Thoughts & Arts
Image

വിശ്വാസികളുടെ ശഅ്ബാൻ വിശേഷങ്ങൾ

2025-02-14

Web Design

15 Comments

വെള്ളിത്തെളിച്ചം
ടി എച്ച് ദാരിമി







ഉസാമ ബിൻ സൈദ്(റ) നബി(സ്വ)യോട് ഒരിക്കൽ അന്വേഷിക്കുകയുണ്ടായി: 'അല്ലാഹുവിൻ്റെ പ്രവാചകരേ, ശഅ്ബാനിൽ നോമ്പനുഷ്ഠിക്കുന്ന അത്ര മറ്റൊരു മാസത്തിലും താങ്കൾ നോമ്പനുഷ്ഠിക്കുന്നത് കണ്ടിട്ടില്ലല്ലോ, എന്താണതിനു കാരണം?. നബി തിരുമേനി(സ്വ)യുടെ ജീവിതമുറ്റത്തു തന്നെ ജനിച്ച് വളർന്ന യുവ സ്വഹാബിമാരിൽ ഒരാളായിരുന്നു ഉസാമ(റ). നബി തിരുമേനിയുടെ ജീവിതത്തിലെ ഏതു മാറ്റവും പ്രത്യേക നീക്കവും സസൂക്ഷ്മം നിരീക്ഷിക്കുകയും അതിൻ്റെ കാര്യകാരണങ്ങൾ പഠിക്കുകയും ചെയ്യുന്നത് അദ്ദേഹത്തിൻ്റെ പ്രധാന ത്വരയായിരുന്നു. ഇവിടെ അദ്ദേഹത്തിൻ്റെ സവിശേഷ ശ്രദ്ധയിൽ പെട്ടിരിക്കുന്നത് നബി(സ്വ)യുടെ ശഅ്ബാനിലെ നോമ്പായിരുന്നു. പൊതുവെ ധാരാളമായി സുന്നത്തു നോമ്പുകൾ നോൽക്കാറുള്ള പ്രകൃതമായിരുന്നു നബിതങ്ങളുടേത്. അവയിൽ പ്രത്യേക കാല-ദിവസ പരിഗണനയുള്ളവയും അല്ലാത്തവയും ഉണ്ടായിരുന്നു. ചിലപ്പോൾ രാവിലെ സമയങ്ങളിൽ വീട്ടിൽ വന്നുകയറുമ്പോൾ അവിടെ കഴിക്കാൻ ഒന്നുമില്ല എന്നു കേൾക്കുമ്പോൾ 'എങ്കിൽ എനിക്ക് ഇന്ന് നോമ്പാണ്' എന്ന് പറഞ്ഞുവരെ സുന്നത്ത് നോമ്പെടുക്കുമായിരുന്നു അവർ. എന്നാൽ ഈ മാസത്തിലേക്കു കടന്നാൽ പതിവിൽ നിന്നും വ്യത്യസ്തമായി ധാരാളം സുന്നത്തു നോമ്പ് അനുഷ്ഠിക്കുമായിരുന്നു. ആയിഷ(റ) പറയുന്നു: 'അല്ലാഹുവിൻ്റെ റസൂൽ(സ്വ) പതിവായി നോമ്പെടുക്കാറുണ്ടായിരുന്നു. ഇനി തിരുമേനി ഈ മാസത്തിൽ നോമ്പ് ഒഴിവാക്കില്ലായിരിക്കാം എന്ന് തോന്നുന്ന അത്രയും അധികം ദിവസങ്ങൾ. അത്പോലെ തന്നെ തിരുമേനി ചിലപ്പോൾ ഇനി ഈ മാസം നോമ്പെടുക്കില്ലായിരിക്കാം എന്നു തോന്നുന്ന അത്ര നോമ്പ് ഒഴിവാക്കുകയും ചെയ്യാറുണ്ട്. എന്നാൽ റമദാനല്ലാത്ത മറ്റൊരു മാസവും പൂർണ്ണമായി അവിടുന്ന് നോമ്പനുഷ്ഠിച്ചതായി ഞാൻ കണ്ടിട്ടില്ല. റമദാൻ കഴിഞ്ഞാൽ പിന്നെ ശഅ്ബാനിൽ നോമ്പനുഷ്ഠിക്കുന്ന അത്ര മറ്റൊരു മാസവും അവിടുന്ന് നോമ്പനുഷ്ഠിക്കുന്നതും ഞാൻ കണ്ടിട്ടില്ല' (ബുഖാരി). ഇതു കൊണ്ടൊക്കെയാണ് ഉസാമ(റ) ഇങ്ങനെ ചോദിക്കുന്നത്.



നബി(സ്വ) പറഞ്ഞു: 'റജബിൻ്റെയും റമദാനിൻ്റെയും ഇടയിൽ ആളുകൾ ശ്രദ്ധിക്കാതെ പോകുന്ന മാസമാണ് ശഅ്ബാൻ. എന്നാൽ ഇത് ലോകരക്ഷിതാവായ അല്ലാഹുവിങ്കലേക്ക് കർമ്മങ്ങൾ ഉയർത്തപ്പെടുന്ന മാസവുമാണ്. അതിനാൽ നോമ്പുകാരനായിരിക്കെ എൻ്റെ കർമ്മങ്ങൾ ഉയർത്തപ്പെടുന്നതാണ് ഞാൻ ഇഷ്ടപ്പെടുന്നത്' (നസാഇ). ഈ ഹദീസിൽ ഉണ്ട് ശഅ്ബാൻ മാസത്തിൻ്റെ കാര്യത്തിൽ വിശ്വാസി പരിഗണിക്കേണ്ട എല്ലാമെല്ലാം. അവയിലൊന്ന്, നബി(സ്വ) ഈ മാസത്തിൽ പതിവിലധികം ആത്മീയ നിഷ്ഠയോടെയാണ് കഴിഞ്ഞിരുന്നത് എന്നാണ്. അതുതന്നെ വ്യക്തിഗത ആത്മീയ നിഷ്ഠയോടെ. നോമ്പ് പ്രധാനമായും അതിനുള്ളതാണല്ലോ. മറ്റൊന്ന്, ഈ മാസത്തിലാണ് അല്ലാഹുവിലേക്ക് മനുഷ്യൻ്റെ കർമ്മങ്ങൾ അല്ലാഹുവിലേക്ക് ഉയർത്തപ്പെടുന്നത് എന്നാണ്. കർമ്മങ്ങൾ ഇങ്ങനെ ഉയർത്തപ്പെടുന്നത് അവ വിചാരണക്കു വിധേയമാക്കാനാണ്. മനുഷ്യൻ ചെയ്യുന്ന കർമ്മങ്ങളെല്ലാം വിചാരണക്കു വിധേയമാകും എന്നും അവയിൽ നൻമകൾ ഉണ്ടെങ്കിലേ നമുക്കെല്ലാമെല്ലാം തന്ന റബ്ബ് നമ്മുടെ കാര്യത്തിൽ സംതൃപ്തനാകൂ എന്നും ഇതിൽ നിന്ന് മനസ്സിലാക്കാം. മറ്റൊന്ന്, അത് തൻ്റെ കർമ്മങ്ങൾ ഉയർത്തപ്പെടുമ്പോൾ താൻ നോമ്പുകാരനായിരിക്കണം എന്ന നബിയുടെ താൽപര്യമാണ്. ഇത് സവിശേഷമാണ്. അല്ലാഹുവിൻ്റെ കാരുണ്യത്തിന് നന്ദി രേഖപ്പെടുത്തുക, അവൻ്റെ മഹാദാനങ്ങളുടെ ആണ്ടറുതികൾ കൊണ്ടാടുക, അവനിൽ നിന്നുള്ള പ്രത്യേക സഹായം പ്രതീക്ഷിക്കുക, പ്രതീക്ഷ പുലർത്തുക തുടങ്ങിയ മുഹൂർത്തങ്ങളിലൊക്കെ ഒരു വിശ്വാസിയുടെ മനസ്സ് എങ്ങനെയായിരിക്കണം എന്ന് ഇത് പഠിപ്പിക്കുന്നു. ഈ സന്ദർഭങ്ങളിൽ മനസ്സ് അല്ലാഹുവിൽ ലയിച്ചു നിൽക്കുന്നതായിരിക്കണം. അതു പ്രാർത്ഥന കൊണ്ടാവാം. ധർമ്മം കൊണ്ടാവാം. ദിക്റുകൾ കൊണ്ടാവാം. ഈ ഗണത്തിലെ ഏറ്റവും വലിയ സമർപ്പണമായ നോമ്പ് കൊണ്ടാണ് നബി(സ്വ) തങ്ങൾ ശഅ്ബാനിൻ്റെ സ്വീകാര്യതയെ പ്രതീക്ഷിക്കുന്നത്.



റജബിനും റമദാനിനും ഇടയിൽ ജനങ്ങൾ പൊതുവെ അശ്രദ്ധരാകുന്ന മാസമാണ് ഇത് എന്ന നബി(സ്വ)യുടെ പ്രസ്താവന ഈ കൂട്ടത്തിൽ മറ്റൊന്നാണ്. ഇസ്ലാം നിഷ്കർഷിക്കുന്ന ആരാധനകളുടെ ആത്മീയ ക്രമവും ക്രമണികയും സൂചിപ്പിക്കുകയാണ് ഇത്. റമദാനിലേക്ക് വിശ്വാസിയുടെ മനസ്സും ശരീരവും കയറി ക്കയറി പോകുന്ന ഒരു അനുഭവമാണ് ഇസ്ലാം ആഗ്രഹിക്കുന്നത്. എല്ലാ ആരാധനകളിലൂടെയും എല്ലാ ആരാധനകളിലും ഈ അർത്ഥത്തിലുള്ള ഒരു ആരോഹണം ഉണ്ട്. അപ്പോൾ മാത്രമാണ് ആരാധന ശരിക്കും ഒരു സമർപ്പണം ആകുന്നത്. ചുവടുവെച്ച് മുന്നോട്ടുവന്നുവന്ന് സമർപ്പിക്കുമ്പോൾ ആണ് ആരാധനകൾ ഹൃദയഹാരിയായി തീരുന്നത്. ഇവിടെ റമദാൻ എന്ന അനുഗ്രഹത്തിലേക്കാണ് കൃത്യമായി പറഞ്ഞാൽ വിശ്വാസിയുടെ മനസ്സ് ഉയരുന്നത്. ആ ആരോഹണം റജബ് മാസത്തിൽ തുടങ്ങുന്നു. റജബിലെയും ശഅ്ബാനിലെയും വിശേഷങ്ങൾ എല്ലാം റമദാന് വേണ്ടിയുള്ളതാണ്. റജബിൽ വിശ്വാസി ആത്മീയമായ ശുദ്ധീകരണ പ്രക്രിയ ആരംഭിക്കുകയും ശഅ്ബാനിൽ ആ പ്രക്രിയ ശരീരത്തെ കൂടി ഉൾക്കൊള്ളുകയും ചെയ്യുന്നതോടുകൂടിയാണ് വിശ്വാസി റമദാനിനു വേണ്ടി ശരിക്കും സജ്ജനാകുന്നത് എന്നാണ് മഹാന്മാർ പറഞ്ഞിട്ടുള്ളത്. ഈ മാസത്തിലെ അതിശ്രേഷ്ഠമായ ഒരു രാവാണ് ബറാഅത്ത് രാവ്. അന്ന് അല്ലാഹു ഈ ശുദ്ധീകരണ പ്രക്രിയ പരിപൂർണ്ണമാക്കുന്നു. ആ ദിനത്തിൽ ആവശ്യപ്പെടുന്നവർക്കും അർഹിക്കുന്നവർക്കും എല്ലാം അല്ലാഹു എല്ലാ പാപങ്ങളും പൊറുത്തു കൊടുക്കും എന്ന് ഹദീസുകളിൽ വന്നിട്ടുണ്ട്.



ഇസ്ലാമിക സംസ്കൃതിയിൽ ആശയ- ആദർശ ജാഗ്രതയും ഗൗരവവും പ്രകടമായ ഒരു മാസം കൂടിയാണ് ഇത് എന്നതുകൂടി ശഅ്ബാൻ വിശേഷങ്ങളിലേക്ക് ചേർത്തുവയ്ക്കേണ്ടതുണ്ട്. ആ വികാരം കൂടി ഈ വിശേഷണങ്ങളിൽ അലിഞ്ഞു ചേരേണ്ടത് അനിവാര്യമാണ്. അത് ഖിബ് ല മാറ്റമായിരുന്നു. ഹിജ്റ രണ്ടാം വർഷം ശഅ്ബാൻ മാസത്തിൽ ആയിരുന്നു ഇത് എന്നാണ് ആധികാരിക ചരിത്രം പറയുന്നത്. നബി(സ്വ)മക്കയില്‍ ആയിരുന്നപ്പോഴും മദീനയില്‍ ആദ്യ കാലത്തും നിസ്കാരത്തിൽ തിരിഞ്ഞിരുന്ന ഖിബ് ല ബൈത്തുല്‍ മുഖദ്ദസ് ആയിരുന്നു. എന്നാല്‍ ഭൂമിയിലെ ആദ്യ ഭവനമായ കഅ്ബ ഖിബ് ല ആവുക എന്നത് ആദ്യം മുതലേ നബി(സ്വ)യുടെ ആഗ്രഹമായിരുന്നു. മക്കയില്‍ ആയിരുന്നപ്പോള്‍ അവിടത്തെ മുശ്രിക്കുകള്‍ നബി(സ്വ)യെ ഇപ്രകാരം കളിയാക്കിയിരുന്നു. 'മുഹമ്മദ്‌ ഇബ്രാഹീമിന്‍റെ മാര്‍ഗത്തില്‍ ആണ് എന്ന് പറയുന്നു, എന്നാല്‍ ഇബ്രാഹീമിന്‍റെ ഖിബ് ലയായ കഅ്ബയോട് വിയോജിക്കുകയും ചെയ്യുന്നു.' മദീനയില്‍ എത്തിയപ്പോഴും നബി(സ്വ) ബൈത്തുൽ മുഖദ്ദസിലേക്ക് തന്നെയാണ് തിരിഞ്ഞത്. അവിടെ ജൂതന്മാരായിരുന്നു ശത്രുക്കൾ. അവർ നബിയെയും മുസ്ലിംകളെയും ഇങ്ങനെ പരിഹസിച്ചു: 'മുഹമ്മദ്‌ മതത്തില്‍ ഞങ്ങളോട് എതിരാവുന്നു, എന്നാല്‍ ഞങ്ങളുടെ ഖിബ് ല പിന്‍ പറ്റുകയും ചെയ്യുന്നു'. ഈ പരിഹാസങ്ങളൊന്നും നബിയെയോ ഇസ്ലാമിക സമൂഹത്തെയോ ഒട്ടും സ്വാധീനിക്കും ആയിരുന്നില്ല. പരിപൂർണ്ണമായും അല്ലാഹുവിൻ്റെ താൽപര്യങ്ങൾക്ക് മാത്രം വിധേയമായി ജീവിക്കുന്ന ശൈലിയാണ് ഇസ്ലാമിൻ്റേത്. എന്നിരുന്നാലും ആഗ്രഹങ്ങൾ ഉണ്ടാവാം. നബി(സ്വ)യുടെ അത്തരത്തിലുള്ള ആഗ്രഹങ്ങളിൽ അതിതീവ്രമായ ഒരു ആഗ്രഹമായിരുന്നു തൻ്റെ ഖിബ് ല കഅ്ബാലയം ആയി കിട്ടണമെന്നത്. മദീനയിൽ എത്തിയപ്പോൾ മറ്റൊരാഗ്രഹം കൂടി നബിയുടെ മനസ്സിൽ വന്നു. ജൂതന്മാരോട് എല്ലാ നിലക്കും എതിരാവണം എന്നതായിരുന്നു അത്. അവരുടെ നിലപാടുകളും ചെയ്തികളും ആരെയും അങ്ങനെ ആഗ്രഹിപ്പിക്കുന്ന വിധത്തിലുള്ളതായിരുന്നു. മദീനയില്‍ എത്തിയപ്പോൾ ഈ ആഗ്രഹം തീവ്രമാകുവാൻ മറ്റൊരു പ്രേരകം കൂടിയുണ്ടായി. അത് മദീനയിൽ നിന്ന് ബൈത്തുൽ മുഖദ്ദസിലേക്ക് തിരിയുമ്പോൾ കഅ്ബ കൃത്യമായും തെക്ക് പിന്‍ ഭാഗത്താണ് വന്നിരുന്നത് എന്നതാണ്. അത് നബി(സ്വ)ക്ക് കൂടുതല്‍ വിഷമമുണ്ടാക്കി. അതോടെ ഖിബില മാറി കിട്ടുക എന്നത് നബിയുടെ വലിയ ഒരു വരെയായി നബി (സ്വ) അത് വ്യക്തമായി അല്ലാഹുവിനോട് ചോദിച്ചില്ല. സൃഷ്ടിയുടെ സൗകര്യങ്ങൾ സൃഷ്ടാവിന്റെ തീരുമാനത്തിന് വഴി മാറി കൊടുക്കേണ്ടതാണ്.



ഈ മോഹം തീവ്രമായതുകൊണ്ടാണ് നബി(സ്വ) ഇടക്കിടെ വഹ്‌യുമായി ജിബ്‌രീൽ(അ)ന്റെ വരവ് പ്രതീക്ഷിച്ച് മുകളിലേക്ക് നോക്കിയിരുന്നത്. ഇബ്‌നു അബ്ബാസ്(റ) പറയുന്നു: 'റസൂൽ(സ്വ) ബൈതുൽ മുഖദ്ദസിലേക്ക് തിരിഞ്ഞു നിസ്‌കരിക്കുന്ന കാലങ്ങളിൽ നിസ്‌കാരത്തിൽ നിന്നും സലാം വീട്ടിയാൽ മുകളിലേക്ക് നോക്കുമായിരുന്നു' (തഫ്‌സീർ ഇബ്‌നുകസീർ). ആ ആഗ്രഹം അല്ലാഹു സാധിപ്പിച്ചിച്ചു കൊടുത്തു കൊണ്ട് ഖിബ് ല മാറ്റത്തിൻ്റെ ഉത്തരവ് വന്നു. അല്ലാഹു പറഞ്ഞു: 'തീർച്ചയായും താങ്കളുടെ മുഖം സ്വ ആകാശത്തിലേക്ക് തിരിയുന്നത് നാം കണ്ടിടുണ്ട്. അതിനാൽ നിങ്ങൾ സംതൃപ്തരാകുന്ന ഒരു ഖിബ്‌ലയിലേക്ക് തീർച്ചയായും ഞങ്ങൾ നിങ്ങളെ തിരിക്കും. അതിനാൽ നിങ്ങളുടെ മുഖം മസ്ജിദുൽ ഹറാമിന് നേരെ തിരിക്കുക. നിങ്ങൾ എവിടെയായിരുന്നാലും നിങ്ങളുടെ മുഖം അതിലേക്ക് തിരിക്കുക. തീർച്ചയായും വേദം നൽകപ്പെട്ടവർക്ക് അത് തങ്ങളുടെ രക്ഷിതാവിങ്കൽ നിന്നുള്ള സത്യമാണെന്ന് അറിയാം. അവർ ചെയ്യുന്നതിനെപ്പറ്റി അല്ലാഹു അശ്രദ്ധനല്ല' (2:144). അതോടെ എല്ലാവരുടെയും പരിഹാസങ്ങൾ നിലച്ചു. മുശ്രിക്കുകളുടെയും ജൂതരുടെ കണക്കുകൂട്ടലുകൾ ഖുർആൻ തള്ളിക്കളഞ്ഞു. ഖിബ്‌ല വിഷയത്തിൽ ഇസ്ലാമിൻ്റെ സ്വന്തം നിലപാട് സ്ഥാപിക്കപ്പെട്ടു. മാത്രമല്ല, ഇത് എല്ലാ വിഷയങ്ങളിലും ഭിന്ന സ്വരക്കാരായിരുന്ന കപടവിശ്വാസികളുടെയും നാവടച്ചു. വ്യക്തമായ ഒരന്തിമ ദൈവിക വിധി വന്നു കഴിഞ്ഞാൽ പിന്നെ ആർക്കും ഒന്നും പറയാൻ ഉണ്ടാവില്ലല്ലോ. അങ്ങനെയെല്ലാം സത്യവിശ്വാസികൾക്ക് ആത്മീയ പുളകം പകരുന്ന ഒരു അനുഭവമായിത്തീരുകയാണ് ശഅ്ബാൻ മാസം.











0 Comments

No comments yet.

Leave a Comment

© www.thdarimi.in. All Rights Reserved. Designed by zainso