
.jpeg)
വിഷയങ്ങൾ കത്തിക്കുന്നത് ഇവരാണ്.
12-12-2023
Web Design
15 Comments
വെള്ളിത്തെളിച്ചം
ടി എച്ച് ദാരിമി
മനുഷ്യന്റെ വ്യവഹാര ലോകം സോഷ്യൽ മീഡിയയിലേക്ക് മാറിക്കഴിഞ്ഞു. വിവരങ്ങൾ കൈമാറാനും അറിവുകളും അനുഭവങ്ങളും പങ്കുവെക്കുവാനും എന്നല്ല, വാങ്ങാനും വിൽക്കാനുമെല്ലാം ഇ-ഗാഡ്ജറ്റുകളെയാണ് പ്രായംചെന്നവർ പോലും ഉപയോഗിക്കുന്നത്. വിനോദം, വേഗത, സ്വകാര്യത ഇതു മൂന്നും കൂടിച്ചേരുമ്പോഴാണ് ഈ മീഡിയ ഇത്ര വലിയ ഒരു ഇഛയും വികാരവുമായി മാറുന്നത്. മാത്രമല്ല, നിർല്ലോഭം അവസരങ്ങൾ വാരിക്കൊടുത്ത് ഇത് പ്രോത്സാഹിപ്പിക്കുന്നുമുണ്ട്. ഇപ്പോൾ ജർണലിസം എന്ന വാക്കും നിർവ്വചനവും അറിയാത്തവർ പോലും റിപ്പോർട്ടർമാരായി. ക്രിട്ടിസിസം എന്ന് കേട്ടിട്ടില്ലാത്തവർ പോലും നിരൂപകരായി. ജയിക്കാത്തവർ ഭരണം തുടങ്ങി. നിലവാരം എന്ന മാനദണ്ഡം ഉയർത്തപ്പെട്ടതോടെ എല്ലാവരും നിർമ്മാതാക്കളുമായി. മതരംഗത്താണ് വൻ കുതിച്ചുചാട്ടം ഉണ്ടായിരിക്കുന്നത്. വഅള് മുതൽ ചികിത്സ വരെ ഇ-പ്ലാറ്റ്ഫോമുകളിലാണ്. ആംബുലൻസ് പോലെ ലൈവ് എയറിംഗിനു വേണ്ട കോപ്പുകൾ ഉണ്ടെങ്കിലേ വഅള് വിജയിക്കൂ. പ്രധാന ലക്ഷ്യമായ പിരിവിന് ഗൂഗിൾ പേ ആണ് ഇടനിലക്കാരൻ. ഇ-ചികിത്സ പുരോഗമിച്ച് മന്ത്രം വരെ ഓൺലൈനാണെന്ന് കേട്ടു. ഇനി ആർട്ടിഫിഷ്യൽ ഇന്റലിജൻസ് കാര്യങ്ങൾ സമ്പൂർണ്ണമായി കയ്യിലെടുക്കുക കൂടി ചെയ്താൽ മനുഷ്യൻ മറ്റൊരു മനുഷ്യനുമായി മിണ്ടുന്നതു പോലും അപൂർവ്വമാകും. അതൊക്കെ പോകട്ടെ, നമുക്ക് പറയാനുളളത് മറ്റൊരു കാര്യമാണ്. അഥവാ വട്ടമിടുന്നിടത്തെല്ലാം ഉണ്ടാകുന്നതു പോലെ ഇവിടെയും ചില ഗുരുതര പ്രശ്നങ്ങൾ കൂടുകൂട്ടുന്നുണ്ട്. അവയിൽ ഒരു വെളളിയാഴ്ചയുടെ പ്രഭാത ചിന്തകളിൽ ഉൾപ്പെടുത്തുവാനും പങ്കുവെക്കാനുമുള്ള ഒരു കാര്യത്തിലേക്കു മാത്രമേ നാം കടക്കുന്നുള്ളൂ. അത് മിക്കവരെയും ചില ഭ്രാന്തൻ വികാരങ്ങൾ പിടികൂടിയിരിക്കുന്നു എന്നതാണ്. മറ്റൊന്നുമല്ല, എല്ലായിടത്തും കേറി ഇടപെട്ട് കാര്യങ്ങൾ വഷളാക്കുക എന്ന ഒരു പ്രവണത. താൻ പറയേണ്ടതുണ്ടോ, അതു തന്റെ പരിധിയിൽ വരുന്നതാണോ, തന്റെ പ്രതികരണത്തിലൂടെ വല്ല നൻമയും നേട്ടവും കിട്ടുമോ എന്നൊന്നും ഒട്ടും ആലോചിക്കാതെ അങ്ങ് ഇടപെടും. പിന്നെ കടിയും വലിയുമായി. വാക്കും തർക്കവുമായി. ഫലമോ മനുഷ്യരെ പരസ്പരം ബന്ധിപ്പിക്കുവാനുള്ള മീഡിയ അവർക്കിടയിൽ യുദ്ധക്കളങ്ങൾ തീർക്കുകയാണ്. അതിനാൽ ഏറ്റവും കുറഞ്ഞത് വാവിട്ട വാക്കും കൈവിട്ട കല്ലും പോലെതന്നെയാണ് സോഷ്യല്‍ മീഡിയയിലിട്ട പോസ്റ്റും എന്നും ഇങ്ങനെ കണ്ണും കാതും ഇല്ലാതെ എടുത്തു ചാടിയാൽ സത്യം ചെരുപ്പിടുമ്പോഴേക്കും ഇത്തരം പോസ്റ്റുകള്‍ പലവട്ടം ലോകം ചുറ്റിക്കഴിഞ്ഞിട്ടുണ്ടാകും എന്നുമൊക്കെ ആരെങ്കിലും പറയേണ്ടതല്ലേ. അതു പറയുകയാണ്.
സമൂഹത്തിലും സമുദായത്തിലും കുഞ്ഞുകുഞ്ഞു പ്രശ്നങ്ങൾ എപ്പോഴും ഉണ്ടാകും. അത് വിവേഗികൾ വേഗം ചവിട്ടിക്കെടുത്തുന്നതിനാൽ തീയായി പരിണമിക്കുമായിരുന്നില്ല. പക്ഷെ, ഇപ്പോൾ അങ്ങനെയല്ല. എല്ലാവരും അങ്ങോട്ട് ചാടിവീഴുകയാണ്. എന്നിട്ട് പടവെട്ടാൻ തുടങ്ങുകയാണ്. പിന്നെ ആളെയോ മാന്യതയെയോ ഒന്നും നോക്കുന്നതേയില്ല. തനിക്ക് പറ്റിയതാണ് എങ്കിൽ എത് അടകോടനെയും ശ്ലാഘിച്ച് മഹത്വപ്പെടുത്തും. തനിക്ക് പറ്റിയതല്ലെങ്കിൽ ആരെയും എടുത്തിട്ട് കുടയും. അതിൽ ഗീബത്ത്, നമീമത്ത് തുടങ്ങിയ മതപരമായ പ്രത്യാഖാതങ്ങൾ മുതൽ മാനഹാനി, അപകീർത്തി തുടങ്ങിയ നിയമ നടപടികളെ പോലും ആരും ഭയക്കുന്നില്ല. ഇത്തരക്കാർ ഊണില്ലാതെ ഉറക്കില്ലാതെ ഇതും തുറന്ന് വെച്ച് മസിലുപിടിച്ച് ഇരിപ്പാണ്. കഴിഞ്ഞ ദിവസം എന്റെ ഒരു സോഷ്യൽ മീഡിയാ വാൾ സ്ക്രോൾ ചെയ്യുന്നതിനിടെ അറിയാതെ ലൈക് ബട്ടൺ അമർന്നു പോയത് ഉണ്ടാക്കിയ പൊല്ലാപ്പ് ഞാനനുഭവിച്ചതാണ്. വിശദീകരണങ്ങളൊന്നും ഇവിടെ പങ്കുവെക്കുന്നില്ല. അത്ര നിസ്സാരവും സോദ്ദേശപരവും എന്നെപ്പോലെ ഒരാൾ അറിഞ്ഞു ചെയ്താൽ പോലും കുഴപ്പമില്ലാത്തതായിട്ടും ആ ഒരു സുഹൃത്തിന്റെ കണ്ഠ ഞരമ്പുകൾ വീർക്കുകയും നാസാദ്വാരങ്ങൾ വികസിക്കുകയും ചെയ്തത് അതിശയിപ്പിച്ചു. ഇങ്ങനെയാണ് സമൂഹത്തിലെയും സമുദായത്തിലെയും ചെറിയ പ്രശ്നങ്ങൾ വളർന്നു വലുതാകുന്നത്. അല്ലാതെ അതിനു മാത്രം കഴമ്പുണ്ടായിട്ടല്ല. ഏറ്റവും കുറഞ്ഞത് എല്ലാവരും കൂടി ഒരു പോലെ സംസാരിച്ചാൽ കലപിലയും ബഹളവുമാണ് ഉണ്ടായിത്തീരുക എന്നെങ്കിലും ഇത്തരക്കാർ മനസ്സിലാക്കുന്നില്ല. ഒരു പക്ഷെ കൂട്ടത്തിൽ ഏറെ മാന്യവും പക്വവും ശരിയും ശാസ്ത്രീയവുമായ അഭിപ്രായങ്ങൾ ഉണ്ടായിരിക്കാം. ഇങ്ങനെ കലപില കൂട്ടിയാൽ ഒരാളുടെ വർത്തമാനം പോലും വ്യക്തമാവില്ല, ഫലപ്പെടില്ല.
വിഷയം സാംസ്കാരികമാണെങ്കിലും നമുക്ക് അതിനെ മതപരമായി സമീപിക്കാം. കുറച്ചെങ്കിലും പ്രതീക്ഷ അതിനാണ്. ഇക്കാര്യത്തിൽ നമുക്ക് അഞ്ച് അർഥങ്ങളിൽ മതപരമായി ഇടപെടാം. ഈ അഞ്ചും വിശുദ്ധ ഖുർആൻ, സ്വഹീഹായ ഹദീസ് എന്നീ ആദ്യ പ്രമാണങ്ങളുടെ വെളിച്ചത്തിൽ നമുക്ക് വ്യാഖ്യാനിക്കാനും കഴിയും. എന്തിലും ഏതിലും ഇടപെടുന്നതിനു മുമ്പ് അത് അന്വേഷിച്ചുറപ്പു വരുത്തി മാത്രം ചെയ്യണം എന്ന വിശുദ്ധ ഖുർആനിന്റെ നിർദ്ദേശമാണ് ഒന്നാമത്തേത്. അല്ലാഹു പറയുന്നു: സത്യവിശ്വാസികളേ എന്തെങ്കിലും വൃത്താന്തവുമായി ഒരു അധര്‍മകാരി നിങ്ങളെ സമീപിച്ചാല്‍ സ്പഷ്ടമായി അന്വേഷിച്ചറിയണം. അറിയാതെ ഏതെങ്കിലുമൊരു കൂട്ടര്‍ക്ക് നിങ്ങള്‍ അപകടം വരുത്തുകയും തുടര്‍ന്ന് അതിന്റെ പേരില്‍ ദുഃഖിക്കുകയും ചെയ്യാതിരിക്കാനാണിത്. (അൽ ഹുജറാത്ത്: 6) ഏത് വാര്‍ത്ത കേള്‍ക്കുമ്പോഴും സത്യാവസ്ഥയും നിജസ്ഥിതിയും ഉറപ്പുവരുത്തണം; നിവേദകന്റെയും പ്രഭവ കേന്ദ്രത്തിന്റെയും പ്രാമാണികത ബോധ്യപ്പെടണം. പതിനാലു നൂറ്റാണ്ടു മുമ്പ് ഖുര്‍ആന്‍ പഠിപ്പിച്ച ഈ വൃത്താന്ത സദാചാരം ലംഘിക്കപ്പെടുന്നതാണ് നാം വിലപിക്കുന്ന ഇന്നത്തെ സൈബർ സദാചാര രാഹിത്യം എന്ന് പറയേണ്ടതില്ലല്ലോ. ഇത്തരക്കാർ ഖുർആനെങ്കിലും സത്യമായും അംഗീകരിക്കുന്നുണ്ടായിരുന്നു എങ്കിൽ ഇങ്ങനെയൊന്നും സംഭവിക്കില്ലായിരുന്നു. രണ്ടാമത്തേത്, വിശുദ്ധ ഖുർആൻ തന്നെ പഠിപ്പിക്കുന്ന ഒരു സദാചാരമാണ്. അല്ലാഹു പറയുന്നു: കരുണാമയനായ അല്ലാഹുവിന്റെ ദാസന്മാര്‍ വിനയാന്വിതരായി ഭൂമിയില്‍ സഞ്ചരിക്കുന്നവരും അവിവേകികള്‍ തങ്ങളോട് അഭിമുഖ സംഭാഷണം നടത്തിയാല്‍ സമാധാനപൂര്‍വം പ്രതികരിക്കുന്നവരുമാകുന്നു. (അൽ ഫുർഖാൻ: 63). ആരെങ്കിലും എന്തെങ്കിലും വിഢിത്തമോ അവിവേകമോ കാണിക്കുകയോ പറയുകയാ ചെയ്താൽ അതിന് അതേ നാണയത്തിലോ അതിലും ഡോസ് കൂട്ടിയോ തിരിച്ചു കൊടുക്കുകയല്ല, മറിച്ച് അതവിടെ തന്നെ കെടുത്തുകയെന്നോണം മാത്രം പ്രതികരിക്കുകയുമാണ് വേണ്ടത് എന്ന് അല്ലാഹു ഉപദേശിക്കുന്നു.
മൂന്നാമത്തേത്, തെറ്റുകളെ പ്രത്യേകിച്ചും സത്യവിശ്വാസികൾക്കിടയിൽ വ്യാപിക്കണമെന്ന് ആഗ്രഹിക്കുകയോ അതിനു വേണ്ടതെന്തെങ്കിലും ചെയ്യുകയോ ചെയ്യുന്നത് കുറ്റകരവും ശിക്ഷാർഹവുമാണ് എന്ന് വിശുദ്ധ ഖുർആൻ തുറന്നടിക്കുന്നു. അല്ലാഹു പറയുന്നു: സത്യവിശ്വാസികളില്‍ ഹീനകൃത്യം വ്യാപിക്കുന്നത് ഇഷ്ടപ്പെടുന്നതാരോ അവര്‍ക്ക് ഐഹിക-പാരത്രിക ലോകത്ത് വേദനയുറ്റ ശിക്ഷയുണ്ട് തീര്‍ച്ച. (അൽ നൂർ: 19) മേൽ വിവരിച്ച സൈബർ കുറ്റവാളികൾ ശരിക്കും ചെയ്യുന്നത് ഇതു തന്നെയാണ്. ഒരു സ്പെല്ലിംഗ് മിസ്റ്റെെക്കോ നാക്കുപിഴയോ സംഭവിച്ചാൽ അതും അങ്ങനെ ഏതെങ്കിലും കാലത്ത് സംഭവിച്ചു പോയിട്ടുണ്ടങ്കിൽ അതും കുത്തിപ്പൊന്തിച്ച് ബഹുമാനിക്കപ്പെടുന്നവരെ അപമാനിക്കുകയാണ് ഇവരുടെ പണി. നാലാമത്തേത്, കുറച്ചുകൂടി വ്യക്തത ലഭിക്കുന്നതാണ്. കാരണം അത് വിശുദ്ധ ഖുർആനിന്റെ സന്ദേശങ്ങളുടെ വ്യാഖ്യാനമായ ഹദീസാണ്. ഒരു സ്വഹീഹായ ഹദീസിൽ നബി(സ) പറഞ്ഞു: തനിക്ക് ആവശ്യമില്ലാത്ത കാര്യങ്ങളെ ഉപേക്ഷിക്കുക എന്നത് ഒരാളിൽ കുടികൊളളുന്ന ഇസ്ലാമിന്റെ അഴകും നൻമയുമാണ് (തിർമുദി). ഈ തിരുവചനമനുസരിച്ച് ആവശ്യമില്ലാത്ത ഇടപെടലുകൾ നടത്തുന്നവരിൽ ഇസ്ലാം ഉണ്ടെന്ന് അവർ വാദിച്ചാൽ തന്നെയും ഒരഴകും ജീവനും ഇല്ലാത്ത ഒരു ഇസ്ലാമാണ് അവരുടെ ഉളളിൽ ഉണ്ടായിരിക്കുക. അഞ്ചാമത്തേത്, മറ്റൊരു തിരുവചനമാണ്. കേട്ടതൊക്കെ ലക്കും ലഗാനുമില്ലാതെ ലൈക്കും ഷെയറും ചെയ്യുന്നവരെയാണ് അതു നിശിതമായി കൈകാര്യം ചെയ്യുന്നത്. അബൂ ഹുറൈറ(റ) നിവേദനം ചെയ്യുന്ന ആ ഹദീസിൽ നബി(സ) പറയുന്നു: കേട്ടതൊക്കെ വിളിച്ചുപറയുന്നു എന്നതു മാത്രം മതി ഒരാൾ കളവ് പറയുന്നവനായി മാറുവാൻ (മുസ്ലിം). ആവശ്യമില്ലാത്ത കാര്യങ്ങളിൽ ഇടപെടുന്നതിനെ ഇസ്ലാം ശക്തമായി താക്കീത് ചെയ്യുന്നുണ്ട് എന്ന് തെളിയിക്കാൻ ഇനിയും ധാരാളം ഉണ്ടെങ്കിലും ഇത്ര തന്നെ ധാരാളമാണ്, ഇസ്ലാമിനെയും അതിന്റെ പ്രധാന പ്രമാണങ്ങളെയും തെല്ലെങ്കിലും മാനിക്കണമെന്നുള്ളവർക്ക്.
'പരദൂഷണം എന്നാൽ എന്താണെന്ന് നിങ്ങൾക്കറിയാമോ' എന്ന് ഒരിക്കൽ നബി തിരുമേനി അനുചരൻമാരോട് ആരായുകയുണ്ടായി. അവർ അത് അല്ലാഹുവിനും റസൂലിനുമാണ് നന്നായി അറിയുക എന്നു പറഞ്ഞു. അപ്പോൾ നബി(സ) പറഞ്ഞു: 'നിന്റെ സഹോദരനെ കുറിച്ച് അവനിഷ്ടമില്ലാത്തത് പറയലാണത്.' ആ പറഞ്ഞത് അയാളിൽ ഉള്ളതാണെങ്കിലോ എന്നായി അവർ. 'ഉള്ളതാണെങ്കിൽ അത് പരദൂഷണവും അല്ലെങ്കിൽ അതു കളുമാണ്' എന്ന് വിവരിച്ചു കൊടുത്തു നബി(സ). ഇസ്ലാമിൽ ആ ഗ്രേണിയിൽ വരുന്ന ഇതൊക്കെ അത്ര ഗുരുതരമാണ്.
0 Comments
No comments yet.
Leave a Comment
© www.thdarimi.in. All Rights Reserved. Designed by zainso