Thoughts & Arts
Image

ആ കാരുണ്യത്തിനായി കൈനീട്ടാം..

20-04-2024

Web Design

15 Comments

വെള്ളിത്തെളിച്ചം
ടി എച്ച് ദാരിമി




നാം എന്ത് ചെയ്യുമ്പോഴും അതിൻെറ ഒരു രൂപരേഖ ആദ്യം മനസ്സിൽ വരച്ചിട്ടുണ്ടാകും. ആ കാര്യം വിജയിക്കാൻ വേണ്ട ഒരു രൂപരേഖ. നമ്മുടെ ഏതൊരു പദ്ധതിക്കും ഒപ്പം ഒരു പ്ലാൻ ഉണ്ടാകും. ആ പദ്ധതി പൂർണ്ണമാകാൻ സഹായിക്കുന്ന ഒരു പ്ലാൻ. പക്ഷെ, പ്ലാനും രൂപരേഖയുമൊന്നും പലപ്പോഴും വിജയിച്ചുകൊള്ളണമെന്നില്ല. ചിലപ്പോൾ കണക്കൂട്ടലുകളെല്ലാം ശരിയായിരുന്നു, പക്ഷെ എന്തുകൊണ്ടോ സംഗതി വിജയിച്ചില്ല എന്നു പറയേണ്ട ഗതി. മറ്റു ചിലപ്പോൾ എല്ലാം ശരിയായിരുന്നു, അപ്പോഴേക്കും അവിചാരിതമായ എന്തോ ഉണ്ടായി സംഗതി നടക്കാതെപോയി എന്നു പറയേണ്ട അവസ്ഥ. അങ്ങാടിയിലെ രണ്ടു കച്ചവടക്കാർ. തങ്ങളുടെ കച്ചവടം വിജയിക്കാൻ ചെയ്യേണ്ടതെല്ലാം അറിയുന്നവർ. അതങ്ങനെ തന്നെ ശ്രദ്ധയോടെ ചെയ്യുകയും ചെയ്തു. പക്ഷെ, ഒരാൾക്കേ വിജയിക്കാൻ കഴിഞ്ഞുള്ളൂ. ഇങ്ങനെ പല അനുഭവങ്ങളും അനുഭവിച്ചതോ അറിഞ്ഞതോ ആയി ഉണ്ടാകും, പലർക്കും. കരുതിയത് അതുപോലെ നടക്കാത്ത, ആഗ്രഹിച്ചത് പുലരാത്ത അനുഭവങ്ങൾ. ഇതെല്ലാം വ്യക്തമാക്കുന്നത്, നമ്മുടെ കാര്യങ്ങൾ നമ്മുടെ കരങ്ങളിലല്ല, മറ്റാരുടെയോ ഇംഗിതങ്ങളാണ് നമ്മിൽ നടക്കുന്നത് എന്നാണ്. ഈ അനുഭവത്തിൽ നിന്നാണ് ഇസ്ലാമിക വിശ്വാസത്തിൻ്റെ അടിസ്ഥാന ആശയം രൂപപ്പെടുന്നത്. അത് ഈ പ്രപഞ്ചത്തിലെ എല്ലാ ചലനങ്ങളുടെയും ചാലകശക്തി സൃഷ്ടാവായ അല്ലാഹുവാണ് എന്നതാണ്. എന്ത് ഉണ്ടാകുന്നതും എന്ത് ഉണ്ടാകാതിരിക്കുന്നതും അവൻറെ ഇച്ഛക്ക് വിധേയമായിട്ടാണ്. അവൻ വിചാരിക്കുന്നത് സംഭവിക്കുന്നു. അവൻ വിചാരിക്കാത്തത് സൃഷ്ടികൾ എത്ര സാഹസപ്പെട്ടാലും സംഭവിക്കില്ല. ഈ വസ്തുതയിൽ നിന്ന് നിന്നുകൊണ്ട് നമുക്ക് വേണ്ടതും നാം ഇച്ഛിക്കുന്നതും ലഭിക്കണമെന്നുണ്ടെങ്കിൽ അതിന് അല്ലാഹുവിൻ്റെ വേണ്ടുക കിട്ടുക തന്നെ വേണം എന്ന് മനസ്സിലാക്കാം. അല്ലാഹുവിൻ്റെ വേണ്ടുക എന്നാൽ അവൻ്റെ കാരുണ്യവും ഔതാര്യവും എന്നാണ്. തരാനും തരാതിരിക്കാനും കഴിവുള്ളവൻ തരാതിരിക്കാമായിക്കുന്നിട്ടും തരുമ്പോൾ അതിനെ അവന്റെ ഔദാര്യം, കാരുണ്യം എന്നൊക്കെയാണല്ലോ വിളിക്കാൻ കഴിയുക. ചുരുക്കത്തിൽ, ഈ ജീവിതത്തിൽ മനുഷ്യന് എന്ത് നേട്ടവും വിജയവും കിട്ടണമെങ്കിലും അതിന് അവൻ്റെ കാരുണ്യത്തിന്റെ കടാക്ഷവും പ്രസാദവും കിട്ടുക തന്നെ വേണം.



അല്ലാഹുവിൻ്റെ കരുണാകടാക്ഷത്തിന്റെ സ്വാധീനം എത്ര വലുതാണ് എന്നത് മനസ്സിലാക്കുവാൻ ഇമാം അഹ്മദ്(റ) അബൂഹുറൈറ(റ)യില്‍ നിന്ന് നിവേദനം ചെയ്യുന്ന ഹദീസിന്റെ ആശയ വൈപുല്യം മനസ്സുകൊണ്ട് കണ്ടാൽ മാത്രം മതിയാകും. പ്രസ്തുത ഹദീസിൽ നബി(സ) ഒരിക്കൽ ഇങ്ങനെ അരുളിയതായി പറയുന്നു: 'നിങ്ങളിലൊരാളെയും അവന്റെ കര്‍മങ്ങള്‍ സ്വര്‍ഗത്തില്‍ പ്രവേശിപ്പിക്കുകയില്ല'. ഇതു കേട്ട് തെല്ല് അൽഭുതത്തോടും ആശങ്കയോടും കൂടി സഹാബികള്‍ ചോദിച്ചു: 'അല്ലാഹുവിന്റെ ദൂതരേ, താങ്കളുടെ കാര്യവും അങ്ങനെ തന്നെയാണോ?' അവിടുന്ന് പറഞ്ഞു: 'ഞാനും വെറും കർമങ്ങൾ കൊണ്ടു മാത്രം സ്വർഗ്ഗത്തിൽ പ്രവേശിക്കില്ല, അല്ലാഹു തന്റെ ഔദാര്യവും കാരുണ്യവും കൊണ്ട് എന്നെ വലയം ചെയ്താലല്ലാതെ'. കാരുണ്യം എന്നത് അല്ലാഹുവിൻ്റെ ഹിതമാണ്. അവൻ്റെ ഹിതം അവൻ്റെ സ്വേഷ്ടമാണ്. അത് അവൻ ഭൗതികമായ ഒരു മാനദണ്ഡത്തെയും പരിഗണിച്ചു കൊണ്ടല്ല നൽകുന്നത്. ഒട്ടും സ്വർഗത്തിൽ എത്തുകയില്ല എന്ന് നാം കരുതുന്ന ഒരാൾ സ്വർഗ്ഗത്തിൽ എത്തിയതായി കാണാൻ കഴിഞ്ഞാൽ അതിൽ അത്ഭുതപ്പെടാനില്ല. മറിച്ച് തീർച്ചയായും സ്വർഗ്ഗത്തിലുണ്ടാകും എന്ന് നാം പ്രതീക്ഷിക്കുന്ന ഒരാളെ അവിടെയെത്തിയതായി കാണാൻ കഴിയാതെ വന്നാൽ അതിൽ നിരാശപ്പെടാനുമില്ല. അതെല്ലാം അല്ലാഹുവിൻ്റെ ചോദ്യം ചെയ്യപ്പെടാത്ത പരമാധികാരവും ഒരു ഇടപെടലിനും സാധ്യതയില്ലാത്ത തീരുമാനവും ആണ്. പരമാധികാരിയും സർവ്വ സൃഷ്ടി സ്ഥിതി കർത്താവുമാണെങ്കിൽ മാത്രമേ അവനെ ഇലാഹായി കാണാൻ കഴിയൂ. ഇസ്ലാമിലെ ദൈവ സിദ്ധാന്തത്തിന്റെ പൂർണ്ണതയും ശക്തിയും അതാണ് താനും. അങ്ങനെ പറയുമ്പോൾ കർമ്മങ്ങളുടെ സാംഗത്യം എന്താണ് എന്ന് ചിലരെങ്കിലും ശങ്കിച്ചേക്കാം. ആത്യന്തികമായി ആശ്രയം അല്ലാഹുവിൻ്റെ കാരുണ്യം ആണ് എന്നതോടൊപ്പം ആ കാരുണ്യത്തിൽ കുറച്ചെങ്കിലും പ്രതീക്ഷയർപ്പിക്കുവാൻ കഴിയുക കർമ്മങ്ങൾ പാലിച്ച് കടമകൾ നിർവ്വഹിച്ചവന് മാത്രമാണ്. കർമ്മങ്ങളാകുന്ന ആരാധനകളും മറ്റും ചെയ്യാത്ത ആൾക്ക് മുൻപിൽ ഒരു പ്രതീക്ഷയുമില്ല. ചുരുക്കത്തിൽ നാം കരുതിയ കാര്യങ്ങൾ കരുതിയത് പോലെ നടക്കുവാനും നമ്മുടെ അനിവാര്യമായ ഉദ്ദേശങ്ങൾ എല്ലാം സഫലമാകുവാനും മാന്യവും ശരിയുമായ ഭൗതിക ജീവിതം നയിക്കുവാനും പരമമായ പാരത്രിക വിജയം നേടി ആ ജീവിതം വിജയിക്കുവാനുമെല്ലാമെല്ലാം അല്ലാഹുവിൻ്റെ മഹാകാരുണ്യം കിട്ടുക തന്നെ വേണം.



ഈ തത്വത്തിലേക്ക് വിശ്വാസികളുടെ മനസ്സിനെ കൂട്ടിക്കൊണ്ടു വരുവാൻ വേണ്ടിയാണ് അല്ലാഹുവിൻ്റെ കാരുണ്യത്തെ കുറിച്ച് പ്രമാണങ്ങളിൽ അതിൻ്റെ പ്രാധാന്യത്തോടെ അവതരിപ്പിച്ചിരിക്കുന്നത്. അത്തരം വിശേഷണങ്ങളിൽ ഏറ്റവും പ്രധാനപ്പെട്ട ഒന്നാണ് അല്ലാഹുവിൻ്റെ കാരുണ്യം പ്രവിശാലമാണ് എന്നത്. എന്തിനെയും ഉൾക്കൊള്ളാൻ അതിനു വ്യാപ്തിയുണ്ട്. അല്ലാഹു പറയുന്നു: എന്റെ കാരുണ്യമാകട്ടെ അത്‌ എല്ലാ വസ്‌തുവിലും വിശാലമായിരിക്കുന്നു…..(7: 156). നമ്മുടെ മുമ്പിൽ വിശാലമായി കിടക്കുന്ന ഈ പ്രപഞ്ചം തന്നെ അല്ലാഹുവിൻ്റെ മഹാകാരുണ്യം ആണ്. നമുക്ക് ആവശ്യമായ ചൂടും തണുപ്പും സമൃദ്ധിയും ശാന്തിയും എല്ലാം കൃത്യമായി ക്രമീകരിച്ച വാസസ്ഥലമാണ് ഈ പ്രപഞ്ചം. അത് അല്ലാഹു ഇങ്ങനെ അനുസ്മരിപ്പിക്കുന്നു: അവന്റെ കാരുണ്യത്താല്‍ അവന്‍ നിങ്ങള്‍ക്ക് രാവും പകലും ഉണ്ടാക്കിതന്നിരിക്കുന്നു. രാത്രിയില്‍ നിങ്ങള്‍ വിശ്രമിക്കുവാനും (പകല്‍ സമയത്ത്‌) അവന്റെ അനുഗ്രഹത്തില്‍ നിന്ന് നിങ്ങള്‍ തേടിക്കൊണ്ട് വരാനും, നിങ്ങള്‍ നന്ദികാണിക്കുവാനും വേണ്ടി.(28: 73). മറ്റൊരിടത്ത് അല്ലാഹു പറയുന്നു: അല്ലാഹു നിങ്ങള്‍ക്ക് ഭൂമിയിലുള്ളതെല്ലാം കീഴ്പെടുത്തി തന്നിരിക്കുന്നു എന്ന് നീ മനസ്സിലാക്കിയില്ലേ? അവന്റെ കല്‍പ്പന പ്രകാരം കടലിലൂടെ സഞ്ചരിക്കുന്ന കപ്പലിനെയും (അവന്‍ കീഴ്പെടുത്തി തന്നിരിക്കുന്നു.) അവന്റെ അനുമതി കൂടാതെ ഭൂമിയില്‍ വീണുപോകാത്ത വിധം ഉപരിലോകത്തെ അവന്‍ പിടിച്ചു നിര്‍ത്തുകയും ചെയ്യുന്നു. തീര്‍ച്ചയായും അല്ലാഹു മനുഷ്യരോട് ഏറെ ദയയുള്ളവനും കരുണയുള്ളവനുമാകുന്നു. (22: 65). ഒരിക്കലും വറ്റാത്ത ഒരു ഉറവയാണ് അല്ലാഹുവിൻ്റെ കാരുണ്യം എന്ന് മറ്റൊരിടത്ത് വിശേഷിപ്പിക്കുന്നു. അവൻ പറയുന്നു: (നബിയേ,) പറയുക: എന്റെ രക്ഷിതാവിന്റെ കാരുണ്യത്തിന്റെ ഖജനാവുകള്‍ നിങ്ങളുടെ ഉടമസ്ഥതയിലായിരുന്നെങ്കില്‍ ചെലവഴിച്ച് തീര്‍ന്ന് പോകുമെന്ന് ഭയന്ന് നിങ്ങള്‍ പിശുക്കിപ്പിടിക്കുക തന്നെ ചെയ്യുമായിരുന്നു (അപ്രകാരം കാരുണ്യം വിട്ടുനല്‍കുന്നതില്‍ അല്ലാഹു പിശുക്ക് കാണിക്കുന്നവനല്ല). മനുഷ്യന്‍ കടുത്ത ലുബ്ധനാകുന്നു.(17: 100).



നേട്ടങ്ങളെക്കാൾ മനുഷ്യൻ ഭീതിയോടെ കാണുന്നത് ജീവിതത്തിൽ സംഭവിക്കുന്ന ദുരന്തങ്ങളെയാണ്. അപകടങ്ങളും അപചയങ്ങളും ഉണ്ടാവാതെ ജീവിക്കണമെന്ന് എല്ലാവരും ആഗ്രഹിക്കുന്നു. ദുരന്തങ്ങളിൽ നിന്ന് മനുഷ്യനെ രക്ഷപ്പെടുത്തുന്നത് അല്ലാഹുവിൻ്റെ കാരുണ്യമാണ്. ദുരന്തങ്ങൾ വന്നാൽ അവനിലേക്ക് ഈ കാരുണ്യത്തിന് വേണ്ടി കൈനീട്ടുകയാണ് വേണ്ടത് എന്നത് പഠിപ്പിക്കുവാൻ വേണ്ടി വിശുദ്ധ ഖുർആനിൽ അല്ലാഹു വിവിധ അമ്പിയാ മുർസലുകൾക്ക് അവരുടെ ജീവിതത്തിൽ ഉണ്ടായ കഠിനമായ പരീക്ഷണങ്ങളെയും അതിൽ നിന്ന് അവർ നേടിയ മുക്തികളെയും വിവിധ സ്ഥലങ്ങളിൽ ഉദഹരിക്കുന്നുണ്ട്. ഹൂദ് നബിയുടെ അനുഭവം അല്ലാഹു ഇങ്ങനെ പറയുന്നു: നമ്മുടെ കല്‍പ്പന വന്നപ്പോള്‍ ഹൂദിനെയും അദ്ദേഹത്തോടൊപ്പം വിശ്വസിച്ചവരെയും നമ്മുടെ കാരുണ്യം കൊണ്ട് നാം രക്ഷിച്ചു. കഠിനമായ ശിക്ഷയില്‍ നിന്ന് നാം അവരെ രക്ഷപ്പെടുത്തി.(11: 58). സ്വാലിഹ് നബിയുടെ അനുഭവം ഇങ്ങനെ അനുസ്മരിപ്പിക്കുന്നു: അങ്ങനെ നമ്മുടെ കല്‍പന വന്നപ്പോള്‍ സ്വാലിഹിനെയും അദ്ദേഹത്തോടൊപ്പം വിശ്വസിച്ചവരെയും നമ്മുടെ കാരുണ്യം കൊണ്ട് നാം രക്ഷപ്പെടുത്തി. (11: 66). സാമൂഹ്യ കൃത്രിമങ്ങൾ വർദ്ധിച്ചതിന്റെ പേരിൽ ഇടിത്തീ കൊണ്ട് ഒരു ജനതയെ മുഴുവനും അല്ലാഹു നശിപ്പിച്ചപ്പോൾ അതിനിടയിൽ നിന്ന് ശുഐബ് നബിയേയും സച്ചരിതരായ അനുയായികളെയും രക്ഷപ്പെടുത്തിയ അവൻ്റെ കാരുണ്യത്തെ മറ്റൊരിടത്ത് ഇങ്ങനെ ഓർമിപ്പിക്കുന്നു: നമ്മുടെ കല്‍പന വന്നപ്പോള്‍ ശുഐബിനെയും അദ്ദേഹത്തോടൊപ്പം വിശ്വസിച്ചവരെയും നമ്മുടെ കാരുണ്യം കൊണ്ട് നാം രക്ഷപ്പെടുത്തി. അക്രമം ചെയ്തവരെ ഘോരശബ്ദം പിടികൂടുകയും ചെയ്തു. അങ്ങനെ നേരം പുലര്‍ന്നപ്പോള്‍ അവര്‍ തങ്ങളുടെ പാര്‍പ്പിടങ്ങളില്‍ കമിഴ്ന്നു വീണുകിടക്കുകയായിരുന്നു. (ഖു൪ആന്‍:11/94). ഫറോവയിൽ നിന്ന് ഒരു തലമുറയെ രക്ഷിച്ച് സ്വന്തം മണ്ണിലേക്ക് തിരികെ കൊണ്ടുവരിക എന്ന മഹാ ദൗത്യത്തിന് വേണ്ടി മൂസാ നബി യാചിച്ചതും ഇതേ കാരുണ്യത്തിന് വേണ്ടിയാണ് അത് അല്ലാഹു ഇങ്ങനെ പറയുന്നു: അദ്ദേഹം (മൂസാ) പറഞ്ഞു: എന്റെ രക്ഷിതാവേ, എനിക്കും എന്റെ സഹോദരനും നീ പൊറുത്തുതരികയും, ഞങ്ങളെ നീ നിന്റെ കാരുണ്യത്തില്‍ ഉള്‍പ്പെടുത്തുകയും ചെയ്യേണമേ. നീ പരമകാരുണികനാണല്ലോ.(7: 151). ഇവിടങ്ങളിൽ എല്ലാം കാരുണ്യം എന്ന വാക്കിനെ ഉപയോഗിച്ചിരിക്കുന്നതിലാണ് നമ്മുടെ സവിശേഷ ശ്രദ്ധ പതിയേണ്ടത്.



സർവ്വാധിപതിയാണ് എന്നതോടൊപ്പം അവൻ്റെ കാരുണ്യമാണ് കോപത്തെക്കാൾ മുന്നിൽ വരുന്നത് എന്നത് അല്ലാഹുവിൻ്റെ കാരുണ്യത്തിന്റെ മറ്റൊരു സവിശേഷതയാണ്. അവൻ കരുണയെ സ്വന്തം ബാധ്യതയായി സ്വീകരിച്ചിരിക്കുന്നു. അല്ലാഹു പറയുന്നു: അവന്‍ കാരുണ്യത്തെ സ്വന്തം പേരില്‍ ( ബാധ്യതയായി ) രേഖപ്പെടുത്തിയിരിക്കുന്നു…(6: 12), നിങ്ങളുടെ ദൈവം ഏകദൈവം മാത്രമാകുന്നു. അവനല്ലാതെ യാതൊരു ദൈവവുമില്ല. അവന്‍ പരമകാരുണികനും കരുണാനിധിയുമത്രെ.(2: 163), നിന്റെ രക്ഷിതാവ് ഏറെ പൊറുക്കുന്നവനും കരുണയുള്ളവനുമാകുന്നു…(18: 58). അല്ലാഹുവിൻറെ കരുണയിൽ അലിഞ്ഞു ചേർന്നിരിക്കുന്ന സ്നേഹത്തെ നബി തിരുമേനി മനോഹരമായ ഉദാഹരണ ദൃശ്യങ്ങളിലൂടെ അവതരിപ്പിച്ചിട്ടുണ്ട്. ഉമർ(റ) നിവേദനം ചെയ്യുന്ന ഒരു ഹദീസ് ഇങ്ങനെയാണ്: ഒരിക്കൽ പ്രവാചകന്റെ മുമ്പിൽ കുറെ യുദ്ധത്തടവുകാരെ ഹാജരാക്കപ്പെട്ടു. അവരിൽ ഒരു സ്ത്രീ ഓടിനടക്കുന്നതായും പിന്നീട് അവരുടെ കൂട്ടത്തിൽ സ്വന്തം കുഞ്ഞിനെ കണ്ടെത്തിയപ്പോള്‍ വാരിയെടുക്കുകയും മാറോടണക്കുകയും ചെയ്യുന്നതായി കണ്ടു. അപ്പോൾ നബി(സ) സഹചരോട് ചോദിച്ചു: ഈ സ്ത്രീ അവളുടെ കുഞ്ഞിനെ തീയിലേക്ക് വലിച്ചെറിയുമെന്ന് നിങ്ങൾ കരുതുന്നുണ്ടോ ? അവർ പറഞ്ഞു: ഇല്ല, അല്ലാഹു തന്നെ സത്യം. അപ്പോൾ അവിടുന്ന് പറഞ്ഞു: എന്നാൽ ഈ സ്ത്രീക്ക് തന്റെ കുഞ്ഞിനോടുളളതിനേക്കാൾ അല്ലാഹു തന്റെ ദാസൻമാരോട് കാരുണ്യമുളളവനാണ് (ബുഖാരി). അല്ലാഹുവിന്റെ കാരുണ്യത്തിന്റെ നൂറില്‍ ഒരു ഭാഗം മാത്രമാണ്‌ ഈ ഭൂമിയില്‍ അവന്‍ അവതരിപ്പിച്ചിരിക്കുന്നതെന്നും അതു മൂലമാണ്‌ കാട്ടുമൃഗങ്ങള്‍ പോലും അവയുടെ കുഞ്ഞുങ്ങളോട്‌ ദയ കാണിക്കുന്നതെന്നും അതിന്റെ തൊണ്ണൂറ്റൊമ്പത്‌ ഭാഗവും അവന്‍ പരലോകത്തേക്ക്‌ വെച്ചിരിക്കുകയാണെന്നും നബി നമുക്ക് വിശദീകരിച്ച് തന്നിട്ടുണ്ട്. ഈ മഹാകാരുണ്യത്തിനു വേണ്ടി എപ്പോഴും മനസ്സു തുറന്നിരിക്കണമെന്നും നിരാശരാവാതെ അതിനുവേണ്ടി തേടിക്കൊണ്ടിരിക്കണമെന്നും അള്ളാഹു പറയുന്നു: പറയുക: സ്വന്തം ആത്മാക്കളോട് അതിക്രമം പ്രവര്‍ത്തിച്ച് പോയ എന്റെ ദാസന്‍മാരേ, അല്ലാഹുവിന്റെ കാരുണ്യത്തെപ്പറ്റി നിങ്ങള്‍ നിരാശപ്പെടരുത്‌. തീര്‍ച്ചയായും അല്ലാഹു പാപങ്ങളെല്ലാം പൊറുക്കുന്നതാണ്‌. തീര്‍ച്ചയായും അവന്‍ തന്നെയാകുന്നു ഏറെ പൊറുക്കുന്നവനും കരുണാനിധിയും.(39: 53).



ഈ കാരുണ്യത്തിന് വേണ്ടി കൈനീട്ടുവാൻ ഏറ്റവും അനുയോജ്യമായ സമയമാണ് വിശുദ്ധ റമദാനിലെ രാപ്പകലുകൾ. കാരണം ഈ നാളുകളിൽ അതികഠിനവും ത്യാഗനിബദ്ധവുമായ ആരാധനാ കർമ്മങ്ങളിലാണ് വിശ്വാസികൾ സദാ ഏർപ്പെടുന്നത്. മാത്രമല്ല, ഈ മാസത്തിൽ അല്ലാഹു കർമ്മങ്ങൾക്ക് ഇരട്ടികളായ പ്രതിഫലം നൽകുന്നതും അവരുടെ പാപങ്ങളെ പൊറുത്തു തള്ളുന്നതും എല്ലാം അവൻ്റെ കാരുണ്യത്തിൻ്റെ ബഹിർസ്ഫുരണങ്ങൾ ആണല്ലോ. അതിനാൽ ഈ മാസത്തിൽ ആ കാരുണ്യത്തിനുവേണ്ടി നമുക്കും കൈനീട്ടാം.
o

0 Comments

No comments yet.

Leave a Comment

© www.thdarimi.in. All Rights Reserved. Designed by zainso