

പുഞ്ചിരി എന്ന ഒറ്റമൂലി
2025-01-24
Web Design
15 Comments
വെള്ളിത്തെളിച്ചം
ടി എച്ച് ദാരിമി
സ്വുഹൈബ് ബിൻ സിനാൻ റൂമി കടന്നുവന്നു, നബി തിരുമേനി(സ്വ)യുടെ മുമ്പിലേക്ക്. നബിയുടെ മുമ്പിൽ റൊട്ടിയും കാരക്കയും ഉണ്ട്. നബി തങ്ങൾ കഴിച്ചു കൊണ്ടിരിക്കുകയാണ്. സ്വുഹൈബിനെ കണ്ടതും നബി(സ്വ) വിളിച്ചു; 'വരൂ, സ്വുഹൈബ്, കഴിക്കു!'. ഇറാഖിൽ നിന്ന് റോമിലെത്തി റോമിൽ നിന്ന് ഒരു നിയോഗം പോലെ നബി(സ്വ)യുടെ നാട്ടിലെത്തിയ സ്വുഹൈബ് നബിയോട് വളരെ അടുത്ത ഒരാളായിരുന്നു, പ്രവാചകത്വം ലഭിക്കുന്നതിന് മുമ്പ് തന്നെ. അതുകൊണ്ടുതന്നെ പ്രവാചകത്വം വന്നപ്പോൾ ആദ്യത്തെ വിശ്വാസികളുടെ പട്ടികയിൽ സ്വുഹൈബ്(റ) ഇടംപിടിച്ചു. നബി(സ്വ)ക്ക് അദ്ദേഹത്തെ വലിയ കാര്യമായിരുന്നു. ആ രണ്ട് സ്വഭാവങ്ങളുടെയും ഇടയിൽ നല്ല സമാനതകൾ ഉണ്ടായിരുന്നു. അദ്ദേഹം തിരു മുമ്പിൽ ഇരുന്നു. പിന്നെ കഴിക്കാൻ തുടങ്ങി. അപ്പോഴാണ് നബി(സ്വ) ശ്രദ്ധിച്ചത്, സ്വുഹൈബിൻ്റെ ഒരു കണ്ണിന് നല്ല സുഖമില്ല. പീള നിറഞ്ഞിരിക്കുന്നു. 'താങ്കളുടെ ഒരു കണ്ണിൽ പീളയുണ്ടല്ലോ..' ; നബി(സ്വ) പറഞ്ഞു. അതുകേട്ടതും സ്വുഹൈബ്(റ) പറഞ്ഞു: 'അതിന് ഞാൻ മറ്റേ കണ്ണുകൊണ്ട്, മറ്റേ ഭാഗത്തു നിന്നാണ് തിന്നുന്നത് നബിയേ..' അപ്പോൾ നബിയുടെ ചുണ്ടുകളിൽ ആ പുഞ്ചിരി വിടർന്നു. നറു നിലാവ് പോലുള്ള പുഞ്ചിരി.
നിർബന്ധമായ റമളാൻ നോമ്പിൻ്റെ ഒരു പകലിൽ ഒരാൾ ഭാര്യയുമായി സംസർഗ്ഗത്തിൽ ഏർപ്പെട്ടു. നോമ്പ് ബാത്വിലായി. അയാൾ വെപ്രാളത്തോടെ നബി(സ്വ)യെ സമീപിച്ചു. വിഷയം നബിയെ ധരിപ്പിച്ചു. നബി തങ്ങൾ അതിൻ്റെ കൃത്യമായ പ്രായശ്ചിത്തം പറഞ്ഞു. 'ഒരു അടിമയെ മോചിപ്പിക്കണം, നിനക്ക് അതിന് കഴിയുമോ?..' അദ്ദേഹം വളരെ ദരിദ്രനായിരുന്നു. അതിനൊന്നും അയാൾക്ക് കഴിയില്ലായിരുന്നു. അത് അയാൾ തുറന്നുപറയുകയും ചെയ്തു. അപ്പോൾ 'എങ്കിൽ രണ്ടുമാസം തുടർച്ചയായി നോമ്പ് നോൽക്കാമോ..' ; നബി അടുത്ത പരിഹാരത്തിലേക്ക് കടന്നു. ഒരു മാസം തന്നെ പിടിച്ചുനിൽക്കാൻ കഴിയാത്ത അയാൾക്ക് അതിനും കഴിയുമായിരുന്നില്ല. അപ്പോൾ നബി(സ്വ) അടുത്ത പരിഹാരത്തിലേക്ക് ഇറങ്ങിനിന്ന്, '60 ദരിദ്രരെ നിനക്ക് ഊട്ടിക്കൂടെ..' എന്നു ചോദിച്ചു. അതിനും അയാൾക്ക് കഴിയുമായിരുന്നില്ല. അത്രയും ദരിദ്രനായിരുന്നു അയാൾ. അവസാനം ഒന്നും പറയാതെ നബി(സ്വ) മൗനത്തിലേക്ക് പോയപ്പോൾ ഭാഗ്യവശാൽ ആരോ ഒരു വട്ടി ഈത്തപ്പഴം നബിയുടെ മുമ്പിൽ കൊണ്ടുവന്നു. അപ്പോൾ നബി ആ ആഗതനെ ചോദിച്ചു. വട്ടി അയാൾക്ക് നൽകിക്കൊണ്ട് നബി പറഞ്ഞു: 'ഇത് കൊണ്ടുപോയി പാവപ്പെട്ടവർക്ക് ധർമ്മം ചെയ്ത് പ്രായശ്ചിത്തം ചെയ്യുക..' അപ്പോൾ അയാൾ ചോദിച്ചു: 'ഞങ്ങളെക്കാൾ ദരിദ്രരായ ആൾക്കാർക്കാണോ ഇത് നൽകേണ്ടത്?. അതെ എന്ന് പറഞ്ഞു നബി തങ്ങൾ. അപ്പോൾ അയാൾ നിഷ്കളങ്കമായി തുറന്നുപറഞ്ഞു, ഞങ്ങളെക്കാൾ ദരിദ്രരായ ആരും ഞങ്ങളുടെ നാട്ടിൽ ഇല്ല എന്ന്. അപ്പോഴും ആ തിരു ചുണ്ടുകളിൽ ആ പുഞ്ചിരി വിടർന്നു. 'എങ്കിൽ കൊണ്ടുപോയി നിൻ്റെ വീട്ടുകാർക്ക് കൊടുക്കൂ..' എന്നു പറയുമ്പോഴും മാനുക്ഷ്യകത്തിന്റെ മഹാചാര്യൻ്റെ മുഖത്ത് ആ പുഞ്ചിരി മങ്ങിയിരുന്നില്ല. ഇങ്ങനെ എത്രയെത്ര രംഗങ്ങളായിരുന്നു ആ മനോജ്ഞമായ പുഞ്ചിരി സാക്ഷ്യം വഹിച്ച മുഹൂർത്തങ്ങൾ.
നബി തിരുമേനി(സ്വ)യുടെ ജീവിതത്തിൽ പുഞ്ചിരി തലകാട്ടിയ ചില രംഗങ്ങൾ ഓർത്തെടുത്തത്, വേദനകളുടെയും വേപഥുകളുടെയും യുദ്ധങ്ങളുടെയും ഭീതികളുടെയും ദാരിദ്ര്യത്തിന്റെയും ഗൗരവത്തിന്റെയും ഇടയിലൂടെ കടന്നുപോയ മഹാനായ നബി(സ്വ)യുടെ ജീവിതത്തിൽ പുഞ്ചിരി വിടർന്ന് നിന്നിരുന്നു എന്ന് പറയാനാണ്. കണ്ണും കയ്യും നോക്കും വാക്കും വരെ എല്ലാം ആയുധങ്ങളായി മാറിയപ്പോൾ അതിനിടയിലൂടെ ഒരു പോറലും ഏൽക്കാതെ അതിനിടയിലൂടെ കടന്നുപോകുവാൻ ഈ പ്രവാചകനെ സഹായിച്ചത് ഈ പുഞ്ചിരി കൂടിയാണ്. അതുകൊണ്ടാണ് വീടിൻ്റെ വാതിൽപടിയിൽ മാലിന്യങ്ങൾ കൊണ്ടുവന്നിട്ട് അപ്പുറത്ത് മറഞ്ഞുനിന്ന് ശത്രു ആസ്വദിക്കുമ്പോഴും ഒട്ടും ദേഷ്യപ്പെടാതെ ചെറിയ ഒരു പുഞ്ചിരിയോടെ അതെടുത്ത് മാറ്റുവാൻ ഈ വീട്ടുകാരന് കഴിയുന്നത്. ഭൃത്യ കൊണ്ടുവന്ന മറ്റൊരു ഭാര്യയുടെ ഭക്ഷണപാത്രം തട്ടിത്തെറിപ്പിച്ച വീട്ടുകാരിയെ കുറിച്ച് 'നിങ്ങളുടെ ഉമ്മ കോപത്തിലാണ്..' എന്നു പറഞ്ഞു ചിതറി കിടക്കുന്ന ഭക്ഷ്യ ഭാഗങ്ങൾ പെറുക്കി കൂട്ടുമ്പോൾ പുഞ്ചിരിക്കുവാൻ ഈ കുടുംബനാഥന് കഴിയുന്നത്. അങ്ങനെയങ്ങനെ കണ്ടു നിൽക്കുമ്പോൾ നമ്മുടെ മനസ്സ് പറഞ്ഞു പോകും, എല്ലാ വൈതരണികളെയും മറികടക്കുവാൻ ഈ പ്രവാചകൻ്റെ കരുത്ത് ഈ പുഞ്ചിരി തന്നെയായിരുന്നു എന്ന്. പുഞ്ചിരിക്ക് എങ്ങനെ ഒരു മാസ്മരിക കഴിവ് ഉണ്ടായതുകൊണ്ട് തന്നെയാണല്ലോ, ഈ ലോക ഗുരു 'നിൻ്റെ സഹോദരൻ്റെ മുഖത്ത് നോക്കിയുള്ള പുഞ്ചിരി ദാനമാണ്' എന്നു പറഞ്ഞത്. പുഞ്ചിരി നബി(സ്വ)യുടെ ജീവിതത്തിൽ പതിഞ്ഞ ശീലവും സ്വഭാവവും ആയിരുന്നു. ആയിഷ(റ) പറയുന്നുണ്ട്, പുഞ്ചിരിക്കുന്നതായിട്ടല്ലാതെ നബിയെ ഞാൻ കണ്ടതായി ഓർക്കുന്നേയില്ല എന്ന്.
അതൊരിക്കലും ചിരിയാകുമായിരുന്നില്ല. ചിരിക്കുന്നത് തെറ്റല്ല. പക്ഷേ, ചിരിക്കുന്ന സന്ദർഭത്തിൽ മനുഷ്യൻ്റെ ചിന്തയും വൈകാരികതയും ഒരു നിമിഷത്തേക്ക് നിലച്ചു പോകും. മതിമറന്നാണല്ലോ മനുഷ്യർ ചിരിക്കാറുള്ളത്. ശാസ്ത്രവും അനുഭവവും അത് സമ്മതിക്കുന്നുണ്ട്. ചിന്തയും വൈകാരികതയും ആണ് മനുഷ്യനെ നിയന്ത്രിച്ചു കൊണ്ടിരിക്കുന്നത്. അവ ഒരു നിമിഷമാണെങ്കിലും നിലച്ചുപോയാൽ ആ സമയത്ത് എന്തൊക്കെ കാര്യങ്ങൾ എത്രയൊക്കെ നിലവാരത്തിൽ ആയിരിക്കും ചെയ്യുക എന്ന് നിശ്ചയിക്കാൻ കഴിയില്ല. അതിനാൽ ചിരിയും പ്രത്യേകിച്ച് പൊട്ടിച്ചിരിയും നബിയിൽ നിന്ന് ഉണ്ടാകുമായിരുന്നില്ല. സത്യവിശ്വാസികളിൽ നിന്ന് ഉണ്ടാവാനും പാടില്ല എന്ന് നബി പറഞ്ഞിട്ടുമുണ്ട്. അബൂഹുറൈറ(റ)യോട് നബി(സ്വ) നടത്തുന്ന ഉപദേശങ്ങളുടെ കൂട്ടത്തിൽ അവസാനം ഇങ്ങനെ പറയുന്നുണ്ട്: 'നിങ്ങൾ ചിരി അധികരിപ്പിക്കരുത്, കാരണം അത് ഹൃദയത്തെ കൊന്നുകളയും'. മാത്രമല്ല അത് മനുഷ്യൻ്റെ മാന്യമായ വ്യക്തിത്വത്തെ അപഹരിച്ചെടുക്കുകയും ചെയ്തേക്കും. എപ്പോഴുമെപ്പോഴും ചിരിച്ചുകൊണ്ടിരിക്കുന്ന വർക്ക് വ്യക്തിത്വമോ നിലവാരമോ ഉണ്ടാവില്ല. അങ്ങനെ അഹ്നഫ്(റ) എന്ന സ്വഹാബിയോട് ഉമർ(റ) പറയുന്നതായി ത്വബറാനി നിവേദനം ചെയ്തിട്ടുമുണ്ട്. മാത്രമല്ല, ചിരിക്കുമ്പോൾ അഹങ്കാരം, അഹംഭാവം, തൻപോരിമ തുടങ്ങിയ പല രോഗങ്ങളും അതുവഴി കയറിക്കൂടും. ഇവയൊന്നും വിശ്വാസികൾക്ക് ഭൂഷണമല്ല. അതേസമയം പുഞ്ചിരിക്കുമ്പോൾ ബുദ്ധിയും വിചാരവും എല്ലാം ഉണർന്നിരിക്കുകയായിരിക്കും. പുഞ്ചിരിക്ക് കാരണമായ വിഷയം, വ്യക്തി, സംഭവം തുടങ്ങിയവയുടെയെല്ലാം മൂല്യമായിരിക്കും മനസ്സിൽ നിറഞ്ഞുനിൽക്കുക. മറ്റൊരർത്ഥത്തിൽ പറഞ്ഞാൽ ആ സന്തോഷവും അഭിമാനവും ആയിരിക്കും പുഞ്ചിരിയായി പുറത്തു ചാടുക. നന്മയുള്ള ചിന്ത ഉള്ളടക്കമാകുന്ന എല്ലാ കാര്യങ്ങളെയും ഇസ്ലാം പ്രോത്സാഹിപ്പിക്കുന്നുണ്ട്.
മനുഷ്യൻ്റെ ശരീരഭാഷകളില്‍ വളരെ പ്രധാനപ്പെട്ട ഒന്നാണ് പുഞ്ചിരി. മനുഷ്യന്‍റെ വാക്കേതര ആശയ വിനിമയത്തിന്‍റെ മാര്‍ഗ്ഗമാണിത്. ഒരു വ്യക്തി മറ്റുള്ളവരോട് അടുക്കാനും ആശയ വിനിമയം നടത്താനും മര്യാദ കാണിക്കാനും ഉപയോഗിക്കുന്ന ശക്തവും ഫലപ്രദവുമായ ഒരു ആയുധമാണ് പുഞ്ചിരി. മനുഷ്യൻ ആദ്യം പഠിക്കുന്ന മൂല്യവത്തായ പ്രതികരണവും ഇതുതന്നെയാണ്. കുട്ടി ജനിച്ച് ആറാഴ്ച്ചയാകുമ്പോഴേക്ക് പുഞ്ചിരിക്കാന്‍ പഠിക്കുന്നു എന്നാണ് ശാസ്ത്രം പറയുന്നത്. മനുഷ്യൻ ആദ്യം ധരിച്ചിരുന്നത് ശരീര ഭാഷകളിൽ ഏറ്റവും നിസ്സംഗമായ ഒരു വികാരമാണ് പുഞ്ചിരി എന്നു മാത്രമാണ്. പക്ഷേ, ഇപ്പോൾ മനുഷ്യൻ്റെ എല്ലാ ചലനങ്ങളും പ്രത്യേക പഠനശാഖകളായി വികസിച്ചിരിക്കുന്നു. അതോടെ പുഞ്ചിരിയും പരീക്ഷണനിരീക്ഷണങ്ങളുടെയും ശാസ്ത്രീയ വിശകലനങ്ങളുടെയും വിഷയമായി മാറിയിരിക്കുന്നു. അവ ഒരുപാട് കാര്യങ്ങൾ കണ്ടെത്തിയിരിക്കുന്നു. അവയിൽ പ്രധാനപ്പെട്ട ഒന്നാണ് ആയുസ്സ് വര്‍ധിക്കുന്നു എന്നത്. മൊത്തത്തിലുള്ള നമ്മുടെ ആയുസ്സ് വര്‍ധിക്കാന്‍ പുഞ്ചിരി സഹായകമാകുന്നു. ഈ വിഷയത്തിൽ
നടന്ന ഒരു പഠനത്തില്‍ ആത്മാര്‍ത്ഥവും തീവ്രവുമായ പുഞ്ചിരി ദീര്‍ഗ്ഗായുസ്സുമായി വളരെ നല്ല ബന്ധം സ്ഥാപിക്കുന്നതായി കണ്ടെത്തിരിക്കുന്നു. ജീവിതത്തിലെ വിവിധ സമ്മർദ്ദങ്ങൾ പുഞ്ചിരി വഴി ഒഴിവാകുന്നു എന്നതാണ് മറ്റൊന്ന്. അതിനാൽ എത്ര വലിയ പ്രശ്നങ്ങളും പ്രയാസങ്ങളും ദുഃഖങ്ങളും പുഞ്ചിരിയിലൂടെ ഒരളവോളം ഇല്ലാതാക്കാന്‍ കഴിയും. മാനസികാവസ്ഥയെ പുഞ്ചിരി പരിപോഷിപ്പിക്കുന്നു എന്നതാണ് മറ്റൊന്ന്. പുഞ്ചിരി മാനസികവും വൈകാരികവുമായ അവസ്ഥയെ നിയന്ത്രിച്ച് തലച്ചോറിന്‍റെ പ്രവര്‍ത്തനങ്ങളെ സജീവമാക്കുകയാണ് ചെയ്യുന്നത്. പുഞ്ചിരി ഒരു ഔഷധവും ചികിത്സയുമാണ്. ശാസ്ത്രീയമായി തെളിയിക്കപ്പെട്ട ഒരു കാര്യമാണത്. നാം പുഞ്ചിരിക്കുന്നതിലൂടെ സമ്മര്‍ദ്ദങ്ങൾ ഒഴിവാകുന്നു. മാനസികാവസ്ഥയില്‍ മാറ്റം വരുന്നു. ഇത് കാരണം മറ്റുള്ളവരുടെയും ശാരീരികവും മാനസികവുമായ അവസ്ഥകള്‍ക്ക് മാറ്റം സംഭവിക്കുന്നു. അവര്‍ക്കും നമ്മുടെ പുഞ്ചിരി കൊണ്ട് സന്തോഷവും ആനന്ദവും ലഭിക്കുന്നു. ഇത്തരം ആനന്ദങ്ങൾ നമ്മുടെ രോഗ പ്രധിരോധ ശക്തി വര്‍ധിപ്പിക്കുന്നു എന്നത് മറ്റൊരു കാര്യം. സമ്മർദ്ദങ്ങളെ നിയന്ത്രിച്ചു നിർത്തുന്നതിന് പുഞ്ചിരി പകരുന്ന മാനസിക അവസ്ഥയ്ക്ക് വലിയ സ്വാധീനമുണ്ട്. അങ്ങനെ നീണ്ടു പോകുന്നു ഈ പട്ടിക.
ഊഷര മനസ്സുകളെ ഊർവ്വരമാക്കിയെടുക്കുവാൻ, നമ്മുടെ വ്യക്തിത്വത്തെ ഊതിക്കാച്ചിയെടുക്കാൻ, മറ്റുള്ളവരുടെ മനസ്സിലേക്ക് ഇറങ്ങിച്ചെല്ലുവാൻ, വേദനകളെ മറികടക്കുവാൻ, മനുഷ്യത്വത്തെയും മൂല്യങ്ങളെയും കൈമാറ്റം ചെയ്യുവാൻ.. എല്ലാം വേണ്ടത് പുഞ്ചിരി തന്നെയാണ്. അതുകൊണ്ട് ഇസ്ലാം പുഞ്ചിരിക്കുവാൻ ആവശ്യപ്പെടുന്നു. അത് ഒരു വ്യക്തിക്ക് ചെയ്യാൻ കഴിയുന്ന വലിയ ദാനമാണ് എന്ന് തുറന്നു പറയുന്നു. പക്ഷെ, പുഞ്ചിരി വിടർന്നുയരുന്നത് ഹൃദയത്തില്‍ നിന്നായിരിക്കണം എന്നു മാത്രം.
0
0 Comments
No comments yet.
Leave a Comment
© www.thdarimi.in. All Rights Reserved. Designed by zainso