

ഇറാഖിലെ കാഴ്ചകൾ - 1
12-12-2023
Web Design
15 Comments
അദ്ധ്യായം ഒന്ന്
ഇറാഖ്: നാട്ടുവിശേഷങ്ങൾ
പണ്ടെന്നോ വായനയ്ക്കിടയിൽ മനസ്സിൽ തങ്ങിനിന്ന ഒരു സംഭാഷണശകലമുണ്ട്. മഹാനായ ഇമാം ശാഫി(റ) തന്റെ ശിഷ്യൻ യൂനുസ് ഇബ്നു അബ്ദുൽ അഅ്ലയോട് ചോദിക്കുന്നതാണ് അത്. 'നീ ബഗ്ദാദ് കണ്ടിട്ടുണ്ടോ'?, എന്നായിരുന്നു ഗുരുവിന്റെ ചോദ്യം. ഇല്ല എന്ന് നിഷ്കളങ്കമായി ശിഷ്യൻ മറുപടി നൽകി. അപ്പോൾ ഇമാം ശാഫി(റ) ശിഷ്യനോട് പറഞ്ഞു: 'എങ്കിൽ നീ ഈ ലോകത്ത് ഒന്നും കണ്ടിട്ടില്ല..' എന്ന്.
പിന്നെ ഉള്ളിൽ കിടക്കുന്ന ചരിത്രാഭിമുഖ്യം പലതും വായിക്കാൻ തന്നപ്പോൾ അവിടെയൊക്കെ ഇമാം ശാഫി(റ) പറഞ്ഞ പൊരുൾ അന്വർത്ഥമാക്കുന്ന പലതും കണ്ടു. ആത്മീയ പഠനത്തിലും ജീവിതത്തിലും ബാഗ്ദാദ് വീണ്ടും വീണ്ടും മനസ്സിൽ കയറിയും ഇറങ്ങിയും കൊണ്ടിരുന്നപ്പോഴൊക്കെയും ബഗ്ദാദ് മനസ്സിൽ വളരുകയായിരുന്നു. അങ്ങനെയങ്ങനെയാണ് ബഗ്ദാദ് കാണുവാനുള്ള മോഹം മനസ്സിൽ തീവ്രത പ്രാപിക്കുന്നത്. അൽഹംദുലില്ലാ, അത് കഴിഞ്ഞ മാസം സാധ്യമായി.
ബഗ്ദാദ്
ബാഗ്ദാദിലെയും കൂഫയിലെയും ബസ്വറയിലെയും ആത്മീയകേന്ദ്രങ്ങളിലൂടെ സഞ്ചരിക്കുമ്പോൾ മനസ്സിൽ കരുതി വെച്ചിരുന്നു, ഇവിടെ വരുന്നവർക്ക് അകക്കാഴ്ച നൽകുവാനും വരാൻ വിളി വന്നിട്ടില്ലാത്തവർക്ക് സങ്കൽപ്പിച്ച് ആത്മ സുഖം നേടുവാനും ഈ ചരിത്രപഥങ്ങളെ അക്ഷരങ്ങളിലേക്ക് ആവാഹിക്കണമെന്ന്. ആ ആഗ്രഹവും ശ്രമവും അല്ലാഹു ഫജ്ർ ബുക്സിലൂടെ സാധിപ്പിച്ചു തന്നിരിക്കുകയാണ്. അൽഹംദുലില്ലാ..
മഹാന്മാരെ സന്ദർശിക്കുന്നതും അവരോട് ആത്മബന്ധം സ്ഥാപിക്കുന്നതും എല്ലാം മനസ്സാന്നിധ്യത്തോടെ മാത്രം ചെയ്യേണ്ട കാര്യങ്ങളാണ്. അതായത് അവരെ അറിഞ്ഞ് മനസ്സിനോട് അടുപ്പിച്ചു പിടിച്ചും സങ്കൽപ്പിച്ചും ചെയ്യേണ്ട കർമ്മങ്ങളാണ് അവ. അപ്പോൾ മാത്രമാണ് അവരുമായുള്ള ബന്ധങ്ങൾ ആത്മീയമായ കരുത്തും കുളിരും പകരുക. അങ്ങനെ അല്ലാതെ അന്ധമായി അനുകരിച്ചും അപ്പുറത്തും ഇപ്പുറത്തും ചെയ്യുന്നത് പകർത്തിയും നടത്തുന്ന ആത്മീയ വേലകൾ സത്യത്തിൽ നിരർത്ഥകമായിരിക്കും.
അല്ലെങ്കിലും, ആത്മീയതയുടെ അടിസ്ഥാനം സ്നേഹമാണല്ലോ. സ്നേഹമാകട്ടെ മനസ്സിൽ നിന്ന് നിഷ്കളങ്കമായി, പ്രകൃതിദത്തമായി നിർഗളിക്കുന്നതാ യിരിക്കേണ്ടതാണ്. അത് അങ്ങനെ ആയിത്തീരുക ശരിയായ അറിവോടുകൂടി ഉള്ള സമീപനം ഉണ്ടാകുമ്പോഴാണ്. അഭിനയിച്ചുണ്ടാക്കുന്നതും അന്യർക്കു വേണ്ടി ഉണ്ടാക്കുന്നതുമെല്ലാം പുറംപൂച്ചുകൾ മാത്രമാണ്. അത് മഹബ്ബത്തും ഇഷ്ഖുമെല്ലാം ആണെന്ന് ആരു പറഞ്ഞാലും അതു തെറ്റാണ്. അതുകൊണ്ടെല്ലാമാണ് ഇതിങ്ങനെ എഴുതുവാൻ തുനിയുന്നത് എന്നാണ് പറഞ്ഞുവരുന്നത്.
കാപട്യം പല വേഷങ്ങളും അണിയുന്ന ആധുനിക കാലത്ത് വ്യാപകമെങ്കിലും, സത്യത്തിൽ അറിവില്ലാത്ത ആത്മീയത അപകടമാണ് എന്ന് തീർത്തു പറയാതെ വയ്യ. ഇക്കാര്യത്തിൽ ഇമാം മാലിക് മാലിക്(റ) പറഞ്ഞ ആ വാചകം ഒന്നുകൂടി ഓർമ്മപ്പെടുത്തി ആ സംസാരം ഉപസംഹരിക്കാം. അദ്ദേഹം പറഞ്ഞു: 'ഒരാൾ അറിവ് ഇല്ലാതെ ആത്മീയത നേടിയാൽ അവൻ മതത്തിൽ നിന്ന് വഴുതിപ്പോയവനായി. അതേസമയം ആത്മീയത ഇല്ലാതെ അറിവ് മാത്രം സ്വായത്തമാക്കിയാലാണെങ്കിൽ അവൻ തെമ്മാടിയുമായി. എന്നാൽ അറിവിനെയും ആത്മീയതയെയും ഒപ്പം ഒരുമിച്ചുകൂട്ടിയവനാവട്ടെ എല്ലാം നേടിയവനുമായി'.
മഹാന്മാരുടെ ജീവിതം അടുത്തറിയുവാൻ ഒരു വഴി ആവുക എന്നതാണ് ഈ ശ്രമത്തിന്റെ പരമമായ ലക്ഷ്യം എന്ന് ചുരുക്കം. അതിനു വേണ്ടി എല്ലാവരുടെയും ആത്മാർത്ഥമായ പ്രാർത്ഥനയും പ്രവർത്തനവും ഉണ്ടായിരിക്കണമെന്ന് സദയം അഭ്യർത്ഥിക്കുന്നു.
ഏഷ്യാ വൻകരയുടെ മദ്ധ്യത്തിൽ കിഴക്ക് ഭാഗത്തായി സ്ഥിതി ചെയ്യുന്ന രാജ്യമാണ് ഇറാഖ്. വടക്ക് തുർക്കിയും കിഴക്ക് ഇറാനും തെക്ക് കുവൈറ്റും സൗദി അറേബ്യയും പടിഞ്ഞാറ് ജോർദാനും സിറിയയും ആണ് ഇറാഖുമായി അതിർത്തി പങ്കിടുന്ന രാജ്യങ്ങൾ. 4,38,317 ച.കി.മീറ്റർ വിസ്തീർണ്ണമുള്ള ഇറാഖ് ഭൂവിസ്തൃതിയിൽ ലോകത്തെ അൻപത്തിയെട്ടാമത്തെ രാജ്യമായി കരുതപ്പെടുന്നു. എന്നാൽ ജനസംഖ്യയിൽ ലോകത്തെ മുപ്പത്തിമൂന്നാമത്തെ രാജ്യമാണ് ഇറാഖ്. രാജ്യത്തെ ഏറ്റവും വലിയ നഗരമായ ബഗ്ദാദാണ് തലസ്ഥാനം. ഇറാഖീ ദീനാറാണ് നാണയം. ലോകത്ത് ഏറ്റവുമധികം ഭൂഗർഭ എണ്ണ സമ്പത്തുള്ള പ്രദേശമാണ് ഇറാഖ് എങ്കിലും ഭരണപരമായ അസ്ഥിരതയും നിരന്തര യുദ്ധങ്ങളും കലാപങ്ങളും ഈ രാജ്യത്തെ സാമ്പത്തികമായി തകർത്തിരിക്കുന്നു എന്നു കരുതാം. അറബികൾ, കുർദുകൾ എന്നിങ്ങനെ രണ്ട് ജനവിഭാഗങ്ങളാണ് ഇവിടെ അധിവസിക്കുന്നത്. എൺപതു ശതമാനം അറബികളാണ്. ബാക്കിയുള്ളവർ കുർദുകളും. കുർദ്ദുകൾ മുസ്ലിംകളും സുന്നികളുമാണ്. ഇവർ അടിസ്ഥാനപരമായി പേർഷ്യൻ വംശജരാണ്. അവർക്ക് പ്രത്യേക ആചാര-അനുഷ്ടാനങ്ങളും പാരമ്പര്യങ്ങളും ഭാഷയുമെല്ലാം ഉണ്ട്. ഇവരുടെ ഭാഷ കുർദ്ദിഷ് ആണ്. ഹിന്ദി ഭാഷ അറബി ലിപിയിൽ എഴുതുന്ന ഉർദു ഭാഷയെ പോലെ പേർഷ്യൻ ഭാഷ അറബീ ലിപിയിൽ എഴുതുന്നതാണ് കുർദിഷ്. 1990 ൽ പ്രസിഡണ്ട് സദ്ദാം ഹുസൈൻ കുർദ്ദുകൾക്കെതിരെ നടത്തിയ കൂട്ടക്കുരുതിയോടെ ഇറാഖിലെ അറബികളും കുർദ്ദുകളും നിരന്തര കലാപങ്ങളിലായിരുന്നു. തങ്ങളുടെ അവകാശ അധികാരങ്ങൾക്കു വേണ്ടി ശക്തമായി ശബ്ദിക്കുവാൻ തുടങ്ങിയതോടെ അവരെ രാജ്യം പരിഗണിച്ചു തുടങ്ങിയിട്ടുണ്ട്. അവരുടെ വംശജനായ ജലാൽ ത്വലബാനി 2005 ൽ ഇറാഖ് പ്രസിഡണ്ടായതും ഭരണഘടനയുടെ ആർട്ടിക്കിൾ 4 പ്രകാരം അറബിയ്‌ക്കൊപ്പം കുർദിഷ് ഭാഷ ഇറാഖിന്റെ ഔദ്യോഗിക ഭാഷകളിൽ ഒന്നായി പരിഗണിക്കപ്പെട്ടതും ഈ പരിഗണനകളിൽ പ്രധാനപ്പെട്ടതാണ്.
ആകെ ജനസംഖ്യയിൽ 97% മുസ്ലീങ്ങളാണ്. അവരിൽ അറുപതുശതമാനത്തിലേറെ ഷിയാക്കൾ ആണ്. സുന്നികൾ നാല്പതു ശതമാനത്തോളം വരും. അറബിയും കുർദ്ദിഷുമാണ് ഔദ്യോഗിക ഭാഷകൾ. ക്രിസ്തുമതം, മന്തായിസം, യസീദിസം, യഹൂദമതം, സൊരാഷ്ട്രിയനിസം തുടങ്ങിയ മതങ്ങളും ചെറിയ അളവിൽ ഇറാഖിലുണ്ട്. ന്യൂനാൽ ന്യൂനപക്ഷങ്ങളായി അസ്സീറിയർ, തുർക്കികൾ, അർമേനിയർ, യസീദികൾ, പ്രാകൃത അറബികൾ തുടങ്ങിയ ജനവിഭാഗങ്ങളും ഇവിടെ ഉണ്ട്. 19 ഗവർണറേറ്റുകൾ അടങ്ങുന്ന ഒരു ഫെഡറൽ പാർലമെന്ററി റിപ്പബ്ലിക്കാണ് ഇപ്പോഴത്തെ ഭരണ ഘടന. അതിൽ 3 എണ്ണം സ്വയംഭരണാധികാരമുള്ള കുർദിസ്ഥാൻ മേഖലയാണ്.
പിൽക്കാലത്ത് ഇറാഖ് എന്ന പേരിൽ അറിയപ്പെട്ടു തുടങ്ങിയ ഈ രാജ്യം ചരിത്രത്തിൽ ആദ്യം അറിയപ്പെട്ടത് മെസപ്പൊട്ടേമിയ എന്നായിരുന്നു. രണ്ട് നദികൾക്കിടയിലെ സമതലം എന്നാണ് ഈ പേരിന്റെ അർഥമോ ആശയമോ എന്ന് ചരിത്രവായനകളിൽ കാണാം. യൂഫ്രട്ടീസ്, ടൈഗ്രീസ് എന്നീ രണ്ടു നദികൾ വലയം ചെയ്യുന്ന പ്രദേശമായതിനാലാണ് ഇങ്ങനെ പേരു വന്നത് എന്നും ആ വായനകളിൽ കാണാം. ഇവിടെ നിന്നും ലഭിച്ച സൂക്ഷ്മമായ സൂചനകൾ അനുസരിച്ച് ഇവിടെ അധിവസിച്ചിരുന്ന ആദ്യത്തെ ജനത സുമേരിയൻ ജനതയാണ്. ബി സി മുവ്വായിരമാണ് അവരുടെ കാലം. ബിസി 2340-ൽ അറേബ്യൻ ഉപദ്വീപിൽ നിന്നെത്തിയ അക്കാദിയൻമാർ എന്ന ജനതയാണ് സുമേറിയക്കാരെ തോൽപ്പിച്ച് ഇറാഖിന്റെ മണ്ണിൽ അധിനിവേശത്തിന്റെയും യുദ്ധത്തിന്റെയും തുടക്കം കുറിച്ചത്. പക്ഷെ, അക്കാദിയർക്ക് പിടിച്ചു നിൽക്കാൻ കഴിഞ്ഞില്ല. സുമേറിയൻ സംസ്കാരത്തിനു പിന്നാലെ ഇവിടെ പിന്നെ വന്നതും നിലനിന്നതും ബാബിലോണിയൻ സംസ്കാരമാണ്. പൗരാണിക ചരിത്രത്തിലെ ശാസ്ത്രീയ-സാമൂഹ്യ-രാഷ്ട്രീയ നവോദ്ധാനത്തിന്റെ പിതാവായി ഗണിക്കപ്പെടുന്ന ഹമ്മുറാബി രാജാവിന്റെ കാലമാണിത്. ബി.സി 1792 മുതൽ 1750 വരെ നീണ്ടുനിന്ന അദ്ദേഹത്തിന്റെ കാലത്ത് ബാബിലോണിയ വികാസത്തിന്റെ ഉച്ചസ്ഥായിയിലെത്തി.
പിന്നീട് ഈ പ്രദേശം നെബുക്കഡ്നസർ ഒന്നാമൻ (ബി.സി. 1119-1098) ന്റെ കയ്യിലെത്തി. പിന്നെ കൽദാനിയൻമാരാണ് അവിടെ മേധാവിത്തം നേടിയത്. ബി.സി 800 ൽ അസീറിയൻമാരെ തോൽപ്പിച്ച കൽദാനിയൻ നേതാവ് നാബോപൊളാസറിന്റെ മകൻ നെബുക്കഡ്നസർ രണ്ടാമൻ ബാബിലോണിയ മുഴുവൻ കീഴടക്കിയതോടെ വീണ്ടും അട്ടിമറി നടന്നു. പിന്നീട് അക്കാലത്തെ പ്രബല ചക്രവർത്തിമാരുടെയെല്ലാം കരങ്ങളിലൂടെ ഈ നാട് കൈമാറ്റം ചെയ്യപ്പെട്ടു. മാസിഡോണിയയിലെ അലക്സാണ്ടർ ചക്രവർത്തി ഒരു ഉദാഹരണം. മദ്ധ്യകാലത്ത് ബി സി ആറാം നൂറ്റാണ്ടിൽ പേഴ്സ്യൻ രാജാവായ സൈറസ് ഇവിടം കീഴടക്കി. എന്നാൽ ഈ അക്കാദിയൻ അധികാരം അലക്സാണ്ടർ മൂന്നാമന്റെ പടയോട്ടത്തോടെ തകർന്നു. അങ്ങനെ ഈ പ്രദേശം ഗ്രീക്ക് അധീനതയിലെത്തിച്ചേർന്നു. പിന്നെ രണ്ടു നൂറ്റാണ്ടുകൾക്കു ശേഷം ഇറാനിയൻ ഗോത്രവർഗ്ഗങ്ങൾ ഗ്രീക്കുകാരുടെ കൈയിൽ നിന്നും മെസപ്പൊട്ടേമിയ തിരിച്ചുപിടിച്ചു. അങ്ങനെ വീണ്ടും പേർഷ്യക്കാരുടെ കയ്യിൽ തന്നെ വന്നു ഇറാഖ്, ബി സി ഏഴാം നൂറ്റാണ്ടുവരെ.
ശാം നാടുകൾ ഇസ്ലാമിലെത്തിയ കാലത്തു തന്നെ ഇറാഖും ഇസ്ലാമിലെത്തി. നാലാം റാഷിദീ ഖലീഫ അലി(റ) തന്റെ ഭരണ തലസ്ഥാനം മദീനയിൽ നിന്ന് ഇറാഖിലെ കൂഫയിലേക്ക് മാറ്റിയതോടെ ഇറാഖ് ഇസ്ലാമിക ലോകത്തിന്റെ ആസ്ഥാന ഭൂമിയായി മാറി. ഹിജ്റ 35 ൽ ഉസ്മാൻ(റ) ദാരുണമായി വധിക്കപ്പെട്ടതിനെ തുടർന്നുണ്ടായ അരക്ഷിതാവസ്ഥയിലായിരുന്നു അദ്ദേഹം ഖലീഫ സ്ഥാനം ഏറ്റെടുക്കുവാൻ നിർബന്ധിതനായത്. ഇസ്‌ലാമിക സാമ്രാജ്യം വ്യാപകമായിരുന്നു, മദീന ഇസ്‌ലാമിക രാഷ്ട്രത്തിന്റെ ഒരു മൂലയിൽ ആയിരുന്നതിനാൽ ഭരണം രാജ്യത്തിന്റെ മദ്ധ്യഭാഗത്തേക്ക് മാറ്റുക എന്നതായിരുന്നു ഇതിനു പിന്നിലെ ഭൂമിശാസ്ത്രപരമായ ഒരു ന്യായം. മൂന്നാം ഖലീഫയുടെ രക്തസാക്ഷിത്വത്തിനു ശേഷം മദീന ഒരു പുതിയ ഖലീഫയ്ക്ക് സുരക്ഷിതമായി ഭരിക്കാവുന്ന പ്രദേശമായി കണക്കാക്കപ്പെട്ടിരുന്നില്ല എന്നതും കൂഫയിലെ ജനങ്ങൾ ഭരണകൂട ശത്രുക്കൾക്കെതിരെ പുതിയ ഖലീഫയുമായി തങ്ങളുടെ പിന്തുണ ആവർത്തിച്ച് പ്രഖ്യാപിച്ചു എന്നതുമെല്ലാമാണ് രാഷ്ട്രീയ ന്യായങ്ങൾ. ഹിജ്റ 40 ൽ അലി (റ) കൊല്ലപ്പെട്ടു. പിന്നീട് അദ്ദേഹത്തിന്റെ മകൻ ഹസൻ(റ) ആറു മാസക്കാലം ഭരണം നടത്തി. ഹിജ്റ 41 ൽ അദ്ദേഹം അധികാരം മുആവിയ(റ)ക്ക് ഒഴിഞ്ഞു കൊടുത്തതോടെ ഇറാഖിൽ നിന്ന് ഇസ്ലാമിക രാജ്യത്തിന്റെ തലസ്ഥാനം സിറിയയിലെ ഡമാസ്കസിലേക്ക് മാറി. പിന്നീട് ഹിജ്റ 132 ൽ (എ ഡി 750) അബ്ബാസികൾ ഇസ്ലാമിക ഭരണം കയ്യടക്കിയതോടെ വീണ്ടും തലസ്ഥാനം ഇറാഖിലെത്തി. ബഗ്ദാദായിരുന്നു അബ്ബാസീ ഖിലാഫത്തിന്റെ തലസ്ഥാനം. എ ഡി 1258-ൽ മംഗോളിയൻ താർത്താരികളുടെ അധിനിവേശം വീണ്ടും ഈ മണ്ണിനെ കലുഷിതമാക്കി.
താർത്താരികളിൽ നിന്നും ഇറാഖ് പിന്നെ പിടിച്ചെടുത്തത് തുർക്കികളായിരുന്നു. അവരിലൂടെ ഇറാഖ് ലോകത്തെ അവസാന ഇസ്ലാമിക ഖിലാഫത്തായിരുന്ന ഓട്ടോമൻ ഖിലാഫത്തിനു കീഴിൽ വന്നു. ഒന്നാം ലോകമഹായുദ്ധം വരെ ഈ നില തുടർന്നു. ഒന്നാം ലോകമഹായുദ്ധത്തിന്റെ ശേഷം ബ്രിട്ടനായിരുന്നു ഇവിടം ഭരിച്ചുകൊണ്ടിരുന്നത്. തുർക്കിയുടെ കരങ്ങളിലെ സമ്പന്നമായ ഭൂമി ഓഹരി വെച്ചെടുക്കുവാൻ വേണ്ടി ഉണ്ടായതായിരുന്നുവല്ലോ ഒന്നാം ലോക യുദ്ധം. അതിനു വേണ്ടി ഉണ്ടാക്കിയ കരാർ വഴി ബ്രിട്ടൺ ഇറാഖിനെ സ്വന്തമാക്കി. പിൻസീറ്റ് ഡ്രൈവിംഗ് സൗകര്യത്തിനു വേണ്ടി തങ്ങൾ വംശജനായ ഒരു ഫൈസൽ രാജാവിനെ ബ്രിട്ടൻ തന്നെ അധികാരത്തിലേറ്റി. അന്നാണ് ശരിക്കും ഇറാഖ് എന്ന രാജ്യമുണ്ടാകുന്നത്. പരിമിതമായ സ്വാതന്ത്ര്യമായിരുന്നു അന്ന് ഇറാഖിനുണ്ടായിരുന്നത്. ഫൈസൽ രാജാവ് മരിച്ചതോടെ അധികാര പോരാട്ടങ്ങളിൽ ഏർപ്പെട്ട ഇറാഖിൽ 1941-ൽ ബ്രിട്ടൻ ബലപ്രയോഗത്തിലൂടെ വീണ്ടും തങ്ങളുടെ പാവയെ അധികാരത്തിലെത്തിച്ചു. പക്ഷെ, 1958-ൽ ജനറൽ അബ്ദുൽ കരീം ഖാസിം നടത്തിയ അട്ടിമറിയിലൂടെ ബ്രിട്ടണ് നാടു വിടേണ്ടിവന്നു. 1968 ൽ അറബ് സോഷ്യലിസ്റ്റ് ബഅത് പാർട്ടി വിപ്ലവത്തിലൂടെ അധികാരത്തിലെത്തിയതോടെ ഇറാഖിന്റെ രാഷ്ട്രീയം വിപ്ലവമയമായി. അമേരിക്കയുടെ പിന്തുണയോടെ സെയ്ദ് അഹമ്മദ് ഹസൻ അൽബക്കറായിരുന്നു പ്രസിഡന്റ്. 1979-ൽ അതേ കക്ഷിയിൽ പെട്ട സദ്ദാം ഹുസൈൻ പ്രസിഡന്റായി.
സദ്ദാമിന്റെ കാലത്തെ കലാപങ്ങളാണ് രാജ്യത്തിന്റെ അവസ്ഥകൾ ഇത്ര മോശമാക്കിയത്. അവ പ്രധാനമായും 3 യുദ്ധങ്ങളായി ആ രാജ്യത്തെ തകർത്തു കളഞ്ഞു. അവയിൽ ഒന്നാമത്തേത് ഇറാനുമായി ഉണ്ടായ യുദ്ധമാണ്. 1980 സെപ്റ്റംബർ 2 മുതൽ 1988 ഓഗസ്റ്റ് 20 വരെയായിരുന്നു ഇറാൻ-ഇറാഖ് യുദ്ധം. നേരത്തേ ഉടമ്പടി പ്രകാരം ഇറാനു നൽകിയ ഭൂപ്രദേശങ്ങൾ തിരികെ ആവശ്യപ്പെട്ടാണ് സദ്ദാം യുദ്ധം തുടങ്ങിയത് എങ്കിലും അമേരിക്കൻ സഹായം ഉണ്ടായിട്ടുപോലും ഫലത്തിൽ ഒന്നും കിട്ടാതെ പിൻവാങ്ങേണ്ടിവരികയായിരുന്നു. രണ്ടാമത്തേത്, 1990 ഓഗസ്റ്റ് 2-നു ഇറാഖ് കുവൈത്തിനെ ആക്രമിച്ചു കീഴടക്കി തങ്ങളുടെ പ്രവിശ്യയായി പ്രഖ്യാപിക്കുകയും ചെയ്തതിനെ തുടർന്ന് ഉണ്ടായ യുദ്ധമായിരുന്നു. കുവൈത്തിൽ നിന്ന് പിന്മാറാൻ ഐക്യരാഷ്ട്രസഭ ആവശ്യപ്പെട്ടെങ്കിലും ഇറാഖ് തയ്യാറായില്ല. തുടർന്ന് 1991 ജനുവരിയിൽ ബഹുരാഷ്ട്രസേന ഇറാഖിനെ ആക്രമിക്കുകയും ഫെബ്രുവരിയിൽ ഇറാഖ് കുവൈത്തിൽ നിന്ന് പിന്മാറുകയും ചെയ്തു.
ഇറാഖിന്റെ കൈയിൽ സമൂല നാശകാരികളായ ആയുധങ്ങൾ ഉണ്ടെന്നും ലോകസുരക്ഷ തകരാറിലാണെന്നും പറഞ്ഞ് 2003 മാർച്ച് 20-നു അമേരിക്കയും ബ്രിട്ടനും സഖ്യകക്ഷികളും ചേർന്ന് ഇറാഖിനെ ആക്രമിക്കുകയും 2003 മേയ് 1-നു അധികാരം പിടിച്ചെടുക്കുകയും ചെയ്തു. ഇതായിരുന്നു മൂന്നാമത്തേത്. മൂന്ന് ദശകങ്ങൾ കൊണ്ട് മൂന്ന് വലിയ യുദ്ധങ്ങൾ നേരിടേണ്ടിവന്നതിലൂടെ ലോകത്തെ ഏറ്റവും വലിയ ചരിത്ര പാരമ്പര്യവും എണ്ണ സമ്പത്തും സ്വന്തമായ ഇറാഖ് സാമ്പത്തികമായി തകർന്നു തരിപ്പണമായി. അമേരിക്കൻ നേതൃത്വത്തിലുള്ള സഖ്യസേനകൾ 2003-ൽ സദ്ദാമിനെ ബലപ്രയോഗത്തിലൂടെ സ്ഥാനഭ്രഷ്ടനാക്കുകയും മറ്റൊരു ഇടക്കാല സർക്കാരിനെ അധികാരത്തിലേറ്റുകയും ചെയ്തു. നാമമാത്ര ജനാധിപത്യം, സമാധാനം തുടങ്ങിയവയോടെ സ്ഥിരമെന്ന് പറയാൻ അന്താരാഷ്ട്ര സമൂഹത്തിന് ഒരു ധൈര്യവുമില്ലാത്ത ഒരു സർക്കാരാണ് ഇപ്പോഴും ഭരണം നടത്തുന്നത്. ജനാധിപത്യം ശക്തിപ്പെടുകയും നിരന്തര യുദ്ധങ്ങൾ വഴി തകർന്നിടിഞ്ഞ സാമ്പത്തിക മേഖല പുനർനിർമ്മിക്കപ്പെടുകയും ചെയ്യുമ്പോഴേ ഇല്ലായ്മയുടേയും വല്ലായ്മയുടെയും നിലവിലുള്ള ഈ കാവടി ഇറക്കിവെക്കുവാൻ ഇറാഖിനു കഴിയൂ എന്നത് ഈ രാജ്യം കണ്ടുവരുന്ന ആരും പറയും.
- - - - - - - - - - -
അദ്ധ്യായം രണ്ട്
ശൈഖ് മുഹിയുദ്ദീൻ അബ്ദുൽ ഖാദിർ അൽ ജീലാനീ(റ).
ആത്മീയ ലോകത്തെ ഏറ്റവും വലിയ സരണിയാണ് ഖാദിരിയ്യ ത്വരീഖത്ത്. അത് ആരംഭിക്കുന്നത് ശൈഖ് മുഹിയുദ്ദീൻ അബ്ദുൽ ഖാദർ അൽ ജിലാനി(റ)യിൽ നിന്നാണ്. മഹാനവർകൾ ബഗ്ദാദിലാണ് അന്ത്യവിശ്രമം കൊള്ളുന്നത്. വിശ്വാസികളുടെ ആത്മീയമായ ഉന്മേഷവും ഉണർവും കൃത്യമായ അളവിൽ പരിരക്ഷിക്കുകയും വളർത്തുകയും ചെയ്യുവാൻ ആത്മീയ പ്രസ്ഥാനങ്ങൾ അനിവാര്യമായ ഒരു കാലഘട്ടമായിരുന്നു ഹിജ്റ അഞ്ചാം നൂറ്റാണ്ട്. പ്രവാചകർ(സ)യുടെയും സ്വഹാബിമാരുടെയും സഹാബിമാരുടെ നേർ അനുയായികളുടെയും കാലം പിന്നിട്ടതോടെ വിശ്വാസികൾക്കിടയിൽ ഭൗതികമായ താല്പര്യങ്ങളും ഇച്ഛകളും വർദ്ധിച്ചുവരാൻ തുടങ്ങി. ഇസ്ലാമിക ലോകം തന്നെ അപ്പോഴേക്കും ഒരുപാട് വളർന്നു കഴിഞ്ഞിരുന്നു. ബാഹ്യമായി ചെയ്യുന്ന കർമ്മങ്ങൾ അടങ്ങുന്ന ശരീഅത്തിന്റെ കാര്യത്തിൽ കാര്യമായ ആശങ്കകളൊന്നും ഉണ്ടാകാൻ മാത്രമുള്ള സമയമായിരുന്നില്ല. കാരണം വിവിധ മദ്ഹബുകൾ രൂപപ്പെടുകയും പ്രചരിക്കുകയും ചെയ്ത കാലമായിരുന്നു അത്. എങ്കിലും ഭൗതികതയിൽ അമിതമായി ശ്രദ്ധിക്കുന്നതിന്റെ പേരിൽ ആത്മീയത അപകടപ്പെട്ട് തുടങ്ങിയിരുന്നു. ആ കാലത്ത് ആത്മീയ മേഖലയിൽ ജനങ്ങളെ പിടിച്ചുനിർത്തി അതിലൂടെ തന്നെ വളർത്തുവാൻ ഉള്ള ശ്രമങ്ങൾ തുടങ്ങുകയും നടത്തുകയും ചെയ്തു എന്നതാണ് ശൈഖ് മുഹിയുദ്ദീൻ അബ്ദുൽ ഖാദർ ജീലാനി (റ)യുടെ സവിശേഷത. ഹിജ്റ അഞ്ചാം നൂറ്റാണ്ടിൽ ആയിരുന്നു മഹാനായ അബ്ദുൽ ഖാദർ ജീലാനി(റ)യുടെ വരവും പ്രവർത്തനവും. അതിനുമുമ്പേ ആത്മീയ വിചാരങ്ങൾക്ക് അടിത്തറ പാകപ്പെട്ട നഗരമായിരുന്നു ബഗ്ദാദ്. ഹസനുൽ ബസ്വരി(റ), സിരിയ്യുസ്സിഖ്തി(റ), ജുനൈദുൽ ബഗ്ദാദി(റ), മഅ്റൂഫുൽ കർഖി(റ), മൂസൽ കാളിം(റ) തുടങ്ങിയ മഹാരഥൻമാർ ആത്മീയ പ്രഘോഷണങ്ങൾ നടത്തിയ മണ്ണായിരുന്നു ബഗ്ദാദ്.
ഇമാം ഹസനുബ്‌നു അലി(റ)യുടെ വംശപരമ്പരയില്‍ വടക്ക് പടിഞ്ഞാറന്‍ ഇറാനിലെ ഗൈലാനില്‍ (അറബിയിൽ ജൈലാൻ) ഹിജ്റ വര്‍ഷം 470 ലെ റമളാന്‍ മാസത്തില്‍ ആയിരുന്നു ജനനം. പ്രവാചക പൗത്രനായ ഇമാം ഹസന്‍(റ)വിന്‍റെ പരമ്പരയിലെ ഒരു ഭക്തനായിരുന്ന അബൂസ്വാലിഹ് മൂസാ ജങ്കീദോസ്ത്(റ) ആണ് ശൈഖ്(റ)ന്റെ പിതാവ്. ജങ്കീദോസ്ത് എന്നത് ഒരു അനറബി പദമാണ്. ജങ്ക് എന്നാല്‍ യുദ്ധം. ദോസ്ത് എന്നാല്‍ പ്രിയന്‍. ശൈഖവര്‍കളുടെ പിതാവ് യുദ്ധപ്രിയനെന്ന അര്‍ഥം വരുന്ന ജങ്കിദോസ്ത് എന്ന സ്ഥാനപ്പേരില്‍ വിളിക്കപ്പെടുന്നു എന്ന് ഖലാഇദുല്‍ ജവാഹിര്‍ എന്ന ഗ്രന്ഥംപേജ് 3 ൽ പറയുന്നുണ്ട്. ഇസ്ലാമിക ജിഹാദിനോടുള്ള മഹാനവർകളുടെ ത്വരയും താല്പര്യവുമാണ് ഇത് സൂചിപ്പിക്കുന്നത്. അദ്ദേഹത്തിന്റെ പിതാക്കന്മാരുടെ പരമ്പര നബി(സ)യിലേക്ക് ചേരുന്നത് ഇപ്രകാരമാണ്: 1. സയ്യിദ് അബൂസ്വാലിഹ് മൂസാ ജങ്കീദോസ്ത് 2. സയ്യിദ് അബൂ അബ്ദുല്ലാഹ്, 3. സയ്യിദ് യഹിയ സ്സാഹിദ്, 4. സയ്യിദ് മുഹമ്മദ്, 5. സയ്യിദ് ദാവൂദ്, 6. സയ്യിദ് മൂസ, 7. സയ്യിദ് അബ്ദുള്ള, 8. സയ്യിദ് മൂസല്‍ ജൌന്‍, 9. സയ്യിദ് അബ്ദുല്ലാഹില്‍ മഹ്ള്, 10. സയ്യിദ് ഹസനുല്‍ മുസന്നാ, 11. സയ്യിദ് ഹസന്‍ 12. സയ്യിദ് അലി, 13. സയ്യിദത്ത് ഫാത്വിമ (റളി യല്ലാഹു അന്‍ഹും) 14. മുഹമ്മദ്(സ).
പെണ്‍മക്കളിലൂടെയും പരമ്പര ചേരും എന്നത് നബി(സ)യുടെ പ്രത്യേകതയാണ്. (നിഹായ 6/177). അദ്ദേഹത്തിന്റെ മാതാവ് ഉമ്മുല്‍ഖൈര്‍ എന്ന ഫാത്വിമ(റ)യാണ്. മാതാവ് വഴിയുള്ള പിതാക്കന്മാരുടെ പരമ്പര ഹുസൈന്‍(റ)വില്‍ കൂടി നബി(സ)യില്‍ എത്തിച്ചേരുന്നു. അതിപ്രകാരമാണ്: 1 ഉമ്മുൽ ഖൈർ എന്ന ഫാത്വിമ(റ), 2. അബ്ദുല്ലാഹിസ്സൌമഇയ്യ്(റ), 3. അബൂജമാലിദ്ദീന്‍ മുഹമ്മദ് (റ), 4. മഹ്മൂദ്(റ), 5. അബുല്‍ അത്വാഉ അബ്ദുല്ലാഹ്(റ), 6. കമാലുദ്ദീന്‍ ഈസാ(റ), 7. അബൂആലാവുദ്ദീന്‍ മുഹമ്മദുല്‍ ജവാദ്(റ), 8. അലിയ്യുര്‍രിള്വാ (റ), 9. മൂസല്‍ കാള്വിം(റ) 10. ജഅ്ഫറു സ്വാദിഖ്(റ), 11. മുഹമ്മദുല്‍ ബാഖ്വിര്‍(റ), 12. സൈനുല്‍ ആബിദീന്‍(റ), 13. അബൂ അബ്ദില്ലാഹില്‍ ഹുസൈന്‍(റ), 14. അലിയ്യുബ്നു അബീത്വാലിബ്, 15. ഫാത്വിമ(റ), 16. മുഹമ്മദ് (സ).
അതിനാൽ ഒരേ സമയം ഹസനിയ്യും ഹുസൈനിയ്യുമായിരുന്നു മഹാനവർകൾ.
ബീവി ഫാത്വിമ(റ) എന്നവര്‍ വാര്‍ദ്ധക്യത്തിലെത്തി തന്റെ അറുപതാം വയസ്സിലാണ് ശൈഖ് ജീലാനിയെ പ്രസവിച്ചതെന്ന് ചില ചരിത്രകാരന്മാര്‍ രേഖപ്പെടുത്തിയിട്ടുണ്ട്. തന്റെ ജനനം കഴിഞ്ഞ് കുറഞ്ഞ വര്‍ഷം മാത്രമേ പിതാവ് ജീവിച്ചിരുന്നുള്ളൂ. പിതാവ് വിയോഗമടഞ്ഞ ശേഷം അനാഥനായ കുട്ടി തന്റെ മാതാവിന്റെയും മാതൃപിതാവും ഭക്ത ശ്രേഷ്ഠനുമായ സയ്യിദ് അബ്ദുല്ലാഹി അല്‍സൌമഈ(റ) എന്നവരുടെയും ശിക്ഷണത്തിലാണ് ശൈശവഘട്ടം പിന്നിട്ടത്. ധാർമ്മിക ബോധവും ആത്മീയ ഔന്നത്യവുമുള്ള കുടുംബ പശ്ചാതലത്തിൽ നല്ല സ്വഭാവങ്ങൾ കണ്ടും കേട്ടും വളർന്നതായിരുന്നു ആ ജീവിതം. ചെറുപ്പത്തിലേ ഖുർആൻ പഠിക്കുകയും മനപ്പാഠമാക്കുകയും ചെയ്തു. തന്റെ ഗ്രാമത്തിൽ ലഭ്യമായ അറിവുകളൊക്കെ നേടിക്കഴിഞ്ഞപ്പോൾ അക്കാലത്തെ അറിവിന്റെയും അധികാരത്തിന്റെയും ആസ്ഥാനമായ ബഗ്ദാദിലേക്ക് പോകുവാനുള്ള ഒരു താൽപര്യം ആ മനസ്സിൽ ജനിച്ചു. അതനുസരിച്ച് അദ്ദേഹം ബഗ്ദാദിലേക്ക് പോകുവാൻ ഒരുങ്ങി. മകന്റെ ജ്ഞാനതൃഷ്ണയിൽ അഭിമാനം തോന്നിയ മാതാവ് അതിനനുവാദവും നൽകി. ശാന്ത സ്വഭാവക്കാരനും ചിന്താതല്‍പരനുമായിരുന്ന അബ്ദുല്‍ ഖാദിര്‍ ജീലാനി(റ) അറിവ് തേടി അന്നത്തെ വിജ്ഞാനകേന്ദ്രമായ ബഗ്ദാദ് നഗരത്തിലേക്ക് യാത്ര തിരിച്ചു.
ബഗ്ദാദിലേക്കുള്ള ആ പ്രഥമ യാത്രയിലുണ്ടായ ഒരു സംഭവം അദ്ദേഹത്തിന്‍റെ സത്യ സന്ധത വിളിച്ചോതുന്നു. ബഗ്ദാദിലേക്കുള്ള യാത്രക്ക് സന്നദ്ധനായി നില്‍ക്കുന്ന മകന്‍റെ കുപ്പായത്തിനുള്ളില്‍ ഏതാനും സ്വര്‍ണ്ണനാണയങ്ങള്‍ തുന്നിപ്പിടിപ്പിച്ച് ആ ഭക്ത മാതാവ് തന്‍റെ പൊന്നോമനക്ക് 'ഏത് ആപത്ഘട്ടത്തില്‍പെട്ടാലും കളവ് പറയരുതേ' എന്ന സദുപദേശം നല്‍കി യാത്ര അയച്ചു. ആ ഉപദേശം മനസ്സാവരിച്ച് ഒരു കച്ചവടസംഘത്തിന്‍റെ കൂടെ ബഗ്ദാദിലേക്ക് കുട്ടി യാത്ര തിരിച്ചു. വഴിയിൽ ഹമദാനില്‍ എത്തിയപ്പോള്‍ അവരെ ഒരു കവര്‍ച്ചാ സംഘം അക്രമിക്കുകയും കച്ചവട സാധനങ്ങള്‍ കൊള്ളയടിക്കുകയും ചെയ്യുന്നതിനിടയില്‍ കേവലം ശാന്തനും പാവവുമായി തോന്നിയ ഈ ബാലനോട് തന്‍റെ കയ്യില്‍ വല്ലതുമുണ്ടോ എന്ന് ഒരു കവർച്ചാ സംഘാംഗം വെറുതെ ചോദിച്ചു. മാതാവിന് നല്‍കിയ വാഗ്ദാനത്തെ സ്മരിച്ചുകൊണ്ട് ബാലനായ ശെഖ് അബ്ദുല്‍ ഖാദിര്‍ ജീലാനി(റ) പറഞ്ഞു: 'ഉണ്ട്. എന്‍റെ ഉമ്മ കുപ്പായത്തില്‍ തുന്നിപ്പിടിപ്പിച്ച സ്വര്‍ണ്ണനാണയങ്ങള്‍ എന്‍റെ കൈവശമുണ്ട്'. ഒരു കുട്ടിക്ക് ഇത്രമാത്രം സത്യസന്ധത പാലിക്കാന്‍ സാധിക്കുമെന്ന് ഊഹിക്കാന്‍ പോലും കഴിയാത്ത ആ കൊള്ളസംഘം അതിൽ ആശ്ചര്യപ്പെടുകയും ആ ബാലനെ തങ്ങളുടെ തലവന്‍റെ മുമ്പിലേക്ക് കൂട്ടികൊണ്ടുപോകുകയും ചെയ്തു. തലവന്‍ ചോദിച്ചപ്പോഴും അതേ മറുപടി പറഞ്ഞപ്പോള്‍ കുട്ടിയെ പരിശോധിക്കാന്‍ തലവന്‍ ആജ്ഞാപിച്ചു. പരിശോധിച്ചപ്പോള്‍ ബാലന്‍ പറഞ്ഞതുപോലെ സ്വര്‍ണ്ണനാണയങ്ങള്‍!. ഈ സത്യസന്ധതയുടെ കാര്യം ആരാഞ്ഞപ്പോള്‍ കുട്ടി ഉമ്മയുടെ ഉപദേശം പറഞ്ഞുകേള്‍പ്പിച്ചു. ഇത്കേട്ട കൊള്ള സംഘത്തിന്‍റെ നേതാവ് പൊട്ടിക്കരഞ്ഞ് താന്‍ ചെയ്തുപോയ പാപങ്ങളെ ചൊല്ലി പശ്ചാതപിക്കുകയും മുസ്ലിമാവുകയും ചെയ്തു. സത്യസന്ധതയുടെ പദവി അദ്ദേഹത്തില്‍ വേരൂന്നികഴിഞ്ഞിരുന്നു എന്നുള്ളതിന് ഈ സംഭവം ശക്തമായ തെളിവാണ്.
ഹി. 488 ൽ ബഗ്ദാദിൽഎത്തിയ അദ്ദേഹത്തിന്റെ ആദ്യ ദിനങ്ങൾ കഠിനമായ പരീക്ഷണങ്ങളുടെ കാലമായിരുന്നു. ഭക്ഷണത്തിനും വിശ്രമത്തിനുമെല്ലാം അദ്ദേഹം നന്നേ ബുദ്ധിമുട്ടി. പിന്നെ താൻ അന്വേഷിക്കുന്ന ഉസ്താദുമാരെയും ഗുരുകുലങ്ങളെയും കിട്ടി. അബുല്‍വഫാ അലിയ്യുബ്നു അഖീല്‍(റ), അബ്ദുല്‍ ഖത്ത്വാബ് മഹ്ഫൂളുല്‍ കല്‍വഥാനി(റ), അബുല്‍ഹസന്‍ മുഹമ്മദ്ബ്നുല്‍ ഖാളീ അബീയഅ്ലാ മുഹമ്മദ്(റ), അല്‍ ഖാള്വി അബൂസഈദ്(റ) എന്നിവരില്‍ നിന്നും അടിസ്ഥാനപരവും ശാഖാപരവുമായ കര്‍മശാസ്ത്ര പ്രാവീണ്യം നേടി. അബൂസകരിയ്യ യഹിയ ബിൻ അലിയ്യിത്ത്വിബ്രീസി(റ)വില്‍ നിന്നും അറബീ സാഹിത്യവും ഭാഷാപഠനവും കരഗതമാക്കി. ശൈഖ്(റ)ന് ഹദീസ് പഠിപ്പിച്ച ഗുരുവര്യര്‍ നിരവധിയാണ്. അബൂഗാലിബ് മുഹമ്മദ് ബ്നുല്‍ ഹസനില്‍ ബാഖില്ലാനി(റ), അബൂസഈദ് മുഹമ്മദുബ്നു അബ്ദുല്‍ കരീം(റ), മുഹമ്മദുബ്നു മുഹമ്മദ്(റ), അബൂബക്ര്‍ അഹമ്മദുബ്നുല്‍ മുളഫ്ഫര്‍(റ), അബൂ ജഅ്ഫര്‍ബ്നു അഹ്മദ്(റ), അബുല്‍ ഖാസിം അലിയ്യുബ്നു അഹ്മദ്(റ), അബ്ദുല്‍ ഖാദിര്‍ബ്നു മുഹമ്മദ്(റ), അബ്ദുറഹ് മാന്‍ ബ്നു അഹ്മദ്(റ) അബുല്‍ ബറകാത് ഹിബത്തുല്ലാഹ് എന്നിവരാണ് അവരില്‍ ശ്രദ്ധേയര്‍. അബുല്‍ഖൈര്‍ അഹമ്മദുബ്നു മുസ്ലിം(റ)മായി സഹവസിക്കുകയും അവരില്‍ നിന്നും ത്വരീഖത്തിന്റെ അറിവ് കരസ്ഥമാക്കുയും അതിലൂടെ പുരോഗതിയിലേക്ക് കുതിക്കുകയും ചെയ്തു. മഹാനവർകളുടെ സനദ്, അല്‍ ഖാള്വീ അബൂസഈദില്‍ മുബാറകുല്‍ മുഖര്‍റിമില്ല(റ), അശ്ശൈഖ് അബുല്‍ ഹസന്‍ അലിയ്യിബ്നു മുഹമ്മദിന്‍ ഖുറശിയ്യ്(റ), അബുല്‍ഫറജ് അത്വറസൂസി(റ), അബുല്‍ ഫള്ല്‍ അബ്ദുല്‍ വാഹിദിത്തമീമി(റ), അശ്ശൈഖ് അബൂ ബക് രി ശ്ശിബലി(റ), അശ്ശൈഖ് അബുല്‍ ഖാസിമുല്‍ ജുനൈദ്(റ), സരിയ്യുസ്സഖ്ത്വി(റ), മഅ്റൂഫുല്‍ കര്‍ഖി(റ), ദാവൂദുത്ത്വാഇ(റ), ഹബീബുല്‍ അജരീ(റ), ഹസനുല്‍ ബസ്വരി(റ), അലിയ്യുബ്നു അബൂത്വാലിബ്(റ), എന്നിവരിലൂടെ നബി(സ)യിലെത്തിച്ചേരുന്നു. (ഖലാഇദുല്‍ ജവാഹിര്‍).
0 Comments
No comments yet.
Leave a Comment
© www.thdarimi.in. All Rights Reserved. Designed by zainso