ടി എച്ച് ദാരിമി
അഹ്ലുസ്സുന്നത്തി വൽ ജമാഅത്തിൽ അടിയുറച്ച് വിശ്വസിക്കുന്നവരെ സംബന്ധിച്ചിടത്തോളം നബി(സ) 'അല്ലാഹുവിൻ്റെ നൂർ' ആണ്. ഖുർആനിൽ തന്നെ ഈ വിവരണം നബി(സ)ക്ക് ബാധകമാക്കിയിട്ടുണ്ട്. അല്ലാഹു അൽ മഇദ സൂറത്തിലെ പതിനഞ്ചാമത്തെ ആയത്തിൽ പറയുന്നു: 'വേദഗ്രന്ഥം നൽകപ്പെട്ടവരേ! തീർച്ചയായും നമ്മുടെ ഈ മഹത്തായ ദൂതൻ (മുഹമ്മദ് നബി(സ)) നിങ്ങളുടെ അടുക്കൽ ഇതാ വന്നിരിക്കുന്നു, നിങ്ങൾ ഗ്രന്ഥത്തിൽ മറച്ചുവെച്ച ഒരുപാട് കാര്യങ്ങൾ നിങ്ങൾക്ക് വെളിപ്പെടുത്തുകയും അവയിൽ പലതും പൊറുക്കുകയും ചെയ്യുന്ന പ്രഹചകൻ. തീർച്ചയായും നിങ്ങൾക്ക് അല്ലാഹുവിൽ നിന്നുള്ള ഒരു പ്രകാശവും വ്യക്തമായ ഒരു ഗ്രന്ഥവും വന്നിരിക്കുന്നു'. ഈ സൂക്തത്തിൽ പ്രകാശവും ഗ്രന്ഥവും വന്നിരിക്കുന്നു എന്ന് പറയുമ്പോൾ ഗ്രന്ഥം വിശുദ്ധ ഖുർആൻ ആണ് എന്നത് വ്യക്തമാണ്. അപ്പോൾ പിന്നെ പ്രകാശം ആ ഗ്രന്ഥവുമായി വന്ന നബി അല്ലാതെ മറ്റാരുമാവാൻ യാതൊരു ന്യായവും ഇല്ല. ഇക്കാര്യം പല മുഫസ്സിറുകളും നൽകിയിട്ടുള്ള വിശദീകരണമാണ് ഉദാഹരണമായി അല്ലാമാ അലൂസി(റ) ഈ ആയത്തിൻ്റെ വ്യാഖ്യാനത്തിൽ പറയുന്നു:
അത് പ്രകാശങ്ങളുടെ പ്രകാശവും അല്ലാഹുവിൻ്റെ പ്രത്യേക കഴിവുകൾക്ക് അർഹനുമായ നബി(സ) തങ്ങൾ ആണ്. ചിലർ പക്ഷേ മഹാനായ നബി അങ്ങനെയല്ല കാണുന്നതും ഉൾക്കൊള്ളുന്നതും. അവർക്ക് നബി(സ) തങ്ങൾ ഒരു സാധാരണ മനുഷ്യനോ നേതാവോ പരിഷ്കർത്താവോ ഒക്കെ മാത്രമാണ്. എന്നാൽ നബി(സ) തങ്ങൾ അതിനേക്കാൾ എല്ലാം എത്രയോ ഉപരിയായിരുന്നു. ഇതു മനസ്സിലാക്കുവാൻ നാം ഒരുപാട് പിന്നിൽ നിന്ന് പോരേണ്ടതുണ്ട് അവിടെനിന്ന് നാം ചിന്തിച്ചു തുടങ്ങുമ്പോൾ നാം ആദ്യം എത്തിച്ചേരുക ഈ പ്രപഞ്ചത്തെ യും അതിലെ ഓരോ ഘടകങ്ങളെയും സൃഷ്ടിക്കുന്നതിന് മുമ്പ് അള്ളാഹു പടച്ചത് നബി തിരുമേനിയുടെ നൂറിനെ ആയിരുന്നു എന്നതാണ്. ഇത് പലർക്കും ദഹിക്കുന്നില്ല. പലരും ഇതിനെ അസംബന്ധമാണ് എന്ന് പറയുന്നു. മറ്റു ചിലർ ഇതിനെ പമ്പരവിഡ്ഢിത്തമായി കാണുന്നു. അതെല്ലാം നൂറ് എന്നത് എന്താണ് എന്നത് മനസ്സിലാവാത്തത് കൊണ്ടോ മനസ്സിലാക്കാൻ താല്പര്യം ഇല്ലാത്തതുകൊണ്ടോ മാത്രമാണ്. അവരെ സംബന്ധിച്ചിടത്തോളം നൂറ് എന്ന് പറയുമ്പോൾ ഒരു സ്വിച്ച് ഓണാക്കുമ്പോൾ വീഴുന്ന പ്രകാശമാണ്. പക്ഷേ, മഹാനായ നബി(സ) എന്ന നൂറിനെ കുറിച്ച് ചിന്തിക്കുമ്പോൾ അത് ഈ പ്രപഞ്ചത്തിലെ ഓരോ വസ്തുവിലും കലർന്നുകിടക്കുന്ന ഒരു മൂല ഘടകമാണ് എന്നാണ് വസ്തുത.
അതു മനസ്സിലാക്കുവാൻ നമുക്ക് ഈ പ്രപഞ്ചത്തിന്റെ ഘടന മാത്രം പരിശോധിച്ചാൽ മതി. ഈ പ്രപഞ്ചത്തിന്റെ കാര്യത്തിൽ അല്ലാഹു മൊത്തത്തിൽ ഉദ്ദേശിച്ചിരിക്കുന്നത് എന്താണ് എന്നത് പകൽ വെളിച്ചം പോലെ വ്യക്തമാണ്. ഗ്രഹങ്ങൾക്കിടയിൽ ഭൂമിയെന്ന ഗ്രഹത്തെ അള്ളാഹു പടച്ചുവെച്ചു. അതിൽ മനുഷ്യൻ എന്ന ജീവിവർഗത്തെ അവൻ പടച്ചിട്ടു. അവനെ അല്ലാഹു അവന്റെ പ്രതിനിധിയായി പ്രഖ്യാപിച്ചു. അതിനാൽ പ്രപഞ്ചത്തിലെ എല്ലാ കാര്യങ്ങളും അവന്റെ നിലനിൽപ്പിനും ജീവിതസുഖത്തിനും വേണ്ടി പടച്ചു. പിന്നെ ഇവിടെ മനുഷ്യന്മാർ വരാനും പോകാനും തുടങ്ങി. ജനനത്തിലൂടെ വരികയും മരണത്തിലൂടെ പോവുകയും ചെയ്യുന്ന മനുഷ്യൻമാരെ അതാത് സമയത്ത് ശുദ്ധീകരിക്കുവാനും നേർവഴിയിൽ പിടിച്ചുനിറുത്തുവാനും പ്രവാചകന്മാരെ നിയോഗിച്ചു. ആ പ്രവാചകന്മാർ തങ്ങളുടെ കാലത്ത് ജീവിച്ചിരുന്ന ജനങ്ങളെ നന്നാക്കിയെടുക്കാൻ പരമാവധി ശ്രമിച്ചു. അങ്ങനെയങ്ങനെ ലോകം വളർന്നു വളർന്നുവന്നു. ലോകത്തിൻ്റെ വളർച്ച ഒരു പ്രത്യേക ബിന്ദുവിൽ എത്തിയപ്പോൾ അല്ലാഹു ഇനി പ്രവാചകന്മാരെ അയക്കുന്നില്ല എന്നു തീരുമാനിക്കുകയും കൂട്ടത്തിൽ അവസാനമായി വന്ന മുഹമ്മദ് നബി(സ)യെ അന്ത്യപ്രവാചകനായി നിശ്ചയിക്കുകയും നിയോഗിക്കുകയും ചെയ്തു. ഇനി ഒരു പ്രവാചകന്‍ വരുന്നില്ല. ഇനി ഒരു ആദർശവും വരുന്നില്ല. ഇനിയുള്ള ലോകം എത്ര കാലം നീണ്ടാലും ശരി ഈ നബി(സ) തങ്ങളുടെ ആശയത്തിന്റെയും ആദർശത്തിന്റെയും തണലിൽ ഒരു കുറവും ഇല്ലാതെ ഒരു ന്യൂനതയും ഇല്ലാതെ അവരെല്ലാം ജീവിച്ചു കടന്നു പോകും. ഇതാണ് ആകെത്തുക എങ്കിൽ ഈ പ്രപഞ്ചത്തെ ഏത് പ്രവാചകന് വേണ്ടിയാണ് അല്ലെങ്കിൽ ഏത് പ്രവാചകൻ്റെ കയ്യിലുള്ള ആശയത്തിനു വേണ്ടിയാണ് പടച്ചത് എന്നത് വളരെ വ്യക്തമാണ്. അത് മുഹമ്മദ് നബി സ്വല്ലല്ലാഹു അലൈഹിവസല്ലമ തങ്ങൾക്ക് വേണ്ടിയുള്ളതാണ്. മറ്റുള്ള പ്രവാചകന്മാർ ആർക്കും വേണ്ടിയുള്ളതല്ല. ഇതെല്ലാം സത്യമാണ് എന്ന് തോന്നുന്നുണ്ടെങ്കിൽ ഈ ലോകത്തെ പടച്ചത് നബി തങ്ങൾക്ക് വേണ്ടിയാണ് എന്ന് സംഗ്രഹിച്ചു പറയുന്നതിൽ എന്താണ് തെറ്റ്, ഒരു തെറ്റുമില്ല. നബി തങ്ങൾക്ക് വേണ്ടിയാണ് ഈ പ്രപഞ്ചത്തെ തന്നെ പടച്ചത് എന്ന് ഈ വിധത്തിൽ നാം ഉറപ്പിച്ചു കഴിഞ്ഞാൽ നമുക്ക് നസ്സംശയം പറയാൻ കഴിയും, ആദ്യമായി ഉണ്ടായത് നബി(സ)യാണ് എന്ന്. ബാക്കിയെല്ലാം ഈ നബിക്കുവേണ്ടി ഉണ്ടായതാണ് എന്നും.
നബി (സ) ജനിക്കുന്നത് എഡി 571 ലാണ് എന്നത് ഒരു ചരിത്ര വസ്തുതയാണ്. അതിന് ധാരാളം സാക്ഷികൾ ഉണ്ട്. അതിനാൽ ഈ ലോകത്ത് ആദ്യമായി ഉണ്ടായത് നബി(സ) തങ്ങളാണ് എന്നു പറഞ്ഞാൽ അത് ആർക്കും അംഗീകരിക്കാൻ കഴിയില്ല. എന്നാൽ താത്വികമായി ഈ ലോകത്ത് ആദ്യമായി പടക്കപ്പെടുന്നത് നബി(സ) ആയിരിക്കേണ്ടത് അനിവാര്യമാണ്. കാരണം ആ നബിക്ക് വേണ്ടിയാണ് ഈ പ്രപഞ്ചത്തെ പടച്ചിരിക്കുന്നത് എന്ന് നാം കണ്ടു. അതുകൊണ്ടാണ് മഹാന്മാരായ ആൾക്കാർ അല്ലാഹു ആദ്യം പടച്ചത് നബിയുടെ തിരുനൂറിനെയാണ് എന്ന് പറയുന്നത്. അവിടെ നൂറ് എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത് ഈ ലോകത്തിലെ ഓരോ ചരാചരങ്ങളിലും അടങ്ങിയിരിക്കുന്ന ഒരു പ്രത്യേക അംശമാണ്. ആ അംശത്തിലേക്ക് നന്മയും ധർമ്മവും സത്യവും എല്ലാം വന്നുചേരുമ്പോൾ അത് തിളക്കവും തെളിച്ചവും ഉള്ളതായി മാറുന്നു. ആ അംശത്തെ വിവരിക്കുവാൻ നമുക്ക് പ്രയാസമുണ്ട്. കാരണം അതിൻ്റെ രൂപം, ഭാവം, ഘടന, വലുപ്പം തുടങ്ങിയവയൊന്നും നമ്മുടെ ഇന്ദ്രിയങ്ങളുടെ പരിധിയിൽ വരുന്ന കാര്യങ്ങളല്ല. ഇന്ദ്രിയങ്ങളുടെ പരിധിയിൽ വരുന്ന കാര്യങ്ങൾ അല്ലാത്തവയെ നമുക്ക് ഇത്രയൊക്കെ അത്രമേൽ വിവരിക്കുവാൻ കഴിയൂ. ഈ അർഥത്തിൽ നബി(സ)യിൽ നിന്നു തന്നെ ചില ഹദീസുകൾ വന്നതു കാണാം. "സർവ്വശക്തനായ അല്ലാഹു ആദ്യമായി സൃഷ്ടിച്ചത് എൻ്റെ നൂർ ആയിരുന്നു" എന്ന് നബി (സ) പ്രസ്താവിച്ചിട്ടുണ്ട് എന്ന് തഫ്സീർ റൂഹുൽ ബയാനിലും മദാരിജുന്നുബുഇവത്ത് എന്ന കിതാബിലും കാണാം. മറ്റൊരിക്കൽ ജാബിർ(റ) നബി(സ)യോട് ചോദിച്ചു, മറ്റെന്തിനേക്കാളും മുമ്പ് അല്ലാഹു സൃഷ്ടിച്ചത് ആരെയാണ്? നബി (സ) പ്രസ്താവിച്ചു: "ഹേ ജാബിർ! തീർച്ചയായും, മറ്റെന്തെങ്കിലും സൃഷ്ടിക്കുന്നതിന് മുമ്പ്, സർവ്വശക്തനായ അല്ലാഹു അവൻ്റെ നൂറിൽ നിന്ന് നിങ്ങളുടെ നബിയുടെ നൂറാണ് സൃഷ്ടിച്ചത്. (മുവാഹിബുല്ലദുന്നിയ്യ). കുഞ്ഞായിരിക്കുമ്പോൾ തൻറെ വീട്ടിൽ വെളിച്ചമേ വേണ്ടിയിരുന്നില്ല ഹലീമ(റ) പറയുന്നുണ്ട്. ഇതെല്ലാം പ്രകാശത്തിൻ്റെ ബഹിർസ്ഫുരണങ്ങളാണ്. ആ തിരു നൂറിനെ സ്ഥാപിക്കുന്നതാണ് ഇവയെല്ലാം. ഈ അർത്ഥത്തിൽ പണ്ടേ മലയാളലോകം ആദരവോടെയും അഭിമാനത്തോടു കൂടെയും പ്രയോഗിക്കുന്ന ഒരു പ്രയോഗമാണ് മുത്തുനബി എന്നത്. മുത്ത് സ്വയം പ്രകാശിക്കുന്നതും സമീപത്ത് പ്രതിഫലിക്കുന്നതും ആണ്. അതിനാൽ മുത്തുനബി എന്ന് പ്രയോഗിക്കുമ്പോൾ അതുകൊണ്ട് വിവക്ഷിക്കുന്നത് മഹാനായ നബി(സ)യുടെ പ്രകാശമാണ്.
ഈ പ്രകാശം രണ്ടു തരത്തിലാണ് ലോകം അനുഭവിച്ചിട്ടുള്ളത്. ഒന്ന് നബി(സ) തിരുമേനിയുടെ ബാഹ്യമായ സൗന്ദര്യം. അത് അതീവ മനോഹാരിത നിറഞ്ഞതായിരുന്നു എന്നതിന് നിരവധി സഹീഹായ ഹദീസുകൾ ഉണ്ട്. നബിയുടെ ഭംഗി നമുക്ക് ഹൃദയസ്പൃക്കായ ഭാഷയിൽ വിവരിച്ചു തരുന്നത് ഉമ്മു മഅ്ബദുൽ ഖുസാഇയ്യ എന്ന മരുഭൂവാസിയായ ഒരു സ്ത്രീയാണ്. ഹിജ്റ യാത്രയിൽ നബി(സ)യും സംഘവും വല്ല കുടിലോ തമ്പോ കാണുന്നുണ്ടോ എന്നു നോക്കുന്നതിനിടയിലായിരുന്നു അവര്‍ ഒരു തമ്പുകണ്ടത്. അവരവിടേക്കു നടന്നു. വൃദ്ധയായ ഒരു സ്ത്രീ പുറത്തേക്ക് വന്നു. ആഗതരെ സ്വീകരിച്ചു. ആഗതര്‍ക്ക് കൊടുക്കുവാന്‍ ഒന്നിമില്ലെന്ന നിരാശ ചുളിവുകള്‍ വീണ അവരുടെ മുഖത്ത് മൂടിക്കെട്ടിക്കിടന്നിരുന്നു. അകത്തേക്ക് നോക്കി ആഗതര്‍ ഒരു ആടിനെ ചൂണ്ടി കാണിച്ചു കൊണ്ട് ചോദിച്ചു: ‘അതിനു പാലുണ്ടോ?’. ഇല്ലെന്ന് വൃദ്ധ നിരാശയോടെ പറഞ്ഞു. ‘എന്നാല്‍ തങ്ങള്‍ കറന്നുനേക്കിക്കോട്ടേ’ എന്നായി ആഗതര്‍. വൃദ്ധ നിഷ്‌കളങ്കമായി സമ്മതിച്ചു. നബിതിരുമേനി ആടിനെ കറന്നു. പാലില്ലാത്ത ആട് പ്രവാചകപ്രവരനു പാല്‍ ചുരത്തിക്കൊടുത്തു. വൃദ്ധക്ക് തന്റെ കണ്ണുകളെ വിശ്വസിക്കാനായില്ല. ക്ഷീണവും ദാഹവും തീര്‍ത്ത ആഗതര്‍ യാത്രപറഞ്ഞിറങ്ങി. തന്റെ ഭര്‍ത്താവ് വന്നുകയറുമ്പോഴും ഉമ്മു മഅ്ബദ് ആ ഞെട്ടലില്‍ നിന്ന് മുക്തയായിരുന്നില്ല. പാലില്ലാത്ത ആടില്‍ നിന്ന് കറന്ന പാല്‍ ഉമ്മു മഅ്ബദിന്റെ പാത്രത്തിലിരിക്കുന്നതു കണ്ട ഗൃഹനാഥന്‍ കാര്യങ്ങളന്വേഷിച്ചു. ഉമ്മു മഅ്ബദ് മെല്ലെ ഓര്‍മകളുടെ ദളങ്ങള്‍ മറിച്ചു. തന്റെ മുമ്പില്‍ വന്നവരിലെ ആ തേജസ്‌സിനെ ഓര്‍ത്തെടുത്തു. ഉമ്മു മഅ്ബദ് വിവരിച്ചു: ‘തെളിച്ചമുള്ള പ്രകൃതമുള്ള, പ്രകാശിക്കുന്ന മുഖമുള്ള, ഏറെ തടിച്ചതോ മെലിഞ്ഞതോ അല്ലാത്ത, നല്ല സുഖനും സുന്ദരനുമായ, കറുത്ത കണ്ണുകളുള്ള, നീണ്ട കണ്‍പീലികളുള്ള, മധുര മൊഴിയുള്ള, നീണ്ട പിരടിയും തിങ്ങിയ താടിയുമുള്ള, നീണ്ടു വളഞ്ഞ് പരസ്പരം ചേര്‍ന്ന പുരികങ്ങളുള്ള ഒരാള്‍. അദ്ദേഹം മൗനം പാലിക്കുമ്പോള്‍ ഒരു ഗാംഭീരം അദ്ദേഹത്തെ വലയം ചെയ്യുന്നു. സംസാരിച്ചുതുടങ്ങുമ്പോള്‍ പ്രൗഢി പ്രകടമാവുന്നു. ദൂരെ നിന്ന് കാണുമ്പോഴേ അതിസുന്ദരന്‍. അടുത്തെത്തുമ്പോള്‍ സുഗുണനും സുമുഖനും. മുത്തുമണികളുതിര്‍ന്നുവീഴും പോലെ മനോഹരവും മിതവുമായി അദ്ദേഹം സംസാരിക്കുന്നു. വല്ലാതെ നീണ്ട ആളല്ല. എന്നാല്‍ കുറിയ ആളുമല്ല. ഒരു കൂട്ടത്തില്‍ നില്‍ക്കുമ്പോള്‍ അദ്ദേഹം തന്നെയായിരിക്കും ഏററവും സുന്ദരന്‍. അദ്ദേഹത്തിനൊപ്പം ഏതാനും പേരുണ്ട്. അവരദ്ദേഹത്തെ വലയം ചെയ്തു നില്‍ക്കുന്നു. അദ്ദേഹം സംസാരിക്കുമ്പോള്‍ അവര്‍ മൗനം പാലിക്കുകയും അദ്ദേഹം കല്‍പ്പിക്കുമ്പോള്‍ ധൃതിയില്‍ അനുസരിക്കുകയും ചെയ്യുന്നു. മുഖം ചുളിക്കുന്നവനോ നിരര്‍ഥകമായി സംസാരിക്കുന്നയാളോ അല്ല അദ്ദേഹം..’; പറഞ്ഞിട്ടും പറഞ്ഞിട്ടും തീരുന്നില്ല ഉമ്മു മഅ്ബദിന്. നബിയെ ഇത്രക്കും സുന്ദരനാക്കി മാറ്റുന്നത് അല്ലാഹു അവർക്ക് നൽകിയ നൂറല്ലാതെ മറ്റൊന്നുമല്ല.
മറ്റൊന്ന് നബി(സ) തങ്ങളുടെ സ്വഭാവത്തിലുള്ള തെളിച്ചമാണ്. നബി (സ) ഏറ്റവും വലിയ മഹത്തായ സ്വഭാവത്തിന്റെ ഉടമയായിരുന്നു എന്ന് വിശുദ്ധ ഖുർആൻ പ്രഖ്യാപിക്കുന്നുണ്ട് അത് നബി(സ)യുടെ ജീവിതം ശരിവെക്കുന്നുമുണ്ട്. സമീപനങ്ങൾ, ഇടപാടുകൾ, ഇടപെടലുകൾ തുടങ്ങിയവയിൽ ആണ് ഇത് പുറത്തു ചാടുക. അതിനാൽ തന്നെ മനുഷ്യർ സ്വഭാവം എന്ന ആശയത്തെ ഗ്രഹിക്കുവാൻ സാധാരണയായി സമീപനങ്ങളെയാണ് അളവ്കോലായി സ്വീകരിക്കുന്നത്. സമീപനങ്ങൾ എന്ന് പറയുമ്പോൾ ഒരു പഠനത്തിന് വേണ്ടി അതിനെ രണ്ടാക്കി വിഭജിക്കാം. ഒന്ന് നാം പഠിക്കുന്ന വ്യക്തി മറ്റുള്ളവരോട് പുലർത്തുന്ന സമീപനങ്ങൾ. രണ്ട്, മറ്റുള്ളവർ പുലർത്തുന്ന സമീപനങ്ങളോട് നാം പഠിക്കുന്ന വ്യക്തി കാണിക്കുന്ന പ്രതികരണങ്ങൾ. ഈ രണ്ടു തലത്തിലും പ്രവാചകൻ്റെ ജീവിതത്തിൽ പെറുക്കിയെടുക്കുവാൻ എണ്ണമറ്റ മുഹൂർത്തങ്ങൾ വിശ്വാസികൾക്കു മുമ്പിലുണ്ട്. നബി തിരുമേനി(സ)യുടെ സ്വഭാവത്തിൻ്റെ പൂർണ്ണതയും ആധികാരികതയും പത്നി ആയിഷ(റ) പറയുന്നതിൽ നിന്നും ഗ്രഹിക്കാം. സുറാറ (റ) നിവേദനം ചെയ്യുന്നു: സഅ്ദ് ബിൻ ഹിശാം ബിൻ ആമിർ (റ) ഒരു ദിനം ആയിശ(റ)യോടു ചോദിച്ചു: സത്യവിശ്വാസികളുടെ മാതാവേ, നബി(സ)യുടെ സ്വഭാവത്തെ കുറിച്ച് എനിക്ക് പറഞ്ഞു തരൂ. അവർ ചോദിച്ചു: നീ ഖുർആൻ പാരായണം ചെയ്യാറില്ലേ? അദ്ദേഹം അതേ എന്നു പറഞ്ഞു. അപ്പോൾ ആയിശ(റ) പറഞ്ഞു: നിശ്ചയം നബി(സ)യുടെ സ്വഭാവം ഖുർആനായിരുന്നു. (മുസ്‌ലിം). മനുഷ്യകുലത്തിന് മാർഗ്ഗദർശനം നൽകുവാൻ സൃഷ്ടാവ് നൽകിയ അമൂല്യ ഗ്രന്ഥമാണ് ഖുർആൻ. ഒരു മനുഷ്യൻ്റെ ജീവിതത്തിനു വേണ്ട എല്ലാ ഉദ്ബോധനങ്ങളും അതുൾക്കൊള്ളുന്നുണ്ട്. ആ ഗ്രന്ഥത്തെ സ്വന്തം ജീവിതം കൊണ്ട് അവതരിപ്പിക്കുകയായിരുന്നു, അല്ലെങ്കിൽ സ്വന്തം ജീവിതത്തെ വിശുദ്ധ ഖുർആനിൻ്റെ വ്യാഖ്യാനമാക്കുകയായിരുന്നു നബി തിരുമേനി(സ) എന്ന് ചുരുക്കം. മനുഷ്യൻ്റെ കർമ്മങ്ങളിലൂടെയും സമീപനങ്ങളിലൂടെയും എല്ലാമാണ് സ്വഭാവം എന്ന പ്രകൃതം പുറത്തു കാണുക എന്നത് ശരിയാണ് എന്നു പറയുമ്പോഴും അത് എല്ലാവർക്കും അങ്ങനെ അനുഭവപ്പെട്ടു കൊള്ളണമെന്നില്ല. ഏറ്റവും അടുത്ത് ഇടപഴകുന്നവർക്ക് ആണ് അത് സത്യസന്ധമായി മനസ്സിലാക്കാൻ കഴിയുക. അത്തരം ഒരാളായിരുന്നു അനസ് ബിനു മാലിക്(റ). അദ്ദേഹം പറയുന്നു: ഞാൻ നബി(സ)യെ നാട്ടിലും യാത്രയിലും സേവിച്ചു. അല്ലാഹുവാണെ, അവിടുന്ന് ഒരിക്കലും എന്നോട് ഞാനെന്തെങ്കിലും ചെയ്താൽ നീ എന്തിനതു ചെയ്തു എന്നോ, ഒരു കാര്യം ചെയ്യാതിരുന്നാൽ നീ എന്തുകൊണ്ടിതു ചെയ്തില്ല എന്നോ എന്നോട് പറഞ്ഞിട്ടില്ല. (ബുഖാരി, മുസ്‌ലിം).
കരുണയും സ്നേഹവുമുള്ള മനസ്സും അലിവും കനിവുമുള്ള ഹൃദയവുമായിരുന്നു നബി(സ) തങ്ങളുടേത്. മാലിക് ബിൻ ഹുവൈരിഖി(റ) പറയുന്നു: ഞങ്ങൾ കുറച്ചു പേർ റസൂൽ(സ)യുടെ അടുക്കൽ ചെല്ലുകയും അവിടെ ഇരുപത് ദിവസം താമസിക്കുകയും ചെയ്തു. നബി(സ) കരുണാമനസ്കനും ലോല ഹൃദയനുമായിരുന്നു. (ബുഖാരി, മുസ്‌ലിം) ഒരു വേദനയോ ദുരന്തമോ കാണുകയോ കേൾക്കുകയോ ചെയ്താൽ അതിനെ സ്വന്തം അനുഭവമായി മനസ്സുകൊണ്ട് സ്വീകരിക്കുന്നത് നബിയുടെ പ്രകൃതമായിരുന്നു. മൗനവും പുഞ്ചിരിയും നബി(സ)യുടെ പ്രത്യേകതയായിരുന്നു. ആവശ്യമില്ലാത്ത കാര്യങ്ങളിൽ ഇടപെടുകയോ ദേഷ്യപ്പെടുകയോ ചെയ്യുമായിരുന്നില്ല. അപമര്യാദയോടെ പെരുമാറിയവരോടും ഉപദ്രവിച്ചവരോടും ക്ഷമിക്കാനും പൊറുക്കാനും നന്മയിൽ വർത്തിക്കാനും മാപ്പേകാനും അവിടുന്ന് സന്നദ്ധരായി. തന്നെ കൊല്ലാൻ വാടക കൊലയാളിയെ നിയോഗിച്ച സ്വഫ്‌വാനുബ്‌നു ഉമയ്യക്കും വിഷം പുരട്ടിയ വാളുമായി വധിക്കാൻ വന്ന ഉമൈറുബ്‌നു വഹബിനും നബി(സ) മാപ്പ് നൽകുകയുണ്ടായി. മക്കാ വിജയത്തിന്റെ അന്ന് തന്നെ ജീവിതകാലം മുഴുവനും വേട്ടയാടിയവരോട് നബി പൊറുത്തത് ഈ ഗണത്തിലെ ഏറ്റവും വലിയ ഉദാഹരണമാണല്ലോ. അനസ്(റ) ഉദ്ധരിക്കുന്ന ഒരു ഹദീസിൽ അവർ രണ്ടുപേരും നടന്നു പോകുമ്പോൾ ഒരു അനാഗരികൻ വന്ന് നബി(സ)യുടെ കഴുത്തിലെ മുണ്ട് ബലമായി വലിച്ചുകയും തന്റെ കയ്യിലുള്ളത് എനിക്ക് തരാൻ പറയു എന്ന് അമാന്യമായി ആഘോഷിക്കുകയും ചെയ്യുകയുണ്ടായി. നബി(സ) അയാളെ നോക്കി പുഞ്ചിരിച്ചുകൊണ്ട് വേണ്ടത് കൊടുക്കാൻ നിർദേശിച്ചു. ഇങ്ങനെ പ്രതിയോഗികളോട് പോലും വിട്ടുവീഴ്ച കാണിക്കുകയും ഉദാരമായി പെരുമാറുകയും ചെയ്യുന്ന മറ്റൊരു നേതാവിനെ മനുഷ്യ ചരിത്രത്തിൽ കാണുക സാധ്യമല്ല.
മറ്റുള്ളവരുമായി കശപിശ ഉണ്ടാക്കുന്ന ഒരു കലഹപ്രിയനോ ആരെങ്കിലും അരുതാത്ത തെന്തെങ്കിലും ചെയ്താൽ അതിൻ്റെ പേരിൽ പ്രതികാരം ചെയ്യുന്ന ഒരു പ്രതികാര ദാഹിയോ ആയിരുന്നില്ല നബി(സ) തങ്ങൾ. വിട്ടുവീഴ്ചയുടെയും വിശാലമനസ്സിന്റെയും പ്രതീകമായിരുന്നു അവിടുന്ന്. ആയിശ (റ) പറയുന്നു: റസൂൽ (സ) അസഭ്യം പറയുകയോ പ്രവർത്തിക്കുകയോ ചെയ്തിരുന്നില്ല. അങ്ങാടികളിൽ ബഹളമുണ്ടാക്കുകയോ തിന്മകൊണ്ട് പ്രതികാരം ചെയ്യുകയോ ചെയ്തിരുന്നില്ല. മറിച്ച് വിട്ടുവീഴ്ചയും വിശാലമനസ്കതയും കാണിക്കുന്നയാളായിരുന്നു. (തിർമിദി) നബി തങ്ങൾ തന്നെ ഉപദ്രവിച്ചവരോട് ഒരിക്കലും പ്രതികാരം ചെയ്തില്ല. മറ്റുള്ളവരെ ശപിക്കുന്നത് നബിയുടെ രീതി ആയിരുന്നില്ല. ആഇശ(റ) പറയുന്നു: നബി(സ)യോടു ആരോ പറഞ്ഞു: ബഹുദൈവ വിശ്വാസികൾക്കെതിരെ താങ്കൾ പ്രാർത്ഥിക്കുക എന്ന്. നബി (സ) പറഞ്ഞു: ഞാൻ ശപിക്കുവാനായിട്ടല്ല, കാരുണ്യമായിട്ടാണ് അയക്കപ്പെട്ടിരിക്കുന്നത്. (മുസ്‌ലിം)
നബി(സ) സദാ മുഖപ്രസന്നനായിരുന്നു. ലളിത സ്വഭാവിയും വിശാല മനസ്‌കനുമായിരുന്നു. ആരേയും കുറ്റപ്പെടുത്തുകയോ അമിതമായി പ്രശംസിക്കുകയോ ചെയ്യുമായിരുന്നില്ല. അനിഷ്ട കാര്യങ്ങളിൽ നിന്ന് വിട്ടുനിൽക്കും. മറ്റുള്ളവരെ നിരാശപ്പെടുത്തില്ല. പുറത്തെ ലോകത്തിൻ്റെ മാത്രം സാക്ഷ്യം അല്ല ഇത്. വീട്ടിനകത്തെ അനുഭവവും അതുതന്നെയായിരുന്നു. ആഇശ(റ) പറയുന്നു: ‘തിരുനബി(സ) ഒരിക്കൽ പോലും ഭാര്യമാരെയോ വേലക്കാരെയോ ശകാരിച്ചിട്ടില്ല. ഭാര്യമാരുമായി സല്ലപിച്ചിരുന്നു. വീട്ടുജോലികളിൽ സഹായിക്കും. ഭാര്യമാർക്കിടയിൽ നീതി പുലർത്താൻ പൂർണമായും ശ്രദ്ധിച്ചിരുന്നു. മരണശയ്യയിലായപ്പോൾ മറ്റു ഭാര്യമാരുടെ സമ്മതം വാങ്ങിയാണ് എന്റെ അരികിൽ താമസിച്ചത്.’ വീട്ടിലുള്ള മക്കളോടും പേരമക്കളോടും അങ്ങേയറ്റം വാത്സല്യവും വിനയവും പുലർത്തുമായിരുന്നു. ജാബിർ(റ) പറയുന്നു: ‘ഞാനൊരിക്കൽ തിരുനബി(സ)യുടെ അടുക്കൽ ചെന്നപ്പോൾ പേരക്കിടാങ്ങളായ ഹസനും ഹുസൈനും അവിടുത്തെ മുതുകിൽ കയറിയിരിക്കുന്നു. ഇതുകണ്ട് ഞാൻ പറഞ്ഞു; 'മുന്തിയ വാഹനം തന്നെയാണല്ലോ! നബി(സ)യുടെ മറുപടി: വാഹനത്തിലിരിക്കുന്നവരും ഉന്നതർ തന്നെ.’
സ്വഭാവം നബിയുടെ ആയുധവും ഇന്ധനവും ഔഷധവും എല്ലാമായിരുന്നു. തികച്ചും അന്യായമായി സ്വന്തം നാട്ടുകാരായ മക്കക്കാർ നബിയെയും അനുയായികളെയും ശല്യം ചെയ്തപ്പോൾ ദീർഘമായ 13 വർഷം അത് ക്ഷമിക്കാനും സഹിക്കാനും ആണ് നബി ശ്രമിച്ചത്. എല്ലാ സഹനത്തിന്റെയും ചരടുകൾ പൊട്ടിപ്പോകുന്ന സാഹചര്യം വന്നപ്പോൾ പ്രതികരിക്കാതെ മാറി നിൽക്കുവാനായിരുന്നു നബിയോട് കൽപിക്കപ്പെട്ടതും നബി(സ) ചെയ്തതും. ഒന്നും രണ്ടും ഹിജ്റകൾ അതിന് മതിയായ ഉദാഹരണമാണ്. കേവലം 23 വർഷങ്ങൾ കൊണ്ട് അറേബ്യൻ ഉപദ്വീപ് മുഴുവനും സ്വന്തമാക്കുവാൻ കഴിഞ്ഞതിന്റെ പിന്നിൽ യുദ്ധങ്ങളുടെയും ആയുധങ്ങളുടെയും പിൻബലവും ശക്തിയും അല്ല ഉള്ളത് എന്ന് മുൻധാരണകൾ ഇല്ലാതെ ചിന്തിക്കുന്ന ആർക്കും ബോധ്യപ്പെടും. ആ സ്വഭാവ മഹിമയുടെ മുമ്പിൽ അറബികൾ പഞ്ചപുച്ച മടക്കി നിൽക്കുകയായിരുന്നു. ഈ വസ്തുത വിശുദ്ധ ഖുർആൻ അനാവരണം ചെയ്യുന്നുണ്ട്. വിശുദ്ധ ഖുർആൻ വ്യക്തമാക്കുന്നു: നബിയേ, അല്ലാഹുവിങ്കൽ നിന്നുള്ള കാരുണ്യം കൊണ്ടാണ് സൗമ്യമായി അവിടുന്ന് ജനങ്ങളോട് പെരുമാറിയത്. അങ്ങ് പരുഷസ്വഭാവിയും കഠിനഹൃദയനുമായിരുന്നെങ്കിൽ ജനങ്ങൾ താങ്കളിൽ നിന്ന് അകന്നുപോവുമായിരുന്നു.’ശത്രുക്കൾ പോലും അവിടുത്തെ സത്യസന്ധതയിലും വിശ്വസ്തതയിലും തർക്കമില്ലാത്തവരായിരുന്നു. അബൂജഹൽ ഒരിക്കൽ നബി(സ)യോടു പറഞ്ഞു: ‘മുഹമ്മദേ, താങ്കൾ സത്യസന്ധനും വിശ്വസ്തനുമാണെന്ന് എനിക്കറിയാം. പക്ഷേ, താങ്കൾ കൊണ്ടുവന്ന മതം ഞാൻ അവിശ്വസിക്കുന്നു.’ തികഞ്ഞ ജർമ്മൻ ഓറിയന്റലിസ്റ്റായ ഡോക്ടർ ഗുസ്താവ് വീൽ തൻ്റെ 'ഹിസ്റ്ററി ഓഫ് ഇസ്ലാമിക് പീപ്പിൾ' എന്ന ഗ്രന്ഥത്തിൽ തുറന്നെഴുതുന്നു: 'തന്റെ ജനങ്ങൾക്ക് തിളങ്ങുന്ന ഒരു മാതൃകയായിരുന്നു മുഹമ്മദ്. അദ്ദേഹത്തിൻ്റെ സ്വഭാവം വിശുദ്ധവും കറ പുരളാത്തതുമായിരുന്നു. അദ്ദേഹത്തിൻ്റെ വീടും വസ്ത്രവും ഭക്ഷണവും ലളിതമായിരുന്നു. യാതൊരുവിധ ജാഡകളും അദ്ദേഹത്തിനുണ്ടായിരുന്നില്ല. അനുയായികളിൽ നിന്ന് ആദരവിൻ്റെ പ്രത്യേക ഔദാര്യങ്ങൾ ഒന്നും അദ്ദേഹം പ്രതീക്ഷിച്ചിരുന്നില്ല'
ആ സ്നേഹം മനുഷ്യകുലത്തിന്റെ പലപ്പോഴും അതിരുകൾ കടന്ന് ജീവലോകത്തിലേക്ക് പകരുകയും പടരുകയും ചെയ്യുകയുണ്ടായി. പച്ചക്കരളുള്ള ഏതൊരു ജീവിയോടും കരുണ കാണിച്ചാല്‍ പ്രതിഫലം ലഭിക്കുമെന്ന് പഠിപ്പിച്ച നബി(സ) അത് സ്വജീവിതത്തില്‍ അന്വര്‍ഥമാക്കി. വേനല്‍കാലത്ത് ഒട്ടകവുമായി യാത്രചെയ്യുമ്പോള്‍ വേഗത്തില്‍ നടക്കണമെന്നും തണുപ്പ് കാലത്തു യാത്രചെയ്യുമ്പോള്‍ പുല്ല് തിന്നാന്‍ ഒട്ടകത്തിന് കഴിയും വിധം സാവകാശം നടക്കണമെന്നും കല്‍പിച്ചു. പക്ഷിയോടും ഉറുമ്പിനോടും പോലും കാരുണ്യം കാണിക്കാന്‍ പ്രേരിപ്പിച്ചു. ഉറുമ്പിൽ കൂട്ടത്തിൽ ആരോ തീയിട്ടപ്പോൾ അതിൽ ആത്മാർത്ഥമായി നബിമനസ്സ് ഖേദിച്ചു. മതിയായ ഭക്ഷണമോ മറ്റോ നൽകാതെ കെട്ടിയിട്ടിരിക്കുന്ന ഒട്ടകത്തെ ചൂണ്ടിക്കാണിച്ച് ഉടമയോട് 'നീ അല്ലാഹുവിനെ ഭയപ്പെടുന്നില്ലേ' എന്ന് നബി ചോദിക്കുമ്പോൾ ആ മനസ്സിലെ ജീവികളോടുള്ള കാരുണ്യം വീണ്ടും മറ നീക്കി പുറത്തുവരികയാണ്. ജീവിതത്തോട് ഒട്ടി നിൽക്കുന്നവരാണ് ജീവിതപങ്കാളികൾ. അവിടെ എന്തായിരുന്നു അവസ്ഥ എന്നുകൂടി കേൾക്കുമ്പോൾ ആ സ്വഭാവത്തിന് അംഗീകാരം നൽകാതിരിക്കാൻ നമുക്ക് കഴിയില്ല. മരിക്കുമ്പോള്‍ ഒന്‍പത് ഭാര്യമാരുണ്ടായിരുന്നു. ആര്‍ക്കും പരാതിയില്ല. കാരണം അവരോടെല്ലാം നബി (സ) നീതിപുലര്‍ത്തി ജീവിച്ചു. സ്‌നേഹം എല്ലാവര്‍ക്കും പകുത്തു നല്‍കി. നിങ്ങളില്‍ ഏറ്റവും നല്ലവന്‍ ഭാര്യയോട് ഏറ്റവും നല്ലവന്‍ എന്ന തത്ത്വം സ്വജീവിതത്തില്‍ കാണിച്ചു കൊടുത്തു. ആഇശ(റ) പറയുന്നു: 'ഞാന്‍ കുടിച്ച പാത്രം വാങ്ങി നബി തങ്ങൾ വെള്ളം കുടിക്കും. ഞാന്‍ കടിച്ച മാംസം പിടിച്ചു വാങ്ങി ഞാന്‍ കടിച്ചേടത്ത് കടിക്കും. പുറത്തുപോകാൻ ഭാവിക്കുമ്പോൾ വഴിയില്‍ വെച്ചൊരു ചുംബനം നല്‍കും. ഞാനും റസൂലും ഒന്നിച്ച് കുളിക്കാറുണ്ട്. എന്റെ മടിയില്‍ തലവെച്ച് കിടക്കാറുണ്ട്. ഞാന്‍ മുടിചീകി കൊടുക്കാറുണ്ടായിരുന്നു.' യാത്രയില്‍ പോലും ഭാര്യമാര്‍ക്കിടയില്‍ നറുക്കിട്ട് നീതി കാണിക്കും. ആരാധനയില്‍ ഭാര്യമാര്‍ക്ക് പ്രേരണയും പ്രോല്‍സാഹനവും നല്‍കി. പാതിരാവായാല്‍ ഭാര്യമാരെ നമസ്‌കാരത്തിനു വിളിച്ചുണര്‍ത്തും. അങ്ങനെ ജീവിതത്തിൻറെ എല്ലാ മുഖങ്ങളിലും ആ സ്വഭാവ മഹിമ പ്രതിഫലിച്ചു നിന്നു. ‘അങ്ങ് മഹത്തായ സ്വഭാവത്തിന്റെ ഉടമയാകുന്നു' എന്ന് ഖുർആൻ. (അൽ ഖലം : 4)
o
Thoughts & Arts
മുത്തിലും മുത്തായ മുത്തു നബി
14-09-2024
0 Comments
No comments yet.
Leave a Comment
© www.thdarimi.in. All Rights Reserved. Designed by zainso