
.jpeg)
ഉദാരതയുടെ മന്ദമാരുതൻ
20-04-2024
Web Design
15 Comments
വെള്ളിത്തെളിച്ചം
ടി എച്ച് ദാരിമി
നബി തിരുമേനി(സ)യുടെ ജീവിതം ഔദാര്യത്തിന്റെയും ആർദ്രതയുടെയും സ്നേഹത്തിന്റെയും സഹായത്തിന്റെയും സഹനത്തിന്റെയുമെല്ലാം ഒരുപാട് ചിത്രങ്ങൾ തുന്നി ചേർത്തതാണ്. ഉദാരത എന്ന വികാരം ഉൾക്കൊള്ളാത്ത ഒരു അനക്കമോ അടക്കമോ ആ ജീവിതത്തിൽ ഉണ്ടായതായി തെളിയിക്കുന്നതിനുള്ള ശ്രമത്തിൽ സൂക്ഷ്മാലുക്കളായ ചരിത്രകാരന്മാർ തന്നെ വിയർത്തുപോകും. അങ്ങനെയൊന്ന് കണ്ടെത്താൻ കഴിയുമെങ്കിൽ ലോകത്തെ ഏറ്റവും വലിയ ആഘോഷമാക്കി അതിനെ വളർത്തുകയും നിലനിർത്തുകയും ചെയ്യുമായിരുന്നുവല്ലോ നബിയെ ഇകഴ്ത്തുവാൻ തക്കംപാർത്തു നടക്കുന്ന ഇസ്ലാമിന്റെ ശത്രുക്കൾ. ജനനിബിഡമായ അങ്ങാടിയിലൂടെ കൈയിൽ അമ്പും പിടിച്ചു നടക്കുമ്പോൾ ആരുടെയും മേലിൽ കൊള്ളാതിരിക്കാൻ അതിൻ്റെ മുനയിൽ കൈപൊത്തി പിടിക്കണം എന്ന് പഠിപ്പിക്കുന്ന പ്രവാചകൻ.., ഒട്ടകക്കട്ടിലിൽ ഇരിക്കുന്ന പെണ്ണിന്റെ ആരോഗ്യത്തെയോർത്ത് ഒട്ടകക്കാരനോട് സൂക്ഷിക്കണം; കട്ടിലിൽ ഇരിക്കുന്നത് പളുങ്കുപാത്രമാണ് എന്ന് ഓർമിപ്പിക്കുന്ന പ്രവാചകൻ.., സ്വന്തം തടവുപാളയത്തിൽ നിന്ന് ഉയരുന്ന ശത്രുവിന്റെ ഏങ്ങലടികൾ ഉണർത്തിയ അസ്വസ്ഥത കാരണം ഉറങ്ങാൻ കഴിയാതെ എഴുന്നേറ്റു നടന്ന പ്രവാചകൻ.., ബുദ്ധിമാന്ദ്യമുള്ള പെണ്ണ് അവളുടെ ഭാണ്ഡം തലയിലേക്ക് എടുത്ത് വെച്ച് കൊടുക്കുവാൻ കൈ പിടിച്ചു വലിക്കുമ്പോൾ അവളോടൊപ്പം നടന്നു ചെല്ലുന്ന പ്രവാചകൻ.., മദീനാ ജീവിതഘട്ടം മുഴുവനും ഒളിഞ്ഞും തെളിഞ്ഞും വേട്ടയാടിയ ജനതയുടെ പ്രതിനിധിയുടെ ശവമഞ്ചം കടന്നുപോകുമ്പോൾ ആദരവോടെ എഴുന്നേറ്റു നിൽക്കുന്ന പ്രവാചകൻ.., പെരുന്നാൾ പൊലിവില്ലാത്തതിനാൽ കരഞ്ഞുകലങ്ങിയ കണ്ണുകളുമായി വഴിവക്കിൽ ഇരിക്കുന്ന അനാഥയെ ചേർത്തുപിടിച്ച് സ്വന്തം വീട്ടിലെ അംഗമാക്കിയ പ്രവാചകൻ.., നിരന്തരമായി വേട്ടയാടുകയും നാട്ടിൽ നിന്ന് പടിയിറക്കുകയും ചെയ്തവർ അവസാനം കാൽമുട്ടുകൾ വിറച്ച് കഅ്ബാലയത്തിൻ്റെ വാതിലിന് മുമ്പിൽ സ്വന്തം കാൽച്ചുവട്ടിൽ നിരന്നു നിൽക്കുമ്പോൾ അവരെ എങ്ങനെ വേണമെങ്കിലും ശിക്ഷിക്കാനുള്ള അധികാരം കയ്യിൽ ഉണ്ടായിട്ടും അവരോട് ക്ഷമിച്ച പ്രവാചകൻ.., ഈ പ്രവാചകനിൽ മറിച്ചൊന്ന് കാണുന്നവർ വിരോധത്തിൻ്റെ അന്ധത ബാധിച്ചവരോ വെറുതെ കള്ളം പറയുന്നവരോ മാത്രമായിരിക്കും.
നബി(സ) ഏറ്റവും അധികം ഉദാരനാകുമായിരുന്നത് വിശുദ്ധ റംസാനിലാണ് എന്നും അതുതന്നെ ജിബ്‌രീൽ(അ) വന്ന് വിശുദ്ധ ഖുർആൻ ഇറങ്ങിയതെല്ലാം ആവർത്തിച്ച് കൊടുക്കുമ്പോഴായിരുന്നു എന്നും സ്വഹീഹായ ഹദീസിൽ കാണാം. ഉദാരത എന്ന മനോഗുണം ഉണരുകയും ഉയരുകയും ചെയ്യുന്ന കാലമാണ് നോമ്പുകാലം. അതിന് ഒരു പ്രധാന കാരണമുണ്ട്. മനുഷ്യന്റെ മനസ്സ് രണ്ടു കാര്യങ്ങളാൽ നിറക്കപ്പെട്ടിരിക്കുന്നു എന്നാണ്. ഒന്ന് വികാരങ്ങളും മറ്റൊന്ന് വിചാരങ്ങളും. വികാരങ്ങൾക്കായിരിക്കും സ്വാഭാവിക മേൽക്കൈ. മനുഷ്യൻ ഈ ജീവിതത്തിൽ നേരിടുന്ന പരീക്ഷണങ്ങളുടെ അടിസ്ഥാനമാണ് അത്. വികാരങ്ങൾക്ക് മേൽകൈ ലഭിക്കുമ്പോഴും അവയെ അടിച്ചമര്‍ത്തുവാനും മറികടക്കുവാനും അവനിലെ വിചാരങ്ങൾക്ക് കഴിവുണ്ടോ എന്നതാണ് ഈ പരീക്ഷണത്തിന്റെ ആകത്തുക. നോമ്പുകാലത്ത് വിശ്വാസികൾ വികാരങ്ങളുടെ ഏറ്റവും വലിയ സ്രോതസായ ഭക്ഷണം, പാനം, ലൈംഗികത എന്നിവ മൂന്നിനെയും നിയന്ത്രിക്കുകയാണ്. വികാരങ്ങളെ നിയന്ത്രിച്ചാൽ സ്വാഭാവികമായും വിചാരങ്ങൾ ഉണർന്നെഴുന്നേൽക്കും. അതുകൊണ്ടാണ് റംസാൻ കാലം മനസ്സുകളുടെ ഏറ്റവും വലിയ ഉദാരതയുടെ ഗുണം കൊണ്ട് നിറയുന്നത്. ദാനം, ധർമ്മം, സേവനം, സഹിഷ്ണുത, സഹായം തുടങ്ങിയ ഉന്നത മനോഗുണങ്ങൾ മനസ്സിനുള്ളിൽ തഴച്ച് വളരുന്നത് ഈ കാലത്താണ്. വിചാരത്തിന് മേൽപ്പറഞ്ഞതുപോലെ മേൽകൈ ലഭിക്കുന്നതോടെ ചിന്തയും ബുദ്ധിയും ഉണരുകയാണ്. അതുവരേക്കും തന്നെക്കുറിച്ച് മാത്രം സ്വാർത്ഥമായി ചിന്തിച്ചിരുന്ന മനസ്സ് താൻ അല്ലാത്തവരെ കുറിച്ച് ചിന്തിക്കാൻ തുടങ്ങുക ഇപ്പോഴാണ്. മറ്റുള്ളവരെ കുറിച്ച് ചിന്തിക്കുവാൻ കഴിയുമ്പോഴാണ് അവർക്ക് നേരെ ഉദാരത പ്രകടിപ്പിക്കുവാൻ കഴിയുക. ഇതാണ് നോമ്പുകാലം ഉദാരതയുടെ കാലം കൂടിയാണ് എന്നു പറയാനുള്ള ഒരു കാരണം. മറ്റൊന്ന് ആത്മീയതയാണ്. നോമ്പ് ആത്മീയതയെ ഉത്തേജിപ്പിക്കുന്നു. അതിൻ്റെ ഭാഗമാണ് ഉദാരതയും.
പുതിയ കാലത്ത് പക്ഷേ ഉദാരതയുടെ അർത്ഥത്തിനും പരിക്കുപറ്റിയിരിക്കുന്നു. മറ്റുള്ളവർക്ക് പണം കൊടുക്കുന്നതാണ് ഉദാരത എന്നതാണ് പുതിയ നിർവചനം. ഇത് തെറ്റാണ്. ഉദാരത എന്നാൽ മറ്റുള്ളവരോടുള്ള മാനസികമായ അലിവും അനുതാപവും ആണ്. അവരെ പണം കൊടുത്തു മാത്രം സഹായിക്കുക എന്നത് അതിലൊതുങ്ങുന്നില്ല. പണവും സാമ്പത്തിക സഹായവും അതിൻെറ ഭാഗമായി വരാം എന്നു മാത്രം. ഉദാരതയുടെ ശരിയായ അർത്ഥത്തിലേക്ക് എത്തണമെങ്കിൽ അത് എന്തിൻ്റെ ഭാഗമാണ് എന്ന് ആദ്യം തിരിച്ചറിയണം. ഉദാരതയോ ഉദാരതയുടെ പരിധിയിൽ വരുന്ന സ്വഭാവഗുണങ്ങളോ വേറിട്ട ഓരോ ഓരോ അധ്യായങ്ങളല്ല ഇസ്ലാമിൽ. മറിച്ച് വലിയ ഒരു ശീർഷകത്തിൻ്റെ കീഴിൽ വരുന്ന പാഠങ്ങളാണ് അവ. ആ ശീർഷകം മാനവികത എന്നതാണ്. ഇസ്ലാം മാനവികതയുടെ മതമാണ്. മനുഷ്യനെ മനുഷ്യനുമായും അവന്റെ ചുറ്റുപാടുകളുമായും ബന്ധിപ്പിക്കാൻ ഉള്ള വഴിയും രീതിയും ആണ് ഇസ്ലാമിൻ്റെ ആകത്തുക. അതിന് മനുഷ്യരിൽ നീതി, സ്നേഹം, സഹിഷ്ണുത തുടങ്ങിയ ഗുണങ്ങൾ ഓരോന്നും ഉണ്ടായിരിക്കേണ്ടതുണ്ട്. ഉദാരതയടക്കമുള്ള ഈ ഗുണങ്ങൾ ഉൾച്ചേരുമ്പോഴാണ് ഇസ്ലാം പ്രഘോഷിക്കുന്ന മാനവികത ഉണ്ടാവുകയും ഉണരുകയും ഉയരുകയും ചെയ്യുക. അല്ലാഹു പറയുന്നു: 'സത്യവിശ്വാസികളേ, നിങ്ങള്‍ അല്ലാഹുവിനു വേണ്ടി നിലകൊള്ളുന്നവരും, നീതിക്ക് സാക്ഷ്യം വഹിക്കുന്നവരുമാകുവിൻ. ഒരു ജനതയോടുള്ള അമര്‍ഷം നീതി പാലിക്കാതിരിക്കാന്‍ നിങ്ങള്‍ക്ക് പ്രേരകമാകരുത്. നിങ്ങള്‍ നീതി പാലിക്കുക. അതാണ് ധർമനിഷ്ഠയോട് ഏറ്റവും അടുത്തത്. നിങ്ങള്‍ അല്ലാഹുവെ സൂക്ഷിക്കുക. തീര്‍ച്ചയായും നിങ്ങള്‍ പ്രവര്‍ത്തിക്കുന്നതിനെക്കുറിച്ചെല്ലാം അല്ലാഹു സൂക്ഷ്മമായി അറിയുന്നവനാകുന്നു’ (മാഇദ: 8). വെറും മനുഷ്യ രൂപം എന്നതല്ല ഇസ്ലാമിലെ മാനവികത എന്ന് ചുരുക്കം. മാനവികത രൂപത്തിന് അപ്പുറത്തുള്ള മറ്റൊരു അർത്ഥമാണ്. മഹാത്മാ ഗാന്ധിജിയുടെ വാക്കുകൾ ഇങ്ങനെ വായിക്കാം: 'മാനവികതയുടെ മഹത്വം മനുഷ്യനാകുക എന്നതല്ല, മറിച്ച് മനുഷ്യത്വമുണ്ടായിരിക്കുക എന്നതാണ്’. മനുഷ്യത്വത്തിന്റെ ഏറ്റവും സവിശേഷമായ അവസ്ഥയാണ് ഉദാരത.
ഉദാരത പഠിപ്പിക്കുവാൻ പ്രവാചകനും ഇസ്ലാമും അവലംബിക്കുന്നത് അല്ലാഹുവിൻ്റെ ഉദാരതയെയാണ്. മനുഷ്യൻ്റെ ഉദാരതകളെ വെല്ലുന്ന ഉദാരതയാണ് സൃഷ്ടാവായ അല്ലാഹുവിൻ്റേത്. അതിൻ്റെ വ്യാസവും വ്യാപ്തിയും നബി തിരുമേനി(സ) ഒരു രംഗത്ത് ഇങ്ങനെയാണ് അവതരിപ്പിക്കുന്നത്. ഒരിക്കൽ നബി(സ)യുടെ വീട്ടിലേക്ക് ഒരു സ്ത്രീ കുഞ്ഞുമായി കടന്നുവന്നു. ദാരിദ്ര്യത്തിന്റെ വലകൾ നെയ്തുകിടക്കുന്നതാണ് നബിയുടെ വീടകം. എങ്കിലും വീട്ടുകാരന്റെയും വീട്ടുകാരിയുടെയും മനസ്സ് വലുതാണ് എന്ന സഹോദരിക്ക് അറിയാം പ്രതീക്ഷിച്ചത് പോലെ അവളെ കണ്ടപ്പോഴേക്കും വീട്ടുകാരി ആകെയുണ്ടായിരുന്ന ഈത്തപ്പഴം എടുത്തുകൊണ്ടുവന്നു. നാളുകള്‍ക്ക് ശേഷം കിട്ടുന്ന ഭക്ഷണത്തോട് അതീവ താത്പര്യം കാണിച്ച കുഞ്ഞിന്റെ വായിലേക്ക് ഈത്തപ്പഴത്തിൻ്റെ ഒരു കഷ്ണം വെച്ചുകൊടുത്ത് മറു കഷ്ണം സ്വന്തം വായിലേക്കിടാന്‍ തുനിഞ്ഞപ്പഴേക്കും ഒക്കത്തിരുന്ന കുഞ്ഞുകൈകള്‍ അതിനുകൂടി കൈനീട്ടി. ഒട്ടും വൈമനസ്യവും സങ്കോചവുമില്ലാതെ അതും ഓമനക്കുഞ്ഞിന്റെ വായില്‍ വെച്ചുകൊടുക്കുമ്പോള്‍ ആ ഉമ്മ പുഞ്ചിരിക്കുന്നുണ്ടായിരുന്നു; സന്തോഷത്തിന്റെ ചിരി. ആ അധരങ്ങളിൽ വിരിയുന്ന സന്തോഷത്തിന്റെയും സംതൃപ്തിയുടെയും പുഞ്ചിരിയിലേക്ക് ചൂണ്ടിക്കാണിച്ചുകൊണ്ട് നബി പറഞ്ഞു: ‘അല്ലാഹുവും ചിരിക്കും, ഇതിനെക്കാള്‍ മനോഹരമായി, തന്റെ അടിമ അവനിലേക്ക് ഖേദിച്ചു മടങ്ങുമ്പോള്‍'. പരിശുദ്ധ റംസാനിൽ നബി(സ) കാണിച്ചിരുന്ന ഉദാരതയെ പ്രസ്തുത ഹദീസ് വിവരിക്കുന്നത് മാരുതനെ പോലെ എന്നാണ്. മാരുതന് രണ്ട് പ്രത്യേകതകൾ ഉണ്ട്. ഒന്ന്, അത് ഭൂമിക്കും ആകാശത്തിനും ഇടയിൽ നിറഞ്ഞുകിടക്കുന്ന വായുവിന്റെ ഓളമാണ്. അതിനാൽ അത് പ്രപഞ്ചത്തിൽ ആകമാനം അനുഭവപ്പെടും. രണ്ടാമത്തെത്, ഏത് ഇടകളിലൂടെയും വിടവുകളിലൂടെയും അത് അരിച്ചിറങ്ങുകയും ചെയ്യും. ഈ രണ്ട് വിശേഷണങ്ങൾ വ്യക്തമാക്കുന്നത് ആകാശചുവട്ടിലെ എല്ലാ ഘടകങ്ങളിലും എത്തിച്ചേരുന്ന ഒരു കടാക്ഷമായിരുന്നു നബിയുടെ ഔദാര്യം എന്നാണ്.
നബി(സ)യുടെ ഉള്ളിൽ ഉദാരതയെ ജ്വലിപ്പിച്ചിരുന്ന ഒന്നാമത്തെ ഘടകം നോമ്പാണ് എന്നു നാം പറഞ്ഞു. നോമ്പിൽ വികാരങ്ങളെ നിയന്ത്രിക്കുന്നതോടെ വിചാരങ്ങൾക്ക് കരുത്ത് ലഭിക്കുന്നത് കൊണ്ടാണ് ഇത്. രണ്ടാമത്തെ ഘടകം പരിശുദ്ധ ഖുർആനാണ്. അതിലേക്കുള്ള സൂചനയും ഇതേ ഹദീസ് ഉൾക്കൊള്ളുന്നുണ്ട്. നബി(സ) ഏറ്റവും അധികം ഉദാരനാകുമായിരുന്നത് ജിബിരീലുമായി കണ്ടുമുട്ടുന്ന ദിവസങ്ങളിലായിരുന്നു എന്നാണ് അത്. ഒരു വർഷം അവതരിച്ച ഖുർആൻ ഭാഗങ്ങൾ എല്ലാം ഒന്നിച്ച് ജിബ് രീൽ നബിക്ക് ഓതി കൊടുക്കുകയും നബിയിൽ നിന്ന് ഓതി കേൾക്കുകയും ചെയ്യുന്ന പതിവുണ്ടായിരുന്നു. ഇതിനുവേണ്ടി വരുമ്പോഴായിരുന്നു നബി ഉദാരതയുടെ മാരുതനാകാറുണ്ടായിരുന്നത്. ഇത് പരിശുദ്ധ റംസാനിന്റെ അവസാനത്തെ പത്തിൽ ആയിരുന്നു എന്ന് ഹദീസിന്റെ വ്യാഖ്യാനങ്ങൾ പറയുന്നുണ്ട്. ഈ സമയം തന്നെയാണ് നബി തങ്ങൾ ഇഅ്ത്തികാഫിനായി പള്ളിയിൽ കഴിഞ്ഞിരുന്നതും. ചിന്തയുടെയും ശ്രദ്ധയുടെയും സമർപ്പണത്തിൻ്റെ മറ്റൊരു ഭാഷ്യമാണ് ഇഅ്ത്തികാഫ്. അല്ലാഹുവിന്റെ പ്രീതിയും സാമീപ്യവും ആഗ്രഹിച്ച് അവന് ഇബാദത്ത് ചെയ്യുന്നതിനു വേണ്ടി മാറിയിരിക്കണം എന്ന ഉദ്ദേശത്തില്‍ സൃഷ്ടികളില്‍ നിന്ന് വിട്ട്, മസ്ജിദില്‍ കഴിഞ്ഞു കൂടുന്നതിനാണ് ഇഅ്ത്തികാഫ് എന്ന് പറയുന്നത്. ഏറെ ശ്രേഷ്ഠകരമായ ഒരു പുണ്യകര്‍മവും ആത്മീയ വളര്‍ച്ചക്കുള്ള ഒരു മാര്‍ഗവുമാണ് ഇഅ്തികാഫ്. ഇഅ്ത്തികാഫിലൂടെ പൂർണ്ണമായും അല്ലാഹുവിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കുന്നു. എല്ലാം മറന്ന് അല്ലാഹുവിൽ ലയിച്ച് അലിഞ്ഞുചേരുന്ന ആരാധനയാണ് ഇത്. ഇമാം ഇബ്‌നുല്‍ ഖയ്യിം(റ) തൻ്റെ സാദുൽ മആദിൽ പറയുന്നു: 'മനസ്സിനെ അല്ലാഹുവില്‍ ഏല്‍പിക്കുക, ദൈവസ്മരണയില്‍ അതിനെ തളച്ചിടുക, അല്ലാഹുവോടൊപ്പം തനിച്ചാവുക, ലൗകിക കാര്യങ്ങളില്‍ നിന്നകന്ന് അല്ലാഹുവിന്റെ കാര്യത്തില്‍ വ്യാപൃതനാവുക തുടങ്ങിയ കാര്യങ്ങളാണ് ഇഅ്തികാഫിന്റെ ലക്ഷ്യവും ചൈതന്യവും. അതുവഴി അല്ലാഹുവിനോടുള്ള സ്‌നേഹവും അവനെ കുറിച്ച സ്മരണയും അവനോടുള്ള താല്‍പര്യവും മനസ്സില്‍ നിറയും. അല്ലാഹുവിന്റെ പ്രീതിയും സാമീപ്യവും കരസ്ഥമാക്കുന്നതിനെ കുറിച്ചായിരിക്കും പിന്നെ അവന്റെ ചിന്ത മുഴുവന്‍. അങ്ങനെ സ്രഷ്ടാവിനോടുള്ള സഹവര്‍ത്തിത്വം അവന് ഏറെ പ്രിയങ്കരമായിമാറും. ഖബ്‌റിലെ ഏകാന്തതയില്‍ അല്ലാഹു മാത്രമായിരിക്കുമല്ലോ കൂട്ട് എന്ന ചിന്തയിലേക്ക് അത് നയിക്കും. ഇതാണ് ഇഅ്തികാഫിന്റെ മഹത്തായ ലക്ഷ്യം'.
പരിശുദ്ധ റംസാൻ അതിന്റെ അവസാന മൂന്നിലൊന്നിലേക്ക് പ്രവേശിക്കുമ്പോൾ ആരാധനയുടെ തീഷ്ണതയും തീവ്രതയും സ്വാഭാവികമായും ശതഗുണീഭവിക്കേണ്ടതുണ്ട്. കടന്നുപോയ രണ്ട് പത്തുകൾ പകർന്ന ആത്മീയ വളർച്ച പ്രതിഫലിക്കേണ്ട ദിവസങ്ങളാണ് ഇവ. അതിനാൽ ലൈലത്തുൽ ഖദ്ർ എന്ന സൗഭാഗ്യം കൂടി ലഭിക്കുന്ന ഈ നാളുകളിൽ ഇഅ്ത്തിക്കാഫും ഉദാരതയും എല്ലാം കൊണ്ട് അല്ലാഹുവിൽ ലയിച്ച് അലിഞ്ഞുചേരുകയാണ് വേണ്ടത്. അപ്പോഴാണ് വിശുദ്ധ റംസാൻ വിശ്വാസികളുടെ സൗഭാഗ്യമായി മാറുക.
o
0 Comments
No comments yet.
Leave a Comment
© www.thdarimi.in. All Rights Reserved. Designed by zainso