

അനുരാഗം എന്ന അനുഭവം
14-09-2023
Web Design
15 Comments
വെള്ളിത്തെളിച്ചം
ടി എച്ച് ദാരിമി
റബീഉൽ അവ്വൽ മാസം വരുമ്പോൾ വിശ്വാസികൾക്കിടയിൽ പ്രവാചകൻ എന്ന പുളകം കടന്നുവരുന്നത് പതിവാണ്. കാരണം അവരുടെ വിശ്വാസ പ്രമാണത്തിന്റെ അർദ്ധാംശമാണ് മുഹമ്മദ് നബി(സ) അല്ലാഹുവാൽ നിയുക്തനായ പ്രവാചകനാണ് എന്നത്. ഈ പുളകം പക്ഷെ, ചിലപ്പോൾ തെറ്റിദ്ധരിക്കപ്പെടാറുണ്ട്. മനുഷ്യരുടെ ഇടയിൽ എന്തിലും ഉണ്ടാകുന്ന ഒരു കേവല തെറ്റിദ്ധാരണയായി ഇതിനെ എഴുതിത്തള്ളുവാൻ കഴിയില്ല എന്നതാണ് സത്യം. കാരണം, ഇതുമൂലം ജനങ്ങളിൽ ചിലരെങ്കിലും രണ്ടറ്റങ്ങളിലേക്ക് അകന്ന് പോയിട്ടുണ്ട്. ചിലർ ഈ പുളകത്തെ തീരെ അവഗണിക്കുന്നു. മറ്റു ചിലർ ഇതിനെ ആവശ്യമില്ലാത്ത അത്ര പരിഗണിക്കുന്നു. അതുകൊണ്ട് എന്തിലും ഏതിലും ഇസ്ലാം താൽപര്യപ്പെടുന്ന മധ്യമത നഷ്ടപ്പെടുകയാണ്. അത് സങ്കടകരമാണ്. എന്തോ മുൻധാരണയോടെയുളള സമീപനത്തിന്റെയോ ശരിയായ ചിന്തയുടെ അഭാവത്തിന്റെയോ കൃത്യമായ അറിവില്ലായ്മയുടെയോ ഒക്കെ ഫലമാണിത്. ഇത് തിരുത്തപ്പെടേണ്ടതുണ്ട്. അല്ലാത്ത പക്ഷം ഇത് ഒരു പ്രശ്നമായി എപ്പോഴും പുകഞ്ഞുനിൽക്കും. അത് സാമൂഹ്യ അസ്വസ്ഥതകൾ സൃഷ്ടിക്കുകയും ചെയ്യും. ഇത് തിരുത്തുവാൻ രണ്ടു കോണുകളിലൂടെ വിഷയത്തെ സമീപിച്ചാൽ മാത്രം മതിയാകും. ഒന്ന്, വിശ്വാസം എന്ന കോണിലൂടെ. രണ്ട്, പുളകം എന്ന കോണിലൂടെ. ഇതു വഴി ഈ പുളകത്തിന്റെ പ്രകൃതം എന്താണെന്നും അത് എങ്ങനെയാണ് വിശ്വാസവുമായി ബന്ധപ്പെട്ടു കിടക്കുന്നത് എന്നും ഗ്രഹിക്കാം. ആദ്യം ഇതൊരു വിശ്വാസമാണ് എന്നും വിശ്വാസം എന്നാൽ എന്താണ് എന്നും ചോദിച്ച് തുടങ്ങാം ഈ വിഷയം.
എന്തെങ്കിലും വിശ്വസിക്കുക എന്നാൽ അത് സത്യമായി കണക്കാക്കുക എന്നതാണ്. അതൊരു കണക്കാക്കലാണ്. അഥവാ ഒരു ധാരണ. പക്ഷെ, വെറും ഒരു തോന്നൽ എന്ന നിലക്കുളള ധാരണയല്ല എന്നു മാത്രം. ഉപോൽബലകമായ തെളിവുകളുടെയും സൂചനയുടെയും പിൻബലമുളള തെറ്റാവാനുള്ള സാധ്യത ഇല്ലാത്ത ഒരു ഉറച്ച ധാരണ. അങ്ങനെ വിവരിക്കുന്നതിൽ നിന്നുതന്നെ ഇന്ദ്രിയങ്ങൾ വഴി അകത്തെത്തി ഉറയ്ക്കുന്ന അറിവ് എന്നതിനോളം ഉറപ്പും ബലവും ഉള്ളതാവില്ല വിശ്വാസം എന്ന് മനസ്സിലാക്കാം. അതേ സമയം അതുണ്ടാക്കുന്ന ഫലവും സ്വാധീനവും പലപ്പോഴും അറിവിനേക്കാൾ ശക്തമായിരിക്കും. റോക്കറ്റ് ശാസ്ത്രജ്ഞൻമാർ തേങ്ങയുടച്ച് വിഘ്നം തീർക്കുന്നത് ഇതിന് ഒരു ഉദാഹരണമാണ്. ഈ വിശ്വാസത്തെ രണ്ടായി തരം തിരിക്കാം. ഒന്നാമത്തേത് കേവല വിശ്വാസം. ജീവിതത്തെ കാര്യമായി സ്വാധീനിക്കുന്നില്ലാത്ത പൊതു വിശ്വാസമാണിത്. മഞ്ഞ് വെളുത്തതാണ് എന്നു വിശ്വസിക്കുന്നത് അതിനുദാഹരണം. രണ്ടാമത്തേത് ജീവിതത്തിൽ പ്രതിഫലിക്കുന്ന വിശ്വാസം. അഥവാ മനുഷ്യന്റെ ജീവിത താളങ്ങളിൽ ഇടപെടുന്ന വിശ്വാസം. ജീവിതത്തിന്റെ ശീലങ്ങൾ, സംസ്കാരം, കർമ്മങ്ങൾ, ചിട്ടകൾ, ബന്ധങ്ങൾ, ഇടപാടുകൾ തുടങ്ങി ഓരോന്നിനേയും ചിട്ടപ്പെടുത്തുന്ന വിശ്വാസം. ഇതിന് ഉദാഹരണമാണ് മതവിശ്വാസങ്ങൾ. മതം മുന്നോട്ടു വെക്കുന്ന വിശ്വാസം കേവലമായിരിക്കില്ല. മുമ്പിലും പിന്നിലുമുള്ള പലതുമായി ബന്ധപ്പെട്ടു കിടക്കുന്ന ഒരു ശ്രേണിയായിരിക്കും അത്. ഒന്നിലുളള വിശ്വാസം മറ്റൊന്നിൽ നിന്ന് വരുന്നതും മറ്റൊന്നിലേക്ക് പകരുന്നതുമായിരിക്കും എന്ന നിലക്ക് പരസ്പരം ബന്ധിതമായ ഒരു ശ്രേണി. അതേസമയം മതങ്ങളിൽ തന്നെ കേവല വിശ്വാസവുമുളളവയുണ്ട്. വെറും ഐതിഹ്യത്തിൽ നിന്ന് തുടങ്ങുന്നതും അതങ്ങനെ നിൽക്കുക മാത്രം ചെയ്യുന്നതുമായ മതവിശ്വാസങ്ങൾ. ഇസ്ലാം ഇതിൽ തികച്ചും രണ്ടാമത്തെ ഇനത്തിൽ പെടുന്നു. ഈ വിശ്വാസ ശ്രേണിയുടെ രണ്ടാമത്തെ അടിസ്ഥാന പ്രമാണമാണ് മുഹമ്മദ് നബി(സ) അല്ലാഹുവിന്റെ അന്ത്യ പ്രവാചകനാണ് എന്നത്.
ഈ വിശ്വാസം വരാനും മനസ്സിൽ നിലനിൽക്കാനും വളരാനും ഒപ്പം ചില വികാരങ്ങൾ ഉണ്ടാവേണ്ടതുണ്ട്. പ്രവാചകന്റെ ആവശ്യകത, ജാഹിലിയ്യ കാലഘട്ടം, നബിയുടെ ജീവിത പരിസരം, ആ ജീവിതം പ്രകടിപ്പിച്ച അൽഭുതങ്ങൾ, തന്റെ ദൗത്യം നിർവ്വഹിക്കുവാൻ വേണ്ടി വന്ന ത്യാഗങ്ങൾ, ദൗത്യം നേടിയ അനന്യമായ വിജയങ്ങൾ, ആ സഫലമായ ജീവിതം സ്വാധീനിച്ച തലമുറ, തുടർന്ന് ഇന്നു വരേക്കും അതു പ്രദാനം ചെയ്തുവരുന്ന സ്വാധീനം, പ്രവാചകനെ ചുറ്റിപ്പറ്റി വളർന്ന സംസ്കാരം, അദ്ദേഹത്തിന്റെ അധ്യാപനങ്ങളുടെ കാര്യക്ഷമത തുടങ്ങിയതെല്ലാം ചേരുന്നതാണ് അന്ത്യ പ്രവാചകനായ നബി(സ). ഇതെല്ലാം ചേർത്തു വെച്ച് കാണുമ്പോൾ ഉണ്ടാകുന്നതും ഉണ്ടാകേണ്ടതുമാണ് നേരത്തെ പറഞ്ഞ വികാരങ്ങൾ. അവയിൽ നിന്ന് നിർഗ്ഗളിക്കുന്നതാണ് നാം ആദ്യം പറഞ്ഞ പുളകം. ഉപരിസൂചിത അർഥങ്ങളെല്ലാം ചേർത്തുളള ഉൾക്കൊള്ളൽ ഉണ്ടെങ്കിൽ അത് ഇത്തരം ഒരു വികാരം ഉണ്ടാക്കാതിരിക്കില്ല. അതേ സമയം കേവലം ലോകത്തു വന്ന മറ്റൊരു നേതാവ്, മക്കയിലെ അബ്ദുള്ള -ആമിന ദമ്പതികളുടെ മകൻ, മക്കയിലെ ഒരു സാധാരണ പൗരൻ എന്നൊക്കെ മാത്രം നബിയെ ചുരുക്കിക്കെട്ടുമ്പോൾ അവിടെ പിന്നെ ഇത്തരം വികാരമൊന്നും ഉണ്ടാവില്ല. മകൻ എന്നു പറയുമ്പോഴും എന്റെ മകൻ എന്നു പറയുമ്പോഴും ഉണ്ടാകുന്ന വൈകാരിക വൈചാത്യം ഒന്ന് കണ്ണടച്ച് സങ്കൽപ്പിച്ചു നോക്കിയാൽ തന്നെ ഇത് ബോധ്യമാകുന്നതേയുളളൂ. വിശ്വാസികൾ മഹാനായ നബിയെ പൊതുവെ വീക്ഷിക്കുന്നതും പരിഗണിക്കുന്നതും തങ്ങളുടെ ജീവിതത്തെ മുച്ചൂടും ഗ്രസിച്ചു നിൽക്കുന്ന ഒരു വികാരമായിട്ടാണ്. അതിൽ നിന്നും സ്വാഭാവികമായി ഉയരുന്ന പുളകമാണ് റബീഉൽ അവ്വലിന്റെ പുളകമെന്ന് കരുതിയാൽ പ്രശ്നം തീർന്നു. പിന്നെ അതു പ്രകടിപിക്കുന്ന രീതികളിൽ തെറ്റു വരാതെ നോക്കിയാൽ മതി.
ഈ അനുരാഗത്തിന്റെ അർഥങ്ങൾ കാണിച്ചു തരുന്ന ഒരു തിരു അനുഭവം ഇമാം ബുഖാരി ഉദ്ധരിക്കുന്നുണ്ട്. ഒരിക്കൽ നബി തിരുമേനിയും അനുചരൻമാരും ഒരു വഴിയിലൂടെ നടന്നുപോവുകയായിരുന്നു. കൂട്ടത്തിൽ ഉമർ(റ)വും ഉണ്ട്. നബി(സ) അദ്ദേഹത്തിന്റെ കൈ ചേർത്തുപിടിച്ചാണ് നടക്കുന്നത്. ആ സാഹചര്യം ശക്തനായ ഒരു വിശ്വാസി എന്ന നിലക്ക് ഉമർ(റ)വിൽ വലിയ അഭിമാനവും ആനന്ദാതിരേകവും ഉണ്ടാക്കി എന്നു പ്രത്യേകം പറയേണ്ടതില്ലല്ലോ. ആ പുളകത്തിൽ അദ്ദേഹം നബിതിരുമേനിയോട് പറഞ്ഞു: 'നബിയെ, അങ്ങയോടാണ് എനിക്ക് എന്റെ സ്വന്തം ശരീരമല്ലാത്ത എന്തിനേക്കാളും ഇഷ്ടം' അതു കേട്ട നബി(സ) പുഞ്ചിരിച്ചു കൊണ്ട് പറഞ്ഞു: 'പക്ഷെ, അതുകൊണ്ട് താങ്കളുടെ വിശ്വാസം പൂർണ്ണമാവില്ലല്ലോ' തന്റെ സ്വന്തം മനസ്സിനേക്കാളും നബിയെ സ്നേഹിക്കാതെ വിശ്വാസം പൂർണ്ണമാവില്ല എന്നു പറയുന്നതോടെ വിഷയം സങ്കീർണ്ണമായി അദ്ദേഹത്തിനു തോന്നി. കാരണം ഒരാൾക്ക് സ്വന്തം മനസ്സിനേക്കാളും ശരീരത്തേക്കാളും മറ്റൊരാളെ - അതു നബിയാണെങ്കിൽ പോലും - സ്നേഹിക്കുക എന്നത് അത്ര എളുപ്പമുള്ള കാര്യമല്ല. അതിലെ ഏറ്റവും വലിയ സങ്കീർണ്ണത ഇത് മനസ്സിനെ കൊണ്ട് അംഗീകരിപ്പിക്കുന്നതിലാണ്. അത് അത്രയും പ്രയാസകരമായ കാര്യമാണ്. ഉദാഹരണമായി ഒരു യുദ്ധക്കളത്തിൽ അല്ലെങ്കിൽ ഒരു മഹാമാരിക്കു മുമ്പിൽ നാം എത്തിപ്പെടുന്നു എന്നിരിക്കട്ടെ. നമ്മുടെ ശരീരത്തിന്റെ കാര്യങ്ങൾക്കാണ് നാം മുൻതൂക്കം നൽകുക. കണ്ണിലേക്ക് ഒരു സാധനം നീണ്ടു വരുമ്പോൾ നാം ആദ്യം നമ്മുടെ കണ്ണാണല്ലോ അടച്ചുപിടിക്കുക. അതിനു പകരം നാം സ്നേഹിക്കുന്ന വ്യക്തിയുടെ സുരക്ഷക്ക് പ്രാമുഖ്യം കൽപ്പിക്കുകയാണ് മേൽ പറഞ്ഞ കാര്യം. അതത്ര എളുപ്പമല്ലല്ലോ.
എന്നാൽ 'ശരി അങ്ങനെയാവട്ടെ' എന്ന് പറഞ്ഞ് തൽക്കാലം രംഗത്തോട് രാജികാനും അദ്ദേഹത്തിന് കഴിയില്ല. അത്രക്കും സത്യസന്ധനായിരുന്നു അദ്ദേഹം. അതിനാൽ അദ്ദേഹം ആഴമുളള ആലോചനകളിലേക്ക് കടന്നു. അധികം വൈകും മുമ്പ് അദ്ദേഹത്തിന്റെ കണ്ണുകളും മുഖവും വിടർന്നു. അദ്ദേഹം പറഞ്ഞു: 'നബിയെ എന്നെക്കാളും ഞാൻ അങ്ങയെ സ്നേഹിക്കുന്നു'. അപ്പോൾ സന്തോഷത്തോടെ നബിതിരുമേനി പറഞ്ഞു: 'ഇപ്പോൾ അതു പൂർണ്ണമായി ഉമർ !' അദ്ദേഹം എത്തിയ ഈ ഉത്തരത്തിന്റെ വഴി കണ്ടുപിടിക്കുള്ള ഒരു ഉൾക്കടമായ ജിജ്ഞാസ സത്യവിശ്വാസികൾക്ക് സ്വാഭാവികമാണല്ലോ. അങ്ങനെ അന്വേഷിച്ചതിന് അദ്ദേഹം നൽകിയ മറുപടി ഇങ്ങനെയാണ്: 'ഞാൻ ആ മൗനത്തിനിടെ ചിന്തിച്ചത് എന്റെ ഭാവിയെ ഇഹത്തിലും പരത്തിലും അനുകൂലമായി സഹായിക്കുവാൻ ആർക്കാണ് കഴിയുക എന്നതായിരുന്നു. ആ ചോദ്യത്തിന് മുമ്പിൽ എന്റെ മക്കൾ, സമ്പത്ത്, ദ്രവ്യങ്ങൾ തുടങ്ങി എന്തു വെച്ചു നോക്കിയാലും എങ്ങനെ ചിന്തിച്ചാലും നബി തങ്ങൾ നൽകുന്ന ആശയത്തിനല്ലാതെ എന്നെ തുണക്കുവാൻ കഴിയില്ല. അതു മനസ്സാ ഉറപ്പായപ്പോഴാണ് ഞാൻ എന്നേക്കാളും നബിയെ സ്നേഹിക്കുന്നു എന്ന ബോധ്യത്തിലേക്ക് എത്തിയത്'. പ്രവാചകാനുരാഗത്തിന്റെ അർഥവും അസ്തിക്യവും നിർണ്ണയിക്കുന്നതാണ് ഈ സ്വഹീഹായ ഹദീസ്. നിർബന്ധിതമായോ സ്വാഭാവികമായോ ഒരാളോടുണ്ടാകുന്ന ഇഷ്ടം എന്ന സ്നേഹം മാത്രമല്ല ഇസ്ലാമിലെ പ്രവാചക സ്നേഹം എന്ന് പഠിപ്പിച്ചുതരികയാണ് ഈ തിരു അനുഭവം. അഥവാ പ്രവാചകാനുരാഗം എന്നത് ശരിക്കും ഒരു ലയനമാണ്. തന്നെയോ തന്റെ എന്തെങ്കിലും ഒന്നിനേയോ വേർതിരിച്ചെടുക്കുവാൻ കഴിയാത്ത ഒരു വിലയ ലയനം.
ഇത്തരം ഒരു ലയനം സാധ്യമാകണമെങ്കിൽ മനസ്സിൽ വെറും വിശ്വാസമല്ല കരുത്തുറ്റ വിശ്വാസം തന്നെ ഉണ്ടാകണം. അതുണ്ടാകുവാൻ പറഞ്ഞും കേട്ടും നബി മനസ്സിൽ കുടിയിരിക്കുക തന്നെ വേണം. റബീഉൽ അവ്വൽ വസന്തം അതിന് ഊന്നൽ നൽകുന്ന അവസരങ്ങൾ ഉണ്ടാക്കുന്നു. നബിയുടെ ജനനം ഈ മാസത്തിലായിരുന്നതിനാൽ ഈ അവസരം കൂടുതൽ അവസരോചിതവും ആയിത്തീരുന്നു. ഓരോന്നിനെയും ജ്വലിപ്പിക്കുന്ന അവസരങ്ങൾക്ക് പ്രാധാന്യമുണ്ടല്ലോ. നബി മനസ്സിലുണ്ടല്ലോ എന്ന് പറയുന്നത് ഇതിനൊന്നും ഒരു മറുപടിയാകില്ല. അങ്ങനെ കേവലം ഒരു അറിവായി ഉണ്ടായാൽ പോരാ. ഒരു വികാരമായി തന്നെ ഉണ്ടാവണം. കാരണം, ഈ നബി നമുക്ക് അവകാശ വാദം ഉന്നയിക്കാൻ മാത്രമുള്ളതല്ല. എല്ലാ കാര്യങ്ങളിലും അനുസരണയോടെ അനുധാവനം ചെയ്യാനുളളതാണ്. അതിന്റെ ആദ്യ പാഠം സ്നേഹമാണ്. ഈ സ്നേഹത്തിന്റെ മട്ടും മാതിരിയും നാം മുകളിൽ കണ്ടു. അത് വിചിത്രവും വിശിഷ്ഠവുമാണ് എന്നും നാം കണ്ടു. അത്തരമൊരു സ്നേഹം ഉണ്ടാവണമെങ്കിൽ അതിന് പുളകങ്ങളുടെ അകമ്പടി വേണം. പുളകങ്ങൾ ഒരുക്കുന്ന മാസ്മരികതയിൽ മനസ്സ് ഉണരുമ്പോൾ അതങ്ങനെയാവും. എന്നു കരുതി അത് കൃത്രിമമോ വഴിവിട്ടതോ ആയിക്കൂടാ. അതങ്ങനെ പെട്ടന്നങ്ങ് വഴിവിട്ടു പോകുകയൊന്നുമില്ല. മഹാൻമാരും സൂക്ഷ്മാലുക്കളുമായ മുൻഗാമികൾ അത് ഉൾക്കൊണ്ടതാണല്ലോ. അവർക്കെ ഇതുവഴി നബി ഒരു വലിയ വികാരമായി മാറിയതുമാണല്ലോ.
0 Comments
No comments yet.
Leave a Comment
© www.thdarimi.in. All Rights Reserved. Designed by zainso