Thoughts & Arts
Image

വലിയ്യുല്ലാഹി നന്തിയിൽ മുസ്ലിയാർ: ഒർമ്മകളുടെ സുഗന്ധം.

31-07-2021

Web Design

15 Comments


മർഹൂം നന്തിയിൽ മുഹമ്മദ് മുസ്ലിയാർ(റ) എന്ന യോഗിയുടെ ഓർമ്മകൾ വീണ്ടും മനതാരിലുയരുമ്പോൾ അതിരുകൾ ഭേതിച്ച് പുറത്തേക്ക് വമിക്കുന്നത് നൻമകളുടെ സുഗന്ധവും സൗരഭ്യവുമാണ്. ശ്രേഷ്ഠതകളുടെ തൊട്ടിലിലേക്കുള്ള ജനനം, ആത്മീയതയുടെ ഓരം പറ്റിയുള്ള ചുവടുവെയ്പ്പ്, മഹോന്നതമായ ജീവിതമൂല്യങ്ങളെ അണച്ചുനിറുത്തിയ ജീവിതം, നിഷ്കാമമായ സേവനം, അതുല്യവും അനന്യവുമായ സമർപ്പണം, വ്യതിരിക്തമായ നീക്കിവെപ്പ് എന്നിവയെല്ലാം ചേർന്നു നിന്ന ആ ജീവിതത്തിലേക്ക് എത്തിനോക്കുമ്പോൾ മനസ്സ് പറഞ്ഞു പോകും; റഹ്മത്തുല്ലാഹി അലൈഹി എന്ന്. ആ ജീവിതം കണ്ടും കേട്ടും വീണ്ടും ഓർമകളിലേക്ക് മുങ്ങുമ്പോൾ നമുക്കു മുമ്പിൽ തെളിയുന്ന ജീവിതം അത്രക്കും സംതൃപ്തവും സമ്പന്നവുമായിരുന്നു.



പാലക്കാട് ജില്ലയിലെ ചെർപ്പുളശേരിക്കടുത്ത് ഇരുമ്പാലശേരിയിൽ 1934 ഒക്ടോബറിൽ മഹാനവർകൾ ജനിച്ചു വീഴുന്നതു തന്നെ ശ്രേഷ്ടമായ ഒരു കുടുംബത്തിലക്കാണ്. സച്ചരിതനായ കുഞ്ഞഹമ്മദ് മുസ്ലിയാരുടെയും സച്ചരിതയായ ഫാത്വിമയുടെയും പൂർണ്ണമായും ഇസ്ലാമിക പാരമ്പര്യം നിറഞ്ഞുനിൽക്കുന്ന കുടുംബത്തിലേക്ക്. മുഹമ്മദ് മുസ്ലിയാർ, അബ്ദു മുസ്ലിയാർ, ഹംസ മുസ്ലിയാർ, ഉമർ മുസലിയാർ, അബൂബക്കർ മുസ്ലിയാർ എന്നിങ്ങനെ പണ്ഡിതൻമാർ നിറഞ്ഞുനിൽക്കുന്ന കുടുംബം. അവിടെ പിന്നെ മുഹമ്മദ് മുസ്ലിയാർക്ക് ജീവിത വഴി വേറിട്ട് കാണിച്ചു കൊടുക്കേണ്ടതുണ്ടായിരുന്നില്ല. മപ്പാട്ടുകരയിലെ മമ്മദ് മുസ്ലിയാരുടെ ദർസിൽ ചേർന്ന് മഹാനവർകൾ ദീനീ ഉലൂമുകളുടെ തോപ്പിലേക്കു കടന്നു. അതു കഴിഞ്ഞ് താനൂർ നന്നമ്പ്ര സ്വദേശി സെയ്താലി മുസ്ലിയാരുടെ ദർസിലെത്തി. നീണ്ട എട്ടു വർഷത്തെ പഠനത്തോടെ അറിവിന്റെയും തസ്കിയ്യത്തിന്റെയും വേറിട്ട വഴിയിലെത്തിയ അദ്ദേഹം പിന്നെ എത്തുന്നത് അക്കാലത്തെ വലിയ പണ്ഡിതനും സ്വൂഫീ വര്യനുമായിരുന്ന താഴെക്കോട് കുഞ്ഞലവി മുസ്ലിയാരുടെ ശിക്ഷണത്തിലേക്കാണ്. അതോടെ അക്കാലത്തെ ഏറ്റവും വലിയ അറിവിന്റെ സംഗരത്തിനു മുമ്പിലെത്തുകയായിരുന്നു മഹാനവർകൾ.



കേരളത്തിലെ ഏറ്റവും പ്രധാനപ്പെട്ട ഗുരുകുലങ്ങളിൽ വെച്ചായിരുന്നു അക്കാലത്ത് പഠനം പൂർത്തിയാക്കുന്നതും സനദ് ലഭിക്കുന്നതും. അതിൽ ഒന്നാം സ്ഥാനത്ത് മലബാറിലെ മക്കയായ പൊന്നാനിയിലെ കഅ്ബയായ വലിയ പള്ളിയിലെ മഖ്ദൂമുമാരുടെ വിളക്കത്തായിരുന്നു. രണ്ടാമത്തേത് രണ്ടാം പൊന്നാനി എന്നറിയപ്പെടുന്ന ചാലിയത്തെ ഒ കെ സൈനുദ്ദീൻ മുസ്ലിയാരുടെ ദർസും. നന്തിയിൽ മുസ്ലിയാർ ചാലിയത്തെയായിരുന്നു തെരഞ്ഞെടുത്തത്. അതിനിപുണരായിരുന്ന സൈനുൽ ഉലമാ ചെറുശേരി ഉസ്താദിനെ പോലുള്ള മുതഅല്ലിമുകൾ അവിടെ പഠിക്കുന്നുണ്ടായിരുന്നു. അവിടെ ചേർന്നു പഠനം തുടങ്ങിയതോടെ അതികായൻമാരായ പണ്ഡിതൻമാരുടെ ദർസുകളിൽ നിന്നും ലഭിച്ച അറിവിന്റെ വ്യാപ്തിയും ആഴവും പുതിയ അകലങ്ങളിലേക്ക് വളരുകയായിരുന്നു. ഹദീസിന്റെയും മൻഥിഖിന്റെയും മറ്റു മഅ്‌ഖൂലാത്തുകളുടെയും പുതിയ ഒരു ലോകം തന്നെ അവിടെ നിന്ന് അദ്ദേഹം കീഴടക്കി. അതേ ദർസിൽ വെച്ചു തന്നെ ഒ കെ ഉസ്താദ് അദ്ദേഹത്തെ കൈപിടിച്ച് ഒരു ഉസ്താദിന്റെ സിംഹാസനത്തിൽ പിടിച്ചിരുത്തുക വരെ ഉണ്ടായി. ആ ദർസിൽ അദ്ദേഹം അൽഫിയ്യയുടെ പ്രത്യേക ഉസ്താദായിരുന്നു എന്ന് അവിടെ അന്ന് പഠിച്ചിരുന്ന മർഹും സൈദ് മുഹമ്മദ് നിസാമി സാക്ഷ്യപ്പെടുത്തുന്നുണ്ട്. നന്തിയിൽ മുസ്ലിയാരുടെ മുദരിസായി കൊണ്ടുള്ള സേവനം ആരംഭിക്കുന്നത് ചാലിയത്തു വെച്ചാണ് എന്ന് ചുരുക്കം.



ഇത്രയും വലിയ നേട്ടങ്ങളുടെ പുകളുമായാണ് മഹാനവർകൾ സേവനജീവിതത്തിലേക്കിറങ്ങിയത് എന്നു പറയുന്നത് അദ്ദേഹം നടത്തിയ സേവനങ്ങളുടെ പ്രത്യകത കുറിക്കുവാനാണ്. ഇത് ആ ജീവിതത്തിന്റെ ഒരേയൊരു ഭാഗം. മറ്റൊരു ഭാഗം ആത്മീയതയുടെ കുന്തിരിക്കം മണക്കുന്നതാണ്. സർവ്വാംഗീകൃതനായ ഒരു തികഞ്ഞ സ്വൂഫീവര്യനായിരുന്നു മഹാനവർകൾ. ആ ആത്മീയ ജീവിതം നാം കണ്ടു തുടങ്ങുന്നത് കുട്ടിയായിരിക്കെ തന്റെ വീട്ടിൽ വന്ന അക്കാലത്തെയും അന്നാട്ടിലെയും വലിയ്യായിരുന്നു പാടൂർ കുഞ്ഞീൻ മുസ്ലിയാരുടെ മനസ്സിൽ നിന്നാണ്. അവരുടെ വീട്ടിൽ വന്ന കുഞ്ഞീൻ മുസ്ലിയാർ ഈ കുട്ടിയിൽ നൻമയുടെ മഹാലക്ഷണങ്ങൾ കണ്ടു. അരികിലേക്ക് അണച്ചു നിറുത്തി അന്ന് അദ്ദേഹം പറഞ്ഞുവത്രെ, നീ ഭാവിയിൽ ജനങ്ങൾക്ക് ഒരു തണൽ മരമാകും എന്ന്. അതു ഫലിച്ചു. ആ വടവൃക്ഷം വിവിധ ദർസുകളിൽ വളർന്നു വരുമ്പോൾ അദ്ദേഹം ഒരു സ്വൂഫീ മുതഅല്ലിമായിരുന്നു. കളിച്ചിരികളിൽ നിന്നകന്ന് കിതാബിൽ നിന്ന് തലയുയർത്തുന്ന സമയമെല്ലാം ദിക്റിലും ഫിക്റിലുമായി ഏകാന്തതയിൽ അലിഞ്ഞലിയുന്ന ജീവിതം. വളരെ ചെറുപ്പത്തിൽ തന്നെ ഖാദിരിയ്യ, രിഫാഇയ്യ ത്വരീഖത്തുകളുടെ വഴിയിൽ എത്തിയിരുന്നു മഹാൻ. അതിന്റെ നിറവും മണവും ഗുണവും ആ ജീവിതം പടിയിറങ്ങും വരെ ഒപ്പമുണ്ടായിരുന്നു എന്ന് അദ്ദേഹത്തെ അറിയുന്ന ആരും പറയും.



മഹാനവർകളുടെ സേവന ജീവിതം രണ്ടായി തിരിയുന്നുണ്ട്. ഒന്നാമത്തേത് ഖാളിയും മുദർരി സുമെല്ലാമായിക്കൊണ്ടുള്ള സേവന ജീവിതം. ഇത് വളരെ പ്രൗഢമായിട്ടായിരുന്നു തുടക്കം കുറിക്കപ്പെട്ടത്. കാരണം മുസ്ലിം കേരളം ഏറെ കടപ്പെട്ടിരിക്കുന്ന മഹാപൺഡിതൻ ഒ കെ ഉസ്താദ് സ്വന്തം ദർസിൽ വെച്ചായിരുന്നു ഇജാസത്ത് നൽകി അദ്ദേഹത്തെ ചില സബ്ഖുകൾ ഏൽപ്പിച്ചത്. നഹ്‌വിലെ അൽഫിയയായിരുന്നു മഹാനവർകളുടെ ഇഷ്ടവിഷയം. അദ്ദേഹത്തിന്റെ അൽഫിയ ദർസിൽ ശിഷ്യരല്ലാത്തവർ പോലും പങ്കെടുക്കുന്നത് പതിവായിരുന്നു. അദ്ദേഹത്തിന്റെ ആ അനുഗ്രഹീതമായ വൈജ്ഞാനിക സദസ്സിൽ മർഹൂം വടകര മമ്മദാജി തങ്ങൾ വരെ പങ്കെടുത്തിട്ടുണ്ട്. അദ്ദേഹത്തിന്റെ ശിഷ്യഗണങ്ങൾ എപ്പോഴും അഭിമാനത്തോടെ അനുസ്മരിക്കും, ആ ദർ സിന്റെ മഹത്വങ്ങൾ. അഘാതമായ അറിവുകളെ സരളമാക്കി അവതരിപ്പിക്കുന്നതിൽ അദ്ദേഹത്തിന് വലിയ സാമർഥ്യമുണ്ടായിരുന്നു. ചാലിയത്തു നിന്ന് തഹ്‌സ്വീൽ സ്വീകരിച്ച് പിന്നെ പളളിക്കരയിൽ ചെറിയ ഒരു ഇടവേളയിൽ മുദർരിസായി. പിന്നെ നന്തിയിലെത്തി. അവിടെ വെച്ചായിരുന്നു ആ മഹദ് സേവന ജീവിതം പുഷ്പിച്ചതും സൗരഭ്യം വിതറിയതും നാടും പ്രദേശവും സർവോപരി സത്യവിശ്വാസികളുടെ മനോമുകരവും നന്തിയിൽ മുസ്ലിയാരാൽ നിറഞ്ഞതും.



ജ്യേഷ്ഠ സഹോദരൻ ഹംസ മുസ്ലിയാരുടെ പകരമായിട്ടായിരുന്നു മഹാനവർകൾ നന്തി ജുമുഅ മസ്ജിദിൽ മുദർരിസായി എത്തിയത്. ധാരാളം മുതഅല്ലിമുകൾ ആ ദർസിൽ ഉണ്ടായിരുന്നു. അതിനു പുറമെ നാട്ടുകാരായ ധാരാളം വിദ്യാർഥികളും ഉണ്ടായിരുന്നു. ഇൽമിന്റെ പ്രഭയും സ്വരവും നന്തിയിലെ ലൈറ്റ് ഹൗസിനും മുകളിലെ വിതാനങ്ങളിലേക്ക് ഉയർന്നു തുടരുമ്പോൾ അവിടെ അല്ലാഹുവിന്റെ ഒരു ഖളാഅ് രൂപപ്പെടുകയായിരുന്നു. ഭൂമിയിൽ അറബിക്കടലോരത്ത് അറിവിന്റെ മറ്റൊരു തീരം ഉയർന്നു വരാനുളള ഖളാഅ്. സ്വഹാബിമാരുടെ ജ്ഞാന യാനങ്ങൾ നങ്കൂരമിട്ട കൊയിലാണ്ടി കൊല്ലത്തിനും കുഞ്ഞാലിമരക്കാർമാർ പങ്കായമെടുത്തിറങ്ങിയ തിക്കോടിക്കും ഇടയിൽ മറ്റൊരു അറിവിന്റെ തീരം. കാരണം, ആ പ്രഭയാണല്ലോ പിന്നീട് ദാറുസ്സലാം എന്ന വിളക്കുമാടമായി ഉയർന്നത്.



ആ ഖളാഅ് ഉരുത്തിരിഞ്ഞു വന്നത് പിന്നെ അതിവേഗമായിരുന്നു. അതിന്റെ ആദ്യ ച്ചവട് നന്തിയിൽ ജുമാ മസ്ജിദ് അതിവേഗം ഒരു കേന്ദ്രമായിത്തീർന്നുകൊണ്ടായിരുന്നു. ജനങ്ങൾ അതിനെ ഒരു കേന്ദ്രമായി കണ്ടു തുടങ്ങുക വഴി അതു സാധ്യമായി. അതിനു വഴി തെളിഞ്ഞത് മഹാനവർകളുടെ ചികിൽസ വഴി ആയിരുന്നു. അപ്പോഴേക്കും മഹാനവർകൾ ഒരു ചികിത്സകനായി പ്രശസ്തനായിക്കഴിഞ്ഞിരുന്നു. മഹാനവർകളുടെ ചികിൽസയുടെ ഖ്യാതി പരക്കുവാൻ സൂക്ഷ്മമായി നിരീക്ഷിക്കുമ്പോൾ ഒരു പ്രധാന കാരണമുണ്ട്. അദ്ദേഹത്തിന്റെ ചികിത്സ ഏറെ ഫലപ്പെട്ടിരുന്നത് പ്രധാനമായും രണ്ട് കാര്യങ്ങൾക്കായിരുന്നു. അപസ്മാരത്തിനും വിഷബാധക്കുമായിരുന്നു അത്. അപസ്മാരം പൊതുവെ വളരെ സജീർണ്ണമായ ഒരു അസുഖമാണ്. അത് ഏറെ പ്രകടമാകുന്നത് കുട്ടിക്കാലത്താണുതാനും. അലോപ്പതിയടക്കം ചികിത്സാ വിധികളിലൊക്കെ അപസ്മാരം കുറച്ചു പ്രയാസം പിടിച്ച അസുഖമാണ്. കുട്ടികൾക്ക് അപസ്മാരം ബാധിക്കുന്നതോടെ മാതാപിതാക്കൾ ഏറെ അസ്വസ്ഥരായിത്തീരും. അതിനാൽ ആ അസുഖത്തിന് പെട്ടന്ന് ശമനം ലഭിക്കുമ്പോൾ അത് വേഗം സമൂഹത്തിൽ പ്രചരിക്കും. അങ്ങനെയാണ് നന്തിയിൽ മുസ്ലിയാർ അതിവേഗം പ്രചുരപ്രചാരം നേടിയത്.



രണ്ടാമത്തേത് വിഷ ചികിത്സയായിരുന്നു. ജീവിതത്തിനും മരണത്തിനുമിടയിലുള്ള നൂൽപ്പാലത്തിലായിരിക്കും വിഷബാധയേറ്റയാൾ. കനത്ത ആശങ്കയും ഭയവും ഉദ്വേഗവും തളം കെട്ടി നിൽക്കുന്ന ആ സമയത്ത് ലഭ്യമാകുന്ന ചികിത്സയും അതു ചെയ്യുന്ന വിഷഹാരിയും പെട്ടെന്ന് സമൂഹത്തിന്റെ മനസ്സിൽ പതിയും. സുമ്മിന്റെ ചികിത്സയിൽ ഏറെ പ്രശസ്തനായിരുന്നു മർഹൂം നന്തിയിൽ മുസ്ലിയാർ. സുമ്മിന്റെ ഇജാസത്ത് മഹാനവർകൾക്ക് ലഭിച്ചത് വലിയ്യുല്ലാഹി പാടൂർ കുഞ്ഞീൻ മുസ്ലിയാരിൽ നിന്നായിരുന്നു. ജീവിതത്തിൽ മഹാനവർകൾ ആദ്യം സ്വീകരിച്ച ആത്മീയ ഗുരുവായിരുന്നുവല്ലോ മർഹൂം പാടൂർ കുഞ്ഞീൻ മുസ്ലിയാർ. ഇങ്ങനെ നന്തി എന്ന പ്രദേശം ഉമ്മത്തിന്റെ ശ്രദ്ധാകേന്ദ്രമായി മാറി. ഇതോടെ തിരക്ക് വർധിച്ചു. കൃത്യമായ രീതിയിൽ തന്റെ ശിഷ്യരെയും തന്നെത്തേടി വരുന്ന ചികിത്സാർഥികളെയും ഒരേ പോലെ പരിഗണിക്കുവാൻ കഴിയാതെ വന്നപ്പോൾ ദർസിന്റെ പകുതിഭാരം മഹാനവർകൾ കോട്ടക്കൽ അബൂബക്കർ മുസ്ലിയാരെ ഏൽപ്പിച്ചു. സൂക്ഷിച്ചു നോക്കിയാൽ നമുക്ക് ഈ നീക്കത്തിൽ ഒരു ദാറുസ്സലാം രൂപപ്പെട്ടുവരുന്നതായി കാണാം.



സേവന ജീവിതത്തിന്റെ രണ്ടാം ഭാഗം ചികിത്സയുടേതാണ്. എല്ലാ തരം ചികിത്സയും ചെയ്യുന്ന ആളായിരുന്നു മഹാനവർകൾ. റുഖിയ്യ ശറഇയ്യ, ത്വൽസമാത്ത്, ആയുർവേദം, നാട്ടുവൈദ്യം തുടങ്ങി എല്ലാ ശാഖകളും സമ്മേളിച്ച ഒരു സംശുദ്ധനായ ചികിത്സാരി. ചകിൽസകളെ കുറിച്ചുളള ചിന്ത കുട്ടിക്കാലം മുതലേ അദ്ദേഹത്തിലുണ്ടായിരുന്നു. അതോടൊപ്പം കുട്ടിക്കാലം മുതലേ ദിക്റും ഔറാദും ഏകാന്തതയിലടഞ്ഞ ജീവിതവുമെല്ലാം ആ ജീവിതത്തിന്റെ താളവുമായിരുന്നു. ചാലിയത്തെത്തുമ്പോൾ ഒ കെ ഉസ്താദ് തന്നെ അസ്മാഉം ത്വൽസമാത്തും പഠിപ്പിച്ചു കൊടുക്കുകയും ചെയ്തു. ഇവയെല്ലാം കത്തിച്ചു വെച്ച വൈദ്യവിചാരം ആഴമുള്ള അദ്ദേഹത്തിന്റെ അറിവും ശക്തിയുള്ള മനനശേഷിയും തട്ടി വളർന്നു വളർന്നായിരുന്നു അദ്ദേഹം വൈദ്യത്തിന്റെ പ്രശസ്തിയിലേക്ക് വളർന്നതും ഉയർന്നതും. ഈ പ്രശസ്തിക്ക് നന്തി എന്ന ഗ്രാമം പശ്ചാതലമായപ്പോൾ മഹാനവർകൾ നന്തിയെ സ്വാംശീകരിച്ചു. അങ്ങനെയാണ് നന്തിയിലെ പൗര പ്രധാനിയായ അബ്ദുല്ലക്കുട്ടി ഹാജിയുടെ മകൾ ആയിഷ തന്റെ ജീവിത പങ്കാളിയായതും ലൈറ്റ് ഹൗസിനടുത്തെ റഹ്മത്ത് മൻസിൽ തന്റെ ഭവനവും തന്നെ തേടി വരുന്നവരുടെ ആശാലയുമായത്.



ഇൽമുമായും ഉലമാക്കളുമായും അഭേദ്യമായ ബന്ധം മഹാനവർകളിൽ വളർന്നുവന്നു. ശൈഖുനാ ശംസുൽ ഉലമാ, മർഹൂം കോട്ടുമല ഉസ്താദ്, സയ്യിദുമർ ബാഫഖി തങ്ങൾ, പാണക്കാട് സാദാത്തീങ്ങൾ തുടങ്ങി എല്ലാ ഉന്നത ശീർഷരുമായി വളരെ അടുത്ത ബന്ധം തന്നെയാണുണ്ടായിരുന്നത്. ഈ ബന്ധങ്ങളുടെ സ്വാധീനം കാരണവും താൻ ചികിത്സയിലേക്ക് മുഴുവനായും തിരിഞ്ഞതോടെ നന്തിയിലെ പള്ളിയിലെ ദർസ് കാര്യക്ഷമമായി നടക്കാതെ വന്നതു കാരണവും ക്യാന്റീൻ സൗകര്യത്തോടെ ഒരു ദർസ് സ്ഥാപന രൂപത്തിൽ സ്ഥാപനം ഉണ്ടാക്കുക എന്ന ആശയം ആദ്യം ഉയർന്നതും മഹാനവർകളുടെ താൽപര്യമായിരുന്നു. മഹാനവർകളെ അതിരറ്റു സ്നേഹിക്കുന്ന നന്തിയിലെയും സമീപപ്രദേശത്തെയും ജനത ആ താൽപര്യത്തെ നെഞ്ചേറ്റു. അതായിരുന്നു നന്തി ജാമിഅ ദാറുസ്സലാമിന്റെ തുടക്കം. 1976 ൽ ദാറുസ്സലാം പിറന്നു. അതിന്റെ സ്ഥാപകനും മാനേജറും രക്ഷാകർത്താവും എല്ലാമായിരുന്നു മഹാനായ നന്തിയിൽ മുഹമ്മദ് മുസ്ലിയാർ. തഖ്വയിൽ അസ്ഥിവാരമിടപ്പെട്ട ദാറുസ്സലാം പിന്നെ അനസ്യൂതം വളർന്നു.



ഇഖ്ലാസ്വും തഖ് വയും സമജ്ജസമായി ചേർന്ന ആ ജീവിതത്തിന്റെ നിത്യസ്മാരകമാണ് നന്തി ജാമിഅ ദാറുസ്സലാം. ദാറുസ്സലാം പിറക്കുമ്പോൾ അതിന്റെ പിന്നണിയിലുണ്ടായിരുന്നവർക്കെല്ലാം ഒരു ഊഹമുണ്ടായിരുന്നു, ഇത്രയും വലിയ ഒരു പദ്ധതിക്കു വേണ്ട എന്തെങ്കിലും കനപ്പെട്ട നീക്കിയിരിപ്പ് മുസ്ലിയാരുടെ മടിശ്ശീലയിൽ കാണുമെന്ന്. അതാർക്കും അദ്ദേഹത്തോട് ചോദിക്കാൻ മാത്രം ധൈര്യമുണ്ടായിരുന്നില്ല. എന്നാൽ മർഹൂം കോട്ടുമല ഉസ്താദിന് ധൈര്യമുണ്ടായി. അദ്ദേഹമായിരുന്നുവല്ലോ ദാറുസ്സലാമിന്റെ പ്രഥമ പ്രിൻസിപ്പാൾ. അദ്ദേഹം അത് മുസ്ലിയാരോട് തുറന്നു ചോദിച്ചു. അതു കേട്ട മഹാനവർകൾ, അതെ കോളജിനെ മുന്നോട്ടു കൊണ്ടുപോകുവാൻ കനപ്പെട്ട ചിലത് ഞാൻ കരുതിവെച്ചിട്ടുണ്ട്, അതുപക്ഷെ, താങ്കൾ കരുതും പോലെ പണമല്ല, ഇഖ്ലാസ്വാണ് എന്നായിരുന്നു മറുപടിയായി പറഞ്ഞത്. മുസ്ലിയാരുടെ ഇഖ്ലാസ് മാത്രമാണ് ദാറുസ്സലാമിന്റെ മൂലധനം എന്ന് ശംസുൽ ഉലമാ ഒരിക്കൽ പറയുകയുണ്ടായി. നല്ല ഇഖ്ലാസ്വോടെ നിയ്യത്ത് നന്നാക്കി സ്ഥാപിക്കുക, ഒപ്പം തന്നെ ലോകോത്തര നിലവാരത്തിലേക്ക് ഉയർത്തി ലോകത്തെ ആകർഷിച്ച് സ്ഥാപനത്തെ നയിക്കുക എന്നതായിരുന്നു മഹാനവർകളുടെ പദ്ധതി. ആരു കൊണ്ടു തന്നെ അതു വിജയിച്ചു.



1978-ൽ ശംസുൽ ഉലമാ ജാമിഅ നൂരിയ്യയിൽ നിന്നും പിരിയുന്ന കാര്യമറിഞ്ഞ് മുസ്ലിയാർ ശൈഖുനായെ സമീപിച്ച് ദാറുസ്സലാമിലേക്ക് ക്ഷണിച്ചു. ജാമിഅയിൽ നിന്ന് പിരിഞ്ഞ് നേരെ നന്തിയിലേക്ക് വരുമ്പോൾ ചില തെറ്റുധാരണകൾ ഉണ്ടാവാം എന്നത് മുന്നിൽ കണ്ട് പട്ടിക്കാട് നിന്ന് പൂച്ചക്കാട് പോയി ഒരു വർഷം കഴിഞ്ഞായിരുന്നു ശൈഖുനാ ന ന്തിയിലെത്തിയത്. അതോടെ ദാറുസ്സലാം പൊന്നായി. ബാനിയുടെ ഇഖ്‌ലാസിന്റെ ഓജസ്സും ഖാഇദിന്റെ തേജസ്സും ചേർന്നതോടെ ദറുസ്സലാമും ദാറുസ്സലാമിന്റെ മക്കളും ലോകോത്തര ശ്രദ്ധയിലേക്കുയർന്നു. അങ്ങനെയാണ് ജാമിഅ ദാറുസ്സലാം നന്തിയിൽ മുസ്ലിയാരുടെ നിത്യസ്മാരകമായി മാറിയത്.



ആഴമുള്ള അറിവ്, തഖ് വയുള്ള ജീവിതച്ചുവടുകൾ, തലതാഴ്ത്തിപ്പിടച്ചു നടക്കുന്ന വിനയം, കണ്ടവരോടെല്ലാം പുഞ്ചിരിക്കുന്ന മുഖം, ഇഖ്ലാസിന് നൽകുന്ന പരിഗണന, നൻമയോടുള്ള അഭിവാജ്ഞ, എല്ലാ വിധം ജനങ്ങളിലേക്കും തുറന്നു വെച്ച സ്നേഹം, അറ്റമില്ലാത്ത ഔതാര്യം, മഹിതമായ സേവനം തുടങ്ങി അഭിമാന ഗുണങ്ങളുടെ പര്യായമായി എന്നും നമ്മുടെ മനസ്സികളിൽ മർഹൂം നന്തിയിൽ മുസ്ലിയാർ (റ) നിറഞ്ഞുനിൽക്കും, തീർച്ച.



അല്ലാഹുവേ, മഹാനുഭവന് നീ നിന്റെ ജന്നത്തും മിന്നത്തും നൽകേണമേ, ആമീൻ

ടി എച്ച് ദാരിമി
www.thdarimi.in

0 Comments

No comments yet.

Leave a Comment

© www.thdarimi.in. All Rights Reserved. Designed by zainso