Thoughts & Arts
Image

ആത്മാവിൻ്റെ ആരോഹണമാണ് മിഅ്റാജ്

2025-01-24

Web Design

15 Comments

വെള്ളിത്തെളിച്ചം
ടി എച്ച് ദാരിമി







ഹിജ്റ കലണ്ടറിൽ റജബ് മാസത്തിന്റെ അവസാന ദിനങ്ങൾ വിശ്വാസികളുടെ മനസ്സ് നിറയെ ഇസ്റാഇൻ്റെയും മിഅ്റാജിൻ്റെയും ചിന്തകളായിരിക്കും. ഈ മാസത്തിന്റെ 27 -ാം രാവിലായിരുന്നു നബി തിരുമേനി(സ്വ)യുടെ നിശാപ്രയാണവും അതിനെ തുടർന്നുണ്ടായ ആകാശ ആരോഹണവും എന്നാണ് പല ചരിത്ര സ്രോതസ്സുകളും പറയുന്നത്. കാലം പുരോഗമിക്കും തോറും ഇത്തരം ആശയങ്ങളുടെ സംഗത്യത്തെ കുറിച്ചുള്ള ചിന്തകളിൽ വിള്ളൽ വീഴുന്നുണ്ട് എന്നത് ഒരു വസ്തുതയാണ്. പ്രഥമദൃഷ്ട്യാ അവിശ്വസനീയമെന്ന് തോന്നിക്കുന്ന സംഭവങ്ങൾ അതിൻ്റെ ഉള്ളടക്കത്തിൽ ഉള്ളതുകൊണ്ടാണ് ഇത് സംഭവിക്കുന്നത്. കാണുന്നതും കേൾക്കുന്നതുമായ എല്ലാ കാര്യങ്ങളെയും നിരൂപണ ബുദ്ധിയോടുകൂടി ഉള്ളിലിറങ്ങി ചിന്തിച്ച് മാത്രം സമീപിക്കുന്ന സ്വഭാവം പുതിയ മനുഷ്യർക്കിടയിൽ വളർന്നുവന്നതാണ് ഇതിൻ്റെയൊക്കെ അടിസ്ഥാന കാരണം. ഇത്തരം കാര്യങ്ങൾ ഉൾക്കൊള്ളുവാൻ ആദ്യം രണ്ടുമൂന്ന് ആമുഖങ്ങൾ ഉൾക്കൊള്ളേണ്ടതുണ്ട്. അവയിൽ ഒന്നാമത്തേത്, ഈ സംഭവം നിഷ്പതിക്കുന്നത് വിശ്വാസത്തിൽ നിന്നാണ് എന്നതാണ്. അതിനാൽ വിശ്വാസം എന്ന ഫ്രെയിമിന് അകത്തല്ലാതെ ഇതു വായിക്കുവാനും ഗ്രഹിക്കുവാനും കഴിയില്ല. അല്ലാഹുവിലും അന്ത്യപ്രവാചകനിലും ദൈവദൂത് എന്ന ആശയത്തിലും വിശ്വസിക്കുന്നവർക്ക് മാത്രമേ ഇത് ഉൾക്കൊള്ളാനും സ്വീകരിക്കാനും കഴിയൂ. അല്ലാഹു തൻ്റെ അന്ത്യ ദൂതനിലൂടെ ഈ പ്രപഞ്ചത്തിന് നൽകാൻ ഉദ്ദേശിക്കുന്ന ചില സന്ദേശങ്ങളാണ് ഇസ്രാഅ്-മിഅ്റാജിന്റെ ആകത്തുക. ഈ പശ്ചാത്തലത്തിൽ അല്ലാതെ ഈ സംഭവത്തെ വായിക്കാൻ നടക്കുന്ന ശ്രമങ്ങളാണ് പലപ്പോഴും പ്രശ്നങ്ങൾ ആയിത്തീരുന്നത്. മറ്റൊരു ആമുഖം കഥയും ആശയവും രണ്ടാണ് എന്നതാണ്. കഥ എന്നത് ഒരു അടിസ്ഥാനത്തിന്റെയും മുകളിൽ പടുത്തുയർത്തപ്പെടുന്നതല്ല. അത് ഭാവനാ സൃഷ്ടി മാത്രമായിരിക്കും. ഇസ്രാഉം മിഅ്റാജും അങ്ങനെ ഒരു കഥയല്ല. അത് ഒരാശയമാണ്. ഇവിടെ ആ ആശയത്തെ അവതരിപ്പിക്കുന്നത് ചില സംഭവങ്ങളിലൂടെയാണ്. അതിനുവേണ്ടി സംഭവിച്ച സംഭവങ്ങളാണെങ്കിലോ പ്രഥമദൃഷ്ട്യാ അവിശ്വസനീയമായി തോന്നുന്നവയാണ്. ഈ രണ്ട് ആമുഖങ്ങളും ചേർത്ത് വെച്ച് വായിക്കുമ്പോൾ ഇസ്റാഉം മിഅ്റാജും ഒരു സത്യവിശ്വാസിയുടെ ആത്മീയ ഔന്നത്യത്തിലേക്കുള്ള ആരോ ഹരണമാണ് എന്ന് നാം തിരിച്ചറിയും.



നബി തിരുമേനി(സ്വ)യുടെ പ്രബോധന ജീവിതത്തിൻ്റെ ഏറ്റവും ശ്രദ്ധേയമായ ഒരു ഗതി മാറ്റത്തിന്റെ മുഹൂർത്തത്തിലായിരുന്നു ഈ സംഭവം. അവിടെ നിന്ന് തുടങ്ങി വേണം ഈ വിഷയം പഠിക്കുവാൻ. നബി(സ്വ)യുടെ ജീവിതം മക്ക, മദീന എന്നീ രണ്ട് ഘട്ടങ്ങളാണ് ഉൾക്കൊള്ളുന്നത്. ഇവയിൽ മക്കാ ജീവിതത്തിൻ്റെ അവസാന കാലത്താണ് ഇസ്രാഉം മിഅ്റാജും ഉണ്ടാകുന്നത്. അതായത് ഖദീജ ബീവിയുടെ വഫാത്തിന് ശേഷം. അപ്പോഴേക്കും മക്കയിലെ ഇസ്ലാമിക പ്രബോധനം ഏറെ നിരാശാജനകമായി മാറിക്കഴിഞ്ഞിരുന്നു. നീണ്ട പത്തു വർഷക്കാലത്തെ ശ്രമം ആപേക്ഷികമായി വിജയം കണ്ടില്ല. എങ്കിൽ മക്കയുടെ പുറത്ത് ഇസ്ലാമിക ആദർശം മുളപ്പിച്ചെടുക്കാനുള്ള ശ്രമമായിരുന്നു ആ കാലത്ത് നടത്തിയ ത്വായിഫ് യാത്ര. അതും വിജയിച്ചില്ല. ഇത്തരം ഒരു സാഹചര്യത്തിൽ നബിയുടെ മനസ്സിന് കൂടുതൽ ബലവും വെളിച്ചവും നൽകേണ്ടതുണ്ടായിരുന്നു. ആ ബലവും വെളിച്ചവും ഉറച്ച കാൽവെപ്പുകളുമായി പ്രബോധന ദൗത്യത്തിൽ മുന്നോട്ടുപോകാനുള്ള ഊർജ്ജമാകേണ്ടതായിരുന്നു. അതിനുവേണ്ടി അല്ലാഹു കണ്ട ഒരു മാർഗ്ഗമായിരിക്കാം ഇസ്രാഉം മിഅ്റാജും. കാരണം ഈ യാത്രയിൽ നബി തിരുമേനി(സ്വ) അവിശ്വസനീയമായ അനുഭവങ്ങൾ പലതും അനുഭവിക്കുന്നുണ്ട്. രാത്രിയിൽ രണ്ടു പേർ വന്ന് തന്നെ വീട്ടിൽ നിന്ന് വീട്ടിൽ കൊണ്ടുപോകുമ്പോഴും നെഞ്ചു പിളർന്ന് എന്തൊക്കെയോ ചെയ്തതോടെ കൂടെ ഭൗമ സമയത്തെയും അകലത്തെയും മറികടക്കുന്ന പ്രത്യേകത കൈവരുമ്പോഴും ഈ പ്രത്യേകതയുടെ സഹായത്തോടെ ഏതാനും നിമിഷങ്ങൾ കൊണ്ട് ബൈത്തുൽ മുഖദ്ദസിൽ എത്തിച്ചേരുമ്പോഴും അവിടെ മുൻകഴിഞ്ഞ പ്രവാചകൻമാരുമായി സമാഗമിക്കുമ്പോഴും എല്ലാം ആ അത്ഭുതം അനുഭവിക്കുകയായിരുന്നുവല്ലോ നബി തങ്ങൾ.



പിന്നെ നബി(സ്വ) തങ്ങൾ ഓരോ ആകാശങ്ങൾ കയറുകയാണ്. ഒരു ആകാശം കയറുക എന്നത് തന്നെ അന്നത്തെ അറിവും അനുഭവവും വെച്ച് അവിശ്വസനീയമാണ്. ആകാശം ഒരു കുട പോലെ പദാർത്ഥനിർമ്മിതമാണ് എന്നായിരുന്നു അന്നത്തെ ശാസ്ത്രം. അതറിയുന്ന ഒരു രാജ്യത്തുനിന്ന് ഒരാൾ ആകാശങ്ങൾ കടന്ന് പോകുമ്പോൾ പോകുന്ന വ്യക്തിക്ക് അത് ഏതായാലും അവിശ്വസനീയം തന്നെയായിരിക്കുമല്ലോ. പിന്നെ ഓരോ ആകാശത്തിലും ഓരോ പ്രവാചകന്മാരെ നബി(സ്വ) തങ്ങൾ കണ്ടുമുട്ടുന്നുണ്ട്. അവരെ തിരിച്ചറിയുകയും പരിചയപ്പെടുകയും ചെയ്യുന്നുണ്ട്. യാത്രയെല്ലാം തീർന്നിട്ട് പോലും ഓർമ്മയിൽ നിന്ന് എടുത്ത് വിവരിക്കുവാൻ മാത്രം ആ പരിചയം ശക്തവുമായിരുന്നു. പിന്നെയും പിന്നെയും കയറുകയും സിദ്റത്തുൽ മുൻതഹാ എന്ന അങ്ങേത്തലക്കൽ എത്തുകയും സഹയാത്രികനായിരുന്ന ജിബിരീലിനെ പോലും പിന്നിലാക്കി മുന്നോട്ടു പോവുകയും ചെയ്യുമ്പോഴും അല്ലാഹുവുമായി അഭിമുഖ സംഭാഷണം നടത്തുമ്പോഴും സ്വർഗ്ഗവും നരകവും നേരിൽ കാണുകയും നരകത്തിലെ ശിക്ഷകൾ വിശദമായി തന്നെ മനസ്സിലാക്കുകയുമെല്ലാം ചെയ്യുമ്പോഴുമെല്ലാം നബി(സ്വ) തിരുമേനിയുടെ ഉള്ള് വലിയ ഉറപ്പിലേക്ക് കടക്കുകയായിരുന്നു. പ്രവാചകന്മാർക്ക് ഇങ്ങനെ അല്ലാഹു ചിലതെല്ലാം കാണിച്ചുകൊടുക്കും എന്നത് ഒരു മുൻ അനുഭവമാണ്. ഇബ്റാഹീം നബിക്ക് ഇപ്രകാരം അല്ലാഹു ആകാശ-ഭൂമികളുടെ മലക്കൂത്ത് കാണിച്ചു കൊടുത്തതായി സൂറത്തുൽ അൻആം 75-ാം സൂക്തം പറയുന്നുണ്ട്. പ്രബോധന ദൗത്യത്തിൽ വലിയ കനൽപഥങ്ങൾ ചാടിക്കടക്കാൻ നിയോഗം ഉണ്ടായിരുന്ന പ്രവാചകന്മാർക്കാണ് ഇത്തരം ഉള്ളുറപ്പ് അല്ലാഹു നൽകിയിരുന്നത് എന്ന് സൂക്ഷ്മമായി നിരീക്ഷിച്ചാൽ മനസ്സിലാക്കാം. ഉലുൽ അസ്മുകൾ എന്ന ഈ ഗണത്തിൽപ്പെട്ട പ്രവാചകന്മാരായിരുന്നുവല്ലോ നമ്മുടെ നബിയും ഇബ്രാഹിം നബിയുമെല്ലാം.



ഇതിൻ്റെ സ്വാധീനം പിന്നീട് നാം കാണുന്നുമുണ്ട്. മക്കയിലെ പ്രധാനികൾ ആയുധമേന്തി ഓരോ ചലനങ്ങളും നിരീക്ഷിക്കുകയും നിരീക്ഷിക്കാൻ ആളെ ഏൽപ്പിക്കുകയും ചെയ്തതിന്റെ ഇടയിലായിരുന്നു ഒന്നും രണ്ടും അഖബാ അകമ്പടികൾ രാത്രിയുടെ മറവിൽ നബി(സ്വ) നടത്തിയത്. അന്ന് മക്കക്കാരുടെ പക്ഷത്തായിരുന്ന അബ്ബാസ് ബിൻ അബ്ദുൽ മുത്തലിബിന് വരെ തികഞ്ഞ ആശങ്കകൾ ഈ ഉടമ്പടികളുടെ കാര്യത്തിൽ ഉണ്ടായിരുന്നു. പിന്നെ അനുയായികളെ ഓരോരുത്തരെയും ആയി മദീനയിലേക്ക് നിയോഗിക്കുകയായിരുന്നു. അവസാനം നബിയും സഹചാരികളും ഹിജ്റ യാത്രക്ക് ഇറങ്ങുന്നുണ്ട്. അത് അതീവ ധീരതയോടുകൂടെ ഉള്ള ഒരു ഇറക്കം തന്നെയായിരുന്നു. അതുകൊണ്ടാണ് ശത്രുക്കൾ തന്നെ ഒന്നിച്ച് വെട്ടിക്കൊല്ലാൻ വേണ്ടി വീട് വളയും എന്ന വിവരം മുൻകൂട്ടി ലഭിച്ചിട്ടും നബി രക്ഷപ്പെടാൻ ശ്രമിക്കാത്തത്. രാത്രിയുടെ മറവിൽ അവർ ഇത് ധാരികളായി വീട് വളഞ്ഞ് നിൽക്കുന്നതിന്റെ ഇടയിൽ യാതൊരു ഭയവും ഇല്ലാതെ നബി(സ്വ) വീട്ടിൽ നിന്ന് ഇറങ്ങുകയായിരുന്നു. പിറ്റേന്ന് പുലർന്ന് ജനങ്ങൾ അറിഞ്ഞു വരും മുമ്പെ മദീന യിലേക്കുള്ള സാധാരണ വഴിയിയിലേക്കോ അറിയപ്പെടാത്ത വഴിയിലേക്കോ രക്ഷപ്പെടാമായിരുന്നിട്ടും രക്ഷപ്പെടാതെ നേരെ തെക്കോട്ട് പോയി തൗർ ഗുഹയുടെ മുകളിൽ ഒളിച്ചിരുന്നതും പിടികൂടാൻ വേണ്ടി വന്നവരുടെ കാൽപ്പെരുമാറ്റം വരെ കണ്ടിട്ടും ഒട്ടും ആശങ്കപ്പെടാതിരുന്നതുമെല്ലാം ആ ധീരതയുടെ ഗണത്തിൽപെട്ട കാര്യങ്ങളാണ്. പിന്നെ ഹിജ്റ യാത്ര, ഹിജറക്ക് ശേഷം ഇസ്ലാമിക സമൂഹത്തിൽ ഉണ്ടായ വലിയ മാറ്റങ്ങളും മുന്നേറ്റങ്ങളും യുദ്ധങ്ങളും സന്ധികളും എല്ലാം ഈ ഒരു ഊർജ്ജത്തിൽ നിന്ന് പ്രസരിച്ചതാണ് എന്ന് കരുതുന്നതിൽ അസാംഗത്യം ഒന്നുമില്ല എന്ന് ചരിത്രത്തെ സൂക്ഷ്മമായി നിരീക്ഷിച്ചാൽ ആരും പറഞ്ഞു പോകും. ഒട്ടേറെ വിജയങ്ങളായി മാറിയ ഈ ശക്തിയുടെയും കരുത്തിന്റെയും സ്രോതസ്സ്, സൃഷ്ടാവിൽ വിലയം പ്രാപിക്കുക എന്ന മിഅ്റാജാണ് എന്നു പറയാം എന്നു ചുരുക്കം.



മിഅ്റാജിലൂടെ സമുദായത്തിന് ലഭിച്ചതും സമാനമായ രീതിയിൽ സൃഷ്ടാവിൽ വിലയംപ്രാപിക്കാനുള്ള വഴി തന്നെയാണ്. അതാണ് അഞ്ചു നേരത്തെ നിസ്കാരം. ഓരോ നിസ്കാരവും അല്ലാഹുവിലേക്കുള്ള മാനസികമായ സഞ്ചാരവും സമ്പൂർണ്ണമായ സമർപ്പണവും നേർക്കുനേരെയുള്ള മുനാജാത്തുമാണ്. ആ അർത്ഥത്തിലാണ് നിസ്കാരം സത്യവിശ്വാസിയുടെ മുനാജാത്താണ് എന്ന് മഹാന്മാർ പറഞ്ഞതും.
0





0 Comments

No comments yet.

Leave a Comment

© www.thdarimi.in. All Rights Reserved. Designed by zainso