്നതാണ്. (4)



മുഹമ്മദ് ബിൻ അബീബക്കർ ഇബ്രാഹിം(5) എന്നിവർ പറയുന്നു ഞാൻ കുട്ടിയായിരിക്കെ ഇമാം നവവിയുടെ അടുക്കലേക്ക് കടന്നു ചെന്നു. അദ്ദേഹം എന്നെ ഖാളീ ഖുളാത്ത് (മേൽ ഖാളി) എന്ന് വിളിച്ചുകൊണ്ടാണ് സ്വാഗതം ചെയ്തത്. അപ്പോൾ ഞാൻ തിരിഞ്ഞു നോക്കി അവിടെ ഞാൻ അല്ലാതെ മറ്റാരെങ്കിലും ഉണ്ടോ എന്ന്. ആരെയും കണ്ടില്ല. അപ്പോൾ എനിക്ക് മനസ്സിലായി അദ്ദേഹം എന്നെ തന്നെയാണ് അങ്ങനെ വിളിച്ചത് എന്ന്. അദ്ദേഹം വിളിച്ച് ആശീർവദിച്ച ആ സ്ഥാനം പിന്നീട് യാഥാർത്ഥ്യമായി. ആദ്യം ഹലബിലും പിന്നീട് ത്വറാബൽസിലും പിന്നീട് ശാം മുഴുവനും എന്റെ അധികാരപരിധിയിൽ വരുന്ന വിധം ഞാൻ ഖാളി ആവുകയുണ്ടായി. (6)



ഒറ്റത്തവണ കേട്ടാല്‍ തന്നെ മനഃപാഠമാകുന്ന പ്രകൃതമായിരുന്നു ഇമാമിന്റേത്. വെറും നാലര മാസം കൊണ്ട് തന്‍ബീഹ് എന്ന വിശ്വോത്തര ഗ്രന്ഥവും ഏഴര മാസം കൊണ്ട് മുഹദ്ദബിന്റെ പ്രധാന ഭാഗങ്ങളും മനഃപാഠമാക്കി. ശൈഖ് കമാലുദ്ദീന്‍ ഇസ്ഹാഖുല്‍ മഗ്‌രിബി(റ)യുടെ മേല്‍ നോട്ടത്തില്‍ അതിന് ശര്‍ഹ് എഴുതാനാരംഭിച്ചു. ആവര്‍ത്തിച്ചു പാരായണം ചെയ്തു പഠിക്കുന്ന പ്രകൃതക്കാരനായിരുന്നതിനാല്‍ മറവിയെന്ന പ്രശ്‌നം ഉണ്ടായിരുന്നതേയില്ല. ഇമാം ഗസ്സാലി(റ)യുടെ വസ്വീത്വ് എന്ന വിഖ്യാത ഗ്രന്ഥം നാനൂറ് തവണ അദ്ദേഹം ആവര്‍ത്തിച്ചു വായിക്കുകയുണ്ടായി. (7)



യാത്രയില്‍ പോലും മനഃപാഠമാക്കിയത് ആവര്‍ത്തിച്ചുകൊണ്ടിരിക്കുന്നത് സഹപാഠികളില്‍ അത്ഭുതം ജനിപ്പിച്ചിരുന്നതായി. ഇമാം സഖാവി ഉദ്ധരിക്കുന്നു. ആറ് വര്‍ഷം കഠിന തപം ചെയ്തുകൊണ്ടുള്ള ത്യാഗപരിശ്രമത്തിലൂടെയുള്ള പഠനമായിരുന്നു തന്റെ ഉയര്‍ച്ചക്കു നിദാനമെന്ന് ഇമാം തന്നെ അനുസ്മരിക്കുകയുണ്ടായി. ആയുസ്സിലും സമയത്തിലും ബറകത്ത് നല്‍കപ്പെട്ട മഹാനാണ് ഇമാം നവവി(റ) എന്ന് ഇമാം യാഫിഈ(റ) പറയുന്നു. അല്ലാഹുവിന്റെ പ്രത്യേക പരിഗണന മഹാനു ലഭിച്ചിരുന്നു. ആ പരിഗണനയുടെ ബറകത്താണ് ജീവിതത്തിലും രചനയിലും പ്രകടിതമായത്. അതുകൊണ്ടാണ് സര്‍വ നാടുകളിലും സകല ജനങ്ങളും മഹാന്റെ കിതാബുകള്‍ ബഹുമാനത്തോടെ നെഞ്ചോട് ചേര്‍ക്കുന്നത് (8).



ഇമാം നവവി(റ)യുടെ ജ്ഞാന ജീവിതത്തെ പണ്ഡിതര്‍ മൂന്ന് ഘട്ടങ്ങളായി തരംതിരിച്ചിട്ടുണ്ട്. അതീവ താല്‍പര്യത്തോടെയും കഠിനാധ്വാനത്തോടെയുമുള്ള പഠന കാലഘട്ടമാണ് ഒന്നാമത്തേത്. ഇതിന്റെ ഫലമായ തഹ്സീലിന്റെ ഘട്ടമാണ് രണ്ടാമത്തേത്. പ്രധാനപ്പെട്ട 12 വിഷയങ്ങളിലും അവഗാഹം നേടിയാണ് ഈ ഘട്ടം കടക്കുന്നത്. ഈ രണ്ട് ഘട്ടങ്ങൾ പിന്നിടുമ്പോൾ അദ്ദേഹത്തിന് മുപ്പത് വയസ്സ് പ്രായമായിരുന്നു. അവിടെനിന്നങ്ങോട്ട് മരണംവരെ നീണ്ടുകിടക്കുന്നതാണ് മൂന്നാമത്തെ ഘട്ടം. ആ ഘട്ടത്തിലാണ് താൻ നേടിയ വിജ്ഞാനത്തെ പഠിപ്പിച്ചും രചന നടത്തിയും അദ്ദേഹം സമുദായത്തിന് കൈമാറിയത്. 46 മത്തെ വയസ്സിൽ മരണപ്പെടുമ്പോൾ അദ്ദേഹത്തിന്റെ ജീവിതത്തിന് പരിപൂർണ്ണമായ സംതൃപ്തി ഉണ്ടായിരുന്നു. ആ സംതൃപ്തി നേടിക്കൊടുത്തത് അദ്ദേഹത്തിന്റെ ആയുസ്സിലെ ബറക്കത്ത് തന്നെയായിരുന്നു. അതായത്, ജീവിതത്തിൽ ഒരു വയസ്സ് പോലും അലക്ഷ്യമായിട്ടോ അലസമായിട്ടോ കടന്നുപോയിട്ടില്ല. മൂന്നാമത്തെ ഘട്ടത്തിലേക്ക് എത്തിയതും അദ്ദേഹത്തിന്റെ ജീവിതം ആത്മീയമായ പൂർണ്ണത പ്രാപിക്കുന്നതായി കൂടി നമുക്ക് വായനകളിൽ നിന്ന് മനസ്സിലാകും. ചിലർ പറഞ്ഞിട്ടുള്ളത് അദ്ദേഹത്തിന് ആത്മീയമായി ഖുതുബി(9)ന്റെ പദവി വരെ ഉണ്ടായിരുന്നു എന്നാണ്. അതിൽ ഒരു അതിശയോക്തിയും ഇല്ല . കാരണംവിജ്ഞാനം നേടുന്നതിലും നൽകുന്നതിലും അവ പ്രവർത്തിപഥത്തിൽ കൊണ്ടുവരുന്നതിലും മാത്രം ഒതുങ്ങി നിൽക്കുന്നതായിരുന്നു അദ്ദേഹത്തിന്റെ ജീവിതം. ദുനിയാവിന്റെ മറ്റൊരു ആസ്വാദനവും ജീവിതത്തിൽ ഒരിക്കലും ഉണ്ടായിട്ടില്ല. അത്തരം ഒരാൾ ഖുതുബ് ആവുക എന്നത് അത്ഭുതപ്പെടേണ്ട കാര്യമല്ല.



അനന്യ സാധാരണമായിരുന്ന അദ്ദേഹത്തിന്റെ രചനാ വൈഭവത്തെയും നമുക്ക് അല്ലാഹു അദ്ദേഹത്തിന് നൽകിയ ഒരു കറാമത്തായി മാത്രമേ കാണാൻ കഴിയൂ. കാരണം ഗഹനമായ വിഷയങ്ങൾ വളരെ സരളമായി അവതരിപ്പിക്കാനുള്ള ഒരു കഴിവ് നവവി ഇമാമിനുണ്ട്. ഈ കഴിവ് ഒന്നോ രണ്ടോ ഗ്രന്ഥങ്ങൾക്ക് വേണ്ടി ഉപയോഗപ്പെടുത്തപ്പെട്ടതല്ല. മറിച്ച് മുഴുവൻ ജീവിതകാലത്തിനും വിശാലമാകുന്ന രചനകളാണ് അദ്ദേഹത്തിന്റേത്. അദ്ദേഹത്തിന്റെ ജീവചരിത്രങ്ങളിൽ ചില എഴുത്തുകാർ നടത്തുന്ന ഒരു പ്രയോഗം അടിവര അർഹിക്കുന്നതാണ്. അവർ പറയുന്നു: ഇമാം ജീവിച്ച മൊത്തം ദിവസങ്ങളും രചിച്ച ഗ്രന്ഥങ്ങളുടെ പേജുകളും ചേർത്തുനോക്കിയാല്‍ അത് ഒരു ദിവസത്തിന് ഒന്നോ രണ്ടോ എന്ന തോതിലുണ്ടാകും. വലിയ ഒരു ഭണ്ഡാകാരം തന്നെയാണ് അദ്ദേഹം സമുദായത്തിന് നൽകിയത്. കര്‍മശാസ്ത്രത്തില്‍ റൗളതുത്വാലിബീന്‍, മിന്‍ഹാജുത്വാലിബീന്‍, മജ്മൂഅ്(ശറഹുല്‍ മുഹദ്ദബ്) തുടങ്ങിയവ ഏറ്റവും പ്രസിദ്ധമാണ്. ശറഹുല്‍ മുഹദ്ദബ് രിബയുടെ അധ്യായം വരെ മാത്രമേ ഇമാമിന്റേതായിട്ടുള്ളൂ. ശര്‍ഹു മുസ്‌ലിം, അല്‍ അദ്കാര്‍, രിയാലുസ്വാലിഹീന്‍, ഖുലാസ്വ, അര്‍ബഈന ഹദീസ് തുടങ്ങിയവ ഹദീസില്‍ അദ്ദേഹത്തിന്റെ അനുഗ്രഹീത രചനകളാണ്. ഈളാഹുല്‍ മനാസിക്, ഈജാസ് തുടങ്ങി ഹജ്ജിന്റെ മുറകള്‍ വിവരിക്കുന്ന നാല് ഗ്രന്ഥങ്ങളുമുണ്ട്. ഇസ്‌ലാമിക ചരിത്രത്തിലെ ആധികാരിക രേഖകളായി സര്‍വാംഗീകാരം നേടിയ തഹ്ദീബുല്‍ അസ്മാഇ വല്ലുഗാത്, ത്വബഖാത് എന്നിവ ഇമാമിന്റെ സുപ്രധാന രചനകളാണ്. അല്‍ ഇര്‍ശാദ്, അത്തഖ് രീബു വത്തയ്‌സീര്‍ എന്നിവ ഹദീസ് വിജ്ഞാനീയത്തിലെ സംഭാവനകളാണ്. അത്തിബ്‌യാന്‍ ഫീ ആദാബി ഹമലത്തില്‍ ഖുര്‍ആന്‍, ദഖാഇഖുല്‍ മിന്‍ഹാജ്, അല്‍ മുബ്ഹമാത്ത്, തഹ്‌രീറു അല്‍ഫാളിത്തന്‍ബീഹ്, അത്തഹ്ഖീഖ് തുടങ്ങിയ ചെറുതും വലുതുമായ ഒട്ടേറെ രചനകള്‍ വേറെയുമുണ്ട്.



അക്ഷരാര്‍ത്ഥത്തില്‍, വേണ്ടവിധം ഊണും ഉറക്കവുമില്ലാത്ത, ജീവിതത്തിന്റെ സുഖങ്ങളറിയാത്ത, വൈവാഹിക ജീവിതം പോലും ആസ്വദിക്കാന്‍ കഴിയാത്ത ജ്ഞാന തപസ്യയായിരുന്നു മഹാന്‍ നിര്‍വഹിച്ചിരുന്നത്. ഡമസ്‌കസിലെത്തിയ ശേഷം ഹജ്ജിനും ഉംറക്കും സിയാറത്തിനും അത്യാവശ്യ കുടുംബ സന്ദര്‍ശനത്തിനുമല്ലാതെ പുറത്തു പോകാത്ത നിറധന്യജീവിതം. സ്വയമായി തന്നെ ഇജ്തിഹാദ് ചെയ്യുവാനുളള കഴിവ് ഉണ്ടായിട്ടും ഇമാം ശാഫിഈ(റ)നെ പിന്‍പറ്റുകയും ഇമാമിന്റെ മദ്ഹബിന് സേവനം ചെയ്യുന്നതില്‍ വ്യാപൃതനാവുകയും ചെയ്തതിൽ നിന്നും ആ മനസ്സിന്റെ വിനയത്തിളക്കം കാണാം. ഇമാം ശാഫിഈ(റ)യുടെ ഖബര്‍(10) സിയാറത്ത് ചെയ്യാന്‍ പോയപ്പോള്‍ ഖുബ്ബ കണ്ട മാത്രയില്‍ സ്‌നേഹാദര സമ്മിശ്രമായ വികാരത്തള്ളിച്ചയില്‍ മുന്നോട്ട് പോകാനാകാതെ അവിടുന്ന് പറഞ്ഞതിങ്ങനെ: ശാഫിഈ(റ) ജീവിച്ചിരിപ്പുണ്ടായിരുന്നെങ്കില്‍ അവിടുന്ന് താമസിക്കുന്ന ഖൈമ കണ്ടാല്‍ ഞാനവിടെ നില്‍ക്കുമായിരുന്നു. ഒരടി മുന്നോട്ട് നീങ്ങില്ല. അദബും വിനയവും കാരണം അവിടെ നിന്ന് തന്നെ സിയാറത്ത് ചെയ്തു തിരിച്ചു പോന്നു.(11)



----
(1) തുഹ്ഫത്തു ത്വാലിബീൻ
(2) സഖാവി
(3) തുഹ്ഫത്തുത്വാലിബീൻ
(4) തുഹ്ഫത്തു ത്വാലിബീൻ
(5) മുഹമ്മദ് ബിൻ അബീ ബക്കർ ശംസുദ്ദീൻ നഖീബ്. ശാമിലെ ശാഫി ഖാളി ആയിരുന്നു. മരണം ഹി. 745
(6) അല്‍ മിന്‍ഹജുസ്സവിയ്യി 1/6.
(7) സഖാവി : പേജ് 35 )
(8) മിര്‍ആതുല്‍ ജിനാന്‍, 4/185
(9) ഔലിയാക്കളുടെ നേതാവ്
(10) കൈറോവിലെ ഖറാഫയിൽ ഇമാം ശാഫിഈ സ്ട്രീറ്റിൽ സ്ഥിതി ചെയ്യുന്നു.
(11) തര്‍ജുമത്തുന്നവവി ലില്‍ ഇമാമുസ്സഖാവി, പേ. 82.



--------



പതിനൊന്ന് :
വിട



ഇമാം നവവി(റ)യുടെ പ്രിയപ്പെട്ട ശിഷ്യൻ ഇബ്നു അത്വാർ പറയുന്നു: ഞാൻ മഹാനയ ശൈഖവർകളുടെ മരണത്തിന്റെ രണ്ടുമാസം മുമ്പ് അദ്ദേഹത്തിന്റെ സമീപത്ത് ഇരിക്കുമ്പോൾ ഒരു അപരിചിതനായ ദരിദ്രൻ കടന്നുവരികയും ഒരു വെള്ളം ചൊരിച്ചെടുക്കുന്ന പാത്രം (കിണ്ടി) അദ്ദേഹത്തിന് നൽകുകയും ചെയ്തു. എന്നിട്ട് അയാൾ പറഞ്ഞു: സർഖദ് എന്ന നാട്ടിൽ നിന്ന് ഒരാൾ താങ്കൾക്ക് തന്നയച്ചതാണ് ഇത്. അദ്ദേഹം താങ്കൾക്ക് സലാം നേരുകയും ചെയ്തിരിക്കുന്നു. സാധാരണ ഇങ്ങനെയുള്ള ഹദിയകൾ ഒന്നും സ്വീകരിക്കാത്ത ആളായിരുന്നു ഇമാം അവർകൾ. പക്ഷേ ഈ ഹദിയ അദ്ദേഹം സ്വീകരിക്കുകയും തന്റെ വ്യക്തിഗത വസ്തുവകകൾ സൂക്ഷിക്കുന്ന ഇടത്ത് സൂക്ഷിക്കാൻ പറയുകയും ചെയ്തു. ഇത് എനിക്ക് അത്ഭുതം തോന്നിയ ഒരു കാര്യമായിരുന്നു. എന്റെ അത്ഭുതം കണ്ട് അദ്ദേഹം പറഞ്ഞു: ഇത് യാത്രക്കുള്ള ഉപകരണമാണല്ലോ, (യാത്രകളിൽ ഉപയോഗിക്കുവാൻ കിണ്ടി കരുതുന്ന പതിവ് അക്കാലത്തുണ്ടായിരുന്നു) അതുകൊണ്ട് യാത്ര അടുത്തിരിക്കുന്നു. ഇത് മഹാനവർകളുടെ മരണത്തെ കുറിച്ചുള്ള ആദ്യത്തെ പ്രകടമായ സൂചനയായിരുന്നു. അത് അദ്ദേഹത്തിനും ഞങ്ങൾക്കും വ്യക്തമായും മനസ്സിലായി. (1)



പഠനവും അദ്ധ്യാപനവും ഗ്രന്ഥരചനയുമായി ആ ജീവിതം ധന്യമായി ഏതാണ്ട് മൊത്തം 28 വര്‍ഷം ഡമസ്‌കസില്‍ കഴിച്ചു. മരണമടുത്തു എന്നതിന് സൂചന ലഭിച്ചപ്പോള്‍ അദ്ദേഹം ഡമസ്‌കസിനോട് വിടപറയാൻ തുടങ്ങി. ആദ്യമായി ഡമസ്കസിലെ തന്റെ ഉസ്താദുമാരുടെ ഖബ്‌റിടങ്ങളില്‍ ചെന്നു. ഖുര്‍ആന്‍ ഓതി ദീർഘനേരം കരഞ്ഞു പ്രാത്ഥിച്ചു. തനിക്ക് ഇത്രയൊക്കെ സേവനങ്ങൾ അർപ്പിക്കുവാൻ വേണ്ട കഴിവുകൾ പകർന്നു തന്നതിന് നന്ദി പ്രകടിപ്പിക്കുകയായിരുന്നു മഹാനവർകൾ. തുടർന്ന് ജീവിച്ചിരിക്കുന്ന ഉസ്താദുമാരെ കൂടി സന്ദര്‍ശിച്ചു. എല്ലാവരോടും യാത്ര പറഞ്ഞ് അദ്ദേഹം പുറപ്പെട്ടു. പുറപ്പെടുമ്പോൾ എല്ലാവരും അത് ഒരു സാധാരണ യാത്രയായിരിക്കും എന്നാണ് കരുതിയിരുന്നത്. അതിലപ്പുറം മറ്റെന്തെങ്കിലും കരുതാൻ മാത്രം അദ്ദേഹത്തിന് പ്രായമായിരുന്നില്ല. വാർദ്ധക്യം മഹാനവർകളിൽ ഒട്ടും പ്രകടമായിരുന്നില്ല. അസുഖങ്ങളോ മറ്റോ കാര്യമായി ഉണ്ടായിട്ടുമില്ല. പൊതുവേ അദ്ദേഹത്തിന് ഏതാനും നാളുകൾ നീണ്ടുനിൽക്കുന്ന വിധത്തിലുള്ള അസുഖങ്ങളേ ഉണ്ടായിട്ടില്ല എന്ന് അദ്ദേഹത്തിന്റെ ജീവചരിത്രങ്ങളെല്ലാം പറയുന്നു. ആയതിനാൽ സ്വന്തം നാട്ടിലേക്കുള്ള ഒരു യാത്ര എന്നതിലപ്പുറം വലിയ വൈകാരികതകൾ ഒന്നും പ്രകടമായിട്ടുണ്ടാകുവാൻ സാധ്യതയില്ല. ഒപ്പം ശിഷ്യനും ഉണ്ടായിരുന്നു.



അവർ നേരെ പോയത് ബൈത്തുൽ മുഖദ്ദസിലേക്ക് ആയിരുന്നു. അവിടെ ചെല്ലുകയും ബൈത്തുൽ മുഖദ്ദസിൽ പ്രധാനപ്പെട്ട സന്ദർശന കേന്ദ്രങ്ങളിൽ എല്ലാം സന്ദർശനം നടത്തുകയും അവിടെ നിന്ന് വിട ചോദിക്കുകയും ചെയ്തു. അത് കഴിഞ്ഞ് നേരെ വെറും 10 കിലോമീറ്റർ മാത്രം അകലെയുള്ള സ്വന്തം നാടായ നവായിലേക്ക് പോയി. അവിടെ നിന്ന് ഇബ്നുൽ അത്വാർ ഡമാസ്കസിലേക്ക് മടങ്ങി. അവിടെ എത്തുകയും തന്റെ മാതാപിതാക്കളെ കാണുകയും ചെയ്തു. അവരെല്ലാവരും വലിയ സന്തോഷത്തിലും ആഹ്ലാദത്തിലുമായിരുന്നു. വീട്ടിലെത്തിയതും അദ്ദേഹത്തിന് ക്ഷീണവും രോഗബാധയും ഉണ്ടായി. ശരിക്കും രോഗം ഫലസ്തീനിൽ വെച്ചു തന്നെ തുടങ്ങിയിരിക്കണം. അവിടെ വെച്ചു മരിക്കുവാർ അദ്ദേഹം ആഗ്രഹിക്കുകയും പ്രാർഥിക്കുകയും ചെയ്യുമായിരുന്നു. അങ്ങനെ മഹാനവർകൾ കിടപ്പിലായി. ഹിജ്‌റ 676 റജബ് 20 ശനിയാഴ്ചയായിരുന്നു രോഗവും ക്ഷീണവും തുടങ്ങിയത്. രോഗം അനുദിനം കൂടി വരികയും റജബ് 24 നു ബുധനാഴ്ച രാവില്‍ മുസ്ലിം ലോകത്തെ ദുഃഖസാഗരത്തിലാഴ്ത്തി ഇമാം നവവി(റ) ഭൗതിക ജീവിതത്തോട് വിടപറയുകയും ചെയ്തു. ശാം നാടുകളെ വേദനയുടെ കണ്ണീരിൽ മുക്കിയ ദിനമായിരുന്നു അത്. അദ്ദേഹത്തിന്റെ ഖബ്ര്‍ സ്ഥിതി ചെയ്യുന്നതും അവിടെത്തന്നെ. അവിടെ ഒരു തുറന്ന സ്ഥലത്താണ് ഖബർ സ്ഥിതിചെയ്യുന്നത്. ഇങ്ങനെ ആയിരിക്കണം തന്റെ ഖബ്ർ എന്ന് ഇമാം നവവി(റ)ക്കു നിര്‍ബന്ധമുണ്ടായിരുന്നു. തന്റെ ജീവിതം പോലെത്തന്നെ ഭൗതികലോക വിരക്തിയുടെ സൂചകമാവണം അതെന്ന് അദ്ദേഹം ആഗ്രഹിച്ചു. എന്നാല്‍ അക്കാര്യം വസ്വിയ്യത്ത് ചെയ്യാന്‍ അവസരം ലഭിക്കാതെ അദ്ദേഹം മരണപ്പെടുകയായിരുന്നു.



ഖബ്‌റിടത്തിനു മീതെ ഗാംഭീര്യവും പത്രാസും മുറ്റി നില്‍ക്കുന്ന സൗധം നിര്‍മിക്കുകയും ഖുബ്ബ സ്ഥാപിച്ച് മോടി കൂട്ടുകയും ചെയ്യണമെന്ന് ബന്ധുക്കൾക്ക് ആഗ്രഹമുണ്ടായിരുന്നു. പക്ഷെ, പൊതു മഖ്ബറയിൽ അങ്ങനെ ചെയ്യുവാൻ അനുവാദമില്ല. ഖബ്‌റിടം മുസ്‌ലിംകളുടെ വഖ്ഫ് ഭൂമിയാണെന്നും തന്റെ മൃതദേഹം നിവര്‍ത്തിക്കിടത്താന്‍ ആവശ്യമുള്ളതിലേറെ സ്ഥലം വിനിയോഗിക്കാന്‍ ഒരാള്‍ക്കും അനുവാദമില്ലെന്നും ഇമാം നവവി(റ) തന്റെ ശറഹു മുസ്‌ലിമില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. അദ്ദേഹത്തിന്റെ പാണ്ഡിത്യഗരിമക്കും പ്രശസ്തിക്കും ചേരുന്ന വിധമായിരിക്കണം ഖബ്‌റിടമെന്നായിരുന്നു ബന്ധുക്കളിൽ ചിലരുടെ താൽപര്യം. എന്നാല്‍ ഇമാം നവവിയുടെ ആഗ്രഹം സഫലമാകണമെന്നായിരുന്നു അല്ലാഹുവിന്റെ തീരുമാനം. ഖബ്‌റിനു മുകളില്‍ സൗധവും താഴികക്കുടവും നിര്‍മിക്കാനുള്ള തകൃതിയായ നീക്കങ്ങള്‍ നടന്നുകൊണ്ടിരിക്കെ അദ്ദേഹത്തിന്റെ ബന്ധുക്കളില്‍ ഒരാള്‍ (അമ്മായിയാണെന്നാണ് നിവേദകന്റെ നിഗമനം) ഇമാം നവവി(റ) തന്നെ സന്ദര്‍ശിച്ചതായി സ്വപ്നം കണ്ടു. സ്വപ്നത്തിൽ നവവി(റ) അവരോട് പറഞ്ഞു: എന്റെ ഖബ്ര്‍ കെട്ടിപ്പടുക്കാനുള്ള തീരുമാനം ഉപേക്ഷിക്കണമെന്ന് എന്റെ സഹോദരനോടും മറ്റുള്ളവരോടും പറയുക. നിര്‍മാണം നടക്കുന്ന പക്ഷം അത് അവര്‍ക്കു മീതെ തകര്‍ന്നുവീഴും! നിദ്രയില്‍നിന്ന് ഞെട്ടിയുണര്‍ന്ന അമ്മായി തന്റെ സ്വപ്ന വിവരം ബന്ധപ്പെട്ടവരെ അറിയിച്ചു. അതോടെ നിര്‍മാണം അവര്‍ വേണ്ടെന്നുവെച്ചു. മൃഗങ്ങളെയും മറ്റും നിയന്ത്രിക്കുവാൻ ഒരു ചുറ്റുമതില്‍ മാത്രം നിര്‍മ്മിച്ചുകൊണ്ട് ഖബ്‌റിനു സംരക്ഷണമേര്‍പ്പെടുത്തുക മാത്രമാണ് അവര്‍ ചെയ്തത്. പിന്നീട് പ്രസ്തുത സ്വപ്നം യാഥാര്‍ഥ്യനിഷ്ഠമായിരുന്നുവെന്ന് തെളിയിക്കുന്ന ഒരു സംഭവം ഹിജ്‌റ പത്താം നൂറ്റാണ്ടില്‍ അരങ്ങേറുകയുണ്ടായി. ദമസ്‌കസിലെ ഗവര്‍ണര്‍ ഖാന്‍സ്വൂഹ് അസ്സഅ്ദി ഇമാം നവവി(റ)യുടെ ഖബ്‌റിനു മുകളില്‍ താഴികക്കുടം നിര്‍മിക്കുകയും അത് സ്വയം തകര്‍ന്നു വീഴുകയും ചെയ്തതാണ് സംഭവം(2). ഇമാം നവവിയുടെ ഖബ്ര്‍ കെട്ടിപ്പൊക്കുന്ന പക്ഷം അത് തകര്‍ന്നടിയുമെന്ന വിശ്വാസം നവാ ഗ്രാമവാസികള്‍ക്കിടയില്‍ ഇന്നും നിലനില്‍ക്കുന്നു. അദ്ദേഹത്തിന്റെ ഖബ്‌റിനു മേല്‍ക്കൂര നിര്‍മിക്കാന്‍ അവര്‍ക്ക് ഭയമാണ്.



(1) തുഹ്ഫത്തുത്വാലിബീൻ
(2)തുഹ്ഫത്തുത്വാലിബീൻ



--------



പ്രധാന അവലംബങ്ങൾ:
1 ) ഇമാം നവവി. അബ്ദുൽ ഗനി ദഖർ. ദാറുൽ ഖലം, ബൈറൂത്ത്.
2) തുഹ്ഫത്തു ത്വാലിബീൻ. ഇബ്നുൽ അത്വാർ.
3) ത്വബഖാത്തുശ്ശാഫിഇയ്യ അൽ കുബ്റാ. താജുദ്ദീൻ അസ്സുബ്കി.
4) സിയറു അഅ്ലാമിന്നുബലാഅ്. ഇമാം ദഹബി
5) ചരിത്ര ഗ്രന്ഥങ്ങൾ
6) വെബ് സൈറ്റുകൾ.





0 Comments

No comments yet.

Leave a Comment

© www.thdarimi.in. All Rights Reserved. Designed by zainso