

പരന്നതോ ഉരുണ്ടതോ, ഖുർആനിലെ ഭൂമി ?
26-06-2023
Web Design
15 Comments
വിശുദ്ധ ഖുർആൻ അവതരിക്കുന്ന കാലം അറിവും ശാസ്ത്രവും ഒട്ടും വികാസം പ്രാപിച്ച കാലമല്ലായിരുന്നു. അതിനാൽ ഖുർആനിന് നേരിടേണ്ടി വന്നത് പ്രധാനമായും പരിഹാസം, അന്ധമായ നിരാകരണം തുടങ്ങിയവയായിരുന്നു. അതിനുതന്നെ അന്നത്തെ മക്കക്കാർ കാര്യമായി മുതിർന്നിരുന്നില്ല എന്നാണ് ചരിത്രാനുഭവം. പരിഹസിക്കുവാനും വിയോജിക്കുവാനും എല്ലാം അല്പമെങ്കിലും ഉള്ളടക്കത്തെ കുറിച്ചുള്ള അറിവോ ധാരണയോ വേണ്ടതുണ്ടല്ലോ. അതൊന്നുമില്ലാത്തതിനാൽ അവർ ജനങ്ങൾ ഖുർആൻ കേൾക്കുവാൻ ഇട വരുന്നത് തടയുകയായിരുന്നു പ്രധാനമായും ചെയ്തിരുന്നത് എന്നാണ് ചരിത്രം. വിദേശികളായ ആരെങ്കിലും മക്കയിൽ വന്നാൽ അവർ മുഹമ്മദിന്റെ വചനങ്ങൾ കേൾക്കുന്നത് സൂക്ഷിക്കണം എന്ന് താക്കീത് ചെയ്യുമായിരുന്നു. എന്നാൽ ഇന്നത്തെ കാലം ശാസ്ത്രവും അറിവും മറ്റു സാംസ്കാരിക അംശങ്ങളും എല്ലാം വളരുകയും വികാസം പ്രാപിക്കുകയും ചെയ്ത കാലമാണ്. അതിനാൽ ഇപ്പോഴുള്ള എതിർപ്പുകളും വെല്ലുവിളികളുമെല്ലാം അറിവിനെയും ശാസ്ത്രത്തെയും മുന്നിൽ വെച്ചുകൊണ്ടാണ്. ഇത് ഇങ്ങനെ പറയുന്നത്, പുതിയ കാലഘട്ടത്തിൽ ഇസ്ലാമിനും അതിന്റെ മൂല പ്രമാണമായ വിശുദ്ധ ഖുർആനിനും എതിരെ യുക്തിയെയും ശാസ്ത്രത്തെയും കൂട്ടുപിടിച്ചുകൊണ്ട് ചില വിരോധികൾ നടത്തുന്ന നീക്കങ്ങളെ പുതിയ ഒന്നായി നാം കാണുകയോ സ്വീകരിക്കുകയോ ചെയ്യേണ്ടതില്ല എന്ന് ആശ്വസിപ്പിക്കുവാനാണ്. ഓരോ കാലഘട്ടവും ആ കാലഘട്ടത്തിന്റെ വികാസങ്ങൾ ഉപയോഗപ്പെടുത്തി ഇങ്ങനെ എന്നും ചെയ്തിട്ടുണ്ട് അന്നൊന്നും അന്നത്തെ വികാസത്തിനു മുൻപിൽ പതറിയില്ലാത്ത ഖുർആൻ ഇന്നും ഇപ്പോൾ നേരിടുന്ന അപവാദങ്ങളെക്കുറിച്ചും അവയുടെ മുമ്പിലും പതറുകയില്ല. കാരണം ഇത് സത്യമായും അല്ലാഹുവിന്റെ കലാം തന്നെയാണ്. അത് പ്രപഞ്ചത്തെയും മനുഷ്യനെയും ഇതിനെയെല്ലാം നിയന്ത്രിക്കുന്നു എന്ന് അഹങ്കരിക്കുന്ന മനുഷ്യന്റെ ബുദ്ധിയെ തന്നെയും പടച്ച റബ്ബിന്റെ സൃഷ്ടിപ്പും ആവിഷ്കാരവും ആണ്.
ആധുനിക കാലത്ത് ചിലർ വിശുദ്ധ ഖുർആനിനെതിരെ ഉന്നയിക്കുന്ന ആരോപണങ്ങളിൽ പ്രധാനപ്പെട്ട ഒന്നാണ് ഭൂമിയെ കുറിച്ചുള്ള ഖുർആനിന്റെ സമീപനം. നിലവിൽ ഭൗതികശാസ്ത്രം പറയുന്നതും പഠിപ്പിക്കുന്നതും ഭൂമി ഉരുണ്ടതാണ് എന്നാണ്. എന്നാൽ വിശുദ്ധ ഖുർആൻ അതിനു വിരുദ്ധമായി ഭൂമി പരന്നതാണ് എന്നാണ് പറയുന്നത് എന്ന് തുള്ളി ചാടിക്കൊണ്ട് പലരും അവതരിപ്പിക്കുന്നത് കാണാം. ഇത് ഒന്നാമതായി അറിവില്ലായ്മ കൊണ്ട് ഉണ്ടാകുന്നതാണ്. മറ്റൊന്ന് അന്ധമായ വിരോധം കാരണത്താൽ ചിന്താശക്തി മുരടിച്ചു പോയതിന്റെ ഫലവുമാണ്. ആ ചർച്ചയിലേക്ക് കടക്കുന്നതിന് മുമ്പ് ഭൂമിയുടെ ഘടനയെ കുറിച്ച് ഈ പ്രപഞ്ചത്തിൽ ഇതുവരെ ഉണ്ടായിട്ടുള്ള കാഴ്ചപ്പാടുകളിലൂടെ ഒന്ന് കയറിയിറങ്ങി വരാം. പ്രാചീന ഗ്രീക്കുകാരാണ് 2,500 വര്‍ഷങ്ങള്‍ക്ക് മുമ്പ് ഭൂമി ഉരുണ്ടതാണ് തിരിച്ചറിഞ്ഞത്. ഭൂമി എന്തുകൊണ്ട് ഉരുണ്ടതാണെന്ന് പൈതഗോറസ് 500 B.C. യില്‍ സൂചന നൽകിയിട്ടുണ്ട്. ചന്ദ്രന്‍ ഉരുണ്ടതാണ് എന്ന് ആദ്യം അദ്ദേഹം നിരീക്ഷിച്ചു. ഭൂമിയും അതുപോലെ ഉരുണ്ടതായിരിക്കണം എന്ന് അദ്ദേഹം തുടർന്ന് അനുമാനിക്കുകയായിരുന്നു. ഭൂമി ഉരുണ്ടതാണെന്നതിന്റെ ഭൗതികമായ തെളിവുകള്‍ നൂറ്റമ്പത് വര്‍ഷങ്ങള്‍ക്ക് ശേഷം അരിസ്റ്റോട്ടില്‍ മുന്നോട്ടുവെച്ചു. അതിനും അനുമാനങ്ങളായിരുന്നു ആശ്രയം. ഭൂമിയുടെ ഗോളാകൃതിയെക്കുറിച്ച് അദ്ദേഹം മൂന്ന് ശാസ്ത്രീയ തെളിവുകൾ നൽകി. ഒന്നാമതായി, ചന്ദ്രഗ്രഹണസമയത്ത്, ചന്ദ്രനിൽ ഭൂമി പതിക്കുന്ന നിഴലിന്റെ അറ്റം എല്ലായ്പ്പോഴും ഒരു വൃത്തത്തിന്റെ ഒരു കമാനമാണ്, കൂടാതെ പ്രകാശ സ്രോതസ്സിന്റെ ഏത് സ്ഥാനത്തും ദിശയിലും അത്തരമൊരു നിഴൽ നൽകാൻ കഴിവുള്ള ഒരേയൊരു ശരീരം ഒരു പന്താണ്. രണ്ടാമതായി, നിരീക്ഷകനിൽ നിന്ന് കടലിലേക്ക് നീങ്ങുന്ന കപ്പലുകൾ ക്രമേണ കാഴ്ചയിൽ നിന്ന് നഷ്ടപ്പെടുന്നില്ല. വളരെ ദൂരം, എന്നാൽ ഏതാണ്ട് തൽക്ഷണം, അത് പോലെ, സിങ്ക് , ചക്രവാളരേഖയ്ക്ക് അപ്പുറം അപ്രത്യക്ഷമാകുന്നു. മൂന്നാമതായി, ചില നക്ഷത്രങ്ങളെ ഭൂമിയുടെ ചില ഭാഗങ്ങളിൽ നിന്ന് മാത്രമേ കാണാൻ കഴിയൂ, മറ്റ് നിരീക്ഷകർക്ക് അവ ഒരിക്കലും ദൃശ്യമാകില്ല. അരിസ്റ്റോട്ടിലിന് നൂറ് വര്‍ഷങ്ങള്‍ക്ക് ശേഷം പുരാതന ഗ്രീക്ക് ഗണിതശാസ്ത്രജ്ഞനായ ഇറാതോസ്തനീസ് ആദ്യമായി ഭൂമിയുടെ ചുറ്റളവിനെക്കുറിച്ചുള്ള ശാസ്ത്രീയമായ കണക്കുകള്‍ നല്‍കി. അതും ഭൂമിയുടെ വൃത്താകൃതി തെളിയിക്കുന്നു. ലളിതമായ നിരീക്ഷണങ്ങളില്‍ നിന്ന് തന്നെ ഭൂമിയുടെ ആകൃതി ആയിരക്കണക്കിന് വര്‍ഷങ്ങള്‍ക്ക് മുമ്പ് കണ്ടെത്തിയതാണ് എന്നു ചുരുക്കം. അതിനെ പിന്തുണക്കുന്ന ധാരാളം തെളിവുകള്‍ പിന്നീട് കണ്ടെത്തുകയും ചെയ്തിട്ടുണ്ട്. ഭൂഗുരുത്വം, സമയ മേഖലകൾ, ജി പി എസ്, ആകാശയാത്ര, സൌരയൂഥത്തിലെ മറ്റ് ഗ്രഹങ്ങളുടെ ടെലസ്കോപ്പ് ചിത്രങ്ങള്‍, ഇതെല്ലാം ഭൂമി ഉരുണ്ടതാണെന്ന് വ്യക്തമാക്കുന്നു.
മറുവശത്ത് ഭൂമി പരന്നതാണ് എന്ന വാദം മുമ്പ് ശക്തമോ വ്യവസ്ഥാപിതമോ ഒന്നും ആയിരുന്നില്ല. പക്ഷേ, ഇപ്പോഴത്തെ അവസ്ഥ മാറിയിരിക്കുന്നു. ഇപ്പോൾ ഭൂമി പരന്നതാണ് എന്ന വാദത്തിനു വേണ്ടി മാത്രം നിലനിൽക്കുന്ന ഒരു വലിയ സൊസൈറ്റി തന്നെയുണ്ട്. ഫ്ലാറ്റ് എർത്ത് സൊസൈറ്റി എന്നാണ് അതറിയപ്പെടുന്നത്. 1956ലാരംഭിച്ച ഫ്ലാറ്റ് എർത്ത് സൊസൈറ്റിക്ക് സാമുവൽ ഷെന്റൺ എന്നയാളാണ് തുടക്കമിട്ടത്. സോവിയറ്റ് യൂണിയനും നാസയുമൊക്കെ ബഹിരാകാശ ഗവേഷണത്തിൽ നിർണായക ചുവടുകൾ വയ്ക്കുന്ന കാലത്ത് ആ നേട്ടങ്ങളൊക്കെയും ഭൂമി പരന്നതാണെന്ന വാദത്തിനു ബലം കൂട്ടാനായി ഉപയോഗിച്ചാണ് സൊസൈറ്റി ആളെപ്പിടിച്ചത്. അത് അനുകൂലവും പ്രതികൂലവുമായ വാദങ്ങളും പ്രതിവാദങ്ങളുമായി നിൽക്കുകയാണ്. അതവിടെ നിൽക്കട്ടെ, ഇവിടെ നമ്മുടെ ചർച്ച അതല്ല. ഖുർആനിൽ അബദ്ധങ്ങളുണ്ടെന്നും അതിനാൽ അത് ദൈവികമല്ലെന്നും വരുത്തിത്തീർക്കുന്നതിനായി വിമർശകർ ഉന്നയിക്കുന്ന ഖുർആനിലെ ഭൂമി പരന്നതാണ് എന്ന വാദമാണ് ഇവിടെ ചർച്ച.
ഇതിനായി വിമർശകർ തെളിവുകളായി ഉദ്ധരിക്കുന്നത് വിശുദ്ധ ഖുർആനിലെ ചില ആയത്തുകളെയാണ് ആ ആയത്തുകൾ ആദ്യം പരിശോധിക്കാം. അല്ലാഹു പറയുന്നു:
നിങ്ങള്‍ക്ക് വേണ്ടി ഭൂമിയെ മെത്തയും ആകാശത്തെ മേല്‍പുരയുമാക്കിത്തരികയും ആകാശത്ത് നിന്ന് വെള്ളം ചൊരിഞ്ഞുതന്നിട്ട് അത് മുഖേന നിങ്ങള്‍ക്ക് ഭക്ഷിക്കുവാനുള്ള കായ്കനികള്‍ ഉല്‍പാദിപ്പിച്ചു തരികയും ചെയ്ത (നാഥനെ). അതിനാല്‍ (ഇതെല്ലാം) അറിഞ്ഞ്കൊണ്ട് നിങ്ങള്‍ അല്ലാഹുവിന് സമന്മാരെ ഉണ്ടാക്കരുത്. (2:22). മറ്റൊരിടത്ത് അവർ ചൂണ്ടിക്കാണിക്കുന്നത് ഈ സൂക്തമാണ്: ഭൂമിയാകട്ടെ നാം അതിനെ ഒരു വിരിപ്പാക്കിയിരിക്കുന്നു. എന്നാല്‍ അത് വിതാനിച്ചവന്‍ എത്ര നല്ലവന്‍! (51:48). മറ്റൊരു ആയത്ത് ഇതാണ്: അല്ലാഹു നിങ്ങള്‍ക്കു വേണ്ടി ഭൂമിയെ ഒരു വിരിപ്പാക്കുകയും ചെയ്തിരിക്കുന്നു. (71:19). മറ്റൊരു ആയത്ത് ഇതാണ്: ഭൂമിയിലേക്ക് (അവര്‍ നോക്കുന്നില്ലേ?) അത് എങ്ങനെ പരത്തപ്പെട്ടിരിക്കുന്നുവെന്ന് (88:20).
ഈ വചനങ്ങളും സമാനമായ മറ്റു ചില വചനങ്ങളുമുദ്ധരിച്ചാണ് ഖുർആനിലെ ഭൂമി പരന്നതാണ് എന്ന് ഇത്തരക്കാർ വാദിക്കുന്നത്.
വിശുദ്ധ ഖുർആനിന്റെ ആശയവും സമർത്ഥന രീതിയും പരിചയമില്ലാത്തത് കാരണമാണ് ഈ അബദ്ധവാദങ്ങൾ ഉണ്ടാവുന്നത് എന്ന് പറയാതെ വയ്യ. ശാസ്ത്ര പുസ്തകങ്ങളിൽ പറയുന്നതുപോലെ ഭൂമി ഉരുണ്ടതാണ് എന്ന് നേരെ ചൊവ്വേ ഖുർആൻ പറയുന്നില്ല എന്നതാണ് സത്യത്തിൽ ഇവരുടെ പരിഭവം. അങ്ങനെ പറയുക എന്നത് വിശുദ്ധ ഖുർആനിന്റെ ശൈലിയും രീതിയും അല്ല എന്നത് ഇത്തരക്കാർ ശ്രദ്ധിക്കാതെ പോയതുകൊണ്ടാണ് ഇത്തരം അബദ്ധങ്ങൾ പറയേണ്ടി വരുന്നത്. ഖുർആൻ ഒരു ശാസ്ത്രഗ്രന്ഥമല്ല എന്നാണ് അതിനുള്ള ഉത്തരം. ശാസ്ത്രകാര്യങ്ങൾ വിശദീകരിക്കുക അതിന്റെ ലക്ഷ്യവുമല്ല. മതപരമായ കർമ്മകാര്യങ്ങൾ പോലും ഖുർആനിൽ വിശദീകരിച്ചിട്ടില്ല. അഞ്ചു നേരത്തെ നമസ്കാരങ്ങളുടെ രൂപം, റക്അതുകളുടെ എണ്ണം, നിബന്ധനകൾ തുടങ്ങിയവയൊന്നും തന്നെ ഖുർആനിൽ വിശദീകരിച്ചിട്ടില്ല. അത്തരം വിശദീകരണങ്ങൾക്ക് ഹദീസുകളെയും കർമ്മശാസ്ത്ര ഗ്രന്ഥങ്ങളെയും ആശ്രയിക്കുകയാണ് മുസ്‌ലിംകൾ ചെയ്യാറുള്ളത്. അതുകൊണ്ടു തന്നെ ശാസ്ത്രകാര്യങ്ങളോ ചരിത്രങ്ങളോ ഒന്നും വിശദീകരിക്കുകയെന്നത് ഖുർആനിന്റെ രീതിയല്ല. എന്നാൽ, വൈജ്ഞാനികമായ ഏതു മാനദണ്ഡമുപയോഗിച്ച് പരിശോധിച്ചാലും പതിനാലു നൂറ്റാണ്ടുകൾക്കു മുമ്പ് അഥവാ ശാസ്‌ത്രസാങ്കേതിക രംഗത്ത് ലോകം ഒന്നുമല്ലാതിരുന്ന കാലത്ത് അവതരിപ്പിക്കപ്പെട്ട ആ ഗ്രന്ഥത്തിൽ അതിസൂക്ഷ്മമായ ഒരബദ്ധം പോലുമുള്ളതായി വസ്തുനിഷ്ഠമായി തെളിയിക്കാൻ ആർക്കും സാധ്യമല്ല എന്നതാണ് യാഥാർത്ഥ്യം. ഇതാണ് വിശുദ്ധ ഖുർആനിന്റെ കരുത്ത്. അതിനാൽ നമ്മൾ ഇച്ഛിക്കുന്നത് പോലെ പ്രപഞ്ചത്തിന്റെ ഓരോ ഘടകത്തിന്റെയും പരിപൂർണ്ണമായ വ്യാഖ്യാനം വിശദീകരണം എന്നിവ നൽകുകയല്ല ഖുർആൻ ചെയ്യുന്നത്. മറിച്ച്, ഖുർആൻ ചിലത് ചില കാര്യങ്ങളെക്കുറിച്ച് പറഞ്ഞുവെച്ചിട്ടുണ്ട്. അത് ഏതെങ്കിലും ഒരു കാലത്ത് മനുഷ്യകുലത്തെ ഞെട്ടിക്കുന്ന വിധത്തിൽ ഒരത്ഭുതമായി അവതരിക്കുക തന്നെ ചെയ്യും.
അതിനാൽ ഖുർആൻ പരാമർശങ്ങൾ ശരിയായി മനസ്സിലാക്കുവാനും വ്യാഖ്യാനിക്കുവാനും ആഴമുള്ള ഖുർആനിക അറിവ് തന്നെ വേണം. ആ അറിവുള്ളവർക്ക് മാത്രമേ ഖുർആനിന്റെ ആശയത്തെ കടഞ്ഞെടുക്കാൻ കഴിയൂ. ഇവിടെ എതിരാളികൾ ഉന്നയിക്കുന്ന ഒന്നാമത്തെ ആയത്ത് നമുക്ക് ഉദാഹരണമായി എടുക്കാം. അൽബഖറ സൂറത്തിലെ 22 -മത്തെ ആയത്താണ് ഇത്. ഈ ആയത്തിൽ അള്ളാഹു ഭൂമിയെ മനുഷ്യർക്ക് വേണ്ടി മെത്തയാക്കി എന്നാണ് പറഞ്ഞിരിക്കുന്നത്. മെത്ത എന്ന് പറയുമ്പോൾ പരന്നതാണ് ഭൂമി എന്നാണല്ലോ അതുകൊണ്ട് ഉദ്ദേശിക്കുന്നത് എന്നാണ് ഇവരുടെ വാദം. ഈ വാദത്തിലേക്ക് കടക്കുന്നതിന് മുമ്പ് നേരത്തെ പറഞ്ഞതുപോലെയുള്ള ഒരടിസ്ഥാനത്തെക്കുറിച്ച് നാം ചിന്തിക്കേണ്ടതുണ്ട്. അത് ഈ ആയത്തിന്റെ മൊത്തത്തിലുള്ള താല്പര്യം എന്താണ് എന്നതിനെക്കുറിച്ചാണ്. അത് തീർച്ചയായും അല്ലാഹു മനുഷ്യനുവേണ്ടി ഒരുക്കി കൊടുത്ത ഭൂമിയെയും ആകാശത്തെയും അവയ്ക്കിടയിലുള്ളവയെയും കുറിച്ചാണ്. അതായത്, അല്ലാഹു മനുഷ്യന് നൽകുന്ന അനുഗ്രഹങ്ങളെ കുറിച്ച്. ഭൂമിയെ അള്ളാഹു ഒരു അനുഗ്രഹമാക്കി എന്ന് പറയുമ്പോൾ ആ ഭൂമി മനുഷ്യന് അധിവസിക്കുവാൻ പാകപ്പെടുന്ന, സൗകര്യപ്പെടുന്ന വിധത്തിൽ ഒരു മെത്ത പോലെയാക്കിത്തന്നു എന്നതാണ് അവിടെ ഉദ്ദേശം. അഥവാ, ഭൂമി പരന്നതാണ് എന്ന് പറയാൻ വേണ്ടി കൊണ്ടുവന്നതല്ല മെത്ത എന്ന പ്രയോഗം. മറിച്ച്, അത് മനുഷ്യന്റെ സന്തോഷകരവും സൗകര്യപ്രദവുമായ ആവാസത്തിന് സൗകര്യമൊരുക്കിയിരിക്കുന്നു എന്ന ആശയമാണ് പറയുന്നത്. അതിനിടയിൽ ഭൂമിയുടെ രൂപ ശാസ്ത്രം പറഞ്ഞതാണ് എന്ന് മനസ്സിലാക്കിയിടത്താണ് തെറ്റ് പറ്റുന്നത്.
ഉരുണ്ട ഒരു സാധനത്തെ മനുഷ്യജീവിതത്തിന്റെ സൗകര്യത്തിനുവേണ്ടി അല്ലാഹു പരന്നതാക്കി അവര്‍ക്ക് അനുഭവിപ്പിക്കുവാൻ ഒരുക്കിക്കൊടുത്തു എന്ന് മാത്രമാണ് ഈ ആയത്തുകളില്‍നിന്ന് മനസ്സിലാവുക. അല്ലാതെ പ്രകൃത്യാ ഭൂമി പരന്നതാണ് എന്നല്ല. പരന്ന ഒരു സാധനത്തെ വീണ്ടും പരത്തി എന്നുപറയേണ്ട ആവശ്യമില്ലല്ലോ. ഈ പരപ്പിന്റെ ആശയം എന്താണ് എന്നതിന് മറ്റു സൂചനകൾ അല്ലാഹു നൽകിയിട്ടുണ്ട്. അല്ലാഹു പറയുന്നു: ഭൂമിയെ നാം നീട്ടിയിരിക്കുന്നു (15:19). അതിന്റെ ഉദ്ദേശം എവിടെ ചെന്നാലും ഭൂമി പിന്നെയും നീണ്ടുകിടക്കും എന്നാണ്. എവിടെ ചെന്നാലും നീണ്ടുകിടക്കണമെങ്കിൽ അത് പരന്നതായിരിക്കുവാൻ ന്യായമില്ല. ഗോളാകൃതിയിലുള്ള ഒന്നിന്റെ മാത്രം സവിശേഷതയാണ് അത്. കാരണം, പരന്നതാണെങ്കില്‍ അതിന്റെ അറ്റത്തത്തെിയാല്‍ അവിടെ ഒരു സഡൻ എൻടിൽ അവസാനിക്കുകയാണ് ചെയ്യുക. പിന്നെയും അങ്ങനെ നീണ്ടുകിടക്കുകയില്ല. ഭൂമിയില്‍ താമസിക്കുന്ന ഒരു ജീവിക്കും അതൊരു ഗോളാകൃതിയിലുള്ള വസ്തുവാണെന്ന് അനുഭവപ്പെടാത്ത വിധമുളള ഗോളാകൃതിയാണ് അല്ലാഹു നൽകിയിരിക്കുന്നത്. കണ്ണെത്താത്ത ദൂരത്തില്‍ നീണ്ടോ പരന്നോ കിടക്കുന്ന ഭൂമിയാണ് നാം കാണുന്നത്. കൃത്യം ഒരു പന്തു പോലെ ഉരുട്ടിത്തന്നു എന്നാണ് പറയേണ്ടത് എന്നാണ് വാദമെങ്കിൽ അത് രണ്ട് നിരഥകങ്ങളിൽ പെടും. ഒന്നാമതായി, കൃത്യം ഉരുണ്ടതാണ് എങ്കിൽ അതിലെ എല്ലായിടത്തും കമാനാകൃതിയാണ് ഉണ്ടാവുക. പരന്നതും നിരന്നതുമായ പ്രതലം വേണ്ട ഒരു കാര്യത്തിനും അപ്പോൾ ആ ഭൂമി അനുയോജ്യമാവില്ല. രണ്ടാമതായി, ഭൂമിയുടെ ആകൃതി അങ്ങനെയാണ് എന്നത് ഇന്നുവരെ ആരും എത്തിച്ചേർന്നിട്ടില്ലാത്ത നിഗമനമാണ്. അതിന് ഉരുണ്ടതെങ്കിലും പരന്നതാണ് എന്നനുഭവപ്പെടുന്ന ഒരു രൂപമാണ് ഉളളത്. ഗോളാകൃതിയിലുള്ള ഭൂമി ഇങ്ങനെ വാസയോഗ്യമാക്കി പരത്തിത്തന്നത് അല്ലാഹുവിന്റെ അനുഗ്രഹമാണെന്ന് സൂചിപ്പിക്കുകയാണിവിടെ.
പിന്നെ മറ്റൊരു കാര്യമുണ്ട്. ഭൂമിയെ നിങ്ങൾക്ക് നാം മെത്ത പോലെ പരത്തിത്തന്നിരിക്കുന്നു എന്ന് പറയുന്നത് ആരോടാണ് എന്നത് കൂടി ഈ ആലോചനയിൽ പ്രധാനമാണ്. ഭൂമിയിൽ നിവസിച്ചു കൊണ്ടിരിക്കുന്ന മനുഷ്യരോടാണ് ഇത് പറയുന്നത്. ഭൂമിയിൽ നിവസിക്കുന്ന മനുഷ്യർക്ക് ഭൂമി അനുഭവപ്പെടുന്നത് എങ്ങനെയാണോ അങ്ങനെയാണ് അത് പറയേണ്ടത് എന്നത് കേവല യുക്തിയാണ്. അതേസമയം ബഹിരാകാശത്തുള്ള അല്ലെങ്കിൽ ഭൂമിയേതര ഗ്രഹങ്ങളിൽ ഉള്ളവരോ ആയ ഏതെങ്കിലും ജീവികളോടാണ് ഇത് പറയുന്നത് എങ്കിൽ ഭൂമി ഉരുണ്ടതാണ് എന്ന് പറയാമായിരുന്നു. കാരണം അവർക്ക് അനുഭവപ്പെടുന്ന ഭൂമി ഉരുണ്ടതായിരിക്കും. ഈ സൂചനയും ഖുർആൻ നൽകുന്നുണ്ട്. വിമർശകരുദ്ധരിക്കാറുള്ള സൂറത്ത് ഗാശിയയിലെ ഇരുപതാം വചനം തന്നെ അതിനു തെളിവാണ്. അല്ലാഹു പറയുന്നത് ഭൂമിയിലേക്ക് അവർ നോക്കുന്നില്ലേ?… എന്നാണ്. തങ്ങളുടെ കൺമുമ്പിൽ നീണ്ടു പരന്നു കിടക്കുന്ന ഭൂമിയിലേക്ക് അവർ നോക്കുന്നില്ലേ എന്നാണ് ചോദിക്കുന്നത്. അല്ലാതെ, ബഹിരാകാശത്ത് ചെന്ന് ഭൂമിയെ നോക്കുന്നില്ലേ? എന്നല്ല ഇവിടെ ഖുർആൻ ചോദിക്കുന്നത്. ഭൂമിയിൽ ജീവിക്കുന്ന മനുഷ്യന് ഭൂമിയുടെ പരപ്പാണ് അനുഭവപ്പെടുന്നത്. ഈ സവിശേഷതയാണ് ഖുർആൻ എടുത്തു പറയുന്നത്. ഭൂമിക്ക് പുറത്തുനിന്ന് നിരീക്ഷിക്കുമ്പോഴാണ് ഭൂമിയുടെ ഗോളാകൃതി അനുഭവപ്പെടുക എന്ന് ശാസ്ത്രവും വ്യക്തമാക്കുന്നുണ്ട്.
ചുരുക്കത്തിൽ, പ്രകൃതിയെയും അതിലെ പ്രതിഭാസങ്ങളെയും മനുഷ്യർക്ക് അല്ലാഹു നൽകിയ അനുഗ്രഹങ്ങളുടെ ഭാഗമായാണ് വിശുദ്ധ ഖുർആൻ പരിചയപ്പെടുത്തുന്നത്. സൂറത്തുൽ ബഖറയിലെ ഇരുപത്തിരണ്ടാം വചനത്തിൽ പറയുന്ന കാര്യങ്ങൾ തന്നെ നോക്കിയാൽ അതു മനസ്സിലാക്കാം. ആകാശത്ത് നിന്ന് വെള്ളം ചൊരിഞ്ഞു തന്നവൻ, അതുമുഖേന നിങ്ങൾക്ക് ഭക്ഷിക്കാനാവശ്യമായ കായ്കനികൾ ഉൽപാദിപ്പിച്ചു തന്നവൻ… തുടങ്ങി അല്ലാഹു മനുഷ്യന് നൽകിയ അനുഗ്രഹങ്ങളുടെ ഭാഗമായി പ്രകൃതിപ്രതിഭാസങ്ങളെ വിശുദ്ധ ഖുർആൻ പരിചയപ്പെടുത്തുന്നു. അതുപോലെ ഭൂമിയെക്കുറിച്ച് പറയുമ്പോൾ നിങ്ങൾക്കു വേണ്ടി ഭൂമിയെ വിരിപ്പാക്കി (71: 19), നിങ്ങൾക്ക് വേണ്ടി ഭൂമിയെ തൊട്ടിലാക്കി (43: 10) തുടങ്ങിയ അനുഗ്രഹങ്ങളും പറയുന്നു എന്നു മാത്രം. ഒരു വിരിപ്പുപോലെ മനുഷ്യന് സുഖകരമായ ജീവിതത്തിന് സൗകര്യമൊരുക്കുന്ന ഭൂമി ഒരു തൊട്ടിൽ ശിശുവിന് നൽകുന്ന സുരക്ഷപോലെ മനുഷ്യർക്ക് സുരക്ഷയേകുകയും ചെയ്യുന്നു എന്നു പറയാൻ വേണ്ടി പറഞ്ഞതാണ് അവർ തെറ്റിദ്ധരിച്ച പ്രമേയങ്ങൾ.
ഈ പറഞ്ഞതിന്റെ സംഗത്വവും സത്യവും വ്യക്തമാക്കുന്ന പ്രസ്താവനകൾ ഖുർആൻ പറയുന്നുണ്ട്. അഥവാ ഭൂമി ആപേക്ഷികമായി ഉരുണ്ടതാണ് എന്നത് സൂചിപ്പിക്കുന്നുണ്ട്. പ്രപഞ്ചത്തിലെ മറ്റൊരു ഗോളത്തിന് ആപേക്ഷികമായി അഥവാ സൂര്യന് ആപേക്ഷികമായി പറയുമ്പോൾ ഭൂമിയുടെ ഗോളാകൃതിയെക്കുറിച്ച് സൂചിപ്പിക്കുന്നു എന്നതാണത്. അല്ലാഹു പറയുന്നു: ആകാശങ്ങളും ഭൂമിയും അവന്‍ യാഥാര്‍ത്ഥ്യപൂര്‍വ്വം സൃഷ്ടിച്ചിരിക്കുന്നു. രാത്രിയെക്കൊണ്ട് അവന്‍ പകലിന്മേൽ ചുറ്റുന്നു. പകലിനെക്കൊണ്ട് അവന്‍ രാത്രിമേലും ചുറ്റുന്നു. സൂര്യനെയും ചന്ദ്രനെയും അവന്‍ നിയന്ത്രണവിധേയമാക്കുകയും ചെയ്തിരിക്കുന്നു. എല്ലാം നിശ്ചിതമായ പരിധിവരെ സഞ്ചരിക്കുന്നു. അറിയുക: അവനത്രെ പ്രതാപിയും ഏറെ പൊറുക്കുന്നവനും. (39:5). ഭൂമിയുടെ ഗോളാകൃതിയുമായി ബന്ധപ്പെട്ട പ്രകൃതി പ്രതിഭാസമാണല്ലോ രാപ്പകലുകളുടെ മാറ്റം. ഇതിനു നിമിത്തം സൂര്യനാണ്. രാത്രിയെക്കൊണ്ട് പകലിന്മേലും പകലിനെക്കൊണ്ട് രാത്രിമേലും ചുറ്റുന്നു എന്ന പ്രസ്താവനയിലൂടെ ഭൂമിയുടെ ആകൃതിയെക്കുറിച്ച് ഖുർആൻ കൃത്യമായ സൂചന നൽകുന്നു.
ഭൂമി ഒരു ഗോളമാണെന്ന് ആദ്യകാല മുസ്‌ലിം പണ്ഡിതന്മാർ മനസ്സിലാക്കുകയും അതിന്റെ വെളിച്ചത്തില്‍ അവര്‍ ഗോളീയത്രികോണമിതി (Spherical trigonometry) രൂപീകരിക്കുകയും ചെയ്തതായും അതുപയോഗിച്ചാണ് ലോകത്തിലെ വ്യത്യസ്ത കോണുകളില്‍നിന്ന് മക്കയിലെ ഖിബ്‌ലയിലേക്കുള്ള ദിശ നിര്‍ണയിച്ചതെന്നും ചരിത്രകാരനായ ഡേവിഡ് എ. കിംഗ് തന്റെ അസ്‌ട്രോണമി ഇന്‍ ദ സര്‍വീസ് ഓഫ് ഇസ്‌ലാം എന്ന ഗ്രന്ഥത്തില്‍ പറയുന്നുണ്ട്. ഭൂഗോളത്തിന്റെ ചുറ്റളവ് കണ്ടു പിടിക്കാനായി ഒരുപറ്റം മുസ്‌ലിം ഗോളശാസ്ത്രജ്ഞരെയും ഭൂമിശാസ്ത്രജ്ഞരെയും അഞ്ചുസീ ഖലീഫ മഅ്മൂന്‍ ഉത്തരവാദിത്തപ്പെടുത്തിയതായി അഡ്വേര്‍ഡ് എസ്. കെന്നഡി തന്റെ മാത്തമാറ്റിക്കല്‍ ജിയോഗ്രഫി എന്ന ഗ്രന്ഥത്തില്‍ (പേജ് 185-201) നിരീക്ഷിക്കുന്നുണ്ട്. ഖുർആനിന്റെ ദൈവികത പൂർണമായി ഉൾക്കൊണ്ട വ്യക്തികളായിരുന്നു ഈ പരീക്ഷണങ്ങളിലേർപ്പെട്ടിരുന്നത്. അതിനാലാണ് അവർക്ക് ഈ നിഗമനത്തിലെത്തുവാൻ കഴിഞ്ഞത്. ഖുർആനല്ല പ്രശ്നം അതു വായിക്കുന്നതിന്റെ രീതിയാണ് പ്രശ്നം എന്നും ഇതിൽ നിന്നും നമുക്ക് മനസ്സിലാക്കാം. ഇതോടെ ഖുർആനിൽ വൈരുദ്ധ്യങ്ങളുണ്ട് എന്ന് വരുത്തിത്തീർക്കുവാനുള മറ്റൊരു ശ്രമം കൂടി നിഷ്ഫലമാവുകയാണ്. അല്ലാഹു പറയുന്നു: അവര്‍ ഖുര്‍ആനിനെപ്പറ്റി ചിന്തിക്കുന്നില്ലേ? അത് അല്ലാഹു അല്ലാത്തവരുടെ പക്കല്‍ നിന്നുള്ളതായിരുന്നെങ്കില്‍ അവരതില്‍ ധാരാളം വൈരുദ്ധ്യങ്ങൾ കണ്ടെത്തുമായിരുന്നു. (ഖുർആൻ 4:82)
0 Comments
No comments yet.
Leave a Comment
© www.thdarimi.in. All Rights Reserved. Designed by zainso