Thoughts & Arts
Image

ആദർശലോകം അടക്കിവാണ ശംസുൽ ഉലമ

02-10-2024

Web Design

15 Comments

മുഹമ്മദ് തയ്യിൽ







മറുപടി പറയുകയല്ല. എങ്കിലും സംഗതി അതാണ്. അത് പറയുമ്പോൾ കോപത്തേക്കാളും വേദനയേക്കാളും അതിശയവും അത്ഭുതവുമാണ് മനസ്സ് നിറയെ. ഇത്തരം ചോദ്യങ്ങളിൽ നാം ഒരിക്കലും വിഷമിക്കേണ്ടതില്ല. കാരണം, അത് പ്രധാനമായും നാം പറയാറുള്ള 'ജനറേഷൻ ഗ്യാപ്പാ'ണ്. തലമുറ മാറ്റത്തിന്റെ മറുമുറകൾ. തെല്ല് പുതിയ ജനറേഷനിൽ പെട്ട ഒരാൾ നിസ്സംഗമായി പറയുകയാണ്, നീണ്ട 40 കൊല്ലം ജനറൽ സെക്രട്ടറി സ്ഥാനത്തിരുന്നിട്ടും എന്താണ് ശംസുൽ ഉലമ ചെയ്തു വച്ചത് എന്ന്. അദ്ദേഹം വലിയ പണ്ഡിതനായിരുന്നു, ചിന്തകനായിരുന്നു, സൂഫിയും സാഹിദുമായിരുന്നു. പക്ഷേ, ആദർശ ലോകത്തിനും പ്രാസ്ഥാനിക ലോകത്തിനും എന്തായിരുന്നു അദ്ദേഹം ചെയ്തുവെച്ചത് എന്നാണ് ചോദ്യം. ചോദ്യകർത്താവിന് ദുരുദ്ദേശമൊന്നും ഇല്ല എന്നു തന്നെ പറഞ്ഞു നമുക്ക് സമാധാനിക്കാം. ചരിത്രം ഗൗരവത്തോടെ കേൾക്കുകയോ പഠിക്കുകയോ ചെയ്യാത്തതുമൂലം ഉണ്ടായ അബദ്ധം മാത്രമാണിത്. അതുകൊണ്ടാണ് ചോദ്യകർത്താവിനോട് നമുക്ക് ദേഷ്യപ്പെടാൻ തോന്നാത്തത്. അതിനാൽ ഇനി അങ്ങനെ ഒരു ചോദ്യം വരാതിരിക്കുവാൻ ആ ചരിത്രം ചെറുതായി പറയേണ്ടത് അനിവാര്യമാണ് എന്ന് തോന്നുന്നു. അതിന് പറ്റിയ സമയമാണ് ഇത്. നമുക്ക് അടക്കാനാവാത്ത മറ്റൊരു റബീഉൽ ആഖിർ സങ്കടമാണല്ലോ ശംസുല്‍ ഉലമ ഇ. കെ അബൂബക്കര്‍ മുസ്‌ലിയാര്‍ (ന.മ) അവർകളുടെ വഫാത്ത്. അത് ഈ മാസത്തിലായിരുന്നു. കണ്ണിയത്ത്‌ ഉസ്‌താദിന്റെ പ്രിയ ശിഷ്യനായിരുന്ന ശംസുല്‍ ഉലമ ഇ.കെ. അബൂബക്കര്‍ മുസ്‌ല്യാര്‍ വിജ്ഞാന മേഖലയിലെ ജ്യോതിസ്സും ധീരവും പക്വവുമായ നേതൃത്വവുമായിരുന്നു. സമസ്‌ത കേരള ജംഇയ്യത്തുല്‍ ഉലമയുടെ നാല്‌ പതിറ്റാണ്ട്‌ കാലത്തെ കാര്യദര്‍ശിയായി പ്രശോഭിച്ച അദ്ദേഹം അസാധാരണമായ വ്യക്തിത്വത്തിന്റെ ഉടമയായിരുന്നു. ഇസ്‌ലാമിക വിജ്ഞാന മേഖലയില്‍ ഇത്രമേല്‍ അഗാധമായ പാണ്‌ഡിത്യം നേടിയ വ്യക്തിത്വങ്ങള്‍ ചരിത്രത്തില്‍ അമൂല്യമായേ കണ്ടിട്ടുള്ളൂ. മതപരമായ വിഷയങ്ങളില്‍ അവസാന വാക്കെന്ന്‌ തീര്‍ത്ത്‌ പറയാവുന്ന തരത്തില്‍ എല്ലാ മേഖലകളിലും അദ്ദേഹം മികച്ചുനിന്നു. അതുകൊണ്ടാണ്‌ മാതാപിതാക്കള്‍ നല്‍കിയ പേരിനപ്പുറം വിശേഷ നാമമായ ശംസുല്‍ ഉലമ എന്നത്‌ പ്രഥമ നാമമായി മാറിയത്‌.



1333 ല്‍ / ക്രി. 1914 ൽ കോഴിക്കോടിനടുത്ത പറമ്പില്‍ കടവിലെ എഴുത്തശ്ശന്‍കണ്ടി എന്ന വീട്ടിലാണ്‌ ഈ മഹാപ്രതിഭ ഭൂജാതനായത്‌. യമനില്‍ നിന്ന്‌ കുടിയേറിപ്പാര്‍ത്ത പണ്‌ഡിത പരമ്പരയിലെ പ്രമുഖനായ കോയക്കുട്ടി മുസ്‌ലിയാരുടെയും ഭാര്യ ബീവിക്കുട്ടിയുടെയും മൂത്ത പുത്രനായിരുന്നു അദ്ദേഹം. പിതാവ്‌ കോയക്കുട്ടി മുസ്‌ലിയാരും അക്കാലത്തെ മഹാ പണ്‌ഡ്‌തന്മാരില്‍ പ്രമുഖനായിരുന്നു. പറമ്പില്‍കടവ്‌ അടിയോട്ടില്‍ അബൂബക്കറിന്റെ മകള്‍ ബീവിക്കുട്ടി-കോയക്കുട്ടി മുസ്‌ലിയാര്‍ ദമ്പതികള്‍ക്ക്‌ പിറന്ന മക്കൾ ഇ. കെ അബൂബക്കര്‍ മുസ്‌ലിയാര്‍ അടക്കം ഏഴു പേരും പ്രഗത്ഭരാണ്‌. സ്വന്തം പിതാവില്‍ നിന്നും പ്രാഥമിക പഠനം പൂര്‍ത്തിയാക്കിയ ശേഷം വലിയുള്ളാഹി മടവൂര്‍ സി. എം അബൂബക്കര്‍ മുസ്‌ലിയാരുടെ പിതാവും പ്രഗത്ഭ സൂഫീവര്യനും പ്രമുഖ പണ്‌ഡിതനുമായ മടവൂര്‍ കുഞ്ഞായില്‍ കോയ മുസ്‌ലിയാരുടെ അടുത്താണ്‌ മഹാൻ ഓതിപഠിച്ചത്‌. പിന്നീട്‌ വാഴക്കാട്‌ ദാറുല്‍ ഉലൂമില്‍ എത്തിച്ചേര്‍ന്നു. അവിടെ പ്രിന്‍സിപ്പളായിരുന്ന പള്ളിപ്പുറം അബ്‌ദുല്‍ ഖാദിര്‍ ഫള്‌ഫരി ആയിരുന്നു മഹാന്റെ പ്രധാന ഉസ്‌താദ്‌. ഫത്‌ഹുല്‍ മുഈന്‍, അല്‍ഫിയ തുടങ്ങിയ പ്രധാന ഫിഖ്‌ഹ്‌, വ്യാകരണ ഗ്രന്ഥങ്ങള്‍ പൊന്നാനി സിലബസ് എന്ന പേരില്‍ അറിയപ്പെടുന്ന സിലബസ്‌ അനുസരിച്ച്‌ പൊന്നാനിയിലെ മഖ്‌ദൂം പണ്‌ഡിതരുടെ വ്യാഖ്യാനങ്ങളോടെ ഓതി തീര്‍ത്ത്‌ പിന്നീട്‌ ഉപരിപഠനത്തിനായി വെല്ലൂര്‍ ബാഖിയാത്തുസ്സ്വാലിഹാത്തില്‍ എത്തിച്ചേര്‍ന്നു. ബിരുദം എടുത്ത വര്‍ഷം (1940 മുതല്‍ 1948 വരെ) വെല്ലൂരില്‍ തന്നെ മുദരിസായി നിയമിക്കപ്പെടുകയും അവിടെ അധ്യാപകനായി സേവനമനുഷ്‌ഠിക്കുകയും ചെയ്‌തു. അനാരോഗ്യം കാരണമാണ്‌ വെല്ലൂര്‍ വിട്ടത്‌. അനന്തരം മലയാളക്കരയിലെ ഇസ്‌ലാമിക പ്രവര്‍ത്തന രംഗത്തിനു ചൂടും ചുണയും പകര്‍ന്നു കൊണ്ട്‌ സുന്നത്ത്‌ ജമാഅത്തിന്റെ പ്രവര്‍ത്തന വേദിയില്‍ സജീവമായി പ്രത്യക്ഷപ്പെട്ടു. കേരളത്തിലെത്തിയ അദ്ദേഹം തളിപ്പറമ്പ്‌ ഖുവ്വതുല്‍ ഇസ്‌ലാം അറബിമദ്രസ, പാറക്കടവ്‌ ജുമുഅത്ത്‌ പള്ളി എന്നിവിടങ്ങളില്‍ മുദരിസായി. തുടര്‍ന്ന്‌ പട്ടിക്കാട്‌ ജാമിഅ നൂരിയ്യയില്‍ 1963 മുതല്‍ പ്രിന്‍സിപ്പലായ ശംസുല്‍ ഉലമ 1977 വരെയുള്ള സേവനത്തിനു ശേഷം അവിടം വിട്ടു കാസര്‍കോടിനടുത്ത പൂച്ചക്കാട്‌ മുദരിസായി. പിന്നീട്‌ നന്തി ദാറുസ്സലാം അറബിക്‌ കോളേജിന്റെ പ്രിന്‍സിപ്പലായ അദ്ദേഹം മരിക്കുന്നതു വരെ അവിടടെ തുടരുകയായിരുന്നു.



ഉള്ളാള്‍ സയ്യിദ്‌ അബ്‌ദു റഹ്‌മാന്‍ കുഞ്ഞിക്കോയ തങ്ങള്‍, സഹോദരന്‍ കൂടിയായ മര്‍ഹൂം ഇ. കെ ഹസ്സന്‍ മുസ്‌ലിയാര്‍, കെ. കെ അബൂബക്കര്‍ ഹസ്രത്ത്‌, കോട്ടുമല അബൂബക്കര്‍ മുസ്‌ലിയാര്‍, സി. എം വലിയുള്ളാഹി മടവൂര്‍, സയ്യിദ്‌ അലി ബാഫഖി തങ്ങള്‍, ഉമറലി ശിഹാബ്‌ തങ്ങള്‍, ഹൈദരലി ശിഹാബ്‌ തങ്ങള്‍, പൊട്ടച്ചിറ അന്‍വരിയ്യ പ്രിന്‍സിപ്പള്‍ കൊമ്പം മുഹമ്മദ്‌ ഫൈസി… തുടങ്ങിയ പ്രഗത്ഭരായ അദ്ദേഹത്തിന്റെ ശിഷ്യന്മാരുടെ നിര നീളുന്നു. ആ ജീവിതത്തിന്റെ ഔട്ട് ലൈനുകളാണ് ഈ പറഞ്ഞതെല്ലാം. ഈ സംസാരത്തിൽ ഊന്നി പറയാനുള്ളത് ശംസുൽ ഉലമായുടെ ആദർശ പ്രാസ്ഥാനിക സേവനങ്ങൾ ആണല്ലോ. അതിനാൽ നമുക്ക് അതിലേക്ക് അതിവേഗം കടന്നു വരാം.



വെല്ലൂരിൽനിന്ന് പഠനം കഴിഞ്ഞ് തിരിച്ച് നാട്ടിൽ വന്ന് സേവന മേഖലയിലേക്ക് കടക്കുന്ന ഘട്ടം മുതൽ നമുക്ക് കഥ പറഞ്ഞുതുടങ്ങാം. അപ്പോഴേക്കും അദ്ദേഹം തന്റെ കാലഘട്ടത്തിന് വേണ്ട തന്റേതായ സേവനങ്ങളും ദാനങ്ങളും നൽകുവാൻ പര്യാപ്തമായ വളർച്ചയിലേക്ക് കടന്നു കഴിഞ്ഞിരുന്നു. അത് അദ്ദേഹം നേടിയത് തൻ്റെ ഗുരു നിരയുടെ പെരുമയിലൂടെയാണ്. മൗലാനാ ഖുതുബി, അബ്ദുൽ ഖാദിർ ഫള്ഫരി, കണ്ണിയത്ത് അഹമ്മദ് മുസ്ലിയാർ, അഹമ്മദ് കോയ ശാലിയാത്തി, അബ്ദുറഹീം ഹസ്രത്ത്, ശൈഖ് ആദം ഹസ്റത്ത് തുടങ്ങിയ ആ കാലഘട്ടത്തിൻ്റെ ജ്ഞാന നക്ഷത്രങ്ങൾ ആയിരുന്നു മഹാനവർകളുടെ ഉസ്താദുമാർ. ഇവരിൽ തന്നെ പ്രധാന വിജ്ഞാന ശാഖകൾക്ക് ഊന്നൽ നൽകി ഇന്നത്തെ കാലത്തേതു പോലെ സ്പെഷ്യലൈസ് ചെയ്തു പഠിച്ച വിഷയങ്ങളും ഗുരുനാഥന്മാരും മഹാനവർകൾക്ക് ഉണ്ട്. ഫിഖ്ഹിയിൽ പുതിയാപ്പിള അബ്ദുറഹ്മാൻ മുസ്ലിയാരും ഹദീസിൽ അഹ്മദ് കോയ ശാലിയാത്തിയും ബൗദ്ധികശാസ്ത്രങ്ങളിൽ അബ്ദുൽ ഖാദിർ ഫള്ഫരിയും ആയിരുന്നു അദ്ദേഹത്തിൻ്റെ പ്രത്യേക ഗുരുനാഥന്മാർ. കൂടാതെ മെട്രിക്കലേഷൻ, ഉറുദു, തമിഴ്, ഫാരിസി, സുറിയാനി ഭാഷകൾ എന്നിവയും അദ്ദേഹം വശപ്പെടുത്തിയിരുന്നു. ഇംഗ്ലീഷ് ഭാഷ വെല്ലൂരിലേക്ക് പോകുന്നതിനു മുമ്പുതന്നെ അദ്ദേഹത്തിന് അനായാസം വഴങ്ങുമായിരുന്നു. 1948 ലാണ് അദ്ദേഹം കേരളത്തിലേക്ക് എത്തുന്നത് എന്നാണ് ചരിത്രത്തിലെ പ്രബലമായ നിഗമനം. വസൂരി രോഗവും അത്യുഷ്ണവുമെല്ലാം ആയിരുന്നു വെല്ലൂർ വിടാനുള്ള പ്രത്യേക കാരണം.



കേരളത്തിലെത്തിയ ഉടനെ ചില ജോലികളിൽ ഒക്കെ ഏർപ്പെട്ടു എങ്കിലും അവയൊന്നും പ്രധാനമായി തീർന്നില്ല. ആയിടക്കാണ് വിവാഹവും നടന്നത്. അതുകഴിഞ്ഞാണ് വി എം അബ്ദുൽ അസീസ് ഹാജിയോടൊപ്പം തളിപ്പറമ്പിലേക്ക് ഒരു വഅളിന് പോകാനുള്ള അവസരം ഉണ്ടാകുന്നത്. പ്രായാധിക്യവും ഇരുത്തവും വന്ന വലിയ പണ്ഡിതന്മാർ മാത്രം വഅള് സ്റ്റേജുകളിൽ പ്രത്യക്ഷപ്പെടുന്ന കാലമായിരുന്നു അത്. അതിനാൽ ഇത്രയും ചെറുപ്പക്കാരനായ ഒരാൾ വഅളിന് വന്നത് ജനങ്ങളിൽ ഒരുതരം നിരാശ തന്നെ ഉണ്ടാക്കി. പക്ഷേ, അദ്ദേഹത്തിൻ്റെ പ്രഭാഷണം ആരംഭിച്ചപ്പോഴാണ് ജനങ്ങൾ ഞെട്ടിപ്പോയത്. അക്കാലത്ത് സാധാരണ മുസ്ലിയാക്കന്മാർക്ക് വഴങ്ങാത്ത മനോഹരമായ മലയാളത്തിലുള്ള പ്രസംഗവും മനോഹരമായ രീതിയും പ്രസംഗത്തിലൂടെ അവതരിപ്പിച്ച വിഷയങ്ങളുടെ കൗതുകങ്ങളും എല്ലാം ചേർന്നപ്പോൾ അദ്ദേഹം കേരളത്തിൽ ഒരു പുതിയ ശ്രദ്ധാകേന്ദ്രമായി മാറുകയായിരുന്നു. ഈ കാലത്താണ് ഒരു നിമിത്തം പോലെ ബിദ്അത്തുകൾ കേരളക്കരയിൽ തലപൊക്കാൻ തുടങ്ങുന്നത്. അവർ തലപൊക്കുമ്പോഴേക്കും അവരെ പ്രതിരോധിക്കുവാൻ മർഹൂം പതി അബ്ദുൽ ഖാദർ മുസ്ലിയാർ രംഗത്തുവന്നു. അദ്ദേഹത്തിൻ്റെ പ്രസംഗവും മറുപടികളും ആക്രമണങ്ങളും അരങ്ങുതകർക്കുന്ന കാലമായിരുന്നു അത്. ഈ സമയത്ത് പതി അബ്ദുൽ ഖാദർ മുസ്ലിയാർക്ക് ഒരു പിൻഗാമിയുടെ കുറവ് എല്ലായിടത്തും വ്യക്തമായി കാണാൻ തുടങ്ങിയിരുന്നു. പതി ഇല്ലെങ്കിൽ പിന്നെ ആരുമില്ലാത്ത ഒരു സാഹചര്യം ഉണ്ടായിരുന്നു. അത്തരം ഒരു സാഹചര്യത്തിലാണ് ശംസുൽ ഉലമ കേരളീയ സുന്നി സമൂഹത്തിന്റെ ഖൽബിലേക്ക് കയറുന്നത്. കിട്ടിയ വേദികളിലെല്ലാം അദ്ദേഹം വളരെ സുന്ദരമായ ഭാഷയിൽ വളരെ യുക്തിഭദ്രമായ അവതരണ പാഠവത്തോടു കൂടെ ചോദ്യങ്ങൾ ഉന്നയിച്ചും ഉന്നയിച്ച ചോദ്യങ്ങൾക്ക് മറുപടി പറഞ്ഞും ഏറെ വൈകാതെ സുന്നി വേദികളിലെ ഒരു യുവ സാന്നിധ്യമായി വളർന്ന് വരികയും ചെയ്തു.



ഈ കാലത്ത് തന്നെ ശംസുൽ ഉലമ എന്ന പ്രതിഭയെ പ്രത്യേകം മാടിവിളിക്കുന്ന ഒരു സാഹചര്യം കൂടി ഉണ്ടായി. അത് സമസ്ത കേരള ജംഇയ്യത്തുൽ ഉലമയുടെ പതിനെട്ടാം വാർഷികം ആയിരുന്നു. 1950 ഏപ്രിൽ 29, 30 റജബ് 11, 12 എന്നീ തീയതികളിൽ ആയിരുന്നു പ്രസ്തുത സമ്മേളനം. പ്രസ്തുത സമ്മേളനത്തിന്റെ പ്രധാന ലക്ഷ്യം ജമാഅത്തെ ഇസ്ലാമിക്കെതിരെ വിശ്വാസികളെ ബോധവൽക്കരിക്കുക എന്നതായിരുന്നു. മൗദൂദികളുടെ കേരളത്തിലെ ആദ്യത്തെ ആസ്ഥാനമായിരുന്നു വളാഞ്ചേരി. അവിടെ വെച്ച് തന്നെയായിരുന്നു സമസ്ത വാർഷികം നടത്തിയത്. സമാപന സമ്മേളനത്തിലെ ശ്രദ്ധേയമായ പ്രഭാഷണത്തിനുള്ള അവസരം ഇ കെ അബൂബക്കർ മുസ്‌ലിയാർക്ക് ലഭിച്ചു. അദ്ദേഹം ഈ അവസരം നന്നായി ഉപയോഗപ്പെടുത്തി. ഈ പ്രസംഗത്തിൽ മൗദൂദിയുടെ അടക്കമുള്ള ഉറുദു ഭാഷയിലുള്ള പുസ്തകങ്ങൾ പരസ്യമായി തുറന്നുപിടിച്ച് അത് അതേ ഭാഷയിൽ തന്നെ വായിച്ച് അതിൻ്റെ അർത്ഥം മണി മണിയായി പറഞ്ഞ് വിശദീകരിച്ച് കൊടുക്കുന്നത് കേരളീയ സുന്നി സമൂഹത്തിൻ്റെ ആദ്യത്തെ കൗതുക അനുഭവമായി മാറി. അന്ന് സുന്നി സമൂഹത്തിൽ ഉറുദു അറിയുന്നവർ ഉണ്ട് എങ്കിലും ഒരു പ്രസംഗത്തിൽ പരസ്യമായി ഇങ്ങനെ വായിച്ച് വിവരിക്കുവാൻ മാത്രം വ്യുൽപ്പത്തിയുള്ള ആളുകൾ പൊതുവേ ഉണ്ടായിരുന്നില്ല. സുന്നികളുടെ സ്റ്റേജിൽ പഴയ മലയാളമല്ലാത്ത ഒരു സംസാരവും അന്നത്തെ സാഹചര്യത്തിൽ ജനങ്ങൾ കേൾക്കാറുമുണ്ടായിരുന്നില്ല. പഴഞ്ചൻമാരായ സുന്നികൾ പുതിയ കാലഘട്ടത്തിൻ്റെ ഭാഷയും ശൈലിയും പരസ്യമായി സ്റ്റേജിൽ വച്ച് ഉപയോഗിക്കുന്നത് കണ്ടപ്പോൾ പൊതു സമൂഹത്തിൽ അതുണ്ടാക്കിയ അൽഭുതം ചെറുതായിരുന്നില്ല. ഈ ഒരൊറ്റ സംഭവത്തോട് കൂടെ ഇ കെ അബൂബക്കർ മുസ്ലിയാർ സുന്നി കേരളത്തിൻ്റെ മനസ്സിൽ വ്യക്തമായ ഇടം നേടി. മാത്രമല്ല മൗദൂദികൾക്ക് തങ്ങളുടെ എല്ലാ ശ്രമവും എടുത്തു വയ്ക്കേണ്ടതായും വന്നു. അന്നുമുതൽ ഇന്നുവരെക്കും മൗദൂദിസത്തിന് വളാഞ്ചേരിയിൽ പ്രത്യേകതയോ മേൽകൈയോ കിട്ടിയിട്ടില്ല എന്ന അനുഭവം കൂടി ചേർത്തു വെയ്ക്കുമ്പോഴാണ് ശംസുൽ ഉലമ ആദർശത്തിനു വേണ്ടി എന്തു ചെയ്തു എന്നതിനുള്ള മറുപടി നമുക്ക് ലഭിക്കാൻ തുടങ്ങുക.



അധികം വൈകാതെ മൗദൂദികളുടെ നേരെ എന്നപോലെ വഹാബികളുടെ നേരെയും ഇ കെ ഉസ്താദ് സധൈര്യം തിരിഞ്ഞു. അവരുമായി നിരവധി ഖണ്ഡനങ്ങൾ നടത്തുകയുണ്ടായി. 1951ൽ തൃപ്പനച്ചിയിൽ വച്ചായിരുന്നു പ്രമാദമായ ഒരു ഖണ്ഡനം അരങ്ങേറിയത്. അതേപോലെ പൂനൂര് വെച്ചും അദ്ദേഹം അവരെ നേരിടുകയുണ്ടായി. പൂനൂര് വെച്ചാണ് നേരിട്ടുള്ള സംവാദം ഉണ്ടായത്. മൗദൂദികൾ പക്ഷേ പണ്ടേ സംവാദത്തിനോ പ്രതികരണത്തിന് പോലുമോ ധൈര്യപ്പെടാറില്ല. ആയതിനാൽ അവരോടും അതേ സ്വഭാവമുള്ള ഖാദിയാനികളോടും അദ്ദേഹത്തിന് നേരിട്ട് സംവാദം നടത്തേണ്ടിവന്നിട്ടില്ല. പക്ഷേ, അവർ വന്ന് തങ്ങളുടെ വികല ആശയങ്ങൾ വിസർജ്ജിച്ചു പോയ സ്ഥലങ്ങളിലെല്ലാം ഓടിയെത്തി അവർ പറഞ്ഞതിനെല്ലാം അക്കമിട്ട് മറുപടി നൽകിയിരുന്നത് ഇ കെ ഉസ്താദ് ആയിരുന്നു. അങ്ങനെ പറയുമ്പോൾ മഹാനവർകൾ നേരിട്ട് സംവാദം നടത്തിയത് വഹാബികളുമായി മാത്രമാണ് നടത്തിയത്. ബാക്കിയുള്ളവരെയെല്ലാം ശക്തമായ ഖണ്ഡനങ്ങൾ കൊണ്ട് തടുത്തു നിർത്തുകയായിരുന്നു. ഇന്നത്തേതിൽ നിന്ന് തികച്ചും വ്യത്യസ്തമായിരുന്നു അന്നത്തെ വാദങ്ങളും അവ ഉന്നയിക്കുന്ന രീതികളും ജനങ്ങൾ അവയെ കാണുന്ന മാതിരിയും. അവ വെച്ചാണ് നാം ശംസുൽ ഉലമായുടെ ഇടപെടലുകളെ അളക്കേണ്ടത്. അക്കാലത്ത് വികല വാദങ്ങളുമായി മുജാഹിദ്, ജമാഅത്ത്, ഖാദിയാനി എന്നീ മൂന്നു വിഭാഗങ്ങൾ രംഗത്തുവന്നതും പ്രചരണങ്ങൾ നടത്തിയതും തെല്ല് ഭൗതിക വിദ്യാഭ്യാസമോ തദനുസൃതമായ ചിന്താശീലമോ ഉള്ള ഓരോരുത്തരെയും ആകർഷിക്കുന്ന തരത്തിലായിരുന്നു. സുന്നികളെ അവരുടെ വേഷം, ആചാരങ്ങൾ, അനുഷ്ഠാനങ്ങൾ, രീതികൾ തുടങ്ങിയവ പരിഹാസരൂപേണ അവതരിപ്പിച്ചാൽ മാത്രം വലിയ കയ്യടി കിട്ടുന്ന സാഹചര്യം സജീവമായിരുന്നു. ചെറിയ ഒരു ന്യൂനപക്ഷമാണെങ്കിലും അവർ ഇത്തരം വികാരങ്ങൾ വഴി നന്നായി ചോർന്നുപോകുന്ന സാഹചര്യമുണ്ടായിരുന്നു.



അതങ്ങനെ തുടരുകയും മുന്നോട്ട് പോവുകയും ചെയ്തിരുന്നുവെങ്കിൽ മുസ്ലിം കേരളത്തിൻ്റെ ഇന്നത്തെ അവസ്ഥ ഒരിക്കലും ഇതാകുമായിരുന്നില്ല. കാരണം ഇവരെല്ലാം എതിർത്തിരുന്നതും പരിഹസിച്ചിരുന്നതും 14 നൂറ്റാണ്ടുകളായി മുസ്ലിം ലോകവും ഒപ്പം മുസ്ലിം കേരളവും പിന്തുടർന്നുവന്നിരുന്ന പാരമ്പര്യത്തെ ആയിരുന്നു. അതിന് എതിരെ ആദ്യത്തെ മറുപടി നൽകേണ്ടതും തടയിടേണ്ടതുമായ കാലഘട്ടത്തെയാണ് ശംസുൽ ഉലമ നെഞ്ചുവിരിച്ച് സ്വീകരിച്ചത്. പതി അബ്ദുൽ ഖാദർ മുസ്ലിയാർക്ക് ശേഷം അദ്ദേഹത്തിൻ്റെ ദൗത്യം അതേപ്രകാരം ഏറ്റെടുത്ത് നടത്തിയത് ശംസുൽ ഉലമ മാത്രമായിരുന്നു. ബാക്കിയുള്ളവരെല്ലാം ശംസുൽ ഉലമയെ കണ്ടുപഠിക്കുക മാത്രമായിരുന്നു. ആശയ വൈകല്യം പ്രകടിപ്പിക്കുന്ന ഇവരോടൊപ്പം തന്നെ അക്കാലത്ത് രണ്ടു തരത്തിലുള്ള വെല്ലുവിളികൾ കൂടി ശംസുൽ ഉലമായുടെ ജീവിതം അഭിമുഖീകരിച്ചിട്ടുണ്ട്. അവയിൽ ഒന്ന്, ക്രൈസ്തവ പുരോഹിതന്മാരുടെ കുൽസിത മതപരിവർത്തന ശ്രമങ്ങൾ ആയിരുന്നു. അവരുടെ പ്രവർത്തനങ്ങൾ ഏറനാട്ടിലാണ് അന്ന് കേന്ദ്രീകരിച്ചിരുന്നത്. ലോക മിഷനറിയുടെയോ കേരള മിഷനറിയുടെയോ കുൽസിത ശ്രമങ്ങൾ പോലെ നമുക്ക് കാണാൻ കഴിയാത്ത, കാണാൻ പറ്റാത്ത ഒന്നാണ് ഏറനാട്ടിലെ ഈ ശ്രമങ്ങൾ. കാരണം അവിടെ നിവവസിച്ചിരുന്ന മുസ്ലിംകൾ അധികവും നിരക്ഷരരും അജ്ഞരുമായ കർഷകരായിരുന്നു. അവരെ ദാരിദ്ര്യം കണ്ണുരുട്ടി പേടിപ്പിക്കുന്ന കാലവുമായിരുന്നു. ഒരുപാട് പഠിച്ചിട്ടില്ലാത്തവരും മറ്റു പല ദിക്കുകളിൽ നിന്നും കുടിയേറിയവരും ആയിരുന്നു അവർ അധികവും. അത്തരം ആൾക്കാരുടെ മുമ്പിൽ അറബി മലയാളത്തിലുള്ള ലഘുലേഖകളും ഈസാ നബി എന്ന് പ്രയോഗിച്ചു കൊണ്ടുള്ള ലഘു പുസ്തകങ്ങളും വിതരണം ചെയ്യുകയും അതിൽ വീഴുന്നുണ്ട് എങ്കിൽ വലിയ വാഗ്ദാനങ്ങൾ നടത്തി ഈമാൻ കുറഞ്ഞവരെ തങ്ങളുടെ വലയിൽ വീഴ്ത്തുന്ന ഒരു രീതിയായിരുന്നു അവിടെ അന്ന് ഉണ്ടായിരുന്നത്.



അവിടെ ശംസുൽ ഉലമ പടച്ചട്ട അണിഞ്ഞ് രംഗത്തിറങ്ങി. മഞ്ചേരിയിലും എടക്കര യിലും മഹാനവർകൾ വലിയ ഖണ്ഡനങ്ങൾ നടത്തി. അവിടെ ശംസുൽ ഉലമ മുഖാമുഖം നിന്നത് പാതിരിമാരുടെ മുമ്പിലായിരുന്നു. അവരോട് തന്നെയായിരുന്നു അദ്ദേഹത്തിന് സംസാരിക്കാൻ ഉണ്ടായിരുന്നത്. സമീപപ്രദേശത്തെ എല്ലാ പുരോഹിതന്മാരെയും ബഹുമാനത്തോടെ വിളിച്ചുവരുത്തുകയും അവരെ സദസ്സിൽ ഒരു പ്രത്യേക ബ്ലോക്ക് ആക്കി ഇരുത്തുകയും ചെയ്തിട്ട് അവരോട് ആയിരുന്നു സംസാരമെല്ലാം. സുറിയാനി ഭാഷയിലുള്ള ഒറിജിനൽ ബൈബിൾ വായിച്ചും വിവരിച്ചും അദ്ദേഹം ആ സദസ്സിൽ അവരെ കൈകാര്യം ചെയ്യുകയുണ്ടായി. അത്ഭുതകരമെന്നു പറയട്ടെ, അവരിൽ ഒരാൾക്ക് പോലും മഞ്ചേരിയിലോ എടക്കരയിലോ വെച്ച് ഒരു ചോദ്യമെങ്കിലും തിരിച്ചു ചോദിക്കുവാനോ ശംസുൽ ഉലമ ചോദിച്ച ഒരു ചോദ്യത്തിന് എങ്കിലും മറുപടി പറയുവാനോ കഴിഞ്ഞില്ല. അത്രയും വ്യക്തമായിരുന്നു ആ അവതരണം. അന്നത്തെ ആ പ്രസംഗങ്ങളുടെ ശബ്ദരേഖകൾ ഇപ്പോഴും ലഭ്യമാണ്. അത് കേൾക്കുന്ന ഏതൊരാൾക്കും മനസ്സിലാകും, എന്തുകൊണ്ടാണ് പാതിരിമാർ ചോദിക്കുവാനോ ഖണ്ഡിക്കുവാനോ മുന്നോട്ടു വരാതിരുന്നത് എന്ന്. രണ്ടാമത്തേത്, വഴിപിഴച്ച ത്വരീഖത്തുകളുടെ കാര്യമാണ് അവരുടെ ആത്മീയ കൂടാരങ്ങൾ പൊളിച്ചെറിഞ്ഞ് തുടങ്ങിയത് കേരളത്തിൽ ശംസുൽ ഉലമ തന്നെയാണ്. അക്കാലത്ത് ചെറിയ ചില സ്വകാര്യ ത്വരീഖത്തുകൾ തലപൊക്കാൻ തുടങ്ങിയിരുന്നു. അതിനെ അപ്പോൾ തന്നെ കൈകാര്യം ചെയ്തില്ല എങ്കിൽ കേരളം വിവിധോദ്ദേശ ത്വരീഖത്തുകൾ കൊണ്ട് നിറയുമായിരുന്നേനെ. ഇതെല്ലാം നമ്മുടെ മുമ്പിൽ വരച്ചുവെക്കുന്നത് ശംസുൽ ഉലമ എന്ന ഇതിഹാസത്തെ തന്നെയാണ്. കാരണം, തൻ്റെ ജീവിത കാലഘട്ടത്തിൽ മുസ്ലിം ഉമ്മത്ത് കേരളത്തിൽ നേരിട്ട എല്ലാ വെല്ലുവിളികളുടെയും മുമ്പിൽ മാറുവിരിച്ച് നിന്ന് ശംസുൽ ഉലമ പോരാടുക തന്നെ ചെയ്യുകയുണ്ടായി. അതുതന്നെയാണ് മഹാനവർകൾ സമുദായത്തിനും ആദർശത്തിനും വേണ്ടി ചെയ്തതും.



ആദർശത്തിൽ നിന്ന് നാം പ്രാസ്ഥാനികതയിലേക്ക് വരുമ്പോൾ അവിടെയും ശംസുൽ ഉലമയുടെ മഹാദാനങ്ങൾ നമുക്ക് കാണാൻ കഴിയും. 1950ലെ വളാഞ്ചേരിയിൽ വച്ച് നടന്ന പതിനെട്ടാം വാർഷികത്തോടെ സമസ്തയുടെ വേദിയിലെ പ്രത്യേക സാന്നിധ്യമായി മാറിയ ഇ കെ ഉസ്താദിനെ 1951 മാർച്ച് 22ന് വടകരയിൽ നടന്ന പത്തൊമ്പതാം വാർഷിക സമ്മേളനത്തിൽ മുശാവറയിലേക്ക് തെരഞ്ഞെടുക്കുകയുണ്ടായി. തുടർന്ന് സമസ്തയിൽ സജീവമായ ഇ കെ ഉസ്താദിനെ 1957 ഫെബ്രുവരി 9 -ാം തീയതി കോഴിക്കോട് മുദാക്കര പള്ളിയിൽ ചേർന്ന മുശാവറ സമസ്തയുടെ ജനറൽ സെക്രട്ടറിയായി തെരഞ്ഞെടുത്തു. അപ്പോൾ മഹാനവർകൾക്ക് 45 ൽ താഴെയായിരുന്നു പ്രായം. പിന്നീട് സമസ്ത നടത്തിയ എല്ലാ ഇടപെടലുകൾക്കും നേതൃപരമായ നേതൃത്വം നൽകിയത് ശംസുൽ ഉലമയായിരുന്നു. ചരിത്രപ്രസിദ്ധമായ 1961-ലെ കക്കാട് സമ്മേളനം, 63ലെ കാസർകോട് സമ്മേളനം തുടങ്ങിയവയിൽ സംഘടനാപരമായ ഒരുപാട് മാറ്റങ്ങളാണ് വിപ്ലവകരമായി അദ്ദേഹം നടപ്പിൽ വരുത്തിയത്. സമസ്തയുടെ പതാക അംഗീകരിച്ചത് മുതൽ ഫത്വ കമ്മിറ്റി രൂപീകരണം വരെ ഈ കാലഘട്ടത്തിലാണ് നടന്നിട്ടുള്ളത്. 1972 ൽ നടന്ന തിരുനാവായ സമ്മേളനം, 1985 -ൽ നടന്ന അറുപതാം വാർഷിക സമ്മേളനം, 1996 ൽ നടന്ന എഴുപതാം വാർഷിക സമ്മേളനം തുടങ്ങിയവ ശംസുൽ ഉലമ നിറഞ്ഞുനിന്ന കാലഘട്ടത്തിൽ സമസ്ത രചിച്ച ചരിത്രങ്ങൾ ആയിരുന്നു. ഇതിനിടയിൽ എം ഇ എസ് മുതൽ റാബിത്വത്തുൽ ആലമിൽ ഇസ്‌ലാമി വരെയുള്ള മുസ്ലിം വേദികളുടെ മുമ്പിൽ സമസ്തയുടെ ആദർശവും പ്രാസ്ഥാനികതയും അവതരിപ്പിക്കുവാൻ ശംസുൽ ഉലമക്ക് കഴിഞ്ഞു. ലോക മുസ്ലിം ഭരണാധികാരികളുടെയും പണ്ഡിതന്മാരുടെയും മുമ്പിൽ കേരളത്തിലെ ഇസ്ലാമിക ചലനങ്ങളെ അവതരിപ്പിക്കുവാനും അവയെ പ്രതിനിധാനം ചെയ്യുവാനും മഹാനവർകൾക്ക് തന്നെ കഴിഞ്ഞു. മാത്രമല്ല രാജ്യം ഭരിക്കുന്ന സർക്കാറുകൾ സമസ്തയെ ശ്രദ്ധിക്കുവാനും പരിഗണിക്കുവാനും നിർബന്ധിതമായത് ശംസുൽ ഉലമായുടെ കാലഘട്ടത്തിൽ തന്നെയായിരുന്നു. അതു പ്രത്യേകമായി പ്രതിഫലിച്ച വിഷയമായിരുന്നു ശരീഅത്ത് വിവാദം. അന്ന് ഇന്ത്യൻ മുസ്ലിംകൾ കാത്തിരുന്നതും കേട്ടിരുന്നതും ശംസുൽ ഉലമയെ ആയിരുന്നു.



1957 ല്‍ സമസ്‌തയുടെ ജനറല്‍ സെക്രട്ടറിയായി പൊതുരംഗത്തു കടന്നു വന്ന മഹാനവര്‍കള്‍ ഉജ്ജ്വല വാഗ്മിയും സുന്നീ പ്രസ്ഥാനത്തിന്റെ പടനായകനുമായിരുന്നു. മരണം വരെ സമസ്തയുടെ മുന്നോട്ടുള്ള ഗമനത്തില്‍ മഹാന്‍ കൃത്യമായ പ്രതിബദ്ധത പുലര്‍ത്തിയിരുന്നു. സമസ്തയുടെ എഴുപതാം വാര്‍ഷികത്തോടനുബന്ധിച്ച്, വരക്കല്‍ മുല്ലക്കോയ തങ്ങളുടെ മഖാം നിലകൊള്ളുന്ന സ്ഥലവും പള്ളിയും സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമക്ക് വേണ്ടി വാങ്ങണമെന്ന് ശൈഖുനാ നിര്‍ദ്ദേശിച്ചു. പള്ളിയും പരിസരവും സമസ്തക്ക് അധീനപ്പെട്ടു. അവിടെ മഹാനവർകൾ സ്വന്തം മഖാം കണ്ടെത്തുകയായിരുന്നു. 1996 ആഗസ്ത് 19 (ഹിജ്‌റ 1417 റബീഉല്‍ ആഖിര്‍ 4) ന് മഹാനായ ശംസുൽ ഉലമാ ലോകത്തോട് വിട പറഞ്ഞു.



o

0 Comments

No comments yet.

Leave a Comment

© www.thdarimi.in. All Rights Reserved. Designed by zainso