Thoughts & Arts
Image

ഇറാഖിലെ കാഴ്ചകൾ - 9

12-12-2023

Web Design

15 Comments




ഉസ്മാൻ(റ) വധിക്കപ്പെട്ട അന്നു രാത്രിതന്നെ അടുത്ത ബന്ധുക്കളും നുഅ്മാനു ബ്‌നു ബശീറും(റ) ഖലീഫയുടെ രക്തം പുരണ്ട കുപ്പായവും ഭാര്യ നാഇല(റ)യുടെ അറ്റവിരലുകളും കൈപ്പത്തിയുടെ ഭാഗവും കൊണ്ട് ഡമസ്‌കസിലേക്കു തിരിച്ചു. ശാമുകാരായ ആയിരങ്ങൾ ഖലീഫക്കു സംഭവിച്ചതോർത്ത് ദു:ഖിതരായി. ഈ കൊലപാതകത്തിനു പ്രതികാരം ചെയ്യണമെന്ന് സ്വഹാബികളും താബിഉകളുമായ നാൽപ്പതിനായിരം യോദ്ധാക്കൾ മുആവിയ(റ)യുടെ നേതൃത്വത്തിൽ പ്രതിജ്ഞയെടുത്തു. അതേസമയം മദീനയിൽ വിമതർ പുതിയ ഖലീഫയെ പെട്ടെന്നു തീരുമാനിച്ച് മുആവിയ(റ)യുടെ സൈനിക നീക്കത്തിൽ നിന്നു രക്ഷനേടാനുള്ള തത്രപ്പാടിലായിരുന്നു. വിപ്ലവകാരികളിലെ ഈജിപ്തുകാർ അലി(റ) ഖലീഫയാകണമെന്നാഗ്രഹിച്ചു. അവർ അലി(റ)ന്റെ അടുത്തുചെന്നു പറഞ്ഞു: ‘അങ്ങയെ ഞങ്ങൾ ഖലീഫയായി ബൈഅത്ത് ചെയ്തിരിക്കുന്നു. താങ്കൾ അതംഗീകരിക്കണം.’
അലി(റ) അതിനു തയ്യാറായില്ല. അലി(റ) ഖിലാഫത്തിന് വഴങ്ങില്ലെന്നു മനസ്സിലാക്കിയ അക്രമികളിലെ കൂഫക്കാർ പറഞ്ഞു: ഖലീഫ ഉമർ(റ) കൂടിയാലോചനാ സമിതിയിലുൾപ്പെടുത്തിയ സ്വഹാബി സുബൈറുബ്‌നു അവ്വാം(റ)വിനെ നമുക്ക് ഖലീഫയായി ബൈഅത്തു ചെയ്യാം. കൂഫക്കാരും അതംഗീകരിച്ചു. അവർ സുബൈർ(റ)നെ കണ്ട് കാര്യങ്ങൾ ധരിപ്പിച്ചെങ്കിലും അലി(റ) പറഞ്ഞതു തന്നെയായിരുന്നു അദ്ദേഹത്തിന്റെയും നിലപാട്. തുടർന്ന് ത്വൽഹ(റ)വിനെ ബൈഅത്ത് ചെയ്യാനായി അവർ പുറപ്പെട്ടു. അദ്ദേഹം ഖലീഫയാകണമെന്നാഗ്രഹിച്ച ബസ്വറക്കാരും പിന്തുണച്ചു. പക്ഷേ, അദ്ദേഹം ഇവരുടെ കൺവെട്ടത്തു വരാതെ ഒളിച്ചു ഒഴിഞ്ഞു മാറി. എത്ര നിർബന്ധിച്ചിട്ടും അവരെ അഭിമുഖീകരിക്കാൻ പോലും കൂട്ടാക്കിയില്ല. പ്രമുഖരെല്ലാം കൈയൊഴിഞ്ഞപ്പോൾ അക്രമികൾ തനി സ്വഭാവം പ്രകടിപ്പിച്ചു. മദീനയിലെ മുഴുവൻ സ്വഹാബികളുടെയും വീടുകയറി ഭീഷണി സ്വരത്തിൽ പറഞ്ഞു: ‘നിങ്ങൾക്കു രണ്ടു ദിവസം സമയം തരാം. അതിനുള്ളിൽ സ്വീകാര്യനായ ഒരു ഖലീഫയെ തിരഞ്ഞെടുത്തില്ലെങ്കിൽ അസ്ഹാബുശ്ശൂറയിൽ പെട്ടവരെയും പ്രമുഖരായ ബദ്‌രീങ്ങളെയും കൊലപ്പെടുത്തും.’



ഒരു ഖലീഫയെ എങ്ങനെയെങ്കിലും അവരോധിക്കാനുള്ള അക്രമികളുടെ ഈ തത്രപ്പാട് കൂഫ, ബസ്വറ, ശാം ഗവർണർമാരുടെ സൈന്യം മദീനയിലെത്താനായെന്നറിഞ്ഞായിരുന്നു. അവരെത്തിയാൽ അക്രമികൾക്കെതിരെ ശക്തമായ നടപടി ഉറപ്പായിരുന്നു. അതിനു മുമ്പ് പുതിയ ഖലീഫ നിലവിൽ വന്നാൽ അദ്ദേഹത്തെ സ്വാധീനിച്ച് ഗവർണർമാരുടെ സൈന്യങ്ങൾ മദീനയിൽ പ്രവേശിക്കാതെ നോക്കാമെന്നും തങ്ങൾക്കെതിരെ നടപടിയെടുക്കുന്നത് തടയാമെന്നും അവർ കണക്കുകൂട്ടി. അക്രമികളുടേത് ദുരുദ്ദേശ്യമാണെങ്കിലും സൈന്യം മദീനയിലെത്തി ഭരണത്തിലിടപെടുന്ന രീതി ഇസ്‌ലാമിലില്ലെന്നു മാത്രമല്ല, സ്വഹാബത്തിന് അതിഷ്ടവുമായിരുന്നില്ല. നബി(സ)യുടെ മദീന ശാന്തിയുടെ നഗരമായിരിക്കണം എന്നവർ ആഗ്രഹിച്ചു. അതിനാൽ സൈന്യങ്ങൾ മദീനയിലെത്തും മുമ്പേ പ്രശ്‌നങ്ങൾ പരിഹരിക്കണമെന്ന് സ്വഹാബത്ത് ആഗ്രഹിച്ചു.



ദിവസങ്ങൾ അങ്ങനെ കടന്നുപോയി. അക്രമികളുടെ അന്ത്യശാസന സമയം തീർന്നു. തൊട്ടടുത്ത ദിവസം ത്വൽഹ(റ), സുബൈർ(റ) തുടങ്ങിയ ബദ്‌രീങ്ങളിൽപെട്ട പ്രമുഖരായ ഒരു സംഘം സ്വഹാബികൾ അലി(റ)വിനെ സമീപിച്ച് പറഞ്ഞു: ‘മുസ്‌ലിം സമുദായത്തിന്റെ ഏകോപിത അഭിപ്രായ പ്രകാരം ഇന്നു ജീവിച്ചിരിക്കുന്നവരിൽ ഖിലാഫത്തിന് താങ്കളെ പോലെ യോഗ്യനായ മറ്റൊരാളില്ല. സംഭവിക്കാൻ പാടില്ലാത്തത് സംഭവിച്ചു. അതിനാൽ എത്രയും പെട്ടെന്ന് പരിഹാരം കണ്ടെത്തണം. മുസ്‌ലിം ലോകവും പ്രബോധന പ്രവർത്തനങ്ങളും ഇനിയും നിലനിൽക്കണം. അതിനാൽ താങ്കൾ ഖിലാഫത്ത് ഏറ്റെടുത്തേ പറ്റൂ.’ സ്വഹാബത്തിന്റെ നിർബന്ധമേറിയപ്പോൾ അദ്ദേഹം അതിന് വഴങ്ങി. ആദ്യം ത്വൽഹ(റ)വാണ് ബൈഅത്ത് ചെയ്തത്. ശേഷം സ്വഹാബി പ്രമുഖർ ഓരോരുത്തരായി ബൈഅത്ത് നടത്തി. അങ്ങനെ അലി(റ) നാലാം ഖലീഫയായി സ്ഥാനമേറ്റു. അടുത്ത ദിവസം സ്വഹാബികളെല്ലാം മദീനാ പള്ളിയിൽ ഒരുമിച്ചുകൂടി. അൻസ്വാറുകൾ മുഴുവനും മുഹാജിറുകളിലെ പ്രമുഖരുമടക്കം ഭൂരിഭാഗവും അലി(റ)യെ ഖലീഫയായി ബൈഅത്ത് ചെയ്തു.



സ്വാഭാവികമായും അലി(റ)യുടെ മുമ്പിൽ വന്ന, വരുന്ന ഏറ്റവും ആദ്യത്തെ വിഷയം ഉസ്മാൻ(റ)വിന്റെ ഘാതകരെ പിടികൂടുകയും ശിക്ഷിക്കുകയും ചെയ്യുക എന്നതായിരുന്നു. അതിന് ചില പ്രതിബന്ധങ്ങൾ അദ്ദേഹത്തിൻെറ മുമ്പിൽ ഉണ്ടായിരുന്നു. ആയതിനാൽ വളരെ പെട്ടെന്ന് അത് ചെയ്യേണ്ടതില്ല എന്ന് അദ്ദേഹം തീരുമാനിച്ചു. വിപ്ലവകാരികളായ ആൾക്കാരുടെ ബാഹുല്യമായിരുന്നു ഒരു പ്രതിബന്ധം. അവർ ഇസ്ലാമിക സൈന്യത്തിൽ പോലും അപ്പോഴേക്കും കയറിക്കൂടിക്കഴിഞ്ഞിരുന്നു. സംഭവത്തിന്റെ ദൃക്സാക്ഷികൾ ഇല്ലാത്തത് മറ്റൊരു പ്രതിബന്ധം ആയിരുന്നു. ഉസ്മാൻ(റ) കൊല്ലപ്പെട്ടതാണ് എന്ന് ഉറപ്പായിരുന്നുവെങ്കിലും അദ്ദേഹത്തിൻ്റെ ഭാര്യയല്ലാതെ മറ്റൊരു സാക്ഷിയും സംഭവത്തിന് ഉണ്ടായിരുന്നില്ല. അതിനോടൊപ്പം സംഭവം നടന്നത് ഹിജ്റ 35ലെ ഹജ്ജ് മാസം പതിമൂന്നാം തീയതിയോ മറ്റോ ആയിരുന്നു. പ്രമുഖരായ സ്വഹാബിമാർ എല്ലാം ഹജ്ജ് കർമ്മത്തിൽ വ്യാപൃതരും ആയിരുന്നു. ഇത്തരം ഒരു സമയത്ത് വിപ്ലവകാരികൾക്കെതിരെ എന്തെങ്കിലും ചെയ്യുവാൻ ഖലീഫക്ക് കഴിയുമായിരുന്നില്ല. ആയതിനാൽ രാജ്യത്തെ തൻ്റെ പിന്നിൽ കൃത്യമായും ഉറപ്പിച്ചു നിർത്തിയതിനുശേഷം മാത്രം മതി അത്തരം കാര്യങ്ങളിലേക്ക് പ്രവേശിക്കുന്നത് എന്ന് അദ്ദേഹം കരുതി. അതദ്ദേഹം പ്രമുഖ സ്വഹാബിമാരോട് പറയുകയും അവരത് ശരി വെക്കുകയും ചെയ്തതാണ്.



അധികാരം ഏറ്റെടുത്ത് ഏതാണ്ട് നാലുമാസം കഴിഞ്ഞപ്പോഴേക്കും ഉസ്മാൻ(റ)വിന്റെ ഘാതകരുടെ കാര്യത്തിൽ ഉള്ള തീരുമാനം നീണ്ടു പോകുന്നതിൽ പലരും അസ്വസ്ഥത പ്രകടിപ്പിച്ചു. സുബൈർ(റ), ത്വൽഹ(റ) എന്നിവർ ആയിഷ ബീവി(റ)യെ കണ്ടു സംഗതികൾ ഉണർത്തിച്ചു. ഈ വിഷയത്തിൽ താല്പര്യമെടുക്കാൻ വേണ്ടി പ്രത്യേക സൂചന നൽകുക എന്ന ഉദ്ദേശത്തോടെ അവർ മൂന്നു പേരും ബസ്വറയിലേക്ക് നീങ്ങി. ഇത്തരം ഒരു സമയത്ത് ആയിരുന്നു അലി(റ) തൻ്റെ തലസ്ഥാനം ഇറാഖിലെ കൂഫയിലേക്ക് മാറ്റിയത്. ആയിഷ ബീവി(റ)യുടെ നേതൃത്വത്തിലുള്ള പ്രമുഖ സഹാബിമാരുടെ ഈ വരവ് കുറേ ഘട്ടങ്ങൾ പിന്നിട്ട് പിന്നീട് ഒരു ആഭ്യന്തരയുദ്ധമായി പരിണമിക്കുകയായിരുന്നു. അതാണ് ജമൽ യുദ്ധം എന്ന പേരിൽ അറിയപ്പെടുന്നത്. ആയിഷ ബീവി അന്ന് ഒരു ഒട്ടകത്തിൻ മുകളിലായിരുന്നു വന്നത് എന്നതുകൊണ്ടാണ് ഈ പേര് ഇങ്ങനെ വന്നത്. ഇതോടെ രാഷ്ട്രീയരംഗം കലുഷിതമായി. ഉസ്മാൻ(റ)വിന്റെ മച്ചുനനായിരുന്ന ശാമിലെ ഗവർണർ മുആവിയ ഇക്കാര്യം പറഞ്ഞ് അലി(റ)യുമായി ഉടക്കുകയും വീണ്ടും ഒരു യുദ്ധത്തിന് തയ്യാറാവുകയും ചെയ്തു. സ്വിഫീൻ എന്ന പേരിലാണ് അത് അറിയപ്പെടുന്നത്.



പിന്നീട് ചെറുതും വലുതുമായ പല സംഘട്ടനങ്ങളും ഇസ്ലാമിക രാജ്യത്തിൻെറ പലയിടത്തും നടന്നു. അവിടെയെല്ലാം മുആവിയ വിജയിക്കുകയും താൻ ജയിച്ച പ്രദേശങ്ങളെല്ലാം തന്നോടൊപ്പം നിറുത്തുകയും ചെയ്തു. ഒടുവിൽ അലി(റ)വിന്റെ അധികാര പ്രദേശങ്ങൾ ഹിജാസും ഇറാഖും മാത്രമായി ചുരുങ്ങി. ഇതേസമയം ഇറാഖിലെ ശിയാക്കൾ ഖലീഫ അലി(റ)യെ ബുദ്ധിമുട്ടിച്ചുകൊണ്ടിരുന്നു. അങ്ങ് മുന്നിൽ നിന്നുതന്നാൽ ഞങ്ങൾ പിന്തുണക്കാമെന്ന് ഖലീഫക്ക് വാക്കുകൊടുക്കുകയും യുദ്ധ മുഖത്തെത്തുമ്പോഴെല്ലാം പിന്മാറി മഹാനെ ഒറ്റപ്പെടുത്തുകയും ചെയ്തു. ഈ വഞ്ചന പിൽക്കാലത്തും അഹ്‌ലുബൈത്തിനോട് ശിയാക്കൾ ചെയ്തതായി ചരിത്രത്തിൽ കാണാം. അങ്ങനെയൊരു സന്ദർഭത്തിലാണ് ശിയാക്കൾക്ക് റാഫിളിയ്യത്ത് എന്ന പേരു വന്നത്. ആഭ്യന്തര പ്രശ്‌നങ്ങളും തന്നോടൊപ്പം നിൽക്കുന്നവർ പോലും ഖിലാഫത്ത് മുന്നോട്ടു കൊണ്ടുപോകുന്നതിന് തടസ്സം സൃഷ്ടിക്കുന്നതും എല്ലാം അലി(റ)വിനെ വിഷമിപ്പിച്ചു. ഐഹിക ജീവിതത്തോടും സാരഥ്യത്തോടും അദ്ദേഹത്തിന് വെറുപ്പ് തോന്നി. അദ്ദേഹം നാഥനോട് പ്രാർത്ഥിച്ചു: 'ഈ പ്രവിശാലമായ ദുനിയാവിലെ ജീവിതം എനിക്കു മടുത്തിരിക്കുന്നു. ശല്യക്കാരെ കൊണ്ട് വല്ലാതെ ബുദ്ധിമുട്ടുകയാണ്. അവരിൽ നിന്നു രക്ഷപ്പെടുത്തി നിന്നിലേക്ക് എന്നെ മടക്കണേ നാഥാ.'



ശിയാക്കൾ ഭരണകൂടത്തിന് തലവേദന സൃഷ്ടിക്കുന്ന സമയത്തു തന്നെ ഉയർന്നുവന്ന മറ്റൊരു അഗ്നിപരീക്ഷയായിരുന്നു ഹറൂറാഇൽ വെച്ചു നടന്ന യുദ്ധത്തിൽ രക്ഷപ്പെട്ട ഒമ്പത് ഹറൂറികളുടെ ശല്യം. അലി(റ)യും മുആവിയ(റ)യും അംറുബിൻ ആസ്വു(റ)മാണ് മുസ്‌ലിംകൾക്കിടയിൽ ഭിന്നിപ്പുണ്ടാക്കുന്നതെന്നും അവരെ ഇല്ലാതാക്കിയാൽ സമാധാനം സാധ്യമാകുമെന്നും അവർ കണക്കുകൂട്ടി. ഹറൂറാഇൽ നടന്ന യുദ്ധത്തിൽ ബാക്കിയായ ഒമ്പതിൽ മൂന്നു പേരായിരുന്നു ഇതിനു പിന്നിൽ. അവർ രഹസ്യമായി ഒത്തുകൂടി ചാവേറുകളാകാൻ തീരുമാനിച്ചു. ഇവരിൽ അബ്ദുറഹ്‌മാനു ബിൻ മുൽജിം അലി(റ)യെയും ബിർഖു ബിൻ അബ്ദുല്ല മുആവിയ(റ)യെയും അംറുബ്‌നു ബക്ർ അത്തമീമി അംറുബ്‌നു ബ്‌നുൽ ആസ്വി(റ)യെയും വധിക്കാമെന്നേറ്റു. ചർച്ചയിൽ കൊലനടത്തേണ്ട ദിവസവും സമയവും തീരുമാനമായി. പരിശുദ്ധ റമളാൻ 17ന് ബദ്ർ ദിനത്തിന്റെ സുബ്ഹി സമയത്ത് മൂന്നുപേരെയും വധിക്കാമെന്ന് ധാരണയായി. അന്നൊരു വെള്ളിയാഴ്ചയായിരുന്നു. ചർച്ചയിലെ തീരുമാനപ്രകാരം മൂവരുടെയും ദേശങ്ങളിലേക്ക് അക്രമികൾ പുറപ്പെട്ടു. വധത്തിനായി നിശ്ചയിച്ച ദിവസം സുബ്ഹി സമയത്ത് മുആവി(റ)യും അംറും(റ) ഇമാമത്ത് നിൽക്കാറുള്ള ശാമിലെയും ഈജിപ്തിലെയും പള്ളികളിലെ ആദ്യ സ്വഫ്ഫിൽ അവർ കയറിക്കൂടി. കൂഫയിലെത്തിയ ഇബ്‌നു മുൽജിം അലി(റ)യെ പള്ളിയുടെ പുറത്തു കാത്തിരുന്നു. സുബ്ഹി ജമാഅത്തിന് നേതൃത്വം നൽകാനായി ഖലീഫ വീട്ടിൽ നിന്നിറങ്ങി. തൊട്ടടുത്തു തന്നെയാണ് മസ്ജിദ്. പള്ളിയിൽ പ്രവേശിക്കുന്നതിന്റെ തൊട്ടുമുമ്പ് ഇരുട്ടിന്റെ മറപിടിച്ച് ക്രൂരനായ ഇബ്‌നു മുൽജിം ഖലീഫയെ ആഞ്ഞുവെട്ടി.



നെറ്റിക്കു കൊണ്ട വെട്ട് തലയോട്ടി പിളർത്തി. ഖലീഫ വീഴുകയും രക്തം താടിയിലൂടെ ചാലിട്ടൊഴുകുകയും ചെയ്തു (നിസ്‌കാരത്തിനായി മിഹ്‌റാബിലേക്ക് കയറി നിൽക്കുമ്പോഴാണ് വെട്ടേറ്റത് എന്നും അഭിപ്രായമുണ്ട്). സ്വഹാബികൾ ഉടനെ തന്നെ ഘാതകനെ പിടികൂടി. അൽപ സമയത്തിനു ശേഷം ബോധം തെളിഞ്ഞപ്പോൾ അലി(റ) ഘാതകനെ കുറിച്ചന്വേഷിച്ചു. ഇബ്‌നുൽ മുൽജിമാണെന്ന് സ്വഹാബികൾ അറിയിച്ചു. അലി(റ) പറഞ്ഞു: ഞാനീ അവസ്ഥയിൽ മരണപ്പെട്ടാൽ ഘാതകനെ അംഗവിഛേദം നടത്താതെ വധിക്കുക. അംഗവിഛേദം നടത്തി നരകിപ്പിച്ചുള്ള കൊല ഇസ്ലാമികമല്ല. ഇനി ഞാനീ അവസ്ഥയിൽ മരണപ്പെട്ടിട്ടില്ലെങ്കിൽ അക്രമിയെ എന്തുചെയ്യണമെന്നതിൽ ഞാൻ തീരുമാനമെടുത്തുകൊള്ളാം. വെട്ടേറ്റു വീണ അലി (റ)യെ ചികിത്സിക്കുവാൻ അന്നത്തെ കൂഫയിലെ ഏറ്റവും വലിയ ബിഷഗ്വരൻ ആയിരുന്ന ഉസൈം ബിൻ അംറിനെ വിളിച്ചു വരുത്തി. വെട്ട് ഗുരുതരമാണെന്നും തലയോട്ടി പിളർന്നതിലൂടെ തലച്ചോർ പുറത്തു വന്നിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഹിജ്‌റ 40 റമളാൻ 19ന് ഞായറാഴ്ച രാത്രി തന്റെ 63ാം വയസ്സിൽ അലി(റ) വഫാത്തായി. അതോടെ ഖുലഫാഉർറാശിദീങ്ങളിലെ നാലാമനും കുട്ടികളിൽ നിന്ന് ആദ്യമായി ഇസ്‌ലാം സ്വീകരിച്ചയാളും നബി(സ്വ)യുടെ ജാമാതാവുമായ ഹസ്രത്ത് അലി(റ)യുടെ നാലു വർഷവും ഒമ്പതു മാസവും നീണ്ട ഖിലാഫത്തിന് അന്ത്യമായി.



അദ്ധ്യായം ഇരുപത്
അലി(റ)വിന്റെ ഖബർ



ഇറാഖിന്റെ തലസ്ഥാനമായ ബഗ്ദാദിന്റെ തെക്കുപടിഞ്ഞാറായി സ്ഥിതി ചെയ്യുന്ന ഒരു വലിയ നഗരമാണ് നജഫ്. കൂഫ നഗരത്തിൽ നിന്ന് ഏകദേശം പത്തു കിലോമീറ്ററും ചരിത്ര ഭൂമിയായ കർബലയിൽ നിന്ന് 85 കിലോമീറ്ററും ദൂരെ സ്ഥിതി ചെയ്യുന്ന ഈ നഗരം ശിയാ വിശ്വാസികൾ തങ്ങളുടെ ഒന്നാമത്തെ ഹറാമായി കാണുന്ന സ്ഥലമാണ്. അവർ ഈ നഗരത്തെ നജഫുൽ അശ്റഫ് എന്നു വിളിക്കുന്നു. അതിൻെറ കാരണം അലി(റ) അവിടെയാണ് അന്ത്യവിശ്രമം കൊള്ളുന്നത് എന്ന വിശ്വാസമാണ്. ഇറാഖിലെ ഏറ്റവും ശ്രദ്ധേയമായ നഗരമാണ് നജഫ്. എല്ലാ സൗകര്യങ്ങളും സംവിധാനങ്ങളും സന്നാഹങ്ങളും ഉള്ള ഈ നഗരത്തിലേക്ക് 24 മണിക്കൂറും ഷിയാവിശ്വാസികളുടെയും അല്ലാത്തവരുടെയും ഒഴുക്ക് കാണാം. അലി(റ)വിന് മുസ്ലിം ലോകം കൽപ്പിച്ചു നൽകുന്ന എല്ലാ പ്രത്യേകതയും പ്രതാപവും പ്രകടമായി കാണാവുന്ന സ്ഥലമാണ് ഇവിടം.



അതേസമയം അലി(റ) എങ്ങനെയാണ് ഇവിടെ മറവ് ചെയ്യപ്പെട്ടത്, അതിൻെറ ന്യായവും കാരണവും എന്തെല്ലാമായിരുന്നു, ചരിത്രം എങ്ങനെയാണ് ആ സംഭവങ്ങളെ വിളക്കി ചേർക്കുന്നത് തുടങ്ങിയതെല്ലാം പണ്ഡിതന്മാർക്കിടയിലെ ഒരു ചർച്ചാവിഷയമാണ്. കാരണം അലി(റ) വെട്ടേറ്റതും മരണപ്പെട്ടതും കൂഫയിൽ വച്ചായിരുന്നു, അദ്ദേഹത്തിൻ്റെ തലസ്ഥാന നഗരവും വീടും എല്ലാം കൂഫയിൽ ആയിരുന്നു എന്നതെല്ലാം അവിതർക്കിതങ്ങളായ കാരണ കാര്യങ്ങളാണ്. അതോടൊപ്പം തന്നെ ആ കാലഘട്ടത്തിന് എടുത്തു പറയാവുന്ന തരത്തിൽ എന്തെങ്കിലും പ്രത്യേകതകൾ ഉള്ള സ്ഥലമായിരുന്നില്ല ആ മരണം നടക്കുമ്പോൾ നജഫ് എന്ന പ്രദേശം. അക്കാലത്തെ ബാഗ്ദാദും കൂഫയും ബസ്വറയും എല്ലാം ലോകപ്രശസ്തങ്ങളായ നഗരങ്ങൾ ആയിരുന്നു. അതേസമയം കർബലയും നജഫും എല്ലാം പിന്നീട് ഷിയാവിശ്വാസികളിലൂടെ ഉണ്ടായിത്തീർന്നതും വളർന്നതും ആണ്. അപ്പോൾ പിന്നെ അലി(റ)വിനെ ഇവിടെ മറവ് ചെയ്യാനുള്ള ന്യായം എന്താണ് എന്ന് സ്വാഭാവികമായി ആരും ചോദിച്ചു പോകും. മദീനത്താണ് അദ്ദേഹത്തെ മറവ് ചെയ്തിരുന്നത് എങ്കിൽ ആർക്കും ഒന്നും ചോദിക്കാൻ ഉണ്ടാവില്ല. കാരണം അതിലൊരു ചരിത്രപരവും ആത്മീയവുമായ യോജിപ്പ് കരുതാവുന്നതാണ്. പക്ഷേ ഗതാഗത സൗകര്യങ്ങൾ വളരെ കുറഞ്ഞ ആ കാലഘട്ടത്തിൽ ഒരു മയ്യത്ത് വലിയ ദൂരത്തുള്ള മറ്റൊരു സ്ഥലത്തേക്ക് മാറ്റുക എന്ന് പറയുന്നത് എളുപ്പത്തിൽ വിശ്വസിക്കാൻ കഴിയുന്ന കാര്യമല്ല. അന്നത്തെ ഗതാഗത സൗകര്യങ്ങൾ പ്രധാനമായും കുതിരകളും കഴുതകളുമായിരുന്നു. അവയൊക്കെയും വൈയക്തികമായ യാത്രകൾക്കുള്ള സൗകര്യങ്ങളാണ്. എന്നാൽ മയ്യത്ത് ദൂരേക്ക് കൊണ്ടുപോകുവാൻ പ്രത്യേകമായ സൗകര്യങ്ങളും സന്നാഹങ്ങളും വേണ്ടതുണ്ട്. ഇങ്ങനെയെല്ലാം ചിന്തിക്കുമ്പോഴാണ് ചരിത്ര ലോകം ഈ വിഷയത്തിൽ ചില ആശങ്കകൾ പ്രകടിപ്പിക്കുന്നത്.



ഇതു സംബന്ധിച്ച പഠനങ്ങളിൽ നാല് അഭിപ്രായങ്ങളാണ് പ്രധാനമായും ഉള്ളത്. ഒന്നാമത്തേത്, ഹിജ്റ അഞ്ചാം നൂറ്റാണ്ട് വരെയുള്ള ബാഗ്ദാദിന്റെ ചരിത്രം ആധികാരികമായി രേഖപ്പെടുത്തിയ താരീഖ് ബഗ്ദാദ് എന്ന ഖത്തീബ് ബാഗ്ദാദി യുടെ ഗ്രന്ഥത്തിൽ അദ്ദേഹം പറയുന്നതാണ്. കൂഫയിലെ ഭരണ ആസ്ഥാനമായ ഖസറുൽ ഇമാറയിലാണ് ബഹുമാനപ്പെട്ട വരെ മറവ് ചെയ്തവരെ എന്ന് അദ്ദേഹം പറയുന്നു. (1/136). രണ്ടാമത്തേത് അബ്ദുല്ല അൽ അജലിയുടെ അഭിപ്രായമാണ്. ഏതോ അജ്ഞാതമായ സ്ഥലത്താണ് മഹാനവർകളെ മറവ് ചെയ്തത് എന്ന് അദ്ദേഹം പറയുന്നു. ഈ അഭിപ്രായം താരീഖു ബഗ്ദാദ് ഉദ്ധരിക്കുന്നുണ്ട്. മൂന്നാമത്തെ അഭിപ്രായം ഹാഫിള് അബൂ നഈമിന്റേതാണ്. അലി(റ)വിനെ ആദ്യം കൂഫയിൽ മറവ് ചെയ്തു എന്നും പിന്നീട് മയ്യത്ത് മദീനയിലേക്ക് ഇമാം ഹസൻ(റ) മാറ്റം ചെയ്തു എന്നുമാണ്. നാലാമത്തത് ഇബ്രാഹിം അൽ ഹർബിയുടെ അഭിപ്രായമാണ്. അദ്ദേഹം പറയുന്നത് എവിടെയാണ് അലി(റ)യുടെ ഖബർ എന്നറിയില്ല എന്നാണ്. ഏതായിരുന്നാലും നജഫിലാണ് ഖബർ എന്നതിന് പ്രധാനപ്പെട്ട സുന്നി ചരിത്ര അവലംബങ്ങളിലൊന്നും യാതൊരു സാധ്യതയും കാണുന്നില്ല. ഈ അഭിപ്രായങ്ങളെല്ലാം പരിഗണിച്ചുകൊണ്ട് ചില പണ്ഡിതന്മാർ പറഞ്ഞിരിക്കുന്നത് അദ്ദേഹത്തിൻ്റെ കബർ കൂഫയിൽ ഏതോ അജ്ഞാത സ്ഥലത്താണ് എന്നും അത് അജ്ഞാതമാക്കി വെച്ചത് അക്കാലത്തെ രാഷ്ട്രീയ പ്രശ്നങ്ങൾ കാരണം അദ്ദേഹത്തോട് എതിർപ്പുള്ള ആൾക്കാർ കബർ മാന്തുവാൻ ഉള്ള സാധ്യത ഉണ്ടായിരുന്നത് കൊണ്ടാണ് എന്നുമാണ്. അജ്ഞാതമായ സ്ഥലം എന്നു പറയുമ്പോൾ അത് നജഫുമായിരിക്കാം എന്ന് പറഞ്ഞ് തൽക്കാലം ഈ ചർച്ച അവസാനിപ്പിക്കുകയേ നിർവ്വാഹമുള്ളൂ.



നജഫിൽ മറപെട്ടുകിടക്കുന്ന മഹാന്മാരുടെ പട്ടിക ശിയാ ചരിത്രമനുസരിച്ച് നീണ്ടതാണ്. പ്രവാചകന്മാരായ സ്വാലിഹ് നബിയുടെയും ഹൂദ് നബിയുടെയും ഖബർ ഇവിടെയാണ് എന്ന് അവർ വിശ്വസിക്കുന്നുണ്ട്. അലി(റ)യുടെ മഖ്ബറയിലേക്ക് തിരിയുന്ന കവാടത്തിന്റെ നേരെ എതിർ ദിശയിലായി ഈ പ്രവാചകന്മാരുടെ ഖബർ എന്ന് എഴുതിയ ഒരു കെട്ടും അവിടെയുള്ള ശിയാക്കളുടെ സന്ദർശന തിരക്കും കാണാം. പ്രവാചകൻമാരുടെ ഖബറുകൾ ഒന്നും കൃത്യമായി തെളിയിക്കാവുന്ന രേഖകളുടെ പിൻബലം ഉള്ളതല്ല. സത്യത്തിൽ അലി(റ)യെ മറവ് ചെയ്യുന്ന സമയത്ത് തികച്ചും വിജനമായിരുന്ന നജഫ് പ്രദേശം നേരത്തെ പ്രവാചകൻമാരുടെ കാലഘട്ടത്തിൽ പോലും ശ്രദ്ധിക്കപ്പെട്ടിരുന്ന സ്ഥലമാണ് എന്ന് വരുത്തുവാൻ വേണ്ടി ശിയാക്കൾ ഉണ്ടാക്കുന്നതാണ് ഈ ചരിത്ര സ്മാരകങ്ങൾ എന്ന് പലരും പറയാറുണ്ട്. ഇത്തരത്തിൽ ആദം നബി, യൂനുസ് നബി തുടങ്ങിയ പ്രവാചകൻമാരുടെ ഖബറുകളും കൂഫയുടെ നഗരപ്രാന്തങ്ങളിലായി ഉണ്ട്. അതിന്റെയൊക്കെ കഥ ഇതു തന്നെയാണ്.



അലി(റ)വിന്റേതാണ് എന്ന് പറയപ്പെടുന്ന ഖബർ സത്യത്തിൽ മുഗീറ ബിൻ ശുഅ്ബ(റ)യുടേതാണ് എന്ന് പ്രമുഖ ചരിത്രകാരൻ ഖത്തീബുൽ ബഗ്ദാദി പറയുന്നുണ്ട് (അൽ ബിദായ വന്നിഹായ). പ്രമുഖനും പ്രസിദ്ധനുമായ സ്വഹാബിയായിരുന്നു മുഗീറ ബിൻ ശുഅ്ബ(റ). ഹിജ്റ അഞ്ചിൽ അഹ്സാബ് യുദ്ധത്തിന് ശേഷമാണ് അദ്ദേഹം ഇസ്ലാമിലെത്തുന്നത്. നബിയുടെ കാലത്ത് എല്ലാ പ്രധാന രംഗങ്ങളിലും അദ്ദേഹം ഉണ്ടായിരുന്നു. നല്ല ബുദ്ധിയും ആലോചനാശേഷിയും ധീരതയും എല്ലാം ഉണ്ടായിരുന്ന ഒരു അതികായനായിരുന്നു അദ്ദേഹം. ഏതു പ്രശ്നങ്ങളിൽ അകപ്പെട്ടാലും അതിൽ നിന്ന് അനുകൂലവും ബുദ്ധിപരവുമായി രക്ഷപ്പെടാൻ കഴിയുന്ന ഒരാളായിരുന്നു അദ്ദേഹമെന്ന് ഇമാം ത്വബരിയും വലിയ ഗാംഭീര്യമുള്ള ആളും യുദ്ധതന്ത്രമായിരുന്നു അദ്ദേഹം എന്ന് ഇമാം ദഹബിയും പറയുന്നുണ്ട്. നബി യുഗത്തിനുശേഷം യർമൂക്ക്, ഖാദിസിയ്യ തുടങ്ങിയ രംഗങ്ങളിലൊക്കെയും അദ്ദേഹത്തിന്റെ സാന്നിദ്ധ്യം ഉണ്ടായിരുന്നു. ഹിജ്റ 50 ൽ തന്റെ എഴുപതാം വയസ്സിൽ അദ്ദേഹം കൂഫയിൽ മരണപ്പെട്ടു എന്നാണ് ചരിത്രം.



അദ്ധ്യായം ഇരുപത്തി ഒന്ന്
കൂഫയിലെ കാഴ്ചകൾ



കൂഫയിലെ പള്ളി:



കൂഫ നഗരത്തിലെ ഏറ്റവും മനോഹരമായ കാഴ്ചയും എല്ലാ കാഴ്ചകളുടെയും കേന്ദ്രവുമാണ് ഈ പള്ളി. ഇറാഖിലെ ഏറ്റവും പഴയതും ചരിത്ര പ്രാധാന്യമുള്ളതുമായ പള്ളിയാണ് ഇത്. ഇസ്ലാമിക സംസ്കാരത്തിലെ പുരാതന പള്ളികളിൽ ഒന്നായി എണ്ണപ്പെടുന്ന ഈ പള്ളി ഹിജ്റ 19 ൽ പ്രമുഖ സഹാബി വര്യൻ സഅ്ദ് ബിൻ അബീ വഖാസ്(റ) ആണ് നിർമ്മിച്ചത് എന്നാണ് ചരിത്രം. സാസാൻ സാമ്രാജ്യത്തിനു മേൽ വിജയം നേടിയ മുസ്ലിംകൾ ഖലീഫ ഉമർ(റ)വിന്റെ നിർദ്ദേശപ്രകാരം ആദ്യം കേന്ദ്രീകരിച്ചത് ഇറാഖിലെ മദായിനിൽ ആയിരുന്നു. പിന്നീട് അവർ അൻബാറിലേക്ക് മാറി. അവിടെ അവർ ഗുരുതരമായ പല ആരോഗ്യ പ്രശ്നങ്ങളെയും നേരിടുന്നുണ്ടായിരുന്നു. അതിനാൽ ആ സ്ഥാനമായി മറ്റൊരു സ്ഥലം കണ്ടെത്തുവാൻ അവർ നിർബന്ധിതരായി. അങ്ങനെയാണ് സഅ്ദ് ബിൻ അബീ വഖാസ്(റ) കൂഫ നഗരം അതിനായി കണ്ടെത്തിയത്. വിവരങ്ങൾ വിശദമായി അറിഞ്ഞ ഖലീഫ അതിന് അനുവാദം നൽകുകയും ചെയ്തു. അവിടെ ആദ്യമായി നിർമ്മിച്ചത് ഈ പള്ളിയായിരുന്നു. നാലു ഭാഗത്തേക്കും അമ്പയ്യുകയും അമ്പുകൾ വീണ സ്ഥലം ചതുരത്തിൽ അടയാളപ്പെടുത്തുകയും അങ്ങനെ പള്ളിയുടെ അതിർത്തി നിശ്ചയിക്കുകയായിരുന്നു എന്ന് ചരിത്രങ്ങളിൽ കാണാം. പിന്നീട് അലി(റ)വിന്റെ തലസ്ഥാനം ഹിജ്റ 35 ൽ ഇങ്ങോട്ട് മാറിയതോടു കൂടെ ഈ നഗരം കൂടുതൽ ശ്രദ്ധിക്കപ്പെട്ടു. ശിയാവിശ്വാസികൾക്ക് ഈ പള്ളി നാലാമത്തെ ഏറ്റവും ശ്രേഷ്ഠമായ പള്ളിയാണ് മസ്ജിദുൽ ഹറാം മസ്ജിദുന്നബവി ബൈത്തുൽ മുഖദ്ദസ് എന്നിവയ്ക്കുശേഷം അവർ പ്രാധാന്യം കൽപ്പിക്കുന്ന പള്ളിയാണിത്.



മുസ്ലിം ബിൻ ഉഖൈൽ(റ):



കൂഫയിലെ ഏറ്റവും പ്രധാനപ്പെട്ട ഒരു സന്ദർശന കേന്ദ്രമാണ് കൂഫ പള്ളിയോട് ചേർന്ന് തന്നെ പള്ളി സമുച്ചയത്തിൽ ഉള്ള മുസ്ലിം ബിൻ ഉഖൈൽ(റ) എന്നിവരുടെ ഖബർ. ഹുസൈൻ(റ) ഇറാഖിലെ ജനങ്ങളുടെ മനസ്സറിയുവാൻ പറഞ്ഞയച്ച ദൂതനായിരുന്നു അദ്ദേഹം. അലി(റ)യുടെ സഹോദരൻ ഉഖൈൽ എന്നവരുടെ മകനായിരുന്നു അദ്ദേഹം. കൂഫയിൽ ഹുസൈൻ പക്ഷക്കാരിൽ ആദ്യമായി കൊല്ലപ്പെട്ട വ്യക്തി അദ്ദേഹമായിരുന്നു. ഹുസൈൻ(റ)വിന്റെ ദൂതൻ എന്ന അപരനാമത്തിൽ ആണ് ശിയാവിശ്വാസികൾ അദ്ദേഹത്തെ പ്രകീർത്തിക്കാറുള്ളത്. നല്ല ബുദ്ധിശേഷിയും തടിമെടുക്കും ഉള്ള ഒരാളായിരുന്നു അദ്ദേഹമെന്ന് ആ കാലഘട്ടം സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്. നബിയോട് അബ്ദുൽ മുത്തലിബിനെ മക്കളിൽ ഏറ്റവും സദൃശ്യം അദ്ദേഹത്തിനായിരുന്നു എന്ന് അബൂഹുറൈറ(റ) പറയുന്നുണ്ട്. ഹിജ്റ 37ൽ നടന്ന സ്വിഫീൻ യുദ്ധത്തിൽ അലി (റ)യുടെ സേനയുടെ വലതുവശത്തിന്റെ നായകനായിരുന്നു അദ്ദേഹം. കൂഫക്കാരുടെ നിരന്തരമായ കത്തും ആവശ്യവും കാരണത്താൽ അവരുടെ മനസ്സ് കൃത്യമായി വായിച്ചെടുക്കുക എന്ന ഉദ്ദേശത്തോടുകൂടി ഹുസൈൻ(റ) നിയോഗിച്ചത് ആയിരുന്നു അദ്ദേഹത്തെ. അദ്ദേഹം കൂഫയിൽ വരികയും തൻ്റെ ആഗമന ഉദ്ദേശം ജനങ്ങളെ അറിയിക്കുകയും ചെയ്തു. അത് കേട്ട ജനങ്ങൾ തങ്ങളുടെ പ്രതിജ്ഞ ആവർത്തിക്കുകയും ചെയ്തു. പതിനെട്ടായിരം പേരാണ് തങ്ങൾ ഹുസൈനെ പിന്തുണക്കും എന്ന് പ്രഖ്യാപിച്ചത്.



ഈ ദൗത്യവുമായി മുസ്ലിം കൂഫയിൽ എത്തിയിട്ടുണ്ട് എന്ന ഒരു രഹസ്യ വിവരം ഗവർണർ ഉബൈദുള്ള ബിൻ സിയാദിന് ലഭിക്കുകയുണ്ടായി. അത്തരമൊരു നീക്കത്തെ കുറിച്ച് കൂഫയിലെ ഗവർണർ വിവരം നൽകേണ്ടത് ആയിരുന്നു. കൂഫയിലെ ഗവർണർ നുഅ്മാൻ ബിൻ ബഷീർ ആയിരുന്നു. നബി കുടുംബത്തോട് മാനസികമായ അടുപ്പമുള്ള ആളാ യതിനാൽ നുഅ്മാൻ ഇത്തരം വിവരങ്ങൾ മറച്ചു വെച്ചേക്കാം എന്ന് തോന്നിയതിനാൽ ഇബ്നു സിയാദ് തന്നെ നേരിട്ട് കുഫയിലേക്ക് വന്നു എന്നാണ് ചരിത്രം. അയാൾ ഹുസൈൻ (റ)വിന്റെ വേഷത്തിലാണ് വന്നിരുന്നത്. ഇത് ഹുസൈൻ ആണ് എന്ന് തെറ്റിദ്ധരിച്ച കൂഫക്കാർ അദ്ദേഹത്തിന് സ്വാഗതം അരുളി കൊണ്ട് മുന്നോട്ട് വന്നു. നേരെ ഭരണ കേന്ദ്രത്തിലേക്ക് നടന്ന ഇബ്നു സിയാദ് അവിടെയെത്തി തന്റെ ശരിയായ രൂപം പുറത്തെടുത്തു. അപ്പോഴാണ് ജനങ്ങൾ തങ്ങൾക്കു പറ്റിയ അമളി മനസ്സിലാക്കിയത്. തുടർന്ന് നുഅ്മാൻ ബിൻ ബഷീറിനെ സ്ഥാനഭ്രഷ്ടനാക്കുകയും താൻ തന്നെ കാര്യങ്ങൾ കയ്യിലെടുക്കുകയുമായിരുന്നു.



അധികം വൈകാതെ മുസ്ലിം ബിൻ ഉഖൈൽ ഹാനി ബിൻ ഉർവയുടെ വീട്ടിലുണ്ട് എന്ന് കണ്ടെത്തിയ ഇബ്നു സിയാദ് മഅ്ഖൽ എന്ന ഒരു ഭടനെയും മുന്നൂറ് പേരെയും മുസ്ലിമിനെ പിടികൂടാൻ നിയോഗിച്ചു. അവർ ഹാനി ബിൻ ഉർവയുടെ വീട്ടിലെത്തിയതും കാര്യങ്ങൾ പ്രതികൂലമാണ് എന്ന് തിരിച്ചറിഞ്ഞ മുസ്ലിം(റ) അവിടെനിന്ന് രാത്രിയിൽ രക്ഷപ്പെടുകയായിരുന്നു. വളരെ ശ്രദ്ധിച്ചും സൂക്ഷിച്ചും ആരുടെയും കണ്ണിൽപ്പെടാതെ നടന്ന അദ്ദേഹം രാത്രിയായപ്പോൾ തൗഅ എന്ന ഒരു സ്ത്രീയുടെ വീട്ടിലെത്തി തൻ്റെ കാര്യങ്ങളൊക്കെ ആ സ്ത്രീയോട് പറഞ്ഞു. നബി കുടുംബത്തോട് സ്നേഹം സൂക്ഷിക്കുന്ന ഒരു സ്ത്രീയായിരുന്നു അത്. അവർ പറഞ്ഞു: 'ഞാൻ നിങ്ങൾക്ക് ഇവിടെ സംരക്ഷണം നൽകാം, പക്ഷേ എൻ്റെ മകൻ നിങ്ങളെ ഇഷ്ടപ്പെടുന്നവരുടെ കൂട്ടത്തിൽപ്പെട്ട ആളല്ല. അതിനാൽ എന്തുണ്ടാവും എന്ന് എനിക്ക് പറയാൻ കഴിയില്ല'. അന്ന് രാത്രി അവരുടെ മകൻ വന്നപ്പോഴേക്കും ആശങ്കപ്പെട്ടത് തന്നെയാണ് നടന്നത്. മകൻ മുസ്ലിം ബിൻ ഉഖൈലിനെ ഇബിനു സിയാദിന്റെ പോലീസുകാർക്ക് പിടിച്ചു കൊടുത്തു. അവർ അദ്ദേഹത്തെ കൊണ്ടുപോവുകയും കൊട്ടാരത്തിന്റെ മുകളിൽ കൊണ്ടുപോയി കഴുത്തറുത്ത് ജഡം താഴേക്ക് ഇടുകയും ചെയ്യുകയായിരുന്നു. തങ്ങളോട് കളിക്കുന്ന ആരുടെയും ഗതി ഇതായിരിക്കും എന്ന് സൂചന നൽകുകയായിരുന്നു അവരുടെ ഉദ്ദേശം. ഹിജ്റ 60 ദുൽഹിജ്ജ ഒമ്പതിനായിരുന്നു ഈ ദാരുണ സംഭവം.



ഹാനി ബിൻ ഉർവ്വ



കൂഫയിലെ പൗരപ്രധാനികളിൽ ഒരാളായിരുന്നു ബനു മുറാദ് കുടുംബാംഗവും പ്രമുഖ താബിഈയുമായ ഹാനി ബിൻ ഉർവ. അദ്ദേഹത്തിൻ്റെ ബാല്യകാല ചരിത്രങ്ങളിൽ കൂടുതലായി ഒന്നും ലഭ്യമായിട്ടില്ലെങ്കിലും ജമൽ യുദ്ധത്തിലും സ്വിഫീൻ യുദ്ധത്തിലും അലി(റ)യോടൊപ്പം അദ്ദേഹം പങ്കെടുത്തിട്ടുണ്ട്. നെഹ്റുവാൻ യുദ്ധത്തിലും അദ്ദേഹം ഉണ്ടായിരുന്നു. മുസ്ലിം ബിൻ ഉഖൈൽ(റ) ആദ്യം തമ്പടിച്ചത് മുഖ്താർ സഖഫി എന്നിവരുടെ വീട്ടിലായിരുന്നു. പിന്നീട് സൗകര്യവും സുരക്ഷയും കാരണം ഹാനി ബിൻ ഉർവയുടെ വീട്ടിലേക്ക് മാറുകയായിരുന്നു. പൗരപ്രമുഖനും സമ്പന്നനും ആയിരുന്നു ഹാനി. കൂഫയിൽ വന്ന് കാര്യങ്ങൾ നേരിട്ട് ഏറ്റെടുത്ത ഇബ്നു സിയാദ് മുസ്ലിം ബിൻ ഉഖൈൽ എവിടെയാണ് എന്ന് അറിയുവാൻ ചാരന്മാരെ നിയോഗിക്കുകയായിരുന്നു. അങ്ങനെ ഒരു ചാരനിലൂടെ മുസ്ലിം ഹാനി ബിൻ ഉർവയുടെ വീട്ടിലുണ്ട് എന്ന് അറിഞ്ഞു. തന്റെ പൊതു പ്രഭാഷണത്തിൽ ഇബ്നു സിയാദ് പരസ്യമായി ഹാനിയെ അന്വേഷിച്ചു. സുഖമില്ലാത്തതു കൊണ്ടായിരിക്കാം എന്നായിരുന്നു ആദ്യം ലഭിച്ച മറുപടി. സുഖമില്ലെങ്കിൽ ഞാൻ ഹാനിയെ അങ്ങോട്ട് പോയി കാണും എന്ന് വരെ സിയാദ് പറയുകയുണ്ടായി. എന്നാലും ഗവർണർ നേരിട്ട് വന്നിട്ടും പ്രധാനിയായ ഹാനി ഗവർണറുടെ സദസ്സിൽ എത്താത്തത് സന്ദേഹങ്ങൾക്ക് വഴിവെച്ചു. പിന്നാമ്പുറത്തിലൂടെ ഹാനിയുടെ വീട്ടിലാണ് മുസ്ലിം ഉള്ളത് എന്ന് ഇബ്നു സിയാദ് ഉറപ്പുവരുത്തുകയും ചെയ്തു.



ഹാനിയുടെ അടുക്കലേക്ക് ഇബ്നു സിയാദ്‌ ദൂതനെ പറഞ്ഞയച്ചു. സംഭവങ്ങളെക്കുറിച്ചെല്ലാം ഒരു ധാരണ ഉണ്ടായിരുന്ന ഹാനി ഗവർണറുടെ മുമ്പിലേക്ക് പോകാൻ മടിച്ചു നിന്നു. പക്ഷേ, എല്ലാവരുടെയും സമ്മർദ്ദം വന്നപ്പോൾ അദ്ദേഹം പോയി. അവിടെവെച്ച് നേർക്കുനേരെ താങ്കൾ മുസ്ലിമിന് അഭയവും സംരക്ഷണവും നൽകുന്നില്ലേ എന്ന് ഇബ്നു സിയാദ് തുറന്നു ചോദിച്ചു. ഇല്ല എന്ന് ഹാനി മറുപടി പറഞ്ഞു. അപ്പോൾ ചാരനെ കൊണ്ടുവരികയും ചാരനെ കൊണ്ട് നേരിട്ട് ചോദിക്കുകയും ചെയ്തതോടെ ഹാനി വലയത്തിൽ ആയി. അതോടെ തൊണ്ണൂറ് വയസ്സ് പ്രായമുണ്ടായിരുന്ന ഹാനി എന്ന പൗരപ്രമുഖനെ ഇബ്നു സിയാദ് പരസ്യമായി അടിക്കുവാനും ശകാരിക്കുവാനും തുടങ്ങി.



ഹിജ്റ 60 ദുൽഹിജ്ജ 8 ന് ഹാനി ബിൻ ഉർവ്വയുടെ ശിരസ്സ് മുറിച്ചെടുത്ത് ഇബ്നു സിയാദ് കൊലപ്പെടുത്തി. അദ്ദേഹത്തിന്റെയും മുസ്ലിം ബിൻ ഉഖൈലിന്റെയും തലയറുത്ത ശരീരങ്ങൾ അങ്ങാടിയിലെ മാലിന്യങ്ങൾ നിക്ഷേപിക്കുന്ന സ്ഥലത്ത് ദിവസങ്ങളോളം പ്രദർശിപ്പിക്കുകയും ചെയ്യുകയുണ്ടായി.




0 Comments

No comments yet.

Leave a Comment

© www.thdarimi.in. All Rights Reserved. Designed by zainso