Thoughts & Arts
Image

ത്യാഗികളെ വെട്ടിമാറ്റുമ്പോൾ...

26-08-2021

Web Design

15 Comments





ചരിത്ര പ്രസിദ്ധമായ മലബാർ സമരത്തിന്റെ അഭിമാനകരമായ സ്മരണകൾക്ക് ഒരു നൂറ്റാണ്ടു തികയുന്ന ഓഗസ്റ്റിന്റെ അവസാന ദശകത്തിൽ തന്നെ അതിന് മുമ്പിൽ നിന്ന് നേതൃത്വം നൽകിയവരും രാജ്യത്തിന്റെ എല്ലാ വീര പട്ടികകളിലും മനസ്സുകളിലും ഇടം പിടിച്ചവരുമായ സമര രക്തസാക്ഷികളെ ഉള്ള പട്ടികയിൽ നിന്ന് വെട്ടി മാറ്റുവാൻ പോകുന്നു എന്നു കേൾക്കുമ്പോൾ ഫാഷിസത്തിനു മുമ്പിൽ പിന്നെയും തലതാഴ്ത്തേണ്ടി വരികയാണ്. ഒരു വികാരം പ്രോജ്വലിച്ചു നിൽക്കുമ്പോൾ തന്നെ അതിനെ അവഗണിച്ചു വേദനിപ്പിക്കുകയും വെല്ലുവിളിക്കുകയും ചെയ്യുന്നത് കുടില ഭീകരതയുടെ ഒരു സ്ഥിരം പതിവാണ്. ഒരു പെരുന്നാൾ ദിനത്തിൽ തന്നെ സദ്ദാം ഹുസൈനെ തൂക്കിലേറ്റിയപ്പോഴും അധികവും വിശേഷാവസരങ്ങളിൽ മാത്രം ഫലസ്തീൻ ചോരക്കളമാകാറുള്ളതിൽ നിന്നുമെല്ലാം ഇങ്ങനെ അനുഭവം മുസ്ലിംകൾക്കുണ്ട്. പ്രതിയോഗികളെ അരക്കാശിനില്ലാതാക്കുക എന്ന ഈ തന്ത്രവും ഒരു യുദ്ധമാണ്. അതിനു സമനമാണ് കേന്ദ്ര സർക്കാറിന്റെ സാംസ്കാരിക വകുപ്പും ഐ സി എച്ച് ആറും ചേർന്ന് തയ്യാറാക്കിയതും പ്രധാനമന്ത്രി തന്നെ പ്രകാശനം ചെയ്തതുമായ രക്തസാക്ഷി നിഖണ്ഡുവിൽ നിന്ന് മലബാർ സമരത്തിലെ രക്തസാക്ഷികളെ മാപ്പിളമാരായിപ്പോയി എന്നതിന്റെ പേരിൽ മാത്രം വെട്ടിമാറ്റുന്നത്. നേരത്തെ പ്രസിദ്ധീകരിച്ച പട്ടികാ പുസ്തകത്തിൽ തെന്നിന്ത്യക്കാരെ പറയുന്ന അഞ്ചാം ഭാഗത്തിലാണ് ഈ കർസേവ.



വളരെ പരസ്യമായിപ്പോലും വിഢിത്തം ചെയ്യുകയും പറയുകയും എന്നിട്ട് ഒച്ചയിട്ട് ഓട്ടയടക്കാൻ ശ്രമിക്കുകയും അതു സ്വാഭാവികമായും പരാജയപ്പെടുമ്പോൾ വിളറി വഷളച്ചിരി ഇളിക്കുകയും ചെയ്യുക എന്നത് ഫാഷിസത്തിന്റെ പതിവ് പരിപാടിയാണ്. അതിനാൽ അവർ ചെയ്യുന്ന ഏത് ഇത്തരം നീക്കങ്ങളിലെയും കള്ളക്കളി ഏതു കൊച്ചു കുട്ടിക്കും കണ്ടുപിടിക്കാവുന്നതേയുള്ളൂ. ഒരു സംഘം ഔദ്യോഗിക ചരിത്ര-ഗവേഷകർ വർഷങ്ങളുടെ ശ്രമമായി ഇത്രയും വലിയ ഒരു രാജ്യത്തിന്റെ സ്വതന്ത്ര്യത്തിനു വേണ്ടി വലിയ ഒരു സാമ്രാജ്യത്തോട് രണ്ട് നൂറ്റാണ്ടോളം കാലം ചെറുത്തുനിന്നതിന്റെ നാൾവഴികളാണ് ഇന്ത്യയിലെ സ്വാതന്ത്ര്യ സമരം. അതു കണ്ടെത്തുക തന്നെ പ്രയാസമാണ്. ആ പ്രയാസത്തെ ആഴമുള്ള അന്വേഷണം വഴി ഗവേഷകർ മറികടക്കുമ്പോൾ ആർക്കും വെട്ടിമാറ്റാനാകാത്ത സത്യത്തിൽ അവരെത്തിച്ചേരുന്നു. അത് ആർക്കും അംഗീകരിക്കാവുന്നതേയുളളൂ. കാരണം അത് എഴുതിപ്പിടിപ്പിക്കലല്ല, ഗവേഷണം വഴി കണ്ടുപിടിക്കലാണ്. അതു നടക്കുകയും ചെയ്തു. അവരവതരിപ്പിച്ചതും അങ്ങനെ തന്നെയാണ്. വെറുതെ കുറേ പേരുകൾ അങ്ങോട്ട് എഴുതിച്ചേർത്തതല്ല, ഒരോ രക്തസാക്ഷിയുടെയും പേര്, വിലാസം, സമർപ്പിച്ച ത്യാഗം, ജീവൻ നൽകിയ സാഹചര്യം എന്നിവക്ക് പുറമെ ഒരോ കണ്ടെത്തലുകൾക്കും വേണ്ട റഫറൻസ് നമ്പർ സഹിതം ചേർത്ത ഒരു ആധികാരിക രേഖയുടെ സ്വഭാവത്തിലാണതുണ്ടായിരുന്നത്. രേഖകൾക്കായി ബ്രിട്ടീഷ് ഇന്ത്യയിലെ ഔദ്യോഗിക ആധികാരിക രേഖകളെയാണ് ഉപജീവിച്ചതും. എന്നിട്ടും അവരിൽ ചിലരുടെ പേരിൽ കത്തി വീഴുന്നത് എന്തുകൊണ്ട് എന്ന ചോദ്യത്തിന് അവരിൽ നിന്നും ഉത്തരം പ്രതീക്ഷിക്കേണ്ടതില്ല. കാരണം ഫാഷിസം സാധാരണ ഉത്തരം പറയാറില്ല. നമുക്ക് മനസ്സിലായതുപോലെ, അവർ മാപ്പിളമാരായിപ്പോയി എന്നതാണ് കാരണം.



രാജ്യസ്നേഹം പുലർത്തിയവരെയും ആ വികാരത്തിൽ വീരചരമം പ്രാപിച്ചവരെയും അവമതിക്കുകയും അവഗണിക്കുകയും ചെയ്യുക എന്നത് കാടത്തവും നീചത്വവുമാണ്. മനുഷ്യൻ അവന്റെ കുലത്തോട് കാണിക്കുന്ന ഏറ്റവും വലിയ നീചത്വമാണ് അത്. കാരണം ലോകത്ത് നടക്കുന്നതെന്തും തൊട്ടുമുമ്പുളവർ ഒരുക്കിവെച്ച പശ്ചാതലത്തിലാണ് നടക്കുന്നത്. മുൻതലമുറ ഉണ്ടാക്കിയ പടിയിൽ ചവിട്ടിയാണ് പിൻ തലമുറക്ക് കയറാനും കുതിക്കാനുമുള്ളത് എന്നർഥം. ആ പടി ഇല്ലായിരുന്നുവെങ്കിൽ പരമാവധി ആ പടി വരെ മാത്രമേ പുതിയ തലമുറക്ക് എത്താൻ കഴിയൂ എന്നെങ്കിലും മനസ്സിലാക്കണം. അതിനാൽ ചെയ്യുന്നത് ഏകപക്ഷീയമായ ക്രൂരത മാത്രമാണ്. സ്വരാജ്യത്തോടുള്ള സ്നേഹ വിധേയത്വങ്ങൾ ബഹുമാനിക്കപ്പെടണ്ട ഒന്നാണ്. കാരണം അത് മനുഷ്യന്റെ സംസ്കാരികാസ്ത്വത്തിന്റെ ഭാഗമാണ്. അതിന്റെ പ്രാധാന്യം കൊണ്ടു തന്നെയാണ് ഇസ്ലാം ഈ വികാരത്തെ മഹത്തരമായി കാണുന്നത്. ആകാശച്ചുവട്ടിൽ ഒരു നല്ല കുലത്തെ പടച്ചെടുക്കുകയാണല്ലോ ഇസ്ലാമിന്റെ ഉദ്യമം. മനുഷ്യ മനസ്സിന്റെ മുഴുവന്‍ വികാര-വിചാരങ്ങളെയും പരിഗണിക്കുന്നതാണ് ഇസ് ലാമിന്റെ ശിക്ഷണ രീതി. പ്രകൃതി പരവും, സ്വാഭാവികവുമായി മനുഷ്യ മനസ്സില്‍ ഉണ്ടാകുന്ന മുഴുവന്‍ വികാരങ്ങളെയും എല്ലാ വശങ്ങളെയും ഇസ് ലാം പരിഗണിച്ചിട്ടുണ്ട്. മനുഷ്യ മനസ്സിന്റെ സ്വാഭാവികമായ താല്‍പര്യങ്ങളിലൊന്നാണ് രാജ്യ സ്‌നേഹവും ദേശ സ്‌നേഹവും.



പിറന്ന മണ്ണിനെ സ്‌നേഹിക്കലും അതിനെ നെഞ്ചോട് ചേര്‍ത്തു വെക്കലും മനുഷ്യ ചരിത്രത്തില്‍ അപൂര്‍വ്വമല്ല. പിറന്ന വീടും നാടും വിട്ടു പോകുകയെന്നത് മനുഷ്യനെ സംബന്ധിച്ചിടത്തോളം പ്രയാസകരമാണ്. അവന്റെ മനസ്സില്‍ അവന്റെ മണ്ണിനോടും നാടിനോടും നാട്ടുകാരോടും വല്ലാത്തൊരു സ്‌നേഹവും ഇഷ്ടവും ഉണ്ടായിത്തീരുന്നുണ്ട്.
സ്വതന്ത്രവും സത്യസന്ധവുമായ രാജ്യ സ്‌നേഹത്തെ ഇസ്ലാം അംഗീകരിക്കുന്നുണ്ട്. ഒരു വിശ്വാസിയുടെ ഇസ്ലാമിനോടുള്ള പ്രതിബദ്ധതയുടെ ഭാഗം തന്നെയാണ് തന്റെ രാജ്യത്തെ സ്‌നേഹിക്കുകയെന്നതും. ആ സ്നേഹം പ്രവാചക തിരുമേനി മക്കയില്‍ നിന്ന് പാലായനം ചെയ്യുമ്പോള്‍ തന്റെ പ്രിയപ്പെട്ട നാടിനെ നോക്കി തിരുമേനി പറഞ്ഞ വാക്കുകളിൽ കാണാം. തന്നെ ആടിവിട്ട ഹിജ്റ വേളയിൽ നബി (സ) സ്വന്തം മണ്ണിനെ നോക്കി ആ വികാരം ഇങ്ങനെ പ്രകടമാക്കുകയുണ്ടായി. അല്ലയോ മക്കാ ദേശമേ, എത്ര സുന്ദരമായ നാടാണ് നീ, എനിക്ക് ഏറ്റവും പ്രിയപ്പെട്ട നാടാണ് നീ, എന്റെ നാട്ടുകാര്‍ എന്നെ ഈ നാട്ടില്‍ നിന്നും പുറത്താക്കിയിട്ടില്ലായിരുന്നുവെങ്കില്‍, ഈ നാട്ടില്‍ നിന്ന് മറ്റൊരിടത്തും ഞാന്‍ പോകുമായിരുന്നില്ല.
മദീനയിൽ പുതിയ മണ്ണിൽ കാലുറപ്പിക്കുമ്പോൾ നബി നാടുമാറുകയായിരുന്നു. അപ്പോൾ നബി, മക്കയോടെന്ന പോലെ അല്ലെങ്കിൽ അതിലുമധികമായി ഞങ്ങളുടെ മനസ്സിനെ മദീനയോട് അടുപ്പിക്കേണമേ എന്നും മദീനയുടെ കാലാവസ്ഥയെയും വായുവിനെയും ആരോഗ്യാനുകൂലമാക്കിത്തരണെ എന്നും പ്രാർഥിക്കുന്നുണ്ട്.



ഒരു മനുഷ്യൻ ജനിച്ചു വളര്‍ന്ന് ജീവിച്ചു കൊണ്ടിരിക്കുന്ന ചുറ്റു പാടുമായും, ആ സമൂഹവുമായും അവന് അഭേദ്യമായ ബന്ധമുണ്ട്. സാഹോദര്യത്തിലും സൗഹൃദത്തിലും അധിഷ്ഠിതമായ ബാധ്യതയാണ് ആ പ്രദേശത്തോടും ജനങ്ങളോടുമുള്ളത്. തന്റെ നാട്ടുകാരോടും, അയല്‍ക്കാരോടും, തന്റെ രാജ്യത്തെ ജന പ്രതിനിധികളോടും, ഭരണകൂടത്തോടും അവന് ബാധ്യതകളുണ്ട്. ഭൂമിയുടെ ഭൗമ അധിവാസ വ്യവസ്ഥ സംരക്ഷിക്കാനും അവന് ബാധ്യതയുണ്ട്. കാരണം, അതവൻ വെടിപ്പിടിച്ചതല്ല, അവന്റെ സൃഷ്ടാവ് ഒരുക്കിക്കൊടുത്തതാണ്. അവന്‍ നിങ്ങളെ ഭൂമിയില്‍ നിന്ന് സൃഷ്ടിച്ചു വളര്‍ത്തുകയും അവിടെ നിങ്ങളെ അധിവസിപ്പിക്കുകയും ചെയ്തിരിക്കുന്നു (സൂറ: ഹൂദ് 61). ഇസ്ലാമിക വീക്ഷണത്തിൽ ദേശസ്നേഹത്തിന്റെ പ്രേരകം ഇതാണ്. രാഷ്ട്രവും രാഷ്ട്രീയവും വെട്ടിപ്പിടിക്കുവാൻ ഉള്ളതല്ല, മറിച്ച് സംരക്ഷിച്ചു വളർത്തി കാത്തു വെക്കുവാനുള്ളതാണ്. ഈ വികാരങ്ങൾക്കപ്പുറം സ്വാർഥമായ മറ്റെന്തെങ്കിലും താൽപര്യങ്ങൾ മലബാർ സമരത്തിന്റെ മുന്നണിപ്പോരാളികൾക്ക് ഉണ്ടായിരുന്നതായി ഈ പുതിയ കർസേവകരല്ലാത്ത മറ്റാരും പറഞ്ഞിട്ടില്ല. അവർ നയിച്ച സമരങ്ങളുടെയും വിളിച്ച മുദ്രാവാക്യങ്ങളുടെയും സഹിച്ച യാതനകളുടെയും ജീവൻ തന്നെ സമർപ്പിച്ച സമരങ്ങളുടെയും ഉദ്ദേശ ശുദ്ധിയെ പ്രതിക്കൂട്ടിലാക്കുന്ന ഒന്നും സത്യസന്ധമായി ഇന്നുവരേക്കും കണ്ടെത്തപ്പെട്ടിട്ടില്ല. അവരുടെ നാൾ വഴികൾ നമമുടെ മനസ്സുകളിൽ ഇപ്പോഴും സജീവമാണല്ലോ. തെറ്റിദ്ധരിക്കാവുന്ന ഒന്നും മനസ്സു തുറന്ന് സമീപിക്കുന്ന ആർക്കും കണ്ടെത്താനാവില്ല.



എന്നിട്ടും ചില ഒറ്റപ്പെട്ട സംഭവങ്ങളും സംഗതികളും ഉണ്ടായിട്ടുണ്ടാവാം. അതു ഉപയോഗിക്കും മുമ്പ് ചില പശ്ചാതല സത്യങ്ങൾ പരിഗണിക്കേണ്ടതുണ്ട്. അന്നത്തെ സാമൂഹ്യ ചുറ്റുപാടിനെ വലം വെക്കുന്നവയാണവ. ഒന്നാ മതായി സമരത്തിന് കണിശമായ ഒരു കേന്രീകൃത രൂപമില്ലായിരുന്നു. മലബാർ സംഘടനാ സംസ്കാരത്തിലേക്ക് എത്തുന്നതേയുണ്ടായിരുന്നുള്ളൂ. മലബാർ സമരത്തിനു ശേഷമാണ് ഇന്നു കാണുന്ന സംഘടനകളൊക്കെ വന്നത്. സംഭവങ്ങൾ കൃത്യമായി രേഖപ്പെടുത്തിവെക്കുവാനുള്ള സംവിധാനങ്ങൾ മലബാറിൽ ഏതായാലും വികാസപ്പെട്ടിട്ടില്ലായിരുന്നു. അതിനാൽ സംഭവങ്ങളെ കോർത്തു കെട്ടുവാൻ പിൽക്കാലത്തുണ്ടായ ശ്രമങ്ങൾക്ക് ചരിത്രകാരൻമാർക്ക് ചില സ്വ അനുമാനങ്ങളെ ആശ്രയിക്കേണ്ടതായി വന്നിട്ടുണ്ട്. ഈ അനുമാനങ്ങളിൽ ചില വീക്ഷണ വൈചാത്യങ്ങൾ കടന്നുകൂടി. സത്യസന്ധമായി പഠിക്കുവാൻ ആഗ്രഹിച്ചവർക്കാവട്ടെ ഉപജീവിക്കുവാനുണ്ടായിരുന്നത് പ്രധാനമായും ബ്രിട്ടീഷ് രേഖകളെ ആയിരുന്നു. അവയാണെങ്കിലോ സത്യം പറയുവാനല്ല, തങ്ങളെ വെള്ളപൂശുവാനുള്ളവയുമായിരുന്നു. അങ്ങനെയൊക്കെ വന്ന തെറ്റായ ചില സ്ഖലിതങ്ങളെ കൂടുപിടിച്ചും തങ്ങൾക്കനുകൂലമായി വ്യാഖ്യാനിച്ചുമാണ് ഈ സേവാ മനസ്സ് രൂപപ്പെട്ടത്. അതു കൊണ്ടു തന്നെ അതു തികച്ചും തെറ്റാണ് ചരിത്രത്തെ ചിത്രവധം ചെയ്യലാണ്.



കലികാലത്തിന്റെ മട്ടും മാതിരിയുമാണിത് എന്നു കരുതുകയാണ് ഇവിടെ സത്യവിശ്വാസികൾക്ക് കരണീയം. അതോടൊപ്പം കഴിയും വിധം അവ തിരുത്തുവാൻ ശ്രമിക്കുകയും. നബി (സ) തിരുമേനി അരുളി: ഒരു ജനതയുടെ പിൻഗാമികൾ തങ്ങളുടെ മുൻഗാമികളെ ശപിക്കുന്ന സാഹചര്യം വന്നാൽ അതിനെ കുറിച്ചുള്ള വല്ല അറിവും ഉളളവർ അതു പ്രകടിപ്പിക്കട്ടെ, അതിൽ വല്ലതും മറച്ചുവെക്കുന്നവർ മുഹമ്മദ് നബിക്കവതരിപ്പിക്കപ്പെട്ടത് മറച്ചുവെക്കുന്നതു പോലെയാണ് (താരീഖുൽ കബീർ - ബുഖാരി)

0 Comments

No comments yet.

Leave a Comment

© www.thdarimi.in. All Rights Reserved. Designed by zainso