Thoughts & Arts
Image

കിട്ടിയതും കിട്ടാത്തതും

13-12-2024

വെള്ളിത്തെളിച്ചം
ടി എച്ച് ദാരിമി







സഅ്ദ് ബിന്‍ അബീ വഖാസ്(റ) പറയുന്നു. ഒരിക്കൽ നബി തിരുമേനി(സ) മദീനയിലെ ആലിയ മേഖലയിൽനിന്ന് വരികയായിരുന്നു. മദീനയുടെ കിഴക്ക് പടിഞ്ഞാറ് ഭാഗത്ത് കിഴക്ക് അൽ ബഖീഅ് ഖബർസ്ഥാൻ മുതൽ പടിഞ്ഞാറ് ഖുബാ പള്ളി വരെ നീണ്ടുകിടക്കുന്ന പ്രദേശത്തിനാണ് അന്നും ഇന്നും ആലിയ എന്ന് പറയുന്നത്. വന്ന് അൻസാരികളിലെ ബനൂ ഔഫ് കുടുംബത്തിൻ്റെ പള്ളിയുടെ പരിസരത്ത് എത്തിയതും നബി തങ്ങൾ ആ പള്ളിയിൽ കയറി. രണ്ടു റക്ക്അത്ത് നിസ്കരിച്ച നബി(സ) ദീർഘമായ ഒരു ദുആയിലേക്ക് കടന്നു. ദുആ കഴിഞ്ഞ് പുറത്തേക്ക് വരുമ്പോൾ തന്നെ കാത്തുനിൽക്കുന്ന അനുയായികളുടെ മുഖത്ത് ജിജ്ഞാസയുടെ ഭാവം നബി(സ) കണ്ടിരിക്കണം. അതിനുള്ള വിശദീകരണം എന്ന നിലക്ക് നബി തങ്ങൾ പറഞ്ഞു: 'ഞാൻ ഈ പ്രാർത്ഥനയിൽ റബ്ബിനോട് മൂന്നു കാര്യങ്ങൾ ചോദിച്ചു. അതിൽ രണ്ടെണ്ണം കിട്ടി. ഒന്ന് കിട്ടിയില്ല. ഒന്നാമതായി ഞാൻ ചോദിച്ചത്, എൻ്റെ സമുദായത്തെ കാല ദുരന്തങ്ങൾ കൊണ്ട് ശിക്ഷിക്കരുത് എന്നായിരുന്നു'. വരൾച്ച, ദാരിദ്ര്യം തുടങ്ങിയ ദുരിതങ്ങളാണ് ഈ പ്രാർത്ഥനയിൽ നബി (സ) ഉദ്ദേശിക്കുന്നത്. അവ വരുത്തരുതേ എന്ന് ആവശ്യപ്പെടുന്നത് തൻ്റെ അനുയായികളും വിശ്വാസികളും ആയവർക്കാണ്. അവർ മാത്രം ഇത്തരം ദുരിതങ്ങളിൽ പെടുന്നത് തെറ്റായ അർത്ഥങ്ങൾക്കും വ്യാഖ്യാനങ്ങൾക്കും വഴി വച്ചേക്കാം. അതുകൊണ്ടു കൂടിയാണ് ഈ പ്രാർത്ഥന. ഇസ്ലാം വിശ്വാസികൾ ദാരിദ്ര്യത്തിലും വരൾച്ചയിലും തീരെ പെടുകയില്ല എന്ന് ഈ പറഞ്ഞതിന് അർത്ഥമില്ല. അവ കൊണ്ട് അവർ നശിപ്പിക്കപ്പെടുകയില്ല എന്നു മാത്രമേ ഉദ്ദേശമുള്ളൂ. അവർക്ക് ഇത്തരം ദുരിതങ്ങൾ സംഭവിച്ചാൽ തന്നെ അവ ഭാഗികവും സഹനീയവും ആയിരിക്കും. മുൻകാലങ്ങളിൽ കടുത്ത ദൈവ കോപത്തിന് വിധേയരായ ചില ജനതകളെ അല്ലാഹു ഈ വിധത്തിൽ നശിപ്പിച്ചിട്ടുണ്ട്. ആ പശ്ചാത്തലം കൂടി പരിഗണിച്ചു കൊണ്ടുള്ളതാണ് ഈ പ്രാർത്ഥന.



'രണ്ടാമതായി ഞാൻ ചോദിച്ചത്, അവരെ നീ വെള്ളത്തിൽ മുക്കിക്കൊന്ന് നശിപ്പിക്കരുതേ എന്നായിരുന്നു' ഈ പ്രാർത്ഥനയുടെ പശ്ചാത്തലവും മുൻകാല സമൂഹങ്ങൾക്ക് ഉണ്ടായ അനുഭവങ്ങൾ തന്നെയാണ്. അവയിൽ രണ്ടെണ്ണം വിശുദ്ധ ഖുർആനിൽ അല്ലാഹു വിവരിച്ചിട്ടുണ്ട്. ഒന്ന്, നൂഹ് നബിയുടെ ജനതയാണ്. അവരിലെ സത്യനിഷേധികളെ അല്ലാഹു മഹാപ്രളയത്തിലൂടെ മുച്ചൂടും നശിപ്പിക്കുകയായിരുന്നു. മറ്റൊന്ന്, ഫറോവയുടെ ജനതയെ ആയിരുന്നു. ഇസ്രയേൽ സന്തതികളുമായി ചെങ്കടൽ കടന്ന മൂസ നബിയെ പിന്തുടർന്ന ആ ജനതയെ അല്ലാഹു അങ്ങനെ നശിപ്പിക്കുകയായിരുന്നു. അത്തരം നാശം എൻ്റെ സമുദായത്തിന് സംഭവിക്കരുതേ എന്നാണ് നബി(സ) തേടുന്നത്. ഇതേ സംഭവം മറ്റു ചില സ്വഹാബിമാരും ഉദ്ധരിക്കുന്നുണ്ട്. അവരിൽ ഖബ്ബാബ് (റ)വിൻ്റെ നിവേദനത്തിൽ പറയുന്ന നബി(സ)യുടെ രണ്ടാമത്തെ പ്രാർത്ഥന, 'എന്റെ സമുദായത്തിനുമേൽ മറ്റൊരു ജനതയ്ക്ക് വിജയം നൽകരുതേ' എന്നായിരുന്നു എന്നാണ്. ഈ റിപ്പോർട്ട് അനുസരിച്ച് തൻ്റെ ജനതയ്ക്ക് എപ്പോഴും ആധിപത്യവും വിജയവും കിട്ടണമെന്ന് ആഗ്രഹിക്കുകയും തേടുകയും ചെയ്യുകയാണ് നബി തങ്ങൾ. മുസ്ലിം സമുദായത്തെ നിലംപരിശാക്കുകയും ഉൻമൂലനാശം വരുത്തുകയും ചെയ്യുന്ന തരത്തിലുള്ള വിജയമാണ് ഇവിടെ ഉദ്ദേശിക്കപ്പെടുന്നത്. ചെറിയ ചെറിയ പരാജയങ്ങൾ ഏതു ജനതയുടെയും ഏറ്റുമുട്ടലുകളിൽ സ്വാഭാവികമാണ്. നബി(സ)യുടെ കാലത്തുതന്നെ അങ്ങനെ ഉണ്ടായിട്ടുണ്ട്. അബൂ സുഫ്യാനോട് ഹിർഖൽ ചക്രവർത്തി ചോദിക്കുന്ന ഒരു ചോദ്യത്തിന് ഉത്തരമായി 'ഞങ്ങൾക്കിടയിലുള്ള യുദ്ധങ്ങളിൽ ജയപരാജയങ്ങൾ മാറിമാറി വരാറുണ്ട്' എന്നു പറയുന്നതിൽ ആ സൂചനയുണ്ട്. മുസ്ലിം ജനതയെ സമ്പൂർണ്ണമായി നശിപ്പിക്കുന്ന തരത്തിലുളള ആധിപത്യത്തിന് വിധി ഉണ്ടാവരുതേ എന്നാണ് നബി(സ) തേടുന്നത്. നബി തിരുമേനിയുടെ ഈ പ്രാർഥന ഫലിച്ചതിൻ്റെ ഏറ്റവും പ്രകടമായ ഉദാഹരണമാണ് മംഗോളിയൻ താർത്താരികളുടെ ചരിത്രം. ലോകത്തെ പിടിച്ചടക്കുവാൻ ഇറങ്ങിപ്പുറപ്പെട്ട ചെങ്കിസ്ഖാൻ്റെ ഈ പൗരസ്ത്യ സേന ലോകം കണ്ടിട്ടുള്ളതിൽ വെച്ച് ഏറ്റവും ഹിംസ്ര സ്വഭാവമുള്ള സേനയായിരുന്നു. ഇറാൻ മുതൽ ഈജിപ്ത് വരെ നീണ്ടു കിടക്കുന്ന ലോകത്തിൻ്റെ അഞ്ചിലൊന്ന് അവർ ക്രൂരവും മനുഷ്യത്വ രഹിതവുമായ ആക്രമണങ്ങളിലൂടെ പിടിച്ചടക്കി. ഇസ്ലാമിക പാരമ്പര്യത്തിലെ ഏറ്റവും വലിയ ഖിലാഫത്തായിരുന്ന അബ്ബാസീ ഖിലാഫത്തിനെ അവർ പിഴുതെറിഞ്ഞു. അവസാന അബ്ബാസീ ഖലീഫയോട് അവർ ചെയ്ത ക്രൂരത മാത്രം മതി അവരുടെ കുടിലതയുടെ കാഠിന്യം അളക്കാൻ. ദജ്ജാലിൻ്റെ വരവിന് മുമ്പ് ഇസ്ലാമിക സമൂഹം നേരിടുന്ന ഏറ്റവും വലിയ പരീക്ഷണം എന്ന് ഇബ്നുൽ അതീർ വിവരിച്ച ആ നരനായാട്ടിൽ പക്ഷെ, മുസ്ലിം സമൂഹം നിലംപരിശായില്ല. 1260 ൽ ഐൻ ജാലൂത്തിൽ സൈഫുദ്ദീൻ ഖുത്വ് സിൻ്റെ നേതൃത്വനിലുള്ള മുന്നേറ്റത്തിൽ മംഗോളിയൻ താർത്താരികൾ നിലംപരിശായി.



'മൂന്നാമതായി, ഞാൻ അല്ലാഹുവിനോട് ചോദിച്ചത്, എൻ്റെ സമുദായത്തിനിടയിൽ നീ ചിദ്രതക്ക് വഴിവെക്കരുതേ എന്നായിരുന്നു' ; നബി(സ) പറഞ്ഞു. ഏതൊരു സമുദായത്തിന്റെയും സമൂഹത്തിന്റെയും ശക്തി അവരുടെ പരസ്പര യോജിപ്പും ഐക്യവുമാണ്. അതുണ്ടാക്കി എടുക്കുവാൻ കഠിനമായി ശ്രമിക്കുകയും ആഗ്രഹിക്കുകയും പ്രാർത്ഥിക്കുകയും ചെയ്തിരുന്നു നബി(സ) തങ്ങൾ. സമുദായത്തിൽ ഐക്യം ഉണ്ടാകുവാൻ എന്തെങ്കിലും ഒരു നിയമമോ ഫോർമുലയോ ആവിഷ്കരിച്ച് നിർബന്ധിച്ച് നടപ്പിലാക്കിയത് കൊണ്ട് ഉണ്ടാവില്ല. ഒരുപാട് മനസ്സുകളിൽ ഒരേസമയം ഒരേ അളവിൽ ഉണ്ടാവേണ്ട ഉണ്ടാവേണ്ട ഒരു വികാരമാണ് അത്. അത് ആ വിധത്തിൽ ഉണ്ടാവണമെങ്കിൽ അതിന് അല്ലാഹുവിൻ്റെ പ്രത്യേക കടാക്ഷം തന്നെ വേണം. അതുകൊണ്ടാണ് ഐക്യം അനുഗ്രഹമാണ് എന്നു പറയുന്നത്. വിശുദ്ധ ഖുർആൻ അങ്ങനെയാണ് ഐക്യത്തെ ഉൾക്കൊണ്ടിട്ടുള്ളതും. അള്ളാഹു പറയുന്നു:
'അവരുടെ ഹൃദയങ്ങള്‍ തമ്മില്‍ അവന്‍ ഇണക്കിചേര്‍ക്കുകയും ചെയ്തിരിക്കുന്നു. ഭൂമിയിലുള്ളത് മുഴുവന്‍ നീ ചെലവഴിച്ചാല്‍ പോലും അവരുടെ ഹൃദയങ്ങള്‍ തമ്മില്‍ ഇണക്കിചേര്‍ക്കാന്‍ നിങ്ങൾക്ക് സാധിക്കുമായിരുന്നില്ല. എന്നാല്‍ അല്ലാഹു അവരെ തമ്മില്‍ ഇണക്കിചേര്‍ത്തിരിക്കുന്നു. തീര്‍ച്ചയായും അവന്‍ പ്രതാപിയും യുക്തമായത് ചെയ്യുന്നവനുമാകുന്നു.' (അന്‍ഫാല്‍: 63). ഐക്യം അനുഗ്രഹമാണ് എന്ന് പറയുമ്പോൾ അതിനെ കാത്തുസൂക്ഷിക്കാതിരുന്നാൽ കാത്തുസൂക്ഷിക്കേണ്ടവർ കഠിനമായി ശിക്ഷിക്കപ്പെടുക തന്നെ ചെയ്യും. ഏതൊരു അനുഗ്രഹവും അങ്ങനെയാണ്. അല്ലാഹു പറയുന്നു: 'വ്യക്തമായ തെളിവുകള്‍ വന്നുകിട്ടിയതിന് ശേഷം പല കക്ഷികളായി പിരിഞ്ഞ് ഭിന്നിച്ചവരെപ്പോലെ നിങ്ങളാകരുത്. അവര്‍ക്കാണ് കനത്ത ശിക്ഷയുള്ളത്'' (3:105). ഭിന്നതകൊണ്ട് ഉണ്ടാകുന്ന കാര്യങ്ങളാണ് ഭീരുത്വം, ബലഹീനത, വീര്യം നഷ്ടപ്പെടല്‍ തുടങ്ങിയവ. ഉഹ്ദ് യുദ്ധത്തില്‍ മുസ്‌ലിംകള്‍ക്കിടയില്‍ അഭിപ്രായഭിന്നതയുണ്ടായപ്പോള്‍ അവരുടെ വീര്യം നഷ്ടപ്പെട്ടത് അതിന് മതിയായ ഉദാഹരണമാണ്. തന്ത്ര പ്രധാനമായ കുന്നിൻ മുകളിൽ നിറുത്തിയിരുന്ന സേനാ അംഗങ്ങൾ സ്വയം തീരുമാനമെടുത്ത് അവിടെനിന്ന് ഇറങ്ങിയതായിരുന്നു അവിടെയുണ്ടായ ചിദ്രത. അത് വളരെ ചെറിയ ഒന്നായിരുന്നു. എന്നിട്ടുപോലും അതിൻ്റെ കയ്പ്പേറിയ അനന്തരഫലങ്ങൾ സമുദായം അനുഭവിക്കേണ്ടിവന്നു. ഹംസ (റ), മിസ്അബ്(റ) തുടങ്ങി വലിയ സഹാബി സാന്നിധ്യങ്ങളുടെ ജീവനാണ് അന്ന് നഷ്ടപ്പെട്ടത്.



നേതൃത്വത്തെ ധിക്കരിക്കുക എന്നത് ചിദ്രതയുടെ ഏറ്റവും പ്രധാനമായ ഒരു കാരണമാണ് എന്ന് ഉഹദ് നമ്മെ പഠിപ്പിക്കുന്നു. ഈ വിഷയത്തിൽ പല ഉപദേശങ്ങളും നബി(സ) നൽകിയതായി കാണാം. നേതൃത്വത്തെ ധിക്കരിക്കുവാൻ പല പ്രചോദനങ്ങളും ഉണ്ടായേക്കാം. നേതൃസ്ഥാനത്ത് ഇരിക്കുന്നവർ സാമൂഹ്യമായി താഴെ നിലയിൽ ഉള്ളവരാണ് എന്ന തോന്നൽ അതിലൊന്നാണ്. ഇത്തരം ഒരു പ്രവണത ഉണ്ടാവാതിരിക്കുവാൻ നബി (സ) തങ്ങൾ പറഞ്ഞത് 'കറുത്ത ഒരു അടിമയാണ് നിങ്ങളുടെ നേതാവ് എങ്കിലും നിങ്ങൾ അദ്ദേഹത്തെ അംഗീകരിക്കണം' എന്നാണ്. കൗമാരം വിട്ടു കടന്നിട്ടില്ലാത്ത ഒരടിമ ബാലനായിരുന്ന ഉസാമ(റ)യുടെ നേതൃത്വത്തിൽ റോമിനെതിരെയുള്ള സേനയിൽ വലിയ സഹാബിമാരെ അണിനിരത്തിക്കൊണ്ട് നബി(സ) അത് പ്രയോഗത്തിൽ കാണിച്ചുകൊടുക്കുകയും ചെയ്തു. മറ്റൊന്ന് ഊഹാപോഹങ്ങളാണ്. ഈ ശ്രേണിയിൽ പെട്ടതാണ്, തെറ്റായ വ്യാഖ്യാനങ്ങളും വിശദീകരണങ്ങളും നൽകി അസന്തുഷ്ടികളെ വളരാൻ വിടുന്നതും പ്രചരിപ്പിക്കുന്നതുമെല്ലാം. ഇത് അല്ലാഹുവിന് ഇഷ്ടമില്ലാത്ത കാര്യമാണ്. നബി(സ) പറഞ്ഞു: 'അല്ലാഹു മൂന്ന് കാര്യങ്ങള്‍ നിങ്ങളില്‍ നിന്ന് തൃപ്തിപ്പെടുകയും, മൂന്ന് കാര്യങ്ങള്‍ വെറുക്കുകയും ചെയ്തിരിക്കുന്നു. അവനെ മാത്രം നിങ്ങള്‍ ആരാധിക്കുക, അവനില്‍ നിങ്ങള്‍ ഒന്നിനെയും പങ്കു ചേര്‍ക്കാതിരിക്കുക, അല്ലാഹുവിന്റെ പാശത്തില്‍ നിങ്ങളെല്ലാവരും മുറുകെ പിടിക്കുകയും ഭിന്നിക്കാതിരിക്കുകയും ചെയ്യുക എന്നിവകളാണ് അവൻ തൃപ്തിപ്പെടുന്ന കാര്യങ്ങൾ. ഈഹാപോഹങ്ങളും (‘ഖാല-ഖീലകളും’) ചോദ്യങ്ങള്‍ അധികരിപ്പിക്കുന്നതും സമ്പത്ത് പാഴാക്കുന്നതും ആണ് അവന്‍ നിങ്ങളില്‍ നിന്ന് വെറുത്തിരിക്കുന്ന കാര്യങ്ങൾ' (മുസ്‌ലിം). വിശ്വാസികൾക്കിടയിൽ ചിദ്രത ഉണ്ടാക്കുവാൻ ശ്രമിക്കുന്നവരെ അല്ലാഹു കപട വിശ്വാസികളുടെ കൂട്ടത്തിലാണ് എണ്ണിയിരിക്കുന്നത്. ഖുബാ പള്ളിയുടെ സമീപത്തായി ളിറാർ എന്ന പേരിൽ മറ്റൊരു പള്ളി ഉണ്ടാക്കിയ ചിലരുടെ ഗൂഢലക്ഷ്യങ്ങൾ വിവരിക്കുന്ന പശ്ചാത്തലത്തിൽ അല്ലാഹു അത് തീർത്തു പറഞ്ഞിട്ടുണ്ട് (9:107).



o




0 Comments

No comments yet.

Leave a Comment

© www.thdarimi.in. All Rights Reserved. Designed by zainso