
.jpeg)
ബന്ധിതമായിരിക്കട്ടെ, ബന്ധങ്ങൾ..
24-09-2023
Web Design
15 Comments
ഖുർആൻ പഠനം
മുംതഹിന 7-9
7 അവരില്‍ നിന്ന് നിങ്ങളുമായി ശത്രുതയില്‍ കഴിഞ്ഞിരുന്നവര്‍ക്കും നിങ്ങള്‍ക്കുമിടയില്‍ അല്ലാഹു സൗഹൃദമുണ്ടാക്കിയേക്കാം. അവന്‍ ഏറെ കഴിവുറ്റവനും പൊറുക്കുന്നവനും കരുണാമയനുമത്രേ.
അല്ലാഹു നൽകുന്ന പ്രതീക്ഷയാണ് ഇത്. സമാധാനത്തിന് അല്ലാഹുവിന്റെ വചനം നൽകുന്ന സ്ഥാനം കൂടി ഇതിൽ വായിക്കാം. ശത്രുത എന്നത് ഒരിക്കലും നാം ഗണിക്കുന്നതുപോലെ ആത്യന്തികമായിക്കൊള്ളണമെന്നില്ല. അത് ഒന്നല്ലെങ്കിൽ മറ്റൊരു കാരണത്താൽ മാറിമറിയുകയും ശത്രുക്കൾ മിത്രങ്ങളായി മാറുകയും ചെയ്തേക്കാം. ഇത്തരം മാറ്റങ്ങൾ അല്ലാഹു ഉണ്ടാക്കുന്നത് കാര്യകാരണങ്ങളെ ഉപയോഗപ്പെടുത്തിയാണ്. ഈ ആയത്തിന്റെ പശ്ചാതലമനുസരിച്ച് ഈ മാറ്റം സംഭവിക്കുന്നത് ശത്രുവിന്റെ മനസ്സിൽ മാറി ചിന്തിക്കുവാനുള്ള പ്രേരണയോ പ്രചോദനമോ ഇട്ടുകൊടുത്തു കൊണ്ടായിരിക്കും. അത്തരം അനുഭവങ്ങൾ നിരവധിയുണ്ട്. ഖാലിദ് ബിൻ വലീദ്(റ), അംറ് ബിൻ ആസ്വ്(റ) തുടങ്ങിയവർ ഇസ്ലാമിലെത്തിയത് ഉദാഹരണം. ഇസ്ലാമിന് എതിരെ യുദ്ധം നയിച്ച ആളായിരുന്നു ഖാലിദ്(റ). ഹിജ്റ ആറാം വർഷം ഹുദൈബിയയിൽ വെച്ച് നടന്ന സന്ധിയുടെ വ്യവസ്ഥ പ്രകാരം നബി തിരുമേനിക്കും അനുയായികൾക്കും നിർവഹിക്കുവാൻ മൂന്ന് ദിവസത്തേക്ക് മക്ക ഒഴിഞ്ഞു കൊടുക്കുമ്പോൾ അവർ മലവാരത്തേക്ക് മാറുകയായിരുന്നു തലയും താഴ്ത്തിപ്പിടിച്ചു കൊണ്ടുള്ള ആ നടത്തത്തിലുള്ള ആ നടത്തത്തിൽ വന്ന ഒരു ആലോചനയാണ് കത്തിപ്പടർന്ന് അദ്ദേഹത്തെ ഇസ്ലാമിലെ എത്തിച്ചത്. അംറ് ബിൻ ആസ് എന്നവരുടെ അനുഭവവും മറിച്ചായിരുന്നില്ല. ഈ ശ്രേണി നീണ്ടതാണ്. അല്ലെങ്കിൽ വാശി, വീറ്, കടപ്പാട് തുടങ്ങി മനുഷ്യന് ഒഴിവാക്കാൻ കഴിയാത്ത ചില വികാരങ്ങൾക്ക് വഴങ്ങിയുമാകാം. ഹംസ(റ), അബ്ബാസ്(റ) തുടങ്ങി പലരും ഇങ്ങനെ ഇസ്ലാമിൽ എത്തിയവരാണ്. ഇത്തരം കാര്യകാരണങ്ങൾ കൂട്ടിയിണക്കുന്നത് അല്ലാഹു ഒരുക്കുന്ന നിമിത്തം മൂലമാണ്.
മുഖാതിൽ ബിൻ ഹയ്യാൻ(റ) ഈ ആയത്തിന്റെ പശ്ചാത്തലമായി പറയുന്നത് മറ്റൊരു സംഭവമാണ്. അത് നബി(സ) അബൂ സുഫ്‌യാനിന്റെ മകൾ ഉമ്മു ഹബീബ എന്ന റംല(റ)യെ വിവാഹം ചെയ്താണ്. ആദ്യകാല വിശ്വാസികളിൽപ്പെട്ട ഇവർ ഭർത്താവിനോടൊപ്പം ഹബ്ശയിലേക്ക് ഹിജ്റ പോയതായിരുന്നു. ഭർത്താവ് അവരെയും ഇസ്‌ലാമിനെയും ഉപേക്ഷിച്ചപ്പോൾ നബി(സ്വ) റംല ബീവിയുടെ സംരക്ഷണം ഏറ്റെടുക്കുകയായിരുന്നു. അതുവഴി അന്ന് ഇസ്‌ലാമിനും മുസ്‌ലിംകൾക്കുമെതിരെ കടുത്ത നിലപാടെടുത്തിരുന്ന മാതാപിതാക്കളിൽ നിന്നും നബി(സ്വ) അവരെ രക്ഷപ്പെടുത്തി. ഉന്നതരുടെ പുത്രിക്ക് അത്യുന്നതനായ ഭർത്താവിനെ ലഭിച്ചതിൽ സന്തോഷിക്കേണ്ടവരായിരുന്നു യഥാർത്ഥത്തിൽ ആ മാതാപിതാക്കൾ. ഉമ്മു ഹബീബ(റ)യുമായുള്ള വിവാഹം അക്കാലത്ത് ശത്രുപക്ഷത്തായിരുന്ന അവരുടെ പിതാവ് അബൂസുഫ്‌യാനെ ഏറെ ചിന്തിപ്പിച്ചിട്ടുണ്ട്. ഈ ചിന്തയുടെ കൂടി സ്വാധീനത്തിൽ അബൂ സുഫ്‌യാൻ ഹിജ്റ എട്ടിൽ ഇസ്ലാമിലെത്തി. മറ്റൊരഭിപ്രായം ഇതു പുലർന്നത് ഹുദൈബിയ്യ സന്ധിയെ തുടർന്നാണ് എന്നാണ്. ആറാം വർഷം ഒരു സ്വപ്ന ദർശനത്തെ തുടർന്ന് ഉംറ നിർവഹിക്കുവാൻ 1400 സഹാബികളുമായി പുറപ്പെട്ട നബി തിരുമേനിയെ മക്കായിലെ മുശ്രിക്കുകൾ അതിർത്തിയായ ഹുദൈബിയയിൽ തടയുകയായിരുന്നു. തുടർന്ന് നയതന്ത്ര ശ്രമങ്ങൾ, അനുരഞ്ജന ശ്രമങ്ങൾ എന്നിവയെല്ലാം നടന്നു. അവസാനം ഒരു സന്ധിയിൽ എത്തുകയും പിരിയുകയും ചെയ്യുകയായിരുന്നു. പ്രത്യക്ഷത്തിൽ സന്ധിയിലെ വ്യവസ്ഥകളിൽ ഒന്നു മാത്രമേ പരിപൂർണ്ണമായും മുസ്‌ലിംകൾക്ക് അനുകൂലമായി ഉണ്ടായിരുന്നുള്ളൂ. ബാക്കി മൂന്നും ഒരർത്ഥത്തിൽ അല്ലെങ്കിൽ മറ്റൊരാർത്ഥത്തിൽ അവർക്ക് പരാജയമോ മാനഹാനിയോ ഉണ്ടാക്കുന്നതായിരുന്നു.
ഈ വർഷം തീർച്ചയായും മുസ്ലിംകൾ മടങ്ങണം എന്നതായിരുന്നു ഒന്നാമത്തെ വ്യവസ്ഥ. അതിനുപകരം അടുത്ത വർഷം അവർക്ക് വന്ന് ഉംറ ചെയ്യാം. രണ്ടാമത്തേത് അടുത്ത പത്ത് വർഷക്കാലം നേരിട്ടോ അല്ലാതെയോ യുദ്ധങ്ങൾ പാടില്ല എന്നതായിരുന്നു. ഇത് നബിക്കും മുസ്ലീങ്ങൾക്കും അനുകൂലമായിരുന്നു. അവരും അങ്ങനെ ആഗ്രഹിക്കുന്നുണ്ടായിരുന്നു. മൂന്നാമത്തെത്, മക്കയിൽ നിലവിലുള്ള ഏതു കുടുംബത്തിനും തങ്ങൾ ഉദ്ദേശിക്കുന്ന പക്ഷത്ത് നിൽക്കുവാൻ സ്വാതന്ത്ര്യം അനുവദിക്കുന്നതായിരുന്നു. നാലാമത്തേതാവട്ടെ, മദീനയിൽ നിന്ന് ആരെങ്കിലും തിരിച്ചുവന്നാൽ തങ്ങൾ സ്വീകരിക്കുമെന്നും മക്കയിൽ നിന്ന് ആരെങ്കിലും പലായനം ചെയ്തു വന്നാൽ മുസ്ലിംകൾ സ്വീകരിക്കരുത് എന്നുമായിരുന്നു. ഇതിനോട് വലിയ അനിഷ്ടം സഹാബികൾ പ്രകടിപ്പിച്ചുവെങ്കിലും അല്ലാഹുവിന്റെയും റസൂലിന്റെയും തീരുമാനം സന്ധിയിൽ ഒപ്പുവെക്കുക എന്നതായിരുന്നു. പക്ഷേ, അല്ലാഹു തീരുമാനിച്ചത് ഇത് ഒരുപാട് വിജയങ്ങളിലേക്ക് മുസ്ലീങ്ങളെ നയിക്കണം എന്നായിരുന്നു. ഈ സന്ധിയായിരുന്നു സത്യത്തിൽ ഇസ്ലാമിന്റെ വലിയ വ്യാപനത്തിന് മുഖ്യകാരണമായത്. തൊട്ടടുത്ത വർഷം നിർഭയം മക്കത്ത് പോയി ഉംറ ചെയ്തു വരാനുള്ള സാഹചര്യവും ഉണ്ടായത് ഇതിനാലാണ്. തൊട്ടടുത്ത വർഷം ഏറ്റവും വലിയ വിജയവും വിജയങ്ങളുടെ വിജയവുമായ മക്കാ വിജയം ഉണ്ടാകുവാനും കാരണം ഈ കരാറിലെ മൂന്നാമത്തെ വ്യവസ്ഥയായിരുന്നു. അതിനാൽ ഇപ്പോള്‍ ഖുറൈശികളുമായും മറ്റു പ്രതിയോഗികളുമായും ശത്രുതയിലാണ് എങ്കിലും അതിനു ശമനവും ശാന്തതയും കൈവന്നേക്കുമെന്നാണ് അല്ലാഹു ഈ ആയത്തിലൂടെ സാന്ത്വനിപ്പിക്കുന്നത്. അത് സാക്ഷാല്‍കരിക്കപ്പെടുകയും ചെയ്തു. ഹുദൈബിയ സന്ധിക്ക് ശേഷം പ്രതിസന്ധികള്‍ അയഞ്ഞു. ഇരുവിഭാഗവും കൂടുതല്‍ അടുത്തറിയുകയും പരസ്പരം അടുക്കുകയും ചെയ്തു.
8 മതകാര്യങ്ങളില്‍ നിങ്ങളോട് അങ്കംവെട്ടാതിരിക്കുകയും സ്വഭവനങ്ങളില്‍ നിന്ന് നിങ്ങളെ പുറത്താക്കാതിരിക്കുകയും ചെയ്യുന്നവരെ പറ്റി അവര്‍ക്ക് നന്മയും നീതിയും ചെയ്യുന്നതില്‍ അല്ലാഹു നിങ്ങളെ തടയുന്നില്ല; നീതിപാലകരെ അവന്‍ ഇഷ്ടപ്പെടുക തന്നെ ചെയ്യുന്നു.
9 മതകാര്യങ്ങളില്‍ നിങ്ങളോട് അങ്കം വെട്ടുകയും സ്വഭവനങ്ങളില്‍ നിന്ന് നിങ്ങളെ ബഹിഷ്‌കരിക്കുകയും അതിനു സഹകരിക്കുകയും ചെയ്തവരോട് സൗഹൃദം പുലര്‍ത്തുന്നതേ അല്ലാഹു നിരോധിക്കുന്നുള്ളു. അവരോട് ആരെങ്കിലും സൗഹൃദം പുലര്‍ത്തുന്നുവെങ്കില്‍ അവര്‍ തന്നെയത്രേ അതിക്രമകാരികള്‍.
അന്യമതക്കാരുമായുള്ള ഇസ്‌ലാമിന്റെ നിലപാട് വളരെ സ്പഷ്ടമായി ഈ രണ്ടു സൂക്തങ്ങളിലുമായി അല്ലാഹു വ്യക്തമാക്കുകയാണ്. മുസ്‌ലിംകളായതിന്റെ പേരില്‍ വിദ്വേഷം പുലര്‍ത്തുക, അക്രമ-മര്‍ദനങ്ങള്‍ ചെയ്യുക, നാട്ടില്‍ നിന്ന് ബഹിഷ്‌കരിക്കുക, അത്തരം കുത്സിത പ്രവര്‍ത്തനങ്ങള്‍ നടത്തുന്നവരെ സഹായിക്കുക ഇത്യാദി നയരീതികള്‍ പുലര്‍ത്തുന്നവരോട് ചങ്ങാത്തവും സൗഹാര്‍ദവും സ്ഥാപിക്കുക എന്നത് നിഷിദ്ധമാണ്. അങ്ങനെയൊന്നും ചെയ്യാത്ത അന്യമതസ്ഥരോട് ഒരു ശത്രുതയും പുലർത്താൻ പാടില്ലെന്നു മാത്രമല്ല, അവരോട് പുണ്യസമീപനങ്ങളും നീതിനിഷ്ഠമായ വിനിമയങ്ങളുമാണ് ഉണ്ടാകേണ്ടത് എന്ന് ഈ ആയത്തുകൾ വ്യക്തമാക്കുന്നു. സ്വന്തം ആദര്‍ശം മുറുകെപ്പിടിച്ചുകൊണ്ട് അന്യമതസ്ഥരുമായി സ്നേഹത്തിലും സൗഹാര്‍ദത്തിലും കഴിയുവാനാണ് ഇസ്ലാം താൽപര്യപ്പെടുന്നത്. ഇസ്ലാമികേതര സമൂഹങ്ങള്‍ മുസ്ലിം സമൂഹത്തിന്റെ നിലനില്‍പ് ചോദ്യം ചെയ്യാത്തിടത്തോളം അവരുമായി സ്നേഹത്തിലും സഹിഷ്ണുതയിലുമാണ് കഴിയേണ്ടതെന്ന് ഖുര്‍ആന്‍ നിഷ്കര്‍ഷിക്കുന്നു. ഇക്കാര്യം മുഹമ്മദ്(സ) തന്റെ ജീവിതത്തിലൂടെ കാണിച്ചുതരികയും ചെയ്തിട്ടുണ്ട്. പ്രവാചകന്‍(സ) ആരോടും പകയും വിദ്വേഷവും വെച്ചുപുലര്‍ത്തിയിരുന്നില്ല. മുസ്‌ലിമിനോടെന്ന പോലെ ഇതര മതസ്ഥരോടും സ്‌നേഹവും കരുണയും അനുകമ്പയും വിശാലമനസ്‌കതയും കാണിച്ചിരുന്നു. വിട്ടുവീഴ്ചയോടും വിനയത്തോടും ആദരവോടും കൂടിയായിരുന്നു വര്‍ത്തിച്ചിരുന്നത്. പ്രവാചകന്‍ പറഞ്ഞു: 'ജനങ്ങളോട് കരുണ കാണിക്കാത്തവനോട് അല്ലാഹു കരുണ കാണിക്കുകയില്ല'. നബി(സ) മറ്റു മതസ്ഥരില്‍ തന്റെ വിശ്വാസം അടിച്ചേല്‍പിക്കാന്‍ തുനിഞ്ഞിരുന്നില്ല. അങ്ങനെ ചെയ്യുന്നതിനെ കഠിനമായ സ്വരത്തിൽ അല്ലാഹു ഇങ്ങനെ ചോദ്യം ചെയ്യുന്നു: 'ജനങ്ങള്‍ സത്യവിശ്വാസികളാവാന്‍ താങ്കൾ അവരെ നിര്‍ബന്ധിക്കുകയോ' (ഖുർആൻ 10:99). മത സ്വാതന്ത്ര്യം ഇസ്‌ലാമിന്റെ അന്തസ്സത്തയാണ്. 'മതത്തില്‍ യാതൊരുവിധ ബലപ്രയോഗവുമില്ല. സന്മാര്‍ഗം ദുര്‍മാര്‍ഗത്തില്‍നിന്ന് വ്യക്തമായി വേര്‍തിരിഞ്ഞു കഴിഞ്ഞിരിക്കുന്നു' (ഖുർആൻ 2:256).
അന്യമതസ്ഥരായ രോഗികളെ പ്രവാചകന്‍ സന്ദര്‍ശിച്ചിരുന്നു. അന്യമതസ്ഥരായ ആളുകള്‍ക്ക് ഉപഹാരങ്ങള്‍ നല്‍കുകയും അവരില്‍നിന്ന് അവ സ്വീകരിക്കുകയും ചെയ്തിരുന്നു. അവരുമായി ഇടപാടുകള്‍ നടത്തിയിരുന്നു. മരണസമയത്ത് മുപ്പത് ‘സ്വാഅ്’ ഗോതമ്പിന് പ്രവാചകന്റെ പടയങ്കി ഒരു ജൂതന്റെ അടുക്കല്‍ പണയത്തിലായിരുന്നു എന്നറിയാത്തവരുണ്ടാവില്ല. വിശ്വാസപരമായും സാമൂഹ്യപരമായും ഗുരുതരമായ ശത്രുത വെച്ചുപുലർത്തിയവരായിരുന്നു മദീനയിലെ ജൂതർ. അത്തരം ഒരാളുമായി പണയമിടപാട് നടത്തി എന്നത് ഇതിന്ഏറ്റവും വലിയ തെളിവ് തന്നെയാണല്ലോ. നബി തങ്ങൾക്ക് ഒരു ജൂത സ്ത്രീ വിഷം കലർന്ന ഭക്ഷണം നൽകി വധശ്രമം നടത്തിയ ചരിത്രം സുവിധമാണല്ലോ. അവരുടെ ക്ഷണം ചില സമയങ്ങളിൽ നബി സ്വീകരിക്കുമായിരുന്നു എന്ന് ഇതിൽ നിന്ന് മനസ്സിലാക്കാം. മദീനയില്‍ ജൂതന്മാരുമായി മുസ്‌ലിംകള്‍ കച്ചവടത്തിലേര്‍പെട്ടിരുന്നു. ചരക്കുകള്‍ പരസ്പരം കൈമാറിയിരുന്നു. മദീനയിലെ അക്കാലത്തെ ജൂതന്മാരുടെ പ്രസിദ്ധ ചന്തകളിലൊന്നായിരുന്നു ‘സൂഖ് ബനീ ഖൈനുഖാഅ്’. മുസ്‌ലിംകള്‍ അവിടെ പോയി സാധനങ്ങള്‍ വാങ്ങുകയും കൈമാറ്റം നടത്തുകയും ചെയ്തിരുന്നു. ചിലപ്പോഴെക്കെ ജൂതന്മാര്‍ പ്രകോപനം സൃഷ്ടിക്കുമായിരുന്നെങ്കിലും ക്ഷമ കൈവിടാതെയാണ് പ്രവാചകന്‍ അവരെ അഭിമുഖീകരിച്ചിരുന്നത്. വേദക്കാരോട് ഏറ്റവും നല്ല രീതിയിലല്ലാതെ നിങ്ങള്‍ സംവാദം നടത്തരുതെന്ന ഖുര്‍ആനികാഹ്വാനവും സാമൂഹികാന്തരീക്ഷം സുസ്ഥിതിയോടെ നിലനില്‍ക്കേണ്ടതിന്‍റെ അനിവാര്യതയിലേക്കാണ് വിരല്‍ചൂണ്ടുന്നത്. അയല്‍വാസികള്‍ അന്യമതസ്ഥരാണെങ്കിലും അവരോട് നല്ലനിലയില്‍ വര്‍ത്തിക്കണമെന്നും ആവശ്യമായ സഹായങ്ങള്‍ നല്‍കണമെന്നും പ്രവാചകന്‍ പഠിപ്പിച്ചിട്ടുണ്ട്.
മാതാപിതാക്കളും അടുത്ത ബന്ധുക്കളും അന്യമതസ്ഥരാണെങ്കിലും അവരോട് നല്ലനിലയില്‍ പെരുമാറാനും കരുണ കാണിക്കാനും പ്രവാചകന്‍ കല്‍പിച്ചിട്ടുണ്ട്. അവര്‍ക്ക് പുണ്യം ചെയ്യുന്നതില്‍നിന്ന് പ്രവാചകന്‍ തടഞ്ഞിരുന്നില്ല. അബൂബക്കർ(റ) യുടെ മകൾ അസ്മാ ബീവി ഒരിടത്ത് പറയുന്നുണ്ട്, ഒരിക്കൽ എന്റെ മാതാവ് എന്നെ കാണാൻ വന്നു എന്ന്. അബൂബക്കർ(റ)വിന്റെ ആദ്യ ഭാര്യ ഖുതൈല ബിൻതു അബ്ദിൽ ഉസ്സാ ആയിരുന്നു മാതാവ്. അവർ വിശ്വാസിനിയായിരുന്നില്ല. മാതൃസഹജമായ സ്നേഹം കൊണ്ടുള്ള വരവായിരുന്നു അത്. മക്കയിൽ നിന്ന് മദീന വരെ നടന്നുവന്ന് വീട്ടിൽ കയറിയപ്പോൾ ആ മനസ്സിലെ സ്നേഹം എനിക്ക് വായിക്കാൻ കഴിഞ്ഞു. ഹുദൈബിയ സന്ധിക്കുശേഷം കൈവന്ന സമാധാനാന്തരീക്ഷത്തിലായിരുന്നു വരവ്. പക്ഷേ മാതാവ് ഇപ്പോഴും അവിശ്വാസിനിയാണ് എന്നതിനാൽ എനിക്കവരെ സ്വീകരിക്കാനോ പരിചരിക്കാനോ പറ്റുമോ എന്നായി എന്റെ ആശങ്ക. അതിനാൽ അത് ഞാൻ നബി(സ)യോട് പോയി ചോദിച്ചു. നബി പറഞ്ഞു: 'പറ്റും നിന്റെ ഉമ്മയുമായുള്ള ബന്ധം കാത്തുസൂക്ഷിക്കുക' (അഹ്മദ്) അന്യമതസ്ഥരുടെ ജനാസയോടും പ്രവാചകന്‍ ആദരവ് കാണിച്ചു.
ഒരിക്കല്‍ നബി(സ)യുടെ അരികിലൂടെ ഒരു മൃതശരീരം കൊണ്ടുപോയപ്പോള്‍ പ്രവാചകന്‍ എഴുന്നേറ്റുനിന്നു. അതൊരു ജൂതന്റെ മൃതദേഹമാണെന്ന് ആരോ പറഞ്ഞപ്പോള്‍, പ്രവാചകന്റെ മറുപടി ‘അതൊരു മനുഷ്യനല്ലേ’ എന്നായിരുന്നു. അന്യമതസ്ഥരോട് ചതിയും വഞ്ചനയും കാണിക്കരുതെന്ന് നബി(സ) പറഞ്ഞിട്ടുണ്ട്. യുദ്ധത്തില്‍ അംഗഛേദം നടത്തരുതെന്നും ഉണര്‍ത്തിയിട്ടുണ്ട്. അന്യമത വിഭാഗങ്ങളോട് വളരെ വീട്ടുവീഴ്ചാമനോഭാവത്തോട് കൂടിയായിരുന്നു നബി(സ) പെരുമാറിയിരുന്നത്. മുസ്‌ലിം, അമുസ്‌ലിം എന്ന വ്യത്യാസമില്ലാതെ എല്ലാവരോടും നീതിപാലിക്കാനാണ് ഇസ്‌ലാമിന്റെ തേട്ടം. പ്രവാചകന്‍ (സ) യെപ്പോലെത്തന്നെ പിന്നീട് അനുചരന്മാരും ഇതര സമുദായങ്ങളെ പരിഗണിക്കുകയും അവരുടെ അവകാശങ്ങളെ സംരക്ഷിക്കുകയും ചെയ്യുമായിരുന്നു.
ഖലീഫ അബൂബക്കർ(റ) ഹീറാ നിവാസികളോടുണ്ടാക്കിയ സന്ധിയിലിങ്ങനെ കാണാം; ’അവരുടെ ആരാധനാലയങ്ങളും കനീസയും ശത്രുക്കളില്‍ നിന്നും രക്ഷ നേടുന്ന കോട്ടയും പൊളിക്കപ്പെടുന്നതല്ല. മണിയടിക്കുന്നതോ പെരുന്നാളിന് കുരിശ് എഴുന്നള്ളിക്കുന്നതോ തടയപ്പെടുന്നതുമല്ല’. രണ്ടാം ഖലീഫ ഉമര്‍(റ) ഈയിലാവാസികളുമായുണ്ടാക്കിയ വ്യവസ്ഥകള്‍ ഇപ്രകാരമാണ്; അല്ലാഹുവിന്‍റെ അടിമയും മുഅ്മിനീങ്ങളുടെ നേതാവുമായ ഉമര്‍ ഈലിയാ വാസികള്‍ക്ക് നല്‍കുന്ന സംരക്ഷണമാണിത്. ’എല്ലാവരുടെയും ചര്‍ച്ചുകള്‍ക്കും കുരിശുകള്‍ക്കും മത സംബന്ധമായ എല്ലാത്തിനും സംരക്ഷണം ഉറപ്പു നല്‍കുന്നു. ആരുടെയും ചര്‍ച്ചുകള്‍ വാസസ്ഥലമാക്കുകയോ നശിപ്പിക്കുകയോ അരുത്. അവയോട് ചേര്‍ന്നു നില്‍ക്കുന്ന വസ്തുവഹകള്‍ കുറച്ച് കളയരുത്. അതുപോലെത്തന്നെ അവരുടെ സ്വത്തുക്കളെയോ കുരിശുകളെയോ പിടിച്ചെടുക്കരുത്. വിശ്വാസ കാര്യങ്ങളില്‍ ആരുടെയും മേല്‍ പ്രതിബന്ധമുണ്ടാക്കുകയോ മതം മാറ്റത്തിന് നിര്‍ബന്ധിക്കുകയോ അരുത്. ആരെയും ഉപദ്രവിക്കാനും പാടില്ല’. (ത്വബരി) ‘ഉടമ്പടികള്‍ക്ക് വിധേയമായവനെ (ദിമ്മി) ഉപദ്രവിക്കുകയോ അമിതമായ നികുതി ചുമത്തുകയോ ചെയ്യുന്നവനെതിരെ അന്ത്യദിനത്തില്‍ ഞാന്‍ വാദിക്കുന്നതാണെന്ന്’ നബി തങ്ങള്‍ പ്രഖ്യാപിച്ചിട്ടുണ്ട്.
o
0 Comments
No comments yet.
Leave a Comment
© www.thdarimi.in. All Rights Reserved. Designed by zainso