Thoughts & Arts
Image

ഇതുകൊണ്ടാണ് അതവസാനിക്കാത്തത്..

24-07-2024

ടി എച്ച് ദാരിമി







ലോകം കണ്ട ഏറ്റവും വലിയ രക്തദാഹികൾ ചെങ്കിസ്ഖാനും ഹിറ്റ്ലറും ഒക്കെയാണ് എന്നത് പാഠപുസ്തകങ്ങളിലെ പ്രസ്താവന മാത്രമായി മാറിയിരിക്കുന്നു. അവരെല്ലാം മനുഷ്യ സഹജീവികളോട് തുല്യതയില്ലാത്ത ക്രൂരതകൾ കാണിച്ചത് അവഗണിക്കാനാവാത്ത അനുഭവചരിത്രം തന്നെയാണ്. പക്ഷേ, അവരൊക്കെയും തങ്ങളുടെ ഗൂഢ ലക്ഷ്യങ്ങൾക്ക് വേണ്ടി മുന്നേറുമ്പോൾ ചില ധാർമികതകൾ പാലിക്കുമായിരുന്നു എന്നത് സമ്മതിച്ചു കൊടുക്കാതെ വയ്യ. നിരായുധരെയോ പ്രതിരോധിക്കാൻ കഴിയാത്ത അശ്രദ്ധരെയോ അശക്തരെയോ അവർ നിരന്തരമായി ഉന്നം വെക്കുമായിരുന്നില്ല. എല്ലാം ചവിട്ടിമെതിച്ച് കടന്നു പോകുമ്പോൾ അറിയാതെയോ മറ്റോ മേൽപ്പറഞ്ഞ നിരപരാധർ ദുരന്തങ്ങൾ അനുഭവിക്കുമായിരുന്നു എന്നത് സത്യമാകാമെങ്കിലും. ഇവിടെ ജൂത സയണിസ്റ്റുകൾ പക്ഷേ അവരെയൊക്കെ കടത്തിവെട്ടുകയാണ്. തങ്ങൾക്കെതിരെ കാഞ്ചി വലിച്ചവരെ ലക്ഷ്യമിടുന്നതിനേക്കാൾ അവർ തങ്ങളുടെ തോക്കിൻ കുഴലുകൾ തിരിച്ചു പിടിച്ചിരിക്കുന്നത് കൊച്ചുകുഞ്ഞുങ്ങളിലേക്കും ആശുപത്രികളിലേക്കും അഭയാർത്ഥി ക്യാമ്പുകളിലേക്കും മാത്രമാണ്. ഇങ്ങനെ ഒരു യുദ്ധം ലോകത്തിന്റെ ചരിത്രത്തിൽ ഇതു മാത്രമാണ് എന്ന് പറയുന്നതിൽ ഒരു ഭയവും കരുതേണ്ടതില്ല. കാരണം വസ്തുത അതാണ്. നിരപരാധരെ ഇങ്ങനെ ക്രൂരമായി വേട്ടയാടുന്ന അനുഭവം ലോകത്ത് ഇതു മാത്രമേ ഉള്ളൂ. തികച്ചും വേറിട്ട ഈ കാഴ്ച നിരന്തരമായി കാണുമ്പോൾ സ്വന്തം ബുദ്ധി ചിന്തിക്കാൻ ഉപയോഗിക്കുന്ന ആരും സ്വാഭാവികമായും ചോദിച്ചു പോകും, സത്യത്തിൽ ഇവരുടെ യഥാർത്ഥ ലക്ഷ്യം എന്താണ് എന്ന്. ഹമാസ് തുടങ്ങിവെച്ച ആക്രമണത്തിനുള്ള പ്രത്യാക്രമണമാണ് ഇത് എന്ന് പറഞ്ഞാൽ അതാരും സമ്മതിച്ചു തരില്ല. തങ്ങളുടെ ബന്ദികളെ തിരിച്ചുപിടിക്കാനുള്ള സമ്മർദ്ദ തന്ത്രമാണ് എന്ന് പറഞ്ഞാലും ആരും സമ്മതിച്ചു തരില്ല. കാരണം അത്തരം ന്യായങ്ങളുടെ പരിധികളിൽ നിന്നെല്ലാം ഒരുപാട് അകന്നു കഴിഞ്ഞിരിക്കുന്നു ജൂദായിസത്തിന്റെ ഈ നരനായാട്ട്.



മാത്രമല്ല ഇത് കഴിഞ്ഞ ഏഴിന് തുടങ്ങിയതൊന്നുമല്ലല്ലോ. 1948 ൽ സ്വന്തം മണ്ണില്ലാതെ ഉഴലുകയും അലയുകയും ചെയ്തിരുന്ന ഇവരെ അന്താരാഷ്ട്ര സാമ്രാജ്യത്വ കപടന്മാർ അറബികളുടെ തലയിൽ കെട്ടി വെച്ചതു മുതൽ തുടങ്ങിയതാണ് ഈ ന്യായീകരിക്കാൻ കഴിയാത്ത അതിക്രമങ്ങൾ. അപ്പോൾ പിന്നെ ഇത്രയും വലിയ വൈരാഗ്യത്തിനും വിരോധത്തിനും മറ്റെന്തെങ്കിലും ഒക്കെ കാരണമുണ്ടാകും എന്നത് ഉറപ്പാണ്. അല്ലെങ്കിൽ ഇത് തീരേണ്ടതായിരുന്നുവല്ലോ. ഒന്നും രണ്ടും ലോകയുദ്ധങ്ങൾ വരെ തീർന്നിട്ടുള്ളതാണ്. തീരാത്ത ഒരു യുദ്ധമാണ് ഇവരുടേത് എന്ന് വരുമ്പോൾ അതിന്റെ പിന്നാമ്പുറം നാം അറിഞ്ഞിരിക്കേണ്ടതുണ്ട്. അതു പഠിക്കുമ്പോൾ ആദ്യം നാം തിരിച്ചറിയുക ഇത് കേവല രാഷ്ട്രീയ പ്രശ്നമല്ല എന്നതാണ്. മതം കലർന്ന, അല്ലെങ്കിൽ മതത്തിനു വേണ്ടിയുള്ള ഒരു രാഷ്ട്രീയ പ്രശ്നമാണ് ഇത്. ഈ കൊടും ക്രൂരതകൾക്ക് അവരെ പ്രേരിപ്പിക്കുന്നത് മൂന്ന് വിശ്വാസങ്ങളാണ്. അവയിൽ ഒന്നാമത്തേത്, ഈ പ്രദേശം ദൈവം തങ്ങൾക്ക് വാഗ്ദത്തം ചെയ്ത തങ്ങളുടെ വാഗ്ദത്ത ഭൂമിയാണ് എന്നതാണ്. അതിനാൽ അവിടെ നിന്ന് തങ്ങളല്ലാത്ത മറ്റുള്ള എല്ലാവരെയും പടിയിറക്കേണ്ടത് തങ്ങളുടെ മതപരമായ ലക്ഷ്യവും ഉത്തരവാദിത്വവുമാണ് എന്നവർ വിശ്വസിക്കുന്നു. അതിനാൽ അവർക്ക് അതിൽ വിട്ടുവീഴ്ച സാധ്യമല്ല. വാഗ്ദത്ത ഭൂമി എന്ന സങ്കൽപ്പം ഖുർആനും ശരിവെക്കുന്നുണ്ട്. മൂസാ(അ) തന്റെ ജനതയോട് കല്‍പിച്ച കാര്യം ഖുര്‍ആനില്‍ 5ാം അധ്യായം 21ാം വചനത്തില്‍ ഇങ്ങനെ കാണാം: 'എന്റെ ജനങ്ങളേ, അല്ലാഹു നിങ്ങള്‍ക്ക് വിധിച്ചിട്ടുള്ള പവിത്രഭൂമിയില്‍ നിങ്ങള്‍ പ്രവേശിക്കുവിന്‍. നിങ്ങള്‍ പിന്നോക്കം മടങ്ങരുത്. എങ്കില്‍ നിങ്ങള്‍ നഷ്ടക്കാരായി മാറും.' ഇതു പക്ഷേ ഇത്രയും ഗുരുതരമായ ഒരു അവകാശവാദത്തിന് വേണ്ടിയുള്ള വാഗ്ദത്തം ഒന്നുമായിരുന്നില്ല. ഈജിപ്തിൽ അടിമകളായി കഴിയേണ്ടി വന്നിരുന്ന ഇസ്രയേൽ സന്തതികൾക്ക് അവരുടെ സ്വന്തം പിതാവിൻ്റെ നാടായ പലസ്തീനിലേക്ക് തിരിച്ചു വരാൻ കഴിയും എന്ന ഒരു വാക്ക് മാത്രമായിരുന്നു ഇത്. അതിന് അവർക്ക് എല്ലാ സഹായങ്ങളും അല്ലാഹു ചെയ്തു കൊടുത്തതുമാണ്. എന്നാല്‍ അനുസരണക്കേടിന്റെ പര്യായമായ ആ ജനതയുടെ പ്രതികരണം ഇപ്രകാരമായിരുന്നു: 'അവര്‍ പറഞ്ഞു: ഓ, മൂസാ; പരാക്രമശാലികളായ ഒരു ജനതയാണ് അവിടെയുള്ളത്. അവര്‍ അവിടെനിന്ന് പുറത്തുപോകുന്നതുവരെ ഞങ്ങള്‍ അവിടെ പ്രവേശിക്കുകയില്ല'' (ഖുര്‍ആന്‍ 5:22). 'താങ്കളും താങ്കളുടെ റബ്ബും പോയി യുദ്ധം ചെയ്തുകൊള്ളുക, ഞങ്ങള്‍ ഇവിടെ ഇരിക്കുകയാണ്' എന്നാണ് അവര്‍ ധിക്കാരപൂര്‍വം മൂസാനബി(അ)യോട് പ്രതികരിച്ചത്. സീനാ മരുഭൂമിയില്‍ നാല്‍പതു വര്‍ഷം അന്തംവിട്ട് അലഞ്ഞു നടക്കുക എന്നതാണ് അതിന് അല്ലാഹു അവര്‍ക്ക് നല്‍കിയ ശിക്ഷ. ഈ നീണ്ട വര്‍ഷങ്ങള്‍ക്കു ശേഷം യൂശഅ് പ്രവാചകന്റെ കാലത്താണ് കൻആൻ നാട്ടിലെ തദ്ദേശീയരായ ഫലസ്ത്യര്‍ക്കെതിരെ ഇസ്രാഈലീ പടയോട്ടം നടക്കുകയും വിജയം വരിക്കുകയും ചെയ്തത്. ത്വാലൂത്വിന്റെ നേതൃത്വത്തില്‍ അവര്‍ ഫലസ്ത്യരിലെ ജാലൂത്തിനെ തോല്‍പിച്ചതിലൂടെയാണ് ഇസ്രാഈല്യരുടെ അധികാരം സാധിതമായത്. പക്ഷെ, ദീർഘകാലം ആ അധികാരം നിലനിർത്തുവാൻ അവർക്ക് കഴിഞ്ഞില്ല. ദാവൂദ്(അ), അദ്ദേഹത്തിന്റെ പുത്രന്‍ സുലൈമാന്‍(അ) എന്നീ ഭരണാധികാരികള്‍ മൊത്തം ഏകദേശം എണ്‍പതോളം വര്‍ഷം മാത്രമാണ് ആ നാട്ടില്‍ അധികാരം കയ്യാളിയത്. ഇതിൽ നിന്നും വ്യക്തമാകുന്നത് അല്ലാഹു ചെയ്ത വാഗ്ദത്വം അവർ അവൻ പൂർത്തിയാക്കി എന്നും ജൂതന്മാർക്ക് അവരുടെ വാഗ്ദത്ത ഭൂമി കിട്ടി എന്നും തന്നെയാണ്. കിട്ടിയത് പക്ഷേ 80 വർഷങ്ങൾക്കുശേഷം നിലനിർത്തുവാൻ അവർക്ക് കഴിഞ്ഞില്ല. അത് അവരുടെ ഇടയിലെ തമ്മിലടിയും അതുണ്ടാക്കിയ ദുർബലതയും കാരണമായിരുന്നു. പിന്നീട് ഇസ്രയേൽ സന്തതികൾ എന്ന ഈ ജൂതന്മാരുടെ കൂട്ടത്തിൽ പല പ്രവാചകന്മാരും വന്നു എങ്കിലും അവർക്കൊന്നും ഇസ്രയേൽ സംഗതികളുടെ ഒരു സ്വന്തം രാജ്യത്തെ സൃഷ്ടിക്കുവാനോ മുന്നോട്ട് കൊണ്ടുപോകുവാനോ കഴിഞ്ഞില്ല. എപ്പോഴും രാഷ്ട്രീയപരവും സാമ്പത്തികവുമായ പ്രശ്നങ്ങളിൽ കിടന്നു ഉഴലുവാനായിരുന്നു അവരുടെ വിധി. ഈ ജൂത സമുദായത്തിന് അല്ലാഹു നിന്ദ്യത തലയിൽ കെട്ടി വച്ചിരിക്കുന്നു എന്ന് വിശുദ്ധ ഖുർആൻ പലയിടത്തും പറയുന്നുണ്ട്. അതിന്റെ താൽപര്യം ഇതാണ്. ആ പ്രവാചകന്മാരുടെ അവസാനമായി വന്നത് ഈസാ നബിയായിരുന്നു. ഈസാനബിയെ പക്ഷേ പ്രവാചകനായോ വിശുദ്ധനായ അംഗീകരിക്കുവാൻ ജൂതന്മാർ ഒരിക്കലും തയ്യാറായില്ല.



വിശുദ്ധ ഖുർആനിൻ്റെ ഭാഷ്യത്തിലുള്ള വാഗ്ദത്ത ഭൂമിയെ ചൊല്ലിയുള്ള വാഗ്ദത്വത്തിന്റെ ആകെത്തുകയാണ് ഈ പറഞ്ഞത്. ഇതോടൊപ്പം ചേർത്തുവായിക്കേണ്ട മറ്റൊന്നാണ് അവരുടെ ഗ്രന്ഥമായ ബൈബിളിലെ വാഗ്ദത്ത ഭൂമിയെ കുറിച്ചുള്ള പരാമർശങ്ങളും നിലപാടുകളും. വാഗ്ദത്ത ഭൂമിയെ കുറിച്ച് ബൈബിൾ എന്ത് പറയുന്നു എന്നു ചികയുമ്പോൾ നാം എത്തിച്ചേരുക ബൈബിളിൽ വാഗ്ദത്ത ഭൂമി ജൂതന്മാർക്കാണ് എന്നൊരു പരാമർശമേയില്ല എന്ന ഞെട്ടിപ്പിക്കുന്ന സത്യത്തിലേക്കാണ്. ബൈബിൾ പറയുന്ന വാഗ്ദത്ത ഭൂമി അബ്രഹാമിന്റെ സന്തതികൾക്ക് മാത്രം വിധിക്കപ്പെട്ടതാണ്. ചില ഉദാഹരണങ്ങൾ നോക്കാം. പഴയനിയമത്തിലെ ഉൽപ്പത്തി പുസ്തകം പറയുന്നു: "അബ്രാഹാം അവനോടു പറഞ്ഞതു: എന്റെ മകനെ അവിടെക്കു മടക്കിക്കൊണ്ടു പോകാതിരിപ്പാൻ സൂക്ഷിച്ചുകൊൾക. എന്റെ പിതൃഭവനത്തിൽ നിന്നും ജന്മദേശത്തുനിന്നും എന്നെ കൊണ്ടുവന്നവനും എന്നോടു അരുളിച്ചെയ്തവനും നിന്റെ സന്തതിക്കു ഞാൻ ഈ ദേശം കൊടുക്കുമെന്നു എന്നോടു സത്യം ചെയ്തവനുമായി സ്വർഗ്ഗത്തിന്റെ ദൈവമായ യഹോവ എന്റെ മകന്നു നീ ഒരു ഭാര്യയെ അവിടെനിന്നു കൊണ്ടുവരുവാൻ തക്കവണ്ണം നിനക്കു മുമ്പായി തന്റെ ദൂതനെ അയക്കും" (ഉൽപ്പത്തി 24:6-8). മറ്റൊരു വചനം ഇങ്ങനെയാണ്: "ഇതാ, ഞാൻ നിന്നോടുകൂടെയുണ്ടു; നീ പോകുന്നേടത്തൊക്കെയും നിന്നെ കാത്തു ഈ രാജ്യത്തേക്കു നിന്നെ മടക്കിവരുത്തും; ഞാൻ നിന്നെ കൈവിടാതെ നിന്നോടു അരുളിച്ചെയ്തതു നിവർത്തിക്കും" (ഉൽപ്പത്തി 28:15). കുറച്ചു കൂടി വ്യക്തമായ മറ്റൊരു വചനം ഇങ്ങനെയാണ്:(യഹോവ യാക്കൊബിനോട് ) "അനന്തരം യോസേഫ് തന്റെ സഹോദരന്മാരോടു: ഞാൻ മരിക്കുന്നു;എന്നാൽ ദൈവം നിങ്ങളെ സന്ദർശിക്കയും ഈ ദേശത്തുനിന്നു താൻ അബ്രാഹാമിനോടും യിസ്ഹാക്കിനോടും യാക്കോബിനോടും സത്യംചെയ്ത ദേശത്തേക്കു കൊണ്ടുപോകയും ചെയ്യും എന്നു
പറഞ്ഞു". (ഉൽപ്പത്തി 50:24). മൂസാ മൂസാ പ്രവാചകനോട് യഹോവ പറയുന്നേടത്തും വാഗ്ദാനം അബ്രഹാമിന്റെ സന്തതികൾക്ക് ഉള്ളതാണ്. പുറപ്പാട് പുസ്തകം പറയുന്നു: "അനന്തരം യഹോവ മോശെയോടു കല്പിച്ചതു എന്തെന്നാൽ നീയും മിസ്രയീംദേശത്തുനിന്നു നീ കൊണ്ടുവന്ന ജനവും ഇവിടെ നിന്നു പുറപ്പെട്ടു, നിന്റെ സന്തതിക്കു കൊടുക്കുമെന്നു ഞാൻ അബ്രാഹാമിനോടും യിസ്ഹാക്കിനോടും യാക്കോബിനോടും സത്യംചെയ്ത ദേശത്തേക്കു"
(പുറപ്പാട് 33:1). വാഗ്ദത്ത ഭൂമിയിൽ കാലുകുത്താൻ ഉള്ള ഭാഗ്യം അബ്രഹാമിന്റെ സന്തതികൾക്ക് മാത്രമാണ് എന്ന് സംഖ്യാപുസ്തകത്തിലും പറയുന്നു: "അവരല്ലാതെ മിസ്രയീമിൽനിന്നു പോന്നവരിൽ ഇരുപതു വയസ്സുമുതൽ മേലോട്ടുള്ള ഒരുത്തനും ഞാൻ അബ്രാഹാമിനോടും യിസ്ഹാക്കിനോടും യാക്കോബിനോടും സത്യം ചെയ്ത ദേശത്തെ കാണുകയില്ല; അവർ എന്നോടു പൂർണ്ണമായി പറ്റി നിൽക്കായ്കകൊണ്ടു തന്നേ"
(സംഖ്യാ പുസ്തകം 32:11)



ബൈബിളിൽ വാഗ്ദത്ത ഭൂമിയെ കുറിച്ച് പരാമര്ശിച്ചതെല്ലാം അബ്രാഹാമിനെയും സന്തതികളെയും ബന്ധപ്പെടുത്തി മാത്രമാണ് എന്നു ചുരുക്കം. ബൈബിളിൽ നിന്ന് വളരെ വ്യക്തമാണ് അബ്രഹാമിന്റെ സന്തതികൾ ആണ് വാഗ്ദത്ത ഭൂമി വാഗ്ദാനം ചെയ്യപ്പെട്ടവർ എന്ന്. ഇങ്ങനെയൊക്കെ സവിസ്തരം മറുപടി നൽകുമ്പോൾ അവരിൽ ചിലർ പറയാൻ ശ്രമിക്കുക ഞങ്ങൾ അബ്രഹാമിന്റെ സന്തതികൾ തന്നെയാണ് എന്നായിരിക്കും. ആ വാദത്തിന് എത്ര അർത്ഥമുണ്ട് എന്നതുകൂടി ഇതോടൊപ്പം പരിശോധിക്കേണ്ടതുണ്ട്. ഇബ്രാഹിം നബിയുടെ സന്തതി പരമ്പരകളിൽ ജൂതന്മാർ ഉണ്ടായിരുന്നു എന്നത് സമ്മതിച്ചു കൊടുക്കാം. പക്ഷേ അവർ മാത്രമേ ഉണ്ടായിരുന്നുള്ളൂ എന്ന് സമ്മതിച്ചു കൊടുക്കാൻ കഴിയില്ല. പ്രമാണങ്ങൾ അനുസരിച്ച് ക്രൈസ്തവരുടെയും മുസ്ലിമീങ്ങളുടെയും എല്ലാം പ്രവാചകനും ഇമാമുമാണ് ഇബ്രാഹിം നബി. ഇവരുടെ ഒരു ഭാഗമായി ജൂതന്മാരും ഉണ്ടായിരുന്നു എന്ന് സമ്മതിച്ചാൽ തന്നെയും ഇന്നത്തെ ജൂതന്മാർക്ക് അബ്രഹാമിക പാരമ്പര്യം അവകാശപ്പെടാൻ കഴിയുക എന്നത് വളരെ വിദൂരമാണ്. കാരണം ഇന്നത്തെ ജൂത ജനസംഖ്യയുടെ 75 ശതമാനവും Ashkenazi വിഭാഗത്തിൽ പെട്ട ജൂതന്മാരാണ് . നാസി ജർമ്മനിയിലെ കൂട്ടക്കൊലയ്ക്ക് മുമ്പ് ലോകത്തെ ജൂതന്മാരിൽ 92 ശതമാനവും ഇവരായിരുന്നു . അവർ കിഴക്കൻ യൂറോപ്പിൽ നിന്നും റഷ്യയിൽ നിന്നും പിൽക്കാലത്ത് ജൂത വിശ്വാസം പിന്തുടർന്നവരാണ്. അവർ ജനിതകമായി യൂറോപ്യന്മാരാണ് എന്നത് വിവിധ പഠനങ്ങൾ തെളിയിച്ചിട്ടുണ്ട്. (http://goo.gl/7wuVB7) ആൽബർട്ട് ഐൻസ്റ്റീൻ പോലും ഈ വിഭാഗക്കാരൻ ആണ്. പിന്നെ ശേഷിക്കുന്ന ജൂതന്മാർ Mizrahi വിഭാഗക്കാരാണ്. ഇവരുടെ ജനിതക പാരമ്പര്യമാണെങ്കിലോ സാക്ഷാൽ അറബികളുടെതുമാണ്. പ്രവാചക കാലഘട്ടത്തിൽ മദീനയിൽ ജീവിച്ചിരുന്ന ജൂതന്മാരുടെ പിൻ തലമുറക്കാരാണ് ഇവർ. ഇനി വാഗ്ദത്ത ഭൂമി ഈ അർത്ഥത്തിൽ ഇവരുടെ അവകാശമാണ് എന്ന് വാദിച്ചാൽ തുല്യമായ അവകാശം അതേ പാരമ്പര്യം പേറുന്ന അറബ് മുസ്ലിംകൽക്കും ക്രിസ്ത്യാനികൾക്കും കൊടുക്കേണ്ടിവരും എന്നതു സമ്മതിക്കേണ്ടി വരും. ചുരുക്കത്തിൽ ബൈബിൾ പ്രകാരം വാഗ്ദത്ത ഭൂമി അബ്രഹാമിന്റെ സന്താന പരമ്പരയ്ക്കുള്ളതാണ്. അതായത് ക്രിസ്ത്യാനിക്കും , മുസ്ലിമിനും ജൂതനും ഒരുപോലെ അവകാശപ്പെട്ട മണ്ണ്. ചുരുക്കത്തിൽ വാഗ്ദത്ത ഭൂമി അബ്രഹാമിന്റെ സന്തതികളുടെ ജനിതകവുമായി ബന്ധപ്പെട്ടു കിടയ്ക്കുന്നു. അതിൽ ജൂതരിലെ ചെറിയ ന്യൂനപക്ഷവും ഭൂരിപക്ഷം വരുന്ന അറബ് മുസ്ലിംകളും കുറച്ചു അറബ് ക്രിസ്ത്യാനികളും പെടുന്നു. അതിനാൽ അവരുടെ ഒന്നാമത്തെ ലക്ഷ്യം നടക്കാത്തതും നടത്താൻ അനുവദിക്കാൻ മാർഗം ഇല്ലാത്തതുമാണ്. ഒരു അടിസ്ഥാനവും ഇല്ലാത്ത വെറുമൊരു ബാലിശമായ വാദമാണത്.



രണ്ടാമത്തെ അവരുടെ ലക്ഷ്യം ബൈത്തുൽ മുഖദ്ദസ് നിലനിൽക്കുന്ന സ്ഥലത്ത് ഹൈക്കൽ സുലൈമാൻ എന്ന സോളമൻ ക്ഷേത്രം സ്ഥാപിക്കുക എന്നതാണ്. ഇപ്പോള്‍ നിലവില്‍ ഡോം ഓഫ് റോക്ക്, അഖ്‌സ്വാ പള്ളി തുടങ്ങിയവ ഉള്‍ക്കൊള്ളുന്ന ടെമ്പിൾ മൗണ്ട് എന്ന മേഖലയാണ് അതിന്റെ നിര്‍ദ്ദിഷ്ട സ്ഥലം. അവ തകര്‍ത്ത് മാത്രമേ ഇത് നിര്‍മിക്കാന്‍ കഴിയൂ. ഇസ്രായേൽ രാജാവെന്ന നിലയിൽ ദാവൂദ് നബിയുടെ ആദ്യ നടപടി ജറൂസലം കീഴടക്കി തന്റെ രാജ്യത്തിന്റെ തലസ്ഥാനമായി പ്രഖ്യാപിക്കുക എന്നതായിരുന്നു. ഏകദേശം ബി സി 1004 -ൽ അതു സാധ്യമായതോടുകൂടെ അദ്ദേഹം തന്റെ കൈവശമുള്ള താബൂത്ത് സൂക്ഷിക്കുവാൻ ഒരു ആരാധനാലയം പണിയുവാൻ തീരുമാനിക്കുകയുണ്ടായി. ഇസ്രയേൽ സന്തതികളുടെ കയ്യിൽ തലമുറകളായി സംരക്ഷിച്ചുപോന്നിരുന്ന ഒരു വിശുദ്ധ പെട്ടകം ആയിരുന്നു താബൂത്ത്. അത് മുമ്പിൽ വെച്ച് ചെയ്യുന്ന ഏത് യുദ്ധവും ഉദ്യമവും വിജയിക്കുമായിരുന്നു. ഇതിനുവേണ്ടി ഒരു പ്രത്യേക സ്ഥലം പണിയുവാൻ ആണ് ദാവൂദ് നബി ആഗ്രഹിച്ചത്. പക്ഷേ, അതിന് ദൈവാനുവാദം ലഭിച്ചില്ല. എന്നാൽ മകൻ സുലൈമാൻ നബിക്ക് അതിനുള്ള അനുവാദം നൽകുകയും അദ്ദേഹം അങ്ങനെ ഒരു ആരാധനാലയം സ്ഥാപിക്കുകയും ചെയ്തു എന്നാണ് ബൈബിൾ അധിഷ്ഠിത പഠനങ്ങൾ പറയുന്നത്. ജറൂസലമിലെ മോറിയ പർവ്വതത്തിലായിരുന്നു അതിന്റെ സ്ഥാനം എന്നും ആ പഠനങ്ങളിൽ ഉണ്ട്. ബി സി പത്താം നൂറ്റാണ്ടിൽ ഏഴു വർഷത്തിനുള്ളിൽ ആണ് ഈ ആരാധനാലയം നിർമ്മിച്ചത് എന്നാണ്. പുരാതന യഹൂദമതത്തിന്റെ കേന്ദ്രമായിരുന്നു ഇത്. ഈ ആരാധനാലയം ബി സി 586 -ൽ ബാബിലോണിയക്കാർ നശിപ്പിക്കുകയും എഴുപത് വർഷങ്ങൾക്ക് ശേഷം ജൂതൻമാർ പുനർനിർമിക്കുകയും ചെയ്തു. ഇതു രണ്ടാം സോളമൻ ക്ഷേത്രം എന്നറിയപ്പെടുന്നു. പിന്നീട് നൂറ്റാണ്ടുകൾക്ക് ശേഷം, ഏകദേശം ബി സി 20 -ൽ ഹെരോദാവ് ഇത് പുതുക്കിപ്പണിതു. ഈ രണ്ടാമത്തെ ക്ഷേത്രം പിന്നീട് എ ഡി 70-ൽ റോമാക്കാർ തകർത്തു. അതിന്റെ ഒരു മതിൽ മാത്രം അവശേഷിക്കുന്നുണ്ട് എന്നാണ് ജൂദായിസത്തിലെ വിശ്വാസം. ആ മതിലിൽ തല വെച്ച് ദുഃഖം വിലപിക്കുകയും ശാപം പ്രാകുകയും ചെയ്യുക എന്നത് അവർ എപ്പോഴും പിന്തുടരുന്ന ഒരു ആരാധനയാണ്. അവരുടെ ഈ ചരിത്രം ശരിയാണെങ്കിൽ തന്നെ അതിനെ മുസ്ലിങ്ങളും അവരുടെ കുട്ടികളും സ്ത്രീകളും വില നൽകേണ്ടി വരുന്നത് എന്തുകൊണ്ടാണ് എന്നത് പ്രധാനപ്പെട്ട ഒരു ചോദ്യമാണ്. ഒന്നാം ക്ഷേത്രം നശിപ്പിച്ചത് ആരായിരുന്നു, എന്തുകൊണ്ടായിരുന്നു എന്നീ ചോദ്യങ്ങൾക്കൊന്നും കൃത്യമായ ഉത്തരം ഇല്ല. അതിനാൽ ആ കാലഘട്ടത്തിലെ വലിയ സാമ്രാജ്യ ശക്തിയായിരുന്ന ബാബിലോണിയക്കാരുടെ തലയിൽ അത് കെട്ടിവെക്കാറാണ് പതിവ്. എന്നാൽ രണ്ടാമതും പുതുക്കി പണിത ഈ ആരാധനാലയം എഡി 70 ൽ തകർത്തത് റോമൻ ക്രൈസ്തവരാണ് എന്നത് അവിതർക്കിതമായ ഒരു ചരിത്രമാണ്. എന്നിട്ടും അവരുടെ ബൈഡനും ബ്ലിങ്കനുമൊക്കെയാണ് പലസ്തീനിലെ കുഞ്ഞുങ്ങളെ കൊല്ലാൻ വെടിമരുന്നു നൽകുന്നത് നാം സഹിക്കേണ്ടുന്ന പല വൈരുദ്ധ്യങ്ങളിലും വിചിത്രതകളിലും ഒന്നാണ്.



ഇപ്പോൾ ജൂതന്മാരും ക്രൈസ്തവരും തമ്മിലുള്ള ചങ്ങാത്തം കാണുമ്പോൾ ചരിത്രത്തിന്റെ മനസ്സാക്ഷി ഞെട്ടി വിറക്കുന്നത് ഇതുകൊണ്ടാണ്. എല്ലാ കാലവും ജൂതന്മാർ തങ്ങളുടെ ഏറ്റവും വലിയ ശത്രുക്കളായി കണ്ടിരുന്നതും കാണേണ്ടിയിരുന്നതും ക്രൈസ്തവരെ തന്നെയാണ്. ബി സി 37 മുതൽ എ ഡി 324 വരെ ഇവിടെ റോമന്‍ ഭരണമായിരുന്നു. ഈ കാലത്ത് നടന്ന ക്രിസ്തു മതത്തിന്റെ പ്രചാരണം ജൂതരെ കൂടുതല്‍ പ്രതിസന്ധിയിലാക്കി. ഇതിനെതിരെ പ്രതികരിച്ച ജൂതന്മാർ എ ഡി 136 ൽ റോമന്‍ ചക്രവര്‍തി ഹഡ്രിയാന്റെ ക്രൂര പീഡനത്തിനു പോലും ഇരയായി. അക്കാലത്ത് ക്രൈസ്തവ മേലാളർ ഏകദേശം 4 ലക്ഷം ജൂതരെ കൊന്നൊടുക്കി എന്ന് പറയപ്പെടുന്നു. യഹൂദര്‍ക്ക് ജെരൂശലേമിലെ പ്രവേശനവും പ്രാര്‍ത്ഥന പോലും നിഷേധിക്കപ്പെട്ടിരുന്നു. ഇതൊക്കെ പോപ്പിനും പാത്രിയാർക്കീസുമാർക്കും നന്നായി അറിയാം അതുകൊണ്ടാണ് അവരുടെ പ്രതികരണങ്ങളിൽ ഒരുതരം മമത പ്രകടമാകുന്നത്. എന്നാൽ അതേ മതക്കാരായ ബൈഡനും കൂട്ടാളികൾക്കും അതറിയില്ല. അതറിയാൻ മാത്രമുള്ള മതപരമായ വിവരവുമില്ല. ഉണ്ടെങ്കിൽ തന്നെ അതിനേക്കാൾ വലിയ കടപ്പാടുകൾ ജൂതരോട് ഉള്ളതിനാൽ അവർക്ക് ഉള്ള അറിവുകളെ പുറത്തെടുക്കാനും കഴിയില്ല. തുടർന്ന് അവർ അവകാശപ്പെടുന്ന വാഗ്ദത്ത ഭൂമി എ ഡി 324 മുതൽ .628 വരെ കിഴക്കന്‍ റോമൻ സാമ്രാജ്യത്തിന്റെ നിയന്ത്രണത്തില്‍ ആയിരുന്നു. അന്നത്തെയും സ്ഥിതി മറിച്ചായിരുന്നില്ല. ഒന്നര ലക്ഷം യഹൂദരെ ജരൂസലേമില്‍ നിന്നും ഗലീലിയില്‍ നിന്നും പുറത്താക്കിയത് അക്കാലത്താണ്.



ക്രിസ്താബ്ദം 313 മുതല്‍ ആരംഭിച്ച പൗരസ്ത്യ റോമാ സാമ്രാജ്യത്തിന്റെ (ബൈസന്റിയന്‍) ഭരണം എഡി 638-640 കാലഘട്ടംവരെ തുടര്‍ന്നു. അഥവാ പ്രവാചകന്റെ കാലഘട്ടത്തില്‍ ഈ പ്രദേശം റോമക്കാരുടെ ആധിപത്യത്തിലായിരുന്നു. മഹാനായ ഉമറി(റ)ന്റെ ഭരണകാലത്ത് ഹിജ്‌റ18ാം വര്‍ഷമാണ് ഫിലസ്തീന്‍ ഉള്‍പെടുന്ന സിറിയ ഇസ്‌ലാമിക സാമ്രാജ്യത്തിന്റെ ഭാഗമായി ചേര്‍ക്കപ്പെട്ടത്. മഹാനായ ഉമര്‍(റ) നേരിട്ടെത്തിയാണ് റോമക്കാരുമായി കരാറുണ്ടാക്കുകയും 560 ഓളം വര്‍ഷത്തെ റോമന്‍ ഭരണത്തിന് അന്ത്യം കുറിക്കുകയും ചെയ്തത്. വിശുദ്ധ നഗരിയുടെ താക്കോല്‍ ഏറ്റുവാങ്ങിയ ഖലീഫ അതു വരേക്കും ആരാധനാസ്വാതന്ത്ര്യം പോലും നിഷേധിക്കപ്പെട്ട യഹൂദര്‍ക്ക് ആരാധനാ സ്വാതന്ത്ര്യം നല്‍കുകയും യാതൊരു രക്തച്ചൊരിച്ചിലുമില്ലാതെ വിശുദ്ധ നഗരിയുടെ നിയന്ത്രണം ഏറ്റെടുക്കുകയും ചെയ്തു. അതായത് ദാവൂദ് നബിയുടെയും സുലൈമാൻ നബിയുടെയും ഭരണ കാലത്തിനു ശേഷം ജൂത സമുദായത്തിന് സ്വന്തം നാട്ടിൽ അല്ലെങ്കിൽ വാഗ്ദത്ത ഭൂമിയിൽ ഒരിത്തിരി സ്വാതന്ത്ര്യവും അവകാശ അധികാരവും ലഭിച്ചത് റോമാസാമ്രാജ്യത്തിന്റെ കൈകളിൽ നിന്ന് ആ രാജ്യം ഇസ്ലാമിലെത്തിയതിനുശേഷമാണ്. ഇവിടെയും നാം ആ വിരോധാഭാസം കാണുന്നുണ്ട്. തങ്ങളെ ഉന്മൂലനാശം വരുത്തിയ ക്രൈസ്തവരോട് ഇപ്പോൾ ചങ്ങാത്തം പുലർത്തുന്നത് പോലെ മറ്റൊരു വൈരുദ്ധ്യമാണ് അവർക്ക് അഭയം നൽകിയ മുസ്ലിംകളെ കൊന്നും കൊലവിളിച്ചും ഇപ്പോൾ അവർ നടത്തുന്ന യുദ്ധങ്ങൾ. ഒരു ലക്ഷത്തി നാല്‍പതിനാലായിരത്തോളം ചതുരശ്രമീറ്ററുള്ള വിശാലമായ സ്ഥലമാണ് ഇന്ന് ബൈത്തുല്‍ മുഖദ്ദിസ്. അംറുബ്‌നുല്‍ ആസ്വി(റ)നെ ഗവര്‍ണറായി നിശ്ചയിച്ചുകൊണ്ട് മദീനയിലേക്കു തിരിച്ചുപോയ ഉമറിന്റെ(റ) സമാധാനദൗത്യം ആ വിശുദ്ധഭൂമി മൂന്ന് മതവിഭാഗങ്ങളുടെ സമാധാന പൂര്‍ണമായ സഹവര്‍ത്തിത്വത്തിനാണ് വഴിതുറന്നത്. എ.ഡി 638 മുതല്‍ നീണ്ട 450 വര്‍ഷത്തിലേറെ ഇസ്‌ലാമിക ഭരണത്തിനു കീഴിലെ ആ സൗഹാര്‍ദാന്തരീക്ഷം ഫലസ്തീനിന്റെ മണ്ണില്‍ തുടര്‍ന്നു. എന്നാല്‍ എ.ഡി 1099 ല്‍ കുരിശു യുദ്ധത്തെത്തുടര്‍ന്ന് യൂറോപ്യര്‍ ജറുസലേം കീഴടക്കി. വീണ്ടും ആ പ്രദേശം കത്തോലിക്കരുടെ നിയന്ത്രണത്തിലായി. പിന്നീട് എ.ഡി 1187ല്‍ സുല്‍ത്താന്‍ സ്വലാഹുദ്ദീന്‍ അയ്യൂബിയുടെ നേതൃത്വത്തിലുള്ള പടയോട്ടത്തിലൂടെ ജറുസലേം ഉള്‍പ്പെടെയുള്ള പ്രദേശം ജയിച്ചടക്കി മുസ്‌ലിംകളുടെ കീഴിലായിത്തീര്‍ന്നു. പിന്നീട് 1917 വരെ പ്രദേശം മുസ്‌ലിംകളുടെ ഭരണത്തില്‍ തുടര്‍ന്നു. എ.ഡി 1517 മുതല്‍ ആരംഭിച്ച് എ.ഡി 1917 വരെയുള്ള 400 വര്‍ഷം തുര്‍ക്കിയിലെ ഉസ്മാനിയ (ഒട്ടോമന്‍) ഖിലാഫത്തിന്റെ കീഴിലായിരുന്നു ഫലസ്തീന്‍ പ്രദേശം. ഈ ചരിത്രങ്ങൾക്കു മുമ്പിൽ എല്ലാം സൗകര്യപൂർവ്വം കണ്ണു ചിമ്മിയാണ് ജൂതന്മാർ കൂട്ടക്കൊല തുടരുന്നത്.



മൂന്നാമത്തെ അവരുടെ ലക്ഷ്യം വാഗ്ദത്ത മസീഹിന് വേണ്ടി വാഗ്ദത്ത ഭൂമിയുടെ സിംഹാസനം തയ്യാറാക്കി വെക്കുക എന്നതാണ്. അവർ വാഗ്ദത്ത മസീഹിൽ വിശ്വസിക്കുകയും അങ്ങനെ ഒരാളെ കാത്തിരിക്കുകയും ചെയ്യുന്നുണ്ട്. തൗറാത്തിൽ വാഗ്ദത്വം ചെയ്യപ്പെട്ടതാണ് ഈ മസീഹ്. ഇത് സത്യത്തിൽ ഈസാ നബി ആയിരുന്നു. പക്ഷേ യഹൂദർ ഈസാ നബി വന്നപ്പോൾ അദ്ദേഹത്തിൽ വിശ്വസിക്കുവാൻ കൂട്ടാക്കിയില്ല. യേശുവിന്നു ശേഷം നീണ്ട 2000 വര്‍ഷമായി യഹൂദര്‍ ഈ മസീഹിനെ പ്രതീക്ഷിക്കുന്നു. ഈ മസീഹിന്റെ വരവിനായി വാഗ്ദത്ത ഭൂമി ഒരുക്കി കൊടുക്കുക എന്നത് സയണിസത്തിന്റെ ആശയ അടിത്തറയാകുന്നു. മുഹമ്മദ്‌ നബി(സ) ഈ വിഷയത്തെ കുറിച്ച് ഇങ്ങനെ പ്രവചിച്ചിട്ടുണ്ട്: യഹൂദര്‍ പ്രതീക്ഷിക്കുന്ന മസീഹ്, കപട മസേഹ് (ദജ്ജാല്‍ - Anti Christ) എന്ന പേരില്‍ ഇസ്രയെല്യരുടെ നേതാവാകും. അയാള്‍ വളരെ ക്രൂരനായിരിക്കും. അവൻ ലോകത്ത് കനത്ത നാശം വിതക്കും. അദ്ദേഹത്തെ വധിക്കാന്‍ ദൈവം യഥാര്‍ത്ഥ മസീഹി(ഇസാ നബിയെ) നെ ഇറക്കും. അദ്ദേഹം ദാമാസ്ക്കസില്‍ ഇറങ്ങും. അദ്ധേഹം ലുദ് എന്ന സ്ഥലത്ത് വെച്ച് കപട മസീഹിനെ സ്വന്തം കരത്താല്‍ വധിക്കും (ലുദ്‌ ഇപ്പോള്‍ ഇസ്രായേലില്‍ ഉള്ള ഒരു എയര്‍ പോര്‍ട്ടാണ്). 40 വര്‍ഷം ഈസാ നബി ഇസ്ലാമിക വ്യവസ്ഥ നടപ്പില്‍ വരുത്തും. (ഹദീസുകളുടെ സംക്ഷിപ്തം).



ഇനിയും മറ്റൊരു പ്രധാന കാരണമുണ്ട് പറയാൻ. അവർക്ക് ഗസ്സയും പലസ്തീൻ മുഴുവനും ഒന്നും മാത്രമല്ല വേണ്ടത്. മറിച്ച് വിശാലമായ ഒരു ലോകമാണ്. അതു മനസ്സിലാക്കുവാൻ ജൂതായിസം മധ്യ പൗരസ്ത്യ ദേശത്ത് എത്തിയതിന്റെയും കാലുറപ്പിച്ചതിന്റെയും ചെറിയൊരു സംക്ഷിപ്തവിവരണം ആദ്യം കേൾക്കണം. 1897ല്‍ തിയോഡര്‍ ഹെര്‍സന്‍ എന്ന ആസ്ട്രിയക്കാരനായ ജേര്‍ണലിസ്റ്റ് ജര്‍മന്‍ ഭാഷയില്‍ Der judenstrat (the Jews state) എന്ന പേരില്‍ ജൂതര്‍ക്ക് സ്വന്തമായി രാഷ്ട്രം വേണമെന്ന് വാദിച്ചുകൊണ്ടുള്ള ഒരു ഗ്രന്ഥം രചിച്ചു. യൂറോപ്പിലെ ആന്റിസെമിറ്റിസത്തിന് പരിഹാരം ഫലസ്തീന്‍ കേന്ദ്രമായുള്ള പ്രസ്തുത രാഷ്ട്രസ്ഥാപനമാണെന്ന് അയാള്‍ വാദിക്കുകയും യുഹൂദരെ അതിന് പ്രേരിപ്പിക്കുകയും ചെയ്തു. ബ്രിട്ടന്റെ എല്ലാ അര്‍ഥത്തിലുമുള്ള പിന്തുണ ഈ കാര്യത്തില്‍ ജൂതര്‍ക്ക് ലഭിക്കുകയും ചെയ്തു. എ.ഡി 1900 ആയപ്പോഴേക്കും ഗണ്യമായ ഭാഗം ഭൂമി ജൂതരുടെ കൈയിലായിത്തീര്‍ന്നു. സാധാരണ കച്ചവടത്തില്‍ വില്‍ക്കുന്നവനും വാങ്ങുന്നവനുമാണുള്ളതെങ്കില്‍, ഇവിടെ ഫലസ്തീനിയുടെ ഭൂമി ബ്രിട്ടന്‍ ജൂതനു വില്‍ക്കുക എന്ന തികച്ചും അസാധാരണമായ കച്ചവടമാണ് നടന്നത്. 1917ല്‍ തുടങ്ങി 1920 ആയപ്പോഴേക്കും ഫലസ്തീന്‍ പൂര്‍ണമായി ബ്രിട്ടന്റെ അധീനതയിലാവുകയും ജൂതാധിനിവേശത്തിന് സര്‍വവിധ സഹായങ്ങളും നല്‍കുകയും ചെയ്തു.
1947 ആയപ്പോഴേക്കും ഫലസ്തീനികള്‍ക്ക് രൂക്ഷമായ ആക്രമണങ്ങള്‍ നേരിടേണ്ടിവന്നു. അവസാനം തികച്ചും അന്യായമായി ലക്ഷക്കണക്കിന് ഫലസ്തീനികളെ സ്വന്തം മണ്ണില്‍നിന്ന് ആട്ടിയോടിച്ചുകൊണ്ട് 1948 മെയ് 15ന് ഇസ്രായേല്‍ എന്ന ഭീകര രാഷ്ട്രം രൂപംകൊണ്ടു. ഇസ്രായേല്‍ തങ്ങളുടെ വാഗ്ദത്ത ഭൂമിയാണെന്നും അതുകൊണ്ട് യഹൂദര്‍ മുഴുവന്‍ അങ്ങോട്ട് നിങ്ങണമെന്നും ആഹ്വാനം ചെയ്ത തിയോഡര്‍ ഹെര്‍സിന്റെ ആഹ്വാനത്തെ തുടര്‍ന്ന്, റിട്ടേണ്‍ ടു സയണ്‍ (Return to Zion) എന്ന പ്രസ്ഥാനം രൂപം കൊണ്ടത്. പൗരാണിക ജറുസലേമിലെ കുന്നുകളില്‍ ഒന്നിന്റെ പേരായിരുന്നു സയണ്‍ (Zion) എന്ന് പറയപ്പെടുന്നു. 1987ല്‍ സ്വിറ്റ്‌സര്‍ലാന്റിലെ ബാസലിനിന്‍ ജൂതരുടെ ഒരു സമ്മേളനം വിളിച്ചു ചേര്‍ത്തുകൊണ്ട് ഫലസ്തീനില്‍ ജൂതരാഷ്ട്രം ലക്ഷ്യംവെച്ചുകൊണ്ടുള്ള മൂവ്‌മെന്റിന് സയണിസം എന്ന് പേരിട്ടതും തിയോഡര്‍ ഹെര്‍സന്‍ തന്നെയായിരുന്നു. അബ്രഹാം പ്രവാചകന്റെ പിന്‍തലമുറ തങ്ങള്‍ മാത്രമാണെന്നും അദ്ദേഹത്തിന്റെ പാദസ്പര്‍ശമേറ്റ മക്കയുള്‍പ്പെടെയുള്ള ജസീറത്തുല്‍ അറബ് മുഴുവനും അധീനപ്പെടുത്തുകയാണ് തങ്ങളുടെ ലക്ഷ്യമെന്നും സയണിസ്റ്റുകള്‍ തുറന്നു പറഞ്ഞിട്ടുണ്ട്. അഥവാ സയണിസ്റ്റുകള്‍ ലക്ഷ്യമിടുന്നത് വിശാലമായ ഒരു ജൂത രാഷ്ട്രമാണ്. അത് അവർക്ക് ദൈവം കൽപ്പിച്ചു നൽകിയ വാഗ്ദത്ത ഭൂമിയാണ് എന്നവർ വിശ്വസിക്കുന്നു. അതിനാൽ അവർക്ക് അതിൽ വിട്ടുവീഴ്ച സാധ്യമല്ല. അതാകട്ടെ പലസ്തീനിൽ നിന്ന് തുടങ്ങി മക്കയും മദീനയും അടക്കം ഇറാക്കും ഷാമും ഉൾക്കൊള്ളുന്ന വിശാലമായ ഒരു ജൂതരാഷ്ട്രമാണ്. ഇത് തികച്ചും ബാലിശവും തെറ്റുമായ ഒരു വാദമാണ്. അറബികൾ സാമ്പത്തികമായും രാഷ്ട്രീയമായും വലിയ നേട്ടങ്ങൾ നേടിയെടുത്ത് സുസ്ഥിരതയോടുകൂടെ സ്ഥാപിച്ചു മുന്നോട്ടുപോകുന്ന ഈ രാജ്യങ്ങളെയെല്ലാം വെട്ടിപ്പിടിച്ചുകൊണ്ടാണ് ജൂതന് അവന്റെ ക്രൂര മോഹങ്ങൾ നേടേണ്ടത്. അത് ഒരിക്കലും സാധ്യമല്ല. അതുകൊണ്ടുതന്നെ ഈ യുദ്ധം അവസാനിക്കില്ല. ഖിയാമത്ത് നാളിന്റെ തലേന്നാൾ കല്ലുകളും മരങ്ങളും വരെ ജൂതനെ ചൂണ്ടിക്കാണിച്ചു കൊടുക്കുന്ന രംഗം മഹാനായ പ്രവാചകൻ(സ) പറഞ്ഞുവെച്ചതും അതിൻ്റെ സൂചനയാണ്.









0 Comments

No comments yet.

Leave a Comment

© www.thdarimi.in. All Rights Reserved. Designed by zainso