
.jpeg)
സൂറത്തുസ്സ്വഫ്ഫ് - 5
01-05-2024
Web Design
15 Comments
ഖുർആൻ പഠനം
ടി എച്ച് ദാരിമി
ആയത്തുകൾ 7-9
ഊതിക്കെടുത്താനാവില്ല ഈ വെളിച്ചം
7 ഇസ്‌ലാമിലേക്ക് ക്ഷണിക്കപ്പെടുമ്പോള്‍ അല്ലാഹുവിന്റെ പേരില്‍ വ്യാജം ചമച്ചുണ്ടാക്കുന്നവനെക്കാള്‍ വലിയ അക്രമി ആരുണ്ട്? അതിക്രമകാരികളെ അവന്‍ മാര്‍ഗദര്‍ശനം ചെയ്യുന്നതല്ല.
അല്ലാഹുവിൻ്റെ മാർഗത്തിലേക്ക് അതായത് ഇസ്ലാമിലേക്ക് മുമ്പ് കിത്താബ് ലഭിച്ചിട്ടുള്ള ജൂതരെയും ക്രൈസ്തവരെയും എന്ന് മാത്രമല്ല പരമ്പരാഗത അറബി വിശ്വാസക്കാരെയും ക്ഷണിക്കുമ്പോൾ അവർ നബി തിരുമേനി(സ)ക്കെതിരെ വളരെ മോശവും നിന്ദ്യവുമായ ആരോപണങ്ങൾ നടത്തുകയുണ്ടായി. പ്രസ്തുത ആരോപണങ്ങളുടെ ഏറ്റവും വലിയ പ്രത്യേകത അവയെല്ലാം പ്രത്യക്ഷത്തിൽ അവ കേൾക്കുന്നവരെ ആശയക്കുഴപ്പത്തിലാക്കുന്നത് ആയിരുന്നു എന്നതാണ്. അവർ പ്രധാനമായും പറഞ്ഞിരുന്നത് മുഹമ്മദ് പറയുന്നത് കള്ളമാണ് എന്നോ അല്ലെങ്കിൽ മുൻഗാമികളുടെ കെട്ടുകഥകൾ ആണ് എന്നോ അല്ലെങ്കിൽ മരണമാണ് എന്നോ ആയിരുന്നു. അന്നത്തെ അറേബ്യയിലെ സാധാരണ ജനങ്ങളുടെ വിജ്ഞാനവും അതിനനുസരിച്ച സാംസ്കാരിക - നാഗരിക വളർച്ചകളും വെച്ചുനോക്കുമ്പോൾ ഒരു ഇല്ലാത്തത് കേൾക്കുമ്പോൾ അത് ഉള്ളതാണോ എന്ന് അന്വേഷിക്കാനുള്ള ശക്തി ഒന്നും ഉള്ളവരായിരുന്നില്ല അവർ എന്ന് നമുക്ക് മനസ്സിലാക്കാൻ കഴിയും. അതിനാൽ കേൾക്കുന്നത് അപ്പാടെ വിശ്വസിക്കുന്ന ഒരു ജനതയായിരുന്നു ഏറെക്കുറെ അത്. ആ ഒരു പ്രത്യേകത കൊണ്ട് തന്നെയാണ് നബി തിരുമേനിക്കും സത്യത്തിനും ഇസ്ലാമിനും ഇത്തരം ദുഷ്പ്രചരണങ്ങളെ മറികടക്കുവാൻ ഒരുപാട് കാലം വേണ്ടിവന്നത്. ആദ്യം പറഞ്ഞിരുന്നത് മുഹമ്മദ് കള്ളം പറയുന്നു എന്നാണ്. ഈ അപവാദത്തിന് പക്ഷേ കാര്യമായ വേരോട്ടം ഉണ്ടായില്ല. കാരണം നാൽപ്പതു വയസ്സ് വരെ നബി(സ)യുടെ ജീവിതം അവരുടെ മുൻപിൽ ഒരു തുറന്ന പുസ്തകമായി കിടക്കുന്നുണ്ടായിരുന്നു. അതിലേക്കു നോക്കുമ്പോൾ തന്നെ മറ്റൊരു വിവരണമോ വിശദീകരണമോ ആവശ്യമില്ലാത്ത വിധം ഇതിന് ഉത്തരം ലഭ്യമായിരുന്നു. അത്രയും സത്യസന്ധമായിരുന്നു നബി(സ)യുടെ ജീവിതം. പിന്നെ മുൻഗാമികളുടെ കെട്ടുകഥകൾ എന്നു പറഞ്ഞുള്ള പ്രചരണവും വല്ലാതെ പിടിച്ചു നിന്നില്ല. കാരണം അതെല്ലാം കഥകളെയും ചരിത്രങ്ങളെയും കുറിച്ച് മാത്രം ആരോപിക്കാവുന്ന ആരോപണങ്ങൾ മാത്രമായിരുന്നു. അതേസമയം കഥകൾക്കും ചരിത്രങ്ങൾക്കും അപ്പുറം ഉപദേശങ്ങൾ, നിർദ്ദേശങ്ങൾ, വ്യവഹാരങ്ങൾ, ജീവിതമര്യാദകൾ, കുടുംബജീവിത മൂല്യങ്ങൾ തുടങ്ങിയ ഒരുപാട് ഒരുപാട് കാര്യങ്ങൾ ഈ പ്രവാചകൻ പഠിപ്പിക്കുന്നുണ്ടായിരുന്നു. അതിനെയൊന്നും പഴമ്പുരാണം എന്നു പറഞ്ഞു തള്ളിക്കളയുവാൻ കഴിയില്ല. അതിനാൽ ഇതും വേണ്ടവിധം വിജയിച്ചില്ല എന്ന് കണ്ടപ്പോഴായിരുന്നു അവർ അവരുടെ ഏറ്റവും വലിയ അമ്പെടുത്ത് പ്രയോഗിച്ചത്. അത് മുഹമ്മദ് മാരണക്കാരനാണ് എന്നും മുഹമ്മദ് പ്രചരിപ്പിക്കുന്നത് മാസ്മരികമായ മാരണമാണ് എന്നതും ആയിരുന്നു അത്. നബി(സ) തന്റെ പ്രബോധന പ്രവര്‍ത്തനം തുടര്‍ന്നുകൊണ്ട് അല്ലാഹുവിന്റെ ദീനിനെ ഉറക്കെ പ്രഖ്യാപിച്ച് അതിലേക്കു ക്ഷണിച്ചു മുന്നേറിയ സന്ദർഭമായിരുന്നു അവർ ഇങ്ങനെ ഒരു ആരോപണം മെടഞ്ഞെടത്തത്. കാരണം അങ്ങനെയിരിക്കെ ഹജ്ജിന്റെ സമയം വന്നു. ഹജ്ജിനു വരുന്നവര്‍ പ്രവാചകനെ കാണുമെന്നും പ്രവാചകന്റെ കാര്യങ്ങള്‍ അവര്‍ അറിയുമെന്നും ഖുറൈശികള്‍ മനസ്സിലാക്കി. 'മുഹമ്മദും ഹജ്ജിനു വരുന്നവരും തമ്മില്‍ കണ്ടു മുട്ടാതിരിക്കാന്‍ എന്തുണ്ട് മാര്‍ഗം' എന്ന് അവര്‍ കൂടിയാലോചന നടത്തി. കാരണം മുഹമ്മദിന്റെ വാക്കുകള്‍ ഹജ്ജിനു വരുന്നവരില്‍ സ്വാധീനം ഉണ്ടാക്കും. ഖുറൈശികളിലെ എല്ലാവര്‍ക്കും അറിയാവുന്ന ഒരു കാര്യമാണ് മുഹമ്മദ് സത്യസന്ധനും വിശ്വസ്തനുമാണ് എന്നുള്ളത്. അതുകൊണ്ടുതന്നെ മുഹമ്മദ് ഒരു സാഹിര്‍ (മാരണക്കാരന്‍) ആണ് എന്ന് പറയാം എന്ന വിഷയത്തില്‍ അവര്‍ എല്ലാവരും യോജിച്ചു.
ഖുറൈശി നേതാക്കള്‍ ഈ അഭിപ്രായത്തില്‍ യോജിച്ചതിനുശേഷം അത് നടപ്പിലാക്കുവാന്‍ വേണ്ടി ഇറങ്ങിത്തിരിച്ചു. ഹജ്ജിനു വേണ്ടി ആളുകള്‍ വരുന്ന വഴികളില്‍ അവര്‍ ഇരുന്നു. ആരെ കണ്ടാലും അവര്‍ പറയും: 'മുഹമ്മദിനെ സൂക്ഷിക്കണം. മുഹമ്മദ് എന്ന് പറയുന്ന വ്യക്തി ഇവിടെയുണ്ട്.' അബൂലഹബ് ആയിരുന്നു ഇതിന്റെ മുന്നിലുണ്ടായിരുന്നത്. അതേ സമയം ഉക്കാദ് ചന്തയിലും ദുല്‍മിജന്നയിലും ആളുകളെ പിന്തുടര്‍ന്നുകൊണ്ട് നബി(സ) ഏകനായ അല്ലാഹുവിനെ മാത്രം ആരാധിക്കണമെന്ന ആദര്‍ശത്തിലേക്ക് ജനങ്ങളെ ക്ഷണിക്കുമായിരുന്നു. അബൂലഹബ് പ്രവാചകനെ പിന്തുടര്‍ന്നുകൊണ്ട് പറയും: 'അല്ലയോ ജനങ്ങളേ, മുഹമ്മദിനെ അനുസരിക്കരുത്. മുഹമ്മദ് പറയുന്നത് കേള്‍ക്കരുത്. അവന്‍ മതം മാറിയവനാണ്. അവന്‍ നുണയനാണ്.' ഹജ്ജ് കഴിഞ്ഞ് ജനങ്ങള്‍ തിരിച്ചുപോയതോടുകൂടി അറേബ്യന്‍ രാജ്യത്ത് മുഴുവന്‍ പ്രവാചകൻ ഒരു സംസാരവിഷയമായി എന്നതായിരുന്നു ഫലം.
അവരുടെ ഈ ശ്രമങ്ങളെ കുറിച്ച് നമുക്ക് പറയാൻ കഴിയുക, അല്ലാഹുവിനുമേൽ കള്ളങ്ങൾ കെട്ടിച്ചമച്ചു പറയുന്നു, പ്രചരിപ്പിക്കുന്നു എന്നു മാത്രമാണ്. കാരണം അല്ലാഹുവിൻ്റെ ദൂതുമായി വന്ന പ്രവാചകനാണല്ലോ നബി ( സ ). അത് സത്യസന്ധമാണ്. സത്യസന്ധമായ അതിനെ മാരണം എന്ന് വിളിക്കുമ്പോൾ സത്യത്തിൽ അല്ലാഹുവിൻ്റെ മേലിൽ ഉള്ള ഒരു കള്ള ആരോപണം തന്നെയാണല്ലോ അത്. അതാണ് ഈ ആയത്തിന്റെ ആശയ ഉള്ളടക്കം.
8 തങ്ങളുടെ വായ കൊണ്ട് അല്ലാഹുവിന്റെ തേജസ്സ് കെടുത്തിക്കളയാനാണ് അവരുടെ ഉദ്ദേശ്യം. എന്നാല്‍ സത്യനിഷേധികള്‍ അനിഷ്ടപ്പെട്ടാലും തന്റെ പ്രകാശം അല്ലാഹു സമ്പൂര്‍ണമാക്കുക തന്നെ ചെയ്യും.
ഇത്തരം ആരോപണങ്ങളെല്ലാം വെറും വാചകക്കസർത്ത് മാത്രമാണ് എന്നാണ് ഈ ആയത്തിന്റെ ആശയം. തങ്ങളുടെ വായകൊണ്ട് അല്ലാഹുവിൻ്റെയും അല്ലാഹുവിൻ്റെ സന്ദേശത്തിൻ്റെയും അല്ലാഹുവിൻ്റെ പ്രവാചകൻ്റെ സാംഗത്യത്തിൻ്റെയും തേജസ് കെടുത്തി കളയുക എന്നതാണ് അവരുടെ ഉദ്ദേശം. എന്നാൽ ആ ഉദ്ദേശങ്ങൾ വിജയിക്കാൻ പോകുന്നില്ല എന്ന് അള്ളാഹു ഈ ആയത്തിലൂടെ തീർത്തു പറയുകയാണ്. ഇത് അല്ലാഹുവിന്റെ വലിയ ഒരു വെല്ലുവിളി തന്നെയാണ്. ഒരു കാലഘട്ടത്തിലെ ജനതയും അവരുടെ നേതൃത്വവും രാവും പകലുമില്ലാതെയാണ് ഈ ആരോപണങ്ങളെ വിജയിപ്പിച്ചെടുക്കാൻ അധ്വാനിച്ചത്. മക്കയിൽ വരുന്ന തീർത്ഥാടകരെയും വ്യാപാരികളെയും നബിയെ പരമാവധി കാണാതിരിക്കുവാൻ വേണ്ടി അവരെ വഴിതിരിച്ചുവിടുന്നതും നബി പറയുന്നത് കേൾക്കാതിരിക്കുവാൻ ചെവികളിൽ പഞ്ഞി കയറ്റുന്നതും എല്ലാം അവരുടെ പതിവായിരുന്നു. തുടക്കത്തിൽ ഇങ്ങനെയാണ് അവർ ഈ വെളിച്ചത്തെ ഊതിക്കെടുത്തുവാൻ ശ്രമിച്ചത്. അതൊക്കെ വിഡ്ഢിത്തമാണ് എന്ന് അവർക്ക് പെട്ടെന്ന് തന്നെ മനസ്സിലായി. കാരണം അവർ അങ്ങനെ എല്ലാം കരുതലോടെ ഇരുന്നിട്ടും വിദേശികൾ ആയിരുന്ന പലരും ഇസ്ലാം സ്വീകരിച്ചു. ഇതിൻ്റെ ഒന്നാം തരം ഉദാഹരണമാണ്. മറ്റെല്ലാവരെയുമെന്നപോലെ യമനില്‍നിന്നെത്തിയ അംറിന്റെ മകന്‍ തുഫൈലിനെയും അവര്‍ സമീപിച്ചു. അദ്ദേഹം അറിയപ്പെടുന്ന കവിയും ഗായകനുമായിരുന്നു. ഖുറൈശികള്‍ അനുനയസ്വരത്തില്‍ പറഞ്ഞു: ‘ഞങ്ങളുടെ നാട്ടില്‍ ഒരാള്‍ താന്‍ നബിയാണെന്നും പറഞ്ഞ് നടക്കുന്നുണ്ട്. അവന്‍ സമര്‍ഥനായ മാരണക്കാരനാണ്. അവന്റെ വാക്കുകള്‍ക്ക് എന്തോ വശ്യതയുണ്ട്. കേള്‍ക്കുന്നവരെയൊക്കെ അത് കുഴപ്പത്തിലാക്കും. പിന്നെ അതില്‍നിന്ന് രക്ഷപ്പെടാനാവില്ല. ഇവിടെ കുറേ പേര്‍ അതില്‍ കുടുങ്ങിയിരിക്കുന്നു. അവന്റെ മാരണത്തില്‍ മയങ്ങി പഴയമതം തന്നെ കൈയൊഴിച്ചിരിക്കുന്നു. അവരിപ്പോള്‍ നാട്ടില്‍ കുഴപ്പവും കുടുംബങ്ങളില്‍ ഭിന്നിപ്പും ഉണ്ടാക്കിക്കൊണ്ടിരിക്കുകയാണ്. അതിനാല്‍, താങ്കള്‍ അവനെ കാണരുത്. അവന്റെ വാക്കുകള്‍ കേള്‍ക്കരുത്. അബദ്ധം സംഭവിക്കാതിരിക്കട്ടെയെന്നു കരുതിയാണ് മുന്‍കൂട്ടി എല്ലാം പറയുന്നത്.’ ഖുറൈശികളുടെ ഈ വാക്കുകള്‍ ഓര്‍ത്തുകൊണ്ടാണ് തുഫൈല്‍ കഅ്ബയുടെ അടുത്തേക്കു ചെന്നത്. അപ്പോള്‍ പ്രവാചകന്‍ അവിടെനിന്ന് നമസ്‌കരിക്കുകയായിരുന്നു. ചുറ്റുമുള്ളവരൊക്കെ കേള്‍ക്കത്തക്കവിധം ഖുര്‍ആന്‍ പാരായണം ചെയ്യുന്നുണടായിരുന്നു. ഒരു നിമിഷം അത് തുഫൈലിന്റെ കാതുകളിലും വന്നെത്തി. എത്ര ശ്രമിച്ചിട്ടും അയാള്‍ക്കത് കേള്‍ക്കാതിരിക്കാനായില്ല. അതിലെ ഓരോ വാക്കും അദ്ദേഹത്തെ അതിയായി ആകര്‍ഷിച്ചു. മനസ്സില്‍ വമ്പിച്ച ചലനങ്ങളുണ്ടാക്കി. ഉള്ളടക്കം തുഫൈലിന്റെ ഉള്ളിലേക്കിറങ്ങിച്ചെന്നു. നബിതിരുമേനിയുടെ നമസ്‌കാരം തീരുന്നതുവരെ അദ്ദേഹം അവിടെത്തന്നെ നിന്നു. പ്രാര്‍ഥന പൂര്‍ത്തിയാക്കി വീട്ടിലേക്കുപോകുന്ന പ്രവാചകനെ തുഫൈലും പിന്തുടര്‍ന്നു. വീട്ടിലെത്തിയ ഉടനെ സംഭവങ്ങളെല്ലാം വിവരിച്ചുകൊടുത്തു. സാഹചര്യത്തിന്റെ തേട്ടം നന്നായി മനസ്സിലാക്കിയ നബിതിരുമേനി(സ) ഖുര്‍ആനിലെ ഏതാനും സൂക്തങ്ങള്‍ കൂടി ഓതിക്കേള്‍പ്പിച്ചു. എല്ലാം ശ്രദ്ധിച്ചുകേട്ട തുഫൈല്‍ പ്രഖ്യാപിച്ചു: ‘ അല്ലാഹു സാക്ഷി! അവന്‍ എല്ലാം അറിയുന്നവനും എല്ലാറ്റിനും കഴിവുള്ളവനുമാണല്ലോ. ഞാന്‍ ഇപ്പോള്‍ കേട്ടത് അറബി സാഹിത്യത്തില്‍ തുല്യതയില്ലാത്ത വചനങ്ങളാണ്. തീര്‍ച്ചയായും അവ അത്യുല്‍കൃഷ്ടമാണ്; ഏറെ ആകര്‍ഷകവും. അതു വളരെ വിശുദ്ധവും അര്‍ഥപൂര്‍ണവുമാണ്. ഇതുപോലൊന്ന് ഞാന്‍ ഇതിനുമുമ്പ് കേട്ടിട്ടേയില്ല. അല്ലാഹു സാക്ഷി! ഇതു മനുഷ്യവചനമല്ല. ഒരു മനുഷ്യന് ഇങ്ങനെയൊന്ന് രചിക്കാനാവില്ല. അതിനാലിത് ദൈവികം തന്നെ; തീര്‍ച്ച.’ അറബി സാഹിത്യത്തറവാട്ടിലെ ഒരു കുലപതി കൂടി ഖുര്‍ആന് കീഴ്‌പ്പെട്ട് സര്‍വതും അതിന്റെ മുമ്പില്‍ സമര്‍പ്പിക്കുകയായിരുന്നു. തങ്ങളുടെ വിലക്കുകള്‍ വിഫലമായതിലുള്ള കഠിനമായ കുണ്ഠിതം പ്രകടിപ്പിക്കാന്‍ ഖുറൈശിക്കൂട്ടത്തിന് കഴിഞ്ഞില്ല. തുഫൈല്‍ അത്രയേറെ ജനപിന്തുണയും സ്വാധീനവുമുള്ള വ്യക്തിയായിരുന്നു.
9 നേര്‍മാര്‍ഗവും ഋജുവായ മതവും കൊണ്ട് തന്റെ ദൂതനെ അയച്ചവനാണവന്‍- മുഴുവന്‍ മതങ്ങള്‍ക്കുമുപരിയായി അതിനെ പ്രകടമാക്കാന്‍; ബഹുദൈവ വിശ്വാസികള്‍ അനിഷ്ടപ്പെട്ടാലും.
ഈ ആയത്തിൽ അല്ലാഹു പറയുന്നത് താൻ തന്റെ ദൂതനെ ഈ സന്ദേശവുമായി അയച്ചിരിക്കുന്നത് മുഴുവൻ മതങ്ങളെയും അതിജയിക്കുവാൻ വേണ്ടിയാണ് എന്നാണ്. അതിൽ ആരുടെ അനിഷ്ടത്തെയും അംഗീകരിക്കേണ്ടതില്ല എന്നും അല്ലാഹു പറയുന്നു. ഈ ആയത്തിനെ ഇസ്ലാമിൻ്റെ വിപ്ലവ ധ്വനിയായി പുതിയകാലത്ത് ചില വ്യാഖ്യാനങ്ങൾ വന്നിട്ടുണ്ട്. മറ്റു മതങ്ങളെ അടിച്ചമർത്തുകയും അതിജീവിക്കുകയും ചെയ്യുക എന്നത് ഇവരുടെ പ്രഖ്യാപിത പ്രഖ്യാപനം ആണെന്നും വരുടെ പ്രവാചകന്‍ വന്നതുതന്നെ അതിനുവേണ്ടിയാണ് എന്നും ആണ് ഇവർ പറഞ്ഞുണ്ടാക്കുന്നത്. ഇതിന് വീര്യം കൂട്ടുവാൻ മക്കാവിജയനാളിൽ ചുറ്റുവശങ്ങളിൽ നിന്ന് മാലിന്യങ്ങളും വിഗ്രഹങ്ങളും എല്ലാം നീക്കം ചെയ്തതിനെയും വിവിധ യുദ്ധങ്ങൾ നയിച്ചതിനെയും എല്ലാം ഇതിന്റെ ഭാഗമായി അവർ കൂട്ടിച്ചേർക്കുകയും ചെയ്യുന്നു. മുസ്ലിമീങ്ങൾ മറ്റു മതക്കാരുടെ നേരെ അസഹിഷ്ണുക്കളാണ് എന്ന് തെളിയിക്കുവാൻ ഇത്തരം സൂക്തങ്ങളെയും ജിഹാദിനെ പറ്റി പറയുന്ന സൂക്തങ്ങളെയും എല്ലാം അവർ വളച്ചൊടിക്കുകയും ചെയ്യുന്നു. മറ്റു മതങ്ങളെയെല്ലാം നശിപ്പിച്ച് ഇസ്‌ലാം മാത്രം നിലനിര്‍ത്തുക എന്നല്ല ഈ ആയത്തിൻ്റെ വിവക്ഷ; തെളിവുകളും പ്രാമാണികതയും സ്വീകാര്യതയും കൊണ്ട് അതു മറ്റെല്ലാ മതത്തേക്കാളും മികച്ചുനില്‍ക്കുക എന്നാണ്. മറ്റു മതങ്ങളിലെ ദൈവിക സങ്കല്‍പം, പ്രായോഗിക ജീവിതം, പാരത്രിക ജീവിതം, സാമ്പത്തിക /ദര്‍ശനം, ധാര്‍മിക ജീവിതം തുടങ്ങി സര്‍വവും അശാസ്ത്രീയമോ അയുക്തികമോ അസ്വീകാര്യങ്ങളോ ആണ്. ഇസ്‌ലാമിന്റേത് തീര്‍ത്തും ഭിന്നം തന്നെയാണ്. മതത്തിൻ്റെ കാര്യത്തിലുള്ള എല്ലാ തരം ബലപ്രയോഗങ്ങളെയും ഇസ്ലാമും ഖുർആനും നിരാകരിച്ചിട്ടുണ്ട് അല്ലാഹു പറയുന്നു:
മതത്തിന്റെ കാര്യത്തില്‍ ഒരു ബലപ്രയോഗവും ഇല്ല. സന്‍മാര്‍ഗം ദുര്‍മാര്‍ഗത്തില്‍ നിന്ന് വ്യക്തമായി വേര്‍തിരിഞ്ഞ് കഴിഞ്ഞിരിക്കുന്നു. (ഖുർആൻ 2:256 ) ”. മതം എന്നാൽ അതിന്റെ അനുയായികളുടെ ദൃഢവിശ്വാസമാണ്, മറ്റുള്ളവർക്ക് മേൽ അടിച്ചേൽപ്പിക്കേണ്ട ഒന്നല്ല. അത് ഭൂമിയിൽ അതിന്റെ ധാർമ്മിക ശക്തി സ്ഥാപിക്കുന്നു. മുഹമ്മദ് നബി (സ) യുടെ ജീവിതത്തിലും, പ്രവൃത്തിയിലും, മദീനയിലെ ബഹു-മത സമൂഹവുമായി നബി രൂപവത്കരിച്ച ഭരണഘടനയിലും പ്രകടമായ ഒരു തത്വമാണിത്. അല്ലാഹുവിന്റെ മേൽപറഞ്ഞ വചനം ഭൂമിയിലുള്ള എല്ലാ മതവിഭാഗങ്ങൾക്കും അവരുടെ ആരാധനാ സ്വാതന്ത്ര്യം ഉറപ്പുനൽകുന്നു. അല്ലാഹു ഖുർആനിൽ പറയുന്നു : ”ഹേ മനുഷ്യരേ, തീര്‍ച്ചയായും നിങ്ങളെ നാം ഒരു ആണില്‍ നിന്നും ഒരു പെണ്ണില്‍ നിന്നുമായി സൃഷ്ടിച്ചിരിക്കുന്നു. നിങ്ങള്‍ അന്യോന്യം അറിയേണ്ടതിന് നിങ്ങളെ നാം വിവിധ സമുദായങ്ങളും ഗോത്രങ്ങളും ആക്കുകയും ചെയ്തിരിക്കുന്നു. തീര്‍ച്ചയായും അല്ലാഹുവിന്‍റെ അടുത്ത് നിങ്ങളില്‍ ഏറ്റവും ആദരണീയന്‍ നിങ്ങളില്‍ ഏറ്റവും ധര്‍മ്മനിഷ്ഠ പാലിക്കുന്നവനാകുന്നു. തീര്‍ച്ചയായും അല്ലാഹു സര്‍വ്വജ്ഞനും സൂക്ഷ്മജ്ഞാനിയുമാകുന്നു. (ഖുർആൻ 49:13) ” ഇസ്ലാമിൽ മതത്തിന്റെയും നിറത്തിന്റെയും ദേശത്തിന്റെയും പേരിലുള്ള അസഹിഷ്ണുത, ദുരാഗ്രഹം, വർഗീയത എന്നിവയ്ക്ക് സ്ഥാനമില്ലെന്ന് പ്രസ്തുത വചനത്തിൽ അല്ലാഹു ഊന്നിപറയുന്നു. ഇസ്‌ലാമിനോടുള്ള ഈ സഹിഷ്ണുത ജീവിതത്തിന്റെ എല്ലാ മേഖലകൾക്കും, മുസ്‌ലിംകളുടെ എല്ലാ കാര്യങ്ങൾക്കും ബാധകമാണ്.
ഡോ. വില്യം ബേക്കർ “ഇസ്‌ലാമിനും ക്രിസ്തുമതത്തിനും ഇടയിലുള്ള പാലം” എന്ന തന്റെ പുസ്തകത്തിൽ ബൈബിളിലെ പഴയനിയമത്തെയും പുതിയനിയമത്തെയും ദൈവത്തിന്റെ പ്രചോദനാത്മക വെളിപ്പെടുത്തലുകളായി മുസ്‌ലിംകൾ എങ്ങനെ കാണുന്നുവെന്നും, ഇസ്‌ലാം യഹൂദന്മാരെയോ യഹൂദമതത്തെയോ ലക്ഷ്യമാക്കിയിട്ടില്ലെന്നും വ്യക്തമാക്കിയിട്ടുണ്ട്. ഡോ. ബേക്കറിന്റെ വാക്കുകൾ ഇങ്ങനെയാണ്: 'മധ്യകാലഘട്ടത്തിൽ യൂറോപ്പിൽ യഹൂദന്മാർ പീഡിപ്പിക്കപ്പെടുമ്പോൾ സ്പെയിനിലെ മുസ്‌ലിംകൾക്കിടയിലാണ് അവർ സമാധാനവും ഐക്യവും സ്വീകാര്യതയും കണ്ടെത്തിയിരുന്നത് എന്നത് ചരിത്രത്തിന്റെ ഒരു വസ്തുതയാണ്. വാസ്തവത്തിൽ, ഇതുതന്നെയായിരുന്നു യഹൂദന്മാർ സ്വയം വിശേഷിപ്പിച്ച “സുവർണ്ണകാലം” എന്ന യഹൂദ ചരിത്രത്തിലെ യുഗം'. പ്രമുഖ ഖുർആൻ പരിഭാഷകൻ മാർമഡ്യൂക്ക് പിക്താൽ ഈ വിഷയത്തിൽ അഭിപ്രായപെട്ടത് ഇപ്രകാരമാണ് : 'ഉമയ്യദുകൾക്ക് കീഴിലുള്ള സ്പെയിനിലും , അബ്ബാസി ഖലീഫയുടെ കീഴിലുള്ള ബാഗ്ദാദിലും മുസ്ലീങ്ങൾക്കൊപ്പം ക്രിസ്ത്യാനികളെയും ജൂതന്മാരെയും സ്കൂളുകളിലും സർവ്വകലാശാലകളിലും പഠിക്കാൻ അനുവദിച്ചുവെന്നുമാത്രമല്ല ഭരണകൂടത്തിന്റെ ചിലവിൽ അവരെ ഹോസ്റ്റലുകളിൽ പാർപ്പിക്കുകയും ചെയ്തിരുന്നു'. പതിനെട്ടാം നൂറ്റാണ്ടിൽ എൻസൈക്ലോപീഡിയകൾ കണ്ടുപിടിക്കുന്നത് വരെ പാശ്ചാത്യ ക്രിസ്ത്യാനികൾ മുസ്ലിംകൾ എന്താണ് വിശ്വസിക്കുന്നതെന്നോ, കിഴക്കൻ ക്രിസ്ത്യാനികളുടെ കാഴ്ചപ്പാടുകൾ എന്തെന്ന് അറിയുകയോ അറിയാൻ താല്പര്യപ്പടുകയോ ചെയ്തിരുന്നില്ല. ക്രിസ്ത്യൻ സഭ ഇതിനകം രണ്ടായി വിഭജിക്കപ്പെട്ടിരുന്നു. അവസാനം, കിഴക്കൻ ക്രിസ്ത്യാനികളെ റോമൻ കാത്തോലിക്കരായി മാറ്റിനിർത്തുകയും അവിടെ നിന്ന് അവരെ പുറത്താക്കാൻ ശ്രമിക്കുകയും ചെയ്ത സഹക്രിസ്ത്യാനികളുടെ ഭരണത്തേക്കാൾ സ്വന്തം മതം പിൻപറ്റുവാനും അതോടൊപ്പം അവരുടെ ആചാരങ്ങൾ പാലിക്കുവാനും അനുവദിച്ച മുസ്ലിം ഭരണത്തെയാണ് അവർ തെരഞ്ഞെടുത്തത്. ക്രൈസ്‌തവലോകത്തെക്കുറിച്ച് മുസ്‌ലിംകൾക്ക് അറിയാമായിരുന്നതുപോലെ യൂറോപ്പിൽ ഇസ്‌ലാമിനെക്കുറിച്ച് കൂടുതൽ അറിയാമായിരുന്നുവെങ്കിൽ, മതപരമായ സാഹസികമെന്നും ധീരതയെന്നും അറിയപ്പെടുന്ന കുരിശുയുദ്ധം എന്ന മതഭ്രാന്ത് പൊട്ടിപ്പുറപ്പെടുമായിരുന്നില്ല എന്ന് സൂക്ഷമമായി പഠിച്ചാൽ വ്യക്തമാകും. കാരണം, അവ പൂർണ്ണമായും തെറ്റിദ്ധാരണ അടിസ്ഥാനമാക്കിയുള്ളതാണ്. എന്നിട്ടും ആ യുദ്ധങ്ങളിൽ മുസ്ലിംകൾ ആയുധങ്ങളേക്കാൾ ഉയർത്തിപ്പിടിച്ചത് തങ്ങളുടെ ആശയങ്ങളെ ആയിരുന്നു. ഇങ്ങനെ ഭൗതിക ലോകത്തിൻ്റെ ഓരോ പാളിയിലും കൊത്തിവെക്കപ്പെട്ടിട്ടുള്ളതാണ് ഇസ്ലാമിൻറെ മറ്റു മതങ്ങളോടുള്ള സമീപനവും സഹിഷ്ണുതയും.
o
0 Comments
No comments yet.
Leave a Comment
© www.thdarimi.in. All Rights Reserved. Designed by zainso