
.jpeg)
മുസ്ദലിഫാ ഇടത്താവളം
05-06-2023
Web Design
15 Comments
ഹജ്ജിന്റെ ഏറ്റവും പ്രധാന കർമ്മമായ അറഫാ സംഗമം കഴിഞ്ഞ് ദുൽ ഹജ്ജ് ഒമ്പതിന് സൂര്യാസ്തമയത്തിനു ശേഷം ഹാജിമാർ മടങ്ങുക മുസ്ദലിഫ എന്ന ഒരു ഇടത്താവളത്തിലേക്കാണ്. അറഫയുടെയും മിനാ താഴ്‌വരയുടെയും ഇടയിൽ ഹാജിമാർ ഒരു രാത്രിയോ രാത്രിയുടെ അൽപ്പ സമയമോ തങ്ങുന്ന സ്ഥലമായതിനാലാണ് ഈ സ്ഥലത്തെ നാം ഇടത്താവളം എന്നു വിളിക്കുന്നത്. മശ്അറുൽ ഹറാം, ജുമഅ് എന്നീ പേരുകളിലറിയപ്പെടുന്നതും ഇതേ സ്ഥലമാണ്. ഹജ്ജിന്റെ മശ്അറുകളിൽ മൂന്നാമത്തേതാണ് ഇത്. ഇവിടെ രാപ്പാർക്കൽ ഹജ്ജിന്റെ പ്രധാന കർമങ്ങളിൽ പെട്ടതാണ്. ഇത് ഒഴിവായാൽ അതിന് പ്രായശ്ചിത്തം ചെയ്യേണ്ടിവരും. ഏതു കർമ്മത്തിലുമെന്ന പോലെ അഭിപ്രായ വ്യത്യാസങ്ങൾ ഉണ്ടെങ്കിലും മുസ്ദലിഫയിലെ കർമ്മങ്ങളുടെ പൂര്‍ണമായ രൂപം ഇങ്ങനെയാണ്. സൂര്യാസ്തമയം ഉറപ്പായാല്‍ അറഫയില്‍നിന്ന് പുറപ്പെട്ട് മുസ്ദലിഫയില്‍ എത്തുക. മഗ്രിബും ഇശാഉം ജംആക്കല്‍ അനുവദനീയമായവര്‍ അങ്ങനെ അവിടെ വെച്ച് നിസ്കരിച്ച് ആ രാത്രി അവിടെ രാപ്പാര്‍ക്കുക. ഇത് വെറുമൊരു വിശ്രമസമയമല്ല. ഈ വിശ്രമവും ആരാധനയാണ്. അതിനാൽ ദിക്റുകളും ദുആകളും വര്‍ധിപ്പിക്കണം. പിറ്റേദിവസവും, അയ്യാമുത്തശ് രീഖിന്റെ മൂന്നു ദിവസങ്ങളിലും ജംറയെ എറിയുവാനുള്ള കല്ലുകള്‍ ഈ സമയത്ത് ഇവിടെ നിന്ന് ശേഖരിക്കുകയാണ് ഏറ്റവും നല്ലത്. സുബ്ഹിയോട് അടുക്കുന്ന തോടെ മുസ്ദലിഫയുടെ അവസാന ഭാഗത്തായി സ്ഥിതിചെയ്യുന്ന മശ്അറുല്‍ ഹറാം എന്ന പള്ളിയുടെ സമീപത്തേക്ക് നീങ്ങുകയും പ്രാർഥനകൾ അധികരിപ്പിക്കുകയും ചെയ്യുക. സ്വുബ്ഹി ആദ്യസമയം തന്നെ നിസ്കരിച്ച് സൂര്യോദയത്തിനു മുമ്പായി മിനായിലേക്ക് പുറപ്പെടുക. ദുർബലർക്കും ഉദ്യോഗസ്ഥർക്കും അർദ്ധരാത്രിക്കു ശേഷം മടങ്ങാം. ഇതാണ് കർമ്മങ്ങളുടെ പരിപൂർണ്ണ രൂപം. ഇതിൽ കുറഞ്ഞ രൂപങ്ങളുമുണ്ട്. അവയും ശരിതന്നെയാണ്. അതു മതിയാകും എങ്കിലും പ്രതിഫലത്തിന്റെ കാര്യത്തിൽ ചില കുറവുകൾ ഉണ്ടാകും. കർമ്മത്തനും പൂർണ്ണതക്കും വെവ്വേറെ പ്രതിഫലമാണല്ലോ ഉണ്ടാവുക.
അറഫയില്‍നിന്ന് പുറപ്പൈടുമ്പോഴുള്ള ദുആ നടത്തുക. വളരെ താഴ്മയോടെയും ഭക്തിയോടെയും ദിക്റുകളും തല്‍ബിയത്തും അധികരിപ്പിക്കുക. അറഫയില്‍നിന്ന് കാല്‍നടയായി പോകുന്നവര്‍ രണ്ട് മലകളുടെ ഇടയില്‍കൂടി കാണുന്ന മഅ്സമൈന്‍ എന്ന വഴിയില്‍ക്കൂടി മുസ്ദലിഫയിലേക്ക് കടക്കുക. നബി(സ്വ) നടന്ന വഴിയാണത്. മുസ്ദലിഫയോട് അടുത്താല്‍, മുസ്ദലിഫയില്‍ പ്രവേശിക്കുന്നു എന്ന നിയ്യത്തോടെ സുന്നത്തായകുളി നിര്‍വ്വഹിക്കുക. വെള്ളം ലഭിക്കാത്തവര്‍ക്ക് തയമ്മും ചെയ്യാവുന്നതാണ്. മുസ്ദലിഫയുടെ അതിര്‍ത്തിക്കുള്ളില്‍ എവിടെയെങ്കിലും അല്‍പ്പസമയം ഉറങ്ങുക. ഉറക്കം വരുന്നില്ലെങ്കില്‍ അവിടെ പ്രസ്തുത സമയം കിടന്നാലും സുന്നത്ത് ലഭിക്കുന്നതാണ്. അറഫയില്‍ നിന്നുള്ള യാത്ര വേഗതയിലാക്കുക. സൂര്യോദയത്തിനു അല്‍പ്പം മുമ്പുവരെ മുസ്ദലിഫയില്‍ താമസിക്കുക. വെളിച്ചം പരന്നാല്‍ സൂര്യോദയത്തിനു മുമ്പായി തന്നെ മിനയിലേക്ക് പുറപ്പെടുക. പെരുന്നാള്‍ ദിനം ജംറതുല്‍ അഖബ എറിയാനുള്ള ഏഴ് കല്ലുകള്‍ മുസ്ദലിഫയില്‍ നിന്ന് ശേഖരിക്കുക. മൊത്തം 63 കല്ലുകളാണ് മുസ്ദലിഫയില്‍ നിന്ന് എടുക്കേണ്ടത്. കുറഞ്ഞു പോകാതിരിക്കാന്‍ കല്ലുകള്‍ കുറച്ച് അധികമെടുക്കുന്നതിൽ കുഴപ്പമില്ല. മുസ്ദലിഫയിലും മശ്അറുല്‍ ഹറാമില്‍ പ്രത്യേകിച്ചും ദിക്ര്‍ ദുആകള്‍ അധികരിപ്പിക്കുക എന്നിവയെല്ലാം മുസ്ദലിഫയിൽ രാപ്പാർക്കുക എന്ന കർമ്മത്തിന്റെ സുന്നത്തുകളാണ്. ഫർളുകളെയും വാജിബുകളെയും കൃത്യവും സമ്പൂർണ്ണവുമായ പ്രതിഫലത്തിലേക്ക് എത്തിക്കുന്ന അനുബന്ധങ്ങളാണ് സുന്നത്തുകൾ.
മുസ്ദലിഫ എന്ന വാക്ക് നിഷ്പതിച്ചു എന്നു കരുതപ്പെടുന്ന വാക്കിന് അറബിയിൽ കൂട്ടമായി ഒഴുകക എന്നോ അവസാന യാമത്തിൽ ഇറങ്ങുക എന്നോ ആണ് പറയുക എന്നും അതിനാലാണ് ഇവിടം അങ്ങനെ അറിയപ്പെടുന്നത് എന്നും ചില വായനകളിൽ കാണാം. അങ്ങനെയെങ്കിലും വന്നതാവും ഈ പേര്. മറ്റു സാദ്ധ്യതകൾ എന്തെങ്കിലും ഉണ്ടാകാൻ മാത്രം ഇവിടെ ജനവാസമോ ഹജ്ജല്ലാത്ത സമയത്ത് ജനസാന്നിധ്യമോ ഒന്നുമില്ല. വിശുദ്ധ ഖുർആൻ ഈ സ്ഥലത്തെ പരാമർശിക്കുന്നുണ്ട് എങ്കിലും (അൽ ബഖറ: 198) അത് മശ്അറുൽ ഹറാം എന്ന പേരിലാണ്. മൊത്തം 963 ഹെക്ടറാണ് മുസ്ദലിഫയുടെ വിസ്തൃതി. അതിൽ മലകളും ജനവാസയോഗ്യമല്ലാത്ത സ്ഥലങ്ങൾ കഴിച്ച് 682 ഹെക്ടർ സ്ഥലവും തീർഥാടകർക്കായി നീക്കി വെച്ചിരിക്കുകയാണ്. മുസ്ദലിഫയിൽ നിന്ന് മിനായിലേക്ക് അഞ്ച് കിലോമീറ്ററാണ് ദൂരം, അറഫയിലേക്ക് രണ്ട് കിലോമീറ്ററും. വാസ സൗകര്യങ്ങൾ ഇവിടെ കുറവാണ്. തുറന്ന സ്ഥലത്ത് നീണ്ട് നിരയായി രാപ്പാർക്കുകയാണ് പതിവ്. അങ്ങനെ രാപ്പാർക്കുന്നതാണ് ഉത്തമമെന്ന് അഭിപ്രായപ്പെട്ടവരാണ് മഹാ ഭൂരിപക്ഷം പണ്ഡിതരും. മശ്അറുൽ ഹറാം അടയാളപ്പെടുത്തുവാൻ അവിടെ ഒരു പളളിയുണ്ട്. മശ്അറുൽ ഹറാം മുസ്ദലിഫ മുഴുവനുമാണെന്നും ഈ പള്ളി നബി(സ) നിന്ന സ്ഥലത്തെ അടയാളപ്പെടുത്തുവാൻ മാത്രമുള്ളതാണ് എന്നുമാണ് പ്രപലമായ പക്ഷം. ഈ പള്ളിയുടെ ഖിബ്‌ലയുടെ ഭാഗത്തായിരുന്നു നബി(സ) തന്റെ ഹജ്ജിന് പ്രാത്ഥനാ നമഗ്നനായി നിന്നത്. ഇപ്പോൾ അഞ്ചാം നമ്പർ റോഡ് മിനാ പ്രധാന പാതയുമായി ചേരുന്ന സ്ഥലത്തുള്ള ഈ പള്ളി ഹിജ്റ മൂന്നാം നൂറ്റാണ്ടിൽ നിർമ്മിച്ചതായിരുന്നു. ആറ് വാതിലുകളോടെ മേഞ്ഞിട്ടില്ലാത്ത ഒരു നിർമ്മിതിയായിരുന്നു അത്. പിന്നെ പന്ത്രണ്ടായിരം പേർക്ക് നിസ്കരിക്കാവുന്ന വിധത്തിൽ പള്ളി വിപുലീകരിച്ചത് സൗദീ ഗവൺമെന്റാണ്.
ജംറകൾ എറിയാനുള്ള കല്ലുകൾ മുസ്ദലിഫയിൽ നിന്നാണ് ശേഖരിക്കുന്നത്. അതിന് രണ്ട് കാരണങ്ങളാണ് പ്രധാനമായും ഉള്ളത്. ഒന്ന് നബി(സ്വ) അവിടെ നിന്ന് കല്ലുകൾ ശേഖരിച്ചു. രണ്ട്, പിറ്റേന്ന് മിനായിൽ എത്തിയാൽ ആദ്യമായി ചെയ്യാനുളള കർമ്മം അതായതിനാൽ മുസ്ദലിഫയിൽ ലഭിക്കുന്ന ഒഴിവിൽ കല്ല് ശേഖരിക്കലാണ് സൗകര്യം. ഇങ്ങനെ ശേഖരിക്കുമ്പോൾ പല അന്ധവിശ്വാസങ്ങളും പലർക്കും പിണയാറുണ്ട്. അവയിലൊന്ന് കല്ലിന്റെ വലുപ്പവുമായി ബന്ധപ്പെട്ടതാണ്. ചിലർ വലിയതും മൂർച്ചയുള്ളതുമായ കല്ലുകൾ തെരഞ്ഞ് എടുക്കുന്നത് കാണാം. പിശാചിനെ എറിയാനുള്ളതാണ് ഇവ എന്ന തോന്നൽ മനസ്സിൽ കിടക്കുന്നതിനാലാണിത്. നാം പിശാചിനെ എറിയുകയല്ല, ഇബ്റാഹീം നബി പിശാചിനെ എറിഞ്ഞതിനെ പ്രതീകവൽക്കരിക്കുക മാത്രമാണ്. അതിന് ചെറിയ കല്ലുകൾ മതി. നബി(സ)ക്ക് കല്ല് വെറുക്കിക്കൊടുത്തത് അബ്ബാസ്(റ) ആയിരുന്നു. ഇത്ര പോന്ന കല്ലുകൾ മതി എന്ന് നബി(സ്വ) അന്ന് പറയുകയുണ്ടായി. ആട്ടിൻ കാഷ്ടത്തിന്റെയോ അമരക്ക വിത്തിന്റെയോ വലുപ്പമായിരുന്നു അവക്ക് എന്ന് വ്യാഖ്യാനങ്ങളിൽ കാണാം. എണ്ണവുമായി ബന്ധപ്പെട്ട തെറ്റിദ്ധാരണകളുമുണ്ട്. എണ്ണം തെറ്റാതെ സൂക്ഷിക്കണം എങ്കിലും കൂടുന്നതോ കുറയുന്നതോ പ്രശ്നമുള്ള കാര്യമല്ല. കുറവു വന്നാൽ മിനായിൽ നിന്നോ മറ്റോ ബാക്കി വേണ്ടത് എടുക്കാം. മുസ്ദലിഫയില്‍ നിന്ന് അധികം എടുത്തവരോട് വാങ്ങുന്നതിനും വിരോധമില്ല. ഏറെ വന്നാൽ അതവിടെ ഇട്ടാൽ മാത്രം മതി. വഖഫ് ചെയ്ത പള്ളി, മലമൂത്ര വിസര്‍ജന സ്ഥലങ്ങൾ, നജസുള്ള സ്ഥലം, ജംറകളിൽ വീഴുന്ന കുകൾ എന്നിവ എടുക്കുന്നതും മറ്റു കട്ടകൾ പൊട്ടിച്ച് കൃത്രിമമായി ഉണ്ടാക്കുന്നതും ഒന്നും നല്ലതല്ല, പാടില്ല.
മുസ്ദലിഫയില്‍ നിന്ന് മിനയിലേക്ക് വരുമ്പോള്‍ മുസ്ദലിഫക്കും മിനക്കും ഇടയിലായി ചെറിയ ഒരു സ്ഥലുണ്ട്. വാദിമുഹസ്സര്‍ എന്നാണ് ഈ സ്ഥലത്തിന്റെ പേര്. വാദിനാര്‍ എന്നും ഇതിനു പേരുണ്ട്. ഖേദത്തിന്റെ താഴ്‌വര, അഗ്നിയുടെ താഴ്‌വര എന്നൊക്കെയാണ് ഈ പേരിന്റെ അർഥം. ഈ പേരിനെ അന്വർഥമാക്കുന്ന ഒരു ചരിത്രത്തിന്റെ സാക്ഷിയാണ് ഈ അഭിശപ്ത ഭൂമി. പരിശുദ്ധ കഅ്ബാശരീഫിനെ നശിപ്പിക്കാന്‍ വന്ന അബ്റഹത്തിന്റെ ആനപ്പട്ടാളത്തെ അല്ലാഹു നശിപ്പിച്ചത് ഈ സ്ഥലത്തുവെച്ചാണെന്നാണ് ചരിത്രം. റോമാ സാമ്രാജ്യത്തിന്റെ യമനിലെ ഗവർണ്ണറായിരുന്നു അബ്റഹത്ത്. മക്കയിൽ ഒരു വ്യവസ്ഥാപിത ഭരണം പോലും ഉണ്ടായിരുന്നില്ല എന്നിട്ടു പോലും അറബികൾ പരിശുദ്ധ മക്കയിൽ കേന്ദ്രീകരിക്കുന്നതിൽ അസ്വസ്ഥനായിരുന്നു അബ്റഹത്ത്. അറബികൾ തീർഥാടനത്തിനായി വരിക വഴി രണ്ട് നേട്ടങ്ങൾ ലഭിക്കും എന്നയാൾക്കറിയാം. ഒന്ന് ഒരു സാമൂഹ്യ ഏകത രൂപപ്പെടും. രണ്ട് ഇതിനിടയിൽ കച്ചവടം വളരും. ഇതെല്ലാം കണ്ട അബ്റഹത്ത് യമനിലെ സൻആയിൽ ഒരു വലിയ ആരാധനാലയം പണിതു. അതിലേക്ക് അറബികളെ ക്ഷണിച്ചു. അറബികൾ അത് സ്വീകരിച്ചില്ല. അതോടെ ക്രുദ്ധനായിരിക്കെ മക്കയിൽ നിന്ന് വന്ന ആരോ ഖുലൈസ് എന്ന് പേരിട്ടിരുന്ന ആ ആരാധനാലയത്തെ അപമാനിക്കുവാൻ വേണ്ടി അതിൽ ആരോ മാലിന്യങ്ങൾ കൊണ്ടിട്ടു. ഇതിൽ അപമാനിതനായ അബ്റഹത്ത് ഇതിന് താൻ പ്രതികാരം ചെയ്യുമെന്നും അറബികളുടെ കഅ്ബാലയം തകർക്കുമെന്നും പ്രഖ്യാപിച്ചു. തുടർന്ന് ആനകൾ വരെയുള്ള ഒരു സേനയുമായി മക്കയിലേക്ക് പുറപ്പെട്ട അബ്റഹത്തിനെയും സേനയെയും അല്ലാഹു അബാബീൽ പക്ഷികളുടെ കൊക്കിൽ കൊടുത്തു വിട്ട തക്കെട്ടകൾ കൊണ്ട് നശിപ്പിച്ചത് ഈ സ്ഥലത്ത് വെച്ചാണ്. അബ്റഹത്തിന് മോഹഭംഗം നേരിട്ട സ്ഥലം എന്ന നിലക്ക് ഇവിടം വാദീ മുഹസ്സർ എന്നറിയപ്പെടുന്നു. ഈ സ്ഥലം മുസ്ദലിഫയിലും മിനയിലും പെട്ടതല്ല. ഇവിടെ താമസിക്കാനും പാടില്ല. ഇവിടെയെത്തിയാല്‍ വേഗം നടക്കണം. ശാപമിറങ്ങിയ സ്ഥലങ്ങളിൽ തങ്ങരുത് എന്ന് നബി(സ) പറഞ്ഞിട്ടുണ്ട്.
0 Comments
No comments yet.
Leave a Comment
© www.thdarimi.in. All Rights Reserved. Designed by zainso