കഴിഞ്ഞ ദിവസം തുർക്കിയിലും സിറിയയിലും ഉണ്ടായ ഭൂചലനവും അത് മനുഷ്യമനസ്സുകളിൽ ഉണ്ടാക്കിയ തുടർചലനങ്ങളും സൃഷ്ടിച്ച ഉള്ളിലെ വിറ ഇനിയും മാറിയിട്ടില്ല. കാരണങ്ങൾ കൈപ്പിടിയിൽ ഒതുങ്ങാതെ വരുമ്പോഴാണ് മനുഷ്യനും ജന്തക്കളും ഇങ്ങനെ വിറക്കുക. എല്ലാവരും ചിരിച്ചും കളിച്ചും വിശ്രമിച്ചും അദ്ധ്വാനിച്ചുമിരിക്കുന്നതിനിടയിൽ ഭൂമിയങ്ങ് കുലുങ്ങി വിറക്കുകയാണ്. ആയുസ്സുകളുടെ അദ്ധ്വാനങ്ങളും സ്വരുക്കൂട്ടിയ സമ്പാദ്യങ്ങളും സ്വന്തം തലകൾക്കു മീതെ പൊളിഞ്ഞുവീഴുകയാണ്. നാലുപാടു നിന്നും നിലക്കാത്ത ആർത്തനാദങ്ങൾ ഉയരുകയാണ്. കാര്യങ്ങൾക്കും കാരണങ്ങൾക്കുമൊന്നും ഒന്നും പറയാനില്ലാത്ത പ്രതിഭാസം. പറഞ്ഞാൽ തന്നെ ഒരാൾക്കും ചങ്കിൽ നിന്നിറങ്ങാത്ത സംഭവം. അതുകൊണ്ട് എന്തു കൊണ്ട് എന്നാരും ചോദിക്കില്ല. ചോദിച്ചവർക്ക് ഉത്തരം കിട്ടില്ല. ഉത്തരം തല കാട്ടിയാൽ ആയിരം എതിർ ചോദ്യങ്ങൾ കണ്ണുരുട്ടും. ചുരുക്കത്തിൽ, കണ്ണടച്ച് കുടിച്ചിറക്കുകയല്ലാതെ സത്യത്തിൽ ഒന്നും ചെയ്യാനില്ല എന്നതാണ് വാസ്തവം. അങ്ങനെയൊക്കെയാണെങ്കിലും ഇങ്ങനെയൊക്കെ ഉണ്ടാകുമ്പോൾ മനുഷ്യൻ അന്വേഷണവും വിശദീകരണവുമായി രംഗത്തിറങ്ങും. അതവന്റെ അഹങ്കാരമാണ്. ഇനി അവൻ വല്ല കാരണവും നിരത്തിയാലോ കുറേ വർത്തമാനമല്ലാതെ മറ്റൊന്നും ഉണ്ടാവില്ല. ഭൂമി കുലുങ്ങുമ്പോൾ അതങ്ങ് കുലുങ്ങും. അത്ര തന്നെ. പണ്ട് സുനാമി ഉണ്ടായത് നമുക്ക് ഓർമ്മ മാത്രമല്ല, അനുഭവവും ഉണ്ടായതാണല്ലോ. അതും ഒരു ഭൂചലനം തന്നെയാണ്. കടലിന്നടിയിൽ. സുമാത്ര ദ്വീപിൽ നിന്ന് തുടങ്ങിയ പ്രകൃതിയുടെ കലി നമ്മുടെ തമിഴ്നാട്ടിന്റെ തീരത്തടിച്ചത് ആറോ എട്ടോ മണിക്കൂറുകൾ കഴിഞ്ഞാണ്. അത് നമ്മുടെ തീരം തൊടും എന്ന് ശാസ്ത്രം പ്രവചിക്കുകയും ചെയ്തിരുന്നതാണ്. പക്ഷെ, ഒരു എലിക്കുഞ്ഞിനെ പോലും രക്ഷിക്കാനായില്ലല്ലോ.
ചിലർ പറയും, ഭൂമിക്കടിയിലുള്ള പാറകൾ പൊട്ടുമ്പോഴും തെന്നിമാറുമ്പോഴും ഉണ്ടാകുന്ന കമ്പനങ്ങളാണ് ഭൂകമ്പം എന്ന്. അത് ശാസ്ത്രമാണ്. എന്നാൽ ഇതെന്തുകൊണ്ട് ചില സ്ഥലങ്ങളിൽ മാത്രം സംഭവിക്കുന്നു?, ഇത്രയും കൃത്യമായ വിവരമുണ്ടെങ്കിൽ എന്തുകൊണ്ടത് പ്രവചിക്കുവാൻ കഴിയുന്നില്ല? തുടങ്ങിയ വളരെ പ്രാഥമികമായ ചോദ്യങ്ങളെ പോലും മറികടക്കുവാൻ ഈ അറിവിന് ആരോഗ്യമുണ്ടാവില്ല. മുൻകൂട്ടി കാണാനും അങ്ങനെ കാണുക വഴി എന്തെങ്കിലും ഒരു ഗുണമോ ഉപകാരമോ നേടുവാനും കഴിയുന്നില്ലെങ്കിൽ പിന്നെ ആ ശാസ്ത്രത്തിന് എന്താണ് അർത്ഥം. മറ്റു ചിലർ പറയും. അന്നാട്ടുകാരുടെ അധാർമ്മികത കൊണ്ടുണ്ടാവുന്നതാണ് ഇവ എന്ന്. അതിനുദാഹരണമായി ഏതെങ്കിലും അർദ്ധ നഗ്നകളുടെ ചിത്രമോ, പബ്ബുകളുടെയോ ക്ലബ്ബുകളുടെയോ വിവരമോ എഴുന്നെള്ളിക്കുകയും ചെയ്തേക്കാം. അല്ലാഹുവിന്റെ ശിക്ഷയാണ് എന്ന് ചുരുക്കത്തിൽ. പക്ഷെ, അവിടെയുമുണ്ട് ചോദ്യങ്ങൾ. ഇതിനേക്കാൾ അധാർമികത നടമാടുന്ന സ്ഥലങ്ങളില്ലേ, ഭൂമുഖത്ത് ഒരു നിമിഷം പോലും വെച്ചേക്കാൻ പറ്റാത്ത പലരുമില്ലേ, അവിടെയൊക്കെയല്ലേ ആദ്യം കുലുങ്ങേണ്ടത് എന്നൊക്കെ ചോദിക്കുമ്പോൾ മൗനം കനത്തു നിൽക്കുമെന്നല്ലാതെ മറ്റൊന്നുമുണ്ടാവില്ല. പിന്നെയും പലതുമുണ്ടാകും പറയാൻ. അവക്കൊന്നും ഒരു കുഞ്ഞിനെ പോലും ബോധ്യപ്പെടുത്താനാവില്ല. അങ്ങനെയൊക്കെ ചിന്തിക്കുമ്പോൾ പ്രകൃതി ദുരന്തങ്ങളെയും ഭൂചലനമടക്കമുള്ള പ്രതിഭാസങ്ങളെയും കൊണ്ടുപോയി ചാരിവെക്കാൻ ഒന്നിനെയല്ലാതെ മറ്റൊന്നിനെയും കിട്ടില്ല. അൽ ബഖറ അദ്ധ്യായത്തിലെ 156-ാം സൂക്തത്തെയല്ലാതെ. അതിൽ അല്ലാഹു പറയുന്നു: ചില്ലറ പേടി, പട്ടിണി, ജീവധനാദികളുടെ നഷ്ടം, വിളനാശം എന്നിവയിലൂടെ നാം നിങ്ങളെ പരീക്ഷിക്കുക തന്നെ ചെയ്യും. അപ്പോഴൊക്കെ ക്ഷമിക്കുന്നവരെ ശുഭവാര്‍ത്ത അറിയിക്കുക. തങ്ങളെ വല്ല വിപത്തും ബാധിച്ചാല്‍ അവർ പറയും: ഞങ്ങള്‍ അല്ലാഹുവിന്റേതാണ്; അവനിലേക്കു തന്നെ തിരിച്ചു ചെല്ലേണ്ടവരുമാണ് (അൽ ബഖറ: 156).
ഭൂമികുലുക്കമടക്കമുള്ള പ്രകൃതി ദുരന്തങ്ങളെല്ലാം പ്രപഞ്ച സ്രഷ്ടാവായ അല്ലാഹുവിന്റെ പ്രവൃത്തികളാണ് എന്നാണ് ഇസ്‌ലാം മുന്നോട്ടു വെക്കുന്ന ആശയം. അല്ലാഹു തന്റെ അധീശാധികാരവും ശക്തിവിശേഷവും പ്രകടിപ്പിക്കുവാൻ വേണ്ടി അവന് തോന്നുമ്പോൾ അവന് തോന്നുന്ന സ്ഥലങ്ങളിൽ അത് ചെയ്യുന്നു എന്ന് പറയുന്നതിനോളം സമാധാനം കിട്ടുന്ന വേറെ ഒരു മറുപടിയും ഉണ്ടാവില്ല. ഭൗതിക പ്രപഞ്ചം അതിലെ മനുഷ്യാധിവാസം ഇതിന്റെയൊക്കെ പിന്നിലെ പരമ രഹസ്യങ്ങൾ ചേർത്തുവയ്ക്കുമ്പോൾ ഏതാനും ചില യുക്തികളൊക്കെ നമുക്ക് ബോധ്യപ്പെടും. ഇവിടെ അല്ലാഹു മനുഷ്യരെ പരീക്ഷണാർത്ഥമാണ് പാർപ്പിച്ചിരിക്കുന്നത്. അവന്റെ ഇഛക്ക് വിധേയമായി അവൻ നൽകുന്ന ആയുഷ്കാലം ജീവിച്ചു തീർക്കുവാനാണ് മനുഷ്യനോട് അവർ ആവശ്യപ്പെടുന്നത്. അങ്ങനെ ജീവിക്കുവാൻ ആവശ്യമായ എല്ലാ സൗകര്യങ്ങളും അവൻ പ്രപഞ്ചത്തിൽ ഒരുക്കിയിട്ടുണ്ട്. എന്നല്ല, ഈ പ്രപഞ്ചത്തിലെ എല്ലാ കാര്യങ്ങളും മനുഷ്യൻ എന്ന ദൈവ പ്രതിനിധിയുടെ സുഖത്തിനു വേണ്ടിയാണ് സംവിധാനിച്ചിരിക്കുന്നത്. ഇത്രയും ചിത്രീകരിച്ചതിൽ നിന്ന് മനുഷ്യന്റെ മുമ്പിൽ രണ്ടു കാര്യങ്ങൾ നിൽക്കുന്നതായി നമുക്ക് കാണാം. ഒന്ന് അല്ലാഹുവിന്റെ ഇഛ. രണ്ടാമത്തേത് ഭൗതിക പ്രപഞ്ചവും. ഇവയിൽ ഭൗതിക പ്രപഞ്ചം ഓരോ മനുഷ്യന്റെയും കണ്ണിനും കാതിനും ഇന്ദ്രിയങ്ങൾക്കും നേരിട്ടും തത്സമയമായും രസവും സുഖവും ആനന്ദവും പകരുന്നതാണ്. അല്ലാഹുവിന്റെ ഇച്ഛയാവട്ടെ, പരമമായി ഇവയെല്ലാം നൽകുന്നുണ്ട് എങ്കിലും അത് ദീർഘഭാവിയിലാണ് കിട്ടുക. അതിനുവേണ്ടി വൈകാരിക ക്ഷമയോടെയും അവധാനതയോടെയും കാത്തുനിൽക്കേണ്ട അവസ്ഥയാണ്. അങ്ങനെ കാത്തുനിൽക്കാൻ ക്ഷമ കാണിക്കാൻ മനസ്സില്ലാത്ത ചില മനുഷ്യന്മാർ തൊട്ടുമുമ്പിലുള്ള സുഖങ്ങളിലേക്കും ആനന്ദങ്ങളിലേക്കും പോയേക്കാം. പരമമായ സുഖവും ആനന്ദവും മറന്നേക്കാം. അങ്ങനെ വരുമ്പോൾ അവരെ സത്യം സൂചിപിക്കേണ്ടത് കാരുണ്യവാനായ റബ്ബിന്റെ നീതിയാണ്. അത്തരമൊരു സാഹചര്യത്തിൽ തന്റെ ശക്തി സൂചിപ്പിക്കാനും ആ ശക്തിയെ മറക്കേണ്ട എന്ന് ഉദ്ബോധിപ്പിക്കാനുമാണ് ഇത്തരം പ്രകൃതി ദുരന്തങ്ങൾ എന്നു പറയുന്നതും കരുതുന്നതുമാണ് എളുപ്പം.
സാധാരണക്കാർക്കിടയിൽ ആദ്യം ഉയരുന്ന പ്രതികരണത്തിന്റെ ധ്വനി ഇവയൊക്കെ ദൈവകോപമാണ് എന്നായിരിക്കും. സത്യത്തിൽ അവ ദൈവത്തിന്റെ നടപടിക്രമങ്ങളും, ദൃഷ്ടാന്തങ്ങളുമാണ്. ചെയ്തുപോയ തെറ്റുകളില്‍ പശ്ചാത്തപിച്ചും ദുരന്തങ്ങളില്‍നിന്ന് രക്ഷപ്പെടുത്തേണമേ എന്ന് നിരന്തരം പ്രാര്‍ഥിച്ചും ദൈവത്തിലേക്ക് വിനയാന്വിതരായി തിരിച്ചു ചെല്ലാനുള്ള ഒരു അവസരമാണിത്. ഒരു കാലഘട്ടവും ഒരു പ്രദേശവും ഇത്തരം ദുരന്തങ്ങളില്‍നിന്ന് വിമുക്തമായിരുന്നില്ല. പ്രവാചകന്മാരുടെ ജീവിത കാലത്തും ഇത്തരം ദുരന്തങ്ങള്‍ സംഭവിച്ചിട്ടുണ്ടല്ലോ. നബി(സ)യുടെ ആഗമന കാലത്ത് മദീനയിലെ ഉഹുദ് പര്‍വതത്തില്‍ ഭൂകമ്പമുണ്ടായിരുന്നു. വരള്‍ച്ചയും ഗ്രഹണവും കൊടുങ്കാറ്റും ഉണ്ടായിട്ടുണ്ടായിരുന്നു. ഖലീഫാ ഉമർ(റ)വിന്റെ കാലത്ത് സിറിയയില്‍ കഠിനമായ പ്ലേഗ് പടര്‍ന്നു പിടിച്ചിരുന്നു. ആയിരങ്ങൾ മരിച്ചുവീണ ദിനങ്ങളായിരുന്നു അത്. പക്ഷെ, അവയെയൊന്നും അല്ലാഹുവിന് മാത്രമറിയാവുന്ന ഏതോ യുക്തിയുടെ കാരണമായിട്ടല്ലാതെ ആരും ഒന്നും വ്യാഖ്യാനിച്ചിട്ടില്ല. അപ്പോൾ ശാസ്ത്രത്തിന്റെ നിഗമനങ്ങളോ എന്ന ചോദ്യമുയരാം. ഇത് ചിന്തിക്കുമ്പോൾ രണ്ട് കാര്യങ്ങൾ നാം അറിയണം. സ്ഥാപിക്കപ്പെട്ട സത്യങ്ങളാണ് ശാസ്ത്രം. അതിന്റെ വെളിച്ചത്തിൽ ഭൂമിയുടെ പാളികളിൽ ഉണ്ടാകുന്ന സാധാരണയിൽ കവിഞ്ഞ കമ്പനമാണ് ഭൂകമ്പത്തിന്റെ കാരണം എന്ന് ശാസ്ത്രം കണ്ടെത്തിയിട്ടുണ്ട്. ഇത് ഒരു അറിവ് തന്നെയാണ്. അത്രയെങ്കിലും പറയാൻ കഴിയുന്നു എന്ന ആശ്വാസം ശാസ്ത്രം നമുക്കു നൽകുന്നുണ്ട്. പക്ഷെ, ആ അറിവുകൊണ്ട് പ്രയോചനം ഉണ്ടാവണമെങ്കിൽ മുൻകൂട്ടി പ്രവചിക്കുവാനോ പ്രതിരോധിക്കുവാനോ കഴിയണം. അത് ഇന്നുവരെ ഉണ്ടായിട്ടില്ല. ശാസ്ത്രവും സാങ്കേതിക വിദ്യകളും ഇത്രയേറെ പുരോഗമിച്ച ഇക്കാലത്തും ഈ പ്രകൃതി ക്ഷോഭങ്ങൾക്ക് മുമ്പില്‍ നിസ്സഹായനും ഭയചകിതനുമായി നില്‍ക്കാനേ മനുഷ്യന് കഴിയൂ എന്നാണ് അവസ്ഥ എങ്കിൽ അതുകൊണ്ട് കാര്യമായ കാര്യമൊന്നുമില്ല. ചുരുക്കത്തിൽ മനുഷ്യൻ എത്ര നിസാരനാണ് എന്ന സത്യം വീണ്ടും വീണ്ടും ബോധ്യപ്പെടുത്തുകയാണ് ഓരോ പ്രകൃതി ദുരന്തങ്ങളും.
പക്ഷെ, അതു കരുതി ശാസ്ത്രം പറയുന്ന വസ്തുതകളെ നാം നിരാകരിച്ചുകൂടാ. മേൽപറഞ്ഞ അതീന്ദ്രിയ തലം ഉള്ളതോടൊപ്പം തന്നെ ഇത്തരം പ്രകൃതി ദുരന്തങ്ങളുടെ യഥാര്‍ഥ ശാസ്ത്രീയ വ്യാഖ്യാനങ്ങളും ജനങ്ങളെ പഠിപ്പിക്കേണ്ടതുണ്ട്. അല്ലാത്തപക്ഷം തെറ്റായ ധാരണകള്‍ ജനങ്ങള്‍ക്കിടയില്‍ പ്രചരിക്കും. അങ്ങനെ പ്രചരിക്കുന്ന കാര്യങ്ങളെയാണ് അന്ധ വിശ്വാസങ്ങൾ എന്നു പറയുന്നത്. എന്നല്ല, ശാസ്ത്രത്തെ നിരാകരിക്കുന്നതിൽ ഒരു ബുദ്ധിയുമില്ല. കാരണം, ശാസ്ത്രം കണ്ടെത്തിയ വസ്തുതകൾ പ്രപഞ്ചത്തിന്റെ സൃഷ്ടാവിലേക്ക് എത്തിച്ചേരുവാൻ ഇന്നത്തെ കാലത്ത് പ്രത്യേകിച്ചും വലിയ സഹായകമാണ്. ഹൈഡ്രജന്റെ രണ്ട് ആറ്റവും ഓക്സിജന്റെ ഒരാറ്റവും ചേരുമ്പോഴാണ് വെള്ളം ഉണ്ടാകുന്നത് എന്ന് ശാസ്ത്രം നമ്മെ പഠിപ്പിച്ചത് ഒരു ഉദാഹരണം. ഈ പ്രപഞ്ചത്തിന്റെ മൂന്നിൽ രണ്ടോളം നിറഞ്ഞുകിടക്കുന്ന വെള്ളം മുഴുവനും ഒരു പരീക്ഷണശാലയിൽ എന്നോണം ഹൈഡ്രജനും ഓക്സിജനും പ്രത്യേകമായ അളവിൽ ചേർത്തുണ്ടായതാണ് എന്ന് പറയുമ്പോൾ അവ ചേർത്തതും ഉദ്പാദിപ്പിച്ചതും ആരാണ് എന്ന് ചിന്തിക്കുവാനുള്ള പ്രചോദനം ഉണ്ടായിത്തീരുന്നു. അതുണ്ടായിത്തീർന്നാൽ അതുവഴി അല്ലാഹുവിലേക്ക് എത്തിച്ചേരാൻ വളരെ എളുപ്പമാണ്. മൂലകങ്ങളുടെ അളവ് പോലും ഈ പഠനങ്ങളിൽ പ്രധാനമാണ്. കാരണം ഹൈഡ്രജന്റെ രണ്ട് ആറ്റങ്ങൾ ചേരുന്നത് ഓക്സിജന്റെ രണ്ട് ആറ്റത്തോടാണ് എങ്കിൽ അതുണ്ടാക്കുന്ന അപകടം എല്ലാവർക്കും അറിയാം രണ്ടിടത്തും ഓരോ ആറ്റങ്ങളാണ് എങ്കിലും അപകടം തന്നെ. അപ്പോൾ ശാസ്ത്രം തരുന്ന ആ കണക്ക് തന്നെ സൃഷ്ടാവിലേക്ക് കൂട്ടിക്കൊണ്ടുപോകുന്നതാണ്. അതിനാൽ ശാസ്ത്രത്തെയും അതിന്റെ കണ്ടുപിടിത്തങ്ങളെയും നാം അവഗണിക്കേണ്ടതില്ല. പിന്നെ ഒരു തുമ്പിൽ കയ്യെത്തുമ്പോഴേക്കും വലിയ അവകാശവാദങ്ങളുമായി പ്രപഞ്ചത്തെ കീഴ്പ്പെടുത്തി എന്ന തരത്തിലുള്ള അഹങ്കാരങ്ങൾ, അത് കൂട്ടത്തിൽ ചിലർ മാത്രം പുലർത്തുന്നതാണ്. നല്ല ചിന്തയും ബോധവും ഉള്ളവരൊക്കെ ശാസ്ത്രത്തിലൂടെ പരമ സത്യങ്ങളിലേക്കാണ് എത്തിച്ചേർന്നിട്ടുള്ളത് എന്നത് ഒരു വസ്തുതയാണ്. അതിനാൽ ശാസ്ത്രത്തോട് ചേർന്ന് പോകുന്നതാണ് ബുദ്ധിയും ശരിയും.
വിശ്വാസത്തിന്റെ ഭാഗമായി ഭൂകമ്പത്തെ അല്ലാഹുവിന്റെ സന്ദേശമായി കാണുകയും കരുതുകയും ചെയ്യുന്നവരെ സംബന്ധിച്ചിടത്തോളം അള്ളാഹു എന്തിനാണ് ഇത്തരം വേദനിപ്പിക്കുന്ന സൂചനകൾ നൽകുന്നത് എന്നുകൂടി ആലോചിക്കേണ്ടി വരും. അപ്പോൾ അതിനുത്തരം തേടി ഈ വിഷയമായി വന്ന പ്രമാണങ്ങളിലെ പരാമർശം കൂടി നാം പരിഗണിക്കേണ്ടിവരും. ദൃഷ്ടാന്തങ്ങൾ പൊതുവെ മനുഷ്യരെ ഭയപ്പെടുത്തുവാൻ വേണ്ടി ഉള്ളതാണ് എന്ന് ഖുർആൻ പറയുന്നു.(ഇസ്റാഅ്: 59).
ഖതാദ(റ)പറയുന്നു: അല്ലാഹു അവന്‍ ഉദ്ദേശിക്കുന്ന തരത്തിലുള്ള ദൃഷ്‌ടാന്തങ്ങള്‍ കൊണ്ടും മറ്റും ജനങ്ങളെ ഭയപ്പെടുത്തുന്നത് അവര്‍ അതില്‍ നിന്ന് പാഠം ഉള്‍ക്കൊള്ളുവാനും, അല്ലാഹുവിനെ സ്മരിക്കുവാനും, (ശരിയിലേക്ക്) മടങ്ങുവാനും വേണ്ടിയാണ്. അബ്ദുല്ലാഹി ബിൻ മസ്ഊദി(റ)ന്‍റെ കാലത്ത് കൂഫയില്‍ ഭൂകമ്പമുണ്ടായപ്പോള്‍ അദ്ദേഹം ജനങ്ങളോടായി പറഞ്ഞു: ഹേ ജനങ്ങളെ! അല്ലാഹു നിങ്ങള്‍ അവനെ തൃപ്തിപ്പെടുത്താന്‍ ആവശ്യപ്പെടുന്നു; നിങ്ങള്‍ അവനെ തൃപ്തിപ്പെടുത്തുക. ഉമര്‍(റ)വിന്‍റെ ഭരണകാലത്ത് മദീന പലതവണ ഭൂകമ്പത്തില്‍ കുലുങ്ങിയപ്പോള്‍ അദ്ദേഹം പറഞ്ഞു: നിങ്ങളാണ് ഇതിന് കാരണം! ഇനിയും ഇത് ആവര്‍ത്തിച്ചാല്‍ ഞാന്‍ ഇവിടെ നിങ്ങളോടൊപ്പം താമസിക്കുകയില്ല. ഇത്തരമൊരു വായനയിൽ അതിന്റെ അനുബന്ധമാണ് നാം എന്തു ചെയ്യണം എന്നത്. അതും ഇസ്ലാം വ്യക്തമാക്കിയിട്ടുണ്ട്. ധാരാളമായി ഇസ്തിഗ്ഫാർ ചെയ്യുക, ദാനധർമ്മങ്ങൾ ചെയ്യുക തുടങ്ങിയവയാണവയുടെ അടിസ്ഥാന ആശയം. അവ രണ്ടും അല്ലാഹുവിന്റെ കോപം കെടുത്താനുള്ളതും കാര്യണ്യത്തെ ജ്വലിപ്പിക്കാനുള്ളതുമാണ്. പിന്നെ ദുരന്ത ബാധിതരെ സഹായിക്കുക, പ്രാർഥിക്കുക തുടങ്ങിയ സാമൂഹ്യ ബാധ്യതകൾ നിറവേറ്റുക എന്നതാണ്. അത് ലോകം മുഴുവനും ഉൾക്കൊളളുന്നു. ഈ പറഞ്ഞതെല്ലാം ഉൾക്കൊള്ളുന്നുണ്ട് റജബ് ത്വയ്യിബ് ഉർദുഗാന്റെ വാക്കുകളിൽ. അദ്ദേഹം പറയുകയാണ്: അല്ലാഹുവിന്റെ വിധി അവനുദ്ദേശിച്ചത് പോലെ നടന്നു. നഷ്ടപ്പെട്ടവരെയൊന്നും തിരിച്ച് തരാൻ ഞങ്ങൾക്കാവില്ല. പക്ഷേ, ഒരു കാര്യം ഞാൻ പറയുന്നു, വീട് നഷ്ടപ്പെട്ടവർക്കെല്ലാം നഷ്ടപ്പെട്ടതിലും നല്ലൊരു വീട് ഞാൻ പണിത് തരും. ഒരു ലിറ പോലും ആരും തരേണ്ടതില്ല. ആർക്കെങ്കിലും ഒരു മരം നഷ്ടപ്പെട്ടിട്ടുണ്ടെങ്കിൽ പത്ത് മരം ഞാൻ വെച്ച് തരും എന്ന്.
Thoughts & Arts
പ്രസക്തമായ പ്രകൃതി പാഠങ്ങൾ
23-02-2023
0 Comments
No comments yet.
Leave a Comment
© www.thdarimi.in. All Rights Reserved. Designed by zainso