Thoughts & Arts
Image

യോജിപ്പും വിയോജിപ്പും

18-03-2023

Web Design

15 Comments






യൂനുസ് ബിൻ അബ്ദുൽ അഅ്ലാ (മരണം. ഹി. 264) ഈജിപ്തിലെ ഏറ്റവും വലിയ പണ്ഡിതനായിരുന്നു. എല്ലാ അറിവുകളിലും അവഗാഹമുണ്ടായിരുന്ന അദ്ദേഹം അക്കാലത്തെ ഒരു ഹദീസ് നിവേദകൻ കൂടിയായിരുന്നു. ഇമാം മുസ്ലിം, നസാഈ, ഇബ്നുമാജ തുടങ്ങിയവരൊക്കെ അദ്ദേഹത്തിൽ നിന്ന് ഹദീസ് നിവേദനം ചെയ്തിട്ടുണ്ട്. അത്ര വലിയ ശ്രേഷ്ടൻ. ഇമാം ശാഫി(റ) അദ്ദേഹത്തിന്റെ ഗുരുനാഥനായിരുന്നു. ഈജിപ്തിലെ പള്ളിയിൽ ദർസ് നടത്തിക്കൊണ്ടിരിക്കെ ഒരു ദിവസം ശിഷ്യന്റെ മനസ്സിൽ ഒരു സ്വാഭാവിക സന്ദേഹം തല കാട്ടി. ഇമാം ശാഫി(റ) കാര്യം ഒന്നുകൂടി വിശദീകരിച്ചുകൊടുത്തു. പക്ഷെ, ശിഷ്യന്റെ മനസ്സിലെ സന്ദേഹം മാഞ്ഞില്ല എന്നു മാത്രമല്ല, പുതിയ ഉപസന്ദേഹങ്ങൾ തല കാണിക്കുകയും ചെയ്തു. പണ്ഡിതോചിത ചർച്ചകൾ അങ്ങനെയാണ്. പഴയ കാലത്തേത് പ്രത്യേകിച്ചും. അവ ശാന്തമായും ശുദ്ധമായും അങ്ങനെ പ്രവഹിച്ചു കൊണ്ടേയിരിക്കും. ശമനം മനസ്സിന് ബോധ്യപ്പെടും വരെ ഒരു അപകടവുമില്ലാതെ അതു തുടരും. പക്ഷെ, അതിനും ഒരു സാങ്കൽപ്പിക അതിരും അളവുമുണ്ട്. അവിടെ നിന്നും വിട്ടാൽ അപകടമാണ്. അപ്പോൾ പൊട്ടിത്തെറി ഉണ്ടായേക്കാം. പലപ്പോഴും പൊട്ടിത്തെറിക്കുക ഒരു ഭാഗം മാത്രമായിരിക്കും. ഏതായാലും യൂനുസ് ബിൻ അബ്ദുൽ അഅ്ലായുടെ സന്ദേഹം വളർന്നുവന്നു. ഇമാം ശാഫിഈയുടെ വിശദീകരണങ്ങൾക്കൊന്നും അതിനെ അടക്കുവാൻ കഴിഞ്ഞില്ല. ഇതിനിടയിൽ അദ്ദേഹത്തിന് സ്വന്തം വാദമുണ്ടായിക്കഴിഞ്ഞിരുന്നു. അതുണ്ടായാൽ പിന്നെ ശ്രമം അതിനെ വിജയിപ്പിച്ചെടുക്കാനായിരിക്കും. തന്റെ സ്വന്തം വാദത്തിനു വേണ്ടി വാദിക്കാൻ തുടങ്ങിയതും അദേഹം ദേഷ്യപ്പെടാൻ തുടങ്ങി. താമസം വിനാ പ്രതിഷേധ സൂചകമായി അദ്ദേഹം ഉസ്താദ് ഇമാം ശാഫി(റ)യുടെ ദർസിൽ നിന്ന് ഇറങ്ങിപ്പോയി.



ആവശ്യമില്ലാതെ തർക്കിക്കുന്ന ഒരാളല്ല സത്യത്തിൽ യൂനുസ് ബിൻ അബ്ദിൽ അഅ്ല. നല്ല പണ്ഡിതനാണ്, ചിന്തകനും ബുദ്ധിമാനുമാണ്. ശരിയായ ബുദ്ധിമാൻ വെറുതെ തർക്കിക്കില്ല. ഇമാം ശാഫി തന്നെ മറ്റൊരിക്കൽ ഇദ്ദേഹത്തെ കുറിച്ച് പള്ളി വാതിലിലേക്ക് ചൂണ്ടി പറഞ്ഞത്, യൂനുസ് ബിൻ അബ്ദിൽ അഅ്ലയേക്കാൾ ബുദ്ധിമാനായ ഒരാൾ ഈ വാതിലിലൂടെ കടക്കാനില്ല എന്നായിരുന്നു. ബുദ്ധിശക്തി വർദ്ധിക്കുകയും അത് വിശുദ്ധമായിരിക്കുകയും ചെയ്യുമ്പോൾ ഉണ്ടാകുന്ന ഒരു വിഷയമാണ് ഈ വിട്ടുവീഴ്ചയില്ലായ്മ. അത്തരക്കാർക്ക് തങ്ങളുടേതിനപ്പുറത്തുളള ഒരു നിലപാടിനോട് രാജിയാകുവാൻ കഴിയില്ല. എന്നുവെച്ച് അത് അപകടമുണ്ടാക്കുകയും ഇല്ല. അതുകൊണ്ടാണ് തനിക്ക് യോജിക്കാൻ കഴിയാതെ വന്നതോടെ മഹാനവർകൾ രംഗം വിട്ടത്. അവിടെ തന്നെ നിന്ന് പോരാടുകയും കലാപക്കൊടി ഉയർത്തുകയും ചെയ്യുന്നത് ഇസ്ലാമിക കീഴ് വഴക്കമല്ല. അത്തരം നീക്കങ്ങൾ ബലപ്രയോഗത്തിന്റെ പട്ടികയിലാണ് വരിക. അത് അല്ലാഹു തന്നെ വിലക്കിയതാണ്. അല്ലാഹു പറയുന്നു: മതത്തിന്റെ കാര്യത്തില്‍ ബലപ്രയോഗമേ ഇല്ല. സന്‍മാര്‍ഗം ദുര്‍മാര്‍ഗത്തില്‍നിന്ന് വ്യക്തമായി വേര്‍തിരിഞ്ഞ് കഴിഞ്ഞിരിക്കുന്നു. (അൽ ബഖറ: 256). മനുഷ്യന്റെ ബുദ്ധിയും ചിന്തയും അറിവും അഭിരുചികളുമെല്ലാം വ്യത്യസ്ത തരത്തിലാണ്. അതുകൊണ്ടുതന്നെ മനുഷ്യന്റെ വീക്ഷണങ്ങളിലും ആശയങ്ങളിലും വ്യത്യാസമുണ്ടാവുക സ്വാഭാവികം. ഒരാള്‍ക്ക് ശരിയായി തോന്നുന്നത് മറ്റാരാള്‍ക്ക് തെറ്റായി തോന്നിയേക്കാം. തന്റേതു മാത്രമാണ് ശരിയായ നിലപാട് എന്ന് ഒരാള്‍ക്ക് വിശ്വസിക്കാനും അത് പ്രഖ്യാപിക്കാനും അവകാശമുണ്ട് എങ്കിലും തന്റേതല്ലാത്ത മറ്റൊന്നും ശരിയല്ല എന്ന ചിന്ത പാടില്ല. അത്തരം സഹിഷ്ണുതയില്ലാത്ത നിലപാട് ഇസ്‌ലാം പഠിപ്പിക്കുന്നില്ല. സ്വതന്ത്രമായി ചിന്തിക്കാനും ഇഷ്ടമുള്ളത് തെരെഞ്ഞടുക്കാനുമുള്ള സ്വാതന്ത്ര്യം ഇസ്‌ലാം നല്‍കുന്നുണ്ട്. പറയുക: സത്യം നിന്റെ രക്ഷിതാവിങ്കല്‍നിന്നുള്ളതാകുന്നു. അതിനാല്‍ ഇഷ്ടമുള്ളവന്‍ വിശ്വസിക്കട്ടെ. ഇഷ്ടമുള്ളവന്‍ അവിശ്വസിക്കട്ടെ (18:29) എന്നതാണ് വിശുദ്ധ ഖുർആനിന്റെ നിലപാട്.



അല്ലെങ്കിലും ആവശ്യമില്ലാതെ തർക്കിക്കുന്നത് ശരിയല്ല. നബി(സ) അതിന്റെ ഗുരുതര ഗൗരവം
അബൂ ഉമാമ അല്‍ ബാഹിലി(റ)യില്‍ നിന്ന് ഇമാം അബൂദാവൂദ് ഉദ്ധരിക്കുന്ന ഹദീസില്‍ നബി(സ) ഒരു ഉപദേശത്തിലൂടെ നല്‍കുന്നുണ്ട്. നബി(സ) പറഞ്ഞു: സത്യത്തിനു വേണ്ടിയാണെങ്കില്‍പോലും തര്‍ക്കത്തെ ഉപേക്ഷിക്കുന്നവര്‍ക്ക് സ്വര്‍ഗത്തിന്റെ താഴ്‌വാരത്ത് ഒരു വീട് തരാം എന്ന് ഞാന്‍ വാക്കുതരുന്നു (അബൂദാവൂദ്). ആവശ്യമില്ലാത്ത തര്‍ക്കവിതര്‍ക്കങ്ങളില്‍ ഏര്‍പ്പെടുകയും അതുവഴി സാമൂഹ്യബന്ധങ്ങളെയും ബഹുമാനങ്ങളെയും വഷളാക്കുകയും ചെയ്യുന്നതിനെയാണ് നബി തിരുമേനി ഇവിടെ താക്കീതു ചെയ്യുന്നത്. എല്ലാ തട്ടിലും പരസ്പര സാഹോദര്യത്തിലും ബഹുമാനത്തിലുമായി സന്തോഷത്തോടെ കഴിയുന്ന ഒരു ജനതയെയാണ് ഇസ്‌ലാം സ്വപ്‌നം കാണുന്നത്. മനുഷ്യര്‍ സാമൂഹ്യ ജീവികള്‍ എന്ന നിലക്ക് പരസ്പരം ബന്ധിതരായി ജീവിക്കുമ്പോള്‍ അത് നിഷ്‌കളങ്കവും ആത്മാര്‍ഥവുമാകാന്‍ അവര്‍ തമ്മില്‍ മാനസികമായി ബന്ധിതരായിരിക്കേണ്ടതുണ്ട്. അതിനുള്ള വഴിയാണ് ഇസ്‌ലാം പഠിപ്പിക്കുന്ന സാമൂഹ്യ പാഠങ്ങളെല്ലാം. ഈ സൗഹൃദത്തിന് വിഘാതമാണ് ആവശ്യമില്ലാത്ത തര്‍ക്കങ്ങള്‍. അത് ഹൃദയങ്ങളെ പരസ്പരം അകറ്റും എന്നു മാത്രമല്ല ശത്രുതയും പകയുമെല്ലാം ഉണ്ടാക്കുകയും ചെയ്യും. ഇത്ര ഗൗരവത്തോടെ ഇങ്ങനെ ഉപദേശിക്കുവാൻ പല ന്യായങ്ങളുമുണ്ട്. അവയിലൊന്ന് സ്വന്തം താല്‍പര്യങ്ങള്‍, ഇഷ്ടാനിഷ്ടങ്ങള്‍ തുടങ്ങിയവയോടുള്ള ഏതു മനുഷ്യന്റെയും സ്വാര്‍ഥ വികാരമാണ്. തനിക്കു വേണ്ടത് ഏതുവിധേനയും വെട്ടിപ്പിടിക്കാന്‍ വെമ്പുന്ന മനുഷ്യന്‍ കയ്യില്‍ കിട്ടിയതിനെ സംരക്ഷിക്കാനും ഏറ്റവും ഉദാത്തമായി അവതരിപ്പിക്കാനും വേണ്ടി ഏതറ്റം വരെയും പോകാന്‍ തയ്യാറാണിന്ന്. അതിന് അവന്‍ നടത്തുന്ന ശ്രമങ്ങള്‍ക്ക് ബലപ്രയോഗത്തിന്റെ ശൈലിയാണ് ഉണ്ടാകുക. അത് തർക്കമായി പരിണമിക്കുന്നു. മറ്റൊന്ന് മനുഷ്യര്‍ ചെറിയ വ്യത്യാസത്തില്‍ പക്ഷങ്ങളായി പിരിയുകയും കക്ഷികളായി വേറിട്ടുനില്‍ക്കുകയും ചെയ്യുന്നു എന്നതാണ്. ഈ പക്ഷങ്ങൾ പക, വിദ്വേഷം, ഏറ്റുമുട്ടൽ തുടങ്ങിയവയിലേക്ക് വളരുകയും സമൂഹത്തിൽ അശാന്തി പടർത്തുകയും ചെയ്യുന്നു. ഒരൊറ്റ കേന്ദ്ര ആശയത്തിനുള്ളില്‍ തന്നെ പാര്‍ട്ടികളും ഗ്രൂപ്പുകളും ചിന്താധാരകളും രൂപപ്പെടുന്നത് ഇങ്ങനെയാണ്. ചെറിയ വ്യത്യാസത്തില്‍ വേറിട്ടുനില്‍ക്കുമ്പോള്‍ ഓരോ കക്ഷിക്കും തന്റെ പക്ഷത്തെ ന്യായീകരിക്കാന്‍ ഏറെ സംസാരിക്കേണ്ടിവരുന്നു. അവിടെയും ബലപ്രയോഗം വേണ്ടിവരുന്നതിനാല്‍ ആ സംസാരത്തിന്റെ ധ്വനിയും തര്‍ക്കത്തിന്റേതായിരിക്കും. ഇതിനാൽ സമൂഹത്തില്‍ നിന്ന് സഹിഷ്ണുത അതിവേഗം മങ്ങുന്നു.



നബി(സ)ക്ക് ശേഷം സ്വഹാബത്തുകള്‍ ഈ ഇസ്‌ലാമിക മൂല്യം വളരുകയും ലോകത്തിന് മാതൃകയാവുകയും ചെയ്തു. പ്രവാചക കാലഘട്ടത്തിന് ശേഷം സ്വഹാബികളും അവരെ തുടര്‍ന്ന് താബിഉകളും ഈ മൂല്യങ്ങള്‍ ഉള്‍ക്കൊണ്ട് സാന്മാര്‍ഗിക ജീവിതം നയിച്ചു. അന്നൊക്കെയും സമുദായം ശാന്തമായിരുന്നു. കക്ഷിത്വങ്ങളോ മറ്റോ സമുദായത്തെ ശല്യപ്പെടുത്തുമായിരുന്നില്ല. ഇവരുടെ ശ്രേഷ്ഠമായ നൂറ്റാണ്ടുകള്‍ക്ക് ശേഷമാണ് ഇസ്‌ലാമിക സമൂഹത്തില്‍ വ്യത്യസ്ത വിഭാഗങ്ങളും സംഘങ്ങളും രൂപപ്പെടുന്നത്. അതിന്റെയെല്ലാം തുടക്കം ഇത്തരം തർക്കങ്ങളിൽ നിന്നായിരുന്നു. തർക്കം ഒരേയൊരു വിഷയത്തിൽ ആയിരിക്കാം. പക്ഷേ, അതിന്റെ പേരിൽ ഉണ്ടാകുന്ന കക്ഷി ആ ഒരു വിഷയത്തിൽ മാത്രം വിഘടിച്ച് നിൽക്കുന്നതാവില്ല. അഭിപ്രായവ്യത്യാസങ്ങൾ ഒന്നും ഇല്ലാത്ത വിഷയങ്ങളിലും തങ്ങളുടേതായ വേറിട്ട നിലയും നിലപാടുകളും രൂപീകരിച്ചു വേറെ ഒരു കക്ഷിയായി നിൽക്കുവാനുള്ള ത്വരയാണ് അതിനാൽ ഉണ്ടാവുക. മുസ്ലിം ലോകത്തെ രണ്ടായി വിഭജിച്ച സുന്നി-ഷിയാ ആശയധാരകൾ ഒരുദാഹരണമാണ്. വളരെ തുടക്കത്തിൽ ചെറിയ ഒരു അഭിപ്രായത്തിൽ നിന്നാണ് അതിന്റെ തുടക്കം ഉണ്ടായത്. പക്ഷേ ഇപ്പോൾ മതപരമായ വിശ്വാസത്തിന്റെയും കർമ്മങ്ങളുടെയും ഓരോ കണികയിലും ഈ രണ്ടു കക്ഷികളും വേറിട്ട് നിൽക്കുകയാണ്. ഓരോ വിഭാഗവും അവരുടേതായ വീക്ഷണങ്ങള്‍ക്കനുസരിച്ച് വേറിട്ടാണ് നിലകൊളളുന്നത്. അവരുടെ വീക്ഷണങ്ങള്‍ക്കെതിരായി ആരെങ്കിലും വിയോജിപ്പുകള്‍ രേഖപ്പെടുത്തുമ്പോള്‍ അവരെ നിശബ്ദരാക്കുകയും അവര്‍ക്കെതിരെ തിരിഞ്ഞ് അക്രമണങ്ങള്‍ അഴിച്ച് വിടുകയും ചെയ്യുന്നതോടെ വിഷയം പ്രശ്നമായി രൂപാന്തരപ്പെടുന്നു. ഇത്തരത്തിലുളള അവരുടെ ചെയ്തികള്‍ വീക്ഷിക്കുമ്പോള്‍, പുതിയ ദീനിലാണോ അവര്‍ വിശ്വസിക്കുന്നത് എന്നും പുതിയ പ്രവാചകനാണോ അവരെ നയിക്കുന്നത് എന്നും തോന്നി പോകുന്നതാണ്. എല്ലാ ഇടങ്ങളിലും ഇങ്ങനെ വിഘടിച്ച് ഭിന്നചേരികളായി പരസ്പരം പോരടിക്കുന്നതുകൊണ്ട് സത്യത്തിൽ നാം ലോക തലത്തില്‍ വലിയ പ്രതിസന്ധി നേരിടുകയുമാണ്. ഈ പ്രതിസന്ധി നമ്മുടെ ശക്തി ക്ഷയിച്ചു എന്നതാണ്. ഇത് നബി(സ) പ്രവചിച്ചത് തന്നെയാണ്. മുസ്‌ലിം സമുദായം ചവച്ചുതുപ്പിയ ചണ്ടികളെപോലെ ആയിത്തീരുമെന്ന് പ്രവാചന്‍ അനുചരന്മാകര്‍ക്ക് പറഞ്ഞുകൊടുക്കുമ്പോള്‍ അനുചരന്മാര്‍ ചോദിക്കുന്നുണ്ട്; പ്രവാചകരെ അന്ന് നമ്മള്‍ അംഗസംഖ്യയില്‍ കുറവായിരിക്കില്ലെയെന്ന്. അന്ന് നിങ്ങള്‍ ഒരുപാട് പേര്‍ ഉണ്ടായിരിക്കുമെന്നും, അവര്‍ വെളളത്തില്‍ ഒലിച്ച് പോകുന്ന ചണ്ടികളെ പോലെയായിരിക്കുമെന്നും, ശത്രുക്കള്‍ക്കള്‍ക്ക് ഭയമില്ലാതിരിക്കുകയും മുസ്‌ലിംകളെ വഹ്‌ന് പിടികൂടുമെന്നും പ്രവാചകന്‍ മറുപടി നല്‍കി. എന്താണ് വഹ്‌ന് എന്ന് അവര്‍ പ്രവാചകനോട് ചോദിച്ചു. പ്രവാചകന്‍ പറഞ്ഞു: ദുനിയാവിനോടുളള അതിയായ അഭിനിവേശവും മരണത്തോടുളള അതിയായ വെറുപ്പുമാണത് എന്നായിരുന്നു നബിയുടെ മറുപടി.



ഇതേ ആശയം വ്യക്തമാക്കുന്ന ധാരാളം ഹദീസുകള്‍ ഉണ്ട്. നബി(സ) പറയുന്നു: സന്മാര്‍ഗപ്രാപ്തിക്ക് ശേഷവും ദുര്‍മാര്‍ഗത്തിലേക്ക് വ്യതിചലിച്ചുപോകുന്നത് തര്‍ക്കവാഗ്വാദങ്ങളാലാണ് (അഹ്മദ്). മറ്റൊരു തിരുവചനത്തില്‍ അല്ലാഹുവിന് ഏറ്റവും വെറുപ്പുള്ളവരാണ് കുതര്‍ക്കികളും ദുശാഠ്യക്കാരും (അഹ്മദ്) എന്ന് പറയുന്നതു കാണാം. വിശുദ്ധ ഖുര്‍ആന്‍ ഈ തര്‍ക്കത്തിന് ഉപയോഗിക്കുന്ന വാക്ക് ജിദാല്‍ എന്നാണ്. ഇരുപതിലധികം തവണ വിശുദ്ധ ഖുര്‍ആന്‍ തര്‍ക്കത്തെ അനിഷ്ടകരമായി പറയുന്നുണ്ട്. വേദക്കാരോടുള്ള ആശയ തര്‍ക്കത്തെ കുറിച്ച് അല്ലാഹു പറയുന്നു: ഏറ്റവും നല്ല രീതിയിലല്ലാതെ വേദക്കാരോട് സംവദിക്കരുത്. സത്യത്തെ നിഷേധിച്ചവരല്ലാതെ അല്ലാഹുവിന്റെ സൂക്തങ്ങളില്‍ തര്‍ക്കിക്കുന്നില്ല, ഓരോ ജനവും അവരുടെ ദൈവദൂതനെ ആക്രമിക്കാനൊരുമ്പെട്ടിട്ടുണ്ട്. അവരൊക്കെയും മിഥ്യയുടെ തര്‍ക്കങ്ങള്‍ കൊണ്ട് സത്യത്തെ തോല്‍പിക്കാന്‍ ശ്രമിച്ചു (ഗാഫിര്‍ 4,5). ജ്ഞാനമോ മാര്‍ഗദര്‍ശനമോ വെളിച്ചം നല്‍കുന്ന വേദമോ ഇല്ലാതെ, അല്ലാഹുവിനെക്കുറിച്ച് തര്‍ക്കിക്കുന്ന ചിലയാളുകളുണ്ട് (അല്‍ ഹജ്ജ് 8), ഹജ്ജ്‌വേളയില്‍ സ്ത്രീസംസര്‍ഗവും പാപവൃത്തികളും വാക്കേറ്റങ്ങളും പാടില്ല (അല്‍ബഖറ 197). തുടങ്ങിയ സൂക്തങ്ങള്‍ ഇതിന്റെ ഉദാഹരണങ്ങളാണ്. ഇസ്‌ലാമികാധ്യപനത്തില്‍ ഏറ്റവും ഊന്നല്‍ നല്‍കുന്ന ഒന്നാണ് ഗുണകാംക്ഷ. ഒരാളുടെ സംസാരവും സമീപനവും ഗുണകാംക്ഷയുടെ പരിധി ലംഘിക്കുമ്പോഴാണ് സംസാരം തര്‍ക്കത്തിലേക്ക് കടക്കുന്നത്. അപരനെ അംഗീകരിക്കുകയും വിശ്വാസത്തിലെടുക്കുകയും ചെയ്യാതിരിക്കുമ്പോഴാണ് സാധാരണ സംസാരം പോലും തര്‍ക്കത്തിലേക്ക് വഴിമാറുന്നത്. തോല്‍വി സമ്മതിക്കാനുള്ള വൈമുഖ്യവും തര്‍ക്കത്തിന് ഹേതുവാകാറുണ്ട്. ഇതിനെ അഹങ്കാരം അഹംഭാവം എന്നൊക്കെയാണ് വിളിക്കപ്പെടുന്നത്.



യൂനുസ് ബിൻ അബ്ദുൽ അഅ്ലാ ഇറങ്ങിപ്പോയിയെങ്കിലും ഇമാം ശാഫി(റ)യുടെ മനസ്സിൽ അത് വല്ലാത്ത വേദനയും നിരാശയും സൃഷ്ടിച്ചു. അത്ര വിശുദ്ധനായിരുന്നു ഇമാം ശാഫി(റ). അതിനാൽ അദ്ദേഹത്തിന്റെ മനസ്സിൽ ആ രംഗം വാശിയല്ല വിഷമമാണ് ഉണ്ടാക്കിയത്. വൈകുന്നേരം ആയപ്പോൾ മഹാനവർകൾ യൂനുസ് ബിൻ അബ്ദുൽ അഅ്ലായുടെ വീട് ലക്ഷ്യമാക്കി നടന്നു. രാത്രിയുടെ നിശബ്ദതയിൽ ആരോ വാതിലിൽ മുട്ടുന്നത് കേട്ടപ്പോൾ യൂനുസ് ബിൻ അബ്ദുൽ അഅ്ലാ ഒരു നിമിഷം ശങ്കിച്ചു പോയി. ആരാണ് ഈ അസമയത്ത് വാതിലിൽ മുട്ടുന്നത് എന്ന് ഒരു നിമിഷം അദ്ദേഹം ചിന്തിച്ചു നിന്നു. വീണ്ടും മുട്ടുകേട്ടപ്പോൾ അദ്ദേഹം വാതിലിന്റെ അടുത്തേക്ക് നടന്നു. ആരാണ് എന്ന് ചോദിച്ചപ്പോൾ പുറത്തുനിന്ന് കിട്ടിയ മറുപടി മുഹമ്മദ് ബിൻ ഇദ് രീസ് എന്നായിരുന്നു. അതോടെ അദ്ദേഹം ആശയക്കുഴപ്പത്തിലായി. മനസ്സ് താൻ പരിചയപ്പെട്ടിട്ടുള്ള എല്ലാ മുഹമ്മദുകളുടെയും മുഖങ്ങളിലൂടെ കടന്നുപോയി. അവിടെയൊന്നും ഈ അസമയത്ത് തന്നെ കാണാൻ വരാൻ സാധ്യതയുള്ള ഒരു മുഹമ്മദിനെ അദ്ദേഹത്തിന് കണ്ടെത്താനായില്ല. പിന്നെ അദ്ദേഹം മുഹമ്മദിന്റെ പിതാവായ ഇദിരീസിനെ കുറിച്ചാണ്. അതാലോചിക്കാൻ തുടങ്ങിയതും ഒരു ഞെട്ടലോടെ അദ്ദേഹം വാതിൽ തുറന്നു. മുമ്പിൽ സാക്ഷാൽ മുഹമ്മദ് ബിൻ ഇദ്രീസ് അശ്ശാഫി(റ). നിഷ്കളങ്കനും സത്യസന്ധനുമായ തന്റെ പ്രിയ ഗുരു വാതിൽക്കൽ നിൽക്കുന്നതു കണ്ടപ്പോൾ അദ്ദേഹത്തിന്റെ ശിരസ്സ് കുനിഞ്ഞു പോയി. ഇമാം ശാഫി പറഞ്ഞു: യൂനുസ് ആയിരക്കണക്കിന് മസ്അലകളിൽ യോജിപ്പുള്ള നാം എന്തിനാണ് ഒരു മസ്അലയിൽ വിയോജിക്കുന്നത്?, എല്ലാ അഭിപ്രായ വ്യത്യാസങ്ങളിലും വിജയിക്കണമെന്ന് ആഗ്രഹിക്കരുത്, ചില സമയത്തെങ്കിലും നാം പരാജയം സമ്മതിച്ചോ അല്ലാതെയോ മാറി നിൽക്കേണ്ടിവന്നേക്കാം. ചിലപ്പോഴെല്ലാം രംഗത്തെ നേടുന്നതിനേക്കാൾ രംഗത്തുള്ളവരുടെ മനസ്സുകളെ നേടലായിരിക്കും ആവശ്യം. അതിനാൽ താങ്കൾ സ്വയം ഉണ്ടാക്കുകയും കടക്കാനും മടങ്ങാനും ഒരുപാട് പ്രാവശ്യം ആശ്രയിക്കുകയും ചെയ്ത പാലങ്ങളെ തകർക്കരുത്, ഒരുപക്ഷേ ഇനിയും മടങ്ങാൻ ഈ പാലം ആവശ്യമായി വന്നേക്കാം. തെറ്റുകളെയാണ് നാം വെറുക്കേണ്ടത്, തെറ്റ് ചെയ്തവരെയല്ല. വാക്കുകളെ നമുക്ക് നിരൂപിക്കാം പക്ഷേ വാക്കുകൾ പറഞ്ഞ ആളോട് ബഹുമാനം കാണിക്കണം...





0 Comments

No comments yet.

Leave a Comment

© www.thdarimi.in. All Rights Reserved. Designed by zainso