

ബെല്ലാരിയിലെ തടവറകൾ
02-08-2021
Web Design
15 Comments
രക്തരൂക്ഷിതമായ അനവധി ചരിത്രങ്ങള്‍ക്ക് സാക്ഷിയായ മണ്ണാണ് ബെല്ലാരിയുടേത്. കർണാടക സംസ്ഥാനത്തെ ഒരു ജില്ലയാണ് ബെല്ലാരി. ഈ ജില്ലയുടെ ആസ്ഥാനം ബെല്ലാരി നഗരമാണ്. കർണാടക സംസ്ഥാനത്തെ ഒരു പ്രധാന നഗരം കൂടിയാണിത്. വേദ ചരിത്രത്തിലെ വിശുദ്ധ ചരിത്ര ഭൂമിയായ ഹംപി ബെല്ലാരിയിലാണ്.
ചരിത്രപ്രശസ്തമായ വിജയനഗര സാമ്രാജ്യത്തിന്റെ തലസ്ഥാനമായിരുന്നു ഹംപി. ഹൈന്ദവർക്ക് വളരെ ചരിത്ര പ്രാധാന്യമുള്ള സ്ഥലങ്ങൾ ബെല്ലാരിയിലുണ്ട്. രാമായണത്തിലെ പല സംഭവങ്ങളും ബെല്ലാരിയിലെ ഹംപിയുമായി ബന്ധപ്പെട്ടിട്ടുള്ളവയാണ് എന്നാണ് ഹൈന്ദവ സംസ്കൃതി പറയുന്നത്. ശ്രീരാമൻ ഹനുമാനും സുഗ്രീവനുമായി കണ്ടുമുട്ടിയ സ്ഥലം ഇതിനടുത്താണെന്നു പറയപ്പെടുന്നു. ചരിത്രത്തിൽ മൗര്യന്മാർ, ശതവാഹനന്മാർ, പല്ലവന്മാർ, കദംബന്മാർ, ചാലൂക്യന്മാർ, രാഷ്ട്രകൂടന്മാർ, കാലചൂര്യന്മാർ, ദേവഗിരി യാദവന്മാർ, ഹൊയ്സാലന്മാർ എന്നീ രാജവംശങ്ങൾ പല കാലഘട്ടങ്ങളിലായി ബെല്ലാരി ഭരിച്ചിട്ടുണ്ട്. സംസ്ഥാന തലസ്ഥാനമായ ബംഗളൂരുവിൽ നിന്ന് മുന്നൂറ് കിലോമീറ്റർ ദൂരമുണ്ട് ബെല്ലാരിയിലേക്ക്. തുംഗഭദ്ര, ഹഗരി, ചിക്കഹഗരി എന്നീ നദികൾ വയാണ് ബെല്ലാരിയിലൂടെ ഒഴുകുന്ന പ്രധാന നദികൾ.
നമ്മുടെ പഠനത്തിൽ പക്ഷെ ഈ ചരിത്ര നഗരം കടന്നുവരുന്നത് ബ്രിട്ടീഷ് കൊടുംക്രൂരതയുടെ നിശ്വാസങ്ങൾ പേറിയാണ്. മലബാറിൽ പിറന്ന മണ്ണിന്റെ സ്വാതന്ത്ര്യത്തിനുവേണ്ടി സമരത്തിന്റെ രണഭൂമിയിലേക്കിറങ്ങിയ മാപ്പിളമാരെ കൊടും ക്രൂരതക്ക് വിധേയമാക്കിയ ഞെട്ടിക്കുന്ന ശിക്ഷകളുടെ പേരാണ് നമുക്ക് ബെല്ലാരി.1914-ലെ ഒന്നാം ലോക മഹായുദ്ധത്തില്‍ പിടിക്കപ്പെടുന്ന തുര്‍ക്കി തടവുകാര്‍ക്ക് വേണ്ടി സംവിധാനിച്ച ശിക്ഷാ ജയില്‍ പിന്നീട് മലബാര്‍ കലാപത്തില്‍ പിടിക്കപ്പെട്ടവര്‍ക്കായി മാറി. ഇവിടെ ബ്രിട്ടീഷുകാര്‍ക്ക് ക്രൂരവിനോദം നടത്താന്‍ പതിനേഴായിരം മാപ്പിളമാരാണ് ഉണ്ടായിരുന്നത്. മനുഷ്യത്വ രഹിതമായ നരമേധത്തിനാണ് ബെല്ലാരി സാക്ഷിയായത്. പുഴുത്ത് കട്ടപിടിച്ച താഴ്ന്ന അരി ഭക്ഷണം കഴിച്ച് നിരവധി പേര്‍ രോഗാതുരരായി മരണപ്പെട്ടു. നിസ്‌കരിക്കാന്‍ മുട്ടു മറക്കുന്ന ട്രൗസര്‍ വേണമെന്നും നല്ല ഭക്ഷണം നല്‍കണമെന്നും ആവശ്യപ്പെട്ട് മുഹമ്മദ് അബ്ദുറഹ്മാന്‍ സാഹിബിന്റെ നേതൃത്വത്തില്‍ ഫലപ്രദമായ സമരങ്ങള്‍ നടന്നു. പ്രാഥമിക സൗകര്യങ്ങള്‍ പോലും ബെല്ലാരിയില്‍ അന്യമായിരുന്നു. പത്തും ഇരുപതും പേര്‍ ദിനേന മരണത്തിനു കീഴടങ്ങിക്കൊണ്ടിരുന്നു. പ്രതികരിക്കാന്‍ പോലുമാകാതെ കഠിനമായ പീഡനമായിരുന്നു തടവുപുള്ളികള്‍ക്ക് കൂട്ട്.
കലാപത്തിന്റെ ഭൗതിക സ്വാധീനങ്ങള്‍ വ്യാപകമായിരുന്നു. പതിനായിരം പേര്‍ കൊല്ലപ്പെട്ടുവെന്ന് മാപ്പിളമാര്‍ തന്നെ പറയുന്നുവെങ്കിലും ആകെ എത്ര പേര്‍ക്ക് ജീവഹാനി സംഭവിച്ചു എന്നത് അജ്ഞാതമാണ്. കലാപത്തില്‍ പങ്കെടുത്ത പതിനായിരം പേരില്‍ ആയിരം പേര്‍ കൊല്ലപ്പെട്ടുവെന്നാണ് ബ്രിട്ടീഷ് ഔദ്യോഗിക കണക്ക്. 1922 ജനുവരിയോടെ 2266 മാപ്പിളമാര്‍ കൊല്ലപ്പെട്ടുവെന്നാണ് മറ്റൊരു റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നത്. പട്ടാള കോടതി 252 പേരെ വധശിക്ഷക്കും പ്രത്യേക കോടതികള്‍ 502 പേരെ ജീവപര്യന്തം തടവിനും ആയിരക്കണക്കിനാളുകളെ 7 മുതല്‍ 14 വര്‍ഷം വരെ തടവിനും വിധിച്ചു. അയ്യായിരം മാപ്പിളമാരില്‍ നിന്നും മൊത്തം 363458 രൂപ പിഴയീടാക്കി ശിക്ഷയിളവുചെയ്തു. നാട്ടിന്‍പുറത്തെ പൊതുവായ വൈഷമ്യങ്ങള്‍ രൂക്ഷമായിരുന്നു. കൃഷിയും വിദ്യാഭ്യാസവും താറുമാറായി. ജനസാമാന്യത്തിന് ബുദ്ധിമുട്ടുണ്ടാക്കും വിധം ഭക്ഷ്യക്ഷാമമുണ്ടായി. ആയിരക്കണക്കിന് മാപ്പിള സ്ത്രീകളും കുട്ടികളും അങ്ങേയറ്റത്തെ ദുരിതം അനുഭവിച്ചു. സ്ത്രീകള്‍ പുരുഷന്മാരെ വിശ്വസ്തതയോടെ പിന്തുണച്ചിരുന്നു. പക്ഷേ, പോരാട്ടങ്ങളില്‍ നേരിട്ട് പങ്കു ചേര്‍ന്നിട്ടുണ്ടായിരുന്നില്ല. ഇതിന് അവര്‍ നല്ല വില നല്‍കുകയും ചെയ്തു. ബെല്ലാരിയിലെ ജയിലറകളിൽ തളർന്നു വീണ ജീവനുകളേക്കാൾ അധികം വരും ജയിൽ വളപ്പിലെ വലിയ കിണറുകളിൽ ഒരു ബഹുമാനവും ലഭിക്കാതെ അഴിഞ്ഞും അലിഞ്ഞും ചേരേണ്ടി വന്നവർ. കൊടും പീഡനങ്ങളിൽ മരിച്ചവരുടെ ചീട്ടും രേഖയും കീറിയിട്ട് പൊട്ടക്കിണറ്റിലിട്ട് മൂടുന്നത് മലബാറിന്റെ ഗദ്ഗദങ്ങളിൽ കേൾക്കാം.
0 Comments
No comments yet.
Leave a Comment
© www.thdarimi.in. All Rights Reserved. Designed by zainso