Thoughts & Arts
Image

കാരണം, കയ്പും മധുരവും നിശ്ചയിക്കുന്നത് അവരാണ്

03-03-2024

Web Design

15 Comments

വിചാരം
മുഹമ്മദ് തയ്യിൽ







ഗുരുകുല വിദ്യാഭ്യാസം കഴിഞ്ഞ് ആശ്രമത്തിൽ തിരിച്ചെത്തിയ ശ്വേതകേതുവിനോട് അച്ഛൻ ആരുണി മഹർഷി ‘മകനേ, നീയെന്തൊക്കെ പഠിച്ചു?’ എന്നു ചോദിച്ചു. ‘വേദങ്ങളും വേദാംഗങ്ങളും ലോകത്ത് ഇന്നു നിലവിലുള്ള എല്ലാ ശാസ്ത്രങ്ങളും പഠിച്ചു’ എന്ന അഹങ്കാരമായിരുന്നു ശ്വേതകേതുവിന്റെ മറുപടി. നീണ്ട 12 കൊല്ലം പഠിച്ചിട്ടും പഠനം യഥാർത്ഥ ജ്ഞാനത്തിൽ എത്തിയില്ല എന്ന് ബോധ്യപ്പെട്ട അച്ഛൻ മകനെ ആ ജ്ഞാനം ഒറ്റ വാക്യത്തിൽ പഠിപ്പിച്ചു കൊടുത്തു; 'തത്വമസി' എന്ന്. (നീ അന്വേഷിക്കുന്നത് ഏതാണോ) അത് നീ തന്നെയാണ് എന്നർഥം. എല്ലാ മോഹ-കോപ- ക്രോധങ്ങളും വിട്ട് ദൈവം എന്ന പ്രഭാവത്തിൽ അലിയുക എന്ന ഛാന്ദോഗ്യോപനിഷത്തിലെ തത്വമസിയുടെ ആശയം അന്നുമുതൽ സനാധന ധർമ്മത്തിൻ്റെ നെറ്റിയിൽ എഴുതപ്പെട്ടുപോന്നു. ഈ ആശയം പിന്നെ ഒരു വലിയ ധർമ്മ സംഹിതയായി രൂപപ്പെട്ടു. അത് കുറേക്കാലം കാസ്പിയൻ കടൽത്തീരം മുതൽ കന്യാകുമാരി വരെ നിലനിൽക്കുകയും ചെയ്തു. നന്മയും മഹാമൂല്യങ്ങളും ഉള്ളടങ്ങിയ ഉപനിഷത്തുക്കളും വേദങ്ങളും മഹാമുനികളും എല്ലാം ഉണ്ടായത് തുടർന്നാണ്.



ലോകത്ത് മതങ്ങളുടെയും സംസ്കാരങ്ങളുടെയുമെല്ലാം കഥ ഇതുതന്നെയാണ്. മോക്ഷവും മോചനവും വാഗ്ദാനം ചെയ്തുകൊണ്ടും ആ വികാരം നെയ്തു നൽകിയ പ്രതീക്ഷകൾ കൊണ്ടും അവ ഓരോന്നും തഴച്ചു വളരുകയായിരുന്നു. അങ്ങനെ അവയൊക്കെയും താമസിയാതെ വലിയ ആൾക്കൂട്ടങ്ങൾ ആയി മാറി. ആൾക്കൂട്ടമായി തീരുന്നതോടുകൂടി ആഘോഷം എന്ന ആശയം അടിസ്ഥാന തത്വത്തിനുമേൽ ആധിപത്യം നേടുന്നു. തുടർന്ന് അടിസ്ഥാന ആശയങ്ങൾ ചോർന്ന് പകരം അഭിനയവും ആഘോഷവും വേദി കയ്യടക്കുന്നു. ഇത് എല്ലാ മതങ്ങൾക്കും സംസ്കാരങ്ങൾക്കും പറ്റിയിട്ടുണ്ട്. നിരവധി തെളിവുകൾ നമ്മുടെ കയ്യിലുണ്ട്. ഉദാഹരിക്കുമ്പോൾ അത് ആരുടെയെങ്കിലും അഭിമാനത്തിൽ കൊണ്ടേക്കുമോ എന്ന് ഭയപ്പെട്ട് പറയാതിരിക്കുകയാണ്.



നിരീക്ഷണത്തിൽ പക്ഷേ കാരണം പറയുന്നതിന് വിലക്കില്ല. മതം പരിശുദ്ധിയാണ്. ആത്മാർത്ഥമായ ആത്മീയത എന്ന തറയിലാണ് അത് പടുത്തുയർത്തപ്പെടേണ്ടത്. അതിനാൽ അതെല്ലാം അതിനെ സ്വാംശീകരിച്ചവർ മാത്രം ചെയ്യേണ്ടതും നോക്കി നടത്തേണ്ടതുമാണ്. അങ്ങനെ തന്നെയാണ് നല്ല കാലങ്ങളിൽ ഉണ്ടായിട്ടുള്ളതും. ആ കാലങ്ങളിൽ ജനങ്ങൾ മനസ്സുകൊണ്ട് അവിടങ്ങളിൽ തടിച്ചുകൂടി വൻ ആൾക്കൂട്ടം രൂപപ്പെട്ടതോടുകൂടെ ആൾക്കൂട്ടങ്ങളെ കിട്ടാൻ തെണ്ടുന്ന ഒരു വിഭാഗം അത് ശ്രദ്ധിക്കുകയും അങ്ങോട്ട് തിരിയുകയും ചെയ്തു. അത് പുതിയ വാക്കിൽ പറഞ്ഞാൽ രാഷ്ട്രീയക്കാരായിരുന്നു. രാഷ്ട്രീയക്കാർ മതമേഖലയിലേക്ക് വരികയും കയ്യിട്ട് വാരാൻ ഒരുങ്ങുകയും ചെയ്തതോടെ കൂടെ എല്ലാ മതങ്ങളും പോർക്കളങ്ങളായി മാറി. രാഷ്ട്രീയക്കാർക്ക് ഒരു സുരക്ഷിതമായ വോട്ടുബാങ്ക് ആണ് വേണ്ടത്. അത് പൊതുസമൂഹത്തിൽ നിന്ന് അടർത്തി എടുത്ത് ഉണ്ടാക്കുകയാണ് അവരുടെ വിദ്യ. അതിന് ഏതെങ്കിലും ഒരു വികാരത്തെ ഒപ്പം നിറുത്തുകയും മറ്റു വികാരങ്ങളോട് പോരടിച്ചും കൊമ്പുകോർത്തും സ്വന്തം തട്ടകത്തെ ബലപ്പെടുത്തുകയും വേണം. ഇതിനു വേണ്ടി കളത്തിൽ ഇറങ്ങുന്ന ആൾ അതിവേഗം പ്രതിഷ്ഠയായി മാറുന്നു. എല്ലാ കണ്ണുകളുടെ കാഴ്ചകളും എല്ലാ ചെവികളുടെ കേൾവികളും അയാൾ കവർന്നെടുക്കുന്നു. അങ്ങനെ ആ അജണ്ട വിജയിക്കുന്നു. പിന്നെ, അന്യമതക്കാർക്കും ജാതിയിൽ താഴ്ന്നവർക്കും കടക്കാൻ പാടില്ലാത്ത ഭൂമിയിൽ സാക്ഷാൽ ദൈവാവതാരം തന്നെ കുടിയിരുന്നാലും ക്ഷേത്രം രാജാവും കൊട്ടാരം സന്യാസിയും തിരിച്ചും മറിച്ചും ഉദ്ഘാടനം ചെയ്താലും വൈരുദ്ധ്യം പറഞ്ഞ് ആശ്ചര്യപ്പെട്ടിട്ട് കാര്യമില്ല. കാരണം, കയ്പും മധുരവും നിശ്ചയിക്കുന്നത് നമ്മുടെ നാവല്ലല്ലോ, അവരുടെ നാവല്ലേ.













0 Comments

No comments yet.

Leave a Comment

© www.thdarimi.in. All Rights Reserved. Designed by zainso