Thoughts & Arts
Image

റജബൊളിയിൽ തിളങ്ങുന്നത് റമളാനാണ്

29-01-2023

Web Design

15 Comments









വീണ്ടും റജബ് മാസം. ചന്ദ്രൻ ഭൂമിയെ പ്രദക്ഷിണം ചെയ്യാൻ എടുക്കുന്ന സമയത്തെ മൊത്തം പന്ത്രണ്ടുകഷ്ണങ്ങളായി മുറിക്കുമ്പോൾ സ്വാഭാവികമായി ഉണ്ടാകുന്ന തുല്യ കഷ്ണങ്ങളെയാണല്ലോ നാം മാസങ്ങൾ എന്നു വിളിക്കുന്നത്. അപ്പോൾ പിന്നെ ഒരു മാസക്കഷ്ണത്തിന് മറ്റൊരു മാസക്കഷ്ണത്തേക്കാൾ എന്തു പ്രത്യേകതയാണ് ഉണ്ടാവുക എന്ന് ചോദിക്കരുത്. നമുക്ക് അനിവാര്യമായും ഇങ്ങനെ മുറിക്കാൻ വേണ്ട പാകത്തിൽ പ്രപഞ്ചത്തെ അതിന്റെ ഘടനയെയും ചലനങ്ങളെയും ഒരുക്കിയവൻ നാം മുറിച്ചെടുക്കുന്ന ചില കഷ്ണങ്ങൾക്ക് ചിലതിനേക്കാൾ രുചിയും ശോഭയും ഫലവും ഭംഗിയുമെല്ലാം നൽകിയിട്ടുണ്ട്. അവൻ തന്നെ പ്രസ്താവിക്കുന്നു: ആകാശങ്ങളും ഭൂമിയും സൃഷ്ടിച്ച ദിവസം അല്ലാഹു രേഖപ്പെടുത്തിയതനുസരിച്ച് അല്ലാഹുവിന്‍റെ അടുക്കല്‍ മാസങ്ങളുടെ എണ്ണം പന്ത്രണ്ടാകുന്നു. അവയില്‍ നാലെണ്ണം (യുദ്ധം) വിലക്കപ്പെട്ടമാസങ്ങളാകുന്നു. അതാണ് വക്രതയില്ലാത്ത മതം. അതിനാല്‍ ആ (നാല്‌) മാസങ്ങളില്‍ നിങ്ങള്‍ നിങ്ങളോട് തന്നെ അക്രമം പ്രവര്‍ത്തിക്കരുത്‌. (അത്താബ: 36) ഈ സൂക്തത്തിൽ നിന്നും ചില മാസങ്ങള്‍ക്ക് മറ്റ് മാസങ്ങളേക്കാള്‍ അല്ലാഹുവും അവന്റെ റസൂലും ശ്രേഷ്ടതയും പ്രത്യേകതയും നല്‍കിയിട്ടുണ്ട് എന്ന് മനസ്സിലാക്കാം. മുഹറം, റജബ് , ദുല്‍ഖഅദ്, ദുല്‍ഹജ്ജ് എന്നിവയാണ് പവിത്രങ്ങളായ ആ നാല് മാസങ്ങള്‍. അബൂബക്കർ(റ) നബി(സ) പറഞ്ഞതായി ഉദ്ധരിക്കുന്നു: നിശ്ചയമായും കാലം അല്ലാഹു ആകാശഭൂമികളെ സൃഷ്ടിച്ച ദിവസത്തെപ്പോലെ തിരിഞ്ഞുവന്നിരിക്കുന്നു. ഒരു വര്‍ഷം പന്ത്രണ്ട് മാസമാകുന്നു. അതില്‍ നാലെണ്ണം പവിത്രമാക്കപ്പെട്ട മാസങ്ങളാണ്. അതില്‍ മൂന്നെണ്ണം തുടര്‍ച്ചയായി വരുന്ന മാസങ്ങളാണ്, (അതായത്) ദുല്‍ഖഅദ, ദുല്‍ഹിജ്ജ, മുഹര്‍റം എന്നിവ. ജുമാദക്കും ശഅബാനിനും ഇടയിലുള്ള മുളറിന്റെ റജബാണ് (നാലാമത്തേത്) (ബുഖാരി).



ഇത്രയും പറഞ്ഞതിൽ നിന്നും നമ്മുടെ മാനത്ത് ഒരു ചെറു പുഞ്ചിരിയായി കോറിയിടപ്പെട്ട പുതുചന്ദ്രക്കല അടയാളപ്പെടുത്തുന്ന റജബ് മാസത്തിന്റെ സവിശേഷത, അതിന്റെ കാരണം, അതിനോട് നാം ചെയ്യേണ്ട കടമ എന്നിങ്ങനെ മൂന്നു കാര്യങ്ങൾ വ്യക്തമായി. ഈ മാസത്തിന്റെ സവിശേഷത യുദ്ധം നിഷിദ്ധമായ മാസമാണ് എന്നതാണ്. യുദ്ധം ചെയ്യരുത് എന്ന് പറയുന്നത് യുദ്ധം ചെയ്യാതിരിക്കാനല്ല. അങ്ങനെയെങ്കിൽ അതിന്റെ ധ്വനി മറ്റുള്ള മൂന്നിൽ രണ്ടു മാസങ്ങളിലും നിങ്ങൾ യുദ്ധം ചെയ്യണം എന്നാകും. മറിച്ച് ഈ മാസങ്ങളിൽ കൂടുതൽ സമാധാന നിരതരായിരിക്കണം എന്ന് പഠിപ്പിക്കുകയാണ് അല്ലാഹു. അതുകൊണ്ടാണ് ഉദ്ധൃത ആയത്തിൽ അതിനാല്‍ ആ മാസങ്ങളില്‍ നിങ്ങള്‍ നിങ്ങളോട് തന്നെ അക്രമം പ്രവര്‍ത്തിക്കരുത്‌ എന്ന് അല്ലാഹു പറയുന്നത്. ഇത്തരിൽ ശാന്തമായ ഒരു മാനസം ഉണ്ടാകുമ്പോൾ അല്ലാഹു കൽപ്പിച്ച ബഹുമാനം മാസത്തോട് കാണിക്കുവാൻ നമുക്കു കഴിയും. അല്ലാഹു ബഹുമാനിച്ചതിനാൽ അവന്ന് ബോധ്യപ്പെടും വിധം നമ്മളും ആ ബഹുമാനം പുലർത്തുക എന്നതാണ് ചെയ്യാനുള്ളത്. അതാകട്ടെ, ചെറുതല്ല. അല്ലാഹു പറയുന്നു: ആരെങ്കിലും അല്ലാഹുവിന്‍റെ മതചിഹ്നങ്ങളെ ആദരിക്കുന്ന പക്ഷം തീര്‍ച്ചയായും അത് ഹൃദയങ്ങളിലെ തഖ്‌വയിൽ നിന്നുണ്ടാകുന്നതത്രെ. (അൽ ഹജ്ജ്: 32) അതോടെ റജബ് എന്ന സമയവും അതിലെ ശരിയായ കർമ്മമായ അല്ലാഹു കൽപിച്ച ബഹുമാനങ്ങളോടുള്ള ബഹുമാനവും ചേർന്നാൽ കിട്ടുന്ന പ്രതിഫലവും വ്യക്തമായി. അത് തഖ് വയാണ്. അതു കിട്ടിയെന്ന് ഉറപ്പാക്കാതെ നിങ്ങൾ മരിക്കരുതേയെന്ന് അല്ലാഹുവും റസൂലും പറഞ്ഞ തഖ്‌വാ. റജബ് വെറും ഒരു മാസമല്ല എന്ന് ഈ ചിന്ത നമ്മെ തര്യപ്പെടുത്തുന്നു.



റജബിനെ ഹദീസുകളിൽ മുളർ ഗോത്രത്തിന്റെ മാസം എന്ന് വിവരിക്കുന്നതു കാണാം. ഇതിനു കാരണമായി വ്യാഖ്യാനങ്ങൾ ഉദ്ധരിക്കുന്നത് രണ്ടു കാര്യങ്ങളാണ്. ഒന്നാമതായി മുളർ ഗോത്രക്കാർ ഈ മാസത്തെ വല്ലാതെ ആദരിക്കുമായിരുന്നു എന്നതാണ്. മറ്റൊന്ന് അറബികളുടെ കാലം കൊണ്ടുള്ള കളിയുടെ ഭാഗമാണ്. അവർ പലരും തങ്ങളുടെ സൗകര്യങ്ങൾക്കു വേണ്ടി മാസങ്ങളെ അങ്ങോട്ടും ഇങ്ങോട്ടും മാറ്റുന്ന സ്വഭാവമുണ്ടായിരുന്നു. നസീഅ് എന്നാണ് ഇത് വ്യവഹരിക്കപ്പെടുന്നത്. അത്തൗബ അധ്യായം 37-ാം സൂക്തത്തിൽ വിശുദ്ധ ഖുർആൻ ഈ ദുസ്സമ്പ്രദായത്തെ കുറിച്ച് പറയുന്നുണ്ട്. ഇത് സത്യനിഷേധത്തിന്റെ ധാരാളിത്വം ആണ് എന്നാണ് അല്ലാഹു പറയുന്നത്. എന്നാൽ റജബിന്റെ കാര്യത്തിൽ ഒരു തരം മാറ്റത്തിരുത്തലുകളും ചെയ്യാത്തവരായിരുന്നു മുളർ ഗോത്രക്കാർ. ഹദീസിൽ ഈ മാസം അസ്വബ്ബ് എന്നും വിശേഷിക്കപ്പെടുന്നുണ്ട്. അനുഗ്രഹങ്ങൾ വർഷിക്കപ്പെടുന്ന മാസം എന്നാണ് ഇത് വിവക്ഷിക്കപ്പെടുന്നത്. ഇതെല്ലാം ചേരുമ്പോഴും ഈ മാസത്തിൽ വിശ്വാസികൾക്ക് ചെയ്യാനുള്ളത് ആദരവ് തന്നെ എന്ന് ഉറപ്പാകും. ആദരവ് ട്രാക്ക് തെറ്റുമ്പോഴാണ് അനാചാരവും അന്ധവിശ്വാസവുമെല്ലാം ഉണ്ടാവുക. റജബിന്റെ കാര്യത്തിലും അതുണ്ടായി. ഈ മാസത്തിൽ ആദരവുകളുടെ ഭാഗമെന്നോണം പല ആചാരങ്ങളും അറബികൾക്കിടയിൽ നടന്നിരുന്നു. അതിൽ ഒരു തരം ബലി വരെയുണ്ടായിരുന്നു. അതീറ എന്നാണ് ഈ ബലി അറിയപ്പെടുന്നത്. ഇസ്ലാമിന്റെ ആദ്യ ഘട്ടം വരെ ഇതുണ്ടായിരുന്നു എന്നാണ് മനസ്സിലാകുന്നത്. പിന്നീട് ഇത് നബി(സ്വ) നിരോധിച്ചു. ഇപ്പോഴും പല അനാചാരങ്ങളും നടക്കുന്നുണ്ട്. ചുരുക്കത്തിൽ ഇസ്ലാമിനു മുമ്പ് തന്നെ ഏറെ ആദരിക്കപ്പെട്ടിരുന്ന മാസമായിരുന്നു റജബ് മാസം.



റജബിൽ ഉണ്ടായ മറ്റൊരു സംഭവം തബൂക്ക് യുദ്ധമാണ്. നബി(സ്വ)യുടെ അവസാന യുദ്ധമാണ് തബൂക്ക് യുദ്ധം. ഹിജ്റ 9 ലെ റജബ് മാസത്തിലായിരുന്നു ഇത്. ഹിജ്റ എട്ടിൽ നടന്ന മക്കാ വിജയത്തോടെ അറേബ്യയുടെ ഭീഷണികളെയെല്ലാം മറികടന്ന നബി(സ്വ)യെ പുതിയ ശത്രു വേട്ടയാടാൻ തുടങ്ങിയ കാലമായിരുന്നു അത്. അത് റോമൻ സാമ്രാജ്യമായിരുന്നു. ചെറിയ കാലയളവിനുളളിൽ അറേബ്യയെ ജയിച്ചടക്കിയ മുഹമ്മദും മതവും തങ്ങൾക്ക് ഭീഷണിയാണ് എന്ന് തിരിച്ചറിഞ്ഞതോടെയാണ് പൊതുവെ അവർ ശത്രുത പുറത്തെടുത്തത്. പെട്ടെന്നുണ്ടായ കാരണം ബുസ്റായിലേക്കുള്ള നബി(സ്വ) യുടെ ദൂതനായിരുന്ന ഹാരിസ് ബിൻ ഉമൈർ അൽ അസ്ദിയെ റോമൻ ഗവർണ്ണർ ശുറഹ്ബീൽ ബിൻ അംറ് അൽ ഗസ്സാനീ വധിച്ചതായിരുന്നു. ഹിജ്റ ഒമ്പതിൽ അന്നത്തെ ലോക ഭരണാധികാരികൾക്ക് ഇസ്ലാമിന്റെ സന്ദേശം എത്തിക്കുവാൻ വേണ്ടി നിയോഗിച്ച ദൂതൻമാരിൽ ഒരാളായിരുന്നു ഹാരിസ്. ദൂതൻമാരെ വധിക്കുക എന്നത് എക്കാലത്തും ഏറ്റവും വലിയ ധിക്കാരമായിട്ടാണ് പരിഗണിക്കപ്പെട്ടിരുന്നത്. ഇതിനു പ്രതികാരമായി സൈദ് ബിൻ ഹാരിസ(റ)യുടെ നേതൃത്വത്തിൽ ഒരു ദൗത്യ സേനയെ നബി തിരുമേനി നിയോഗിച്ചു എങ്കിലും മുഅ്ത്തത്തിൽ കാര്യമായ വിജയം നേടാനാവാതെ മടങ്ങേണ്ടി വന്നിരുന്നു. ഇതിനെ തുടർന്നായിരുന്നു ഒരു സൈനിക നീക്കം അനിവാര്യമായി വന്നത്.



വലിയ വെല്ലുവിളികൾ നേരിട്ട നീക്കമായിരുന്നു തബൂക്കിലേക്കുളളത്. ദൃർഘടമായ നീണ്ട വഴി അവർക്ക് താണ്ടേണ്ടതുണ്ടായിരുന്നു. മാത്രമല്ല, ശക്തമായ ചൂട് കാലവുമായിരുന്നു. ചൂടിന്റെ പ്രശ്നത്തിനേക്കാൾ ഏറെ വൈഷമ്യമുണ്ടാക്കിയത് അത് ഈന്തപ്പഴം പഴുക്കുന്ന കാലമായിരുന്നു എന്നതാണ്. വിളവെടുപ്പിനായി കർഷക സ്വഹാബിമാർക്ക് മദീനയിൽ തന്നെ നിൽക്കേണ്ടതുണ്ടായിരുന്നു. ഇത്തരം പ്രയാസങ്ങൾ കാരണം പലരും പല കാരണങ്ങളിലും തൂങ്ങിപ്പിടിച്ച് യുദ്ധത്തിൽ നിന്ന് മാറി നിന്നു എങ്കിലും എല്ലാ പ്രയാസങ്ങളും സഹിച്ച് നബിയും സ്വഹാബിമാരും തബൂക്കിൽ എത്തി. ഇത് റജബ് മാസത്തിലായിരുന്നു. സർവ്വസന്നാഹങ്ങളോടെ മുസ്ലിം സേന എത്തിയത് അറിഞ്ഞ റോമൻ സേനയുടെ ഉളളിൽ ഭയം നിറഞ്ഞു. ഒരു ഏറ്റുമുട്ടലിന് അവർ വന്നില്ല. അതിനാൽ തബൂക്കിൽ ഏറ്റുമുട്ടൽ ഉണ്ടായിട്ടില്ല. വലിയ ഗനീമത്തുമായി സൈന്യം തിരിച്ചു പോരുകയാണുണ്ടായത്. ഈ യാത്രയിൽ നബിയും സേനയും തബൂക്കിനടുത്തുള്ള ആദ് ജനത നശിപ്പിക്കപ്പെട്ട താഴ് വരയിലൂടെ കടന്നുപോവുകയുണ്ടായി. അല്ലാഹുവിന്റെ ശിക്ഷയിറങ്ങിയ അവിടം വേഗം കടക്കുവാൻ നബി(സ്വ) നിർദ്ദേശിക്കുകയുണ്ടായി. ആധുനിക സൗദി അറേബ്യയിലെ തബൂക്കിനടുത്ത് അൽ ഉലാ പ്രവിശ്യയിലാണ് ഇപ്പോൾ ഈ സ്ഥലം. യുണൈറ്റഡ് നാഷൻസിന്റെ ലോക പൈതൃകങ്ങളുടെ പട്ടികയിൽ ഈ ചരിത്ര പ്രദേശം ഇടം പിടിച്ചിട്ടുണ്ട്.



റജബിലായിരുന്നു ഇസ്റാഅ് മിഅ്റാജ് സംഭവം എന്നത് ഇസ്ലാമിക ലോകത്തിന്റെ ഒരു പഴയ വായനയാണ്. ആധികാരികമായ തെളിവുകളിലും പ്രമാണങ്ങളിലും അതിന്റെ സാധുതയും കൃത്യതയും അത്രതന്നെ തെളിയിക്കപ്പെട്ടിട്ടില്ലെങ്കിലും റജബ് മാസം 27നായിരുന്നു ഈ സംഭവം എന്ന് മുസ്ലിം പൊതുബോധം മുമ്പേ പറഞ്ഞുവരുന്നുണ്ട്. ഇങ്ങനെ പറഞ്ഞു തുടങ്ങിയതും ഇപ്പോഴും അത് നിലനിൽക്കുന്നതും ഏതെങ്കിലും ഒരു അടിസ്ഥാനത്തിന്റെ മേലിൽ ആയിരിക്കാനേ നിവർത്തിയുള്ളൂ. ഇന്നത്തെ കാലത്തേക്കാൾ വിശുദ്ധരായി ജീവിച്ചിരുന്ന മുൻതലമുറയിലും ഈ അഭിപ്രായമാണ് ഉണ്ടായിരുന്നത്. അവർ ഇന്നത്തെ തലമുറയെക്കാൾ ഇത്തരം കാര്യങ്ങളിൽ വിശുദ്ധിയും സൂക്ഷ്മതയും പുലർത്തിയവരും ആയിരുന്നു. ആയതിനാൽ ഇപ്പോഴത്തെ വാദപ്രതിവാദങ്ങളിലും മസിലുപിടുത്തങ്ങളിലും വിഷയീഭവിച്ചു എന്നതുകൊണ്ട് മാത്രം കാലങ്ങളായി നിലനിന്നുവരുന്ന ഒരു ധാരണയെ തിരുത്തേണ്ടതില്ല. പ്രത്യേകിച്ചും അതിനോട് അനുബന്ധിച്ച് എന്തെങ്കിലും പ്രത്യേക ആരാധനകളോ അനുഷ്ഠാനങ്ങളോ ഒന്നും നിർദ്ദേശിക്കപ്പെട്ടിട്ടില്ലാത്ത സാഹചര്യത്തിൽ. ഇസ്റാഅ് മിഅ്റാജ് നമുക്ക് നബി തങ്ങളുടെ പ്രവാചകത്വം, ഫർള് നിസ്കാരം തുടങ്ങിയവയെ കുറിച്ചുള്ള അവബോധം പകർത്തിയെടുക്കുവാൻ മാത്രമുളളതാണ്. അതിൽ തിയ്യതിക്ക് മാറ്റം വന്നാൽ പോലും ആശയത്തെ അതു ബാധിക്കില്ല. ശ്രേഷ്ഠവും സവിശേഷവുമായ ഒരു മാസമാണ് റജബ് എന്നതിൽ ആർക്കും അഭിപ്രായവ്യത്യാസമില്ല. ഈ ശ്രേഷ്ഠതയെ ആധാരമാക്കി വിശ്വാസികൾ കൂടുതൽ സദ്കർമ്മങ്ങളും ആരാധനകളും ചെയ്യുന്നത് സ്വാഭാവികമാണ്. അതൊക്കെ അനാചാരമാണ് എന്ന് പറയുന്നത് ശരിയായ രീതിയല്ല. ഉദാഹരണമായി റജബിന്റെ സവിശേഷത ഓർത്ത് ഒരാൾ സുന്നത്ത് നോമ്പ് അനുഷ്ഠിക്കുന്നു എന്നിരിക്കട്ടെ. അയാളുടെ ആ കർമ്മത്തെ അത് തെറ്റാണ് എന്ന് പറയുന്നത് ശരിയല്ല. ഇങ്ങനെ നോമ്പും മറ്റു ആരാധനകളും ചെയ്തു ധന്യത നേടുക എന്നതാണല്ലോ ഈ മാസത്തിന്റെ സവിശേഷത കൊണ്ടുള്ള ഫലം. അല്ലാതെ ഇത് ശ്രേഷ്ഠമായ മാസമാണ് എന്ന് ആവർത്തിച്ച് പറഞ്ഞുകൊണ്ടിരിക്കൽ അല്ലല്ലോ.



ഇവയെക്കാൾ എല്ലാം ഉപരി റജബ് മാസം വിശ്വാസികളുടെ മനസ്സിന് നൽകുന്ന ഒരു വലിയ സന്ദേശം ഉണ്ട്. അത് എന്തെന്നാൽ പരിശുദ്ധ റമളാൻ ഇതാ അടുത്തെത്തി എന്ന സന്ദേശമാണ്. റജബ് എത്തിക്കഴിഞ്ഞാൽ പിന്നെ വരുന്ന മൂന്നാമത്തെ മാസമാണല്ലോ റമളാൻ. ഒരു കാര്യത്തിന്റെ അടുത്തെത്തി എന്ന് പറയുന്നത് ഏറ്റവും കുറഞ്ഞത് അതിന്റെ മൂന്നാമത്തെ ഖണ്ഡത്തിലെങ്കിലും എത്തുമ്പോഴാണ്. അതായത് റമദാൻ അടുത്തെത്തി എന്ന് പറഞ്ഞു തുടങ്ങാൻ കഴിയുക റജബു മുതൽക്കാണ്. മഹാന്മാരായ മഹാരഥന്മാർ ഈ സന്ദേശത്തെ ഏറെ പ്രാധാന്യത്തോടെയാണ് കണ്ടിരുന്നത്. അതിനെ തുടർന്ന് അവർ റജബ് മുതൽ റമളാനിനു വേണ്ടിയുള്ള ഒരുക്കങ്ങൾ ആരംഭിക്കുമായിരുന്നു. റമളാനിന്റെ പ്രത്യേകതകൾ വെറും ആരാധനയുമായി ബന്ധപ്പെട്ടതല്ല. റമളാൻ വ്രതം കേവലം പ്രഭാതം മുതൽ പ്രദോഷം വരെ അന്നബാനാധികൾ ഒഴിവാക്കുന്നതിൽ ഒതുങ്ങുന്നില്ല. മറിച്ച് അത് ശരിയാംവിധം നിർവഹിക്കുവാൻ മാനസികവും ശാരീരികവും സാംസ്കാരികവുമെല്ലാം ആയ തയ്യാറെടുപ്പുകൾ അത്യന്താപേക്ഷിതമാണ്. അവ റമളാൻ മാസപ്പിറവി ദർശിച്ച സമയം മുതൽ നിവർത്തി ചെയ്യാൻ കഴിയുന്നതല്ല. നേരത്തെ ഒരുക്കി വെക്കേണ്ടതാണ്. ആ തയ്യാറെടുപ്പുകളെ കുറിച്ച് മഹാനായ ഇമാം ഗസ്സാലിയെ പോലുള്ള പണ്ഡിതന്മാർ മനോഹരമായി ഉദാഹരിച്ചത് കാണാം. ഒരിടത്തു പറയുന്നത് ഇങ്ങനെയാണ്. റജബ് വിതയ്ക്കാനുള്ള മാസമാണ്. ശഅ്ബാൻ നനയ്ക്കാനുള്ള മാസമാണ്. റജബിൽ വിതയ്ക്കുകയും ശഅ്ബാനിൽ നനച്ച് പരിചരിക്കുകയും ചെയ്തവർക്ക് റമളാൻ കൊയ്ത്തു കാലമാണ്. അവർക്ക് പരലോക യാത്രക്ക് വേണ്ട പാഥേയം റമളാനിൽ സ്വരുക്കൂട്ടാം. മറ്റൊരു ഉദാഹരണം ഇപ്രകാരമാണ്. റജബ് മാസം മനുഷ്യന്റെ ശാരീരികവും ബാഹ്യവുമായ വിമലീകരണത്തിനും ശുദ്ധീകരണത്തിനും ഉള്ളതാണ്. അതേസമയം ശഅ്ബാൻ മാസം ആത്മീയവും അന്തരികവുമായ ശുദ്ധീകരണത്തിനുള്ളതാണ്. ഈ രണ്ടു മാസങ്ങളിലും ഈ രണ്ടു തലവും ശുദ്ധീകരിക്കപ്പെട്ടാൽ പിന്നെ നിത്യവും നിദാന്തവുമായ ഔന്നത്യത്തിൽ റമളാനിലൂടെ വിലയം പ്രാപിക്കാം. അല്ലാഹു പ്രപഞ്ചത്തിന് നൽകുന്ന ഏറ്റവും വലിയ കാരുണ്യമായ റമളാനിലേക്ക് നാം അടുക്കുകയാണ് എന്ന തിരിച്ചറിവ് ഈ മാസത്തിൽ കിട്ടിയാൽ നമ്മുടെ റജബ് ഫലപ്പെട്ടു എന്ന് സന്തോഷിക്കാം.








0 Comments

No comments yet.

Leave a Comment

© www.thdarimi.in. All Rights Reserved. Designed by zainso