Thoughts & Arts
Image

വ്യവസ്ഥകളുടെ കൃത്യതയും കാര്യക്ഷമതയും

13-08-2024

Web Design

15 Comments

ഇഅ്ജാസ്
ടി എച്ച് ദാരിമി







ഇസ്ലാം ലോകത്തിനു നൽകിയ വ്യവസ്ഥകളുടെ കൃത്യതയുടെയും കാര്യക്ഷമതയുടെയും പ്രധാന അടിസ്ഥാനമാണ് കഴിഞ്ഞ ചർച്ചയിൽ നാം പറഞ്ഞത്. അഥവാ മനുഷ്യൻ്റെ അഞ്ചു അനിവാര്യ അടിസ്ഥാനങ്ങളെ വലം വെച്ചുകൊണ്ടാണ് ഓരോ നിയമങ്ങളും ഇസ്ലാം ആവിഷ്കരിച്ചതും സ്ഥാപിച്ചതും മുന്നോട്ട് വെച്ചതും. അതുകൊണ്ടുതന്നെ അവയെല്ലാം തികച്ചും പ്രായോഗികമായിരുന്നു. ഇസ്ലാമിക വ്യവസ്ഥകളുടെ കൃത്യതയും കാര്യക്ഷമതയും കാണുവാൻ പല മാർഗങ്ങളുമുണ്ട്. അതിൽ വളരെ സങ്കീർണമായ ചില ചർച്ചകൾ വരെ നമുക്ക് ചെയ്യാനുണ്ട്. അതിലേക്കെല്ലാം പ്രവേശിക്കുന്നതിന് മുമ്പായി ഒരു ആമുഖം എന്നോണം ആ കൃത്യതയുടെയും കാര്യക്ഷമതയുടെയും ഒരാശയത്തിലേക്ക് സരളമായി കടന്നുചെന്നുചെല്ലുവാൻ നമുക്ക് ഒരു ഉദാഹരണത്തിനെ ആശ്രയിക്കാം. അത് ഇസ്ലാമിലും ഇസ്ലാമിന് പുറത്തും ലോകത്തെവിടെയും എക്കാലവും ശ്രദ്ധിക്കപ്പെടുന്ന മദ്യനിരോധന വ്യവസ്ഥിതിയാണ്. ഇസ്ലാം വളരെ കൃത്യതയോടു കൂടെയും കാര്യക്ഷമതയോടു കൂടെയും തികച്ചും ശാസ്ത്രീയമായ ചുവടുകൾ വഴി ആയിരുന്നു മദ്യത്തിൽ മുങ്ങി ജീവിച്ചിരുന്ന ആദിമ അറബികളുടെ കൈകളിൽ നിന്ന് മദ്യത്തിന്റെ ചഷകങ്ങൾ വാങ്ങിവെച്ചത്. ഈ വ്യവസ്ഥിതിയുടെ നടപടിക്രമങ്ങളുടെ ശാസ്ത്രീയത ബോധ്യപ്പെടുവാൻ മദ്യത്തോട് ആ ജനതക്കുണ്ടായിരുന്ന ബന്ധത്തിൻ്റെ ശക്തി ആദ്യം പരിഗണിക്കേണ്ടതുണ്ട്. അപ്പോൾ മാത്രമാണ് അത് അനുസരിച്ചുള്ള വ്യവസ്ഥിതി രൂപപ്പെടുത്താൻ കഴിയുക. മദ്യം അന്നത്തെ അറേബ്യൻ ജനതയുടെ എല്ലാമെല്ലാമായിരുന്നു. മരണപ്പെട്ടാൽ മുന്തിരിവള്ളിയുടെ ചുവട്ടിൽ മറവുചെയ്യണമെന്നും എങ്കിൽ ശവക്കല്ലറയിൽ വച്ചുപോലും തനിക്ക് മദ്യത്തിന്റെ രുചി ആസ്വദിക്കാമല്ലോ എന്നു ഒരു സങ്കോചവുമില്ലാതെ വസ്വിയ്യത്ത് ചെയ്തിരുന്ന കാലം. മദ്യത്തിലും തന്മൂലമുള്ള വഴിവിട്ട ജീവിതരീതികളിലും പരിപൂർണ്ണമായും അഭിരമിച്ചിരുന്ന സമൂഹമായിരുന്നു അവർ. മദ്യത്തിനുവേണ്ടി ജീവിക്കുകയും മദ്യത്തിനുവേണ്ടി മരിക്കുകയും ചെയ്ത പ്രസ്തുത ജനതയോട് ‘നിങ്ങൾ മദ്യം ഉപേക്ഷിക്കുക’ എന്ന ആഹ്വാനം നടത്തിയാൽ അത് ഒരിക്കലും വിജയിക്കുമായിരുന്നില്ല. കാരണം അവർക്ക് മദ്യവും ആയുള്ള ബന്ധം അത്രമേൽ ദൃഢവും ശക്തവും ആയിരുന്നു.



ആദ്യം ഇസ്ലാം മദ്യത്തിൻ്റെ വിഷയത്തിലേക്ക് തിരിഞ്ഞു നോക്കിയതേയില്ല. മറിച്ച് മദ്യത്തെ കുറിച്ചുള്ള കർക്കശമായ തീരുമാനമടക്കം വരാനിരിക്കുന്ന ഏതു നിയമങ്ങളേയും ഏതു നിർദ്ദേശങ്ങളെയും മനസ്സാ സ്വീകരിക്കുവാനും അംഗീകരിക്കുവാനും ഉള്ള ഒരു മനസ്ഥിതി ഉണ്ടാക്കിയെടുക്കുകയായിരുന്നു ആദ്യം ചെയ്തത്. അത്തരം ഒരു ആമുഖം പടുത്തുയർത്തിയതിനു ശേഷം പിന്നീട് തഖ്‌വ, ഇഖ്ലാസ് തുടങ്ങി വിശ്വാസത്തിൻ്റെ തെളിച്ചവും മൂർച്ചയും വർദ്ധിപ്പിക്കുന്ന പല മാനസിക വ്യവഹാരങ്ങളും അവരുടെ മനസ്സുകളിൽ വളർത്തിക്കൊണ്ടുവന്നു. അല്ലാഹുവിൻ്റെ പ്രതിഫലത്തിലും സ്വർഗ്ഗത്തിലും വലിയ ആശ വെക്കുവാനും നരകത്തെയും പരീക്ഷണങ്ങളെയും ആത്മാർത്ഥമായി ഭയപ്പെടാനും ഉള്ള കഴിവ് അവരുടെ മനസ്സുകൾക്ക് ഇങ്ങനെ ഉണ്ടാക്കിയെടുക്കുകയായിരുന്നു ദീർഘമായ മക്കാ യുഗത്തിൽ പ്രധാനമായും നബി തിരുമേനി(സ) ചെയ്തത്. ഇതോടെ ഏതു കടുത്ത നിയമങ്ങൾ വന്നാലും വലിയ ബലപ്രയോഗം ഇല്ലാതെ അത് അംഗീകരിക്കപ്പെടാനുള്ള ഒരു പ്രാപ്തി സമുദായത്തിൽ ഉണ്ടാക്കിയെടുത്തു. ആഇശ (റ) പറയുന്നു: “ചെറിയ അധ്യായങ്ങളാണ് ഖുർആനിൽ ആദ്യമായി അവതരിച്ചത്. സ്വർഗവും നരകവുമെല്ലാമാണ് അവയിലെ പ്രതിപാദ്യവിഷയങ്ങൾ. അങ്ങനെ ജനങ്ങള്‍ ഇസ്‌ലാമിലേക്ക് ധാരാളമായി കടന്നുവന്നപ്പോൾ വിധി വിലക്കുകളെക്കുറിച്ചുള്ള സൂക്തങ്ങൾ ഇറങ്ങി. ആദ്യം ഖുർആനില്‍ അവതരിച്ചത് ‘നിങ്ങള്‍ മദ്യം കഴിക്കരുത്’ എന്നായിരുന്നുവെങ്കില്‍ ‘ഞങ്ങള്‍ മദ്യം ഒരിക്കലും ഒഴിവാക്കുകയില്ല’ എന്ന് അവർ പറയുമായിരുന്നു. ആദ്യം അവതരിച്ചത് ‘നിങ്ങള്‍ വ്യഭിചരിക്കരുത് ‘ എന്നായിരുന്നുവെങ്കില്‍ ‘ഞങ്ങള്‍ വ്യഭിചാരം ഒരിക്കലും ഉപേക്ഷിക്കുകയില്ല’ എന്നായിരിക്കും അവർ പറയുക.”(ബുഖാരി).



ഈ രീതിയിൽ അറേബ്യൻ ജനസമൂഹം സംസ്കരിക്കപ്പെട്ട ശേഷമാണ് മദ്യത്തി കുറിച്ചുള്ള ആദ്യത്തെ സൂക്തം ഇറങ്ങുന്നത് അതിൻറെ ആശയം മദ്യം ഉപേക്ഷിക്കേണ്ടതാണെന്നതായിരുന്നു. അല്ലാഹു പറഞ്ഞു: “(നബിയേ,) താങ്കളോടവര്‍ മദ്യത്തെയും ചൂതാട്ടത്തെയും കുറിച്ച് ചോദിച്ചേക്കും. പറയുക: അവ രണ്ടിലും ഗുരുതരമായ പാപമുണ്ട്‌. ജനങ്ങള്‍ക്ക്‌ ചില പ്രയോജനങ്ങളുമുണ്ട്‌. എന്നാല്‍ അവയിലെ പാപത്തിന്റെ അംശമാണ്‌ പ്രയോജനത്തിന്റെ അംശത്തേക്കാള്‍ വലുത്‌.” (ഖുർആൻ 2:219). മദ്യത്തിലും ചൂതാട്ടത്തിലും പാപത്തിന്റെയും പ്രയോജനത്തിന്റെയും അംശങ്ങളുണ്ട് എന്ന് പറഞ്ഞു വെക്കുകയാണ് ഈ സൂക്തം. അവയിലെ പ്രയോജനത്തേക്കാൾ ഏറെ പാപത്തെ അടിവരയിടുവാനുള്ള ധ്വനിയാണ് ഈ സൂക്തം ഉയർത്തുന്നത്. മദ്യത്തിലും ചൂതാട്ടത്തിലും ഉള്ള താല്‍ക്കാലികമായ ചില ഗുണങ്ങളെയാണ് ഈ ആയത്ത് പ്രയോജനങ്ങൾ എന്ന് വിളിക്കുന്നത്. താൽക്കാലികമായ ഒരു തരം ആനന്ദം, ഉന്‍മേഷം. ധൈര്യം, ദഹനശക്തി, ധനം നേട്ടം, തൊഴില്‍ സാധ്യത മുതലായവയാണ് അതിൻ്റെ വിപക്ഷ. ഇവയെല്ലാം താല്‍ക്കാലികം മാത്രമാണെങ്കിലും അവ അതുമൂലം ലഭിക്കുന്ന പ്രയോജനങ്ങളാണല്ലോ. അതേസമയം മദ്യം അകത്തു ചെല്ലുകയും ബുദ്ധിയുടെ സ്ഥിരതയും വെളിവും കൈവിട്ടു പോവുകയും ചെയ്യുമ്പോൾ അവരിൽ നിന്ന് സ്വന്തം കുടുംബങ്ങള്‍ക്കും, അയല്‍ക്കാര്‍ക്കും, നാട്ടുകാര്‍ക്കും അനുഭവപ്പെടുന്ന ശല്യങ്ങളും അക്രമങ്ങളും വാക്കേറ്റവും, അടിപിടിയും നിയമലംഘനവും മറ്റു തോന്നിവാസങ്ങളും കൊലപാതകങ്ങള്‍ തുടങ്ങിയവയും എല്ലാം മദ്യം ഉണ്ടാക്കുന്ന പാവങ്ങളാണ്. ചൂതാട്ടങ്ങളുടെ കഥയും ഏറെക്കുറെ ഇതുതന്നെയാണ്. കള്ളുകുടി നിമിത്തം ദുര്‍വ്യയം ശീലിക്കുന്നുവെങ്കില്‍, ചൂതാട്ടം നിമിത്തം അന്യരുടെ ധനം അന്യായമായി കൈക്കലാക്കലായിരിക്കും ലക്ഷ്യം. ലക്ഷ്യം പ്രാപിക്കാതെ വരുമ്പോള്‍ പാപ്പരത്തവും ദാരിദ്രവുമെല്ലാം നേരിടും.



ഒരു കാര്യത്തിൽ ഗുണവും ഉണ്ട് ദോഷവും ഉണ്ട്, ദോഷമാണ് ഗുണത്തേക്കാൾ മുന്നിൽ നിൽക്കുന്നത് എന്ന് പറയുന്നത് കൊണ്ട് പൊതുസമൂഹത്തിന് പ്രത്യേകിച്ച് നേട്ടമൊന്നുമില്ല. അതവരെ കാര്യമായി സ്വാധീനിച്ചു കൊള്ളണമെന്നില്ല. അതേസമയം നേരത്തെ പറഞ്ഞ തരത്തിലുള്ള വിശ്വാസം, സൂക്ഷ്മത, സ്വർഗ്ഗത്തോടുള്ള അഭിവാജ്ഞ, നരകത്തിലും ദൈവകോപത്തിലും ഉള്ള ഭയം എന്നിവയെല്ലാം ഉള്ള ഒരു ജനതയെ സംബന്ധിച്ചിടത്തോളം അതിൽനിന്ന് അവർക്ക് അതിൻ്റെ ധ്വനി കൃത്യമായി വായിച്ചെടുക്കാനും അങ്ങനെത്തന്നെ ഈ പാപങ്ങളെ ഗൗരവത്തോടെ കണ്ട് ഉപേക്ഷിക്കാനും കഴിയും. അത്രമാത്രമുള്ള വിജയം മാത്രമേ ഈ ഒന്നാമത്തെ നീക്കം കൊണ്ട് പ്രതീക്ഷിക്കുന്നുണ്ടാകുന്നുള്ളൂ. അത് സംഭവിക്കുകയും ചെയ്തു. ഒന്നാമത്തെ ഈ സൂക്തത്തിൽ ഉള്ള ആശയം ഗ്രഹിച്ചു തന്നെ അതി സൂക്ഷ്മ ശാലികളായ സ്വഹാബിമാർ മദ്യപാനം ഉപേക്ഷിച്ചതായി ചരിത്രങ്ങളിൽ ഉണ്ട്. പലരും ഇങ്ങനെ മദ്യപാനം ഉപേക്ഷിച്ചെങ്കിലും ചിലർ വീണ്ടും അതിൽ തന്നെ മുഴുകി. വ്യക്തമായി വിരോധിച്ചിട്ടില്ലല്ലോ എന്നായിരുന്നു അവരുടെ മനസ്സുകൾ അവർക്കു നൽകിയ ന്യായീകരണം. അതിൽ അവർ പിടിച്ചുനിന്നു. പിന്നെ അത് രണ്ടാമത്തെ ഇടപെടലിനുള്ള സാഹചര്യമായി മാറി. അതായത് പരിപൂർണ്ണമായ നിരോധനം വന്നിട്ടില്ലല്ലോ എന്ന സമാധാനത്തിൽ പലരും വീണ്ടും മദ്യപാനം തുടർന്നു. അങ്ങനെയുള്ള ചില സ്വഹാബികള്‍ മദ്യപിച്ചു ലഹരി ബാധിച്ചവരായി നമസ്‌കരിച്ചപ്പോള്‍ ഖുര്‍ആന്‍ വചനങ്ങള്‍ തെറ്റായി പാരായണം ചെയ്യുകയുണ്ടായി. അങ്ങനെയാണ് അത് രണ്ടാം ഇടപെടലിനുള്ള സാഹചര്യമായി മാറിയത്: അല്ലാഹുവിൻ്റെ രണ്ടാം ഇടപെടൽ ഇങ്ങനെ പറഞ്ഞു കൊണ്ടായിരുന്നു: “സത്യവിശ്വാസികളേ, ലഹരിബാധിച്ചവരായിക്കൊണ്ട്‌ നിങ്ങള്‍ നമസ്കാരത്തെ സമീപിക്കരുത്‌; നിങ്ങള്‍ പറയുന്നതെന്തെന്ന്‌ നിങ്ങള്‍ക്ക്‌ ബോധമുണ്ടാകുന്നത്‌ വരെ.” (ഖുർആൻ 4:43).



ഈ സൂക്തത്തിലെ മദ്യനിരോധനം ഒന്നാം സൂക്തത്തിൽ ഉള്ളടങ്ങിയിരിക്കുന്നതിനേക്കാൾ ഏറെ വിസ്തൃതമാണ്. കാരണം മദ്യപിച്ചുകൊണ്ട് നിസ്കരിക്കരുത് എന്ന് പറയുമ്പോൾ നിസ്കരിക്കരുത്, നിസ്കരിക്കുന്നവരുടെ അടുത്ത് ചെല്ലരുത്, നിസ്കരിക്കുന്ന പള്ളിയിൽ കടക്കരുത് എന്നെല്ലാം ഉള്ള സ്ഥലപരമായ ഒരു വിസ്തൃതി അതിന് കൈവരുന്നു. കാരണം, അല്ലാഹു ഈ ആയത്തിൽ പറയുന്നത് മദ്യപിച്ചുകൊണ്ട് നിങ്ങൾ നിസ്കരിക്കരുത് എന്നല്ല, മറിച്ച്, മദ്യപിച്ചുകൊണ്ട് നിങ്ങൾ നിസ്കാരത്തെ സമീപിക്കരുത് എന്നാണ്. ആ പ്രയോഗമാണ് സത്യത്തിൽ നാം മേൽപ്പറഞ്ഞ അർഥവ്യാപ്തി നൽകുന്നത്. അപ്രകാരം തന്നെ നിസ്കാരം ഒരു ദിവസത്തിൽ തന്നെ അഞ്ചു പ്രാവശ്യം ആവർത്തിക്കപ്പെടൽ നിർബന്ധമായതിനാലും അതിൽ ഉപേക്ഷ വരുത്തുവാൻ ഒരു ന്യായത്തിനും കഴിയാത്ത കാര്യമായതിനാലും നിസ്കാരക്കാരായ വിശ്വാസികൾക്ക് മദ്യപാനം പാടില്ലാത്ത കാര്യമായി സൂത്രത്തിൽ മാറുന്നുണ്ട്. കാരണം ഒരു നിസ്കാരത്തിന് ശേഷം മദ്യം സേവിച്ചാൽ അടുത്ത നിസ്കാരത്തിൻ്റെ സമയമാകുമ്പോഴേക്കും അതിൻ്റെ കെട്ടും മാലും ഇറങ്ങുകയില്ല. ആ വിധത്തിലാണ് നിസ്കാരത്തിൻ്റെ സമയങ്ങൾ പ്രധാനമായും ക്രമീകരിക്കപ്പെട്ടിരിക്കുന്നത്. അതുകൊണ്ട് തന്നെയായിരിക്കും ഈ വചനം അവതരിച്ചശേഷം രാത്രി മാത്രമേ സത്യവിശ്വാസികള്‍ മദ്യം ഉപയോഗിക്കുമായിരുന്നുള്ളുവെന്ന് ചില രിവായത്തുകളില്‍ വന്നിട്ടുള്ളത്. ആയതിനാൽ ഈ സൂക്തത്തിന്റെ ആശയം നിസ്കരിക്കുന്നവർ മദ്യപിക്കരുത് എന്ന് തന്നെയായിമാറുന്നു. അതോടൊപ്പം ആയത്തിൽ പറയുന്നത് നിങ്ങൾ ലഹരി ബാധിച്ചവരായി കൊണ്ട് നിസ്കാരത്തെ സമീപിക്കരുത് എന്നാണ്. അതിനുമുണ്ട് ആശയപരമായ വ്യാപ്തി. കാരണം മദ്യപാനം വഴിയല്ലാതെ ഉള്ള ലഹരി ബാധകളെ കൂടി ഈ പ്രയോഗത്തോടുകൂടി ഇത് ഉൾക്കൊള്ളുന്നു. അതോടൊപ്പം ഈ ആശയത്തിന്റെ നേർക്കുനേർ ഉള്ള അർത്ഥം ലഹരി അല്ലാഹുവിന് ഇഷ്ടമില്ലാത്ത കാര്യമാണ് എന്നതു തന്നെയാണ്. അതോടെ ഏതെങ്കിലും തരത്തിൽ വിശ്വാസത്തിന് ബലമുള്ളവരെല്ലാം വീണ്ടും അതിൽ നിന്ന് പിന്മാറി. ഈ പിന്മാറ്റങ്ങളിലൂടെ എല്ലാം വരാനിരിക്കുന്ന കർക്കശ നിർദ്ദേശത്തിന്റെ ആഘാതം കുറഞ്ഞുകുറഞ്ഞു വരുന്നുണ്ട് എന്നതുകൂടി കാണേണ്ടതുണ്ട്.



ചരിത്രം പറയുന്നത് മദ്യനിരോധനത്തിന്റെ രണ്ടാം ഘട്ടംകൂടി വന്നതോടെ നിരവധി സത്യവിശ്വാസികൾ മദ്യപാനത്തിൽ നിന്ന് വിരമിച്ചു എന്നാണ്. അപൂർവം ചിലർ പിന്നെയും മദ്യപാനികളായി അവശേഷിച്ചിരുന്നു. ഇതോടെ മദ്യപാനം പരിപൂർണ്ണമായും നിരോധിക്കുവാനുള്ള സാഹചര്യം തയ്യാറായി. അപ്പോൾ അല്ലാഹു പറഞ്ഞു: “സത്യവിശ്വാസികളേ, മദ്യവും ചൂതാട്ടവും പ്രതിഷ്ഠകളും പ്രശ്നം വെച്ച്‌ നോക്കാനുള്ള അമ്പുകളും പൈശാചികമായ മ്ലേച്ഛവൃത്തി മാത്രമാകുന്നു. അതിനാല്‍ നിങ്ങള്‍ അതൊക്കെ വര്‍ജ്ജിക്കുക. നിങ്ങള്‍ക്ക്‌ വിജയം പ്രാപിക്കാം. പിശാച്‌ ഉദ്ദേശിക്കുന്നത്‌ മദ്യത്തിലൂടെയും, ചൂതാട്ടത്തിലൂടെയും നിങ്ങള്‍ക്കിടയില്‍ ശത്രുതയും വിദ്വേഷവും ഉളവാക്കുവാനും, അല്ലാഹുവെ ഓര്‍മിക്കുന്നതില്‍ നിന്നും നമസ്കാരത്തില്‍ നിന്നും നിങ്ങളെ തടയുവാനും മാത്രമാകുന്നു. അതിനാല്‍ നിങ്ങള്‍ (അവയില്‍ നിന്ന്‌) വിരമിക്കുവാനൊരുക്കമുണ്ടോ?” (ഖുർആൻ 5:90,91). ഈ വചനം അവതരിച്ചപ്പോള്‍ അതുവരേയും മദ്യപാനം നിർത്താതെ അവശേഷിച്ചിരുന്ന സ്വഹാബികള്‍ ഉറച്ച മനസോടെ “ഞങ്ങള്‍ വിരമിച്ചു! വിരമിച്ചു!” എന്നു വിളിച്ചു പറഞ്ഞു. എല്ലാ സത്യവിശ്വാസികളും മദ്യപാനം പൂർണമായും നിർത്തി. മദീനയുടെ തെരുവീഥികളില്‍ക്കൂടി മദ്യം ഒഴുകി. മദ്യമില്ലാത്ത ദിനങ്ങളെക്കുറിച്ച് ചിന്തിക്കുകപോലും സാധ്യമല്ലാതിരുന്ന ഒരു സമൂഹത്തെ മദ്യത്തിൽനിന്ന് പൂർണമായി വിരമിക്കുകയും മദ്യപാനത്തെ അതിശക്തമായി എതിർക്കുകയും ചെയ്യുന്ന ഒരു സമൂഹമാക്കി ഇസ്‌ലാം പരിവർത്തിപ്പിച്ചു. ലോകത്തിൻറെ ചരിത്രത്തിൽ രേഖപ്പെടുത്തവയിൽ വെച്ച് ഏറ്റവും നിസ്തുലമായ പരിവർത്തനം..



ഈ വ്യവസ്ഥ സ്ഥാപിക്കപ്പെട്ടതോടുകൂടി ഇസ്ലാം മദ്യപാനത്തെ നിരോധിച്ചതിനെ അരക്കിട്ട് ഉറപ്പിക്കുകയും ചെയ്തു.
മദ്യപാനം വൻപാപമാണെന്നാണ് ഇസ്‌ലാം പഠിപ്പിക്കുന്നത്. നബി(സ) പറയുന്നു: “ജിബ്‌രീൽ എന്നെ സമീപിച്ച് ഇങ്ങനെ പറഞ്ഞു: ‘അല്ലയോ മുഹമ്മദ് നബിയേ, മദ്യത്തെയും മദ്യം വാറ്റുന്നവനെയും വാറ്റിപ്പിക്കുന്നവനെയും മദ്യപാനിയെയും ആർക്കുവേണ്ടി മദ്യം കടത്തുന്നുവോ അവനെയും മദ്യവിൽപനക്കാരനെയും അത് വാങ്ങുന്നവനെയും കുടിക്കുന്നവനെയും കുടിപ്പിക്കപ്പെടുന്നവനെയുമെല്ലാം അല്ലാഹു ശപിച്ചിരിക്കുന്നു.” (അഹ്‌മദ്‌). മറ്റൊരു ഹദീസിൽ നബി(സ) തങ്ങൾ പറഞ്ഞു കാണുക: “മദ്യപാനി മരണപ്പെട്ടാൽ വിഗ്രഹാരാധകനെപ്പോലെയാണ് അല്ലാഹുവിനെ കണ്ടുമുട്ടുക.” (അഹ്‌മദ്‌). മറ്റൊരു തിരുവചനം ഇങ്ങനെയാണ്: “നീ മദ്യം കഴിക്കരുത്; നിശ്ചയം അത് എല്ലാ തിന്മകളുടെയും താക്കോലാണ്” (ഇബ്‌നുമാജ). മദ്യപാനത്തെ അങ്ങേയറ്റം മ്ലേച്ഛകരമായ ഒരു പ്രവൃത്തിയായാണ് ഇസ്‌ലാം പരിഗണിക്കുന്നതെന്നർത്ഥം. മദ്യപാനി മതിയായ തെളിവുകളോടെ ഖാളിയുടെ മുമ്പിൽ എത്തുകയും വിചാരണ നേരിടുകയും ചെയ്താൽ നാല്‍പത് അടി ശിക്ഷയായി നൽകണം എന്നാണ് കർമ്മശാസ്ത്രം. നബി തിരുമേനിയും ഖലീഫമാരും അത് നടപ്പിലാക്കുമായിരുന്നു. മദ്യപാനിക്ക് നാൽപത് അടി എന്നത് ഇസ്‌ലാമികഭരണകൂടം നൽകേണ്ട ശിക്ഷയാണ്; വ്യക്തികൾ നടപ്പാക്കേണ്ടതല്ല. മദ്യപാനിക്ക് സ്നേഹത്തിലൂടെയും സൗഹൃദത്തിലൂടെയും ഇസ്‌ലാമിക ബോധവൽക്കരണമെത്തിച്ചുകൊടുക്കുകയാണ് വിശ്വാസികൾ ചെയ്യേണ്ടത്. അബൂഹുറൈറ(റ) നിവേദനം ചെയ്യുന്നു: “ഒരിക്കൽ മദ്യപാനിയായ ഒരു വ്യക്തി നബി(സ)യുടെ അടുക്കൽ ഹാജരാക്കപ്പെട്ടു. ‘നിങ്ങളദ്ദേഹത്തെ അടിക്കുക’ എന്ന് നബി(സ) പറഞ്ഞു. അങ്ങനെ ഞങ്ങളിൽ ചിലർ കൈകൊണ്ടും ചിലർ ചെരിപ്പുകൊണ്ടും മറ്റു ചിലർ വസ്ത്രംകൊണ്ടും അദ്ദേഹത്തെ അടിച്ചു. അടി അവസാനിച്ചപ്പോൾ ജനക്കൂട്ടത്തിലെ ഒരാൾ ‘അല്ലാഹു നിന്നെ നിന്ദിക്കട്ടെ’ എന്ന് വിളിച്ചുപറഞ്ഞു. അപ്പോൾ ‘നിങ്ങൾ അങ്ങനെ പറയരുത്, അദ്ദേഹത്തിനെതിരെ പിശാചിനെ നിങ്ങൾ സഹായിക്കരുത്’ എന്നായിരുന്നു നബി(സ)യുടെ മറുപടി.” (ബുഖാരി, അബൂദാവൂദ്, ഇബ്നു ഹിബ്ബാൻ).



0







0 Comments

No comments yet.

Leave a Comment

© www.thdarimi.in. All Rights Reserved. Designed by zainso