
.jpeg)
വിരിയട്ടെ, നമുക്കിടയിൽ സ്നേഹപ്പൂക്കൾ
29-05-2024
Web Design
15 Comments
വെള്ളിത്തെളിച്ചം
ടി എച്ച് ദാരിമി
പ്രമുഖ താബിഈ വര്യൻ മാലിക് ബിൻ ദിനാറിന്റെ വീട്ടിൽ രാത്രി കള്ളൻ കയറി. രാത്രിയുടെ അവസാന യാമത്തിലെ പ്രാർത്ഥനയിൽ മുഴുകിയിരിക്കുകയായിരുന്നു അദ്ദേഹം. അരിച്ചു പെറുക്കിയിട്ടും ആ വീട്ടിൽ നിന്ന് കള്ളന് ഒന്നും കയ്യിൽ കിട്ടിയില്ല. അത്രയും ദരിദ്രമായിരുന്നു വീടകം. കുറെ കഴിഞ്ഞപ്പോൾ കള്ളനും മാലിക് ബിൻ ദിനാറും മുഖാമുഖം കണ്ടുമുട്ടി. ഒട്ടും വെപ്രാളമില്ലാതെ ശാന്തമായി അദ്ദേഹം അവനോട് ചോദിച്ചു, 'ദുനിയാവിന് വേണ്ട വിഭവം ഒന്നും കയ്യിൽ കിട്ടിയില്ല അല്ലേ, എങ്കിൽ അതിനപ്പുറത്തേക്ക് വേണ്ടത് വല്ലതും വേണോ' എന്ന്. അത്തരം ഒരു സാഹചര്യത്തിൽ അത്തരം ഒരാളിൽ നിന്ന് ഉണ്ടായ അത്തരം ഒരു ചോദ്യം കള്ളന്റെ മനസ്സിനെ പിടിച്ചുനിർത്തി. അദ്ദേഹം തലതാഴ്ത്തി ഒരു നിമിഷം നിന്നു. അതെ എന്ന് പറയുന്നതിനു പകരം ഉള്ള ഒരു പ്രകടനം ആയിരുന്നു ആ നിറുത്തം. ഭവ്യതയോടെ അയാൾ മാലിക് ബിൻ ദീനാറിന്റെ മുമ്പിൽ ഇരുന്നു. മഹാനവർകളുടെ ഉപദേശങ്ങൾ പെയ്തിറങ്ങി ത്തുടങ്ങി. ഓരോ വാചകങ്ങളും അതിലെ ആശയങ്ങളും ആ മോഷ്ടാവിനെ ഖേദത്തിലേക്ക് തള്ളിത്തള്ളി കൊണ്ടുപോയി. കണ്ണുകൾ സജലങ്ങളായി. പശ്ചാതാപ വിവശനായി കൊണ്ടായിരുന്നു ആ ഫജിറിനെ മോഷ്ടാവ് സ്വീകരിച്ചത്. പ്രഭാത നിസ്കാരത്തിനു വേണ്ടി മാലിക് ബിൻ ദീനാർ പള്ളിയിലേക്ക് പോകുമ്പോൾ ഒപ്പം അയാളും ഉണ്ടായിരുന്നു. അയാൾ ആ നാട്ടിൽ കുപ്രസിദ്ധനായിരുന്നു. അയാളെ അറിയാത്തവരും വെറുക്കാത്തവരും ആയി ആരുമുണ്ടായിരുന്നില്ല. മോഷണം അയാളുടെ വ്യക്തിത്വത്തിൽ അത്രമേൽ വലിയ മുദ്ര ചാർത്തിയിരുന്നു. ഇമാമിനോടൊപ്പം അയാൾ പള്ളിയിലേക്ക് വരുന്നത് കാണുമ്പോൾ തന്നെ വിശ്വാസികളുടെ നെറ്റികളിൽ ചുളിവുകൾ വീണതായിരുന്നു. നിസ്കാരം കഴിഞ്ഞതും അവർ ഇങ്ങനെ ഗദ്ഗതം ചെയ്യാൻ തുടങ്ങി, 'സുബ്ഹാനള്ളാ ഏറ്റവും വലിയ പണ്ഡിതന്റെ കൂട്ട് ഏറ്റവും വലിയ കള്ളനോ' എന്ന്. അവരുടെ ഗദ്ഗതം ആ മഹാൻ കേട്ടു. അവരുടെ മുഖത്തെ ആശ്ചര്യം അദ്ദേഹം കണ്ടു. എല്ലാം തീർത്തുകൊണ്ട് അദ്ദേഹം പറഞ്ഞു: 'ഇയാൾ നമ്മുടെ വീട്ടിനുള്ളിലെ സാധനങ്ങൾ മോഷ്ടിക്കാൻ വേണ്ടി വന്നതായിരുന്നു. അയാൾക്കൊന്നും കിട്ടിയില്ല. അപ്പോൾ നാം അയാളുടെ ശരീരത്തിനുള്ളിലെ മനസ്സിനെ കട്ടെടുത്തു. മാലിക് ബിൻ ദീനാർ ഇവിടെ സ്നേഹം എന്ന വികാരം കൊണ്ട് ആ മോഷ്ടാവിനെ കഴുകിയെടുക്കുകയായിരുന്നു. സ്നേഹത്തിൽ പൊതിഞ്ഞ ആ സമീപനം ആണ് അയാൾക്ക് തിരിച്ചറിവായത്. സ്നേഹം നമുക്ക് മതവും പ്രബോധന രീതിയും മാർഗ്ഗവുമാണ്.
1189 മുതൽ 1192 വരെ നടന്ന രക്തരൂക്ഷിതമായ യുദ്ധം ആയിരുന്നു മൂന്നാം കുരിശുയുദ്ധം. ഫ്രാൻസിലെ അഗസ്തസായിരുന്ന ഫിലിപ്പ് രണ്ടാമനും റോമൻ ചക്രവർത്തിയായിരുന്ന ഫെഡറിക് ബാർബറോസയും ഇംഗ്ലണ്ടിലെ രാജാവായിരുന്ന റിച്ചാർഡ് ഒന്നാമനും ചേർന്നായിരുന്നു കുരിശുപടയെ നയിച്ചിരുന്നത്. അതുകൊണ്ട് ചരിത്രം മൂന്നാം കുരിശുയുദ്ധത്തെ രാജാക്കൻമാരുടെ യുദ്ധം എന്നു വിളിക്കാറുണ്ട്. എതിർപക്ഷത്ത് മുസ്ലിം സേനയെ നയിച്ചിരുന്നത് ഇസ്ലാമിക ചരിത്രത്തിലെ ഏറ്റവും ബുദ്ധിമാനും ശക്തനും ആയിരുന്ന സുൽത്താൻ സലാഹുദ്ദീൻ അയ്യൂബി ആയിരുന്നു. യുദ്ധം തുടങ്ങി. അതിനിടയിൽ സലാഹുദ്ദീൻ അയ്യൂബി ഒരു വിവരം കേട്ടു. സിംഹഹൃദയൻ എന്ന് വിളിക്കപ്പെടുന്ന പരുക്കൻ പടയാളിയും രാജാവുമായിരുന്ന റിച്ചാർഡ് ഒന്നാമൻ സുഖമില്ലാതെ കിടക്കുകയാണ് എന്ന്. ഉടനെ സലാഹുദ്ദീൻ അയ്യൂബി തൻ്റെ ദൂതനെ റിച്ചാർഡിനു വേണ്ട പഴങ്ങളും വൈദ്യസഹായവും കൊണ്ട് പറഞ്ഞയച്ചു. എതിർ നിരയിലെ പോരാളികളുടെ നേതാവിന് അസുഖം വരുമ്പോൾ യുദ്ധക്കളത്തിൽ വച്ചുതന്നെ പഴങ്ങളും സമ്മാനങ്ങളും വൈദ്യസഹായവും നൽകുന്നത് അന്നത്തെ കാലത്തും എന്നത്തെക്കാലത്തും കൗതുകമുള്ള കാഴ്ച്ചയായിരുന്നു. സലാഹുദ്ദീന്റെ സമ്മാനത്തിൽ സ്നേഹമല്ലാതെ മറ്റൊന്നും ചേർന്നിരിക്കില്ല എന്ന് ശത്രുക്കളുടെ നേതാവായ റിച്ചാർഡിന് പോലും ഉറപ്പായിരുന്നു. അതിനാൽ അദ്ദേഹം അതെല്ലാം സന്തോഷം സ്വീകരിച്ചു. ആരോഗ്യവാനായി തിരിച്ചെത്തിയ റിച്ചാർഡ് വീണ്ടും യുദ്ധം തുടങ്ങി. യുദ്ധത്തിനിടെ റിച്ചാർഡിന് ഒരു വേള കുതിര നഷ്ടപ്പെട്ടപ്പോൾ രണ്ട് കുതിരകളെ നൽകി സലാഹുദ്ദീൻ അയ്യൂബി വീണ്ടും ലോകത്തെ ഞെട്ടിച്ചു. ശത്രുതയുടെ ഇടമറ തകർത്തു അവിടെ സ്നേഹ മറ ഉയർത്തുവാൻ കഴിഞ്ഞ ഈ ദൃശ്യങ്ങൾ ലോകത്തെ സ്നേഹത്തെ സ്നേഹിക്കുന്ന എല്ലാവരും എക്കാലവും ഓർത്തുവെക്കുന്നതാണ്. ഒപ്പം ജെറൂസലം തിരിച്ചുപിടിച്ചപ്പോൾ അവർ ചെയ്ത കൊടുംക്രൂരതകൾക്ക് അതേ സ്നേഹം കാരണം പ്രതികാരം ചെയ്യാൻ മറന്നുപോയതും സലാഹുദ്ദീൻ അയ്യൂബിയുടെ തന്നെ മറ്റൊരു സ്നേഹ കാഴ്ചയും മൂന്നാം കുരിശുയുദ്ധത്തിൻ്റെ രംഗങ്ങളിൽ ഉണ്ട്. സ്നേഹം നമുക്ക് യുദ്ധവും ആയുധവും ആണ്.
ഖലീഫാ ഉമർ അങ്ങാടിയിലേക്ക് ഇറങ്ങിയിരിക്കുകയാണ്. അത് അദ്ദേഹത്തിൻ്റെ പതിവാണ്. വീട്ടിലോ ഭരണകാര്യാലയത്തിലോ വെച്ചല്ല അദ്ദേഹത്തിൻ്റെ ഭരണം. എപ്പോഴുമെപ്പോഴും ഭരണീയരുടെ കൂടെയും ഇടയിലും ആയിരിക്കും അദ്ദേഹം. അതുകൊണ്ട് ഓരോ കാര്യവും വളരെ വേഗം അറിയാൻ അദ്ദേഹത്തിന് അവസരമുണ്ടായി. അത് കൃത്യസമയത്ത് തന്നെ എല്ലാ കാര്യങ്ങൾക്കും പരിഹാരം പറയുവാനുള്ള സാഹചര്യവും ഒപ്പം ഉണ്ടാക്കി. അതുകൊണ്ടാണ് ഖലീഫ ഉമറിന്റെ ഭരണം നീതി നഷ്oമായിരുന്നു എന്ന് പറയാൻ കാരണം. അദ്ദേഹം പ്രത്യേകിച്ചൊന്നും ചെയ്തിട്ടില്ല മറിച്ച് ചെയ്യേണ്ടതെല്ലാം വൈകാതെ ചെയ്യുമായിരുന്നു എന്നതുകൊണ്ടാണ്. നമ്മുടെ നാട്ടിലെ ഭരണാധികാരികൾ ജനങ്ങൾക്കുവേണ്ടി വല്ലതുമൊക്കെ ചെയ്തേക്കാം. പക്ഷേ അതിന് ഒരുപാട് കാത്തിരിക്കേണ്ടി വരും. അതുകൊണ്ടുതന്നെയാണ് പുതിയ ഭരണാധികാരികളെയൊന്നും ആർക്കും നീതിമാന്മാർ എന്ന് വിളിക്കാൻ കഴിയാത്തത്. അങ്ങാടിയിൽ എത്തിയ ഖലീഫയുടെ കണ്ണ് ആദ്യം ഉടക്കിയത് ജനനിബിഡമായ അങ്ങാടിയിൽ ഇരുന്ന് യാചന നടത്തുന്ന ഒരു വൃദ്ധനിലായിരുന്നു. അത് ഖലീഫക്ക് അസഹ്യമായി. തൻ്റെ നാട്ടിൽ യാചന പാടില്ല എന്നത് അദ്ദേഹത്തിൻ്റെ നയവും നിയമവും ആണ്. യാചന നാഗരിക വളർച്ചയ്ക്ക് വിഘാതമാണ്. അത് സമൂഹത്തെ രണ്ട് തട്ടിലാക്കും എന്ന് മാത്രമല്ല വ്യക്തികളിൽ മടി ഉണ്ടാക്കുകയും ചെയ്യും. ജോലിചെയ്യാൻ കഴിയാത്തവർക്ക് അന്നത്തിന് ഇസ്ലാമിക വ്യവസ്ഥിതിയിൽ ധാരാളം മാർഗ്ഗങ്ങൾ ഉണ്ട് എന്നതിനാൽ പ്രത്യേകിച്ചും. അദ്ദേഹം യാചകനായ വൃദ്ധന്റെ അടുക്കലേക്ക് കുതിച്ചു. 'ഇത് പാടില്ല എന്ന് താങ്കൾക്കറിയില്ലേ..' എന്ന് ഉച്ചത്തിൽ ചോദിച്ചു. നിരാശ നിറഞ്ഞ കണ്ണുകൾ ഉയർത്തി വൃദ്ധൻ പറഞ്ഞു: 'ഞാൻ ഒരു ജൂതനാണ്. അതിനാൽ ഞാൻ വർഷാവർഷം അങ്ങേക്ക് ജിസ് യ തരേണ്ടതുണ്ട്. അതിന് ഇതല്ലാതെ മറ്റൊരു മാർഗ്ഗവും എൻ്റെ മുന്നിലില്ല'. ആ വാക്കുകൾ ഖലീഫയെ ഇരുത്തി ചിന്തിപ്പിച്ചു. അദ്ദേഹം അതിവേഗം തിരിച്ചു വന്നു. പ്രമുഖരുമായി കൂടിയാലോചന നടത്തി. പിന്നെ ഇങ്ങനെ തീരുമാനിച്ചു വൃദ്ധരെ ജിസിയയുടെ പരിധിയിൽ നിന്ന് ഒഴിവാക്കിയിരിക്കുന്നു എന്ന്. സ്നേഹം നമുക്ക് രാഷ്ട്രവും രാഷ്ട്രീയവും ആണ്.
സഹയാത്രികരിൽ ആരോ ഉറുമ്പിൻകൂടിനു തീയിട്ടു. അതുകണ്ട് ഏറെ അസ്വസ്ഥനായി നബി തിരുമേനി(സ). കയറിൽ കുടുങ്ങിക്കിടന്നു ഒന്നിനും കഴിയാതെ വെറുതെ അയവിറത്ത് നിൽക്കുന്ന ഒട്ടകത്തെ ഒന്നുകൂടി നോക്കിയപ്പോൾ ആ കാഴ്ച മനസ്സിന് താങ്ങാൻ കഴിഞ്ഞില്ല. 'ആരുടേതാണ് ഈ ഒട്ടകം..' എന്ന് തിരുമേനി(സ) ആരാഞ്ഞു. ഉടമ ഭവ്യതയോടെ തിരുമുമ്പിൽ വന്നു നിന്നു. തെല്ലുയർന്ന സ്വരത്തിൽ നബി ശാസിച്ചു, 'ഹേ മനുഷ്യാ, നീ ഈ നാൽക്കാലിയുടെ കാര്യത്തിൽ അല്ലാഹുവിനെ ഭയപ്പെടുന്നില്ലേ..' ഖൈബർ യുദ്ധാനന്തരം പിടിച്ചടക്കിയ കോട്ടകളിലെ സ്ത്രീജനങ്ങളെ ഇറക്കിക്കൊണ്ടുവരുവാൻ ബിലാലി(റ)വിനെ നിയോഗിച്ചു. അദ്ദേഹം അവരെ ഇറക്കിക്കൊണ്ടുവന്നത് അവരുടെ സ്വന്തങ്ങളുടെ കബന്ധങ്ങൾ ചിതറിക്കിടക്കുന്നതിനിടയിലൂടെയായിരുന്നു. അത് നബിയെ വേദനിപ്പിച്ചു. നിൻ്റെ മനസ്സിൽ സ്നേഹകാരുണ്യങ്ങൾ ഇത്രക്ക് വറ്റിപ്പോയോ ബിലാൽ..' എന്ന് നബി(സ). ജീവൻ തന്നെ അപകടത്തിലായ ഉഹ്ദ് യുദ്ധത്തിലെ അനുഭവം ഓർമിപ്പിച്ചുകൊണ്ട്, 'അതല്ലേ അങ്ങയുടെ ജീവിതത്തിലെ ഏറ്റവും വിഷമകരമായ സന്ദർഭം..' എന്ന് പത്നി ആയിഷ ബീവി ചോദിക്കുമ്പോൾ 'അല്ല, അന്ന് തായിഫുകാരെ ഹിദായത്തിലെത്തിക്കുവാൻ കഴിയാതെ പോയതിന്റെ മനോ വിഷമമാണ് എന്ന് നബി തിരുമേനി(സ). ഇത്തരം സ്നേഹം കിനിയുന്ന ഒരുപാട് രംഗങ്ങൾ ചേർത്തുകെട്ടിയതായിരുന്നു തിരുനബിയുടെ തിരുജീവിതം എങ്കിൽ സ്നേഹം നമുക്ക് ചര്യയും സുന്നത്തുമാണ്.
സ്നേഹം തഖ്‌വയുടെ ഉള്ളടക്കമാണ്. ഇസ്ലാമിനോടും നബിയോടും ഉള്ള വിദ്വേഷത്താൽ അന്ധത ബാധിച്ച അബൂജഹലും സ്വഹാബിയായ അബൂബക്ർ(റ)വും ധരിച്ചിരുന്നത് ഒരേ പോലെയുള്ള പരമ്പരാഗത അറബി വസ്ത്രങ്ങളും പ്രൗഢിയുള്ള തലപ്പാവും ആയിരുന്നു. നബിയുടെയും നൻമയുടെയും ശത്രുവായിരുന്ന ഉമയ്യ ബിൻ ഖലഫിന്റെയും സ്വഹാബിയായ അബ്ദുല്ല ബിൻ മസ്ഊദ്(റ)വിൻ്റെയും താടികൾ ഒരേപോലെ നീണ്ടതായിരുന്നു. നബി തിരുമേനിയെ വെട്ടുവാൻ വീശിയ ഇബ്നു ഖംഅ എന്ന ആളുടെ വാളും അല്ലാഹുവിൻ്റെ ഖഡ്ഗം എന്ന അപരനാമം കിട്ടിയ ഖാലിദ് ബിൻ വലീദിൻ്റെ വാളും ഒരേ തരം വെട്ടിരുമ്പായിരുന്നു. വേഷം, ഭാവം, വസ്തു വകകൾ എന്നിവയേക്കാൾ ദീൻ എന്ന അർഥത്തെ ശരിക്കും വേർതിരിക്കുന്നത് സ്നേഹം, സൗഹൃദം, സമഭാവം, സദ്കർമ്മം, സഹായ മനസ്കത, സേവനപരത തുടങ്ങിയ തഖ്‌വായുടെ ഉള്ളടക്കമാണ് എന്നു ചുരുക്കം.
0 Comments
No comments yet.
Leave a Comment
© www.thdarimi.in. All Rights Reserved. Designed by zainso