പ്രശ്നങ്ങളിൽ നിന്നും പ്രശ്നങ്ങളിലേക്ക്
പ്രസന്നവദനനായി മാത്രം കാണപ്പെടുന്ന ഹാറൂൺ റഷീദിന്റെ മുഖം പക്ഷെ ഒരു നാൾ കെട്ടു. മ്ലാനത മുററിയ ആ ഭാവം സുബൈദയെ വേദനിപ്പിച്ചു. മക്കളെ വേനപ്പിച്ചു. എല്ലാവരേയും വേദനിപ്പിച്ചു. ഖലീഫയുടെ മുഖത്ത് ചിരിയുടെ ഒരു രേഖയെങ്കിലും തെളിയുവാൻ അവരെല്ലാം അതിയായി ആഗ്രഹിച്ചു. പക്ഷെ, അവരൊക്കെ നിരാശരായി. ഈ ദുഖത്തിനു കാരണമുണ്ട്.
ഖലീഫാ ഹാറൂൺ റഷീദിന്റെ രാജ്യം സമൃദ്ധമായിരുന്നു. ഭരണം മാതൃകാപരവുമായിരുന്നു. എന്നിട്ടും പല പ്രശ്നങ്ങളും അദ്ദേഹത്തെയും ഭരണത്തെയും വേട്ടയാടിക്കൊണ്ടിരുന്നു. അവയിൽ ഒന്നാമത്തെ പ്രശ്നം ശിയാക്കളുടെ ഭാഗത്തുനിന്നുള്ളതായിരുന്നു. അവർ ഈ കാലത്ത് ത്വാലിബികൾ എന്നാണ് അറിയപ്പെട്ടിരുന്നത്. അബ്ദുൽ മുത്തലിബിന്റെ മകളായ അബ്ബാസിന്റെയും അബൂ ത്വാലിബിന്റെയും മക്കൾ തമ്മിലായിരുന്നുവല്ലോ പോര്. അതിനാൽ ഭരണകൂടം അബ്ബാസികൾ എന്നു വിളിക്കപ്പെട്ടപ്പോൾ എതിർ ചേരി ത്വാലിബികൾ എന്നു വിളിക്കപ്പെടുകയായിരുന്നു. അബൂ ത്വാലിബിന്റെ മകനായ അലി(റ)വിന്റെ പക്ഷക്കാർ എന്നാണ് ഇത് അർഥിക്കുന്നത് എന്നതിനാൽ ഇവർ സത്യത്തിൽ ശീഅത്തു അലീ എന്ന ശിയാക്കൾ തന്നെയാണ്.
അവരുടെ പ്രശ്നം പുതിയതായി ഉണ്ടായതൊന്നുമായിരുന്നില്ല. പണ്ടേ അവർ ഇസ്ലാമിക ഭരണാധികാരികളോട് പ്രശ്നത്തിലായിരുന്നു. നബി(സ)യുടെ കാലശേഷം അലി(റ)വിന് ആണ് അധികാരം ലഭിക്കേണ്ടിയിരുന്നത് എന്നും അദ്ദേഹത്തെ മററുള്ളവർ അധികാരത്തിൽ നിന്നും തന്ത്രപൂർവ്വമോ ബലപ്രയോഗത്തിലൂടെയോ മാററുകയായിരുന്നു എന്നാണ് അവരുടെ വാദം. നബി(സ)ക്കു ശേഷം അബൂബക്കർ (റ) ഖലീഫയായതും അദ്ദേഹം മരണത്തിന്റെ തൊട്ടുമുമ്പായി ഉമർ (റ)വിനെ തന്റെ പിൻഗാമിയായി വാഴിച്ചതും ഈ തന്ത്രത്തിന്റെ ഭാഗമായിരുന്നു എന്നാണ് അവരുടെ വാദം. മൂന്നാമതായി ഉസ്മാൻ (റ) ഖലീഫയായതും ഇതേ തന്ത്രത്തിന്റെ ഭാഗമായിരുന്നു എന്ന് അവർ പറയും. ഇതിനുവേണ്ടി ഈ ഖലീഫമാർ ചരടുവലിച്ചതായി അവർ പല കഥകളും പ്രചരിപ്പിക്കും. ഈ കുററം ചുമത്തി അവർ ഇപ്പോഴും ഉന്നതരായ ഈ സ്വഹാബിമാരെ ആക്ഷേപിക്കുകയും ചെയ്യും.
സത്യത്തിൽ അന്നൊന്നും അലി(റ) വോ അദ്ദേഹത്തിനു വേണ്ടി മററാരെങ്കിലുമോ അങ്ങനെ ഒരു അവകാശവാദം ഉന്നയിച്ചിട്ടേയില്ല. ഉന്നയിച്ചിരുന്നുവെങ്കിൽ അവർ അതു അപ്പോൾ തന്നെ നൽകുവാനുള്ള മനശുദ്ധി ഉള്ളവർ തന്നെയായിരുന്നു. ഓരോ ഘട്ടത്തിലും ആത്മാർഥമായി അധികാരത്തിൽ നിന്നും ഒഴിഞ്ഞുമാറുവാൻ ശ്രമിച്ചവരായിരുന്നു അവർ എന്ന് അവരെ തെരഞ്ഞെടുക്കുന്ന ഓരോ രംഗത്തിലും നമുക്ക് ചരിത്രത്തിൽ കാണാം. അലി(റ) തന്നെ നാലാം ഊഴത്തിൽ അതു സ്വീകരിക്കുവാൻ മടിച്ചുനിന്ന ആളായിരുന്നു. ആരും അധികാരം ഏറെറടുക്കുവാൻ തയ്യാറാവാതെ ദിവസങ്ങളോളം സിംഹാസനം ഒഴിഞ്ഞുകിടക്കുക പോലുമുണ്ടായി. ആയതിനാൽ ശിയാക്കളുടെ വാദങ്ങളെ മുസ്ലിം ലോകം വെറും രാഷ്ട്രീയമായിട്ടാണ് കാണുന്നത്. അവരുടെ ഇമാമാത്ത് വാദമാകട്ടെ, ആ രാഷ്ട്രീയത്തിനുവേണ്ടി അവർ കെട്ടിച്ചമച്ച നാടകവുമാണ്. അതിന്റെ ഒരു പക അവരുടെ ഉള്ളിൽ സദാ ഉണ്ട്. റാഷിദീ ഖലീഫമാരോടും അമവീ ഖലീഫമാരോടും അവർ അതു പുലർത്തിപ്പോന്നു.
നബി (സ) കുടുംബത്തെയല്ലാതെ മററാരെയും അവർ നേതാവായി അംഗീകരിക്കുന്നില്ല.എന്നാൽ ഹാറൂൺ റഷീദടക്കമുള്ള അബ്ബാസീ ഖലീഫമാരെല്ലാം നബികുടുംബക്കാർ തന്നെയാണല്ലോ എന്നത് അവർ അംഗീകരിക്കുന്നുമില്ല.അവർ പറയുന്നത് അവർ നബി (സ) കുടുംബത്തിന്റെ ഭാഗമല്ല എന്നാണ്.
ഒരിക്കൽ മൂസൽ കാളിമിനോട് ഹാറൂൺ റഷീദ് ഇതു നേരിട്ടുതന്നെ ചോദിക്കുകയുണ്ടായി.ശിയാക്കളുടെ ഏഴാമത്തെ ഇമാമായിരുന്നു മൂസൽ കാളിം. അദ്ദേഹം ഹാറൂൺ റഷീദിന്റെ കാലത്താണ് ജീവിച്ചിരുന്നത്. നിങ്ങളെ പോലെ ഞങ്ങളും നബി കുടുംബമല്ലേ എന്ന്. അതിനദ്ദേഹം പറഞ്ഞ മറുപടി അല്ല എന്നായിരുന്നു. അദ്ദേഹത്തിന്റെ ന്യായം ഇതാണ്.അബ്ദുൽ മുത്തലിബിന്റെ മക്കാളായ അബ്ദുല്ല, അബൂത്വാലിബ് എന്നിവർ ഒരു ഉമ്മയുടെ മക്കളാണ്. എന്നാൽ അബ്ബാസ് ആ ഉമ്മയുടെ മകനല്ല. വേറെ ഉമ്മക്കു ജനിച്ചതാണ്. മക്കൾ, ഭാര്യമാർ, നേർ സഹോദരങ്ങൾ എന്നിവർക്കേ പിന്തുടർച്ചാവകാശമുള്ളൂ. ഇതു വിളക്കിച്ചേർക്കുന്നത് മാതാവാണ്.മാതാവ് മാറിയാൽ ബന്ധം മുറിയും. തങ്ങളുടെ രാഷ്ട്രീയ നിലപാടിനുവേണ്ടി ഇങ്ങനെ പലതും വാദിക്കുന്നതിൽ മിടുമിടുക്കൻമാരാണ് പണ്ടേ ശിയാക്കൾ.
ഇപ്പോൾ അബ്ബാസികളോടും അവരതു തന്നെ പുലർത്തുകയാണ്. ഖലീഫമാരുടെ ഏതെങ്കിലും നയത്തോടുള്ള എതിർപ്പല്ല അവരുടേത്.അവരുടെ ഇമാമാണ് ഖലീഫയാവേണ്ടത് എന്ന വാദമാണ് അവരുടേത്.അതിനാൽ അവർ ഒരു ഖലീഫയെയും അംഗീകരിക്കില്ല. ഹാറൂൺ റഷീദിന്റെ കാലത്തും അവർ തലപൊക്കുവാൻ നോക്കി. വളരെ ചെറിയ പ്രായത്തിൽ ഭരണത്തിലേറിയ ഖലീഫയായിരുന്നതുകൊണ്ട് അവർക്കതു വേഗം വിജയിപ്പിച്ചെടുക്കാം എന്ന തോന്നലുണ്ടായിരുന്നു. പക്ഷെ, വളരെ സമർഥനായിരുന്നു ഹാറൂൺ റഷീദ്. അദ്ദേഹം അതെല്ലാം തുടക്കത്തിലെ ചവിട്ടിക്കെടുത്തി. അക്കാലത്തെ അവരുടെ നായകനും ഇത്നാ അശ്രി ശ്രേണിയിലെ അവരുടെ ഏഴാം ഇമാമുമായിരുന്ന മൂസ ബിൻ ജഅ്ഫർ കാളിമിനെയടക്കം ഖലീഫാ ജയിലിലടച്ചു. അവരെ നിരന്തരം വേട്ടയാടി. അങ്ങനെ അവരുടെ ശല്യം നിയന്ത്രണവിധേയമാക്കി.
അപ്പോഴാണ് പുതിയ ഒരു പ്രശ്നം തലപൊക്കിയിരിക്കുന്നത്. അത് കിരീടാവകാശിയെ ചൊല്ലിയുള്ള തർക്കമാണ്. ഹാറൂൺ റഷീദിന് തന്റെ പിൻഗാമിയെ പ്രഖ്യാപിക്കണം. മക്കൾ രണ്ടുപേരും പഠനമൊക്കെ ഏതാണ്ട് കഴിഞ്ഞ് അതിനുള്ള പ്രായത്തിലെത്തിക്കൊണ്ടിരിക്കുകയാണ്. അമീനും മഅ്മൂനും. അവരിൽ ആരെ കിരീടാവകാശിയിക്കും എന്നതാണ് പ്രശ്നം. അതിനു വേണ്ടിയുള്ള ചർച്ചകൾ കൊട്ടാരത്തിനകത്തുനിന്ന് ആരംഭിച്ചു. പ്രായം കൊണ്ട് മഅ്മൂനാണ് ആ സ്ഥാനത്തിന് അർഹൻ. വിവരത്തിന്റെയും കാഴ്ച്ചപ്പാടിന്റെയുമൊക്കെ കാര്യത്തിൽ ഒരു ചുവടു മുന്നിൽ മഅ്മൂൻ തന്നെയാണ്. രാജ്യകാര്യങ്ങളിൽ ഒരു പ്രതീക്ഷ നൽകുന്നുണ്ട് മഅ്മൂൻ. മഅ്മൂനിന്റെ ശേഷികൾ താൻ പലപ്പോഴും നേരിട്ടു അനുഭവിച്ചിട്ടുള്ളതുമാണ്. അവയിലെ ഒരു ചിത്രം ഇപ്പോഴും ഖലീഫയുടെ മനസ്സിലുണ്ട്.
വിത്തുഗുണം
ഖലീഫാ ഹാറൂൺ റഷീദ് മക്കളെ കാണുവാൻ ഇറങ്ങിയതാണ്.കൊട്ടാരത്തിനോടു ചേർന്നുതന്നെ അവർക്കു രണ്ടുപേർക്കും പഠിക്കുവാൻ ഒരു പാഠശാല സ്ഥാപിച്ചിട്ടുണ്ട്. അതിൽ ഒരു അധ്യാപകനെയും നിയമിച്ചിട്ടുണ്ട്. മക്കളെ കാണുവാനും അവരുടെ പഠനപുരോഗതി മനസ്സിലാക്കുവാനും ഇടക്കിടെ ഖലീഫ അവിടെ ചെല്ലും. പതിവുപോലെ അതിനിറങ്ങിയതാണ് ഖലീഫ.
രണ്ട് മക്കളും രണ്ടു ഭാര്യമാരിൽ നിന്നുള്ളവരാണ്. ഒന്നാമൻ അമീൻ സുബൈദാ രാജ്ഞിയിൽ നിന്നും ജനിച്ച മകനാണ്. ബഗ്ദാദിലെ ഔദ്യോഗിക റാണിയും സ്ത്രീകളുടെ നേതാവുമാണ് സുബൈദാ രാജ്ഞി. രണ്ടാമൻ മഅ്മൂൻ എന്നു വിളിക്കപ്പെടുന്ന അബ്ദുല്ലയാണ്. മഅ്മൂനിന്റെ ഉമ്മ ഒരു പേർഷ്യൻ അടിമസ്ത്രീയായിരുന്നു. (പിൽക്കാലത്ത് അബ്ബാസികളിലെ ഏഴാം ഭരണാധികാരിയായി അദ്ദേഹം ഭരണം നടത്തുകയുണ്ടായി) മക്കളെ കാണുവാൻ പോകുന്ന വഴിയിൽ ഖലീഫ ബുദ്ധിമാനും സന്തതസഹചാരിയുമായിരുന്ന ബുഹ് ലൂലിനെ കണ്ടു. ബുഹ് ലൂലിനെയും മദ്റസയിലേക്ക് ഒപ്പം കൂട്ടി.
അവർ ചെന്നുകയറുമ്പോൾ കുട്ടികൾ പുറത്തുപോയതായിരുന്നു. അവരുടെ അഭാവത്തിൽ വിവരങ്ങൾ ഖലീഫ ഉസ്താദിനോട് ചോദിച്ചറിഞ്ഞു. ഉസ്താദ് അൽപം സങ്കോചത്തോടെ പറഞ്ഞു:
മഅ്മൂൻ മിടുമിടുക്കനാണ്, അമീൻ അത്രതന്നെ പോരാ.
അതു ഖലീഫയെ വിഷമിപ്പിച്ചു. ഖലീഫ ചോദിച്ചു:
അത് എന്തിന്റെ അടിസ്ഥാനത്തിലാണ് ഉസ്താദ് പറയുന്നത്?, അതു തെളിയിക്കുവാൻ താങ്കൾക്കു കഴിയുമോ?
കഴിയും, ഖലീഫ അനുവദിക്കുകയാണ് എങ്കിൽ
ഖലീഫ സമ്മതിച്ചു. ഉടനെ ഉസ്താദ് മഅ്മൂനിന്റെ സീററിനടിയിൽ ഒരു കടലാസ് കഷ്ണം വെച്ചു. അമീനിന്റെ സീററിനടിയിൽ ഒരു ചുട്ടൈടുത്ത മൺപാത്രത്തിന്റെ പൊട്ടും.
അധികം വൈകാതെ കുട്ടികൾ തിരിച്ചെത്തി. പിതാവിനെ വണങ്ങിയ അവരോട് സീററുകളിൽ ഇരിക്കുവാൻ പറഞ്ഞു. സീററുകളിൽ ഇരുന്നതും മഅ്മൂൻ മുകളിലേക്കും വശങ്ങളിലേക്കും നോക്കുവാൻ തുടങ്ങി. ആ അസ്വസ്ഥത കണ്ട് ഉസ്താദ് ചോദിച്ചു:
എന്താണ്?, എന്തു പററി മഅ്മൂൻ ?
ഞാൻ വന്നിരുന്നപ്പോൾ എന്റെ സീററ് ഒരു കടലാസ്സിന്റെ അത്ര ഉയർന്നതായി എനിക്കു തോന്നുന്നു. ഞാൻ അതിനെപ്പററി നോക്കുകയാണ്..
ഉസ്താദ് അമീന്റെ നേരെ തിരിഞ്ഞു ചോദിച്ചു:
അമീനെന്തു തോന്നുന്നു?
പ്രത്യേകിച്ചൊന്നും തോന്നുന്നില്ല. അമീൻ പറഞ്ഞു.
ഇതോടെ ഉസ്താദ് ഖലീഫയുടെ മുഖത്തേക്കു നോക്കി. താൻ പറഞ്ഞതു ശരിയായില്ലേ എന്ന മട്ടിൽ. ശരിയല്ല എന്നു പറയുവാൻ ഒരു ന്യായവുമുണ്ടായിരുന്നില്ല. അതിനാൽ ഖലീഫ ചിന്താ നിമഗ്നനായി അൽപ്പനേരം ഇരുന്നു. അതിനിടയിൽ കുട്ടികൾ വീണ്ടും പുറത്തേക്കു പോയി. ആ അവസരത്തിൽ ഖലീഫ ഉസ്താദിനോട് ചോദിച്ചു: രണ്ടുപേരുടെയും ബുദ്ധി ഇങ്ങനെ വ്യത്യസ്ഥമാകുവാൻ എന്താണ് ന്യായം?, താങ്കൾക്കെന്താണു പറയുവാനുള്ളത്?
ഉസ്താദ് പല ന്യായവും പറഞ്ഞുനോക്കി. അതൊന്നും പക്ഷെ, ഹാറൂൺ റഷീദിനെ പോലെ അതിബുദ്ധിമാനായ ഒരു പ്രതിഭയെ തൃപ്തിപ്പെടുത്തുവാൻ പോന്നതല്ലായിരുന്നു.
ഖലീഫ ബുഹ് ലൂലിനു നേരെ നോക്കി. തനിക്കറിയുമോ എന്ന ഭാവത്തിൽ.
ബുഹ്ലൂൽ വളരെ വിനയാന്വിതനായി പറഞ്ഞു:
അമീറുൽ മുഅ്മിനീൻ, എനിക്കങ്ങ് അഭയം നൽകുമെന്നുണ്ടെങ്കിൽ ഞാൻ പറയാം. തികച്ചും അപകടകരമായ ഒരു നിഗമനമാണ് ബുഹ്ലൂൽ പറയുവാൻ പോകുന്നത്. അതുകൊണ്ടാണ് ആദ്യമേ അഭയം തേടുന്നത്. ഖലീഫ പ്രത്യേക സ്വാതന്ത്ര്യം കൽപ്പിച്ചു നൽകിയിട്ടുള്ള ആളാണ് ബുഹ് ലൂൽ. അദ്ദേഹത്തെ ഖലീഫക്ക് ഇഷ്ടവുമാണ്.അതിനാൽ ഖലീഫ അഭയവും സമ്മതവും നൽകി.
ബുഹ് ലൂൽ പറഞ്ഞു: അമീറുൽ മഅ്മിനീൻ, രണ്ടു വിത്യസ്ഥങ്ങളായ രക്തങ്ങളും സംസ്കാരങ്ങളും സാമൂഹ്യ ചുററുപാടുകളും തമ്മിൽ ചേരുമ്പോൾ അതിൽ ജനിക്കുന്ന കുഞ്ഞുങ്ങൾക്ക് ബുദ്ധിശക്തി കൂടും. അതാണ് ഇവിടെ സംഭവിച്ചിരിക്കുന്നത്. സുബൈദാ രാജ്ഞിയും അങ്ങും ഒരേ രക്തങ്ങളും സംസ്കാരങ്ങളുമാണല്ലോ. എന്നാൽ മഅ്മൂനിന്റെ ഉമ്മയും അങ്ങും രണ്ടു വ്യത്യസ്ഥ ഗുണങ്ങളുള്ളവരാണ്. അതുകൊണ്ടാണ് ഇങ്ങനെ സംഭവിക്കുന്നത്. ബുഹ് ലൂൽ പറഞ്ഞു നിറുത്തിയപ്പോൾ ഖലീഫയുടെ നെററിയിൽ ചുളിവുകൾ പ്രത്യക്ഷപ്പെട്ടു. ആ മറുപടിയിൽ തൃപ്നായിരുന്നില്ല അദ്ദേഹം. ആയതിനാൽ അദ്ദേഹം പറഞ്ഞു: അങ്ങനെ പറഞ്ഞാൽ പോരാ, അതു തെളിയിക്കൂ.
ബുഹ് ലൂൽ പറഞ്ഞു: തെളിയിക്കാം, ഖലീഫാ കോവർ കഴുതകളെ കണ്ടിട്ടില്ലേ, അവയ്ക്ക് കഴുതകളേക്കാളും കുതിരകളേക്കാളും കരുത്തുണ്ടായിരിക്കും. അവ കുതിരയും കഴുതയും ചേർന്നുണ്ടാകുന്നതാണ് എന്നതാണ് അതിനു കാരണം. സങ്കരയിനങ്ങൾക്ക് മിടുക്കു കൂടും. രണ്ടിനത്തിൽപെട്ട സസ്യ തൈകൾ സംയോചിപ്പിച്ചുണ്ടാകുന്ന മരത്തിലെ ഫലങ്ങളും അങ്ങിനെയാണ്. അവയ്ക്കു രസം കൂടും.. പിന്നെ ഒന്നും പറയുവാൻ ഖലീഫക്കുണ്ടായിരുന്നില്ല. അതിനാൽ അദ്ദേഹം ഒരു പാട് പണിയുണ്ട്, പോകട്ടെ എന്നും പറഞ്ഞ് വേഗം ഇറങ്ങുകയായിരുന്നു.
നീതീബോധം പറയുന്നത്..
നീതിമാനായ ഭരണാധികാരിയായിരുന്നു ഹാറൂൺ റഷീദ്. നൻമയുടെ വികാരങ്ങളാണ് അദ്ദേഹത്തെ നയിക്കുന്നത്. അബ്ബാസികളുടെ കൂട്ടത്തിൽ മതബോധത്തിന്റെ കാര്യത്തിൽ എപ്പോഴും ഉയർന്നുകേൾക്കുന്ന നാമാമണ് ഹാറൂൺ റഷീദിന്റേത്. ഒരു വർഷം ഹജ്ജിനും തൊട്ടടുത്ത വർഷം ജിഹാദിനും പുറപ്പെടുക അദ്ദേഹത്തിന്റെ പതിവായിരുന്നു. ഹജ്ജിന് പലപ്പോഴും നടന്നുകൊണ്ട് പോലും പോകുമായിരുന്നു അദ്ദേഹം. ഹിജ്റ 179ൽ അദ്ദേഹം പുറപ്പെട്ടത് റമളാനിലായിരുന്നു. റമളാനിൽ ഉംറ ചെയ്യുന്നത് ഹജ്ജിനു തുല്യമാണ് എന്ന് സ്വഹീഹായ ഹദീസിലുണ്ട്. ആ യാത്ര ആ വർഷത്തെ ഹജ്ജു കൂടി കഴിഞ്ഞായിരുന്നു മടങ്ങിയത്. ദിനവും നൂറു റക്അത്ത് സുന്നത്തു നിസ്കരിക്കുന്നത് അദ്ദേഹത്തിന്റെ പതിവായിരുന്നു. ഓരോ ദിനവും വലിയ തുക ദാനം ചെയ്യുന്നതും അദ്ദേഹം മുടക്കുമായിരുന്നില്ല. വലിയ വലിയ പണ്ഡിതൻമാരുമായും സ്വാലിഹീങ്ങളുമായിരുന്നു അദ്ദേഹത്തിന്റെ ഏററവും സമീപസ്ഥർ. പണ്ഡിതൻമാരോട് അദ്ദേഹം ഹൃദയപരമായ അടുപ്പം പുലർത്തി. ഒപ്പമിരുത്തി അവരെ ഭക്ഷിപ്പിക്കുമ്പോൾ അവർക്ക് കൈകഴുകുവാൻ വെള്ളം ഒഴിച്ചുകൊടുക്കുക പോലും ചെയ്യുമായിരുന്നു അദ്ദേഹം. വിനയം, ബഹുമാനം തുടങ്ങിയ ഉന്നത ഗുണങ്ങൾ അദ്ദേഹത്തിന്റെ ജീവിതത്തിൽ എപ്പോഴും പ്രകടമായിരുന്നു.
നബി(സ)യുടെ മേലിൽ എപ്പോഴും സ്വലാത്തു ചൊല്ലുന്ന സ്വഭാവക്കാരനായിരുന്നു അദ്ദേഹം. ഇബ്നുസ്സമാക്കിനെ പോലെയുള്ള അക്കാലത്തെ വലിയ പണ്ഡിത പ്രഭാഷകരെ വിളിച്ചുവരുത്തുകയും അവരുടെ പ്രഭാഷണങ്ങൾ കേട്ടിരിക്കുകയും ചെയ്യുന്നത് അദ്ദേഹത്തിന്റെ ഒരു പതിവായിരുന്നു. ഓരോ പ്രഭാഷണങ്ങളും കഴിയുമ്പോൾ ഒരു കൊച്ചുകുട്ടിയെ പോലെ അദ്ദേഹം ഏങ്ങലടിക്കും. അവരുടെ പ്രഭാഷണങ്ങൾ അദ്ദേഹത്തെ വല്ലാതെ സ്വാധീനിച്ചു.
ഒരിക്കൽ ഇബ്നുസ്സമ്മാക് ഖലീഫയോടു ചോദിച്ചു: ഖലീഫാ, കുടിക്കുവാൻ വെള്ളം കിട്ടാതെ വന്നാൽ അതു നേടുവാൻ താങ്കൾ എത്ര പണം ചെലവഴിക്കും?.
ഖലീഫ പറഞ്ഞു: എന്റെ രാജ്യത്തിന്റെ പകുതി. ഇബ്നുസ്സമ്മാക് ചോദിച്ചു:
കുടിച്ചവെള്ളം പുറത്തുപോരാതെ വന്നാൽ അതിനെ പുറത്തെടുക്കുവാൻ അങ്ങ് എത്ര ചെലവഴിക്കും?
ഖലീഫ പറഞ്ഞു: രാജ്യം മുഴുവൻ.
ആ ചോദ്യോത്തരം അദ്ദേഹത്തെ വല്ലാതെ ഇരുത്തിച്ചിന്തിപ്പിച്ചു. ഇത്തരം ഉപദേശങ്ങൾ അദ്ദേഹത്തിന്റെ മനസ്സിൽ സദാ പ്രകമ്പനം കൊണ്ടിരുന്നതു കൊണ്ടാണ് വലിയ അധികാരത്തിന്റെ നിറവിലും അദ്ദേഹം ഒരു അഹങ്കാരിയാവാതിരുന്നത്.
പണ്ഡിതരുമായി കൂടിയാലോചിച്ചു മാത്രമായിരുന്നു അദ്ദേഹം തീരുമാനങ്ങളിൽ എത്തിച്ചേർന്നിരുന്നത്. തന്റെ വൈയക്തിക കാര്യങ്ങളിൽ പോലും അങ്ങനെയായിരുന്നു. ഒരിക്കൽ ഒരു സുന്ദരിയായ അടിമസ്ത്രീ അദ്ദേഹത്തിന്റെ കയ്യിൽ വന്നു. ഇസ്ലാമിക നിയമമനുസരിച്ച് ഈ അടിമസ്ത്രീയെ ലൈംഗികമായി ഉപയോഗിക്കുവാൻ ഒരു നിശ്ചിത കാലം അവളുടെ ഗർഭപാത്രത്തിന്റെ അവസ്ഥയറിയുവാൻ കാത്തുനിൽക്കേണ്ടതുണ്ട്. ഇസ്തിബ്റാഅ് എന്നാണ് ഇതു സാങ്കേതികമായി അറിയപ്പെടുന്നത്. അതിനു കാത്തുനിൽക്കുവാൻ മാത്രം ക്ഷമ അദ്ദേഹത്തിനുണ്ടായിരുന്നില്ല. പക്ഷെ, അപ്പോഴും അദ്ദേഹം മതനിയമങ്ങൾ തന്റെ അധികാരത്തിന്റെ ശക്തികൊണ്ട് മറച്ചുവെക്കുവാൻ ശ്രമിച്ചില്ല. അദ്ദേഹം തന്റെ ഖാളിയെ വിളിച്ചുവരുത്തി പരിഹാരമാർഗം ചോദിച്ചു. ഖാളി ഒരു സൂത്രം പറഞ്ഞുകൊടുക്കുകയും ചെയ്തു. മക്കളിലൊരൾക്ക് അവളെ ദാനം ചെയ്യുക, എന്നിട്ടവളെ വിവാഹം ചെയ്യുക എന്നതായിരുന്നു ആ സൂത്രം.
പണ്ഡിതരിൽ അദ്ദേഹം അർപ്പിച്ച വിശ്വാസം ശക്തമായിരുന്നു. ഒരിക്കൽ ഒരാളെ പിടികൂടി തന്റെ മുമ്പിൽ ഹാജരാക്കപ്പെട്ടു. നബി(സ)യുടെ മേൽ കള്ള ഹദീസുണ്ടാക്കി എന്നതായിരുന്നു അദ്ദേഹത്തിന്റെ കുററം. മതത്തിന്റെ അടിത്തറ തകർക്കുന്ന ആ കുററം ചെയ്തതിന്റെ പേരിൽ അയാളെ കൊന്നുകളയുവാൻ ഖലീഫ ഉത്തരവിട്ടു. സമർഥനായ പ്രതി ഖലീഫയോട് പറഞ്ഞു:
ഖലീഫാ, താങ്കൾ എന്നെ കൊല്ലുകയാണെങ്കിൽ അതു വലിയ ബുദ്ധിമോശമായിത്തീരും. കാരണം ഞാൻ താങ്കൾ കണ്ടുപിടിച്ചിട്ടില്ലാത്ത നൂറു കണക്കിന് ഹദീസുകൾ കയററിക്കൂട്ടിയിട്ടുണ്ട്. അവ എനിക്കല്ലാതെ മറെറാരാൾക്കും അറിയില്ല. അതിനാൽ എന്നെ കൊന്നാൽ അതു വലിയ അബദ്ധമായിപ്പോകും.
അതുകേട്ട ഹാറുൺ റഷീദ് പറഞ്ഞു: അബൂ ഇസ്ഹാഖുൽ ഫസാരിയും അബ്ദുല്ലാഹി ബിൻ മുബാറക്കും ജീവിച്ചിരിക്കുന്ന കാലത്ത് അങ്ങനെ ഒരു ഭയമേ എനിക്കില്ല. ഖലീഫ അയാളുടെ തല വെട്ടുവാൻ ഉത്തരവിട്ടു.
പണ്ഡിതൻമാരുടെ ഉപദേശങ്ങളിൽ തുറന്നടിച്ച നിരൂപണങ്ങളെ പോലും നല്ല മനസ്സോടെ സ്വീകരിക്കുന്ന പ്രകൃതമായിരുന്നു അദ്ദേഹത്തിന്റേത്. അക്കാലഘട്ടത്തിലെ ഏററവും ശ്രദ്ധേയനായ കവിയും തത്വചിന്തകനുമായിന്നു അബുൽ അതാഹിയ്യ. നിമിഷങ്ങൾക്കകം ചിന്തോദ്ദ്വീപകമായ പ്രതികരണങ്ങൾ നടത്തുന്നതിൽ മിടുമിടുക്കനായിരുന്നു അദ്ദേഹം.
ഒരിക്കൽ അദ്ദേഹം ഖലീഫയുടെ സദസ്സിൽ വന്നു. അദ്ദേഹത്തോട് തന്നെ ഗുണദോഷിക്കുവാൻ ഖലീഫ ആവശ്യപ്പെട്ടു. ഞൊടിയിടയിൽ അദ്ദേഹം ആലപിക്കുവാൻ തുടങ്ങി. സുരക്ഷിതനായി, ഔന്നത്യത്തിന്റെ കോട്ടകളിൽ വാഴ്ത്തി അതുകേട്ട് ഇമ്പം കയറിയ ഹാറൂൺ റഷീദ് വീണ്ടും തുടരുവാൻ ആവശ്യപ്പെട്ടു. അദ്ദേഹം വീണ്ടും തുടർന്നു. പക്ഷെ, തുടർന്നുള്ള വരികൾ കടുത്ത നിരൂപണമായിരുന്നു.
അദ്ദേഹം പാടി: കടുത്ത ഭീതിയിൽ ഹൃദയങ്ങൾ വിറക്കുന്ന ദിവസം, താൻ വഞ്ചിക്കപ്പെട്ടിരിക്കുന്നു എന്നു താങ്കൾ തിരിച്ചറിയുക തന്നെ ചെയ്യും. ഖലീഫയുടെ മുഖത്തുനോക്കി അങ്ങിനെ പാടിയപ്പോൾ സദസ്സിലുണ്ടായിരുന്ന ഉന്നതർ ചാടിയെഴുനേററു. ഖലീഫ ഒരു മാനസിക ഉല്ലാസത്തിനും സന്തോഷത്തിനും വേണ്ടിയാണ് താങ്കളോട് ആലപിക്കുവാൻ പറഞ്ഞത്, താങ്കൾ ഖലീഫയെ മുഷിപ്പിക്കുകയാണല്ലോ ചെയ്തത്. അവരെല്ലാം കുററപ്പെടുത്തി.
അതുകേട്ട ഖലീഫാ ഹാറൂൻ റഷീദ് ഒരു പരിഭവവുമില്ലാതെ പറഞ്ഞു: അദ്ദേഹത്തെ വിടുക, അദ്ദേഹം നമ്മിൽ ചില അന്ധതകൾ കണ്ടു. അതു വർദ്ധിക്കുകയോ വലുതാവുകയോ ചെയ്യരുത് എന്ന ആത്മാർഥമായ ആഗ്രഹം കൊണ്ടാണ് അദ്ദേഹം അങ്ങനെ പറഞ്ഞത്.
നന്മയും നീതിയും ഹാറൂൺ റഷീദിനെ വലയം ചെയ്തിരുന്നതുകൊണ്ടായിരുന്നു ഈ വ്യക്തിത്വം അദ്ദേഹത്തിൽ രൂപപ്പെട്ടത്. നേരത്തെ പറഞ്ഞതുപോലെ പ്രൗഢയായ മാതാവ് ഖൈസുറാൻ ബീവിയുടെയും ജ്ഞാനവതിയായ ഭാര്യ സുബൈദാ റാണിയുടേയും സാമീപ്യം അവയിൽ എടുത്തുപറയേണ്ടതാണ്. സമർഥരും രാജ്യതന്ത്രജ്ഞരുമായിരുന്ന ബർമക്കുകൾ ആളായിരുന്നു തന്റെ മന്ത്രിമാർ. ആ കാലം കണ്ട ഏററവും വലിയ പണ്ഡിതനും ഇമാം അബൂ ഹനീഫ(റ)യുടെ വലം കയ്യുമായിരുന്ന അബൂ യൂസുഫ്(റ) ആയിരുന്നു അദ്ദേഹത്തിന്റെ ആസ്ഥാന ഖാളി. നല്ലവനായ അബ്ബാസ് ബിൻ മുഹമ്മദായിരുന്നു അദ്ദേഹത്തിന്റെ സഹചാരി. അംഗരക്ഷകനാവട്ടെ ഫള്ല് ബിൻ റബീഉം.മർവ്വാനു ബിൻ അബീ ഹഫ്സ്വായിരുന്നു അദ്ദേഹത്തിന്റെ ആസ്ഥാന കവി.
സാഹിത്യ രചനകളെ നൻമയിൽ ഒതുക്കിനിറുത്തുന്ന കവിയായിരുന്നു അദ്ദേഹം. അദ്ദേഹം രചിക്കുന്ന കവിതകളെ ഖലീഫക്ക് ശ്രവണസുന്ദരമായി ചിട്ടപ്പെടുത്തിയിരുന്ന ആസ്ഥാന കവി ഇബ്റാഹീമുൽ മൗസ്വിലി ആയിരുന്നു. ഈ വട്ടത്തിന്റെ ഉള്ളിലായിരുന്നു ഹാറൂൺ റഷീദിന്റെ ജീവിതവും ജീവിതവ്യാപാരങ്ങളും. പിന്നെ അദ്ദേഹം ഇങ്ങനെയൊക്കെയല്ലാതെയാവില്ല എന്നതു തീർച്ചയാണ്. സാഹചര്യങ്ങളാണല്ലോ ഒരാളെ ശരിയിലേക്കും തെററിലേക്കും തിരിച്ചുവിടുന്നത്.
ഈ സാഹചര്യങ്ങൾ പകരുന്ന നീതീബോധം ഹാറൂൺ റഷീദിനോട് പറയുന്നത് തന്റെ മൂത്ത മകൻ മഅ്മൂനിനെ പിൻഗാമിയും കിരീടാവകാശിയുമാക്കണമെന്നാണ്. അതിന് ന്യായങ്ങളുമുണ്ടായിരുന്നു. ഒന്നാമതായി ആറു മാസത്തിനു മൂത്തത് മഅ്മൂനാണ്.പിന്നെ വിദ്യാഭ്യാസത്തിന്റെ കാര്യത്തിലും രാഷ്ട്രതന്ത്രങ്ങളുടെ കാര്യത്തിലും മുമ്പിൽ മഅ്മൂനാണ്. അമീനാവട്ടെ, കളിയോടും വിനോദത്തോടുമെല്ലാമാണ് താൽപര്യം. അതുണ്ടാക്കുന്ന ഒരു ബുദ്ധിക്കുറവും കാര്യപ്രാപ്തിക്കുറവുമെല്ലാം അമീനിനുണ്ട്. അത് അദ്ദേഹം ആദ്യം തുറന്നു പറഞ്ഞത് പത്നിയോടു തന്നെയായിരുന്നു. സുബൈദാ റാണിക്ക് പക്ഷെ, അത് മനസ്സാ സ്വീകാര്യമായിരുന്നില്ല. തന്റെ സ്വന്തം മകനാണ് കിരീടാവകാശിയാവേണ്ടത് എന്നായിരുന്നു അവരുടെ പക്ഷം. തന്റെ മകനും മോശമല്ല എന്നവരുടെ ഉള്ളം പറഞ്ഞു. മാത്രമല്ല ഖുറൈശികളായ മാതാപിതാക്കളുടെ മകൻ എന്ന പ്രത്യേകതയും അമീനിനാണ് അനുകൂലം. അത്തരം ഒരു ഭരണാധികാരി തങ്ങളുടെ കുലത്തിലുണ്ടായിട്ടില്ല. അതിനാൽ അവർ ഭർത്താവിനോട് സമ്മതം മൂളിയില്ല.
മാത്രമല്ല സുബൈദാ റാണി തന്റെ ആങ്ങളമാരുടെയും അമ്മാവൻമാരുടെയും സഹായം തേടി. അവർ വഴിയും പല സമ്മർദ്ദങ്ങളും നടത്തി.
സ്നേഹവൽസലനായിരുന്ന ഹാറൂൺ റഷീദ് വിഷമവൃത്തത്തിലായി. അദ്ദേഹം സുബൈദയോടു പറഞ്ഞു: സുബൈദാ, അമീൻ നമ്മുടെ മകനാണ്. അവനെ കിരീടാവകാശിയാക്കണം എന്ന നിന്റെ ആഗ്രഹം തികച്ചും സ്വാഭാവികമാണ്. ഒരു മാതാവിനുണ്ടാകുന്ന വികാരവും താൽപര്യവുമാണത്. അതു നല്ലതു തന്നെ.എനിക്കും അവനോട് ഇഷ്ടമാണ്.പക്ഷെ, ഇതു ഭരണാധികാരത്തിന്റെ കാര്യമാണ്. അത് അതിനു പററിയവരെ മാത്രമേ ഏൽപ്പിക്കാവൂ. ഇത് അല്ലാഹു നമ്മെ ഏൽപ്പിച്ചിരിക്കുന്ന അമാനത്താണ്. അതു സൂക്ഷ്മതയും ജാഗ്രതയുമില്ലാതെ കൈകാര്യം ചെയ്യുന്നത് കുററകരമാണ്. അതിനാൽ നമുക്ക് മഅ്മൂനിനെ കിരീടാവകാശിയാക്കാം.പക്ഷെ, ആ അനുനയങ്ങൾക്കൊന്നും സുബൈദാ റാണിയുടെ മനസ്സുമാററുവാൻ കഴിഞ്ഞില്ല. അവർ തന്റെ നിലപാടിൽ ഉറച്ചുനിന്നു.
പിന്നെ ഖലീഫ മക്കളെ വിളിച്ചുവരുത്തി. അവരുമായും ചർച്ചകൾ ചെയ്തു. അത് വിജയിച്ചില്ല എന്നു മാത്രമല്ല, വിഷയം അവരുടെ മനസ്സുകളിലും ഒരു പകയായി മാറി. എല്ലാ ശ്രമങ്ങളും പാഴായതോടെ ഹാറൂൺ റഷീദ് സുബൈദയുടെ താൽപര്യത്തിനു വഴങ്ങുവാൻ നിർബന്ധിതനായി. മന്ത്രിമാരും പൗരപ്രമുഖരും എതിർപ്പുകൾ പ്രകടിപ്പിച്ചുവെങ്കിലും ഹാറൂൺ റഷീദ് മകൻ അമീനെ കിരീടാവകാശിയായി പ്രഖ്യാപിച്ചു. അത് രാജ്യത്ത് ഒരു വലിയ ആഭ്യന്തര പ്രശ്നത്തിനു വഴിവെച്ചു. അബ്ബാസികളുടെ അധികാരത്തെ നിലനിറുത്തിയിരുന്നവരും ഭരണത്തിന്റെ ചക്രങ്ങൾ തിരിച്ചിരുന്നവരുമായ ബറാമികകളുടെ ഭാഗത്തു നിന്നായിരുന്നു പ്രശ്നം. മഅ്മൂനിനെ കിരീടാവകാശിയായി പ്രഖ്യാപിക്കണമെന്നായിരുന്നു അവരുടെ പക്ഷം. ഭരണകാര്യങ്ങളിൽ തീരെ മിടുക്കില്ലാത്ത അമീനിന് ഇത്രയും വലിയ ഒരു രാജ്യത്തെ മുന്നോട്ടുകൊണ്ടൂപോകുവാൻ കഴിയില്ല എന്ന് അവർ പറഞ്ഞു. അത് ഹാറൂൺ റഷീദിന്റെ രാജ്യത്തിന്റെ ഉറക്കം കെടുത്തി.
Thoughts & Arts
നൻമയുടെ റാണി / മൂന്ന്
25-08-2023
0 Comments
No comments yet.
Leave a Comment
© www.thdarimi.in. All Rights Reserved. Designed by zainso