Thoughts & Arts
Image

വിരോധത്തിന്റെ വേരറുക്കാം..

25-11-2023

Web Design

15 Comments

വെള്ളിത്തെളിച്ചം
ടി എച്ച് ദാരിമി







നാലാം ഖലീഫ അലി(റ)യും ശാമിലെ ഗവർണർ മുആവിയ ബിൻ അബീസുഫിയാനും തമ്മിൽ തുടക്കം മുതലേ ശീത സമരത്തിലായിരുന്നു. മൂന്നാം ഖലീഫ ഉസ്മാൻ (റ) വിന്റെ മച്ചു നനായിരുന്നു മുആവിയ. ഉസ്മാൻ(റ) തലസ്ഥാനമായ മദീനയിൽ വെച്ച് വിപ്ലവകാരികളാൽ ദാരുണമായി കൊല്ലപ്പെടുകയും അത് വിചാരണ ചെയ്ത് പ്രതികളെ മതപരമായി ശിക്ഷിക്കുകയും ചെയ്യുന്നതിൽ കാലതാമസം നേരിട്ടതാണ് സത്യത്തിൽ മുആവിയയെ ചൊടിപ്പിച്ചത്. അതിന്റെ പേരിൽ തുടർന്ന് ചില ആഭ്യന്തര അസ്വസ്ഥതകൾ ഒക്കെ ഉണ്ടായി. ഇത് അറിഞ്ഞ അന്നത്തെ ബൈസന്റൈൻ ചക്രവർത്തി മുആവിയക്ക് രഹസ്യമായി ഒരു ദൂതൻ വശം ഒരു കത്ത് കൊടുത്തയച്ചു. ഞാൻ താങ്കളെ അലിക്കെതിരെ ഞാൻ സഹായിക്കാം എന്നതായിരുന്നു കത്തിന്റെ ഉള്ളടക്കം. കത്തുകിട്ടിയതും മുആവിയ ഒട്ടും വൈകാതെ മറുപടി അയച്ചു. അതിൽ അദ്ദേഹം ഇങ്ങനെ തുറന്ന് എഴുതി. 'എനിക്കും അലിക്കും ഇടയിൽ ചില ഭിന്നതകൾ ഉണ്ട് എന്നത് ശരിയാണ്. പക്ഷേ അതിന്റെ മറപിടിച്ച് ഇസ്ലാമിക രാജ്യത്തെ യെങ്ങാനും ആക്രമക്കാൻ തുനിഞ്ഞാൽ അലിയുടെ സൈന്യത്തിൽ ഒരു സൈനികനായി ചേർന്ന് ഞങ്ങൾ താങ്കളുടെ രാജ്യത്തിലേക്ക് വരും. ആ സൈന്യത്തിൻെറ ഒരറ്റം ഞങ്ങളുടെ തലസ്ഥാനമായ കൂഫയിലും മറ്റേയറ്റം താങ്കളുടെ മുമ്പിലുമായിരിക്കും'. പിന്നെ അന്നല്ല ഗവർണ്ണറായും ഖലീഫയായും നീണ്ട നാൽപ്പത് കൊല്ലം ഭരിച്ച മുആവിയയുടെ കാലത്തൊന്നും ആ ചക്രവർത്തിക്ക് അങ്ങനെ ഒരു ആഗ്രഹം ഉണ്ടായിട്ടില്ല എന്നാണ് ചരിത്രം. വിദ്വേഷത്തിന്റെയും വിരോധത്തിന്റെയും സമ്മർദ്ദങ്ങളിലും പക്വത കൈവിടാതെ നോക്കണം എന്ന സന്ദേശമാണ് ഈ ചരിത്രം നൽകുന്നത്.



മനുഷ്യബന്ധങ്ങളിൽ ഏറ്റവും നിരർത്ഥകമായ ഒരു സ്വഭാവമാണ് വിരോധം എന്നത്. കാരണം മനുഷ്യനിൽ അടങ്ങിയിരിക്കുന്ന ഏറ്റവും കുറഞ്ഞത് എഴുപത്തിയഞ്ച് ശതമാനത്തിലധികം കാര്യങ്ങളും അവൻ്റെ സ്വേഷ്ഠപ്രകാരം ഉണ്ടാകുന്നതോ അവൻ ഉണ്ടാക്കുന്നതോ അല്ല. അത് അവനിൽ ഉണ്ടായിത്തീരുന്നതാണ്. അങ്ങനെ ഉണ്ടായിത്തീരുന്നവയെ കുറിച്ച് ദൈവഹിതമെന്നോ യാദൃശ്ചികം എന്നോ സ്വാഭാവിക ശാസ്ത്രം എന്നോ ഓരോരുത്തരും താന്താങ്ങളുടെ ഇംഗിതത്തിനനുസരിച്ച് വിളിക്കുന്നു. ഉദാഹരണമായി ഒരാളുടെ നിറം കറുപ്പാകുന്നതിലും വെളുപ്പാകുന്നതിലും വ്യക്തിക്ക് ഒരു പങ്കുമില്ല. ഒരാൾ ജന്മനാ അറബിയോ യൂറോപ്യനോ ഇന്ത്യനോ ആകുന്നതിൽ അയാൾക്ക് ഒരു കയ്യുമില്ല. എന്നിരിക്കെ കറുത്തവൻ കറുത്തവനായതിനാൽ അവനോട് വിരോധം കാണിക്കുന്നതും ഒരാൾ ഒരു രാഷ്ട്രത്തിലോ സമൂഹത്തിലോ പിറന്നു എന്നതിനാൽ അവനോട് വിരോധം കാണിക്കുന്നതിലും ഒരർഥവുമില്ല. പിന്നെ ബാക്കിയുള്ള ചെറിയ ഒരു ശതമാനം കാര്യങ്ങൾ മനുഷ്യൻ സ്വയം ചെയ്യുന്ന കാര്യങ്ങളായിരിക്കും. അവയിൽ ചിലപ്പോൾ നമുക്കു പറ്റുന്നതും പറ്റാത്തതുമുണ്ടായിരിക്കാം. അതിന്റെ പേരിൽ വിരോധവും വിദ്വേഷവുമൊക്കെ ഉണ്ടായെന്നു വരാം. അത്തരം സാഹചര്യത്തിൽ മൂന്നിലൊരു വിധത്തിൽ ആ സാഹചര്യത്തെ സമീപിക്കാം. ഒന്നുകിൽ അയാളുടെ വ്യക്തിത്വ സ്വാതന്ത്ര്യത്തെ മാനിച്ച് അത് അയാൾക്ക് വിട്ടുകൊടുത്ത് മാറി നിൽക്കാം. അതിനുള്ള സാധ്യത ഇല്ലെങ്കിൽ ഏറ്റവും അപകടം കുറഞ്ഞ രീതിയിൽ മാത്രം പ്രതികരിക്കാം. അതിനെ തിൻമയെ നന്മകൊണ്ട് പ്രതിരോധിക്കുക എന്നാണ് ഖുർആൻ പറയുന്നത്. അല്ലാഹു പറയുന്നു: 'നല്ലതും ചീത്തയും സമമാവുകയില്ല. ഏറ്റവും നല്ലത് ഏതോ അത് കൊണ്ട് നീ (തിന്മയെ) പ്രതിരോധിക്കുക. അപ്പോള്‍ ഏതൊരുവനും നീയും തമ്മില്‍ ശത്രുതയുണ്ടോ അവനതാ (നിന്റെ) ഉറ്റബന്ധു എന്നോണം ആയിത്തീരുന്നു. (ഖുര്‍ആന്‍ 41:34).



മൂന്നാമത്തേത് മുആവിയ(റ) ചെയ്തതു പോലെ വിരോധത്തെ അതിന്റെ അതിരിനുളളിൽ ഒതുക്കിയിടുക എന്നതാണ്. അലി(റ)യുമായി വലിയ പ്രശ്നങ്ങൾ തന്നെയാണ് മുആവിയക്ക് ഉണ്ടായിരുന്നത്. പക്ഷെ, ആ വിരോധങ്ങൾ അങ്ങോട്ടും ഇങ്ങോട്ടും അതിരുകളെ ഭേതിച്ചില്ല. ഹിജ്റ 40 ൽ അലി(റ) കുത്തേറ്റു മരിച്ച വാർത്തയറിഞ്ഞ മുആവിയ(റ) കരഞ്ഞതും അതു കണ്ട് സ്വന്തം ഭാര്യ അൽഭുതപരതന്ത്രയായി ഭർത്താവിനോട് ആശ്ചര്യം പ്രകടിപ്പിച്ചതും മറുപടിയായി അലി(റ)യുടെ അപദാനങ്ങൾ അദ്ദേഹം പറഞ്ഞതും ചരിത്രത്തിലുണ്ട്. വിരോധത്തെ അതിന്റെ അതിരിൽ തളച്ചിടാൻ വിരോധത്തിന്റെ ലക്ഷ്യസ്ഥാനം നിർണ്ണയിക്കുകയും നിശ്ചയിക്കുകയും ചെയ്താൽ മാത്രം മതി. ശത്രുവിനോടല്ല ശത്രുതയോടാണ് സത്യത്തിൽ വിരോധം എന്നു കരുതിയാൽ മാത്രം മതി. ശത്രുവിനെ ഇല്ലാതാക്കിയത് കൊണ്ട് ശത്രുത ഇല്ലാതാവുകയില്ല. ശത്രുതയെ ഇല്ലാതാക്കിയാൽ എത്ര കഠിന ശത്രുവും ഖുർആൻ പറഞ്ഞതു പോലെ മിത്രമാവും.



ഒരാളോടും വിരോധമില്ലാതെ ജീവിക്കുക എന്നത് ഇസ്ലാം പഠിപ്പിക്കുന്ന ഒരു സൗഭാഗ്യമാണ്. അതിന് വലിയ പ്രതിഫലവുമാണ് ഉള്ളത്. ഒരിക്കൽ നബി(സ) ഒരിക്കല്‍ സദസ്യരോട് ഇങ്ങനെ ഉണര്‍ത്തി: 'സ്വര്‍ഗാവകാശിയായ ഒരാള്‍ താമസംവിനാ നമ്മുടെ സദസ്സിലെത്തും'. അധികം വൈകാതെ ഒരു അന്‍സാരി സ്വഹാബി അങ്ങോട്ടു കടന്നുവന്നു. അംഗസ്‌നാനം നടത്തിയിട്ടുണ്ടെന്ന് മുഖം കണ്ടാലറിയാം. ചെരിപ്പ് ഊരി ഇടം കൈയില്‍ പിടിച്ചിരിക്കുന്നു. തൊട്ടടുത്ത ദിവസവും നബി(സ) ഇതേ പോലെ സ്വര്‍ഗാവകാശിയായ ഒരാളുടെ കടന്നുവരവിനെ സൂചിപ്പിച്ചു. അന്നു വന്നതും നേരത്തെ എത്തിയ അതേ അന്‍സാരി തന്നെ. മൂന്നാം ദിവസവും ഇത് ഇതേ വിധം ആവര്‍ത്തിച്ചു. ഇതോടെ അബ്ദുല്ലാഹി ബിൻ അംറിന് അദ്ദേഹത്തെക്കുറിച്ചറിയാന്‍ ജിജ്ഞാസയുദിച്ചു. അദ്ദേഹം നബി(സ) സ്വര്‍ഗക്കാരനെന്ന് സൂചിപ്പിച്ച അന്‍സാരിയെ സമീപിച്ചു പറഞ്ഞു: 'സഹോദരാ ഞാന്‍ എന്റെ പിതാവുമായി സ്വരച്ചേര്‍ച്ചയിലല്ല. അതിൽ ചെറിയ പ്രയാസമുണ്ട്, അതുകൊണ്ട് സ്വല്‍പ്പം ശാന്തത കൈവരിക്കാന്‍ ഞാന്‍ മൂന്ന് ദിവസം അങ്ങയോടൊപ്പം താമസിക്കാന്‍ ആഗ്രഹിക്കുന്നു'.



മദീനയിലെ സാമൂഹ്യ ജീവിതം അത്രക്കും ഊഷ്മളമായിരുന്നു. അൻസാരി സന്തോഷത്തോടെ സമ്മതിച്ചു. അബ്ദുല്ലാഹി ബിൻ അംറ്(റ) വീട്ടിലെത്തി. അദ്ദേഹത്തിന്റെ ദൈനംദിന പ്രവൃത്തികളും ചിട്ടകളും സസൂക്ഷ്മം നിരീക്ഷിച്ചു. മൂന്ന് ദിവസവും അല്ലാഹുവിനെക്കുറിച്ചുള്ള സ്തുതിവചനങ്ങള്‍ അല്ലാതെ മറ്റൊന്നും അബ്ദുല്ലക്ക് കാണാനും കേൾക്കാനും കഴിഞ്ഞില്ല. എല്ലാവരും ചെയ്യുന്ന കര്‍മങ്ങള്‍ മാത്രം. രാത്രി മുഴുവനും നിസ്‌കരിക്കുന്നില്ല. ഉറങ്ങും മുമ്പ് ഹ്രസ്വമായ ദിക്റും പ്രാര്‍ഥനയും മാത്രം. തീവ്രമായ ആരാധനാ നിഷ്ഠ പുലര്‍ത്തുന്നില്ല. എന്തുകൊണ്ടും സാധാരണ ജീവിതം. അബ്ദുല്ലാഹിബ്‌നു അംറിന്റെ ഹൃദയം ചോദ്യങ്ങള്‍ കൊണ്ട് വിങ്ങി. അവസാനം ഇബ്‌നു അംറ് ആ സാത്വിക വ്യക്തിയോട് പറഞ്ഞു, സഹോദരാ, ഞാന്‍ പിതാവുമായി പിണക്കത്തിലൊന്നുമല്ല. അങ്ങയെക്കുറിച്ച് റസൂല്‍ (സ) താങ്കള്‍ സ്വര്‍ഗാവകാശിയാണെന്ന് പറഞ്ഞു. ഈ സൗഭാഗ്യം സിദ്ധിക്കാനുള്ള എന്ത് മേന്മയുള്ള ആരാധനയാണ് താങ്കള്‍ ജീവിത്തില്‍ സ്വീകരിച്ചിരിക്കുന്നതെന്ന് നേരില്‍ അറിയാനായിരുന്നു മൂന്ന് ദിവസത്തെ എന്റെ ഈ സഹവാസം. പക്ഷെ, മൂന്ന് നാള്‍ രാപ്പാര്‍ത്തിട്ടും വ്യത്യസ്തമായൊരു അനുഭവവും എനിക്കുണ്ടായില്ല. അസാധാരണമായി ഒരു കര്‍മവും അങ്ങ് ചെയ്യുന്നതായി ശ്രദ്ധയില്‍പെട്ടില്ല. പിന്നെ എന്ത് ഗുണത്തിന്റെ അടിസ്ഥാനത്തിലാണ് അങ്ങ് സ്വര്‍ഗാവകാശിയാണെന്ന് അല്ലാഹുവിന്റെ റസൂല്‍(സ) പറഞ്ഞത്?



അദ്ദേഹം പ്രത്യുത്തരം നല്‍കി: സുഹൃത്തേ, താങ്കള്‍ എന്തു കണ്ടുവോ, എന്നെ എങ്ങനെ അനുഭവിച്ചുവോ അതു തന്നെയാണ് യാഥാര്‍ഥ്യം. അതിലപ്പുറം എന്റെ കയ്യിൽ ഒന്നുമില്ല. മറിച്ചൊന്നും അദ്ദേഹം പറയുകയില്ലെന്നു ബോധ്യപ്പെട്ട അബ്ദുല്ലാഹിബ്‌നു അംറ്(റ) യാത്ര ചോദിച്ചു നടക്കാനൊരുങ്ങവെ അദ്ദേഹം തിരികെ വിളിച്ചു. സഹോദരാ, നീ എന്തുകണ്ടുവോ അതു തന്നെയാണു യാഥാര്‍ഥ്യം. അധികമായൊന്നും എനിക്കില്ല. പക്ഷെ ഒരു കാര്യം. ഒരാളോടും എനിക്ക് സ്ഥായിയായ വിരോധമില്ല. അല്ലാഹു ആര്‍ക്കെങ്കിലും എന്തെങ്കിലും നന്മയും അനുഗ്രഹവും നല്‍കിയാല്‍ അക്കാര്യത്തില്‍ എനിക്കു ഒട്ടും അസൂയയുമില്ല. അതുകേട്ടതും അബ്ദുല്ലാഹി ബിൻ അംറ് പറഞ്ഞു: 'എന്നാൽ അങ്ങയുടെ ഈ സവിശേഷ സ്വഭാവഗുണം തന്നെയായിരിക്കും അങ്ങയെ സ്വർഗ്ഗാവകാശിയാക്കുന്നത്. അത് അങ്ങനെ ആർക്കും ചെയ്യാൻ കഴിയുന്ന കാര്യമല്ല'



മനുഷ്യ മഹത്വത്തിന്റെ അടിസ്ഥാന ഘടകമായ സ്വഭാവ നൈര്‍മല്യത്തെക്കുറിച്ചാണ് ഈ ചരിത്രം പാഠം നല്‍കുന്നത്. ഉന്നത സ്ഥാനവും പദവികളും നീണ്ടുനിവര്‍ന്നു കിടക്കുന്ന ശീര്‍ഷകവുമൊന്നും വ്യക്തിമഹത്വത്തിന്റെ നിദര്‍ശനമല്ല. ഉന്നതനായ വ്യക്തി സ്വീകരിക്കുന്ന നിലപാടുകളാണ് പ്രധാനം.



നബി(സ)യും പത്‌നി ആഇശ(റ)യും നടന്ന് പോകുമ്പോള്‍ ഒരു പറ്റം ജൂതന്മാര്‍ നബിയെ നോക്കി 'നിനക്ക് നാശം ഭവിക്കട്ടെ ' എന്ന് പറഞ്ഞു. ഇത് കേട്ടപ്പോള്‍ ആഇശ(റ) പ്രകോപിതയായി. തന്റെ ഭര്‍ത്താവും അല്ലാഹുവിന്റെ ദൂതനുമായ നബി(സ)യെ ആക്ഷേപിച്ചത് അവര്‍ക്ക് സഹിച്ചില്ല. ആഇശ(റ) അവരോട് 'നിങ്ങള്‍ക്ക് നാശവും ശാപവുമുണ്ടാകട്ടെ ' എന്ന് പ്രതികരിച്ചു. ആ സന്ദര്‍ഭത്തില്‍ നബി(സ) ആഇശ(റ)യെ തിരുത്തിക്കൊണ്ട് പറഞ്ഞു: 'ആഇശാ, എന്താണിത്? അല്ലാഹു സൗമ്യതയുള്ളവനാണ്. അവന്‍ സൗമ്യതയെ ഇഷ്ടപ്പെടുന്നു.'


0 Comments

No comments yet.

Leave a Comment

© www.thdarimi.in. All Rights Reserved. Designed by zainso