

വീണ്ടും അതേ മാളത്തിൽ നിന്ന് കടിയേൽക്കരുത്
03-03-2024
Web Design
15 Comments
വെള്ളിത്തെളിച്ചം
ടി എച്ച് ദാരിമി
-
മക്കയില്‍ അബൂ ഇസ്സ എന്ന ഒരു കവി ജീവിച്ചിരുന്നു നബി തിരുമേനിയുടെ കാലത്ത്. അക്കാലത്തെ ഏറ്റവും വലിയ വൈകാരിക ഉദ്ദ്വീപനം ഉണ്ടാക്കിയിരുന്ന ഒരു സാംസ്കാരിക ഘടകമായിരുന്നു സാഹിത്യം. പൊതുവായി ആസ്വദിക്കുവാൻ ജനങ്ങൾക്ക് അതുമാത്രമാണ് ഉണ്ടായിരുന്നത്. അതിനാൽ അതിൻെറ സ്വാധീനം അവർക്കിടയിൽ ശക്തമായിരുന്നു. പലപ്പോഴും ആയുധങ്ങൾക്ക് പകരം സാഹിത്യമായിരുന്നു അവർ ഉപയോഗിച്ചിരുന്നത്. അതിനാൽ സാഹിത്യകാരന്മാർക്ക് അവിടെ നല്ല ചോദന ഉണ്ടായിരുന്നു. അവർ രചിക്കുന്ന രചനകൾ ജനങ്ങൾ സ്വീകരിക്കുകയും അവയിൽ ലയിച്ച് അവർ ആ സാഹിത്യകാരന്മാരെ നിർലോഭം സഹായിക്കുകയും ചെയ്യുമായിരുന്നു. അതിനാൽ പുരാതന അറേബ്യയിൽ കച്ചവടം പോലെ ഒരു വലിയ ജീവിത സന്ധാരണ മാർഗമായി തന്നെ നിലനിന്നിരുന്നു സാഹിത്യ രചന. സാഹിത്യകാരന്മാർക്ക് വേണ്ടത് വിഷയങ്ങൾ ആയിരുന്നു. ജനങ്ങളുടെ മനസ്സിനെ ഇളക്കുവാൻ അപ്പോഴത്തെ സാഹചര്യത്തിൽ പെണ്ണും ഒട്ടകവും കുതിരയും ഒക്കെ മാത്രമാണ് ഉണ്ടായിരുന്നത്. അതുകൊണ്ട് അവർ അതിനെക്കുറിച്ച് ധാരാളമായി എഴുതി. അങ്ങനെയിരിക്കവെയാണ് മുഹമ്മദ് നബി(സ) ഇസ്ലാമുമായി വന്നതും സമൂഹം അദ്ദേഹത്തോട് കലഹത്തിൽ ഏർപ്പെട്ടതും. അതോടെ പുതിയ വിഷയം കിട്ടിയ സന്തോഷത്തിൽ എത്തി സാഹിത്യകാരന്മാർ. പലരും നബിയെയും നബിയെ ചുറ്റിപ്പറ്റിയുള്ള വിഷയങ്ങളെയും കുറിച്ച് രചനകൾ നടത്തി വയറിന്റെ മടക്കുകൾ നിവർത്താൻ ശ്രമങ്ങൾ തുടങ്ങി. നബിയെ കുറ്റപ്പെടുത്തി സാഹിത്യ രചനകൾ നടത്തിയാൽ അതിന് നല്ല ഡിമാൻഡ് കിട്ടും എന്ന് കണ്ട ഒരാളായിരുന്നു അബൂ ഇസ്സ. അയാളുടെ സാഹിത്യം ഇസ്ലാമിലേക്കുള്ള ഒഴുക്കിനെയും ചരിത്രത്തിന്റെ ഗമനത്തെയും ഒന്നും ഒട്ടും സ്വാധീനിച്ചില്ല. എന്നാൽ അതല്ലാതെ മറ്റൊരു ജീവിതമാർഗവും വിഷയവും അയാൾക്ക് മുമ്പിൽ ഉണ്ടായിരുന്നില്ല. ആയതിനാൽ അയാൾ വീണ്ടും വീണ്ടും എഴുതി കൊണ്ടേയിരുന്നു. ഹിജ്റ രണ്ടാം വർഷം ബദർ യുദ്ധത്തിന് വരാൻ അയാളും നിർബന്ധിക്കപ്പെട്ടു. തങ്ങളുടെ ആശയത്തിൽ ഒപ്പമുള്ള എല്ലാവരും നിർബന്ധമായും ഈ യുദ്ധത്തിൽ പങ്കെടുക്കണമെന്നത് അബൂജഹലിന്റെ വാശിയായിരുന്നു. അങ്ങനെ ഈ കക്ഷിയും വന്നു. ഈ കക്ഷി ഭാഗ്യത്തിന് കൊല്ലപ്പെട്ടില്ല. പക്ഷേ അന്ന് തടവുകാരാക്കപ്പെട്ട 70 പേരിൽ ഒരാൾ ഈ അബു ഇസ്സ ആയിരുന്നു.
നബി(സ)യുടെ സ്വഭാവം കാരുണ്യത്തിൽ അധിഷ്ഠിതമാണ് എന്ന് അയാൾ കേട്ടിട്ടുണ്ടായിരുന്നു. അതിനാൽ അയാൾ നബിയുടെ മുമ്പിൽ ചെന്ന് കണ്ണു നനച്ച് അപേക്ഷിച്ചു, തന്നെ വെറുതെ വിടാൻ ദയവുണ്ടാകണമെന്ന്. എന്നെ വിട്ടാൽ താൻ പിന്നെ ഒരിക്കലും താങ്കൾക്കെതിരെ പേന എടുക്കില്ല എന്ന് അദ്ദേഹം ശപഥം ചെയ്തു. താൻ ഇനി ഒരിക്കലും യുദ്ധത്തിന് വരില്ല എന്നും അദ്ദേഹം തീർത്തു പറഞ്ഞു. സാഹചര്യത്തെയും സങ്കടത്തെയും കൊഴുപ്പിച്ചെടുക്കാൻ വേണ്ടി അദ്ദേഹം തൻ്റെ നിരാശ്രയരായ പെൺകുട്ടികളുടെ കഥയും പറഞ്ഞു. താൻ ഇല്ലാതെയായാൽ പെൺകുട്ടികളുടെ കാര്യം കഷ്ടമാണ് എന്ന് പറഞ്ഞപ്പോൾ നബി തിരുമേനി(സ) അയാളെ താക്കീത് ചെയ്ത് വിട്ടയച്ചു. പക്ഷേ മക്കയിൽ എത്തിയ അബൂ ഇസ്സ അത് ലംഘിച്ചു. വീണ്ടും വീണ്ടും തെറിപ്പാട്ടുകൾ എഴുതി അയാൾ ജാഹിലികളെ ഊതി വീർപ്പിച്ചു കൊണ്ടിരുന്നു. അടുത്ത കൊല്ലം ഉഹ്ദ് യുദ്ധം സംഭവിച്ചു. അതിൽ അയാൾ പ്രതികാര വാജ്ഞയുമായി വരികയും ചെയ്തു. ബദറിൽ നിന്നും ഏറെ വ്യത്യസ്തമായിരുന്നു ഉഹദ് യുദ്ധം. അതിൽ ഒരുപാട് പേർ തടവിലാക്കപ്പെട്ടിട്ടൊന്നുമില്ലെങ്കിലും തടവിലാക്കപ്പെട്ട അത്യപൂർവ്വം പേരിൽ ഒരാൾ അബൂ ഇസ്സ ആയിരുന്നു. നബിയുടെ മുമ്പിൽ ഹാജരാക്കപ്പെട്ടപ്പോൾ അബൂ ഇസ്സ വീണ്ടും കലങ്ങിയ കണ്ണുകളോടെ തൻ്റെ സങ്കടങ്ങൾ പറഞ്ഞു. പെൺകുട്ടികളുടെ കാര്യം ചേർത്ത് സങ്കടം ശക്തിപ്പെടുത്താൻ ശ്രമിക്കുകയും ചെയ്തു. പക്ഷേ നബി തിരുമേനി(സ)യുടെ ഉള്ളിലുള്ളതും അവർ പഠിപ്പിക്കുന്നതും ആയ കാരുണ്യം ഒട്ടും ഒരു ദൗർബല്യമല്ല. അർത്ഥമുള്ളിടത്ത് മാത്രം പ്രയോഗിക്കുകയും അപ്പോൾ മാത്രം നിലയും വിലയും ഉണ്ടാകുകയും ചെയ്യുന്നതുമാണ് ആ കാരുണ്യം. ആയതിനാൽ നബി(സ) ആദ്യം സ്നേഹപൂർവ്വമെന്നോണം അയാളോട് പറഞ്ഞു: 'മുഹമ്മദിനെ ഞാൻ രണ്ടു വട്ടം പറ്റിച്ചു എന്ന് പറഞ്ഞ് നീ മക്കയിൽ പോയി നെറ്റി തുടച്ച് ആളാവാൻ നോക്കേണ്ട..' പിന്നീട് നബി(സ) ഉമ്മത്തിനോടായി പറഞ്ഞു: 'ഒരു മുഅ്മിനിന് ഒരേ മാളത്തില്‍ നിന്ന് രണ്ടു തവണ വിഷമേല്‍ക്കുകയില്ല' (ബുഖാരി, മുസ്ലിം)
വിശ്വാസിയുടെ ജീവിതത്തെ അനിവാര്യമായും സ്വാധീനിച്ചിരിക്കേണ്ട ഒരുപാട് പാഠങ്ങൾ ഉൾക്കൊള്ളുന്ന ഒരു തത്വപദേശമാണ് ഈ തിരുവചനം. ഒരേ മാളത്തില്‍ നിന്ന് വീണ്ടും വിഷമേല്‍ക്കുക എന്നതൊരു ഉപമയാണെന്നത് വ്യക്തമാണല്ലോ. സത്യവിശ്വാസികളുടെ ജീവിതത്തിൽ സംഭവിച്ചു പോകുന്ന പരാജയങ്ങൾ, അബദ്ധങ്ങൾ തുടങ്ങിയവ ഒരിക്കൽ സംഭവിച്ചാൽ അത് വീണ്ടും അതേപടി സംഭവിക്കുന്നതിനെ തൊട്ട് തീവ്രമായ കരുതൽ ഉണ്ടായിരിക്കണം എന്നതാണ് മൊത്തത്തിൽ ഈ ആശയം. ഇത് രണ്ട് തലത്തിലും ഉണ്ടാവാം. ഭൗതികതലത്തിൽ മനുഷ്യൻ ഏർപ്പെടുന്ന വ്യാപാരങ്ങൾ, വ്യവഹാരങ്ങൾ, ജീവിത മാർഗങ്ങൾ എന്നിവയിൽ പറ്റിപ്പോകുന്ന പിഴവുകൾ, അബദ്ധങ്ങള്‍, വഞ്ചനകള്‍ തുടങ്ങിയവ ആവർത്തിക്കാതിരിക്കുവാൻ ശ്രദ്ധിക്കണം എന്നതാണ് ഒന്ന്. അതിന് സംഭവിച്ചതിനെ ഒരു പാഠമായി സ്വീകരിച്ചു ജാഗ്രത പുലർത്തുകയാണ് വേണ്ടത്. അതേസമയം മതതലത്തിലും ഇത് അങ്ങനെ തന്നെയാണ് വേണ്ടത്. അതായത്, മതപരമായ അബദ്ധങ്ങളും തെറ്റുകളും ഒരിക്കൽ ഉണ്ടായാൽ അതു വീണ്ടും ആവര്‍ത്തിക്കുകയെന്നത് ഒരു മുഅ്മിനിന് സംഭവിക്കാന്‍ പാടില്ല. നബി തങ്ങൾ പകരുന്ന മറ്റൊരു ആശയം മേൽപ്പറഞ്ഞ തെറ്റുകളും അബദ്ധങ്ങളും മറ്റും എല്ലാം വിഷം പോലെയാണ് എന്നതാണ്. അതായത് അത് മനുഷ്യന്റെ ശരീരത്തിന് ഉപദ്രവം ഉണ്ടാക്കും എന്നത് പോലെ മേൽപ്പറഞ്ഞ കാര്യങ്ങൾ വിശ്വാസിയുടെ ശരീരമാകുന്ന മനസ്സിന് ഉപദ്രവം ഉണ്ടാക്കും. അവനിൽ മനോവേദനയും നിരാശയും ഉണ്ടാകുവാൻ അതൊക്കെ നിമിത്തമാകും. നബി(സ)യുടെ ഈ വിഷം എന്ന പ്രയോഗം അതുണ്ടാക്കുന്ന ഉപദ്രവങ്ങളെയെല്ലാം കുറിക്കുന്നതോടൊപ്പം തന്നെ അതിൻ്റെ കാഠിന്യത്തിന്റെ ഏറ്റക്കുറച്ചിലുകളെയും അംഗീകരിക്കുന്നുണ്ട്. ചില വിഷങ്ങൾ ഏറെ കഠിനവും മറ്റു ചിലത് താരതമ്യേന അപകടം കുറഞ്ഞവയുമായിരിക്കുമല്ലോ. ഇത് നബി തിരുമേനിയുടെ വാക്കുകളുടെയും ആശയങ്ങളുടെയും ഒരു അമാനുഷികതയാണ്.
രണ്ടുതവണ ഒരേ മാളത്തിൽ നിന്ന് ഒരു വിശ്വാസിക്ക് വിഷമേൽക്കില്ല എന്ന നബി തിരുമേനി(സ)യുടെ പ്രയോഗത്തിൽ നിന്ന് മറ്റൊരു കാര്യം മനസ്സിലാക്കാം. മുഅ്മിനിന് ഒരു തവണ വിഷമേല്‍ക്കാന്‍ സാധ്യതയുണ്ട് എന്നതാണത്. എന്നാൽ അതവനെ മുഅ്മിനാക്കാതിരിക്കുന്നില്ല. തിന്മകളും അബദ്ധങ്ങളും സംഭവിക്കുന്നത് സ്വാഭാവികമാണെന്നും, അതില്‍ നിന്ന് പാഠങ്ങളുള്‍ക്കൊള്ളുകയും, പിന്നീടൊരിക്കലും ആ അബദ്ധം ആവര്‍ത്തിക്കാതിരിക്കുകയും ചെയ്യുന്നവനാണ് ഈമാനിന്റെ ഗുണഫലം അനുഭവിക്കുന്നത് എന്നും ഈ വചനങ്ങൾ സൂചിപ്പിക്കുന്നു. ഇതോടൊപ്പം ഈ വാചകത്തിലൂടെ നബി തിരുമേനി(സ) മറ്റൊരു വലിയ സത്യം അനാവരണം ചെയ്യുന്നുണ്ട്. അത് സത്യവിശ്വാസികളാണ് സത്യത്തിൽ ബുദ്ധിമാന്മാർ എന്നും അല്ലാത്തവർ വിഡ്ഢികളാണ് എന്നുമാണത്. കാരണം, അല്ലാഹുവിലും റസൂലിലും വിശ്വസിച്ച, അവരെ സത്യപ്പെടുത്തിയവരാണല്ലോ മുഅ്മിനുകള്‍. ഒരു മാളത്തില്‍ നിന്ന് രണ്ടു തവണ കടിയേല്‍ക്കാതിരിക്കുക എന്നത് സത്യത്തിൽ ബുദ്ധിയുള്ളവരുടെ വിശേഷണമാണ്. ഒരു വേള അവിശ്വാസിയായ ഒരാളുടെ ജീവിതത്തിലും അയാൾ അംഗീകരിക്കുകയും പാലിക്കുകയും ചെയ്യുന്ന ഒരു തത്വം തന്നെയാണ്, പറ്റിപ്പോയ അബദ്ധം പിന്നെയും പറ്റാതിരിക്കുവാൻ സൂക്ഷിക്കുക എന്നത്. എന്നാൽ ഈ ഹദീസിൽ ബുദ്ധിയുള്ള ഒരാൾക്ക് ഒരേ മാളത്തിൽ നിന്ന് രണ്ടു തവണ വിഷമേൽക്കാൻ പാടില്ല എന്നു പറയേണ്ടതിനു പകരം നബി(സ) പറഞ്ഞിരിക്കുന്നത് ഒരു സത്യവിശ്വാസിക്ക് ഒരേ മാളത്തിൽ നിന്ന് രണ്ടുതവണ വിഷമേക്കാൻ പാടില്ല എന്നാണ്. ബുദ്ധിയുള്ളവന് എന്ന് പ്രയോഗിക്കേണ്ട കൃത്യമായ ഒരു സ്ഥാനത്ത് പകരമായി വിശ്വാസിക്ക് എന്ന് പ്രയോഗിക്കുമ്പോൾ അത് അർത്ഥമാക്കുന്നത് ബുദ്ധിയുള്ളവനാണ് വിശ്വാസി, ബുദ്ധിയില്ലാത്തവനെ വിശ്വാസിയാവാൻ കഴിയില്ല എന്നെല്ലാമാണ് എന്നത് വ്യക്തമാണല്ലോ.
വിശ്വാസിയും ബുദ്ധിയും തമ്മിലുള്ള ബന്ധവും ബുദ്ധിയും വിശ്വാസിയും തമ്മിലുള്ള ബന്ധവും ഒരേസമയം ഊന്നിപ്പറയുന്ന ഒരു ആശയമാണ് വിശ്വാസി എപ്പോഴും ശ്രദ്ധയോടും ജാഗ്രതയോടും കൂടി ജീവിതവുമായി സഞ്ചരിക്കണം എന്നത്. ഇത് വിശുദ്ധ ഖുർആനിൻ്റെ ഒരു താല്പര്യവുമാണ്. അതുകൊണ്ടാണ് മനുഷ്യനോട് ഇടയ്ക്കിടെ ഖുർആൻ ചിന്തിക്കുന്നില്ലേ എന്ന് ചോദിക്കുന്നത്. ഈ ചോദ്യത്തിൽ തന്നെ ഇക്കാര്യത്തിൽ കുറച്ചുകൂടി വ്യക്തതയുള്ള ഒരു സമീപനം കാണാം. അത് അധികവും ഖുർആൻ ഉപയോഗിക്കുന്നത് 'തദബ്ബറ' എന്ന വാക്കാണ് എന്നതാണ്. ഈ പദം പിറകുവശം എന്ന അർത്ഥമുള്ള 'ദുബുർ' വാക്കിൽ നിന്ന് നിഷ്പന്നമായതാണ്. അപ്പോൾ മൊത്തത്തിൽ ആശയം എപ്പോഴും തിരിഞ്ഞു നോക്കി ഉറപ്പുവരുത്തി ജാഗ്രതയോടെ മാത്രം മുന്നോട്ടു പോവുക എന്നതായി മാറുന്നു. വിശ്വാസിക്ക് ഇതിനെല്ലാം സഹായകമായ തെളിച്ചമുള്ള ബുദ്ധി ഉണ്ടായിരിക്കണം. സത്യവിശ്വാസത്തിനുള്ള സൗഭാഗ്യം കഴിഞ്ഞാൽ പിന്നെ ഒരു മനുഷ്യന് ലഭിക്കുന്ന ഏറ്റവും വലിയ അനുഗ്രഹം തെളിച്ചമുള്ള ബുദ്ധിയാണ് എന്ന് മഹാന്മാർ പറയുന്നുണ്ട്. ഈ ശ്രദ്ധ നഷ്ടപ്പെട്ടുപോവുകയും കാര്യങ്ങളെ ഉദാസീനമായി കാണുകയും ചെയ്താൽ ഉണ്ടാകുന്ന കഷ്ട നഷ്ടങ്ങൾക്കെല്ലാം ഉത്തരവാദി നഷ്ടം പറ്റുന്ന വ്യക്തി തന്നെയായിരിക്കും. ഒരു അറബി ആപ്തവാക്യത്തിൽ ഇങ്ങനെ പറയുന്നുണ്ട്: 'ഒരാൾ ഒരിക്കൽ നിന്നെ ചതിച്ചാൽ അത് അയാൾ ചെയ്യുന്ന തെറ്റാണ്, എന്നാൽ അയാൾ നിന്നെ രണ്ടുവട്ടം ചതിച്ചാൽ അത് നിൻ്റെ മാത്രം തെറ്റാണ്. അതായത് നിൻെറ ജാഗ്രതക്കുറവിന്റെ വിലയാണ് നീ ഒടുക്കുന്നത്.
ലോകമെമ്പാടുമുള്ള മുസ്ലിം ഉമ്മത്തിന് എപ്പോഴും പ്രസക്തമായ ഒരു തത്ത്വോപദേശമാണ് ഇത്. വീണ്ടും വീണ്ടും അതേ മാളങ്ങളുടെ പരിസരത്തേക്ക് മുസ്ലിം സമുദായം എത്തിക്കൊണ്ടേയിരിക്കുന്നു എന്നത് എല്ലായിടത്തുമുള്ള അനുഭവമായി മാറിയിരിക്കുന്നു. അവർക്കിടയിൽ നടന്നുകൊണ്ടിരിക്കുന്ന കലാപങ്ങൾ, അവർ നേരിട്ടുകൊണ്ടിരിക്കുന്ന വെല്ലുവിളികൾ, അവരെ തുറിച്ചു നോക്കുന്ന ഭീഷണികൾ, എന്തിനധികം അവർക്കിടയിൽ തലപൊക്കുന്ന ചെറിയ ചെറിയ പ്രശ്നക്കുമിളകൾ എന്നിവയെല്ലാം ആവർത്തിക്കപ്പെട്ടു കൊണ്ടിരിക്കുകയാണ്. ഏതെങ്കിലും ഒരു മേഖലയിൽ പ്രയാസത്തെയും പ്രശ്നത്തെയും മറികടന്നുകഴിഞ്ഞു എന്ന് പറയാൻ കഴിയാത്ത ഒരു സാഹചര്യമാണ്. ചെറിയ ചെറിയ കാര്യങ്ങൾ ആവർത്തിക്കപ്പെടുന്നത് പലപ്പോഴും തിരക്കിനിടയിൽ നമ്മൾ അറിയാതെ പോകും. എന്നാൽ വലിയ വലിയ കാര്യങ്ങൾ വരുമ്പോൾ അത് അറിയാതെ പോകുന്നത് സങ്കടകരമാണ്. ഇതെല്ലാം ഉണ്ടാകുമ്പോൾ അത് നമുക്കുണ്ടാക്കുന്ന പരുക്ക് എത്രമാത്രം വലുതാണ് എന്ന് ഗ്രഹിക്കുകയും അത് ആവർത്തിക്കാതിരിക്കാൻ എത്ര വില നൽകിയാലും അത് നഷ്ടമാകില്ല എന്ന് തിരിച്ചറിയുകയും ചെയ്യുകയാണ് ആദ്യമായി വേണ്ടത്. തുടർന്ന് നമ്മെ നേരിടാൻ പോകുന്ന വിപത്തിനെ നേരിടേണ്ട ഫലപ്രദവും സർവ്വാംഗീകൃതവുമായ രീതി ഏതായിരിക്കണം എന്നത് ബുദ്ധിപരമായും ശാസ്ത്രീയ പരമായും കണ്ടുപിടിക്കണം. ഇത് കണ്ടെത്തുന്നതിലും പിന്നെ അത് നടപ്പിൽ വരുത്തുന്നതിലും എല്ലാതര വൈകാരികതകളും ഒഴിവാക്കണം. പിന്നെ പരമമായി എല്ലാവരും പൊതു നന്മ ലക്ഷ്യം വെച്ചുകൊണ്ട് ഒത്തു ചേർന്നു നിൽക്കണം. ഇതിനെല്ലാം മാനസികമായ വിശാലതയുള്ള നേതൃത്വത്തിന്റെയും അനുസരിക്കുന്ന അണികളുടെയും എണ്ണം ഏറ്റവും വലിയ പ്രശ്നമാണ്. കൈവെള്ളയിൽ മൊബൈൽ ഫോൺ വന്നതോടെ കൂടെ എല്ലാവരും നേതാക്കന്മാരും വിധികർത്താക്കളും റിപ്പോർട്ടർമാരും നായകന്മാരും ആയി സ്വയം മാറി മാറിയിരിക്കുകയാണല്ലോ. വീണ്ടും വീണ്ടും നാം മാളത്തിന് മുമ്പിലെത്തുന്നതും മറ്റൊന്നും കൊണ്ടല്ല.
o
0 Comments
No comments yet.
Leave a Comment
© www.thdarimi.in. All Rights Reserved. Designed by zainso