Thoughts & Arts
Image

സമന്വയ വിദ്യാഭ്യാസം: ഒന്നുകൂടി നാം ഉയരേണ്ടതില്ലേ..

13-05-2024

Web Design

15 Comments


മുഹമ്മദ് തയ്യിൽ



..



മതപരമായ അറിവിനോട് വിട്ടുവീഴ്ചയില്ലാത്ത പ്രതിപത്തി കാണിച്ചിട്ടുള്ള ഒരു ജനസമൂഹം ആണ് കേരളമുസ്ലിംകൾ. അവരുടെ ചരിത്രത്തിൽ എന്നും ഒരു സമാന്തര രേഖ പോലെ മതപരമായ വിദ്യാഭ്യാസ സംവിധാനം സഞ്ചരിച്ചുവന്നിട്ടുണ്ട്. ഇപ്പോഴും അത് അഭംഗുരം തുടരുകയും ചെയ്യുന്നു. പള്ളിദർസുകൾ, ഓത്തുപള്ളികൾ, മദ്രസകൾ, അറബിക് കോളേജുകൾ എന്നിങ്ങനെ വിവിധ രീതിയിലും രൂപത്തിലും ലക്ഷ്യത്തിലുമുള്ള മതപഠന ശാലകൾ ഇന്ന് വ്യാപകമാണ്. ഇവയിൽ ഇപ്പോഴെത്തിനിൽക്കുന്ന വർത്തമാനകാലത്തിൽ നിന്ന് തുടങ്ങുന്നതാണ് നമ്മുടെ വർത്തമാനം. അതായത് ഈ മേഖലയിൽ ഏറ്റവും അവസാനം ഉണ്ടായ പരിഷ്കാരം സമന്വയ വിദ്യാഭ്യാസ പദ്ധതികളാണ്. ഇതു വരാൻ ഒരു സാമൂഹ്യ സാഹചര്യം ഉണ്ടായിരുന്നു. അതായത് ഭൗതിക വിദ്യാഭ്യാസം ഒഴിച്ചുകൂടാനാവാത്തതാണ് എന്ന തിരിച്ചറിവായിരുന്നു അത്. അതിനാൽ നമ്മുടെ വിദ്യാഭ്യാസ രീതിയിൽ ഭൗതിക വിദ്യാഭ്യാസത്തിന് കൂടി അവസരവും വേദിയും കണ്ടെത്തുക എന്ന ചിന്തയിൽ നിന്നാണ് സമന്വയ വിദ്യാഭ്യാസം വന്നത്. നേരത്തെ അവാന്തര വിഭാഗങ്ങൾ ഈ മേഖലയിൽ എത്തിപ്പെട്ടിരുന്നു. പക്ഷേ, അവർക്ക് അതിൽ വിജയിക്കാൻ കഴിഞ്ഞു എന്ന് അവർ പോലും പറയില്ല. കാരണം അങ്ങനെയൊന്ന് ഉണ്ടായിട്ടില്ല. അവരുടെ പല പദ്ധതികളുടെയും ഒരു ദുരന്തമാണിത്. അത് വലിയ ഒച്ചപ്പാടോടുകൂടി നവോത്ഥാനം എന്ന പേരൊക്കെ ഇട്ട് കൊണ്ടാണ് രംഗത്ത് വരിക. അച്ചടി മലയാളത്തിൽ ആയിരിക്കും അത് വിശദീകരിക്കപ്പെടുക. വലിയ ഉന്നതരെ എല്ലാം നിരത്തിനിർത്തിയായിരിക്കും അതു ഉദ്ഘാടനം ചെയ്യപ്പെടുക. പക്ഷേ അതിൻ്റെ രംഗത്തേക്ക് അവരെ പ്രചോദിപ്പിക്കുന്ന ഘടകം മറ്റുള്ളവരെ കളിയാക്കാനുള്ള ത്വരയും മറ്റുള്ളവരെ ഒന്നിനും പോരാത്തവരാണ് എന്ന് അവതരിപ്പിക്കാനുള്ള ത്വരയും എല്ലാമായിരിക്കും. അതിനാൽ ഉദ്ദേശത്തിൽ കൃത്യമായ ഒരു സോദ്ദേശം അവർക്ക് ഉണ്ടാവില്ല. ഉണ്ടെങ്കിൽ തന്നെ ആ ലക്ഷ്യത്തിന് ശുദ്ധിയുമുണ്ടാവില്ല. അതിനാൽ അവ കരുതിയ ഫലം കാണിക്കാതെ അങ്ങനെ മുരടിച്ചു നിൽക്കാറാണ് പതിവ്. പക്ഷേ ഈ മേഖലയിലേക്ക് സുന്നി സമൂഹം എത്തിച്ചേർന്നതോടുകൂടി ആ പദ്ധതി വിജയിച്ചു. ഇന്ന് കേരളത്തിൽ മാത്രം നൂറു കണക്കിന് സമന്വയ വിദ്യാഭ്യാസ പദ്ധതികൾ സജീവമാണ്. ഓരോ പദ്ധതികളും മത്സരാടിസ്ഥാനത്തിൽ തന്നെ പുരോഗമിച്ച് വരുന്നുണ്ട്. ഇതിൻ്റെ പ്രത്യുൽപ്പന്നങ്ങളായ ധൈഷണികവും ദാർശനികവുമായ കഴിവുള്ള ഒരു യുവ പണ്ഡിത നിര സേവന മേഖലയിൽ എത്തിക്കഴിഞ്ഞു. അവർ സ്വദേശത്തും വിദേശത്തും ശ്രദ്ധേയമായ ജോലികളും ഉത്തരവാദിത്വങ്ങളും നിർവഹിച്ചു വരുന്നു. മതമേഖലയിൽ ആകട്ടെ അത്തരക്കാർക്ക് വലിയ ഡിമാൻ്റ് കൈവന്നിരിക്കുന്നു. അത്തരം മിടുക്കന്മാരുടെ പ്രകടനം പ്രചരണമായി മാറുന്നതോടെ ഈ രംഗത്തേക്ക് വിദ്യാർത്ഥികൾ ആകർഷിക്കപ്പെട്ടു വരികയാണ്.



പദ്ധതി വിജയിക്കുകയും ഫലം പുറത്ത് കണ്ടുതുടങ്ങുകയും ചെയ്ത നിലക്ക് ആ ഫലത്തെക്കുറിച്ച് ചില വിചാരങ്ങൾ നല്ലതാണ്. നിലവിലുള്ള അവസ്ഥ അനുസരിച്ച് സമന്വയ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ അതിമിടുക്കന്മാരായ വിദ്യാർഥികൾ വിവിധങ്ങളായ രീതികൾ ഉപയോഗപ്പെടുത്തി ഭാഷകളിൽ പ്രാവീണ്യം സ്വന്തമാക്കുന്നു. പ്രഭാഷണം എഴുത്ത് കാലികമായ വിഷയങ്ങളുടെ അവതരണം ശാസ്ത്രീയമായ ആവിഷ്കരണങ്ങൾ തുടങ്ങിയവയിൽ ആവശ്യമായ പരിശീലനം നേടുകയോ അല്ലെങ്കിൽ അവയിലേക്ക് അവർ വളരുകയോ ചെയ്യുന്നു. ഒപ്പം സാമാന്യമായ ഭൗതിക വിദ്യാഭ്യാസത്തിൻ്റെ സർട്ടിഫിക്കുകൾ തനത് ഒഴുക്കിൻ സ്വന്തമാക്കുകയും ചെയ്യുന്നു. അവർ അത് വെച്ച് സ്വദേശത്തും വിദേശത്തും പാരമ്പര്യേതരമായ മേഖലകളിൽ ജോലി നേടി സമൂഹത്തിന്റെ പുതിയ സ്റ്റാറ്റസ് നേടി ജീവിച്ചു പോകുന്നു. ഇതാണ് എല്ലാവരുടെയും ശ്രദ്ധയിൽ വരുന്നതും എല്ലാവരെയും ആകർഷിക്കുന്നതുമായ ഒരു ഘടകം. അതേസമയം ഒരു മറുവശം ഈ മേഖലയിലുണ്ട്. ഏറ്റവും കുറഞ്ഞത് അത്ര തന്നെ വിദ്യാർത്ഥികൾ നൈസർഗികമായ മിടുക്ക്കുറവിന്റെ കാരണത്താലും ഗ്രാഹ്യ ശക്തിയുടെ അഭാവം കാരണത്താലും പിന്നിലായി പോകുന്നുണ്ട്. അവർ പാരമ്പര്യ മേഖലകളിലേക്കാണ് പലപ്പോഴും എത്തിപ്പെടുന്നത്. എന്നാൽ അവിടെ അവർ പ്രതീക്ഷിക്കുന്നത് പോലുള്ള ഒരു വിജയം നേടുന്നില്ല. അതിനൊരു കാരണമുണ്ട്. അവർ ശ്രമിച്ചിരുന്നത് നേരത്തെ പറഞ്ഞ വിഭാഗം എത്തിപ്പെട്ടതുപോലെയുള്ള തികച്ചും പരിഷ്കൃതമായ ഒരു മേഖലയിൽ എത്തിപ്പെടണം എന്നായിരുന്നു. അത് കഴിയാതെ മറ്റു മേഖലകളിൽ എത്തിപ്പെടുക വഴി അവർ തുടക്കത്തിലെ നിരാശയിൽ കൂപ്പുകുത്തുന്നു. മാത്രമല്ല അവർ ചിലപ്പോൾ മറ്റു ജോലികളിലേക്കും ജീവിതങ്ങളിലേക്കും സ്വന്തം ജീവിതത്തെ പറിച്ച് നടുകയും ചെയ്യുന്നു. ഇവിടെ ഇവരെ കുറ്റം പറയുന്നതിൽ അർത്ഥമില്ല. മനുഷ്യനെ അല്ലാഹു വിവിധ ജന്മശക്തികളോട് കൂടെയാണ് സൃഷ്ടിച്ചിട്ടുള്ളത്. അതിനാൽ അവർ കരുതുന്ന കള്ളികളിൽ എത്തിയില്ല എന്നതിൽ അവരെ കുറ്റപ്പെടുത്താൻ കഴിയില്ല. അപ്പോൾ പിന്നെ വേണ്ടത് അവർക്ക് വേണ്ട കളളികൾ ഉണ്ടാക്കുക എന്നതാണ്. നേരത്തെ തന്നെ ഇത്തരക്കാരെ കണ്ടെത്താൻ ശ്രമിക്കുക അവർക്ക് വേണ്ട മേഖലകൾ അവരുടെ മുമ്പിൽ വികസിപ്പിക്കുക അതിൽ അവർക്ക് പരിശീലനം നൽകുക തുടങ്ങിയതെല്ലാം ആണ് അവിടെ വേണ്ടത്. അതേസമയം അത് ഒരു സ്ഥാപനത്തിൽ രണ്ടുതരം പൗരന്മാരെ സൃഷ്ടിക്കുന്നു എന്ന തെറ്റിദ്ധാരണക്ക് വകവെക്കാനും പാടില്ല. അറിയാതെ അവരെ അവരുടെ അഭിരുചികളിലേക്ക് വളർത്താൻ കഴിയുന്ന ചിന്താശക്തിയും ആസൂത്രണ മികവും ഉള്ളവരാണ് ഇതെല്ലാം സമർത്ഥമായി ചെയ്യേണ്ടത്.



ഇത്തരം ഒരു പരിഷ്കാരത്തിലേക്ക് വരാനുള്ള തുടക്കം ആദ്യം മുതലേ ആരംഭിക്കേണ്ടതുണ്ട്. അതിനുവേണ്ടി ചില കാര്യങ്ങളെല്ലാം ഗൗരവമായി പരിഗണിക്കണം. ഒന്നാമതായി വിദ്യാർത്ഥികളുടെ കഴിവിനും താൽപര്യത്തിനുമനുസരിച്ചായിരിക്കണം പാഠ്യ പദ്ധതി. വിദ്യാർത്ഥികളുടെ പഠനപരിധി പരിഗണിച്ചായിരിക്കണം ഉചിതമായ വിഷയങ്ങളുടെ തിരഞ്ഞെടുപ്പ് നടക്കേണ്ടത്. പ്രാരംഭ ഘട്ടത്തിലെ കോഴ്‌സ് ഒരിക്കലും ഭാരമുള്ളതാവരുത്. വിദ്യാർത്ഥികളുടെ മേൽ കോഴ്‌സിന്റെ കനത്ത ഭാരം കയറ്റി വെക്കുന്നതിന്നെതിരിൽ എഴുന്നൂറ് കൊല്ലങ്ങൾക്ക് മുമ്പ് ഇബ്‌നു ഖൽദൂൻ ശബ്ദമുയർത്തിയിട്ടുണ്ട്. പാഠ്യ പദ്ധതിയും അധ്യായന ക്രമവും ലഘൂകരിക്കുവാൻ അക്ബർ ചക്രവർത്തി കൽപ്പന പുറപ്പെടുവിച്ചത് അക്ബറിന്റെ ചരിത്രത്തിൽ കാണാനാവും. ശാസ്ത്രീയമായ വിദ്യാഭ്യാസ രീതി എന്നത് നമ്മുടെ സമുദായത്തിൽ എപ്പോഴും ഉണ്ടായിരുന്നു എന്നത് പറയാൻ വേണ്ടിയാണ് ഈ രണ്ട് അനുഭവങ്ങൾ പറഞ്ഞത്. രണ്ടാമതായി കാലഹരണപ്പെട്ട അധ്യാപന രീതികൾ അവലംബിക്കുന്നത് ധിഷണാപരമായ വളർച്ചക്ക് ഹാനികരമാണ്. യോഗ്യരും പരിശീലനം സിദ്ധിച്ചവരും അർപ്പണബോധമുള്ളവരുമായ അദ്ധ്യാപകരെ വാർത്തെടുക്കണം. അദ്ധ്യാപകന്റെ വേഷവിധാനം, അദ്ധ്യാപനം, സ്വഭാവം, ആരോഗ്യകരമായ വീക്ഷണം, ആസൂത്രണത്തോടെയുള്ള സമീപനം എല്ലാം അതിപ്രധാനമാണ്. ഇതിനെല്ലാം ഏറെ വിഘാതമായി നിൽക്കുന്നത് എല്ലാ വിദ്യാഭ്യാസ രംഗങ്ങളിലും ഉള്ളതുപോലെ അധ്യാപക പരിശീലന പദ്ധതികൾ മിക്ക സമന്വയ വിദ്യാഭ്യാസ പദ്ധതികളിലും ഇല്ല എന്നതാണ്. തലമുറയുടെ മാറ്റം സാമൂഹ്യതയിൽ ഏറ്റവും പ്രധാനപ്പെട്ട ഒന്നാണ്. ഒരു മുതിർന്ന ഉസ്താദ് അദ്ദേഹത്തിൻ്റെ അറിവിൻ്റെയും അനുഭവത്തിന്റെയും പേരിൽ ഏറെ ബഹുമാനം അർഹിക്കുന്നുണ്ട്. പക്ഷേ അദ്ദേഹം, അദ്ദേഹം പഠിച്ച രീതിയോ അദ്ദേഹത്തെ അദ്ദേഹത്തിന്റെ ഗുരുനാഥന്മാർ പഠിപ്പിച്ച രീതിയോ വാശിയോടെ പിന്തുടരുന്നത് ശാസ്ത്രീയമല്ല. കാരണം തൻ്റെ മുമ്പിലുള്ള വിദ്യാർത്ഥികളുടെ ചിന്തയിലും സമീപനത്തിലും സമൂലമായ മാറ്റങ്ങൾ സംഭവിച്ചിട്ടുണ്ട് എന്നത് ഒരു യാഥാർത്ഥ്യമാണ്. അതിനാൽ വിദ്യാഭ്യാസ വിചക്ഷണന്മാരുടെ നേതൃത്വത്തിൽ അധ്യാപക പരിശീലന പദ്ധതികൾ കോഴ്സുകളായി തന്നെ ആരംഭിക്കേണ്ടത് അനിവാര്യമാണ്. നിലവിലുള്ള ഓരോ വിദ്യാഭ്യാസ പദ്ധതികളുടെയും നേതൃത്വം അതിനെക്കുറിച്ച് ശക്തമായി ആലോചിക്കേണ്ടതുണ്ട്. മൂന്നാമതായി, ഈ സമന്വയ വിദ്യാഭ്യാസ പദ്ധതികളിൽ ചിലതെങ്കിലും ആധുനിക വിദ്യാഭ്യാസത്തിന് നൽകുന്ന പ്രാധാന്യമാണ്. പലർക്കും സ്ഥാപനത്തിൻ്റെയോ പദ്ധതിയുടെയോ പ്രചരണത്തിനുള്ള ഒരു വഴി മാത്രമാണ് ഭൗതിക വിദ്യാഭ്യാസ സൗകര്യം. ഇങ്ങനെ പറയുമ്പോൾ അതിനർഥം കിതാബോതും പോലെ ഭൗതിക വിഷയങ്ങൾ പഠിക്കണം എന്നല്ല. രണ്ടും രണ്ടാണ്, രണ്ട് ശൈലിയിലുള്ളതാണ്. ആധുനിക വിദ്യാഭ്യാസ സംവിധാനം പരീക്ഷാപ്രധാനമാണ്. ദർസ് കിതാബുകളുടെ പഠനമാവട്ടെ പ്രബോധന - സ്വാംശീകരണ പ്രധാനവുമാണ്. ഭൗതിക വിദ്യാഭ്യാസം പഠനപരിശീലന പ്രധാനമാണ്. അത് അങ്ങനെയായി മാറണം. അതിന് ആവശ്യമായ പ്രാധാന്യവും പരിഗണനയും നൽകണം. അതായത് ഭൗതിക പരീക്ഷകളിൽ എല്ലാ വിദ്യാർത്ഥികളും എങ്ങനെയെങ്കിലും കടന്നുകൂടിയാൽ മാത്രം മതിയാവില്ല. മറിച്ച്, നല്ല മാർക്കോട് കൂടെ വിജയിച്ചിരിക്കണം അപ്പോൾ മാത്രമാണ് അവർക്ക് ആത്മാഭിമാനം തോന്നുക.



ഇങ്ങനെ പറയുമ്പോൾ ഈ മേഖലയിൽ നിന്ന് എപ്പോഴും ഉയരുന്ന പല എതിർവാദങ്ങളും ഉണ്ട്. നമ്മുടെ ദൗത്യവും ലക്ഷ്യവും മതപഠനം മാത്രമാണ്, ഭൗതിക പഠനം അല്ല, കുറേ അധ്യാപകരെയും ഒഫീഷ്യലുകളെയും ഉണ്ടാക്കലല്ല, മതപണ്ഡിതന്മാരെ ഉണ്ടാക്കലാണ് നമ്മുടെ ലക്ഷ്യം എന്നൊക്കെ വലിയ വായിൽ പലരും വാദിക്കും. മറ്റു ചിലർക്ക് ഭയം എ പ്ലസ് കിട്ടിയാൽ കുട്ടികൾ കൊഴിഞ്ഞുപോകും എന്നതാണ്. ഒരു ഗ്രൗണ്ടിൽ നിന്ന് പറയുമ്പോൾ ഒരു പക്ഷേ അത് ശരിയാണ് എന്ന് സമ്മതിച്ചു കൊടുക്കേണ്ടി വന്നേക്കാം. പക്ഷെ, സൂക്ഷ്മമായ അർത്ഥത്തിൽ അത് ശരിയല്ല. അതിനു പല കാരണങ്ങളുമുണ്ട്. അവയിൽ പ്രധാനപ്പെട്ട ഒരു കാര്യം നമ്മളിൽ നമ്മുടെ മൂല്യങ്ങൾ ഉണ്ടായിരിക്കണം എന്നതാണ്. നാം പ്രചരണത്തിൽ ഒരു കാര്യം വാഗ്ദാനം ചെയ്യുന്നുണ്ടെങ്കിൽ അതിനോട് നമുക്ക് ആത്മാർത്ഥത ഉണ്ടായിരിക്കണം. അല്ലാതെവരുന്നത് നമ്മുടെ ഈമാനിനെ നേരിട്ട് ബാധിക്കുന്ന കാര്യമാണ്. രണ്ടാമതായി, കുട്ടികൾ എല്ലാം ഉന്നത വിജയം നേടിയാൽ കൊഴിഞ്ഞുപോകും എന്ന് ഭയപ്പെടുന്നത് നമ്മുടെ ആത്യന്തികമായ ലക്ഷ്യം മനസ്സിൽ ഉറപ്പിക്കുന്നതിൽ പരാജയപ്പെടുന്നവർ മാത്രമാണ്. അതായത് നമ്മുടെ ലക്ഷ്യം ഇസ്ലാമിക പ്രബോധന പ്രവർത്തനങ്ങൾക്ക് കാലത്തിനനുസരിച്ച പ്രബോധകന്മാരെ സൃഷ്ടിക്കുക എന്നുള്ളതാണ് എന്നത് വിദ്യാർത്ഥിക്ക് മുമ്പ് അധ്യാപകന്റെയും അധ്യാപകന്റെ മുമ്പ് പദ്ധതിയുടെ നായകന്മാരുടെയും മനസ്സിൽ ഉറച്ചിരിക്കേണ്ടതുണ്ട്. അത് എത്രമാത്രം ഉറച്ചിട്ടുണ്ടോ അതിനെ ആശ്രയിച്ചിട്ടാണ് കൊഴിഞ്ഞുപോക്ക് ഉണ്ടാവുക. മറ്റൊരു കാര്യം ഒരു പ്രബോധകന് എപ്പോഴും വേണ്ടത് ജനങ്ങളുടെ ശ്രദ്ധയാണ്. ശ്രദ്ധയാണ് പ്രബോധനത്തിന്റെ ചുമർ. അവിടെയാണ് നമ്മുടെ ആശയങ്ങളുടെ ചിത്രങ്ങൾ നമുക്ക് വരയ്ക്കാനുള്ളത്. അതുകൊണ്ട് ഓരോ കാലഘട്ടവും ഓരോ പ്രദേശവും ഓരോ സാമൂഹ്യാവസ്ഥയും എന്തിനെയാണോ കൂടുതൽ ശ്രദ്ധിക്കുന്നത് അവിടെ നമ്മൾ ഉണ്ടായിട്ടേ കാര്യമുള്ളൂ. ഇന്നത്തെ കാലം ഭൗതിക വിദ്യാഭ്യാസത്തിന് വലിയ പ്രാധാന്യം കൽപ്പിക്കപ്പെടുന്ന ഒരു കാലമാണ്. അത് ശരിയോ തെറ്റോ എന്നത് ഇവിടെ ചർച്ച ചെയ്യുന്നതിൽ അർത്ഥമില്ല. അത് ശരിയാണെങ്കിലും തെറ്റാണെങ്കിലും നമുക്കൊരു കാര്യം അവിടെ പറയണം എന്നുണ്ട് എങ്കിൽ നാം ആ മേഖലയിൽ എത്തിച്ചേരേണ്ടതുണ്ട്. ഉദാഹരണമായി ഭൗതിക കലാലയങ്ങളിൽ ധാർമികതയുടെയും അച്ചടക്കത്തിന്റെയും കുറവുണ്ട് എന്നതിലും അത് നമ്മുടെ സമുദായത്തെയും വിശാലമായ മനുഷ്യ കുടുംബത്തെയും പ്രതികൂലമായി ബാധിക്കുന്നുണ്ട് എന്നതിലും ശരിക്കും ഒരു ഇസ്ലാമിക പ്രബോധകൻ വേദനിക്കുന്നുണ്ട് എങ്കിൽ അയാൾ ആ മേഖലയിൽ എത്തിപ്പെടാൻ ശ്രമിക്കുകയാണ് ആദ്യം ചെയ്യേണ്ടത്. ഒരു കോളേജിലെ പ്രൊഫസർ ആയി കഴിഞ്ഞാൽ, ഒരു സ്കൂളിലെ അധ്യാപകനായി കഴിഞ്ഞാൽ അവിടെ തന്ത്രത്തിലും സൂത്രത്തിലും നമ്മുടെ ആശയങ്ങൾ നൽകാൻ കഴിയും. നമ്മൾ വഅ്ള് പറയുന്ന സ്ഥലത്തേക്ക് അവർ വന്ന് കൊള്ളണമെന്ന് കരുതി കാത്തിരിക്കുന്നതിൽ അർഥമില്ല. മാത്രമല്ല പ്രബോധനം എപ്പോഴും യുക്തിക്ക് വിധേയമായിരിക്കേണ്ടതുണ്ട് അവസരങ്ങൾ കണ്ടെത്തുകയും അവ ഫലപ്രദമായി ഉപയോഗപ്പെടുത്തുകയും ചെയ്യുകയാണ് ഓരോ ദാഇയും ചെയ്യേണ്ടത്.



ഈ സ്ഥാപനങ്ങൾ ഓരോന്നും നിരന്തരമായ സാമൂഹ്യപഠനത്തിൽ ഏർപ്പെടേണ്ടതുണ്ട്. അത്തരം പഠനങ്ങളിലൂടെയാണ് നമ്മുടെ സമുദായം സത്യത്തിൽ കുറവ് അനുഭവപ്പെടുന്നത് എവിടെയാണ് എന്ന് കണ്ടെത്താൻ കഴിയുക. മൊത്തത്തിൽ ദർസുകളിലും അറബിക്കോ കോളേജുകളിലും പഠിക്കുന്നവരെല്ലാം മിമ്പറിലേക്കും മിഹറാബിലേക്കും ഉള്ളവരാണ് എന്ന ഒരു സങ്കുചിതത്വം മനസ്സിൽ ഉറപ്പിക്കുന്നത് കൊണ്ടാണ് ഈ മേഖലയിൽ പഠനം നടക്കാത്തത്. എല്ലാവരും തങ്ങൾ ചെയ്യുന്നതിൽ വെറുതെ അഭിരമിച്ച് മുന്നോട്ടുപോവുക മാത്രം ചെയ്യുകയാണ്. ആയിരക്കണക്കിനായ വിദ്യാർത്ഥികൾ ഉപരിപഠനം കഴിഞ്ഞ് ഓരോ വർഷവും സേവന മേഖലയിൽ എത്തുന്നുണ്ട്. അവരെ എല്ലാവരെയും പരിഗണിക്കാൻ ഒരു ബഹുമത രാജ്യത്തിലെ ഒരു സംസ്ഥാനത്തിലെ സമുദായത്തിന് കഴിഞ്ഞുകൊള്ളണമെന്നില്ല. അതിനാൽ അനിവാര്യമായും നല്ലൊരു ശതമാനം ബിരുദധാരികളെയും അനുവദനീയമായ മറ്റു വഴികളിലേക്ക് തിരിച്ചു വിടേണ്ടതുണ്ട്. ആ വഴികളൊക്കെയും പ്രബോധന വഴി തന്നെയാണ്. മിംബറിൽ നിന്ന് ഖുതുബ നിർവഹിക്കുന്നതും മിഹ്റാബിൽ ഇമാമത്ത് വഹിക്കുന്നതും മാത്രമാണ് ദഅവത്ത് എന്ന പരിഗണനയിൽ വരുന്നത് എന്നത് തികച്ചും തെറ്റാണ്. അതിനാൽ സമുദായം എവിടെയെല്ലാം ക്ഷീണം അനുഭവിക്കുന്നു, അവിടെ ആ ക്ഷീണം തീർക്കുവാൻ ഏതുതരത്തിലുള്ള ആൾക്കാരെയാണ് സൃഷ്ടിച്ചെടുക്കേണ്ടത് തുടങ്ങിയ കാര്യങ്ങളാണ് പഠിക്കേണ്ടത്. എന്നിട്ട് നമ്മുടെ ചിന്തയുടെ മണ്ഡലം വികസിപ്പിക്കുന്നതോടൊപ്പം നമ്മുടെ സേവന മേഖലയെയും പുനർനിർണയിച്ച് വികസിപ്പിക്കേണ്ടതുണ്ട്. ഏതാനും ചില മിടുമിടുക്കന്മാർ അവരുടെ ജീവിതം കണ്ടെത്തുന്നു എന്നതിൽ നിന്ന് മൊത്തത്തിൽ സമുദായത്തെ ഈ സംവിധാനങ്ങൾ പ്രതിനിധീകരിക്കുന്നു എന്ന കാഴ്ചയിലേക്ക് നാം അപ്ഡേറ്റ് ചെയ്യപ്പെടേണ്ടതുണ്ട്. അത്തരത്തിലുള്ള നീക്കങ്ങളും ചിന്തകളും തീരെ ഇല്ല എന്നു പറഞ്ഞ് വാതിൽ അടക്കുകയല്ല ചെയ്യുന്നത്. മറിച്ച് വളരെ നിസ്തുലമായ, മാതൃകാപരമായ ഒരുപാട് നീക്കങ്ങൾ പല മേഖലയിലും നടക്കുന്നുണ്ട്. അത് പക്ഷേ വ്യാപകമാകുന്നില്ല എന്നു മാത്രം. ഇത് വ്യാപകമാകേണ്ടത് അനിവാര്യമാണ്. കാരണം നാം എപ്പോഴും അവമതിക്കപ്പെടാവുന്ന ഒരു സമൂഹമാണ് എന്ന മുദ്ര മായ്ച്ചുകളഞ്ഞത് നമ്മുടെ ഇടയിൽ ഉണ്ടായ വിദ്യാഭ്യാസപരമായ പുരോഗതി തന്നെയാണ്. അതിനാൽ അത് നാം കാര്യക്ഷമമാക്കേണ്ടതുണ്ട്. അതേസമയം കേരളത്തിന് പുറത്ത് കേരളത്തിന്റെ സ്വാധീനത്തിൽ ഉണ്ടാകുന്ന ദഅവ സംരംഭങ്ങൾക്ക് എല്ലാം ഏകദേശം ഒരേ രൂപമാണ് ഇപ്പോഴുള്ളത്. വിദ്യാഭ്യാസ സ്ഥാപനങ്ങൾ സ്ഥാപിക്കുക, അത് നടത്തി വിജയിപ്പിക്കുക എന്ന ഒരേ രൂപം. ഇപ്പോഴത്തെ അത്തരം സ്ഥലങ്ങളിലുള്ള സാമൂഹിക അവസ്ഥ അനുസരിച്ച് ആദ്യമായി ചെയ്യേണ്ടതും പ്രയോറിറ്റി നൽകേണ്ടതും ആയ വിഷയം വിദ്യാഭ്യാസം തന്നെയാണ്. അത് സംശയമില്ലാത്ത കാര്യമാണ്. പക്ഷേ അതോടൊപ്പം വെറും വിദ്യാഭ്യാസ പ്രവർത്തനങ്ങൾക്ക് പുറമേ സാമൂഹ്യ മേഖലയിൽ വരുന്ന മറ്റു മേഖലകളിൽ കൂടി നാം ഇടപെടേണ്ടതുണ്ട് അല്ലെങ്കിൽ ഇടപെട്ടു തുടങ്ങേണ്ടതുണ്ട് എന്നു ചുരുക്കം. അതിനുവേണ്ട ഊർജ്ജവും വിഭവവും ഒരുങ്ങേണ്ടതും ഒരുക്കേണ്ടതും ഈ സമന്വയ വിദ്യാഭ്യാസ മേഖലകളിലാണ്. അത്തരം ചിന്തകളൊക്കെ തന്നെയും അതിനാൽ സമന്വയ വിദ്യാഭ്യാസ പദ്ധതികളിൽ ഉള്ളടങ്ങേണ്ടതുണ്ട്



0 Comments

No comments yet.

Leave a Comment

© www.thdarimi.in. All Rights Reserved. Designed by zainso