Thoughts & Arts
Image

പലിശ രഹിത ബാങ്കിംഗിലേക്ക്

21-10-2023

Web Design

15 Comments

ടി എച്ച് ദാരിമി



വിധേയനാകുന്നവന്റെ വേദനയെയും വിഷമത്തെയും ലാഭവും നേട്ടവുമായി പരിവർത്തിപ്പിച്ചെടുക്കുന്ന ക്രൂരവും മനുഷ്യത്വരഹിതവുമായ ഒരു ഇടപാടാണ് പലിശ എന്നത് എന്ന് അനുഭവത്തിൽ നിന്നും നമുക്കു പറയാം. അതിനാൽ തന്നെ മനുഷ്യന് ആശയ സംരക്ഷണം നൽകുവാൻ വന്ന മതങ്ങളും പ്രത്യയശാസ്ത്രങ്ങളും മഹാത്മാക്കളും ചിന്തകരുമെല്ലാം പലിശ എന്ന ചൂഷണത്തിനെതിരെ നിന്നിട്ടുണ്ട്. അസ്സബ്ഉല്‍ മൂബീഖാത്തി(വിനാശകരങ്ങളായ ഏഴു വൻ കുറ്റങ്ങളി)ലെ നാലാമത്തെ വന്‍പാപമായി എണ്ണിയ പാപമാണ് ഇസ്ലാമിൽ പലിശ. പാവപ്പെട്ടവന്റെ പരിതാപാവസ്ഥ ചൂഷണം ചെയ്യലും അര്‍ഹതയില്ലാതെ അന്യരുടെ പണം കൈക്കലാക്കലുമാണ് അതിലൂടെ സംഭവിക്കുന്നത്. മോഷണത്തെക്കാള്‍ ഗുരുതരമായ പാപമാണ് പലിശ എന്ന് ഇസ്ലാം സിദ്ധാന്തിക്കുന്നു. അല്ലാഹു പറയുന്നു: 'സത്യവിശ്വാസികളേ, നിങ്ങള്‍ അല്ലാഹുവെ സൂക്ഷിക്കുകയും പലിശ വകയില്‍ ബാക്കി കിട്ടാനുള്ളത് വിട്ടുകളയുകയും ചെയ്യേണ്ടതാണ്. നിങ്ങള്‍ (യഥാര്‍ഥ) വിശ്വസികളാണെങ്കില്‍. നിങ്ങള്‍ അങ്ങനെ ചെയ്യുന്നില്ലെങ്കില്‍ അല്ലാഹുവിന്റെയും റസൂലിന്റെയും പക്ഷത്തു നിന്ന് (നിങ്ങള്‍ക്കെതിരിലുള്ള) സമര പ്രഖ്യാപനത്തെ പറ്റി അറിഞ്ഞുകൊള്ളുക.'(അല്‍ബഖറ: 278, 279). അല്ലാഹുവും അവന്റെ പ്രവാചകനും യുദ്ധം പ്രഖ്യാപിച്ചിരിക്കുന്ന ചൂഷണമാണ് ഇസ്ലാമിക വ്യവസ്ഥിതിയിൽ പലിശ എന്നാർഥം. ഇതാണ് മതങ്ങളുടെ കൂട്ടത്തിലെ ഏറ്റവും വ്യക്തമായ ദർശനം. ജൂതരുടെ ആദർശത്തിലും പലിശ നിഷിദ്ധം തന്നെയാണ്. പക്ഷെ, അവരുടെ ആദർശത്തിന് ചില വർഗ്ഗീയ ഭാവങ്ങൾ ഉണ്ട്. നിയമങ്ങളിൽ അവരുടെ സമുദായത്തിന് ഒരു നിയമവും മറ്റുള്ളവർക്ക് വേറെ ഒരു നിയമവുമാണ്. അവരുടെ നിയമങ്ങൾ പൊതുവെ മനുഷ്യനെയല്ല, ഇസ്റയേൽ സന്തതികളെയാണ് കാണുന്നത്. മറ്റുളളവരോട് എന്തുമാവാം. അതിനാൽ സ്വന്തം സമുദായത്തിൽ പെട്ടവരിൽ നിന്ന് പലിശ വാങ്ങുകയോ കൊടുക്കുകയോ ചെയ്യരുത് എന്നാണ് നിയമം. പഴയ നിയമം പറയുന്നു: 'നിങ്ങളുടെ സഹോദരന് വെള്ളിക്കോ ഭക്ഷണത്തിനോ പലിശ നേടാനാകുന്ന ഒന്നിനോ പലിശ ഈടാക്കരുത്. അന്യജാതിക്കാരനോടു പലിശ ഈടാക്കാം, എന്നാൽ നീ കൈവശമാക്കാൻ ചെല്ലുന്ന ദേശത്ത് നീ ചെയ്യുന്ന എല്ലാ കാര്യങ്ങളിലും നിന്റെ ദൈവമായ യഹോവ നിന്നെ അനുഗ്രഹിക്കത്തക്കവണ്ണം നിന്റെ സഹോദരനായ യിസ്രായേല്യനോട് പലിശ വാങ്ങരുത്' (ആവർത്തനം: 23: 19–20).



പണം കൈമാറ്റ പ്രക്രിയയില്‍ കൂടുതല്‍ പണം ആഗ്രഹിക്കാതിരിക്കുക എന്നാണ് ബൈബിളിന്റ അനുശാസനം (ലൂക്ക്: 6:35). ഹിന്ദു ധർമ്മത്തിൽ ഭീഷ്മർ പറഞ്ഞു: 'അനനുയോജ്യമായ പെരുമാറ്റത്തിൽ ഏർപ്പെടുന്നവരും, അമിതമായ പലിശ വാങ്ങുന്നവരും, നരകത്തിൽ മുങ്ങേണ്ടിവരും. (മഹാഭാരതം, അനുശാസന പർവ്വം, വിഭാഗം XXIII) 'പലിശ വാങ്ങുന്ന ബ്രാഹ്മണന്‍ ക്ഷുദ്രനായി പോകുന്നതാണ്' എന്നാണ് മനുസ്മൃതിയിലെ വചനം. കേവലം പ്രയത്‌നമില്ലാതെ പണം പണത്തെ ഉല്‍പാദിപ്പിക്കുന്നത് നിരോധിക്കേണ്ടതാണ് എന്നാണ് അരിസ്റ്റോട്ടിലിന്റെ കാഴ്ചപ്പാട്. കമ്മ്യൂണിസവും പലിശയെ സാമ്പത്തിക വരുമാന മേഖലയിലെ ഒരു ചൂഷണമായാണ് കാണുന്നത്. കാറല്‍മാക്‌സിന്റെയും മാവോസേതൂങ്ങിന്റെയും ഈ അർഥത്തിലുള്ള പ്രഖ്യാപനങ്ങൾ ഇതിന് തെളിവാണ്. ഈ ചൂഷണത്തെ മധുരം തേച്ചും സ്വർണ്ണം പൂശിയും സാധാരണ ജനങ്ങളെ കബളിപ്പിക്കുവാനെന്നോണം ആധുനിക സാമ്പത്തിക ലോകം തട്ടിക്കൂടിയ ഒരു പദ്ധതിയാണ് ബാങ്കിംഗ്. ധനകാര്യ സ്ഥാപനം എന്ന ഓമനപ്പേരും ജനങ്ങളെ കടം കൊടുത്ത് സഹായിക്കാനുള്ള പദ്ധതി എന്ന പ്രചരണവും പകരമായി തുഛമായ തുക മാത്രമേ ഈടാക്കുകയുള്ളൂ എന്ന മുൻകൂർ ന്യായീകരണവും നിങ്ങളുടെ സമ്പാദ്യങ്ങൾക്ക് സുരക്ഷിതത്വത്തോടൊപ്പം വളർച്ചയും എന്ന വാഗ്ദാനവും എല്ലാം ചേർന്നുനിന്നാൽ അതൊരു ബാങ്കായി. സത്യത്തിൽ ഇത്തരം കുറേ വർത്തമാനക്കസർത്തകൾ നടത്തുകയും പിന്നിൽ പാവപ്പെട്ടവന്റെ കീശയിൽ കയ്യിട്ട് കഴുത്തിനു പിടിച്ച് ഞെരുക്കുകയുമാണ് ബാങ്കുകൾ ചെയ്യുന്നത്. ഇതെല്ലാം ചെയ്യാൻ ബാങ്കിന്റെ കയ്യിൽ ധാരാളം പണം സൂക്ഷിച്ചു വെച്ചിരിക്കുകയാണ് എന്നു കരുതിയാൽ തെറ്റി. വെറുമൊരു വാചകക്കസർത്തും ഊഹകച്ചവടവും മാത്രമാണ് ബാങ്കിംഗ്.



ചെറിയ ഒരു ഉദാഹരണം വഴി ഈ കച്ചവടം മനസ്സിലാക്കാം. ഒരു കർഷകൻ തന്റെ സമ്പാദ്യമായ പത്തു ലക്ഷം ബാങ്കിൽ നിക്ഷേപിച്ചു എന്നു കരുതുക. ഇതേ സമയം ഒരു കച്ചവടക്കാരന് കച്ചവടം തുടങ്ങാൻ തൽക്കാലം പണമില്ല. അവൻ ആ ബാങ്കിൽ നിന്ന് പത്തു ലക്ഷം രൂപ ലോണിന് അപേക്ഷിച്ചു. ബാങ്ക് നേരത്തെ ഇട്ട കർഷകന്റെ പണമായ പത്തു ലക്ഷം എടുത്ത് കച്ചവടക്കാരന് നൽകുന്നു. ലോൺ കൊടുക്കുമ്പോൾ ആദ്യമേ പിടിച്ചു വെക്കുന്ന പത്തു ശതമാനം കിഴിച്ചാണ് പത്തു ലക്ഷം എന്ന് കണക്കിൽ വെച്ച് ബാങ്ക് നൽകുക. കച്ചവടക്കാരൻ ഹോൾ സെയിലറിൽ നിന്ന് പത്തു ലക്ഷം രൂപക്ക് സാധനങ്ങൾ വാങ്ങുന്നു. ഹോൾ സെയിലർ തനിക്ക് സാധനം വിറ്റു കിട്ടിയ പത്തു ലക്ഷം ബാങ്കിൽ തന്നെ നിക്ഷേപിക്കുന്നു. വീണ്ടും കച്ചവടക്കാരന് തന്റെ കച്ചവടം വിപുലീകരിക്കുവാൻ പണം ലോണെടുക്കണം. കാരണം കച്ചവടത്തിൽ ഇരുവരെ കിട്ടിയ ലാഭമെല്ലാം ആദ്യത്തെ ലോണിന്റെ പലിശ തിരിച്ചടവിനും ചെലവായി. വീണ്ടും ലോണെടുക്കുമ്പോൾ ബാങ്ക് അവന് നൽകുന്നത് ഹോൾ സെയിലർ നിക്ഷേപിച്ച പണമാണ്. ഫലത്തിൽ ബാങ്കിന് പണച്ചെലവൊന്നുമില്ല. കർഷകനും ഹോൾ സെയിലറും നിക്ഷേപിച്ച പണം കൊടുതത്ത് സ്വന്തമായി പലിശയിനത്തിലും കൂട്ടുപലിശ ഇനത്തിലുമായി പണം നേടുകയും കൊടുക്കുകയും കൊടുപ്പിക്കുകയും മാത്രമാണ് ചെയ്യുന്നത്. ഇവിടെ ബാങ്ക് കച്ചവടക്കാരനെ സഹായിക്കുന്നില്ലേ എന്നു ചോദിച്ചാൽ ഉണ്ട് എന്നു പറയാം. പക്ഷെ, കച്ചവടക്കാരന്റെ ആവശ്യത്തെ മറ്റൊരാളുടേത് എടുത്തു കൊടുത്ത് സഹായിക്കുകയും ആ സഹായത്തിന് ഇടവെട്ടായി പണമുണ്ടാക്കുകയുമാണ്. ഉദാഹരണത്തിലെ കച്ചവടക്കാരൻ എന്ന ഗുണഭോക്താവ് കടം തിരിച്ചടക്കണമെന്നല്ല, വീണ്ടും അവൻ കടം വാങ്ങാൻ വരണമെന്നാണ് ബാങ്ക് ആഗ്രഹിക്കുന്നത്. വന്നില്ല എങ്കിൽ അത് നിരാശയല്ല അധികം സന്തോഷമാണ് ബാങ്കിന് നൽകുക. കാരണം അപ്പോൾ ബാങ്കിന്റെ കണ്ണ് കച്ചവടക്കാരന്റെ വസ്തുവകകൾ ജപ്തി ചെയ്യുന്നതിലായിയിരിക്കുമല്ലോ. ബാങ്ക് വ്യവസ്ഥിതിയുടെ ഏറ്റവും സരളമായ ഈ ഉദാഹരണത്തിൽ നിന്നും ബാങ്കിംഗ്‌, ഇൻഷൂറൻസ്, ക്രെഡിറ്റ് കാർഡുകൾ തുടങ്ങി പലിശയധിഷ്ടിത ഇടപാടുകളെല്ലാം ചൂഷണം മാത്രമാണ് എന്നതു വ്യക്തമാണ്.



ഇത്രയും വ്യക്തമായിട്ടും എന്തു കൊണ്ട് ബാങ്കിംഗ് ഇത്ര വളർന്നു, ലോകത്തിന്റെ സമ്പദ്ഘടന തന്നെ പലിശയിലധിഷ്ടിതമായി എന്നൊക്കെയുള്ള ചോദ്യങ്ങൾക്ക് തിരിച്ചറിവിനെ മറികടക്കാൻ സാഹചര്യങ്ങൾ അനുവദിക്കാത്ത ദയനീയമായ ദുര്യോഗം എന്നല്ലാതെ മറ്റൊരു മറുപടിയുമില്ല. സഹായത്തിന് പകരം പണം കിട്ടുമെന്ന സാഹചര്യം വന്നതോടെ സാമ്പത്തികമായി കഴിവുള്ളവർ വെറുതെയുള്ള സഹായങ്ങൾ നിയന്ത്രിക്കുവാൻ തുടങ്ങി. ബാങ്കുകൾ കേന്ദ്ര ഭരണകൂടമായും രാജ്യത്തിന്റെ സാമ്പത്തിക നട്ടെല്ലായ റിസർവ്വ് ബാങ്കുമായും അത് പിന്നെയും ലോക ബാങ്കുമായുമെല്ലാം ബന്ധിപ്പിക്കപ്പെട്ടതോടെ തങ്ങളുടെ പണവും സഹായം പോലും ബാങ്കുകൾ കൂടുതൽ സുരക്ഷിതമാക്കുന്നു എന്നു വന്നതും ബാങ്കിംഗ് മേഖല വളരാൻ വഴിയൊരുക്കി. എന്നാൽ മനുഷ്യന്റെ ഈ വിഷയത്തിലുള്ള ദയനീയതയെ പരിഹരിക്കുവാനോ പരിഗണിക്കുവാനോ മതങ്ങളോ ഇസങ്ങളോ കാര്യമായി ഇടപെട്ടതുമില്ല. നേരത്തെ നാം വിവരിച്ചതുപോലെ പ്രമാണങ്ങളിലും പ്രഖ്യാപനങ്ങളിലും മാത്രം അവയുടെ പലിശ വിരോധം ഒതുങ്ങി. ലോകത്തെ ഏറ്റവും വലിയ ബാങ്കിംഗിനുള്ള പിന്തുണ ഇപ്പോൾ ജൂതരുടെയും ക്രൈസ്തവരുടെയും ഭാഗത്തുനിന്നാണ്. അവരുടെ കൈകളിൽ ഉള്ള വേദഗ്രന്ഥങ്ങളിൽ പലിശയെ അഭിശപ്തമായി കാണുന്നു എന്നത് അവർ ഗൗനിക്കുന്നില്ല. കമ്മ്യൂണിസ്റ്റുകൾ അടക്കമുള്ളവരുടെ ഈ വിഷയത്തിലെ നിലപാടും മറ്റൊന്നല്ല. എന്നാൽ എന്തുകൊണ്ടാണ് ഈ മതങ്ങളും ആശയങ്ങളും പ്രമാണത്തിൽ ഉള്ള ആശയത്തിന് കൂടെ മുന്നോട്ടു പോവാത്തത് എന്ന് ചിന്തിക്കുമ്പോൾ നമുക്ക് അതിന്റെ പ്രധാനമായ ഒരു ന്യായം ലഭിക്കും. പലിശ നിഷിദ്ധമാണ് എന്നു മാത്രം പറഞ്ഞ് നിൽക്കുന്ന ആ പ്രത്യയ ശാസ്ത്രങ്ങൾ സാമ്പത്തിക വളർച്ച നേടുവാൻ എന്തെങ്കിലും ഒരു ബദൽ അവയൊന്നും മുന്നോട്ടുവെക്കുന്നില്ല എന്നതാണ് അത്. അതിനാലാണ് ആ മതങ്ങളോ ആശയങ്ങളോ ഒന്നും ഇക്കാര്യത്തിൽ മുന്നോട്ട് പോവാത്തത്. ഇസ്ലാം പക്ഷേ, ഇക്കാര്യത്തിൽ ഏറെ മുന്നോട്ടു പോകുന്നുണ്ട്. ഇസ്ലാമിന്റെ എല്ലാ നിലപാടുകളും ഇത്തരം ഒരു പ്രത്യേകത ഉൾക്കൊള്ളുന്നുണ്ട്. അഥവാ മനുഷ്യന്റെ മുമ്പിൽ വരുന്ന പ്രശ്നത്തെ അതിന്റെ ആദ്യഘട്ടത്തിൽ മാത്രം സമീപിച്ച് പിന്നോട്ട് മാറുകയല്ല ഇസ്ലാം ചെയ്യുന്നത്. മറിച്ച് ആ പ്രശ്നത്തിന്റെ മുമ്പിൽ വെച്ച് തന്നെ മനുഷ്യന്റെ കരംഗ്രഹിച്ച് അവനെ അതിൽ നിന്ന് രക്ഷപ്പെടുത്തുന്നതോടൊപ്പം തുടർന്ന് ശരിയായ വഴിയിലൂടെ മുന്നോട്ടു പോകുവാൻ പ്രചോദിപ്പിക്കുകയും സഹായിക്കുകയും അങ്ങനെയങ്ങനെ അവന്റെ കാൽപാദങ്ങൾ സ്വർഗ്ഗത്തിൽ എത്തുന്നത് വരേക്കും ഒപ്പം നിൽക്കുകയും ചെയ്യുന്നു എന്നതാണ് ഇസ്ലാമിന്റെ സവിശേഷത. ഈ സവിശേഷത കാരണമാണ് ഇസ്ലാമിനെ ഒരു സമ്പൂർണ്ണ വ്യവസ്ഥിതിയായി കാണുന്നതും പറയുന്നതും.



ഇസ്‌ലാം പലിശയേയും പലിശയിലേക്ക് നീങ്ങുന്ന സാഹചര്യങ്ങളേയും നിഷിദ്ധമായി പ്രഖ്യാപിച്ചിട്ടുണ്ട്. പലിശ നിരോധിക്കുമ്പോള്‍ ഒരു പലിശരഹിത സാമുഹിക ക്രമം എങ്ങനെ രൂപീകരിക്കണം എന്നത് ഇസ്ലാം മുന്നോട്ട് വെക്കുന്നുണ്ട്. അതിന് ഇസ്ലാം മുന്നോട്ട് വെക്കുന്നത് ഏഴോളം സാമ്പത്തിക സങ്കേതങ്ങളെയാണ്. ഈ ഏഴു മാർഗ്ഗങ്ങളിൽ ഒന്നിനെ ഉപയോഗപ്പെടുത്തി മനുഷ്യന് അവന്റെ സമ്പത്തിനെ വളർത്തുവാനും ലാഭ നഷ്ടവിഹിതങ്ങളെ എല്ലാം വളരെ മാന്യമായും നീതിപൂർവ്വകമായും കൈകാര്യം ചെയ്യാനുമാകും എന്ന് ഇസ്ലാമിക സാമ്പത്തിക ശാസ്ത്രം സിദ്ധാന്തിക്കുന്നു. ഏഴ് എന്ന് പറയുമ്പോൾ തന്നെ അവ സത്യത്തിൽ ഏഴിൽ ഒതുങ്ങുന്നില്ല. കാരണം, മനുഷ്യന്റെ ആവശ്യങ്ങളും അവന്റെ ലോകം അനിവാര്യമായും നേരിടുന്ന ഘട്ടങ്ങളും ഇസ്ലാം എല്ലാ കാര്യങ്ങളിലും എന്നപോലെ ഇക്കാര്യത്തിലും മുന്നിൽ കാണുന്നുണ്ട്. അതിനാൽ ഈ ഏഴു മാർഗ്ഗങ്ങളെ പരസ്പരം യോജിപ്പിച്ചും ചേര്‍ത്തും വേറെയും മാർഗ്ഗങ്ങൾ സ്വയമായി ഉണ്ടാക്കുകയും ചെയ്യാവുന്നതാണ്. അങ്ങനെ വരുമ്പോൾ അത് നിഷിദ്ധമായ മറ്റൊന്നായി മാറുകയില്ല ചെയ്യുക. കാരണം അതിനു വേണ്ടി ഉപയോഗപ്പെടുത്തുന്ന ഘടകങ്ങൾ അനുവദനീയമാണ്. അനുവദനീയമായ ഘടകങ്ങൾ ചേർന്ന് ഉണ്ടാകുന്നവ അനുവദനീയമായിരിക്കും എന്നത് ഒരു സാമാന്യ നിലപാടാണ്. ഇങ്ങനെ മൊത്തത്തിൽ ഏകദേശം പത്തൊമ്പതോളം സാമ്പത്തിക വ്യവഹാര മാർഗ്ഗങ്ങളായി ഇവയെ പ്രയോഗതലത്തില്‍ ഉപയോഗിക്കാം. മുളാറബ (PLS-Profit Loss Sharing), മുശാറക്ക (Joint venture ,Partnership), മുറാബഹ (വസ്തു സ്വന്തമാക്കാൻ വേണ്ടി വന്ന ചിലവിലേക്ക് ലാഭം ചേർത്ത് വ്യാപാരം നടത്തി ലഭിക്കുന്ന ലാഭത്തെ പങ്കാളികളിൽ വിഹിതം വെക്കുന്ന ഇടപാട്), ഇജാറ (leasing method), മുഅജ്ജല്‍ (limited debit payment sale system എന്ന പണം പിന്നീട് നല്‍കുന്ന കച്ചവട സമ്പ്രദായം), ബയ്അ്‌ സലം (forward buying - മുന്‍കൂര്‍ കച്ചവടം), ഖര്‍ള് ഹസന്‍ (Benevelant - പലിശരഹിത വായ്പ) എന്നിവയാണ് ഈ ഏഴെണ്ണം. ഈ സാമ്പത്തിക സങ്കേതങ്ങളെയും സംവിധാനങ്ങളെയും ഫലപ്രദമായി സ്ഥാപനവൽക്കരിച്ച് നടത്തുകയാണ് എങ്കിൽ പലിശ എന്ന ചൂഷണത്തിൽ നിന്ന് വ്യക്തമായും രക്ഷപ്പെടാം എന്ന് ആധുനിക സാമ്പത്തിക ലോകം കണ്ടെത്തിയിട്ടുണ്ട്. പക്ഷേ പലിശയധിഷ്ഠിത ധനകാര്യ സ്ഥാപനങ്ങളുടെ നീരാളി പിടുത്തം സർവ്വതലങ്ങളിലും മുറുകി നിൽക്കുന്നതിനാൽ പലപ്പോഴും ഇങ്ങനെ ചിന്തിക്കുവാൻ സ്വതന്ത്ര ലോകത്തെ സാഹചര്യങ്ങൾ അനുവദിക്കുന്നില്ല എന്നതാണ് ഖേദകരം.



എന്നാൽ ഇതിന് ആധുനിക ലോകം ധൈര്യം കാണിച്ചു എന്നതാണ് നമ്മുടെ വർത്തമാനകാല അനുഭവവും വർത്തമാനവും. അങ്ങനെ ഉണ്ടായവയാണ് ഈ അർത്ഥത്തിലുള്ള ലോകത്തെ നവ സാമ്പത്തിക വിനിമയ മുന്നേറ്റങ്ങളായ പലിശരഹിത ബാങ്കുകൾ. ഇവ പക്ഷേ അധികവും അറിയപ്പെടുന്നത് ഇസ്ലാമിക ബാങ്കുകൾ എന്നോ അൽ ബറക്ക ബാങ്കിംഗ് ബാങ്കിംഗ് എന്നോ ശരീഅ ഫിനാൻസ് എന്നോ സീറോ റേറ്റ് ഫൈനാന്‍സിംഗ്, പങ്കാളിത്ത സാമ്പത്തിക ക്രമം എന്നോ, ആസ്തിയധിഷ്ടിത ധനവിനിയോഗം എന്നോ ഉള്ള പേരുകളിൽ ഒക്കെയാണ്. സത്യത്തിൽ അങ്ങനെയുള്ള പേരുകൾ ഈ സംവിധാനത്തിന് അനിവാര്യമൊന്നുമല്ല. മേൽപ്പറഞ്ഞ സങ്കേതങ്ങളെയും സംവിധാനങ്ങളെയും പലിശരഹിത സാമൂഹികക്രമത്തിന്റെ രൂപവത്കരണത്തിന് വേണ്ടി ഇതര പ്രസ്ഥാനങ്ങള്‍ക്കും പ്രത്യശാസ്ത്രങ്ങള്‍ക്കും അവതരിപ്പിക്കാന്‍ കഴിയാതെ പോയതുകൊണ്ടാണ് ഇന്ന് ലോകത്ത് നിലവിലുള്ള പലിശരഹിത ബേങ്കുകള്‍ ഇസ്‌ലാമിക് ബേങ്കിംഗ് എന്ന പേരിൽ അറിയപ്പെടുന്നത്. ഒപ്പം ഇതിന്റെ പിന്നിൽ മറ്റൊരു ഗൂഢമായ അജണ്ട കൂടി ഉണ്ടാകും. പലിശയധിഷ്ഠിത ബാങ്കിംഗ് സ്ഥാപനങ്ങളുടെ ഗൂഢാലോചനയാണ് പ്രത്യേകമായും അത്. അവർ ഇത് ഇസ്ലാമിന്റെയും മുസ്ലിമീങ്ങളുടെയും ഒരു തീവ്ര സാമ്പത്തികതയാണ് എന്ന് സ്ഥാപിക്കുവാൻ ശ്രമിക്കുകയാണ്. അതുകൊണ്ട് അവർ അതിനെ പേരിൽ തന്നെ അങ്ങനെ വായിക്കാവുന്ന ഒരു പേരിൽ പ്രചരിപ്പിക്കുകയും ചെയ്തുവരുന്നു. ഇസ്ലാമിക പേരിൽ ഏത് രാജ്യത്തെ കേന്ദ്രീകൃത ബാങ്കിൽ നിന്ന് അംഗീകാരം തേടി വന്നാലും അത് ഇസ്ലാമിക തീവ്രവാദമായി പരിഗണിക്കുകയും പരിണമിക്കുകയും ചെയ്യുമെന്നും അതുവഴി തങ്ങളെ തങ്ങളുടെ സ്ഥാപനങ്ങളെ അടച്ചുപൂട്ടിക്കുന്ന, അടച്ചുപൂട്ടിച്ചേക്കാവുന്ന ഇങ്ങനത്ത ഒരു സംവിധാനത്തെ ഫലപ്രദമായി തടയാൻ കഴിയുകയും ചെയ്യും എന്ന് അത്തരക്കാർ മനക്കണക്ക് കൂട്ടുന്നു. ലോക മീഡിയയുടെയും ഇസ്ലാം വിരുദ്ധതയുടെയും പിന്തുണ നിർലോഭം ലഭിച്ചതിനാൽ അതങ്ങനെ പ്രചരിക്കുകയും ചെയ്തു. സത്യത്തിൽ മേൽപ്പറഞ്ഞ 7 സാമ്പത്തിക സങ്കേതങ്ങളിൽ അധിഷ്ഠിതമായ സാമ്പത്തിക വിനിമയ തത്വം ഒരു പലിശരഹിത ചൂഷണ മുക്ത സമൂഹത്തെ സൃഷ്ടിക്കുവാൻ വേണ്ടി മാത്രമുള്ളതാണ്. അതിനെ വേറിട്ട ഇസ്ലാമെന്ന് വിളിക്കേണ്ട ആവശ്യം വരുന്നില്ല. ഇത് ഇപ്പോൾ അൽപമൊക്കെ തിരുത്തപ്പെട്ടുവരുന്നുണ്ട്. അതിന് ദീർഘമായ സമയം വേണ്ടിവന്നു എന്നത് ഒരു സത്യവുമാണ്.



1940 കാലങ്ങളില്‍ പലിശ രഹിത ബേങ്കിംഗിനെ പടിഞ്ഞാറന്‍ രാജ്യങ്ങള്‍ പരിഹസിച്ച് തള്ളുകയായിരുന്നു. സാമ്പത്തിക വ്യവസ്ഥയുടെ അടിത്തൂണാണ് പലിശയെന്നും അതില്ലാത്ത ഒരു സാമ്പത്തിക ക്രമം അസാധ്യമാണെന്നും വരുത്തിത്തീര്‍ത്ത് നൂറ്റാണ്ടുകളായി ലോകത്തെ കൈപ്പിടിയിലൊതുക്കി ചൂഷണം ചെയ്തു വരികയായിരുന്ന ഭൗതിക വ്യവസ്ഥിതികളുടെ വിശിഷ്യാ മുതലാളിത്ത വ്യവസ്ഥിതികളുടെ നടത്തിപ്പുകാര്‍. അവരുടെ മുമ്പിലാണ് ഇതു സാദ്ധ്യമാണ് എന്നു തെളിയിക്കപ്പെട്ടത്. അള്‍ജീരിയ, ആസ്‌ത്രേലിയ, ബ്രിട്ടീഷ് വെര്‍ജിന്‍ ഐലന്റ്, ബ്രൂണെ, കാനഡ, സൈപ്രസ്, ഫ്രാന്‍സ്, ഈജിപ്ത്, ഗാംബിയ, ഇന്തോനേഷ്യ, ഇറ്റലി, ലക്‌സംബര്‍ഗ്, മലേഷ്യ, മൊറോക്കോ, നെതര്‍ലാന്‍ഡ്, റഷ്യ, ദക്ഷിണ ആഫ്രിക്ക, ശ്രീലങ്ക, സ്വിറ്റ്‌സര്‍ലാന്‍ഡ്, യു കെ, യു എസ്, ഫിലിപ്പൈന്‍സ് തുടങ്ങി എഴുപത്തഞ്ചോളം രാജ്യങ്ങളിൽ 650 ല്‍ പരം സ്ഥാപനങ്ങളായി വളരെ ഫലപ്രദമായ രീതിയില്‍ ഇന്ന് നടന്നുവരുന്നു. ഇതില്‍ ഇരുപതോളം രാജ്യങ്ങള്‍ മുസ്‌ലിം രാജ്യങ്ങളല്ലന്നെതും അവയില്‍ വളരെ പുരോഗതി കൈവരിച്ചിരിക്കുന്നത് ജര്‍മനിയിലാണെന്നതും ശ്രദ്ധേയമാണ്. ഇന്ത്യാ ഗവണ്‍മെന്റ് ഈ വിഷയം പഠിക്കാന്‍ റിസര്‍വ് ബേങ്കിേനോട് ആവശ്യപ്പെടുകയുണ്ടായി. അത് പ്രകാരം റിസര്‍വ്വ് ബേങ്ക് ഉന്നതതല കമ്മിറ്റിയെ നിയോഗിക്കുകയും ആ കമ്മിറ്റി പഠനം നടത്തുകയുമൊക്കെ ചെയ്യുകയുണ്ടായി. പക്ഷെ, ചില പഠനങ്ങൾ വൈകുന്നത് ഇന്ത്യയിൽ പതിവാണ്. ബാങ്കുകൾ അഭിമുഖീകരിക്കുന്ന ഏറ്റവും പ്രധാനപ്പെട്ട വെല്ലുവിളി മൂലധന സമാഹരണമാണ്. പലിശ എന്ന മധുരം നൽകി മാത്രമേ നിലവിലുള്ള ബാങ്കുകൾക്ക് മൂലധന സമാഹരണം സാധ്യമാകൂ. ഇതിന് ആക്കം കൂട്ടണമെങ്കിൽ പലിശ നിരക്ക് വർദ്ധിപ്പിക്കുവാൻ കഴിയണം. അതിന് റിസർവ്വ് ബാങ്ക് നിയന്ത്രണങ്ങൾക്കു പുറമെ ബിസ്നസ്സ് വിജയം കൂടി നേടണം. മൊത്തത്തിൽ സാമ്പത്തിക രംഗം മാന്ദ്യം നേരിടുന്നു എന്നു മാത്രമല്ല, സാമ്പത്തിക മാന്ദ്യം വേഗത്തിൽ മാറിവരുന്നുമില്ല. അതിനാലെല്ലാം പലിശ വഴി ആകർഷിച്ച് മൂലധനം സുരക്ഷിതമാക്കുവാൻ കഴിയാതെ വരുന്നുണ്ട്. ഈ വെല്ലുവിളി പക്ഷെ, പലിശ രഹിത ഇസ്ലാമിക ധനകാര്യ സ്ഥാപനങ്ങൾ നേരിടുന്നില്ല. അതിന് ഒരു കാരണം, ലാഭനഷ്ടങ്ങളില്‍ (PLS-Profit Loss Sharing ) പങ്കാളിത്തം നൽകുന്ന മുളാറബ സംവിധാനം അതിന്റെ ആശയത്തിൽ തന്നെ ആകർഷകവും ചോദന പ്രദാനവുമാണ്. ഇത് പലിശ ബാങ്കുകളും ഇസ്ലാമിക ബാങ്കുകളും തമ്മിലുളള ഒരു പ്രധാന വ്യത്യാസമാണ്. സാമ്പത്തിക ശാസ്ത്രജ്ഞൻമാരെ വരെ ആകർഷിച്ച ഘടകമാണിത്.



മറ്റൊരു വ്യത്യാസം പലിശ ബേങ്കുകള്‍ അഥവാ പരമ്പരാഗത ബാങ്കുകള്‍ പലിശയെ ആശ്രയിച്ച് നിലകൊള്ളുമ്പോള്‍ പലിശരഹിത ബേങ്കുകള്‍ ലാഭനഷ്ട വിതരണത്തെ ആണ് അവലംബമാക്കുന്നത് എന്നതാണ്. പലിശബേങ്കുകള്‍ കടം (debt) ഉണ്ടാക്കിത്തീര്‍ക്കുമ്പോള്‍ പലിശരഹിത ബേങ്കുകള്‍ ആസ്തി (Asset) ഉണ്ടാക്കിയും അതു വര്‍ധിപ്പിച്ചുമാണ് നിലനിൽക്കുന്നതും നീങ്ങുന്നതും. ഇവ രണ്ടും തമ്മിൽ വലിയ അന്തരമുണ്ട്. ഉദാഹരണമായി ഒരാള്‍ മറ്റൊരാൾക്ക് 20 ലക്ഷം രൂപ പലിശ വ്യവസ്ഥയിൽ കടം കൊടുത്ത് പലിശയായി അയ്യായിരം രൂപ വാങ്ങുന്നു അല്ലെങ്കിൽ സമ്പാദിക്കുന്നു. ഇതാണ് പലിശ ബാങ്കുകൾ ചെയ്യുന്നത്. എന്നാൽ പലിശ രഹിത ബാങ്കുകൾ ചെയ്യുന്നത് 20 ലക്ഷം രൂപ വിലയുള്ള ഒരു കെട്ടിടം നിർമ്മിച്ച് അത് 5000 രൂപ വാടകക്ക് കൊടുക്കുന്നു. രണ്ട് ബേങ്കുകളും തമ്മിലുള്ള ഒരു പ്രകട വ്യത്യാസം ഇവിടെ അനുഭവപ്പെടുന്നുണ്ട്. എന്നാൽ രണ്ടും ഒരു പോലെ തന്നെയല്ലേ, കിട്ടുന്നത് രൂപ അയ്യായിരം തന്നെയല്ലേ എന്ന ലളിതമായ ചോദ്യത്തിന് ഇവിടെ പ്രസക്തിയില്ല. രണ്ടിടത്തും പണം കയ്യിൽ വരുന്നത് രണ്ട് മനസ്സിൽ നിന്നാണ്. ഒന്നാമത്തേതിൽ ചൂഷണത്തിന്റെ ഒരു നിറവും മണവും പ്രകടമാണ്. രണ്ടാമത്തെ രംഗത്തിലാണെങ്കിൽ രണ്ടു പക്ഷത്തും ഒരു സംതൃപ്തി ഉണ്ട്. ഇടപാടുകളെ മാന്യവൽക്കരിക്കുന്നത് ഈ സംതൃപ്തിയാണ്. അക്രമിക്കരുത്, അക്രമിക്കപ്പെടുകയുമരുത് എന്നതാണ് ഇസ്ലാമിക വ്യവഹാരികതയുടെ അടിസ്ഥാനം.



മറ്റൊരു വ്യത്യാസം സാധാരണ ബാങ്കുകളിൽ പണം നിക്ഷേപിക്കുന്നത് പലിശക്കു വേണ്ടി മാത്രമാണ്. ഈ നിക്ഷേപത്തെ ബാങ്ക് എന്തു ചെയ്താലും അതിൽ ഡിപ്പോസിറ്റർക്ക് ഒന്നും പറയാനാകില്ല. കാരണം, അവരുമായി ഉള്ള കരാർ പണത്തിനും പലിശക്കും മാത്രമാണ്. അതേ സമയം പലിശരഹിത ബേങ്കില്‍ ഇന്‍വെസ്റ്റ്മെന്റ് അക്കൗണ്ടില്‍ പണം നിക്ഷേപിച്ചവര്‍ ബേങ്കുമായി രണ്ടുതരം കരാറിലാണ് ഏര്‍പ്പെടുന്നത്. ഒന്നാമതായി ഈ പണം ഉല്‍പാദന മേഖലയില്‍ ലാഭാര്‍ഥം നിക്ഷേപിക്കാനുള്ള അവകാശം ബാങ്കിന് നല്‍കുന്നു. രണ്ടാമതായി അത്തരം നിക്ഷേപങ്ങളില്‍ നിന്ന് വരുന്ന ലാഭത്തിന്റെ നിശ്ചിത ശതമാനം ബാങ്കിന് സര്‍വ്വീസ് ചാര്‍ജ് ആയി എടുത്ത് ബാക്കി ഡെപ്പോസിറ്റര്‍ക്ക് നല്‍കണം എന്നാണ്. പലിശാധിഷ്ഠിത ബാങ്കില്‍ സംരംഭകന്‍ ബിസിനസില്‍ 100% ശതമാനം ലാഭം നേടുമ്പോഴും മുതലുടമക്ക് ഒരു നിശ്ചിത ശതമാനം മാത്രം പലിശയായി നല്‍കുന്നു. അതുപോലെ സംരംഭകന്‍ നഷ്ടത്തിലാകുമ്പോഴും ഒരു നിശ്ചിത ശതമാനം പലിശയായി മുതലുടമക്ക് നല്‍കണം. ഇത് രണ്ടും സാമ്പത്തിക അനീതിയാണ്. തന്റെ പണം ഉപയോഗിച്ച് ഉണ്ടായതിന്റെ വലിയ പങ്ക് ബാങ്ക് കയ്യടക്കുന്നതും സംഗതിവശാൽ നഷ്ടം വന്നാൽ അത് നിക്ഷേപകൻ അറിയില്ല എന്ന് പറയുന്നതും അനീതിയാണ്. എന്നാല്‍ പലിശരഹിത ബാങ്കില്‍ ഇത് സംഭവിക്കുന്നില്ല. പലിശബാങ്കുകളില്‍ പലിശക്ക് വായ്പ എന്ന ഒരിനം മാത്രമേ പ്രധാന പ്രവര്‍ത്തനമായിട്ടുള്ളൂ എങ്കില്‍ പലിശരഹിത ബാങ്കില്‍ ഏഴ് സാമ്പത്തിക സങ്കേതങ്ങളിലൂടെ നിക്ഷേപകന്റെ പണത്തെ രക്ഷിക്കുവാൻ വിവിധ മാർഗ്ഗങ്ങൾ ഉണ്ട്. ഇങ്ങനെ ഒരുപാട് വ്യതിരിക്തതകൾ ഉള്ളതു കൊണ്ടും അവയൊക്കെയും മനസംതൃപ്തിയുള്ള സമ്പാദ്യവും സമ്പാദനവും നൽകുന്നതുകൊണ്ടുമാണ് പലിശരഹിത ബാങ്കുകൾ വളരുന്നത്. ഇസ്ലാം എന്ന വികാരത്തിനപ്പുറം ശാസ്ത്രീയമായ ഒരു സാമ്പത്തിക വ്യവസ്ഥിതിയുടെ സ്വീകാര്യതയാണ് ഇവിടെ അനുഭവപ്പെടുന്നത്.



ഇസ്ലാമിക് ബാങ്ക് എന്നത് അനിഷേധ്യമായ ഒരു യാഥാർത്ഥ്യമായി പുലർന്നുകഴിഞ്ഞു. വൻതോതിൽ ഉള്ള നിക്ഷേപമാണ് ദിനേന എന്നോണം ഈ രംഗത്ത് ഉണ്ടായിക്കൊണ്ടിരിക്കുന്നത്. ഈ രംഗത്തെ വളർച്ച ആകർഷകമായി തോന്നിയത് കൊണ്ടായിരിക്കാം പരമ്പരാഗത ബാങ്കുകൾ പോലും പലയിടത്തും ഇസ്ലാമിക് വിൻഡോകളും ബ്രാഞ്ചുകളും സ്ഥാപിക്കാൻ താല്പര്യപ്പെട്ടു വരുന്നുണ്ട്. അതിനാൽ ലോകമാസകലം ഇതൊരു സാമ്പത്തിക വ്യവസ്ഥിതിയായി വളരും എന്നത് പ്രത്യാശിക്കാം. ഇങ്ങനെ വരുമ്പോഴും ചില പ്രശ്നങ്ങൾ ഈ വിഷയത്തിൽ ഉണ്ട്. ഏതു കാര്യവും പ്രവർത്തി പഥത്തിൽ എത്തി മുന്നോട്ടു പോകുമ്പോൾ ആണ് ചെറുതെങ്കിലും ആയ പോരായ്മകൾ ശ്രദ്ധയിൽ വരിക. എല്ലാ അർത്ഥത്തിലും ചൂഷണ മുക്തമായ ഒരു സാമ്പത്തിക വ്യവസ്ഥിതിയാണ് ഇസ്ലാം മുന്നോട്ട് വെക്കുന്നത്. പണക്കാർക്ക് അനുകൂലമായും പാവങ്ങൾക്ക് എതിരായും സംഭവിക്കുന്നു എന്നതാണ് പലിശ കൊണ്ടുള്ള ഏറ്റവും പ്രധാനപ്പെട്ട വിപത്ത്. ഒരു വ്യവസായി ബാങ്കിൽ നിന്ന് ലോണെടുത്ത് വ്യവസായം നടത്തി വൻ ലാഭം നേടുമ്പോൾ ഇയാൾക്ക് ലോൺ കൊടുക്കുവാൻ വേണ്ടി ബാങ്ക് ഉപയോഗിച്ച നിക്ഷേപകന്റെ പണത്തിന്‌ തുഛമായ പലിശ വിഹിതം മാത്രമേ കിട്ടുന്നുള്ളൂ. അതു തന്നെ കുറക്കുവാൻ വേണ്ടി ബാങ്കുകൾ ഉൽപ്പാദനച്ചിലവിന്റെ പേരു പറഞ്ഞ് വീണ്ടും വെട്ടിച്ചുരുക്കുകയും ചെയ്യുന്നു. ഇതുണ്ടാവാതിരിക്കുവാൻ നിക്ഷേപകനും വ്യവസായിയും നേരിട്ട് ബന്ധപ്പെടുന്ന വ്യവസായങ്ങൾ ഉണ്ടാകുവാനും അങ്ങനെ ലാഭ വിഹിതം രണ്ടു പേർക്കും ലഭിക്കുന്ന സാഹചര്യം ഉണ്ടാകുവാനുമാണ് ഇസ്‌ലാമിക് ബാങ്കിലെ മുശാറക്ക എന്ന സങ്കേതം. അതിന്റെ റിസ്കുകൾ മുന്നിൽ കാണുന്നതുകൊണ്ടായിരിക്കാം അതിന് വേണ്ടത്ര പ്രോത്സാഹനം ഇസ്ലാമിക് ബാങ്കുകൾ കൊടുക്കുന്നില്ല എന്ന പരാതിയുണ്ട്. മറിച്ച് പലപ്പോഴും പ്രോബാഹനം കിട്ടുന്നത് മുറാബഹ, ഈജാറ തുടങ്ങിയവക്കാണ്. സത്യത്തിൽ മുശാറക, മുളാറബ എന്നിവ നടക്കാത്തിടത്ത് ഒരു രണ്ടാം പരിഹാരമെന്ന നിലക്ക് അപ്ലൈ ചെയ്യാനുള്ളതാണ് മറ്റുള്ളവയെല്ലാം. LIBOR (London Interbank Offer Rate) തുടങ്ങിയ ഏകകങ്ങൾ മനസ്സിൽ തങ്ങി നിൽക്കുന്നവരാണ് ഈ താൽപര്യക്കുറവ് കാണിക്കുന്നത്. അത്തരം കണക്കുകൂട്ടലുകളെ ഒരിക്കലും അർഥത്തിലും ആശയത്തിലും വ്യതിരിക്തത പുലർത്തുന്ന പലിശരഹിത സാമ്പത്തിക സംവിധാനങ്ങളുമായി ബന്ധിപ്പിക്കുവാൻ കഴിയില്ല. വേണ്ടത്, അത് അനിവാര്യമാണെങ്കിൽ ഈ സംവിധാനത്തെ അതിന്റെ തത്വത്തിൽ തുണക്കുന്ന ഒരു ഓഫർ റേറ്റ് രൂപീകരിക്കുകയാണ്.



ഈജാറയിലും ഇത്തരം ചില പ്രശ്നങ്ങൾ കാണുന്നുണ്ട്. ഈജാറ എന്ന വാടക ഇടപാടിൽ വസ്തുവിന്റെ ഉടമത്വം ഉടമയ്ക്കായിരിക്കും എന്നതും പ്രയോജനത്വം ആസ്തിയെ വാടകക്ക് എടുത്ത ആൾക്ക് ഉള്ളതായിരിക്കും എന്നതും കർമശാസ്ത്രമനുസരിച്ച് ഈജാറ സാധുവാകുന്നതിനുള്ള നിബന്ധനകൾ ആണ്. അതനുസരിച്ച് പ്രകൃതിദുരന്തം പോലുള്ള കാരണങ്ങളാൽ ആസ്തി നശീകരണ വിധേയമായാൽ അതോടെ വാടകക്കാരനെ വാടകയിൽ നിന്ന് തൽസമയം ഒഴിവാക്കേണ്ടതാണ്. കാരണം ആസ്തിയുടെ ഉടമസ്ഥത ആർക്കുമില്ലാത്ത വിധം നഷ്ടപ്പെട്ടിട്ടുണ്ട്. ഇത്തരം സാഹചര്യത്തിൽ ആസ്തി നഷ്ടപ്പെട്ടത് ഞങ്ങളുടെ സ്വന്തം കാര്യമാണ്, നിങ്ങൾ അടയ്ക്കേണ്ട വാടക അടച്ചുകൊണ്ടേയിരിക്കേണ്ടതാണ് എന്ന ശാഠ്യം ഇസ്ലാമിക ബാങ്കുകൾക്ക് ഭൂഷണമല്ല. ഇത്തരം ചില ചെറിയ പ്രശ്നങ്ങൾ ഈ രംഗത്ത് ഇപ്പോൾതന്നെ കണ്ടു തുടങ്ങിയിട്ടുണ്ട് എന്നാണ് പറഞ്ഞു വരുന്നത്. അതിനു പരിഹാരമായി നിർദ്ദേശിക്കപ്പെട്ടിരിക്കുന്നത് ഓരോ ഇസ്ലാമിക് ബാങ്കിനും ശക്തമായ ഒരു ശരീഅ സൂപ്പർവൈസറി ബോർഡ് ഉണ്ടായിരിക്കണം എന്നതാണ്. ചില രാജ്യങ്ങൾ ഇക്കാര്യത്തിൽ ജാഗ്രത പുലർത്തുന്നുണ്ട്. എന്നാൽ ആ ജാഗ്രത എപ്പോഴും തുടർന്നുപോകുവാനുള്ള ത്വര ഈ രംഗത്ത് പ്രവർത്തിക്കുന്നവർക്കിടയിൽ ഉണ്ടാകേണ്ടതുണ്ട്.
മുന്നോട്ടു പോകുമ്പോൾ ആശയം അനർഥമായിപ്പോവുക എന്നത് ഏതൊരു സമൂഹത്തിനും സംവിധാനത്തിനും വരുന്ന വിപത്താണ്.
ഇസ്‌ലാമിക് ബാങ്കുകൾ മുസ്‌ലിം ലോകമെമ്പാടും സജീവമാണ്. ബാംഗ്ലൂരിൽ അൽ-അമീൻ ഇസ്ലാമിക് ഫിനാൻഷ്യൽ ആൻഡ് ഇൻവെസ്റ്റ്‌മെന്റ് കോർപ്പറേഷൻ (ഇന്ത്യ) ലിമിറ്റഡ് (എഐഎഫ്ഐസിഐഎൽ) ആരംഭിച്ചതോടെ സെക്കുലർ ഇന്ത്യയും ഈ ക്ലബ്ബിൽ ചേർന്നു. റിസർവ് ബാങ്ക് ഓഫ് ഇന്ത്യ പലിശരഹിത ബാങ്കുകളെ അനുവദിക്കുന്നില്ല, അതിനാൽ പ്രൊമോട്ടർമാർ - സംസ്ഥാന ലെജിസ്ലേറ്റീവ് കൗൺസിലിലെ ഒരു കോൺഗ്രസ് (ഐ) അംഗം ഉൾപ്പെടെ - തടസ്സം മറികടക്കാൻ ഒരു വഴി കണ്ടെത്തി: ബാങ്ക് കമ്പനി നിയമത്തിന് കീഴിൽ രജിസ്റ്റർ ചെയ്യുക. നിക്ഷേപങ്ങൾ ശേഖരിക്കുകയും പലിശ നൽകാതെയും വായ്പ നൽകുകയും ചെയ്യുക എന്ന പോളിസിയനുസരിച്ചാണ് ഈ ധനകാര്യ സ്ഥാപനം പ്രവർത്തിക്കുന്നത്. അതിനാൽ, സാങ്കേതികമായി, AIFICIL ഒരു ബാങ്കല്ല, ബാങ്കിംഗ് ഇതര ധനകാര്യ കമ്പനിയാണ്.
മുസ്‌ലിംകൾ നടത്തുന്ന പലിശ രഹിത സാമ്പത്തിക സ്ഥാപനങ്ങൾ രാജ്യത്ത് വേറെയും നിലവിലുണ്ട്. എന്നാൽ ഇവ ഒന്നുകിൽ പരിമിതമായ വിഭവങ്ങളും അംഗങ്ങളും ക്ലയന്റുകളുമുള്ള സഹകരണ സംഘങ്ങളോ അല്ലെങ്കിൽ ബൈത്തുൽ-മാലുകളോ (പൊതു ഖജനാവുകൾ), ചെറുതും രജിസ്റ്റർ ചെയ്യാത്തതുമായ പരസ്പര സഹായ സംഘങ്ങളോ ഒക്കെയാണ്. അതിനാൽ, AIFICIL ഇന്ത്യയിലെ ആദ്യത്തെ വാണിജ്യ ഇസ്ലാമിക് ബാങ്കിംഗ് സ്ഥാപനമായി അറിയപ്പെടുന്നു,
വിദ്യാഭ്യാസ സ്ഥാപനങ്ങൾ, ആശുപത്രികൾ, അമാനത്ത് സഹകരണ ബാങ്ക് എന്നിവ AIFICIL നടത്തുന്നുണ്ട്. 45 കാരനായ മുംതാസ് അഹമ്മദ് ഖാനാണ് ഈ സംരംഭത്തിന് പിന്നിലെ മസ്തിഷ്കം.



'നിങ്ങളില്‍ നിന്ന് വിട്ടുപോവുമ്പോള്‍ നിങ്ങളെ സന്തോഷിപ്പിച്ചുകൊണ്ട് പിരിയുന്ന ഏക സുഹൃത്താണ്, ആയിരിക്കണം നിങ്ങളുടെ കീശയിലെ പണം’ ചിന്തകനും പണ്ഡിതനുമായിരുന്ന ഹസനുല്‍ ബസ്വരി(റ).



-------



പ്രധാന അവലംബ വായനകൾ:



- فقه المعاملات المالية في الإسلام الشيخ حسن أيوب، القاهرة: دار التوزيع والنشر الإسلامية
- 'عقيدة الاقتصاد الإسلامي' ، موسوعة النابلسي للعلوم الإسلامية.
- Islamic Banking: Principles, Practices and Performance. A Abdul Raheem.
- ഇസ്ലാമിക്ക് ബാങ്കിംഗ്. കെ ടി എം കുട്ടി.
- Economics and Islam. Dr. Muhammad Muslihuddeen.
- ഇന്ത്യാ റ്റുഡേ 1986 മാർച്ച് 15.
- വിവിധ ഇസ്ലാമിക് സൈറ്റുകൾ






0 Comments

No comments yet.

Leave a Comment

© www.thdarimi.in. All Rights Reserved. Designed by zainso