Thoughts & Arts
Image

യതീംഖാനകളും ആശയ പരിസരവും

23-12-2023

Web Design

15 Comments

മുഹമ്മദ് തയ്യിൽ





മതങ്ങൾ പൊതുവേ മനുഷ്യനെ പഠിപ്പിക്കുന്ന വികാരങ്ങളിൽ പ്രധാനപ്പെട്ടവയാണ് അനുതാപവും കാരുണ്യവും സ്നേഹവും എല്ലാം. തന്നെപ്പോലെ സഹജീവികളെയും കാണുക എന്നത് ഏതാണ്ട് എല്ലാ മതങ്ങളും ഉപദേശിക്കുന്ന ഒരു കാര്യം തന്നെയാണ്. ഈ മനസ്ഥിതി പല രൂപത്തിലായി നമ്മുടെ സമൂഹത്തിൽ സ്ഥാപിക്കപ്പെട്ടിട്ടുണ്ട്. അതിലെ ഒരു പ്രധാന സ്ഥാപനമാണ് അനാഥാലയങ്ങൾ. അനാഥാലയങ്ങളുടെ അടിവേരുകൾ തേടി പോയാൽ നാം എത്തിച്ചേരുക ഇസ്ലാമിക നാഗരികതയ്ക്ക് തുടക്കം കുറിച്ച മദീനയിൽ തന്നെയാണ്. ഇപ്പോൾ നമ്മുടെ നാട്ടിലും കണ്ണുകളിലും പതിഞ്ഞു കിടക്കുന്ന അനാഥാലയം എന്ന ഒരു ചിത്രമുണ്ട്. ആ ചിത്രവും അറേബ്യയിലെ അന്നത്തെ ആ ചിത്രവും തമ്മിൽ പക്ഷേ പ്രകടമായ വ്യത്യാസമുണ്ട്. ഇന്നത്തേതുപോലെ പ്രത്യേകമായ കെട്ടിടങ്ങളിൽ പ്രത്യേകമായ പരിചരണത്തോടെ അനാഥകളെ സംരക്ഷിക്കുന്ന സംസ്കാരം അല്ലെങ്കിൽ നാഗരികത അന്ന് ഉണ്ടായിട്ടില്ലായിരുന്നു. അതിനാൽ അന്നത്തെ പാഠങ്ങൾ നമ്മുടെ മനസ്സിലേക്ക് പകർത്തുന്ന ചിത്രങ്ങളെല്ലാം അനാഥാലയം എന്ന ആശയത്തിനപ്പുറം അനാഥ സംരക്ഷണം എന്ന അടിസ്ഥാന ആശയത്തിന്റെ ചിത്രമാണ്. അന്നത്തെ സമൂഹത്തെ പ്രവാചകൻ തിരുമേനി(സ) അനാഥ സംരക്ഷണം എന്ന സാമൂഹ്യ ബാധ്യതയുടെ കടമയും ശ്രേഷ്ഠതയും പ്രതിഫലവും പഠിപ്പിക്കുകയായിരുന്നു. അവ വേണ്ടവിധത്തിൽ ഗ്രഹിക്കുകയും മനസ്സുകൊണ്ട് സ്വീകരിക്കുകയും ചെയ്ത സഹാബിമാർ അവരുടെ ഇല്ലായ്മയും വല്ലായ്മയും നിറഞ്ഞുനിൽക്കുന്ന സ്വന്തം വീടുകളിലേക്കും ജീവിതങ്ങളിലേക്കും അനാഥ കുഞ്ഞുങ്ങളെ സന്തോഷത്തോടെ കൈപിടിച്ചു കൊണ്ടുപോവുകയായിരുന്നു. അവരുടെ കയ്യിലുള്ളത് തിന്നാനും കുടിക്കാനും കൊടുത്തും പരമാവധി ഉടുക്കാനും ഉടുപ്പിക്കാനും മാർഗം കണ്ടെത്തി കൊടുത്തും സ്വന്തം മക്കളെ പോലെ സ്നേഹം പകുത്തു നൽകി അവർ ഒരുപാട് അനാഥകളെ സംരക്ഷിച്ചു. യുദ്ധങ്ങളിൽ വീരമൃത്യു വരിച്ച പിതാക്കന്മാരുടെ മക്കളായിരുന്നു അന്നത്തെ അനാഥകൾ അധികവും.



വലിയ ഹൃദയ വികാരത്തോടു കൂടിയാണ് നബി തിരുമേനി(സ) അനാഥകളെ സമുദായത്തിന്റെ മനസ്സിലേക്ക് ആനയിച്ചത്. സഹ്ൽ ബിൻ സഅദ്(റ) എന്നവർ നബി തിരുമേനി(സ) 'ഞാനും അനാഥകളെ സംരക്ഷിക്കുന്നവനും ഇപ്രകാരമായിരിക്കും സ്വർഗത്തിൽ' എന്ന് ചൂണ്ടുവിരലും നടുവിരലും ഉയർത്തിക്കാണിച്ചുകൊണ്ട് പറഞ്ഞ സ്വഹീഹായ ഹദീസ് റിപ്പോർട്ട് ചെയ്തിട്ടുണ്ട്. വീടുകളിൽ ഏറ്റവും ഉത്തമമായ വീട് ഒരു അനാഥയെ സംരക്ഷിക്കുന്ന വീടാണ് എന്ന് നബി(സ) പറയുന്നത് കേട്ടതായി അബൂഹുറൈറ(റ) പറയുന്നുണ്ട്. ഈ പട്ടിക നീണ്ടതാണ്. അതോടൊപ്പം തന്നെ അനാഥകളോട് അനാദരവോ ക്രൂരതയോ കാണിക്കുന്നതിനെ ഇസ്ലാം ഏറ്റവും ഗുരുതരമായ പാതകമായി എണ്ണുന്നുമുണ്ട്. അനാഥകളെ വല്ലവിധത്തിലും ക്ലേശിപ്പിക്കുന്നവൻ ഈ മതത്തെ തന്നെ നിരാകരിക്കുന്നവനാണ് എന്നുവരെ വിശുദ്ധ ഖുർആൻ(മാഊൻ: 1, 2) പറയുന്നു. അനാഥകളെ ഒരിക്കലും അവഹേളിക്കരുത് എന്ന് വിശുദ്ധ ഖുർആൻ ആജ്ഞാസ്വരത്തിൽ കൽപ്പിക്കുന്നുണ്ട് (ളുഹാ: 9). അതിനും പുറമേ ഇസ്ലാമിൽ മാപ്പർഹിക്കാത്ത ഏഴു വൻ കുറ്റങ്ങളുടെ ഗണത്തിൽ ഒന്ന് അനാഥയുടെ ധനം അപഹരിക്കുന്നതാണ്. പിതാവ് നഷ്ടപ്പെട്ടവർക്ക് സംരക്ഷണം നഷ്ടപ്പെട്ടു കൂടാ എന്ന നിലപാടാണ് ഇസ്ലാമിന്റേത്. അതിനാൽ ഇസ്ലാം അത്തരം നിർഭാഗ്യവാന്മാരായ കുട്ടികളുടെ സംരക്ഷണം ഉമ്മത്തിനെ മൊത്തത്തിൽ ഏൽപ്പിക്കുകയാണ് ചെയ്തത്. ആ മഹാ ദൗത്യം നബി തിരുമേനി തന്നെ സ്വയം ചെയ്ത് കാണിച്ചു കൊടുക്കുക കൂടി ചെയ്തു ഹിജ്റ എട്ടാം വർഷത്തിൽ റോമുകരുമായി നടന്ന ആദ്യ സൈനിക മുഖാമുഖത്തിൽ വീര മൃത്യു വരിച്ച ജഅ്ഫർ ബിൻ അബീത്വാലിബിന്റെ അനാഥ മക്കളെ ഏറ്റെടുത്തുകൊണ്ട് ഇനി അവരുടെ രക്ഷാകർത്താവ് ഞാനാണ് എന്ന് നബി(സ) പ്രഖ്യാപിക്കുകയുണ്ടായി. ഇതേപോലെ അനാഥകളെ സ്വന്തം ജീവിതത്തിലേക്ക് കൈപിടിച്ചു കൊണ്ടുവന്ന നിരവധി സഹാബിവര്യന്മാരെ നമുക്ക് കാണാൻ കഴിയും. അവരിൽ അബൂബക്കർ(റ) തുടങ്ങി നിരവധി സഹാബിമാർ ഉണ്ട്. അവരുടെയെല്ലാം ജീവിത പരിസരത്ത് ഒന്നോ ഒന്നിലധികമോ അനാഥകൾ വളരുന്നുണ്ടായിരുന്നു. അങ്ങനെയാണ് ഇസ്ലാം ഈ സേവനത്തിന് തുടക്കം കുറിച്ചത്.



നബിയുടെ കാലത്ത് തുടക്കം കുറിക്കപ്പെട്ട ഈ മഹാ സേവനം ഇന്ന് കാണപ്പെടുന്ന രൂപത്തിലേക്ക് വളർന്നതും വികസിച്ചതും ഇസ്ലാമിക സംസ്കൃതിയുടെ ആദ്യകാലങ്ങളിൽ തന്നെയാണ്. അതായത് ഒരു പ്രത്യേക സ്ഥലം അനാഥകൾക്ക് വേണ്ടി സജ്ജമാക്കുകയും അവിടെ അവർക്ക് വേണ്ട ഭക്ഷണവും വസ്ത്രവും ശിക്ഷണവുമെല്ലാം ഒരുക്കുകയും അവയൊന്നും മുടങ്ങാതെ നിലനിർത്തിക്കൊണ്ടുപോവുകയും ചെയ്യുന്ന രീതി തുടങ്ങിവെച്ചതും ഇസ്ലാമിക സമൂഹം തന്നെയാണ്. ആ ചരിത്രം ചികയുമ്പോൾ നാം എത്തിച്ചേരുക എഡി 707 ൽ അഥവാ ഹിജ്റ 88 ൽ അമവി ഖലീഫയായിരുന്ന വലീദ് ബിൻ അബ്ദുൽ മലിക്കിന്റെ കാലത്തേക്കാണ്. അനാഥകളെ സംരക്ഷിക്കുവാൻ അദ്ദേഹം ഒരു പ്രത്യേക കെട്ടിട സംവിധാനം തന്നെ ഒരുക്കി എന്നാണ് ചരിത്രം. അമവികളിലെ ആറാം ഖലീഫയായിരുന്നു വലീദ്. തലസ്ഥാന നഗരമായ ഡമാസ്കസിൽ ആയിരുന്നു ഈ യത്തീംഖാന. ഈ സംവിധാനം പിൽക്കാലത്തും നിലനിന്നിട്ടുണ്ടാകും എന്നാണ് ചരിത്രത്തിന്റെ അനുമാനം. പിന്നീട് ഈ വിഷയത്തിൽ ഇസ്ലാമിക ചരിത്രം എടുത്തുപറയുന്ന ഒരു നാമം ഹിജ്റ 511 മുതൽ 569 വരെ (എ ഡി 1118- 1174) ഭരണം നടത്തിയ നൂറുദ്ദീൻ സങ്കി എന്ന ഖലീഫയുടെ പേരാണ്. ശാമിൽ യത്തീം മക്കളെ സംരക്ഷിക്കുവാൻ വേണ്ടി ധാരാളം വഖഫ് സ്വത്തുക്കൾ നീക്കിവെച്ച ഭരണാധികാരി കൂടിയായിരുന്നു നൂറുദ്ദീൻ സങ്കി. സൽജൂക്കുകളുടെ ഭരണ പ്രദേശങ്ങളും അതിലേക്ക് ചേർത്ത് സിറിയയും നീണ്ടകാലം ഭരിച്ച മാതൃകായോഗ്യനായ ഒരു ഭരണാധികാരിയായിരുന്നു അദ്ദേഹം. രണ്ടാം കുരിശ് യുദ്ധം അദ്ദേഹത്തിൻ്റെ നേതൃത്വത്തിലാണ് നേരിട്ടത്. പിന്നെ ഈ ശ്രേണിയിൽ കാണുന്ന നാമം ഖലീഫ അബൂ യൂസഫ് യഅ്കൂബിന്റേതാണ്. ഹിജ്റ 595 അഥവാ എഡി 1199 ൽ മുവഹിദുകളുടെ ഖലീഫയായിരുന്ന അദ്ദേഹം ആയിരം യത്തീമുകളെ സംരക്ഷിക്കുന്ന ഒരു സ്ഥാപനം സ്ഥാപിക്കുകയുണ്ടായി എന്നും അവരെ നോക്കുവാനും ശിക്ഷണം നടത്തുവാനും പത്തു അധ്യാപകരെ നിയമിച്ചിരുന്നു എന്നും ശദാറാതുദ്ദഹബ് എന്ന ഗ്രന്ഥത്തിൽ ഇബ്നു ഇമാദുൽ ഹംബലി പറയുന്നുണ്ട്. മാത്രമല്ല ഇടയ്ക്കിടെ ഖലീഫ ഈ സ്ഥാപനത്തിലെത്തി യത്തീം മക്കളെ കാണാൻ എത്തുകയും ഓരോ കുട്ടിക്കും ഓരോ ദീനാർ വീതം സമ്മാനമായി നൽകുന്ന പതിവും ഉണ്ടായിരുന്നു. മുവഹിദീങ്ങളുടെ സാമ്രാജ്യം ഭരിച്ച ഏറ്റവും ശക്തനായ ഭരണാധികാരിയും ദീനീ തൽപരനുമായിരുന്നു മഹാനവർകൾ. 15 വർഷം നീണ്ട അദ്ദേഹത്തിൻ്റെ ഭരണകാലം അവരുടെ സുവർണ്ണകാലമായിട്ടാണ് ചരിത്രം സ്വീകരിച്ചിട്ടുള്ളത്.



അറേബ്യൻ സഞ്ചാരിയായിരുന്ന ഇബ്നു ജുബൈർ തൻ്റെ രിഹലത്ത് ബിൻ ജുബൈറിൽ ഡമാസ്കസിൽ നിരവധി അനാഥ പുനരധിവാസ സമ്പ്രദായങ്ങൾ ഉണ്ടായിരുന്നതായി പറയുന്നുണ്ട്. പിൽക്കാലത്ത് വന്ന അയ്യൂബികളുടെ ചരിത്രത്തിലും സമാനമായ സംഭവങ്ങളുണ്ട്. സുൽത്താൻ സലാഹുദ്ദീൻ അയ്യൂബി തന്നെ ഇക്കാര്യത്തിനു വേണ്ടി ഒരു ഗ്രാമത്തിന്റെ മുഴുവൻ വരുമാനവും നീക്കിവരിച്ചിരുന്നതായി ചരിത്രകാരൻ മഖ് രീസി തന്റെ അൽ മവാഇദു വൽ ഇ അതിബാർ എന്ന ഗ്രന്ഥത്തിൽ പറയുന്നുണ്ട്. അനാഥകൾക്കും അശരണർക്കും എല്ലാ സൗകര്യങ്ങളും നൽകുന്നതിൽ സുൽത്താൻ സലാഹുദ്ദീൻ അയ്യൂബി (എ ഡി 1138-1193) ബദ്ധശ്രദ്ധനായിരുന്നു. ഇസ്ലാമിക സംസ്കാരത്തിൽ ഇതെല്ലാം ആധികാരികമായി രേഖപ്പെടുത്തപ്പെട്ട ചരിത്ര സത്യങ്ങളാണ്. അതേസമയം മറ്റു മതങ്ങളും കാരുണ്യ പ്രവർത്തനങ്ങളിൽ ശ്രദ്ധയൂന്നിയിട്ടുണ്ട് എന്ന് പറയാതെ വയ്യ. അവയിൽ ഏറ്റവും കൂടുതൽ ഇക്കാര്യത്തെ പരിഗണിച്ചിട്ടുള്ള മതം ക്രിസ്തുമതം തന്നെയാണ്. എങ്കിലും ക്രിസ്തുമതത്തിൽ അതിന്റെ പ്രാഥമികമായ ഘട്ടങ്ങൾ ഏതൊക്കെയായിരുന്നു എന്നത് കാര്യമായി വേർതിരിച്ചടുക്കാൻ കഴിയുന്നില്ല. അതിന് കഴിയുന്നത് എഡി 1500 ന് ശേഷമാണ്. 1552-ൽ ഇംഗ്ലണ്ടിൽ ഏതാനും സ്വകാര്യ സംഘടനകൾ അനാഥാലയങ്ങൾ നടത്തിപ്പോന്നിരുന്നതിനിടയിൽ ക്രിസ്തീയ സഭകളും അവയുമായി ബന്ധപ്പെട്ട സ്ഥാപനങ്ങളും യൂറോപ്യൻ രാജ്യങ്ങളിൽ അനാഥശിശു സംരക്ഷണത്തിൽ ഏർപ്പെട്ടിരുന്നു. ഇതെല്ലാം ചേർത്ത് വെക്കുമ്പോൾ നമുക്ക് മനസ്സിലാക്കാൻ കഴിയുന്ന ഒരു യാഥാർത്ഥ്യം, ഇത്തരം ഒരു മേഖലയും അതിനെ ഫലപ്രദമായി സ്ഥാപിച്ചെടുക്കാനുള്ള വഴിയും കണ്ടെത്തി അവതരിപ്പിച്ചത് ഇസ്ലാമിക സംസ്കാരം തന്നെയായിരുന്നു എന്നാണ്. പിന്നീടാണ് മറ്റു മതസംസ്കാരങ്ങൾ ആ മേഖലയിലേക്ക് വന്നത്.



ഇതേ കാലഘട്ടത്തിൽ തന്നെ ഇന്ത്യയിലും കേരളത്തിലും അനാഥാലയങ്ങൾ ഉണ്ടായിത്തുടങ്ങിയതായി ചരിത്രങ്ങളിൽ സൂചനയുണ്ട്. കേരളത്തിൽ ഇസ്ലാം നേരത്തെ എത്തി എന്നതാണ് ആധികാരികമായ ചരിത്രങ്ങൾ പറയുന്നത്. കേരളത്തിലേക്ക് ഇസ്ലാം വന്നപ്പോൾ അതിന്റെ എല്ലാ സംസ്കാരങ്ങളും വികാരങ്ങളും ഒപ്പം തന്നെ എത്തിച്ചേർന്നു എന്നത് ഒരു പ്രധാന വിഷയമാണ്. അത് തെളിയിക്കുന്ന ഒരു കാര്യമാണ് ഇസ്ലാമിക സമൂഹം അറിവിന് നൽകിയ പ്രത്യേക പരിഗണന. ഇന്ത്യയുടെ മറ്റ് ഭാഗങ്ങളിലെല്ലാം ഇസ്ലാം അധികം വൈകാതെ തന്നെ എത്തിച്ചേർന്നിട്ടുണ്ട് എങ്കിലും അവിടങ്ങളിൽ ഒന്നും വൈജ്ഞാനികമായ ഒരു ഉത്തേജനവും ഉണർവും കാര്യമായി ഉണ്ടായിട്ടില്ല. അവിടങ്ങളിൽ പണ്ഡിതന്മാരും ജ്ഞാനികളും ഉണ്ടായിരുന്നു എന്നത് ശരിയാണ്. എങ്കിലും എല്ലാവരും കൃത്യമായി അഞ്ചു വയസ്സ് മുതൽ മതം പഠിച്ചു തുടങ്ങുകയും താല്പര്യമുള്ളവർ അതിൽ ഉന്നത പഠനങ്ങൾ നടത്തുകയും ഒക്കെ ചെയ്യുന്ന ഒരു സമ്പ്രദായം പൊതുവേ കേരളത്തിൽ മാത്രമാണ് കാണപ്പെടുന്നത്. മതവും അറിവും തമ്മിലുള്ള ബന്ധം ഇസ്ലാമിൽ സുവിദമാണ്. ഇസ്ലാം അതിന്റെ എല്ലാ ഘടകങ്ങളോടു കൂടെയും എത്തിയതിനാലാണ് ഇസ്ലാമിക സംസ്കാരത്തിന്റെ ഈ ഘടകങ്ങളും ആദ്യനാളുകളിൽ തന്നെ കേരളത്തിൽ എത്തിയത് എന്ന് മനസ്സിലാക്കാം. അതേസമയം ഇസ്ലാമിന്റെ ആദ്യ കാലത്തെക്കുറിച്ച് പറഞ്ഞതുപോലെ കേരളത്തിലെ അനാഥ സംരക്ഷണത്തിന്റെ തെളിവുകളോ അനുമാനങ്ങളോ നമുക്ക് ലഭ്യമല്ല. എന്നിരുന്നാലും അനാഥ സംരക്ഷണം എന്ന ആശയവും മനസ്ഥിതിയും കേരളത്തിന്റെ മണ്ണിൽ എന്നും ഉണ്ടായിരുന്നു എന്നതാണ് ഇവിടെ കാണപ്പെടുന്ന നൂറ്റാണ്ടുകളുടെ പ്രായമുള്ള യത്തീംഖാനകൾ പറയുന്നത്.



കേരളം സ്വീകരിച്ചത് അറിവിന് പ്രാധാന്യമുള്ള ഇസ്ലാമിനെയായിരുന്നു എന്ന് പറഞ്ഞുവല്ലോ. അതുകൊണ്ടുതന്നെയാവണം ഓരോ ചുവടിലും അറിവിനെയും തിരിച്ചറിവിനെയും അവർ ആധാരമാക്കിയത്. യത്തീംഖാനകൾ സ്ഥാപിക്കപ്പെടുന്നതിലും അതുണ്ടായി. കാരണം, പുതിയ നൂറ്റാണ്ടിൽ നാം അഭിമാനം കൊള്ളുന്ന യതീംഖാനാ പ്രസ്ഥാനത്തിലേക്ക് ഇത്തരം ഒരു തിരിച്ചറിവിലൂടെയാണ് കേരള മുസ്ലിംകൾ എത്തിച്ചേരുന്നത്. കഴിഞ്ഞ ഒരു നൂറ്റാണ്ടിനിടക്ക് പല പതിറ്റാണ്ടുകളിലായി സ്ഥാപിതമായ ഈ മഹാസ്ഥാപനങ്ങള്‍ ഓരോന്നും സ്ഥാപിതമായത് ഓരോ സാമൂഹിക സാഹചര്യങ്ങളില്‍ ആയിരുന്നു എന്ന് ചരിത്രം വായിക്കുന്നവര്‍ക്ക് തിരിച്ചറിയാനാകും. 1922ല്‍ ജെ.ഡി.ടി യതീംഖാന എന്ന കേരളത്തിലെ ആദ്യത്തെ യതീംഖാന സ്ഥാപിതമായത് 1921ലെ മലബാര്‍ മാപ്പിള സ്വാതന്ത്ര്യ സമരത്തിന്റെ ഭാഗമായി അനാഥരായിത്തീര്‍ന്ന കുട്ടികള്‍ക്ക് അഭയവും വിദ്യാഭ്യാസവും നല്‍കുന്നതിനായി പ്രമുഖ സ്വാതന്ത്ര്യസമര സേനാനിയായിരുന്ന മുഹമ്മദ് അബ്ദുറഹ്മാന്‍ സാഹിബ് പഞ്ചാബിലെ ഒരു പ്രമുഖ ധനിക കുടുംബത്തിലെ കാരണവരും സ്വാതന്ത്ര്യസമര സേനാനിയും ജംഇയ്യത്തെ ദഅ്‌വത്ത് വ തബ്ലീഗെ ഇസ്ലാം (ജെ.ഡി.റ്റി ഇസ്ലാം) എന്ന സംഘടനയുടെ സ്ഥാപകനുമായ മൗലാന അബ്ദുല്‍ ഖാദിര്‍ ഖസൂരിയുമായി ബന്ധപ്പെട്ടു കൊണ്ടായിരുന്നു. മുഹമ്മദ് അബ്ദുറഹ്മാന്‍ സാഹിബിന്റെ അഭ്യര്‍ഥന പ്രകാരം 1921ലെ മലബാര്‍ കലാപാനന്തര മുസ്ലിം സമൂഹത്തിന്റെ പതിതാവസ്ഥ നേരിട്ടുമനസ്സിലാക്കുന്നതിനായി അദ്ദേഹം മലബാര്‍ സന്ദര്‍ശിക്കുകയും കലാപത്തിനിരയായ കുടുംബംകളിലെ കുട്ടികളെ സംരക്ഷിക്കുന്നതിനായി ജെ.ഡി.റ്റി ഇസ്ലാം ഓര്‍ഫനേജ് സ്ഥാപിക്കുകയും ചെയ്യുകയായിരുന്നു. ഈ ആശയത്തെ മുസ്‌ലിം കൈരളി ഏറ്റെടുക്കുകയും പിന്നീട് കേരളം മുഴുവന്‍ യതീംഖാനകള്‍ വളര്‍ന്നുപന്തലിക്കുകയും ചെയ്തു.



1943 ല്‍ പരക്കെ പിടിപെട്ട കോളറമൂലം നിരവധി കുടുംബങ്ങള്‍ അനാഥമാക്കപ്പെട്ട സാമൂഹിക പശ്ചാത്തലത്തെ ധീരമായി നേരിട്ടുകൊണ്ട് നേരത്തേ സ്ഥാപിക്കപ്പെട്ട ജെ.ഡി.റ്റി ഇസ്ലാം ഓര്‍ഫനേജിന്റെ ശാഖ എന്ന നിലക്ക് 114 അനാഥകള്‍ക്ക് പ്രവേശനം നല്‍കിക്കൊണ്ട് 1943 ഡിസംബറില്‍ തിരൂരങ്ങാടി ഓര്‍ഫനേജ് നിലവില്‍ വന്നു. കോളറയില്‍ മരണപ്പെട്ട ആയിരങ്ങളുടെ അനാഥരായ മക്കള്‍ക്ക് അഭയം നല്‍കുക എന്ന സാമൂഹിക ഉത്തരവാദിത്തമാണ് സമുദായ നേതൃത്വം അന്ന് നിര്‍വഹിച്ചത്.
22 കുട്ടികളുമായി 1956ല്‍ സ്ഥാപിതമായ മുക്കം മുസ്ലിം ഓര്‍ഫനേജ് അനാഥശാലകള്‍ക്ക് വഴികാട്ടിയും പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ക്ക് ശ്രദ്ധയും നല്‍കിവരുന്ന സ്ഥാപനമാണ്. അനാഥാലയങ്ങൾക്ക് പല വലിയ കാര്യങ്ങളും ചെയ്യാനുണ്ട് എന്ന് തെളിയിച്ച സ്ഥാപനം കൂടിയായിരുന്നു അത്. മുഹമ്മദലി ശിഹാബ് ഐ.എ.എസ് എന്ന വ്യക്തിയിലൂടെയായിരുന്നു അത്. 1961ല്‍ എടവണ്ണയില്‍ യതീംഖാന സ്ഥാപിതമായി. 1969ല്‍ നിലമ്പൂര്‍ മുസ്‌ലിം ഓര്‍ഫനേജ്, ഉദാരഹസ്തനായ നാലകത്ത് ബീരാന്‍ ഹാജി അനാഥ മക്കള്‍ക്കുവേണ്ടി സംഭാവന നല്‍കിയ മുപ്പത് ഏക്കര്‍ സ്ഥലത്താണ് നിലവില്‍വന്നത്. ആദരണീയനായ സി.എച്ച് മുഹമ്മദ് കോയ സാഹിബാണ് അനാഥമന്ദിരത്തിനു തറക്കല്ലിട്ടത്.



ഏതു രംഗത്തിനും എന്നപോലെ യത്തീംഖാന പ്രസ്ഥാനത്തിനും ചില കയറ്റങ്ങളെയും ഇറക്കങ്ങളെയും നേരിടേണ്ടി വന്നു എന്നത് ഒരു ചരിത്ര വസ്തുതയാണ്. ഒരു ഭാഗത്ത് യത്തീം ഖാനകളിലെ അന്തേവാസികളിൽ നിന്ന് ഉന്നത പരീക്ഷകൾ പാസായി സമുദായത്തിന്റെ മാത്രമല്ല രാജ്യത്തിന്റെ തന്നെ ശ്രദ്ധാകേന്ദ്രങ്ങളായി മാറിയവർ പിറവിയെടുത്തു. മറുഭാഗത്താവട്ടെ, മുസ്ലിം സമുദായത്തിന്റെ നിർലോഭമായ സഹായങ്ങളും സദഖകളും ഈ വഴിയിലേക്ക് ഒഴുകുകയും ചെയ്തു. ഇത് രണ്ടും കൂടി ചേർന്നപ്പോൾ ശക്തമായ ഒരു ചോദനയുണ്ടായി. അത് അടിസ്ഥാനപ്പെടുത്തി ഗ്രാമ ഗ്രാമാന്തരങ്ങളിലെല്ലാം ചെറുതോ താൽക്കാലികമോ ആയ കെട്ടിടങ്ങളിൽ പോലും യത്തീംഖാനകൾ മുളച്ചുപൊന്തുന്ന സാഹചര്യമുണ്ടായി. സംഭാവനകൾ ഒഴുകി തുടങ്ങുന്നതോടുകൂടി സ്ഥാപന നടത്തിപ്പുകാരുടെ കണ്ണും മനസ്സും ഉണരുകയും അത്തരം സഹായങ്ങൾ അവരെ ഉന്മത്തരാക്കുകയും ചെയ്തു. അതിനാൽ അനാഥകൾക്ക് വേണ്ടവിധത്തിലുള്ള അടിസ്ഥാന സൗകര്യങ്ങളോ ശിക്ഷണ - അച്ചടക്ക മുറകളോ നൽകുന്നതിൽ ശ്രദ്ധ നഷ്ടപ്പെട്ടുപോയി. അതോടൊപ്പം ആധുനിക വാർത്ത മാധ്യമങ്ങൾ കൂടി രംഗത്തിറങ്ങിയതോടെ അനാഥാലയങ്ങളുടെ അകത്തളങ്ങളിൽ വീർപ്പുമുട്ടി കഴിഞ്ഞിരുന്ന പല അമർഷങ്ങളും പുറത്തുചാടി. അതോടെ ഗവൺമെൻറ് വരെ അത് ശ്രദ്ധിക്കുവാൻ ബാധ്യസ്ഥമായി. അതിനെ തുടർന്ന് പല അനാഥാലയങ്ങളും അടച്ചുപൂട്ടേണ്ട അവസ്ഥ വരേ വന്നു. അത് ഒരു ഭാഗം. മറുഭാഗത്ത് ഇതെല്ലാം പൊതുസമൂഹത്തിന്റെ മുമ്പിൽ വാർത്തയായി വരുന്നതോടെ കൂടെ സംഗതിയുടെ ഒന്നാം നമ്പർ പരിഗണന കൈമോശം വന്നു. യത്തീം ഖാനകളെ സഹായിക്കുന്നവർ ഇപ്പോഴുമുണ്ടെങ്കിലും സഹായത്തെക്കുറിച്ചൊന്നും ഏകകണ്ഠമായ അഭിപ്രായം പൊതുവേ ഇല്ലാത്ത സാഹചര്യം വന്നിരിക്കുന്നു. അതെല്ലാം അനാഥ സംരക്ഷണത്തെ ആദർശമായി കണ്ട സമുദായത്തിന്റെ നിഷ്കളങ്കതയേയും നിസ്വാർത്ഥതയെയും കണ്ടില്ലെന്ന് നടിച്ച് ആർത്തിപൂണ്ട ചില ആൾക്കാർ വരുത്തിവെച്ച വിനകളാണ്. പലപ്പോഴും അതൊക്കെ ഭരണകൂടത്തിന്റെ ഗൂഢ അജണ്ടകളായി ആരോപിച്ച് ഇത്തരം സ്വാർത്ഥികൾ രക്ഷപ്പെടുകയാണ് പതിവ്. ഏതായിരുന്നാലും യത്തീംഖാന പ്രസ്ഥാനം നമ്മൾ വളർത്തുകയും നമ്മൾ തന്നെ പിന്നീട് തളർത്തുകയും ചെയ്തു എന്നത് ഒരു വസ്തുത തന്നെയാണ്.



അനാഥ സംരക്ഷണം നിര്‍ബന്ധമായ സാമൂഹ്യ ബാധ്യതയായാണ് ഇസ്‌ലാം പരിചയപ്പെടുത്തുന്നത്. വ്യക്തി തലത്തില്‍ അനുഷ്ഠിച്ചു വരുന്ന ആരാധനകള്‍ പോലെ തന്നെ വിശ്വാസികളുടെ ബാധ്യതയാണ് സാമൂഹിക സേവനമെന്നതും. അനാഥകളെ ആദരിക്കാന്‍ ആവശ്യപ്പെടുന്നതോടൊപ്പം അവരെ അവഗണിക്കുന്നതും അകറ്റി നിര്‍ത്തുന്നതും മത നിഷേധമായാണ് ഇസ്‌ലാം പരിഗണിക്കുന്നത്. പ്രവാചക സാമീപ്യത്തിനുള്ള ഏറ്റവും അനുയോജ്യവഴിയും അനാഥ സംരക്ഷണം തന്നെ. ഈ തിരിച്ചറിവ് മുസ്‌ലിം സമൂഹത്തിനുണ്ടായിരുന്നതിനാല്‍ അനാഥശാലാ പ്രസ്ഥാനം കേരള സമൂഹത്തില്‍ ക്രിയാത്മകമായി ഇടപെടുകയും കാലത്തിനനുസരിച്ച് മാറ്റങ്ങള്‍ ഉള്‍ക്കൊണ്ടു കൊണ്ട് ഗുണപരമായ മാറ്റങ്ങള്‍ക്ക് ഭൗതികമായും ധാര്‍മ്മികമായും - നിമിത്തമാവുകയും ചെയ്തിട്ടുണ്ട്. ഇരുപത്തിരണ്ടോളം സ്ഥലങ്ങളിലാണ് വിശുദ്ധ ഖുര്‍ആനില്‍ അനാഥകളെ കുറിച്ചുള്ള പരാമര്‍ശങ്ങളുള്ളത്. അതിന്ന് പുറമെ നബി വചനങ്ങള്‍ നിരവധിയാണ്. ഇവ പരിശോധിച്ചാല്‍ മനസ്സിലാകുന്നത് ഇവ മൂന്ന് തലങ്ങളെ ഉള്‍കൊള്ളുന്നുവെന്നതാണ്. ഒന്ന്: അനാഥകളോടു നന്മ ചെയ്യുന്നതിന്റെ പ്രാധാന്യവും പ്രതിഫലവും ഊന്നിപ്പറയുന്നത്.
രണ്ട്: അവരുടെ സാമൂഹ്യ അവകാശങ്ങളെ വിവരിക്കുന്നത്. മൂന്ന്: അവരുടെ സാമ്പത്തിക അവകാശങ്ങളെ പരിഗണിക്കുന്നത്. പിതാവിന്റെ ലാളനയും വാത്സല്യവും നഷ്ടപ്പട്ടവരാണല്ലോ അനാഥകള്‍. പക്ഷേ, ദൈവിക കാരുണ്യം അവര്‍ക്ക് നഷ്ടമാകുന്നില്ല. അവരുടെ നഷ്ടങ്ങളെ നികത്താന്‍ ഉതകും വിധം നിയമങ്ങള്‍ നിശ്ചയിച്ചു വെച്ച നാഥന്‍, ജീവിച്ചിരിക്കുന്ന ചുറ്റുമുള്ളവരോട് നിര്‍ദേശിച്ചത് അനാഥയെ കൈവിടാതെ തങ്ങളുടെ ജീവിതത്തോട് ചേര്‍ത്തു പിടിക്കാനാണ്. അല്ലാഹു പറഞ്ഞു: ''അനാഥകളെപ്പറ്റിയും അവര്‍ നിന്നോട് ചോദിക്കുന്നു. പറയുക: അവര്‍ക്ക് നന്മ വരുത്തുന്നതെന്തും നല്ലതാകുന്നു. അവരോടൊപ്പം നിങ്ങള്‍ കൂട്ടു ജീവിതം നയിക്കുകയാണെങ്കില്‍ (അതില്‍ തെറ്റില്ല). അവര്‍ നിങ്ങളുടെ സഹോദരങ്ങളാണല്ലോ. (അൽ ബഖറ: 220).



അനാഥ സംരക്ഷണത്തിന് വലിയ പ്രതിഫലം വാഗ്ദാനം ചെയ്യുന്ന ഇസ്ലാം അതിൽ പാലിക്കേണ്ട സൂക്ഷ്മതകളും പുലർത്തേണ്ട മര്യാദകളും പലയിടത്തായി വ്യക്തമായി പറഞ്ഞിട്ടുണ്ട്. അവ പാലിക്കുവാനുള്ള മനസ്സും മനസ്ഥിതിയും ഉള്ള യത്തീം ഖാനകളും സ്ഥാപനങ്ങളും ഇപ്പോഴും ഒരു കോട്ടവും ഇല്ലാതെ അഭിമാനകരമായി തല ഉയർത്തി നിൽക്കുന്നുണ്ട്. അത്തരം സ്ഥാപനങ്ങളുടെ മികവ് അവ നയിക്കുന്നവരുടെ ആത്മീയ വിശുദ്ധിയും ഉന്നതിക്കും വിധേയമാണ്. മഹാനായ നബി തിരുമേനി(സ) ഒരു അനാഥയായിരുന്നു. മഹാനായ നബിയെ ആ അനാഥത്വത്തിൽ എങ്ങനെയെല്ലാമാണ് അല്ലാഹു സംരക്ഷിച്ചത് എന്ന് കുറിക്കുന്ന ഒരു അധ്യായം തന്നെ വിശുദ്ധ ഖുർആനിലുണ്ട്. വിശുദ്ധ ഖുർആനിലെ തൊണ്ണൂറ്റി മൂന്നാം അധ്യായം അതാണ്. അതിൽ അല്ലാഹു പറയുന്നു: ''താങ്കളെ അവന്‍ ഒരു അനാഥയായി കണ്ടെത്തുകയും എന്നിട്ട് (താങ്കൾക്ക്) ആശ്രയം നല്‍കുകയും ചെയ്തില്ലേ? താങ്കളെ അവന്‍ വഴി അറിയാത്തവനായി കണ്ടെത്തുകയും എന്നിട്ട് (താങ്കൾക്ക്) മാര്‍ഗദര്‍ശനം നല്‍കുകയും ചെയ്തില്ലേ. താങ്കളെ അവന്‍ ദരിദ്രനായി കണ്ടെത്തുകയും എന്നിട്ട് അവന്‍ താങ്കൾക്ക് ഐശ്വര്യം നല്‍കുകയും ചെയ്തില്ലേ'' (93:6-8). അനാഥകള്‍ ഉത്തമ മനുഷ്യരായി വളരാനുള്ള മൂന്ന് അവശ്യ ഘടകങ്ങളിലേക്ക് വെളിച്ചം വീശുന്നുണ്ട് ഈ വചനങ്ങള്‍. അവ തീര്‍ച്ചയായും അനാഥ സംരക്ഷകരും പരിപാലകരും ഉള്‍ക്കൊള്ളേണ്ടതും അവര്‍ക്ക് ലഭ്യമാക്കേണ്ടതുമായ അവകാശങ്ങളാണ്. ഈ വചനത്തിന്റെ വെളിച്ചത്തില്‍ മൂന്നു കാര്യങ്ങള്‍ അനാഥകള്‍ക്ക് അനിവാര്യമാണെന്ന് മനസ്സിലാക്കാം. ഒന്നാമതായി അവർക്ക് അഭയമാകുന്ന ഒരു ഗേഹം. രണ്ടാമതായി നല്ല ധാര്‍മിക ശിക്ഷണവും വിദ്യഭ്യാസവും. മൂന്നാമതായി ജീവിതാവശ്യങ്ങള്‍ നിവര്‍ത്തിക്കാന്‍ വേണ്ട സാമ്പത്തിക ശേഷി. ഇത്രക്കും ശാസ്ത്രീയമായി കൊണ്ടാണ് അനാഥാ സംരക്ഷണത്തെ അല്ലാഹു അവതരിപ്പിക്കുന്നത്. മാനസികമായ ഔന്നത്യമാണ് അനിവാര്യമായ മറ്റൊന്ന്. അല്ലാഹു പറഞ്ഞു: ''എന്നിരിക്കെ അനാഥയെ നീ അടിച്ചമര്‍ത്തരുത്''(93:9).
അവൻ അവതരിപ്പിക്കുന്ന മാർഗം വിട്ടു സ്വന്തം താല്പര്യങ്ങളെ മാർഗ്ഗവൽക്കരിക്കുമ്പോൾ അപകടവും അപചയവും സ്വാഭാവികമാണ്. സംഭവിച്ചതെല്ലാം അങ്ങനെയാണ് സംഭവിച്ചിരിക്കുക എന്ന് മനസ്സിലാക്കുന്നതാണ് എളുപ്പം. അതായത് അഭിമാനകരമായി തലയുയർത്തി നിൽക്കുന്ന അനാഥാലയങ്ങൾ ആ വിശുദ്ധിയും ശ്രദ്ധയും കണിശമായി പുലർത്തുന്നവയാണ്. അല്ലാത്തവയെല്ലാം അക്കാര്യത്തിൽ ഗുരുതരമായ വീഴ്ച ഉള്ളവരുമാണ്. അവർ അവരുടെ ആ കുറവ് പരിഹരിക്കുമ്പോൾ എല്ലാ നിയമങ്ങളും മാറിനിന്ന് പിന്തുണയ്ക്കുക തന്നെ ചെയ്യും എന്നാണ് പ്രതീക്ഷയുള്ള വിശ്വാസി കരുതേണ്ടത്.



യുദ്ധാനന്തര സ്വത്തിലും (അന്‍ഫാല്‍ 41, അല്‍ ഹശ്ര്‍ 7) അനന്തര സ്വത്ത് വീതം വെക്കുന്നിടത്ത് അനാഥരുടെ സാന്നിധ്യമുണ്ടങ്കില്‍ അതിലും ഇസ്‌ലാം ഒരു ഓഹരി അനാഥക്ക് ഉണ്ടാവണമെന്ന് നിര്‍ദേശിക്കുന്നു (4:8). അനാഥ സംരക്ഷണവും പരിപാലനവും ഏെറ്റടുത്ത് നടത്തുന്ന സാമ്പത്തിക ശേഷിയുള്ളവരോട് അനാഥക്ക് സ്വന്തം സ്വത്തില്‍നിന്നും നല്‍കി മാന്യത പുലര്‍ത്താനും ദരിദ്രരോട് മര്യാദ പൂര്‍വം അനാഥയുടെ സ്വത്തില്‍ നിന്ന് ഉപയോഗിച്ചുകൊള്ളാനും ക്വുര്‍ആന്‍ അനുവാദം നല്‍കുന്നു (4:6).



മൂസാനബി(അ)യുടെ ചരിത്രത്തിലെ വിജ്ഞാനിയായ ഖിള്‌റിനോടാപ്പമുള്ള പഠനയാത്രയിലെ ഒരു സംഭവം പരാമര്‍ശിക്കുന്നിടത്ത്, വീഴാറായ ഒരു മതില്‍ കൂലി വാങ്ങാതെ കെട്ടി ശരിപ്പെടുത്തി കൊടുത്തതിന്റെ കാരണം വിശദമാക്കുന്നിടത്ത് അത് രണ്ട് അനാഥക്കുട്ടികളുടേതായിരുന്നെന്നും അതിനുള്ളില്‍ അവര്‍ക്കായുള്ള നിധി സൂക്ഷിപ്പ് ഉണ്ടായിരുന്നെന്നും പറയുന്നത് കാണാം (18:82).







0 Comments

No comments yet.

Leave a Comment

© www.thdarimi.in. All Rights Reserved. Designed by zainso