
.jpeg)
അവർ അപരവൽക്കരിക്കാൻ തുടങ്ങിയാൽ..
02-10-2024
Web Design
15 Comments
വെള്ളിത്തെളിച്ചം
ടി എച്ച് ദാരിമി
..
ഭരണം എന്നതിനെ കുറിച്ചുള്ള മനുഷ്യൻ്റെ സങ്കല്പം പവിത്രവും പ്രതീക്ഷാത്മകവുമാണ്. ഒരുപക്ഷേ, മനുഷ്യൻ്റെ ലോകത്തെ ഇത്രയെങ്കിലും ശാന്തമാക്കിയതും ചിലയിടത്തെങ്കിലും ഇപ്പോഴും ശാന്തമാക്കി കൊണ്ടിരിക്കുന്നതും കുലത്തിൽ ഉണ്ടായ ഭരണങ്ങൾ ഉണ്ടാക്കിയ അച്ചടക്കം വഴിയായിരിക്കും. അധികാരങ്ങൾ വെട്ടിപ്പിടിച്ച് നേടിയെടുക്കുന്ന പുതിയ കാലത്ത് ആർക്കും ഉൾക്കൊള്ളാൻ കഴിയില്ല എങ്കിലും ഭരണം എങ്ങനെയാണ് ജനങ്ങളിൽ ഏകതയും അഖണ്ഡതയും പരസ്പര ബഹുമാനവുമെല്ലാം ഉണ്ടാക്കുന്നത് എന്നത് സാമൂഹ്യ ശാസ്ത്രത്തിൽ പഠിക്കേണ്ട പ്രധാനപ്പെട്ട ഒരു അധ്യായമാണ്. അത് ജനങ്ങൾ ഭരണകർത്താവിനും ഭരണകൂടത്തിനും കൽപ്പിച്ചുനൽകുന്ന വിധേയത്വമുള്ള അംഗീകാരം വഴിയാണ്. ഈ അംഗീകാരമാണെങ്കിലോ ബലമായി പിടിച്ചെടുക്കേണ്ടതല്ല സസന്തോഷം നേടിയെടുക്കേണ്ടതാണ്. അതു നേടിയെടുക്കാൻ വേണ്ടത് ഭരണീയർക്ക് പ്രതീക്ഷ നൽകുക എന്നതാണ്. ഏതു ഭരണാധികാരിക്കും ഭരണകൂടത്തിനും തങ്ങളുടെ ഭരണീയർക്ക് നൽകാൻ കഴിയുന്ന ഏറ്റവും വലിയ പ്രതീക്ഷ നീതി ആണ്. ഭരണാധികാരി നീതിമാനാണെങ്കിൽ എല്ലാവരും അദ്ദേഹത്തിന് സമ്പൂർണ്ണ മനസ്സോടെ വിധേയപ്പെടും. എല്ലാവരെയും ഒരേപോലെ, ഒരേ അകലത്തിൽ കാണുന്നു എന്നതാണ് നീതി എന്നതുകൊണ്ട് പൊതുവേ വിവക്ഷിക്കപ്പെടുന്നത്. ഭരണാധികാരി എല്ലാവരെയും ഒരേ പോലെ കാണുന്നു എന്ന ബോധ്യം ഭരണീയർക്ക് ഉണ്ടായിത്തീർന്നാൽ അവർ പുളകിതരാകും. അപ്പോൾ ഭരണാധികാരി അവരോടൊപ്പം നിന്നു കൊണ്ട് അവരുടെ എല്ലാവരുടെയും ക്ഷേമങ്ങൾക്ക് വേണ്ടി യത്നിക്കും. ഫലമോ അവരുടെ നാടും സമ്പത്തും ജീവിത നിലവാരങ്ങളും പുരോഗതിപ്പെടുകയും എല്ലായിടങ്ങളിലും സന്തോഷവും സംതൃപ്തിയും സമൃദ്ധിയും അലയടിക്കുകയും ചെയ്യും. ഇതെല്ലാം നീതിയുടെ പ്രതിഫലങ്ങളും പ്രതിഫലനങ്ങളുമാണ്. എല്ലാ മതങ്ങളും നീതിയെ വ്യാഖ്യാനിക്കുന്നതും നിർവചിക്കുന്നതും ഇങ്ങനെയാണ്. ഇസ്ലാമിക ദർശനത്തിൽ നീതിമാനായ ഭരണാധികാരിക്ക് സൃഷ്ടാവായ അല്ലാഹു പരലോകത്ത് വലിയ പ്രതിഫലങ്ങൾ നൽകും എന്ന് പറയുന്നുണ്ട്. അങ്ങനെ പരലോകത്ത് വലിയ പ്രതിഫലം കിട്ടുന്ന എല്ലാ സുകൃതങ്ങൾക്കും ഇഹലോകത്ത് അതിനു സമാനമായ നേട്ടങ്ങളുമുണ്ടായിരിക്കും എന്നാണ് ഇസ്ലാമിക ദർശനത്തിന്റെ ഒരു പൊതുകാഴ്ച. ഈ പറഞ്ഞ ഐഹിക ജീവിതത്തിൻ്റെ സമാധാന ഭദ്രമായ ജീവിതാന്തരീക്ഷവും ക്ഷേമപൂർണ്ണമായ സാഹചര്യങ്ങളും അത്തരം പ്രതിഫലങ്ങളിൽ പെട്ടതാണ്.
എന്നാൽ ഭരണാധികാരിയോ ചുമതലപ്പെട്ടവരോ തന്റെ പരിധിയിലുള്ള ജനവിഭാഗങ്ങളെ വ്യത്യസ്തമായ അകലങ്ങളിൽ കാണുകയും ചിലരെ അപരവൽക്കരിക്കുകയും ചെയ്യാൻ തുടങ്ങിയാൽ പിന്നെ ആ ഭരണത്തിനും ഉത്തരവാദിത്വ നിർവഹണത്തിനും താത്വികമായി ഒരു വിലയുമില്ല. കാരണം അങ്ങനെ ചെയ്യുന്ന ഭരണാധികാരി തന്നോട് തന്നെ അക്രമം കാണിക്കുകയാണ്. തൻറെ ഉത്തരവാദിത്വത്തെ പച്ചയായി വഞ്ചിക്കുകയാണ്. തൻറെ സ്വന്തം പ്രതിജ്ഞയെ ലംഘിക്കുകയാണ്. ദൗർഭാഗ്യവശാൽ ഇങ്ങനെ ലംഘിക്കുന്നതിലും വഞ്ചിക്കുന്നതിലും ഒരു കുറ്റബോധവും ഇല്ലാത്ത ഭരണാധികാരികളാണ് ഇപ്പോൾ വാഴുന്നവരിൽ അധികവും. തൻ്റെ സ്വന്തം ആളുകളെ കൊണ്ടും കൈ-മെയ് കരുത്തുകൾ കൊണ്ടും അധികാരം വെട്ടിപ്പിടിച്ച് നേടിയെടുക്കുന്നു. പിന്നെ തന്റെ ആ ആൾക്കാർക്ക് വേണ്ടി മാത്രം ഭരിക്കുന്നു. അവർക്ക് വേണ്ടതെല്ലാം വഴിവിട്ട് ഉണ്ടാക്കിക്കൊടുക്കുന്നു. അതിൽ പരസ്യമായി അഴിമതി പുറത്തുവന്നാൽ അതിനെയെല്ലാം ന്യായീകരിച്ചും അവഗണിച്ചും തന്റെ തൊലിക്കട്ടി സ്ഥാപിക്കുന്നു. മറ്റുള്ളവരെയെല്ലാം ശത്രുക്കളായി മാത്രം കാണുന്നു. ആ ശത്രുത എല്ലായിടത്തും പരസ്യമായി കാണിക്കാതെ മറച്ചുപിടിക്കുക മാത്രമാണ് ചെയ്യുന്നത്. അതുകൊണ്ട് ചിലപ്പോഴെങ്കിലും അത് പുറത്തുചാടുന്നു. മനസ്സിൽ ഒന്ന് മറച്ചുപിടിച്ചു മറ്റൊന്ന് പ്രകടിപ്പിച്ച് ഇങ്ങനെ അഭ്യാസം കാണിക്കുമ്പോഴാണ് പറയുന്നതും ചെയ്യുന്നതും എല്ലാം അബദ്ധത്തിൽ കലാശിക്കുന്നത്. ഒരു ജനവിഭാഗത്തോടുള്ള വിദ്വേഷത്തിന്റെ പേരിൽ ഒരു പ്രദേശത്തെയോ ജില്ലയേയോ ഇകഴ്ത്തുന്നതും അവരെ അപരവത്കരിക്കുന്നതുമെല്ലാം അബദ്ധമാകുന്നത് അതുകൊണ്ടാണ്.
പൊതു വീക്ഷണത്തിൽ, നീതി എന്നത് മനുഷ്യജീവിതത്തിൻ്റെ മിക്കവാറും എല്ലാ മേഖലകളെയും സ്പർശിക്കുന്ന ഒരു ആശയമാണ്. മനുഷ്യൻ്റെ ജീവിത പാതയോടൊപ്പം എപ്പോഴും സജീവമായി നിന്നിട്ടുള്ള ഒരാശയമാകയാൽ അതിനെ നിർവചിക്കുന്നവരെല്ലാം നിർവചിച്ചിട്ടുണ്ട്. സാൽമണ്ടിൻ്റെ അഭിപ്രായത്തിൽ, 'നീതി എന്നത് എല്ലാവർക്കും അർഹമായ വിഹിതം വിതരണം ചെയ്യുന്നതാണ്' എങ്കിൽ പ്ലാറ്റോയുടെ കാഴ്ചപ്പാടിൽ അത് ഓരോ മനുഷ്യനും അവനവൻ്റെ അവകാശം നൽകുന്ന സമീപനമാണ്. ഏതു നിർവചനം എടുത്താലും നീതി എല്ലാവരുടെയും അവകാശങ്ങൾ ന്യായമായും സംരക്ഷിച്ചുകൊണ്ട് എല്ലാ മനുഷ്യർക്കും ഇടയിൽ യോജിപ്പും ചിട്ടയായ ജീവിതവും ഉറപ്പാക്കുന്നതിനുള്ള ഒരു സംവിധാനമാണ്. അതുകൊണ്ടുതന്നെയാണ് നീതി എന്ന വികാരത്തിന് ഇത്രമേൽ പ്രസക്തി കൈവന്നതും. ഇസ്‌ലാമിക വീക്ഷണത്തിൽ, എല്ലാറ്റിനെയും അതിൻ്റെ സത്യവും കൃത്യവുമായ സ്ഥാനത്ത് പ്രതിഷ്ഠിക്കുക എന്നതാണ് നീതി. മതം, ജാതി, വർഗ്ഗം, നിറം, ഭാഷ, രാഷ്ട്രം, ദാരിദ്ര്യം, സമ്പത്ത്, അധികാരം, തുടങ്ങി എല്ലാ വ്യത്യാസങ്ങളെയും അവഗണിക്കുന്ന സമഗ്ര നീതിയാണ് ഇസ്‌ലാം വിഭാവനം ചെയ്യുന്ന നീതിന്യായ വ്യവസ്ഥ. അത് എല്ലാവരേയും മനുഷ്യരായി മാത്രം കാണുന്നു. ഇസ്ലാമിൽ അത് സൃഷ്ടാവായ റബ്ബിന്റെ നിർദ്ദേശമാണ്. അല്ലാഹു പറയുന്നു: 'അല്ലാഹു നീതിയും നൻമയും കൽപ്പിക്കുന്നു' (16: 90). മറ്റൊരു സൂക്തത്തിൽ അല്ലാഹു ഇങ്ങനെ പറയുന്നു: 'അല്ലയോ വിശ്വസിച്ചവരേ, നിങ്ങൾ അല്ലാഹുവിനു വേണ്ടി നിലനിൽക്കുന്നവർ ആവുകയും നീതിയുടെ സാക്ഷ്യം വഹിക്കുകയും ചെയ്യുക' (5: 8). ഒരു ഖുദ്സിയായ ഹദീസിൽ അവൻ പറയുന്നു: 'എൻ്റെ അടിമകളേ, ഞാൻ എനിക്ക് അനീതി നിരോധിക്കുകയും നിങ്ങൾക്കും അത് വിലക്കുകയും ചെയ്തിരിക്കുന്നു. അതിനാൽ നിങ്ങൾ അന്യോന്യം അനീതി കാണിക്കുന്നത് ഒഴിവാക്കുക' (മുസ്ലിം).
അല്ലെങ്കിലും മതം, ജാതി, വർണ്ണം തുടങ്ങിയ ജൈവവ്യതിരിക്തതകളുടെ പേരിൽ ചിലരെ അപരവൽക്കരിക്കുന്നത് ഒട്ടും ബുദ്ധിയല്ല. കാരണം അവയൊന്നും ഒരാളും സ്വേഷ്ടപ്രകാരം തെരഞ്ഞെടുക്കുന്നവയല്ല. കറുത്തവൻ അയാളുടെ കറുപ്പു നിറം വേണമെന്ന് കരുതി ഉണ്ടാക്കിയെടുത്തതോ വെളുക്കാനുള്ള ശ്രമത്തിൽ പരാജയപ്പെട്ടതോ അല്ല. ഒരാൾ ഒരു ജാതിയിലോ ഒരു വർണ്ണത്തിലോ ജനിക്കുന്നത് അയാൾ അതിനു വേണ്ടി എന്തെങ്കിലും ചെയ്തതിന്റെ പേരിലല്ല. മാത്രമല്ല, നിശ്ചിത താൽപര്യത്തിൽ ജനിക്കുവാൻ വേണ്ടി ആർക്കും ഒന്നും ചെയ്തു കൊടുക്കാനും കഴിയില്ല എന്നതാണ് വസ്തുത. അതായത് ഒരാൾക്ക് ലഭിക്കുന്ന ജൈവ സവിശേഷതകൾ അയാളുടെ മാതാപിതാക്കൾക്ക് പോലും കയ്യില്ലാത്ത കാര്യങ്ങളാണ്. എന്നിരിക്കെ അതു വെച്ച് ഒരാളെ അപരവൽക്കരിക്കുന്നതും വേറിട്ട് കാണുന്നതും എല്ലാം ബുദ്ധി ശൂന്യതയാണ് മാന്യന്മാർ അത് ചെയ്യുകയില്ല. ഇത്തരം ഉച്ചനീചത്വങ്ങൾക്കെതിരെ ഏറ്റവും ശക്തമായി ശബ്ദിച്ച ആദർശമാണ് ഇസ്ലാം. പ്രമുഖ സ്വഹാബിവര്യൻ അബൂ ദർറുൽ ഗിഫാരി(റ) ഒരിക്കൽ ഒരാളോട് കയർക്കേണ്ടി വന്നപ്പോൾ 'കറുത്തവളുടെ മകനേ' എന്ന് ആക്രോശിച്ചുപോയി. അതറിഞ്ഞ നബി തിരുമേനി(സ) അദ്ദേഹത്തെ താക്കീത് ചെയ്തത്, 'അബൂ ദർ, താങ്കളിൽ ഇപ്പോഴും ജാഹിലിയ്യത്ത് കുടികൊള്ളുന്നുണ്ട്..' എന്നു പറഞ്ഞു കൊണ്ടായിരുന്നു. അഥവാ, നിറത്തിന്റെയും വംശത്തിന്റെയും മതത്തിന്റെയും പേരിൽ ഒരാളെയോ ഒരു പ്രദേശത്തെയോ ആക്ഷേപിക്കുന്ന ബുദ്ധിശൂന്യനിൽ ഉള്ള സംസ്കാരം ജാഹിലിയ്യത്താണ് എന്ന് ചുരുക്കം. ഇത് ഭരണാധികാരികളിൽ നിന്നോ പ്രത്യേക ചുമതല നൽകപ്പെട്ടവരിൽ നിന്നോ ആകുമ്പോൾ അത് ഏറ്റവും വലിയ അമാന്യതയും അസഹിഷ്ണുതയും ആയിത്തീരുന്നു. 'ഒരു ജനതയോടുള്ള വിദ്വേഷം തെറ്റ് ചെയ്യുവാൻ നിങ്ങളെ പ്രേരിപ്പിക്കുന്നതാവരുത്' എന്ന് പരിശുദ്ധ ഖുർആൻ.
അപരവൽക്കരണത്തിലെ അപകടങ്ങൾ
0 Comments
No comments yet.
Leave a Comment
© www.thdarimi.in. All Rights Reserved. Designed by zainso