
.jpeg)
ഇടയാളൻമാരില്ലാതെ ഇസ്ലാമോ !
05-08-2024
Web Design
15 Comments
ടി മുഹമ്മദ്
ഭൗതിക ലോകം മുന്നോട്ട് പോകുക മുന്നോട്ട് നോക്കിയാണ്. അതായത് മനുഷ്യൻ അവൻ്റെ ജീവിതവുമായി ബന്ധപ്പെട്ട് ഒരു പുതിയ ഒരു പദ്ധതിയോ സംവിധാനമോ രൂപീകരിക്കുമ്പോൾ അതിൻ്റെ ഭാവി, അത് ഭാവിയിൽ ഉണ്ടാക്കുന്ന സ്വാധീനങ്ങൾ, ഭാവിക്കുവേണ്ടി അത് നേടിത്തരുന്ന നേട്ടങ്ങൾ തുടങ്ങി കുറേ കാര്യങ്ങൾ അതിനു വേണ്ടി പരിഗണിക്കപ്പെടേണ്ടതുണ്ട്. കാരണം അവയുമായി പോകേണ്ടത് മുന്നോട്ടാണ്. മുന്നിലുള്ള കാര്യങ്ങൾ പരിഗണിക്കുമ്പോഴാണ് അത് പൂർണ്ണത പ്രാപിക്കുക. അതേസമയം പിന്നിലേക്കും അൽപമൊക്കെ തിരിയേണ്ടിവരും എന്നത് ശരിയാണ്. അത് പലപ്പോഴും മുമ്പ് പറ്റിപ്പോയ അമളികൾ വരാതിരിക്കാൻ വേണ്ടി ഒരു മുൻകരുതൽ എന്ന നിലക്ക് മാത്രമായിരിക്കും. എന്നാൽ ആത്മീയ മേഖലയിൽ അഥവാ മതമേഖലയിൽ മുന്നോട്ട് പോകേണ്ടത് മുന്നോട്ട് നോക്കിയല്ല, മറിച്ച് പിന്നോട്ട് നോക്കിയാണ്. അഥവാ കഴിഞ്ഞുപോയ സമൂഹങ്ങൾ, തലമുറകൾ, അവർ വെച്ച ചുവടുകൾ, അവർ ഉണ്ടാക്കിയ പാരമ്പര്യങ്ങൾ തുടങ്ങിയവയെല്ലാം പരിഗണിച്ചും സ്വീകരിച്ചും മാത്രമാണ് മത രംഗത്ത് മുന്നോട്ട് പോകേണ്ടത്. ഇത് ഒരു അടിസ്ഥാനതത്വം ആണ്. വളരെ ആധികാരികത പുലർത്തുന്ന ഒരു രേഖ. അതായത് ഇന്നത്തെ മുസ്ലിംകൾക്കിടയിൽ വീക്ഷണ വൈജാത്യത്തിൻ്റെ രേഖ വരക്കുന്ന ഒരു തത്വമാണിത്. ഈ ഒരൊറ്റ സത്യമാണ് പ്രധാനമായും പരമ്പരാഗത വിശ്വാസികളായ സുന്നികളെയും അല്ലാത്തവരെയും ഒരു വരയുടെ താഴെയും മേലെയുമായി വേർതിരിക്കുന്നത്. ഉൽപ്പതിഷ്ണുക്കൾ എന്നു പറയുന്ന, ഓരോ വിഷയത്തിലും പ്രമാണത്തേക്കാൾ അധികമോ അല്ലെങ്കിൽ അതിനു സമമായെങ്കിലുമോ യുക്തിയെ പരിഗണിക്കുന്ന ചിന്താഗതിക്കാരായവർ ഈ പറഞ്ഞ തത്വം അംഗീകരിക്കുന്നില്ല. മുൻഗാമികൾ അല്ലെങ്കിൽ മുമ്പേ നടന്നു പോയവർ എന്ന ഒരു അസ്തിത്വം അവർ കാര്യമായി അംഗീകരിക്കുന്നേയില്ല. ഔലിയാക്കളെയും സ്വാലിഹുകളെയും അവർ അംഗീകരിക്കുന്നില്ല. മദ്ഹബുകളെ അവർക്ക് ഇഷ്ടമില്ല. അവയിൽ അവർ ആശിക്കുന്നത് ഉണ്ടെങ്കിൽ തന്നെ അതിനെ ആ മാന്യതയോടെ അവർ സ്വീകരിക്കുന്നില്ല. ഇങ്ങനെ മുൻ തലമുറകളെ തള്ളിക്കളയുകയോ വേണ്ടത്ര പരിഗണന നൽകാതിരിക്കുകയോ ചെയ്യുന്ന പൊതു കാഴ്ചയുടെ അടിസ്ഥാനം ഇതാണ്. അതേസമയം തീരെ പിന്നോട്ട് തിരിഞ്ഞു നോക്കുന്നില്ല എന്ന് പറയാൻ ഇടവരുത്താതിരിക്കാൻ അവർ ശ്രദ്ധിക്കുന്നുണ്ട്. അവരുടെ വാദഗതികളെ പിന്തുണക്കുന്ന എന്തെങ്കിലും ചിലതൊക്കെ കിട്ടിയാൽ അതിനെ അവർ കെട്ടിപ്പിടിച്ചു വെക്കുക തന്നെ ചെയ്യും. അങ്ങനെ വേണ്ടിവന്നാൽ തന്നെ അത് നല്ല ചേർച്ചയുള്ള ചില വാദങ്ങളിൽ മാത്രം ഒതുങ്ങി നിൽക്കും. ഉദാഹരണമായി, ഒരു സഹാബിയെ അവർ സ്വീകരിക്കുകയാണ് എങ്കിൽ തന്നെ അവരുടെ വാദഗതികളിൽ ഏതെങ്കിലും ഒന്നിനോട് താത്മ്യം പ്രാപിക്കുന്ന ഭാഗം മാത്രം എടുക്കും. ആ സഹാബിയുടെ ജീവിതം മുഴുവൻ എടുക്കാൻ അവർക്ക് കഴിയില്ല. അങ്ങനെ എടുത്താൽ അത് അവരുടെ മുമ്പിൽ തന്നെ വലിയ ചോദ്യചിഹ്നം സൃഷ്ടിക്കും.
ഇസ്ലാമിലെ മുൻഗാമികളെ ആധാരമാക്കുക എന്ന ഈ തത്വം അല്ലാഹുവിൻ്റെ പ്രകൃതിപരമായ താൽപര്യം തന്നെയാണ് എന്ന് സ്ഥാപിക്കുവാൻ പല സൂചനകളും നമ്മുടെ മുമ്പിലുണ്ട്. അവയിൽ പ്രധാനപ്പെട്ട ഒന്നാണ് പ്രപഞ്ചത്തിന്റെ വളർച്ചയുടെ ഘട്ടങ്ങൾ. പ്രപഞ്ചത്തിന്റെ അനുകൂലവും പ്രതികൂലവുമായ വളർച്ചകളെ പട്ടികപ്പെടുത്തിയാൽ നമുക്കു കാണാൻ കഴിയുന്ന വസ്തുത പിന്നോട്ട് പോകുന്തോറും വിശ്വാസികളുടെ ജീവിത വിശുദ്ധി വർദ്ധിച്ചുവരുന്നു എന്നതാണ്. ഇന്നു ജീവിച്ചിരിക്കുന്ന തലമുറയെക്കാൾ ജീവിത വിശുദ്ധിയും വിശ്വാസ ശക്തിയും ഉള്ളവരായിരുന്നു ഇതിനുമുമ്പ് ജീവിച്ചിരുന്ന തലമുറ. പിന്നോട്ട് പോകുന്തോറും ഈ വസ്തുത കൂടുതൽ ബോധ്യപ്പെടും. ഈ അടിസ്ഥാനത്തിലാണ് അബൂബക്കർ(റ) വിനെ കുറിച്ച് അദ്ദേഹത്തിൻ്റെ ഈമാൻ ഒരു തുലാസിന്റെ ഒരു തട്ടിലും ലോകത്തെ എല്ലാവരുടെ ഈമാനും കൂടി മറ്റൊരു തട്ടിലും വെച്ചുനോക്കിയാൽ മുൻതൂക്കം നിൽക്കുക അദ്ദേഹത്തിൻ്റെ ഈമാനായിരിക്കും എന്ന് പറയുന്നത്. ഉൽപതിഷ്ണുക്കൾക്ക് ഒരുപക്ഷേ, നാം വിശ്വസിച്ച കാര്യങ്ങളിൽ മാത്രമാണ് അദ്ദേഹവും വിശ്വസിച്ചത് എന്നും നാം ചെയ്യുന്ന കർമ്മങ്ങൾ മാത്രമാണ് അദ്ദേഹവും ചെയ്തത് എന്നും ഒക്കെ വാദിക്കാം. പക്ഷേ നമ്മുടെ വിശ്വാസത്തിനും കർമ്മങ്ങൾക്കും അവരുടെ വിശ്വാസത്തിൽ നിന്നും കർമ്മങ്ങളിൽ നിന്നും ഒരുപാട് അകലവും വ്യത്യാസവും ഉണ്ട്. നബി തിരുമേനി(സ) രാപ്രയാണവും ആകാശ ആകാശ ആരോഹണവും എന്ന ഇസ്റാഉം മിഅ്റാജും കഴിഞ്ഞ് മടങ്ങിയെത്തിയപ്പോൾ ആ വാർത്തയുടെ വിശദാംശങ്ങളും സത്യാസത്യ നിലപാടുകളും നബി മുഖത്തുനിന്ന് തന്നെ നേരിട്ട് മനസ്സിലാക്കാൻ പോലും ശ്രമിക്കാതെ അതിൽ വിശ്വസിച്ച ആളാണ് അബൂബക്കർ(റ). അന്ന് ജീവിച്ചിരുന്ന ഒരു സാധാരണ മനുഷ്യന് സരളമായി സഹിക്കാൻ കഴിയുന്ന ഒരു വിശ്വാസമേ ആയിരുന്നില്ല അത്. അത്രയധികം ദൂരമുള്ളതും നിലവിലുണ്ടായിരുന്ന ശാസ്ത്രീയ സത്യങ്ങളെ ഖണ്ഡിക്കുന്നതും ആയിരുന്നു നബി(സ) പറഞ്ഞ രണ്ടു കാര്യങ്ങളും. ഇങ്ങനെ വരുമ്പോൾ ഈ അബൂബക്കർ (റ) നമ്മുടെ മുമ്പിൽ ഒരു സമ്പൂർണ്ണമായ റോൾ മോഡൽ ആകുന്നതിൽ ഒരസാംഗത്യവും ഇല്ല. ഇപ്രകാരം തന്നെയാണ്, സഹാബിമാർ ഓരോരുത്തരും. അതുകൊണ്ടാണ് നബി(സ) പറഞ്ഞത്, എൻ്റെ സ്വഹാബിമാർ നക്ഷത്ര തുല്യരാണ്, അവരിൽ ആരെ അനുധാവനം ചെയ്താലും നിങ്ങൾ സന്മാർഗം പ്രാപിക്കും എന്ന്.
ഏതു മനുഷ്യനും മനസ്സിലാകുന്ന ഈ ആമുഖം കേൾക്കുമ്പോൾ അസ്വസ്ഥതയോടുകൂടെ ഉത്പതിഷ്ണുക്കൾ സ്വാഭാവികമായും ചാടി വീഴും. ഞങ്ങളും സഹാബിമാരെ അംഗീകരിക്കുന്നവരാണ് എന്ന് വലിയ വായിൽ വിളിച്ചു കൂവും. അവർ അംഗീകരിക്കുന്നുണ്ട് എന്നത് ശരി തന്നെയാണ്. പക്ഷേ അവരെ തങ്ങളുടെ മതപരമായ ജീവിതത്തിൻ്റെ സമ്പൂർണ്ണരായ മാതൃകകളായി സ്വീകരിക്കുന്നില്ല. തങ്ങൾക്കിഷ്ടമില്ലാത്ത, തങ്ങളുടെ നേതാക്കന്മാർ വാദിക്കുന്നില്ലാത്ത, തങ്ങളുടെ യുക്തിയോട് യോജിച്ചു വരുന്നില്ലാത്ത കാര്യങ്ങൾ വരുമ്പോൾ അവർ അവരെ തള്ളിക്കളയും. ഉമർ(റ) അവർക്ക് ധീരതയുടെ പര്യായമായി നീതിയുടെ നിദർശനമായി അവതരിപ്പിക്കാൻ മാത്രമുള്ളതാണ്. അതേസമയം തറാവീഹ് നിസ്കാരത്തിൻ്റെ എണ്ണത്തിന്റെ കാര്യത്തിലേക്ക് വരുമ്പോഴും സാരിയ എന്ന കമാൻഡർക്ക് ദൂരെ നിന്ന് നിർദ്ദേശം കേൾപ്പിക്കുന്ന സംഭവം വഴി കറാമത്ത് എന്ന അർഥത്തിലേക്ക് വരുമ്പോഴും അവർ ആ ഉമറിനെ പിടിവിടും. സഹാബികളുടെ തലമുറയിൽ മാത്രമല്ല വിശ്വാസികൾക്ക് മാതൃക ഉള്ളത്. അതിനു ശേഷം വന്ന താബിഉകളും അവരുടെ താബിഉകളും ഇപ്രകാരം തന്നെ നമുക്ക് മാതൃകകളാണ്. അവരെ പക്ഷേ സഹാബിമാരുടെ തലമുറയോളം സമ്പൂർണ്ണത കാണാൻ കഴിയില്ല. അങ്ങനെ ഉണ്ടാവേണ്ടതുമില്ല. കാലം മാറുന്നതിനനുസരിച്ച് വിശ്വാസങ്ങളിലും കർമ്മങ്ങളിലും എല്ലാം കുറവ് അനുഭവപ്പെടുക തന്നെ ചെയ്യും. എങ്കിലും ആ തലമുറകളിലും നമുക്ക് അനുകരിക്കാവുന്ന ഒട്ടേറെ വിശുദ്ധ ജനങ്ങൾ ഉണ്ട് എന്നത് ഒരു വസ്തുതയാണ്. മാത്രമല്ല നബി തിരുമേനി അത് വ്യക്തമായി സൂചിപ്പിക്കുകയും ചെയ്തിട്ടുണ്ട്. ഏറ്റവും ഉത്തമമായത് എൻ്റെ തലമുറയാണ്, പിന്നെ അതിനുശേഷം വരുന്നവരും, പിന്നെ അതിനുശേഷം വരുന്നവരും പിന്നെ അതിനുശേഷം വരുന്നവരും എന്നാണ് നബി തിരുമേനി(സ) പറഞ്ഞിട്ടുള്ളത്. ഈ തിരുവചനത്തിൽ പിന്നെ എന്നത് അതിനുവേണ്ടി ഉപയോഗിച്ച 'സുമ്മ' പദം വ്യക്തമാക്കുന്നത് പോലെ തന്നെ തൊട്ടുമുമ്പുള്ളതിൽ നിന്നും എല്ലാ അർത്ഥത്തിലും താഴെയുള്ളവരായിരിക്കും പിന്നീട് വരുന്നവർ എന്ന സൂചന ഉൾക്കൊള്ളുന്നുണ്ട്. ഈ തലമുറയിലെ പ്രധാനികളാണ് ഉദാഹരണമായി മദ്ഹബിന്റെ ഇമാമുകൾ. അവരെ നാം പിന്തുടരുന്നത്, അവരെ നാം മാതൃകയാക്കുന്നത് അവരുടെ ജീവിതത്തിൻ്റെ മൂല്യങ്ങളെ ആധാരമാക്കിയാണ്. ഏതൊരു ഇമാമിനെ എടുത്തു പരിശോധിച്ചാലും അദ്ദേഹത്തിൻ്റെ ജീവിതത്തിൽ ഇസ്ലാമിൻ്റെ ഏറ്റവും സൂക്ഷ്മമായ ജീവിത രീതി നമുക്ക് കാണാൻ കഴിയും. ഒരു കറാഹത്ത് പോലും ബോധപൂർവ്വം ചെയ്യാത്തവർ ആയിരുന്നു അവർ. അതിനാൽ അവരെ പിന്തുടർന്ന് ജീവിക്കുന്നത് തികച്ചും ഉൾക്കൊള്ളാവുന്നത് തന്നെയാണ്.
അവരുടെ കാര്യത്തിൽ പരമ്പരാഗത സുന്നി സമൂഹം പുലർത്തുന്ന കാഴ്ചപ്പാട് നാം പറഞ്ഞുവന്ന എല്ലാ അർത്ഥത്തിലും യുക്തിഭദ്രമാണ്. ഉദാഹരണമായി, ശാഫി ഇമാമിനെ കർമ്മപരമായി പിന്തുടരുന്ന ഷാഫി മദ്ഹബുകാർ തങ്ങളുടെ മദ്ഹബിന്റെ ചില അഭിപ്രായങ്ങളോട് യോജിക്കാത്തതിന്റെ പേരിൽ അല്ലെങ്കിൽ അതിൽ വിയോചിപ്പ് ഉണ്ടായിട്ടു പോലും അബു ഹനീഫ ഇമാമിനെയോ ഇബ്നു ഹമ്പൽ ഇമാമിനെയോ മാലിക് ഇമാമിനെയോ തള്ളിക്കളയുന്നില്ല. അവർക്ക് തങ്ങളുടെ ഇമാമിന് തുല്യമായ പരിഗണനയും ആദരവും മാതൃകയും നൽകുന്നുണ്ട്. കർമ്മപരമായി പക്ഷേ എല്ലാവരുടെ അഭിപ്രായങ്ങളും ഒരേസമയം സ്വീകരിക്കുക എന്നത് പ്രായോഗികമല്ല. യുക്തിയെ ആധാരമാക്കുന്ന ഉൽപ്പതിഷ്ണു വിഭാഗത്തിന്റെ നിലപാടും ഇതേ ഉദാഹരണത്തിൽ വേർതിരിച്ചെടുക്കാൻ പറ്റും. അവർ എഴുതുമ്പോഴും പറയുമ്പോഴും പലപ്പോഴും ഇമാം ശാഫിയെ ഉദ്ധരിക്കും. ഇമാം ഷാഫിയുടെ കവിതകളും ജീവിതപാഠങ്ങളും തത്വജ്ഞാനങ്ങളും അവർക്ക് ഇഷ്ടമാണ്. അതെല്ലാം പ്രകടി പ്രകടിപ്പിക്കുമ്പോഴും ഇസ്ലാമിനെ വീതം വെച്ച നാലുപേരിൽ ഒരാൾ എന്ന ആക്ഷേപം അദ്ദേഹത്തിൻ്റെ തലയിൽ കെട്ടിവെച്ച് അദ്ദേഹത്തെ അവർ തള്ളിക്കളയുകയും ചെയ്യും. സൗകര്യമുള്ളത് എടുക്കുകയും സൗകര്യമില്ലാത്തത് തള്ളിക്കളയുകയും ചെയ്യുക എന്ന ഈ ഇരട്ടത്താപ്പ് സ്വഭാവത്തിന്റെ അടിസ്ഥാനത്തിലാണ് അവരുടെ എല്ലാ വാദങ്ങളെയും നാം മതത്തിനുള്ളിലുള്ള യുക്തിവാദങ്ങളായി കാണുന്നത്.
ഇമാമുകളുടെ കാലം കഴിഞ്ഞാൽ പിന്നെ പ്രധാനമായും മത രംഗത്ത് തലയെടുപ്പ് ഉള്ളത് ഔലിയാക്കൾക്കാണ്. ശരിയായ പാന്ഥാവിൽ വളരുകയും ജീവിക്കുകയും മരണപ്പെടുകയും ചെയ്ത വ്യക്തിത്വങ്ങളെ ആണ് പൊതുവേ ഔലിയാക്കൾ എന്ന് പറയുന്നത്. ജീവിത വിശുദ്ധി കൊണ്ട് അല്ലാഹുവിൻ്റെ സാമീപ്യം അവർക്ക് നേടാൻ കഴിഞ്ഞിട്ടുണ്ടോ എന്നത് അറിയുവാനും പരിശോധിക്കുവാനും ഉള്ള മാർഗ്ഗമാണ് അവരിൽനിന്ന് കറാമത്തുകൾ ഉണ്ടായിട്ടുണ്ടോ എന്ന് നോക്കുന്നത്. അങ്ങനെ കറാമത്തുകൾ കാണപ്പെട്ടിട്ടുള്ള നിരവധി അല്ലാഹുവിൻ്റെ ഔലിയാക്കളെ നമ്മുടെ സമുദായം കണ്ടിട്ടുണ്ട്. അവരിൽ ഏതെങ്കിലും ഒരാളുടെ ജീവിതം പരിശോധിച്ചു നോക്കിയിട്ട് അദ്ദേഹത്തിൻ്റെ ജീവിതം മാതൃകായോഗ്യമല്ലായിരുന്നു എന്ന് ആരോപിക്കപ്പെടുന്നത് ആരും കേട്ടിട്ടുള്ള കാര്യമല്ല. അത്രയും വിശുദ്ധമായ ജീവിതത്തിന്റെ ഉടമകൾ ആയിരുന്നു അവർ. എല്ലാ സുന്നത്തുകളും അനുഷ്ഠിക്കുകയും ഒരു കറാഹത്ത് പോലും ചെയ്യാതെ ജീവിതകാലം മുഴുവനും സൂക്ഷ്മത പുലർത്തുകയും ചെയ്തിരുന്ന അത്തരക്കാരെ തീർച്ചയായും അവർക്ക് ശേഷമുള്ളവർക്ക് മാതൃകയാക്കാവുന്നതാണ്. അതിൽ യാതൊരു അസാംഗത്യവും ഇല്ല. അവർ അത് അർഹിക്കുന്നത് തന്നെയാണ്. പക്ഷേ നേരത്തെ പറഞ്ഞ വിഭാഗങ്ങൾ ഇത് ഉൾക്കൊള്ളുന്നില്ല. സ്വഹാബികളിലും താബിഉകളിലും ഇമാമുകളിലും അവർ പുലർത്തിയിരുന്ന കാപട്യം തന്നെയാണ് ഇവിടെയും പുലർത്തുന്നത്. ഉദാഹരണമായി മഹാനായ ശൈഖുനാ അബ്ദുൽ ഖാദർ ജീലാനി(റ)യുടെ ജീവിത വിശുദ്ധിയെക്കുറിച്ച് വലിയ വായിൽ പ്രസംഗിക്കുന്ന സലഫി പണ്ഡിതന്മാരെ കാണാം. പ്രത്യേകിച്ചും അറബി സലഫികൾക്കിടയിൽ. അവരെ ജീവിതം കൊണ്ട് പിന്തുടരുന്ന കാര്യത്തിലേക്ക് വരുമ്പോൾ അവർ വിമുഖരാവുകയും ഇടയാളന്മാർ എന്നു പറഞ്ഞു അവരെ കളിയാക്കുകയും ചെയ്യും. അവർക്ക് ഇത്തരം നയങ്ങളിൽ തങ്ങളുടെ നിലപാടുകളെ ചാരി വെക്കുവാൻ കിട്ടിയ ആകെയുള്ള അഭയമാണ് ഇത്തരം പ്രയോഗങ്ങൾ. ഖുതുബയുടെ കാര്യത്തിലേക്ക് വരുമ്പോൾ 'മനസ്സിലാകുക' എന്ന വിഷയം അവർക്ക് തികട്ടി വരുന്നു. മഹാന്മാരുടെ കാര്യം പറയുമ്പോൾ 'ഇടയാളന്മാർ' എന്ന വാക്ക് തികട്ടി വരുന്നു. മദ്ഹബുകൾ എന്ന വിഷയം പറയുമ്പോൾ 'നേരെ ചൊവ്വേ ഖുർആനിൽ നോക്കി കർമ്മങ്ങൾ ചെയ്യുക' എന്ന ആശയം തികട്ടി വരുന്നു. മരിച്ചവർക്ക് വേണ്ടി അല്ലാഹുവിനോട് ആണെങ്കിൽ പോലും ദുആ ചെയ്യാൻ ഒരുങ്ങിയാൽ 'ഖബർ ആരാധന' എന്ന വാക്ക് തികട്ടി വരുന്നു. ഈ വാക്കുകൾ ഓരോന്നും എടുത്ത് നിരത്തി വെച്ച് നോക്കിയാൽ നാം നേരത്തെ പറഞ്ഞ അതേ ആശയം വീണ്ടും തെളിഞ്ഞു വരും. അതായത് ഇത് മതത്തിന്റെയോ പ്രമാണത്തിന്റെയോ വിഷയമല്ല, അവരുടെ യുക്തിയുടെ മാത്രം വിഷയമാണ് എന്നത്.
ഇടയാളന്മാർ എന്ന വാക്ക് തൽക്കാലം ഒരു വാദത്തിന് വേണ്ടി അംഗീകരിച്ചു കൊടുക്കാം. ഈ വാക്കിനെയാണ് പരമ്പരാഗത സത്യവിശ്വാസികളെ പരിഹസിക്കുവാൻ വേണ്ടി പലരും ഉപയോഗിക്കുന്നത്. എന്നിട്ടും പോരാഞ്ഞിട്ട് ആലങ്കാരികമായി പ്രയോഗിച്ചു കൂടി ചവിട്ടിയേടത്ത് വീണ്ടും ചവിട്ടുമുണ്ട്. ഇടയാളന്മാർ എന്ന വാക്ക് തന്നെ എന്തോ മഹാകുറ്റത്തെയും പാതകത്തെയും സൂചിപ്പിക്കുന്നതാണെന്നുമെല്ലാം പ്രചരിച്ചു കിട്ടാൻ കൊണ്ടുപിടിച്ച ശ്രമങ്ങൾ ഉണ്ട്. സത്യത്തിൽ ഒരു അറപ്പും ഉളവാക്കുന്ന വാക്കല്ല അത്. ഒരാൾ മറ്റൊരാൾക്ക് ഒരു മൂന്നാമൻ്റെ കയ്യിൽ ഒരു സന്ദേശം കൊടുത്തയക്കുന്നുവെങ്കിൽ അയാൾ ഈ വിഷയത്തിൽ ഇടയാളനാണ്. അയാൾ ചെയ്യുന്നത് ഒരു സഹായവും ഒരു സേവനവും ആണ്. അത് ശ്ലാഖനീയമാണ്. ഓരോ കാര്യത്തിനു വേണ്ടി പലരുടെയും സഹായം പറ്റുക എന്നത് മനുഷ്യൻ്റെ പൊതുവായ ആവശ്യങ്ങൾ ഉൾപ്പെടുന്നതാണ്. ഇവിടെയും പ്രധാനമായി അങ്ങനെ തന്നെയാണ് കരുതുന്നത്. മുൻഗാമികളായ മഹാരഥന്മാർ നമുക്ക് വേണ്ടി ചെയ്തു തന്നതും നാം അവരെ ഉപയോഗിക്കുന്നതുമായ ഏറ്റവും പ്രധാനപ്പെട്ട കാര്യം ആദർശത്തിന്റെ കൈമാറ്റമാണ്. ആദർശത്തിന്റെ കണ്ണി ചേർക്കലാണ്. അത് അവ്വിധമല്ലാതെ ചേർക്കുവാൻ മറ്റൊരു മാർഗ്ഗവുമില്ല. അങ്ങനെ ചേർക്കാതിരിക്കാൻ പറ്റുകയുമില്ല. ആ മുൻഗാമികളിലൂടെ ഞങ്ങളുടെ കണ്ണികൾ ചേർക്കേണ്ടില്ല ചേർക്കേണ്ടതില്ല എന്ന് ഏതെങ്കിലും ഒരു കൂട്ടക്കാർ പറയുകയാണ് എങ്കിൽ അവർക്ക് മുറിയുക പ്രവാചകനുമായുള്ള പൊക്കിൾകൊടി ബന്ധമാണ്. ആ ബന്ധത്തിലൂടെയാണ് എല്ലാം വരുന്നത് എന്നതുകൊണ്ട് ആ ബന്ധത്തിലേക്ക് എത്തിച്ചേരുന്ന ശക്തമായ ഒരു ശൃംഖല എന്ന സനദ് അനിവാര്യമാണ്. ആ സനദിലെ കണ്ണികളായാണ് ഈ മഹാരഥന്മാരെ നാം ഉപയോഗിക്കുന്നത്. അങ്ങനെ അവരിൽനിന്ന് പാത സ്വീകരിക്കുവാനും കണ്ണി ചേർക്കുവാനും മാത്രം അവർ വിശുദ്ധരായിരുന്നു. ആ വിശുദ്ധി അവരിൽ നിന്ന് നമ്മളിലേക്ക് മാത്രം നീളുന്നതാണ് എന്നു കരുതരുത്. മറിച്ച് അത് ഒന്നാമതായി നീളുന്നത് അവരിൽനിന്ന് അല്ലാഹുവിലേക്കാണ്. അല്ലാഹുവിലേക്ക് അത് നീളുകയും അവന് അതിൽ സംതൃപ്തി ഉണ്ടാവുകയും ചെയ്തതുകൊണ്ടാണ് അവരെ അവൻ കറാമത്തുകൾ കൊണ്ട് അടയാളപ്പെടുത്തിയത്. ഇത്തരം കുറെ വിചാരങ്ങൾ ചേർന്നതാണ് മതം എന്നിടത്തുനിന്നാണ് ഇതൊന്നും പറ്റാത്തവർ പഠിച്ചു തുടങ്ങേണ്ടത്. അതിൽ കുറെ വൈകാരികതകൾ അടങ്ങിയിട്ടുണ്ട്. ഉദാഹരണമായി പ്രവാചകൻ തിരുമേനിയെ എടുക്കാം. അത് ശഹാദത്ത് കലിമയുടെ രണ്ടാം പ്രസ്താവന അല്ലേ എന്ന് നല്ല മലയാളത്തിൽ ചോദിച്ചത് കൊണ്ടായില്ല. ആ പ്രസ്താവന മനസ്സോടു ചേർന്ന് നിൽക്കണമെങ്കിലും നിർത്തണമെങ്കിലും അതിനെ പ്രവാചകന്‍ എന്ന ആശയത്തോട് സ്നേഹത്തിൽ കലർന്ന ഒരു വൈകാരിക ബന്ധം ആദ്യമുണ്ടായിരിക്കണം. അത്തരമൊരു ബന്ധം ഇല്ലെങ്കിൽ പിന്നെ പ്രയോഗത്തിലും വർത്തമാനത്തിലും മാത്രമല്ല മനസ്സിലും അതൊരു സാധാരണ മനുഷ്യനായി മാത്രമേ നിൽക്കുകയുള്ളൂ. ഈ തത്വം നബിയുടെ കാര്യത്തിൽ മാത്രമല്ല നബിയുടെ വഴിയിൽ നിലനിന്നിരുന്ന സ്വാലിഹീങ്ങൾ ആയ വൻമരങ്ങളുടെ കാര്യങ്ങളിലെല്ലാം പ്രായോഗികമാണ്.
അതേ സമയംയം അന്ധമായി മുൻഗാമികളെ പിന്തുടരുക എന്നല്ല ഇതുകൊണ്ട് വിവക്ഷിക്കപ്പെടുന്നത്. അന്ധമായ അനുകരണം ഇസ്ലാം അംഗീകരിക്കുന്നില്ല. അതിനാൽ ആ മുൻഗാമികളുടെ ആദർശപാത ശരിയോ, അതോ തെറ്റോ എന്നാദ്യം ഉറപ്പുവരുത്തണം. ഉത്തരം വളരെ ലളിതമാണ്. മുൻഗാമികൾ നല്ലവരാണെങ്കിൽ അവരുടെ ആദർശവും നല്ലതായിരിക്കും. അവർ വഴി പിഴച്ചവരാണെങ്കിൽ അവരുടെ ആദർശവും പിഴവു തന്നെയായിരിക്കും. മാർഗ്ഗ ഭ്രംശം പിണഞ്ഞ പൂർവ പിതാക്കന്മാരുടെ വഴിയിൽ തന്നെ ചലിക്കണമെന്ന് നിർബന്ധം പിടിക്കുന്നത് ഒട്ടും ശരിയല്ല. ബുദ്ധിശക്തിയെ നിഷ്‌ക്രിയമാക്കി മുൻഗാമികളുടെ പൈശാചിക പാതയിൽ അന്ധഗമനം നടത്തുന്നത് ന്യായീകരിക്കാൻ തരമില്ല. അത്തരം നിലപാടിനെ വിശുദ്ധ ഖുർആൻ ശക്തിയുക്തം വിമർശിക്കുന്നുണ്ട്. ഏതാനും വചനങ്ങളിലെ രോഷം കാണുക: അല്ലാഹു അവതരിപ്പിച്ച സത്യസന്ദേശത്തെ നിങ്ങൾ പിന്തുടരുവിൻ എന്ന് അവരോട് നിർദേശിക്കപ്പെട്ടാൽ അവർ പ്രതികരിക്കുന്നു ഞങ്ങളുടെ പൂർവ പിതാക്കന്മാരുടെ വഴി ഞങ്ങൾ പിന്തുടരുന്നു. പിശാച് അവരെ കത്തുന്ന നരകശിക്ഷയിലേക്കാണ് ക്ഷണിക്കുന്നതെങ്കിലോ?! (സൂറത്തു ലുഖ്മാൻ 21). സൂറത്ത് മാഇദ നൂറ്റി നാലാം വചനം കാണുക: അല്ലാഹു അവതരിപ്പിച്ചതിലേക്ക്, റസൂലിലേക്ക് നിങ്ങൾ അടുത്ത് വരൂ എന്ന് അവരോട് ആവശ്യപ്പെട്ടാൽ അവർ തിരിച്ചു പറയുന്നു; ഞങ്ങളുടെ പൂർവ പിതാക്കന്മാരുടെ നിലപാട് മാത്രമേ ഞങ്ങൾക്ക് വേണ്ടൂ. അവരുടെ പിതാക്കന്മാർ ഒന്നും അറിയാത്തവരും സന്മാർഗം അണയാത്തവരും ആണെങ്കിലോ?!. നീച കൃത്യങ്ങളെയും ഹീന ചെയ്തികളെയും പൂർവ പിതാക്കന്മാരുടെ പേരിൽ ന്യായീകരിക്കാൻ ശ്രമിക്കുന്നവരെ ഖുർആൻ തിരുത്തുന്നു. അവർ വല്ല നീച കൃത്യവും ചെയ്യുമ്പോൾ പറയുന്നു: ഞങ്ങളുടെ പൂർവ പിതാക്കന്മാർ അപ്രകാരം ചെയ്യുന്നത് ഞങ്ങൾ മനസ്സിലാക്കിയിട്ടുണ്ട്. അല്ലാഹു ഞങ്ങളോട് അത് കൽപിക്കുകയും ചെയ്തിട്ടുണ്ട്. താങ്കൾ വ്യക്തമാക്കുക, തീർച്ചയായും അല്ലാഹു നീചവൃത്തിയൊന്നും കൽപിക്കുന്നതല്ല. നിങ്ങൾ അല്ലാഹുവിന്റെമേൽ അറിയാത്ത കാര്യം ജൽപിക്കുകയാണോ (സൂറത്തുൽ അഅ്‌റാഫ് 28).
സനാതന മൂല്യങ്ങളിൽ നിന്നു വ്യതിചലിച്ച പൂർവികരെ കുറിച്ചാണ് ഇവിടെയെല്ലാം ഖുർആൻ വിർശിക്കുന്നത്. എന്നാൽ ഇതിനൊരു മറുവശമുണ്ട്. നന്മയിലും സന്മാർഗത്തിലും അടിയുറച്ച് നിന്ന പൂർവ പിതാക്കന്മാരെ മാതൃകയാക്കുകയും അവരുടെ ആദർശപാത മുറുകെ പിടിക്കുകയും ചെയ്യൽ അനിവാര്യമാണ്. പ്രവാചകന്മാർ പോലും ആ നിലപാടാണ് സ്വീകരിച്ചത്. യൂസുഫ് നബി(അ)യുടെ പ്രഖ്യാപനം കേൾക്കുക: ഞാൻ എന്റെ പൂർവ പിതാക്കന്മാരുടെ ആദർശ പാതയാണ് പിന്തുടരുന്നത്. അഥവാ ഇബ്‌റാഹീം, ഇസ്ഹാഖ്, യഅ്ഖൂബ് എന്നിവരുടെ (സൂറത്ത് യൂസുഫ് 38). യഅ്ഖൂബ് നബി മരണാസന്നനായപ്പോൾ മക്കളെ വിളിച്ചു ചോദിച്ചു: എന്റെ കാലശേഷം നിങ്ങൾ ആരെയാണ് ആരാധിക്കുക?!. പ്രവാചകന്മാർ ഉൾപെടുന്ന അവിടുത്തെ മക്കൾ തങ്ങളുടെ ഉറച്ച നിലപാട് വ്യക്തമാക്കിയത് ഇങ്ങനെ: ഞങ്ങൾ ആരാധിക്കുന്നത് താങ്കളുടെ ആരാധ്യനെയാണ്, (അതായത്) താങ്കളുടെ പൂർവ പിതാക്കന്മാരായ ഇബ്‌റാഹീം, ഇസ്മാഈൽ, ഇസ്ഹാഖ് എന്നിവരുടെ ഏക ഇലാഹിനെയാണ്. ഞങ്ങൾ അവനെ അനുസരിക്കുന്നു (സൂറത്തുൽ ബഖറ 133). ഖുർആൻ ചൂണ്ടിക്കാണിക്കുന്നു: ഞങ്ങളുടെ പൂർവ പിതാക്കന്മാരെ ഞങ്ങൾ ഒരു പാതയിൽ കണ്ടിട്ടുണ്ട്, ഞങ്ങൾ അവരുടെ പാദമുദ്രകൾ അനുഗമിക്കുന്നു എന്ന് നാട്ടിലെ സുഖലോലുപന്മാർ പറഞ്ഞിട്ടല്ലാതെ താങ്കൾക്ക് മുന്നേ ഒരു പ്രദേശത്തേക്കും നാം പ്രവാചകനെ നിയോഗിച്ചിട്ടില്ല (സൂറത്തുസ്സുഖ്‌റുഫ്: 23). സനാതന മൂല്യങ്ങളിൽ നിന്നു വ്യതിചലിച്ച പൂർവികരെ കുറിച്ചാണ് ഇവിടെയെല്ലാം ഖുർആൻ വിർശിക്കുന്നത്. എന്നാൽ ഇതിനൊരു മറുവശമുണ്ട്. നന്മയിലും സന്മാർഗത്തിലും അടിയുറച്ച് നിന്ന പൂർവ പിതാക്കന്മാരെ മാതൃകയാക്കുകയും അവരുടെ ആദർശപാത മുറുകെ പിടിക്കുകയും ചെയ്യൽ അനിവാര്യമാണ്. പ്രവാചകന്മാർ പോലും ആ നിലപാടാണ് സ്വീകരിച്ചത്. യൂസുഫ് നബി(അ)യുടെ പ്രഖ്യാപനം കേൾക്കുക: ഞാൻ എന്റെ പൂർവ പിതാക്കന്മാരുടെ ആദർശ പാതയാണ് പിന്തുടരുന്നത്. അഥവാ ഇബ്‌റാഹീം, ഇസ്ഹാഖ്, യഅ്ഖൂബ് എന്നിവരുടെ (സൂറത്ത് യൂസുഫ് 38). യഅ്ഖൂബ് നബി മരണാസന്നനായപ്പോൾ മക്കളെ വിളിച്ചു ചോദിച്ചു: എന്റെ കാലശേഷം നിങ്ങൾ ആരെയാണ് ആരാധിക്കുക?!. പ്രവാചകന്മാർ ഉൾപെടുന്ന അവിടുത്തെ മക്കൾ തങ്ങളുടെ ഉറച്ച നിലപാട് വ്യക്തമാക്കിയത് ഇങ്ങനെ: ഞങ്ങൾ ആരാധിക്കുന്നത് താങ്കളുടെ ആരാധ്യനെയാണ്, (അതായത്) താങ്കളുടെ പൂർവ പിതാക്കന്മാരായ ഇബ്‌റാഹീം, ഇസ്മാഈൽ, ഇസ്ഹാഖ് എന്നിവരുടെ ഏക ഇലാഹിനെയാണ്. ഞങ്ങൾ അവനെ അനുസരിക്കുന്നു (സൂറത്തുൽ ബഖറ 133). സജ്ജനങ്ങളായ പൂർവ പിതാക്കന്മാരെ അവഗണിക്കുകയോ അപമാനിക്കുകയോ ചെയ്യരുത്. സച്ചരിതരായ പൂർവ പിതാക്കന്മാരുടെ വിശുദ്ധ സരണിയിൽ നിന്ന് വ്യതിചലിക്കുന്നിടത്താണ് മാർഗഭ്രംശം തുടങ്ങുന്നത്. പൂർവ പിതാക്കന്മാരുടെ സത്യസരണിയിൽ നിന്ന് മാറി ചിന്തിച്ചതാണ് അജ്ഞാതകാലത്തെ അറബികൾ വഴിപിഴക്കാൻ കാരണം. അത് കൊണ്ടാണ് വിശുദ്ധ ഖുർആനും തിരുനബി(സ്വ)യും അറബികളെ അവരുടെ പൂർവ പിതാവിന്റെ വഴിയിലേക്ക് തിരിച്ചുവിളിച്ചത്. സൂറത്ത് ആലു ഇംറാൻ ഉദ്‌ബോധിപ്പിക്കുന്നു: നിങ്ങൾ വ്യതിയാനമുക്തരായി ഇബ്‌റാഹീം നബിയുടെ പാത പിന്തുടർന്നു കൊള്ളണം. അദ്ദേഹം ബഹുദൈവ വിശ്വാസികളിൽ പെട്ടയാളല്ല (ആലു ഇംറാൻ 95). നിങ്ങളുടെ പൂർവ പിതാവ് ഇബ്‌റാഹീം നബിയുടെ പാത നിങ്ങൾ മുറുകെ പിടിക്കുക (സൂറത്തുൽ ഹജ്ജ് 78). പക്ഷേ എന്തു കൊണ്ടോ വഴിതെറ്റിയ ആദർശവും പ്രസ്ഥാനവും ആകർഷകമായി തോന്നുന്നവർക്ക് പൂർവ പിതാക്കന്മാരുടെ ഋജുവായ ആദർശം ഉൾക്കൊള്ളാൻ കഴിയുന്നില്ല. എത്ര നല്ല പ്രമാണങ്ങളെയും അവഗണിക്കാൻ അവർക്ക് ഒരു മനസ്സാക്ഷിക്കുത്തും അനുഭവപ്പെടുന്നുമില്ല. ഖുർആൻ തന്നെ വ്യക്തമായി പറയുന്നു: അവർ മുഴുവൻ പ്രമാണങ്ങളും കണ്ടാൽ പോലും വിശ്വസിക്കില്ല. അങ്ങനെ താങ്കളോട് തർക്കിക്കാൻ വേണ്ടി വരുമ്പോൾ സത്യനിഷേധികൾ പറയുന്നു ഇത് മുൻഗാമികളുടെ അന്ധവിശ്വാസങ്ങൾ മാത്രമാണെന്ന് (സൂറത്തുൽ അൻആം 25).
സന്മാർഗ ചാരികളായ മുൻഗാമികളെയും പൂർവ പിതാക്കളെയും തള്ളിക്കളയുന്നവർ ഏറ്റവും ഹീനമായ ആദർശ ഭാണ്ഡമാണ് വഹിക്കേണ്ടിവരുന്നത് എന്ന് കൂടി വിശുദ്ധ ഖുർആൻ ഉണർത്തുന്നുണ്ട്. അല്ലാഹു പറയുന്നു: 'നിങ്ങളുടെ നാഥന്‍ എന്താണ് അവതരിപ്പിച്ചിരിക്കുന്നത് എന്ന് ആ ബഹുദൈവ വിശ്വാസികളോട് ചോദിക്കപ്പെട്ടാല്‍ പൂര്‍വികന്മാരുടെ കെട്ടുകഥകളാണവ എന്നാണവര്‍ പ്രതികരിക്കുക. സ്വന്തം പാപഭാരങ്ങള്‍ പൂര്‍ണമായും, അജ്ഞതമൂലം തങ്ങള്‍ വഴിപിഴപ്പിച്ചവരുടെ പാപഭാരം ഭാഗികമായും പുനരുത്ഥാനനാള്‍ അവര്‍ വഹിക്കുക എന്നതാവും അതിന്റെ പരിണതി. അറിയുക, അവര്‍ വഹിക്കുന്ന ആ ഭാരം മഹാ ചീത്തതന്നെ!' (സൂറത്തുന്നഹ്ൽ 24, 25). തിരുനബി(സ)യുടെ നിയോഗത്തിനു മുമ്പുതന്നെ അറേബ്യന്‍ ഉപദ്വീപിന്റെ പലഭാഗങ്ങളില്‍ നിന്നും ആളുകള്‍ മക്കയിൽ ഹജ്ജിനു എത്തിയിരുന്നു. നബി തിരുമേനി(സ)യുടെ നിയോഗത്തിനുശേഷം ഇങ്ങനെ മക്കയിൽ വരുന്നവർ അക്കാലത്തെ ഒരു പ്രധാന വാർത്തയായിരുന്നതിനാൽ നബി തിരുമേനിയെ കുറിച്ച് മക്കക്കാരോട് സ്വാഭാവികമായും ചോദിക്കുമായിരുന്നു. അവരാകട്ടെ, നബി(സ)യുടെ നാട്ടുകാരും ബന്ധുക്കളുമാണല്ലോ. തല്‍സമയം അവര്‍ നല്‍കിയിരുന്ന മറുപടിയാണിത്. മുഹമ്മദ് വ്യാജനാണ്, ചതിയനാണ്, ആഭിചാരകനാണ്, ഭ്രാന്തനാണ്, അവന്റെ ഖുര്‍ആന്‍ പൂര്‍വികരുടെ കെട്ടുകഥകളാണ് എന്നൊക്കെ. ഇതുമൂലം അവർ പറയുന്നത് വിശ്വസിച്ച് വഴിതെറ്റിക്കപ്പെടുന്ന ആ അന്വേഷകന്‍മാരുടെ പാപഭാരവും സ്വന്തം ബഹുദൈവവിശ്വാസത്തിന്റെ പാപഭാരവും ഇവർ പേറേണ്ടിവരും എന്നതാണ് ഇവിടെ വിവക്ഷിക്കപ്പെടുന്നത്. ഈ കളിയാക്കലും ചവിട്ടിക്കൂട്ടലുമെല്ലാം കാരണമായി ലോകം ആദരിക്കേണ്ട ഒരാൾ ആദരിക്കപ്പെടാതെ പോവുകയോ അംഗീകരിക്കപ്പെടേണ്ട ഒരാൾ അംഗീകരിക്കപ്പെടാതെ പോവുകയോ ചെയ്താൽ അതിന്റെയൊക്കെ പാപ ഭാണ്ഡം അതിന് നിമിത്തമായവർ പേറേണ്ടി വരാതിരിക്കില്ല.
0
0 Comments
No comments yet.
Leave a Comment
© www.thdarimi.in. All Rights Reserved. Designed by zainso