
.jpeg)
നബിചിത്രങ്ങൾ- മൂന്ന്
08-09-2023
Web Design
15 Comments
കൂടിയാലോചനകളുടെ മനസ്‌സ്
അല്ലാഹു നബിതിരുമേനി(സ)യോട് പറയുന്നു: ‘അല്ലാഹുവിന്റെ കാരുണ്യം കൊണ്ടാണ് താങ്കള്‍ അവരോട് വിനയാന്വിതനായത്. താങ്കള്‍ ഹൃദയകാഠിന്യമുള്ളയാളും പരുഷസ്വഭാവിയുമായിരുന്നുവെങ്കില്‍ അവര്‍ താങ്കളുടെ ചുററുഭാഗങ്ങളില്‍ നിന്നും പിരിഞ്ഞ്‌പോയ്ക്കളയുമായിരുന്നു. ആകയാല്‍ താങ്കള്‍ അവര്‍ക്ക് മാപ്പ് കൊടുക്കുകയും അവര്‍ക്ക്‌വേണ്ടി പാപമോചനം തേടുകയും അവരോട് കാര്യങ്ങള്‍ കൂടിയാലോചിക്കുകയും ചെയ്യുക’ (ആലു ഇംറാന്‍ 159). സ്വന്തം അനുയായികളളോട് സൗമ്യനാകുവാനും അവരുടെ പാകപ്പിഴവുകളില്‍ പൊറുക്കുവാനും കാര്യങ്ങളുടെ കൂടിയാ ലോചനകളില്‍ അവരെ കൂടെ ഉള്‍പ്പെടുത്തുവാനും അല്ലാഹു കല്‍പ്പിക്കുകയാണ്. അപ്രമാദിത്വത്തിന്റെയോ പൗരോഹിത്യത്തിന്റെയോ അധികാരഗര്‍വ്വിന്റെയോ പ്രകടന-ഭാവങ്ങള്‍ പ്രവാചകനില്‍ നിന്ന് ഉണ്ടായിക്കൂടാ എന്ന് അല്ലാഹു ഉണര്‍ത്തുന്നു.
അല്ലാഹുവിന്റെ കല്‍പ്പനകള്‍ നടപ്പിലാക്കുവാന്‍ നിയോഗിക്കപ്പെട്ട പ്രവാചകന്റെ ജീവിതത്തില്‍ കൂടിയാലോചനകള്‍ വെറുമൊരു ചടങ്ങു മാത്രമായിരുന്നു എന്നു പറയുവാന്‍ വയ്യ. അല്ലാഹുവിന്റെ തീരുമാനമോ നിര്‍ദ്ദേശമോ വന്നിട്ടില്ലാത്ത വിഷയങ്ങളിലായിരുന്നു ഇത്തരം കൂടിയാലോചനകളെല്ലാം. ഇങ്ങനെ കൂടിലാലോചിച്ച് തീരുമാനിക്കപ്പെടുമ്പോള്‍ തങ്ങളുടെ കൂടെ താല്‍പര്യം എന്ന വികാരത്തില്‍ സമൂഹത്തിന്റെ നല്ലപിന്തുണ ഉറപ്പാക്കുക എന്ന സാമൂഹ്യ പാഠം അതുള്‍ക്കൊള്ളുന്നു. അല്ലാഹുവിന്റെ കല്‍പ്പനകള്‍ക്ക് വിധേയനാവുകതന്നെയായിരുന്നു നബിതിരുമേനി ഓരോ കൂടിയാലോചനകളിലുമെന്നര്‍ഥം.
സ്വന്തം അനുയായികളുമായി കാര്യങ്ങള്‍ കൂടിയാലോചിച്ച് അവരുടെ താല്‍പര്യങ്ങള്‍ കൂടി പരിഗണിച്ച് നടപ്പില്‍ വരുത്തു വാനുള്ള മനസ്‌സ് കാണിക്കുന്നത് വിനയത്തിന്റെ ഒരു നിഷ്‌കളങ്കമായ മുഖമാണ്. ബദര്‍ യുദ്ധത്തില്‍ ഇത്തരം കൂടിയാലോചനകള്‍ നബി(സ) നടത്തുകയുണ്ടായി. അബൂസുഫ്‌യാന്റെ കച്ചവടസംഘത്തെ പിടികൂടുവാന്‍ പുറപ്പെട്ടത് അനുയായികളുമായി കൂടിയാലോചിച്ചതിനു ശേഷമായിരുന്നു. ബദര്‍ മലരുവില്‍ തമ്പടിക്കുവാനുള്ള സ്ഥലം സ്വഹാബിമാരുടെ താല്‍പര്യത്തിനു വിട്ടത് ഇത്തരമൊരു ചര്‍ച്ചയുടെ ഫലമായിരുന്നു. ബദര്‍ യുദ്ധത്തിലെ തടവുകാരുടെ കാര്യത്തില്‍ എടുത്ത തീരുമാനവും ഇത്തരമൊരു കൂടിയാലോചനകളുടെ ഫലമായിരുന്നു.
ഉഹദ് യുദ്ധത്തില്‍ ശത്രുനീക്കത്തെക്കുറിച്ച് വിവരം ലഭിച്ചയുടനെ നബി(സ) അനുയായികളുമായി കൂടിയാലോചിക്കുകയായിരുന്നു. അന്നത്തെവിഷയം ശത്രുക്കളെ മദീനയുടെ പുറത്തുവെച്ചാണോ അകത്തുവെച്ചാണോ നേരിടേണ്ടത് എന്നതായിരുന്നു. ചിലര്‍, ശത്രുക്കള്‍ മദീനയുടെ അകത്ത് കയറട്ടെയെന്നും അപ്പോള്‍ നമുക്കവരെ മദീനായുടെ ഇടവഴികളിട്ട് കശാപ്പ് ചെയ്യാമെന്നും അഭിപ്രായപ്പെട്ടു. മദീനായുടെ വിശുദ്ധ മണ്ണില്‍ ചോരചിന്തുവാനനുവദിക്കാതെ മദീനയുടെ പുറത്ത്‌വെച്ച് ശത്രുവിനെ കൈകാര്യം ചെയ്യണമെന്നായിരുന്നു മറെറാരു നിര്‍ദ്ദേശം. ഈ അഭിപ്രായം പ്രകടിപ്പിച്ചത് അന്‍സ്വാറുകളായിരുന്നു. ചര്‍ച്ചകള്‍ പൂര്‍ത്തിയാക്കി അസ്വര്‍ നിസ്‌കാരത്തിനു ശേഷം വീട്ടിലേക്ക് കടന്ന നബി(സ) പുറത്തിറങ്ങിയത് അങ്കച്ചമയങ്ങള്‍ അണിഞ്ഞുകൊണ്ടായിരുന്നു.
ആ കാഴ്ച സ്വഹാബിമാരെ വ്യസനപ്പെടുത്തി. തങ്ങള്‍ നബിതിരുമേനിയെ യുദ്ധത്തിനു പ്രേരിപ്പിച്ചുവെന്നതായിരുന്നു അവരുടെ സങ്കടം. അവര്‍ പറഞ്ഞു: ‘നബിയേ താങ്കള്‍ യുദ്ധം ചെയ്യണമെന്ന് ഞങ്ങളൊരിക്കലും ആഗ്രഹിക്കുന്നില്ല. ഞങ്ങള്‍ പോയി യുദ്ധം ചെയ്യാം.’ പുഞ്ചിരിതൂകിക്കൊണ്ട് നബി(സ) പ്രതികരിച്ചു: ‘പ്രവാചകന്‍ പടച്ചട്ടയണിഞ്ഞാല്‍ പിന്നെ യുദ്ധം ചെയ്യാതെ അതഴിച്ചുവെക്കുന്നപ്രശ്‌നമില്ല’
ഹിജ്‌റ അഞ്ചാം വര്‍ഷം നടന്ന അഹ്‌സാബ് യുദ്ധം നബിയുടെ വിനയത്തിന്റെയും കൂടിയാലോചനാ മനസ്‌സിന്റെയും പ്രകടനങ്ങളുടെ പ്രത്യേകതയേറെയുള്ളതായിരുന്നു. ആ യുദ്ധത്തിലെ ഏററവും പ്രധാനമായ പ്രതിരോധമാര്‍ഗമായിരുന്ന കിടങ്ങ് കുഴിക്കുവാനുള്ള തീരുമാനം ഇത്തരമൊരു കൂടിയാലോചനയില്‍ നിന്നായിരുന്നു ഉരിത്തിരിഞ്ഞത്. സല്‍മാന്‍ അല്‍ ഫാരിസി(റ) ആയിരുന്നു ആ നിര്‍ദ്ദേശം മുന്നോട്ട് വെച്ചത്. തങ്ങളുടെ നാട്ടിനും ചരിത്രത്തിനും തീരെ അപരിചിത മായിരുന്നിട്ടും ആ അര്‍ഥത്തില്‍ പദ്ധതിയുടെ വിജയത്തെക്കുറിച്ച് ആശങ്കകള്‍ ഉണ്ടായിരുന്നിട്ടും ഈ സ്വഹാബിയുടെ അഭിപ്രായത്തിനു നിന്നുകൊടുക്കുവാന്‍ നബി(സ)ക്ക് കഴിയുന്നത് ആ വിനയത്തിന്റെ കഴിവുകൊണ്ടു തന്നെയായിരുന്നു.
അഹ്‌സാബ് യുദ്ധം ഒരു പ്രതിരോധത്തിന്റെ യുദ്ധമായിരുന്നു. നദീനായിലെ ആകെ ജനസംഖ്യയുടെ ഇരട്ടിയിലധികം വരുന്ന ഒരു സഖ്യസേനയെയും സംഘടിപ്പിച്ച് ഖുറൈശികള്‍ നടത്തിയ ഈ പ്രതികാരത്തിന്റെ പടയോട്ടം തികച്ചും അപ്രതീക്ഷിതമായിരുന്ന കിടങ്ങിനു മുമ്പില്‍ പിടിച്ചുനിര്‍ത്തപ്പെടുകയായിരുന്നു. അത് അവരുടെ പ്രതികാരവാജ്ഞയെ ആളിക്കത്തിച്ചു. കോപത്തില്‍ പതച്ച അവരുടെ മനസ്‌സുകള്‍ കിടങ്ങെടുത്തുചാടുവാന്‍ ശ്രമിച്ചുകൊണ്ടേയിരുന്നു. പക്ഷേ, അവര്‍ക്ക് ഇറങ്ങി കടക്കാവുന്നതിലപ്പുറം ആഴം കിടങ്ങിനുണ്ടായിരുന്നു. ചാടിക്കടക്കുവാന്‍ കഴിയാവുന്നതിലപ്പുറം വീതി കിടങ്ങിനുണ്ടായിരുന്നു.
ശത്രുക്കള്‍ക്ക് ആ മനസ്തിഥിയില്‍ അങ്ങനെയങ്ങ് തോററുകൊടുക്കുവാന്‍ കഴിയില്ലായിരുന്നു. അതിനാല്‍ കിടങ്ങിനപ്പുറത്ത് തമ്പടിച്ച് അവര്‍ ശ്രമങ്ങള്‍ തുടര്‍ന്നു. ഈ ശ്രമത്തില്‍ ദിവസങ്ങള്‍ കടന്നുപോയി. പിന്‍മാറാതെ അവര്‍ മനസ്‌സിലെ പ്രതികാരത്തീ കെടാതെ സൂക്ഷിച്ചു. കിടങ്ങിനിപ്പുറത്ത് മുസ്‌ലിം സേനയാകട്ടെ, ദിവസങ്ങള്‍ കടക്കുന്നതോടെ ശക്തമായ ആശങ്കയിലായി. യുദ്ധം നടക്കുന്നില്ലെങ്കിലും യുദ്ധമുഖത്ത് കാവലിരിക്കേണ്ട അവസ്ഥയിലായിരുന്നു അവര്‍. കയ്യില്‍ കരുതിയ ഭക്ഷണദ്യവ്യങ്ങള്‍ തീര്‍ന്നുകൊണ്ടിരിക്കുന്നതിന്റെ ആശങ്ക ഒരു ഭാഗത്ത്. അകത്തുതന്നെയുള്ള ശത്രുക്കളായ ജൂതരും മുനാഫിഖുകളും ഉയര്‍ത്തുന്ന ഭീഷണി മറെറാരുഭാഗത്ത്. നിരാശയില്‍ മദീനായുടെ മററുഭാഗത്തെവിടെയെങ്കിലും ഇരച്ചുകയറി തങ്ങളുടെ സ്ത്രീകളെയും കുട്ടികളെയും ദുര്‍ബ്ബലരെയും ശത്രുക്കള്‍ ആക്രമിച്ചേക്കുമോ എന്ന ആധിയും.
രണ്ടാഴ്ചയോളം ഉപരോധത്തിന്റെ വൃത്തത്തിലെന്നോണം കഴിഞ്ഞപ്പോള്‍ നബി(സ) സ്വഹാബിമാരെ വിളിച്ചുചേര്‍ത്തു. മുസ്‌ലിംകളുടെ ഈ അവസ്ഥകള്‍ നന്നായി അറിയാവുന്ന അവരുടെ മുമ്പില്‍ നബി(സ) തന്റെ അഭിപ്രായം ഇങ്ങനെ ആരാഞ്ഞു: ‘യുദ്ധം ഇങ്ങനെ നീണ്ടുപോവുന്നത് ഒഴിവാക്കുവാന്‍ എനിക്കൊരു സൂത്രം തോന്നുന്നു. ശത്രുക്കളുടെ യുദ്ധമുന്നണിയിലെ പ്രബലമായ ഒരു കക്ഷിയാണ് ഗത്വ്ഫാന്‍ ഗോത്രം. അവരെ യുദ്ധത്തില്‍ നിന്ന് പിന്‍മാററുവാന്‍ അവരുമായി നമുക്കൊരു സന്ധിയിലെത്താം. പിന്‍മാറുന്നതിനു പകരമായി മദീനായിലെ അടുത്ത വര്‍ഷത്തെ കാര്‍ഷികവിളവുകളുടെ മൂന്നിലൊന്ന് അവര്‍ക്കു നല്‍കാം.’ തന്റെ അഭിപ്രായം സദസ്‌സില്‍ വെച്ച് നബി(സ) സ്വഹാബി മാരുടെ അഭിപ്രായങ്ങളാരാഞ്ഞു.
അന്‍സ്വാരികളുടെ നേതാക്കളായിരുന്ന രണ്ട് സഅ്ദുകളുടെയും മുഖം മങ്ങി. നബി(സ)യുടെ തീരുമാനത്തോട് അവര്‍ക്ക് അത്രയോചിപ്പുണ്ടായിരുന്നില്ല. അവര്‍ വിനയപൂര്‍വ്വം തന്നെ പറഞ്ഞു: ‘നബിയേ, ഇത് അല്ലാഹുവിന്റെയും അങ്ങയുടെയും തീരുമാനമാണെങ്കില്‍ അതനുസരിക്കുന്നതില്‍ ഞങ്ങള്‍ക്ക് രണ്ടാമതൊന്നാലോചിക്കുവാനില്ല. അല്ല, ഞങ്ങളുടെ അഭിപ്രായമറിയുവാന്‍ മാത്രം പറഞ്ഞതാണെങ്കില്‍ ഞങ്ങള്‍ക്ക് ഇപ്പറഞ്ഞതിനോട് യോചിക്കുവാന്‍ കഴിയില്ല എന്നാണ് പറയാനുള്ളത്. വകരും സാമൂഹ്യദ്രാഹികളുമായ അവര്‍ക്ക് അതിഥി സല്‍കാരത്തിന്റെ പേരിലോ വ്യാപരത്തിലൂടെയോ അല്ലാതെ ഒരു കാരക്ക പോലും ഞങ്ങള്‍ ഇതുവരേയും കൊടുത്തിട്ടില്ല. ഇപ്പോള്‍ ഞങ്ങള്‍ക്ക് അല്ലാഹു വിജയങ്ങള്‍ തന്നു. ഞങ്ങള്‍ക്ക് കാരുണ്യവും നേതാവുമായി അങ്ങയെ തന്നു. അങ്ങനെ വിജയങ്ങളിലേക്ക് ഞങ്ങള്‍ എത്തിയ ഈ ഘട്ടത്തില്‍ ഞങ്ങളുടെ ഒരു കാരക്ക പോലും അവര്‍ക്ക് കൊടുക്കുന്നത് ഞങ്ങള്‍ക്ക് സഹിക്കുവാന്‍ കഴിയില്ല’. സ്വന്തം അഭിപ്രായത്തിന് എതിരായിരുന്നിട്ടുപോലും പ്രവാചകപ്രവരന്‍ സഅ്ദു ബിന്‍ ഉബാദയുടേയും സഅ്ദ് ബിന്‍ മുആദിന്റെയും അഭിപ്രായത്തെ പരിഗണിക്കുകയുണ്ടായി. ഒരു കാരക്കക്കുരുപോലും ആര്‍ക്കും കൊടുക്കാതെ തന്നെ യുദ്ധം വിജയിക്കുകയും ചെയ്തു.
ഹുദൈബിയ്യയിലും ത്വാഇഫിലും.
ഹിജ്‌റയുടെ ആറാം വര്‍ഷം. നബി(സ)യും ആയിരത്തിനാനൂറ് അനുയായികളും ഉംറക്ക് പുറപ്പെട്ടു. സ്വപ്നത്തിലൂടെ അല്ലാഹുവില്‍ നിന്ന് ലഭിച്ച നിര്‍ദ്ദേശമായിരുന്നു യാത്രയുടെ പ്രചോദനം. അവര്‍ ദുല്‍ ഖുലൈഫയില്‍ വെച്ച് ഇഹ്‌റാം ചെയ്തു. ഒരു പൊട്ടിത്തെറി സ്വാഭാവികമായും പ്രതീക്ഷിക്കുന്നതിനാല്‍ നബി(സ) വഴി മാറിയായിരുന്നു സഞ്ചരിച്ചിരുന്നത്. മക്കക്കാരെ പ്രകോപിപ്പിക്കാതെ ഉംറ ചെയ്ത് തിരിച്ചുവരികയാണ് നബിയുടെ ലക്ഷ്യം. മക്കയുടെ സ്പന്ദനങ്ങള്‍ ശരിക്കും
പകര്‍ത്തുവാന്‍ കഴിയുന്ന ബനൂ ഖുസാഅ വംശജനായ ഒരാളെ നബി(സ) നിരീക്ഷകനായി മുന്നില്‍ അയക്കുകയും ചെയ്തു. ഒരു ഏററുമുട്ടല്‍ ഒഴിവാക്കുവാന്‍ നബി(സ) തീവ്രമായി ആഗ്രഹിക്കുകയും അതിനു വേണ്ട മുന്‍കരുതലുകള്‍ സ്വീകരിക്കുകയും ചെയ്തു.
അവര്‍ ഉസ്ഫാനിലെത്തുമ്പോള്‍ നിരീക്ഷണറിപ്പോര്‍ട്ട് ലഭിച്ചു. ഒട്ടും ആശ്വാസകരമായിരുന്നില്ല അത്. ബനൂ ഖുസാഅക്കാരനായ നിരീക്ഷകന്‍ പറഞ്ഞു: ‘നമ്മുടെ നീക്കം മക്കയില്‍ അറിഞ്ഞുകഴിഞ്ഞിരിക്കുന്നു. അവര്‍ സംഘടിച്ചിരിക്കു കയാണ്’. വിവരം നബിയെ വ്യാകുലപ്പെടുത്തി. തീര്‍ഥാടനം എന്നതിലപ്പുറം മറെറാന്നും ഉദ്ദേശിക്കാത്ത തങ്ങളെ തടയുവാന്‍ മക്കക്കാര്‍ ശ്രമിച്ചാല്‍ അത് തന്റെയും അനുയായികളുടെയും മനസ്‌സില്‍ വികാരം പടര്‍ത്തും. ഒരു ഏററുമുട്ടലിലേക്ക് കാര്യങ്ങള്‍ നീങ്ങിയേക്കാം. എന്നാല്‍ ഇപ്പോള്‍ നബിയുടെ അജണ്ടയില്‍ ഒരു യുദ്ധമില്ല എന്നതിനാല്‍ നബി(സ) തീര്‍ഥാടകരായ അനുയായികളെ യോദ്ധാക്കളാക്കി മാററി ഒരു സൈനികനീക്കത്തിന് മുതിര്‍ന്നില്ല. അവര്‍ വളരെ പെട്ടെന്ന് ഒരു കൂടിയാലോചനാ യോഗം വിളിച്ചുചേര്‍ത്തു.
ആലോചിച്ചപ്പോള്‍ നബിക്കും തോന്നി. ഇത് താന്തോന്നിത്തമാണ്. കലാപങ്ങളൊന്നും ഉദ്ദേശിക്കാതെ മക്കായില്‍ തീര്‍ഥാടനത്തിനു മാത്രം പോകുന്ന തങ്ങള്‍ക്ക് -മക്ക തങ്ങളുടെ നാടുകൂടിയാണെന്നിരിക്കെ- മക്കായിലേക്ക് കടക്കുവാന്‍ അനുമതി നിഷേധിക്കുന്നത് തികഞ്ഞ ധാര്‍ഷ്ട്യമാണ്. അതിനാല്‍ കൂടിയാലോചനാ യോഗത്തില്‍ നബി(സ) പറഞ്ഞു: ‘നാം മക്കായിലേക്ക് ഇരച്ചുകയറുകയും വേണ്ടി വന്നാല്‍ ബലം പ്രയോഗിച്ച് മക്കായില്‍ കടക്കുകയും ചെയ്യാം. അതിനിട യില്‍ എന്തും സംഭവിക്കട്ടെ’. തന്റെ അഭിപ്രായം പ്രകടിപ്പിച്ച് അവര്‍ സ്വഹാബിമാരുടെ മുഖങ്ങളില്‍ നോക്കി.
അബൂബക്കര്‍(റ) പറഞ്ഞു: ‘വേണ്ട നബിയേ, നാം ഒരു യുദ്ധത്തിനു വന്നതല്ല. ഉംറ ചെയ്യുകയാണ് നമ്മുടെ ലക്ഷ്യം. അതിനാല്‍ നാം ഇപ്പോള്‍ തന്നെ ഒരു സൈനികനീക്കം നടത്തുന്നത് ശരിയല്ലെന്നാണ് എന്റെ പക്ഷം. നമുക്ക് പദ്ധതിയിട്ടതനുസരിച്ച് മുന്നോട്ടു നീങ്ങാം. അതിനിടയില്‍ ശത്രുവിന്റെ കടന്നുകയററമുണ്ടായാല്‍ അതിനെ നേരിടുകയുമാവാം’ നബി(സ) ആ അഭിപ്രായത്തെ സ്വീകരിക്കുയും മക്കായുടെ അതിര്‍ത്തിപ്രദേശമായ ഹുദൈബിയ്യായിലേക്ക് നീങ്ങുകയും ചെയ്തു.
ഹിജ്‌റ എട്ടാം വര്‍ഷം ശവ്വാലില്‍ ഹുനൈന്‍ യുദ്ധം കഴിഞ്ഞ് നബി(സ)യും സേനയും മടങ്ങുകയാണ്. വഴിക്ക് ത്വാഇഫില്‍ സേന തഖീഫ് ഗോത്രക്കാരുടെ കടുത്ത വെല്ലവിളി നേരിടുകയുണ്ടായി. സേനാനായകനായിരുന്നു ഖാലിദ് ബിന്‍ വലീദും സൈന്യവും തഖീഫുകരെ നേരിടുവാന്‍ തന്നെ താല്‍പര്യപ്പെട്ടു. നബി(സ) അനുവദിച്ചു. പക്ഷേ, തഖീഫുകാര്‍ താഇഫിലെ അവരുടെ ബലിഷ്ഠമായ കോട്ടകളില്‍ അഭയം പ്രാപിച്ചു. ഒരു വര്‍ഷം പിടിച്ചുനില്‍ക്കുവാനുള്ള വിഭവങ്ങള്‍ അവര്‍ കോട്ടകളില്‍ സൂക്ഷിച്ചുവെച്ചിരുന്നു. അതിനാല്‍ കടുത്ത വെല്ലവിളിയായിരുന്നു ത്വാഇഫില്‍ മുസ്‌ലിം സേന നേരിട്ടത്.
ത്വാഇഫിലെ കോട്ടയുടെ അടുത്തായി മുസ്‌ലിംകള്‍ തമ്പടിച്ചു. കോട്ടയുടെ ഉള്ളിലിരുന്ന് സുരക്ഷിതരായി ശത്രുക്കള്‍ അമ്പുമഴ പെയ്യിച്ചു. പൊടുന്നനെയുണ്ടായ ആക്രമണത്തില്‍ മുസ്‌ലിം സേന വിറങ്ങലിച്ചുപോയി. സഈദ് ബിന്‍ അല്‍ ആസ്വ്(റ) കൊല്ലപ്പെട്ടു. അബ്ദുല്ലാഹി ബിന്‍ ബിന്‍ അബൂ ഉമയ്യ(റ) കൊല്ലപ്പെട്ടു. മററു പന്ത്രണ്ടോളം പേര്‍ കൊല്ലപ്പെട്ടു. അബ്ദുല്ലാഹി ബിന്‍ അബൂബക്കര്‍(റ)വിന് ഗുരുതരമായി പരുക്കേററു. കോട്ടകളില്‍ നിന്നുള്ള സുരക്ഷിതമായ ഈ ആക്രമണത്തെ ചെറുക്കുവാന്‍ അപ്പോള്‍ മുസ്‌ലിംസേനക്ക് കഴിയാതെ വന്നു.
പൊടുന്നനെ ഉണ്ടായ ആക്രമണത്തിന് മുമ്പില്‍ നില്‍ക്കുകയായിരുന്ന നബി(സ)യുടെ മുമ്പിലേക്ക് ഹുബാബ് ബിന്‍ മുന്‍ദിര്‍(റ) കടന്നുവന്നു. അദ്ദേഹം പറഞ്ഞൂ: ‘നബിയേ, അല്ലാഹുവിന്റെയും അങ്ങയുടേയും കല്‍പ്പനയാണ് ഇവിടെ തമ്പടിക്കുവാനുള്ള കാരണമെന്നുണ്ടെങ്കില്‍ ഞങ്ങളത് സമ്മതിക്കുകതന്നെ ചെയ്യും. അല്ല, ഞങ്ങള്‍ക്കഭിപ്രായം രേഖപ്പെടുത്താവുന്ന സ്വാതന്ത്രമുണ്ടെങ്കില്‍ എനിക്ക് പറയാനുള്ളത് നാം അവരുടെ കോട്ടയുടെ ഇത്ര അടുത്തല്ല തമ്പടിക്കേണ്ടത് എന്നാണ്. തെല്ലകലെ നില്‍ക്കുമ്പോഴേ അവരുടെ ആക്രമണങ്ങളില്‍ നിന്ന് സുരക്ഷിതരായിരിക്കുവാനും അവരെ തിരിച്ചാക്രമിക്കുവാനും നമുക്ക് കഴിയൂ’. ബദറില്‍ സൈനിക താവളത്തിനെ പററി ഹുബാബ് പ്രകടിപ്പിച്ച അഭിപ്രായം നബിയോര്‍ത്തു. പിന്നെ ഒട്ടും താമസിച്ചില്ല. അല്‍പം മാറി സ്വല്‍പം ഉയര്‍ന്ന ഒരു താവളം കണ്ടെത്തുവാന്‍ നബി(സ) ഹുബാബിനെ തന്നെ ചുമതലപ്പെടുത്തി. ഇപ്പോള്‍ ത്വാഇഫിലെ വലിയ പള്ളി നില്‍ക്കുന്ന സ്ഥലത്തേക്ക് ത്വാഇഫ് യുദ്ധത്തിന്റെ താവളം മാറിയതും അതു വിജയത്തിന്റെ കാരണങ്ങളിലൊന്നായി മാറിയതും അങ്ങനെയായിരുന്നു.
അകത്തളങ്ങളിലിരുന്ന് അമ്പെയ്യുന്ന ശത്രുവിനെ തിരിച്ചാക്രമിക്കുക എന്നതായിരുന്നു മറെറാരു പ്രശ്‌നം. അതും നബി(സ) സ്വഹാബിമാരുമായി കൂടിയാലോചിച്ചു. അപ്പോള്‍ സല്‍മാന്‍ അല്‍ ഫാരിസി(റ) വലിയ കല്ലുകള്‍ ശത്രുവിനു നേരെ തൊടുത്തുവിടുവാനുള്ള ‘മിഞ്ചനീഖ്’ എന്നു വിളിക്കപ്പെടുന്ന തെററുവില്ല് സ്ഥാപിച്ച് കോട്ടയെ ആക്രമിക്കുക എന്ന നിര്‍ദ്ദേശം മുന്നോട്ടുവെക്കുകയും അത് നബിതിരുമേനി അംഗീകരിക്കുകയും ചെയ്തു. അറേബ്യന്‍ യുദ്ധങ്ങളിലേക്ക് അതോടെ ഒരു പുതിയ ആയുധം കൂടെ കടന്നു വന്നു. ഇത് യുദ്ധത്തെ വിജയത്തിലേക്ക് നയിച്ചു.
മണവാട്ടിയുടെ അഭിപ്രായം.
ഹുദൈബിയ സന്ധിയോട് സ്വഹാബിമാര്‍ പലര്‍ക്കും ആദ്യം യോചിക്കുവാന്‍ കഴിഞ്ഞിരുന്നില്ല. ബദര്‍ മുതല്‍ നടത്തിയ യുദ്ധങ്ങളിലെല്ലാം വിജയിച്ചിട്ടും മദീന എന്ന രാഷ്ട്രം മുസ്‌ലിം ലോകത്തിന്റെ കേന്ദ്രമായി സ്ഥാപിക്കപ്പെട്ടുകഴിഞ്ഞിട്ടും അറേബ്യന്‍ ഉപഭൂഖണ്ഢമാകെ ഇസ്‌ലാമിലേക്ക് ഒഴുക്കാരംഭിച്ചുകഴിഞ്ഞിട്ടും മക്കക്കാരുടെ ഈ നിരര്‍ഥകമായ പിടിവാശി ക്കു മുമ്പില്‍ തലകുനിക്കേണ്ടിവരുന്നതാണ് അവരെ കൂടുതല്‍ വിമ്മിഷ്ടപ്പെടുത്തുന്നത്. സന്ധിയുടെ വ്യവസ്ഥകളോ രോന്നും കൃത്യമായി അവര്‍ പഠിച്ചുകഴിഞ്ഞിട്ടില്ലെങ്കിലും സന്ധിവ്യവസ്ഥകളുടെ രാഷ്ട്രീയമോ വരുംവരായ്കകളോ അവര്‍ വിലയിരുത്തിയിട്ടില്ലെങ്കിലും ഇപ്പോള്‍ ഇവിടെ നിന്ന് ഉംറ ചെയ്യാതെ മടങ്ങിപ്പോവുക എന്നത് അവര്‍ക്ക് ഉള്‍ക്കൊള്ളാന്‍ കഴിയുന്നതിലുമപ്പുറമാണ്.
സന്ധി ചര്‍ച്ചകളും ഒപ്പുവെക്കലും പൂര്‍ത്തിയാക്കിയ നബി(സ) എഴുന്നേററു. ജനങ്ങളോട് ഇങ്ങനെ വിളിച്ചു പറഞ്ഞു: ‘എഴുന്നേല്‍ക്കുക, ബലി നിര്‍വഹിക്കുക, മുടി കളയുക..’. പക്ഷേ നബി(സ)യുടെ കല്‍പന കേട്ട് ഓരളും എഴുന്നേററില്ല. നബി(സ) രണ്ടാമതും പിന്നെ മൂന്നാമതും ആവര്‍ത്തിച്ചു. പക്ഷേ, ഒരാളും അനങ്ങുന്നില്ല. നബി(സ)ക്ക് വിഷമമായി. നബി(സ) ആ താത്രയില്‍ തന്നോടൊപ്പമുണ്ടായിരുന്ന പത്‌നി ഉമ്മുസലമ(റ)യുടെ അടുത്തേക്ക് ചെന്നു.
ജനങ്ങള്‍ തഹല്ലുലാകുവാന്‍ വിസമ്മതിക്കുന്ന കാര്യം നബി(സ) ഉമ്മുസലമയോട് തെല്# സങ്കടത്തോടെ പറഞ്ഞു. നബിയുടെ മണവാട്ടിമാരില്‍ ബുദ്ധിസാമര്‍ഥ്യം ഏററവും കൂടുതലുണ്ടായിരുന്ന ഭാര്യയായിരുന്നു ഉമ്മുസലമ(റ). ആദ്യ കാലത്ത് തന്നെ ഇസ്‌ലാമിലേക്ക് വന്ന ഉമ്മുസലമ ഭര്‍ത്താവ് അബൂസലമയോടൊപ്പം അബ്‌സീനിയായിലേക്ക് ഹിജ്‌റ പോയവരില്‍പെടുന്ന സ്ത്രീരത്‌നമാണ്. മദീനായിലേക്കുള്ള ഹിജ്‌റയിലും അവര്‍ മുന്‍പന്തിയിലുണ്ടായിരുന്നു. ഹിജ്‌റ രണ്ടില്‍ നടന്ന ഉഹദ്‌യുദ്ധത്തില്‍ ഏററ സാരമുള്ള മുറിവിനെ തുടര്‍ന്ന് ഭര്‍ത്താവ് മരണപ്പെട്ട ഉമ്മുസലമക്ക് അല്ലാഹു ഒരുക്കിയ പ്രത്യേക മംഗല്യമായിരുന്നു നബിയുമായുണ്ടായ വിവാഹം.
ഉമ്മുസലമ(റ) പറഞ്ഞു: ‘നബിയേ താങ്കള്‍ ഇപ്പോള്‍ പുറത്തിറങ്ങി താങ്കളുടെ ഹദ്‌യ പരസ്യമായി അറുക്കുക. തുടര്‍ന്ന് പരസ്യമായി മുടി കളയുക. അതു കാണുമ്പോള്‍ അങ്ങയുടെ അനുയായികള്‍ക്കങ്ങനെ ചെയ്യാതിരിക്കുവാന്‍ കഴിയില്ല’ തികച്ചും ബുദ്ധിപരമായ ഒരു നിര്‍ദ്ദേശമായിരുന്നു അത്. നബി(സ) അതു സ്വീകരിച്ചു. അങ്ങനെ ചെയ്യുകയും ചെയ്തു. ഉമ്മുസലമ(റ) പറഞ്ഞതുപോലെ സ്വഹാബിമാര്‍ എല്ലാവരും അതുകണ്ട് തഹല്ലുലാവുകയും ചെയ്തു.
അപവാദക്കൊടുങ്കാററിനുമുമ്പില്‍
ഹിജ്‌റ 5ാം വര്‍ഷം അവസാനത്തിലോ 6ാം വര്‍ഷം ആദ്യത്തിലോ നടന്ന യുദ്ധമായിരുന്നു ബനൂ മുസ്വ്ത്വലഖ് യുദ്ധം. ഈ യുദ്ധയാത്രയില്‍ നബിയെ അനുഗമിക്കുവാന്‍ പത്‌നി ആയിശ(റ)ക്കാണ് ഭാഗ്യമുണ്ടായത്. ബനൂ മുസ്വ്ത്വലഖിലെ സൈനിക നടപടി കഴിഞ്ഞ് തിരിച്ചുപോരുമ്പോള്‍ നേരം നന്നേ ഇരുട്ടിയിരുന്നു. വഴിലൊരിടത്ത് സൈന്യം വിശ്രമിക്കുവാനിറങ്ങി. ആയിശ(റ) തന്റെ ഒട്ടകക്കട്ടിലില്‍ നിന്നിറങ്ങി തെല്ലകലെ ഇരുട്ടിലേക്ക് തന്റെ ഒരാവശ്യത്തിന്നായി പോയി. ആവശ്യം പൂര്‍ത്തീകരിച്ച് മടങ്ങുമ്പോള്‍ വസ്ത്രവും മററും ശരിപ്പെടുത്തുന്നതിനിടെയാണ് ആയിഷ(റ) അറിഞ്ഞത്; തന്റെ മാല എവിടെയോ വീണുപോയിരിക്കുന്നു എന്ന്. അവര്‍ പരിഭ്രാന്തയായി. അയല്‍വക്കത്തുനിന്ന് വായ്പ മേടിച്ചതായിരുന്നു ആ മാല. അതിനാല്‍ അരണ്ട വെളിച്ചത്തില്‍ അവര്‍ മാലയും തപ്പിനടന്നു.
അപ്പോഴേക്കും നബി(സ) സൈന്യത്തിനു പുറപ്പെടുവാനുള്ള നിര്‍ദ്ദേശം കൊടുത്തു കഴിഞ്ഞിരുന്നു. സാധാരണ അങ്ങനെ ചെയ്യാറില്ലായിരുന്നു. രാത്രിയില്‍ തമ്പിടിക്കുന്നിടത്ത് വെളുക്കും വരെ കഴിച്ചുകൂട്ടുകയായിരുന്നു പതിവ്. സൈനികരെല്ലാം വാഹനങ്ങളില്‍ കയറി യാത്രയാരംഭിച്ചു. ആയിശ(റ)യുടെ ഒട്ടകക്കട്ടില്‍ ഒട്ടകപ്പുറത്ത് എടുത്തുവെക്കേണ്ടവര്‍ ആയിശാ ബീവി അകത്തുണ്ടെന്ന ധാരണയില്‍ അതെടുത്തുവെക്കുകയും ചെയ്തു. ശരീരപുഷ്ടിയൊക്കെ വളരെ കുറഞ്ഞ ആയിശാ ബീവിയുടെ ഒട്ടകക്കട്ടിലിന്റെ അപ്പോഴത്തെ ഭാരക്കുറവ് അത്രതന്നെ ശ്രദ്ധിക്കപ്പെടാന്‍ മാത്രമില്ലായിരുന്നു.
തിരഞ്ഞ് തിരഞ്ഞ് ആയിശ(റ)ക്ക് അവസാനം മാല തിരിച്ചുകിട്ടി. അവര്‍ക്ക്് ആശ്വാസമായി. അവര്‍ വേഗം നടന്നു. സൈന്യം തമ്പടിച്ചിരുന്ന സ്ഥലത്തെത്തിയപ്പോഴായിരുന്നു അവര്‍ സ്തബ്ദയായിപ്പോയത്. ആരെയും കാണുന്നില്ല. എല്ലാവരും പോയിക്കഴിഞ്ഞിരിക്കുന്നു. താന്‍ വിജനമായ മരുഭൂമിയിലൊരിടത്ത് ആരും കൂട്ടിനില്ലാതെ ഒററപ്പെട്ടിരിക്കുകയാണ് എന്നറിഞ്ഞ അവര്‍ കുഴഞ്ഞുപോയി. കണ്ണീരും തുടച്ചുകൊണ്ടിരിക്കുന്നതിനിടയിലാണ് തൊട്ടുമുമ്പില്‍ കാല്‍പ്പെരുമാററം കേട്ടത്. സൈന്യത്തിലെ ആര്‍ക്കെങ്കിലും വഴിയിലെന്തെങ്കിലും പററിയാല്‍ അവരെ സഹായിക്കുവാനായി സാധാരണ സൈന്യത്തിന്റെ ഏററവും പുറകില്‍ നടക്കുന്ന ആളാണ്. സ്വഫ്‌വാന്‍ ബിന്‍ മുഅത്വല്‍(റ).
സ്വഫ്‌വാന്‍(റ) വിജനതയിലിരുന്നു കണ്ണീര്‍വാര്‍ക്കുന്ന സ്ത്രീയെ കണ്ടു. അടുത്തു വന്നുനോക്കിയതും അദ്ദേഹം ഞെട്ടിപ്പോയി. ആയിശ(റ). അദ്ദേഹം പറഞ്ഞുപോയി: ‘ഇന്നാലില്ലാഹി വ ഇന്നാ ഇലൈഹി റാജിഊന്‍’. പിന്നെ പരസ്പരമൊന്നു നോക്കുകയോ ഒരക്ഷരമെങ്കിലും ഉരിയാടുകയോ ചെയ്യാതെ വാഹനത്തില്‍ നിന്നിറങ്ങി അദ്ദേഹം അവര്‍ക്ക് തന്റെ വാഹനം താഴ്തിപ്പിടിച്ചുകൊടുത്തു. നബിതിരുമേനി തന്നെക്കാണാതെവന്നപ്പോള്‍ അയച്ചതാവാം എന്ന നിഗമനത്തില്‍ അവര്‍ വാഹനത്തില്‍ കയറി. സ്വഫ്‌വാന്‍ ഒട്ടകത്തിന്റെ മൂക്കുകയറും പിടിച്ച് മുന്നില്‍ നടന്നു.
പുലര്‍ച്ചെ മദീനായിലെത്തിയപ്പോഴായിരുന്നു ആയിശ(റ) ഒപ്പമില്ലെന്ന സത്യം നബിയും സ്വഹാബിമാരും അറിഞ്ഞത്. അവരെല്ലാം അസ്വസ്ഥരായി. അതിനിടെ സ്വഫ്‌വാന്‍(റ) ആയിശാ(റ)യുമായി മദീനായില്‍ വന്നിറങ്ങി. അതു കണ്ട മദീനായിലെ മുനാഫിഖുകള്‍ അടക്കം പറഞ്ഞു. ചെവികളില്‍ നിന്ന് ചെവികളിലേക്ക് പിന്നെ ആ അടക്കം പറഞ്ഞത് പകര്‍ന്നു. മദീനായില്‍ വിഷയം സംസാരമായി. ആയിശ(റ) സ്വഫ്‌വാന്‍(റ) എന്നിവരുടെ പേരില്‍ പല കഥകളും പ്രചരിച്ചു.
വിവരം നബി(സ)യുടെ ചെവിയിലുമെത്തി. സ്വന്തം ഭാര്യയുടെ ചാരിത്രം സംശയത്തിന്റെ ദൃഷ്ടിയില്‍ നില്‍ക്കുന്നത് നബിതയിരുമേനിയെ വല്ലാതെ അസ്വസ്ഥമാക്കി. യാത്രയുടെ ക്ഷീണവും മാലപോയതിന്റെയും വഴിയില്‍ ഒററപ്പെട്ടതിന്റെയുമൊക്കെ വിഷാദം ആയിശ(റ)യെയും തളര്‍ത്തി. അവര്‍ക്ക് പനിപിടിച്ചു. മദീനായില്‍ തനിക്കെതിരെ ആഞ്ഞടിക്കുന്ന അപവാദക്കാററിനെ കുറിച്ച് നിഷ്‌കളങ്കയായ അവര്‍ വളരെ വൈകിയാണ് അറിഞ്ഞത്. അവരുടെ വിഷമത്തിനും സങ്കടത്തിനും അതിരില്ലായിരുന്നു. പലരുടെയും നെററിത്തടങ്ങള്‍ തന്നെ നോക്കുമ്പോള്‍ ചുളിഞ്ഞു പോകുന്നത് വല്ലാത്ത ഒരു വേദനയോടെ അവര്‍ കണ്ടുനിന്നു.
വിവാദത്തില്‍ തീര്‍പ്പുമായി ജിബ്‌രീല്‍ വന്നിറങ്ങാത്തത് നബി(സ)യെ ആശങ്കാകുലനാക്കി. അത്തരമൊരു സാഹചര്യത്തില്‍ താനേററവും ഇഷ്ടപ്പെടുന്ന വിശുദ്ധയായ ഭാര്യക്കുവേണ്ടി വാദിക്കുവാന്‍ ഈ വിനയത്തിന്റെ പ്രവാചകന്‍ തയ്യാറായില്ല. ജനങ്ങളുടെ വായമൂടിക്കെട്ടുവാന്‍ അവര്‍ ശ്രമിച്ചില്ല.
അവര്‍ നേരെ പോയത് വിനയാന്വിതമായ ഒരന്വേഷണത്തിലേക്കായിരുന്നു. ആയിശ(റ)യുടെ ജീവിതവുമായി ഏററവും അടുത്ത ബന്ധമുള്ള മൂന്നു വ്യക്തിത്വങ്ങളെ നബി(സ) കണ്ടെത്തി. അലി(റ.), നബിയുടെ ദത്തുപുത്രനായിരുന്ന സൈദ് ബിന്‍ ഹാരിതയുടെ മകന്‍ ഉസാമ(റ), ആയിശ(റ)യുടെ വീട്ടുവേലക്കാരി ബരീറ(റ) എന്നിവരുമായിട്ടായുിരുന്നു നബി(സ) കൂടിയാലോചിച്ചത്.
ഈ കൂടിയാലോചന പക്ഷേ, ഖണ്ഡിതമായ ഒരു നിഗമനത്തിലെത്തുവാന്‍ നബിതിരുമേനിയെ സഹായിച്ചില്ല. ബരീറയും ഉസാമയും ആയിശ(റ)യുടെ ചാരിത്രത്തെയും സ്വഭാവത്തെയും പുകഴ്തുകയും എല്ലാ സംശയങ്ങളുടെ സാംഗത്യവും തള്ളിക്കളയുകയും ചെയ്തപ്പോള്‍ അലി(റ) വിവാദങ്ങളുടെ നിജസ്ഥിതികള്‍ നോക്കേണ്ടതില്ലെന്നും വിവാദമുള്ളത് ഒഴിവാക്കി വേണമെങ്കില്‍ വേറെ വിവാഹം ചെയ്യാമെന്നും നിര്‍ദ്ദേശിക്കുയുണ്ടായി. എന്തായാലും ഒരു തീരുമാനം എടുക്കുവാന്‍ അല്ലാഹുവിന്റെ വിധി തന്നെ വരേണ്ടിയിരുന്നു.
അവസാനം അതു വന്നു. ആയിശ(റ) നിരപരാധിയാണെന്നും മുനാഫിഖുകളുടെ വേലമാത്രമാണിതെന്നും അല്ലാഹു പ്രസ്താവിച്ചു. സൂറത്തുന്നൂറിലെ പത്തു ആയത്തുകള്‍ ഇതിനു പിന്നില്‍ പ്രവര്‍ത്തിച്ച ശക്തികളുടെ മൂടുപടങ്ങള്‍ വലിച്ചു കീറി. അപവാദങ്ങള്‍ പറയുകയും പ്രചരിപ്പിക്കുയും ചെയ്തവര്‍ക്ക് ശരീഅത്തനുസരിച്ചുള്ള ശിക്ഷ ഏററുവാങ്ങേണ്ടതായും വന്നു.
മനോഹരദൃശ്യങ്ങള്‍.
അനസ്(റ) പറയുന്നു: ‘ഒരിക്കല്‍ പള്ളിയില്‍ ഒരു അഅ്‌റാബി മൂത്രമൊഴിക്കുകയുണ്ടായി. കക്ഷി കൃത്യം നിര്‍വ്വഹിക്കുന്നതു കണ്ട ജനങ്ങള്‍ വല്ലതെ ഇളകിവശായി. ബഹളം കേട്ട് നബി(സ) രംഗത്തെത്തി. ജനങ്ങളില്‍ പലരും അഅ്‌റാബിയെ പഴിക്കുകയും ചീത്തപറയുകയും കുററപ്പെടുത്തുകയുമൊക്കെ ചെയ്യുന്നുണ്ടായിരുന്നു. നബി(സ) പറഞ്ഞു: ‘അയാളെ വിട്ടേക്കൂ. അയാള്‍ അത് പൂര്‍ത്തിയാക്കിക്കൊള്ളട്ടെ’. കാര്യം സാധിച്ചുകഴിഞ്ഞ അഅ്‌റാബിയെ നബി(സ) അടുത്തേക്ക് വിളിച്ചു ഇങ്ങനെ പറഞ്ഞു: ‘ഈ പള്ളികള്‍ ഇത്തരം കാര്യങ്ങള്‍ ഒന്നും പാടില്ലാത്ത സ്ഥലങ്ങളാണ്. ഇത് നിസ്‌കരിക്കുവാനും ഖുര്‍ആന്‍ പാരായണം ചെയ്യുവാനും ഒക്കെയുള്ള സ്ഥലങ്ങളാണ്’. പിന്നെ നബി(സ) ജനങ്ങളോട് പറഞ്ഞു: ‘നിങ്ങള്‍ പ്രയാസപ്പെടുത്തുവാന്‍ നിയോഗിക്കപ്പെട്ടവരല്ല, അയാള്‍ മൂത്രമൊഴിച്ച സ്ഥലത്ത് അല്‍പം വെള്ളം ഒഴിക്കുക’. (ബുഖാരി)
മുആവിയ ബിന്‍ ഹകം അസ്‌സുലമി(റ) പറയുകയാണ്. ‘ഒരിക്കല്‍ ഞങ്ങള്‍ നിസ്‌കരിച്ചുകൊണ്ടിരിക്കുമ്പോള്‍ ഒരാള്‍ നിസ്‌കാരത്തിനിടെ തുമ്മുകയുണ്ടായി. അതുകേട്ട് ഞാന്‍ ഉറക്കെ മര്‍ഹമത്ത് (യര്‍ഹമുകല്ലാഹ്) ചൊല്ലി. അതുകേട്ടതും ജനങ്ങള്‍ തങ്ങളുടെ കൈകള്‍ തുടയിലടിച്ച് ഒച്ചവെക്കുവാന്‍ തുടങ്ങി. ഒരു തരം ബഹളമയമായി നിസ്‌കാരം. നിസ്‌കാരം കഴിഞ്ഞതും നബി(സ) എഴുനേററു. ‘ആരാണ് നിസ്‌കാരത്തില്‍ സംസാരിച്ചയാള്‍?’ എന്ന് നബി(സ) ചോദിച്ചപ്പോള്‍ ഞാന്‍ ശരിക്കും വിറച്ചു. അത് ഞാനായിരുന്നു എന്നറിഞ്ഞപ്പോള്‍ നബി(സ) എന്റെയടുത്തേക്ക് വന്നു. സത്യമായും അവരെന്നെ വഴക്കുപറയുകയോ ഗൗരവത്തില്‍ ചോദ്യം ചെയ്യുകയോ ഒന്നും ചെയ്തില്ല. അവര്‍ എന്നോട് പറഞ്ഞു: ‘നിസ്‌കാരം സാധാരണ വര്‍ത്തമാനങ്ങളൊന്നും പറയാന്‍ പാടില്ലാത്തതാണ്. നിസ്‌കാരം എന്നത് തക്ബീറും തസ്ബീഹും ഖുര്‍ആന്‍ പാരായണവുമെല്ലാമാണ്’ (മുസ്‌ലിം).
മക്കാ വിജയം കഴിഞ്ഞ് ഇരിക്കുമ്പോള്‍ നബി(സ)യുടെ അടുത്തേക്ക് ഒരു അഅ്‌റാബി കടന്നുവന്നു. അയാള്‍ നബി(സ)യോട് എന്തോ പറയുവാനോ ചോദിക്കുവാനോ വന്നിരിക്കുകയാണ്. വര്‍ത്തമാനം പറയുമ്പോള്‍ അയാള്‍ പേടിച്ചു വിറച്ച് ചുരുണ്ട അവസ്ഥയിലായിരുന്നു. അതു കണ്ട നബി(സ) അഅ്‌റാബിയോട് പറഞ്ഞു: ‘ആയാസം കൊള്ളുക, ഉണക്കിയ മാംസം കഴിക്കുമായിരുന്ന ഒരു ഖുറൈശി സ്ത്രീയുടെ മകന്‍ തന്നെയാണ് ഞാനും’ (ഹാകിം)
മദീനയില്‍ പള്ളിയും പരിസരവും അടിച്ചുവാരി വൃത്തിയാക്കുമായിരുന്ന ഒരു കറുത്ത സ്ത്രീയുണ്ടായിരുന്നു. ഒരു ദിവസം അവരെ കാണാതായപ്പോള്‍ നബി(സ) ആ സ്ത്രീയെക്കുറിച്ച് അന്വേഷിച്ചു. അപ്പോഴാണ് നബി(സ) അറിഞ്ഞത് ആ സ്ത്രീ തലേദിവസം മരിച്ചുപോയി എന്ന്. അതുകേട്ടതും നബി(സ) ആ സ്ത്രീയുടെ ഖബറിനരികിലെത്തി. ആ സ്ത്രീക്ക് വേണ്ടി ദീര്‍ഘമായി പ്രാര്‍ഥിച്ചു.
0
0 Comments
No comments yet.
Leave a Comment
© www.thdarimi.in. All Rights Reserved. Designed by zainso